Monday, November 30, 2015

പരിണാമം


അരുതരുത് സോദരാ
മടക്കുക നിൻ വിരൽ
തിരയുകവനുടെ ജാതി
പിന്നെ തുടരുക രക്ഷ!
- - - - ബി.ജി.എൻ വർക്കല

ഇല്ല ഇല്ലില്ല

ഇല്ല ജാതിയെന്നു കൽപ്പിച്ചു
ഇല്ലില്ല ജാതിയെന്നു നമ്മളും
ഇല്ല ജാതി വേണോന്നു പണ്ടാല
ഇല്ല നീയാരെന്നൊരുത്തനും ങേ...ഹേ
_-------------------- ബി.ജി.എൻ വർക്കല

വൈകുന്നേരം....ആനന്ദി രാമചന്ദ്രന്‍

വായനയുടെ സുഗന്ധം എന്നത് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഊറി വരുന്ന ഒരു പ്രത്യേക അനുഭൂതിയാണ് . നല്ല വായനകളെ അത് കൊണ്ട് തന്നെ വായന ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും കൈ വിടുകയുമില്ല . ഇത്തരം വായനകളെ തിരഞ്ഞു പോകുന്നവര്‍ പലപ്പോഴും നിരാശരാകുക ആണ് പതിവ് എങ്കിലും ആ ഒരു സുഗന്ധത്തിന്റെ ലഹരിയില്‍ അതന്വേഷിച്ചു വായനക്കാരനായ യാത്രക്കാരന്‍ സഞ്ചരിച്ചു കൊണ്ടിരിക്കും.
പ്രണയത്തിന്റെ ലഹരി നുരയുന്ന കവിതകളുടെ ഒരു സമാഹാരം എന്ന രീതിയില്‍ ആണ് ശ്രീമതി ആനന്ദി രാമചന്ദ്രന്റെ "വൈകുന്നേരം" എന്ന കവിതാ സമാഹാരം വായിക്കാന്‍ തുടങ്ങുന്നത് . ആമുഖമായി ആനന്ദി ഇപ്രകാരം പറയുന്നുമുണ്ട് .
"ഞാന്‍ പ്രണയിച്ചവര്‍ക്കും
എന്നെ പ്രണയിച്ചവര്‍ക്കും " സമര്‍പ്പിക്കുന്നു അറുപത്തി ഒന്‍പതു കവിതകളുടെ മാല്യം . അവതാരിക ശ്രീ ഓ വി ഉഷ .നിറയെ സ്നേഹത്തോടെയും അത്ഭുതത്തോടെയും അവതാരിക എഴുതിയിരിക്കുന്നു . തികച്ചും കൌതുകത്തോടെ തന്നെയാണ് ഞാന്‍ ഈ കവിതാ പുസ്തകത്തിനുള്ളിലേക്ക് സഞ്ചരിച്ചത് .
വളരെ മനോഹരമായ കുഞ്ഞു കവിതകള്‍ കൊണ്ട് അലങ്കരിച്ച ഈ മാല്യം വളരെ സന്തോഷത്തോടു കൂടി തന്നെ ഞാന്‍ വായിച്ചു പോകുകയായിരുന്നു .
പലപ്പോഴും തോന്നിയ ഒരു വിഷയം ഉണ്ട് . ശ്രീമതി ഓ വി ഉഷയുടെ കവിതാ സമാഹാരം വായിക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ട ഒരു സംഗതി ആണത് . പ്രായം ആണോ അതോ എഴുത്തിന്റെ വശ്യത ആണോ എന്നറിയില്ല രണ്ടു പേരുടെയും എഴുത്തില്‍ അസാധാരണമായ കയ്യടക്കം കാണാം . വളരെ പക്വതയോടെ കാണുന്ന ജീവിത വീക്ഷണം ആണതു .
പ്രവാസിയുടെ തിരികെ യാത്രയെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്ന നാട്ടിലേക്കൊരു യാത്ര എന്ന കവിത പോലെ വളരെ ചെറിയ വാക്കുകളില്‍ വലിയ പ്രപഞ്ചം സൃഷ്ടിക്കുന്ന വായനയെ അഭിനന്ദിക്കാതെ വയ്യ . അത് പോലെ ആണ് പ്രതിഷ്ഠ എന്ന കവിതയും . പി കെ എന്ന സിനിമയില്‍ കോളേജിനു മുന്നില്‍ പെട്ടെന്നൊരു ദൈവത്തെ സൃഷ്ടിച്ച പോലെ ആണ് പ്രതിഷ്ഠ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന വായന . വളരെ മനോഹരമായി തലമുറയുടെ അന്തരം പറഞ്ഞ മുത്തശ്ശി മറ്റൊരു മുത്തായി വായനയില്‍ തടഞ്ഞു . ദൈവമെന്ന കവിത ഒരു ഭക്തയുടെ പരിഭവവും മനസ്സും വരച്ചു കാട്ടുന്നുണ്ട് .
എടുത്തു പറയേണ്ട മറ്റൊരു കവിത ആയിരുന്നു ഒരു പ്രണയത്തിനായി .
അച്ഛന്റെ ചിതയില്‍ നിന്നും
ഉയരുന്നു പുകയും തിരിനാളവും
അത് നോക്കി നില്‍ക്കവേ
ഞാന്‍ കൊതിച്ചു പോയി
ഒരു പ്രണയത്തിനായി -
എന്നെ മാറോട് ചേര്‍ത്തു
നിനക്ക് ഞാനുണ്ടെന്ന്
കേള്‍ക്കാന്‍ .
ഓരോ കവിതയും ഓരോ വികാരമായി നിറയുന്നു . പ്രണയത്തേക്കാള്‍ ജീവിതമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ ആരും ഒറ്റ വായനയില്‍ തന്നെ ഇത് ഇഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പു . ന്യൂ ബുക്സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഈ കവിത സമാഹാരത്തിനു 65രൂപ ആണ് വില . വളരെ മനോഹരമായ അകം പേജുകള്‍ ആരുടേയും മനം കവരും . വായിക്കുക . സസ്നേഹം ബി ജി എന്‍ വര്‍ക്കല

Saturday, November 28, 2015

കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍....രമണി വേണുഗോപാല്‍

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് അപ്രതീക്ഷിതമായി ഒരു എഴുത്തുകാരിയെ കാണുന്നത് . പരിചയപ്പെട്ടോ എന്ന് ചോദിച്ചാല്‍ ആ തിരക്കില്‍ അവര്‍ എന്നെ കണ്ടു അവരുടെ പുസ്തകം കയ്യോപ്പിട്ടു തന്നു എന്നതിനപ്പുറം അവരെന്നേ ഓര്‍ക്കുക കൂടിയുണ്ടാകില്ല . ആ എഴുത്തുകാരിയെ ആണ് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് . ശ്രീമതി രമണി വേണുഗോപാല്‍.
ഇന്ന് ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകം ആണ് "കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍". ഈ പുസ്തകത്തില്‍ ഞാന്‍ ആദ്യം കണ്ട പ്രത്യേകത ഈ കഥാ സമാഹാരം മെയില്‍ ഒന്നാം പതിപ്പും ഒക്ടോബറില്‍ അതിന്റെ രണ്ടാം പതിപ്പും ഇറങ്ങി എന്നുള്ളതാണ് . ഒലീവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന്റെ വില 110രൂപ ആണ് . വളരെ മനോഹരമായ പുറം ചട്ടയും നല്ല അച്ചടിയും ഒക്കെ ആയി വളരെ നല്ലൊരു പുസ്തകം നല്ലൊരു വായന ഇത് നല്‍കി . ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ അവതാരിക എഴുതിയ ഈ പുസ്തകം പ്രമേയാവതരണം കൊണ്ടും പാത്ര സൃഷ്ടികളുടെ സൂക്ഷ്മതകൊണ്ടും വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു .
പതിനാലു കഥകളുടെ ഒരു സമാഹാരം ആണ് ഇത് . പതിനാലു കഥകളും പതിനാലു സംഭവങ്ങള്‍ പോലെ ജീവിതങ്ങള്‍ പോലെ അനുഭവപ്പെട്ടു . ഇവയില്‍ പതിമ്മൂന്നെണ്ണവും പ്രതിനിധാനം ചെയ്തത് നമുക്കിടയിലെ സ്ത്രീകളെ തന്നെയായിരുന്നു എന്നതാണ് ഇതില്‍ കണ്ട മറ്റൊരു പ്രത്യേകത . സ്ത്രീയുടെ , ഭാര്യയുടെ , അമ്മയുടെ , പ്രണയിനിയുടെ , ഉദ്യോഗസ്ഥയുടെ തുടങ്ങി എല്ലാ മേഖലയിലും ഉള്ള പെണ്ണ്‍ ഇതില്‍ ഉണ്ട് . അവളുടെ ചിന്തകളും , നെടുവീര്‍പ്പുകളും ,വേദനയും വിങ്ങലും സന്തോഷവും പിടച്ചിലും എല്ലാം വളരെ മനോഹരമായി രമണി ഇതില്‍ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു . മനോഹരമായ ഭാഷ , അവതരണത്തിലെ സാധാരണത്വം , പാത്ര സൃഷ്ടിയിലെ സൂക്ഷ്മത , ചിന്തകളുടെ വ്യെതിയാനങ്ങള്‍ , എല്ലാം തന്നെ വളരെ നല്ല വായനയുടെ ഒരു ആഴം നമുക്ക് നല്‍കുന്നു . ചിന്തിച്ചു കാട് കയറാന്‍ വേണ്ടി ഒന്നുംതന്നെ രമണി എഴുതുന്നില്ല . വരച്ചിടുന്നതൊക്കെ നാം കണ്ടതോ അറിഞ്ഞതോ അനുഭവിക്കുന്നതോ ആണ് എന്നൊരു സവിശേഷത നമ്മെ ഉടനീളം രസിപ്പിക്കും .
സെല്‍ഫിയും , ഋഷ്യശ്രുംഗന്റെ അമ്മയും , 1125B യിലെ സ്ത്രീയും , സ്വാതന്ത്ര്യത്തിന്റെ സംഗീതവും , നുണയുടെ നാനാര്‍ത്വങ്ങളും ഒക്കെ നമ്മെ വായനയുടെ സുഖത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന എഴുത്തുകള്‍ ആണ് . തീര്‍ച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം ആണ് രമണി വേണു ഗോപാല്‍ നമുക്ക് നല്‍കുന്ന ഈ കഥാ സമാഹാരം . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്


പ്രിയ സുഹൃത്തേ
ഇതിന്ത്യയാണ് .
സനാതനമൂല്യങ്ങളുടെ നാട് .
കല്ല്‌ കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാട് .
നമുക്ക് പശു മാതാവാണ്
ക്ഷേത്രങ്ങള്‍ സംസ്കാരമാണ് .
ഹേയ് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
അര്‍ദ്ധ നഗ്ന ശില്പങ്ങള്‍ കണ്ടോ
രതി മന്മഥ കേളീശിലകള്‍ കണ്ടോ
ലിംഗമോ യോനിയോ പൂജിക്കുന്നത് കണ്ടോ
നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
ഞാന്‍ നേരത്തെ പറഞ്ഞില്ലേ
കല്ല്‌ കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാടാണ്.
നഗ്ന സന്യാസിമാരെ നിങ്ങള്‍ കാണും
മനുഷ്യ ദൈവങ്ങളെ കുമ്പിടും
കള്ളും ഭാംഗും കഞ്ചാവും നിങ്ങള്‍ മണക്കും
പക്ഷെ നിങ്ങള്‍ മുഖം ചുളിക്കരുത്
സനാതനമൂല്യങ്ങളുടെ നാടാണ് .
രതിയുടെ കാണാരസങ്ങള്‍ക്ക് വേണ്ടി
കോകനും വത്സ്യായനും സമ്മാനിച്ച
ഗ്രന്ഥങ്ങള്‍ നമുക്കുണ്ട് .
ഗണികാലയങ്ങള്‍
ശൗചാലയങ്ങള്‍ക്ക് പഞ്ഞമുള്ള നാട്ടില്‍ ഉണ്ട് .
പക്ഷെ  ഒരു കാര്യം ശ്രദ്ധിക്കുക .
തെക്കോട്ട്‌ പോകരുത്
ശരീരം പൊതിഞ്ഞു കൊണ്ടല്ലാതെ
തെക്കേ അറ്റത്തു പോകരുത്
പൊതുവഴിയില്‍ പോലും
അന്യ പുരുഷനോടൊത്ത്
നില്‍ക്കരുത്
നടക്കരുത്
മിണ്ടരുത് .
കീറിമുറിക്കുന്ന നോട്ടങ്ങളില്‍
കോരിക്കുടിക്കുന്ന നാവുകളില്‍
ഉദ്ധരിക്കുന്ന ലിംഗങ്ങളില്‍
തടഞ്ഞു വീഴാതെ സൂക്ഷിക്കുക.
കാരണം അവര്‍ പ്രബുദ്ധരാണ് .
സനാതനമൂല്യങ്ങള്‍ നമ്മുടെ മുഖമുദ്രയാണ് .
നാം പുരാതന സംസ്കൃതിയാണ് .
നമ്മള്‍ ഭാരതീയരാണ്‌ .
---------------ബിജു ജി നാഥ്

(ഇന്ത്യയെ പരിചയപ്പെടുത്തിയതില്‍ അപൂര്‍ണ്ണത ഉണ്ട് . നല്ലവ ഒന്നും കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല കാരണം തിന്മയാണല്ലോ നാം ആദ്യം തിരയുക . നന്മകള്‍ എഴുതാന്‍ ആയിരങ്ങള്‍ ഉണ്ടാകും . ഞാന്‍ നേര്‍ക്കാഴ്ച്ചകളില്‍  സഞ്ചരിക്കുന്നവന്‍ ആകയാല്‍ എനിക്കിങ്ങനെയെ കഴിയൂ . )

Friday, November 27, 2015

യന്ത്രങ്ങള്‍


ഇന്ന്
കളവു പറയുന്നവനെയും
ഒളിച്ചു വച്ചതിനെയും
രോഗം വന്നവനെയും
ജനിക്കാന്‍ പോണവനെയും
കണ്ടെത്താന്‍ യന്ത്രമുണ്ട് .
അളവ് നോക്കാനും
നിറമറിയാനും
ഗുണം നോക്കാനും
യന്ത്രമുണ്ട് .

നാളെ
രജസ്വലയാണെന്നൊ
മതമേതെന്നോ
ജാതിയെന്തെന്നോ
തിരിച്ചറിയാന്‍
യന്ത്രം വരും.
തുണി പൊക്കി നോക്കാതെ
നിര്‍ണ്ണയം സാധ്യമാകുമ്പോള്‍
അരിഞ്ഞു വീഴ്ത്താന്‍ ആയാസമില്ല.

എന്നാണു മനുഷ്യനെ തിരിച്ചറിയുന്ന 
യന്ത്രമുണ്ടാകുക ?
സ്നേഹവും
കരുണയും
മനുഷ്യത്വവും
അളന്നെടുക്കാന്‍ ഒരു യന്ത്രം !
------------------ബിജു ജി നാഥ്

Wednesday, November 25, 2015

ഭിക്ഷാംദേഹി


വസന്തങ്ങള്‍ വിരുന്നുവരാതെ
പോയൊരുദ്യാനമേ
നിന്നില്‍ അറിയാതെ കിളിര്‍ത്തൊരു
ശവംനാറി പൂവ് ഞാന്‍.

ഒരിത്തിരി സ്ഥലവും
ഒരു തുള്ളി ജലവും തന്നാല്‍
മരിക്കാതിരിക്കുമെന്ന പ്രതീക്ഷയില്‍
നിന്നെ നോക്കുന്നു ഞാന്‍ .

നീണ്ടു കുറുകിയ നിന്റെ വിരലുകളില്‍
സ്നേഹജലം തുളുമ്പുന്ന
തണുവറിയുന്നു ഞാന്‍ .
എനിക്ക് നിന്റെ പാദങ്ങളില്‍ ചുംബിക്കണം
നീയാം മണ്ണില്‍,
നിന്നുടെ വക്ഷസ്സില്‍,
നിന്റെ ചൂടേറ്റു മയങ്ങാന്‍
കൊതിയോടെ ഞാന്‍ വിരലൊന്നു നീട്ടട്ടെ .
-------------------------ബിജു ജി നാഥ്

Monday, November 23, 2015

അവള്‍ , അവന്‍ പിന്നെ അവരും

അവളോ ,
പൂക്കാന്‍ മടിച്ചൊരു മുല്ലവള്ളി.
ചുറ്റിവരിയാന്‍ ഒരു മരം
വേണ്ടാതെ നില്പ്പവള്‍

അവനോ ,
വിരിഞ്ഞ കരങ്ങള്‍ നീട്ടി
അവള്‍ക്കു തണലേകാന്‍
ചുറ്റിവരിയാനൊരു മരമായി
നില്‍പ്പവന്‍ .

അവന്‍ പ്രണയത്തിന്റെ
ദാഹജലം തേടി വന്നവന്‍.
അവള്‍ പ്രണയമുറിവിനാല്‍
ജലം വറ്റിയ നദി .

അവര്‍ക്കിടയില്‍
അസംഖ്യം മുഖങ്ങളില്‍
അവരെ വായിക്കുന്നവര്‍
അവരെ അറിയാത്തവര്‍ .
അവരെ തിരയുന്നവര്‍
പരസ്പരം നോക്കി
അവര്‍ ചോദിക്കുന്നു
ഇത് ഞാനല്ലേ .
------ബിജു ജി നാഥ്

Sunday, November 22, 2015

നമുക്കിടയില്‍ രണ്ടു തീവണ്ടികള്‍


സിഗ്നല്‍ കാത്തു കിടക്കുന്ന
രണ്ടു വണ്ടികള്‍ക്കുള്ളിലാണ് നാം .
ഒന്ന് തെക്കോട്ടും
മറ്റൊന്ന് വടക്കോട്ടും
നമ്മുടെ മനസ്സുകള്‍ എങ്ങോട്ട് പോകുമെന്നറിയാതെ ഉഴറുന്നുണ്ടു.
ഇരുട്ടിന്റെ ,
തണുപ്പിന്റെ
ചൂളിപ്പിടിക്കുന്ന കാറ്റിന്റെ കൈകളില്‍
തണുത്തനിലത്തു നീ
തിരക്കിന്റെ കൈകളില്‍ ഞെരിഞ്ഞിരിക്കുമ്പോള്‍
വാതില്‍ക്കല്‍ നിന്നെ നോക്കി
ഞാനുണ്ട് .
കാഴ്ച കിട്ടാന്‍ കണ്ണുകള്‍ തിരുമ്മി
ഇരുട്ടിലെ വെളിച്ചം തേടുന്ന
എന്റെ കണ്ണുകള്‍ .
ഓര്‍മ്മയിലേക്ക് പരിമളം പരത്തി
എന്റെ വിരലുകള്‍ .
അവയ്ക്ക് നിന്റെ മണം!
കഴിഞ്ഞു പോയ നിമിഷങ്ങളെ
കൊതിയോടെ നോക്കി
അവ പിടയുന്നു വീണ്ടും.
നിന്നെ തൊടാന്‍
നിന്റെ മുടിയിഴകളില്‍ ഓടി നടക്കാന്‍
നിന്നെ സ്നേഹിക്കാന്‍ .
ഈ കാത്തുകിടക്കല്‍ വല്ലാത്ത വേദനയാണ് .
ഒരു മണിയടിയൊച്ച
ഒരു കൂവല്‍
ഇല്ല നാം അകന്നു തുടങ്ങുന്നു .
പറിച്ചെടുത്ത എന്റെ ഹൃദയവുമായി
നിന്റെ വണ്ടി അകന്നു തുടങ്ങുന്നു .
ഇറങ്ങിയോടാന്‍ കൊതിക്കുന്ന എന്നെ തടഞ്ഞു കൊണ്ട്
എന്റെ വണ്ടിയും ചലിച്ചു തുടങ്ങുന്നു .
ഞാനെന്തേ തളരുന്നിങ്ങനെ ?
-------------------ബിജു ജി നാഥ്

Saturday, November 21, 2015

ഒരു സൈബര്‍ കവിത


പ്രഭാതത്തിലും
പ്രദോഷത്തിലുമവള്‍ തന്‍
ടൈംലൈനില്‍
ദര്‍ശനപുണ്യം നേടി
മനസ്സേ നിന്നെ ഞാനടക്കുന്നില്ലേ.
പിന്നെയും എന്തിനാണ്
മിണ്ടണം എന്ന വാശി .
ഇല്ല
നമുക്കിടയിലെ മതില്‍
ഒരിക്കലും ഇടിയുകയില്ല
നിശ്ചയദാര്‍ഢ്യം കൊണ്ട്
അവളുറപ്പിച്ച കല്ലുകള്‍
അവയിളക്കി മാറ്റാന്‍
ഞാനശക്തനല്ലോ ഇന്നും.
------------ബിജു ജി നാഥ് .

Friday, November 20, 2015

തിരിച്ചറിവുകള്‍

മണ്ണില്‍ കൊഴിഞ്ഞ ധാന്യങ്ങള്‍ പോലെ
ഓര്‍മ്മകള്‍ ചിതറിയ മനസ്സുമായിന്നു
പിന്നിട്ടു പോയതാം നല്ലദിനങ്ങള്‍ക്ക് മേല്‍
ചാര്‍ത്തുന്നു തിരശ്ശീല വേദനയോടെ ഞാന്‍.
മടങ്ങുവാന്‍ കഴിയില്ലിനിയുമാ വനികയിലറിഞ്ഞു 
മനമത് മൂകം കേഴുമ്പോഴും, ഓര്‍ത്തു വയ്ക്കുന്നു.
പൊന്നില്‍ വാഴനൂല്‍ കെട്ടുംപോലെ വ്യര്‍ത്ഥം 
കാല്‍പനിക ജീവിതം മര്‍ത്യനീ ഭൂമിയില്‍.
----------------------------ബിജു ജി നാഥ് 

വെയില്‍ പൂക്കും മരങ്ങള്‍......സീനോ ജോണ്‍ നെറ്റോ

കവിത , കഥ ഇവയൊക്കെ വായിക്കുമ്പോള്‍ നമുക്ക് അപാരമായ ക്ഷമ വേണം . ഒറ്റ വായന കൊണ്ടോ ഓടിച്ചുള്ള വായന കൊണ്ടോ ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു വസ്തുക്കള്‍ ആണ് ഇവ എന്ന് തോന്നുക സ്വാഭാവികം . കവിത കാവ്യഭംഗി നിറഞ്ഞതാകുന്നത് അതില്‍ കവിത ഉണ്ടാകുമ്പോള്‍ ആണ് . നല്ല കവിതകളും ചീത്ത കവിതകളും ഉണ്ട് എന്നല്ല പക്ഷെ എഴുതാന്‍ വേണ്ടി എഴുതുന്നവയും എഴുതാതെ കഴിയില്ലെന്ന നിവൃത്തികേടിന്റെ മുനയില്‍ നിന്ന് എഴുതുന്നവയും ഉണ്ട് കവിതകളില്‍ . അതുപോലെ വായനയും രണ്ടു തരത്തില്‍ ഉണ്ട് ഒന്ന് വായിച്ചു പോവുക എന്നതും മറ്റൊന്ന് വായനയിലൂടെ ആഴങ്ങളില്‍ ഇറങ്ങുക എന്നതും .
വായിക്കുവാന്‍ ഇന്ന് കയ്യില്‍ കിട്ടിയത് "വെയില്‍ പൂക്കും മരങ്ങള്‍ " 'സീനോ ജോണ്‍ നെറ്റോ' എന്ന കവിയുടെ കാവ്യ സമാഹാരം ആണ് . സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം ആയ ഈ എഴുത്തുകാരന്റെ പ്രഥമ കാവ്യ സമാഹാരം ആണ് വെയില്‍ പൂക്കും മരങ്ങള്‍ . അന്‍പത്തി നാല് കവിതകളുടെ സമാഹാരം . കൈരളി ബുക്സ് പുറത്തിറക്കിയ ഈ കവിതാ സമാഹാരത്തിനു 120 രൂപ ആണ് മുഖവില . നല്ല അച്ചടിയും , എഡിറ്റിങ്ങും , കടലാസും . വളരെ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരു പുസ്തകം . കവര്‍ പേജ് മനോഹരമായിരുന്നു . ഇളവൂര്‍ ശ്രീകുമാര്‍ , വി എസ് ബിന്ദു എന്നിവരുടെ അവതാരികയും കവിയുടെ തന്നെ ആമുഖ കുറിപ്പും കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വായനയുടെ മാനം മാറുകയും അത് കാവ്യാസ്വാദകന്റെ സ്വകാര്യ അഭിമാനവും ആകുന്ന രീതിയില്‍ വളരെ മനോഹരമായ കുറെ കവിതകള്‍ നമുക്ക് ലഭിക്കും . ആദ്യ കുറെ കവിതകളില്‍ തുടര്‍ച്ചയായ വേശ്യാജീവിതങ്ങളുടെ ചുറ്റുപാടുകളുടെ ഇടയില്‍ മാത്രം നിന്നുകൊണ്ട് സംവദിക്കുന്ന ഒരു ചിന്ത ഉണ്ടാക്കി എങ്കിലും മുന്നിലോട്ടു പോകുമ്പോള്‍ വിഷയങ്ങളെ തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും ഈ കവി സ്വീകരിച്ചിരിക്കുന്ന കയ്യടക്കവും തഴക്കവും വളരെ മനോഹരമായി അനുഭവപ്പെട്ടു .
ഭാഷയെ നന്നായി മനസ്സിലാക്കുന്ന ഒരാള്‍ എന്ന നിലയിലും , ഭാഷ നന്നായി തെറ്റില്ലാതെ പറഞ്ഞു പോകാന്‍ അറിയുന്ന ആള്‍ എന്ന നിലയിലും ഈ എഴുത്തുകാരന്‍ ഇന്നത്തെ ഒരു വിഭാഗം മുന്‍നിര സോഷ്യല്‍ മീഡിയ കവിത എഴുത്തുകാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു . മാത്രവുമല്ല തന്റെ പ്രയോഗങ്ങളെ അതിന്റെ അര്‍ത്ഥം പറഞ്ഞു ഫുട്ട് നോട്ടു കൊടുത്തു സഹായിക്കുകയും ചെയ്തു കൊണ്ട് കവി തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു .
എടുത്തു പറയേണ്ട ഒരു വിഷയം വലിയ എഴുത്തുകള്‍ , പരന്ന എഴുത്തുകള്‍ എന്നിവയിലും മനോഹരമായിരുന്നു കൊച്ചു വാക്കുകള്‍ തീര്‍ത്ത കാവ്യ പ്രപഞ്ചം എന്നതാണ് .
പഴയ പുരാണങ്ങളില്‍ നിന്നും നാം എന്ത് തിരഞ്ഞെടുക്കുമ്പോഴും എഴുതുമ്പോഴും അതിനു ഒരു കാവ്യഭംഗിയും താളവും ലയവും ലഭിക്കുന്നു എന്നൊരു തിരിച്ചറിവ് കവിയും ഉപയോഗിച്ചിട്ടുണ്ട് ഇവിടെ ചില കവിതകളില്‍ . അനസൂയ , പ്രച്ഛന്ന വേഷം, ചാമുണ്ടി എന്നിവ അതിനുദാഹരണം ആയി കാണിക്കാം . ആയിഷ എന്ന കവിത വളരെ മനോഹരമായ ഒരു എഴുത്ത് ആയിരുന്നു . ഇന്നത്തെ സമൂഹത്തോട് സംവദിക്കുന്ന ആ എഴുത്ത് ഒരു പക്ഷെ പറഞ്ഞു പഴകിയ ഒരു വിഷയം ആണെങ്കിലും കവിതയില്‍ അതിന്റെ അച്ചടക്കം വളരെ മനോഹരമായി പറഞ്ഞു എന്നതാണ് കവിയുടെ മേന്മ . മന്ത്രി , ഗാന്ധിസം ,ചങ്കൂറ്റം,സോനാഗച്ചി , വാഴ അങ്ങനെ എടുത്തു പറയാന്‍ ഒരുപാട് വിഭവങ്ങള്‍ നിറച്ച ഈ കാവ്യമാല വളരെ മനോഹരമായ ഒരു വായന നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല . കവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കും , ഗൗരവപരമായ ഒരു വായന കാംഷിക്കുന്നവര്‍ക്കും ഒരു മുതല്ക്കൂട്ട് തന്നെയാകും സീനോയുടെ കവിതകള്‍ എന്നത് നിസ്സംശയം പറയാനാകും . ആശംസകള്‍
സ്നേഹത്തോടെ ബി ജി എന്‍ വര്‍ക്കല

Thursday, November 19, 2015

അവസ്ഥാന്തരം


നിന്റെ കണ്ണുകളില്‍ നിന്നും
പാദത്തില്‍ എത്തുമ്പോള്‍
കണ്ണുകള്‍ക്ക് ഭ്രാന്ത്‌ പിടിക്കുന്നു
എന്റെ ചിന്തകളില്‍ കടന്നലുകള്‍ മുരളുന്നു

ഉരുണ്ട ഭൂപടങ്ങള്‍ക്കും
സമതലങ്ങളുടെ സ്നിഗ്ധതയ്ക്കും
ഊഷരതയുടെ വനാന്തരങ്ങള്‍ക്കും
എന്നിലെ അഗ്നിയെ തണുപ്പിക്കാനാവുന്നില്ല.

കോടക്കാറ്റിന്റെ കരങ്ങളില്‍
ഓളപ്പാത്തിയിലെ പൊങ്ങു തടിയില്‍
വിങ്ങി പൊട്ടുന്ന പൗരുഷം 
നിന്നിലെ ഓര്‍മ്മകളിലേക്ക് സ്ഖലിക്കുന്നു.

പാതി മുറിഞ്ഞ സ്വപ്നങ്ങില്‍ നിന്നും
നിന്നിലെ പാല്‍മധുരം തേടി
നിലാവിന്റെ തേരുരുളുന്നു
വിങ്ങുന്ന നിന്നിലെ നോവുകളിലേക്ക്.

നഖമുനകള്‍ പോറിയ നീറ്റലുകള്‍
ഉഴുതുമറിച്ച നിലത്തു വരച്ച
മൗനത്തിന്റെ പരവതാനിയാകുകയും
കണ്ണീരുപ്പു പടര്‍ന്നുപുളയുകയും ചെയ്യുമ്പോള്‍
പുലരി വരുന്നു നാണത്തില്‍ മുങ്ങി
പതിവുപോലൊരു കുടുംബിനിയായി.
--------------------ബിജു ജി നാഥ്

Wednesday, November 18, 2015

നീയൊരു മഴ മുകില്‍ പോലെ


മൂടിക്കെട്ടി കിടക്കും പെയ്യില്ല്ല
പെയ്യുമെന്ന് നിനച്ചു കുടയെടുപ്പിക്കും
നനയാമെന്നു കൊതിച്ചു കാത്തിരിപ്പിക്കും
കൊതിയോടെ മാനം നോക്കി ഇരുത്തും .
ഒടുവില്‍ ഞാനുറങ്ങീടുമ്പോള്‍,
നീ ഒറ്റയ്ക്ക് പെയ്തു തോര്‍ന്നു തളര്‍ന്നു
തണുത്തു വിറച്ചു മയങ്ങുന്നുണ്ടാവും
കുത്തിയൊലിച്ച തടങ്ങള്‍ പോലും
അടയാളങ്ങളായി മാറിയ മണ്ണില്‍ .
------------------ബിജു ജി നാഥ്

Tuesday, November 17, 2015

കാവ്യനര്‍ത്തകി


വിലോലം വിരഹാര്‍ദ്രം
വിഷാദത്തിന്‍ കടലോരം

പ്രിയതെ നിന്നുടെ മിഴികളില്‍
നീല കടമ്പ് പൂക്കുന്ന കാലം !

നിന്‍ വിരല്‍ത്തുമ്പില്‍ നിന്നും
ജീവന്റെ ഊഷ്മാവ് കടമെടുക്കുന്നു ഞാന്‍.

അഗ്നിയെരിയും വിരലാല്‍
നീയെന്റെ ഹൃദയത്തെ തൊടുക .

താമരമൊട്ടുകള്‍ തന്‍ ഗന്ധം നുകര്‍ന്ന്
നിന്‍ പാദങ്ങളില്‍ വീണലിയട്ടെ ഞാനിനി.
------------------------------ബിജു ജി നാഥ്

Monday, November 16, 2015

കിനാവിന്റെ കണ്ണാടി കവിളുകള്‍


നിര്‍മ്മല സ്നേഹമേ നിന്നുടെ മാനസം
എന്നിലെ ചിതയില്‍ എരിഞ്ഞിടുമോ ?
സുന്ദരഗാത്രമേ നിന്നുടെ കളമൊഴി
എന്നിലെ കാവ്യമായ് വിരിഞ്ഞീടുമോ?

നിന്നുടെ അളകങ്ങള്‍ മാറിലേയ്ക്കായിട്ടു
സുന്ദരീ നീ പൊട്ടി ചിരിക്കുമെങ്കില്‍
നനഞ്ഞോരീറന്‍ തനുവെ മാറിലണിഞ്ഞു
കുഞ്ഞിളം ചൂടേകി ഞാനുണര്‍ത്തീടാം.

കണ്ണിലെ രാഗങ്ങള്‍ കണ്ടുകൊണ്ടിന്നു
നിന്‍ മടിത്തട്ടില്‍ ഞാന്‍ മയങ്ങിടട്ടെ
നിന്നിലെ സ്നേഹത്തിന്‍ ഊറിടും നനവെന്‍
ചുണ്ടിണകളില്‍ നീ പകരുകില്ലേ.
---------------------ബിജു ജി നാഥ്

Sunday, November 15, 2015

എനിക്ക് ചുംബിക്കണം


എനിക്ക് ചുംബിക്കണം
നിന്‍ മൃദുകപോലത്തില്‍
എനിക്ക് ചുംബിക്കണം
ഒരു വിടന്റെ ചുംബനമല്ല
പ്രണയത്തിന്റെ അധരപാനമല്ല
രതിയുടെ ഉഷ്ണപകര്‍ച്ചയുമല്ല
അറിയാത്ത ദാഹത്തിന്റെ
പറയാന്‍ കഴിയാത്ത വികാരത്തിന്റെ
എഴുതാന്‍ മറക്കുന്ന പുഴയുടെ
ഒരു ചുംബനം .
അതെ
എനിക്ക് ചുംബിക്കണം .
ജീവന്റെ നീള്‍വഴികളില്‍
പ്രാണന്റെ പശിമ നഷ്ടപ്പെടുമ്പോഴും
വാക്കുകളുടയുന്ന മൗനം
നിന്നെ നോക്കി വിങ്ങുമ്പോഴും
എന്റെ ചുണ്ടുകള്‍ ദാഹിച്ചുകൊണ്ടേയിരിക്കും .
നീ നനയുന്ന മഴകളെ
നീ ശ്വസിക്കുന്ന വായുവെ
നിന്നില്‍ വിരിയുന്ന ഗന്ധത്തെ
എനിക്ക് ചുംബിക്കണം
പറയപ്പെടാത്ത വികാരമായി
എഴുതപ്പെടാത്ത ദാഹമായി
കാലത്തിനു അജ്ഞാതമായി
നീയെന്നില്‍ ഉണ്ടാകണം
കാരണം  എനിക്ക് നിന്നെ ചുംബിക്കണം .

---------------------ബിജു ജി നാഥ്

Saturday, November 14, 2015

ജീവിച്ചു കൊതി തീരാത്ത മനുഷ്യര്‍ .


തെരുവോരങ്ങളില്‍
ചെവിയോര്‍ത്തു കിടക്കുകയാണെങ്കില്‍
അതെ നിങ്ങളവ കേള്‍ക്കും .
ശ്മശാനങ്ങളില്‍
വെറുതെ കാറ്റ് കൊണ്ടിരിയ്ക്കുമ്പോള്‍
ഒരു നിലവിളിയായി
അല്ലെങ്കിലൊരു തേങ്ങലായി,
താരാട്ടായി,
നിങ്ങളവ കേട്ടു തന്നെ മതിയാകൂ .
അവയില്‍ നിങ്ങള്‍ക്ക് കുരുന്നു പൂവുകളുടെ ഉടല്‍ കാണാം .
നിറമാറുകളില്‍ നിന്നുമൊലിക്കുന്ന
പാല്‍ തൂവിയ നിലാവ് കാണാം.
പല്ലില്ലാത്ത മോണകള്‍,
കൂനിക്കൂടിയ നരകള്‍,
അംഗഭംഗം വന്ന ജീവിതങ്ങള്‍,
എല്ലാം ഉണ്ടാകും .
ഒന്നടുക്കിപ്പെറുക്കി വയ്ക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ പിന്നെയും തിരികെ നോക്കാന്‍ ,
കാലുകള്‍ ചലനം നിലച്ചു
ചെവികള്‍ പൊത്താന്‍ ഇട വന്നേക്കാം.
വേണ്ട, അവ നിങ്ങള്‍ക്കുള്ളതല്ല .
ഭ്രാന്ത്‌ പിടിച്ച ആദര്‍ശങ്ങള്‍,
സ്വര്‍ഗ്ഗ നരക ആവേശങ്ങള്‍,
അന്ധത വന്ന വിശ്വാസങ്ങള്‍
അവയിലെവിടെയോ ഒക്കെ വീണു കിടപ്പുണ്ടത് .
താടി നീട്ടിയ  ശാസനകള്‍,
ആയുധങ്ങളുടെ മുനകള്‍,
വെട്ടിപ്പിടിച്ച മേല്‍ക്കോയ്മകള്‍
അവയിലെവിടെയെങ്കിലും
മനുഷ്യത്വം എന്നൊരു വാക്കു കണ്ടാല്‍,
മാനവികത എന്നൊരു വാക്കു കേട്ടാല്‍,
മതേതരത്വം എന്ന ഊറ്റം കേട്ടാല്‍
അരുത്. പിന്നെ നിങ്ങള്‍ തിരികെ പോകരുത് .
കാരണം
ഇന്ന് വ്യഭിചരിക്കപ്പെട്ട വാക്കുകളാണത്‌ .
----------------------ബിജു ജി നാഥ്

Friday, November 13, 2015

ഉടല്‍ രാഷ്ട്രീയം...ഹണി ഭാസ്കര്‍

എന്റെ ഇന്നത്തെ വായന , ഞാന്‍ പരിചയപ്പെടുത്തുന്ന നോവല്‍ ശ്രീമതി ഹണി ഭാസ്കര്‍ എഴുതിയ ഉടല്‍ രാഷ്ട്രീയം ആണ് . ഹണി ഭാസ്കര്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന അതുപോലെ യൂ ഏ യില്‍ അറിയപ്പെടുന്ന ഒരു യുവ എഴുത്തുകാരി ആണ് . ഹണിയുടെ നാലാമത്തെ പുസ്തകം ആണ് ഉടല്‍ രാഷ്ട്രീയം . ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ നോവല്‍ മനോഹരമായ പുറം ചട്ട കൊണ്ടും നല്ല എഡിറ്റിംഗ് , ലേ ഔട്ട്‌ എന്നിവയും പ്രിന്റിംഗ് മേന്മ കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്നു . 140 രൂപ വിലയിട്ടിരിക്കുന്ന ഈ നോവല്‍ വായനാപ്രിയരായ എല്ലാപേര്‍ക്കും ഒരുപോലെ സ്വീകാര്യവും പ്രിയങ്കരവും ആയിരിക്കും എന്നത് ഉറപ്പ് .
ശ്രീ ഹണി സമകാലീന എഴുത്തുകാരുടെ കൂട്ടത്തില്‍ തന്റെ തുറന്ന ഇടപെടലുകളും പ്രതികരണങ്ങളും കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഒരു യുവ കഥാകാരി ആണ് .
എഴുത്തിന്റെ മേഖലയില്‍ പുതുമ അവകാശപ്പെടാന്‍ ഉള്ള ഒരു വായന ആണ് ഉടല്‍ രാഷ്ട്രീയം എന്നൊരു അഭിപ്രായം എനിക്കില്ല . പക്ഷെ വായനയില്‍ ഉടനീളം മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ , മാനസിക പര്യടനങ്ങള്‍ , സാമൂഹിക ഇടപെടലുകള്‍ ദേശങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചരിത്രങ്ങള്‍ എന്നിവ നമുക്കീ വായനയില്‍ ദര്‍ശിക്കാന്‍ കഴിയും .
എന്താണ് ഉടല്‍ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്ന് ഒന്ന് പറഞ്ഞു പോകുന്നത് വായനയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും എന്ന് കരുതുന്നു . കഥാകാരി ജനിച്ചു വളര്‍ന്ന കണ്ണൂരിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ആണ്  നോവലിലെ നായികയായ വേദ നമ്മുടെ മുന്നിലേക്ക് വരുന്നത് . നോവല്‍ മുന്നോട്ടു വയ്ക്കുന്ന വിഷയം സമൂഹത്തിലെ ചില ഇരുണ്ട വശങ്ങളുടെ നേര്‍ ചിത്രം കൂടിയാണ് . മാടമ്പി സംസ്കാരത്തിന്റെ ജീര്‍ണ്ണത , പഴയ തറവാടുകളുടെ , ജീവിതങ്ങളുടെ സ്പന്ദനങ്ങള്‍ ഒക്കെ നമുക്ക് കാട്ടി തരുന്നുണ്ട്.
സര്‍വ്വം സഹയാകുന്ന പഴയ ഭാര്യാചിഹ്നമായി വേദയുടെ അമ്മയും മാടമ്പിത്വത്തിന്റെ പരിശ്ചേദമായി അച്ഛനും നമുക്ക് വായിച്ചു എടുക്കാം . കേരള സമൂഹത്തിലെ കമ്യൂണിസ്റ്റ് വേരുകളുടെ തുടക്കത്തെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് വായനയില്‍ . ജന്മിത്വ വ്യവസ്ഥിതിയും കീഴാള സമൂഹവും അവരുടെ ജീവിത നിലവാരങ്ങളും നോവലില്‍ വ്യക്തമായ് പറയുന്നുണ്ട് . മുറിവേറ്റ സ്ത്രീത്വത്തിന്റെ കുതറിമാറാന്‍ ഉള്ള ത്വര കഴിഞ്ഞ തലമുറയും ഈ തലമുറയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ കഥാകാരി വേദ , വേദയുടെ അമ്മ , നളിനി എന്ന റേച്ചല്‍ മാര്‍ഗരറ്റ് എന്നിവരില്‍ കൂടി വ്യക്തമാക്കുന്നുണ്ട് .
കമ്മ്യൂണിസം നല്‍കുന്ന മാറ്റങ്ങളുടെ കാറ്റ് കോളനി ജീവിതത്തില്‍ നിന്നും തന്റെ തന്നെ രക്തത്തെ ഉയര്‍ന്ന വിദ്യാഭ്യാസരീതിയിലൂടെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുവാന്‍ ഉള്ള തീവ്രമായ ശ്രമം വേദ അനുവര്‍ത്തിക്കുന്നത് ഒരു കാലഘട്ടത്തെ ആ ആശയം എങ്ങനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കും .കേരളത്തിന്‌ ഒപ്പം തന്നെ പോളണ്ടും ഫാസിസവും റഷ്യന്‍ പ്രതിരോധവും ഒക്കെ നമ്മുടെ മനസ്സിലേക്ക് മറവിയില്‍ അടക്കം ചെയ്യുന്ന ചരിത്രങ്ങളുടെ ചിത്രങ്ങള്‍ തിരികെ പിടിപ്പിക്കാന്‍ സഹായിക്കുന്നു .
ഇവയിലെല്ലാം കടന്നു പോകാന്‍ നമുക്ക് ചാലകമായി വര്‍ത്തിക്കുന്ന ഒരു കണ്ണി മാത്രമാകുന്നു വേദ ഈ നോവലില്‍ . തന്റെ അസ്ഥിത്വം നഷ്ടമാകുന്ന ബാല്യത്തില്‍ നിന്നും അനിശ്ചിതത്വം നിറഞ്ഞ കൗമാരത്തില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കുടുംബത്തിലും പ്രത്യേകിച്ച് പിതൃത്വം പോലും സംശയിക്കപ്പെടുന്ന ഒരു കാലാവസ്ഥയില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വേദയിലൂടെ എഴുത്തുകാരി വെളിവാക്കുന്നു . ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി പോകുന്ന വേദ താന്‍ പരിചരിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതും തന്റെ പ്രണയത്തെ എങ്ങനെ മറവിയിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതും മനോഹരമായി പറഞ്ഞു നോവലില്‍ .
സ്വത്വത്തെ കുടഞ്ഞെറിയാന്‍ ഉള്ള ത്വരയില്‍ നിന്നും മദ്യശാലയിലേക്ക് ചുവടു വച്ച ആ ദിനത്തെ സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീയുടെ മനസ്സിനെ വെളിവാക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമായി കാണാന്‍ അത് കൊണ്ട് തന്നെ വളരെ എളുപ്പം സാധിക്കുന്നു . കെട്ടുറപ്പില്ലാത്ത ദാമ്പത്യ ബന്ധങ്ങളെ വരച്ചു കാട്ടുന്ന നോവലില്‍ സ്ത്രീ ശരീരം വെറും ഭോഗ വസ്തുവായി കാണുന്ന പുരുഷ ചിന്തകളെ അറപ്പോടെ നോക്കി കാണുന്ന സ്ത്രീ മനസ്സിനെ കാണിച്ചു തരുന്നു . "ഞാനൊരു ലാപ്‌ ടോപ്പും വാച്ചും ഒരു ഭാര്യയേയും വാങ്ങി" എന്ന് ചിന്തിക്കുന്ന കിഷോര്‍ പുതിയ കാലത്തിന്റെ പ്രതിനിധി ആയല്ല കഴിഞ്ഞ കാലത്തിന്റെ പുതിയ മുഖം ആയാണ് വെളിപ്പെടുന്നത് . നിന്നെ ഉപയോഗിച്ച് മടുക്കുമ്പോള്‍ ഞാന്‍ വില്‍ക്കും എന്ന കിഷോറിന്റെ വാക്കുകള്‍ അയാള്‍ പെണ്ണുടലിനെ പരിചയിക്കുന്ന മാനസികാവസ്ഥയെ തുറന്നു കാട്ടുന്നു .
"ഇവിടെ ഞാന്‍ ബലിയാണ് സുന്ദരമായ പ്രണയത്തിന്റെ , സമരസപ്പെടലുകളുടെ ചോര വാര്‍ന്നു കിടക്കുന്ന ബലിമൃഗം" .എന്നീ വാക്കുകളിലൂടെ വേദ തന്റെ വിവാഹ ജീവിതത്തെ വായനക്കാരന് മുന്നില്‍ തുറന്നിടുമ്പോള്‍ വായനക്കാരനും വേദയുടെ ഒപ്പം തേങ്ങും എന്നത് അവഗണിക്കാന്‍ ആകാത്ത ഒരു സത്യമാണ് . എല്ലാ സ്വാതന്ത്ര്യങ്ങളും തിരികെ നേടാന്‍ ഉള്ള വേദയുടെ തീരുമാനം , പഴയതെല്ലാം വലിച്ചെറിയുന്ന അഴിച്ചു മാറ്റുന്ന കുതറി മാറല്‍ അതാണ്‌ കിഷോറിലേക്ക് അവള്‍ നല്‍കുന്ന പുളിരസം . ഇത്രകാലവും തന്റെ സ്ത്രീത്വത്തെ ചവിട്ടി ക്കുഴച്ച അയാളുടെ പുരുഷത്വത്തിലേക്ക് ഒരു സൂചികുത്തിയിറക്കിക്കൊണ്ട് അവള്‍ സ്വാതന്ത്രം പ്രഖ്യാപിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വായനക്കാരന്‍ അവളുടെ നേരെ ക്രോധമല്ല പകരം സഹാനുഭൂതിയും സ്നേഹവുമാണ് ചൊരിയുക .
തന്റെ പ്രണയത്തെ തിരികെ കിട്ടുമ്പോള്‍, പ്രതീക്ഷകളെ തിരികെ ലഭിക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികമായ ആ സന്തോഷം ആ ഊര്‍ജ്ജം അതാണ്‌ ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം . കെട്ടി ഇടപ്പെടുന്ന മൃഗമല്ല കെട്ടുകള്‍ അഴിച്ചു വിടപ്പെട്ട മൃഗമാണ്‌ യജമാനനെ സ്നേഹിക്കാന്‍ കഴിയുന്നത്‌ എന്ന സന്ദേശം നല്‍കുന്നു വായന . ഉടലിന്റെ ഈ രാഷ്ട്രീയത്തില്‍ പലവട്ടം ആ വാക്യം ആവര്‍ത്തിക്കുമ്പോഴും ഉടല്‍ അല്ല മറിച്ചു പാരതന്ത്ര്യത്തില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ  സ്വാതന്ത്യ വാഞ്ചയുടെ രാഷ്ട്രീയം ആണ് നോവല്‍ പ്രതിനിധീകരിക്കുന്നത് എന്ന് വായന ഓര്‍മ്മിപ്പിക്കുന്നു . രതി ഇതില്‍ ഒരു പ്രധാന ഘടകം ആകുന്നില്ല . രതിക്കു വേണ്ടി അല്ല പ്രണയത്തിനു വേണ്ടി മാത്രമാണ് ഈ രാഷ്ട്രീയം നിലനില്‍ക്കുന്നത് വേദയിലൂടെ എന്ന തിരിച്ചറിവോടെ നോവല്‍ അവസാനിക്കുമ്പോള്‍ വേദ നമുക്ക് പരിചയമുള്ള ഒരു മുഖമായി കൂടെ നാം കൂട്ടും എന്ന് ഉറപ്പു .
തീര്‍ച്ചയായും നല്ലൊരു വായന അനുഭവം നല്‍കും ഈ നോവല്‍ . സ്നേഹപൂര്‍വ്വം ബി ജി എന്‍


Wednesday, November 11, 2015

ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ ....നാമൂസ് പെരുവള്ളൂര്‍

വായനയുടെ ആഴക്കടലില്‍ എനിക്ക് കരഗതമായ ഒരു വായന അതാണ്‌ "ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ " എന്ന "നാമൂസ് പെരുവള്ളൂരി"ന്റെ കവിതാ സമാഹാരം .
കവിതകള്‍ സംവദിക്കേണ്ടത് കാലഘടനയ്ക്ക് ഉള്ളില്‍ നിന്നാകരുത് അതിനു പറയേണ്ടതായ വിഷയങ്ങള്‍ അനാദി മുതല്‍ അനാദി വരെ നീണ്ടു കിടക്കണം . ഒരു പക്ഷെ അത്തരം വായനകള്‍ നമുക്ക് അന്യമാകുന്ന ഒരു കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് എന്ന ചിന്തയില്‍ നിന്ന് കൊണ്ടാണ് നാമൂസിനെ ഞാന്‍ വായിച്ചു തുടങ്ങുന്നത് .
ഇരുപത്തഞ്ചു കവിതകള്‍ കൊണ്ട് ഇരുപത്തഞ്ചു ലോകങ്ങള്‍ നമ്മെ കാണിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍ . ശ്രീ കെ ഇ എന്‍ അവതാരിക എഴുതിയ ഈ കാവ്യ സമാഹാരം കവിതാസ്വാദകര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും .
കവിതയില്‍ പ്രണയം പൂക്കുന്ന ഈ കാലഘട്ടത്തില്‍ പോലും കവിതയെന്നാല്‍ പ്രണയം അല്ല ജീവിതം ആണെന്നും ജീവിതമെന്നാല്‍ എന്നില്‍ ഒതുങ്ങുന്ന ഒരു കൊച്ചു ലോകം അല്ല എന്നും നാമൂസ് നമ്മോടു പറയുന്നു . വിശാലമായ ആകാശത്തു നമ്മെ പറക്കാന്‍ സഹായിക്കുന്ന ചിറകുകള്‍ ആണ് ഓരോ കവിതയും . ആശയവും എഴുത്തിന്റെ ശൈലിയും കൊണ്ട് നമ്മെ നാമൂസ് ഒരു പുതിയ ലോകത്തേക്ക് ആനയിക്കുന്നു .
തുടക്കം തന്നെ കലണ്ടറിന്റെ അക്കങ്ങളില്‍ കറുത്ത ചുവന്ന കാലങ്ങളില്‍ കൂടി കൈ പിടിച്ചു നടത്തിച്ചു കൊണ്ടാണ് . ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളും അതില്‍ നമുക്ക് തൊട്ടെടുക്കാന്‍ കഴിയുന്നു . അത് പോലെ തന്നെ ഗന്ധകപ്പച്ച എന്ന കവിത വായിക്കുന്ന ഒരാള്‍ക്കും തന്നെ കണ്ണീരിന്റെ നനവ്‌ സ്വയം അറിയാതെ മുന്നോട്ടു പോകാനാവില്ല തന്നെ . ഇറയത്തുന്നു കയറാന്‍ ഉമ്മ പറയുന്നു എന്ന് തുടങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലേക്ക് ആ ചിത്രം കടന്നു വന്നു കഴിയുന്നു .
തീര്‍ച്ചയായും വായനയുടെ ഓരോ തലത്തിലും ഓരോ രാജ്യങ്ങളെ നമുക്ക് തരുന്ന നാമൂസിന്റെ തൂലിക ഭാവിയുടെ ഒരു വരദാനമായി വായന എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു .  മുറിപ്പാടിലൂടെ ഇനിയുമെത്ര മുറിയണം എന്ന വിലാപം . മരണമുഖത്തു വച്ച് മുന്നേ മരിച്ചതെന്ന തിരിച്ചറിവിലൂടെയുള്ള സഞ്ചാരം ഒക്കെയും ഒറ്റമരക്കൊമ്പിലെ ചിറകരിയപ്പെട്ട കിളിയുടെ വിലാപം പോലെ ശബ്ദയാനമായ ഈ ലോകത്തെ ശബ്ദം നഷ്ടപ്പെട്ടവന്റെ തേങ്ങല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു . ജീവിതത്തില്‍ പറയാനൊരുപാടുണ്ടായിട്ടും കേള്‍ക്കാതെ പോകുന്ന ചില ശബ്ദങ്ങള്‍ നമുക്കിടയില്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് നാമൂസിന്റെ ഓരോ കവിതയും നമുക്ക് തരുന്ന ബോധം . ബി ടി കാലത്തെ വഴുതനങ്ങ പോലെ രാഷ്ട്രീയ ബോധം തരുന്ന ചിന്തകളെ നമുക്കെങ്ങനെ അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയും ? തീര്‍ച്ചയായും വായിക്കപ്പെടേണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം ആണ് നാമൂസിന്റെ ഈ കാവ്യ സമാഹാരം . ഇത് നിങ്ങള്‍ക്ക് കവിതയുടെ അരസികതയില്‍ നിന്നും വിടുതല്‍ നല്‍കുകയും കവിത എഴുതപ്പെടുന്നതെങ്ങനെ എന്ന ബോധം നല്‍കുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട് .. നല്ലൊരു വായന ഉറപ്പു തരുന്നു , ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Monday, November 9, 2015

നിന്നെ എഴുതിത്തുടങ്ങുമ്പോൾ!


ഒഴുകി അകലുന്ന ജലപാതകളിൽ
ഉരുകി മറയുന്ന ഹിമപാതങ്ങളിൽ
കനത്തിരുണ്ട അമാവാസികളിൽ
കോരിച്ചൊരിയും വർഷകാലങ്ങളിൽ
എവിടെത്തുടങ്ങണം പ്രിയേ ഞാൻ.

പൂക്കാൻ മറന്ന ഉദ്യാനങ്ങളിൽ
ഒന്നു ചിരിക്കാൻ മറന്ന കാടുകളിൽ
ഒഴുകിയുണങ്ങി മരിച്ച പുഴകളിൽ
പച്ചപ്പു നഷ്ടമായ കുന്നുകളിൽ
നിന്റെ മിഴികളുടെ മൗനം ഉnയുമ്പോൾ
എന്തെഴുതണം നിന്നെക്കുറിച്ചു ഞാൻ!
വ്യവഹാരങ്ങളുടെ ബഹളങ്ങളിൽ
വികാരമുറയുന്ന ശയ്യാവിരികളിൽ
കണ്ണുകൾ കവിഞ്ഞൊഴുകും
സ്നാനാലയ നിശ്ശബ്ദതകളിൽ
ഹൃദയമുരുകി നീ പുകയുമ്പോൾ
എങ്ങനെ നിന്നെ ഞാനെഴുതുക !
ചായമടർന്ന കവിൾവിളർപ്പിൽ
നരച്ച നിലാവിൻ ഉടയാടകളിൽ
ഇടിഞ്ഞു താണ മാതൃത്വത്തിൽ
വരണ്ടുണങ്ങും താരുണ്യത്തിൽ
കാലനദി നീന്തി നീ തളരുമ്പോൾ
നിന്നെക്കുറിച്ചെന്തു ഞാനെഴുതും!
-----------------------------ബിജു.ജി.നാഥ്

പൗര്‍ണ്ണമി


താമരഗന്ധം നിറയും രാവിന്‍
താരക റാണി നീയെങ്കിലും.
ഓമലേ നിന്നുടെ മിഴികളില്‍
വീണലിയുന്നു തമോഗര്‍ത്തങ്ങള്‍ .

കൂമ്പിയ മിഴികളില്‍ നിന്നുതിരും
നാണത്തിന്‍ പൂവിതളുകള്‍ കാണ്മേ
പാരിജാതത്തിന്‍ സുഗന്ധം പോല്‍
കാമിനീ നിന്നോര്‍മ്മ പൊതിയുന്നു.

രാവുകളെത്ര കടന്നുപോയ് നിന്‍ 
നോവുകള്‍ കൊണ്ട് ദാഹമകറ്റി .
പെയ്യാതെ പോയ മഴയില്‍ നന -
ഞ്ഞെത്ര കര്‍ക്കിടകരാവും വിതുമ്പി.

ചാറ്റല്‍മഴയുടെ സൂചിമുനകള്‍ നിന്‍
ദേഹിയെ നോവിച്ച കാലമകലവേ 
കുത്തിയൊലിക്കും മഴയുടെ കുടയില്‍
ശബ്ദമില്ലാത്തൊരു ഗാനമായ് നീയിന്നു.

വെളിച്ചം കനവു കണ്ടുറങ്ങുമെന്‍
ജാലകവാതിലിലൂടെ പരിമന്ദം
യാമിനി തന്‍ ചിറകേറി നീയതി 
ലോലമിന്നെന്‍ ശയ്യയില്‍ വീഴവെ

പ്രണയമധുരം നിന്നധരങ്ങള്‍
പൊഴിയും ചികുരത്താല്‍ മറച്ചു
തരിക നീയോമലേ ജീവനില്‍
കുളിര് പകരുമൊരു ചുംബനം .
--------------ബിജു ജി നാഥ്

Wednesday, November 4, 2015

പോയകാലം വിരല്‍ത്തുമ്പില്‍

മുത്തശ്ശിയമ്മതന്‍ മടിയിലായമരുന്ന
കൊച്ചുപൂമ്പാറ്റ ആരാഞ്ഞു മധുരമായ്
മുത്തശ്ശി പറയുമോ മുക്കൂറ്റിയെന്തെന്നു
മുത്തശ്ശി പറയുമോ കുടമുല്ലയെന്തെന്നു .

ഇന്നലെ എന്റെ ചങ്ങാതിമാര്‍ ചൊല്ലി
ഓടിക്കളിക്കുവാന്‍ പൂഴിമണ്ണുള്ളോരു
നാലുകെട്ടും നാട്ടുമാഞ്ചോടും ഊയലാടും
ഓലവാലന്‍കിളികളും നിറഞ്ഞപൂങ്കാവനം

പച്ചപുതപ്പിട്ട നെല്‍ വയലും വരമ്പും
പരല്‍മീന്‍ നീരാടും കൊച്ചു കൈത്തോടും
കൊറ്റികള്‍ കന്നുകള്‍ തത്തമ്മ പെണ്ണും
കൂട്ടമോടുള്ളോരു കാഴ്ച നല്‍കുന്നിടം .

അമ്പല മണികളും  ആലിന്‍ മരച്ചോടും
പള്ളിമണികളും ഓശാനപ്പെരുന്നാളും
ബാങ്ക് വിളിയും മൈലാഞ്ചി കാടും
ഒന്നുപോല്‍ വിളങ്ങുന്ന കേദാരഭൂമി .

പരദൂഷണങ്ങള്‍ മണക്കും കടവും
കള്ളുമണക്കുന്ന നാട്ടിടവഴികളും
പാല്‍ക്കാരന്‍ മീന്‍കാരന്‍ കരിവളചാന്തും
ഇടവഴി നിറയുന്ന നാടേത്‌ ചൊല്ലൂ .

ഓര്‍മ്മകള്‍ നീരാഴി തീര്‍ക്കും കപോലം
മെല്ലെത്തുടച്ചുകൊണ്ടുത്തരമോതിയാള്‍
ചെല്ലു തുറക്ക് നീ കമ്പ്യൂട്ടര്‍ മകളെ
ഗൂഗിളില്‍ പോയാല്‍ കാണാമതൊക്കെയും.
----------------------------------ബി ജി എന്‍ 


ഇന്നിന്ത്യ

ചിതലരിച്ച നിശാശലഭച്ചിറകുകളിൽ നിന്നും
പുകമണം മാറാത്തൊരടുപ്പിലേക്കു പകരും
വിശപ്പിന്റെ കണ്ണീരുപ്പു ചേർത്ത മൗനമേ
നിനക്കിന്ത്യയെന്ന പേരിടട്ടയോ ഞാനിനി .
---------------------------------------ബിജു. ജി. നാഥ്

Monday, November 2, 2015

അഗ്നിക്കാവടി


നേരല്ല നമ്മുടെ കാഴ്ചകളെങ്കിലും
നേര്‍വഴി നിനച്ചു നാം നടപ്പൂ
നേരല്ല നമ്മുടെ കേള്‍വികളെങ്കിലും
നേരെന്നു ചൊല്ലി നാംപഠിപ്പു.

എവിടെയെന്‍ ശരിയെന്നു തേടാന്‍
ഞാനെന്റെ മനവും മിഴിയും തുറന്നു .
കണ്ണു നീറുന്ന കാഴ്ചകള്‍
കാതു വേവുന്ന കേള്‍വികള്‍
ഉള്ളുപൊടിയുന്നോരനുഭവത്തിന്‍
നുള്ളു കനലെന്നുള്ളില്‍ പതിച്ചു .

അന്വേഷണത്തിന്റെ പാതയില്‍
ഞാനെന്റെ കാഴ്ചയും കേള്‍വിയും എറിഞ്ഞുടച്ചു.
ഇന്ന് ഞാന്‍ തേടുന്ന ശരികളില്‍
ഇന്നിന്റെ മണമില്ല
ഇന്നിന്റെ നിറമില്ല
ഇന്നിന്റെ നേരുമില്ലല്ലോ .

തേടുവതെന്തെന്നറിയാതെ ഞാനിന്നീ-
തെരുവില്‍ പകച്ചു നില്‍ക്കുമ്പോള്‍ .
ചുറ്റും ശവംതീനിയുറുമ്പുകള്‍ തന്‍
ശബ്ദഘോഷങ്ങള്‍ മുഴങ്ങൂ .

സത്യം പുകഞ്ഞു കത്തുന്നൊരു
ചെന്തീ കനല്‍വെളിച്ചം മുന്നില്‍ കാണ്‍വൂ.
വെന്തുരുകുമെന്നുടലിനെ ഇന്നു ഞാനേകുന്നു
അഗ്നിക്ക് ബലിയായി .

നിങ്ങളില്‍ പടരുന്ന കനലായി
നിങ്ങളില്‍ മുഴങ്ങും രവമായ്
കാലത്തിന്റെ കാറ്റിലതലിയട്ടെ .
നേരിന്റെ കാലം വരുംവരെ
ഉള്‍ക്കാടിന്റെ തീയതെരിയട്ടെ
നേരിന്റെ കാലം വരുംവരെ
നമ്മള്‍ പരമ്പരകളാകട്ടെ  .
--------------ബിജു ജി നാഥ്

(അടുത്തിടെ തിരുവനന്തപുരത്തു നടന്ന നൂറ്റൊന്നു കവിതകളുടെ പ്രകാശനചടങ്ങില്‍ ഞാനും ഒരു കവിത ചൊല്ലി അതാണിത് .  :-) )

Sunday, November 1, 2015

കസ്തൂരി മാന്‍

ജന്മാന്തരങ്ങളിലെന്നും തേടിയ
കൗസ്തുഭമാണെനിക്കെങ്കിലും,
നിന്നെ മുകരുവാനാകാതിപ്പോഴും
ജന്മം വെടിയുമെൻ ജീവനെന്നോ?
--------------------ബി ജി എൻ വർക്കല

എനിക്കു ദാഹിച്ചു തുടങ്ങുന്നു.


എന്നെയിങ്ങനെ ഓർമ്മകളിൽ
കുരുക്കിയിട്ടു നീ മറഞ്ഞിരിക്കുമ്പോൾ
ചില്ലുകൾ തറയുന്ന വേദനയാൽ
ഞാനിങ്ങനെ പിടഞ്ഞമരുന്നതറിയുന്നോ?

പുഞ്ചിരി നിറഞ്ഞ നിന്നാനനം
അധരങ്ങൾ തൻ തുടിപ്പുകൾ
കപോലശോണിമ തൻ തിളക്കം
ഇല്ലെന്റെ ശയ്യ വിട്ടു നിദ്രയുമകന്നു.
എനിക്കു ദാഹിച്ചു തുടങ്ങുന്നു.
നിന്നെ ചുംബിക്കുവാൻ,
നിന്നെയൊന്നു പുണരുവാൻ,
നിന്റെ മാറിലെ ചൂടിൽ മയങ്ങാൻ
എനിക്കു ദാഹിച്ചു തുടങ്ങുന്നു.
----------------------------ബിജു ജി നാഥ്

നഗ്ന ശിലകള്‍ക്ക്‌ ശ്ലീലങ്ങളില്ല


ഉടുക്കാതെയും ഉണ്ണാതെയും
ഒരുപാട് കാലങ്ങള്‍ താണ്ടണം .
പെടുക്കാതെയും രമിക്കാതെയും
മരണം വരെയും മരുവണം .
പ്രജനനകാലമില്ലാതെ
രജസ്വലയാകാതെ
മുലയൂട്ടാതെ
ജീവിച്ചു തീര്‍ക്കണം .
ഭാസുരമായ ആ കാലം കഴിയുന്നു .
ഇന്ന് ശിലകളില്‍ കാമമുണ്ട്‌
മുലകളില്‍ പാല്‍ ചുരക്കുന്നു.
നാഭിച്ചുഴികള്‍ തുടിക്കുന്നു .
മൂടുവാന്‍ ചേലകള്‍ നിരക്കുന്നു.
തച്ചുടയ്ക്കുന്നു മുഴുപ്പുകള്‍.

കോവിലുകള്‍ നല്ലിടമത്രെ .
ശ്ലീലാശ്ലീലങ്ങള്‍ ഇല്ലാതെ
ഉടുക്കാതെ ഉണ്ണാതെ
ശിലയാകുവാന്‍ ഇനി കോവിലുകള്‍ ശരണം .
ദേവിയെന്നോ ദാസിയെന്നോ
വിളിപ്പേരുകള്‍ നിങ്ങള്‍ തരിക .
ജീവിക്കണം എനിക്കും ശിലയിലെങ്കിലുമൊരു പെണ്ണായി .
മാനഭയമില്ലാതെ
ശ്ലീലാശ്ലീലങ്ങള്‍ ഇല്ലാതെ ....!
-------------ബിജു ജി നാഥ്