Thursday, April 30, 2020

ഇതു കവിതയല്ല.

ഇതു കവിതയല്ല.
.............................
ഞാൻ പ്രണയിച്ചവൾക്ക്
എന്നോട് പ്രണയമുണ്ടെന്ന് .
അല്ല
ഉണ്ടായിരുന്നെന്ന്
ഇപ്പോ ഇല്ലെന്ന്
ചിലപ്പോ തോന്നാറുണ്ടുവെന്ന്
എൻ്റെ എഴുത്തുകൾ പൊട്ടത്തരമെന്ന്
അല്ല മഹത്തരമെന്ന്
എന്നോടിഷ്ടമെന്ന്
അല്ല പ്രണയമില്ലെന്ന്
എൻ്റെ സ്വഭാവം മോശമെന്ന്
അല്ല ഞാൻ ഗ്രേറ്റെന്ന്
എനിക്കൊത്തിരി കിളികളുണ്ടെന്ന്
അല്ല ഞാൻ പാവമെന്ന്
ഞാൻ നല്ലവനാന്ന്
എന്നെ ഒട്ടും ഇഷ്ടമല്ലന്ന് .
നമ്മൾ തമ്മിൽ കാണില്ലന്ന്
അല്ല നമുക്ക് കാണാമെന്ന്
എനിക്കൊന്നും വേണ്ടന്ന്
എൻ്റെയുമ്മകൾ വട്ടെന്ന്
ഞാൻ വെറും വഷളെന്ന്
എന്നെ ഒരിക്കലും വെറുക്കാനാവില്ലെന്ന്
ഞാൻ വെറും ചെറ്റയെന്ന്
എന്നെ വല്യയിഷ്ടമെന്ന്
എന്നെ ഒരിക്കലും പ്രണയിക്കില്ലെന്ന്
എനിക്കിഷ്ടമുള്ളത് വച്ചു തരാമെന്ന്
വീട്ടിൽ വന്നാൽ സന്തോഷമെന്ന്
ഒറ്റക്ക് കാണൽ ഉണ്ടാവില്ലെന്ന്
ഞാൻ വെറും വൃത്തികെട്ടവൻ എന്ന്
എന്നെയൊരിക്കലും മറക്കില്ലന്ന്
എന്നെയൊരിക്കലും പ്രണയിക്കില്ലെന്ന്.
നോക്കൂ
നിൻ്റെ പാദത്തിലെ മറുക് മായും വരെ
നിനക്കെന്നെ പ്രണയിച്ചു കൂടെ.?
എന്നെ വായിക്കാൻ സമയമില്ലങ്കിലും
നിനക്കെന്നോടിഷ്ടമില്ലന്ന് പറഞ്ഞാലും
നിൻ്റെ ഉള്ളിൽ ഞാനുണ്ട്.
ഈ ലഹരിയെന്നെ പൊതിയുന്നതിനാലാകാം
ഞാൻ ഫിറ്റാവാതെ പോകുന്നത്.
ഈ സൗന്ദര്യമെന്നെ മയക്കുന്നതിനാലാവാം
ഞാൻ ബോധം മറയാൻ മദ്യപിക്കുന്നത്.
എന്നാലും എനിക്ക് നിന്നെ മറക്കാനാവാത്തതിനാലാവാം
ഞാൻ നിൻ്റെ കാൽക്കീഴിൽ ഇങ്ങനെ ...:.
.....ബി.ജി.എൻ വർക്കല

Wednesday, April 29, 2020

തിരിച്ചറിയുക

തിരിച്ചറിയുക.
........................
ആദ്യം അതൊരു വാർത്തയായിരുന്നു.
എവിടെയോ 
ആർക്കോ
സംഭവിക്കുന്ന 
ദുഃഖാകുലമായ എന്തോ ഒന്ന്.
പിന്നത് 
അയൽപക്കത്തെ അനുഭവമായി.
ചിരിയും സന്തോഷവും പങ്കുവച്ചും
പാട്ടും സംഗീതവും പങ്കിട്ടും
ആഘോഷമായിരുന്നു 
ഒടുവിൽ 
അത് വീടു കടന്നു വന്നു.
ഇന്ന് 
ദുഃഖവും
വറുതിയും
പരിദേവനവും 
ഒരു സുനാമി പോലെ വരുമ്പോൾ
മറ്റൊരിടത്ത് 
ഇതൊക്കെ തുടരുകയാണ്.
ലോകം ഒരു കമ്പോളമാകുന്നു.
തുറന്നിട്ട കമ്പോളം !
അടച്ചുറപ്പില്ലാത്ത ആ കമ്പോളത്തിൽ
വിപത്തിൻ്റെ മൊത്തവ്യാപാരം .
ഏതെടുത്താലും എന്നല്ല
ഇത് വാങ്ങുക എന്ന ആജ്ഞ മാത്രം.
ഇതു വരെ തിരഞ്ഞെടുത്തു മാത്രം ശീലിച്ചവർക്ക്
ഇത് സങ്കടമാണ്.
നോക്കൂ
നിങ്ങളുടെ തീരുമാനം അല്ലിത്.
നിങ്ങളുടെ തിരഞ്ഞെടുപ്പുമല്ല.
സ്വർണ്ണക്കരണ്ടിയും
വെറും തൂമ്പായും
ഒരു പോലെയാണ് 
മരണമല്ല അവസാന വാക്ക്
ജീവിതം എന്തെന്ന തിരിച്ചറിവു മാത്രം.
മതമല്ല
രാഷ്ട്രീയമല്ല
ദേശമല്ല
വർഗ്ഗവുമല്ല.
വിവേകമാണ് ഗുരു.
എല്ലാം വെറുതെയെന്ന് നിങ്ങൾ തെളിയിച്ചു കഴിഞ്ഞു.
പ്രാർത്ഥന
ആചാരങ്ങൾ
അനുഷ്ഠാനങ്ങൾ
മാമൂലുകൾ ....
എല്ലാം വെറുതെ.
നിങ്ങളുടെ ദൈവത്തിൻ്റെ ആലയങ്ങളിൽ
പൂച്ചയും പട്ടിയും പെറ്റു കിടക്കുമ്പോൾ
നിങ്ങൾ തിരിച്ചറിയുന്നു.
ഭാര്യയും കുട്ടികളും ഒന്നിച്ചു
ഒരേ മുറിയിൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോഴും
നിങ്ങളുടെ ദൈവം കാണുന്നില്ലന്ന് .
ആലയങ്ങൾക്ക് ശക്തിയില്ലാത്ത പോലെ 
പ്രാർത്ഥനകൾക്കും ബലം നഷ്ടമാകുന്നത് നിങ്ങളറിയുന്നു.
നിങ്ങളുടെ പങ്കാളിയുടെ മുഖം നിങ്ങൾ തിരിച്ചറിയുന്നു.
നിങ്ങളുടെ കുട്ടികളുടെ ഇഷ്ടങ്ങൾ നിങ്ങൾ കണ്ടറിയുന്നു.
നിങ്ങൾ കണ്ട ലോകത്തെങ്ങും കിട്ടാത്ത
പുതിയൊരനുഭൂതി നിങ്ങളെ പൊതിയുന്നു.
നിങ്ങൾ പുതിയ മനുഷ്യനാകുന്നു.
നിങ്ങൾക്ക് സ്വയം മാറ്റം സംഭവിക്കുന്നു.
ചിലർക്ക് ലിംഗം മുളക്കുന്നു.
ചിലർക്ക് മുലകൾ ഉണ്ടാകുന്നു
നിങ്ങൾ അറിയാതെ നിങ്ങളിൽ പലരുണ്ടാകുന്നു.
അച്ഛൻ
അമ്മ
മകൾ
മകൻ
സഹോദരൻ
അതിങ്ങനെ നീളുന്നു.
ബാക്കി വച്ചതൊക്കെ മുഴുമിപ്പിക്കുന്നു.
നിങ്ങൾ ജീവിതം കാണുന്നു.
ഇതുവരെ കാട്ടിയ മൂഢതകൾ തിരിച്ചറിയുന്നു.
പറയൂ
നിങ്ങളിനിയും തിരിച്ചു പോകുമോ?
.... ബി.ജി.എൻ വർക്കല

പ്രതി പൂവൻകോഴി.............. ഉണ്ണി .ആർ

പ്രതി പൂവൻകോഴി
ഉണ്ണി ആർ
ഡി.സി.ബുക്സ്
വില: ₹ 99.00

മതം, രാഷ്ട്രീയം എന്നിവ ഓരോ സമൂഹത്തിൻ്റെയും നാഡീഞരമ്പുകളായി വർത്തിക്കുന്ന കാലത്തോളം മാനവരാശിയുടെ ചിന്തകളും സംസ്കാരവും അച്ചിലിടപ്പെട്ട അക്ഷരങ്ങൾ പോലെയായിരിക്കും.  ഒരു സമൂഹത്തെ ഉണർത്താൻ കഴിയാത്ത ഒരു വിശ്വാസവും ഒരിക്കലും ഒരുപകാരവും ചെയ്യുന്നവയല്ല. നിരീശ്വരൻ എന്ന നോവലിലൂടെ നാസ്തികതയെ വളരെ മോശം കാഴ്ചപ്പാടിലേക്ക് കൊണ്ടു പോയ കാഴ്ചയിൽ നിന്നു കൊണ്ടു തന്നെ പറയാം. സമൂഹത്തിന് ഒരു തരത്തിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഒരു വിശ്വാസത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാം എന്നല്ലാതെ പുതിയതായി ഒന്നും ഉണ്ടായി വരില്ല. ലോകമൊട്ടാകെയുള്ള വിശ്വാസങ്ങൾക്ക് ഏകതാ രൂപം ഉണ്ടാകാൻ കാരണം എന്തെന്ന് ചിന്തിച്ചാൽ അതു ബോധ്യമാകുന്നതാണ്. 
ഉണ്ണി ആർ എന്ന എഴുത്തുകാരൻ്റെ ആദ്യ നോവലാണ് പ്രതി പൂവൻകോഴി . ഈ നോവലിൻ്റെ തലക്കെട്ടിൽ ഒരു ചിത്രം ഇറങ്ങിയതിനാലും ആ ചിത്രം ആദ്യം കണ്ടതിന്നാലും ആദ്യം മനസ്സിൽ വന്ന ചിന്ത ഈ സിനിമ എത്രത്തോളം നോവലുമായി നീതി പുലർത്തി എന്നതായിരുന്നു. കാരണം 80-90 കൾക്ക് ശേഷം മലയാള സിനിമ നമുക്കങ്ങനെ ഒരു ഭാഗ്യം തന്നിട്ടില്ല. എന്നാൽ ചിന്തയും ആ ചേർത്തു വായനയും പാടേ തെറ്റാണ്  എന്ന് വായന തെളിയിച്ചു. പേര് മാത്രമാണ് സാമ്യം. ഒപ്പം ചിത്രത്തിൻ്റെ കഥാതന്തു ഈ നോവലിലെ ഒരൊറ്റ കഥാപാത്രത്തിൻ്റെ ഒരു പരാമർശം മാത്രമാണ് എന്നു കാണാന്നുമായി എന്നതൊഴിച്ചാൽ സിനിമയും നോവലും തമ്മിൽ ഒരു ബന്ധവും ഇല്ല.
പ്രതീകാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആധുനിക സാഹിത്യത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. ഒരു പാട് നല്ല വായനകളും ഇതുമൂലം ലഭ്യമാകുന്നുണ്ട്. വി.കെ.എൻ തൻ്റെ രാഷ്ട്രീയ ആക്ഷേപങ്ങളെ സ്വതസിദ്ധമായ ഹാസ്യത്തിലൂടെ പ്രതീകാത്മകമായി പറയുന്നതു വായിക്കുക രസാവഹമാണ്. ഇവിടെ ഉണ്ണി മനോഹരമായി ഒരു കഥയവതരിപ്പിക്കുന്നു. അതിൽ ഒളിച്ചു വച്ച ശരങ്ങൾ സമൂഹത്തിന് നന്നായി തറച്ചുകയറുന്നതാണ്. എന്നാൽ മനസ്സിലാക്കുക പ്രയാസവുമാണത്. 
ഓരോ നാട്ടിലും നമുക്ക് കാണാനാകുന്ന ഒന്നാണ് അധികാരവും പണവും ഒത്തുചേർന്നു നിർമ്മിക്കുന്ന ഒരധോലോകം. കൂട്ടമായി തന്നെ ഭയത്തിലും അടിമകളായി വർത്തിക്കുന്നതിലും പരിഭവമൊന്നുമില്ലാത്ത ജനതയുടെ മേൽ അധിനിവേശം ചെയ്യുക എളുപ്പമാകുന്നു. അതിനാൽത്തന്നെ എതിർപ്പിൻ്റെ സ്വരത്തെ വളരെ വേഗം നിശബ്ദമാക്കാൻ കഴിയുകയും ചെയ്യും. നാട്ടിലെ പണക്കാരൻ തൻ്റെ ലാഭത്തിനായി തൻ്റെ കൊട്ടാരത്തിന് കളങ്കമാകുന്ന കുടിൽ നശിപ്പിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്ന യുവത്വത്തിന് തിളയ്ക്കുന്ന ചോരയുടെ ചൂടും ചൂരുമുണ്ട്. പക്ഷേ അധികാര വർഗ്ഗത്തിൻ്റെ കണ്ണിൽ ആ തീക്ഷ്ണയൗവ്വനത്തെ നക്സൽ ആയിട്ടോ വിപ്ലവകാരിയോ തീവ്രവാദിയോ ആയവതരിപ്പിക്കപ്പെട്ടു പോയാൽ പിന്നെ രക്ഷയില്ല. ഒപ്പം ജനങ്ങൾക്ക് മേൽ അകാരണമായ അജ്ഞാതമായ ഭയം കൂടി വിതച്ചാൽ ചിത്രം പൂർണ്ണമാകും. ആത്മീയതയും രാഷ്ട്രീയവും പണക്കൊഴുപ്പും ചേർന്നു രൂപം കൊള്ളുന്ന ഒരധോലോകത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുമില്ല .
ഈ നോവലിനെ വായിച്ചു മടക്കുമ്പോൾ എഴുത്തിലെ നവരസങ്ങളും വായനയുടെ ആനന്ദം കവരുന്ന അനുഭൂതി ലഭിച്ചു. സൗമ്യവും ലളിതവുമായ ഭാഷയും മനോഹരമായ അടുക്കി വയ്ക്കലും കൊണ്ട് ഉണ്ണി ആർ എന്ന എഴുത്തുകാരൻ മലയാള സാഹിത്യത്തിൽ സ്വന്തമായ ഒരിരിപ്പിടം സ്വന്തമാക്കിയ കാഴ്ച കാണാനാകുന്നു. വ്യത്യസ്ഥവും, പ്രതീകാത്മകവുമായ ശൈലികൊണ്ട് സാഹിത്യത്തിൽ കൂടുതൽ സംഭാവനകൾ നല്കാൻ പ്രാപ്‌തനാണ് താൻ എന്ന ആഹ്വാനം തന്നെയാണീ നോവൽ. തികച്ചും മനോഹരമായ ഒരു വായന സമ്മാനിച്ചതിൽ സന്തോഷം. ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, April 23, 2020

അബീശഗിൻ......... ബന്യാമിൻ

അബീശഗിന്‍ (നോവല്‍)
ബന്യാമിന്‍
ഡി സി ബുക്സ് (പത്താം പതിപ്പ് 2018)
വില :₹ 65.00
 
ചരിത്രത്തെ വായിക്കുന്നത് രസകരമായ അനുഭവം ആണ് . പ്രത്യേകിച്ചുമത് ജനപ്രിയങ്ങളായ സാഹിത്യത്തില്‍ നിന്നുണ്ടാകുന്ന എഴുത്തുകള്‍ ആകുമ്പോള്‍ അതിനു കൂടുതല്‍ വായനകള്‍ ഉണ്ടാകുക സ്വാഭാവികം. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആസ്പദമാക്കി , ബൈബിളിനെ ആസ്പദമാക്കി ഒക്കെയും ഒരുപാട് കഥകളും നോവലുകളും കവിതകളും സിനിമകളും മറ്റ് കലാരൂപങ്ങളും കാലങ്ങളായി പുറത്തു വരുന്നുണ്ട്. അവയൊക്കെയും മൂലകഥയുടെ പ്രശസ്തി കൊണ്ട് മാത്രമാണു വായനയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നു കാണാം . വടക്കന്‍ വീരഗാഥകള്‍ സിനിമകള്‍ ആയി മലയാളിയുടെ ആസ്വാദന നിലവാരങ്ങളെ എത്ര വട്ടം പുളകിതമാക്കിയിരിക്കുന്നു . മാമാങ്കം ഓര്‍മ്മകളില്‍ ചോര മണക്കുന്ന ഒന്നായതിനാല്‍ മാത്രമാണല്ലോ മമ്മൂട്ടിയെന്ന നടന്റെയും മറ്റ് പ്രവര്‍ത്തകരുടെയും ബാലെ തമാശകള്‍ കാണാൻ ആരാധകര്‍ ഇന്നും തീയേറ്റര്‍ തേടിപ്പോകുന്നത്.. പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറയുമ്പോള്‍ പട്ടും വളയും ആഭരണങ്ങളും കൊണ്ട് കഥാപാത്രങ്ങള്‍ രാജാപ്പാട്ട് വേഷം കെട്ടിയാടിയതും ഒരു അശ്ലീലം പോലെ ഒരു പുലയസ്ത്രീയെ മാത്രം അര്‍ദ്ധ നഗ്നയാക്കി ചിത്രീകരിച്ചു കാലധര്‍മ്മം പാലിക്കാന്‍ ശ്രമിച്ച അറിവില്ലാത്ത സംവിധായകനെ കാണാന്‍ കഴിഞ്ഞതും ചരിത്രബോധമില്ലായ്മ മൂലമാണ്.. ഇതൊന്നും ആദ്യമായല്ല. ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ കാലത്തെക്കുറിച്ചും ആ കാലത്തിന്റെ സംസ്കാരത്തെയും സാമൂഹ്യപരമായ ഇടപെടലുകളെയും മറ്റും കുറിച്ച് ഒരു ബോധമോ പഠനമോ ചെയ്യാത്ത കാട്ടിക്കൂട്ടലുകള്‍ ആണ് ഇത്തരം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുക.
എം ടി രണ്ടാമൂഴം എഴുതുമ്പോഴും പി ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ എന്നതെഴുതുമ്പോഴും ഈ കാലഘട്ടത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ നന്നായി ശ്രമിച്ചിരുന്നത് സന്തോഷകരമായ ഒരു കാഴ്ച ആയിരുന്നുവല്ലോ . അതുപോലെ ആണ് ടി ഡി രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര നിര്‍മ്മിക്കുമ്പോഴും ശ്രമിച്ചതും . ഈ താരതമ്യങ്ങള്‍ ഏറ്റവും കാലികമായ വായനകളില്‍ നിന്നും ഓര്‍മ്മയില്‍ വരുന്നവയാണ് . കണ്ടതും കാണാത്തതുമായ ഒരുപാട് എഴുത്തുകള്‍ ഇതേ ശ്രേണിയില്‍ വിജയിച്ചതും പരാജയപ്പെട്ടതുമായി കാണാന്‍ കഴിയും . ബന്യാമിന്‍ എന്ന എഴുത്തുകാരന്‍ മലയാളിക്ക് പ്രശസ്തന്‍ ആടുജീവിതം എന്ന നോവലില്‍ കൂടിയാണ് . ബന്യാമിനെ അടയാളപ്പെടുത്താന്‍ ആ ഒരു നോവലിന് മാത്രമാണു കഴിഞ്ഞിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട് . ബന്യാമിന്റെ മറ്റ് എഴുത്തുകള്‍ക്ക് എന്തുകൊണ്ടാ ഒരു നിലവാരം കിട്ടാതെ പോയി എന്നത് ഇന്ന് സാംസ്കാരിക ലോകം വളരെയധികം ചര്‍ച്ചകള്‍ നടത്തിയ ഒന്നായതിനാല്‍ അതിലേക്കു പോകാന്‍ ശ്രമിക്കുന്നില്ല. മഞ്ഞവെയിൽ മരണങ്ങൾ വായിച്ചപ്പോൾ ചിലത് പറഞ്ഞിരുന്നതുമാണ്.  അബീശഗിന്‍ എന്ന നോവലിലേക്ക് വരാം. ഈ നോവല്‍ ബന്യാമിന്‍ എഴുതുന്നതു ബിബ്ളിക്കല്‍ കഥാപാത്രമായ ശലമോന്‍ എന്ന, ദാവീദിന്റെ പുത്രന്‍റെയും അബീശഗിനെന്ന അടിമപ്പെൺകുട്ടിയുടെയും ഇടയിലെ പ്രണയത്തിന്റെ ഒരു തുറന്ന വായനയായാണ് . കാലത്തിന്റെ കുറിപ്പുകളില്‍ ശലമോന്‍റെ കാലഘട്ടത്തെ പറയുമ്പോള്‍ ഒരടിമ സ്ത്രീയുടെ പേര് മാത്രം എന്തുകൊണ്ട് എടുത്തുപറയപ്പെട്ടു എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ആശയം . ഇതാകും അതെന്ന് എഴുത്തുകാരന്റെ ഉള്ളിലേക്ക് കടന്നു വന്ന ഒരു ചിന്ത. അതിനെയാണ് ഈ ചെറുനോവലില്‍ കൂടി ബന്യാമിന്‍ വരച്ചിടുന്നത് .
ശലമോന്‍ എന്ന പ്രണയത്തിന്റെ രാജകുമാരന്റെ അനവധി അന്തപ്പുര സ്ത്രീകളില്‍ നിന്നും അവസാന കാലത്ത് മരണക്കിടക്കയില്‍ അയാള്‍ക്കു അവസാനം ഓർമ്മ വരുന്ന, തന്നെ വിട്ടു പോയ അബീശഗിന്‍ എന്ന അടിമസ്ത്രീയുടെ ഓർമ്മകളും അവര്‍ക്കിടയില്‍ സംഭവിച്ചിരിക്കാമെന്ന് കരുതുന്ന സംഭവങ്ങളും ആണ് ഈ നോവലിന് ആധാരം. ശലമോന്‍ എന്ന രാജാവിനെയും ദാവീദ് എന്ന കരുത്തനായ ചക്രവര്‍ത്തിയെയും ചരിത്രത്തിലെ ഗരിമകളില്‍ നിന്നും അടര്‍ത്തി മാറ്റി വെറും സാധാ മനുഷ്യരെപ്പോലെ നിര്‍ത്തി വിചാരണ ചെയ്യാന്‍ ആണ് ബന്യാമിനിലെ എഴുത്തുകാരന്‍ ഇവിടെ ശ്രമിച്ചത് എന്നു കാണാം . ഈ സാധാരണത്വം അവര്‍ക്ക് നല്‍കുമ്പോഴും കാലഘട്ടത്തിന്റെ സംസ്കാരവും ചിന്തകളും കഥാപാത്രങ്ങളില്‍ വേണ്ട വിധത്തില്‍ എത്തിക്കുവാന്‍ കഴിയാതെ ഊഹങ്ങളുടെ ഒരു മൊത്തക്കച്ചവടം കൊണ്ട് ഒരു പ്രണയകഥയെ സ്വാംശീകരിക്കുവാനാണ് ബന്യാമിന്‍ ശ്രമിക്കുന്നത് . ഇത് വായനയില്‍ മുഴുവന്‍ മുഴച്ചു നില്‍ക്കുന്ന ഒരു വികലമായ കാഴ്ചയാണ് . ഒരു തുടക്കക്കാരനായ എഴുത്തുകാരന്റെ സകലവിധമായ അപര്യാപ്തതകളും ആ പാത്രസൃഷ്ടികളിലും സംഭവവികാസങ്ങളിലും പടര്‍ന്ന് കിടക്കുന്നുണ്ട്. ഏറ്റവും രസകരമായ വസ്തുത , ഒരു പ്രണയ നോവലിനെ ഒട്ടും പ്രണയം തോന്നിക്കാതെ , എന്താണ് പ്രണയം എന്നു ചിന്തിപ്പിക്കാനും ഇതിലെവിടെയാണ് പ്രണയം എന്നു കണ്ടെത്താനും വായനക്കാരനെ പറഞ്ഞു വിടാന്‍ മാത്രമാണു എഴുത്തുകാരന് കഴിഞ്ഞത് എന്നുള്ളതാണ് . അബീശഗിന് സംസാരിക്കാന്‍ ഒരിക്കല്‍പ്പോലും അനുവാദമില്ലാത്ത ഈ നോവലില്‍ അവളെ ഒരു നിശബ്ദ നായികയാക്കി നിര്‍ത്തിക്കൊണ്ട് അവളുടെ അസ്തിത്വം പൂർണ്ണമായും പ്രകടമാക്കാന്‍ എഴുത്തുകാരനു കഴിഞ്ഞുവോ എന്നത് സംശയമാണ് .
ശലമോന്‍റെ ചിന്തകളിലൂടെ കാണുന്ന ഒരു ഏകപക്ഷീയ ഊഹക്കച്ചവടമാണ് അബീശഗീനുമായുള്ള പ്രണയം . അതിനെ പ്രണയം എന്നും പറയാന്‍ കഴിയില്ല . കാരണം അത്ര തീവ്രമായി ആ പ്രണയത്തെ അടയാളപ്പെടുത്താന്‍ എഴുത്തുകാരന്‍ പരാജയപ്പെട്ടിരിക്കുന്നു . ചരിത്രത്തില്‍ നിന്നും ഒരാളെ എടുത്തു കാണിക്കുമ്പോള്‍ വേണ്ട നീതികള്‍ ഒന്നും തന്നെ ബന്യാമിന് ഈ കഥാപാത്ര സൃഷ്ടിയില്‍ പാലിക്കാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം. ഭാഷയായാലും അവതരണമായാലും വളരെ ദുര്‍ബലമായ ഒരു വായന നല്കിയ പുസ്തകം ആണ് അബീശഗിന്‍ . വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും കുരുങ്ങിക്കിടക്കുന്ന ബന്യാമിന്‍ , എല്ലാ പുകമറകളും മാറ്റി തന്റെ കഴിവ് തെളിയിക്കുന്ന ഒരു സൃഷ്ടിയുമായി വരുന്നത് വായനക്കാരന്‍ സ്വപ്നം കാണുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, April 20, 2020

രൂപാന്തരം

രൂപാന്തരം
.................
അവഗണനകളുടെയും
വെറുപ്പിൻ്റെയും 
നിരന്തര വഴുക്കലുകളിൽ വീണ്
കുംഭകർണ്ണസേവയിലായിരുന്നു ഞാൻ.
അഹല്യയുടെ ജന്മം അറിഞ്ഞവൻ.
ജനിമൃതിയുടെ പാതാളക്കരണ്ടിയിൽ
അവസാനം കാത്ത് ഞാന്നു കിടന്നവൻ.
പ്രതീക്ഷയുടെ തുരുത്തുമായി
നേരിയ പ്രകാശവുമായി
ഒരു നാൾ അവൾ കടന്നു വന്നു.
അഹല്യാമോക്ഷം എന്തെന്നറിയിച്ചു തന്നു.
അവൾ ദേവനായി വിരാജിച്ചു.
എല്ലാം നൈമിഷികമായിരുന്നു.
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം പോലെ.
ഇരുളിലെ വെറും സ്വപ്നം.
പുലരിയാകുമ്പോൾ 
വീണ്ടും പാപ ശിലയായി മാറിയോൻ.
പ്രൊമിത്യൂസിൻ വേദനയെന്തെന്നറിയോൻ
അവനെൻ്റെ മുഖമെങ്ങനെ ചേർന്നു.?
അതോ, അവൻ ഞാൻ തന്നെയോ .
.... ബി.ജി.എൻ. വർക്കല

Friday, April 17, 2020

നമുക്കിടയില്‍

നമുക്കിടയിൽ...
.........................
നിശബ്ദമായ യാമങ്ങളില്‍ ഒക്കെയും
ഞാന്‍ നിന്നെ വായിക്കാന്‍ ശ്രമിക്കാറുണ്ട്.
ഒട്ടും തന്നെ തിടുക്കമില്ലാതെ
നിന്നിലേക്ക്‌ ആഴത്തില്‍ സഞ്ചരിക്കാറുണ്ട്‌.
വേരുകള്‍ നഷ്‌ടമായെന്നും
വീണുപോകുമെന്നും തോന്നിപ്പിക്കുന്ന
കരിഞ്ഞുപോയൊരു ഗാഫ് മരമാണ് നീ.
മരുഭൂമിയുടെ അത്രയും ആഴങ്ങളിലേക്കും
നീരിന്റെ ഒരു തുള്ളിയെങ്കിലും കിട്ടും വരേയ്ക്കും
ആശ കൈവിടാതെ സഞ്ചരിക്കുന്നവള്‍.
നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒക്കെയും
എന്റെ ഹൃദയം തുടിച്ചു പൊങ്ങുന്നുണ്ട്
അത്ഭുതം പോലെ നിന്റെ ശബ്ദം
എന്നെ എല്ലാ നിരാശകളില്‍ നിന്നും ഉണര്‍ത്തുകയും
ജീവിതത്തിന്
ഇത്രയേറെ നിറങ്ങള്‍,
ഇത്രയേറെ സുഗന്ധങ്ങള്‍
ഇത്രയും വലിപ്പമുള്ള ഒരാകാശം
ഒക്കെയും ഉണ്ടെന്നു തോന്നിപ്പിക്കാറുണ്ട്
നീ പലപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു. .
ഉറങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
ഇറങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
പിണങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
നിന്റെ ചലനങ്ങള്‍ കൊണ്ട് നീയറിയിക്കുന്നു
പിണക്കം
ഉറക്കം
ഇറക്കം
ഇവയൊക്കെയും എന്റെ തമാശകള്‍ എന്ന്.
പരസ്പരം നഷ്ടപ്പെടുത്തുമ്പോള്‍ മാത്രം
നമുക്ക് നമ്മെ പരിചിതം എന്ന് നീ.
മരുഭൂമിയിലെ വരണ്ട പൊടിക്കാറ്റ്
കടല്ക്കരയിലെ ഈറൻകാറ്റുമായി
ഇതിലും നന്നായി എന്ത് പങ്കിടാനാണ്?
ഇതാ നിന്നെ ഞാന്‍ തൊട്ടെന്ന തോന്നല്‍
ചുണ്ടോളം എത്തിയ കപ്പിനെ പോലെ..
പക്ഷേ, അപ്പോഴും നമ്മള്‍ ഇഷ്ടത്തിലാണ്.
ഇനിയില്ല എന്ന് പറഞ്ഞു പിരിയുകയും
നിനക്കാദ്യം മിണ്ടിയാലെന്താന്നു
പരസ്പരം മനസ്സില്‍ പറഞ്ഞിരിക്കുകയും ചെയ്യുക.
ഒടുവില്‍ വഴക്ക് പറഞ്ഞാണെങ്കിലും
നമുക്കിടയിലെ മൗനം മുറിക്കുക
എന്തോ, ഈ സൗഹൃദം എന്നത്
എന്റെ ഹൃദയത്തില്‍ കൊരുത്തുകിടക്കുന്ന
ഒരു ലോലാക്ക് പോലെയാണ് .
ഇളകുമ്പോള്‍ ഒക്കെയും വേദനിപ്പിക്കുകയും
ഞാനിവിടെയുണ്ട് എന്നോര്‍മ്മിപ്പിക്കുകയും
മിണ്ടാതെ നോക്കിയിരിക്കുകയും ചെയ്യുക.
നിന്നെ ഞാനെങ്ങനെയാണ് പ്രണയിക്കുക?
നിന്നെ ഞാന്‍ എങ്ങനെയാണ് വെറുക്കുക !
...... ബി.ജി.എൻ വർക്കല

വേരു തൊടും നിലാവ് -------- കെ.വി.സുമിത്ര

വേരു തൊടും നിലാവ് (കവിത),
കെ.വി.സുമിത്ര
കറൻ്റ് ബുക്സ് ( 2013)
വില: ₹ 60.00


എത്രത്തോളം അറിവ് കൂടുന്നോ അത്രയും അശ്രദ്ധയും കൂടുന്ന ഒരു സാംസ്കാരിക വിഭാഗമാണ് സാഹിത്യം . ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയവർ കാണിക്കുന്ന അശ്രദ്ധകൾക്ക് വിശദീകരണങ്ങൾ ഉണ്ടാകാൻ വഴിയില്ല. എന്നാൽ ഒരു ബിരുദവുമില്ലാത്തവർ ചമയ്ക്കുന്ന സാഹിത്യം എത്രയോ മികച്ചതുമായിരിക്കും. എവിടെയോ കേട്ടിട്ടുണ്ട് ഒരു നല്ല വിമർശകൻ ഒരിക്കലും ഒരു നല്ല കൃതിയുടെ ഉടമസ്ഥനാകില്ല എന്ന്. ചിലപ്പോഴൊക്കെ വിമർശകൻ സ്വയം തൻ്റെ തെറ്റായി ഉപയോഗിക്കാറുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.  ഒരിക്കൽ ഒരു വേദിയിൽ വച്ച് ഒരിരുത്തം വന്ന എഴുത്തുകാരൻ ഒരു പുതുമുഖക്കാരൻ്റെ കവിതകളെ നിശിതം വിമർശിക്കുകയും ഇവയൊന്നും കവിതയേയല്ല എന്നു പറഞ്ഞു നിർത്തുകയും ചെയ്തു. ഇവയെ ഞാൻ രചനകൾ എന്നാണ് വിളിക്കാനാഗ്രഹിക്കുന്നത് എന്നും പറയുകയുണ്ടായി. പിൽക്കാലത്ത് ഒരു ആനുകാലിക വാരികയിൽ ഇവർ രണ്ടുപേരുടെയും കവിതകൾ ഒരേ പേജിൽ വരികയുണ്ടായി. അന്ന് ആ കവിത വായിച്ച പുതുമുഖ കവി അതിനെ വിമർശിച്ചത് ചവറ് എന്നായിരുന്നു. തന്നെ വിമർശിച്ച കവിയോടുള്ള പകയായിരുന്നില്ല അതിന് പിന്നിൽ. തന്നെ വിമർശിച്ച കവിയിൽ നിന്നും പിറന്ന ഒരു ഗുണവുമില്ലാത്ത ഒരു രചന തൻ്റെ രചനക്കൊപ്പം വന്നപ്പോൾ, അത് വായിച്ചപ്പോൾ ഉണ്ടായ സ്വാഭാവികമായ ഒരു പ്രതികരണം മാത്രം. ഇത്രയും പറയാൻ കാരണം അടുത്തിടെ വായിച്ച കൃതികളുടെ രചനാവൈശിഷ്ഠ്യങ്ങൾ കൊണ്ടാണ്. ഏറെ ബിരുദങ്ങൾ ഭാഷയ്ക്ക് കിട്ടിയ പലരും എഴുതിയിട്ടുള്ള കവിതകൾ , പ്രതീക്ഷകളെ അപ്പാടെ തകിടം മറിയ്ക്കുന്ന വെറും എഴുത്തുകൾ ആയിരുന്നു. ഒരു പുതുമയും ഇല്ലാത്തതും പുതിയ കാല എഴുത്തുകാർ എഴുതുന്നതിലും തുലോം പുരോഗതിയില്ലാത്തതുമായ രചനകൾ !

വേരു തേടും നിലാവ് എന്ന കവിതാ സമാഹാരം കെ.വി സുമിത്ര എന്ന എഴുത്തുകാരിയുടെ 41 കവിതകൾ അടങ്ങിയ ഒരു പുസ്തകമാണ്. ഈ പുസ്തകമടക്കം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കവി  മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയതും ഡി സി യുടെ ഓൺലൈൻ പബ്ലീഷിംഗിൽ സഹ എഡിറ്റർ തസ്തികയിൽ ഇരിക്കുന്നതുമായ ഒരാൾ ആണ്. എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.

പ്രണയം, പ്രകൃതി, ആത്മ സംവേദനങ്ങൾ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുന്ന 41 കവിതകളാണ് ഇതിലുള്ളത്. ഗദ്യകവിതകളുടെയും പുതിയ കാല കവിതാ രൂപത്തിൽ പറയുന്നതുമായ ഇതിലെ ചെറുതും വലുതുമായ കവിതകൾക്ക് ഒന്നും തന്നെ പ്രത്യേകിച്ചു പറയാനുണ്ടെന്ന് തോന്നുന്നില്ല .ആത്മാവിഷ്കാരങ്ങൾ കവിതയിലൂടെ പറഞ്ഞു പോകുമ്പോഴും വായനക്കാരുമായി സംവദിക്കാനുള്ള ശ്രമം കവിതകളിൽ കണ്ടെത്താൻ കഴിയുന്നില്ല. ജീവിതം ഓരോ മനുഷ്യർക്കും ഓരോ വിധമായിരിക്കും. അവ അടയാളപ്പെടുത്തുമ്പോഴും ഈ വൈവിധ്യം അതിൽ ഉണ്ടാകുക എന്നത് വേറിട്ട കാഴ്ചയല്ല. 
നിയതമായ ഒരു ഘടനയോ പാതയോ നഷ്ടപ്പെട്ട കവിതകളുടെ ആധുനിക ലോകത്ത് ഈ കവിതകൾ ചൊൽക്കാഴ്ചകൾ ആകുന്നില്ല എന്നത് കവിതയുടെ പ്രമേയ വൈവിധ്യവും അത് സഞ്ചരിക്കുന്ന മേഖലകളിലെ നിഗൂഢതകളും ചേർന്ന് തീരുമാനിക്കപ്പെടുന്ന ഒന്നാകുന്നു ഈ കവിതാ പുസ്തകത്തിൽ.

ഭാഷയുടെ കാര്യത്തിൽ എപ്പോഴും എഴുത്തുകാർക്ക് സംഭവിക്കുന്ന വളരെ പ്രധാനമായ പല തെറ്റുകളും ഈ കവിതാ പുസ്തകത്തിനും ബാധകമായിരിക്കുന്നതായി കാണാം. ഒരു നല്ല എഡിറ്ററുടെ അഭാവം ചെറുകിട പബ്ലീഷേഴ്സ് മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നം അല്ല എന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. വളരെ നിസാരമായ ചെരാതിനെ ചിരാതാക്കുന്ന തെറ്റുകൾ പോലും മാറ്റാതെ നില്ക്കുമ്പോൾ ഭാഷയുടെ പേരിൽ നേടുന്ന ബിരുദങ്ങളുടെ വലുപ്പചെറുപ്പങ്ങളെ തമാശയോടെ കാണാൻ തോന്നുക സ്വാഭാവികമാണ്. എഴുത്തുകാരിയുടെ പദവിയും ഭാഷാ ബിരുദങ്ങളും സ്വന്തം കൃതികളിൽ കാണാൻ കഴിയാതെ വായനക്കാരൻ വിഷമിച്ചു പോകുന്ന സന്ദർഭങ്ങളിലൂടെ ഈ കവിതകൾ ചിലപ്പോൾ വഴി നടത്തുന്നുണ്ട്. 
ഓർത്തു വയ്ക്കാൻ ഒന്നും തന്നെ നല്കാതെ , വായന അവസാനിക്കുന്നു. പലപ്പോഴും ഈണത്തോടെ ചൊല്ലിത്തുടങ്ങുന്ന കവിതകൾ പാതി വഴിയിൽ പിണങ്ങി വഴി മാറി നടന്നകലുന്ന കാഴ്ചകൾ മാത്രം സമ്മാനിച്ച ഒരു വായനയാണ് വേരു തൊടുന്ന നിലാവ് എന്ന വിഷാദം പങ്കു വയ്ക്കുന്നു. എങ്കിലും ഇനിയും ഒരുപാട് വായനക്കാർക്ക് വിരുന്നൊരുക്കുന്ന നല്ല രചനകൾ പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, April 16, 2020

ഒടുവിലെ ഉത്തരം

ഒടുവിലെ ഉത്തരം
...............................
ഉത്തരമില്ലാത്തൊരു നിശ്ശബ്ദതയിലേക്ക്
ഒടുവിൽ നാം തിരിഞ്ഞു നടക്കും.
അപ്പോഴും നിൻ്റെ ചുണ്ടുകൾ 
ഇങ്ങനെ പിറുപിറുക്കുന്നുണ്ടാവും
"ഞാൻ നിന്നെ പ്രണയിക്കുന്നില്ല"
കാഴ്ച മങ്ങിയ എൻ്റെ പാതകളിൽ
നിൻ്റെ വാക്കുകളുടെ വെളിച്ചം ചിതറിക്കിടക്കും.
മരണത്തിലേക്കല്ല നാം നടക്കുന്നതെന്നും
ജീവിതം ഇനിയും ബാക്കിയെന്നും 
നീ പിറകിൽ വിളിച്ചു പറയുന്നുണ്ടാകും.
വരികൾക്കിടയിൽ അറിയാതെ നീയൊളിപ്പിച്ച
പ്രതീക്ഷ തൻ വാക്ക് തിരഞ്ഞ്
ഞാൻ മുന്നോട്ട് നടക്കും.
നിനക്കറിയുമോ മഞ്ഞു തുള്ളീ,
നിൻ്റെ മാറിലെ ആ ചാരമറുകിൽ
എത്രയുമ്മകൾ ഞാൻ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്.
നീയറിയുന്നോ ചാന്ദ്ര നിലാവേ
നിൻ്റെ നാഭിച്ചുഴിയിൽ ഞാൻ കരുതിവച്ച
എൻ്റെ ജീവജലം നിന്നെ പൊള്ളിക്കുന്നത്.
വിടർന്നു പൂത്ത നിൻ്റെ കീഴ്ച്ചുണ്ടിൽ
എൻ്റെയുമ്മകൾ പൊള്ളിച്ച പാടുകൾ.!
അപ്പോഴും നീ പറയുന്നുണ്ട്
എന്നെ നീയറിയില്ലന്ന് .
എന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്ന് .
ഹൃദയാന്തരാളത്തോളം ആഴ്ന്നിറങ്ങുന്നൊരു
മിഴിത്തിളക്കത്തിലും 
നീ മറച്ചു പിടിക്കുന്നതെന്താകും.
ഒടുവിലെ ഉത്തരം കേൾക്കാൻ
എൻ്റെ കർണ്ണങ്ങൾ ഉണർന്നിരിക്കുന്നുണ്ടാകുമോ!
...... ബി.ജി.എൻ വർക്കല

Wednesday, April 15, 2020

ഓർമ്മത്തീവണ്ടിയിൽ ....

ഓർമ്മത്തീവണ്ടിയിൽ ....
.......................................
ഓർമ്മകൾ തീവണ്ടി യാത്രകൾ പോലെ !
നോക്കിയിരിക്കേ പിറകോട്ട് പായുന്ന
ജാലകക്കാഴ്ചകളേ, 
നിങ്ങൾ കണ്ണു നിറയ്ക്കാൻ ശ്രമിച്ചതല്ലെങ്കിലും ...
കല്ലുപ്പുകൾ വിതറിയ പാതയോരങ്ങളിലൂടെ,
വിണ്ടുകീറിയ പാദങ്ങൾ ...
മുൾപ്പടർപ്പുകൾക്കിടയിൽ വിടർന്ന
വെളുത്ത റോസാ പുഷ്പങ്ങൾ .

കാലം തെല്ലും കരുണയില്ലാത്ത
കർക്കശക്കാരനായ ഭരണാധികാരിയാണ്.
നിലാവിന്റെ വെൺപട്ടുശീലയും 
ഉപേക്ഷിച്ചു പോയിരിക്കുന്നീ ജാലകം .
ഇവിടെ വരൾച്ചയാണ്.
കറുത്ത വിഷക്കല്ലുകൾ മെത്ത വിരിച്ച
നേർത്ത നീലവെളിച്ചം തെളിഞ്ഞ ആകാശം.
യാത്രകൾക്ക് നിയത രേഖകൾ നഷ്ടമാകുന്നു.
പാദുകം അഴിച്ചു വച്ച് 
പകരമൊരു പാദസരമണിയട്ടെയിനി.
ചിൽ ചിൽ നാദത്താൽ....

വേണ്ട,ത്.
മുക്കുത്തിയിട്ട പുരുഷനും
പാദസരമിട്ട പരുക്കൻ കാലും
ഒരുപോലെ നിങ്ങൾക്കലോസരമാണ്.
മുലകൾ വളർന്നു പോയത് ശല്യമാകുന്നത്
പ്രിയരുടെ നോട്ടങ്ങളും 
കൈകളും തേടി വരുമ്പോഴാണല്ലോ.
ഇരുളിൽ തപ്പി വരുന്ന സ്നേഹിതൻ്റെ വിരലുകൾക്ക്
ബലമില്ലാത്തൊരു ലിംഗം വഴി തടയുമ്പോലെ
പ്രതീക്ഷകൾ നഷ്ടപ്പെടുകയാണ്.

ഇച്ഛാഭംഗത്തിൻ്റെ ശീലുകളുമായി
അലസനടനത്തിലാണ് നാം.
എവിടെയാണ് ഗലികൾ അവസാനിക്കുക?
ഖവാലിയുടെ ഉച്ചസ്ഥായിയിൽ നിന്നും
വന്ദേമാതരത്തിൻ്റെ അലർച്ചകൾ!
ജീവിതം,
മരണം....
എന്താണ് ശരി?
ആർക്കാണ് ഇവിടെ ലഹംങ്ക ചേരുന്നത്. ?
ഗ്രാമങ്ങളുടെ പച്ചപ്പിൽ നിന്നും
ഗൂംഗട്ട് മറയുന്ന പോലെ
പരസ്പരം വച്ചു മാറപ്പെടുന്ന കാഴ്ചകളിൽ
രാജാക്കന്മാരുടെ പച്ചച്ചിരികൾ മറഞ്ഞിരിക്കുന്നു.

നമ്മൾ പരസ്പരം മറക്കുന്നു.
നമുക്ക് പാത നഷ്ടമാകുന്നു.
എവിടെയാണ് നാം കണ്ടുമുട്ടിയത്.
എവിടേക്കാണീ യാത്ര!
വരൂ നമുക്കതിനി തിരയാം...
... ബി.ജി.എൻ വർക്കല

Tuesday, April 14, 2020

കൊറോണാക്കാലം

കൊറോണാക്കാലം 
....................................
മരിച്ചു പോകുന്നതിനും വളരെ മുമ്പേ
എനിക്കത് പറയണമെന്നുണ്ട്.
ചിലപ്പോൾ...
ഞാൻ ഭയന്നിരുന്നതാണ്
പക്ഷേ പറയാതിരിക്കുന്നതെങ്ങനെ?
കൈകൊട്ടി അഭിനന്ദിക്കാൻ പറഞ്ഞപ്പോൾ
തകിലു കൊട്ടി ആനന്ദിച്ചവർ
വെളിച്ചം കൊളുത്താൻ പറയുമ്പോൾ
പുര കത്തിക്കുമെന്ന് ഭയക്കേണ്ടവർ...
അവർ ജീവിച്ചിരുന്നിടത്തു നിന്നാണ്
എനിക്ക് വിടുതൽ കിട്ടുന്നത്.
അങ്ങനെ കത്തിച്ചാവുന്ന 
അനേകം അണുക്കൾക്ക് പക്ഷേ
എന്നെ വേണ്ടായെന്നു തോന്നിയേക്കാം .
എങ്കിലും
നിന്നോടു പറയാതെ വയ്യ തന്നെ.
പണ്ട് 
വളരെ വളരെപ്പണ്ട്
ഇടവഴികളിലെ ഏകാന്തതയിൽ
നിനക്കു തരാൻ കരുതി വച്ച്
കൈവിയർത്ത് 
ഒടുവിൽ സ്വയം കത്തിച്ചു കളഞ്ഞ ഹൃദയം
അത് ഇന്നിപ്പോൾ
അല്പ ധൈര്യം നിറച്ച്
മരിക്കുമെന്ന ഉൾവിളി നിറച്ച്
നിന്നോട് പറയാമെന്നായിട്ടുണ്ട്.
നോക്കൂ
ഞാനിപ്പോൾ പഴയ കാമുകനല്ല.
ചപലമായ വാക്കുകൾ ഒട്ടുമില്ല കൈയ്യിൽ
പറയാൻ ഒന്നേയിനി ബാക്കിയുള്ളൂ.
വായിലൂടെ പകരുന്നതിനാൽ ചുംബനത്തിനും
കൈകളിലൂടെ പകരുമെന്നതിനാൽ വിരലുകളിലും
ഇനി നിൻ്റെ ചുംബനം ലഭിക്കുകയില്ല.
ഉറങ്ങിയുണരാൻ ഇനിയും പകലുമില്ല.
ഈ വൈകിയ വേളയിൽ
ഇപ്പഴെങ്കിലും 
നിനക്കെൻ്റെ മുഖത്തൊന്നു നോക്കിക്കൂടെ.
നിൻ്റെ കണ്ണുകളിലൂടെ
മൃതിയുടെ ശവം നാറി പ്പൂക്കളല്ലാതെ
പ്രണയത്തിൻ്റെ സൗരഭം ഞാനറിയട്ടെ.
അവസാന യാത്രയിൽ
നിൻ്റെ ഗന്ധം വഹിച്ചുകൊണ്ട്
ഞാനൊന്നു യാത്രയാകട്ടെ!
...........ബി.ജി.എൻ വർക്കല

Friday, April 10, 2020

ഞാന്‍ ലൈംഗികത്തൊഴിലാളി...........നളിനി ജമീല



ഞാന്‍ ലൈംഗികത്തൊഴിലാളി (ആത്മകഥ)
നളിനി ജമീല
ഡി സി ബുക്സ് (2005)
വില: ₹ 75.00
 
ആത്മകഥകള്‍ ഒക്കെയും സംഘര്‍ഷപൂരിതങ്ങളായ ജീവിതങ്ങളുടെ ഏകാന്തഗീതകങ്ങളാണ് . അവയില്‍ നിറഞ്ഞു കിടക്കുന്ന ശോകവും രതിയും സ്നേഹവും വേദനയും ഒക്കെത്തന്നെ വളരെ വേഗം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതാകുന്നത് അതിനാലാണ് . ഈയൊരു കാഴ്ചപ്പാടില്‍ നിന്നും അകലേക്ക്‌ പോകുന്ന ഓരോ ആത്മകഥകളും ആത്മരതിയുടെ സമ്മേളനം പോലെയാകുന്നു . ഒരിക്കലും ഒരാളിനും നൂറു ശതമാനം ആത്മാര്‍ഥമായി ഒരു ആത്മകഥ എഴുതുവാന്‍/പറയുവാന്‍ കഴിയുകയില്ല . ഓര്‍മ്മയില്‍ നിന്നും പെറുക്കിയെടുത്തു കഴുകി വെളുപ്പിച്ച്  അവയില്‍ നിന്നും വായനക്കാരന്‍ അറിയേണ്ടതും തനിക്ക് പറയേണ്ടതും മാത്രം എടുത്തു അടുക്കി വയ്ക്കുകയാണ് ചെയ്യുന്നത് . അവയില്‍ രക്തം പുരണ്ടതും രേതസ്സ് പുരണ്ടതും  മണ്ണ് പുരണ്ടതുമായ ഒരുപാട് കാഴ്ചകള്‍ നിറഞ്ഞു നിന്നേക്കും . ചിലര്‍ അവ പറയാന്‍, അതില്‍ പറയേണ്ടി വരുന്നവരുടെ കാലം കഴിയുന്നത്‌ വരെ കാത്തിരിക്കും . അതുമല്ലെങ്കില്‍ അവര്‍ വ്യാജ പേരുകളില്‍ അവരുടെ പറയാനുള്ള കാര്യങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കും . ഇതില്‍ നിയമപരമായ ഒരു പ്രശ്നം കൂടിയുണ്ട് . സമ്മതം ഇല്ലാതെ ഒരാളെയും കരിവാരിത്തേയ്ക്കാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ  കഴിയില്ല എന്ന ജനാധിപത്യ നിയമത്തിനു കീഴെ നില്ക്കുന്ന  ജനതയാകുമ്പോള്‍ അത് പ്രധാനമായും അങ്ങനെയേ പറ്റൂ .   അതിനാലാണല്ലോ എച്ചുമുക്കുട്ടി അടക്കമുള്ളവര്‍ കവചങ്ങള്‍ അണിഞ്ഞുകൊണ്ട് പലതും പറയേണ്ടി വന്നിട്ടുള്ളതും പലരും ഇന്നും പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
 
പബ്ലീഷ് ചെയ്തു പതിനൊന്നു എഡിഷന്‍ വരെ ഇറങ്ങിയ ഒരു ആത്മകഥയാണ് ലൈംഗിക തൊഴിലാളിയായ നളിനി ജമീലയുടെ "ഞാന്‍ ലൈംഗികത്തൊഴിലാളി" എന്ന പുസ്തകം . സമൂഹം രണ്ടു തരത്തിലാണ് ഈ പുസ്തകത്തെ സമീപിച്ചതെന്ന് തോന്നുന്നു . പൊതുവില്‍ മനുഷ്യരുടെ സ്വഭാവം അനുസരിച്ച് സമൂഹത്തില്‍ വെറുക്കപ്പെട്ട ചില പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ആസ്വദിക്കുകയും ചെയ്യുക എന്നതാണ് അത് . അടുത്തിടെ ഒരു നടി വരുമ്പോള്‍ ആ ഇടം മനുഷ്യക്കടല്‍ ആയത് നാം അനുഭിച്ചതുമാണല്ലോ . ഇതേ അവസ്ഥ ഈ പുസ്തകത്തിനും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഓരോ ഊഹോപോഹങ്ങൾ ആവശ്യമില്ലാത്തതിനാല്‍ തന്നെ ആ ഭാഗത്തേക്ക് കടക്കുന്നില്ല . ഈ പുസ്തകം വായിക്കാന്‍ എടുക്കുന്നത് രണ്ടാമത്തെ പ്രാവശ്യമാണ് . ആദ്യവായന കഴിഞ്ഞു അഞ്ചോ ആറോ വർഷം കഴിഞ്ഞാണ് വീണ്ടും നളിനി ജമീലയെ വായിക്കുന്നത് . അതിന്റെ പ്രസക്തി പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല . വായിച്ചവ എഴുതിത്തുടങ്ങിയപ്പോള്‍ ഈ പുസ്തകത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാണ് കാരണം. വായിച്ചത് മറന്നു പോയതിനാല്‍ ഓര്‍മ്മയില്‍ നിന്നെഴുതാന്‍ കഴിയാത്തതിനാല്‍ രണ്ടാമതൊരു വായനക്ക് മുതിര്‍ന്നത്. ആദ്യവായനയില്‍ നിന്നും ഒട്ടും തന്നെ അധികം രണ്ടാം വായനയും തന്നിട്ടില്ല . കാരണം അതൊരു ആത്മകഥയാണ് . ഒരു ജീവിതം, തന്റെ ജീവിതത്തിന്റെ പാത തുറന്നിടുന്ന നേര്‍ചിത്രം. അതിനെ എങ്ങനെ വായിച്ചാലും ഒന്നേ കിട്ടൂ ഉത്തരം എന്നറിയുന്നതിനാല്‍ അധികം ആയാസം നേരിടാതെ അത് വായിക്കാന്‍ കഴിഞ്ഞു .
 
കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ അത്യാവശ്യം നല്ല ഒരു വീട്ടില്‍ നിന്നും ദാരിദ്ര്യം നന്നായി പിടിമുറുക്കിയ കാലത്ത്  മറ്റു തൊഴിലുകളില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍ വേതനം കിട്ടും എന്ന അറിവില്‍ സ്വയം തിരഞ്ഞെടുത്ത ഒരു ജോലി ആണ് നളിനിക്ക് ശരീരം ആവശ്യക്കാര്‍ക്ക് വിലപേശി വില്‍ക്കുക എന്ന തൊഴില്‍ . സമൂഹത്തിലെ എല്ലാതട്ടിലും ഉള്ള ആള്‍ക്കാരും പൊതുവായ ആവശ്യക്കാരായി വന്നിരുന്ന ഒരേ ഒരു വസ്തുത സ്ത്രീ ശരീരം ആയിരുന്നു .  ഉപയോഗിച്ച് പോകുക എന്നതിനപ്പുറം തങ്ങളുടെ വൈകൃതങ്ങളുടെ പരീക്ഷണ ശാലയായ് ഇങ്ങനെ വില പറഞ്ഞു ഉറപ്പിക്കുന്ന ശരീരങ്ങളെ കണ്ടിരുന്നവരും , സ്വന്തം ലൈംഗിക ശേഷി പരീക്ഷിക്കാന്‍ വരുന്നവരും , വെറുതെ കണ്ട്, കേട്ട് വര്‍ത്തമാനം പറഞ്ഞു പോകുന്നവരും, കണ്ട ഉടന്‍ ജീവിതം ഓഫര്‍ ചെയ്യുന്നവരും, രണ്ടാം ഭാര്യയായി കൂടെ താമസിപ്പിക്കാന്‍ സന്നദ്ധരാകുന്നവരും ആയ പുരുഷ മനസ്സുകളെ നളിനി തന്റെ അനുഭവങ്ങളിൽക്കൂടി തുറന്നു കാട്ടുന്നു . പൊതുവേ ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന രണ്ടു പ്രധാന ശത്രുക്കള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ സ്ഥലത്തെ ചട്ടമ്പികളും പോലീസും മാത്രമാണ് എന്നത് നളിനി വ്യക്തമായി പറയുന്നുണ്ട് . അതുപോലെ ഒരു ലൈംഗികത്തൊഴിലാളി എന്നത് ആര്‍ക്കും കൊന്നു തള്ളാന്‍ ഉള്ള ഒരു ശരീരം മാത്രമാണെന്നും അതിനെക്കുറിച്ച് അന്വേഷിക്കാനോ കുറ്റവാളികളെ അകത്താക്കാനോ നിമയത്തിനും നിയമപാലകര്‍ക്കും ഉത്സുകത ഇല്ലെന്നു രണ്ടു സംഭവങ്ങളെ മുൻനിര്‍ത്തി നളിനി ഇതില്‍ പറയുന്നുണ്ട് .  എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കുടുംബം ഉണ്ടാകും എന്ന തിരിച്ചറിവ് കൂടി ഇതില്‍ വായിക്കാം .  പലപ്പോഴും ലൈംഗികത്തൊഴിലാളികള്‍ക്ക് പറ്റുന്ന ഒരു വലിയ അബദ്ധമാണ് ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് കൂടെക്കൂടി വിവാഹം കഴിക്കാതെ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചു ഒന്നോ രണ്ടോ കുഞ്ഞിനെ സമ്മാനിച്ചു കടന്നു കളയുന്ന വിരുതന്മാര്‍ . ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ ജീവിതസായാഹ്നം ആകുമ്പോഴേക്കും ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നത് ഒരു വീഴ്ച കൊണ്ട് പാഠം പഠിക്കാഞ്ഞിട്ടല്ല. എക്കാലത്തും ഇത്തരം ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ആണ്‍ സുരക്ഷയുടെ ആവശ്യം ഉണ്ടാകുന്നു എന്നത് കൊണ്ടാണ് എന്ന് നളിനി ഓര്‍മ്മിപ്പിക്കുന്നു . രോഗവും ശാരീരിക വൈഷമികതകളും സംഭവിച്ചാൽ അതോടെ ഫീല്‍ഡില്‍ നിന്നും ഔട്ടാകുന്ന ഇവര്‍ക്ക് പലപ്പൊഴും ആ അവസ്ഥ ആകുമ്പോഴേക്കും കൈകളില്‍ മിച്ചം ഒന്നും ഉണ്ടാകുക ഇല്ല സമ്പാദ്യം . അവര്‍ തങ്ങളുടെ മക്കൾക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി അവയൊക്കെ പണ്ടേ ചിലവഴിച്ചിട്ടുണ്ടാകും . ആദ്യം ഇഷ്ടമല്ലാതെ പുറംതള്ളപ്പെട്ട ഒരു സ്ത്രീ ഒടുവിൽ അവളുടെ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും അയാളുടെ സഹോദരിമാരും ചേട്ടാനിയന്മാരും അവരുടെ ഭാര്യമാരും എല്ലാ അടങ്ങുന്ന കുടുംബത്തിനു താങ്ങായതായും അവരെല്ലാം ഈ തൊഴിലിൻ്റെ ഗുണം കണ്ടു ഒരു കമ്പനിയായി ജോലിക്കിറങ്ങിയതും നളിനി ഓർക്കുന്നുണ്ട് ഇതില്‍ . 
 
സ്വന്തം മകളെ വളര്‍ത്താന്‍     ബുദ്ധിമുട്ടുന്ന അവസ്ഥകളും ഒരു മുസ്ലീമിന്റെ കൂടെ ജീവിക്കുമ്പോൾ ജമീല എന്ന പേരുകൂടെ സ്വീകരിച്ചതും പില്‍ക്കാല ജീവിതം മുഴുവന്‍ ഇസ്ലാം മതത്തിൽ നിന്നതും ഓര്‍മ്മിക്കുന്ന നളിനി ജമീലയ്ക്ക് മകളെ ആദ്യം വിവാഹം കഴിച്ചയച്ചതില്‍ പറ്റിയ പിഴവുകളും മറ്റും ഖേദപൂര്‍വ്വം സ്മരിക്കുന്നു . ജ്വാലാമുഖി എന്ന സംഘടനയില്‍ അംഗം ആയതും പ്രവര്‍ത്തിച്ചതും തന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും സഹായിച്ചു എന്നത് നളിനിയുടെ സന്തോഷങ്ങള്‍ ആണ് . പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു മനസ്സും വിവേകവും കൈവശം ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ടാണ് അധികം പരുക്കുകള്‍ ഇല്ലാതെ നളിനി ജമീലയ്ക്ക് ഈ ഫീല്‍ഡില്‍ തുടരാന്‍ ഇന്നും കഴിയുന്നതും ആസ്വദിക്കാന്‍ കഴിയുന്നതും  . മദ്യപാനം നല്‍കുന്ന അസുഖങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ലൈംഗികത്തൊഴിലില്‍ ശാസ്ത്രീയമായി ഒരുപാട് മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യങ്ങളെ കൂടി സൂചിപ്പിക്കുന്നു .ലൈംഗിക തൊഴില്‍ ഒരു മോശം വസ്തുതയായി കണക്കാക്കാന്‍ കഴിയുന്നില്ല . ആവശ്യക്കാര്‍ ഏറെയുള്ള ഒരു വിപണിയില്‍ സ്വന്തം ശരീരത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അതിനെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതില്‍ തെറ്റുകള്‍ ഇല്ല . അതിനു  വരുന്നവര്‍ മാന്യരും അത് ചെയ്യുന്നവര്‍ അമാന്യരും ആകുന്ന സമൂഹ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു . ആരോഗ്യകരമായ ബോധവത്കരണ ക്ലാസുകളും സുരക്ഷാ മാര്‍ഗ്ഗങ്ങളും ഉണ്ടാക്കിയും നിയമത്തിന്റെ വിക്ടോറിയന്‍ കണ്ണുകള്‍  അടയ്ക്കുകയും ചെയ്‌താല്‍ ഇതൊരു തെറ്റായ രീതിയല്ല . ഒരുപക്ഷെ, മഹാനഗരങ്ങളിലെ അസംതൃപ്തരായ പുരുഷന്മാരുടെ ലൈംഗിക വിശപ്പുകള്‍ക്ക് ഇത്തരം തൊഴിലാളികള്‍ നല്ലൊരു ആശ്വാസമാകും . രണ്ടായിരത്തി അഞ്ചില്‍ ഇതെഴുതുമ്പോള്‍ നളിനി ജമീല ഓര്‍മ്മിക്കുന്നു കേരളത്തില്‍ സ്ത്രീകളേക്കാൾ പുരുഷന്മാര്‍ ലൈംഗികത്തൊഴിലാളികൾ ആയുണ്ട് എന്ന് . ഇത്തരത്തില്‍ സ്വ വര്‍ഗ്ഗ ലൈംഗികത കേരളത്തിന്റെ പുരുഷ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നതും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് പണ്ടത്തെപ്പോലെ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും ഇല്ല എന്നും അവരുടെ രുചി ഇപ്പോള്‍ മധ്യവയസ്കരിലേക്കാണ് എന്നും നളിനി ജമീല ചൂണ്ടിക്കാണിക്കുന്നു . പുരുഷ വേശ്യകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരു സാന്നിധ്യമായി പരസ്യമായി വന്നു തുടങ്ങിയിട്ടുണ്ട് . വളരെക്കാലം മുന്‍പ് മുംബൈയില് കേട്ടിരുന്നതാണ് കൈകളിൽ  തൂവാല കെട്ടി കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരെ തേടി വണ്ടിയില്‍ വന്നിരുന്ന കൊച്ചമ്മമാരെ കുറിച്ച്. അത് തീം ആയ സിനിമയും ഹിന്ദിയിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പുതിയ വെർഷന്‍ ഇന്ന് കേരളത്തില്‍ പോലും കാണാൻ കഴിയും . ലൈംഗികത എന്നത് അടച്ചു വയ്ക്കേണ്ട ഒരു വിഷയമല്ല തന്നെ . ഒരു കാലത്ത് കേരളത്തിൽ നിലനിന്ന ലൈംഗികത്തൊഴിൽ എങ്ങനെയായിരുന്നു എന്നും ഇന്നത് എവിടെ എത്തി നില്ക്കുന്നു എന്നും മനസ്സിലാക്കിക്കാൻ ഈ ആത്മകഥയ്ക്ക് കഴിഞ്ഞു. 
 
സ്വന്തം തൊഴിലിനോട് ജാള്യം തോന്നാതെ , അത് സധൈര്യം തുറന്നു പറയാന്‍ കഴിയുന്ന നളിനി ജമീലമാര്‍ ഇന്നിന്റെ നന്മയാണ് . കാരണം അവര്‍ തുറന്നിടുന്ന ആകാശം വളരെ വലുതാണ് . എന്തില്‍ നിന്നും പഠിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും എന്നതാണ് ഓരോ വായനയുടെയും ബാക്കിപത്രമാകുന്നത് . അതിനാല്‍ തന്നെ നളിനി ജമീലയെ വെറുതെ വായിച്ചു പോകേണ്ടതായി തോന്നുന്നുമില്ല . ഇനിയും തുറന്ന ചര്‍ച്ചകള്‍ നടക്കട്ടെ എന്ന ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല