Monday, February 29, 2016

നിരീശ്വരന്‍ .... വി ജെ ജയിംസ്

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം .
എങ്ങും നിറഞ്ഞു എങ്ങും വിളങ്ങുന്ന നിരീശ്വരന്‍
മണ്ണില്‍ ഉല്പത്തിയായ കഥകള്‍ പറയാം .
ശത്രു നിഗ്രഹം ചെയ്തു ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം
അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി
അവനെ ഇനിയും അറിയാത്തവര്‍ക്കായി
നിരീശ്വരചരിത്രം ഇനി ഞാന്‍ ഉര ചെയ്യാം ,.
നിരീശ്വരലീലകള്‍ സഫലമായി വര്‍ണ്ണിക്കുന്നതിനു
അവനെനിക്ക് കൃപ നല്‍കുമാകാറാകട്ടെ .
ഓം നിരീശ്വരായ നമ :

ചില വായനകള്‍ നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തും . ചിലവ നിരാശ നല്‍കും . ചിലവ നമ്മെ പിന്നെയും പിന്നെയും വായിക്കാന്‍ തോന്നിപ്പിക്കും . വായനകള്‍ക്ക് കിട്ടുന്ന സൌകുമാര്യം അതിന്റെ എഴുത്തിലെ കയ്യടക്കങ്ങളും ശൈലികളും പ്രമേയവും ഒക്കെ വഹിക്കുന്ന പങ്കു അനുസരിച്ചാകും മാറി മറിയുന്നത് . മനുഷ്യന്‍ ബൌദ്ധികമായി ചിന്തിച്ചു തുടങ്ങിയ കാലത്തു തുടങ്ങിയതാണ് മത ചിന്ത എന്നത് രസാവഹമായ ഒരു വിഷയം ആണ് . മനുഷ്യന്‍ തുടങ്ങി വച്ച ആ വികാരം , വിശ്വാസങ്ങള്‍ പലപ്പോഴും മനുഷ്യനെ പരിഹാസ്യനായി നിര്‍ത്തുന്ന നിമിഷങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നു .
"നിരീശ്വരന്‍" എന്ന നോവലിന്റെ വായന തുടങ്ങുന്നത് ദേവത്തെരുവില്‍ നിന്നാണ് . അത് അവസാനിക്കുന്നത് നിരീശ്വരത്തെരുവിലും . ഇടയില്‍ അല്‍പനേരം അത് ആഭാസത്തെരുവ് ആകുന്നു എങ്കിലും ചാക്രിക ചലനം പോലെ അത് നിരീശ്വരത്തെരുവില്‍ എത്തി നില്‍ക്കുന്നു . എന്താണ് നിരീശ്വരന്‍ എന്ന നോവലിലൂടെ ശ്രീ വി ജെ ജയിംസ് പറയാന്‍ ശ്രമിക്കുന്നത് എന്ന് ഒന്ന് നോക്കുന്നത് ഈ നോവലിന്റെ വായനയെ , ആശയത്തെ മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു . ആന്റണി , ഭാസ്കരന്‍ , സഹീര്‍ എന്നീ ത്രിമൂര്‍ത്തികള്‍ ദേവത്തെരുവില്‍ വരുത്തുന്ന മാറ്റങ്ങളെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയും ആണ് ഈ നോവല്‍ പ്രതിനിദാനം ചെയ്യുന്നത് . മത മൈത്രി എന്ന ഓട്ടക്കലം ആണ് ആഭാസന്മാര്‍ എന്ന് സ്വയം നാമകരണം ചെയ്ത ഈ മൂന്നു ഉള്പതിഷ്ണുക്കള്‍ ആയ ചെറുപ്പക്കാരുടെ ബിംബത്തിലൂടെ നോവല്‍ വെളിച്ചപ്പെടുത്തുന്നത് . വേറെയും മൂന്നു പേര്‍ ഉണ്ട് പിന്നാലെ വരുന്നുണ്ട് അതേ ശൃംഖലയില്‍ .പുരോഗമന ആശയങ്ങള്‍ ഉള്ള ആഭാസന്മാരുടെ മുന്നേ അതെ തെരുവില്‍ ജീവിച്ചവരും ഇന്നും ജീവിച്ചിരിക്കുന്നവരും  ആണ് ഈശ്വരന്‍ നമ്പൂതിരിയും അര്‍ണോസും സൈദും . ഇവര്‍ പേരുപോലെ മൂന്നു മതങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് കാണാം . ഇവര്‍ക്ക് ഒപ്പം ഇന്ദ്രജിത്ത് ഇടതുപക്ഷ ആശയങ്ങളും ആയി സഞ്ചരിച്ചു പാതി വഴിയില്‍ വീണു പോകുന്നു . ഈശ്വരന്‍ നമ്പൂതിരി താന്‍ പൂജ നടത്തുന്ന ക്ഷേത്രത്തിലെ ആഭരണ മോഷണവും ആയി ബന്ധപ്പെട്ടു പുറത്താകുന്നു. സൈദ്‌ മതാധ്യപകന്‍ ആകുന്നു. അര്‍ണോസ് പാതിരിയും . ഇവരെ വഴിവക്കിലുപേക്ഷിച്ചു ആഭാസന്മാരിലെക്ക് വരാം . ദേവത്തെരുവിന്റെ പേരിനു കാരണം തന്നെ തേവരുടെ ക്ഷേത്രം ആണ് എന്നിരിക്കെ ആ തെരുവിന്റെ പേര് മാറ്റണം എന്ന നിശ്ചയത്തോടെ ആഭാസന്മാര്‍ ആ തെരുവിനെ ആഭാസത്തെരുവ് എന്ന് നാമകരണം ചെയ്യുന്നു . ഒരു വിശ്വാസത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താം എന്നതിന് ഉള്ള നല്ലൊരു ഉദാഹരണം ആണ് അവര്‍ ആ പേര് മാറ്റത്തിന് ഉപയോഗിച്ച സങ്കേതങ്ങള്‍ . ദേശത്തെ ക്ഷുരകന്‍ , വേശ്യ , ബസ്സ്‌ പിന്നെ പോസ്റ്റര്‍ നാട് നീളെ . അതെ ഒരു തെരുവിന്റെ പേര് മാറാന്‍ അധികം സമയം എടുത്തില്ല എന്നതാണ് സത്യം . അതേ സമയത്ത് തന്നെ ആഭാസത്തെരുവില്‍ ഒരു പുതിയ ദൈവത്തെ സ്ഥാപിച്ചുകൊണ്ട് നിലവിലുള്ള ദൈവ സങ്കല്‍പ്പത്തെ കളിയാക്കാനും അതിന്റെ തെറ്റുകള്‍ മനസ്സിലാക്കികൊടുക്കാനും ആഭാസന്മാര്‍ തീരുമാനിക്കുന്നു . ഇവിടെയാണ്‌ ശരിക്കും നോവല്‍ തന്റെ മുഖം വെളിപ്പെടുത്തുന്നത് . രൂപമില്ലാത്ത ദൈവത്തെ പ്രതിഷ്ടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആണ് ഭാസ്കരനിലൂടെ അവര്‍ മനുഷ്യ രൂപത്തിലെ ഒരു പ്രതിമ നിര്‍മ്മിക്കുകയും തലയും കൈകളും കാലും മുറിച്ചു ഒരു വികല പ്രതിമയാക്കി നിരീശ്വരന്‍ എന്നാ പേരില്‍ ആഭാസത്തെരുവില്‍ ആലും മാവും ചേര്‍ന്ന് നില്‍ക്കുന്ന ആ തറയില്‍ വയ്ക്കുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വിഷയം വിശ്വാസം എത്ര കണ്ടു നമ്മിലേക്ക് ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണം ആയി വിഗ്രഹം പ്രതിഷ്ടിക്കുക എന്നൊരു ആശയം ഉടലെടുക്കുക മാത്രമല്ല അതിനു അവര്‍ ഒരു നമ്പൂതിരിയെ തന്നെ കണ്ടെത്തുകയും ചെയ്യുന്നു . നേരത്തെ പറഞ്ഞ ക്ഷേത്രഭ്രഷ്ട് സംഭവിച്ച ഈശ്വരന്‍ നമ്പൂതിരിയെ കൊണ്ട് ഒരു പാതിരായ്ക്ക് അമാവാസിയില്‍ അവര്‍ ആ കടമ നിര്‍വ്വഹിക്കുന്നു . അതോടെ അവര്‍ക്ക് അതിലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുകയും അത് ജനങ്ങളുടേത് ആകുകയും ചെയ്യുന്നു . അടുത്ത പടി എന്നത് ഓരോ വിശ്വാസങ്ങളുടെയും മുന്നില്‍ വരുന്ന പരീക്ഷണങ്ങള്‍ ആണ് രോഗ ശാന്തി , ഉദ്യോഗ ലബ്ധി , ധനം , ഐശ്വ്യര്യം ഇത്യാദി കാര്യങ്ങള്‍ . മുറപോലെ ഒരിക്കലും കിട്ടില്ലാന്നു കരുതുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍  ജോലി ലഭിക്കുന്നു , കൊഞ്ഞ ഉള്ള ഒരാള്‍ നന്നായി സംസാരിച്ചു തുടങ്ങുന്നു , ഇരുപത്തി നാല് വര്‍ഷങ്ങള്‍ ആയി അബോധാവസ്ഥയില്‍ ആയിരുന്ന ഒരാള്‍ (ഇന്ദ്രജിത്ത് ) ലോകത്തേക്ക് ചെറുപ്പക്കാരനായി അബോധ അവസ്ഥയില്‍ പോയ അതെ അവസ്ഥയില്‍ തിരികെ എത്തുന്നു തുടങ്ങി അത്ഭുതങ്ങള്‍ നിറയെ സംഭവിക്കുന്നു . ഓരോ വിശ്വാസങ്ങളിലും സംഭവിക്കും പോലെ പ്രാര്‍ത്ഥന, ക്ഷേത്ര പരിപാലക സംഘം , വിശ്വാസ സംഘം  ഒക്കെ ഇവിടെയും നിരീശ്വരന്റെ കാര്യത്തിലും സംഭവിക്കുന്നു . ഇതേ സമയത്ത് തന്നെ ശാസ്ത്രത്തിന്റെ വക്താവായി റോബര്‍ട്ട് എന്ന ചെറുപ്പക്കാരനും അയാളിലൂടെ വിശുദ്ധയാകുന്ന ജാനകി എന്ന വേശ്യയുടെ കഥയും സജീവമാകുന്നു. നോവലിസ്റ്റ് തന്റെ അപൂര്‍ണ്ണമായ ശാസ്ത്രജ്ഞാനം റോബര്‍ട്ടിലൂടെ ഇടയ്ക്കിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും എല്ലാം വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള അവിശ്വാസചിന്തകള്‍ പോലെ ആണ് വായനക്കാര്‍ക്ക്  (പ്രത്യേകിച്ചും ശാസ്ത്ര കുതുകികളായ വായനക്കാര്‍ക്ക്  ) അനുഭവപ്പെടുന്നത് . ഗന്ധത്തിലൂടെ സഞ്ചരിക്കാന്‍ , പഠിക്കാന്‍ പരീക്ഷണം നടത്താന്‍ വന്ന അയാള്‍ പിന്നെ മനസ്സിലൂടെ ആകുന്നു യാത്ര . കാര്യകാരണസംഭവങ്ങള്‍ , കാലം , സമയം എന്നിവയുടെ ഉപയോഗം ഒക്കെ ഇതിനായി ഉദ്ധരിക്കുന്നുണ്ട് എങ്കിലും മിത്തുകളുടെ പുതിയ ലോകം സൃഷ്ടിക്കുന്ന ഒരു വായന ആകും റോബര്‍ട്ട് തുറന്നിടുന്നത് എന്നതില്‍ സംശയം ഇല്ല.
നോവലിന്റെ ഒരു ഘട്ടത്തില്‍ ആഭാസന്മാര്‍ ആ വിഗ്രഹം നശിപ്പിക്കാന്‍ തന്നെ തുനിയുകയും അവര്‍ ആ ക്ഷേത്ര പരിസരത്തു നിന്നും തന്നെ വിലക്കപ്പെടുകയും ചെയ്യുന്നതും തങ്ങള്‍ സൃഷ്ടിച്ച ദൈവം തങ്ങള്‍ക്കു അന്യവും അജയ്യവും ആകുന്നതും കണ്ടു വ്യാകുലര്‍ ആകുകയും ചെയ്യുന്നു . അതെ സമയത്ത് തന്നെ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവും അയാളുടെ യുവത്വവും ഭാര്യയുടെ വാര്‍ദ്ധക്യവും കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഉണര്‍ത്തുന്ന കിടപ്പറയുടെ ലോകവും , അയാളുടെയും ഭാര്യ സുധയുടെയും മനോവൈക്ലബ്യങ്ങളെയും നോവല്‍ സവിസ്തരം പറയുന്നു .
കൂട്ടത്തില്‍ മണിയന്‍ എന്ന ക്ഷുരകനും ഘോഷയാത്ര അന്നാമ്മയും നമ്മുടെ ഇടയില്‍ തമാശകള്‍ ആയി കടന്നു വരുന്നത് . ഘോഷയാത്ര അന്നാമ്മയും നാല് പെണ്മക്കളും ചേര്‍ന്നാല്‍ പിന്നെ മറ്റാര്‍ക്കും പിടിച്ചു നില്ക്കാന്‍ കഴിയില്ല അവരുടെ നാവിനു മുന്നില്‍ . കാരണം നാവില്‍ തോറ്റാല്‍ അന്നാമ്മ തന്റെ ഉടുമുണ്ട് ഒരു പൊക്ക് പൊക്കും അവരുടെ അവസാന ആയുധം ആണ് . ഇതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് ആരും അവരോടു വഴക്കിനു പോകാറില്ല പോയാലും സമവായം കൊണ്ട് പിന്‍വാങ്ങല്‍ ആണ് പതിവ് . ഇവിടെ ആണ് ഒരു ദിവസം അന്നാമ്മയും മണിയനും തമ്മില്‍ ഉള്ള വഴക്ക് നടക്കുന്നതും വഴക്കിനോടുവില്‍ അന്നാമ്മയുടെ തുണി പൊക്കലിനുമറുപടിയായി മണിയന്റെ നിര്‍വ്വാണക്കാഴ്ച. അതോടെ അന്നാമ്മ മൗനത്തിലേക്ക് പോകുന്നു . കാലം കഴിയുമ്പോള്‍ നിരീശ്വര മാജിക്കിലൂടെ ഇവര്‍ തമ്മിലുള്ള വൈരവും വഴക്കും അവരുടെ ഇടയില്‍ നിന്നും മഞ്ഞുരുകുന്ന പോലെ ഉരുകി മാറുന്നതും അവര്‍ക്കു നടുവില്‍ ഒരു കുടുംബം വളര്‍ന്നു വരുന്നതും കാണാന്‍ കഴിയുന്നു .
നിലവില്‍ ഉള്ള ദൈവ സങ്കല്‍പ്പങ്ങളും അവയുടെ ഉല്‍പ്പത്തിയും ഒക്കെ പ്രതിനിദാനം ചെയ്യുന്ന പല ഘടകങ്ങളെയും നിരീശ്വരനില്‍ ബിംബവല്‍ക്കരിച്ചു നോവലിസ്റ്റ് നമ്മെ ഈശ്വര വിശ്വാസം എന്നത് തന്നെ ആണ് പരമമായ സത്യം എന്ന് ബോധ്യപ്പെടുത്തുന്നു ഉടനീളം . ഒടുവില്‍ ആഭാസന്മാര്‍ ക്ഷേത്രത്തിന് ബോംബു എറിയാനുള്ള ശ്രമം നടത്തുകയും പ്രതിമ നിര്‍മ്മിച്ച ഭാസ്കരന്‍ തന്നെ അതിനു മുന്നിട്ടു നില്‍ക്കുകയും ഒടുവില്‍ കൈ മുറിഞ്ഞു ചോര ഒലിപ്പിച്ചു കിടക്കുമ്പോള്‍ കൂട്ടുകാര്‍ തന്നെ ഉപേക്ഷിച്ചു ഓടാന്‍ ശ്രമിക്കുന്നതും അവര്‍ മൂവരും ജയിലില്‍ ആകുന്നതും എത്തുമ്പോള്‍ നോവലിസ്റ്റ് ദൈവ വിശ്വാസം എല്ലാത്തിലും കുടിയിരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരമെന്ന വിശ്വാസത്തിന്റെ ചട്ടക്കൂട്ടില്‍ എത്തപ്പെടുകയും ഈശ്വരന്‍ നമ്പൂതിരി സമവായവും ആയും റോബര്‍ട്ട് തല്ക്കാല വിട പറയാന്‍ എത്തുന്നതായും കാണിച്ചു തരുന്നു. ഈശ്വരന്‍ നമ്പൂതിരിയുടെ ഗീതോപദേശങ്ങള്‍ കേട്ട് ഭാസ്കരന്‍ മാനസാന്തരപ്പെടുന്നതും അവനു പിന്നാലെ സഹീറും ഒടുവില്‍ ആന്റണിയും നിരീശ്വരനില്‍ വിശ്വസിക്കുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു .
പുതുമകള്‍ ഉള്ള അവതരണവും വിഷയവും ആയതിനാല്‍ തന്നെ വായനയ്ക്ക് നല്ലൊരു വിരുന്നാകും ശ്രീ വി ജെ ജെയിംസിന്റെ നിരീശ്വരന്‍ . ഡി സി ബുക്സ് ഇറക്കിയിരിക്കുന്ന ഈ നോവലിന് 250രൂപ ആണ് മുഖവില .





Sunday, February 21, 2016

എന്തെന്‍ മിഴികള്‍ ഇന്നിങ്ങനെ ...


എന്തെന്‍ മിഴികള്‍ ഇന്നിങ്ങനെ
സജലങ്ങള്‍ ആകുന്നു രാവേ.

എന്തെന്‍ മനസ്സിന്റെ ഉള്ളില്‍
നിറയെ ഭാരം നിറയുന്നു.

വീശിയടിക്കും തിരമാലകള്‍ പോല്‍
ഓര്‍മ്മക്കൊടുങ്കാറ്റ് വന്നിട്ടോ.

മോഹിച്ചതോക്കെയും ജലരേഖ
ആവുന്ന വിധിയിതോര്‍ത്തോ.

നീറും മനസ്സിനെ ചേര്‍ത്തൊന്നു
നിര്‍ത്തുവാന്‍ ആരുമില്ലെന്നോര്‍ത്തോ.

വേര്‍പെടും എന്‍ ജീവനൊരുനാള്‍ള-
ന്നെന്നെ ഓര്‍ത്ത്‌ കരയാനാരുമില്ലാഞ്ഞോ.

എന്തെന്‍ മിഴികള്‍ ഇന്നിങ്ങനെ
സജലങ്ങള്‍ ആകുന്നു രാവേ .
-------------------ബിജു ജി നാഥ്

Saturday, February 20, 2016

ചെമ്പനീര്‍ പൂവിതെത്ര ചുവന്നു ,

വര്‍ഷകാലത്തില്‍ വിരിഞ്ഞ ചെമ്പനീര്‍
പൂവിന്റെ ചുവപ്പ് പോലെന്‍ പ്രണയം
സപ്തസ്വരങ്ങള്‍ ഇഴചേര്‍ന്നൊഴുകും
മധുരമനോജ്ഞഗാനമെന്‍ പ്രണയം .

എത്രയാഴങ്ങളില്‍ പ്രണയമേ നീ നൃത്ത-
മാടുന്നൊരു മയിലിനെപോലെന്നില്‍
കടലേഴും കരയെടുക്കും കാലം വരെ
പ്രണയമേ നീയെന്നില്‍ ജ്വലിക്കും.

കടലുകള്‍ വറ്റി വരണ്ടു പോകുകയും
കന്മദമുരുക്കും സൂര്യ താപത്തിലും
സമയനാഴിയിലെന്‍ ജീവനമരും വരെ
പ്രിയനേ ഞാന്‍ പ്രണയത്തിലാറാടും.

പ്രണയമല്ലാതൊന്നും സുഖദമല്ല.
സുഖദമല്ല നിമിഷങ്ങള്‍ പോലുമേ .
വന്നിടും കാതങ്ങളകലെയെങ്കിലും
പ്രണയമേ നിന്നിലെത്താനെന്നുമേ.
---------------------ബി ജി എന്‍ വര്‍ക്കല
A Red, Red Rose
■■■■■■■■■■■■■■■
ROBERT BURNS
■■■■■■■■■■■■■■■
O my Luve is like a red, red rose
That’s newly sprung in June;
O my Luve is like the melody
That’s sweetly played in tune.
So fair art thou, my bonnie lass,
So deep in luve am I;
And I will luve thee still, my dear,
Till a’ the seas gang dry.
Till a’ the seas gang dry, my dear,
And the rocks melt wi’ the sun;
I will love thee still, my dear,
While the sands o’ life shall run.
And fare thee weel, my only luve!
And fare thee weel awhile!
And I will come again, my luve,
Though it were ten thousand mile.

Friday, February 19, 2016

കാവ്യസുഗന്ധി

ആഴങ്ങൾ തൻ നീലിമയിൽ 
നിൻ നിശ്വാസ തന്മാത്രകൾ 
വേനൽജലം പോലെന്നിൽ 
ശൈത്യം പുതയ്ക്കുമ്പോൾ 
കാതരേ നിൻ കണ്ണിണകൾ 
എന്നെ നോക്കി ചിരിതൂകുന്നു '

കാതോരം നിൻ ശബ്ദം
ജീവ കോശങ്ങളിൽ പട-
ർന്നാരോഹണങ്ങളാകുന്നു 
ഞാനോ പ്രണയലോലനും.
ഓമലെ മമ ജീവനിൽ നീ 
യമൃതമായി പടരുന്നുവോ 
തളർന്നാകെയും ഞാനിന്നു 
നിൻ പാദമുമ്മ വച്ചീടുന്നു.
 ..................... ബിജു ജി നാഥ്

Monday, February 15, 2016

അന്ധർ നയിക്കുന്ന ലോകം .


ചിറകുകൾ ഇല്ലാത്ത പക്ഷീ ,
നിനക്കിന്നീ
അതിരുകളില്ലാത്തൊരാകാശം
എന്തിനായ് .


കരളുരുകി നീ കേഴുകിൽ പോലുമേ
കഴിയുകില്ലെന്നറിയുക പാറിപ്പറക്കുവാൻ .

ഇവിടെയാകാശവും ഭൂമിയും
അതിരുകൾ തിരിച്ചിരിക്കുന്നു.

ഇവിടെ കടലിന്റെ ആഴങ്ങൾ
അളന്നെടുക്കുന്നു നങ്കൂരമാഴുന്നു.
ചിതലരിക്കും തത്വങ്ങൾ തിന്നും
കണ്ണുപൊട്ടുന്ന സത്യങ്ങൾ കണ്ടുമേ
ഹൃദയമുരുകി കേഴുകിൽ പോലുമാ
നീലവാനം നിനക്കന്യമാകുന്നു.

കനവുകൾ കണ്ടു നീയുറങ്ങാൻ
മോഹിച്ച
ഹരിതവനങ്ങൾക്ക് മേലടയിരിക്കുന്നു
ദുരയുടെ മഴുക്കൈയ്യേന്തിയ
നിഷാദ ലോകത്തിന്നാസുര ചിന്തകൾ .
ഇനി നീ മറന്നീടുക
പറന്നേറാൻ കൊതിച്ച മേഘങ്ങളെ .

ഇനി നീ മറക്കുക
നിറയെ കാണാൻ കൊതിച്ചൊരീ കടലിനെ.
കുഴിക്കുക മണ്ണിൻ മാറിലിത്തിരി
സ്വന്തമല്ലാത്ത മണ്ണാ കരങ്ങളാൽ .

കണ്ടിടാതാരും കേട്ടിടാതെ
ഉള്ളിലുയിരിനെ അടക്കം ചെയ്യുക .
നൃത്തമാടും ലോകമാ നെടുവീർപ്പിൻ
മേലേയേറി പ്രചണ്ഡതാളത്താലേ.
............................. ബിജു ജി നാഥ്

ദേശസ്നേഹം മുടങ്ങാതെ മൂന്നു നേരം


ദിനവും മൂന്നു നേരം
അപ്പോത്തിക്കരിയുടെ
കയ്ക്കും ഗുളിക പോലെ
ഇനി നിങ്ങള്‍ പറയണം
ഞാന്‍ ഭാരതീയന്‍.


മുക്കിനു മുക്കിനു
നിങ്ങളുടെ ഭാഷണത്തില്‍
കുത്തിത്തിരുകണം ഇനിയെന്നും
വന്ദേമാതരം.

വീരചരമം പ്രാപിക്കുന്ന
ഓരോ ജവാനും നല്‍കണം
എഴുന്നേറ്റ് നിന്നൊരു സല്യൂട്ടും
നൂറു ഷെയറുകളും .

നാല് മണി കഴിഞ്ഞാല്‍
പെണ്മക്കളെ മുറിയിലടച്ചു
ആണ്മക്കളെ മുടങ്ങാതെ പഠിപ്പിക്കണം
യത്ര നാര്യസ്തു പൂജ്യന്ത രമണേ തത്ര ദേവത .

സായം കാലത്തിന്റെ ശാഖകളില്‍
മുടങ്ങാതെ പങ്കെടുത്തു
കുറുവടി കൊണ്ട് പണ്ടം കലക്കാന്‍ പഠിക്കണം.
പിന്നെ പ്രതിജ്ഞ പുതുക്കണം
ഹിന്ദുവിന്റെ ശത്രുവിനെ
മുച്ചൂടും മുടിക്കണം .

കയ്യില്‍ ഉയര്‍ത്തി പിടിക്കുക
മനുസ്മൃതിയുടെ പതിപ്പുകള്‍
ഓച്ഛാനിച്ചു നിന്നധികാര ദണ്ടിനാല്‍
ആസനത്തില്‍ പ്രഹരം ഏറ്റുരുവിടുക
ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമവിഭാഗശഃ
നിങ്ങളെ കാത്തിരിക്കുന്നത്
ആര്‍ഷഭാരത സംസ്കാരത്തിന്‍ താമ്രപത്രങ്ങള്‍ !
നിങ്ങള്‍ അറിയപ്പെടും ഇനി
ദേശസ്നേഹി .
ഭാരതാംബയുടെ പുത്രന്‍ .
-------------ബിജു ജി നാഥ്

Sunday, February 14, 2016

ആദരാഞ്ജലി


മരണമില്ലാത്ത വാക്കുകൾ
തന്നു നീ
മറയുകയാണെന്നിൽ വേദന നല്കി
അറിയുക ഞാനെന്നും
കൊതിച്ചിരുന്നരികിൽ -
വന്നാ കരം മുത്തി
നിന്നനുഗ്രഹം തേടുവാൻ .
ധരിത്രി തന്നാസന്നമൃതിയിൽ
മനംനൊന്ത്
നീയേകിയ ചരമശുശ്രൂഷയിന്നെന്റെയും
ഹൃദയം നിറഞ്ഞൊഴുകുന്നു.
വേദനക്കടലിൽ മുങ്ങിയാഴുന്നു ഞാൻ
മലയാളം വിതുമ്പുമീ
നിമിഷങ്ങൾ നിനക്കേകും അർച്ചനയാകുന്നു.
നീ നല്കിപ്പോകുന്നോരീ അക്ഷരങ്ങൾ, ഗാനാമൃതങ്ങൾ, വാക്ചരിതങ്ങൾ
ഓർത്തിടും ഭാഷ മരിക്കാതിരിക്കും വരേക്കും.
ഓർക്കുക , ശാന്തമായി പോകുക ഇനി നീ
അഞ്ജലീ ബദ്ധനായി
ഇന്ന് ഞാൻ നിൻ യാത്ര
കണ്ടു നിന്നീടുന്നു .
---------------ബിജു ജി നാഥ്

ഓ എന്‍ വി യുടെ നിര്യാണവാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ വന്ന വരികള്‍

ഇന്നിന്റെ കാഴ്ച


നമുക്കിടയിൽ നിഴൽപോലെ
പാവക്കൂത്തു നടക്കുന്നു .
അഴിച്ചും കെട്ടിയും
'അധികാരം', മണത്തു നടക്കുന്നു
പാവാടചരടിലെ പശമണം.
ദളിതെന്നു വിലപിക്കുന്നഭിനവ
പുരോഗമനപ്രതികരണ തൊഴിലാളികൾ!
മദമാർന്നു പുളയ്ക്കുന്നു
പൌരോഹിത്യ കാപട്യങ്ങൾ .
തിളയ്ക്കുന്ന ക്ഷുഭിതയൗവ്വനങ്ങൾ
ഇന്നന്യമായ് കഴിയുന്നു .
ഫാസിസം എന്നാർക്കുന്നു
കയ്യിലേന്തും വാളാൽ ,
നാവിലേന്തും വാക്കാൽ ,
അധികാര പാശത്താൽ .
എന്തെഴുതണം
എന്തുപറയണം
എന്തു കഴിക്കണം
എങ്ങനെ ജീവിക്കണം
എന്നു പഠിപ്പിക്കുന്നു .

ഇനിയുമീ ലോകം നമുക്കായ്
ഇലകൾ നിറഞ്ഞ തണലാകില്ല .
-------------------------ബിജു ജി നാഥ്

മധുരമീ ജീവിതം


മരണമേ നീയെത്ര മധുരമാം ചിന്തയായ്
അലിയുകയാണെന്റെ ധമനി തോറും.
അടവിയിലകപ്പെട്ട ചിന്തകൾ
ക്രൂരമാം നേരിന്റെ
അഴിമുഖമെത്തി വിശ്രമിക്കുമ്പോൾ
മരണമേ നീയെത്ര മധുരമാം ചിന്തയാൽ
മരുവുകയാണെന്റ നാഡികളിൽ.
ഇലകൾ കൊഴിഞ്ഞൊരു ശാഖിയിൽ
ജീവന്റെ ഇലയനക്കങ്ങൾക്ക് ചെവികൊടുത്തിന്നു ഞാൻ
ഇരവുകൾ പകലുകൾ എണ്ണുവാനരുതാതെ
ഇവിടെയുണ്ടിപ്പോഴും ജീവനോടെ.
കനലില്ല കണ്ണീർ മണിയില്ല
പ്രണയമാം ദുരയും കാണ്മതില്ല
രതിയുടെ നിശാഗന്ധി വിരിയുന്ന
ഗന്ധമോ
നിലാവിന്റെ തണലോ കൂടെയില്ല
കൂടെയുണ്ടെപ്പോഴും നീയെന്ന തണലെന്നു
കൂടയില്ല ചിന്തയിലെങ്ങുമിന്നു.
നീയാം നഭസ്സിന്റെ തണലിൽ മയങ്ങുന്ന
കാലവും അകലുന്നു മായയായ്
............................ ബിജു ജി നാഥ്

Saturday, February 13, 2016

ഡിബോറ ... സലിം അയ്യനേത്തിന്റെ കഥാ സമാഹാരം

സലിം അയ്യനേത്ത് . പ്രവാസിയായ ഒരു എഴുത്തുകാരന്‍..
 തന്റേതായ ശൈലിയില്‍ എഴുത്തിനെ വളരെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ചെറുപ്പക്കാരന്‍ . ഡിബോറ എന്ന കഥാ സമാഹാരത്തെ സമീപിക്കുന്ന വായനക്കാരന്റെ കണ്ണുകളില്‍ ആദ്യം വീഴുക കഥാകാരന്റെ വായനക്കാരോടുള്ള പ്രതികരണങ്ങളെ എങ്ങനെ താന്‍ കാണുന്നു എന്ന താക്കീത് ആണ് . ഈ ധിഷണശാലിയുടെ വായനയെ സമീപിക്കുന്നവരെ മുന്‍കരുതല്‍ എടുക്കാന്‍ പ്രേരകമാക്കുന്ന ഒരു ഘടകവും /
സലിം അയ്യനെത്തിനെ വായിക്കുമ്പോള്‍ ഒരു ബൗദ്ധിക വിരുന്നു പ്രതീക്ഷിക്കരുത് . നാട്ടിന്‍ പുറത്തുകാരനായ ഒരു എഴുത്തുകാരന്റെ സാധാരണമായ എഴുത്തില്‍ , ലളിതമായ വാക്കുകളില്‍ വായനക്കാരന്‍ തൃപ്തനാകും . പറഞ്ഞു പഴകിയ കഥകള്‍ ആണ് പലതും ചിലതൊക്കെ പുതുമ അവകാശപ്പെടാനും കഴിയും . വ്യെക്തമായ പഠനങ്ങളും ഗൃഹപാഠവും ചെയ്തു എങ്കില്‍ നല്ലൊരു വായനാ തലം സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ എന്ന് മനസിലാക്കാം കാതലായ ചില രചനകളില്‍ . എങ്കില്‍ തന്നെയും നമ്മുടെ വായനകളെ നമുക്ക് ഇഷ്ടമായ തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം എഴുത്തുകാരന്‍ ഒരുക്കി വച്ചിരിക്കുന്നു ഓരോ രചനകളിലും എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് .
ആഴമേറിയ ചില ചിന്തകളെയും. വരും കാലത്തിനെയും. രാഷ്ട്രീയ സാമൂഹിക ചിന്തകളെയും കൊരുത്തു വച്ചിരിക്കുന്നുണ്ട് പലയിടങ്ങളിലായി .
'ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ സംഭവിച്ചവയാണ് തന്റെ എഴുത്തുകള്‍' എന്ന് കഥാകാരന്‍ തുടക്കത്തിലേ പറയുന്നുണ്ട് തന്റെ രചനകളെ കുറിച്ച് . പക്ഷെ ആ ഭ്രമാത്മക ചിന്തകള്‍ തികഞ്ഞ ബോധത്തില്‍ നിന്നും തന്നെയാണ് ഉണ്ടാകുന്നത് എന്ന് വായനക്കാരന്‍ തിരിച്ചറിയുന്നിടത്തു എഴുത്തുകാരന്‍ പരാജയവും വായനക്കാരന്‍ വിജയവും ആകുന്നു എന്നത് ഡിബോറയ്ക്ക് അവകാശപ്പെടാന്‍ ഉള്ള ഒരു മേന്മയാകുന്നു .
കൈരളി ബുക്സ് പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകത്തിന്‌ നൂറു രൂപ ആണ് മുഖ വില ഇട്ടിരിക്കുന്നത് മനോഹരമായ പുറംചട്ടയും പ്രിന്റിംഗ് എന്നിവയാലും നല്ലൊരു പുസ്തകം വായനക്കാരന് ലഭിക്കുന്നു .
കഥകളിലേക്ക് കടക്കുമ്പോള്‍ വായനക്കാരനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പ്രശസ്ത സാഹിത്യകാരനായ ശ്രീമാന്‍ ആലങ്കോട് ലീലാ കൃഷ്ണന്റെ അവതാരികയാണ് . അദ്ദേഹവും ആവര്‍ത്തിക്കുന്നത് ഒരു നിരൂപണം അല്ല വായിച്ചു പോകല്‍ ആണ് ഈ പുസ്തകം നിങ്ങളോട് ആവശ്യപ്പെടുന്നത് എന്നുതന്നെയാണ് . അകപ്പേജുകളില്‍ പതിന്നാലു കഥകള്‍ ആണ് വിന്യസിച്ചിരിക്കുന്നത് . ആദ്യം തന്നെ ടൈറ്റില്‍ പേരായ ഡിബോറ നമ്മെ സ്വാഗതം ചെയ്യുന്നു. തികച്ചും ഡിബോറ പ്രതിനിധാനം ചെയ്യുന്ന വിഷയം ശൂന്യാകാശത്തില്‍ ജീവിതം പറിച്ചു നടാന്‍ വേണ്ടി പാകപ്പെടുത്തി എടുക്കുന്ന കുടുംബങ്ങളില്‍ ഒന്നിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും ദുരന്തവാഹിയായ അവസാനവും ആണ് . ജലത്തിന്റെ ദൌര്‍ലഭ്യം മുന്നില്‍ കണ്ടുകൊണ്ടു മനുഷ്യന്‍ വരും കാലങ്ങളില്‍ അന്യഗ്രഹങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കും എന്ന ശാസ്ത്രത്തിന്റെ മുന്കാഴ്ച്ചയെ ആണ് കഥാകാരന്‍ ഇവിടെ കൂട്ടുപിടിക്കുന്നത് . ആകാശത്തോളം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹം . അവര്‍ ഒരിക്കലും മണ്ണിനെ സ്പര്‍ശിക്കുന്നില്ല . അവരുടെ സഞ്ചാരം കോപ്ടറുകളിലും  സ്പേസ് ക്രൂയിസിലും മാത്രം , നിലം തൊടാത്ത റോഡുകള്‍ , ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ , ഡിബോറ എന്ന നായികയുടെ അമ്മയുടെ ശവകുടീരം പോലും ഈ സംവിധാനങ്ങള്‍ നിറഞ്ഞ ഒരു കാഴ്ച ആണ് . അവിടെ ഭൂമിയിലെ പുഷ്പങ്ങള്‍ ഇന്ന് വലിയ വില കൊടുക്കേണ്ട ഒരു വസ്തുത ആണെന്ന വാക്ക് തന്നെ ഭൂമിയില്‍ സംഭവിക്കാവുന്ന ദുരന്തചിത്രത്തെ കാണിക്കുന്നുണ്ട് . ആ ലോകത്തില്‍ പക്ഷെ ഫിക്ഷന്‍ കഥകളെ അനുസ്മരിപ്പിക്കാന്‍ വേണ്ടി മാത്രം കോടികള്‍ നിമിഷങ്ങള്‍ക്ക് വിലയുള്ള ഡിബോറയുടെ പിതാവിന്റെ ശത്രുക്കളെ സൃഷ്ടിക്കുകയും അവരുടെ ഒരു ആക്രമണ ശ്രമത്തിനിടയില്‍ ഡിബോറയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും അവള്‍ പ്രണയിക്കുന്ന (എല്ലാ പ്രണയ കഥകളിലും നായകന്‍ പാവപ്പെട്ടവനും നായിക പണക്കാരിയും ആകുന്ന സ്ഥിരം ശൈലി ഇതിലും കാണാം ) കോപ്ടര്‍ പൈലറ്റിനെ ജീവിതത്തോടുള്ള വിരക്തിയും , പ്രണയം പൂവിടില്ല എന്ന മനോവിഷമവും കൊണ്ട് നാശം വരട്ടെ എന്നുള്ള ചിന്തയാല്‍  ചുംബിക്കുകയും അയാള്‍ കോപ്ടര്‍ നിയന്ത്രിക്കാന്‍ കഴിയാതെ അത് തകര്‍ന്നു ആകാശത്ത് തന്നെ ഒരു അഗ്നിഗോളമായി അവര്‍ തീരുകയും ചെയ്യുന്നത് ആണ് കഥ . നെറ്റില്‍ നിന്നും ഭൂമിയെ കണ്ടും സ്നേഹിച്ചും കഴിയുന്ന ഡിബോറയില്‍ കൂടി മണ്ണിന്റെ സ്പന്ദനം കൊതിക്കുന്ന മനുഷ്യന്റെ മനസ്സിനെ വരയ്ക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് . ഒരുപാട് പാളിച്ചകള്‍ ഇവയിലെ കാലഘടനയിലും മറ്റും വായിച്ചെടുക്കാം എങ്കിലും ആശയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നുണ്ട് ഈ കഥ .
തുടര്‍ന്ന് വരുന്ന കൊശവത്തിക്കുന്നു എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് ഒരു സാമൂഹിക വിഷയം ആണ് . അന്യം നിന്ന് പോകുന്ന ഒരു കുലത്തൊഴില്‍ ആയ മണ്‍പാത്ര നിര്‍മ്മാണവും അത് കുലത്തൊഴിലാക്കിയ ജനതയുടെയും കഥ ആണ് ഇതില്‍ പറയാന്‍ ശ്രമിക്കുന്നത് . വനജ എന്ന കു
കൊശവത്തി പെണ്ണും അവളിലൂടെ അനാവൃതമാകുന്ന കൊശവത്തിക്കുന്നും ആണ് ഇതിവൃത്തം . ഇവിടെ കൗമാരക്കാരന് കൊശവത്തി പെണ്ണിന്റെ അഴകുടലിനോട് തോന്നുന്ന അഭിനിവേശം പ്രണയം ആണോ എന്ന തെറ്റിദ്ധാരണ നായകനില്‍ തന്നെ ഉണ്ടാകുന്നുണ്ട് . തനിക്കും വനജയ്ക്കും ഇടയില്‍ എന്തായിരുന്നു എന്ന ഒരു ചിന്ത കൊടുത്തു ആ ഉടലിന്റെ ദാഹത്തെ പ്രണയം ആയി മാറ്റുവാന്‍ ഉള്ള വൃഥാ ശ്രമം ആയി അത് കാണേണ്ടി ഇരിക്കുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കമ്പനിയുടെ മാനേജരായി കൊശവത്തിക്കുന്നിലേക്ക് അയാള്‍ തിരഞ്ഞു വരുന്നത് അതെ വനജയെ ആണ് . പക്ഷെ അപ്പോഴേക്കും കൊശവത്തിക്കുന്നിലെ മണ്ണ് ചുവന്നു കഴിഞ്ഞിരുന്നു . തൊഴില്‍ നഷ്‌ടമായ കുടുംബങ്ങള്‍ ശരീരം വില്‍പ്പന കൊണ്ട് അന്നം തേടുന്ന അവസ്ഥയിലേക്ക് അവിടം മാറിക്കഴിഞ്ഞു . അവിടെ നിന്നും വനജയെയും മകളെയും രക്ഷിച്ചു കൊണ്ട് അയാള്‍ പോകുന്നിടത്ത് കഥ അവസാനിക്കുന്നു . കുലത്തൊഴില്‍ നഷ്ടമാകുന്ന സമൂഹങ്ങള്‍ ഒക്കെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്നുവെന്നും അവരൊക്കെയും ശരീരം വില്‍ക്കുന്ന രീതിയിലേക്ക് ജീവിതത്തെ സമരസപ്പെടുത്തുന്നു എന്നുമുള്ള കാഴ്ചപ്പാട് ആധുനികം അല്ല എന്നൊരു പോരായ്മ ഇതില്‍ വായിക്കപ്പെടുന്നുണ്ട്‌ .
തുടര്‍ന്ന്‍ വരുന്നതു മൂസാട് എന്നൊരു കഥയാണ് . ഇതില്‍ കഥാപാത്രമാകുന്നത് ഒരാടു ആണെങ്കിലും അത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ ജീവിതം തന്നെയാണ് . ഹാജിയുടെ മകള്‍ ബൂഷറയും അമീറും കുട്ടിക്കാലം മുതലേ ഉരുത്തിരിഞ്ഞു വന്ന ഒരു അടുപ്പവും പ്രണയവും ഹാജിയാര്‍ വളര്‍ത്തുന്ന ആട്ടിന്കുട്ടികളിലൂടെ കാണിക്കുകയും ഒടുവില്‍ ഒരുനാള്‍ ആ ആട്ടിന്‍കുട്ടിയെ ഉള്ളാളിലേക്ക് പള്ളിക്ക് ഇരുത്തുകയും ചെയ്യുന്നതും തിരികെ അവിടെയ്ക്ക് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന ആ ആടിന്റെ കഴുത്തിലെ സഞ്ചിയിലെ നേര്ച്ച പണം ഹാജിയാര്‍ പച്ചില കാണിച്ചു വശത്താക്കുകയും ബൂഷറ കാണുമ്പോള്‍ ആടിനെ തല്ലിയോടിക്കുന്നതും പിന്നൊരു നാളില്‍ ആ ആടിനെ തെരുവില്‍ ഹാജിയും കൂട്ടരും കൂടി തല്ലിഇടുന്നതും ഹാജിയില്‍ വസൂരിമാല ഉണ്ടാകുന്നതും ആണ് കഥയിലെ കാഴ്ച . കുടുംബത്തിലെ ബന്ധുവായ പയ്യനെ അന്യനാട്ടിലേക്ക് (ഇവിടെ ഉള്ളാള്‍ ഉപയോഗിക്കുന്ന പ്രതീകം വച്ച് സൗദി ആകാം .) അയക്കുന്നതും അവിടെ നിന്നും നിറയെ പണവും ആയി വന്നപ്പോള്‍ അവനെ ബൂഷറ എന്ന പച്ചില കാണിച്ചു പണം മുഴുവന്‍ വശത്താക്കുന്നതും ഒരുനാള്‍ അവന്‍ മകളുടെ അടുത്ത് പ്രണയനിമിഷങ്ങള്‍ പങ്കിടുന്നത് കണ്ട ഹാജിയും അനുയായികളും അവനെ തല്ലി അവശനാക്കി തെരുവില്‍ തള്ളുന്നതും പ്രതീകാത്മകമായി അവതരിപ്പിച്ചു . ഒടുവില്‍ ആത്മീയതയുടെ പുറം പാളി കൊണ്ട് കുറ്റബോധത്തിന്റെ രോഗ തന്തുക്കളെ വാരി വിതറി കഥയെ ശുഭാപര്യവസാനിയാക്കി കഥാകൃത്ത്‌ ആശ്വസിക്കുന്നു .
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥയില്‍ നമുക്ക് കാണാന്‍ കഴിയുക സ്വവര്‍ഗ്ഗരതിയും ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ആണ് . അലീനയുടെ ഭര്‍ത്താവ് ജന്മനാ ഒരു സ്വവര്‍ഗ്ഗരതിയുടെ ആസ്വാദകന്‍ ആയിരുന്നില്ല എന്നു  കഥാകൃത്തിന്റെ വരികളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്  . കുറച്ചു കാലം ജയിലില്‍ കിടക്കേണ്ടി വരുന്ന കാലത്തും അയാളില്‍ രതി വൈകൃതങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പോലും അയാള്‍ അതിനെ കാണുന്നത് അറപ്പോടെ ആണെന്ന് വിവരിക്കുന്നതിലൂടെ അത് വ്യെക്തമാണ് . എങ്കിലും ജയിലില്‍ വച്ചു അയാള്‍ തന്റെ കാമം സഹതാടവുകാരനില്‍ തീര്‍ക്കുന്നതും ജയില്‍ ജീവിത കാലത്തില്‍ പരിചയിച്ച ആ ശീലം മൂലം ഭാര്യയോടും അയാള്‍ ഗുദഭോഗത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നതും (സ്വവര്‍ഗ്ഗ രതി എന്നാല്‍ എന്തെന്ന വികലമായ ഒരു കാഴ്ചപ്പാട് ഇതില്‍ തന്നെ വെളിവാകുന്നു )പുരുഷന്മാരുമായി മാത്രം കൂടുതല്‍ കൂട്ട് കൂടുകയും അവരുമൊത്ത് അടച്ചിട്ട മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും എല്ലാം വിവരിച്ചു കൊണ്ട് അലീന അയാളെ തിരികെ കിട്ടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് . സോദോം ഗോമെറയുടെ സിമിറ്റിക് മതങ്ങളുടെ വിവരണകഥകള്‍ കൂട്ടുപിടിച്ചുകൊണ്ട് അവിടെ തന്നെയാണ് അലീന അതിനുള്ള ഉത്തരം തേടുന്നതുമെന്നത് രസാവഹമായ ഒരു കാഴ്ചയാണ് . ഒടുവില്‍ സ്ത്രീയിലും പുരുഷനിലും ഉള്ള ആകര്‍ഷണത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞു അവള്‍ തിരികെ പോകുന്നിടത്ത് കഥ തീരുന്നു . ഇവിടെ അലക്സ് എന്ന കഥാപാത്രം ഒരു പക്ഷെ ഇഷ്ടമില്ലാതിരുന്ന ആ രതി ബന്ധങ്ങളിലെയ്ക്ക് തിരിഞ്ഞു എങ്കില്‍ അതിനു കാരണം അലീനയില്‍ നിന്നുമുള്ള ലൈംഗിക ആകര്‍ഷണവും ബന്ധപ്പെടലുകളും അയാളില്‍ മാനസികമായ സംതൃപ്തി നല്‍കിയിരുന്നില്ല എന്നതാകം എന്നും അലീന അത് തിരിച്ചറിയുന്നതോടെ അയാള്‍ സ്വാഭാവിക രീതിയിലേക്ക് കടന്നു വരുന്നു എന്നും വായനക്കാരന് ആശിക്കാം . എന്നിരിക്കിലും സ്വവര്‍ഗ്ഗ രതിയും പ്രണയവും രണ്ടാണ് എന്നും , സ്വവര്‍ഗ്ഗ രതി ഒരു മാനസികഅസുഖം ആണ് എന്നുമൊക്കെയുള്ള മതപരമായ ചില സങ്കുചിത കാഴ്ചപ്പാടില്‍ കഥാകൃത്ത്‌ തളച്ചിടപ്പെടുന്ന കാഴ്ച വായനക്കാരനെ തെല്ലു ബുദ്ധിമുട്ടിച്ചേക്കാം.
ആല്‍മരങ്ങള്‍ തേടി എന്ന കഥയില്‍ ഒരു തട്ടുപൊളിപ്പന്‍ സിനിമാ കഥയുടെ ബീജം ആണ് പ്രധാനവായനയായി കാണുക . രണ്ടു മതങ്ങള്‍ അവയില്‍ പെട്ട കൂട്ടുകാര്‍ അവര്‍ക്കിടയിലെ ആത്മബന്ധം, ലഹള , കൂട്ടുകാരനെ രക്ഷിക്കല്‍ എന്നിവയൊക്കെ അതാണ്‌ വായനയില്‍ തെളിയുന്നതും . ഇവിടെ അല്പം വ്യെത്യേസ്തത കണ്ടെത്താന്‍ ശ്രമിക്കുന്നത് കഥയുടെ പാതിയെ ഗള്‍ഫിലേക്ക് പറിച്ചു നട്ടുകൊണ്ട് ആണ് . അവിടെയും ആഡംബരത്തിന്റെ ധൂര്‍ത്തിന്റെ ബാക്കി പത്രമായ ആത്മഹത്യയില്‍ കഥയെ അവസാനിപ്പിക്കുന്നു .
ഗോധ്രയിലെ വിളക്ക് മരങ്ങള്‍ എന്ന കഥ ഗുജറാത്ത് കലാപത്തിന്റെ കഥയാണ് . ഗുജറാത്തിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ച സുലൈമാന്റെ കഥ . കലാപത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ടു മാനസികമായി തകര്‍ന്നുപോയ അയാള്‍  നാട്ടില്‍ വന്നു ബന്ധുക്കളെ കണ്ടു തിരികെ പോകുന്നതും അയാളെ വീണ്ടും തിരികെ കൊണ്ട് വരാന്‍ നായകന്‍ അവിടെയ്ക്ക് പോകുന്നതും അവിടെ കാണുന്ന കലപാത്തിന്റെ ബാക്കി പത്രങ്ങളുടെ കാഴ്ചകളുടെ വിവരണവും ആണ് കഥയില്‍ നിറയുന്നത് . ഒടുവില്‍ സുലൈമാനെ തിരഞ്ഞു ഒരു സന്യാസിയുടെ അടുത്തെത്തുന്നതും അയാള്‍ ഒരു മന്ദസ്മിതത്തിലൂടെ നായകനെ യാത്രയാക്കുന്നതും കഥയെ പൂര്‍ണ്ണമാക്കുന്നു. കലാപവും അത് മുറിവേല്‍പ്പിച്ച മനസ്സുകളും കലാപകാരികളും തമ്മിലുള്ള സ്പര്‍ദ്ധയും അകല്‍ച്ചയും അവരെ തന്നെ തമ്മില്‍ അടുപ്പിച്ചു കൊണ്ട് ഇല്ലാതാക്കി സമാധാനം എന്നാല്‍ സന്യാസം എന്ന അബദ്ധ കാഴ്ചപ്പാടില്‍ കഥ അവസാനിപ്പിക്കുന്നതില്‍ പല പോരായ്മകളും ഉണ്ട് എന്നതും അവതരണത്തില്‍ ഇടയില്‍ കാലത്തിന്റെ തിക്കുമുട്ടലില്‍ വായനക്കാരന് പരിക്കേല്‍ക്കുന്നതും കഥയുടെ ഭദ്രതയെ ബാധിച്ചിരിക്കുന്നു .
കൂട്ടത്തില്‍ വ്യെത്യേസ്ഥത പുലര്‍ത്തിയ മറ്റൊരു കഥയാണ് ഉറുമ്പിന്‍ കൂട്ടത്തിലെ നക്ഷത്രങ്ങള്‍ . സ്കൂള്‍ വിട്ടു വന്ന ഒരു പെണ്‍കുട്ടിയെ ഒരു രാക്ഷ്ട്രീയ നേതാവ് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊല്ലുന്നതിനു സാക്ഷികളാകുന്ന ഉറുമ്പുകളുടെ മനോവിചാരങ്ങളിലൂടെ കടന്നു പോകുന്ന കഥ ഒടുവില്‍ നീതിപീഠം പോലും പണം കൊണ്ട് കാതുകള്‍ മൂടി അയാളെ വെറുതെ വിടുമ്പോള്‍ പ്രതികാരദാഹത്താല്‍ കൂട്ടത്തില്‍ മുതിര്‍ന്ന വിപ്ലവചിന്തയുള്ള ഉറുമ്പ് അയാളുടെ മസ്തിഷ്കത്തില്‍ പ്രവേശിച്ചു അയാളെ വാഹനാപകടത്തില്‍ കൊല്ലുന്നതും ആയ ഒരു കഥ . പ്രതികരിക്കാന്‍ കഴിയാത്ത ജനതയെ ഉറുമ്പായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തപ്പെട്ട അവരില്‍ ഒടുവില്‍ നീതിപീഠം പോലും തങ്ങള്‍ക്ക് കാവല്‍ അല്ല എന്ന തിരിച്ചറിവില്‍ സ്വയം നിയമം കയ്യിലെടുത്തു നീതി നടപ്പിലാക്കാന്‍ ഉള്ള ശ്രമവും അതിനു വിപ്ലവപ്രസ്ഥാനത്തിന്റെ നിറവും കൊടുത്തു കഥയെ അവസാനിപ്പിക്കുമ്പോള്‍ കഥാകാരന്റെ മനസ്സില്‍ ഉണ്ടായ വികാരം പൊതു ജനങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന 'എങ്കില്‍ അവരെ നാം തെരുവില്‍ വിചാരണ ചെയ്തു തൂക്കിക്കൊല്ലാം' എന്ന ചിന്ത മാത്രമായപ്പോള്‍ എഴുത്തുകാരന്‍ വെറും വികാരജീവി ആയി മാറുന്ന കാഴ്ച കാണാന്‍ കഴിയുന്നു .
നിഴല്‍ക്കുത്ത് എന്ന കഥ ഇവന്റ് മാനേജ്മെന്റുകള്‍ ഇന്നത്തെ വിവാഹ അടിയന്തിര ചടങ്ങുകളെ പോലും ഏറ്റെടുക്കുന്ന ചിത്രം വരയ്ക്കുന്നു . മകളുടെ കല്യാണത്തിന് വെറും ക്ഷണിതാവ് ആയി വന്നു നില്‍ക്കുകയും പാവയെ പോലെ ചിലര്‍ പറയുന്നത് അനുസരിച്ച് ചലിക്കേണ്ടി വരികയും ഒടുവില്‍ അവര്‍ പറയുന്ന തുക നല്‍കിയില്ലെങ്കില്‍ വിവാഹമോചനവും അവര്‍ തന്നെ നടത്തി തരും എന്ന ഭീക്ഷണിയില്‍ തളരുകയും ചെയ്യുന്ന ഒരു വ്യെക്തിയെ കാണിച്ചു തരുന്നു . ഇവിടെ കാലത്തിനൊത്തു മാറാന്‍ കഴിയാത്ത ഒരു വ്യെക്തി ആണ് നായകന്‍ . പക്ഷെ അയാള്‍ ആധുനികതലത്തിലെ എല്ലാം ആസ്വദിക്കാന്‍ തയ്യാറെടുക്കുകയും ഒടുവില്‍ ബില്‍അടയ്ക്കാന്‍ ഉള്ള എസ് എം എസ് കിട്ടുമ്പോള്‍ തളരുകയും ചെയ്യുന്നത് എന്ത് കൊണ്ടെന്നു മനസ്സിലാകാതെ പോകുന്നു . കാരണം അയാള്‍ ഒപ്പിട്ട കരാര്‍ അവര്‍ അയാളെ കാണിക്കുന്നുണ്ട് . അതിനര്‍ത്ഥം അയാള്‍ക്ക് അറിയാം എത്രയാണ് തുകയെന്നും മറ്റും. അത് ഉറപ്പിക്കുമ്പോള്‍ ആ തുകയും അയാള്‍ കണ്ടിരിക്കണം എന്നാണല്ലോ . കഥയിലെ അവ്യെക്തത മൂലം അത് ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാല്‍ കഥ പറയാന്‍ ശ്രമിച്ച വിഷയം വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പ്രണയ ഗുളിക എന്നൊരു സങ്കല്പം പേറുന്ന ശാസ്ത്രം പ്രണയിക്കുമ്പോള്‍  എന്ന കഥ മറ്റൊരു ഫിക്ഷന്‍ തലത്തില്‍ നമ്മെ കൊണ്ട് പോകുന്നുണ്ട് . ഇന്നത്തെ സമൂഹത്തിനു പ്രണയം നഷ്ടമാകുന്നു എന്നും അത് പുതിയ തലമുറയുടെ അപചയമാണെന്നും പറയുന്ന കഥയില്‍ പ്രണയം ഉണ്ടാകാന്‍ ഉള്ള ഗുളിക തേടുന്ന യുവത്വത്തെയും കാണാന്‍ കഴിയുന്നു . ഒന്നിച്ചു കിടന്ന കട്ടിലുകള്‍ രണ്ടായി അകന്നു പോകുന്ന കിടപ്പറകള്‍ പ്രണയരാഹിത്യത്തിന്റെ വളരെ നല്ലൊരു ചിത്രം കാട്ടി തരുന്നു .
ഫ്രീകോള്‍ മാമാങ്കം  എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് പ്രവാസികളുടെ വിഷയം ആണ് . പ്രവാസത്തില്‍ ഉറ്റവരെയും ഉടയവരെയും ബന്ധം നിലനിര്‍ത്താന്‍ വേണ്ടി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ഒരു പ്രതിനിധി . അയാളുടെ പ്രശ്നം അയാളെ ആരും ഭാര്യ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് . ഓരോ പ്രവാസിയും തന്റെ തൊഴില്‍ സമയം കഴിഞ്ഞാല്‍ ചിലവഴിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ ആണ് . അവര്‍ അകലെ ആയതിനാല്‍ തന്റെ പ്രാധാന്യം അവര്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അവന്‍ മനസ്സുകൊണ്ട് ഉറപ്പിക്കുന്നത് ആണ് വിളിയിലൂടെ തന്റെ സാന്നിധ്യം . അത് പക്ഷെ അവര്‍ക്ക് മനസ്സിലാകണം എന്നില്ല . ഇതുപോലെ തന്നെയാണ് അന്യനാടുകളില്‍ മലയാളി സൂക്ഷിക്കുന്ന സഹജീവി സ്നേഹം അവയെ ചൂഷണം ചെയ്യപ്പെടുക എന്നിവ അതാണ്‌ ഒരു N70 സീരിസ് മോഷണം എന്ന കഥ . വഴിവക്കില്‍ സഹായം ചോദിക്കുന്നവരെ സഹായിച്ചു പോകുന്നു എന്നൊരു തെറ്റ് മാത്രമാണ് അവനില്‍ നിന്നും ഉണ്ടാകുന്നത് . അവന്റെ സഹായത്തെ തട്ടിപ്പറിച്ചു കടന്നു കളയുന്ന സ്വദേശികളോ അതുപോലുള്ള അന്യരാജ്യക്കാരോ ബോധപൂര്‍വ്വം അല്ലെങ്കിലും ചെയ്യുന്നത് മലയാളിയില്‍ അവശേഷിക്കുന്ന ആ സഹായമനസ്സിനെ തന്നെയാണ് എന്ന് നമുക്ക് വായിച്ചെടുക്കാം .
വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ നമുക്ക് കാട്ടിത്തരുന്നത്‌ നമ്മുടെ തന്നെ പരിചിതമായ സാമൂഹ്യതലത്തെയാണ് . ഓരോ സമൂഹത്തിനും ഇടയില്‍ ഒരു വിജയന്‍ ഉണ്ട് . ബുദ്ധി വളര്‍ച്ച ഇല്ലാതെ പോയ ഒരു മനുഷ്യന്‍ കല്യാണങ്ങള്‍ , അടിയന്തിരങ്ങള്‍ തുടങ്ങി ഏതു സ്ഥലത്തും നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ജനങ്ങളുടെ , നാട്ടുകാരുടെ , കുട്ടികളുടെ ഒക്കെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങി അവര്‍ക്കിടയിലൂടെ പരിഭവിച്ചും ചിരിച്ചും കരഞ്ഞും കടന്നു പോകുന്ന അത്തരം കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പല സംഭവങ്ങള്‍ക്കും മൂക സാക്ഷികള്‍ ആകാറുണ്ട് . ഒരു ദുരന്തമായി പലപ്പോഴും അവരുടെ ജീവിതം അവസാനിക്കുമെങ്കിലും അതൊരു അപകടമരണമായോ മറ്റോ നാം അവഗണിക്കുക ആണ് പതിവ് . അതുകൊണ്ട് തന്നെയാണ് വിധ്വംസക പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ കൈബോംബ്  എടുത്തു നോക്കിയതു വഴി വിജയന്‍ ചിതറിത്തെറിക്കുന്നതും . വളരെ നല്ലൊരു എഴുത്ത് ആയി ഇതിനെ കാണാന്‍ കഴിഞ്ഞു.
ശബ്നം എന്ന കഥ പ്രതിനിധാനം ചെയ്തത് ഗ്രാമീണ മനസ്സിലെ പ്രണയം ആണ് . കുട്ടിത്ത്വം മാറാത്ത പിള്ളേരെ ചില ചേച്ചിമാര്‍ പണ്ടൊക്കെ( ഇന്നും ഉണ്ടോ എന്നറിയില്ല) തൊട്ടും തലോടിയും ചെറിയതോ വലിയതോ ആയ സുഖങ്ങള്‍ നല്‍കിയും തങ്ങളുടെ ഹംസങ്ങള്‍ ആക്കി വയ്ക്കുന്ന നാടന്‍ കാഴ്ചയും അത്തരം ബന്ധങ്ങളില്‍ നിന്നും തെറ്റിദ്ധാരണ മൂലം അവയെ മറ്റൊരു കാഴ്ചയായി (തന്നോടുള്ള പ്രണയം ) കരുതുകയും ചെയ്യുന്ന ചില ബിംബങ്ങളും ആ കഥയില്‍  വായിച്ചെടുക്കാന്‍ കഴിയുന്നു
വെള്ളച്ചാമി എന്ന കഥ അല്പം ഗൌരവപരമായ ഒരു എഴുത്ത് ആയിരുന്നു എന്ന് കാണാം . രാഷ്ട്രീയ സാമൂഹിക ഇടപെടലുകള്‍ അതില്‍ വായിച്ചു പോകാം . ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു കഥയാണ് ഇത് . പലപ്പോഴും കഥകള്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ രേഖാ ചിത്രങ്ങളും ആകുന്നു എന്നതിനാല്‍ വെറും കഥയായി കാണാന്‍ കഴിയില്ല ഇതിനെ . ഡാം നിര്‍മ്മാണവും അതിന്റെ നിര്‍മ്മാണത്തൊഴിലാളികളും അവര്‍ക്കിടയിലെ പ്രണയവും ഒക്കെ ഉണ്ട് എങ്കിലും കാതലായ വശം ഇത്തരം വലിയ നിര്‍മ്മാണങ്ങളില്‍ ഒക്കെ നിര്‍ണ്ണായകമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത്‌ തൊഴിലാളികളില്‍ നിന്നോ ഗ്രാമീണരില്‍ നിന്നോ ഉള്ള ഒരാളില്‍ നിന്നൊക്കെ ആകാം . പക്ഷെ വിഗ്രഹം നിര്‍മ്മിക്കും വരെ മാത്രം അതിന്റെ അധികാരി ആകുന്ന ശില്പിയെ പോലെ നിര്‍മ്മാണം കഴിയുമ്പോള്‍ അതിനു സഹായകമായ ആ പേര് നശിപ്പിച്ചു കളയുക ഒരു കീഴ്വഴക്കം പോലെ തുടരുന്നുണ്ട് ഇന്നും. ഇത്തരത്തില്‍ വെള്ളച്ചാമിയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തി കഴിയുമ്പോള്‍ അതിന്റെ അസ്ഥിവാരത്തില്‍ കരുതികൊടുത്തുകൊണ്ട് തങ്ങളുടെ ആധിപത്യവും പ്രശസ്തിയും നിലനിര്‍ത്തുന്നതും മറ്റും ഒരു നല്ല വായന നല്‍കുന്നുണ്ട് . ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നടാടെ അല്ല എന്നതാണ് ഇതിന്റെ വായനയിലെ വാസ്തവികതയും .
എഴുത്തിന്റെ ലോകത്ത് നല്ലൊരു വാഗ്ദാനം ആണ് സലിം അയ്യനേത്ത് . ഇനിയും കൂടുതല്‍ പുസ്തകങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Friday, February 12, 2016

മരവും കിളിയും


ഇല കൊഴിഞ്ഞോരെന്നില്‍
തണലു തേടരുതെന്നു മരം.

ഇലകൾക്ക് പകരമെൻ ചിറകിൻ
തൂവലേകാമെന്നു കിളി .

ശൽക്കങ്ങൾ അടരുന്നൊരു തായ്ത്തടിയിൽ
ഇളമാംസത്തുടിപ്പ് തേടരുതെന്നു മരം.

മാംസമല്ല ദുഗ്ധപിയൂഷത്താൽ മനം
തൃപ്തമെന്നോതുന്നു കിളി .

വരണ്ടുപോം തടിയിൽ ചെറുനീരൊലിപ്പു പോലും
കണിയാകുകില്ലെന്നു മരം .

പ്രണയമുദ്രകൾ കൊണ്ട് തരളിതമാക്കും
നാവിൻ തുടിപ്പിൽ
ജീവനമധുരം പകരാമെന്നു കിളി .
---------------------------ബിജു ജി നാഥ് 

Tuesday, February 9, 2016

അടയാളം


ചിതല്‍ തിന്നു തുടങ്ങിയ
ഓര്‍മ്മപ്പുറ്റുകള്‍ക്ക് മുന്നില്‍
ഒരു ചെരാത് കൊളുത്തി
തെളിമയുടെ തീരത്തിലേക്ക്
നീ നടക്കുമ്പോള്‍
മറയ്ക്കുവാനാകാതെ
അവശേഷിക്കുന്നുണ്ട് നിന്നില്‍
ചില മറുകുകള്‍ ....!
നിന്നെ മറക്കാതിരിക്കാന്‍
എനിക്കായ് കാലം നല്‍കിയവ .
---------------------ബിജു ജി നാഥ്

Saturday, February 6, 2016

വിചിത്രമായ ഒരു സ്വപ്നം


തുടക്കം ഇല്ലാതെ ഇടയിലെങ്ങോ നിന്നൊരു സ്വപ്നത്തിന്റെ ഇടനാഴി തുറക്കുന്നു . വളരെ പ്രൌഡിയോടെ ഒരു സ്ത്രീ ചുവന്നവലിയ വട്ടപ്പൊട്ടും(നമ്മുടെ ജയഭാരതി ചേച്ചിയുടെ അതെ പൊട്ടു smile emoticon ) ധരിച്ചു ഒരു കുങ്കുമ നിറത്തിലെ സാരിയും ചുറ്റി എന്റെ മുന്നിലേയ്ക്ക് വരുന്നു. ഞാന്‍ സര്‍വ്വാംഗം മൂടിപ്പുതച്ചു ഇരിക്കുകയാണ് . പെട്ടെന്ന്‍ ആണ് ഞാന്‍ അറിയുന്നതു ഞാനൊരു സദസ്സില്‍ ആണെന്നും എനിക്ക് മുന്നിലായ് ഒരു വലിയ ജനക്കൂട്ടം രൂപം കൊള്ളുന്നതും. ആ സ്ത്രീ എന്റെ അരികില്‍ വന്നു എന്നോട് സൗമ്യമായി പറഞ്ഞു പൂജ ഇപ്പോള്‍ തുടങ്ങും എന്ന് . പിന്നെ ആ സ്ത്രീ എനിക്ക് പുറകിലേയ്ക്ക് പോയി . ഞാന്‍ ഒരു പുതപ്പു കൊണ്ട് എന്നെ പുതച്ചിരിക്കുക ആയിരുന്നു , അതിനുള്ളില്‍ ഞാന്‍ നഗ്നന്‍ ആയിരുന്നു . ഇത്രയും ജനങ്ങളുടെ ഇടയില്‍ അങ്ങനെ ഇരിക്കേണ്ടി വരുന്നതിന്റെ അസഹ്യത എന്നില്‍ നന്നായി ഉണ്ടാകുന്നുണ്ടായിരുന്നു . ഞാന്‍ ത്രിശങ്കു സ്വര്‍ഗ്ഗം എന്നതെന്തു എന്ന് മനസ്സിലാക്കിയതുപോലെ തോന്നി . എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോള്‍ വീണ്ടും ആ സ്ത്രീ മുന്നില്‍ ആളുകള്‍ക്ക് പിറകിലായി കാണാന്‍ കഴിഞ്ഞു . പൂജ കഴിയാറായി എന്നും ഇത് കഴിയുമ്പോള്‍ ഞാന്‍ ആ പുതപ്പു ഉപേക്ഷിച്ചു ആ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലണം എന്നും അവര്‍ എന്നോട് പറഞ്ഞു . ഞാന്‍ അതോടെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയി എന്ന് തന്നെ പറയാം . തീര്‍ച്ചയായും നഗ്നനായി അവര്‍ക്ക് മുന്നില്‍ ഞാന്‍ ചെല്ലുക എനിക്ക് ലജ്ജ ഉളവാക്കുന്ന ഒരു വസ്തുത ആയി അനുഭവപ്പെട്ടു , അതിലേറെ എന്നെ അലട്ടിയത് അവര്‍ക്ക് മുന്നിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ എനിക്ക് ഉദ്ധാരണം സംഭവിക്കുമോ എന്നതായിരുന്നു എന്റെ പേടി . പൂജ കഴിയാറായി . ഞാന്‍ ആകെ വിവശനാകുകയും തളരുകയും ചെയ്യുന്നുണ്ടായിരുന്നു . എന്റെ മനസ്സ് അറിഞ്ഞ പോലെ അപ്പോള്‍ ആ സ്ത്രീ എന്റെ അരികിലേയ്ക്ക് വീണ്ടും വന്നു , അവള്‍ എന്റെ അരികില്‍ എത്തിയതും അലാറം കേട്ടതും ഒരുപോലെ ആയതിനാല്‍ ശേഷം എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല. ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ വീണ്ടും കിടന്നുറങ്ങി ബാക്കി കാണാന്‍ പറ്റിയുമില്ല...... ബി ജി എന്‍ വര്‍ക്കല

Wednesday, February 3, 2016

നിലാപ്പുഞ്ചിരി


കടമെടുത്തീടുന്നു
നിൻ നിലാപ്പുഞ്ചിരി.
പണയമായെടുത്തുകൊൾക
നീയെൻ ഹൃദയവും.
അണയാതെ കാത്തിടാം
മഴമേഘങ്ങൾക്കു നല്കാതെ
ഒരു കൊടുങ്കാറ്റിനും
അണയ്ക്കുവാനാകാതെ
ഒരു തിരകൾക്കും
കവരുവാനാവാതെ
കരുതിടാം
ജീവന്റെ കണിക
നിലയ്ക്കും വരേയ്ക്കുമേ .
പകരം ചോദിപ്പൂ
കഴിയുമോ നിനക്കിന്നീ
പണയവസ്തുവെ
നിറ മനസ്സാലെ
സ്വീകരിച്ചീടുവാൻ ......
................ ബിജു ജി നാഥ്

അവർ സ്നേഹിതരായിരുന്നു


ഒരു പായിലുറങ്ങിയും
ഒരു പാത്രത്തിലുണ്ടും
ഒരു വീട്ടിലെന്നപോൽ
അവർ വളർന്നു വന്നു. 


താന്തോന്നിത്തരങ്ങളിൽ
തല്ലുകൊള്ളലുകളിൽ
പങ്കുവയ്ക്കലുകളിൽ
അവർക്കൊറ്റ മനമായിരുന്നു .
വെട്ടേറ്റ് വീഴുമ്പോഴും
പരസ്പരമവർ രക്ഷ
നല്കി വീണു പോയി.

ഇന്നു മരിച്ചവനു പക്ഷേ
ജാതിയുണ്ടായിരിക്കുന്നു.
വർഗ്ഗീയ നിറമുണ്ടായിരിക്കുന്നു.
വെട്ടുവാൻ കരങ്ങളിൽ
വാളുകൾ കൊടുക്കുവോർ
ഉച്ചത്തിലുരുവിടുന്നതൊന്നുമാത്രം .

അവന്റെ നാമം ഇരയായി
അവന്റെ നാമം ശത്രുവായി .
കൂട്ടുകാരനായി മാത്രം
കൂടെയുള്ളവൻ മറക്കപ്പെടുന്നു.
മാധ്യമ വേശ്യത്തരങ്ങളിൽ
ആസുരത കണ്ടു തിളയ്ക്കുന്നു.

ചോര മണക്കുന്ന രാവുകൾ
കാത്തിരിക്കുന്നു ഇരുളുകൾ
അപ്പോഴും ഉള്ളിൽ നോവുമായ്
കൂട്ടുകാരൻ പിടയുന്നുണ്ട്
ആശുപത്രിക്കിടക്കയിൽ !
................... ബിജു ജി നാഥ്

പ്രണയം ജീവിതം

വീഴുമ്പോൾ പ്രതീക്ഷകളുടെ
ഉത്തുംഗതയിൽ നിന്നാവണം
കരയുമ്പോൾ സന്തോഷത്തിൻ
പരകോടിയിൽ നിന്നും
ചിരിക്കുമ്പോൾ ദുഃഖത്തിന്റെ
കടലാഴങ്ങളിലുമാകണം.
പ്രണയിക്കുമ്പോൾ ഹൃദയത്തിൻ
ഉള്ളറകളിൽ നിന്നായിടേണം .
കാലം വിഡ്ഢിയെന്നു വിളിച്ചിടാം
പക്ഷേ പിന്തിരിയായ്കൊരിക്കലും
മരണമാകട്ടെ ഇടയിലെ വില്ലൻ .
................... ബിജിഎൻ വർക്കല