Sunday, January 27, 2013

എന്റെ നാട്

തെക്ക് തെക്കൊരു നാടുണ്ട്
കേരം തിങ്ങും നാടുണ്ട് ....(2)
കേരളമെന്നു പേരാണ്
മലയാളമതിന്‍ ഭാഷയും . (തെക്ക് ...)

ഞാന്‍  പിറന്നൊരു നാടാണ് , എന്നില്‍ -
ലെന്നെ വളര്‍ത്തിയ നാടാണ് .
സംസ്കാരത്തിന്‍ മുന്നിലെന്നൊരു
പേരെടുത്തൊരു നാടാണ് (2) ( തെക്ക് .....)

സക്ഷരരല്ലോ  എല്ലാരും
സാഹോദര്യവുമുണ്ടല്ലോ .!
എങ്കിലുമെങ്കിലുമേപ്പോഴോ എന്‍
നാടിന്‍  ചുവടു പിഴച്ഛല്ലോ .(2)

വെട്ടിയറുത്തൊരു ശിരസ്സും കൊണ്ട്
പൊട്ടിച്ചിരിക്കും  കൌമാരം . (2)
ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍
ശലഭം മുത്തും കാലങ്ങള്‍ . (സാക്ഷര ..)

കന്യകമാരുടെ ചാരിത്ര്യത്തിന്‍
കനകം കവരും കാട്ടാളര്‍ .
മക്കള്‍ തന്നുടെ നിമ്ന്നോതങ്ങളില്‍
മുങ്ങി നിവരും താതന്മാര്‍ . (കന്യക ...)

ബന്ധങ്ങള്‍ തന്‍ കണ്ണികളില്ല
മത്സരത്തിന്‍ കാഹളമെങ്ങും
ഇരുളുപരന്നാല്‍  വെളിച്ചമണഞ്ഞാല്‍
ചിറകു  വിടര്‍ത്തും കഴുകന്മാര്‍ . (2)

ധൂര്‍ത്തടിച്ചുകഴിഞ്ഞിട്ടോടുവില്‍
തൂത്തുവാരി  ചാവുന്നു .
കാരണമറിയാന്‍ കഴിയും മുന്നേ
പിടഞ്ഞു തീരും മുകുളങ്ങള്‍ . (ധൂര്‍ത്ത ...)

നാവു വളയ്ക്കാന്‍ നാണമാണിന്നു
നാട്ടിന്‍  പേര് പറയാനായി .
നാളെ നമ്മുടെ നാടിന്‍ പേരിതു
നാണക്കേടായി മാറുമോ ? (2) ( തെക്ക് .....)

പീഡനമാണിന്നെല്ലായിടവും
മാനഭംഗവും  പതിവല്ലോ (2)
കൂട്ടക്കൊലയും പിടിച്ചു പറിയും
ദിനചര്യ പോല്‍ മാറുന്നു .

നാട് വിടുന്നൊരു കൌമാരത്തിന്‍
നടുക് വളയ്ക്കും മറുനാട്ടില്‍
കൂടെ  കരുതും നമ്മള്‍ കയ്യില്‍
ജാതി ചിന്തതന്‍ ചെപ്പുകുടം . (നാട് ...)

സമുദായത്തിന്‍ പേര് പറഞ്ഞു
വോട്ടു നേടും രാക്ഷ്ട്രീയം .!
സമുദായത്തിന്‍ വേലിക്കെട്ടില്‍
മാറി  നില്‍ക്കും മറുനാട്ടില്‍ (2)

എവിടെയുണ്ടോജനജീവിതം
അവിടെയുണ്ട് മലയാളിയും .
എവിടെയുണ്ടോ മലയാളികള്‍
അവിടെയുണ്ട് മലയാണ്മ ..! (എവിടെ ...)

മലയാളത്തിന്‍ പേര് പറഞ്ഞു
അഭിമാനിക്കുക നാമെല്ലാം (2) (തെക്ക് ...)
---------ബി ജി എന്‍ വര്‍ക്കല ---24.01.2001


അഗ്നിയില്‍ വിരിയുന്ന പൂവുകള്‍

ചിതറുക ചിന്തകളെ നിങ്ങളീ മണ്ണില്‍
ചിരപരാജിതരെ പോലെ ഇന്ന് .
കരിമണം ശ്വസിച്ചു നിങ്ങള്‍ പൂകുവിന്‍
പതിരില്ലാത്ത മൂഡസ്വര്‍ഗ്ഗം നീളെ നീളെ .

ഇടയില്‍ വിരിയുന്ന പുഷ്പങ്ങളെ നോക്കി
മധുനിറയുന്നോരിടവേള നല്‍കാതെ
രുധിരപാനം നടത്തി നീ മുന്നേറുകെന്നാല്‍
ഓര്‍ക്കുക, കണ്ണുകളടഞ്ഞേ ഇരിക്കണം .

പഴുതുകള്‍ തേടുക നിയമാവലികളില്‍
ഒഴിവുകള്‍ കാണുക സവിസ്തരം.
കരളു പിഴുതെടുക്കുന്നവനുമേകുകയിളവുകള്‍ 
മനുഷ്യാവകാശത്തിന്‍ വാറോലകള്‍ കാട്ടി .
 
കുതികുതിക്കുന്ന വിലക്കയറ്റം നോക്കി
നെടുവീര്‍പ്പിടാന്‍ സമയമില്ലൊട്ടുമെ
ഒരു കയര്‍ തുണ്ടിന്‍ വില പോലും നല്‍കാന്‍
ഉടുതുണി അഴിക്കുന്നോരീ ജനതയ്ക്ക് മുന്നില്‍.
-----------------ബി ജി എന്‍ വര്‍ക്കല -----     

Wednesday, January 23, 2013

വാടകക്ക് ഒരു വിരല്‍

എന്റെ കവിതകള്‍ മരിക്കുന്നു ...!
വിരലുകളില്‍ പടരുന്ന മരവിപ്പില്‍
ഹൃദയത്തിന്റെ ദ്രുതതാളം തായമ്പകയാകുന്നു .
പ്രണയപരവശനായ കാമുകനെ പോലെ .

വേനല്‍ പോലെ വറ്റി വരണ്ട മനസ്സും,
ശുഷ്കമായ ഗര്‍ഭപാത്രവുമായ്‌ ഞാന്‍
ഒരു കുഞ്ഞിനെ കൂടി പ്രസവിക്കാനാകാത്ത
വന്ധ്യതയുടെ മരൂരുഹത്തില്‍ നിറയുന്നിവിടെ.

നിസ്സംഗതയുടെ നിലാച്ചെരുവിലിരുന്നു
മിഴിനീര്‍ വറ്റിയോരെന്‍ കണ്ണുകള്‍ തേടുന്നു
ഇരുണ്ട നീലാകാശ ചരുവിലെങ്ങുമേ ,
കവിതകളെ  പ്രസവിക്കാനൊരു ഗര്‍ഭപാത്രത്തെ .

ഓരോ കാലത്തിനും , സംഭവങ്ങള്‍ക്കും
സൌഹൃദത്തിനും,രതിക്കും , രൌദ്രതക്കും
കണ്ണീരിനും ,സന്തോഷത്തിലും നിറയുന്ന
കവിത കുഞ്ഞുങ്ങളെ പെറാനൊരു ഗര്‍ഭപാത്രം .!.
-------------ബി ജി എന്‍ വര്‍ക്കല -----------

Tuesday, January 22, 2013

പാപ ജന്മങ്ങള്‍

ഊഷരമായ എന്റെ ചിന്തകളില്‍ നിറയെ
പനിനീര്‍പൂവിന്‍ ഗന്ധം നിറച്ചതാരാണ് സഖേ ?
നനഞ്ഞോട്ടുമീയുടയാടകളില്‍ പതഞ്ഞെറുവതേതു നിറം ?
മനസിലാകാത്തോരിരുള് പോലിത് പടരുകയാണല്ലോ .

എന്റെ  സിരകളില്‍ ഉണരുമീയഗ്നിയിലുരുകുവാന്‍
ഒന്നേയുള്ളൂ ബാക്കി , അത് നിന്റെ ഓര്‍മ്മകള്‍ മാത്രം !
പിടയുന്ന  മനസ്സിന്റെ പതിരെന്തെന്നറിയാത്ത
പതിന്നാര് വയസ്സാണ് പ്രായം , അന്ന് .
 എനിക്കജ്ഞാതമാം മധുരമെന്‍ പ്രായത്തിന്‍ വികൃതികള്‍ .

ചോണനുറുമ്പുകള്‍ പോലെ,മനസ്സിലും മെയ്യിലും
പതിവായ്‌ അറിച്ചിറങ്ങിയിരുന്നവന്‍ തന്‍ വിരല്‍പ്പാടുകള്‍
അജ്ഞാതമായൊരു നിര്‍വൃതി തന്‍ മായാത്ത ലഹരിയില്‍
അജ്ഞേയം ഞാനെന്തോ കൊതിച്ചിരുന്നു നൂനം .

ഒരിടവപ്പാതിതന്‍ തീക്ഷ്ണമാം ശൈത്യത്തില്‍ ,ഇരുളില്‍
അവന്‍ തന്‍ മേനിയേകും ഉഷ്ണം പോതിയവേ !
അറിയാതെ, അവര്‍ണ്ണനീയമൊരു വികാരത്തിന്‍
കൊടുമുടികള്‍ താണ്ടുവാന്‍ കുതികുതിക്കവേ ,
എന്നന്തരാത്മാവിന്‍ തണുവകന്നു , പക്ഷെ, എന്നടി-
വയറിന്നൂഷരതയില്‍ ഒരു മിടിപ്പിന്‍ തേങ്ങല്‍ !
ഉയിര്‍കൊള്ളുന്നതറിയാതെ , ഊറി ചിരിക്കുമീ
മടയി ഞാനേന്തോ മറന്നുപോയ്‌ സ്ത്രീജന്മം .!

ഒടുവില്‍ , ഈ തെരുവിന്റെ ഉള്ളറകളില്‍ വീണെരിയവേ ,
പിടയ്ക്കുന്നു യൌവ്വനം തീയായി പുകയവേ ,
അറിയുന്നു ഞാനെല്ലാം .
അറിയുവാന്‍ വൈകിയൊരു നിമിഷത്തിന്‍ സമ്മാനമായ്‌
ഞാന്‍ പേറുമീ  മാതൃത്വം  , എന്റെ നോവായലയുന്നു .
ഒരു ക്ഷണം നല്‍കിയ സുഖമെനിക്ക് .
പകരം ഞാന്‍ നല്‍കുന്നൊരു പിതൃശൂന്യ ജന്മം
സദാചാരത്തിന്‍ കാവല്നായ്ക്കള്‍ക്ക് കടിച്ചു കുടയാന്‍ മാത്രം .
--------------------ബി ജി എന്‍ വര്‍ക്കല ---------------

മഴ എന്റെ സഖി


അന്ന് നീ എന്നോട് പറഞ്ഞത്
മഴയെ കുറിച്ചൊന്നു എഴുതാന്‍ ആണ് .
മഴ എന്നില്‍ പെയ്യാതെങ്ങനെ ഞാനതെഴുതാന്‍
നീ അറിയാത്ത ഭാവം നടിച്ചു മാറിയതും അതിനാലാകണം ...!

വേനലിനെ ഉരുക്കി ഉരുക്കി ഞാനെടുത്തു
വിയര്‍പ്പിന്റെ നീരാവികള്‍ പോലും കനലായി .
വിണ്ടു കീറിയ സമതലങ്ങളില്‍ ചെതുമ്പല്‍ കൂടുകള്‍ ,
ചിലന്തിവലകള്‍ അനാഥസ്മൃതി ഉണര്‍ത്തി നിന്നു .

ഇലകള്‍ കൊഴിഞ്ഞു വീഴുമ്പോഴും ,
കുളങ്ങള്‍ വറ്റി വരളുംപോഴും
സമുദ്രം വിഷാദസ്മരണകള്‍ അമര്‍ത്തി കിടന്നു
നിതാന്തം ഒരു നിദ്ര എന്ന പോലെ .

ഇരുട്ടിന്റെ സംഗീതം കാറ്റ് കടമെടുത്ത ,
നിലാവ് നഷ്ടമായ വരള്‍ച്ച ഉറഞ്ഞു കിടന്നയീ -
രാത്രി ഭീകരം മുടിയഴിച്ച് അലറിപ്പിടയുംപോലെ .
മഴനൂലായി , പേമാരിയായി ചിതറിപരക്കുന്നു .

എന്റെ വിരലുകള്‍ സംഗീതമില്ലാത്ത സാരംഗിയാകുന്നു
ഞാന്‍ എഴുതി തുടങ്ങട്ടെ മഴയെ പറ്റി .
ഇനി എനിക്കതിനായില്ലയെങ്കില്‍ ,
അക്ഷരമേ എന്നെ ശപിക്കാതിരിക്കുക .
അക്ഷരമേ എന്നെ ശപിക്കാതിരിക്കുക.
------------------ബി ജി എന്‍ വര്‍ക്കല ----

Thursday, January 17, 2013

പാര്‍പ്പിടം


നാല് ചുവരുകള്‍ കൊണ്ട് കുറച്ചു മുറികള്‍ നിറയുന്നു
വീടെന്ന് പേരും കുടുംബം എന്ന സംവിധാനവും .
ഇരുട്ട് നെടുവീര്‍പ്പിടുന്ന മുറികളിലേക്ക്
വെളിച്ചമില്ലാതെ കയറി വരരുത് കാറ്റ് പോലും .

നിഷാദ സ്മരണകള്‍ ഉറങ്ങുന്ന കിടപ്പറകള്‍ ,
വിഷാദച്ഛവി പറന്ന ബാല്‍ക്കണികള്‍ ,
കണ്ണീര്‍ കുതിര്‍ന്ന കുളിമുറികള്‍ , ഒക്കെയും
ശ്വാസം മുട്ടിച്ചു കൊല്ലും നിങ്ങളെയെന്നോര്‍ക്കുക .

ഇരുണ്ട അക മുറികളില്‍ നിറഞ്ഞു നില്‍ക്കുന്ന
കഷായഗന്ധം നിങ്ങളെ ചിലപ്പോള്‍ മൂക്ക് പൊത്തിക്കാം
കാസരോഗം പറിച്ചു എരിയുന്ന കഫപ്പുരകള്‍
നിങ്ങളില്‍ മടുപ്പുണ്ടാക്കിയേക്കാം .

സ്വപ്നങ്ങളില്‍ മയങ്ങി കിടക്കുന്ന തലയിണകള്‍
ശൃംഗാരത്തിന്റെ മോണിട്ടറുകള്‍ കാട്ടിതന്നേക്കാം .
ചിലപ്പോള്‍ നീലവെളിച്ചത്തിന്റെ അതിപ്രസരത്താല്‍
മിഴികളില്‍ ജാള്യം പകരേണ്ടി വരും ,കരുതല്‍ വേണം .

ഉപേക്ഷിക്കപ്പെട്ട ഭക്ഷണത്തിനു വേണ്ടി
കലപില കൂട്ടുന്ന ചുണ്ടെലികള്‍ ചിലപ്പോള്‍
നിങ്ങളെ നോക്കി മൂക്ക് വിടര്‍ത്തിയേക്കാം ,
ഇരുളില്‍ ചവിട്ടി വീഴാതെ നോക്കുക .

അണയാത്ത ടി വിയുടെ മുഖത്തുമ്മ വയ്ക്കുന്ന
ശലഭങ്ങളെ പല്ലികള്‍ ഊഴമിട്ട് സ്നേഹിക്കുന്നതും
നിശ്വാസത്തിന്റെ തേനീച്ചക്കൂടുകളില്‍ മൂളിയാര്‍ക്കുന്ന
ഉറക്കമില്ലാത്ത മുഖങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കും .

ഇറങ്ങി പോകുമ്പോള്‍ പൂമുഖത്തു തട്ടി വീഴാതെ നോക്കുക
ചിതറിയ പാദരക്ഷകളും , തൂക്കിയിട്ട നിലവിളക്കും
ഒരുപക്ഷെ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടാകും
ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുക ആണെന്ന് .
-----------------------ബി ജി എന്‍ വര്‍ക്കല ------

Tuesday, January 15, 2013

വേദനിക്കുന്ന ഓര്‍മ്മ ആയി അച്ഛന്‍

ഓര്‍മ്മകളെ പരീക്ഷിക്കരുതെന്നാണ് . പക്ഷെ പരീക്ഷകളില്‍ നിറയുന്ന ഓര്‍മ്മകള്‍ ആണ് ജീവിതം . എല്ലാരും ഓരോ ഓര്‍മ്മകളില്‍ കൂടി വഴി നടത്തുമ്പോള്‍ എന്തോ എനിക്കും നോവിന്റെ , നഷ്ടത്തിന്റെ ഓര്‍മ്മയെ ഉള്ളു . എന്നിരുന്നാലും എന്നെ കരയിച്ച ഓര്‍മ്മകള്‍ ഒന്നും ഇല്ലായിരുന്നു . കരയാന്‍ തോന്നുമ്പോള്‍ ചിരിക്കാന്‍ ഞാന്‍ പഠിച്ചിരുന്നു . പക്ഷെ എന്നെ എന്നിട്ടും കരയിച്ച ഒരു സംഭവമേ എന്റെ ജീവിതത്തില്‍ ഉള്ളു . ഞാന്‍ ജീവിതത്തില്‍ പൊട്ടി കരഞ്ഞ നിമിഷം . എന്റെ ജീവിതത്തില്‍ അച്ചന്‍ എന്നത് വര്‍ഷങ്ങത്തിലെ ചുരുങ്ങിയ ഇടവേളകളില്‍ കാണുന്ന ഓര്‍മ്മ ആയിരുന്നു . ജീവിത സമരത്തില്‍ എന്നും പോരാടി തളര്‍ന്ന ഒരു മനുഷ്യന്‍ . എനിക്ക് ജോലി ചെയ്യാന്‍ കഴിയും എന്ന ധൈര്യം വന്നപ്പോള്‍ ആദ്യം ചെയ്തതു അച്ഛനെ വീട്ടില്‍ വരുത്തി എന്നുള്ളതാണ് . കാലം കുറച്ചു അധികം ഒന്നും കടന്നു പോയില്ല . ഞാന്‍ സ്ഥിര വരുമാനം ഉള്ള ഒരു ജോലിയില്‍ ആയപ്പോള്‍ ആണ് അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധവും ആഗ്രഹവും മൂലം ഒരു വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്. വിവാഹത്ത്നു മൂന്നു ദിവസം മുന്‍പ് ആണ് ഞാന്‍ വീട്ടില്‍ എത്തിയത് അതും പത്തു ദിവസത്തെ അവധിക്കു . അന്ന് ഞാന്‍ ഗുജറാത്തില്‍ ഒരു കമ്പനിയില്‍ സ്ഥിര വരുമാനക്കാരന്‍ ആയി കഴിഞ്ഞിരുന്നു . വിവാഹം വളരെ ഗംഭീരം ആയി അച്ഛന്‍ ആസ്വദിച്ചു നടത്തി . എല്ലാ സഹോദരങ്ങളെയും വരുത്തി , ഒന്നിച്ചിരുത്തി ഫോട്ടോ ഒക്കെ എടുത്ത് . വളരെ സന്തോഷ കരമായ കുറച്ച ദിവസങ്ങള്‍ . എന്റെ അവധി പരിമിതം ആയതിനാല്‍ മധുവിധു കഴിയും മുന്നേ ഞാന്‍ മനസ്സില്ല മനസ്സോടെ തിരിച്ചു പോയി . അവിടെ ഒരു വീട് ഒക്കെ എടുത്ത ശേഷം ഭാര്യയെ കൊണ്ട് പോകാം എന്ന പ്രതീക്ഷയും നല്‍കി . ഞാന്‍ തിരിച്ചെത്തി . വീട്ടില്‍ ഒക്കെ വിളിച്ചു എല്ലാം സന്തോഷം ആയി ഇരിക്കുന്നു . രണ്ടാം ദിവാസം ജോലിക്ക് പോയി , രാവിലെ ഒരു ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു എന്റെ മൊബൈലില്‍ . എന്റെ  ചേട്ടന്‍ ആണ് . "ഡാ ബിജൂ ", പിന്നെ ഒന്നും പറയുന്നില്ല . ഞാന്‍ ചോദിച്ചു "എന്ത് പറ്റി? " . "അത് അച്ഛന്‍..... അച്ഛന്‍ ഒന്ന് വീണു , ആശുപത്രിയില്‍ കൊണ്ട് പോയി ". "അയ്യോ എങ്ങനെ ഉണ്ട് ഇപ്പോള്‍" , "അത് ......അത് ..." അപ്പോള്‍ എന്റെ ഒരു കൊച്ചപ്പന്‍ ഉണ്ടായിരുന്നു അടുത്ത് . അദ്ദേഹം ഫോണ്‍ വാങ്ങിയിട്ട് പറഞ്ഞു "എടാ നിന്റെ അച്ഛന്‍ മരിച്ചു പോയി ". ഞാന്‍ പിന്നെ ഒന്നും കേട്ടില്ല . എനിക്കറിയില്ല എന്ത് ചെയ്യണം എന്ന് . ഞാന്‍ ആകെ മരവിച്ചു നിന്ന് പോയി . ഞാന്‍ കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു അപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിക്കുക ആണ് എന്ത് വേണം , എന്ത് ചെയ്യട്ടെ ? ഞാന്‍ പറഞ്ഞു "എനിക്ക് അച്ഛനെ ജീവനില്ലാതെ കാണാന്‍ കഴിയില്ല . അതിനാല്‍ ചടങ്ങുകള്‍ നടത്തുക ഞാന്‍ വന്നോളാം . "അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക്‌ തിരിച്ചു . മനസ്സില്‍ ഭാരം നിറഞ്ഞു നിന്നിരുന്നു . ട്രയിനിലെ ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു യാത്ര ഒറ്റയ്ക്ക് ശൂന്യമായ ബോഗി എന്റെ മനസ്സ് പോലെ. ഞാന്‍ കരയാന്‍ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല . ഒരുപാട് ശ്രമിച്ചു ഒന്ന് കരയാന്‍ . ഇല്ല എനിക്ക് പറ്റുന്നില്ല . ഒടുവില്‍ രണ്ടാം ദിവസം പാതിരാത്രി ഞാന്‍ വീട്ടില്‍ എത്തി . പെട്ടി ഇറയത്ത് വച്ച് . എന്റെ ഭാര്യ എന്റെ കയ്യില്‍ വന്നു പിടിച്ചു ഞാന്‍ മെല്ലെ അകത്തേക്ക് ചെന്ന് . അമ്മ അകത്തു കട്ടിലില്‍ ഇരിക്കുന്നു . എന്നെ കണ്ടതും വിതുമ്പലോടെ എന്നെ നോക്കി പറഞ്ഞ "മോനെ പോയി ". ഞാന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു അല്‍പനേരം ഇരുന്നു . പിന്നെ പതിയെ എഴുന്നേറ്റു ഇരുളില്‍ തൊടിയിലേക്ക് നടന്നു . ഇനിയും നനവ്‌ മാറാത്ത മണ്ണ് , അഴുകി തുടങ്ങിയ പൂക്കള്‍ , ഞാന്‍ മുട്ടുകുത്തി പാദത്തിന് അരികില്‍ . നെറ്റി ആ പാദത്തില്‍ മുട്ടിച്ചു . അല്‍പനേരം അങ്ങനെ ഇരുന്നു . ഞാന്‍ മനസ്സ് കൊണ്ട്‌ അച്ഛനോട് സംസാരിക്കുക ആയിരുന്നു . അവിടെ നിന്നും എഴുന്നേറ്റു നടന്നു അടുത്ത് നിന്ന മോസാന്തയുടെ ചില്ലയില്‍ പിടിച്ചു നിന്ന് . പെട്ടെന്ന് ഞാന്‍ കരയാന്‍ തുടങ്ങി . പൊട്ടി പൊട്ടി കരയുന്ന എന്നെ എന്റെ അനുജന്‍ വന്നു പിടിക്കുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഞാന്‍ കരയുക ആയിരുന്നു എന്ന് . ഇന്നും പക്ഷെ എനിക്ക് അച്ഛന്റെ വേര്‍പാട് വേദന ആകുന്നില്ല . കാരണം അച്ഛന്‍ ജോലി സ്ഥലത്ത് ആണെന്ന ചിന്ത ആണ് പലപ്പോഴും മനസ്സില്‍ .

പകലുകള്‍ രാവിനെ സ്നേഹിക്കുമ്പോള്‍

കൂടണയുന്ന പക്ഷിക്ക് മുന്നില്‍ ,
കടല് പോലെപരന്നു കിടക്കും മൌനം പോലെ
നിന്റെ  പുഞ്ചിരിക്കു മുന്നില്‍ ഞാനും
നിലാവ് പോല്‍ നനഞ്ഞിങ്ങനെ ..!

എരിയുന്ന ശരറാന്തല്‍ തേടി
പറന്നടുക്കുന്ന ശലഭങ്ങള്‍ പോലെയാണ്
ഏകാന്തതയില്‍ എന്റെ നിദ്രകളെ
ഓര്‍മ്മകള്‍ വന്നു മൂടുന്നത് .

നമ്മള്‍ കനവ് കണ്ടത് ജീവിതമല്ല ,
നിന്റെയും എന്റെയും ചിതയാണ് .
നമ്മുടെ  കാതുകളില്‍ മുഴങ്ങി കേട്ടത്
മരണത്തിന്റെ ചിറകടിയാണ് .

എന്നാണു നമുക്ക് നമ്മുടെ മുഖം കളവു പോയത് ?
"എന്റെ" എന്ന പ്രാണന്‍ പിടയുന്ന ചിന്തയോ ?
"നിനക്ക് വേണ്ടി "എന്ന നാട്യത്തിന്‍ ആവരണം
നിലാവ് ചീന്തിയെറിഞ്ഞപ്പോഴോ ?



ഒരു  വലിയ തിരയില്‍ പെട്ടെന്നോണം
അകലങ്ങളിലേക്ക് നമ്മള്‍ ഒഴുകി പോയപ്പോഴാണ്
ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിവ്
ഒരു കിനാവള്ളി പോലെ കരളില്‍ പിടി മുറുക്കിയത് .



ഇന്ന്  രണ്ടു കരകളില്‍ ,
മുഖം നഷ്ടമായ സന്ധ്യകളില്‍
പരസ്പരം കിനാവുകളുടെ ചെപ്പുകള്‍
നഖമുനയാല്‍ പൊളിച്ചു നോക്കുമ്പോള്‍
കണ്ണുകള്‍ നനയാതിരിക്കാന്‍ എത്ര ശ്രമിക്കുന്നു നാം .!

പറയാതിരിക്കാന്‍ ശ്രമിക്കുന്ന വാക്കുകള്‍
മനസ്സ്‌ പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോള്‍ ,
നനയാത്ത പീലികളില്‍ കാലം നല്‍കിയ
നരയുടെ ശീതരക്തം ഉറയുന്നു .

നമുക്കിനി കൂടാരങ്ങള്‍ പണിയാം .
കൊരുത്തു വയ്ക്കാന്‍ മോഹിച്ച സ്വപ്നങ്ങള്‍ കൊണ്ട് .
നമുക്കിനി ജീവിക്കാന്‍ പഠിക്കാം ,
ഇറുന്നു വീണ ദളങ്ങള്‍ ചേര്‍ത്തു വച്ച് .



ഒരു തുള്ളി മഞ്ഞു നിറുകയില്‍ വീഴും വരെ
ഒരു പുലരി വന്നു പൊതിയും വരെ
ഈ ഇരുള് നമ്മള്‍ മനസ്സില്‍ ചേര്‍ത്തു വയ്ക്കണം .

നിന്റെ ശിശിരങ്ങളില്‍ നിലാപൂവ് പോലെ ,
നിന്റെ വസന്തങ്ങളില്‍ ഇന്ദിന്ദിരമായ്‌ ,
നിന്നില്‍  കൊഴിയുന്ന ഇലകളായ് ,
ഇനി ഞാന്‍ ജീവിക്കട്ടെ .

--------------ബി ജി എന്‍ വര്‍ക്കല -----

Sunday, January 13, 2013

ഒരു ദുസ്വപ്നം

അക്ഷരങ്ങള്‍ ചിതറുന്നു ഓര്‍മ്മയി-
ലോരക്ഷൌഹിണിയിളകുന്നു .
കണ്മുന്നില്‍ ഞാനൊരു വര്‍ണ്ണ -
ക്കുടയുടെ മോഹനവര്‍ണ്ണമായ്‌ .

മാവേലി നാടിന്റെ ആടിത്തിമര്‍പ്പി -
ലോരാനന്ദവേളയില്‍
ആരോ തിരക്കുന്നു "വന്നീലയോ "
ഇല്ല വന്നിട്ടില്ല പ്രഭു .

അദ്ദേഹം വരുമോ ? വരാതിരിക്കില്ല
ഇന്നലെയും  കണ്ടു ഞാനെന്‍
സ്വപ്നത്തിലോരോലക്കുട.

ചിതറുന്ന  ബോധങ്ങല്ക്കിടയി-
ലോടൊരു ജേതാവിനെപോലെ !
അല്ല , പരാജിതനെ പോല്‍ .

കള്ളവും ചതിയുമില്ലാത്തിടത്തൊരു
കള്ളത്തരത്തിന്റെ ചിറകുമുളയ്ക്കുന്നതും
അവിടെ രണരുധിരമേള -
മാടിത്തിമര്‍ക്കുന്നതും

നിലാവിന്റെ പൂക്കളത്തില്‍ നിണ-
പുഷ്പം ചിതറിക്കിടക്കുന്നതും
ജാതിയുടെ, മതത്തിന്റെ വേരുകള്‍
ആഴ്ന്നിറങ്ങിയ പാടുകളും
നഗ്നമാം മേനികളില്‍ കവിത
വിടരുന്നതും ,
നറുചന്ദന ഗന്ധവും
അവതന്‍ നടുവിലൂടെ താഴ്ന്നുപോം
കിരീടവും കൂനിയ നടുവും
പിന്നൊരു നരച്ച മെതിയടിയും .

കാണുന്നു  ഞാനാ മിഴികളില്‍
അഗ്നിയോ, കണ്ണുനീരോ ?
കാണാനാകുന്നില്ലതിന്‍ മുന്നേ
കണ്ണുകള്‍ തുറന്നു പോയി ഞാന്‍ .
-------ബി ജി എന്‍ വര്‍ക്കല --- 17.09.94

നിവേദിതയുടെ പുഞ്ചിരി

നിദ്രതന്നഗാധതകളിലെങ്ങോ നിന്ന്
ചിരിക്കുന്നു നിവേദിത .
കനലെരിയുമാ കണ്ണുകളെന്തോ
മൂകമായ്‌ ചൊല്ലുന്നു .
ഊര്‍ന്നുപോമുടയാട പോലാ
ചുണ്ടുകള്‍ വിറച്ചു വീഴുന്നു .

മെല്ലെ പരക്കുമാ ചോരക്കള -
മൊരു കാകോളം പോല്‍
കരളിലൊരു തുള്ളിയായ്‌ ചോര
പൊടിയുന്നു , ചാലിടുന്നോരാ
കവിള്‍ത്തടങ്ങളിലൊരു വിരല്‍പ്പാടായ് .

നഖബിംബങ്ങള്‍ വിതുമ്പുന്നു
കണ്ണാടി കവിളുകളില്‍ .
മുറുകുന്ന മുഷ്ടിയിലൊരു ജന്മശാപം
തീറെഴുതീടുന്നു .
അപ്പോഴുമെന്‍ നിദ്രതന്നാഗധതയില്‍
നിവേദിത പുഞ്ചിരിക്കുന്നു താരകം പോല്‍ .

*       *      *     *     *    *    *   *
പടഹ കാകളം മുഴങ്ങിയൊതുങ്ങി -
യോരാ പടനിലം തന്നില്‍
പതിതയായ്‌ നില്പൂ മറ്റൊരു കണ്ണകി ..! !
കണ്ണുകളിലെരിയുന്നതഗ്നിയല്ല  ,
ചുണ്ടുകളിലൂറിയത്‌ ശാപവുമല്ല  .

ഒറ്റയ്ക്ക് പൊരുതുവാന്‍ വന്നവള്‍ , തന്നെ
പച്ചക്ക്  തിന്നവരെ മൊത്തമായി .
മൊട്ടിട്ട സ്വപ്നങ്ങള്‍ ഞെട്ടറ്റു വീഴവേ
ഇറ്റു കണ്ണീര്‍ പൊഴിക്കാനനുവദിക്കാത്തവര്‍.
അവരുടെ രോദനം കേള്‍ക്കുവാന്‍ മാത്രമാ -
യവളുടെ കാതുകള്‍ വിങ്ങി പിടയുന്നു .

ആര്‍ത്തട്ടഹസിക്കുമാ ദുഷ്ടര്‍തന്‍ താവളം ,
ആരെയോ കാത്തിതാ തുറന്ന കവാടവും
ഇനിയുമെത്താം ചിറകറ്റു വീഴാമൊ -
രായിരം നിവേദിതമാര്‍ തന്‍ സ്വപ്നം .

വാടിക്കരിയുമീ കിനാക്കളുടെ
ശവപ്പറമ്പാകുമോ നായ്ക്കളുടെ പടനിലം ?
ഇല്ലെനിക്കാവില്ലോന്നുമേ ചെയ്‌വാന്‍
ഇല്ലെനിക്കാവില്ലൊന്നുമോന്നും .

പരിഹാസ്യനായ്‌ ഞാന്‍ പിന്മാറവേ ,
കാണുന്നേന്‍ മുന്നിലായ്‌
പരിഹസിച്ചു ചിരിക്കുന്നു നിവേദിത .
അവളുടെ പിന്നിലോരായിരം
നിവേദിതമാരാര്‍ത്തട്ടഹസിക്കുന്നു .
ഞെട്ടിയുണര്‍ന്നു ഞാന്‍ കണ്ടുവെന്‍
മുന്നിലായൊട്ടുനേരം പിന്നെയും
നിവേദിത പുഞ്ചിരിക്കുന്നു .
-------------ബി ജി എന്‍ വര്‍ക്കല --02.08.94

Thursday, January 10, 2013

മോക്ഷം തേടി യാത്ര തിരിക്കുന്നവര്‍

പൂനിലാവിന്റെ പ്രഭ പ്രപഞ്ചത്തിനു അലങ്കാരം ചാര്‍ത്തുന്ന ഇരുള്‍ വിടര്‍ത്തിയ ഒരു രാത്രി . നിശബ്ദതയുടെ മാറില്‍ നഗരം ഉറക്കത്തില്‍ മുഴുകിയിരിക്കുന്നു . അകലെ പാഞ്ഞു പോകുന്ന ട്രെയിനിന്റെ ശബ്ദം കേള്‍ക്കാം നിശബ്ദതയെ ഭേദിച്ച് കൊണ്ട് .
നിഴല്‍ വിരിക്കുന്ന ഇരുളില്‍ മറ്റൊരു നിഴല്‍ രൂപമായ്‌ രാമന്‍കുട്ടി ലക്ഷ്യമില്ലാതെ നടന്നു പോകുന്നുണ്ടായിരുന്നു .
മുല്ലപ്പൂചൂടിയ തെരുവ് പെണ്ണിന്റെ കടാക്ഷമാര്‍ന്ന നോട്ടവും , ചിരിയും കണ്ടപ്പോള്‍ അയാള്‍ തറയിലേക്ക് ഒന്ന് കാര്‍ക്കിച്ചു തുപ്പി .
"ഫാ തേവിടിശ്ശി , കടന്നു പോ അല്ലേല്‍ കൊന്നുകളയും ഞാന്‍ " .
രാമന്‍കുട്ടിയുടെ ആക്രോശത്തില്‍ അവള്‍ ഭയന്ന് വേഗത്തില്‍ മുന്നോട്ടു നടന്നു പോയി . അയാള്‍ ചിരിക്കുക ആയിരുന്നു അപ്പോള്‍ . പൊട്ടി പൊട്ടി ചിരിക്കുന്ന അയാളെ കണ്ടപ്പോള്‍ അവള്‍ നടത്തം ഓട്ടം ആക്കി . ഇരുളില്‍ ഒരു ഭ്രാന്തനെ പോലെ അയാള്‍ ചിരിച്ചു കൊണ്ടേ ഇരുന്നു . ആ തെരുവ് അയാളുടെ ചിരിയില്‍ തെല്ലുപോലും കുലുങ്ങിയില്ല . കാഴ്ചകളുടെ ശീവേലി കണ്ടു മടുത്ത തെരുവിനു രാമന്‍ കുട്ടിമാര്‍ പതിവ് കാഴ്ച മാത്രം .
രാമന്‍കുട്ടിയുടെ  ചിരിയുടെ അലകള്‍ ഒഴിഞ്ഞു . ഇപ്പോള്‍ അയാള്‍ ആ വിളക്ക് കാലിന്‍ ചുവട്ടില്‍ തറയില്‍ ഇരുപ്പായി . തലയില്‍ കൈ വച്ച് അയാള്‍ നിലത്തേക്ക് നോക്കി ഇരുന്നു . അയാള്‍ കരയുക ആയിരുന്നു . അയാളുടെ കണ്ണുനീര്‍ വീണു തെരുവിന്റെ മാറിടം പൊള്ളി .
രാമന്‍കുട്ടി ഒരു സാധാരണ ഗ്രാമീണജീവിതത്തില്‍ നിന്നും ഇന്ന് ഈ നിലയിലേക്ക് വരാന്‍ കാരണം എന്ത് എന്ന് അറിയുന്നിടത്താണ് ഈ കണ്ണീരിന്റെ  ഉപ്പ് നിങ്ങള്‍ രുചിക്കുന്നത് . അത് രാമന്‍ കുട്ടി തന്നെ പറയട്ടെ .
എന്ത്  പറയാന്‍ എന്നെ കുറിച്ച് ? ഇല്ല എനിക്ക് പറയാന്‍ ഒന്നും ഇല്ല ഞാന്‍ ജീവിച്ചു കാണിക്കാം . നിങ്ങള്‍ കല്ലെറിയും വരെ .
തൊഴില്‍ തെണ്ടി അലഞ്ഞ ബിരുദ ജീവിതത്തില്‍ നിന്നാണ് നഗരം ഒരുനാള്‍ എന്നെ മാടി വിളിച്ചത് . നട്ടെല്ല് തളര്‍ന്നു കിടക്കുന്ന അച്ഛനും , ജീവിത ദുരിതം പേറി വളഞ്ഞു കുത്തിയ അമ്മയും പിന്നെ ഭാവിയുടെ കരിയും പുകയും കണ്‍തടങ്ങളില്‍ ചിറകെട്ടിയ പെങ്ങന്മാരും ആയിരുന്നു ആ യാത്രയുടെ പിന്നിലെ പ്രേരകങ്ങള്‍ .
തൊഴില്‍  വേണമെങ്കില്‍ ബിരുദം മാത്രം പോര എന്ന ലോക തത്വം ഞാനും മനസ്സിലാക്കി . പിന്നെ ഓടയില്‍ കീറി എറിഞ്ഞ ബിരുദങ്ങള്‍ക്ക് തിരിച്ചൊരു നോട്ടം പോലും നല്‍കാതെ ഞാന്‍ ഇറങ്ങി നഗരത്തിന്റെ ഇരുണ്ട തെരുവുകളിലേക്ക് . പിടിച്ചു പറിയും മയക്കു മരുന്നുകളും പെണ്‍വാണിഭവും അരങ്ങു തകര്‍ത്ത്‌ വാഴുന്ന തെരുവുകള്‍ ഒരു പുതിയ അംഗം വന്നതില്‍ സന്തോഷിച്ചു എന്ന് തന്നെ കരുതാം .
ലക്ഷ്യത്തിന്റെ  യാത്ര ആയതിനാല്‍ വേഗത അധികമായിരുന്നു . പിടിച്ചടക്കല്‍ ആയിരുന്നു എന്ന് പറയാം . പഴയ കോട്ടകളെ തട്ടി ഉടച്ചു പുതിയ മന്ദിരങ്ങള്‍ പണിതുയര്‍ത്തും  പോലെ വേഗത്തിലായിരുന്നു എന്റെ കാല്‍ക്കീഴില്‍ ആ നഗരത്തിലെ കൊമ്പന്മാര്‍ മൂക്ക് കുത്തിയതും ഞാന്‍ ഒരു സാമ്രാജ്യമായതും . എനിക്ക് മുതല്‍ക്കൂട്ട് ആത്മവിശ്വാസവും ചങ്കൂറ്റവും മാത്രം .
നാട്ടില്‍ മുറക്ക് പണം അയച്ചു കൊടുത്തു അവരുടെ ജീവിതം ഭദ്രമാക്കുന്നതില്‍ അപ്പുറം മറ്റൊരു ബന്ധവും അതിനാല്‍ തന്നെ ഉണ്ടാക്കിയില്ല . പണം പണം അത് മാത്രം ആയിരുന്നു മനസ്സില്‍ .
പെണ്ണും , മയക്കു മരുന്നും , വാടക പിരിവും ആയി സിംഹാസനത്തിന്റെ വേരുകള്‍ ഉറപ്പിച്ചു നിര്‍ത്തി . ഒരുനാള്‍ അതെ ഒരുനാള്‍ റയില്‍വേ പരിസരത്തു അവളെ കണ്ടെത്തും വരെ അത് അഭംഗുരം നടന്നുപോയി .
പതിവ് പോലെ ഇരകളെ തേടി ഇറങ്ങിയ എന്റെ മുന്നില്‍ വന്നു പെട്ട മാന്‍പേട . അധിക സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഇല്ലാത്ത ഒരു പെണ്ണ് . പക്ഷെ ആവശ്യക്കാരന് വേണ്ടത് എല്ലാം ഉണ്ട് അവള്‍ക്കു എന്നത് ഒരു നല്ല കാര്യം . മുഖം, സൌന്ദര്യം ആര് നോക്കുന്നു . ഇരുട്ടില്‍ എല്ലാ നിറവും ഒരുപോലെ ആകുന്നവര്‍ക്ക് സൌന്ദര്യം ഒരു വിഷയമല്ലല്ലോ.
മെല്ലെ  അടുത്ത് ചെന്ന് പതിവ് രീതിയില്‍ വല എറിഞ്ഞു .
 "ഇവിടെ ആദ്യം ആണോ വരുന്നത് ? കൂടെ ആരും ഇല്ലല്ലോ . ഈ സന്ധ്യ കഴിഞ്ഞ വേളയില്‍ ഒറ്റയ്ക്ക് കുട്ടി എങ്ങോട്ടാണ് ?"
എന്റെ കണ്ണ് തള്ളിക്കുന്ന മറുപടി ആണ് പക്ഷെ അവള്‍ തന്നത്.
"എത്ര കിട്ടും ഞാന്‍ കൂടെ വന്നാല്‍ ?"
കടുവയെ കിടുവ പിടിച്ചോ ? ഇതിനെ കണ്ടാല്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയ ഒരാളായി തോന്നുകില്ല . ഗ്രാമത്തിന്റെ തേജസ്സു ഉറങ്ങി കിടക്കുന്ന ഈ കുട്ടി ?
എന്തോ ആകട്ടെ എനിക്കെന്റെ കാര്യം നടന്നാല്‍ പോരെ . ഇതൊരു നല്ല കോള് ആണ് . കയ്യില്‍ ഉള്ളതൊക്കെ പഴഞ്ചന്‍ ആയി . എല്ലാരും പുതിയത് ചോദിക്കുന്നു . നല്ല ഒരു അവസരം ആണ് കയ്യില്‍ വന്നു ചേര്‍ന്നിരിക്കുന്നത് .
"വരൂ എന്റെ കൂടെ "
ഞാന്‍ പറഞ്ഞിട്ട് നടന്നു തുടങ്ങി . അവള്‍ കുറച്ചു നേരം എന്നെ നോക്കി അറച്ചു നിന്ന് പിന്നെ എന്നെ പിന്തുടരാന്‍ തുടങ്ങി .
ഉറച്ച കാല്‍വയ്പ്പുകള്‍ അവളുടെ മനസ്സിന്റെ കഠിനത തുറന്നു കാട്ടുന്നു . എന്തോ ഒരു ചിന്ത അവളെ അലട്ടുന്നുണ്ട് എന്നത് ഉറപ്പു .
"നീ എവിടുന്ന വരുന്നേ ? എത്ര കാലമായ്‌ ഈ തൊഴിലില്‍ ആയിട്ട് ?"
ഇരയുടെ വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ . അവള്‍ പക്ഷെ ഒന്നും മിണ്ടിയില്ല . മുറുകിയ മൌനം മുഖത്ത് നിറഞ്ഞു നിന്നിരുന്നു .
"നമുക്ക് എന്റെ മുറിയിലേക്ക് പോകാം ."
 ഇരയെ ആദ്യം രുചിച്ചു നോക്കേണ്ടത് വേട്ടക്കാരന്റെ അവകാശം ആണല്ലോ. പിന്നെയല്ലേ അത് വിശക്കുന്നവര്‍ക്ക് കൊടുക്കുക ഉള്ളു .
അവള്‍  ഒന്നും മിണ്ടിയില്ല .കാല്പാദത്തെ മിഴികളില്‍ കോര്‍ത്തു നടന്നു അത്ര തന്നെ .
മുറിയിലെത്തി വാതില്‍ അടച്ചു അയാള്‍ തിരിയുമ്പോള്‍ അവള്‍ അയാളുടെ നീക്കങ്ങള്‍ കണ്ടു നില്‍ക്കുക ആയിരുന്നു . അടുത്തേക്ക്‌ വന്ന അയാളെ അവള്‍ കയ്യെടുത്തു തടഞ്ഞു .
ചോദ്യഭാവത്തില്‍ , ഒരുതരം അല്ഫുതത്തോടെ അയാള്‍ അവളെ നോക്കി .
മുറിഞ്ഞു വീണ വാക്കുകള്‍ക്ക്‌ നല്ല വ്യെക്തത ഉണ്ടായിരുന്നു .
"എനിക്ക് ഒരു ഇരുപത്തയ്യായിരം രൂപ വേണം. നിങ്ങള്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളൂ . തെരുവില്‍ വിറ്റുകൊള്ളൂ . എനിക്ക് വിഷമം ഇല്ല പക്ഷെ എനിക്ക് ഇന്ന് ഇരുപത്തയ്യായിരം രൂപ വേണം "
അവളുടെ  വാക്കുകള്‍ എന്നില്‍  കൌതുകം ജനിപ്പിച്ചു. ഈ മുതല് മാര്‍ക്കറ്റില്‍ ഇറക്കിയാല്‍ ഇത്ര കിട്ടുമോ എന്ന് ആ ഞാന്‍ നോക്കി .
അവളുടെ മുഖം എന്നെ എന്തോ ഒരു തരം സ്നേഹമോ സഹതാപമോ പറയാന്‍ അറിയാത്ത എന്തോ ഒരു വികാരം ഉണര്‍ത്തിച്ചു . ഞാന്‍ അവളോട്‌ ചോദിച്ചു.
"എന്താണ് നിന്റെ പ്രശ്നം ? അത് ആദ്യം പറയു. "
"അത് നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല . ഞാന്‍ ചോദിച്ചതിനു മറുപടി പറയുക . അല്ലെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടുക "
അവളുടെ മറുപടി എന്നില്‍ ദേഷ്യമാണ് ഉണര്‍ത്തിയത് .ക്ഷോഭത്തോടെ ഞാന്‍ അവളോട്‌ പറഞ്ഞു .
"അധികം വിളച്ചിലെടുത്താല്‍ വലിച്ചു കീറി കായലില്‍ താഴ്ത്തും പറഞ്ഞേക്കാം . അവിടെ ഇരിക്കടീ"
എന്റെ  ശബ്ദം ഉയര്‍ന്നപ്പോള്‍ അവള്‍ നടുങ്ങി പ്പിടഞ്ഞു എന്നെ നോക്കി . എന്റെ മിഴികള്‍ അവളുടെ മിഴികളില്‍ തറഞ്ഞു നിന്ന് . ക്ഷോഭം കൊണ്ട് എന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .
പൊടുന്നനെ എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കാല്‍ക്കല്‍ ഇരുന്നു.
"എന്നെ  രക്ഷിക്കണം എനിക്ക് വേറെ വഴിയൊന്നും ഇല്ല . പണം ഇന്ന് തന്നെ വേണം "
അവള്‍ എന്റെ കാലില്‍ പിടിച്ചു . അസഹ്യതയോടെ ഞാന്‍ കാലുകള്‍പിറകോട്ടു വലിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു .
"എഴുന്നേറ്റു ആ കസേരയില്‍ ഇരിക്ക് "
അവള്‍ എന്നെ നോക്കി കൊണ്ട് സംശയ പൂര്‍വ്വം മെല്ലെ എണീറ്റ്‌ കസേരയിലിരുന്ന് .
കണ്ണീര്‍ ഒലിക്കുന്ന കവിളുകള്‍ തുടക്കാന്‍ മറന്നു അവളിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അറിയാത്ത ഒരു വിഷാദം നിഴല്‍ വിരിക്കുന്നുണ്ടായിരുന്നു . ക്രൌര്യം ഉറങ്ങി കിടന്ന മനസ്സില്‍ എവിടെയോ മറഞ്ഞു കിടന്ന മനുഷ്യന്‍ തല പൊക്കുന്നത് പോലെ .
" പറയൂ എന്താ നിന്റെ പ്രശ്നം ."
കഴിയുന്നത്ര  സൌമ്യത വാക്കുകളില്‍ ഞാന്‍ കലര്‍ത്തി .
" എന്റെ അച്ഛന്‍ ആശുപത്രിയില്‍ മരണ കിടക്കയില്‍ ആണ് . എനിക്ക് വേറെ ആരും ഇല്ല . അച്ഛന് ഒരു ഓപറേഷന്‍ നടത്തണം ഉടനെ തന്നെ അല്ലെങ്കില്‍ പിന്നെ ഞാന്‍ ഈ ലോകത്തു ഒറ്റക്കാകും ."
അവള്‍ കരയാന്‍ തുടങ്ങി വീണ്ടും . കരച്ചില്‍ ഒന്ന് അടങ്ങിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി . " ഞാന്‍ ഈ നഗരത്തില്‍ ആദ്യം ആണ് . ഞാനൊരു ദുര്‍നടത്തകാരിയല്ല . ആദ്യമായാണ് ഞാന്‍ ....
എന്റെ കയ്യില്‍ പണം ഇല്ല . ഉള്ള കിടക്കാടം വിറ്റാണ് അച്ഛനെ ചികില്സ്സിച്ചത് . ഓരോ ആശുപത്രികള്‍ കയറി ഇറങ്ങി കയ്യിലുള്ളത് മുഴുവന്‍ തീര്‍ന്നു . ഇപ്പോള്‍ പോയ ആശുപത്രിക്കാര്‍ ആണ് പറഞ്ഞത്‌ ഒരു ഓപറേഷന്‍ നടത്തിയാല്‍ രക്ഷ കിട്ടും അതിനു ഇരുപത്തിയയ്യായിരം രൂപ ചെലവ് ആകും എന്ന് . ഞങ്ങള്‍ക്ക് വേറെ ആരും ഇല്ല . അമ്മ ചെറുതിലെ മരിച്ചു പോയി . അച്ഛന്‍ രോഗിയും ആയി . ചിലവുകള്‍ നടക്കുന്നത് ഞാന്‍ വീട് വേല ചെയ്തു ആണ് . ഇപ്പോള്‍ ആശുപത്രിയിലായതിനാല്‍ അതും ഇല്ല . നാട്ടില്‍ ഞാന്‍ ചീത്ത ആയാല്‍ പിന്നെ അവിടെ ജീവിക്കാന്‍ ആകില്ല . പണം ഉണ്ടാക്കാന്‍ ഇനി എന്റെ കയ്യിലീ ശരീരം മാത്രമേ ഉള്ളു ."
അവളുടെ വാക്കുകള്‍ വരുന്നത് ഇരുണ്ട ഏതോ ഗുഹയില്‍ നിന്നാണെന്ന് തോന്നി . സിഗരറ്റ് പുക നല്‍കിയ മൂടല്‍ മഞ്ഞില്‍ അവളെ അങ്ങ് ദൂരെ ഏതോ താഴ്വാരത്തു നില്‍ക്കും പോലെ തോന്നി .
കുറച്ചു നേരം മിണ്ടാതെ ഇരുന്നു ഞാന്‍ . എന്റെ ഉള്ളില്‍ അവളുടെ ദൈന്യത നിഴല്‍ വിരിച്ച ദുഃഖം ഒരു പാട പോലെ വിലങ്ങി നില്‍ക്കുന്നു .
നെഞ്ചില്‍ അമര്‍ത്തി തടവി കൊണ്ട് ഞാന്‍ കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു . എന്താണെ എനിക്ക് പറ്റിയത് എന്ന് ഞാനെന്നോട് തന്നെ ചോദിച്ചു. ഞാന്‍ പഴയ രാമന്‍കുട്ടി ആകുക ആണോ ? എനിക്ക് എന്നോട് തന്നെ ഒരു അകല്‍ച്ച തോന്നി . എന്റെ ഉടുപ്പിലേക്ക് നോക്കി ഞാന്‍ ഉറപ്പു വരുത്തി അത് ഞാന്‍ തന്നെ ആണെന്ന് . എഴുന്നേറ്റു ചെന്ന് ചുവരില്‍ തൂക്കി ഇട്ടിരുന്ന കണ്ണാടി നോകി മുഖം അമര്‍ത്തിതുടച്ചു. പിന്നെ മീശ മെല്ലെ പിരിച്ചു വച്ച് . ഇല്ല ഒരു തൃപ്തി തോന്നുന്നില്ല . എനിക്കെന്ത ഇങ്ങനെ ? ഞാന്‍ തല കുടഞ്ഞു . രൂപം മാറാന്‍ ശ്രമിക്കുന്ന നായകനെ പോലെ , രംഗാവതരണത്തിനു തയ്യറെടുക്കും പോലെ . ഇല്ല കഴിയുന്നില്ല . ഒരു വല്ലാത്ത അവസ്ഥ തന്നെ .
ഞാന്‍ മെല്ലെ അവളെ തിരിഞ്ഞൊന്നു നോക്കി . അവളുടെ കണ്ണുകളെ നേരിടാന്‍ എനിക്ക് വിഷമം ആയി . ചോദ്യങ്ങള്‍ നിറഞ്ഞ ആ മുഖം എന്നെ വേട്ടയാടുന്ന പോലെ .
കുറച്ചു നേരം മുറിയില്‍ അങ്ങും ഇങ്ങും നടന്നു . സിഗരറ്റ് പാക്കറ്റ് കാലിയായി കഴിഞ്ഞിരിക്കുന്നു .
ഞാനും മനസ്സും തമ്മില്‍ ഒരു ദ്വന്ദയുദ്ധത്തില്‍ ആയിരുന്നു . ഒടുവില്‍ ഒരു തീരുമാനം ആയപോലെ മെല്ലെ തിരിഞ്ഞു അവളോട്‌ പറഞ്ഞു .
" ദാ അതാണ്‌ ബാത്ത്റൂം . പോയി മുഖം കഴുകി വാ "
അവള്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ എന്റെ പെട്ടി തുറന്നു . പണം എന്നി നോക്കി . തൃപ്തി ആയി . പെങ്ങമാരെ കെട്ടിക്കാന്‍ സമ്പാദിച്ച പണം ആണ് പക്ഷെ ഇപ്പോള്‍ ഇതിനു അവകാശം ആയി ഇവള്‍ . വീണ്ടും മനസ്സ് ചോദിച്ചു . വേണോ ഈ സാഹസം . നിനക്ക് നന്നാകാന്‍ അവസരം ഇനിയും കിട്ടും . ഈ ലോകം മല്സ്സരത്തിന്റെ ആണ് . ഇല്ല രക്ഷയില്ല പിശാചിന്റെ ചിന്തകളെ അകറ്റാന്‍ അവളുടെ മുഖം പര്യാപ്തം ആകുന്നു എന്നത് എന്നെ വിഷമിപ്പിക്കുന്നു .
പുറത്തു വന്ന അവളോട്‌ ഞാന്‍ പറഞ്ഞു
"വരൂ നിന്റെ അച്ഛന്റെ അടുത്തേക്ക്‌ പോകാം . ആദ്യം ഓപ്പറേഷന്‍ നടക്കട്ടെ പിന്നെ മറ്റു കാര്യങ്ങള്‍ "
അവളുടെ മിഴികള്‍ നിറഞ്ഞു . നന്ദി പ്രകാശിക്കുന്ന ആ കണ്ണുകള്‍ നോക്കിയപ്പോള്‍ എന്റെ ഉള്ളില്‍ ഒരു പ്രത്യേക സുഖം നിറഞ്ഞു വരുന്ന പോലെ .
അവളുമായ് രാത്രി വണ്ടിയില്‍ തിരിച്ചു ആശുപത്രിയിലേക്ക് ചെന്നപ്പോള്‍ പക്ഷെ അവിടെ അവളെ കാത്തിരുന്നത് മോര്‍ച്ചറിയില്‍ തണുത്തു തുടങ്ങിയ ഒരു ശവം മാത്രമായിരുന്നു .
പൊട്ടികരയുന്ന അവളെ നോക്കി നിന്നപ്പോള്‍ അവളെ ആശ്വസിപ്പിക്കാന്‍ ആണ് മനസ്സ് പറഞ്ഞത് . മെല്ലെ പുറത്തു തട്ടിയപ്പോള്‍ അവള്‍ തിരിഞ്ഞെന്റെ മാറില്‍ വീണു ആര്‍ത്തലച്ചു കരഞ്ഞു . ഞാന്‍ അനങ്ങിയില്ല പുറകില്‍ മെല്ലെ തലോടി ചേര്‍ത്തു പിടിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അനിര്‍വ്വചനീയമായ ഒരു ആനന്ദം ഞാന്‍ അറിഞ്ഞു.
ആശുപത്രിയില്‍ നിന്നും എല്ലാ നടപടിയും തീര്‍ത്ത്‌ ശവം പൊതു ശ്മശാനത്തില്‍ മറവു ചെയ്തു കഴിഞ്ഞപ്പോള്‍ നേരം സന്ധ്യ ആയി .ഇനി എന്ത് എന്ന എന്റെ മിഴികളിലെ ചോദ്യത്തിന് മറുപടി പോലെ അവള്‍ എന്നെ നോക്കി നിന്ന് .
അപ്പോള്‍ ഉണ്ടായ ഒരു വികാരത്തിനു ഞാന്‍ അവളോട്‌ ചോദിച്ചു .
"പോരുന്നോ നീ എന്റെ കൂടെ ?"
ആണൊരുത്തന്റെ ചോദ്യത്തിന് അവള്‍ക്കു മറ്റെന്തു മറുപടി .
അവളെയും  കൊണ്ട് തിരിച്ചു പോകാന്‍ ശ്രമിക്കുമ്പോള്‍ ആണ് മനസ്സില്‍ മറ്റൊരു ചിന്ത ഉണ്ടായത്. അമ്മയെ കാണണം . തീരുമാനങ്ങള്‍ക്ക്‌ ഇപ്പോഴും പ്രവര്‍ത്തിയുടെ അനുവാദം വേണ്ടല്ലോ . അടുത്ത വണ്ടിക്കു നേരെ നാട്ടിലേക്കു തന്നെ തിരിച്ചു .
പുലര്‍ച്ചെ നാട്ടില്‍ വണ്ടി ഇറങ്ങി അവളുമൊത്തു പോകുമ്പോള്‍ നാട്ടുവഴികളില്‍ അപരിചിതത്തിന്റെ കണ്ണുകള്‍ പിന്നാലെ വരുന്നുണ്ടായിരുന്നു .
വീട്ടിലേക്കു ഉള്ള വഴി തിരിയുമ്പോള്‍ മനസ്സ്  ഉടുക്ക് കൊട്ടി പാടുന്ന അവസ്ഥ .
ഉമ്മറത്ത് ആരും ഇല്ല . പുലരി പകലിന് വഴി മാറുന്ന നേരത്ത് എവിടെ പോയി എല്ലാരും . ഞാന്‍ മെല്ലെ ഉമ്മറത്തേക്ക് കയറി . അകത്തേ വാതിലില്‍ പെട്ടെന്ന് മൂത്ത പെങ്ങള്‍ എത്തി . ആദ്യം അവള്‍ പകച്ചു നോക്കി നിന്ന് പിന്നെ ഒരു ആഹ്ലാദ ശബ്ദം പുറത്തേക്ക് ചിതറി .
"അമ്മെ ആരാ വന്നതെന്ന് നോക്കൂ . " അവള്‍ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൊണ്ട് ഓടി വന്നെന്റെ കയ്യില്‍ മുറുക്കെ പിടിച്ചു .
എന്റെ കണ്ണുകള്‍ അവളുടെ കഴുത്തിലെ താലിമാലയില്‍ ഉടക്കി . സംശയം പൂണ്ട കണ്ണുകളോടെ അവളെ നോക്കി ഞാന്‍ ചോദിച്ചു
"ഇത്.... ഇതെന്ത ഞാന്‍ കാണുന്നെ ?"
അവള്‍ പെട്ടെന്ന് മുഖം താഴ്ത്തി . കണ്ണുകളില്‍ വിഷാദം അലയടിച്ചു .
"അതു , ഞാന്‍ ..... എല്ലാം പെട്ടെന്നു ആയിരുന്നു . അല്ലേലും നിന്നെ അറിയിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ . അതാ അറിയിക്കാതിരുന്നത് . രാജേട്ടന്‍ പട്ടാളത്തില്‍ ആണ് . "
അവളുടെ വാക്കുകള്‍ മനസ്സില്‍ തീരാമഴ പെയ്യിച്ചു . ആഗ്രഹങ്ങളെ പുറത്താക്കി മനസ്സ് കൊട്ടി അടച്ചാല്‍ എന്ത് ആകും അവസ്ഥ അത് പോലെ ആയി ഞാന്‍ .
"അവള്‍ എവിടെ രാധ ?"
എന്റെ  ചോദ്യത്തിന് മറുപടി പറയാന്‍ അവള്‍ കുറച്ചു മടിച്ചു . പിന്നെ പതുക്കെ പറഞ്ഞു .
"അവള്‍ ഇവിടെ ഇല്ല. നിനക്ക് അമ്മയെ കാണണ്ടേ വാ "
വിഷയം മാറ്റാന്‍ എന്നാ പോലെ അവള്‍ എന്നെ കയ്യില്‍ പിടിച്ചു മുന്നോട്ടു വലിച്ചു . അപ്പോഴാണ്‌ അവള്‍ പുറകില്‍ മുറ്റത്ത്‌ നില്‍ക്കുന്ന സ്ത്രീയെ കണ്ടത് .
"ഇതാരാ ? നിന്റെ കൂടെ വന്നതാണോ ? "
അവള്‍ ചോദിച്ചു . ഞാന്‍ ഒന്നും മിണ്ടാതെ അവളോടു കയറി വരാന്‍ മുഖം കൊണ്ട് ആംഗ്യം കാണിച്ച ശേഷം ഉള്ളിലേക്ക് കയറി .
പഴമണം നിറഞ്ഞു നില്‍ക്കുന്ന ഇരുള് കാവല്‍ നില്‍ക്കുന്ന അകമുറിയില്‍ അമ്മ ഒരു വിറകു കഷണം പോലെ തോന്നിച്ചു .
"നീ വന്നു അല്ലെ .... നന്നായി "
അമ്മയുടെ സ്വരം വിദൂരത്തില്‍ നിന്നെന്ന പോലെ കാതില്‍ വന്നു വീണു . കട്ടിലില്‍ അരികില്‍ ഇരുന്നു കൈ മെല്ലെ എടുത്തു ഉമ്മ വച്ചപ്പോള്‍ അമ്മയുടെ എല്ലിച്ച നെഞ്ചിന്‍ കൂടില്‍ നിന്നും ഒരു പൊട്ടിക്കരച്ചിലിന്റെ ചീളുകള്‍ ചിതറി വീണു . ഞാനും കരഞ്ഞു പോയി . അമ്മയുടെ കൊച്ചു മകനെ പോലെ ഒരു ശിശുവായ്‌ മാറില്‍ വീഴാന്‍ മനസ്സ് കൊതിച്ചു .
അപ്പോഴേക്കും മുറിയിലേക്ക് പെങ്ങള്‍ കടന്നു വന്നു .
"അമ്മെ കണ്ടോ രാമന്‍കുട്ടി കൂടെ കൊണ്ട് വന്നതാ . ലളിത "
അവളുടെ പേര് അപ്പോഴാണ്‌ ഞാന്‍ ചോദിച്ചില്ലല്ലോ എന്ന് ഓര്‍ത്ത്‌ പോയത് .
അമ്മ അവളോട്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു . കട്ടിലിന്നടുത്തു ചെന്ന അവളുടെ തലയില്‍ കയ്യ് വച്ച് കൊണ്ട് അമ്മ പറഞ്ഞു
"എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല അല്ലെങ്കില്‍ നിന്നെ ഞാന്‍ വിളക്ക് തന്നു സ്വീകരിച്ചേനെ . നന്നായി മോനെ .മൂത്തവളുടെ കല്യാണം നിനക്ക് കൂടാന്‍ കഴിഞ്ഞില്ല . ഇളയവള്‍ ആരുടെയോ കൂടെ ഓടിയും പോയി. നീയും ഇങ്ങനെ . എന്തായാലും നിങ്ങളുടെ ജീവിതം നിങ്ങള്‍ സന്തോഷ പൂര്‍വ്വം ജീവിച്ചു തീര്‍ക്കുക "
അവിശ്വസനീയതയോടെ  ഞാന്‍ പെങ്ങളെ നോക്കി . അവള്‍ അതെ എന്ന് ശിരസ്സു കുലുക്കി .
പതനം  ആ വീടിനെ ആകെ വിഴുങ്ങിയിരിക്കുന്നു . എല്ലാം എന്റെ തെറ്റ് . ഞാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെഒന്നും ഉണ്ടാകില്ലായിരുന്നു . പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം ?
കുറച്ചു ദിവസം കഴിച്ചു കൂട്ടിയപ്പോള്‍ വീട് ഒരു സുഖമുള്ള നൊമ്പരം ആയി ഉള്ളില്‍ തിങ്ങിവിങ്ങി . തിരിച്ചു പോകാന്‍ കഴിയാത്ത വണ്ണം ലളിത മനസ്സില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു . ആചാരങ്ങളും ചടങ്ങുകളും ഇല്ലാതെ ഒന്നിച്ചു കഴിഞ്ഞു തുടങ്ങി . കഴുത്തില്‍ അടയാളം ആയി നല്‍കിയ താലി മാത്രമായിരുന്നു തമ്മില്‍ ഉള്ള ഉടമ്പടി പോലെ ഇടയ്ക്കു ഉണ്ടായിരുന്നത് . മൂന്നുമാസം പെട്ടെന്നാണ് കടന്നു പോയത് . എന്റെ സാമ്രാജ്യം തകരും മുന്നേ എനിക്ക് തിരിച്ചു പോയെ കഴിയു . പക്ഷെ അവള്‍ അത് സമ്മതിക്കുന്നുമില്ല . ഞാന്‍ ഇനി ആ പണി ചെയ്യില്ല എന്ന് സത്യം ചെയ്തു . ഇപ്പോള്‍ എനിക്ക് നല്ല പരിചയം ആണ് ആ നഗരം അതിനാല്‍ ഞാന്‍ വേറെ എന്തെങ്കിലും പണി ചെയ്തു കൊള്ളാം എന്ന ഉറപ്പിന്മേല്‍ അവള്‍ മനസ്സില്ല മനസ്സോടെ എന്നെ യാത്രയാക്കി
ഒരു പരിചയക്കാരന്റെ സഹായത്തോടെ ഒരു സെക്കൂരിറ്റി പണി കിട്ടി . ജാള്യത  ആയിരുന്നു ആദ്യം ഒക്കെ പിന്നെ അത് അങ്ങ് മാറി . മനസ്സ്‌ ഇപ്പോഴും ദൂരെ നാട്ടില്‍ ലളിതയോടു കൂടെ ആയിരുന്നു . എല്ലാ മാസവും അവളെ കാണാന്‍ ഓടി പോകുന്ന സന്തോഷം അത് അനുഭവിക്കുമ്പോള്‍ പഴയ ജീവിതം എന്നെ നോക്കി പരിഹസിച്ചു . പക്ഷെ അവള്‍ക്കു കൊടുത്ത വാക്ക് മാറാന്‍ മനസ്സ് സമ്മതിച്ചില്ല .
വര്‍ഷങ്ങള്‍ കടന്നു പോയി . ഒരു പാട് നേര്ച്ച കാഴ്ചകളും ആശുപത്രികളും കയറി ഇറങ്ങി പക്ഷെ ഒരു കുഞ്ഞു മാത്രം ഇല്ലാതെ പോയി . കാലം അമ്മയെ കൊണ്ട് പോയി . ഇപ്പോള്‍ പെങ്ങളും ലളിതയും മാത്രം ആയി വീട്ടില്‍ . പതിയെ പതിയെ മാസാമാസം വരുന്ന എന്റെ വരവിനെ പഴയ ഊഷ്മളതയോടുള്ള വരവേല്‍പ്പ് ഇല്ലാതായി ലളിതയില്‍ . സന്തോഷം ഇല്ലായ്മ എല്ലാ സമയത്തും മുഖത്ത് നിഴലിട്ടു നിന്ന് . കിടക്കയിലും ഒരു തരം നിരാശ നിറഞ്ഞ മനസ്സോടെ ഉള്ള , അതൃപ്തി തെളിഞ്ഞു കാണാന്‍ തുടങ്ങി .രണ്ടു ദിവസത്തെ അവധി ഒരു ഭാരം ആയി അവള്‍ക്കു തോന്നുന്നത്എനിക്ക് അനുഭവപ്പെട്ടു .
വല്ലാത്ത ചിന്താ ഭാരത്തോടെ ആണ് ഞാന്‍ തിരിച്ചു പോയത് .ജോലിയില്‍ പഴയ ഉത്സാഹം നഷ്ടമായി. മനസ്സില്‍ ഇപ്പോഴും ലളിത എന്ത് കൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നത് ആയി ചിന്ത . പിറ്റേ തവണ അവധിക്കു ചെന്നപ്പോള്‍ സംശയം അവളോട്‌ തന്നെ ചോദിച്ചു . ഇനി കുട്ടികള്‍ ഇല്ലാത്തത്‌ ആണോ പ്രശ്നം എന്നതായി എന്റെ ചിന്ത . പഴയ പോലെ വിരസത കൂട് കുട്ടിയ മനസും ആയി തിരിച്ചു ജോലിസ്ഥലത്തേക്ക് പോയി . കുറച്ചു ദിവസം കഴിഞ്ഞു ഒരുനാള്‍ പെങ്ങള്‍ ഫോണ്‍ ചെയ്തു പറഞ്ഞു രാമാ നീ ഒന്ന് വീട്ടിലേക്ക്‌ വരണം ഒരു അത്യാവശ്യ കാര്യം പറയാന്‍ ഉണ്ട് .
അവളുടെ വാക്കിലെ ഉള്ക്കണ്ട , അന്ന് തന്നെ നാട്ടിലേക്കു തിരിപ്പിച്ചു . രാത്രി വളരെ വൈകി ആണ് വീട്ടില്‍ എത്തിയത് . വീട്ടില്‍ എത്തുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്ന ഭാരത്തിനു മറുപടി എന്നാ പോലെ എന്റെ മുറിക്കുള്ളിലെ  വെളിച്ചം കത്തി നിന്നിരുന്നു . തട്ടി വിളിക്കാന്‍ തുടങ്ങുമ്പോഴാണ് അകത്തു നിന്നും കേട്ട ചിരി ചെവിയില്‍ ഈയം പോലെ ഉരുകി വീണത്‌ . ഒരു പുരുഷന്റെ  സ്വരം ..!
സ്വതസിദ്ധമായ കഴിവ് മനസ്സിനെ ജാഗരൂകമാക്കി . ചായ്പ്പിലെ കോണില്‍ ഇരുന്ന വെട്ടുകത്തി ആണ് ഓര്‍മയില്‍ തടഞ്ഞ ആദ്യ ആയുധം . പിന്നെ മടിച്ചില്ല . അതുമെടുത്തു മുറിയില്‍ തട്ടി വിളിച്ചു .
"ലളിതെ വാതില്‍ തുറക്കൂ . "
ഉള്ളില്‍ പരിഭ്രമത്തിന്റെ ശബ്ദകോലാഹലം മുഴങ്ങി . എന്തൊക്കെയോ തട്ടി പിടഞ്ഞു വീണു . വെളിച്ചം അണഞ്ഞു മുറിയില്‍ . ഞാന്‍ ഉറക്കെ തട്ടി വിളിക്കാന്‍ തുടങ്ങി . കതകു തുറന്നതും മുന്നില്‍ വന്ന രൂപത്തിനെ ആഞ്ഞു വെട്ടി . ഒരു നിലവിളി ഇരുളില്‍ മുഴങ്ങി കേട്ട് . വീണ്ടും വീണ്ടും വെട്ടുമ്പോഴേക്കും ആ രൂപം വീണു കഴിഞ്ഞിരുന്നു . മുരിയിലെക്കി ഇരച്ചു കയറുമ്പോള്‍ തന്നെ ആഞ്ഞു തൊഴിച്ചു കൊണ്ട് ഒരു രൂപം പുറത്തേക്ക് പാഞ്ഞു . വീഴ്ചയില്‍ നിന്നും എഴുന്നെല്ക്കുമ്പോ ഴേക്കും ആ രൂപം ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു .
നിയമത്തനു ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു . തെളിവും സാക്ഷിയും എല്ലാംനിറഞ്ഞ ഒരു സാധാരണ കൊലപാതകം ആയി അവര്‍ക്ക്‌ അത് . ഒടുവില്‍ ജീവപര്യന്തരം കഴിഞ്ഞു പുറത്തു വന്ന രാമന്‍ കുട്ടിയുടെ മനസ് പക്ഷെ  ഇരുളില്‍ മുങ്ങി പോയിരുന്നു .
ലക്ഷ്യമില്ലാതെ നടന്നു പോകുന്ന രാമന്‍കുട്ടി ഇപ്പോള്‍ അവശേഷിപ്പിക്കുന്ന നീളന്‍ കറുത്ത നിഴല്‍ മാത്രം തെരുവിന്റെ മാറില്‍ അലിഞ്ഞു ചേരുന്നു .
രാത്രി പുലരിയെ തേടി യാത്രയില്‍ ആണ് . അതിലെവിടെക്കോ മറ്റൊരു പുലരിയെ സ്വപ്നം കാണാന്‍ കഴിയാതെ നടന്നു നീങ്ങുന്നു അയാള്‍ .....
-------------------------------------ബി ജി എന്‍ വര്‍ക്കല --------------------




Monday, January 7, 2013

ഉത്തമ നാരി


പരിഭവങ്ങളും പരിരംഭണങ്ങളും
നിഴല്‍ വിരിക്കും ജീവിതം മോഹനം !
ഒരു പൂച്ചകുഞ്ഞായി പാദങ്ങളില്‍,
ഒരു നായജന്മം മരിയ്ക്കുവോളം .

ഒരുമയുടെ കാലന്‍കുട നിവര്‍ത്തി
മൗനത്തുരുത്തില്‍ ചലിക്കും  യാത്രികര്‍
കടലുപോല്‍ പരന്ന മനസ്സിലടക്കുവാന്‍
കഴിയാത്ത  തിരമാലകള്‍ തന്‍ ഭാരം .

വിളറിയ ഗര്‍ഭപാത്രം കനിഞ്ഞു നല്‍കിയ
ജന്മ സാഫല്യമല്ലാതെ
പെണ്ണെന്ന ജീവിതത്തിനൊന്നും ലഭിക്കാത്ത
വെറും നാരിയായ് കടന്നു പോകേണ്ടവള്‍ .

ഒരു വാക്ക് മിണ്ടുവാന്‍,
ഒരു പുഞ്ചിരി വാങ്ങുവാന്‍,
ഒരു തലോടല്‍ ലഭിക്കുവാന്‍ ,
ഒരു ആലിംഗനത്തില്‍ അമരുവാന്‍
ഭാഗ്യമില്ലാതെ പോകുന്ന ദാമ്പത്യം !

ഇരുളില്‍ പരതി വരുന്ന ആസക്തിയുടെ -
വിരലുകളില്‍ ഒരു യന്ത്രമായ് കഴിയാനും
ഒടുവില്‍ വിയര്‍പ്പിലലിഞ്ഞു തിരിഞ്ഞു കിടക്കുമ്പോല്‍
ഇരുളിലേക്ക്  നെടുവീര്‍പ്പുകള്‍
അലിയിച്ചു കണ്ണീര്‍ പൊഴിക്കാനും ,

അടിവസ്ത്രങ്ങള്‍ തിരുമ്മി ഉണക്കിയും,
നാവിന്റെ രുചിഭേദങ്ങള്‍ക്ക്
വകഭേദങ്ങള്‍ ഒരുക്കിയും ,
വികാരങ്ങള്‍ , മോഹങ്ങള്‍
സ്വപ്‌നങ്ങള്‍, അടക്കി വച്ചു
സപത്നിയായി മരിക്കാനും ജനിച്ചവള്‍ .

സുമംഗലിയുടെ നരച്ച പട്ടും
വിധവയുടെ വെളുത്ത പരുത്തിയും
ഉടലിനൊരു ഭാരമാകുന്ന
ഭാരതീയ നാരികള്‍ നാം
ഒന്ന് കുതറുവാന്‍ കഴിയാത്തജന്മം
ഇതിന്റെ പേരോ ഉത്തമ ...?
-----------------ബി ജി എന്‍ വര്‍ക്കല ------

Sunday, January 6, 2013

കയറ്റവും ഇറക്കവും


നീലാകാശത്തിനെ എത്തിപിടിക്കാന്‍ ആണ്
മലകയറ്റം ഞാന്‍ തുടങ്ങിയത്
ചുവട്ടിലെ പുള്‍ച്ചെടികള്‍ എന്നെ നോക്കി
ചിരിക്കുന്നതെന്തിനു എന്നറിയാതെ
കാലുകള്‍ വലിച്ചു വച്ച് കയറുകയാണ് ഞാന്‍

കാഴ്ചകളുടെ മഹാമേരുക്കള്‍ കുട പിടിക്കാത്ത
മലയുടെ നിറുക എന്റെ ലക്ഷ്യമായ്‌ .
പാറ വിളുംബുകളില്‍ കാലമര്‍ത്തി
കുരങ്ങനെ പോലെ ഞാന്‍ മേലേക്ക്‌

ഇടയില്‍ കാണാമൊരു കൊച്ചു മരം
നിറയെ പൂത്ത പൂവിന്റെ മുഖവുമായ്‌
ചാലിട്ടോഴുകുന്നു  ഒരു കുഞ്ഞരുവി
യതിന്‍ തണുപ്പിന്റെ മുഖമറിയുന്നു .

പോകണമിനിയും ആ നിറുകയിലേക്ക്
ദൂരമതികം സമയവും നീളുന്നു .
ഉച്ചസൂര്യന്റെ താപത്തിലെന്നെ
വീശിയടിക്കും കാറ്റൊന്നു തഴുകുന്നു മന്ദം .

കാലുകള്‍ വലിച്ചു വയ്ക്കുവാന്‍ പറയുന്ന
മാനസത്തോട് ഞാന്‍ വെറുതെ കലഹിക്കട്ടെ
കാണുന്നു ദൂരെയാ നഗരമെന്‍ കണ്ണില്‍
ചതുരങ്ങള്‍ , വൃത്തങ്ങള്‍ , സമരേഖകള്‍ വലക്കണ്ണ്കള്‍ !

ശ്വാസമെന്റെ നാസികയെ പരിഹസിക്കുന്നു
ഹൃദയവേഗം അതിദ്രുതം പായുന്നു
കണ്ണുകള്‍ ഉയരത്തില്‍ കയ്യകലം തേടുന്നു
കാലുകള്‍ മനസ്സിന്റെ ജാഗ്രത കടമെടുക്കുന്നു .

ഇരുള് പകര്‍ന്നോരാകാശവും മനസ്സും വെറും-
നിമിഷവേഗത്തിലെന്‍ ചലനത്തെ കുടയുമ്പോള്‍
ഉരുളുകയാണ് ഞാനീ ഉരുളന്‍ കല്ലുകള്‍ക്കൊപ്പം
മുകളിലെന്റെ ആകാശത്തില്‍ താരകങ്ങള്‍ കണ്ണ് ചിമ്മുന്നു .
-----------------ബി ജി എന്‍ വര്‍ക്കല ------------------  

പ്രണയ കല്ലോലിനിയില്‍ മുങ്ങി നിവരുമ്പോള്‍

ഹൃദയ ധമനിയിലാരോ കോരിയിട്ട
ഒരു പിടിചാരത്തില്‍ നീറ്റലിനിടയിലും
മധുരമായ്‌  നില്‍ക്കുന്നു നിന്നോര്‍മ്മകള്‍ , എന്‍ പ്രിയേ
മറക്കുവാനാകില്ലൊരിക്കലും നിന്നെ .

കവിതകള്‍ കോറിയിട്ടോരീ താളുകള്‍ മറഞ്ഞു പോം
കാലമാം വീഥിയെന്നാകിലും
മനസ്സാം താളിന്‍റെ മൃദുല പാളികള്‍
മറക്കില്ലോരിക്കലും നിന്‍ മായാത്ത ഓര്‍മ്മകള്‍ .

വെണ്മണല്‍ വിരിച്ചോരീ മുറ്റത്ത് കൂടെയാ
പിഞ്ചു കുഞ്ഞിന്‍ കാല്‍വിരല്‍ പതിയുന്നതും കണ്ട്
നാഥന്റെ ചാരത്തു നിര്‍വൃതി കൊണ്ടിരിക്കെ ദൂരെ
നിന്നോര്‍മ്മകള്‍ തന്‍ ലഹരിയില്‍ അമരുന്നു ഞാന്‍ .

എന്നുമിരുള്‍ മാത്രം കൂട്ടായിരുന്നോരീയെന്‍ മനസ്സിന്‍
ജാലകം  മെല്ലെ തുറക്കാമിനി ഞാന്‍
കരുണക്രിപാരസം പൂണ്ട നിന്‍ മിഴിപ്പൂക്കള്‍
കനിവോടെ അവിടെ ജ്വലിച്ചു നില്‍ക്കുമെങ്കില്‍ !

ആരോ പറഞ്ഞൊരുപഴംകഥയായി കാലം
പ്രേമ ഭംഗത്തിന്‍ മുഖത്ത് നോക്കുമ്പോഴും ,
ആരോ വരുമെന്ന ചിന്തയില്‍ ഞാനെന്റെ
മനമാകെ പൂനിലാവില്‍ കുളിര്‍പ്പിക്കുന്നു .

ഏഴുതിരിയിട്ട നിലവിളക്കും , പന്നെ പട്ട്കസവില്‍ 
തീര്‍ത്തോരുടയാടകള്‍ ചുറ്റി ,
നീ വരുമെന്ന് നിനച്ചെത്ര നാള്‍ ,
രാപകല്‍ വെറുതെ തള്ളിവിട്ടെന്‍ പ്രിയേ .

നിന്‍ സീമന്തരേഖയിലാരോ തൊടുവിച്ച കുങ്കുമം പോ -
ലെന്റെ ചിന്തകള്‍ ചുവക്കുമ്പോഴും
അറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ടെന്നാലും
അറിയാനായ്‌  മാത്രം അലയുന്നു പിന്നെയും .

ഇമചിമ്മും മാത്രയില്‍ മാറുന്നോരീ കാലചക്രത്തിന്‍
പല്ച്ചക്ക്രം തേഞ്ഞു തീരാറായി പോല്‍ .
അലറുന്ന കടലിന്റെ രോദനം കേട്ടുകൊണ്ടിരുളില്‍
മണല്‍ത്തിട്ട നെടുവീര്‍പ്പിടുന്നുവോ ?

പുലരി വെളിച്ചത്തില്‍ കോരിത്തരിക്കുമീ ഭൂമിയിലലിയുന്നു
ഹിമബിന്ദുവിന്‍ ദുഃഖം !

മുത്തശ്ശികഥകളില്‍ , മോണകാട്ടി ചിരികളില്‍
കാലത്തിന്‍ അവഗണനതന്‍ നിഴല്‍ നല്‍കിയും,

കോണ്ക്രീറ്റ് കൂടാരങ്ങളില്‍ വിയര്‍പ്പില്‍ മുങ്ങിയ
വീര്‍പ്പുമുട്ടലുകള്‍ ചതഞ്ഞരഞ്ഞും
മുന്നോട്ടോഴുകുന്ന യുവത്വത്തിന്‍ ചിറകിലായി വടുപോലെ
സ്നേഹം  വിറകൊള്ളുന്നു തണലിനായ്‌ .!
-----------------ബി ജി എന്‍ വര്‍ക്കല -----



Saturday, January 5, 2013

നഷ്ട പരിഹാരം


ഇവിടെയില്ലിന്നൊരു നീതിസംഹിതയും 
മാന്യത തന്നുടെ  മൂടുപടങ്ങളും ,
ദ്രംഷ്ടങ്ങളെറ്റും നാം കീറിമുറിയുന്നു 
നരഭോജികള്‍ തന്നാസക്തിയിന്‍ മേലെ .

കനിവേതുമില്ലാതെ കടിച്ചുചവയ്ക്കുമീ 
നിര്‍ലജ്ജം ഞങ്ങളുടെ ചാരിത്ര്യശുദ്ധിയെ 
പിന്നെയാകോടതിവരാന്തകളില്‍നിങ്ങള്‍ 
നര്‍മ്മമോടെ കാഴ്ചകള്‍ കണ്ടു രസിക്കുന്നു .

നിര്‍ദ്ദയം വാരിയെറിയുന്നു കല്ലുകള്‍ 
നീതിപീഠം കഴുകുന്നു തങ്ങള്‍ തന്‍ കരങ്ങള്‍ 
നഷ്ടപെടുന്നോരീ നമ്മുടെ ജന്മത്തിന്‍ 
നഷ്ടങ്ങള്‍ ചില്ലറ നാണയത്തിന്റെ മൂല്യമായീടുന്നു .

അന്യന്റെ മുന്നിലായുടുതുണിയുരിയുന്ന
പട്ടിണിപേക്കോലത്തിന്‍ കരങ്ങളില്‍ 
ഇത്തിരി നേരത്തെ വിശപ്പടക്കീടുവാന്‍ 
രാത്രിഞ്ചരന്‍ നല്‍കും നാണയത്തുട്ടുപോല്‍ 

നീതിപീഠത്തിന്റെ ന്യായവിധികളില്‍ 
നീറിപ്പിടഞ്ഞു നില്‍ക്കുന്നൊരീ ഞങ്ങള്‍ക്ക് 
സാന്ത്വനമാണെന്ന സാന്ത്വനവുമായി 
വാങ്ങി പകുത്തു തന്നീടുന്നു നിര്‍ലജ്ജം .

ആരൊക്കെയോ നുള്ളിപ്പറിച്ചോരീ ജീവിതം 
ആര്‍ക്കും വേണ്ടാതെ നീറിപ്പിടയവേ 
നല്കുവാനാകുമോ നിങ്ങള്‍ക്ക് ഞങ്ങള്‍ തന്‍ 
ജീവിതത്തിന്റെ മധുരമാം സ്വപ്‌നങ്ങള്‍ .

പകരമായി നല്‍കുമീ നോട്ടിന്‍ ചിറകളില്‍ 
പതിരില്ലാതെങ്ങനെ ജീവിതം തേടും നാം 
ഇനിയിറങ്ങട്ടോ ഞങ്ങളീ പാതയില്‍ , ഇത് 
നിങ്ങള്‍ കാട്ടുന്ന നീതിതന്‍ വീഥിയാകുന്നുവോ ?

നിങ്ങള്‍ കാട്ടുന്നൊരീ പാതയില്‍ വീണുടയുന്നു
പിന്നെയും കാട്ടുപൂവുകള്‍ പരശതം 
പൊട്ടിച്ചിരിക്കുന്നു വേട്ടപ്പുലികള്‍ തന്‍ 
ദ്രംഷ്ടങ്ങള്‍ ചോരയില്‍ നിറം പടര്‍ന്നീടുന്നു.

ഒരു ലോകമാകെയും മുന്നില്‍ നിന്നാര്‍ക്കുമ്പോള്‍ 
ഒരു മാത്ര പ്രാണവായു നുകര്‍ന്നീടാന്‍ 
ഒരു സൂര്യോദയം കൂടി കാണുവാന്‍ 
കഴിയുകയില്ലല്ലോ ഇനി ഞങ്ങള്‍ക്കൊരിക്കലും .

ന്യായവുമന്യായവും ചൊല്ലിതരുന്നുവോ 
ന്യായാധിപന്‍മാരാകുമീ ജനങ്ങളും 
ഒരു മാത്ര നിങ്ങളൊന്നോര്‍ക്കുമോ ഞങ്ങളും 
നിങ്ങള്‍തന്‍ വീട്ടിലോരംഗമാണെങ്കിലോ ?

നെടുവീര്‍പ്പിലുലയുന്ന രക്ഷിതാക്കള്‍ തന്‍ 
ഇടനെഞ്ചില്‍ വിങ്ങുന്ന നോമ്പരമോര്‍ക്കവേ 
വിടചൊല്ലി പോകുവാന്‍ തോന്നുന്നു പിന്നെയും 
വികലമായോരീ ലോകത്തെ വിട്ടുടന്‍ .

ഇവിടെ ഞങ്ങളുടെ തെറ്റെന്ത് ചൊല്ലുക 
ഇനിയൊരു വിചിന്തനത്തിന് നേരമോ 
കഴിയുമെങ്കില്‍ നിങ്ങളോര്‍ക്കുക ഞങ്ങളെ 
പതിതരല്ല ഞങ്ങള്‍ പാവങ്ങളാണല്ലോ

കാത്തിരിപ്പിനൊടുവിലായ്  കിട്ടുമീ 
കാഴ്ചഫലത്തെ തുറന്നൊന്നു നോക്കവേ 
ഓര്‍ത്ത്‌ പോകുന്നു ഞാന്‍ മരീചികയാകുന്ന 
നിര്‍മ്മലസ്നേഹമതെങ്ങു മാഞ്ഞുപോയ് .

രണ്ടു ശരീരങ്ങളൊറ്റ മനസ്സുമായി
പണ്ടിവിടെ വിഹരിച്ചിരുന്നുഞങ്ങള്‍
പണ്ഡിതന്മാരുടെ ചിന്തകള്‍ വിടര്‍ന്നോരീ 
പുസ്തകത്താളിലൂടെ അറിഞ്ഞിരുന്നുവല്ലോഞാന്‍ .

ഇന്നീ കോണ്ക്രീറ്റ് വനത്തിന്റെ നടുവിലായ് 
ഇന്റര്‍നെറ്റിനുള്ളില്‍ വിരിയുന്ന സൌരഭ്യം 
ഇന്നലത്തെഎന്റെ സുന്ദരസന്ധ്യതന്‍ 
ഇന്നിന്റെ  മാത്രം മാറ്റമെന്നറിയുന്നു.

പൊട്ടിച്ചിരിക്കുവാന്‍ കൂടൊന്നു കൂട്ടുവാന്‍ 
വിരല്‍ത്തുമ്പോന്നുയര്‍ത്തി തൊട്ടാല്‍ മതി-
യെന്നോര്‍ക്കുന്ന നമ്മുടെ പുത്തന്‍ തലമുറ 
ഓര്‍ക്കാതെ പോകുന്നു സ്നേഹവും മമതയും .

കണ്മുന്നില്‍ കാണുന്ന ജലശേഖരത്തിനെ 
കയ്യൊന്നുയര്‍ത്തിതൊടുവാന്‍ ശ്രമിക്കവേ 
അറിയുന്നു ഞങ്ങള്‍ , ഇതുവെറുമൊരു
മരീചികയാണെന്ന് പിന്നെയും .

-------------ബി ജി എന്‍ വര്‍ക്കല ---16.09.00



പ്രണയ കോകിലം

 സായന്തനത്തിന്‍ നിറം ചുവന്നു , ദൂരെ -
 പാര്‍വ്വണേന്ദു തന്‍ മുഖം വിടര്‍ന്നു .
 ആരെയോ  കാത്തിരിക്കുന്നൊരീ സന്ധ്യ
തന്നാനനം മെല്ലെ ഇരുള്‍ മറച്ചീടുന്നു .

നേരിയോരീ തിരശ്ശീല ഞാന്‍ മാറ്റിടാം
കാണുവാനായെന്‍ കളിത്തോഴിയെ വീണ്ടുമെ .
ജന്മാന്തരങ്ങള്‍ക്ക്  മുന്നിലുമവളെ  ഞാന്‍
കാത്തിരുന്നല്ലോ വ്യര്‍ത്ഥമായേകനായ്‌

അര്‍ക്കനെ കാമിച്ച സൂര്യമുഖിയെപോലെന്‍
കാത്തിരിപ്പിങ്ങനെ നീളുന്നിതനന്തമായ്‌ .
പുലരിതന്‍ വെളിച്ചമകറ്റുമീ ചായങ്ങള്‍ കരുതി
വച്ചീടട്ടെ രാവിന്‍ കേളീ സദനമൊരുക്കുവാന്‍ .

രാത്രി  കടന്നു പോയിടുന്നു നിശ്ചലം
രാക്കിളി പോലുമേ പാടുന്നു ദീനമായ്‌
പകലിന്റെ കിരണങ്ങള്‍ വന്നീടുന്നു ദൂരെ
ഹിമബിന്ദു തന്നുടെ പുഞ്ചിരിപൂവിലൂടെ .

നീളുന്നനന്തമാം കാത്തിരിപ്പിങ്ങനെ
കാലചക്ക്രം വേഗത്തിലോടി മറയുന്നു
പൊട്ടിത്തകര്‍ന്നോരെന്‍  മാനസവീണയില്‍
മൊട്ടിട്ടു  വീഴുന്നു പാഴ്ശ്രുതിപിന്നെയും .

കാണുവതൊക്കെയും  നിന്റെ പ്രതിബിംബം
കേള്‍ക്കുവതൊക്കെയും നിന്റെ പദസ്വനം 
പ്രജ്ഞയിലെപ്പോഴും നിന്റെ മധുസ്വരം
ഉള്‍ക്കാമ്പില്‍ മിന്നുമീ നിന്‍ മന്ദഹാസവും .

ഒടുവിലീ ചുടുകാട്ടിന്‍ നടുവിലീ ചിതയുടെ
അരികിലായൂഴവും  കാത്തുകിടക്കവേ
ഓടിപ്പിടഞ്ഞു നീ വന്നീടല്ലേ സഖേ , നിന്‍
വേദനതന്‍ നിഴല്‍ വീഴും മുഖവുമായ്‌ .

കണ്ടുകൊണ്ടെങ്ങനെ യാത്രപറയും ഞാന്‍
പൊട്ടിയോഴുകുമീ മിഴികളെ നോക്കീട്ടു
കത്തിയെരിയുമീ ചിതയുടെ ഉള്ളിലായ്‌
കത്താതെ കാണുമീ മാനസം കാണ്ക നീ .

വിട്ടുപോയിട്ടില്ല നിന്നുടെ സാമീപ്യം
മറ്റാരുമറിയാതെ കൂടെ വന്നീടും ഞാന്‍
ഞെട്ടിപിടഞ്ഞു നീ പൊട്ടിക്കരയവേ
തൊട്ടു തലോടുവാന്‍ നിന്നുടെ ചാരത്തു .

ആശ്വാസമെകുവാനാകാതെ വിങ്ങുമീ മല്‍ -
പ്രാണരോദനം കേള്‍ക്കുവാന്‍ നിന്നുടെ
മാനുഷകര്‍ണ്ണങ്ങള്‍ ബധിരമാക്കുന്നതും
മായപോലെ ഞാനറിയുന്നുവെന്‍ സഖേ .

ഇവിടെയീ ഏകാന്ത തീരത്ത് പിന്നെയും
നിന്നുടെ സാമീപ്യം കാത്തിരുന്നീടവേ
ഇനിയെത്ര നാളുകള്‍ ഞാന്‍ കാത്തിരിക്കേണം
ഇവിടേയ്ക്ക്  നിന്നുടെ ആഗമനം തേടി .

ഇനിയൊരുപക്ഷേ നീയിവിടേക്ക് വന്നാല്‍
കാണുവാനാകുമോ നമ്മള്‍ പരസ്പരം ?
കാണുമെന്നാശിച്ചു കാത്തിരിക്കാം വൃഥാ
കാത്തിരിപ്പിന്നോരര്‍ത്ഥമുണ്ടാകും  വരെ .

നിയതിതന്‍ കരങ്ങളില്‍ ഞാന്‍ വെറുമൊരു
മണ്ണിതില്‍ വിടര്‍ന്നോരീ പാഴ്ചെടിയല്ലയോ
നിറമില്ല , മണമില്ല ,രൂപഭംഗിയുമില്ല
പേരില്ല ഞാന്‍ നിന്നോടെന്തു പറഞ്ഞിടാന്‍ .

അവകാശപ്പെടുവാനായൊന്നുമില്ലെനിക്ക -
വനിയില്‍  സ്വന്തമായെന്നറിവൂ ഞാന്‍ .
ആരുമില്ലാത്തോരീയേഴ തന്‍സ്നേഹത്തെ
അവമതിച്ചീടുമോ നീയുമെന്നോമലെ ?

ഇരതേടിയിരങ്ങുമീയിരുളിന്‍ മരങ്ങള്‍ക്ക്
ഇരുളും വെളിച്ചവും സമരേഖയാകവേ
നഖമുനയേറ്റ് വാടിത്തലരാതെ യെന്‍
നിറുകയില്‍ നീയെന്റെ തണലായ്‌ നില്‍ക്കുമോ ?


-------------ബി ജി എന്‍ വര്‍ക്കല ---15.09.00

Thursday, January 3, 2013

മകള്‍

ഏതോ കിനാവില്‍ മയങ്ങിക്കിടക്കുമെന്‍
ഓമനത്തിങ്കളെ നോക്കിയിരിക്കുമ്പോള്‍
ഓര്‍മ്മയിലോടിയെത്തുമെന്‍ ബാല്യം
പോയകാലത്തിന്‍ സുവര്‍ണ്ണകാലം .!

കൂട്ടരോടൊത്തുഞാന്‍ ഓടിക്കളിച്ചതും
പൂത്തുമ്പി തന്നുടെ പിന്നാലെ പാഞ്ഞതും
മുറ്റത്തെ മാന്തണലില്‍ മാളിക പണിതതും
പ്ലാവിലത്തുംബിനാല്‍ കഞ്ഞി കുടിച്ചതും
ഓര്‍ത്തിരിക്കുമ്പോള്‍ അറിയാതെയെന്നുടെ
അകതാരില്‍ ഓര്‍മ്മകള്‍ കോള്‍മയിര്‍ കൊള്ളുന്നു .

ഊഞ്ഞാലിലാടുവാന്‍ ശാട്യം പിടിച്ചതും
ഊഞ്ഞാലപൊട്ടി ഞാന്‍ തലകുത്തി വീണതും
(അറിയാതെ കൈവിരലോടിച്ചു നോക്കിയാ
വടുവിലായ്‌ മേല്ലെയൊരു മന്ദസ്മിതത്തോടെ )

ഒരു സായന്തനത്തിന്റെ ചോപ്പുമായ്‌ വന്നോരെന്‍
അടിവയര്‍ പൊട്ടി ഞാന്‍ ഋതുമതിയായതും
കണിശമായമ്മതന്നുപദേശമൊക്കെയും
മടിയോടെയെങ്കിലും ശിരസ്സാവഹിച്ചതും .

അമ്മതന്‍  ചിറകിന്നടിയിലായ് നാളുകള്‍
എണ്ണിപ്പറന്നുപോയ്‌ പകല്ക്കിനാവുകള്‍
പാഠാലയത്തിലെ കൂട്ടുകള്‍ പോലുമേ
അതിര്‍വരമ്പിട്ടൊരു  സൌഹൃദമായതും

കാലത്തിന്‍ മാറ്റങ്ങള്‍ മേയ്യാകെ പുല്‍കി
കലാലയത്തില്‍ പടിയിറങ്ങുമ്പോഴും
വേദനിപ്പിക്കുന്ന  പ്രണയങ്ങളൊന്നുമേ
വേര്‍പാടു ചൊല്ലി പുറകെ വന്നീലല്ലോ .

ഒടുവിലെന്നോ ഒരാള്‍ വന്നു കെട്ടിയോരാ
താലിതന്‍ പുണ്യത്തില്‍ ജീവിതം പകുത്തപ്പോഴും
ഉള്ളിലുയര്‍ന്ന തിരമാലകളില്‍ തട്ടി
വക്കുടഞ്ഞില്ലല്ലോ കനവുകളൊന്നുമേ.

ആശിക്കുവാനൊന്നുമില്ലാതെയെല്ലാമേ
നേടിയേ  കുടിയിലെ റാണിയായ് മാറവേ
വരദാനം  പോലെയീയൂഷരഭൂവിലായ്
ഒരു കുഞ്ഞു കൊഞ്ചലിന്‍ മര്‍മ്മരം കേട്ടല്ലോ !

ഓമന തന്നുടെ പിഞ്ചു പാദങ്ങള്‍ക്ക്
താളമായ്‌ നമ്മുടെ ദേഹമെന്നാകിലും
അവളുടെ  കൊഞ്ചലിന്‍ മറവിലായ്പോയ്‌
ദുരിതങ്ങള്‍ തന്നുടെ പാഴ്കെട്ടുകള്‍ പോലുമേ .

ഒരുനാളീയിറയത്ത് ചിറകറ്റു വീണോരാ
യിണക്കിളി തന്നുടെ വേര്‍പാട് പോലുമേ
മനതാരിലിവള്‍ തന്‍ കൊഞ്ചലിന്‍ ശക്തി-
യത് നല്‍കി പിന്നെയും മുന്നോട്ടു പോകുവാന്‍ .
 ഒരുപാട് ഭാരങ്ങളോറ്റക്കെടുക്കുവാന്‍ തുണ -
യായ്‌ നിന്നോരീ മുത്തിന്റെ ഓര്‍മ്മകള്‍ .

സഹതാപതരംഗങ്ങള്‍ക്കിടയിലായ്‌
പതിയിരുന്നോരാ കുടിലതകള്‍ പോലുമേ
നിര്‍ദ്ദയം തള്ളിക്കളയുവാന്‍ ചോദന
നല്കീയിവള്‍ തന്‍ പുഞ്ചിരി പൂവുകള്‍ .

അപവാദശരങ്ങള്‍ ഒന്നുമേയെല്‍ക്കാതെ
അലിവോടെ  ഞാനെന്റെ കുഞ്ഞിനെയീ
കപടലോകത്തിന്റെ വാത്മീകത്തില്‍ നിന്ന -
പകടമേതുമില്ലാതെ നോക്കുമ്പോള്‍ .
ഒരുപാട് വേദനകള്ക്കിടയിലുമെന്നുടെ
മനമാകെ ആശ്വാസമാണിവളെന്നുമേ.

ഒക്കെയകന്നെത്ര  വേഗമീ കാലവും
മിച്ചമായി തീരുന്നു രണ്ടുനാള്‍ മാത്രമെന്‍ -
പൈതലിന്‍ പുഞ്ചിരികാണുവാനാകൂ നിത്യം
പൊട്ടിത്തകരുമെന്‍ മാനസമാപ്പോഴെന്‍
മാതാവിന്‍ കണ്ണീരിന്നരര്‍ത്ഥമതറിയുന്നിന്നു .

മറ്റൊരു വീടിന്നു വിളക്കായ്  നീ പോകെ
അനുഗ്രഹമെകിയീ ഞാനുണ്ട് പിന്നിലായ്‌
നാളെയീ മൂകമാമിറയത്തനാഥയാം ഞാനേകം
നിശ്ചലം  നിന്നോര്‍മ്മതന്‍ ഊഞ്ഞാലില്‍ .
കാത്തിരിക്കാമിനി  ഞാന്‍ നിങ്ങള്‍ തന്‍ യാത്രയില്‍
ഞാനുമീ  വീടുമൊരു സത്രമായ്‌ തീരുംവരെ .

നീയുമാകുമോ  എന്നെ പോലെ നാളെ
നിന്നുടെ ചിന്തകള്‍എന്നോട് പോലെയാമോ
നിന്നുടെ കുഞ്ഞുങ്ങള്‍ , നിന്‍ കുടുംബം  പിന്നെ
നിങ്ങള്‍  തന്‍ സാമ്രാജ്യം സന്തോഷമാകണം .

കണ്ണുകള്‍ നിറയ്കുമാ കാഴ്ചകള്‍ കാണുവാന്‍
ഇമചിമ്മി വീഴാതെ കാത്തിരിക്കാം ഞാന്‍
മെല്ലെ  തഴുകിയുറക്കവേ എന്നുടെ നെഞ്ചില്‍
പൂഴ്ത്തുമീ പൂമുഖം കാണവേ , ത്രസിക്കുമീ
മാറിടത്തില്‍ നിന്‍ കുഞ്ഞിളം ചൂടറിയുന്നു ഞാന്‍ .

വാത്സല്ല്യം നുരയുന്നു നനയുന്നുടുപ്പുമേ
അകതാരിരമ്പുന്നു വാത്സല്ല്യകടലായ്‌
മാതൃത്വം മായിക മോഹന രാഗമായ്‌ ,
ഊറിയിറങ്ങുമീ അശ്രുകണങ്ങളെന്‍
നിദ്രയെ എപ്പോഴോ വാങ്ങി പകുത്തുപോയ്‌ .
--------------ബി ജി എന്‍ വര്‍ക്കല --06.02.2001   

Wednesday, January 2, 2013

കരയാന്‍ മറന്നവര്‍

എന്റെ മനസ്സിന്‍ ചില്ലുകൂട്ടിലിരുന്നൊരു പ്രാവ് കുറുകുന്നു .
മിഴിയടയുന്ന വെളയിലൂറുന്ന നീര്‍മുത്തില്‍ നിന്റെ മൌനം !

അറിയാത്തൊരു  വേദനയില്‍ എന്റെ നെഞ്ച് പൊടിയുമ്പോള്‍
ഹൃദയം മെല്ലെ കൂടുപൊട്ടിച്ചെറിയുന്ന ശബ്ദം ബാക്കിയാകുന്നു .

മെല്ലെ  തുറക്കുമെന്‍  മിഴിത്തുമ്പില്‍ നിന്റെ നൊമ്പരം ,
അതെന്റെ സാന്ത്വനമാകുമെങ്കില്‍ ഞാന്‍ ധന്യനായേനെ .

പൊട്ടിത്തകര്‍ന്ന വീണക്കമ്പികളില്‍ നക്ഷ്ടപെട്ട കൌമാരം !
ഒരിക്കലും  തിരിച്ചുവരാത്ത ബാല്യത്തിന്റെ ഈണം തേങ്ങലാകുന്നു .

കനലുകള്‍  ചാരം മൂടിക്കിടക്കുന്ന നിന്റെ ഓര്‍മ്മയില്‍ ,
നിന്‍ മുഖം മാത്രം ഓര്‍മ്മത്തെറ്റുപോല്‍ ജ്വലിച്ചു നില്‍ക്കുന്നു .

എല്ലാം നക്ഷ്ടങ്ങള്‍ , നക്ഷ്ടങ്ങള്‍ മാത്രം ബാക്കിവച്ചുകൊണ്ട്
ഞാനിന്നും ജീവിക്കുന്നുവോ ? ഇല്ല ഞാന്‍ മരിച്ചു പോയിരിക്കുന്നു .

കരയാതെ കരയാനും , ചിരിക്കാനും പഠിപ്പിച്ച നിന്റെ യൌവ്വന -
ത്തിന്റെ തിരയില്‍ ഞാനെന്റെ നിശ്വാസങ്ങള്‍ ഇറക്കി വയ്ക്കട്ടെ .

ആരുടെയോ വിരിമാറില്‍ നീ മയങ്ങുമ്പോള്‍ മാറില്‍ കൊണ്ട്
മുറിയുന്ന ഒരു ലോക്കറ്റായി തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

ഉള്ളിന്റെ ഉള്ളില്‍ ഒരു പഴയതകരപ്പെട്ടിയില്‍ നിന്നെ ഞാന്‍
ഭദ്രമായടക്കി വയ്ക്കട്ടെ , നീ എന്നെ ശപിക്കാതിരിക്കാന്‍ മാത്രം .
------------------ബി ജി എന്‍ വര്‍ക്കല ----- 22.05.2001

ഇലയുടെ ദുഃഖം

കരയില്‍ നിന്നും അകന്നകന്നു
ഒരുപാട് ദൂരെ കരകാണാ കയങ്ങളിലേക്ക്
എടുത്തെറിയപ്പെട്ട ഒരില .
വെറും പാഴില ..!

ഓളങ്ങളില്‍ പെട്ട് ഒഴുകിയൊഴുകി
ദിശയില്ലാതെ എല്ലാ പ്രതീക്ഷകളും കൈവിട്ടു
അതങ്ങനെ അലയുകയാണ് .
സ്വപ്‌നങ്ങള്‍ മരവിച്ച അതിന്റെ
മനസ്സിലെവിടെയോ ഒരു കോണില്‍
നക്ഷ്ടപ്പെട്ട ബാല്യകൌമാരങ്ങള്‍
തന്നുടെ തെങ്ങലുണ്ടോ ?

അറിയാത്ത ദൂരത്തു സഹായത്തിനു
വിളിക്കാനോരാള്‍ പോലുമില്ലാത്ത,
ശരിക്കും ഒറ്റപ്പെട്ട
ഒരു ഇലയുടെ രോദനം ആരറിയാന്‍ ...?

ഒറ്റപ്പെടലിന്റെ വേദന
അതനുഭവിക്കുന്നവര്‍ക്കെ മനസ്സിലാകൂ .
ശബ്ദങ്ങള്‍  കൊണ്ട് നിറഞ്ഞോരന്തരീക്ഷം.
കൂട്ടിനായ്‌ നുള്ളിനോവിക്കാനും
തൊട്ടു തലോടാനും മത്സ്യങ്ങളുണ്ട് ,
മറ്റു വസ്തുക്കള്‍ ഒട്ടനവധി . പക്ഷെ ,
ഞെട്ടറ്റുപോയ ഒരിലയുടെ ജന്മം ഏ റിയാലെത്രനാള്‍ ?

ഒരു കോണില്‍ നിന്നും അഴുകല്‍ തുടങ്ങിയാല്‍
പിന്നെ ഒരു കയറ്റമാകും.
ഒടുവില്‍ എല്ലാ ഭംഗിയും നക്ഷ്ടപ്പെട്ടു
 അവസാനമെന്ന ചോദ്യചിഹ്നത്തില്‍ നോക്കികൊണ്ട്
ഒരു അസ്ഥികൂടം മാത്രം .

ഒരിക്കല്‍ നിറവും രുചിയും സത്തയും
ഉണ്ടായിരുന്ന ഒരിലയുടെ ശോഷിച്ച അസ്ഥിപഞ്ചരം...!
സിരകളില്ലാത്ത , നാഡികളില്ലാത്ത ,
നിറവും മണവുമില്ലാതെ
അതിങ്ങനെ കുറെ നാള്‍ ഉണ്ടാകും .

പിന്നെയത് വിസ്മ്രിതിയിലേക്കലിഞ്ഞു പോകും .
പക്ഷെ,  അപ്പോഴും പുഴ അനസ്യൂതം
ഒഴുകികൊണ്ടേ ഇരിക്കും .
മറ്റൊരായിരം ഇലകളെ വഹിച്ചു കൊണ്ട് ,
തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായ് .....
-----------ബി ജി എന്‍ വര്‍ക്കല -------16.12.1997
 

യാത്രാമൊഴി

ചെറുകാറ്റിലിതളറ്റ പനിനീര്‍പൂവേ
നിനക്കായ്‌ ഞാന്‍ നല്‍കുമുപഹാരമിതാ
ഇലയുണ്ട് പൂവുണ്ട് കായുണ്ട് നിന്നിലെ
മധുവുണ്ട് . മധുപന്‍ അരികിലായുണ്ട് .
ഇവിടെയീ തീരം നിശബ്ദമാണെന്നാല്‍
നിനക്കായ്‌  നല്‍കാന്‍ നാവൊന്നില്ല . .

വിരലറ്റ വിദ്യയുടെ വിലയറിയാത്തോരീ
വിധിയിതാര്‍ക്കായ്‌ പിന്നെയും നില്പൂ
ഇവിടെ ഞാന്‍ നേടിയോരാദിയുമന്ത്യ-
വുമിവിടെയായ്‌  തൂകുവാന്‍ കൊതിച്ചുപോകുന്നു .

വനമാണിതെന്നാല്‍ മൃഗമേതുമില്ല ,
വനമാണിതെന്നാല്‍ തരുലതകളില്ല
ഇടറി  വീഴുന്നോരീ മരമാണ് ചുറ്റിലും .
ആരുടെ കരങ്ങള്‍ക്ക്‌ ശക്തിയേകി യീ -
കാരിരുമ്പിന്റെ കൂടാരമുയര്‍ത്തുവാന്‍

ഇനിയില്ല രാവുകള്‍ പകലുകളുമെന്നാല്‍
ഇനിയാണ് യാത്ര, തുടരാത്ത യാത്ര !
മരവിച്ച  മനസ്സുമായ്‌ അവസാനം കൊതിക്കുമീ
മധുരമാം യാത്ര , വിടയേകു നിങ്ങള്‍ ...!
---------ബി ജി എന്‍ വര്‍ക്കല --09.12.97
 

Tuesday, January 1, 2013

നക്ഷത്രങ്ങള്‍

എന്നോ കൊഴിഞ്ഞവര്‍ ഞങ്ങള്‍
എങ്ങോ പൊലിഞ്ഞവര്‍ നമ്മള്‍
വിണ്ണിന്റെ തിരശ്ശീലഞൊറികളില്‍ പെട്ട്
മണ്ണിനെ നോക്കി കരയാന്‍ വിധിക്കപ്പെട്ടവര്‍ .

കണ്‍കളില്‍  കാണുവത് ചൊല്ലുവാനാകാതെ
കണ്ണുകള്‍  ചിമ്മിത്തുറക്കുവാന്‍ പഠിച്ചവര്‍ .
ഇരവിന്റെ  ചടുലതയില്‍ കാമാഗ്നിതന്നി-
ലിരകളായ് ജീവിതം പൊലിക്കപ്പെട്ടോര്‍ .

അനാഥത്വത്തിന്റെ ശാപവും പേറിയീ -
യാഴിയില്‍  വീണൊടുങ്ങിയവര്‍ നാം .
നക്ഷ്ടത്തിന്‍ ഭാണ്ഡമാം ഭാരം ചുമ-
ന്നുകൊണ്ടീ  നാടിന്നപമാനമായവര്‍നാം .

പാപത്തിന്‍ വിത്തിനെ പേറിയോര്‍ ,
പാപികള്‍ കല്ലെറിഞ്ഞോര്‍ , പിന്നെ
പാവമീ ഞങ്ങടെ പശിയകറ്റാന്‍ വേണ്ടി
പാപങ്ങള്‍ ചെയ്തു കൂട്ടിയോര്‍ ഞങ്ങള്‍ .

പാതയോരങ്ങളില്‍ പിടഞ്ഞു തീര്‍ന്നോര്‍ ,
ഇരുട്ടിന്റെ  മക്കള്‍ ചുട്ടുകൊന്നോര്‍ ഞങ്ങള്‍ .
ഞങ്ങളെ ആത്മാവിന്‍ നാളമായ് നിങ്ങള്‍
ഉള്ളില്‍ പ്രതിക്ഷ്ടിച്ച നശ്വരജന്മങ്ങള്‍ .

അറിയാത്തോര്‍ നിങ്ങള്‍ , ഹാ !
അറിഞ്ഞിട്ടും കണ്ണടയ്ക്കുന്നോര്‍
എല്ലാത്തിനും  സാക്ഷിയാകാന്‍ വിധിച്ചോരീ
കാലം നല്‍കിയ സ്ഥാനവും പേറി നാം .

കാലം പാഞ്ഞുപോകുമ്പോഴും
പ്രപഞ്ചത്തിനനന്തത പൂകുവോര്‍
ഞങ്ങളെ നിങ്ങളെന്നറിയും
യീ ഞങ്ങളെ നിങ്ങളെന്നറിയും ...?
--------------ബി ജി എന്‍ വര്‍ക്കല --------2000