Saturday, June 29, 2013

തളിരിനോട് പറയാനുള്ളത്


മുളപൊട്ടി വന്നോരീയുഷസ്സിൻ കരങ്ങളിൽ
ഒരു പൊൻതാരകം പോലെ നീയെങ്കിലും .
അണപൊട്ടി ഒഴുകുമീ വേദനയോടെ ഞാൻ
ഹൃദയമേ നിന്നുടെ കാവലാകാം .

കല്ലുകൾ മുള്ളുകൾ ചതിക്കുഴികൾ പിന്നെ
ഹിംസ്രമൃഗങ്ങൾ തൻ ദ്രംഷ്ടങ്ങളും .
നിറം മാറി വരുന്നൊരു സ്രിഗാലഹാസങ്ങളും
നിൻ വഴിത്താരയിൽ കൂടെയുണ്ട് .

ശിഖരങ്ങളിൽ , ഇലത്തണ്ടുകളിൽ
വേരുകളിൽ , വീശിയടിക്കും മാരുതനിൽ
പെയ്തു തോരും മഴച്ചാർത്തുകളിൽ
ഉരുകിയോലിക്കും വേനലിൽ
ഒരു മിഴി നിന്നിലേക്കാഴ്ന്നിറങ്ങുന്നുണ്ട് .

കരുതുക ഓരോ പാദങ്ങളും , വൃഥാ
കളയരുതൊരു ചലനങ്ങളും പാഴിൽ .
ഇരുളുകൾ കടമെടുക്കരുതൊരു രാവുപോലും
മുള്ളുകൾ പാദത്തെ തേടി നടക്കുന്നുണ്ടു നീളെ .

-----------------ബി ജി എൻ വർക്കല -------

Monday, June 24, 2013

പൊതുജനം

വിരിമാറിൽ തട്ടി
തറക്കും വെടിയുണ്ടകൾക്കും
ഉമ്മറകോലായിൽ
വിശ്രമിക്കും ശിരസ്സുകൾക്കും
പറയാൻ കഥകൾ ഒരുപാടുണ്ടായിരുന്നു .

ഉപ്പു സത്യാഗ്രഹങ്ങൾക്കും
തൂക്കു മരങ്ങൾക്കും
വിധവകളുടെ കണ്ണീരിനും
ഓർമ്മകളിൽ
മൂവർണ്ണത്തിന്റെ തുടിപ്പുണ്ടായിരുന്നു .


കാലം വല്ലാതെ പാഞ്ഞു പോയി .
പുഞ്ചപ്പാടങ്ങളിൽ
ജനിതകവിത്തുകൾ ഒരുപാട് മുളച്ചു പൊന്തി .
വിത്തും കൈക്കോട്ടും
കൊയ്ത്തു യന്ത്രങ്ങളും ചേർന്ന്
ഊർവ്വരതയുടെ ഗാനം പാടി മദിച്ചു .

ജീർണ്ണിച്ച ശവങ്ങൾ പോലെ
ചീർത്തുവീർത്ത മുതലാളിത്തവും
ബക്കറ്റുവിപ്ലവത്തിന്റെ
ശുഷ്ക്കിച്ച തത്വസംഹിതയും
കൌമാരത്തിന്റെ കല്ലുപ്പുകൾ
നാവിലിട്ട് മുഖം ച്ചുളിക്കുന്ന
നൂറ്റാണ്ടിന്റെ പുളിപ്പ് .

പനി തിന്നു ചീർക്കുന്ന മണ്ണും
രതിയുടെ മുഴുക്കാപ്പ് കഥകളും ആയി
മഴയിൽ  കുതിരുന്ന
കഴുതകളുടെ നാട്ടിൽ 
പട്ടിണിയുടെ രോദനം അല്ല
കിടപ്പറകളുടെ ശീല്ക്കാരം മാത്രം .

അടിവസ്ത്രം ഉമ്മറത്ത് തൂക്കി
അകത്തളത്തിൽ തിരക്കഥ എഴുതുന്ന
അഭിനവചാണക്യന്മാർ
അടിയറവു പറയിക്കുന്ന
കഴിവുകേടിന്റെ പരിഷകൾ .

എല്ലാം കണ്ടുകൊണ്ടു
പ്രതികരണത്തിന്റെ താറഴിക്കാൻ
പ്രിയതമയെ തേടുന്ന
ഞാനെന്ന പൊതുജനം .!
---------ബി ജി എൻ വർക്കല ------

Saturday, June 22, 2013

അമ്മിക്കല്ല്


ഉപ്പുംമുളകും 
മഞ്ഞളുംപുളിയും
ഉള്ളിയും തേങ്ങയും
ജീരകവും
ഒന്നായി തീരോളം
നെഞ്ചത്ത് പൊങ്കാല .
എല്ലാം കഴിഞ്ഞൊന്ന്
കഴുകിവടിച്ചാ പിന്നെ
അന്നത്തെ ദിവസം
ഞാനന്യ തന്നെ .
----ബി ജി എന്‍ ----

Thursday, June 20, 2013

പ്രണയോപഹാരം

പ്രിയേ
നിന്നിലേക്ക്‌ എത്തുവാന്‍
ഞാന്‍ വെട്ടുമോരോ പടിയിലും
ഓരോ നിറത്തിലെ പുഷ്പങ്ങള്‍
ഞാന്‍ കരുതി വയ്ക്കും .

എങ്കിലും ...
അവയിലൊന്നിലും പെടാതെ,
ആരെയും കാട്ടാതെ ,
ഒരു വെളുത്ത പനിനീര്‍പൂവ്
ഞാനെന്‍
ഹൃദയത്തില്‍ സൂക്ഷിക്കും .

ഒടുവില്‍
നിന്നിലെത്താതെ
ഞാന്‍ പിടഞ്ഞു വീഴുന്ന
അവസാന പടിയില്‍
നീയത് കാണും .

ഓര്‍ക്കുക
അന്ന് നീയറിയും
എന്റെ പ്രണയമെന്തായിരുന്നെന്നു .
എന്റെ മനസ്സും ..
----------ബി ജി എന്‍ വര്‍ക്കല ----

Sunday, June 16, 2013

പിറക്കാതെ പോയ പെങ്ങള്‍ക്ക് വേണ്ടി

ജീവ ചക്രത്തിന്‍ ഗതിയൊരുനാളീ -
കലാലയം തന്‍ വാതിലിലുടക്കി നിന്നു .
കണ്ടു ഞാനാ അങ്കണത്തില്‍
സ്നേഹമൂറും കുറെ സ്നേഹിതരെ .

ആത്മാവിന്‍ സൌരഭ്യം സ്നേഹമെ -
ന്നുത്ഘോഷിക്കും വൃന്ദവാദ്യം .
ചുറ്റുമായ്‌ കണ്ടതോ സത്യമായ് മാറും
സത്വര ജീവിതം മായാമോഹിതം .

കണ്ടു ഞാനവയ്ക്കിടയില്‍ ചില നിശബ്ധ
പുഷ്പങ്ങളുടെ നിരര്‍ത്ഥകവര്‍ണ്ണം .
എന്റെയുള്ളിലായ് ഉയിര്‍ കൊണ്ടുള്ളോരാ
രൂപങ്ങള്‍ ദര്‍ശിച്ചു ഞാന്‍
സ്നേഹമാം സാഗരം നിറഞ്ഞു നിന്ന്
വെണ്ണിലാ പാല്‍ക്കുടം ചിതറും പോല്‍ .

ഉള്ളിലൊരു സൂചി കൊള്ളുംപോലെ
ഞാനെന്നുമേ കണ്ടു നിന്നെ .
ഒരുവേള പോലും മനസ്സുഴറിയി -
ല്ലൊരു വേള പോലും മാറിയില്ല .
അന്വേഷണങ്ങളില്‍ നൊമ്പരം
അനേക ജന്മത്തിനാവര്‍ത്തനം .
അപ്പോഴുമറിയാതെ ഞാനേറെ
ഏറെയായി സ്നേഹിച്ചു പോയി .

ഇപ്പോഴുമെപ്പോഴുമെന്‍ മനസ്സില്‍
ശുഭ്രവസ്ത്രത്തില്‍ നീ ഒരു പെങ്ങളായ്
ആത്മാവായ്‌ , സംഗീതമായ്
ശ്രുതി പെയ്തു കൊണ്ട്
നിറഞ്ഞു തുളുമ്പുന്നു കൂട്ടുകാരി .

അറിയുന്നതോക്കെയും ദുഃഖ
മാം സങ്കീര്‍ത്തനം .
അറിയാത്തതെന്തോ വേദനാ നിര്‍ഭരം .
നിഷ്കളങ്കമാം പുഞ്ചിരിയില്‍
നിശ്ചലം നീയുരുകുന്നുവോ ?

ആത്മാര്‍ത്ഥമോടെ നീ ചിരിക്കൂ
പേടി വേണ്ടതിന്നു കൂട്ടുകാരി .
ആരെയോ നാം ഭയക്കുന്നു
അവരാരോ നമ്മളല്ലയോ ?

കാത്തിരിപ്പൂ നല്ലൊരു ഭാവിയിതാ
മുന്നിലായ് വരുന്നുണ്ട് സത്യം .
വരവേല്‍ക്കുകാ മംഗള മുഹൂര്‍ത്ത -
മൊപ്പം ക്ഷണിക്കുകെന്നെയും നീ .
-----------------ബി ജി എന്‍ വര്‍ക്കല --29.05.94

Thursday, June 13, 2013

പ്രതീക്ഷ

ഇളം മഞ്ഞിന്റെ തണുപ്പിനൊപ്പം
കാറ്റെനിക്ക് സമ്മാനിച്ച സുഗന്ധമേ
നിന്റെ വിടരാൻ കൊതിക്കുമീയധരങ്ങളിൽ
എന്റെ പേര് കൊത്തി വച്ചതാരാകും ...?

മഴവിൽ കൊടിപോൽ അഴകെഴുമീ
പുരികക്കൊടികൾ വളഞ്ഞു നില്ക്കെ
എള്ളിൻ പൂവൊത്ത നാസികാഗ്രം
സ്വേദ ബിന്ദുക്കൾ അലങ്കരിക്കുന്നു .

ചാറ്റൽ മഴപോലെൻ ഹൃത്തിൽ വീഴും
വാക്കിൻ ചരൽക്കല്ലുകൾ പോലും
നോക്കിൽ പുരളുന്ന സ്നേഹബാഷ്പ
നീരിൽ കുതിർന്നു ഹിമബിന്ദുവാകുന്നു .

നീ അകലുന്ന ദിക്കിലെക്കെൻ
മനവും തനുവും ഉറ്റു നോക്കവേ
തിരികെ നോക്കിയൊരു പുഞ്ചിരിതൻ
പുലർ മഞ്ഞു തരുമോയെൻ  കൂട്ടുകാരി .!
--------------ബി ജി എൻ വർക്കല ---

Monday, June 10, 2013

കുഞ്ഞു ചിന്തകള്‍

കരയുടെ ദാഹം ശമിപ്പിക്കാൻ ആകാതെ
കരയുന്ന കടലിന്റെ കണ്ണു നീരുപ്പിൽ ,
അറിയാതെ പൊള്ളുന്ന കവിളുകൾ നോക്കി
ചിരിക്കുവാൻ കഴിയാതൊരു സൂര്യൻ....!
 *******************************
വീര്‍പ്പടക്കി നില്‍ക്കുന്നുണ്ടൊരു തേങ്ങല്‍
ഊഴവും കാത്തീ ജനലരികില്‍ ...!
************************************
കുഴിമാടങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്
ആരുടെയോ ഒക്കെ ഓര്‍മ്മകളുടെ ബാക്കിശേഷിപ്പുകള്‍ .
********************************************
ഒരു തയ് നടുമ്പോള്‍
ഒരു കുഞ്ഞു ജീവന്‍ നിങ്ങള്‍ സൃഷ്ടിക്കുന്നു .
ഒരു തണല്‍ വളര്‍ത്തുന്നു
നാളേക്ക് ഒരു പ്രതീക്ഷയും .
ഒരു വൃക്ഷത്തെ നിങ്ങള്‍
മഴുവില്‍ നിന്നും രക്ഷിക്കുമ്പോള്‍
ഒരു മഴക്കാറ് മന്ദഹസിക്കുന്നു
ധരിത്രി തന്‍ മാര്‍ക്കുടങ്ങള്‍
ത്രസിക്കുന്നു നിന്നെയോര്‍ത്തു .
-----------ബി ജി എന്‍
***************************** 
കടല് മുഴുവന്‍ വറ്റിയിട്ടും
അടങ്ങുന്നില്ലേ കാലമേ നിന്‍ ദാഹം ?
മണ്ണ് വരണ്ടു പിളര്‍ന്നിട്ടും
താപമേ നിനക്ക് മതിയായില്ലേ ?
ഇനിയീ പുഴയുടെ നൂല് കൊണ്ട് നീ
മറയ്ക്കുക നിന്റെ നാണം .
-----------------ബി ജി എന്‍ ---
*************************** 
പഠിക്കണം എന്നെ ഞാന്‍ ആഗ്രഹിച്ചുള്ളൂ .
ഇത്രയും പഠിക്കുമെന്ന് കരുതിയതേ ഇല്ല .
************************************
വിരല്‍ ത്തുമ്പിലാണ് ലോകമെന്കിലും വിദൂരം നിന്റെ സാമീപ്യം .
************************************ 
പുലയക്കിടാത്തിയെ പെരുവഴിയില്‍ മാനഭംഗം ചെയ്‌താല്‍ അത് കേവലം ഒരു വാര്‍ത്ത . ആദിവാസികള്‍ അവിവാഹിതരായ അമ്മമാരായി മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ത്തല്‍ അശ്രീകരം . വെളുത്ത ഉടലില്‍ ഒരു നഖമുന കൊറിയാല്‍ അത് ചാനല്‍ കണ്ണീര്‍ . സമൂഹമേ എന്തിനാണ് ഈ കപട മുഖം . അതും ഇതും നിന്റെ പെങ്ങള്‍ അല്ലെ ?
**********************************************
രണ്ടു മതങ്ങള്‍ തമ്മിലുള്ള യുദ്ധം ആണ് എങ്കില്‍ മരിക്കുന്നത് കുഞ്ഞു ആയാലും വൃദ്ധര്‍ ആയാലും ഓരോ മതത്തിന്റെയും അവകാശം ആണ് അവരുടെ മതത്തിലെ രക്തസാക്ഷികള്‍ക്കായ് കണ്ണീര്‍ ചൊരിയുക എന്നത്. യുദ്ധം ഒരേ മതത്തില്‍ പെട്ടവര്‍ക്കിടയിലാനെന്കില്‍ ആ കണ്ണുനീരിന് മരിച്ചവരുടെ വീടിനപ്പുരം ശബ്ദം ഉണ്ടാകുക വളരെ ബുദ്ധിമുട്ടായി കാണുന്നു . എന്ത് കൊണ്ടാണ് ഈ ഇരട്ടത്താപ് നയം മനുഷ്യര്‍ക്കിടയില്‍ എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് മതം എന്നാ നിരാളിയുടെ ചുറ്റു വള്ളി മനുഷ്യനിലും ദേശത്തിലും എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാകുന്നത് . എന്നിട്ടും മതം ശ്രേഷ്ടം ആകുന്നതും ഇതൊക്കെ കൊണ്ട് തന്നെ ആകാം .
********************************** 

 

Saturday, June 8, 2013

പ്രത്യാശയുടെ മൌനം

ചത്തു വീഴുന്ന ശവങ്ങള്‍ക്ക്‌ മേലെ ,
നക്ഷ്ടമാകുന്ന മണ്ണിനു മേലെ ,
ആകാശ ചരുവിലെ ഒറ്റനക്ഷത്രമേ
നിന്റെ നേത്രങ്ങൾ എന്നെ മോഹിപ്പിക്കുന്നു ..!
നിയന്ത്രിതമായ വേഗത്തിലും ,
അളന്നെടുക്കാവുന്ന ആഴങ്ങളിലും ,
നോട്ടമെത്തുന്ന ദൂരങ്ങളിലും
നിന്റെ മിഴികളാണെന്നിൽ നിറയുന്നത് .
കവർന്നെടുക്കാവുന്നതിന്റെ അവസാനവും ,
കുടിച്ചുവറ്റിക്കാവുന്നതിന്റെ ഒടുക്കങ്ങളിലും ,
കണ്ണ്നീരിന്റെ അവസാന പരലിലും ,
താരകമേ നീയെന്നരികിലുണ്ട് .

ഇടറാത്ത പാദങ്ങൾ പെറുക്കിവച്ചും ,
കുനിയാത്ത ശിരസ്സുയര്‍ത്തി പിടിച്ചും ,
അവസാനതുള്ളി രക്തവും നല്കി
നിന്നിലണയാൻ കൊതിക്കുന്നു ഞാൻ .
--------------------ബി ജി എൻ വര്ക്കല -----

Tuesday, June 4, 2013

മുഖപത്ര മുത്തശ്ശന്മാര്‍


ഇരുള് വീഴുമ്പോള്‍ മാളത്തില്‍
തലപൊക്കി നില്‍ക്കും ചില വൈകൃതങ്ങള്‍
വെളിച്ചം നിറയുമ്പോള്‍
താടി തടവി സൂക്തങ്ങള്‍ ഉരുവിട്ടും
കാണികളെ കയ്യിലെടുക്കാന്‍
ഭീഷ്മ പിതാമഹന്മാര്‍
എത്രയോ കാണാം ഈ പുസ്തകത്തില്‍ .

ഉരുകുന്ന മണലിന്റെ ചൂട് പൊഴിയ്ക്കുവാന്‍
അഴലിന്റെ ഗീതങ്ങള്‍ കൊരുക്കുന്നവരില്‍
"കുളവും" "തറയും" കഴിഞ്ഞാല്‍ പിന്നെ
"കൂതറ "എന്നതാണ് വാക്യമെന്നോര്‍ക്കുക .

മെസ്സെഞ്ചര്‍ കാമില്‍
ദേഹിയെ ഉള്ളു നൂലില്ലെന്നാകില്‍
ഒഴുകുന്ന വിയര്‍പ്പിന്‍ കണങ്ങള്‍
വെറുതെ പറയുന്നു മോക്ഷം മോക്ഷം .

നിനക്കും എനിക്കും ഇടയിലെന്തെന്നു
നമുക്ക് തിരയാതിരിക്കാം
നിനക്ക് വേണ്ടി ഞാനൊരു
കൂപമണ്ടുകത്തിന്‍ തോലെടുത്തണിയാം വൃഥാ .

എനിക്ക് വലുത് നീയല്ലോ പ്രിയേ
എനിക്ക് വലുത് നിന്‍
മഴയോഴുകും സ്നിഗ്ദ്ധതയല്ലോ .
മറയായീ താടി ഞാന്‍ വെളുപ്പിക്കാം .
നമുക്ക് മുന്തിരിത്തോപ്പുകളില്‍
ക്രിഷ്ണലീലയാടാമിനി നാള്‍തോറും .
പൈക്കളെ മെയ്ക്കും കിടാങ്ങള്‍
നമ്മളെ മറച്ചു നിന്നീടും മേലില്‍ മേലില്‍ .
---------------------ബി ജി എന്‍ -------

Monday, June 3, 2013

മതമൈത്രി ഉള്ളം കയ്യിൽ

സ്കൂൾ എന്നത് മധുരിക്കുന്ന ഒരു ഓര്‍മ്മ ആണ് .
പ്രൈമറി സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ്സിലേക്ക്  കയറി ചെല്ലുമ്പോൾ എല്ലാവരെയും പോലെ കൌതുകവും ഭയവും സന്തോഷവും എല്ലാം അടങ്ങിയ ഒരു അവസ്ഥ ആയിരുന്നു എന്റെയും .
ഇന്ന് വരെ കാണാത്ത സുഹൃത്തുക്കൾ . വലിയ സ്കൂൾ . പുതിയ പുസ്തകങ്ങൾ . ദീര്ഘ യാത്ര .
ക്ലാസ്സിൽ മുന്ബഞ്ചിൽ ആദ്യം തന്നെ എനിക്ക് സ്ഥാനം കിട്ടി . സാറ് പഠിപ്പിക്കുന്നത്‌ ആദ്യം ഞാൻ കേള്ക്കും ഹഹഹ എന്തൊരു സന്തോഷം .
രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണണം . ഒരു ദിവസം ഇന്ഗ്ലീഷ്‌ ക്ലാസ് നടക്കുന്നു . ഫൈസൽ സാർ എന്തൊക്കെയോ പഠിപ്പിക്കുന്നു . എനിക്ക് ബോറടിച്ചു . ഞാൻ പതുക്കെ എന്റെ കൈവെള്ളയിൽ ബാൾ പേന കൊണ്ട് മതമൈത്രി വരുത്തി . ഒരു കുരിശു ഒരു ചന്ദ്രക്കല പിന്നെ ഒരു ഓം . ആഹാ എന്തൊരു സന്തോഷം . ഞാൻ അതിനു ഡിസൈൻ ചെയ്യുമ്പോൾ ആണ് ഫൈസൽ സാറിന്റെ വിളി ബിജു ഇവിടെ വാ . കാര്യം അറിയാതെ അങ്ങോട്ട്‌ ചെന്ന് . എന്താ നീ ചെയ്തോണ്ടിരുന്നെ എന്ന ചോദ്യത്തിന് ഞാൻ കൈ നിവര്ത്തി കാണിച്ചു കൊടുത്ത് .
തിരിഞ്ഞു എല്ലാരേം കാണിക്കാൻ സാർ പറഞ്ഞു . ഞാൻ ആഹ്ലാദത്താൽ തിരിഞ്ഞു നിന്ന് കൈ നിവര്ത്തി എല്ലാരേം കാണിക്കവേ ചന്തിയിൽ സാറിന്റെ ചൂരൽ ചെണ്ടമേളം നടത്തി . പുളഞ്ഞു പോയ്‌ ഞാൻ . പോയി കൈ കഴുകിയിട്ട് വാ എന്ന ശാസനയും ചെവി കൊണ്ട് കരഞ്ഞു കൊണ്ട് ഞാൻ പോയി കൈ കഴുകി വന്നു .
അതോടെ ഞാൻ മനസ്സിലാക്കി  ഉള്ളം കയ്യിലുള്ള മത മൈത്രി അടി കൊള്ളുന്ന പണി ആണെന്ന് .
എന്നാ പിന്നെ കാണിച്ചു തരാം എന്ന് കരുതി ഡിസ്കിൽ വരച്ചിട്ടു ഇന്റർവേൽ സമയത്ത് . ഇനി സാർ എന്ത് ചെയ്യുമെന്നു കാണാലോ ...!
----------------------------------------------ബി ജി എൻ വര്ക്കല