Saturday, August 31, 2013

ഉമ്മകള്‍

നിനക്ക് തന്ന ഉമ്മകളെല്ലാം
തിരിച്ചെടുത്തു ഞാന്‍
പടിയിറങ്ങുമ്പോള്‍
നനഞ്ഞ സന്ധ്യയുടെ
ഇരുള്‍മുഖം ചുവന്നു കറുത്തിരുന്നു .

നമുക്കിടയില്‍ ഇനി എന്ത് ?
അന്യമാകുന്ന ചുംബനങ്ങള്‍
തിണര്‍ത്തു പൊട്ടിയ അധരങ്ങള്‍
പടര്‍ന്ന സിന്ദൂരം
പിന്നെ ...!

എല്ലാ ഉമ്മകളും
തിരികെ ഞാന്‍ എടുക്കുമ്പോള്‍
കണക്കുകള്‍ തെറ്റാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിച്ചിരുന്നു
കാരണം
നാളെ ഒരു കടമായി
അത് നീ കാത്തു വയ്ക്കാതിരിക്കാന്‍ .

തിരികെ മടങ്ങുമ്പോള്‍
പക്ഷെ എന്നെ അലട്ടുന്നത്
മറ്റൊരു ചിന്തയാണ്.
നീ തന്ന ഉമ്മകള്‍
അവയെങ്ങനെ ഞാന്‍
മടക്കിതരാനാ ?
----ബി ജി എന്‍ വര്‍ക്കല ----

എനിക്കൊരു കവിതയെഴുതണം


എനിക്കൊരു കവിതയെഴുതണം
വാക്കിന്റെ തിരി തെറുത്തു
ഓർമ്മകളുടെ നനവ്‌ ചേർത്ത്
സുഗന്ധവാഹിയായ
ഒരു കൊച്ചു കവിത .

എന്റെ കവിതയിൽ
നിന്റെ ഓർമ്മകൾ ഉണ്ടാകണം .
നിന്റെ പുഞ്ചിരി
പൊടിയുന്ന ചുണ്ടുകൾ
വായനക്കാരന്റെ
ഉറക്കം കെടുത്തണം .

നിന്റെ മിഴികളിൽ
നിറയുന്ന ബാഷ്പം
അവന്റെ നിദ്രകളെ
തുലാമാസപ്പെരുമഴയാക്കണം.

നമ്മളുടെ കലഹങ്ങൾ
കൊച്ചു സന്തോഷങ്ങൾ
ആനന്ദ മൂർച്ചകൾ
വരികൾ നിറയട്ടെ
വായന നമ്മെ കുറിച്ചാകട്ടെ .

ഇനിയുള്ള പകലുകൾ
നമ്മെ വായിക്കുന്നവ
ആയിടുന്നൊരു കാലം
നമ്മൾ നമുക്കന്ന്യരാകുന്ന
വിടവാങ്ങൽ കാലം .

ഇലപൊഴിയും കാലം
ഗുല്മോഹറിന്റെ ചിരി
കഫെ
സിനിമാശാലയുടെ
ഇരുണ്ട വെളിച്ചം
എന്റെ ചിന്തകൾക്ക്
തീപിടിക്കുന്നു .

എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
നിന്റെ നോവുകളെ കുറിച്ച്
നിന്റെ ചിരിയെ
നിന്റെ പരിഭവത്തെ
നിന്റെ സ്നേഹത്തെ
എല്ലാം എനിക്കതിൽ
ഒരു പേടകത്തിലെന്ന പോൽ
നിറയ്ക്കണം .

അതെ
എനിക്കൊരു കവിത എഴുതണം
ഞരമ്പുകൾ പിടയ്ക്കുന്ന
അമാവാസിയുടെ ഭയം
വായനക്കാരിലേക്ക് പകരുന്ന
ഒരു കവിത .
ഒരു  കറുത്ത രാവിൽ
നിന്റെ കഴുത്തു ഞെരിക്കുമ്പോൾ
എന്റെ മിഴികളിലെ ഭാവം
വരികളിൽ എനിക്കത് പകരണം .

എന്റെ പേനയിൽ
നിന്റെ രക്തം നിറച്ചു
എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
എന്റെ സ്നെഹത്തെ കുറിച്ച്
എന്നെ കുറിച്ച്
എനിക്കൊരു കവിത എഴുതണം.
--------ബി ജി എൻ വർക്കല -------.

Friday, August 30, 2013

അപരാജിതന്‍

എന്റെ രാവുകള്‍
മൌനത്തിന്റെ തേരുരുളുന്ന
രാജവീഥികള്‍ ..!
കല്ല്‌ പാകിയ നിരത്തുകളില്‍
ഇരുവശവും
ആകാംഷയുടെ
നക്ഷത്ര കണ്ണുകള്‍ മാത്രം .

വീശിയടിക്കുന്ന
മാരുതന് പോലും സുഗന്ധം .
എന്റെ രഥം
നിമിഷത്തിന്റെ ചക്രങ്ങളും
നിശ്വാസത്തിന്റെ അശ്വങ്ങളും
കൊണ്ട് പണിഞ്ഞിരിക്കുന്നു .

എന്റെ തേരാളി
മനസ്സെന്ന പുണ്യാളന്‍
വേഗതയുടെ മാറിലൂടെ
വേദനയുടെ ചിറകില്‍
എന്റെ രഥം പറക്കവേ ,
ചക്രങ്ങളുടെ ശബ്ദത്താല്‍
നിന്റെ നിദ്ര ഭംഗപ്പെടുമെങ്കില്‍
നീ അറിയുക
ഞാന്‍ നിന്നില്‍ നിന്നും
അകലെക്ക് പോകുന്നെന്നു .

മുറിച്ചു നീക്കപ്പെട്ട
ഹൃദയവുമായി
ചൂഴ്ന്നെടുക്കപ്പെട്ട
മിഴികളുമായ്
നിന്നെ തേടിയുള്ള
എന്റെ യാത്രയാണതെന്ന്  .
-----------ബിജിഎന്‍ വര്‍ക്കല ----

Thursday, August 29, 2013

കനൽത്തുണ്ടുകൾ


പ്രിയേ,
ഹൃദയത്തിനു കുറുകെ ഒരു വര
വീണതുപോലെ
നിന്റെ വിരഹമെന്നെ വേട്ടയാടുമ്പോൾ
ചുവന്ന സൂര്യന്റെ കിരണങ്ങൾ വീണു
വെളിച്ചമണയുന്നു ചുറ്റിലും .

മരിച്ചു മരവിച്ച കരിയിലകൾ പോലെ
ചുറ്റും പറന്നു നടക്കുന്നുണ്ട്
ചിതയിൽ വച്ചിട്ടും കത്താതെ പോയ
എന്റെ സ്വപ്‌നങ്ങൾ .

കനലുകൾ ജ്വലിക്കും എൻ  
ഓർമ്മപ്പാതിരാകൾക്ക് മേൽ
ഹൃദയമേ നിന്റെ മിഴിനീര് പതിയുമ്പോൾ
എരിഞ്ഞു തീരുമൊരു ജീവനീ
മണ്ണിന്റെ ദാഹത്തിനൊപ്പം .
------- ബി ജി എൻ വർക്കല -----

Tuesday, August 27, 2013

നഗരം മഹാ നഗരം

നഗരങ്ങള്‍ മിഴിതുറക്കുന്നത്
പുതിയ ലോകത്തിലേക്കാണ്
ഇറുകിയ ഉടയാടകള്‍ ,
നഗ്നത മറന്ന ദേഹങ്ങള്‍
ആലസ്യത്തിന്റെ കണ്ണുകള്‍
ആസക്തി ഉറയാത്ത
മൌനത്തിന്റെ പകലുകള്‍ ...!

നുരയുന്ന ഗ്ലാസ്സുകള്‍
ഉടയുന്ന കുമിളകളുമായി
ധൂമപാനം ചെയ്യുന്ന
രാവിന്റെ നഗരം .

അരക്കെട്ടിളക്കി നൃത്തം ചെയ്യുന്ന
പഴയ നഗരമല്ല ,
ലാസ് വേഗാസിന്റെ *
നേര്‍പടം പോലെ
വസ്ത്രത്തിന്റെ
നേരിയ ഇടപെടലുകളില്ലാതെ
ട്രപ്പീസു കളിക്കുന്നവരുടെ
നഗരം .!

മുലകള്‍ തമ്മിലുരഞ്ഞും
തുടകളില്‍ വൃണം പൊട്ടിയും
ആതുരാലയങ്ങള്‍
നിറഞ്ഞു കവിയുന്ന
സ്വര്‍ഗ്ഗാനുരാഗികളുടെ നഗരം

ഒരുനേര്‍ത്തഗ്ലാസ്സിന്‍
സുതാര്യതയിലൂടെ
മൈഥുനത്തിന്റെ
ലൈവ് സുഖം
വില്‍ക്കുന്ന തെരുവുകള്‍
കുട്ടികളെയും കിളവരെയും
ഗര്‍ഭം ധരിക്കുന്ന നഗരം .

ഇവിടെ പാതിരാവില്‍
ലാവോസ്** പോലെ സുഖപ്രദം .
ഇവിടെ യാത്രകള്‍
ഉറക്കം തൂങ്ങികളുടെ
സ്വകാര്യ പ്രപഞ്ചം .

ഒരു നേരത്തെ ആഹാരത്തിനല്ല
ഒരു തുള്ളി ദാഹജലത്തിനായ് 
തെരുവ് നിണം രുചിക്കുന്നത്
കണ്ടു മരവിച്ചവരുടെ
സഞ്ചരിക്കുന്ന ജഡങ്ങള്‍
കണ്ണ് തുറന്നിരിക്കുന്നതു
കാണാതെ പോകാനാവില്ലീ നഗരത്തിനു .
--------ബി ജി എന്‍ വര്‍ക്കല -----

*ലാസ് വെഗാസില്‍ പബ്ബുകളില്‍ നഗ്നരായ സ്ത്രീകള്‍ റോപ്പിലും , കമ്പിയിലും മുല്ലവള്ളിപോലെ പടരുന്ന നൃത്തരാവുകള്‍
** ലാവോസ് നഗരത്തില്‍ ആരും സ്ത്രീകളെ ഉപദ്രവിക്കാറില്ല ഏതു പാതിരാവിലും അവര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു


കടലാസ് പൂവുകള്‍

ഓര്‍മ്മയുടെ ചില്ലകളില്‍ നിറയെ
സ്നേഹത്തിന്റെ കടലാസുപൂവുകള്‍ .
എല്ലാം ഒരേ നിറം ഒരേ വലിപ്പം !
കാറ്റിനു മുത്തമിടാന്‍ മാത്രം ജനിക്കുന്നവ .

കൂര്‍ത്ത മുള്ളുകളാല്‍ നോവിക്കാനല്ലാതെ
ആലിംഗനത്തിന്റെ ആലസ്യത്തില്‍
നിരത്തിനെയും പടിവാതിലിനെയും
നിറങ്ങളില്‍ മുക്കുന്ന സുന്ദരിയാണവള്‍

ഒരു ചെറു കാറ്റില്‍ മഴയായി പെയ്തും
പുഷ്പശയ്യയായി യാത്രികരെ തഴുകിയും
നിശബ്ദം നീ സംസാരകടലിലുണ്ടെങ്കിലും 

നിന്നെ ഞാനെന്തേ ഇഷ്ടപ്പെടുന്നില്ല .?
---------------ബി ജി എന്‍ വര്‍ക്കല ----

Monday, August 26, 2013

പ്രണയ ചിന്തകള്‍

ഹൃദയം പറിച്ചെടുത്തു നമ്മള്‍ ചിലര്‍ക്ക് കൊടുക്കാറുണ്ട് .
ചില നിര്‍ബന്ധിത സമയങ്ങളില്‍ അതുമായി അവര്‍ ബഹുദൂരം യാത്ര ചെയ്തേക്കാം . മിടിക്കുന്ന ഹൃദയത്തെ സ്വന്തം നെഞ്ചോട്‌ ചേര്‍ത്ത് വച്ച് അവര്‍ മൂകം പറയും . വിഷമിക്കണ്ട കേട്ടോ ഞാന്‍ അടുത്ത് തന്നെ ഉണ്ട് .
എന്നാലും ഹൃദയം നഷ്ടപെട്ടവന്റെ വേദന അതിനൊന്നും തന്നെ പകരമാവില്ലല്ലോ .
ഭ്രമണപഥത്തില്‍ ചിലപോഴൊക്കെ സൂര്യനോടടുക്കും പോലെ അവര്‍ നമ്മോടടുക്കുകയും അകലുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സും വലിയുകയും ചുരുങ്ങുകയും ചെയ്യും .
പ്രണയത്തില്‍ വീണു പോകുന്നവരുടെ ഈ അവസ്ഥ ലോകത്തില്‍ മറ്റൊന്നിനോടും തന്നെ ഉപമിക്കാന്‍ ആകുന്നില്ല .
ശക്തമായ കാറ്റിലും , തിരമാലയിലും , അഗ്നിയിലും ഉലയാതെ , അടിപതറാതെ , ഉരുകാതെ നില്ക്കാന്‍ പ്രണയിതാവിന് കഴിയുന്നത്‌ പ്രണയത്തിന്റെ ഈ രസതന്ത്രം മൂലമാകാം . പക്ഷെ എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്യുമ്പോഴും പ്രണയിക്കുന്നവരുടെ മുന്നില്‍ അവര്‍ വെറും ദുര്‍ബ്ബലര്‍ ആകുന്നു.
കവിതകള്‍ , കഥകള്‍ , സിനിമകള്‍ , ഗസലുകള്‍ , ചിത്രങ്ങള്‍ , നാടകങ്ങള്‍ അങ്ങനെ അങ്ങനെ പ്രണയത്തിനു ഭാഷ്യങ്ങള്‍ ഒരുപാട് ചമയ്ക്കുമ്പോഴും യഥാര്‍ത്ഥ പ്രണയം ഇവയില്‍ എല്ലാം ലയിച്ചു എന്നാല്‍ ഒന്നിലും പെടാതെ വേറിട്ട്‌ നില്‍ക്കുന്നു .
ഓരോ പ്രണയാത്മാക്കള്‍ക്കും ഓരോ ആസ്വാദന ലയം , വികാരം ,അനുഭൂതി ആണ് പ്രണയം ...!
------------------------ബി ജി എന്‍ വര്‍ക്കല ---------------

നീ വിടപറയുമ്പോൾ


നീലാകാശത്ത്‌ വർഷമേഘങ്ങൾ
വെള്ളാരം കല്ലുകളുമായ് കാത്തിരിക്കുന്നു
തെളിഞ്ഞ മാനം  കറുത്തുതുടങ്ങിയ
പുലരിയെന്നെ നോക്കി ചിരിക്കുന്നു .

വെളിച്ചം മങ്ങിയ മുറ്റത്തെ മുല്ലപ്പന്തൽ
തൻ കണ്ണീർ വീണു ചിതറികിടക്കുന്നു
പോയരാവിൻ മഞ്ഞു തുള്ളികൾ കണ്ണ്
ചിമ്മികളിക്കുന്നു തൊടിയിലെ പുൽനാമ്പുകളിൽ .

മണ്ണിൽ പുതഞ്ഞുകിടപ്പൂ ഒരു കളിയോടം
എന്റെ സ്വപ്നത്തിലിന്നലെ ഞാൻ കോർത്ത
മുത്തുമണികൾ ചിതറിയ പാതയോരത്ത്
നിന്റെ പാദമുദ്രകൾ ഉറഞ്ഞു കിടക്കുന്നു .

യാത്രയുടെ ആദ്യപാദത്തിൽ നിന്റെ മിഴികൾ
നിറയുന്ന കാഴ്ച ഞാൻ നോക്കി നില്ക്കെ
നിന്റെ ഹൃദയത്തിൻ ദ്രുതതാളം ചുണ്ടിലെ
വിതുമ്പൽ കൊണ്ട് നീ അമർത്തുന്നതും

വിറയ്ക്കും വിരൽത്തുമ്പാൽ മുടിയൊന്നൊതുക്കി
ഇടറും പാദങ്ങൾ വലിച്ചു വയ്ക്കേ
കരയാതിരിക്കാൻ മിഴികളടയ്ക്കാം ഞാൻ
ഒരുവേള അത് നിന്നെ പിന്തിരിപ്പിച്ചേക്കാം .
-----------------------ബി ജി എൻ വർക്കല ----

Sunday, August 25, 2013

വാഗ്ദത്ത ഭൂവിലേക്ക്


കനവുകള്‍ കണ്ട മിഴികളില്‍ ഒരു നുള്ള്
കനലുപോലും വിടരാതെ കാക്കുവാന്‍
വെയിലുചൂടുമീ വിജനപാതയില്‍
പഥികന്‍ ഞാനിതാ മുടന്തിനീങ്ങുന്നു .

മനസ്സ് പങ്കിടാന്‍ കൊതിച്ചു നാമെന്നാല്‍
ഇടയില്‍ ഒരു തിരശ്ശീല ബാക്കിയില്ലാതാകെ
ഇനിയെനിക്കൊന്നു തളര്‍ന്നുറങ്ങണം  നിന്‍
നനവ്‌ പടരുമീ മാറിലൊരു പൈതലായ് .

ഒരുപക്ഷെ താരകങ്ങള്‍ പൊലിഞ്ഞു പോയേക്കാം
തിരമാലകള്‍ കരയോട് തോറ്റു പിന്‍വാങ്ങിയേക്കാം
പക്ഷെ പ്രണയിനീ,
നമ്മള്‍ കൈമാറിയൊരു വാക്കുപോലും
പകലോന്റെ ചൂടില്‍ വാടില്ലോരിക്കലും .
---------------ബി ജി എന്‍ വര്‍ക്കല -----------

Saturday, August 24, 2013

രാത്രി മഴ


ഈ മഴപ്പന്തല്‍ ,
ഈ മുല്ലപ്പൂക്കള്‍ ,
പ്രിയേ നിന്‍ ഗന്ധം !
നിശയിതു പുലരാതിരുന്നെങ്കില്‍ .

വേനലിൽ വിടരുമീ
മഴപ്പൂക്കൾ കാണവേ
രാവിൻ മിഴിചെപ്പു
കണ്‍തുടപ്പൂ .

നിലാവിന്റെ നീല -
വെളിച്ചം പുതയ്ക്കുന്നു
തേൻ ചുരത്തുന്നൊരു
വാഴപ്പൂ നിഴലിൽ .

മുളയുരഞ്ഞീ കാടിൻ
അടിവയർ കത്തുമ്പോൾ
കാരാമകൾ കൂട് തേടുന്നു
വെള്ളാമകൾ കൂടണയുന്നു .

കടൽ തേടി അലയുന്ന അരുവി
തന്നരികിൽ മാനുകൾ കാണുന്നു
യാത്രികരാം മീൻ കണ്ണുകളിൽ
നക്ഷത്ര വിളക്കുകൾ വിടരുന്നത് .

മഴപെയ്തു നനയുമീ
മുറ്റത്തെ പനിനീർ തൻ
ഇതളുകൾ എല്ലാം അടർന്നു വീഴേ
പുലരി ചുവക്കുന്നു കിഴക്കെങ്ങോ .!

--------ബി ജി എൻ വർക്കല ------

Thursday, August 22, 2013

പ്രണയരാവുകള്‍


ഈ രാവില്‍ ഞാന്‍ നിന്നോട് പറയുക
നമ്മുടെ പ്രണയത്തെ കുറിച്ചല്ല
എന്റെ യാത്രയെ കുറിച്ച് മാത്രം .

അതൊരു അമാവാസിരാത്രി
നിന്നെ ഞാന്‍ ചേര്‍ത്തുപിടിച്ച ആദ്യരാത്രി .
നിന്റെ മിഴികളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ
ഞാന്‍ ഉമ്മവച്ചണച്ച പ്രഥമ രാത്രി .

നമ്മള്‍ മിഴികള്‍  അടച്ചിരുന്നു
എങ്കിലും കണ്‍പീലികള്‍ നമ്മെ ചതിച്ചു
നിന്റെ നാസികാഗ്രത്തില്‍ നിന്നും
എന്റെ ചുണ്ടുകള്‍ താഴോട്ടു വീഴുമ്പോള്‍ .

ഞാനൊരു കുഞ്ഞായത് പൊടുന്നനെയാണ്
ഉണരുമ്പോള്‍ ഞാന്‍ നിന്റെ കൈകളില്‍
ചോരിവായില്‍ തിരികിയ അമൃതമൂറ്റി
ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് നൂണ്ടു പോയി .

പ്രിയേ , നീയെന്നെ വിട്ടുപോകുന്നതിലും
മറക്കുന്നതിലും എന്റെ ചേതന കലഹിക്കില്ല
നീ എനിക്ക് തന്ന പ്രണയവും , കവിതയും
എന്നില്‍ നീയായി കുടിയിരിക്കുമെന്നതിനാല്‍ .

അനിവാര്യമായ ബാധ്യതകളില്‍ ,
കെട്ടുറപ്പിന്റെ ഇരുള്‍കൂടുകളില്‍
ബന്ധനത്തിന്റെ മധുരങ്ങളില്‍ 
നീ സ്വസ്ഥി തേടുമ്പോള്‍
വ്യസനത്തിന്റെ മരുഭൂമിയെന്നില്‍
മണല്‍ക്കാട് വിരിക്കുന്നതറിയുന്നു ഞാന്‍ .
നമുക്ക് പ്രണയത്തിന്റെ ബന്ധനത്തില്‍ മയങ്ങാം
ഈ രാവു പുലരും വരെ നിന്റെ മാറില്‍ .
------------------ബി ജി എന്‍ വര്‍ക്കല -----------

Tuesday, August 20, 2013

സ്വപ്ന സഞ്ചാരി

വിരഹത്തിന്റെ ഇഷ്ടികചൂളയില്‍
രാവിന്റെ മഞ്ഞുകളുരുകി വീഴവെ ,
നിനയ്ക്കാതെ പെയ്ത മഴയില്‍
കുളിച്ചു നില്‍ക്കുന്നൊരു മനസ്സുണ്ടെനിക്കിന്നു .!

പ്രസാദം തുളുമ്പും വദനത്തില്‍
സൌഹൃദത്തിന്റെ പുഞ്ചിരി ഒളിപ്പിച്ച
നീള്‍മിഴികളില്‍ സ്നേഹത്തിന്റെ നക്ഷത്രം
തിളങ്ങുന്ന ഒരു സഖിയുണ്ടെനിക്ക് കൂട്ടിനിന്നു .!

മൌനത്തിന്റെ നീളന്‍ വരാന്തകളിലേക്ക്
പാദസരം കിലുക്കി ഓടിവരുന്ന
കുഞ്ഞിളം കാലിന്‍ ചലനവേഗം പോലെയാണ്
എന്നിലേക്ക്‌ അവള്‍ പടര്‍ന്നു കയറുന്നത് .

വിടര്‍ന്ന അധരങ്ങളില്‍ ശലഭമായണയാന്‍
തെല്ലുപോലും അനുവദിക്കില്ലെങ്കിലും
തെളിഞ്ഞ മാനസപൊയ്കയിലാവോളം
നീരാടുവാന്‍ അനുമതി കാക്കേണ്ടി വരുന്നില്ലെനിക്ക് .

നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മിക്കളിക്കുന്ന രാവുകളില്‍
മടിയില്‍ തലവച്ചാകാശം നോക്കികിടക്കാനും
മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ഫാലം
ചുംബനമുദ്രയാല്‍ തണുപ്പിക്കാനുമവള്‍ക്കാകും .

കാവ്യമാംപുഷ്പശയ്യയില്‍ ഇരുമെയ്യുകളായി
രണ്ടു ധ്രുവങ്ങളില്‍ നമ്മള്‍ സഞ്ചരിക്കുമ്പോള്‍
കാലം നമുക്കിടയില്‍ തുഷാരബിന്ദുക്കള്‍ കൊണ്ട്
പനിനീര്‍ഹാരങ്ങള്‍ കോര്‍ക്കുന്നുണ്ടാകും .

വാക്കുകളുടെ രതിമൂര്‍ച്ചയില്‍ രാത്രി കിതപ്പടക്കുമ്പോള്‍
നമ്മുടെ സ്വപ്നങ്ങളില്‍ കുരുവികൂടുകളും
നെഞ്ചില്‍ പ്രാവിന്റെ കുറുകലുമുണ്ടാകുമെന്നും
നമ്മള്‍ അന്യോന്യം പ്രണയിക്കുമെന്നും
കാറ്റിനോട് മുറ്റത്തെ മുല്ലകള്‍ കിന്നാരം പറഞ്ഞു .

അമ്പേറ്റു പിടയുന്ന എന്റെ മനസ്സിലേക്ക്
അവളുടെ നഖമുനകള്‍ ആഴ്ന്നിറങ്ങുകയും
സ്വപ്നങ്ങളില്‍ അവളുടെ ഗന്ധം നിറയുകയും
ചെയ്യുന്ന നാളിലേക്ക് ഞാന്‍ നടന്നു തുടങ്ങാമിനി .
-----------------ബി ജി എന്‍ വര്‍ക്കല --------------

Monday, August 19, 2013

നിന്നോട് പറയാൻ മറന്നത് .


എഴുതുവാൻ കഴിയാതെ പോകുന്ന കവിതകൾ
മിഴികളെ നനച്ചുകൊണ്ടൊഴുകിടുമ്പോൾ ,
പറയുക ലോകമേ പരിഭവമെന്തിനു
പകലുകൾ നിങ്ങൾ പകുത്തെടുക്കെ .

ഇരുളുകൾ വന്നെന്റെ ചിന്തകൾ കരളുമ്പോൾ
ഇമകളെ തഴുകാൻ മറന്നൊരു നിദ്രയെ ,
ധ്യാനനീലമായ് സാന്ദ്രമീ രാവുകൾ
താരകങ്ങൾക്ക് കാവലായ് നല്കുന്നു .

നിൻ മിഴികൾ  തുറന്നെന്നെ നോക്കുന്ന
നീലരാവുകൾ മാഞ്ഞുപോയെങ്കിലും ,
നിദ്ര തഴുകുവാൻ മടിക്കുന്ന ചിത്തത്തിൻ
മുഗ്ദ്ധസൗന്ദര്യമാണു നീയെന്നുമേ .

എന്നുയിർകൊണ്ട് തീർക്കുമീ മണ്‍ചിരാതിൻ
പൊൻവെളിച്ചമായ് നീ എരിഞ്ഞീടുകിൽ ,
ഹൃദയരുധിരം നിറച്ചുകൊണ്ടെന്നുമേ
കാത്തിടാമത് കാറ്റിന്നു നല്കാതെ .

പോയിടാം  നിന്നെ തഴുകുന്ന കാറ്റിലും ,
പോയിടാം നിൻ വീഥിയിൽ നിന്നുമേ .
പോയിടാമീ വ്യഥ തൻ ആഴിയിൽ -
വീണു ഞാനുരുകി ഓർമ്മകൾ മാത്രമായി .
----------------ബി ജി എൻ വർക്കല --------------

Friday, August 16, 2013

ക്ഷണം

സഖേ
കാല്‍വരിയിലേക്ക് നീ നടന്ന ദൂരം വരില്ല
എങ്കിലും
എന്നിലേക്ക് ഞാനൊരു പാത വെട്ടുന്നു .
അവിടെ
നീ എത്തുമ്പോള്‍ നല്‍കുവാന്‍ മാത്രമായി
ഞാന്‍
ഒരു വെളുത്ത പനിനീര്‍പൂവ് കരുതിവയ്ക്കും .
---- ബി ജി എന്‍ വര്‍ക്കല ------

Wednesday, August 14, 2013

ഇത് ഭാരതം

ഭാരതത്തിന്റെ ധമനികളില്‍
സ്നേഹത്തിന്റെ ലാവ ഒഴുകി പരക്കുന്നു .
തലപ്പാവിനെ അലങ്കരിച്ചു കൊണ്ട്
ഝലം ചുവന്നൊഴുകുന്നു .

ശത്രുവിന്റെ വെടിയുണ്ടകളെക്കാള്‍ പ്രിയമാണിന്നു
വീരജവാന്റെ ബയണറ്റ്‌ മുനകള്‍ക്കെന്നറിയുന്നു.
ഹൃദയാന്തര്‍ഭാഗത്ത് രാജധാനി
രാവുകള്‍ മൂടിപ്പുതക്കുന്ന മഞ്ഞിന്‍ തണുപ്പില്‍
ഗര്‍ഭപാത്രത്തെ പ്രസവിക്കുന്ന
പെണ്ണുടലുകളില്‍ ഗ്രീഷ്മം തിരയുന്നു .

അമ്മമാര്‍ നഗ്നരായി രക്ഷാകേന്ദ്രങ്ങളില്‍
ആത്മ ബലി നടത്തുന്ന മധുര വീചികളില്‍
ഇറോമിന്റെ മരണകിടക്ക മന്ദഹസിക്കുന്നു .
അണ്ഡങ്ങള്‍ക്ക് പകരം കല്ലുകള്‍
ആര്‍ത്തവത്തുണിയില്‍ മുങ്ങുന്നു
ചുവപ്പിന്റെ രോക്ഷത്തീ കെടാത്ത
തെരുവിന്നിരുള്‍മുഖങ്ങളില്‍ .

അയല്പക്കത്തിന്‍ പരിചിത മുഖങ്ങളില്‍
അഴിഞ്ഞു വീഴുമുടയാടകളില്‍ പിന്നെ
ആഴ്ന്നിറങ്ങുന്ന ശൂലമുനകളില്‍
ഭാവിയുടെ വാഗ്ദാനങ്ങള്‍ നെഞ്ചുകുത്തി നില്‍ക്കുന്നു .

പെണ്ണുടലുകളില്‍ കാക്ഷായം
വില്‍ക്കുന്ന പര്‍ണശാലകളും  ,
ഉടുമുണ്ടിനടിയില്‍ ഇരയെ തിരയുന്ന
പടുജന്മങ്ങളും മുഖം കോട്ടി ചിരിക്കുന്നുണ്ടിവിടെ .

താഴികകുടങ്ങളില്‍ തിട്ടൂരമിട്ടുകൊണ്ട്
'പാദുക' പ്രഭുവിന്റെ മന്ദിരമുയരുന്നു .
ശിരസ്സ്‌ നക്ഷ്ടപെടുന്ന കുലവാഴകളും
വാല്മുറിയന്‍ നായ്ക്കളും
തെരുവ് നിറയ്ക്കുന്നുണ്ടിവിടെ .

ഒറ്റക്കയ്യിന്‍ ഊര്‍ജ്ജത്തില്‍ വീണു
മെറ്റല്‍ കൂനകള്‍ ഞരങ്ങുന്നോരിരുളുകള്‍ ,
തച്ചു തകര്‍ത്ത കയ്കാലുകളുമായ്
പിഞ്ചുമൊട്ടുകള്‍ പുഞ്ചിരിക്കുന്നുണ്ടിവിടെ .

ചിതറിത്തെറിക്കും മാംസത്തുണ്ടുകളില്‍
ദൃക്ഷ്ടാന്തം തേടി താടി തടവുന്നോര്‍ ,
ശശികലമൊഴികളില്‍ തുളുനാട് പുളയുമ്പോള്‍
ഒറ്റക്കാലുകള്‍ മേഘനാദമാകുന്നുണ്ട് .

അഭിനവഭാരത യുദ്ധങ്ങളില്‍
അരങ്ങു തകര്‍ക്കുന്ന രണവീരര്‍ക്കിടയില്‍
അഭിമന്യുക്കള്‍ ഓര്‍മ്മയാകുന്നുണ്ടിവിടെ .

ചൂതും വസ്ത്രാക്ഷേപവുമായ്
നിങ്ങളെ കാത്തിരിക്കുന്നു ഭാരതം .

മതേതരഭാവത്തിന്‍ മന്ദസ്മിതവുമായി
കത്തിയെരിയുന്ന മരക്കുരിശുകള്‍!
ഊര്‍ന്നു വീഴും കൊന്തമണികളില്‍
നിണമാര്‍ന്ന ധവളിമ തിളങ്ങുന്നു .

വരിക നിങ്ങളീയൂഷരഭൂവിലേക്കായ്
പടരുക മഴനീര്‍മണികളായ് ചുറ്റിനും .
കിനാവിന്റെ വേരറ്റ ശലഭങ്ങളുണ്ടിവിടെ,
പേടമാന്‍ മിഴികളുടെ മൗനവുമുണ്ട് .
മഞ്ഞിന്‍ തണുപ്പുള്ള മാതാക്കളുണ്ട്
എള്ളിന്‍ കറുപ്പാര്‍ന്ന മേനികളുണ്ട് .
കള്ളം പറയാത്ത മനുഷ്യര്‍ക്ക്‌ കൂട്ടിനായ്
കല്ലില്‍ കൊത്തിയ ശവങ്ങളുണ്ട് .

കള്ളച്ചിരിയുടെ തൂശനിലയില്‍ വിളമ്പിയ
സനാതനധര്‍മ്മ പരിപാലകരുണ്ട് .
നിറങ്ങളില്‍ മൂവര്‍ണ്ണതിമിരം ബാധിച്ച
ഖദറിന്റെ പശമണക്കാറ്റു വീശുന്ന
ഭരണസിരാകേന്ദ്രങ്ങളില്‍ ഉടുമുണ്ട് പൊക്കുന്ന
പടുവാര്‍ദ്ധക്യ കേസരികളുണ്ട് .

ആലിലത്താലി സ്വപ്നം കണ്ടുറങ്ങുന്ന
കരിമെഴുക്കാര്‍ന്ന തലയിണകളുണ്ട് .
അന്നം മുട്ടിയനാഥ ബാല്യങ്ങള്‍ കൈനീട്ടെ
കേശജലത്താല്‍ അധരം നനയ്ക്കുവോരുണ്ട് .
കൊന്തയഴിച്ചിട്ടു കുടിനീര്‍തടാകങ്ങളില്‍
ഊര്‍ദ്ധന്‍ വലിക്കും മിഴിചെപ്പുകളുണ്ട് .

നിങ്ങളില്‍ നിങ്ങളെ തിരഞ്ഞു നടക്കുന്ന
നിങ്ങളും ഞങ്ങളും തെരുവിലലയുന്നുണ്ട്
എന്റെ നാടെന്നുറക്കെ വിലപിക്കുന്ന
നഗ്ന്നബാല്യങ്ങള്‍ പിന്തുടരുന്നുണ്ട് .

ആഥിത്യമരുളുവാന്‍ പരവതാനികള്‍
വിരിച്ചാകാശം നോക്കുന്ന
ദേശമെന്നാകിലും
തമ്മില്‍ ഒരിക്കലും ചേരാത്ത മനസ്സുകള്‍
തിങ്ങി നിറയുന്ന നാടാണ് ഭാരതം .
------------ബി ജി എന്‍ വര്‍ക്കല -----

Thursday, August 8, 2013

തിരികെ യാത്ര

സഖീ
അശാന്തിയുടെ മുള്‍ക്കാടില്‍
വേദനയുടെ ചതുപ്പുകളിലെങ്ങോ  ആണ്
നമ്മളിരുധ്രുവങ്ങള്‍താണ്ടിയെത്തിയത് .

മരുപ്പച്ചകള്‍ നിഴല്‍ വിരിച്ച
ഓര്‍മ്മപ്പാതകളില്‍
നനുത്ത തണലായി നിന്‍
വിടര്‍ന്ന ചിരി കുടപിടിക്കവേ

സായാഹ്നത്തിന്റെ നിറം
നിന്റെ കവിളുകള്‍ കടമെടുക്കുന്നതും
നിന്റെ മിഴികളില്‍
താരകങ്ങള്‍ പൂക്കുന്നതുമറിഞ്ഞു ഞാന്‍ .

ഇലകള്‍ പൊഴിയുന്ന വേഗത്തില്‍
കാലം ചെതുമ്പലുകള്‍ പൊഴിക്കവേ
പണ്ടെങ്ങോ നിന്നില്‍ നഷ്ടമായ
കിലുക്കാംപെട്ടിയുടെ
കാല്‍ത്തള നാദം
എന്റെ ഉദയമാത്രയില്‍ തന്നെ
കിലുങ്ങി തുടങ്ങുന്നതറിയുന്നു ഞാന്‍ .

പരസ്പരം ഉപചാരമില്ലാതെ
വിലക്കുകളും വിധേയത്വവുമില്ലാതെ
ഉപാധികളും ബന്ധനങ്ങളുമില്ലാതെ
നമുക്കിടയില്‍ നാമിങ്ങനെ ...

പെയ്തു തോരുന്ന മഴനൂലുകള്‍ക്കിടയില്‍
അന്യമാകുന്ന പ്രണയത്തിന്റെ
പൊള്ളുന്ന ശോകത്തില്‍ നിന്നുമാകാം
എന്നിലെ ഞാനും
നിന്റെ മൗനവും കൂട് കൂട്ടിയത് .

ഇന്ന് നമ്മള്‍ , ഒരിലമറയില്‍
ഒരുമിച്ചിങ്ങനെ
ഈ തണുപ്പിന്റെ കുടീരത്തില്‍
മനസ്സ് കൊണ്ടൊരു കൂടു കൂട്ടുമ്പോള്‍
എനിക്ക് വേണ്ടത്
കണ്ണീരു പുരളാത്ത നിന്റെ കപോലങ്ങള്‍ .

എന്റെ ചുണ്ടിന്‍
സ്നിഗ്ദാതയില്‍ ഞാന്‍ തേടുന്ന-
തതൊന്നു മാത്രം.

നമുക്കിനി പ്രണയിക്കാം .!
പച്ചിലത്തോപ്പുകളില്‍ ,
നെല്‍ക്കതിര്‍ പാടങ്ങളില്‍ ,
നാഗത്താനുറങ്ങുന്ന കാവുകളില്‍ ,
പരല്‍മീന്‍ കുളക്കടവില്‍ ,
നമ്മളൊന്നിച്ചിനി
മഞ്ചാടികുരുക്കള്‍ പെറുക്കാം .
പോയ ബാല്യസ്മരണ ഉണര്‍ത്തി
മണ്ണപ്പം ചുട്ടും ,
ശലഭചിറകിന്‍ പിറകെ പായുന്ന
കുസ്രിതികളാകാം .
------ബി ജി എന്‍ . വര്‍ക്കല -----

Friday, August 2, 2013

ജീവിതം കൊണ്ട് മുറിവേറ്റവര്‍


അനാഥവും അസന്തുലിതവുമായ ഒരു അവസ്ഥ !
അതിന്റെ ബഹിര്‍സ്ഫുരണമെന്നോണം നിശ്ചലമായി കിടക്കുന്ന പ്രകൃതി .
മനസ്സില്‍ വേദനയുടെ പടഹമൊരുക്കുന്ന ഓര്‍മ്മകളുടെ കിലുകിലാരവത്തില്‍ സ്വയം മുങ്ങി പൊങ്ങവേ രമേഷിന്റെ ഹൃദയാന്തര്‍ ഭാഗത്ത്‌ ഒരു ചെറിയ ചോരച്ചാല് ഉറവ എടുക്കുന്നത് അനുഭവിച്ഛറിയാനായി .
തന്റെ സ്വപ്നങ്ങളുടെ ചിതയിലൂടെ , കനലുകളെ ഞെരിച്ചു കൊണ്ട് മെല്ലെ ഒഴുകിയിറങ്ങുന്ന ആ നിണച്ചാലിലേക്ക് ഒന്ന് പാളി നോക്കാന്‍ വൃഥാ ഞാന്‍ ശ്രമിച്ചു നോക്കി .
ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും തോറും ദുരൂഹമായി തീരുന്ന ഒരു സമസ്യയായി രമേശ്‌ എന്റെ മുന്നില്‍ നിന്നു .
പിടികിട്ടാത്ത ഒരു ചോദ്യമായി എന്റെ മുന്നില്‍ അവശേഷിക്കുന്ന രമേഷിനെ ഞാനേതു കാഴ്ചപ്പാടിലാണ് അവതരിപ്പിക്കേണ്ടത് .
കൌമാരത്തിന്റെ പടര്‍പ്പുകളില്‍ യൌവ്വനത്തെയും , അതിന്റെ തീക്ഷ്ണ മോഹങ്ങളെയും തള്ളിയെറിഞ്ഞു കൊണ്ട്, പകപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു വന്ന ഒരാളായോ? അതോ ,സ്നേഹബന്ധങ്ങളുടെ അറിയാത്ത ഇരുള്‍പ്പാടുകളിലേക്ക് ഒരു തിരി വെളിച്ചവുമായി കടന്നു ചെന്ന് ഒടുവില്‍ കരിന്തിരി കത്തുന്ന ഭഗ്നമോഹങ്ങളുമായി പടിയിറങ്ങി വരുന്ന ഹതാശയനേയോ ?
അതുമല്ലെങ്കില്‍ ഒക്കെയും നഷ്ടപ്പെട്ട് , ഒരു ജന്മത്തിന്റെ മുഴുവന്‍ ശാപവും തലയിലെറി അലയാന്‍ വിധിക്കപ്പെട്ട ഒരു ഭ്രാന്താനായോ ?
എങ്ങനെയാണ് ഞാന്‍ രമേഷിനെ അവതരിപ്പിക്കേണ്ടത് ?
ഇല്ല കഴിയുന്നില്ല . എനിക്ക് ആ അവസ്ഥയിലേക്ക് നടന്നു ചെല്ലാന്‍ , സങ്കല്പ്പിക്കാന്‍  കൂടി കഴിയുന്നില്ലല്ലോ .
സ്കൂള്‍ കലാലയ ജീവിതത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുരുങ്ങി വീഴാതെ ബിരുദത്തിന്‍റെ  ഭാണ്ടവുമായി രമേഷ്  നഗരത്തിലേക്ക് ഇറങ്ങിയത്‌ അസംഖ്യം തൊഴില്‍ തെണ്ടികളുടെ പിന്തുടര്‍ച്ചക്കാരന്‍ ആയാണ് . മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് അവന്‍ വിശ്വസിച്ച ആ സമൂഹത്തിലെവിടെയോ ഒരു മൂലയ്ല്‍ തന്റെ ഭാഗ്യം തന്നെ കാത്തിരിപ്പുണ്ട്‌ എന്ന പ്രതീക്ഷയില്‍ ആണ് അവന്‍ മുന്നോട്ടു നീങ്ങിയത് .
തളര്‍ന്നുകിടക്കുന്ന പിതാവിന്റെ ചലന ശേഷിയും  , കുഞ്ഞു പെങ്ങളുടെ മംഗല്യവും കഴിഞ്ഞാല്‍ പിന്നെയൊരു മോഹവും തന്റെ ജീവിതത്തിലില്ല എന്ന് രമേഷിന്റെ മാനസികാവസ്ഥക്ക് , ഒരു ജന്മത്തോടുള്ള അടങ്ങാത്ത ക്രൌര്യവും കൂട്ടായിരുന്നെങ്കില്‍ അത് അവന്റെ കുഴപ്പം അല്ലായിരുന്നു .
അസംഖ്യം തെരുവിന്റെ മക്കളില്‍ ഒരാളായി , അഴുക്കു ചാലുകളില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട മിഴികളുമായി , ചതഞ്ഞ ശവംനാറിപൂവ് പോലെ ഇന്ന് രമേഷ് തിരക്കുകള്‍ക്കിടയില്‍ നിങ്ങളെ അസഹ്യപ്പെടുത്തികൊണ്ട് കടന്നു പോകുന്നുവെങ്കില്‍ , നിങ്ങള്‍ അറിയുക. നിങ്ങളെ പോലെ ,ഒരു പക്ഷെ നിങ്ങളിലും അധികം ജീവിതത്തെ സ്നേഹിച്ച ഒരു മനുഷ്യന്‍ ആണ് ആ പോകുന്നത് .
ഒരു നോട്ടം കൊണ്ട് പോലും നോവിക്കാതെ വിടുക , കാരണം ജീവിതം കൊണ്ട് മുറിവേറ്റവന്‍ ആണത് . അവന്റെ ഒരു വാക്ക് പോലും നിങ്ങളെ കീറി മുറിച്ചേക്കും .
----------------------ബി ജി എന്‍ വര്‍ക്കല ----------------

ഇരുട്ടിന്റെ മക്കള്‍

സന്ധ്യയായാല്‍ ,  ഇരുള് വന്നാലുടന്‍ തന്നെ
കണ്ണുകളില്‍ വെളിച്ചത്തിന്‍ ചുവടുറപ്പിക്കുന്ന
ഇരുളിന്റെ മക്കളിവര്‍ കൂമന്റെ ജന്മമോ ?
കാണാമിവരില്‍ നാമേവരെയും , ഇറ്റു കാഴ്ച -
യുണ്ടായാല്‍ കാണാമവരെയൊക്കെയും .
നോക്കൂ വിശപ്പിന്‍ വിളിയാലവനാ കൂരതന്‍
മേച്ചില്‍ പുറം വിട്ടിറങ്ങുന്നു .
മാളിക തന്‍ മണിമേടയില്‍ നിന്നവന്‍
മാറ്റുരയ്ക്കാത്ത ചില ലോഹങ്ങള്‍ നേടുന്നു !
---------------ബി ജി എന്‍ വര്‍ക്കല -----

കലികാലം

ഏതോ തെരുവ് കത്തുന്നതറിയുമ്പോള്‍ ,
പാചക പാത്രവുമായ് നീ പായുന്നതെവിടെക്ക് ?
നാളെ നിന്റെ തെരുവും കത്തിയെരിഞ്ഞെക്കാം ,
അന്ന് നീയെത് പാത്രമത് തിരഞ്ഞീടും ?
ഏതോ പെണ്ണിന്റെ മാനം പോയതറിഞ്ഞു പായുന്നോ-
രു നോക്ക് കാണുവാന്‍ , കൂകുവാന്‍ .
നാളെ , നിന്റെയീ പെണ്ണിന്റെ മാനം രക്ഷിക്കാന്‍
കഴിയുമെന്നുള്ളോരുറപ്പുണ്ടോ നിന്‍ കയ്യില്‍ ?
അനാഥമാമീ കബന്ധം നോക്കി നീ മൊഴിയുന്നു
വിധി ആരെയും കാത്തിരിക്കില്ലെന്നു,
നാളെ വഴിയോരമൊരു ശിരസ്സ്‌ മാത്രമായ് .
തെരുവിലെക്കുറ്റുനോക്കും നിന്‍ നേത്രങ്ങള്‍ കാണുന്നോ നീ ?
------------ബി ജി എന്‍ വര്‍ക്കല ----------