Tuesday, March 26, 2019

ഒരില കഥ പറയുന്നു.

ഒരില കഥ പറയുന്നു.
.......
എന്റെ കുറ്റം കൊണ്ടായിരുന്നില്ല
പക്ഷേ ഞാൻ ജനിച്ചു
ഇനി വളർന്നേ പറ്റൂ
പൊരുതി നിന്നേ പറ്റൂ.
ഹൃദയം തുറന്നേ പറ്റൂ
മിഴികൾ തുറന്നേ പറ്റൂ.
ഇളം നാമ്പല്ലേന്ന് കരുതി
പുഴുക്കൾ തിന്നാൻ നോക്കി
കുഞ്ഞിലയല്ലേന്ന് കരുതി
കിളികൾ കവരാൻ നോക്കി
അഹങ്കാരിയല്ലേന്നോർത്ത്
കാറ്റെന്നെ വീഴ്ത്താൻ നോക്കി.
ജനിച്ചു പോയില്ലേ
വളരണമെന്നുറച്ചു പോയില്ലേ
പൊരുതി നിന്നേ പറ്റൂ.
ഒരു പാട് കാലമൊന്നും
ഒരിലക്കും പിടിച്ചു നില്ക്കാനാവില്ല തന്നെ.
തലയുയർത്തി നിന്നപ്പോൾ
വെയിലടിച്ചു നിന്നപ്പോൾ
തിളക്കമുറ്റുനിന്നപ്പോൾ
ഒടുക്കമുണ്ടാകുമെന്നോർത്തില്ല.
നിറം മങ്ങിയതറിഞ്ഞില്ല
കാൽ തളർന്നതറിഞ്ഞില്ല
വൻകാറ്റിൽ പിടിച്ചു നിന്ന ഹുങ്ക്
ചെറുകാറ്റിൽ കടപുഴക്കിയെറിഞ്ഞു.
വെറും മണ്ണിൽ ആകാശം നോക്കി കിടക്കുമ്പോൾ
വീണല്ലേ പറ്റൂ.
ഇനിയഴുകിപ്പോയല്ലേ പറ്റൂ
മണ്ണുതിന്നല്ലേ പറ്റൂ
എന്നു ചിന്തിക്കുവാൻ കഴിയാത്തതെന്തേ .?
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment