Sunday, March 31, 2019

മാര്‍ച്ച് മാസം പതിവ് തെറ്റിച്ചിട്ടില്ല


മാര്‍ച്ച് മാസം പതിവ് തെറ്റിച്ചിട്ടില്ല

അല്ലേലും ചില പതിവുകള്‍ അങ്ങനെയാണ് 
മുടക്കമില്ലാതെ കടന്നു വരും .
പ്രത്യേകിച്ചും, എല്ലായ്പ്പോഴും
മാര്‍ച്ച് കൊണ്ട് മുറിവേല്‍ക്കുന്നവരില്‍.
ഏറെ തിളക്കത്തോടെയും
ഏറെ പ്രതാപത്തോടെയും ആണ്
ഓരോ പ്രണയവും ഹൃദയത്തിലേക്ക് കടന്നു വരിക.
ഒത്തിരിയൊത്തിരി സ്വപ്‌നങ്ങള്‍
പ്രതീക്ഷകള്‍
മോഹങ്ങള്‍
വാഗ്ദാനങ്ങള്‍
അതങ്ങനെ അനസ്യൂതം പ്രവഹിക്കും.
(വെറും വാക്കിന്റെ എന്തും എല്ലില്ലാത്ത നാക്കിനു പ്രയോഗിക്കാമല്ലോ.)
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് പറയാം
നമുക്ക് ഒന്നിച്ചു ഒരായിരം കനവുകള്‍ കാണാം,
ഒരിക്കലും , മരണമല്ലാതെ ഒന്നുംതന്നെ
നമ്മെ വേര്‍തിരിക്കില്ല,
നീ എന്നെ വിട്ടുപോയാലും
ഞാന്‍ വിട്ടുപോകില്ല എന്നുമൊക്കെ പറയാം.
നമുക്കിടയില്‍ ശരീരം ബന്ധനം അല്ലെന്നു വാശി പിടിക്കാം.
അതിരുകളുടെ രേഖാംശവും അക്ഷാംശവും വരച്ചു
കഴുത്തില്‍ തൂക്കിയിട്ടുകൊണ്ട് പ്രണയം തുടങ്ങാം.
പ്രണയത്തിന്റെ ഏതെങ്കിലും ദിശാസന്ധിയില്‍
ഉപരോധങ്ങളുടെ തിരശീല മാറ്റപ്പെടുമ്പോള്‍
ഉപാധികളുടെ പ്രണയം നിശ്ചലമാകുകയും
പടിവാതില്‍ തഴുതിട്ടു
എന്റെ ആത്മാവിന്റെ ചിതയിലേക്ക്
ഞാനെന്നെ എറിയുന്നു എന്ന വിലാപത്തോടെ നടന്നകലുകയും ചെയ്യണം.
ഒരിക്കലും വേര്‍പെടില്ല എന്ന വാക്കും
എന്നും ഒരുനേരം കാണണം എന്ന വാഗ്ദാനവും
ശ്വാസം മുട്ടി കുരുങ്ങി ഊർദ്ദം വലിക്കുന്ന പകലുകള്‍ക്ക്
പ്രണയം എന്തെന്ന് അറിയില്ലല്ലോ.
ഒന്നും സ്ഥിരമല്ല ലോകത്തില്‍
എല്ലാം ചാക്രികമായ ഒരു ചലനമല്ലോ
ഒരു പൂവില്‍ നിന്നും മറ്റൊരു പൂവിലേക്കുള്ള യാത്ര
ഭാഗ്യം തേടി,
പ്രണയം എന്തെന്ന് തേടി
ശലഭത്തിന്റെ യാത്ര തുടരും.
ഒടുവില്‍ ,
ഇതാണ് പ്രണയം എന്ന ഉടമ്പടിയില്‍
ഒത്തുതീര്‍പ്പുകളില്‍ വീണു
നെടുവീര്‍പ്പിന്റെ ചിറകടികള്‍ അനുഭവിച്ച്,
ഇടനെഞ്ചില്‍ പ്രാവിന്റെ കുറുകല്‍ കേട്ട്
നീലാകാശത്തെ ഉള്ളിലേക്കാവാഹിക്കണം.
മഴവില്ലുകള്‍ വിരിയുമെന്നും
വെള്ളിമേഘങ്ങള്‍ കൂട് കൂട്ടുമെന്നും
മഴയിരമ്പം കടന്നുവരുമെന്നും
കടപുഴക്കിയോഴുക്കി കടലില്‍ ചേർക്കുന്നൊരു
പ്രളയം വരുമെന്നും
കനവു കാണണം.
നഷ്ടപ്പെടലുകളുടെ മാര്‍ച്ചിനു
വിരഹത്തിന്റെ നിറം നല്കിയതാരെന്നു ചോദിക്കണം.
ഗുല്‍മോഹറുകള്‍ ചിതറി വീണ പാതയോരങ്ങള്‍,
ഉണങ്ങിയ നദിയുടെ മാറില്‍
പിടയുന്ന മാനത്തുകണ്ണികൾ,
മാമ്പൂമണം
കശുമാവിൻ തോട്ടം
ഓര്‍മ്മകള്‍ മേയുന്ന സായാഹ്നങ്ങള്‍
കടല്‍ത്തീരം
ഒക്കെ ചിത്രങ്ങളായി പടരണം.
ഇരുട്ടിനു മാത്രം നിറം കൊടുക്കാന്‍ കഴിയാത്തതില്‍
കണ്ണിനോടു കലഹിക്കണം. .
വിരഹത്തിന്റെ മാര്‍ച്ചിന്,
വേദനയുടെ മാര്‍ച്ചിന്
നന്ദി പറഞ്ഞു കൊണ്ട് അകലണം
ആരോടും പറയാതെ
യാത്ര പറയാതെ .......
...ബിജു.ജി. നാഥ് വര്‍ക്കല







Friday, March 29, 2019

വിടപറയുമ്പോൾ

വിടപറയുമ്പോൾ
............................
ഇനിയെന്റെ രസനയിൽ നീ പകർന്നീടുക
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ.
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം
പ്രണയ ഹൃത്തിലെന്നറിഞ്ഞീടുക.

ഒരു കാലമുണ്ടാം നമുക്കായി വീണു പോം
ഇലകൾക്കു പറയുവാൻ കഥകളായി.
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട്
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.
....... ബി.ജി.എൻ വർക്കല

വികൃതിവിശേഷങ്ങൾ ........ വിരോധാഭാസൻ

വികൃതിവിശേഷങ്ങൾ (നര്‍മ്മം)
അജി വിരോധാഭാസന്‍
സൈകതം ബുക്സ്
വില : 160 രൂപ

ഓര്‍മ്മകളെ ഓര്‍ത്ത് വയ്ക്കാനും അത്  പങ്കുവയ്ക്കാനും മനുഷ്യനു കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഉപാധിയാണ് എഴുത്ത്. ഈ ഒരു കഴിവ് മനുഷ്യന്‍ വികസിപ്പിച്ചെടുത്തത് കൊണ്ടുമാത്രമാണ് ഇന്നത്തെ ജനത പോലും ഈ പുതിയ കാലത്ത് പോലും മതം, ദൈവം തുടങ്ങിയ ഇല്ലായ്മകളുടെ വിഡ്ഢിത്തങ്ങള്‍ ചുമക്കുകയും ജീവിതം പലപ്പോഴും ദുസ്സഹമാക്കുകയും ചെയ്യുന്നത് എന്നതും ഒരു വിരോധാഭാസമായി കാണാവുന്ന കാര്യമാണ്. കുട്ടിക്കാലം എന്നാല്‍ അമ്മൂമ്മക്കഥകള്‍ കേട്ടു വളരുന്ന കാലം ആയിരുന്നു കഴിഞ്ഞ തലമുറ വരെയും. ഇന്നത് മാറിപ്പോയിരിക്കുന്നൂ എന്നത് കാലത്തിന്റെ ഒരു വിനോദം മാത്രമാണു. വായനയുടെ ലോകം വികസിച്ചു വന്നത് വളരെ വേഗത്തില്‍ ആയിരുന്നു എങ്കില്‍ ഇന്നത് മുരടിക്കുന്നതും വളരെ വേഗത്തില്‍ ത്തന്നെയാണ് . വിനോദസങ്കേതങ്ങള്‍ വികസിച്ചപ്പോള്‍ പുസ്തകങ്ങള്‍ക്ക് മരണം സംഭവിച്ചു തുടങ്ങുകയായി. പോരാത്തതിന് ഇന്ന് വായന ഡിജിറ്റല്‍ സങ്കേതങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് . അതിനാല്‍ തന്നെ പുസ്തകവായന മരണപ്പെടുന്നു. സമയമില്ലായ്മയാണ് ഇന്ന് വായനയുടെ പ്രധാന ശത്രു. എങ്കിലും ദിനേന ഒരുപാട് പുസ്തകങ്ങള്‍ മലയാളത്തില്‍ ജന്മം എടുക്കുന്നുണ്ട് . അവയില്‍ എത്രയെണ്ണമുണ്ട്  വായനക്ക് ഉതകുന്നവ എന്നൊരു ചോദ്യം എഴുത്തുകാരോ പ്രസിദ്ധീകരണസ്ഥാപനങ്ങളോ തിരക്കാറില്ല. കാരണം അതൊരു വ്യവസായം ആണ് അവര്‍ക്ക്. ഉത്പന്നത്തിന്റെ ഗുണമേന്‍മയോ , മൂല്യമോ അവരെ ഉത്കണ്ഠപ്പെടുത്തുന്നില്ല. പണം വാങ്ങി പണി ചെയ്തുകൊടുക്കുക എന്നതിനപ്പുറം എന്തു ബാധ്യതയാണ് അവര്‍ക്കുള്ളത്.
ഓര്‍മ്മകളെ എഴുതിപ്പിടിപ്പിക്കുക എന്നത് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് അല്പമെങ്കിലും സാഹിത്യം കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് വളരെ എളുപ്പം സാധിക്കുന്ന ഒരു കാര്യമാണ് . പ്രത്യേകിച്ചും നര്‍മ്മ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ ആണെങ്കില്‍ വളരെ മനോഹരമായ ഒരു സംഗതിയാകും അത്. വി കെ എന്‍ ഭാഷ വളരെ പ്രശസ്തമായ ഒരു പ്രയോഗം ആണ് . ഭാഷയില്‍ അതിനെ അത് പോലെ കൈകാര്യം ചെയ്യാനാകുന്ന എഴുത്തുകാര്‍ ഇന്നുണ്ടോ എന്നു സംശയം ആണ് . ഇവിടെ വിരോധാഭാസന്‍ എന്ന തൂലികാനാമത്തില്‍ അജി എഴുത്തുന്ന വികൃതിവിശേഷങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍ ആണ് . ദുബായിലും നാട്ടിലും ആയി അദ്ദേഹം കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ വിശേഷങ്ങള്‍ വളരെ നന്നായി പറഞ്ഞു പോകുന്നു. ഈ കുറിപ്പുകള്‍ പലതും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ ആയിരുന്നു എന്നു സംശയിക്കത്തക്ക വിധത്തില്‍ അങ്ങനെ അഡ്രസ്സ് ചെയ്യപ്പെട്ടവയാണ്. ചിലവയൊക്കെ ചെറുകഥകള്‍ എന്നു വിശേഷിപ്പിക്കാവുന്നതും ചിലവ അനുഭവക്കുറിപ്പുകള്‍ എന്നു പറയാവുന്നതും ആണ് . പ്രവാസിയായ ഒരാള്‍ക്ക് നാട്ടില്‍ എത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുന്നതും അഭിമുഖീകരിക്കേണ്ടി വരുന്നതും ആയ വിശേഷങ്ങള്‍ , ചോദ്യങ്ങള്‍ അനുഭവങ്ങള്‍ എന്നിവയും , കുട്ടിക്കാലത്തെ ഓര്‍മ്മകളും കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ ചേര്‍ന്നുള്ള കുറെ വിശേഷങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം എന്നതിനപ്പുറം ഇതില്‍ വായിക്കാനോ പങ്കുവയ്ക്കാനോ അധികം വിശേഷങ്ങള്‍ ഇല്ല തന്നെ. എന്തുകൊണ്ട് ഇതുനിങ്ങള്‍ വായിക്കണം എന്ന്‍ എഴുത്തുകാരന്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട് . മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍ ഒന്നു ചിരിക്കാന്‍ , വിഷമമകറ്റാന്‍ ഈ വരികള്‍ക്കും വായനയ്ക്കും കഴിയുമെങ്കില്‍ അത്രയും ആയി എന്നുള്ള ആ ഒരു വാചകത്തില്‍ ഇതിനെ വിലയിരുത്താം. അതേ, സമയം പോക്കാനായുള്ള നര്‍മ്മ രസപ്രധാനമായ എഴുത്തുകാരന്റെ അനുഭവങ്ങളെ ഒരു സുഹൃത്തിന്റെ വിവരണം ആയി കാണാനോ , അനുഭവിക്കാനോ കഴിയും ഈ വായനയില്‍. തള്ളുകളൊന്നും ഇല്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന അപൂര്‍വ്വം  നര്‍മ്മ / ഓര്മ്മ എഴുത്തുകളുടെ കൂട്ടത്തില്‍ ഉള്ള ഒരു പുസ്തകം എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത് . ഒറ്റവായനക്ക് ഉതകുന്ന ഒരു പുസ്തകം  എന്നതിനപ്പുറം ഇതില്‍ എടുത്തുപറയാനായി ഒന്നും തന്നെയില്ല. ആശംസകള്‍ ബി.ജി.എന്‍ വര്‍ക്കല

Thursday, March 28, 2019

മരണാനന്തരം

മരണാനന്തരം
........................
എന്റെ പ്രണയവും
എന്റെ വാക്കുകളും
നിനക്ക് തമാശയാകും.
ആകണം..
കാരണം,
ഒരിക്കൽ
ഞാൻ അത് തെളിയിക്കുമ്പോൾ
നിന്റെ മുഖത്ത് വിടരുന്ന ഭാവം
എനിക്ക് കാണാനായില്ലെങ്കിലും
ലോകം കാണും.
എന്റെ പ്രണയം
പൂവണിയുന്നത് അന്നാകും.
അന്ന്
നിന്റെ കണ്ണീരിൽ
എന്റെ മുഖം തെളിഞ്ഞു നില്കും
അതോടെ  ഞാൻ
അനശ്വരനാകും.
അപ്പോൾ എന്റെ ഇഷ്ട കവിതയായ
ചുള്ളിക്കാടിന്റെ വരികൾ നീ ഓർക്കും
ഒടുവിൽ .... അമംഗളദർശിനിയായ് .......
..... ബിജു.ജി.നാഥ് വർക്കല

Wednesday, March 27, 2019

മഴയാണ് ഞാൻ.

മഴയാണ് ഞാൻ.
...........................
ഓർമ്മയിലേക്ക് ചാഞ്ഞു പെയ്യുന്ന
ഒരു മഴയാകണമെനിക്ക്.
നീയെത്ര തന്നെ ശ്രമിച്ചാലും ,
നിന്നെ നനച്ചും
വശം കെടുത്തിയും
ശാപവാക്കുകൾ പറയിപ്പിക്കുന്ന
പിശറൻ മഴ.
നനയാൻ കൊതിക്കാതെ
നനയേണ്ടി വരുന്ന മഴ!
എത്ര മനോഹരമായൊരു പ്രതികാരമാണത്.
എന്നെ മറക്കാനും
എന്നിൽ നിന്നകലാനും
നീ ശ്രമിക്കുമ്പോഴൊക്കെ
എന്നെ ഓർമ്മിപ്പിക്കാൻ
ഞാനിനി മഴയായേ പറ്റൂ.
ഉഷ്ണം കൊണ്ടു പൊതിയുന്ന
നിന്റെ ഉടലിനെ
മഴ കൊണ്ടു സ്നേഹിക്കുകയാണ് ഞാൻ.
നിനക്കതരോചകമാകിലും....
നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി
ചിറക് നനഞ്ഞ കിളിയെ ഓർമ്മിപ്പിച്ച്
പിടിക വരാന്തയിൽ നിൽക്കുമ്പോൾ
നിന്റെ മുഖത്ത് വിരിയുന്നത്
എന്നോടുള്ള പ്രിയമാകില്ല.
വെറുപ്പിന്റെ തിരമാലകളാൽ
നീയെന്നെ മറക്കുവാൻ ശ്രമിക്കും.
ഓർമ്മിക്കാൻ ശ്രമിക്കലാണ്
മറക്കുവാനുള്ള ഏകമാർഗ്ഗമെന്ന് ഞാനും.
അങ്ങനെ
ഓർമ്മിച്ചും വെറുത്തും
നീയെന്നെ കടന്നു പോകും
നിനക്ക് പ്രിയമായിരുന്ന,
ഇന്നപ്രിയമായ
ചാറ്റൽ മഴയായി ഞാൻ പെയ്തു കൊണ്ടേയിരിക്കും
നീ നടക്കുന്ന വഴിയോരങ്ങളിലൊക്കെയും.
...... ബിജു.ജി.നാഥ് വർക്കല

Tuesday, March 26, 2019

ഒരില കഥ പറയുന്നു.

ഒരില കഥ പറയുന്നു.
.......
എന്റെ കുറ്റം കൊണ്ടായിരുന്നില്ല
പക്ഷേ ഞാൻ ജനിച്ചു
ഇനി വളർന്നേ പറ്റൂ
പൊരുതി നിന്നേ പറ്റൂ.
ഹൃദയം തുറന്നേ പറ്റൂ
മിഴികൾ തുറന്നേ പറ്റൂ.
ഇളം നാമ്പല്ലേന്ന് കരുതി
പുഴുക്കൾ തിന്നാൻ നോക്കി
കുഞ്ഞിലയല്ലേന്ന് കരുതി
കിളികൾ കവരാൻ നോക്കി
അഹങ്കാരിയല്ലേന്നോർത്ത്
കാറ്റെന്നെ വീഴ്ത്താൻ നോക്കി.
ജനിച്ചു പോയില്ലേ
വളരണമെന്നുറച്ചു പോയില്ലേ
പൊരുതി നിന്നേ പറ്റൂ.
ഒരു പാട് കാലമൊന്നും
ഒരിലക്കും പിടിച്ചു നില്ക്കാനാവില്ല തന്നെ.
തലയുയർത്തി നിന്നപ്പോൾ
വെയിലടിച്ചു നിന്നപ്പോൾ
തിളക്കമുറ്റുനിന്നപ്പോൾ
ഒടുക്കമുണ്ടാകുമെന്നോർത്തില്ല.
നിറം മങ്ങിയതറിഞ്ഞില്ല
കാൽ തളർന്നതറിഞ്ഞില്ല
വൻകാറ്റിൽ പിടിച്ചു നിന്ന ഹുങ്ക്
ചെറുകാറ്റിൽ കടപുഴക്കിയെറിഞ്ഞു.
വെറും മണ്ണിൽ ആകാശം നോക്കി കിടക്കുമ്പോൾ
വീണല്ലേ പറ്റൂ.
ഇനിയഴുകിപ്പോയല്ലേ പറ്റൂ
മണ്ണുതിന്നല്ലേ പറ്റൂ
എന്നു ചിന്തിക്കുവാൻ കഴിയാത്തതെന്തേ .?
...... ബിജു.ജി.നാഥ് വർക്കല

Monday, March 25, 2019

മരുന്ന്

മരുന്ന്
...........
വേനലാണെന്നതു മറന്നുവോ കാറ്റേ
വേഗത്തിൽ യാത്ര തുടങ്ങീടുക .
പാരിടമാകെ തീമഴ പെയ്യവേ, നീ-
യെൻ പ്രേയസിക്കു കുടയാവുക.
...... ബി.ജി.എൻ  വർക്കല

Sunday, March 24, 2019

തുടയ്ക്കുക നിന്റെ കണ്ണുനീർ.

തുടയ്ക്കുക നിന്റെ കണ്ണുനീർ.
...............................................
മെല്ലെ
വളരെ മെല്ലെ
നിന്റെ പ്രണയത്തിന്റെ ഉപ്പു ഭരണിയിലേക്ക്
ഞാൻ മുറിവുകൾ തുന്നിക്കെട്ടിയ
ഏറ്റം ദുർബലമായൊരു ഹൃദയം
ഏറെ പ്രിയത്തോടെ ഇറക്കി വയ്ക്കുന്നു.
നിന്റെ കണ്ണീരിനും
പരിഭവത്തിന്റെ നഖമുനകൾക്കും
കോപത്തിന്റെ വാക്ശരങ്ങൾക്കും
ഒരിക്കലും പരിചയാകാതെ
ഏറ്റുവാങ്ങാനായാ ഹൃദയം മിടിക്കുന്നുണ്ട്.
കർഷകർ ആത്മഹത്യ ചെയ്യുന്നതറിഞ്ഞും
പെൺകുട്ടികൾ ഉടഞ്ഞു ചിതറുന്നത് കേട്ടും
പാകിസ്താനിലേക്ക് പോകാനലറിയവർ
ഇരുമ്പ് ദണ്ഡിനാൽ പ്രഹരമേൽപ്പിക്കുമ്പോഴും
ദേശീയത തെളിയിക്കാനാവാതെ പിടയുന്നവരെയോർത്തും
നിന്റെ ഉള്ളു കത്തുന്നത് കാണുന്നുണ്ട് ഞാൻ .
തൊലി പൊളിയുന്ന ഉഷ്ണവും
വറ്റിവരണ്ട ഭൂഗർഭവും
ഒഴുകിയുണങ്ങിയ പുഴകളും
മരുഭൂമിയെ ഓർമ്മിപ്പിക്കുന്നു എന്ന് നീ പറയുമ്പോൾ
പൂക്കാതെ പോയ കിനാവുകളുടെ
ഉള്ളുരുക്കങ്ങളിൽ നിന്നു കത്തുന്നയെന്നിൽ
സൂര്യതാപം സുമ സ്പർശം മാത്രമാണല്ലോ!
എല്ലാം ഉപേക്ഷിച്ചു കൊണ്ട്
പിന്നിലെല്ലാം ഇട്ടെറിഞ്ഞു കൊണ്ട്
അജ്ഞാതമായൊരിടത്തിലേക്ക് നിന്നെയൊളിപ്പിക്കാൻ,
അതുമല്ലെങ്കിൽ
ഏറ്റമടുത്തൊരു നിമിഷത്തിൽ
ഒരു വിറകു കൊള്ളിപോൽ എരിഞ്ഞുതീരാൻ
സ്വപ്നം കാണുന്നു നീയപ്പോഴും.
ലോകം എത്ര ചെറുതാണല്ലേ?
നമ്മൾ മാത്രമില്ലാത്ത
നമ്മുടെ ലോകം.!
നോക്കൂ
ഇവിടെ നാം അന്യരാണ്.
പരസ്പരം വിരലുകൾ കോർത്തിരിക്കുമ്പോഴും
ഉള്ളു കൊണ്ടായിരം വട്ടം പ്രണയം പറയുമ്പോഴും
നോക്കിലോ വാക്കിലോ
പരിചയം ഭാവിക്കാൻ ഭയന്നു
നാം മുഖം തിരിക്കുന്നു നിരന്തരം.
മൂടുപടങ്ങൾ വലിച്ചെറിയുന്ന കാലം വരും.
മുഖമില്ലാത്ത ഒരു ലോകം വരും.
അന്ന് നാം മാത്രം
നമ്മൾ മാത്രം
മുഖമുള്ളവരായിരിക്കും.
മനസ്സിൽ നെയ്തുകൂട്ടിയ
വരികളിൽ കൊരുത്തു ചേർത്ത
സ്വപ്നങ്ങൾക്ക് നിറം കൊടുക്കണമന്ന് നമുക്ക്.
മരണത്തിന്റെ നരച്ച വർണ്ണങ്ങൾ
കാഴ്ചയുടെ തിമിരം നിറയ്ക്കും മുന്നേ
നമുക്കൊരു കാലം വരുമോ?
ചുളിവുകൾ വീണ ചർമ്മങ്ങൾക്ക്
കറുത്തപാടുകൾ പതിഞ്ഞ് തിളങ്ങുന്നതിൻ മുന്നേ
നമുക്കു നനയാൻ മാത്രമായൊരു മഴ.
തുടയ്ക്കുക നിന്റെ കണ്ണുനീർ
കാലം ക്രൂരമായിരിക്കില്ല ദീർഘ നാൾ.
തുടയ്ക്കുക നിന്റെ കണ്ണുനീർ.
.... ബിജു.ജി.നാഥ് വർക്കല

Saturday, March 23, 2019

സ്നേഹത്തിന്റെ വില

പല്ലില്ലാത്ത മോണ കാട്ടി
ചിരിക്കും കുഞ്ഞിനും
പാലില്ലാത്ത മുലകള്‍ ചുരത്തി
ചിരിക്കും പെണ്ണിനും
സ്നേഹത്തിന്റെ വിലയറിയാം.
-------------ബിജു ജി നാഥ് വര്‍ക്കല
(ബുക്കിഷ് 2018 ല്‍ പ്രസിദ്ധീകരിച്ചു)

Thursday, March 21, 2019

വിശ്രമം


വിശ്രമം
-------------------
സൂര്യനൊരു തീമഴയായി,
സൗരയൂഥ കൊടുങ്കാറ്റായി
പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറത്തു
ഒരാലിംഗനം കൊതിച്ചു നിന്നു.

പൗര്‍ണ്ണമിയുടെ കുളിര്‍മ്മയില്‍,
മൃദുചുംബനങ്ങളില്‍,
പരിരംഭണങ്ങളില്‍ മയങ്ങി
ഭൂമി പുഷ്പിണിയായ് അലസം മയങ്ങി

ഇരുണ്ട വന്‍കരകള്‍
ഇളം വെയില്‍ മഞ്ഞച്ചായം പൂശിയും,
പുല്‍നാമ്പുകള്‍ പുഞ്ചിരിച്ചും
ആകാശത്തെ കാത്തു കിടന്നു .

വെളുത്തമേഘങ്ങളെ നോക്കി,
ചുവന്ന മണ്ണു പരിഭവിച്ചും
കണ്‍തടങ്ങളില്‍ നിന്നു
കറുപ്പ് കടം നല്‍കിയും  കാത്തു നിന്നു .

അനന്തരം
ഭൂമി ചുട്ടുപഴുത്ത് തിളച്ചു മറിയുകയും
ഒടുവില്‍ തണുത്തുറയുകയും
തളര്‍ന്നുറങ്ങുകയും ചെയ്തു .
-----ബിജു.ജി.നാഥ് വര്‍ക്കല


Tuesday, March 19, 2019

ക്ഷണികമാണീ പ്രണയവും ജീവനും.

ക്ഷണികമാണീ പ്രണയവും ജീവനും.
............................................................
ക്ഷണമാത്രയിൽ അപരിചിതരാകുന്നവർ
ഓർമ്മകളിൽ, തീക്കുട ചൊരിയുമ്പോഴാകണം
പ്രണയം എത്ര പൊള്ളിക്കുന്നതൊന്നെന്ന്
പ്രപഞ്ചം അറിയുന്നതും അലയുന്നതും.

അച്ചുതണ്ട് നഷ്ടമായ ഭൂമിക്ക് കറങ്ങാൻ
ആകാശമേ ! നീ ഒരു കുടയായിടുകിനി.
ദിശ നഷ്ടമായൊരതിൻ യാത്രയിൽ തുണ-
യായി, വെളിച്ചമണക്കാതിരിക്കുക തെല്ലുമേ.

പതിച്ചീടുന്നുവോ അന്ധകാരഗുഹയിൽ
കുഞ്ഞു വെളിച്ചവും വായുവുമില്ലാതെ.
ജലമാണ് ജീവനെന്നോർത്താകാം നാവു
വരളുമ്പോഴും കണ്ണു നനഞ്ഞങ്ങിരിപ്പത്.

പരിഭവങ്ങൾക്കില്ല തെല്ലും നേരവും, കാല-
പരിരംഭണത്തിൻ കാത്തിരിപ്പിന്നസാദ്ധ്യവും.
ഇരുളട്ടെ, പതിവുപോൽ പുലരട്ടെയെങ്കിലും
പഴുതൊട്ടുമില്ലതു കാൺകിലെത്ര മനോഹരം.
...... ബിജു.ജി.നാഥ് വർക്കല

ജൈവകൃഷി

ജൈവകൃഷി
....................
പച്ച ഞരമ്പുകൾ തെളിഞ്ഞു കാണും
നെൽപ്പാടമത് ഞാൻ കണ്ടു നിൽക്കേ.
ഉത്തര ദക്ഷിണ ദിക്കുകൾ തേടുമാ-
നൽക്കുളിർ മൊട്ടുകൾ തുടിച്ചുണർന്നൂ.
വിസ്തൃതമാകുമാ സമതലമാകയും ഇളം-
കാറ്റിൻ സുഗന്ധം ഒഴുകിപ്പരക്കവേ.
ഉത്ഭവിക്കുന്നൊരു കുഞ്ഞരുവി മെല്ലെയാ
വന്യവനാന്തനിഗൂഢതയിൽ നിന്നുമേ !
ഉയരുന്നുദ്ദീപന സംഗീതമായെന്നിൽനി-
ന്നൊരു കരിനാഗമാ ജലപാത തേടി.
ഇഴയുകയാണഗ്നിപോൽ പൊള്ളു-
മുടലിനെയാകെ നനയ്ക്കുമായരുവിയിൽ.
അതിഥിയാകാൻ, ആഞ്ഞു ദംശിക്കുവാൻ,
വിഷത്താലുറവയൊന്നാകെയും മൂടുവാൻ.
.......... ബിജു.ജി.നാഥ് വർക്കല

Monday, March 18, 2019

പ്രണയസ്വർഗ്ഗം

പ്രണയസ്വർഗ്ഗം
.........................
നിന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുമ്പോൾ
എന്റെ വിരലുകൾ മടിയന്മാരാകുന്നു.
നിന്നെ ചേർത്തു പിടിക്കുമ്പോൾ
ഞാനൊരു പിശുക്കനാകുന്നു.
നിന്നെക്കുറിച്ച്  ചിന്തിക്കുമ്പോഴാകട്ടെ
ഞാൻ മലർപ്പൊടിക്കാരനാകുന്നു.
നിന്റെ വിരൽത്തുമ്പ് തൊടുമ്പോൾ
ഞാൻ വാകപ്പൂമരം പോലാകുന്നു.
നിന്നെ കാത്തിരിക്കുമ്പോഴാകട്ടെ
ഞാൻ സമയത്തെ പഴിക്കുന്നു.
നിന്റെ ഗന്ധമോർക്കുമ്പോൾ
ഞാൻ അറേബ്യൻ അത്തറുകൾ തേടുന്നു.
നിന്റെ സ്വരം കേൾക്കവേ
ഞാൻ ബാവുൾ ഗീതം ഉപേക്ഷിക്കുന്നു.
നിന്റെ മിഴികളിൽ നോക്കുമ്പോൾ
ഞാൻ നക്ഷത്രങ്ങളെ മറക്കുന്നു.
നിന്റെ കവിത വായിക്കുമ്പോൾ
ഞാൻ സോളമനെ മറക്കുന്നു.
...... ബിജു.ജി.നാഥ് വർക്കല

മഞ്ഞ്......................................... എം ടി വാസുദേവന്‍‌ നായര്‍


മഞ്ഞ് (നോവല്‍)
എം ടി വാസുദേവന്‍‌ നായര്‍
കറന്റ് ബുക്സ്
വില :60 രൂപ



കാത്തിരിപ്പ് എത്രയോ വേദനയുള്ള ഒരു കാര്യമാണ് . ജീവനോടെയിരിക്കുന്നോ എന്ന് പോലും അറിയാത്ത , പ്രതീക്ഷകള്‍ മാത്രം കൈമുതലായി ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സംഗതിയാണ് കാത്തിരിപ്പ്‌. പ്രണയത്തിലായാലും മരണത്തിലായാലും ജീവിതത്തിലായാലും ഈ കാത്തിരിപ്പ് വലിയ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നീതിക്ക് വേണ്ടി കാത്തിരുന്ന ഈച്ചരവാര്യര്‍ മലയാളിക്ക് ഓര്‍മ്മ ഉള്ള ഒരാള്‍ ആണല്ലോ. മൊയ്തീനും കാഞ്ചനമാലയും മറ്റൊരു കാത്തിരിപ്പിന്റെ ബാക്കിയോര്‍മ്മകള്‍ ആണ് . ജീവിതത്തെ കാത്തിരിപ്പുമായി ബന്ധിപ്പിക്കുന്ന എഴുത്തുകള്‍ പലപ്പോഴും വായനക്കാരെ നെടുവീര്‍പ്പുകള്‍ നല്‍കി കഥാപാത്രങ്ങള്‍ക്കൊപ്പം അലയാന്‍ വിടുന്ന അവസ്ഥ ഉണ്ടാക്കിയിട്ടുള്ളതായി പല വായനക്കുറിപ്പുകളും സൂചിപ്പിച്ചു കണ്ടിട്ടുണ്ട് . വിരഹിണിയായ രാധയുടെ കാത്തിരിപ്പിനെ എഴുതാന്‍ ബാക്കിയുള്ള കവി കാമിനിമാര്‍ ഉണ്ടാകുമോ എന്നറിയില്ല. എം ടി യുടെ കഥാപാത്രങ്ങള്‍ ഒക്കെയും പങ്കിടുന്ന ചില മാനറിസങ്ങള്‍ ഉണ്ട് . സ്വന്തം നീതിയും , ചിന്തയും ശരിയെന്നു വായനക്കാരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും അതില്‍ നിന്നും അവര്‍ക്ക് സംശയങ്ങള്‍ ഒട്ടും തന്നെ നല്‍കാതെ പുറത്തു ചാടാതെ പിടിച്ചു നിര്‍ത്താനും കഴിയുന്നവയാണ് അവ എന്ന് തോന്നിയിട്ടുണ്ട് .  ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത "മഞ്ഞ്" എന്ന നോവല്‍ ആണ് വായനയില്‍ ഇന്ന് തിരഞ്ഞെടുത്തത്. കാലം തെറ്റി പെയ്യുന്ന മഴ പോലെയാണ് ചില വായനകള്‍. എന്തുകൊണ്ട് നീ എന്നെ വായിക്കാന്‍ ഇത്രയും താമസിച്ചുപോയ് എന്നൊരു പരിഭവം നിലനിര്‍ത്തുന്ന എഴുത്തുകള്‍ പലപ്പോഴും വായനയില്‍ എത്തപ്പെടും . അവയുടെ മുന്നില്‍ തപസ്സിരിക്കുന്ന അവസ്ഥ. വായനയില്‍ പലപ്പോഴും മനസ്സുകൊണ്ട് അവര്‍ സഞ്ചരിക്കുന്ന ഭൂവിഭാഗങ്ങളിലൂടെ സഞ്ചരിക്കുക എന്നത് അത്ഭുതം നല്‍കുന്ന ഒരു അനുഭവം ആണ് .
മഞ്ഞ് എന്ന നോവല്‍ എം ടി യുടെ വര്‍ക്കുകളില്‍ മികച്ചവയില്‍ നില്‍ക്കുന്നു. വിമല എന്ന മുപ്പത്തൊന്നുകാരിയുടെ മനസ്സിലൂടെ , ശരീരത്തിലൂടെ ചിന്തയിലൂടെ  പരിസരങ്ങളിലൂടെ വായനക്കാരും കടന്നു പോകുന്നു . വാര്‍ഡന്‍ ആയി ജോലി ചെയ്യുന്ന ഹോസ്റ്റലിൽ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്രയുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ മനസ്സില്ലാതെ ഒന്‍പത് വര്‍ഷമായി അവള്‍ കാത്തിരിക്കുകയാണ് തന്റെ മനസ്സിലേക്കും തന്റെ ശരീരത്തിലേക്കും കടന്നു വന്നു, മറഞ്ഞ സുധീര്‍കുമാര്‍ മിശ്രയെ. അയാളുടെ സിഗരറ്റ് മ നിറഞ്ഞ ആ ഒരു നിമിഷത്തെ മാത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന , അയാള്‍ സമ്മാനിച്ച സ്വെറ്റര്‍ കരുതലോടെ സൂക്ഷിക്കുന്ന വിമല. അവളുടെ കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ്.
മനസ്സിനെ തണുപ്പിക്കുന്ന മഞ്ഞല്ല , മനസ്സിനെ മൂടിയിരിക്കുന്ന വിഷാദത്തിന്റെ മഞ്ഞാണ് ഈ നോവല്‍ . അതുരുക്കിക്കളയാന്‍ കഴിയുന്ന ഒരു പ്രഭാത സൂര്യന്റെ അഭാവം ഓരോ ദിനവും അടുത്ത പ്രഭാതത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാകുന്നു . തനിക്കു മുന്നിലൂടെ കടന്നു പോകുന്നവര്‍ എല്ലാം ഒരു പോലെ ഇതേ കാത്തിരിപ്പിന്റെ ഇരകള്‍ ആണ് എന്നതാണ് വിമലയുടെ ദുഃഖത്തിന് അവളില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയാതെ നിലനിര്‍ത്തുന്നത് . അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കുന്ന അമ്മയും കാമുകനും , തന്റെ കുത്തഴിഞ്ഞ ജീവിതത്തിനു പണം കിട്ടുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കിയിരിക്കുന്ന അനിയന്‍ , അയലത്തുകാരന്‍ വെളുത്ത സായിപ്പിന്റെ പ്രണയം കാത്ത് അണിഞ്ഞൊരുങ്ങിയിരിക്കുന്ന അനുജത്തി , ഏതോ ഒരു വെള്ളക്കാരന്റെ വിനോദം മൂലം ജനിക്കേണ്ടി വന്ന ബുദ്ദുവിന്റെ അച്ഛന്റെ വരവിനായുള്ള കാത്തിരിപ്പ് , മരണത്തിന്റെ പതിനഞ്ചു ദിനങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും വിമലയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു അവള്‍ക്കൊപ്പം ഒരു സായാഹ്ന സവാരി കാത്തിരിക്കുന്ന വയസ്സന്‍ സര്‍ദാര്‍ജി. സഞ്ചാരികളെ കാത്ത് കിടക്കുന്ന താഴ് വര..... അതെ കാത്തിരിപ്പുകളുടെ ഒരു വലിയ കുന്നാണ്‌ മഞ്ഞ് എന്ന് പറയാം. ഓരോ കാത്തിരിപ്പിനും അതിന്റെതായ ന്യായങ്ങളുണ്ട്‌. ഈ കാത്തിരിപ്പുകള്‍ ഒക്കെ പറയാന്‍ വേണ്ടി വിമലയെ മുന്നില്‍ നിര്‍ത്തുന്ന കഥാകാരന്‍ വലിയൊരു കാത്തിരിപ്പാണ് വിമലയും കൊണ്ട് നടക്കുന്നതെന്ന് മനോഹരമായി പറയുന്നു . എം ടി യുടെ ഭാഷയുടെ പ്രയോഗങ്ങളും കൈയ്യടക്കങ്ങളും വെളിവാകുന്ന പല സന്ദര്‍ഭങ്ങള്‍ ഉണ്ട് എങ്കിലും എടുത്തു പറയാവുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ ഒരു ശരീരസംഗമം ആയിരുന്നു വിമലയുടെയും സുധീര്‍ മിശ്രയുടെയും. അതിനെ എത്ര ഒതുക്കി ഭംഗിയായി അവതരിപ്പിച്ചു എന്നതാണ് വായന നല്‍കിയ മധുരം. എഴുത്തുകാരന്‍ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കുകയും വായനക്കാരെ ഇക്കിളിപ്പെടുത്തി ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ അവര്‍ പരത്തിപ്പറയുന്നത് ഒതുക്കി, എന്നാല്‍ അതിലധികം പറഞ്ഞു പോകുന്നത് ഇരുത്തം വന്ന ഒരു എഴുത്തുകാരനു മാത്രം പറ്റുന്ന സംഗതിയാണ് .
യുവതയുടെ സ്വാതന്ത്ര്യം , പ്രണയത്തിന്റെ ശരീരഭാഷകള്‍ , പട്ടാളക്കാരുടെയും , സദാചാരക്കാരുടെയും കണ്ണുകള്‍ പെണ്ണുടലുകളിൽ അളവുകള്‍ നെയ്യുന്നത് , തികച്ചും സാധാരണക്കാരായ മനുഷ്യരുടെ സ്വഭാവവൈശിഷ്ട്യട്യങ്ങൾ ഇവയൊക്കെ വിമലയിലൂടെ കിട്ടുന്ന കാഴ്ചകള്‍ ആണ് . വിമല ഒരുപാട് വായിക്കുന്ന ഒരാൾ ആണെന്നതിനാല്‍ തന്നെ നല്ല ഉള്‍ക്കാഴ്ചയുള്ള ഒരു സ്ത്രീയായി ഇതില്‍ കാണാന്‍ കഴിയും. സദാചാരക്കണ്ണുകൾക്ക് മുന്നിലോ , യുവതയുടെ പ്രണയ ഭാഷകളുടെ സൂചനകളിലോ നിന്നും അസ്വസ്ഥതയാകുന്ന ഒരാള്‍ അല്ല വിമല . ഒഴിഞ്ഞു പോകേണ്ട ഇടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകാനും , കണ്ണടക്കേണ്ട ഇടങ്ങളില്‍ കണ്ണടച്ച് പെരുമാറാനും വിമലക്ക് കഴിയുന്നുണ്ട് . അകറ്റി നിര്‍ത്തേണ്ടതും അണച്ച് നിര്‍ത്തേണ്ടതും എന്തെന്നു നല്ല ബോധം ഉള്ള, വ്യക്തിത്വം ഉള്ള കഥാപാത്രം ആണ് വിമല. പക്വതയോടെ സംസാരിക്കാനും വിവേകത്തോടെ പെരുമാറാനും കഴിയുന്നവള്‍ തന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കാന്‍ അവള്‍ ഇപ്പോഴും ശ്രദ്ധിക്കുന്നു. ദുഃഖം കൊണ്ട് കണ്ണുകള്‍ നിറയുമെന്ന ഘട്ടത്തില്‍ തന്‍റെ കിടക്കയിലേക്ക് ഇത്രയേറെ ദൂരമുണ്ടെന്ന തോന്നലില്‍ പായുന്ന വിമല  മനസ്സില്‍ വളരെ ആഴത്തില്‍ പതിഞ്ഞ ഒരു കഥാപാത്രമായി നില്കുന്നു .
വായനയിൽ നല്ലൊരു അനുഭവമായി മഞ്ഞിൻ പാടകൾക്ക് അപ്പുറത്ത് ലേക്കിലേക്ക് നോക്കി വിമല നില്ക്കുന്ന ചിത്രം മനസ്സിൽ അറിയാതെ വരച്ചിട്ടു എഴുത്തുകാരൻ.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Sunday, March 17, 2019

ശാപം ------------------------------- സല്‍മ


ശാപം (കഥകള്‍)
സല്‍മ 
പരിഭാഷ ഷാഫി ചെറുമാവിലായി
ഒലിവ്
വില : 100 രൂപ

കഥകള്‍ ഭാഷ മാറുമ്പോള്‍ വേഷവും ഭാവവും മാറി വരും എന്നൊരു തോന്നല്‍ മിക്ക പരിഭാഷകളും വായിക്കുമ്പോള്‍ തോന്നാറുണ്ട്. ഇതിന് കാരണം മറ്റൊന്നുമല്ല . കഥയുടെ ആത്മാവു എങ്ങോ നഷ്ടമാകുകയും അവിടെ വികലമായ ഒരു കഥയോ നോവലോ കവിതയോ ജന്മം കൊള്ളുകയും ചെയ്യുന്നത് ഒട്ടുമിക്ക പരിഭാഷകള്‍ വായിച്ചാലും തോന്നിപ്പിക്കുന്നുണ്ട്. തര്‍ജ്ജമകള്‍ പല വിധം ചെയ്യാം . ഒന്നു പദാനുപദം വിവര്‍ത്തനം ചെയ്യുക എന്നതാണു . ഇത് ഏറ്റവും വികൃതമായ ഒരു വായനയാണ് നല്കുക . ഇതുപോലെ അല്ലാതെ ഒരു കഥയെ വായിച്ചു അതിനെ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യുമ്പോള്‍ ആ കഥയുടെ ആശയങ്ങളും പരിസരവും കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം അത് തന്നെ ആയിരിക്കുകയും അതേസമയം ഭാഷ പരിഭാഷക്കാരന്റെ സ്വന്തം ആകുകയും ചെയ്യും . ഇത് രചയിതാവിനോടുള്ള നീതിപുലര്‍ത്തല്‍ ആണ്. ഒരുപക്ഷേ നല്ലൊരു എഴുത്തുകാരന്‍ ആണെങ്കില്‍ ആ കഥ കൂടുതല്‍ സ്വീകാര്യം ആകുകയും ചെയ്യും..മറ്റൊരു വിധം എന്താന്നു വച്ചാല്‍ കഥ വായിക്കുകയും അതിന്റെ ആശയം മാത്രം എടുക്കുകയും അതിനെ വച്ചുകൊണ്ടു ഒരു പുതിയ കഥ രചിക്കുകയും ചെയ്യും . ഭാഷാപരമായ സ്വാതന്ത്ര്യവും കടപ്പാടും മാത്രമേ ഇവിടെ എഴുത്തുകാരനുമായി നീക്കുപോക്കില്‍ വരുന്നുള്ളൂ . ഇവിടെയും വിവര്‍ത്തകനിലെ സാഹിത്യകഴിവ് എഴുത്തില്‍ ഒരു പ്രധാന ഘടകം ത്തന്നെയാണ് .

ഒരുപാട് തമിഴ് കൃതികള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത ഒരു വ്യക്തിയാണ് ഷാഫി ചെറുമാവിലായി എന്നു കാണുന്നു. അദ്ദേഹം തമിഴിലെ എഴുത്തുകാരിയായ സല്‍മയുടെ പതിനൊന്നു കഥകള്‍ മൊഴിമാറ്റം ചെയ്തിരിക്കുന്നു . അതാണ് “ശാപം” എന്ന കഥാ സമാഹാരം. മുസ്ലീം സമുദായത്തില്‍ നിന്നുള്ള സല്‍മയുടെ കഥകള്‍ എല്ലാം തന്നെ സമുദായത്തിനുള്ളില്‍ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തെ കുറിക്കുന്നവയാണ് എന്നു കാണാം . ഓരോ കഥയും ഓരോ സ്ത്രീയുടെ കഥയാണ് . ഓരോ ലോകം . വ്യത്യസ്തമായ പരിസ്ഥികള്‍ അല്ലവ. നമുക്ക് പരിചിതമായ എല്ലാ ഭാവ,വികാര,സമൂഹ പരിതസ്ഥിതികളും ഈ കഥകളില്‍ കാണാന്‍ കഴിയും .സ്ത്രീകള്‍ പ്രത്യേകിച്ച്  സാമൂഹ്യപരമായും സാമ്പത്തികപരമായും താഴെ നിലയില്‍ ഉള്ളവരും മധ്യവര്‍ത്തികളും അനുഭവിക്കുന്ന അസുരക്ഷിതമായ ജീവിത പരിസരങ്ങളെ സല്‍മയുടെ കഥാപാത്രങ്ങള്‍ മിഴിവോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതുപോലെ മതത്തിന്റെ വേലിക്കെട്ടില്‍ നിന്നുകൊണ്ടുള്ള അതിജീവനത്തിന്റെ  ബാലികേറാമലകളെ തുറന്നു പറയാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട് . ശാപം പേറിയ ജന്മങ്ങളുടെ ആത്മദുഃഖങ്ങള്‍ , പകയുടെയും വ്യസനത്തിന്റെയും പ്രണയത്തിന്റെയും നരച്ച കാഴ്ചകള്‍ ഒക്കെയും ഈ കഥകള്‍ക്ക് വിഷയം ആകുന്നുണ്ട് .  കുടുംബങ്ങളില്‍ സംഭവിക്കുന്ന സാധാരണ വിഷയങ്ങളില്‍ നിന്നും , ചിന്തകളില്‍ നിന്നും ഒരു പാട് പഠിക്കാന്‍ ഉണ്ട് എന്ന് സല്‍മയുടെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു സമൂഹത്തോട്. അടിയറവു പറയാന്‍ വേണ്ടി മാത്രം ഉള്ള ഒരു ജീവിതം ആണോ സ്ത്രീയുടെത് എന്നും , മാന്യതയും സ്നേഹവും തുടങ്ങിയ മാനുഷിക വികാരങ്ങള്‍ക്ക് സ്ത്രീ എത്ര കണ്ടു അര്‍ഹയാകുന്നു മതവും സദാചാരവും കുടപിടിച്ച ഒരു സമൂഹത്തില്‍ എന്നുമൊക്കെ തികച്ചും പൊടിപ്പും തൊങ്ങലുകളും ഇല്ലാതെ സല്‍മഴിയുന്നു.

               ഈ കഥകള്‍ വായിക്കുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നതായി അനുഭവപ്പെട്ടു എന്നതാണ് ഇതിന്റെ പരിഭാഷയില്‍ നിന്നും ലഭിച്ച പാളിച്ച. ഒരു കഥയെപ്പോലും ആസ്വദിച്ചു വായിക്കുവാന്‍ കഴിഞ്ഞില്ല. വികാരങ്ങളുടെയും വിചാരങ്ങളുടെയും എഴുത്തുഭാഷയെ യാന്ത്രികമായി എഴുതിവച്ചത് പോലെ തോന്നിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിലാകുന്നു എന്നതിനപ്പുറം ഓരോ വരിയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ഒരു അന്യഭാഷയിലാണ് വായന സംഭവിക്കുന്നത് എന്ന്. ഇത് വായനയുടെ ആസ്വാദനത്തെ ബാധിക്കുകയും പലവുരു പുസ്തകം അടച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു . അടുത്തിടെ വായിച്ചവയില്‍ ഏറ്റവും ബോറായി തോന്നിയ വായനയായിരുന്നു ഇത് . പലപ്പോഴും മനസ്സ് പറഞ്ഞു തമിഴ് പഠിച്ചിട്ടു മൂലകൃതി വായിക്കുന്നതായിരുന്നു കൂടുതല്‍ നല്ലത് എന്ന് . വായനക്കാരെ നിരാശപ്പെടുത്തുന്ന ഇത്തരം പരിഭാഷകര്‍ കൃതികളെ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുകയല്ല ചെയ്യുക പകരം വായനയെ മുരടിപ്പിക്കുകയാകും ചെയ്യുക . ഒരുതരത്തില്‍ തര്‍ജ്ജമ എത്രത്തോളം ഭാരിച്ച പണിയാണ് എന്ന് അനുഭവത്തില്‍ ഉള്ളതുകൊണ്ട് തന്നെ ഗൌരവപരമായി ഒരു തര്‍ജ്ജമ ചെയ്യാന്‍ കഴിയാത്തവര്‍ അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . തീര്‍ച്ചയായും എഴുത്തുകാരി ഇതില്‍ നിസ്സഹായയാണ് . വായനയില്‍ ആ എഴുത്തിന്റെ കാമ്പ് അറിയാന്‍ കഴിയുന്നുണ്ട് . പക്ഷെ അതിനെ അതേപോലെ പറഞ്ഞു ഫലിപ്പിക്കാന്‍ പരിഭാഷകന് കഴിഞ്ഞില്ല എന്ന ഖേദം പ്രകടിപ്പിച്ചുകൊണ്ട് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല