Monday, October 31, 2016

നമ്മളിലെ നാം

കവിത
നമ്മളിലെ നാം!
ബിജു ജി നാഥ് വര്‍ക്കല

ഞാന്‍ നിന്നിലേക്ക് വരികയാണ്.
നിന്റെ ക്യാമറ കണ്ണുകളിലൂടെ,
നീ നിന്നിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടു പോകുന്നു .
പടിവാതില്‍ക്കല്‍ നീ പാദരക്ഷയൂരുന്നു.
ടീപ്പോയില്‍ ചിതറിക്കിടക്കുന്ന പത്രമാസികകള്‍
നീയൊരു ജാള്യതയോടെ എടുത്തു മാറ്റുന്നു.
നിന്റെ പതിയുടെ ,
മക്കളുടെ കുരുത്തക്കേടിനെ
നീ മറയ്ക്കാന്‍ പാടുപെടുന്നപോലെ .
നീണ്ട ഇടനാഴി കടന്നു
നീ ഊണ് മേശക്കരികില്‍ അല്പം നില്‍ക്കുന്നു.
ജാറില്‍ നിന്നും വെള്ളം കുടിച്ചു
അടുക്കളയിലേക്ക് നീയെന്നെ കൊണ്ടുപോകുന്നു .
വെള്ളം തിളപ്പിക്കാന്‍ വച്ചു
അലമാരയില്‍ നിന്നും കേക്ക് കഷണമെടുക്കുന്നു.
ഒരു കടി കടിച്ച ശേഷം നീയത് എനിക്ക് നേരെ നീട്ടുന്നു .
ചൂടൊടൊരു കോഫി എനിക്കായി നീ നീട്ടുന്നു.
കുട്ടികളെ ശാസിച്ചു
പഠിക്കാനിരുത്തി നീയെന്നെ കിടപ്പുമുറിയിലേക്ക്
രഹസ്യമായി ക്ഷണിക്കുന്നു .
ചുളിഞ്ഞ കിടക്കവിരി എന്നെ കാട്ടാതിരിക്കാന്‍
നീ വല്ലാതെ പാടുപെടുന്നു .
സാരിയുടെ മുന്താണി എടുക്കുമ്പോള്‍ നീ
എന്നെ ഒളിഞ്ഞു നോക്കുന്നു നാണത്തോടെ .
വസ്ത്രങ്ങള്‍ ഒന്നായി നീ കിടക്കയിലേക്ക് അഴിച്ചെറിയുമ്പോള്‍
നിന്നില്‍ ഒരു കുട്ടിയുടെ കുസൃതി ഞാന്‍ കാണുന്നു .
കണ്ണാടിയുടെ മുന്നില്‍
മുലകള്‍ ഉയര്‍ത്തി പിടിച്ചു നീ നോക്കുന്നു
കണ്ണുകളില്‍ നിറഞ്ഞ സ്നേഹത്തോടെ
നീയെന്നെ നോക്കി നാക്ക് നീട്ടിക്കാട്ടുന്നു .
വസ്ത്രങ്ങള്‍ എടുത്തു നീ ബാത്രൂമിലേക്ക് നടക്കുന്നു
ഷവറില്‍ നിന്നും നിന്നെ മൂടി വീഴുന്ന വെള്ളം
നിന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടൂ വിരിയുന്നു .
നീയെന്നെ നോക്കാന്‍ മറന്നുപോയ പോലെ.
വസ്ത്രം ധരിച്ചു എന്നെയും കൊണ്ട് കിടക്കയിലേക്ക് പോകുന്നു.
കണ്ണുകളില്‍ നോക്കി കിടക്കാന്‍ നീ പഠിപ്പിക്കുന്നു.
അരുമയോടെ മുടിയില്‍ തഴുകി ഉറക്കാന്‍ ശ്രമിക്കുന്നു .
വാശിക്കാരനായ എന്റെ ചുണ്ടില്‍
മുലഞെട്ട് തിരികി നീ ചിരിക്കുന്നു .
മയക്കത്തിലേക്ക് വീണ എന്നെ ഉണര്‍ത്താതെ
നീ നിന്റെ ദിനചര്യകളിലേക്ക് പോകുന്നു .
ഭര്‍ത്താവ് , കുട്ടികള്‍ ,
ബഹളങ്ങള്‍ .....
ഞാന്‍ ഉണരുമ്പോള്‍ നീ എന്നെ നോക്കി അരികില്‍ ഉണ്ട് .
രാത്രി വളര്‍ന്നിരിക്കുന്നു .
ഉറങ്ങാതെ നമ്മള്‍ രണ്ടുപേര്‍ മാത്രം .
എന്റെ മാറില്‍ നഖം കൊണ്ട് ചിത്രം വരച്ചു
നീ എന്റെ അരികില്‍ കിടക്കുന്നു .
എന്നിലേക്ക്‌ വികാരങ്ങള്‍ വേലിയേറ്റം സംഭവിക്കുന്നു
നമ്മള്‍ ക്യാം ഓഫ് ചെയ്യുന്നു .
ഇപ്പോള്‍ ഇരുട്ട് മാത്രം .
....................................

Saturday, October 29, 2016

ഉമ്മകൾക്കില്ല വർണ്ണം !


ഒരു വസന്തവനിയിലേക്ക്
ഒരു നിലാവിന്റെ തണലിലേക്ക്
ഒരു നാളും മറക്കാത്തൊരോർമ്മ പോൽ
പ്രിയതേ ഞാനൊന്നിരിക്കട്ടെ.

കാലം തിളക്കം മങ്ങിച്ച
നക്ഷത്രപ്പൂക്കളിൽ തുടങ്ങി
ശോണിതവലയം തീർത്ത
കടലാസു പൂ തഴുകി
വിളറിയ റോസാദളങ്ങളിൽ
എള്ളിൻ പൂക്കളിൽ
പാരിജാത നിഴലുകളിൽ
മൾബറിക്കാടുകളിൽ
നാലുമണി പൂക്കളിൽ
ശംഖുപുഷ്പ ദളങ്ങളിൽ
ഇതൾ വിടർന്ന പത്മങ്ങളിൽ
നുകർന്നും മുകർന്നും
മധുവുണ്ടും
പരാഗരേണു പടർത്തിയും
പ്രിയതേ ഞാനൊന്നിരിക്കട്ടെ.

ഒരു വിളിയിൽ പൂത്തു വിടർന്ന
നിൻ കാതോരം
ഉമ്മ
പഞ്ചാരയുമ്മ
പാലുമ്മ
തേനുമ്മയെന്നു
ഉമ്മകളെണ്ണി ഞാൻ
രാവിൻ കടലുതാണ്ടി
പോകുന്നു യാത്ര പറയാതിന്നു.
....... ബിജു.ജി.നാഥ് വർക്കല

ഫെയ്സ്ബുക്ക്‌ പെണ്‍പ്രണയങ്ങള്‍ ......എഡിറ്റര്‍: സുലോജ് സുലോ

പുസ്തകവിചാരം

ഫെയ്സ്ബുക്ക്‌ പെണ്‍പ്രണയങ്ങള്‍

എഡിറ്റര്‍: സുലോജ് സുലോ

പ്രസാധനം: ഹോറൈസണ്‍ പബ്ലീഷേഴ്സ്

വില: 70 രൂപ

 

ഇന്ദുമേനോന്‍റെ അവതാരികയോടെ 49 കവയിത്രികളുടെ പ്രണയചിന്തകള്‍ ആണ് സുലോജ് സുലോ ഈ പുസ്തകത്തിലൂടെ പങ്കു വയ്ക്കുന്നത്. ആദിമ കാലം മുതല്‍ പ്രണയം കാലത്തെ അതിജീവിച്ചു പല രൂപഭാവങ്ങളില്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രായമോ കാലമോ വര്‍ണ്ണമോ വിത്തമോ ഇല്ലാതെ പ്രണയം അനസ്യൂതം നമുക്കിടയില്‍ ഒരു മഹാനദിയായി പ്രയാണത്തിലാണ്. ആ പ്രണയനദിയില്‍ നീരാടാതെ , ഒന്ന് മുങ്ങി നിവരാതെ , തീരത്തെങ്കിലും ഒരു മാത്ര ഇരുന്നാനനവ് ഒന്ന് കാല്കളില്‍ പതിയാതെ കടന്നുപോയിട്ടില്ല ഒരു ജീവിതവും . ഈ അറിവിന്റെ നിലാവെളിച്ചത്തില്‍ നിന്നുകൊണ്ടാകണം സുലോജ് ഈ സാഹസത്തിനു മുതിര്‍ന്നത് . എന്ത് തന്നെയായാലും കുറച്ചു പ്രണയ ചിന്തകളെ മുഖ പുസ്തകത്തില്‍ നിന്നും പറിച്ചെടുത്തു ചെത്തിയൊരുക്കി വായനക്കാരന് മുന്നില്‍ വയ്ക്കുമ്പോള്‍ തീര്‍ച്ചയായും പ്രണയത്തിന്റെ വിവിധ മുഖങ്ങളെ വായനക്കാരന് അനുഭവവേദ്യമാക്കുക എന്ന ദൌത്യം സുലോജ് നിര്‍വ്വഹിച്ചു എന്ന് കാണാം . ഒരുപക്ഷേ ഇവയില്‍ ഉള്ള പ്രണയ ചിന്തകള്‍ക്കപ്പുറം പ്രണയത്തെ കാണാഞ്ഞിട്ടാകില്ല  പരിമിതികളുടെ വേലിക്കെട്ടില്‍ ഇത്ര കൊണ്ട് തൃപ്തിപ്പെടുത്തുക ആകാം എങ്കിലും വായനക്കാര്‍ നിരാശരാകില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും ഓരോ വായനയും.

കനലില്‍ മുളച്ചിട്ടും എന്ന മീര രാജേഷിന്റെ ആദ്യ കവിതമുതല്‍ പ്രണയം തന്റെ ഒഴുക്ക് തുടങ്ങുന്നു എന്ന് കാണാം . ആരും ശ്രദ്ധിക്കാതെയും ആരൊക്കെയോ വഴികള്‍ തടഞ്ഞിടപ്പെട്ടിട്ടും ആരും പ്രോത്സാഹിപ്പിക്കാഞ്ഞിട്ടും ആരെയും കാത്തിരിക്കാഞ്ഞിട്ടും പ്രണയം പൂക്കുന്നതെന്തു തന്നില്‍ എന്ന ആ ചിന്തയില്‍ നിന്നും നാം നേരെ നടന്നു തുടങ്ങുന്നത് ഗീത രാജനിലേക്ക് ആണ് . നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍എന്ന കവിതയിലൂടെ തന്റെ പ്രണയത്തിന്റെ നായകനിലെ തരള ഭാവങ്ങളെ , സൗമ്യതയെ വെറുതെ മറിച്ചു നോക്കുകയാണ് .. വിവാഹത്തിന്റെ ആദ്യനാളുകളിലെ ഉടയാത്ത കിടക്കവിരികളാല്‍ അടയാളപ്പെടുത്തിയ അവനെ എത്ര കുടഞ്ഞെറിഞ്ഞിട്ടും മറക്കാന്‍ ആകുന്നില്ല എന്ന് പ്രണയിനി പറയുന്നു . അവനെ വിവര്‍ത്തനം ചെയ്യുമ്പോള്‍ ആണ് കണ്ണുകളിലെ നിലാവും ചെമ്പകപ്പൂവിന്‍ മണവും പരന്നൊഴുകാനും ഒന്നാകെ ഓര്‍മ്മക്കാട് തീപിടിക്കാനും തുടങ്ങുന്നത് അതിനാല്‍ തന്നെ എങ്ങനെ നിന്നെ ഞാന്‍ വിവര്‍ത്തനം ചെയ്യും എന്ന സന്ദേഹത്തില്‍ ആണിവിടെ പ്രണയിനി.

ഒറ്റപ്പെടലിന്റെ തുരുത്തിലെ ആല്‍മരവും അതിന്റെ ചില്ലയിലെ കിളിയുമായി രശ്മി രാമചന്ദ്രന്‍ യാത്രാമൊഴി എന്ന കവിത സമ്മാനിക്കുന്നു . തളരുന്ന ചിറകുകള്‍ വല്ലാതെ കുഴയുമ്പോള്‍ ഒന്നിരിക്കാന്‍ മാത്രമായി ഒരു ആല്‍മരം . തന്റെ നരച്ചു പോയ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം . സാന്ത്വന വിരലുകളാല്‍ ആല്‍മരത്തിന്റെ സ്പര്‍ശനം ഏറ്റുവാങ്ങാന്‍ , ആ തണുപ്പ് ആത്മാവില്‍ വഹിച്ചു തന്റെ കനല്‍ കൂട്ടിലേക്ക് പറന്നു പോകാന്‍ കൊതിക്കുന്ന കിളി ഓര്‍ക്കുകയാണ് ചിലപ്പോള്‍ ചില ബന്ധനങ്ങള്‍ ആണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നു എനിക്കൊപ്പം നീയും അറിയും എന്നാണു .

ബിജിലി സുമേഷിന്റെ യാത്ര പങ്കു വയ്ക്കുന്നത് കാലങ്ങള്‍ ആയി തന്നോടൊപ്പം നടക്കുന്ന സഹയാത്രികന്റെ പ്രണയം തന്നെയാണ് . നീയൊരു സിന്ദൂരതിലകമായെന്റെ സീമന്തത്തില്‍ അനുസരണയില്ലാതെ ചുരുണ്ട് കിടന്നത് ഓര്‍ക്കുന്ന പ്രണയിനി ഉടഞ്ഞു പോയ സ്വപ്നങ്ങളുടെ വളപ്പൊട്ടുകളെ താലോലിച്ചു  പ്രണയത്തെ ഭ്രാന്ത്‌ ആയി സ്വയം വിലയിരുത്തുന്നു .അപ്പോഴുമാത്യന്തികമായി നീയെന്ന പ്രണയത്തിനപ്പുറം ഇല്ല എനിക്ക് ജീവിതം എന്ന ചിന്ത പങ്കു വയ്ക്കുന്നു . പകല്‍ സ്വപ്നം എന്ന കവിതയിലൂടെ ദിവ്യ പങ്കിടുന്നത് ജനിമൃതികള്‍ക്കിടയിലെ ഒരു ചെറിയ നിമിഷം മാത്രമാണ് നീയും ഞാനും ഒന്നിച്ചു പങ്കിടുന്ന നിമിഷങ്ങള്‍ എങ്കിലും അതാണ്‌ ജീവിതം എന്നാണു . കൃഷ്ണമായ തന്റെ ഒളിച്ചോട്ടത്തില്‍പങ്കുവയ്ക്കുന്നത് പ്രണയത്തില്‍ നിന്നുള്ള തിരിച്ചു പോക്കിന്‍റെ അനിവാര്യതയാണ് . തന്നിലെ വരികളും കാഴ്ചകളും മായുമ്പോള്‍ തന്റെ പ്രണയവും മാഞ്ഞുപോകും എന്ന ആകുലത വരികളില്‍ നിഴലിക്കുന്നു.

ദീപ മോഹന്‍ കവിതയിലൂടെ തന്റെ കളഞ്ഞു പോയ പ്രണയത്തെ തിരയുന്നു നീയാകുന്ന സ്വപ്നവും തേടി എന്ന കവിതയിലൂടെ . ഗീത ജാനകി ആകട്ടെ ഇത്രമാത്രം എന്ന കവിതയില്‍ പ്രണയത്തിന്റെ അധരാടയാളങ്ങള്‍ തിരയുകയാണ്. മരണത്തിലൂടെ നിഗൂഡമാക്കപ്പെടുന്ന നമുക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമായി പ്രണയത്തെ ഗുപ്തമാക്കുന്നു .കടലോളം ആഴത്തില്‍ പ്രണയത്തെ മിഴികളില്‍ നിറച്ചു പ്രിയനേ ക്ഷണിക്കുന്നു ഹഫ്സ തന്റെ കടല്മിഴികളില്‍ഘടികാരസൂചികള്‍ പറയുന്നത് എന്ന കവിതയിലൂടെ സോണി ഡിത്ത്ലോകത്തെ മുഴുവന്‍ ഒരു ചിമിഴില്‍ ഉള്‍ക്കൊണ്ടുകൊണ്ട് സാമുദായിക , രാഷ്ട്രീയ മത ചിന്തകളുടെ സമരസങ്ങളില്‍ വിഘടിച്ചു നില്‍ക്കുന്ന ചിന്താ സരണിയുമായി നേരിന്നു വേണ്ടി പടനയിക്കുന്ന അന്ധജനതയുടെ ഇടയില്‍ പ്രണയത്തിന്റെ ഇടം തേടുന്നു.  

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ എന്ന കവിതയിലൂടെ സറീന ഷാഫി സ്വയം ഒരു മീനായി , ഭക്ഷണമായി ആഹരിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട്‌ തന്റെ പ്രണയം സമര്‍പ്പണം മാത്രമാണെന്നും , തന്റെ ഇഷ്ടങ്ങള്‍ അല്ല തന്റെ ജീവിതമെന്നും പറയാതെ പറയാന്‍ ശ്രമിക്കുന്നു . പറിച്ചെറിഞ്ഞ ചെകിളപ്പൂവില്‍ നിറച്ചു വച്ച അവന്റെ ഓര്‍മ്മകള്‍ പോയതോടെ നിശ്ചലതയേക്കാള്‍ വലിയ കടലില്ല എന്ന സത്യത്തിലേക്ക് പ്രണയിനി എത്തിച്ചേരുന്നു . ശ്രീ പാര്‍വ്വതിആകട്ടെ പ്രണയത്തിന്റെ എക്കാലത്തെയും ഓര്മ്മയായ വാന്ഗോഗിനെ ഓര്‍ത്തെടുക്കുന്നു തന്റെ കാമുകനില്‍ . കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ നോവിക്കുന്നുണ്ട് എന്ന് വിലപിക്കുന്ന പ്രണയിനി മുറിഞ്ഞു പോയ അവന്റെ കേള്‍വിക്ക് പകരം തന്റെ കാഴ്ച നല്‍കാന്‍ തയ്യാറാണ് . അവന്‍ നടന്ന വഴി മാത്രം ആണ് അവള്‍ക്ക് പിന്നില്‍ ബാക്കിയാകുന്നത് എന്ന നോവില്‍ പിടയുന്നു ജീവിതം .

ഓരോ തവണ മായിച്ചപ്പോഴും എന്ന കവിതയില്‍ രജ്ജു നായര്‍ തന്നെ വിട്ടുപോയ പ്രണയത്തെ ആണ് ഓര്‍മ്മിക്കുന്നത് . ഒരു വിടപറച്ചിലില്‍ , ഒരു ഫെസ് ബുക്ക്‌ അപ്ഡേറ്റില്‍ എല്ലാം അവസാനിക്കുമ്പോള്‍ നമ്മുടെ വീട് എന്റെ വീടാകുന്നു എന്ന് വേദനിക്കുന്നു . ബാക്കി വച്ച് പോയ തന്റെ ഹൃദയത്തില്‍ അവന്റെ മുഖം മായ്ക്കാനാകാതെ കിടക്കുന്നു താനും പ്രണയിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ എന്ന് പ്രണയിനി ഓര്‍ക്കുന്നു . സിന്ധു കെ.വിതന്റെ പറവകളുടെ ആകാശത്തില്‍തന്റെ പ്രണയവും ഒത്തു ആകാശങ്ങളിലും ഭൂമിയിലും ജനപഥങ്ങളിലും അലയുന്നു . നീയുണ്ടെങ്കിലല്ലെങ്കിലെന്തിനു വീടെന്നു ഓര്‍ക്കുന്നു പ്രണയത്തിന്റെ ഊഷരതയില്‍ . പത്മബാബു തന്റെ സാക്രിഫ്യ്സ്ഡ് പ്രണയം, സ്ഥലം മ്യൂസിയം എന്ന കവിതയിലൂടെ ഒരു ആധുനിക കാല പ്രണയത്തിന്റെ പച്ചപ്പുകള്‍ വരച്ചിടുന്നു . പ്രണയനായകനുമൊന്നിച്ചു മ്യൂസിയം ഗ്രൌണ്ടിലെ മുളംകാടിന്റെ പ്രണയസല്ലാപ കോര്‍ണറുകളില്‍ ചിലവഴിക്കപ്പെട്ട നിമിഷങ്ങളില്‍ വാചാലയാകുന്നു പ്രണയിനി . തങ്ങളെ തുറിച്ചു നോക്കുന്ന നോട്ടങ്ങളെ കുട കൊണ്ട് മറച്ചും തല തിരിച്ചു വച്ച പുസ്തകവായനയിലൂടെയും അരിച്ചിറങ്ങുന്ന വിരലുകളുടെ തണുപ്പും ചൂടും വിടപറഞ്ഞു അകലുന്ന വെയില്‍ പിടിച്ചെടുത്തു നല്‍കുന്ന ഉമ്മകളും ചുറ്റുപാടുകളിലെ സ്ഥിരം പ്രണയത്തിന്റെ കാഴ്ചകളില്‍ നിന്നൊരു എട് ആയി പതിപ്പിച്ചു വയ്ക്കുന്നു

ദേവസേന മഴ തന്റെ തിരുവല്ലയില്‍ ബോധി വൃക്ഷത്തിന്‍ കീഴെ എന്ന കവിതയില്‍ നമ്മുടെ സ്നേഹം പോലെ നഗരം ചോന്നു തവിട്ടും പിന്നെ കറുപ്പുമായിരിക്കുന്നു എന്നോര്‍ക്കുന്നു . റോഡരികിലെ ചാവാലിപ്പട്ടികളെ തങ്ങളോടു ഉപമിക്കുന്ന ഭാവന നീ മദ്യത്തിലേക്കും ഞാന്‍ മറ്റു സ്നേഹങ്ങളിലേക്കും പിച്ച തെണ്ടുന്ന സ്വതന്ത്ര ചിന്തകരുടെ നവ ലോകത്തെ കാട്ടി തരുന്നു . നാം ഇരുപുറം ഇങ്ങനെ രണ്ടു ലോകത്ത് ആണെങ്കിലും നമ്മില്‍ പിണഞ്ഞു കിടക്കുന്ന പ്രണയത്തിനു ചൂരും ചൂടും ലഭിക്കാന്‍ നാമിങ്ങനെ ആയിരിക്കണം എന്ന് പ്രണയിനി ഇവിടെ വ്യെക്തമായി കുറിച്ചിടുന്നു . ജയ ശ്രീരാഗം ആകട്ടെ മൌനം കുടിച്ചുറങ്ങുന്ന തീരം എന്ന കവിതയിലൂടെ ഒരിക്കല്‍ മാത്രം കണ്ടു മറഞ്ഞ അനുഭവിച്ച പ്രണയത്തിന്റെ ഗന്ധം തേടി ഉന്മാദത്തിന്റെ ലഹരിയുമായി അലയുകയാണ് . ഗീത സൂര്യന്‍ തന്റെ ബന്ധങ്ങള്‍ എന്ന കവിതയില്‍ വളരെ ഗഹനമായി സമീപിച്ച പ്രണയം ഒരുപാട് പ്രതിബന്ധങ്ങളെ തട്ടി നീക്കി സ്വന്തമാക്കി എന്നഹങ്കരിക്കുമ്പോള്‍ തന്നെ  അശ്രദ്ധയുടെ പക്ഷികള്‍ ചേക്കേറിയ ഒരു വര്‍ഷകാലത്ത് കളകള്‍ പറിച്ചു കളഞ്ഞു മണ്ണ് ഇളക്കി മാറ്റി തരിശു ഭൂമിയാക്കി ഇനിയൊരു തിരിച്ചു പോക്കില്ല എന്ന് പ്രണയത്തെ തെര്യപ്പെടുത്തുന്നു . ഹണി ഭാസ്കര്‍ മഴനിനവുകളില്‍ നാം തനിയെ എന്ന കവിതയിലൂടെ പ്രണയത്തിന്റെ അനിര്‍വചനീയമായ സുഖവും സുഗന്ധവും അനുഭവിക്കുന്നത് ദൃശ്യമാകുന്നു. നിന്റെ ശ്വാസ നിശ്വാസങ്ങള്‍ക്ക് നിന്റെ വിരലുകളുടെ അതെ ഊഷ്മളത ഞാന്‍ കാണുന്നു എന്ന് അനുഭവിച്ചറിയുന്നു . പ്രണയവും രതിയും ഇടകലര്‍ന്ന ആനന്ദത്തിന്റെ പരകോടിയില്‍ അലിയുകയാണ് . നനവുകളിലേക്ക് കുളിര്‍ന്നു  കുതിര്‍ന്നു രതിമൂര്ച്ചയുടെ ഏക ബിന്ദുവിലേക്ക് പ്രണയം വഴി നടക്കുന്നു .

ശശികല തന്റെ എന്റെ പട്ടം എന്ന കവിതയില്‍ അവന്റെ പ്രണയത്തെ കെട്ടുപൊട്ടിയ പട്ടം പോലെ കാണുന്നു . യാതൊരു ലക്ഷ്യവും ഇല്ലാതെ അലയുന്ന ആ പട്ടത്തിനോടുള്ള പ്രണയത്തിന്റെ ആഴം അറിയുന്നത് ആ പട്ടം എവിടെയും തടയപ്പെടരുതെന്നും താഴെ പതിക്കരുതെന്നും ഉള്ള പ്രാര്‍ത്ഥനയില്‍ ആണ് കാരണം അത്രയേറെ അതില്ലാതെ തനിക്കു പറ്റില്ല എന്ന് അസന്നിഗ്ധമായി പ്രണയിനി ഉറപ്പിക്കുന്നു . ഗിലു ജോസഫിന്റെഉന്മാദാകാശങ്ങള്‍ പറയുന്നത് തന്റെ തിരസ്കൃത യൌവ്വനത്തിന്റെ മടുപ്പിന്റെ ഏകാന്തതയിലേക്ക് ഒരു തസ്കരനെ പോലെ കടന്നു വന്ന പ്രണയത്തെ ആണ് . മരണം മരവിച്ചു കയറും മുന്നേ നീയെന്ന പകലിനെ ഞാന്‍ എന്ന ഇരുട്ട് മിന്നല്‍ പിണറിനെ പോലെ ഭ്രാന്തമായി സ്വീകരിക്കുകയാണ് എന്ന വരികളിലൂടെ കാലം തെറ്റി പെയ്ത ആ മഴ ഭൂമിയുടെ അടിവയറില്‍ തീര്‍ത്ത ഊഷരതയുടെ ആഴത്തെ വളരെ മനോഹരമായി വരച്ചിടുന്നു .

ഗിരിജ ദാമോദരന്‍ പ്രണയത്തിനെ കുറിച്ച് എഴുതാന്‍ മറന്നതോ എഴുതാതെ പോയതോ ആണ് തന്റെ പ്രണയ പ്രതീക്ഷകള്‍ എന്ന് തോന്നിച്ചു വരികളില്‍ . ഉമ രാജീവിന്‍റെ അറിവ്പറയുന്നത് നമ്മള്‍ അസംബന്ധങ്ങളുടെ ആകെ തുക എന്നാണ് . ഓരോ മുഴപ്പുകളും സ്വാതന്ത്ര്യത്തിന്റെ ആഘോഷിക്കലാണ് എന്ന് പ്രണയിനി ഓര്‍ക്കുന്നു . പ്രണയത്തോട് നിന്റെ ഗര്വ്വിലെ കൂര്‍ത്ത കൊമ്പ് കൊണ്ടേ എന്റെ കണ്ണിലെ കരടു എടുക്കാനാവു എന്ന നയം പ്രണയിനി വ്യെക്തമാക്കുന്നു . ശോഭ ജോഷി തന്റെ ഇമ എന്ന കവിതയില്‍ തന്നിലെ ശിലപ്ത്തെ മാത്രമേ കണ്ടുള്ളൂ തന്റെ കല്ലിച്ചു പോയ ജീവനെ നീ കണ്ടില്ല എന്ന് പരിതപിക്കുന്നു . എങ്കിലും തന്റെ മനസ്സിന്റെ ഉള്ളില്‍ അവന്റെ  രൂപം എങ്ങെനെ രൂപപ്പെടുത്താം എന്ന് പ്രണയിനി മനസ്സിലാക്കുന്നു എന്ന് വ്യെക്തമാക്കുന്നു . ഉഷ പുനത്തില്‍, വേഗങ്ങള്‍ എന്ന കവിതയില്‍ ഒരു യാത്ര പറച്ചിലിന്റെ ഭാരമില്ലാതെ , ബന്ധങ്ങളുടെ ഭാണ്ഡം ഇല്ലാതെ കടന്നുപോയ പ്രണയത്തെ ഓര്‍ക്കുന്നു . ഭഗ്നമോഹങ്ങളുടെ ഉമ്മറത്ത് ഇരുന്നു ശലഭചിറകുകള്‍ കൊണ്ട് തുന്നാനാവുന്ന ഉടുപ്പ് സ്വപ്നം കാണുന്നു ഒടുവിലായി ക്ഷണികമെങ്കിലും .

കല സാവിത്രി,കിഴക്കുണ്ടായത്...പടിഞ്ഞാറുണ്ടായത്.. എന്ന കവിതയില്‍ ഒരിക്കലും ഒന്നിക്കാന്‍ കഴിയാത്ത പ്രണയത്തിന്റെ ആകുലത പങ്കു വയ്ക്കുന്നു കാട്ടിലും മേട്ടിലും ആള്‍ക്കൂട്ടത്തിന്റെ ശബ്ദലോകത്തും പരസ്പരം പിരിഞ്ഞു പോകുന്ന നിമിഷങ്ങളുടെ ഭ്രമ താളം അളക്കുന്നു പ്രണയിനി . ധന്യ നാരായണന്‍ നായരുടെ വേവിന്റെ പ്രണയം പങ്കു വയ്ക്കുന്നത് അവന്‍ നല്കിയതൊക്കെയും, നന്മകളെ ഒക്കെയും ഉപേക്ഷിച്ചു നടന്നകലുന്ന ഒരു നിഷേധിയായ കാമുകിയായാണ് പകരം അവനിലെ നിഷേധം , വരണ്ടുണങ്ങാന്‍ പോകുന്ന പ്രണയം , മടുപ്പിക്കുന്ന ഏകാന്തത ഒക്കെയും കൂടെ കൂട്ടുന്നു . എപ്പോഴും വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന കാമുകി തന്‍റെ പ്രണയത്തിന്റെ സങ്കല്പങ്ങള്‍ തികച്ചും പ്രതിരോധാത്മകമായ ഒരു തലത്തില്‍ കണ്ടെത്തുന്നു പക്ഷെ അവയൊക്കെ തനിക്കു വേദനിക്കാന്‍ അല്ല പകരം അവനു വേദനിക്കാതിരിക്കാന്‍ ആണെന്ന് കാണുമ്പോള്‍ ആണ് ആ പ്രണയത്തിന്റെ ആഴം വായനക്കാരന്‍ മനസ്സിലേക്ക് ആവാഹിക്കുക . ഷൈനഷാജന്‍ തന്റെ നീ , നീ എന്നോഴുകുന്ന ഞാന്‍ എന്ന കവിതയില്‍ കടല്‍ത്തിര തിരികെ എന്ന പോലെ നിന്നിലേക്ക്‌ ഒഴുകുന്ന ഒരു പ്രണയിനി ആണ് താനെന്നു ഓര്‍മ്മിക്കുന്നു എന്നിലുറങ്ങുന്ന ചിത്രപ്പണികളെ ഉണര്‍ത്താന്‍ പ്രണയ നായകനെ ക്ഷണിക്കുന്ന നായിക ലോകത്തെ പ്രണയത്തിന്‍റെ ഭിത്തിയില്‍ തൂക്കിയിടാന്‍ കൊതിക്കുന്നു ശേഷം അവന്റെ ഹൃദയത്തില്‍ മരിച്ചുറങ്ങാന്‍ കൊതിക്കുന്നു അതൊരു ക്ഷണികമാണെങ്കില്‍ പോലും .

ഡോണ മയൂരയുടെ സത്യവാംഗ്മൂലംപറയുന്നത് തന്റെ പ്രണയം വസന്തവും താന്‍ വസന്തം കഴിഞ്ഞെത്തുന്ന വേനലും ആണെന്നാണ്‌ . ഇണയെ തിന്നുന്ന ചിലന്തിയെ പോലെ അവനെ ആകെ വിഴുങ്ങാന്‍ കൊതിക്കുന്ന പ്രണയിനി മറ്റാരും കാണാതെ തനിക് മാത്രമായി ഒരു ലോകത്ത് അവനെ ഒളിപ്പിച്ചു ആനന്ദിക്കാന്‍ കൊതിക്കുന്നു . ലക്ഷ്മി സന്തോഷിന്റെ ജലകന്യകനക്ഷത്രങ്ങളെ സ്വപ്നം കാണുന്ന ഒരു ഗന്ധര്‍വ്വനെ ആണ് പ്രണയിക്കുന്നത് . പ്രണയത്തിന്റെ ധന്യ നിമിഷങ്ങള്‍ അറിയുകയല്ലാതെ അവയുടെ ചെതുംബലുകളിലെ മുറിവുകള്‍ ഓര്‍ത്ത്‌ അവന്‍ വിഷമിക്കുന്നില്ല എന്നത് ഒരു പോരായ്മായി പ്രണയിനി കാണുന്നുമില്ല .ബിന്‍സി യുടെ മഞ്ഞയില്‍ പ്രണയം ആല്‍മരം ആണ് . തന്റെ ആശ്വാസം , സാന്ത്വനം . ദിവ്യ എം തന്റെ കുന്തിയില്‍ പ്രണയത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു . അസ്തമയ സൂര്യനൊത്തു ആടിയാടി വരുന്ന തന്റെ പ്രണയം കൂട്ടുകാര്‍ക്ക് ഊഴം വച്ച് പുതപ്പാക്കുന്ന തന്റെ ജീവിതത്തെ വരച്ചിടുമ്പോള്‍ ഒരൊറ്റ പുരുഷനെ മാത്രം പ്രണയിക്കാന്‍ കഴിയുന്ന ഒരു ജീവിതം കൊതിച്ചു പോകുന്നു . പ്രണയത്തിന്റെ ഈ ക്രൂര നഖം മുറിവേല്‍പ്പിക്കുക വായനക്കാരന്റെ മനസ്സിനെ ആകും നിശ്ചയം . അഡ്വ നിസ ഫൈസല്‍, മറവി പോലെന്തോഎന്നാണു തന്റെ പ്രണയത്തെ ഓര്‍ക്കുന്നത് . സ്വപ്ന നായരാകട്ടെകാമുകിയോട് എന്ന തന്റെ കവിതയില്‍ മുഖത്ത് നോക്കാന്‍ കൂടി ധൈര്യമില്ലാതെ പോയ തന്റെ പ്രണയത്തെ ഓര്‍ക്കുന്നു . ഒന്ന് നോക്കിയിരുന്നെങ്കില്‍ നിനക്കതു വായിച്ചെടുക്കാമായിരുന്നു എന്ന വരികളില്‍ ദുര്‍ബ്ബലനായ ഒരു ചപല കാമുകനെ കാട്ടിത്തരുന്നു കൌമാരത്തിന്റെ .

മിനു പ്രേം തന്റെ പുഴയും മണ്‍ത്തരിയും എന്ന കൊച്ചു ചിന്തയില്‍ തന്നിലേക്ക് വരുന്ന പ്രണയത്തെ വഴി തിരിച്ചു വിട്ടു മാറി നിന്ന് ദുഖിക്കുന്ന പ്രണയിനിയെ കാട്ടിത്തരുന്നു . റീമ അജോയ്, പ്രാന്ത്എന്ന കവിതയില്‍ പ്രണയത്തിന്റെ മുറിവില്‍ തലോടി അതിന്റെ വേദനയില്‍ ആഘോഷം കണ്ടെത്തുന്നു . സിന്ധു മലമക്കാവ് തന്റെ ഹൃദയ മിടിപ്പിനപ്പുറം നമ്മള്‍ എന്ന കവിതയില്‍ കൗമാര പ്രണയത്തിന്‍റെ തുടിപ്പുകള്‍ ഉള്ളില്‍ പേറുന്നു . ആ ചപലതയും ഭയവും വിഹ്വലതകളും പങ്കു വയ്ക്കുന്നതിനൊപ്പം ഇന്ന് അവയൊന്നും ഇല്ലാതെ അപ്പുറം ഇപ്പുറം കീബോര്‍ഡുകളില്‍ അവര്‍ക്ക് പരസ്പരം പ്രണയിക്കാന്‍ കഴിയുന്നതോര്‍ത്തെടുക്കുന്നു ചിത്ര കെ.പി തന്റെ ഉരിയാടല്‍ എന്ന കവിതയില്‍ തന്റെ പ്രണയിതാവ്  മാത്രം കേള്കാതെ പോകുന്ന തന്റെ പ്രണയത്തെ കുറിച്ച് വാചാലയാകുന്നു . ചിത്തിര കുസുമന്‍ ആകട്ടെ സ്നേഹമെന്നത് എന്ന കവിതയില്‍ എന്താണ് സ്നേഹം എന്ന് അന്വേഷിക്കുകയാണ് പരശതം ചോദ്യങ്ങളിലൂടെ . പറയാന്‍ ബന്ധങ്ങളില്ലാതെ സ്നേഹിച്ചു കൂടെ സ്നേഹത്തെ ഭയക്കുന്നതെന്തിനു എന്നാണു പ്രണയിനി ചോദിക്കുന്നത്

ജാക്വലിന്‍ മേരി മാത്യൂ , ഓരോ ചുംബനങ്ങള്‍ക്കൊടുവിലും എന്ന കവിതയില്‍ വാടിയ പൂക്കളിലും ഒരിക്കല്‍ തേന്‍ പുരണ്ടിരുന്നു എന്ന് കാലം തന്നെ പഠിപ്പിക്കുന്നു എന്ന് ഓര്‍മ്മിക്കുന്നു . ചുംബനങ്ങള്‍ കൊണ്ട് ഉണര്‍ത്തുന്ന കാമുകന്റെ മധുരതരമായ ഓര്‍മ്മകളില്‍ പരിലസിക്കുന്നു പ്രണയിനി ഇവിടെ . മഞ്ജരി അശോക്സ്വയം ഭോഗം എന്ന കവിതയില്‍ സൈബര്‍ ലോകത്തെ പ്രണയത്തെ നന്നായി വിശദമാക്കുന്നു . ഒരു മോണിറ്റര്‍നു അപ്പുറം ഇപ്പുറം പരസ്പരം കണ്ടു സംഭോഗം ചെയ്യുന്ന പുതിയ കാല പ്രണയത്തിന്റെ ഭാഷ്യം ചമയ്ക്കുന്നു . ലിഷ വി എന്‍ ആകട്ടെ സ്വപ്നത്തേടലുകള്‍ എന്ന കവിതയിലൂടെ തന്റെ പ്രണയത്തെ ഇടവേളകള്‍ അടയാളമിട്ട നമ്മുടെ കാഴ്ച നേരങ്ങളിലേക്കെത്താനാവാത്തതിന്റെ ഗന്ധം വഴിയോരത്തിരുന്നു തലതല്ലുന്നു എന്ന് പരിതപിക്കുന്നു . മെര്‍ലിന്‍ ജൊസഫ് , മൂന്ന് പ്രണയ കവിതകള്‍എന്ന ശീര്‍ഷകത്തില്‍ എന്റെ പ്രണയം തിരയല്ല തീരമാണ് നിനക്ക് കളി പറഞ്ഞിരിക്കാനും മുഖം പൊത്തിക്കരയാനും കഴിയുന്ന തീരം എന്ന് വിശദമാക്കുന്നു . തൂങ്ങി ചത്ത മനസ്സ് ചീഞ്ഞു തുടങ്ങിയപ്പോള്‍ ഗന്ധം കൊണ്ടെങ്കിലും നീ പിന്മാറിയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ നീ എന്നെ പ്രണയിച്ചിരുന്നു എന്ന് പ്രണയിനി ഇവിടെ തന്റെ മനസ് തുറക്കുന്നു.

സംഗീതയുടെ അടുത്തടുത് നില്‍ക്കുമ്പോള്‍ എന്ന കവിതയില്‍ പ്രണയിനി പ്രണയത്തെ അകന്നു നിലക്കാന്‍ പ്രേരിപ്പിക്കുന്നു , കാരണം പ്രണയത്തിന്റെ മണം ,കണ്‍ മുനയിന്‍ അമ്പുകള്‍ നിശ്വാസ വേഗത്തിലെ ഉന്മാദ ഗന്ധം ഇതൊന്നും തന്നെ പൂത്തുലയാതെ വിടാതിരിക്കില്ല എന്ന ഭയം കൊണ്ടാണ് . പ്രണയ നായകന്‍റെ പ്രണയത്തില്‍ വിവശയായ കാമുകിയുടെ മനോവികാരങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. ഫെമിന ഫാറൂക്ക്, ഒരു ചീത്ത കുട്ടിയുടെ പ്രണയ വിചാരങ്ങള്‍എന്ന കവിതയില്‍ തന്റെ പ്രണയം പ്രകടമാക്കുന്നത് അവനു ഇഷ്ടമില്ലാത്ത എല്ലാം ചെയ്തുകൊണ്ടാണ് . നിന്നെ ചൊടിപ്പിച്ച ഓരോ പ്രണയവും എനിക്ക് നിന്നിലേക്ക്‌ മുങ്ങി നിവരാനുള്ള ഗംഗാ സ്നാനമായി പ്രണയിനി വ്യെക്തമാക്കുന്നു . പക്ഷെ അവന്‍ മൂകനാകുമ്പോള്‍ ., അകലുമ്പോള്‍ അവള്‍ അവനിലേക്ക്‌ ഓടി എത്തുകയും ചെയ്യുന്നു പ്രണയത്തിന്റെ രസതന്ത്രം എങ്ങനെ ആണ് വ്യെക്തികളില്‍ വേറിട്ട്‌ നില്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പ്രണയം ആണ് ഇതില്‍ കാണാന്‍ കഴിയുക . സ്റ്റെലിന യുടെ പെണ് കടുവയോടു കാറ്റ് പറഞ്ഞത്എന്ന കവിതയില്‍ വേട്ടക്കാരന്റെ വരവിനായി കാത്തിരിക്കുന്ന ഇരയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണു തന്റെ പ്രണയം ആവിഷ്ക്കരിക്കുന്നത്‌ എന്ന് കാണാം . എം സരിത വര്‍മ്മ ആകട്ടെ യൌ എന്ന വനത്തില്‍ അനന്തരംഎന്ന കവിതയില്‍ കൂടി പ്രണയം എത്ര ക്ലാസ്സിക് ആക്കം എന്ന് കാട്ടി തരുന്നു . ഭ്രമ കാഴ്ചകളില്‍ അലസഗമനം നടത്തുന്ന പ്രണയിതാവിനോട് മറ്റേതോ വികാര ഋതുവില്‍ വീണ്ടും കാണും വരേയ്ക്കും മുത്തവും നിറുകയില്‍ ഒരു തുള്ളി കണ്ണുനീരും നല്‍കി യാത്രയാക്കുന്ന നിസ്സഹായതയുടെ പെണ്‍രൂപം എഴുതി ഇടുന്നു .

കവിത ജാനകി തന്റെ പ്രണയ രുചിക്കൂട്ടുകള്‍ എന്ന കവിതയില്‍ പ്രണയത്തിനു മീന്‍ മണം ആണെന്ന് പറയുന്നു . വലുതായാലും ചെറുതായാലും ചന്തമുണ്ടേലും ഇല്ലെങ്കിലും രുചിയിലാണ് കാര്യം എന്നൊരു ലോക തത്വം പറയുന്നുണ്ട് പ്രണയത്തെക്കുറിച്ച് . ദീപ ബിജോ അലക്സാണ്ടര്‍ തന്‍റെ ഇനിയെത്രഎന്ന കവിതയില്‍ രണ്ടു ധ്രുവങ്ങളില്‍ രണ്ടു കാഴ്ചകളില്‍ നമ്മെളെത്ര കാലമിനിയും പ്രണയസംയോഗം ഇല്ലാതെ കഴിയും എന്ന് പരിതപിക്കുന്നു.

 

പ്രണയത്തിന്റെ സ്ത്രീ മനസ്സുകള്‍ എത്ര വിചിത്രവും എത്ര തന്നെ വികാരഭരിതവും അത്രമേല്‍ വിഷാദഗ്രസ്തവും ആണ് എന്ന് കാട്ടിത്തരുന്ന ഈ കവിതകള്‍ നല്ലൊരു വിരുന്നു തന്നെ ആണ്. ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ മറ്റെല്ലാവരും തന്നെ പ്രണയം എന്നത് രതി എന്ന കേവലതയില്‍ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ട് പ്രണയത്തെ നോക്കി കാണുകയോ , പലപ്പോഴും നഷ്ടപ്പെട്ടുകൊണ്ട് ആ വേദന ആസ്വദിച്ചുകൊണ്ട്‌ തന്റെ സ്വത്വത്തില്‍ തന്നെ മയങ്ങാന്‍ കൊതിക്കുന്നവരോ ആയി അനുഭവപ്പെട്ടു .

പ്രണയം ആദിതാളമായി മനസ്സില്‍ നിറയുമ്പോള്‍ ലോകം വര്‍ണ്ണ മയൂഖം ആകുന്നു എന്ന കവി ചിന്തയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ഉതകുന്ന ഈ പുസ്തകം കവിതാസ്വദകാര്‍ക്ക് ഒരു വിരുന്നുതന്നെ ആകും . ആശംസകളോടെ ബി. ജി.എന്‍ വര്‍ക്കല