Monday, August 24, 2015

നോവിന്റെ ഇലകൾ


കാന്തവലയങ്ങൾ പോലെന്നെ
വരിയുന്ന ഓർമ്മച്ചീളുകളിൽ
നിന്റെ മിഴികളുടെ മുനകളുണ്ട്,
അകതാരിൽ നീയെന്ന സ്വപ്നവും .

അകലേയ്ക്ക് നീയോടിയകലുമ്പോ,
അവഗണനയുടെ ദുർവാക്യങ്ങളും
ഒഴിവാക്കലിന്റെ മൗനങ്ങളും എന്നെ
ഓർമ്മിപ്പിക്കും ഞാനെന്ന കോമാളിയെ.

എങ്കിലും അർക്കൻ എന്നെത്തഴുകുമ്പോൾ
ഞാൻ തേടിവരിക നിന്റെ ചാന്ദ്രവദനമാണ്.
എന്റെ പകലുകളെ ശീതളമാക്കുന്നതോ
നമ്മുടെയാ നിമിഷങ്ങൾ തന്നോർമ്മയും.
-------------------------------------------ബിജു ജി നാഥ് 

Wednesday, August 19, 2015

അനപത്യ ദുഃഖം

നമുക്കിടയിൽ മഞ്ഞിൻസമതലങ്ങൾ
രൂപം കൊണ്ടിരിക്കുന്നുവെന്നോ ?
നിന്നിലേയ്ക്കെത്തുവാനെത്ര
കാതമിനിയും നടക്കണം ഞാൻ .
ചരിത്രത്തിൽ ,
ദേവദാസിന്റെ ബംഗളാതെരുവുകളോ
ഒർഫ്യൂസിന്റെ നദീതീരങ്ങളോ
എനിക്കായി തുറക്കുക ?
ഞാൻ നിത്യമായ മൗനത്തിലേക്ക്‌
നിലതെറ്റി വീഴുന്നപോലെ....
-----------------------------ബിജു ജി നാഥ് 

Tuesday, August 18, 2015

സിസേറിയൻ


കൊതിച്ചു ഞാൻ നിനക്ക് വേദന
പതിച്ചു നല്കിയീ ധരിത്രി പൂകുവാൻ .
മടിച്ചു നീയുമാ കഠിനദുരിത കടലിൽ
മുങ്ങി നിവരുവാൻ .
വരഞ്ഞു കത്തിയാൽ മരവിച്ച നിൻ
തനുവിലായ് .
വലിച്ചെടുത്തു നീ മാറിലണച്ച് നല്കുന്നു
കൊഴുത്ത രാസവളങ്ങളും .
അറിഞ്ഞതില്ല ഞാനൊരിക്കലും നിന്റെ
അമൃതസ്നേഹത്തിനകത്തളം.
ഒടുവിലെന്തിനു മനം തകർന്നു നീ
വെറും നിലത്തു കിടപ്പതു .
പറയരുത് നീ കടം കൊണ്ടൊരു
'ദശ'മതിൻ കണക്കുകൾ.
പരിഭവിക്കരുതൊരിക്കൽ സദനത്തിൽ
നട തള്ളുന്ന നേരവും .
-----------------------ബിജു ജി നാഥ് 

Thursday, August 13, 2015

ജന്മശാപങ്ങൾ


പട്ടു വിതാനിച്ച തല്പത്തിൽ പെട്ടൊരു
കുണ്ടളപ്പുഴുവാമെൻ ജന്മമേ !
നിന്നെയോർത്തു കേഴുവാൻ പോലും
ഇല്ല പാരിലൊരു ഹൃദന്തവും.

വാരിയെടുത്തുമാറോടു ചേർക്കുവാൻ
ഉള്ളുതുറന്നൊരു കരവും,
കല്മഷമില്ലാതെ ചുംബിയ്ക്കുവാൻ
ഇല്ലധരങ്ങളും നിനക്കായ് .

കൊത്തിപ്പിരുത്തൊന്നു പൊട്ടിച്ചിരിക്കുവാൻ
ഉണ്ട് ബാല്യങ്ങൾ ചുറ്റിലും .
കണ്ണുതെറ്റിയാൽ ഉള്ളിലാക്കാൻ
പുള്ളും പരുന്തും മേലെയും .

ഇല്ല പരിദേവനങ്ങൾ തെല്ലുമിന്നു നിന്നഭി-
ശപ്തതലങ്ങൾക്കു കൂട്ടിനായ്.
കണ്ണടച്ചു പിറകോട്ടിഴയുമ്പോൾ ഇല്ല
കണ്ണീർ ഒട്ടു പൊഴിയുവാൻ .
-----------------------ബിജു ജി നാഥ് 

അസ്തമയം


എരിഞ്ഞടങ്ങാൻ മടിച്ചൊരു പകലോൻ
ചക്രവാളം തന്നിലുണ്ടെങ്കിലും
ഒരിറ്റ് കനിവില്ലാതെ ഭൂമി വാരിയണിഞ്ഞകലുന്നു
അമ്പിളിതൻ വെണ്‍പ്രഭയെ മാറിലായ്.

തിരിഞ്ഞു നോക്കാതെ
പങ്കിട്ടനിമിഷങ്ങളെ ചവിട്ടിമെതിച്ച് ,
കണ്ട സ്വപ്നങ്ങളെ കഴുത്തു ഞെരിച്ച് ,
മഞ്ഞിന്റെ തണുപ്പിലേയ്ക്കോ.
മറ്റൊരു കനവിലേയ്ക്കോ !

വേദനയുടെ ചെന്തീനിറമോലും വദനം
സങ്കടക്കടലിലെറിഞ്ഞു,
വഴിമുട്ടിയാ വെളിച്ചം ഇരുളിലയുന്നപ്പോഴും
പിൻവിളിയുടെ ,
പദനിസ്വനത്തിന്റെ ,
ചിലമ്പിച്ചൊരൊച്ചയും കാതോർത്ത് .
--------------------------------------ബിജു ജി നാഥ്

Tuesday, August 11, 2015

വെളിപാട് പുസ്തകം

പിടിച്ചു വാങ്ങാനാവില്ല ഒന്നുമേ !
പ്രണയമോ ഭോജ്യമോ രതിയോ,
ഇഷ്ടങ്ങളെന്തുമാകാം പാരിൽ.
ഇരു മനസ്സുകളിലുയിരാകണമത്.
------------------------------ബി ജി എൻ

Monday, August 10, 2015

മിന്നുന്നതെല്ലാം പൊന്നല്ല


സൗന്ദര്യമേ നിന്റെ പിന്നിൽ മയങ്ങും
പൊയ്മുഖമാരറിയുന്നൂ പാരിൽ .
മധുവചസ്സേ നിന്റെ വിഷലിപ്തമാനസ
മറിയുവോർ അധികമില്ലുലകിൽ .

അറിയുന്നു ഞാനെന്നാൽ എളുതല്ല
പറയുവാൻ അതിരുകൾ പലതുണ്ട് മുന്നിൽ.
അകലുക നീയെന്ന പരിഹാരവാക്യത്താ-
ലനുതപിക്കട്ടിന്നു ഞാനും .

കനലെന്റെ വാക്കിലും ചിന്തയിലുമെന്നാൽ
ബന്ധപാശങ്ങളിലില്ലെന്നറിയ്ക .
അതുമതിയെന്നെയറിയുവാൻ അതിനാലേ,
അതുപറഞ്ഞകലുന്നു ഞാനും.

ഉപജാപവൃന്ദങ്ങളൊഴിയുമ്പോൾ,
തല്പത്തിൽ തളർന്നു വീഴുമ്പോൾ,
ഓർക്കുവാൻ ബാക്കിവയ്ക്കുന്നു
ഞാനെന്റെ വാക്യങ്ങളിന്നീ പകലിൽ .
--------------------------------ബിജു ജി നാഥ് 

Tuesday, August 4, 2015

ടാഗോറിന്റെ 120 കവിതകള്‍....ലിസ്സി jekkob

എന്റെ വായനയുടെ ആകാശം വളര്‍ന്നു കൊണ്ടിരിക്കുന്നു . എന്റെ സന്തോഷവും . ഇന്നെനിക്കു വായിക്കാന്‍ കഴിഞ്ഞത് വിശ്വ പ്രസിദ്ധനായ രവീന്ദ്ര നാഥ ടാഗോറിന്റെ 120 കവിതകളുടെ മലയാള വിവര്‍ത്തനം ആണ് . ആകാശ നൗകയില്‍ ഇരുന്നു ആണ് ഞാനീ പുസ്തകം വായിച്ചു തീര്‍ത്തത് എന്നത് എന്റെ യാത്രയുടെ മടുപ്പിനെ ഇല്ലാതാക്കുകയും സന്തോഷപ്രദമാക്കുകയും ചെയ്തു.  “ ടാഗോറിന്റെ 120 കവിതകള്‍” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത് ‘ശ്രീമതി ലിസ്സി ജേക്കബ് ‘ ആണ് . ടാഗോറിനെ പരിചയപ്പെടുത്തേണ്ട ആവശ്യകത ഒട്ടും തന്നെയില്ലാ എന്നതിനാല്‍ തന്നെ ഞാനാ സാഹസത്തിനു മുതിരുന്നില്ല. ആരാണ് ലിസ്സി ജേക്കബ് എന്നറിയാന്‍ താല്പര്യം ഉള്ളവരുണ്ടാകും . കാരണം എനിക്കാ പേര് സുപരിചിതം അല്ലായിരുന്നു ഈ വായന വരെ . പക്ഷെ ഈ വായനയോടെ ആ പേര് എനിക്ക് സുപരിചിതം ആയി എന്നതാണ് വാസ്തവം .
1948 ല്‍ തിരുവനന്തപുരത്ത് ജനിച്ച ശ്രീമതി ലിസ്സി ജേക്കബ് പ്രഗല്‍ഭ അദ്ധ്യാപകനായിരുന്ന ശ്രീ എന്‍ ജെ ജോര്‍ജ്ജിന്റെ മകള്‍ ആണ് . രസതന്ത്രത്തില്‍ ബിരുദാനന്ദ ബിരുദം ഉള്ള ശ്രീമതി ലിസ്സി ഇന്ത്യന്‍ അട്മിനിസ്ട്രെടീവ് സര്‍വ്വീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കോട്ടയം ജില്ലാ കളക്ടര്‍ , പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി , കേന്ദ്രഗവണ്മെന്റിന്റെ വ്യെവസായ മന്ത്രാലയം ഡയരക്ടര്‍ , കേന്ദ്രീയ വിദ്യാലയ കമ്മീഷണര്‍ , ആഭ്യന്തര വകുപ് സെക്രട്ടറി തുടങ്ങിയ വകുപ്പുകളില്‍ സേവനം ചെയ്ത് ചീഫ് സെക്രെട്ടറി ആയി വിരമിച്ചു . മുന്‍ ചീഫ് സെക്രെട്ടറി ബാബു ജേക്കബിന്റെ ഭാര്യ യാണ് . എന്‍ ജെ ജോര്‍ജ്ജ് :ധന്യ സ്മരണകള്‍ എന്ന സമാഹാരം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത് കൂടാതെ  ടാഗോറിന്റെ സ്ട്രെബേര്‍ഡ്സ് (അലഞ്ഞു തിരിയുന്ന പക്ഷികള്‍ ), ഫയര്‍ ഫ്ലൈസ് ( മിന്നാമിനുങ്ങുകള്‍ ) , ഫ്രൂട്ട് ഗാദറിംഗ് (ഫലശേഖരണം ), ഗാര്‍ഡിനര്‍ (ഉദ്യാനപാലകന്‍ ) എന്നിവ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേരി ക്യൂറി : അതുല്യ പ്രതിഭ എന്ന ജീവ ചരിത്രവും , മതിലുകളുടെ നിര്‍മ്മാണ ഭംഗിയെപ്പറ്റി മതിലുകള്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
കവിതയുടെ പുനര്‍ജ്ജനി എന്ന തലക്കെട്ടില്‍ ശ്രീ ജോര്‍ജ് ഓണക്കൂര്‍ വളരെ വിശദമായി അവതാരിക എഴുതിയ ഈ പുസ്തകം ആരും ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കും എന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും . വളരെ നൈസര്‍ഗ്ഗികമായ ഒരു അനുഭൂതി തലത്തില്‍ നിര്‍ത്തി വായിച്ചു എടുക്കാന്‍ കഴിയും വിധത്തില്‍ ടാഗോറിന്റെ ആത്മാവിനെ അത് പോലെ വരച്ചിട്ടു കവിതകളില്‍ എന്നതാണ് ഈ വിവര്‍ത്തനത്തിന്റെ പ്രത്യേകത. വരികളുടെ ആത്മാംശം ചോര്‍ന്നു പോകാതെ ആസ്വാദനം നഷ്ടമാകാതെ വരച്ചിട്ട് പോകുന്ന ഈ പുസ്തകം ഓരോ പേജിലും ആ കുലീനത പുലര്‍ത്തി പോകുന്നു . മികച്ച എഡിറ്റിംഗ് , പദ പ്രയോഗങ്ങള്‍ എന്നിവ കൊണ്ട് സമ്പുഷ്ടം ആണ് ഈ വിവര്‍ത്തനം .
ടാഗോറിനെ വായിക്കുമ്പോള്‍ എനിക്ക് ഫീല്‍ ചെയ്ത ഒരു വസ്തുത പറയാതെ ടാഗോറിന്റെ വായനയെ ഞാന്‍ സമീപിച്ചു എന്ന് പറയാന്‍ എനിക്ക് കഴിയില്ല . ഒരു പക്ഷെ അത് മറ്റുള്ളവര്‍ അനുകൂലിക്കുമോ എന്ന വേവലാതി എനിക്കില്ല . ടാഗോര്‍ എഴുതിയത് എല്ലാം തന്നെ ദേശഭക്തിയും , രാജഭക്തിയും നിറഞ്ഞ വരികള്‍ ആണ് എന്നതില്‍ സംശയമില്ല എന്നാല്‍ സ്ത്രീകളോടുള്ള സമീപനം പലപ്പോഴും കണ്ടത് പുരുഷതലത്തിലെ മേധാ പ്രഭാവത്തില്‍ നിന്ന് മാത്രമാണ് എന്ന് ഞാന്‍ സംശയിക്കുന്നു . പ്രണയിനിയോട് ഉള്ള പ്രണയം ആയാലും സന്ദേശം ആയാലും കീഴടങ്ങി നില്‍ക്കേണ്ട ഒരു തലം , അതുപോലെ വഞ്ചിക്കപ്പെട്ട പുരുഷ മുഖം ആണ് പല പ്രണയ കവിതകളിലും ടാഗോര്‍ ഉപയോഗിച്ചിരിക്കുന്നത്  എന്ന് വായന തോന്നിപ്പിച്ചതില്‍ വരികള്‍ക്ക് പങ്കുണ്ട് .
എന്തായാലും ഈ പുസ്തകം വായന പ്രേമികള്‍ക്ക് നല്ലൊരു വിരുന്നു ആയിരിക്കും എന്നത് സംശയമില്ലാത്ത സംഗതി ആണ് . നിങ്ങള്‍ക്ക് വായനയ്ക്കും ചിന്തകള്‍ക്കും വേണ്ടി ഞാന്‍ ഈ വിവര്‍ത്തനം മുന്നില്‍ വയ്ക്കുന്നു ..............................................ബി ജി എന്‍ വര്‍ക്കല