Thursday, September 29, 2016

കിനാവു കാണുന്നൊരുവൾ.!


നരച്ചു തുടങ്ങിയ
ഏതോ പകലിൽ നിന്നും
വലിച്ചൂറ്റിയെടുത്ത കനവുകൾ
കൊണ്ടു നെയ്ത പുടവ ചുറ്റി
ചന്ദ്രികയുടെ മുല്ലപ്പൂ സുഗന്ധത്തിൽ
രാവിനെ നോക്കിയൊരുവൾ.
ഇരുട്ടിനു കൂട്ടായ്
വെറും നിലത്തൊരു പഴന്തുണിക്കെട്ടായി .

മുറിച്ചിട്ടാൽ മുറികൂടും
നാഗത്താനൊന്നു ഫണം വിടർത്തി
മുലക്കണ്ണിൽ കൊത്തിപ്പറിച്ചു
പടിവാതിലിറങ്ങിയിട്ടും
വിഷം നീലിപ്പിച്ച മുലത്തടങ്ങൾ
അമർത്തിത്തുടച്ചു
നിലത്തെ പായയിൽ
ശുക്ലമുണങ്ങിയ തുടകളകത്തി
കിടപ്പുണ്ടവൾ മറ്റൊരിരുട്ടായി.

അടഞ്ഞ മിഴികളിൽ
നീറ്റലടക്കിയ ചുണ്ടിണയിൽ
പുകയുന്ന മുലഞ്ഞെട്ടുകളിൽ
അടിവയറ്റിന്റെ മൃദുലകമ്പനങ്ങളിൽ
രതിമൂർച്ഛ പടർത്താൻ
മേഘത്തുണ്ടിൽ പറന്നിറങ്ങുന്ന
ഗന്ധർവ്വനെ സ്വപ്നം കണ്ട്
ചിതറിയ കനൽത്തുണ്ടുകളിൽ
അവളപ്പോഴും.....
...... ബിജു.ജി.നാഥ് വർക്കല

Wednesday, September 28, 2016

പൂവാകണം


ചെറിയ (വലിയ ) ലോകം


എന്റെ ലോകം
വളരെ ചെറുതാണ്. .
അവിടെ ഞാനും
നീയും മാത്രമാണ് .

നിന്റെ ലോകം
വളരെ വലുതാണ്.
അവിടെ ഞാൻ
ഒരാൾ മാത്രമാണ്.

അതിനാലാകണം
എനിക് നിന്നെ
എളുപ്പം കാണാനാകുന്നതും
നിനക്കെന്നെ കാണാൻ
ബുദ്ധിമുട്ടാകുന്നതും .
..... ബിജു. ജി.  നാഥ് വർക്കല

Sunday, September 25, 2016

അന്യോന്യം .....സുരേഷ് കുമാര്‍ ബാലകൃഷ്ണന്‍

മറഞ്ഞിരുന്നു
കാഞ്ചി വലിച്ചോ-
രെയ്ത്താണ് .
ഉളിത്തലയില്‍
ദൈന്യതയുടെ
പിടച്ചിലാണ് .....ഉന്നം
കവിതകള്‍ വായിക്കപ്പെടേണ്ടത് കാലത്തിന്റെ കണക്കു പുസ്തകത്തില്‍ ആകണം . ഓര്‍ത്ത്‌ ഓര്‍ത്തു വായിക്കപ്പെടണം , പങ്കുവയ്ക്കപ്പെടണം . സമകാലീന എഴുത്തുകളില്‍ പക്ഷെ നമുക്ക് വായിച്ചു പോകാന്‍ എന്നതിനപ്പുറം ഓര്‍ത്ത്‌ വച്ച് നോവാനോ സന്തോഷിക്കാനോ പങ്കുവയ്ക്കാനോ പറ്റുന്ന കവിതകള്‍ വളരെ കുറവാണ് . ഒരു പക്ഷെ വായനയുടെ പരിമിതി മൂലമാകാം അത്തരം എഴുത്തുകള്‍ വിരളമായി മാത്രമേ മുന്നില്‍ എത്തുന്നുമുള്ളൂ .
ഇത്തരം ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ ബാലകൃഷ്ണന്റെ "അനോന്യം" എന്ന കവിത സമാഹാരം വായിക്കാന്‍ തുടങ്ങിയത് . വായനയില്‍ വളരെ ലളിതവും എന്നാല്‍ തുളഞ്ഞു കയറുന്നതുമായ ബിംബങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരന്റെ കയ്യൊപ്പ് തെളിഞ്ഞു കാണാന്‍ കഴിയുന്നു . ഇടതുപക്ഷ ചിന്താഗതികള്‍ , വളരെ തഴച്ചു വളര്‍ന്നു നിന്ന ഒരു കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌ ഈ എഴുത്തുകാരന്‍ എന്ന് എഴുത്തിന്റെ പരിസരങ്ങള്‍ പറയാതെ പറയുന്നു . കവിതകളില്‍ ചിലവയില്‍ നിറയുന്ന രാഷ്ട്രീയ ചിന്തകളുടെ ബിംബങ്ങള്‍ ഇവ നമ്മെ അത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട് .
അടിച്ചമര്‍ത്തലു-
മതിജീവനവു-
മന്തരീക്ഷമലിനീകരണവു-
മണുവികിരണവും
ജലദൌര്‍ലഭ്യവും....
നോക്കൂ സുഹൃത്തേ
ഇപ്പോള്‍
ഞങ്ങളെപ്പോലെ
നിങ്ങളും
പ്രതിരോധശക്തിക്ഷയിച്ചു
വൃദ്ധരായി മാറിയിരിക്കുന്നു .....ചക്രം
പോലുള്ള കവിതകള്‍ ശക്തമായ സൂചകങ്ങള്‍ ആയി നില്‍ക്കുന്നുണ്ട് അപചയത്തിന്റെ അപമാന രാഷ്ട്രീയങ്ങള്‍ . അതുപോലെ ജീവിതത്തിന്റെ പച്ചയായ അടയാളങ്ങള്‍ ചെറിയ ചെറിയ വാചകങ്ങളില്‍ പകര്‍ന്നു തരുന്ന കവി ഒരു സാമൂഹ്യജീവിയായ മനുഷ്യന്റെ നിസ്സഹായതയും , കാഴ്ചകളിലെ വേദനകളും പങ്കു വയ്ക്കുമ്പോള്‍ വായനക്കാരന്റെ ദുഃഖം തന്റെ മനസ്സിന്റെ പ്രതിഫലനമായി തന്നെ കാണാന്‍ ശ്രമിക്കുന്നുണ്ട് .
എല്ലാം ഒന്നിനൊന്നു മെച്ചം ആണെങ്കിലും 'അന്യോന്യം' എന്ന കവിത മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു കവിതയാണ് .
വിളക്കണഞ്ഞ
വൃദ്ധമന്ദിരത്തി-
ലുറങ്ങാത്ത
രണ്ടാത്മാക്ക-
ളന്യോന്യം ചോദിച്ചു
മക്കള്‍....
ഉറങ്ങിയിട്ടുണ്ടാവുമോ..? (അന്യോന്യം )
എന്ന വരികളില്‍ ഉറങ്ങിക്കിടക്കുന്ന വളരെ ദീര്‍ഘമായ ഒരു മൌനവും , സന്ദേശവും ഇന്നത്തെ കാലഘട്ടത്തിന്റെ പരിശ്ചേതവും ഒരിക്കലും നിഷേധിക്കാന്‍ ആകില്ല തന്നെ . ഈ കവിതകള്‍ എല്ലാം പരിശോധിക്കുമ്പോള്‍ തന്നെയും ജീവിത സായാഹ്നത്തിന്റെ നൊമ്പരങ്ങള്‍ പല ഇടങ്ങളില്‍ കവി പങ്കുവയ്ക്കുന്നുണ്ട് വേറെയും .
പാഴ്മരങ്ങള്‍
വെട്ടിക്കളയണ-
മെന്നച്ഛന്‍
പറഞ്ഞത് മുതലാണ്‌
വീട്ടിലേക്കുള്ള
പോക്ക് നിലച്ചത് (പാഴ് )
കാലൊടിഞ്ഞ കസേര ,
മേല്‍ച്ചില്ലടര്‍ന്നലമാര
കയര്‍പിഞ്ഞിയാടിയ കട്ടില്‍
'കിളിമാര്‍ക്ക്' മാഞ്ഞ കുട
തുകല്‍ വിട്ടടര്‍ന്നൊരു സഞ്ചി
പുറംചട്ട പോയ കവിത
പുരാവസ്തുവായൊരു ഞാനും (വില്‍പ്പനക്ക് )
തുടങ്ങിയ കവിതകള്‍ ജീവിതത്തിന്റെ ആ മുഖങ്ങളെ നന്നായി വരച്ചു കാണിക്കുന്നുണ്ട് .
എടുത്തു പറയാവുന്ന കവിതകള്‍ ആണ് കറിക്കത്തി ,പുഴ ഒരു മരണം , തറവാടി , പ്രസവ വാര്‍ഡ്‌ , അമ്മു , ആനന്ദം തുടങ്ങിയ അനവധി കവിതകള്‍ . മൊത്തം 90 കവിതകള്‍ അടങ്ങിയിരിക്കുന്നു ഈ സമാഹാരത്തില്‍ .
നുറുങ്ങു വരികള്‍ക്ക് വലിയ വായന നല്‍കാനാവും എന്ന സാധ്യത നന്നായി ഉപയോഗിച്ച കവി തന്റെ അക്ഷരങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി എന്നതില്‍ വായനക്കാരന്റെ സന്തോഷത്തിനു തീര്‍ച്ചയായും അര്‍ഹനാകുന്നു .
ഹരിയേറ്റുമാനൂര്‍ അവതാരികയും സുലോജ് സുലോ പഠനവും ചെയ്തിരിക്കുന്ന ഈ കവിത സമാഹാരം ഹോറൈസണ് ആണു പുറത്തിറക്കിയിരിക്കുന്നത് . 70 രൂപ മുഖവിലയുള്ള ഈ പുസ്തകം തീര്‍ച്ചയായും കവിതാ ആസ്വാദകര്‍ക്ക് ഒരു വിരുന്നു തന്നെയാണ് .
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല

അഗ്നിശയനം ...... ഷൈന കുഞ്ചന്‍

"ദൈവമേ , എന്റെ ചുമലുകളെ ചായ്ച്ചുവെക്കാന്‍ , എന്റെ മഹാദുഃഖങ്ങളെ കഴുകിക്കളയാന്‍ , എന്റെ സ്വന്തമെന്നപോലെ ചേര്‍ത്തുപിടിക്കാന്‍ , എനിക്ക് ആശ്രയമാകാന്‍ കരുത്തുറ്റ രണ്ടു കൈകള്‍ എന്റെ നേരെ വരേണമേ" .... അഗ്നി ശയനം

കഥകള്‍ പോലെയോ കവിതകള്‍ പോലെയോ വായിച്ചു പോകാന്‍ ആകുന്നവയല്ല നോവലുകള്‍ . വ്യക്തമായ ദീര്‍ഘമായ അടയാളപ്പെടുത്തലുകള്‍ ആണ് അവ. പലപ്പോഴും ജീവിതങ്ങള്‍ നമുക്ക് മുന്നില്‍ മുടിയഴിച്ചാടും . അവയ്ക്കൊപ്പം കരഞ്ഞും ചിരിച്ചും പരിഭവിച്ചും ദേഷ്യം പിടിച്ചും വായനക്കാരന്‍ ജീവിക്കും

എഴുത്തിലെ ആണ്‍കോയ്മ കുറെയൊക്കെ അവസാനിച്ച ഒരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത് . എങ്കില്‍പ്പോലും എഴുത്തിലെ കയ്യടയാളങ്ങള്‍ പലപ്പോഴും ഒരേ പോലുള്ളവ ആകുന്നതിനാല്‍ പെണ്കൊയ്മ എന്നത് അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഗതി ആയി മനസ്സില്‍ നില്‍ക്കുന്നുണ്ട് . എഴുത്തുകളില്‍ ഇല്ലാതെ പോകുന്ന സ്വാതന്ത്ര്യം ആണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം . തുറന്നെഴുത്തുകള്‍ ഇന്നും സ്ത്രീയുടെ പക്ഷത്തു നിന്നയാല്‍ മുഖം ചുളിക്കുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യ വ്യെവസ്ഥിതി ഇന്നും മലയാള സാഹിത്യത്തിനു അന്യമല്ല എന്ന് തന്നെ പറയാം . ഓണ്‍ ലൈന്‍ സാഹിത്യകാരില്‍ പോലും ഈ ഒരു അവസ്ഥയ്ക്ക് വലിയ മാറ്റം ഇല്ലെന്നു പറയാം . വാക്കുകളില്‍ നാം ഗോപ്യമായി വയ്ക്കാന്‍ ശ്രമിക്കുന്ന പദങ്ങള്‍ സ്ത്രീപക്ഷത്തുനിന്നും കാണുക എന്നാല്‍ ആ എഴുത്തുകാരിയെ എത്ര കണ്ടു തേജോവധം ചെയ്യാമോ അത്രയും താഴേക്കു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ഒരു പ്രവണത നമുക്കിടയില്‍ ഇന്നും സജീവമാണ് . അത് മുഖ്യധാരയില്‍ ആയാലും സോഷ്യല്‍ ഇടങ്ങളില്‍ ആയാലും മാറ്റമില്ലാതെ തുടരുന്നുണ്ട് .

ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഇന്ന് സ്ത്രീ എഴുത്തുകാരില്‍ തുറന്ന എഴുത്തുകള്‍ക്ക് ഇടം തേടുന്നത് . ഈ ശ്രേണിയില്‍ ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പ് ആണ് ശ്രീ ഷൈന കുഞ്ചന്‍ എന്ന യുവ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം . അവരുടെ ആദ്യ നോവല്‍ ആയ "അഗ്നിശൈലം" സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന് കരുതുന്നു .

എന്താണ് ഈ നോവല്‍ പ്രതിനിധാനം ചെയ്യുന്ന വിഷയം എന്ന് പരിശോധിക്കാം . ഈ നോവല്‍ കനക എന്ന സ്ത്രീയുടെ ജീവിതം അവളുടെ തന്നെ ചിന്തയിലൂടെ ആദ്യാവസാനം നടത്തിക്കൊണ്ടു പോകുന്ന രീതിയില്‍ ആണ് രചിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ സാക്ഷിയായി നിന്ന് വിവരിക്കുന്നതും , അനുഭവസ്ഥര്‍ അത് വിവരിക്കുന്നതും , രണ്ടുപേര്‍ തമ്മില്‍ സംഭാക്ഷണം പോലെ മൂന്നാമതൊരാളുടെ ജീവിതം പറയുന്നതും വേറിട്ട രീതികള്‍ ആണ് . ഇവിടെ സ്വയം തന്നെ അടയാളപ്പെടുത്തുന്ന കനക തന്റെ പാത്ര സൃഷ്ടിയില്‍ പലപ്പോഴും പാളിച്ചകള്‍ അനുഭവിക്കുന്നുണ്ട് . ഒരുപക്ഷെ എഴുത്തിന്റെ വഴിയില്‍ വിശാലമായ ഒരു എഴുത്ത് കടന്നു വരുമ്പോള്‍ എഴുത്തുകാരന് സംഭവിക്കാവുന്ന ഒരു ചിന്താക്കുഴപ്പം ആകാം അത് . കനകയുടെ ജീവിതയാത്രയെ പലപ്പോഴും അപൂര്‍ണ്ണതകള്‍ ബാധിച്ചതായി വായനക്കാരന് തോന്നിപ്പിച്ചത് അത് മൂലം ആകാം . എങ്കിലും മൊത്ത വായനയില്‍ അതൊരു എഴുന്നു നില്‍ക്കുന്ന പോരായ്മ ആയി മനസ്സിലാക്കാന്‍ കഴിയില്ല . തിരിച്ചു കനകയിലേക്ക് തന്നെ വരാം. കനക വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് . ജീവിതത്തില്‍ ഉടനീളം അവള്‍ അനുഭവിക്കുന്ന ഏകാന്തതയും , വികാരശൂന്യമായ ദാമ്പത്യവും , ശിഥിലമായ കുടുംബ ബന്ധങ്ങളും , രതിയും പ്രണയവും അവളുടെ തന്നെ വാക്കുകളിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു ഈ നോവലില്‍ .

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും തിരസ്കാരത്തില്‍ ജീവിക്കപ്പെടുന്ന , എങ്ങനെയും അവളെ ഒഴിവാക്കി അമ്മ പറയുന്ന പുതിയൊരു പെണ്ണിനെ സ്വപ്നം കാണുന്ന വേണു എന്ന ഭര്‍ത്താവ് ഇവിടെ വളരെ ക്രൂരമായ ഒരു രക്ഷകന്റെ വേഷത്തില്‍ ആണ് കനകയുടെ ജീവിതത്തില്‍ ഉടനീളം കാണുന്നത് . മൃഗീയമായ മര്‍ദ്ദനങ്ങള്‍ നല്‍കിയും, വസ്ത്രങ്ങള്‍ തീ കത്തിച്ചു കളഞ്ഞും , അടുക്കള സാധനങ്ങള്‍ പറമ്പില്‍ ഉപേക്ഷിച്ചും , അവളുടെ പണം കൊണ്ട് ഉണ്ടാക്കിയ വീട്ടില്‍ അവളെ പ്രവേശിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടും , ഗ്യാസ് തുറന്നു വച്ച് വധിക്കാന്‍ ശ്രമിച്ചും , കാമം തോന്നുമ്പോള്‍ ഭോഗിക്കാന്‍ മാത്രം സമീപിക്കുകയും , മക്കളെ പോലും അവളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭര്‍ത്താവ് . അടച്ചുറപ്പില്ലാത്ത വീട്ടില്‍ വൈദ്യുതി പോലും നിഷേധിച്ചുകൊണ്ട് അവളെ ഇരുട്ടില്‍ ഉപേക്ഷിച്ചു സ്വന്തം വീട്ടില്‍ പോയി അന്തിയുറങ്ങുന്ന അയാള്‍ അവളുടെ ജീവിതത്തിലെ ഒരു കരിനിഴല്‍ മാത്രമാണ് .

ഇന്നത്തെ നാറിയ നിയമവ്യെവസ്തയുടെയും , പുരുഷാധിപത്യ സമൂഹത്തിന്റെ ജീര്‍ണ്ണിച്ച കാഴ്ച്ചപ്പാടുകളുടെയും , സദാചാരത്തിന്റെ ഉടല്‍ രൂപങ്ങളായ നിയമപാലകരുടെയും മുഖം കനകയിലൂടെ അനാവൃതമാകുന്നുണ്ട് . അതുപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ നേര്‍ക്ക്‌ സമൂഹം കാണുന്ന കാഴ്ചകളെ വളരെ നന്നായി തന്നെ എഴുത്തുകാരി ഇവിടെ വലിച്ചു കീറുന്നുണ്ട് . സ്കൂള്‍ , കോളേജ് പടിക്കല്‍ മാംസ വ്യാപാരത്തിന്റെ പുതിയ ഇരകളെ തേടുന്ന സ്ത്രീകളുടെ മുഖംമൂടി കനക നമുക്ക് കാണിച്ചു തരുന്നു . ആകുലതകള്‍ വേട്ടയാടുന്ന അമ്മ മനസ്സിന്റെ വേദനയുടെ , വിഭ്രാന്തിയുടെ ആഴങ്ങള്‍ കനകയിലൂടെ അവതരിപ്പിക്കുമ്പോള്‍ ആ അവസ്ഥയെ മുഴുവനായും പ്രതിഫലിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിയാതെ പോയത് ആ ദുഖത്തിന്റെ ആഴത്തെ അളക്കാന്‍ അനുഭവസ്ഥര്‍ക്ക് അല്ലാതെ കഴിയില്ല എന്ന യാതാര്‍ത്ഥ്യം മൂലമാകാം .

പരസ്പരം ഇരുധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന മാതാപിതക്കള്‍ക്കിടയില്‍ ശബ്ദം നഷ്ടപ്പെട്ട മക്കള്‍ തങ്ങളുടെ ലോകം കണ്ടെത്തുന്നത് സ്വാഭാവികം ആണ് . എതിര്‍പ്പിന്റെ സ്വരത്തില്‍ തുടങ്ങി , മയക്കുമരുന്നിന്റെ പിടിയില്‍ പെട്ട് സ്വയം നശിച്ചു പോകുന്ന മകന്‍ . അച്ഛന്റെ വാക്കുകള്‍ കേട്ട് അച്ഛനെ അനുകരിച്ചു ജീവിച്ചു ഒടുവില്‍ ജീവിതത്തിന്റെ നിരാശതകളുടെ കൂട് വിട്ടു പുറത്തു ചാടാന്‍ കഴിയാതെ എങ്ങോ ഒളിച്ചോടി പോകുന്നതും , അന്യമതത്തില്‍ പെട്ട ഒരു പുരുഷനില്‍ തന്റെ ഇണയെ കണ്ടെത്തി പ്രായപൂര്‍ത്തിയാകുമ്പോള്‍ അവനൊപ്പം ഇറങ്ങിപ്പോകുന്ന മകളും ഇത്തരം കുടുംബങ്ങളുടെ കഥകളില്‍ പരിസമാപ്തങ്ങള്‍ കുറി ക്കുന്നവ ആണ് എല്ലാക്കാലത്തും എന്ന് കാണാം . കുറച്ചുകൂടി മുന്നോട്ടു പോയി പ്രായത്തിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും അങ്കലാപ്പുകള്‍ക്കിടയില്‍ നിന്നും രക്ഷ പോലെ കണ്ടെത്തിയ പ്രണയം ഒടുവില്‍ ജീവിതത്തിന്റെ ദാരിദ്ര്യം നിറഞ്ഞ മറ്റൊരു കെട്ടുപാടിലേക്ക് മകളെ എത്തിച്ചത് കാണേണ്ടി വരികയും ചെയ്യുന്ന കനകയുടെ വേദന വളരെ സാന്ദ്രവും വിവരണാതീതവും ആകുന്നു. ഒടുവില്‍ ജീവിതം മടുത്തു തെരുവിലേക്ക് ലക്ഷ്യമില്ലാതെ ഇറങ്ങുന്ന ആ മധ്യവയസ്ക തെരുവിന്റെ ക്രൂര നഖങ്ങളില്‍ പെട്ട് ചീന്തപ്പെടുകയും അവിടെ നിന്നും നിയമപാലകരാല്‍ രക്ഷിക്കപ്പെട്ടു അഗതിമന്ദിരത്തില്‍ എത്തുകയും ചെയ്യുന്നു . തന്റെ മകളുടെ വരവും കാത്തു മരണത്തെ കാത്തു കഴിയുന്ന കനകയില്‍ നോവല്‍ അവസാനിക്കുന്നു .

പ്രണയത്തിന്റെ ദാഹാര്‍ത്തമായ മനസ്സുമായി അലഞ്ഞ കനക ഭര്‍ത്താവില്‍ നിന്നും അത് ലഭിക്കാതെ പോയതിനാല്‍ തന്നെ സ്വയം നെയ്തുകൂട്ടിയ ഒരു കാമുകനെ സൃഷ്ടിക്കുകയും അവനില്‍ തന്‍റെ രതിമോഹങ്ങളെ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു . പരപുരുഷ ബന്ധത്തിന്റെ സദാചാര കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന കനകയുടെ ചിന്തകളില്‍ അവളുടെ കാമുകന് നൂറില്‍ നൂറു മാര്‍ക്ക് അവള്‍ നല്‍കുന്നു . രതിയുടെ പരമമായ ആനന്ദം അവള്‍ അവനിലൂടെ ആസ്വദിക്കുന്നു . ഇവിടെ ഭ്രമകല്പനയിലൂടെ അവള്‍ ഒരു കാമുകനെ സങ്കല്‍പ്പിച്ചു സ്വയംഭോഗത്തിലൂടെ തന്റെ ആഗ്രഹങ്ങളെ സാക്ഷാത്കരിക്കുക ആണ് എന്ന് വായനയില്‍ മനസ്സിലാക്കാന്‍ കഴിയുന്നു . ഒരു ഘട്ടം കഴിയുമ്പോള്‍ അതുകൊണ്ട് തന്നെ കാമുകന്‍ അപ്രത്യക്ഷന്‍ ആകുകയും അവളില്‍ നിന്നും രതിയുടെ ചിന്തകളും ആവേശവും അകലുകയും കുട്ടികളുടെ മേലേക്ക് അവളുടെ എല്ലാ ചിന്തകളും വന്നു വീഴുകയും ചെയ്യുന്നു . ഇടയിലെപ്പോഴോ വേണു അവളില്‍ ആഴ്ന്നിറങ്ങുമ്പോള്‍ നിഴലും നിലാവും പോലെ അവള്‍ ചിലപ്പോള്‍ മാത്രം ഒരു മിന്നാമിന്നി വെട്ടം പോലെ അത് ആസ്വദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നു . അതുപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയും പ്രണയവും വിലാസിനിയും ജ്യോതിയും തമ്മിലുള്ള ബന്ധത്തിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്‌ . സമൂഹത്തില്‍ , അമ്മമാരില്ലാത്ത കുടുംബത്തില്‍ പെണ്‍കുട്ടികള്‍ അടുത്ത ബന്ധുക്കളാല്‍ എങ്ങനെ നശിച്ചുപോകുന്നു എന്നതും ഈ നോവല്‍ കാട്ടിത്തരുന്ന ഒരു പാഠം ആണ് .

വളരെ നല്ലൊരു വിഷയവും , ഭാഷയും ശ്രീ ഷൈന കുഞ്ചന്‍ ഉപയോഗിച്ചപ്പോള്‍ മലയാള സാഹിത്യത്തില്‍ വായനക്ക് നല്ലൊരു നോവല്‍ ലഭിച്ചു എന്ന് പറയാം . നാളെ കാലം അടയാളപ്പെടുത്തുന്ന എഴുത്തുകാരില്‍ ഈ യുവ എഴുത്തുകാരിയും ഉണ്ടാകും എന്ന് നിസംശയം പറയാന്‍ കഴിയും. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിനു 120 രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


Saturday, September 24, 2016

ഇരകൾ


ഇരയൊന്നും
വേട്ടക്കാർ അനവധിയും
കീഴടങ്ങാതെ വയ്യിരയ്ക്ക്
നിസ്സഹായതയാൽ .

ഇര നിരവധിയെന്നാൽ
വേട്ടക്കാരനൊന്നു മാത്രം .
ഇരകൾ കീഴടക്കപ്പെടുന്നു
അറിവില്ലായ്മയാൽ.

ഇരകളെന്തേ എന്നുമെന്നും
കീഴടങ്ങാനും വഴങ്ങാന്നും
വിലപിക്കാനും മാത്രമായിങ്ങനെ
പിറന്നിടുന്നു മണ്ണിലെന്നും .
....... ബിജു. ജി. നാഥ് വർക്കല

Friday, September 23, 2016

സസ്നേഹം .


സ്നേഹമല്ലാതെന്തുണ്ട് നമ്മളെ
ഏകരായിന്നു വർത്തിക്കുവാനായ്.
സ്നേഹമല്ലാതെ ഇല്ലില്ല ഭൂവിലോ
ജനിമൃതികൾ തൻ സംഗീതം പോലുമേ !

ഉള്ളു പൊള്ളിക്കും ഓർമ്മകൾ തന്നൊരു
മാതൃസ്നേഹം വിലങ്ങുന്നു നെഞ്ചിലായി
കണ്ണു നനച്ചെന്നുമേ ദേശത്തിൽ
കല്ലു മഴകൾ പെയ്യുന്നു നാൾക്കുനാൾ .

നമ്മൾ തമ്മിൽ മിഴികൾ കോർത്തെന്നാൽ
ശണ്ഠയല്ലാതെ മറ്റൊന്നുമില്ലെങ്കിലും
നമ്മിലൊരാളിന്റെ കരളൊന്നു കലങ്ങിയാൽ
കണ്ണുനീരു പടരുന്നു നമ്മിലായി .

എങ്ങു പോയി വസിച്ചീടുകെങ്കിലും
ഉള്ളിലെന്നും നിറയുന്ന നിന്നോർമ്മ.
ഊയ്യലാട്ടിതാലോലിച്ചീടുന്നു നെഞ്ചിൽ
നീയെന്നിൽ വന്ന നാൾ മുതലിന്നോളം !

ഇന്നുമെന്നുമേ നിന്നെ പിരിയാതെ
എന്റെയുള്ളിൽ വിടർന്നുല്ലസീച്ചിടാൻ
നിന്നെ ഞാനെന്നും കരുതി വയ്ക്കുന്നുണ്ട്
എന്തു നീയെന്നറിഞ്ഞു കൊണ്ടെപ്പോഴുമേ .
..... ബിജു. ജി. നാഥ് വർക്കല

Wednesday, September 21, 2016

എന്റെ രാജ്യം വരേണമേ


ജാതി ചോദിക്കാത്തവരും
മതം പറയാത്തവരും
അതിരുകള്‍ ചൊല്ലി കലഹിക്കാത്തവരും
എന്റെ രാജ്യത്തെ അന്തേവാസികള്‍ ആകണം .
ദളിതന്‍ എന്നും സവര്‍ണ്ണന്‍ എന്നും
നിറവും തൊഴിലും നോക്കി വിഭജിക്കാന്‍
എന്റെ രാജ്യത്ത് കഴിയരുത്‌ .
ചൊവ്വാ ദോഷവും
പെണ്‍പണവും മൂലം
ജീവിതം നശിക്കുന്ന പെണ്ണുങ്ങള്‍ കാണരുത് .
പെണ്ണുടല്‍ കടിച്ചു കീറുവാന്‍
ഇടവഴികളില്‍ , ഇരുളില്‍
കഴുകന്‍ കണ്ണുകള്‍ ഉണ്ടാകരുത് .
അഴിമതിയ്ക്കും അനീതിക്കും
വരമ്പത്ത് കൂലി നല്‍കുന്ന കോടതികള്‍
എന്റെ രാജ്യത്തിനലങ്കാരമാകണം .
ആണിനും പെണ്ണിനും രണ്ടുനീതി
രണ്ടു കൂലിയല്ലാത്ത നാടാകണം
ദേശമാകണം വലുത് ,
അധികാരിയാകരുതെന്റെ നാട്ടില്‍ .
അറിയാം എന്റെ നാട് ഇങ്ങനെ അല്ലാന്നു
അറിയാം എന്റെ നാടിങ്ങനെയാകില്ലന്നു
എങ്കിലും എനിക്കറിയാതെ പോകുന്നത്
ഞാനെന്തിനിനിയും ഇങ്ങനൊരു നാടിനെ
സ്വപ്നം കാണുന്നതെന്നാണല്ലോ ഡിങ്കാ.
-------ബിജു ജി നാഥ് വര്‍ക്കല

അൽഷിമേഴ്സ്

ഓർമ്മഭ്രംശം വന്ന കാലത്തിൻ
ഓലവാലിലിരുന്നാടുമെന്നെ നിങ്ങൾ
ഓമനിച്ചില്ലയെങ്കിലും ലോകമേ
ഓടയിലേക്ക് വലിച്ചെറിഞ്ഞീടല്ലിനി .
...... ബി.ജി.എൻ വർക്കല

Tuesday, September 20, 2016

ആതിര നക്ഷത്രം


ചിലപ്പോൾ നനഞ്ഞൊരു തൂവൽ പോലെ
ചിലപ്പോൾ വരണ്ടുണങ്ങിയ ആകാശമായി
മറ്റു ചിലപ്പോൾ പൂത്തു വിടർന്ന ഉദ്യാനമായി
അല്ലെങ്കിൽ തൊട്ടാവാടിയില പോലെ കൂമ്പി
അതുമല്ലെങ്കിൽ മഴ പോലെ ചന്നം പിന്നം...
എപ്പോഴൊക്കെയോ കിലുക്കാംപെട്ടി പോലെ.
എടുത്തു പറയാൻ ഒരുപാടുണ്ടല്ലോയെന്നു
എപ്പോഴുമോർമ്മിപ്പിക്കുന്ന മധുരമാണ് നീ.
മനസ്സിനെ കുളിർപ്പിച്ചും വേദനിപ്പിച്ചും
ചിരിപ്പിച്ചും കരയിച്ചും നിലാവത്തലയാൻ വിട്ടും
നീയിങ്ങനെ എനിക്കു ചുറ്റുമുള്ളപ്പോൾ
മറക്കുവാൻ എളുതല്ല നിന്നെയെന്നറിയുക.
ഇടയ്ക്കെപ്പോഴോ എന്റെ നിശബ്ദതയിൽ
ജാലക വാതിലിൽ മുട്ടി കാത്തു നിൽക്കും
ആതിര നക്ഷത്രം പോലെനിക്കു നീ.
....... ബിജു. ജി. നാഥ് വർക്കല.

Sunday, September 18, 2016

പ്രണയ രശ്മികൾ

നിന്നിലെ അന്വേഷണത്തിൻ
നിലാവെളിച്ചക്കുളിരിൽ മുങ്ങി
എന്നിലെ ആത്മാവിൻ പിടയൽ
എങ്ങു പോയെന്നറിയില്ല പെണ്ണേ!
..... ബി.ജി.എൻ വർക്കല

ചങ്കല്ല ചെമ്പരത്തിപ്പൂവ്


നീയെന്നെയും
ഞാൻ നിന്നെയും
അതിതീവ്രം
പ്രണയിക്കുന്നു .

ഞാൻ
പ്രണയത്തിന്റെ
ജീവരസത്തെ
ആവോളം
പാനം ചെയ്യുമ്പോൾ
നീയെന്റ ഹൃദയം
അറുത്തെടുക്കുന്നു.

ഇപ്പോൾ ഞാൻ
സ്പന്ദിക്കാത്ത
അസ്ഥികൂടമാണ്..
എങ്കിലും ഞാൻ
നിന്നെയറിയുന്നു.
പ്രണയിക്കുന്നു.

കാരണം
നിന്റെയടുക്കളയിലെ
വേസ്റ്റ് കുട്ടയിൽ
തുടിക്കുന്നുണ്ട്
നീ നിറഞ്ഞിരിക്കുന്ന
ആ മാംസപിണ്ഡമിപ്പോഴും !
..... ബിജു.ജി.നാഥ് വർക്കല

Saturday, September 17, 2016

മാതൃരാജ്യം .


കൗമാരത്തിൽ
അധിനിവേശത്തിന്റെ
കുതിരക്കുളമ്പടിയിൽ
ഉടലാകെ ഉടഞ്ഞുപോയവൾ.

യൗവ്വനത്തിൽ
കൊളോണിയലിസത്തിന്റെ
നഖങ്ങളിൽ പെട്ടു
നഗ്നതകളിൽ നിണം പൊടിഞ്ഞവൾ.

മധ്യവയസ്സിൽ
ഇസങ്ങളും വിശ്വാസങ്ങളും
വലിച്ചു കീറി ഉപ്പു തേച്ച
വൃണങ്ങളിൽ പുഴുവരിപ്പവൾ.

വലിച്ചു കീറപ്പെട്ട ഉടയാടകളും
പിളർന്നു വച്ച ഹൃദയവും
തച്ചുതകർത്ത തലച്ചോറുമല്ലാതെ
വാർദ്ധക്യത്തിലേക്ക്
നിനക്കെന്താണ്
കാലം കരുതി വയ്ക്കുന്നത്.?
..... ബിജു ജി നാഥ് വർക്കല

Friday, September 16, 2016

പൂവിനെക്കുറിച്ചു കവിതയെഴുതുമ്പോൾ !


പൂവിനെക്കുറിച്ചു പത്തു വാക്ക്
നീയെനിക്കു തന്ന വിഷയമതായിരുന്നു .
കണ്ണുകൾ അടച്ചു
വരികൾക്കായി ഞാൻ കാത്തിരുന്നു.

കുറ്റിക്കാട്ടിൽ ഉറുമ്പരിച്ച മിഴികളോടെ
ചുറ്റും ചിതറിയ പാഠപുസ്തകങ്ങൾ
കീറിയെറിഞ്ഞ യൂണിഫോം.
തുടയിടുക്കിൽ ചോര കട്ടപിടിച്ച
ചുവന്നു കറുത്തൊരു കുഞ്ഞു പെൺപൂവ്

തുറന്നടച്ച കണ്ണുകളിൽ തെളിയുന്നു
കമ്പിപ്പാര കയറിയിറങിയ യോനി
കടിച്ചു പറിച്ച മുലഞെട്ടുകൾ
അധരങ്ങൾ അടർന്നു  തൂങ്ങിയ
ചോണനുറുമ്പ് വരിയിടുന്നൊരു കറുത്ത പൂവ്.

ഇതാ നോക്കൂ
ചുണ്ടുകൾ , കവിൾത്തടം
പുരികം
തെരുവുനായ
കടിച്ചുപറിക്കപ്പെട്ട കുഞ്ഞു പൂവ് .

ശ്വാസം നിഷേധിച്ചു
പിറന്നുടൻ ജീവനെടുക്കപ്പെട്ടു പോയ
നീലിച്ച മിഴികൾ തുറന്നിരിക്കുന്നു.
നക്ഷത്രങ്ങൾ നഷ്ടമായ പൂവ്.

കൗമാര കുതൂഹലം വിടാത്തമിഴികൾ
ഇരുട്ടിൽ ഭയത്താൻ പൂക്കുന്നു.
കടന്നു വരുന്ന മണവാളന്റെ
അറിയാത്ത ഭാവങ്ങളെ സ്വീകരിക്കാൻ
ഉടയാത്ത തനുവുമായി ഒരു പൂവ്.

ചിതറിവീണ ശരീരങ്ങൾക്കും
തകർന്നു വീണ കെട്ടിടങ്ങൾക്കും ഇടയിൽ
ആകാശനീലിമ മിഴികളിൽ നിറച്ചു കൊ-
ണ്ടാകാശം നോക്കി വിറങ്ങലിച്ചു കിടപ്പു
അംഗഭംഗം വന്നൊരു കുഞ്ഞു പൂവ്.

ഇല്ല എനിക്കാവില്ല പൂവിനെക്കുറിച്ചും
ശലഭങ്ങളെക്കുറിച്ചുമിനിയെഴുതാൻ.
എന്റെ ലോകം ശവം നാറിപ്പൂക്കളും
ശ്മശാന മൂകതയും നിറയുന്നു.
എന്നിൽ നിന്നും മൃദുല ചിന്തകളകലുന്നു.
ഭ്രാന്തിന്റെ ഉച്ചസ്ഥായിയിൽ
അക്ഷരങ്ങൾ വലിച്ചെറിഞ്ഞു
മൂർച്ചയുള്ളോരായുധം തേടി
എന്റെ കണ്ണുകൾ പായുന്നു.
...... ബിജു.ജി.നാഥ് വർക്കല


Monday, September 12, 2016

പേരറിയാനൊമ്പരം .


നിശബ്ദത വേട്ടയാടും തീരങ്ങള്‍
ശത്രുവാരെന്നു തിരയുന്ന കണ്ണുകള്‍
നമുക്കാരോ നഷ്ടമാകുന്നു എന്ന്
പേരറിയാ കിളി വിലപിച്ചു തുടങ്ങിയിരിക്കുന്നുവല്ലോ .
ഇനിയും ഏകാന്തതയെ സ്നേഹിക്കാന്‍
ഇനിയും നഷ്ടങ്ങളെ താലോലിക്കാന്‍
തിരകള്‍ എണ്ണി ജീവിതം സുഖദമാക്കാന്‍
പുലരികള്‍ തിരയുന്ന ലോകം !
തിത്തിരിപ്പക്ഷികള്‍ ചിലച്ചു തുടങ്ങുമ്പോള്‍ ,
മഞ്ഞവെയില്‍ പൂത്തുലയുമ്പോള്‍
കാലത്തിന്‍റെ കണ്ണാടിക്കവിള്‍ ചുവക്കുമെന്നും
ഋതുക്കള്‍ മാറിവരുന്നെന്നു
കോളാമ്പിപ്പൂക്കള്‍ ശബ്ദമിടുമെന്നും
വെറുതെ പറയുന്നതാകാം....
കഷ്ടതകള്‍ മാറി വരുന്നെന്നും
ഓണം വന്നില്ലേയെന്നും
കോങ്കണ്ണന്‍ കാക്ക കദളിവാഴക്കൈയ്യില്‍
വെറുതെ ഇരുന്നാണ് ചോദിച്ചതത്രേ.
വിരുന്നുകാരെ കാത്തിരിന്നു മുഷിഞ്ഞ
അമ്മക്കാതുകളില്‍ തീകോരിയിട്ടുകൊണ്ട്
കാക്ക പോയതും കല്ല്‌ പാഞ്ഞതും
കാറ്റുപോലും തിരിച്ചറിഞ്ഞില്ല .
...............ബിജു ജി നാഥ് വര്‍ക്കല 

Friday, September 9, 2016

ഞാനൊരു ഗവേഷകനാവുന്നു.


കണ്ണുകൾക്ക് സംസാരിക്കാനുണ്ട്
സ്നേഹത്തെക്കുറിച്ചും
കാമത്തെക്കുറിച്ചും
വാത്സല്യത്തെക്കുറിച്ചുമെല്ലാം.

ചുണ്ടുകൾ സംസാരിക്കും
പ്രണയത്തക്കുറിച്ചും
ദാഹത്തെക്കുറിച്ചും
അവഗണനയെക്കുറിച്ചുമെല്ലാം .

നിന്നെ നോക്കിയിരിക്കുമ്പോൾ
ദാഹമില്ലാത്ത ചുണ്ടുകൾ
കാമമില്ലാ കണ്ണുകൾ
രതിയില്ലാത്ത ശരീരഭാഷ...
ഞാൻ നിന്നിലേക്ക് തന്നെ നോക്കുകയാണ്.

ജ്ഞാനികൾ കാണാതെ പോയ
നിന്റെ ശരീരഭാഷ
നിന്റെ മിഴികളിൽ ഒളിപ്പിച്ച
നിഗൂഢ ശൈത്യം
നിന്റെ അധരങ്ങൾ മൊഴിയും
രഹസ്യ ഭാഷ ...
ഞാനൊരു ഗവേഷകനാവുന്നു .
...... ബിജു ജി നാഥ് വർക്കല

തിരിച്ചറിവു


Tuesday, September 6, 2016

പ്രണയത്തിന്റെ പ്രായം.


ഉല്ലേഖനം ചെയ്യപ്പെട്ട
പ്രണയത്തിനൊക്കെയും
ഇല്ലില്ല പ്രായത്തിൻ വേരുക -
ളെന്നാലും ഇല്ല നീ പോരില്ലേ കൂടെ?

കനവുകൾക്കപ്പുറം നീ
ചെറുകുടിലിലെ ഗൃഹനാഥയാകിലും.
പറയാൻ മടിക്കുന്നു ലോകമേ
നിന്നിലും  പ്രണയമങ്കുരിക്കുന്നുവെന്നോ?

കാമത്തിൻ വേരുകൾ
മരവിച്ച മണ്ണടിയിലുറക്കമെന്നാകിലും
ത്രസിക്കും മുലഞ്ഞെട്ടൊളിപ്പിച്ചു
നീ നിരസിക്കുന്നതെന്തു നിൻ മനത്തെ.

പറയുക നീ നിന്റെ ചുളി -
വാർന്ന വിരലുകൾ മറയ്ക്കാതെയിന്നു.
നരയല്ല ജരയല്ല ജീവസ്സുവാർന്നിടാ
മനമാണ് നിന്നിലെ പ്രണയജലമെന്നു.
....... ബിജു ജി നാഥ് വർക്കല

Monday, September 5, 2016

സ്വപ്നത്തേര് .


കണ്ണുകൾ അടയാൻ
 കാത്തിരിപ്പാണ് കനവുകൾ!
വെള്ളിനിലാവിലൂടെ
രണ്ടരയന്നങ്ങൾ പോലെ നാം.
ചിലപ്പോൾ ആൽപ്സ്
മറ്റു ചിലപ്പോൾ മാനസരോവർ
ചില നേരങ്ങളിൽ നാം
പാരീസിന്റെ തെരുവുകളിൽ
നഗ്നരായി അലയുകയാവും
ചിലപ്പോൾ നോർവയുടെ
കൽ വീഥികളിൽ അലസ
വസ്ത്രങ്ങളിൽ ഉലാത്തും
മറ്റു ചിലപ്പോൾ ആഫ്രിക്കയിൽ
ചില്ലുകൾ തുന്നിച്ചേർത്ത
നിറ സമന്വയങ്ങളിൽ
യാത്രകൾ തുടരുന്നത് കാണാം.
മരുഭൂമിയുടെ സൂര്യതാപത്തിൽ
നിന്നെ കറുത്ത കവചത്തിൽ
തൊടാൻ ഭയന്നു നിന്നിട്ടുണ്ട്.
താടിവച്ച തമ്പുരാക്കന്മാർ
ബന്ധങ്ങളുടെ രേഖ ചോദിച്ചു
ഭയത്തിന്റെ മുള്ളിൽ നിർത്തിയിട്ടുണ്ട്.
ദേശാന്തരങ്ങൾ താണ്ടി
ചിലപ്പോഴെങ്കിലും
പിറന്ന മണ്ണിൽ നടന്നിട്ടുണ്ട്.
നോട്ടങ്ങളിൽ ചൂളി
സാരിത്തലപ്പു കൊണ്ടാസകലം മൂടി
നീ എന്നെ മുറുകെപ്പിടിക്കാറുണ്ട്.
കവലകളിൽ മുഴങ്ങുന്ന
ചൂളൻ വിളികളിൽ
തടഞ്ഞു നിർത്തിയുള്ള
വിചാരണകളിൽ
യാത്രകൾ മുഴുമിപ്പിക്കാനാവാതെ
നാം രണ്ടു ദിശകളിലേക്ക്
നടന്നകന്നിട്ടുണ്ട്.
സ്വപ്നങ്ങൾ അരോചകമാകുന്നത്
എന്റെ നാട്ടിലാകുന്നത്
കൊണ്ടാകണം
ഇപ്പോൾ കനവുകളിൽ
പച്ച പിടിച്ച നെൽപ്പാടങ്ങളോ
ആമ്പൽ വിരിഞ്ഞ ജലാശയങ്ങളോ
കുന്നിൻ ചരിവിന്റെ
തണുത്ത കാറ്റോ കടന്നു വരാറില്ല.
.... ബിജു ജി നാഥ് വർക്കല

Sunday, September 4, 2016

സായാഹ്നത്തീവണ്ടി.


അത്താഴത്തിന്റെ വകകൾ
കൊത്തിയരിയുന്ന വിരലുകൾ.

കാഴ്ചകളുടെ പുതുമകൾ
കൊത്തിവലിക്കുന്ന കണ്ണുകൾ .

പത്രവാർത്തകളിൽ പ്രിയമായതെന്തോ
തേടിയലയുന്ന വായനകൾ.

മൂക്കിൻ മുന്നിൽ തൊട്ടു തൊടാത്ത
മുലകളെ തിന്നുന്ന തലച്ചോർ .

തിരക്കിന്റെ തിരക്കറിയാതെ
വാ തുറന്നുറങ്ങുന്ന വഴിവാണിഭം.

കണ്ണുകൾ കൊണ്ടു പ്രണയിച്ചു
കാൽ കഴപ്പറിയാത്ത യൗവ്വനം.

ദു:ഖത്തിന്റെ മാറാപ്പിൽ കൈയിട്ടു
ഓർമ്മകളെ തിരയുന്ന വാർദ്ധക്യം.

ഒക്കെയും കുത്തി നിറച്ചോടുകയാണ്
വാലിൽ തീപിടിച്ചൊരൊറ്റക്കണ്ണൻ
അലറിക്കൂവിക്കൊണ്ടകലേയ്ക്ക് .
..... ബിജു ജി നാഥ് വർക്കല

Saturday, September 3, 2016

വേനൽ മഴപോലെ നീ .


നിനച്ചിരിക്കാതെ കടന്നു വരുകയും
പറയാതെ പോവുകയും ചെയ്യുന്ന
കുസൃതി മഴയാണ് നീ.!
വേനൽ മഴപോലെ....
ചിലപ്പോൾ മഞ്ഞവെയിൽ പൂത്ത
സായംസന്ധ്യയിലാകെ കുളിരായി.
മറ്റു ചിലപ്പോൾ മൂടിക്കെട്ടിയ സങ്കടമായി
ഇരുട്ടിൽ ഒളിച്ചും പാത്തും കടന്നു പോയേക്കാം .
ഒന്നു നനയ്ക്കാൻ അല്ലാതെ
ഒന്നു കുളിച്ചെടുക്കാനില്ലാത്ത നോവായി
ഓർക്കാപ്പുറങ്ങളിൽ നീ പെയ്യുമ്പോൾ
ആകെത്തകർന്ന ഹൃദയത്തിലെങ്ങോ
നിന്റെ പുഞ്ചിരി മായാതെ നില്ക്കുന്നു.
കാതുകൾക്ക് മധുരമായി നിന്റെ സ്വരവും.
ഞാൻ വേനലാണ്.
കനൽ നിറഞ്ഞ പടനിലം !
എന്നിലെ ഉഷ്ണങ്ങളിലേക്ക് പെയ്യാൻ
നീയിനിയൊരു കർക്കിടക പെരുമഴയാകുക.
..... ബിജു.ജി.നാഥ് വർക്കല