Tuesday, August 20, 2013

സ്വപ്ന സഞ്ചാരി

വിരഹത്തിന്റെ ഇഷ്ടികചൂളയില്‍
രാവിന്റെ മഞ്ഞുകളുരുകി വീഴവെ ,
നിനയ്ക്കാതെ പെയ്ത മഴയില്‍
കുളിച്ചു നില്‍ക്കുന്നൊരു മനസ്സുണ്ടെനിക്കിന്നു .!

പ്രസാദം തുളുമ്പും വദനത്തില്‍
സൌഹൃദത്തിന്റെ പുഞ്ചിരി ഒളിപ്പിച്ച
നീള്‍മിഴികളില്‍ സ്നേഹത്തിന്റെ നക്ഷത്രം
തിളങ്ങുന്ന ഒരു സഖിയുണ്ടെനിക്ക് കൂട്ടിനിന്നു .!

മൌനത്തിന്റെ നീളന്‍ വരാന്തകളിലേക്ക്
പാദസരം കിലുക്കി ഓടിവരുന്ന
കുഞ്ഞിളം കാലിന്‍ ചലനവേഗം പോലെയാണ്
എന്നിലേക്ക്‌ അവള്‍ പടര്‍ന്നു കയറുന്നത് .

വിടര്‍ന്ന അധരങ്ങളില്‍ ശലഭമായണയാന്‍
തെല്ലുപോലും അനുവദിക്കില്ലെങ്കിലും
തെളിഞ്ഞ മാനസപൊയ്കയിലാവോളം
നീരാടുവാന്‍ അനുമതി കാക്കേണ്ടി വരുന്നില്ലെനിക്ക് .

നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മിക്കളിക്കുന്ന രാവുകളില്‍
മടിയില്‍ തലവച്ചാകാശം നോക്കികിടക്കാനും
മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ഫാലം
ചുംബനമുദ്രയാല്‍ തണുപ്പിക്കാനുമവള്‍ക്കാകും .

കാവ്യമാംപുഷ്പശയ്യയില്‍ ഇരുമെയ്യുകളായി
രണ്ടു ധ്രുവങ്ങളില്‍ നമ്മള്‍ സഞ്ചരിക്കുമ്പോള്‍
കാലം നമുക്കിടയില്‍ തുഷാരബിന്ദുക്കള്‍ കൊണ്ട്
പനിനീര്‍ഹാരങ്ങള്‍ കോര്‍ക്കുന്നുണ്ടാകും .

വാക്കുകളുടെ രതിമൂര്‍ച്ചയില്‍ രാത്രി കിതപ്പടക്കുമ്പോള്‍
നമ്മുടെ സ്വപ്നങ്ങളില്‍ കുരുവികൂടുകളും
നെഞ്ചില്‍ പ്രാവിന്റെ കുറുകലുമുണ്ടാകുമെന്നും
നമ്മള്‍ അന്യോന്യം പ്രണയിക്കുമെന്നും
കാറ്റിനോട് മുറ്റത്തെ മുല്ലകള്‍ കിന്നാരം പറഞ്ഞു .

അമ്പേറ്റു പിടയുന്ന എന്റെ മനസ്സിലേക്ക്
അവളുടെ നഖമുനകള്‍ ആഴ്ന്നിറങ്ങുകയും
സ്വപ്നങ്ങളില്‍ അവളുടെ ഗന്ധം നിറയുകയും
ചെയ്യുന്ന നാളിലേക്ക് ഞാന്‍ നടന്നു തുടങ്ങാമിനി .
-----------------ബി ജി എന്‍ വര്‍ക്കല --------------

3 comments:

  1. നല്ലൊരു പദവിന്യാസം...

    ReplyDelete
  2. സ്വപ്നത്തില്‍ സഞ്ചരിക്കുമ്പോള്‍ കാഴ്ച്ചകളുടെ ഖനിയാണ്

    ReplyDelete