Sunday, January 22, 2012

എവിടെ എന്‍ നീതി


സ്വര്‍ഗസ്ഥനായ പിതാവേ
അങ്ങോരിയ്ക്കല്‍ മാത്രമേ കുരിശ്ശേറിയുള്ളുവല്ലോ,,!
മൂന്നാം പക്കം കണ്‍ തുറന്നീ  കപട-
ലോകത്തില്‍ നിന്നും തിരു ഹൃദയത്തിലേക്ക് പോകവേ,
അങ്ങയുടെ മുറിവുകളില്‍ ചോര തന്‍ മണമില്ലായിരുന്നു...!


സ്വര്‍ഗസ്ഥനായ പിതാവേ അങ്ങ് ഭാഗ്യവാന്‍
അങ്ങേയ്ക്കൊരിക്കല്‍ മാത്രമേ തിരുമുറിവുകള്‍ ഏറ്റുള്ളൂ...!
അങ്ങ് സ്വര്‍ഗത്തില്‍ സുരക്ഷിത കരങ്ങളിലമര്‍ന്നു.
അങ്ങയുടെ പാദങ്ങള്‍ പിന്തുടരാന്‍ വിധിക്കപ്പെട്ട
അങ്ങയുടെ മണവാട്ടിമാര്‍ ഞങ്ങള്‍..!

എന്താണ് ഞാന്‍ ചെയ്ത പാപമെന്ന -
വെളിപാട് പോലും തിരിച്ചറിയും മുന്നേ...
എന്നെയവര്‍ ക്രൂശിലേറ്റി , ഒരിക്കലല്ല-
പലവട്ടം പിന്നെയും പിന്നെയും പല നിറക്കാര്‍...!


തൂവെള്ളതന്നിലെ കാര്‍മേഘമാനസര്‍
പലവട്ടമെന്നെ പകുത്തു തിന്നു..!
പിന്നെ നിയമത്തിന്‍ കരാളഹസ്തങ്ങളില്‍
ഞാനൊരു കളിപ്പാട്ടമായ് തട്ടിത്തെറിച്ചു കിടന്നു...!


കോടതികളെന്‍ കന്യകാത്വം വെട്ടിപ്പൊളിച്ചു..!
വൈദ്യ ശാസ്ത്രമെന്‍ മേനിയെ കീറി മുറിച്ചു..
കുഴിമാടം തന്നിലൊരിക്കലും സ്വസ്ഥമായ്
ഒരു വേള പോലും കണ്ണടച്ചില്ല ഞാന്‍..!


അവരെന്റെ കുഴിമാടത്തില്‍ കുപ്പിച്ചില്ല് നിറച്ചു
അവരെന്റെ ശവപ്പെട്ടിയില്‍ കരിന്തേളുകള്‍ നിറച്ചു
അവര്‍ മോന്തിയ വീഞ്ഞിനെന്റെ രക്തത്തിന്‍ നിറമായിരുന്നു
അവര്‍ കഴിച്ചതോ എന്റെ കരള്‍ വാട്ടിയതും...!


നാണയ ത്തുട്ടുകളുടെ കിലുകിലാരവത്തില്‍ അവരെന്‍ -
ജനയിതാക്കളെ ഭ്രാന്തരാക്കി
എന്റെ വേദനയിലൊപ്പം നടന്നോരെന്‍
സഹ യാത്രികര്‍ പോലും കണ്ണടച്ചു..!


ഭയമാര്‍ന്ന പാപത്തിന്‍ കയ്പാര്‍ന്ന ശിരോവസ്ത്രം
തലയിലൊരു ഭാരമായ് ചിലര്‍ക്ക്,
ചിലപ്പോള്‍ ഒരു മറയും..!

മറ്റുചിലപ്പോള്‍ അഭയവുമാകവേ..!


അടങ്ങാത്ത ദാഹത്തെ തിരു വസ്ത്രത്തിലോളിപ്പിച്ചു.
മൃഗതൃക്ഷ്ണകളെ മിഴികളില്‍ നിറച്ചു,
അജപാലകര്‍ വരവായ് പിന്നെയും...!
കാവല്‍ മാടങ്ങളില്‍ നിന്നും പുതിയ മേച്ചില്‍പുറങ്ങളിലേക്ക്.


ഇരുളില്‍ കടന്നുവരും ചെന്നായകള്‍ തന്‍ നാവില്‍
നിന്നിറ്റുവീഴുന്നത് രുധിരമോ വീഞ്ഞോ ?
അറിയില്ലെനിക്കൊന്നും അറിയില്ല എന്നാല്‍
അറിയാം ഞാനൊരു പ്രതീകമാണിന്നു...!


ഭരണ യന്ത്രങ്ങള്‍ക്കു ചുറ്റുവാന്‍ വേണ്ടി,
നിയമ പാലകര്‍ക്ക് പുതിയ ലോകങ്ങള്‍ കാണുവാനായി,
ജനസേവകര്‍ക്ക് രോക്ഷമുതിര്‍ക്കാനായ്,
പൊതു ജനത്തിനധര വ്യായാമത്തിനായ്...!


ഞാനൊരു വിലപേശലാണിന്നു,
മായാത്ത മുറിപ്പാടാണ് ,

ഒരു കറുത്ത,വെളുത്ത അടയാളമാണ് ,
മായാത്ത കാലവും ചിന്തയുമാണ് ഞാന്‍...!
(
സിസ്റ്റര്‍ അഭയയുടെ ഓര്‍മയ്ക്ക് മുന്നില്‍ കുറിച്ചിട്ട വരികള്‍ ആണ്)


----------------------------ബി ജി എന്‍ ------------

No comments:

Post a Comment