Tuesday, March 29, 2016

ഒരു പൂവിന്റെ കഥ.


യാത്ര തൻ തുടക്കത്തിൽ
ഒരു പൂവു കാണുന്നു.
അനേകം കമ്യൂണിസ്റ്റ് പച്ചകൾക്കിടയിൽ
ഒരു പൂവു കാണുന്നു.
ഇത് മഹത്തരമെന്നവൾ
വാസനിക്കുന്നു.
യാത്രയുടെ തീരങ്ങളിൽ
ആദ്യപൂവിന്റെ ലഹരിയവളെ ചൂഴുന്നു.
അന്ധതയുടെ യാത്ര
ഒരുകാതം പിന്നിടുമ്പോൾ
കാഴ്ചയിൽ
സുഗന്ധത്തിൽ
പൂക്കളുടെ ഒരു തോട്ടം വന്നെത്തുന്നു .
ആദ്യ സുഗന്ധ മലരിൽ നിന്നും
അനവദ്യതയിലേക്ക് നിപതിക്കുമ്പോൾ
ഓർമ്മയിലൊരു കോണിൽ
ആദ്യപുഷ്പം മഞ്ഞുമൂടി കിടക്കുന്നു.
അവൾ പൂവുകളിലെ സുഗന്ധം നുകർന്നു
പൂന്തോട്ടത്തിലേക്ക് മറയുന്നു.
ഇടയിലെവിടെയോ ഒക്കെ
ആദ്യപൂവിനെ കണ്ടെത്തുമ്പോൾ
ഓർമ്മയുടെ നനുത്ത പുഞ്ചിരി
കൈമാറാനവൾ മറക്കുന്നില്ല.
ഒരിക്കലൂടെ പൂക്കാനാവാതെ
ആ പൂവു മാത്രം
അവളുടെ പുഞ്ചിരി കൊതിച്ചു
കൊഴിയാൻ മടിച്ചു
ഒറ്റയ്ക്ക് വെയിൽ കൊള്ളുന്നു.
........... ബിജു.ജി.നാഥ് വർക്കല,

Sunday, March 27, 2016

യാത്രികേ , നീ നിന്റെ യാത്ര തുടങ്ങുക .


കനവിന്റെ
തീരത്തില്‍ നീ നട്ടു
നനച്ചൊരു
നിനവിന്റെ പച്ചപ്പു
കണ്ടു മടങ്ങുവാന്‍
യാത്രികേ ,
നീ നിന്റെ യാത്ര തുടങ്ങുക.

കുയിലിന്റെ കൂകലില്‍,
കുരുവി തന്‍ പരിഭവത്തില്‍,
കരിയിലക്കിളികള്‍ തന്‍
പരിദേവനങ്ങളില്‍,
മഴയുടെ തലോടലില്‍,
മണ്ണിന്റെ ഗന്ധത്തില്‍,
സ്നേഹലാളനങ്ങള്‍ തന്‍
ഊഷ്മളാലിംഗനങ്ങളില്‍
അലിയുവാന്‍ ,
നിറയുവാന്‍
മനമൊന്നു കുതിര്‍ക്കുവാന്‍
യാത്രികേ ,
നീ നിന്റെ യാത്ര തുടങ്ങുക .

വേനല്‍ മരങ്ങള്‍,
പൂത്ത മണല്‍ക്കാടുകള്‍,
സൂചിമുന പോല്‍
തണുപ്പിന്‍ വിരലുകള്‍ ,
കാനല്‍ ജലം പോല്‍
സ്നേഹ സംഗമങ്ങള്‍,
നാലു ചുവരുകള്‍ തന്‍
നിശ്വാസഗന്ധങ്ങള്‍ .
ശ്വാസം മുട്ടും നിശബ്ദത
വിട്ടിനി
യാത്രികേ,
നീ നിന്റെ യാത്ര തുടങ്ങുക .

ഓര്‍മ്മയില്‍ കുളിരിടും
പിച്ചിയും മുല്ലയും
കോരിത്തരിപ്പിക്കും
നെല്‍ക്കതിര്‍ കാഴ്ചയും
നെഞ്ചില്‍ നിറച്ചു കടന്നു
പോം ദിനങ്ങള്‍ക്ക്
ഇടവേള നല്കിയിനി
യാത്രികേ
നീ നിന്റെ യാത്ര തുടങ്ങുക.
---------ബിജു ജി നാഥ് വര്‍ക്കല

Saturday, March 26, 2016

ഏകാകിയുടെ സുവിശേഷം .


പകരമില്ലാത്ത വാക്കുകൾ
നിറമില്ലാത്ത കനവുകൾ
ഉറക്കം നഷ്ടമായ രാവുകൾ
വെളിച്ചം മങ്ങിയ പകലുകൾ.
ഞാനേതോ ഇരുണ്ട ഭൂഖണ്ഡത്തിൽ
വാക്കുകൾ നഷ്ടമായ തുരുത്തിൽ
ഒറ്റപ്പെട്ടവനായിരിക്കുന്നു.

പരിച നഷ്ടമായ യോദ്ധാവായി
പ്രണയമുറിവിന്റെ നോവുമായി
അംഗഭംഗം വന്നു തളർന്നു വീണിരിക്കുന്നു .
ചുറ്റും കനത്ത നിശ്ശബ്ദതയും.

ശബ്ദയാനമായ നിന്റെ ലോകത്തിൽ
അപരിചിതത്തിന്റെ മിഴികളുമായി
പകച്ചു നില്കുമ്പോഴും,
ഒരു സാന്ത്വനത്തിന്റെ കുളിർ വിരൽ
നിന്നിൽ നിന്നും നീണ്ടു വരുന്നത്
പ്രതീക്ഷയോടെ കാത്തിരുന്നവന്റെ
ഹൃദയമിടിപ്പിൽ,
നീ കുടഞ്ഞിട്ടതോ മുള്ളാണികൾ.

പ്രണയത്തിന്റെ സുഗന്ധം നിറച്ചാ
വേദനയാസ്വദിച്ചു
മയങ്ങിയുണരുമ്പോൾ
ഞാനീ തുരുത്തിലൊറ്റയ്ക്ക്.
നിന്നിൽ നിന്നും നീ വലിച്ചെറിഞ്ഞൊരീ -
യിരുട്ടിനെ ഞാൻ പുതയ്ക്കുന്നു.
നിനക്കു വേണ്ടി മാത്രം .
എന്റെ പ്രണയത്തിനു ഞാൻ
ജീവിതം കൊണ്ടു അടിവരയിടുന്നു.
............... ബിജു ജി നാഥ് വർക്കല .

Friday, March 25, 2016

‘ഷിറാസ് വാടാനപ്പള്ളി’യുടെ “കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം”

A poem begins in delight and ends in wisdom. Robert Frost

വായന അനുഭൂതികളുടെ തിരമാലകള്‍ കൊണ്ട് നമ്മുടെ പാദങ്ങളെ ഉമ്മ വച്ച് കടന്നുപോകുന്നതാകണം . അത്തരം വായനകള്‍ വായനക്കാരന്റെ അഭിമാനം ആണ് . എഴുത്തുകാരനും ആയി അവനു ഒരു ആത്മബന്ധം ഉണ്ടാക്കുന്ന പാലം ആണ് ഓരോ വായനകളും എന്ന് നിസ്സംശയം പറയാം. കാലം , ഭാഷ , അതിരുകള്‍ ഇവയൊന്നും തന്നെ വായനയെ ബാധിക്കുന്നില്ല . വായനക്കാരന് ആത്യന്തികമായി ആവശ്യമാകുന്നത് അവന്റെ മാനസിക ഉല്ലാസവും വളര്‍ച്ചയും ഉയര്‍ത്തുക എന്നത് തന്നെയാകണം വായന .

എണ്ണം പറഞ്ഞ എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് എങ്കിലും നാം അവരെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ നമുക്ക് ഉത്തരം ഉണ്ടാകില്ല . പഴയകാല എഴുത്തുകാരുടെ വായന നല്‍കിയ ഭൂതവും ഒപ്പം കാലങ്ങള്‍ ആയി വായനക്കാരനെ വേട്ടയാടുന്ന വിചാരവും എഴുത്തിലെ , വിശിഷ്യ കവിതകളിലെ അലങ്കാര , വൃത്ത ഭാഷ പ്രയോഗങ്ങള്‍ ആണ് വായനക്കാരില്‍ ഭൂരിപക്ഷവും ഇന്നും വായനയില്‍ തേടുന്നത്. അവനു ആ വൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ പോകുന്നത് അവന്‍ തന്റെ വായനകാലത്ത് തുടങ്ങി വയ്ക്കുന്ന , അവനില്‍ ചെലുത്തുന്ന റോള്‍ മോഡലുകള്‍ ആകാം . അതുകൊണ്ട് തന്നെയാണ് പുതുകാലത്ത് എഴുത്തുകാര്‍ ഉണ്ടോ എന്നൊരു ചോദ്യവും ഇന്നത്തെ കവിതകളെ സ്വീകരിക്കാന്‍ പരമ്പരാഗതവായന ആസ്വാദകര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കുന്നത്.
സമകാലീന ബ്ലോഗ്‌/ സോഷ്യല്‍ മീഡിയ എഴുത്തുകാരില്‍ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാര്‍ ഉണ്ട് എങ്കിലും അവരൊന്നും തന്നെ മുഖ്യധാരാ എഴുത്തുകാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നില്ല . അവര്‍ക്ക് ഒരു ഇരിപ്പിടം കിട്ടാതെ പോകുകയും ചെയ്യുന്നു . ഈ ഒരു രീതി കണ്ടു തുടങ്ങിയപ്പോള്‍ ആണ് അവര്‍ സ്വന്തമായി പുസ്തകങ്ങള്‍ ഇറക്കാന്‍ ഉള്ള പദ്ധതികള്‍ തുടങ്ങി വച്ചതും കൂണുകള്‍ പോലെ ഒരുപാട് പുസ്തക പ്രസാധകര്‍ രംഗത്ത്‌ വരികയും ചെയ്തതും . ഇത്തരം പ്രസാധകര്‍ ചെറിയ ചെറിയ തട്ടിക്കൂട്ട് സംവിധാനങ്ങളും , ഗുണമേന്മയും, അക്ഷരങ്ങളോട് ഒരു വിധ സമരസങ്ങളും ഇല്ലാത്തവരും അതോ അതിനോട് പ്രതിപത്തി ഇല്ലാത്തവരോ ആകുന്നതുമൂലം ഇത്തരം പ്രസാധകരെ സമീപിക്കുന്ന എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഉത്പന്നത്തിന്റെ നിര്‍മ്മാണത്തൊഴിലാളികള്‍ ആയി മാറുകയും ചെയ്യുന്ന ദയനീയ കാഴ്ച ഇന്ന് അനുഭവിക്കപ്പെടുന്നു . ഒരു പ്രസ്സ് , നല്ലൊരു ഭാഷ വിദഗ്ധന്‍ , ഡിസൈനര്‍ , മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഇവയൊന്നും വശമില്ലാത്ത ഇത്തരം പ്രസാധകര്‍ ഒരു വിധത്തില്‍ എഴുത്തിനെ വിലകുറച്ച് കാണിക്കുകയും അതൊരു കാരണമായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുത ആണ് .
ശ്രീ ‘ഷിറാസ് വാടാനപ്പള്ളി’യുടെ “കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം” എന്ന കവിതാ സമാഹാരം വായനയ്ക്കെടുക്കുമ്പോള്‍ , സമകാലിക ഓണ്‍ ലൈന്‍ എഴുത്തുകാരില്‍ എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ട ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെയാണ് വായന തുടങ്ങിയത് . പക്ഷെ 39 കവിതകള്‍ ഉള്‍പ്പെടുത്തിയ ഈ പുസ്തകത്തില്‍ ഷിറാസിന്റെ കയ്യൊപ്പ് പതിഞ്ഞ എത്ര കവിതകള്‍ ഉണ്ട്  എന്ന് സംശയം ജനിപ്പിച്ചു . കാരണം എഴുത്തുകാരന്‍ തുടക്കത്തിലേ ഒരു നല്ല തഴക്കം വന്ന എഴുത്തുകാരന്‍ ആകുന്നില്ല . അവന്റെ തുടക്കകാലത്തെ കവിതകള്‍ അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നു എന്നും വരില്ല . പുതുകാല കവിതകള്‍ പക്ഷെ വളരെ മനോഹരം ആയിരുന്നു താനും . നല്ലൊരു എഡിറ്റര്‍ ഇല്ലാഞ്ഞ കാഴ്ച വായനയില്‍ ഉടനീളം കല്ലുകടി ആയി അനുഭവപ്പെട്ടു എന്ന് പറയാതെ വയ്യ . പകുതി നിരാശയും പകുതി പ്രതീക്ഷയും നല്‍കിയ ഒരു വായനയായിരുന്നു “കടപ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം” .
റെയില്‍പ്പാലങ്ങളിള്‍ ചോരപ്പൂവ് തീര്‍ത്ത സൗമ്യയെ ഓര്‍മ്മിക്കുന്ന ‘വസ്ത്രങ്ങള്‍’ , പ്രവാസ ഭൂമികയില്‍ ഇരുന്നു കൊണ്ട് മതത്തിന്റെ വേദനിപ്പിക്കുന്ന മനുഷ്യപക്ഷങ്ങളുടെ കഥ പറയുന്ന ‘മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍’ , കാഴ്ചകളുടെ പാരാവാരത്തില്‍ വീണു പിടയുന്ന കൌമാരത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ ബഹീര്‍സ്ഫുരണമായ ‘കവിയുടെ ഒരു ദിവസം’ . പ്രണയത്തിന്റെ മൂര്‍ത്ത ബിംബങ്ങള്‍ കൊത്തി വയ്ക്കുന്ന ‘കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം’, അതുപോലെ ഗ്രാമത്തെ കുറിച്ച്, മരുഭൂമിയെ കുറിച്ച് വെയിലിനെ കുറിച്ച് മഴയെ കുറിച്ച് ഒക്കെ ഉള്ള കവിതകളിലൂടെയുള്ള സഞ്ചാരങ്ങള്‍, നമ്മില്‍ ഷിറാസ് എന്ന കവിയുടെ ഉള്ളു കാട്ടി തരുന്നു .
ഒറ്റപ്പെടലൊരാകാശം നഷ്ടപ്പെട്ട
ദ്വീപിന്റെ നോവാണ് .
കടലോളം ദുരങ്ങള്‍ക്കിടയില്‍
തന്നിലേക്കെത്താതെ
അമര്‍ന്നു പോയ തിരയെക്കുറിച്ചാണ്
വ്യസനിക്കുന്നതെന്ന്
പദം പറയുമെങ്കിലും !...( ഒറ്റപ്പെടല്‍ )
മരിക്കാന്‍ തുടങ്ങുന്ന അവസാന നിമിഷത്തിലാണ്
ഒരാള്‍ മനുഷ്യനാകുക (വീടുകള്‍ )
ഇനിയെന്റെയോര്‍മ്മകള്‍
മറവികളാ –
യാര്‍ദ്ര വര്‍ണ്ണങ്ങള്‍ മാഞ്ഞ
മഴവില്ക്കൊടികളായി,
ഇനിയെന്റെ ഓര്‍മ്മയായ്
സ്നിഗ്ധശിഖിരങ്ങള്‍ മേഞ്ഞ
നിലാമരത്തണലായി! ( ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍ )
തുടങ്ങിയ വരികള്‍ ഷിറാസ് കുറിച്ച് വയ്ക്കുന്ന ചില നേരുകള്‍ ഉണ്ട് . ഒരു സൂഫിയുടെ മനസ്സ് കടമെടുക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ എന്നവയെ വിശേഷിപ്പിക്കാം . അത് പോലെ എടുത്തു പറയേണ്ട ചില കവിതകള്‍ ആണ് ‘മാര്‍ത്ത ഹള്ളിയിലെ നായ്ക്കള്‍’ ,  ‘ഞാനും നീയും’ .’പടുതയുടെ കാഴ്ച’ .’രാത്രിയില്‍ പ്രണയിക്കുന്നവരുടെ നഗരം’ , ‘മേ സിയാദ’ , ‘ചന്തുക്കോമരം’ തുടങ്ങിയ കവിതകള്‍ .
ഷിറാസ് നാളെയുടെ വാഗ്ദാനം ആണ് . നല്ല ഭാഷ കൈവശം ഉള്ള ഒരു കവി . തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട വായന തന്നെയാണ് ഷിറാസ് വാടാനപ്പള്ളി .
ഹോറിസന്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഈ കവിത സമാഹാരത്തിനു അവതാരിക എഴുതിയത് കരിം മലപ്പട്ടം ആണ് . പുറം പേജില്‍ സച്ചിദാനന്ദന്‍ പുഴങ്കര , ഇഞ്ചക്കാട് ബാലചന്ദ്രന്‍ , കുഴൂര്‍ വിത്സണ്‍ എന്നിവരുടെ ആശംസകള്‍ ഉണ്ട് . വില 100രൂപ .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Wednesday, March 23, 2016

മരണപുസ്തകം ........... ഒ എം അബൂബക്കര്‍

മരണത്തെക്കുറിച്ചൊരുപുസ്തകം !
ഓര്‍മ്മയില്‍ പോലും ആശ്ചര്യമുണര്‍ത്തുന്ന ചിന്ത.... അതെ , ഒ എം അബൂബക്കറിന്റെ "മരണപുസ്തകം " വായിക്കാനെടുക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞ ചിന്തയതായിരുന്നു . എന്താണ് മരണപുസ്തകത്തിനു നമ്മോടു പറയാനുള്ളത്  എന്ന് നോക്കുമ്പോള്‍ നാം ആദ്യം അറിയേണ്ട ഒരു വ്യക്തിയുണ്ട് . ശ്രീ അഷറഫ് താമരശ്ശേരി ! പ്രവാസികളില്‍ പ്രത്യേകിച്ചും UAE യില്‍ താമസിക്കുന്നവര്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്‍. മലയാളികള്‍ അടക്കം വിവിധ രാജ്യക്കാരായ രണ്ടായിരത്തിനു മേല്‍ പരേതരുടെ ശരീരം അവരുടെ നാട്ടിലേക്ക് അയക്കുവാന്‍ വേണ്ട സഹായങ്ങള്‍ നടത്തിയ , ഇന്നും അഭംഗുരം നടത്തുന്ന ഒരു നിസ്വാര്‍ത്ഥസേവകന്‍ .
ഒരു മൊബൈല്‍നമ്പര്‍  മരണവാര്‍ത്തകള്‍ മാത്രം അറിയിക്കുവാന്‍ വേണ്ടി സൂക്ഷിക്കുന്ന മനുഷ്യന്‍ . സമാനതകളില്ലാത്ത ആ പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ വേതനമോ മറ്റു സഹായങ്ങളോ സ്വീകരിച്ചു കൊണ്ടല്ല എന്ന അറിവ് ആണ് ആ അപൂര്‍വ്വ മനുഷ്യന്റെ ഏറ്റവും വലിയ ഗുണം .
ആരോടും പ്രത്യേകിച്ച് പരിഗണനകള്‍ ഇല്ലാത്ത , ഏതു പാതിരാവിലും ഒരു മരണവിളിക്ക് കാതോര്‍ത്ത് , തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍ UAE യിലെ എല്ലാ പ്രമുഖ ആശുപത്രികളിലും പോലീസ് അധികാരികളിലും തന്റെ നമ്പര്‍ സൂക്ഷിക്കപ്പെടുന്ന അത്ര വലിയ ഒരു സാമൂഹ്യ സേവകന്‍ ആണ് എന്നത് മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവുന്ന വസ്തുതയാണ്.
മരണപുസ്തകം ,ശ്രീ അഷറഫ്  താമരശ്ശേരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് . ഈ പുസ്തകത്തില്‍ നാം ആ മനുഷ്യന്‍ കടന്നുപോയ ജീവനില്ലാത്ത മനുഷ്യരുടെ കഥകള്‍ ,ജീവിതം , ദുരിതങ്ങള്‍ എല്ലാം നേരില്‍ കാണുന്നുണ്ട് . നമ്മെ നോവിയ്ക്കുന്ന നിസ്സഹായതയായി ആ ശവശരീരങ്ങള്‍ നമ്മുടെ ചിന്തകളെ കുത്തി നോവിക്കും . അനുയാത്ര ചെയ്യാന്‍ ആളില്ലാതെ പോകുന്ന ശവശരീരങ്ങള്‍ക്ക് സ്വയമൊരു ബന്ധുവായി കൂടെ പോയി വീട്ടുകാരെ എല്പ്പിച്ചു മടങ്ങുന്ന ആ വലിയ മനുഷ്യനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും . രാത്രിയില്‍ ചാറ്റില്‍ വന്ന സ്നേഹിതന്‍ പിറ്റേന്ന് ശവമായി മുന്നില്‍ എത്തുന്ന അവസ്ഥ , ഒരാളെ നാട്ടില്‍ എത്തിച്ചു തിരികെ വരുമ്പോള്‍ അതെ ഫ്ലൈറ്റില്‍ കൂടെ യാത്ര ചെയ്യുന്നവന്‍ എത്തേണ്ടിടത്ത് എത്തുമ്പോള്‍ മരണപ്പെടുന്നതും അയാളെ തിരിച്ചയക്കാന്‍ വേണ്ടി ഓടി നടക്കുന്നതും , ശവശരീരങ്ങള്‍ കാണാന്‍ എത്തുമ്പോള്‍ പാട്ട് പാടി സ്വീകരിക്കുന്ന ഡോക്ടര്‍ ഒരിക്കല്‍ പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ കൂടെ കൂട്ടി നേരില്‍ കാട്ടിക്കൊടുക്കുന്ന രംഗം , അതെ ഡോക്ടറും കുടുംബവും അതെ പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന രംഗം , കുട്ടികളുടെ ശരീരങ്ങള്‍ കണ്ടു കരള്‍ പൊടിയുന്ന വേളകള്‍ . കൊള്ള പലിശയ്ക്കു പണം കടം കൊടുത്ത ശേഷം മുതലിന്റെ മൂന്നിരട്ടി പലിശയായി വാങ്ങിയിട്ടും മക്കളെയും ഭാര്യയേയും നാട്ടില്‍ അയക്കാന്‍ പാസ്പോര്‍ട്ട് കൊടുക്കാതെ ക്രൂരനായി നിന്ന മലയാളി . അയാളുടെ ക്രൂരതയ്ക്ക് കീഴടങ്ങി ഒന്നാകെ ആത്മഹത്യ ചെയ്ത മലയാളി കുടുംബം . ഒടുവില്‍ അയാളുടെ മകന്റെ ശരീരം നാട്ടില്‍ കൊണ്ട് പോകാന്‍ പാസ് പോര്‍ട്ട്  കളഞ്ഞു പോയത് കൊണ്ട്  പ്രവാസ ഭൂമിയില്‍ തന്നെ അടക്കം ചെയ്യപ്പെടെണ്ടി വന്ന അവസ്ഥ .... ഇങ്ങനെ മരണങ്ങളുടെയും അതിന്റെ പിന്നിലെ നടുക്കുന്ന ചതികളുടെയും , കരളലിയിക്കുന്ന കഥകളുടെയും ഓര്‍മ്മകള്‍ .... ഇവയൊക്കെയും നമുക്ക് ഈ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും . ഒരു ഘട്ടത്തില്‍ തന്റെ ശവശരീരം തനിക്കു കാണാന്‍ കഴിയില്ല എന്ന ഓര്‍മ്മയില്‍ തന്റെ സ്നേഹിതനുമൊത്തു ടെറസ്സില്‍ പോയി മൂക്കില്‍ പഞ്ഞി ഒക്കെ വച്ച് ശവമായി കിടന്നു ഫോട്ടോ എടുത്തു അത് കണ്ടു ആശയടക്കുന്ന അഷറഫ് എന്ന സാധാരണക്കാരന്‍ ആയ മനുഷ്യനെ നമുക്ക് ഒരു വാക്കുകള്‍  കൊണ്ടും അടയാളപ്പെടുത്താന്‍ കഴിയുകയില്ല തന്നെ .
ഭാരത സര്‍ക്കാര്‍ ശ്രീ അഷറഫ് താമരശ്ശെരിക്ക് പ്രവാസി ഭാരതി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട് . അതുപോലെ ദുബായ് അറബ് മീഡിയകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു ലേഖനം എഴുതിയിട്ടുണ്ടു. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുക ആണെങ്കില്‍ ഓരോ ശരീരവും നാട്ടില്‍ എത്തിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടത് ഉണ്ട് . അതിനു വേണ്ടി ഒരുപാടു പേപ്പറുകള്‍ ശരിയാക്കെണ്ടാതുണ്ട് . ഇവയ്ക്കൊക്കെയും വേണ്ടി ഓരോ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ അവയുടെ താമസങ്ങള്‍ ഒരിടത്തും ഉണ്ടാകാറില്ല . ഇന്ത്യന്‍ എംബസ്സിയില്‍ ഒഴികെ . അതുപോലെ തന്നെയാണ് ജീവനില്ലാത്ത ശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കാര്‍ഗോ കാര്‍ ചെവിയിലെ രോമം വരെ തൂക്കി തുക വാങ്ങുന്നതും . മറ്റു രാജ്യങ്ങളിലേയ്ക്ക് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല .
ഈ പുസ്തകം പ്രവാസികള്‍ തീര്‍ച്ചയായും വായിക്കേണ്ടത് ആണ് . ഓരോ പ്രവാസിയും തങ്ങളുടെ കയ്യില്‍ ഇത് സൂക്ഷിക്കുന്നത് നല്ലതാകും എന്നാണു വായന തെളിയിക്കുന്നത് . ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‌ 160 രൂപയാണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Tuesday, March 22, 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍.......ദീപ നിശാന്ത്


സമകാലീന സാഹിത്യ രംഗത്ത് ഒരു വിവാദനായികയായി വന്ന 'ദീപ നിശാന്തി'ന്റെ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍" എന്ന പുസ്തകത്തിലൂടെയുള്ള സഞ്ചാരം തികച്ചും സ്വതന്ത്രവും ലളിതവും ആയാസരഹിതവുമാണ്. കുറച്ചേറെ തലക്കെട്ടുകള്‍ തീര്‍ത്ത്‌ പകുത്തു വച്ചിരിക്കുന്ന ഈ കുഞ്ഞെഴുത്തുകളിലൂടെ കടന്നു പോകുമ്പോള്‍ മനസ്സില്‍, ഒരു അടുത്ത കൂട്ടുകാരിയെ ഫീല്‍ ചെയ്യുന്നുണ്ട് . വൈകുന്നേരങ്ങളിലെ, ഒഴിവു വേളകളിലെ , ചിലപ്പോള്‍ നിര്‍ലജ്ജം പറയാം ഒരു പ്രണയിനിയുടെ ചാരത്ത് നാമിരിക്കുക ആണ് എന്ന് തോന്നും അവ ഓരോന്നും വായിക്കുമ്പോള്‍ . അവ വായിക്കുകയല്ല കേള്‍ക്കുകയാണ് നിശബ്ദം അതില്‍ ലയിച്ചിരിക്കുകയാണ് ഓരോ വായനക്കാരനും . അരികിലിരുന്നു തന്റെ ബാല്യ കൗമാര യൗവ്വന വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് . കണ്ണീരും വിഷാദവും സന്തോഷവും കുശുമ്പും ഭയവും ഒക്കെ മാറി മാറി വരുന്ന ആ വര്‍ത്തമാനങ്ങളിലേയ്ക്ക് മനസ്സര്‍പ്പിച്ചു ഇരിക്കുന്ന ഒരു ശ്രോതാവാകുകയാണ് ഓരോ വായനക്കാരനും .
കുട്ടിക്കാലത്തെ കുസൃതികളും,ചിന്തകളും അതേ ഊഷ്മളതയോടെ പങ്കുവയ്ക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നതിലെ വൈഭവം ഓരോ വായനക്കാരനെയും തങ്ങളുടെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോകുന്ന ചൂണ്ടുവിളക്കുകള്‍ ആകുന്നതു  ഭാഷയുടെ മനോഹരമായ പറിച്ചു നടലിലൂടെയാണ് എന്ന് കാണാം 
 ഭാഷയെ മനോഹരമായി തന്നെ പറയാന്‍ കഴിയുക ഒരനുഗ്രഹമാണ് . ഇവിടെ ദീപ നിശാന്തിനെ വായിക്കുമ്പോഴും ആ ഒരു ചാരുത വായനക്കാരന് അനുഭവപ്പെടുന്നുണ്ട് . കൌമാരക്കാലത്തെ ഒരു ബസ് യാത്ര , മാറിപ്പോയ ബസ്സില്‍ നിന്നും സുരക്ഷിതമായി തന്നെ രാത്രി തിരികെ വീട്ടില്‍ എത്തിച്ച കിളിയിലെ മനുഷ്യത്തവും , സുരക്ഷിതത്വബോധവും ദീപ പങ്കുവയ്ക്കുമ്പോള്‍ നാമൊരു നിശ്വാസത്തോടെ നല്ല മനുഷ്യരും നമുക്കിടയില്‍ ജീവിക്കുന്നവര്‍ ആയിട്ടുണ്ട്‌ എന്ന ബോധത്തോടെ ആശ്വസിക്കുകയും ചെയ്തുപോകുന്നു . പിന്നെയും രണ്ടു സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരി ആ കിളിയെ ഡ്രൈവര്‍ ആയി വേഷം മാറിയ കാലത്ത് കണ്ടു മുട്ടുന്നുണ്ട് . അന്നേരങ്ങളിലെ എഴുത്തുകാരിയുടെ മാനസ്സികവികാര വിചാരങ്ങളെ എത്ര മനോഹരമായി ആണ് തുറന്നു കാണിക്കുന്നത് . അത് നാം ഓരോരുത്തരും അനുഭവിക്കുന്നത് പോലെ വായനക്കാരന് തോന്നുന്നു എങ്കില്‍ അത് ആ അവതരണത്തിലെ നിഷ്കളങ്കത ഒന്നുകൊണ്ടു മാത്രമാകുന്നു .
കൗമാര മനസ്സിലെ തിളയ്ക്കുന്ന ചോരയുടെ വിപ്ലവത്തുടിപ്പുകള്‍ നമ്മിലേയ്ക്ക് പകരുന്നവയാണ് ഉമ എന്ന കൂട്ടുകാരിയുടെ ദൈന്യതയും ജാത്യാഭിമാനത്തിന്റെ നിസ്സഹായതയും തരുന്ന ഓര്‍മ്മക്കുറിപ്പ്‌ . അതുപോലെ ടീച്ചര്‍മാരുടെ മനസ്സിലെ ജാതിചിന്തയുടെ നേര്‍ക്ക്‌ നരച്ചു പൊന്തുന്ന കഫക്കട്ടയുടെ വഴുവഴുപ്പ് വായനക്കാരും തിരിച്ചറിയുക ഉള്ളു പൊള്ളുന്ന അനുഭവക്കടലുകളില്‍ നിന്നും വന്നവര്‍ ആണ് ഓരോരുത്തരും എന്നത് കൊണ്ട് തന്നെയാകുമ്പോള്‍ എഴുത്തുകാരിയുടെ സാമൂഹ്യകര്‍ത്തവ്യം വയാനക്കാരന്റെ കൂടെ ആശ്വാസമാകുന്നുണ്ട് . സമൂഹത്തിലെ ജാതി സമ്പ്രദായങ്ങളെ പലയിടത്തും വളരെ സുവ്യക്തമായി എഴുത്തുകാരി വിമര്‍ശിക്കുന്നുണ്ട് അതിനിശിതം . അതുപോലെ വളരെ കാര്യഗൗരവമായി തന്നെയാണ്  'മാന'ത്തെയും എഴുത്തുകാരി നോക്കിക്കാണുന്നത് . ഇലയും മുള്ളുമെന്ന സാമ്പ്രദായിക ചിന്തയെ വളരെ രൂക്ഷമായി തന്നെ ദീപ വിമര്‍ശിക്കുന്നുണ്ട് . മാധവിക്കുട്ടിയും സിത്താരയും പങ്കു വയ്ക്കുന്ന കാഴ്ചപ്പാടുകളെ ദീപയും പിന്താങ്ങുന്നുണ്ട് ഈ വിശുദ്ധിയുടെ കാപട്യ ചിന്തകള്‍ക്ക് നേരെ . ഇതിലൂടെ ദീപ നിശാന്ത് വായനക്കാരോട് തന്റെ പുരോഗമന ചിന്തകളുടെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഉള്ള ശ്രമം കൂടിയാണ് നടത്തുന്നത് എന്ന് കാണാം .
ഡ്രൈവിംഗ് പഠനത്തിലെ തമാശകള്‍ വായിക്കുമ്പോള്‍ എഴുത്തുകാരിയിലെ നര്‍മ്മം നമുക്ക് തൊട്ടറിയാന്‍ കഴിയുന്നു. അതുപോലെ മകന്റെ വളര്‍ച്ചയില്‍ അവന്റെ സ്വഭാവത്തിലെ വ്യെതിയാനങ്ങളില്‍ ഒരമ്മയുടെ , ഒരു സ്ത്രീയുടെ ആകുലതകളെ എത്ര കാര്യഗൌരവമായി തന്നെയാണ് ദീപ വെളിപ്പെടുത്തുന്നത് .
അധ്യാപനജീവിതത്തിലെ ഓര്‍മ്മപ്പടങ്ങള്‍ കണ്ണീരു ചാലിയ്ക്കുന്നുണ്ട് . ദയനീയമായ വിദ്യാര്‍ഥി കളുടെ ജീവിതത്തെ തൊട്ടുകൊണ്ട്‌ , ഒരു ഗുരുവിന്റെ കടമപോലെ കുട്ടികളെ അതില്‍ നിന്നുമുയര്‍ത്തി കൊണ്ട് വരാന്‍ ഉള്ള ശ്രമങ്ങളും അതിലെ വിജയങ്ങളും ഒരു അധ്യാപികയുടെ റോളില്‍ തന്റെ കടമകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ ഉള്ള ശ്രമം നടന്നിട്ടില്ല എന്ന് വായനക്കാരനെ ബോധിപ്പിക്കുന്നു. 
പ്രണയ സ്മരണകളും സൌഹൃദസ്മരണകളും ബന്ധ, ബന്ധനങ്ങളിലെ മൗന നൊമ്പരങ്ങളും സാമൂഹ്യ ചിന്തയിലെ നവ ദര്‍ശനങ്ങളും കൊണ്ട് നിറഞ്ഞ ഈ കുഞ്ഞക്ഷരങ്ങള്‍ വായനക്കാര്‍ക്ക്  തികച്ചും ആഹ്ലാദഭരിതരാക്കുന്ന ഒരു വായനയ്ക്ക് വേദി ഒരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല . 
കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില  140രൂപയാണ് .കെ.രേഖയുടെഅവതാരികയുമായി ദീപാനിശാന്ത്‌  വായനക്കാര്‍ക്ക് മുന്നില്‍ മനസ്സ് തുറന്നിടുകയാണ് . എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 
"മുട്ടറ്റമല്ല ഭൂതകാലക്കുളിരെന്നു തിരിച്ചറിയുകയാണ് .... കുന്നോളമുള്ള ഭൂതകാലക്കുളിരുകളെ തുറന്നു വിടുകയാണ് ..."
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Monday, March 21, 2016

മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് ..........ഫൗസിയാ കളപ്പാട്ട്


"ഈ മിന്നാമിനുങ്ങുകള്‍ തെളിയിച്ച ഇത്തിരി വെട്ടമാണ് ഇരുണ്ട ജീവിതപാതയില്‍ എനിക്ക് വെളിച്ചമേകിയത് . ഇവ നിങ്ങള്‍ക്ക് മുന്നിലും പ്രകാശിക്കുമെങ്കില്‍ ഞാന്‍ ധന്യയായി ..." ഫൗസിയ

"മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് " എന്ന പുസ്തകം വായനയ്ക്കെടുക്കുമ്പോള്‍ എന്താകും ഈ പുസ്തകം സംവദിക്കുന്ന വിഷയം എന്നതിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നു . ഇതൊരു കഥ സമാഹാരം അല്ല , ഒരു നോവലും അല്ല . അകത്തേക്ക് കടക്കുന്ന വായനക്കാരന് കാണാന്‍ കഴിയുക തനുജ ഭട്ടതിരിയുടെ മനോഹരമായ അവതാരികയാണ് . ഇതിലൂടെ കടന്നു വേണം വായനക്കാരന്‍ എഴുത്തിലേക്ക്‌ പ്രവേശിക്കേണ്ടത് . അതിനും മുന്നേ എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍ ഉണ്ട് 'ഇതെന്റെ വെറും പറച്ചിലുകള്‍ ആണ് ....'
ശ്രീ 'ഫൗസിയാ കളപ്പാട്ട് 'എഴുതിയ "മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് "എന്ന പുസ്തകം ഉള്ളടക്കം കൊണ്ട് വളരെ മനോഹരമായിരുന്നു എന്ന് പറയാം . തികച്ചും നാട്ടിന്‍ പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയിലൂടെ സഞ്ചരിച്ചു നഗരത്തില്‍ എത്തിയ ഒരു യുവതിയെ വായനക്കാരന് ഇതില്‍ കണ്ടെത്താന്‍ കഴിയും . അനുഭവങ്ങളുടെ രണ്ടു തലങ്ങള്‍, അതല്ലങ്കില്‍ രണ്ടു തലമുറയുടെ അന്തരങ്ങള്‍ , ഇവയിലൂടെ വായനക്കാരന് സഞ്ചരിക്കാന്‍ കഴിയും . നാട്ടിന്‍ പുറത്തു കാരിയായ ഒരു പെണ്‍കുട്ടി തന്റെ ബാല്യ കൌമാരങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ചകളെ അവള്‍ താരതമ്യം ചെയ്യുന്നത് തന്റെ മകള്‍ ആയ ഇന്നിന്റെ പെണ്‍കുട്ടിയോട് ആണ് . ഈ വായനയില്‍ വായനക്കാരനെ ചിന്തിപ്പിക്കുന്നതും ഈ ഒരു അന്തരം തന്നെയാകും . അഞ്ചു വയസ്സില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അന്യനായ ഒരു പുരുഷനില്‍ നിന്നും ഉണ്ടാകുന്ന അതിരുവിട്ട വാത്സല്യ തഴുകലുകളെ ഭയന്ന് ഓടിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും അതിര് വിടുന്ന ഒരു നോട്ടത്തെ പോലും മുന്‍കൂട്ടി അറിയാനും പ്രതികരിക്കാനും കഴിയുന്ന ഒരു മകളുടെ അമ്മയിലേയ്ക്കുള്ള വളര്‍ച്ച വളരെ മനോഹരമായി പറയുന്നു എഴുത്തുകാരി ഇതില്‍ . മദ്രസ്സ ഉസ്താദിന്റെ വിളയാടലുകളെ വീട്ടില്‍ പറഞ്ഞു അയാളെ അടിച്ചോടിക്കാന്‍ കാരകമാകുന്ന ആ കൊച്ചു കുട്ടിയുടെ മകള്‍, തന്നെ ഉസ്താദ് ചുംബിക്കാന്‍ ശ്രമിച്ചതിനെ ചെറുക്കുകയും അത് അമ്മയോട് പറയുകയും ചെയ്യുന്ന തലം . ദാവണി സ്വപ്നം ഇനിയും മുഴുമിപ്പിക്കാത്ത അമ്മയോട് അതിനെ പുറംതള്ളാന്‍ പറയുന്ന മകള്‍ . അവള്‍ക്കിനിയും മനസ്സിലാകുന്നില്ല എന്റെ ദാവണി മോഹം എന്ന അമ്മയുടെ പരിദേവനം ... ഇങ്ങനെ പല തലങ്ങളില്‍ രണ്ടു തലമുറയുടെ ചിന്തകള്‍ , പ്രതികരണങ്ങള്‍ മുതലായവ എഴുത്തുകാരി തുറന്നിടുന്നു . അതുപോലെ പ്രണയത്തിന്റെ നൂല്‍ തന്നെ വരിഞ്ഞു മുറുക്കിയതും അത് തനിയെ അഴിച്ചു മാറ്റിയതും ( സാഹചര്യങ്ങള്‍ കൊണ്ടും സമൂഹ മര്യാദ ഓര്‍ത്തും കുടുംബങ്ങളിലെ വേദനകളെ ഒഴിവാക്കാനും ). പ്രണയം ഒരു ഊര്‍ജ്ജമായി ധൈര്യമായി തന്റെ ദുഃഖ കാലങ്ങളിളൊക്കെ തന്നെ സഹായിക്കുന്ന ഒരു ഘടകമാക്കിയും എഴുത്തുകാരി ഒരു സാദാനാട്ടിന്‍ പുറത്തു കാരിയുടെ പകിട്ടുകള്‍ ഇല്ലാത്ത മുഖം തുറന്നു കാട്ടുന്നു .
രാഷ്ട്രീയ, മത , സാമൂഹിക വിഷയങ്ങളില്‍ വളരെ ഗൌരവമായി തന്നെ പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എഴുത്തുകാരി സമൂഹത്തോട് തന്റെ കടമ നിറവേറ്റുന്നതു ഓരോ അനുഭവ, ഓര്‍മ്മക്കുറിപ്പുകളിലും ഓരോ സൂചനകളും പാഠങ്ങളും പകര്‍ന്നു കൊണ്ടാണ് .
ഗൌരവപരമായ ഒരു വായന നല്‍കുന്നതല്ല എങ്കിലും , നാം മനസ്സിലാക്കേണ്ട പല സാമൂഹിക വിഷയങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് . വീട്ടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോയേക്കാവുന്ന ചില വീര്‍പ്പുമുട്ടലുകള്‍ എഴുത്തുകാരി നമ്മോടു പങ്കു വയ്ക്കുന്നുണ്ട്‌ .
എച് ആന്‍ഡ്‌ സി പുറത്തിറക്കിയ ഈ പുസ്തകത്തിനു 90 രൂപ ആണ് മുഖ വില . തീര്‍ച്ചയായിട്ടും വായിക്കാന്‍ മുഷിവു തോന്നാത്ത കുഞ്ഞെഴുത്തുകളുടെ ഒരു സമാഹാരം ആണിത് . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

ദേശഭക്തിയുടെ ചതുരംഗകളങ്ങള്‍ !


--
ഇന്ത്യയുടെ ആത്മാവ്
ഗ്രാമങ്ങളിലാണ് .
മഹാത്മജിയുടെ
വാക്കുകള്‍ ഇന്ത്യ നെഞ്ചേറ്റി .
ഇന്നിന്ത്യയുടെ ആത്മാവ്
പച്ച മരങ്ങളില്‍
ഫലങ്ങളായി
തൂങ്ങിയാടുന്നു
ദയനീയതകളായി.
നീതി ലഭിക്കാത്ത
പെണ്‍കിടാങ്ങള്‍
അനീതികള്‍ ആരോപിക്കപ്പെട്ട
കുടുംബങ്ങള്‍
അതെ ,
ഇന്ത്യ വളരുകയാണ് .
ഗ്രാമങ്ങള്‍ ചിന്തിക്കുകയാണ്
രാഷ്ട്രമാതാവിനെ
രാഷ്ട്ര പിതാവിനെ
ദേശീയ മൃഗത്തെ
ആരാകണം ?
എന്താകണം ?
ചിന്തിച്ചു കൂട്ടുകയാണ് തെരുവുകളില്‍ .
സങ്കുചിതമായ മതരാജ്യമായി
നാമെന്തേ വളരുന്നില്ലയെന്ന
കണക്കു കൂട്ടുകയാണ് .
മതരാജ്യങ്ങളിലെ
കൊള്ളരുതായ്മകള്‍ പഠിക്കാന്‍ കഴിയാതെ
നാം മത സംസ്കാരം
വളര്‍ത്താന്‍ ശ്രമിക്കുകയാണ് .
ഗ്രാമങ്ങള്‍ ഇന്ന്
പൂക്കളങ്ങള്‍ തീര്‍ക്കുകയാണ് ,
രക്തവും
മാംസവും കൊണ്ട്
വാക്കും
നോക്കും കൊണ്ട് .
തമ്മില്‍ വെട്ടിമരിക്കുകയാണ് .
മതേതരത്വത്തിന്റെ
ശിശ്നിക മുറിച്ചുകൊണ്ട്
ഗ്രാമങ്ങള്‍
ദേശീയത വളര്‍ത്തുകയാണ് .
ഗ്രാമങ്ങള്‍ കേഴുകയാണ് ഇന്ന് .
ഇന്ത്യ വളരുകയും !
കുത്സിതചിന്തകളില്‍ നിറഞ്ഞു
ഇന്ത്യ വരളുകയാണ് ഇന്ന് .
ഗ്രാമങ്ങളുടെ ആത്മാവ്
വരണ്ടുണങ്ങിയ പാടങ്ങള്‍ പോലെ
വിണ്ടു കീറുകയാണ്
ചോരച്ചാലുകള്‍ നിര്‍മ്മിച്ചുകൊണ്ട്‌ .
----------ബിജു ജി നാഥ് വര്‍ക്കല

Saturday, March 19, 2016

വാനപ്രസ്ഥം


പറയാൻ മറന്നൊരു വാക്കുമായി ഞാനിന്നു
പടി വാതിലിൽ വന്നു നില്കുന്നു മൂകമായി .

അറിയാമതെന്തെന്നു മേതെന്നുമെങ്കിലും
പടിവാതിലപ്പുറം നീ നില്കുന്നുവല്ലോ

നിറമൗനമുറയിട്ടൊരിരുളിന്റെ പിത്തളപ്പിടിയിൽ
കരം വച്ചു ബധിരയായെന്നപോൽ.

മതിയും കൊതിയുമകന്നു പോയ് ദേഹി തൻ
മദവും മറഞ്ഞു പോയ് ഇരുളിലെങ്ങോ

ഇനിയിതനുവിലെ തണുവിന്നു വേണ്ടതൊരു പിടി
മണ്ണെന്നു പതറിയ നിൻ സ്വരം കേള്‍ക്കുന്നു.
-------------------ബിജു ജി നാഥ് വര്‍ക്കല

Tuesday, March 15, 2016

ശരിയിലേക്കുള്ള ദൂരം .


അറിയാതെ പോയൊരു തെറ്റിന്‍
അടയാളമാകും ജീവിതമെങ്കില്‍
അകതാരില്‍ ഉണരുന്ന വേദന
അടക്കുവാന്‍ എന്തുണ്ട് മാര്‍ഗ്ഗം?

കടലോളം ഉണ്ടുള്ളില്‍ സ്നേഹം
കനവില്‍ നിറയുന്നെന്നുമെന്നും
കരയാതെ മിഴികളെ നോക്കുവാന്‍
കരുതലോടെന്നും ചരിപ്പു ഞാനും .

നിനവുകള്‍ക്കപ്പുറം ഞൊടിയില്‍
നിറയുന്നു കടലൊന്നുള്ളിലായ് .
നിപതിച്ചാ തിരകളില്‍ പെട്ടിന്നു
നിലയില്ലാ ചുഴിയിതില്‍ ഞാനും .

ഒരു കാലം വരുമെന്ന് ഞാനും
ഒരുപാട് മോഹിച്ചു പോയിരുന്നു .
ഒടുവിലീ നിമിഷത്തിലറിയുന്നു
ഒരു വന്‍പരാജയം മമ ജീവിതം.
---------ബിജു ജി നാഥ് വര്‍ക്കല

Saturday, March 12, 2016

ഭ്രമകല്പിത ലോകം!


കാഴ്ചകൾക്കപ്പുറം ജീവിതം ശോഭന -
കാഴ്ചകൾ കൊണ്ടു നിറയവേ !
വേഴ്ചകൾ കാപട്യ ഗാഢാലിംഗനങ്ങളാ-
ലാലോലം നിറയുന്നിതെങ്ങും .
നേർത്തൊരു നൂലിനാൽ കാലമിതേകി-
യോരാ ജീവിതപാത കാൺകേ,
ഓർക്കുന്നു മരണത്തിൻ ഗന്ധം നിറയു-
ന്നോരാ യാത്ര മധുരമിതല്ലോ!
വീശിത്തളർന്ന കാറ്റിന്റെ ഗദ്ഗദം നേർ-
ത്തൊരു തേങ്ങലാകുമ്പോൾ
ഭാരമായ് ലോകത്തിലിനിയും മരുവുന്ന -
ദേഹിയെ ഞാൻ വെറുക്കുന്നു .
....................... ബിജു ജി നാഥ് വർക്കല

നെയ്ത്തിരികള്‍ .....ലീല എം ചന്ദ്രന്‍

അഗ്നിയായി പൊള്ളിച്ചും എരിഞ്ഞെരിഞ്ഞു ചുറ്റും പ്രകാശം പരത്തിയും 
ജന്മസാഫല്യം നേടുന്ന 'നെയ്ത്തിരികള്‍'
 'ലീല എം ചന്ദ്രന്‍' എന്ന എഴുത്തുകാരിയുടെ "നെയ്ത്തിരികള്‍" എന്ന കഥാ സമാഹാരം തുടങ്ങുന്നത് കഥാകാരിയുടെ കഥകളുടെ പിറവിയുടെ  ആമുഖത്തോടെയാണ് . സ്വത്വം തേടുന്ന സ്ത്രീയുടെ വിവിധ മുഖങ്ങളെ , അവളുടെ പരാജയങ്ങളെ , ജയങ്ങളെ ഒക്കെ ചൂണ്ടിക്കാണിച്ചു കൊണ്ട് അത് അവസാനിക്കുന്നത് മേല്‍ ഉദ്ധരിച്ച വാചകങ്ങള്‍ കൊണ്ട് ആണ് . ശരിക്കും വായനയില്‍ മനസ്സിലാക്കാന്‍ ആയ വസ്തുതയും മറ്റൊന്നല്ല . ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ നെയ്ത്തിരികള്‍ തന്നെയാണ് . പതിനെട്ടു കഥകളുടെ ഈ സമാഹാരം പതിനെട്ടു ജീവിതങ്ങളുടെ സമാഹാരം ആയാണ് വിശേഷിപ്പിക്കാന്‍ കഴിയുന്നത്‌ . ഓരോ ജീവിതങ്ങളും പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങള്‍ ഇന്നത്തെയും എന്നത്തെയും സമൂഹത്തിലെ ഓരോ കുടുംബങ്ങളെയും ആണ് എന്നതു എഴുത്തുകാരിയിലെ അധ്യാപികയുടെ സാമൂഹികമായ ബോധവും അവയിലെ നന്മതിന്മകളിലെ തിരിച്ചറിവുകളും ആണ് എന്ന് മനസ്സിലാകുന്നു .
ഓരോ കഥയിലും ഒരു പെണ്ണുണ്ട് ... ഓരോ കഥയിലെയും നായികയെ അവള്‍ കൈ പിടിച്ചു നടത്തുന്നത് പരാജയങ്ങളും കണ്ണീരും നല്‍കി വായനക്കാരനെ വേദനിപ്പിക്കാന്‍ അല്ല പകരം ശരി തെറ്റുകള്‍ എന്തെന്ന് വ്യക്തമാക്കി അതിന്റെ സമാപ്തി എന്തായിരിക്കും എന്ന് പറഞ്ഞു തരികയാണ് . ശുഭാപര്യവസാനികളും ദുരന്തപര്യവസാനികളും ആയ കഥകള്‍ ഒക്കെയും നമ്മെ ഓര്‍മ്മിപ്പിക്കുന്നതു നമ്മുടെ ഒരു നിമിഷത്തെ തീരുമാനം , ഒരു വാക്ക് , ഒരു പ്രവര്‍ത്തി ഒക്കെയ്ക്കും നാം കൊടുക്കേണ്ടി വരുന്ന വിലകള്‍ എന്തെന്നാണ് .
തോല്‍ക്കുമ്പോഴും അത് സ്നേഹത്തിനു മുന്നില്‍ ആണെന്നത് ചൂണ്ടിക്കാണിക്കുന്ന , നമ്മുടെ പാരമ്പര്യ സ്വഭാവം നിലനിര്‍ത്തിപോകുന്ന സര്‍വ്വം സഹയായ ഭാര്യമാര്‍ ,  പ്രണയിനിമാര്‍ . അമ്മമാര്‍ , സ്നേഹിതര്‍, അധ്യാപികമാര്‍   തുടങ്ങി സ്ത്രീയുടെ എല്ലാ തലങ്ങളും ഈ കഥാ സമാഹാരത്തില്‍ വന്നു പോകുന്നുണ്ട് . 
അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധവും അനാഥത്വവും മാതൃത്വഭാവങ്ങളും നന്നായി പറഞ്ഞു പോകുന്ന 'ശാന്തിമന്ത്രങ്ങള്‍' എന്ന കഥയിലൂടെ ആണ് നെയ്ത്തിരികള്‍ തുടങ്ങുന്നത് . അമ്മ നഷ്ടമായ ഉല്ലാസിന് ഒരു അമ്മയുടെ സ്ഥാനം നല്‍കി സ്നേഹിച്ചു ലാളിച്ചു ഒടുവില്‍ അവന്റെ അമ്മയാകാന്‍ തന്നെ തീരുമാനിക്കുന്ന അഞ്ജന ടീച്ചര്‍ . ഒടുവില്‍ അവന്റെ അച്ഛനെ നേരില്‍ കാണുമ്പോള്‍ ഒരിക്കല്‍ തന്നെ വിവാഹക്കമ്പോളത്തില്‍ വിലപറഞ്ഞു അപമാനിച്ചു പോയ ആ മനുഷ്യന്‍ ആണ് അതെന്നറിയുമ്പോള്‍ തന്റെ അഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാതെ കുട്ടിയെ നിഷ്കരുണം പുറത്താക്കി വാതിലടയ്ക്കുന്നതും , ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ ആയ കുട്ടിയെ അയാളുടെ ദയനീയമായ അപേക്ഷകള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഉള്ള യാത്രയും ഒക്കെ എത്ര വിലപിടിച്ചതാണെങ്കിലും തന്റെ ആത്മാഭിമാനത്തിന് മേലെ അത് പറക്കില്ല എന്ന് കാണിക്കുന്ന സ്ത്രീ മനസ്സിനെയും ഒപ്പം തന്നെ സ്നേഹത്തിനു മുന്നില്‍ തളര്‍ന്നു പോകുന്ന സ്ത്രീത്വത്തിനെയും ഒരേ ക്യാന്‍വാസില്‍ പകര്‍ത്തിത്തരുന്നു . 'അമിത പറഞ്ഞത് ' എന്ന കഥയാകട്ടെ വിവാഹജീവിതത്തിലെ താളപ്പിഴകളും അപക്വമായ ലൈംഗിക അറിവുകളും കൊണ്ട് പരാജയപ്പെട്ടു പോകുന്ന ദാമ്പത്യത്തേ ഒരു മനശാസ്ത്രജ്ഞന്റെ ഭാവത്തില്‍ നേരിട്ട് കൊണ്ട് അതിനെ തിരുത്തുന്ന അമിതയുടെ മാമി ഓര്‍മ്മിപ്പിക്കുന്നത് സമൂഹത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരം അപക്വ ധാരണകള്‍ കൊണ്ടുള്ള ദോഷങ്ങളും അവയെ സമചിത്തതയോടെ നേരിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയും അവര്‍ മനസ്സ് തുറന്നു പറയാനും തിരുത്താനും തയ്യാറാകും എങ്കില്‍ എന്നുള്ള പാഠം ആണ് .
'നെയ്ത്തിരി ' എന്ന തലക്കെട്ടില്‍ ഉള്ള കഥ സാഹചര്യങ്ങളോട് ഒറ്റയ്ക്ക് പൊരുതി മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഗായത്രി എന്ന അമ്മയുടെത് ആണ് . ഭര്‍ത്താവ് അകാലത്തില്‍ മരണമടഞ്ഞപ്പോള്‍ തന്റെ ജീവിതത്തെ ബലി കഴിച്ചുകൊണ്ട് മകള്‍ക്ക് വേണ്ടി ജീവിച്ച ഒരമ്മ . ഒടുവില്‍ അവള്‍ വലുതായി സ്വന്തം ഇണയുമായി അമ്മയെ തനിച്ചാക്കി കടന്നു പോകുമ്പോള്‍ അവള്‍ പ്രതീക്ഷിക്കുന്ന ഒരു ചോദ്യമുണ്ട് . "അമ്മ ഒറ്റയ്ക്കിവിടെ എങ്ങനാ ?... ഞങ്ങള്‍ക്കൊപ്പം വന്നുകൂടെ....?"
നിശബ്ദമായി മനസ്സില്‍ കൊതിച്ചു നില്‍ക്കുന്ന ആ ഒരു ചോദ്യം മാത്രം ഒരിക്കലും ഉണ്ടാകുന്നില്ല . ഒന്നും ഭാവിക്കാതെ മകളെയും കുടുംബത്തെയും യാത്രയാക്കി തിരികെ നിസ്സംഗതയുടെ ഇരുട്ടില്‍ നിരാശയും ദുഃഖവും ബാക്കിയാക്കി അവള്‍ തിരിച്ചു വരികയാണ്‌ . അവിടെ അവള്‍ കണ്ടെത്തുന്നത് തന്റെ പ്രിയന്‍ തന്നെ വെളിച്ചം നല്‍കി സ്വീകരിക്കുന്നതും . മാനസികമായ ഒരു അഭയം നല്‍കി അവളെ സന്തോഷിപ്പിക്കാന്‍ വിടുന്ന കഥാകാരി ആ അമ്മയുടെ ദുഃഖത്തേ എത്ര തീവ്രവും തരളവുമായാണ് നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നത് .
മറ്റൊരു കഥയായ 'നിയോഗവ്യഥകള്‍' ആണ് ഈ സമാഹാരത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു കഥ എന്ന് പറയാം . റിട്ടയര്‍ ആയി തിരികെ വീട്ടിലേക്കു വരുന്ന ടീച്ചര്‍ തന്റെ അവസാന ദിവസം ആയ ഇന്ന് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ നിശ്ചയമായും എത്തുമെന്ന് വിശ്വസിക്കുന്ന ഭര്‍ത്താവിനെ കാത്തു നില്‍ക്കുന്നിടത്ത് കഥ തുടങ്ങുന്നത് . പക്ഷെ കാത്തിരിപ്പിനൊടുവില്‍ വരുന്നത് ഏക മകന്‍ ആണ് . അച്ഛനെ വീട്ടില്‍ ഇരുത്തി അമ്മയെ വണ്ടിയില്‍ എടുത്തുകൊണ്ടു വന്നുകൊള്ളാമെന്നു പറഞ്ഞു  വന്ന മകനോടുള്ള ഈര്‍ഷ്യ , അത് പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത  അമ്മ . റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കുന്ന ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ , ആഗ്രഹങ്ങള്‍ അവയ്ക്കൊക്കെ മകനും ഭാര്യയും കണ്ടെത്തുന്ന വ്യാഖ്യാനങ്ങള്‍ "ഇപ്പോഴും പിള്ളേര്‍ ആണെന്നാണ്‌ ഭാവം , നാണം ഇല്ല" തുടങ്ങിയ പ്രതികരണങ്ങളില്‍ കൂടി പുറത്തു വരുമ്പോള്‍ നിസ്സഹായയരായ ആ വൃദ്ധദമ്പതികള്‍ അനുഭവിക്കുന്ന മനോവിഷമങ്ങള്‍ എത്ര തന്മയത്തോടെ ആണ് കഥാകാരി പറയുന്നത് . ഒടുവില്‍ രണ്ടുപേരും വിശ്രമകാലം ഒന്നിച്ചു പ്രണയിച്ചു , സന്തോഷിച്ചു കഴിഞ്ഞു കൂടാം എന്ന് കരുതി വരുമ്പോള്‍ ആണ് വേറെ വീട് എടുത്തു കഴിയുന്ന മകന്‍ തന്നെ വണ്ടിയുമായി കൊണ്ട് പോകാന്‍  വന്നത് നാളെ മുതല്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ നോക്കാന്‍ വന്നു നില്‍ക്കണം എന്ന ആവശ്യവുമായാണ് എന്നറിയുന്നത് . നാളെ വരാം എന്ന് പറഞ്ഞു അവന്‍ പോകുമ്പോള്‍ ആ അമ്മയും അച്ഛനും അന്നത്തെ രാത്രി അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ പറയാന്‍ കഥാകാരി പോലും പരാജയപ്പെട്ടു പോകുന്നു . 
"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയുമായിട്ടില്ലന്നു തോന്നുന്നു . അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട് . മക്കളെ വളര്‍ത്തി ഒരു നിലയിലെത്തിച്ചാല്‍പ്പോരാ .... കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ " ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു ...
"പക്ഷെ മുത്തശ്ശന്‍ അവിടെ ഒരധികപറ്റാ "...
 ഒരു മനുഷ്യന്റെ ധര്‍മ്മസങ്കടം ഇതിലും മനോഹരമായി എങ്ങനെ പറയാന്‍ കഴിയും . പുലര്‍ച്ചയ്ക്ക് വരുന്ന മകനോട്‌ അമ്മ വളരെ വേദനയോടു കൂടി ആണെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു ആ കടമ നിരസിക്കുകയും ഒടുവില്‍ അവര്‍ രണ്ടുപേര്‍ക്കും ഒന്നിച്ചു യാത്ര പോകാന്‍ ഉള്ള സാഹചര്യം തെളിയുകയും ചെയ്യുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന സന്തോഷം വായനക്കാരന്റെ കൂടി ആകുന്നു 'രോഗി' എന്ന കഥ അല്പം നര്‍മ്മത്തോട് കൂടിയുള്ളതും വളരെ പ്രസക്തവും ആയ ഒരു കഥയാണ് . രോഗിയല്ലാത്ത ഭര്‍ത്താവിനെ രോഗങ്ങള്‍ വരുമെന്ന ഭീതിയാല്‍ ശുശ്രൂക്ഷിക്കുന്ന ഭാര്യയുടെ വേവലാതികള്‍ . ഒടുവില്‍ സ്ഥിരം കേട്ട് കേട്ട് സ്വയം രോഗിയായി മനസ്സാ വരിക്കുന്ന ഭര്‍ത്താവ് . കഥയുടെ ഒടുക്കം അയാള്‍ അസുഖം വരാതെ രോഗിയായി ജീവിച്ചു മരിച്ചു പോകുന്നിടത്ത് നാം അറിയുന്നു മുന്‍കരുതല്‍ നല്ലതാണ് പക്ഷെ അമിതമായ ആശങ്കകള്‍ നമ്മെ നശിപ്പിക്കും എന്നതാണ് . ഇതില്‍ പറയാതെ പോയ കഥകള്‍ ഒന്നും തന്നെ നല്ലതല്ല എന്നല്ല പക്ഷെ അവ കൂടി പരാമര്‍ശിക്കുക ആണെങ്കില്‍ വായനയുടെ രസം കൊല്ലുക അല്ലെ ചെയ്യുക എന്നൊരു ആശങ്ക ഉണര്‍ത്തുന്നു കാരണം ഓരോ വായനയും ഓരോ ആകാശമാണല്ലോ .
സീയെല്ലസ് പുറത്തിറക്കിയ ഈ പുസ്തകം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും നല്ല നിലവാരം പുലര്‍ത്തി .75 രൂപ മുഖവില ഉള്ള ഈ കഥാ സമാഹാരം നിങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും ശ്രീ ടി എന്‍ പ്രകാശ് ആണ് അവതാരിക .  ഒരധ്യാപികയായ ഈ എഴുത്തുകാരിയുടെ പ്രഥമ കൃതി അല്ല ഇത് . രണ്ടു നോവലും(അന്തിവിളക്കു , ലൗലി ഡാഫോഡില്‍സ് ) ഒരു നാടകവും(ദാശാസന്തി ) സ്വന്തം പേരില്‍ ഉണ്ട് . 
-------------------------------------ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

ലക്ഷ്യമില്ലാത്ത യാത്ര


ശൈത്യത്തിന്റെ ഇടനാഴികളിൽ
ആസുരതയുടെ പ്രചണ്ഡതാളം.
ജീവിതമേ നിന്നുടെ കാലടികൾ
കനൽത്തുണ്ടുകളിൽ ചലിക്കുന്നു.
ഇരുട്ടിനു മുന്നേ വെളിച്ചമാവട്ടെ
സൂര്യനെ കാമിച്ചു കാലമുണരട്ടെ
തൃഷ്ണകളുടെ നൂലിഴകൾ മുറിഞ്ഞു
വേദനകളുടെ നിഴലുകൾ മരിക്കട്ടെ!
ഭാരങ്ങളുടെ പാഥേയമേറ്റി യാത്രകൾ
ശവംനാറിപ്പൂക്കൾ വിടരുമിടവഴികൾ
മുറിയാതെ നീറുന്ന പാശക്കുടുക്കു-
മായിനിയെത്ര നാൾവഴി താണ്ടണം!
....................... ബിജു ജി നാഥ് വർക്കല

Wednesday, March 9, 2016

ചാവുപാടങ്ങള്‍

നിന്റെ പുഞ്ചിരിയിലേക്ക്
പറന്നുയരുന്ന
എന്റെ നൊമ്പരങ്ങൾക്കു
ചിറകു നഷ്ടമാകുമ്പോൾ,
പ്രണയത്തിന്റെ തിരകൾ
കുടിച്ചു വറ്റിയ
തീരം വരണ്ടു കിടക്കുന്ന
ചാവു പാടങ്ങളാകുന്നു.
നീ ഉറയൊഴിയുന്ന നാഗം
പോലേതോ ഇരുണ്ട മാളത്തിലഭയം
തേടുമ്പോൾ
ആകാശം നഷ്ടമായ
നീഡകമൊന്നു
സ്വയം ചിതയായെരിയുവാ-
നാകാതെ ഉരുകുന്നു.
............. ബിജു ജി നാഥ് വർക്കല

നിന്റെ ഓർമ്മകൾ !


നഷ്ടമാകുന്ന പകലുകൾ
മാഞ്ഞു പോകുന്ന നിഴലുകൾ
നിറം വറ്റിയ കനവുകൾ
നിനക്കെത്ര സാദ്ധ്യതകൾ!


ഒരിക്കലും പിരിയാത്ത ഓർമ്മകൾ
മറന്നിടാത്ത ദിനരാത്രങ്ങൾ
മധുരിക്കുന്ന നിമിഷങ്ങൾ
കരളിൽ വേദന പൊടിക്കുന്ന വാക്കുകൾ
നമുക്കിടയിലെ മൗനത്തിലും
നമ്മിലെ വാചാലതയ്ക്കും
എന്തെന്തു ആഴങ്ങൾ!

മുറിഞ്ഞു വീഴുമിലകൾ പോലെ
ഒഴുകിയകലും ജലം പോലെ
പെയ്ത് തോർന്ന മഴ പോലെ
പ്രണയം ശംഖിലൊളിക്കുന്നു.

തിരികെ വരാത്തത്രയും ദൂരേക്ക്
കാഴ്ചയെത്താത്ത താഴ്ചയിൽ
ഇരുട്ടിന്റെ പുതപ്പു മുടിക്കിടക്കാൻ
നിനക്കെന്തിഷ്ടമാണ്!
.................. ബിജു .ജി .നാഥ്

ചോദ്യങ്ങളും ഉത്തരങ്ങളും

അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
രാത്രിയെക്കുറിച്ചും
പകലിനെക്കുറിച്ചും
സൂര്യ ചന്ദ്രന്മാരെക്കുറിച്ചും
നക്ഷത്രങ്ങളെക്കുറിച്ചും
കടലിനെ
കാറ്റിനെ ഒക്കെയും .
 
ഉത്തരങ്ങള്‍ തിരഞ്ഞവര്‍
യാത്രയായത്
പഴകിയ പനയോലകളിലും
മൃഗത്തോലുകളിലും
കാലം കുറിച്ചു വച്ച
പഴയകാലയറിവുകളെ ആണ് .
 
നിറം മങ്ങിയ കണ്ണാടികളില്‍
പതിഞ്ഞ വാമൊഴിപ്പകര്‍പ്പുകളില്‍
കാലം കൈമാറിയ
തെറ്റുകള്‍ അവര്‍ പഠിച്ചു .
അവര്‍ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു .
 
ഉത്തരങ്ങള്‍ അറിയാന്‍
വിദ്യാലയങ്ങളില്‍ പോയവര്‍
അറിഞ്ഞതൊക്കെയും നേരുകള്‍
കണ്ടതൊക്കെയും തെളിവുകള്‍ .
 
തിരികെ വന്നു അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്
ഉത്തരമില്ലാതെ
പഴയ ഏടുകള്‍ വിറച്ചു നിന്നു .
ഉത്തരം കൊടുക്കേണ്ടവര്‍ ഉറഞ്ഞു തുള്ളി. 
 
രക്തം ചീന്തിയും
മര്‍ദ്ദനമുറയാലും
അവര്‍ വീണ്ടും പഠിപ്പിച്ചുകൊണ്ടേയിരുന്നു.
പഴയ ഏടുകളിലെ ചിതല്‍ തിന്ന സംഹിതകള്‍ .
ചോദ്യങ്ങള്‍ നാവിന്‍ തുമ്പില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍
ഉത്തരങ്ങള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു .
-----------------ബിജു ജി നാഥ് വര്‍ക്കല


Sunday, March 6, 2016

ചിലമ്പുന്ന നന്ദുണി ..... ഷീല പോള്‍ രാമെച്ച

"സ്വര്‍ഗ്ഗം തേടി അലയും മാനവരെ
നരകീയതയിലാഴുന്നുവോ ?
വെളിച്ചത്തില്‍ തപ്പിത്തടയും അന്ധരേ,
ഇരുളില്‍ ആഴത്തില്‍ വീണുപോയോ ?"

വായനയില്‍ നമുക്കൊരിക്കലും മുന്‍വിധികള്‍ പാടില്ല എന്നത് വളരെ ശരിയായ ഒരു പ്രയോഗമാണ് . വായിച്ചു പോകുവാന്‍ നമുക്കോരോ കാരണം വേണം, സമൂഹത്തിന്റെ മുന്നില്‍ നമുക്ക് ചോദിക്കാനും പറയാനും ഒരുപാട് വിഷയങ്ങള്‍ ഉണ്ടാകും എങ്കിലും ഇവ നമുക്ക് ചോദിക്കാന്‍ ഉള്ള സമയം ലഭ്യമല്ലാതെ വരുമ്പോള്‍ നാം അവയെ മറ്റു ചിലരിലൂടെ കേള്‍ക്കാന്‍ ആഗ്രഹിക്കുക സ്വാഭാവികമായ മനുഷ്യപ്രവര്‍ത്തിയാണ് .
ഷീല പോള്‍ എന്ന എഴുത്തുകാരിയെ വായിക്കുമ്പോള്‍ നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുക എഴുത്തില്‍ നാം എന്ത് പ്രതീക്ഷിക്കുന്നുവോ അത് എഴുത്തുകാരി നല്‍കുന്നു എന്ന സന്തോഷമാണ് . ഒരു അധ്യാപികയെ പോലെ അല്ലെങ്കില്‍ ഒരു കാരണവത്തിയെ പോലെ നമ്മോടു കഥകള്‍ പറയുന്ന ഒരു കാവ്യരീതി ആണ് ഷീല പോള്‍ രാമെച്ച യുടെ "ചിലമ്പുന്ന നന്ദുണി" എന്ന കവിതാസമാഹാരത്തിന്റെ വായന നമ്മോടു സംവദിക്കുക . അവയില്‍ നമുക്ക് ജീവിതങ്ങളെ കാണാന്‍ കഴിയും , പ്രണയത്തെ തൊട്ടറിയാന്‍ കഴിയും . സൌഹൃദത്തിന്റെ സൌരഭ്യം നുകരാന്‍ കഴിയും . വേദനയുടെ വേര്‍പാടിന്റെ നഷ്ടങ്ങളുടെ സങ്കടങ്ങളുടെ മഴയില്‍ "നനയാന്‍ കഴിയും .
തഴുകാന്‍ കൊതിക്കുന്ന നിന്നെയെന്‍ മനം
പുണരാന്‍ നീട്ടുന്നു പാണികളും;
കദനങ്ങളെല്ലാം ചേര്‍ത്തു നിന്‍ നെഞ്ചില്‍
വിശ്രമിക്കട്ടെ ഞാനല്പനേരം "
പ്രണയാര്‍ദ്രമായ നിമിഷങ്ങളെ നല്‍കുന്ന മനോഹരമായ പല മുഹൂര്‍ത്തങ്ങള്‍ . ഭാഷയുടെ സൗന്ദര്യവും സന്തോഷവും നല്‍കുന്ന വാക്യങ്ങള്‍ , പദ സഞ്ചയങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന് മുപ്പത്തിയാറ് കവിതകള്‍ നമുക്ക് ലഭിക്കുന്നുണ്ട് പാം സാഹിത്യസഹകരണ സംഘം പുറത്തിറക്കിയ ഈ കാവ്യാ സമാഹാരത്തില്‍ .
പ്രവാസിയായ ഷീല പോള്‍ തന്റെ ജീവിതത്തിലെ യാത്രകളും ,ബാല്യ കൌമാരത്തിലേ ജീവിതാനുഭവങ്ങളും വിദേശജീവിതവും നല്‍കിയ പാകതയും പക്വതയും വരികളില്‍ മിതത്വവും ഭംഗിയും കൊരുത്തു വായനക്കാരന് സമര്‍പ്പിക്കുന്നു . ആമുഖത്തില്‍ പറയുന്ന വാക്കുകള്‍ അതുകൊണ്ട് തന്നെ പ്രസക്തമാണ് .
"ഒരു സ്ത്രീ ആയതുകൊണ്ടായിരിക്കാം , യാഥാസ്ഥികത്വവും, കുലീനതയും , ഏകാന്തതയും ഒരുമിച്ചു പണിതീര്‍ത്ത ഒരു കോട്ടയുടെ കിളിവാതിലിലൂടെയാണ് ഞാന്‍ ആദ്യം ലോകത്തെ വീക്ഷിച്ചത്‌ "
ഗൌരി എന്ന കവിതയിലെ സ്ത്രീയെ അവതരിപ്പിക്കുമ്പോള്‍ ആ വീക്ഷണത്തെ നന്നായി നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന മാനുഷിക മൂല്യങ്ങള്‍ ഗൌരി പ്രതിനിധാനം ചെയ്യുന്നത് അതിനാല്‍ ആകണം .
"വൃദ്ധയാം ഗൌരിയോ ശല്യമായി
സംസ്കാര സമ്പന്നര്‍ക്കധമയായി
അഗതിമന്ദിരത്തില്‍ അഗതിയായി
സ്വന്തം രക്തതിനന്യനായി ." എന്ന് ഗൌരിയുടെ വാര്‍ധക്യം പറയുമ്പോള്‍ നമുക്ക് ഊഹിക്കാം ആ ജീവിതത്തിന്റെ ഗതിവിഗതികള്‍ കടന്നു പോയ കേറ്റിറക്കങ്ങള്‍ .. അതുപോലെ തന്നെയാണ് മറ്റൊരിടത്ത്
"സ്വന്തമായോന്നുമില്ലീ ഭൂവില്‍
തനിക്കു താന്‍ പോലും അന്യം;
ദുഃഖമാണ് സ്നേഹം സ്വാര്‍ത്ഥമാണ്
സര്‍വ്വ ത്യാഗമാണതിന്‍ പൊരുള്‍ " എന്ന സാത്വിക വചനങ്ങള്‍ നമ്മെ എതിരേല്‍ക്കുന്നത് .
ലോകത്തെ വീക്ഷിക്കുന്ന കാഴ്ചകളില്‍ കാപട്യങ്ങളെ നന്നായി വിമര്‍ശിക്കുകയും സ്നേഹത്തെ വളരെ ഏറെ ഉത്ഘോഷിക്കുകയും ചെയ്യുന്ന കവയിത്രി സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ , ദുഖങ്ങളെ , ജീവിതത്തെ കോറി ഇടുന്നത് കാല്‍പനികതയില്‍ നിന്നല്ല .
"കാമിനി ! നീയൊരു കാഞ്ചനക്കൂട്ടിലെ തത്തയോ ?
മോഹത്തിന്‍ ചിറകില്‍ പറക്കും കുരികിലോ ;
വീട്ടിലെ മഹാലക്ഷ്മിയോ ? ക്ഷമതന്‍ ഭൂമികന്യയോ,
ആര് നീ ഉലകം വാഴ്ത്തിപ്പാടും ദുഃഖസത്യമോ? "എന്ന് സങ്കടപ്പെടുന്നുണ്ട് സ്ത്രീ എന്ന കവിതയില്‍
"ത്യാഗമാണ് സ്നേഹം , സ്നേഹമാണഖിലം,
അതൊന്നു മാത്രമീ ധരിത്രിതന്‍ സത്യം ,
സര്‍വ്വം സഹയായ സ്ത്രീ തന്നെ പ്രപഞ്ചം
അവള്‍ തന്‍ കണ്ണീരിലൂടോഴുകുന്നീ പുണ്യം "
കവി ഇവിടെ വളരെ വ്യെക്തവും വികാരപരവുമായി പ്രതികരിക്കുന്നു സ്വത്വ ബോധത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ലോകത്തോട്‌ കലഹിക്കുന്ന ഷീല പോള്‍ നാം ആവശ്യം വായിച്ചിരിക്കേണ്ട ഒരു എഴുത്തുകാരി ആണെന്ന ധാരണ ഓരോ കവിതയും നമ്മോടു പുലര്‍ത്തുന്നുണ്ട് .
അറുപതു രൂപ മുഖവിലയുള്ള ഈ പുസ്തകം വായനയുടെ തിരഞ്ഞെടുപ്പില്‍ ഒരു പാഴ്ക്കനി ആകില്ല
---------------------ബി ജി എന്‍ വര്‍ക്കല

Saturday, March 5, 2016

മയില്‍‌പ്പീലിത്തുണ്ടുകള്‍ കഥ പറയുമ്പോള്‍.....രാധാമീര

വായനകള്‍ അനുഭൂതിയാകുന്നത് അത് വായനക്കാരനെ ആകര്‍ഷിക്കുമ്പോള്‍ ആണ് . അവന്റെ ആകര്‍ഷണം എന്നത് അവന്റെ ആസ്വാദന നിലവാരം അനുസരിച്ച് മാറുകയും ചെയ്യുന്നു . പലപ്പോഴും വായനകളില്‍ നമുക്ക് ആലോസരത അനുഭവപ്പെടുകയില്ലാതെ വായിച്ചു പോകാന്‍ തോന്നുന്ന ചില വായനകള്‍ ഉണ്ടാകും . പ്രത്യക്ഷത്തില്‍ അതില്‍ വായിക്കാനോ പഠിക്കുവാനോ കരുതിവയ്ക്കുവാനോ ഒന്നും തന്നെ ഉണ്ടാകണം എന്നില്ല എങ്കിലും അവ നമുക്ക് ആസ്വാദ്യകരമായി അനുഭവപ്പെടും .
മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത കുട്ടികളുണ്ടാവില്ല . ഓരോ ബാല്യവും അത്തരം കഥകളുടെ ഭയവും മധുരവും വേദനയും അനുഭവിച്ചു കടന്നു പോയവ ആണ് . മുതിര്‍ന്നവരിലും ആ കുട്ടിക്കാലം പലപ്പോഴും തലപൊക്കുന്നത് അത്തരം കഥകള്‍ വായിക്കുമ്പോള്‍ ആണ് എന്നത് സന്തോഷകരമായ ഒരു അനുഭവം തന്നെയാണ് എന്ന് പറയാം .
രാധാമീര എന്ന തൂലിക നാമത്തില്‍ എഴുതുന്ന ചന്ദ്രബിന്ദുവിന്റെ "മയില്‍‌പ്പീലിത്തുണ്ടുകള്‍ കഥ പറയുമ്പോള്‍ " എന്ന കഥാ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഒരു മുത്തശ്ശിക്കഥകളുടെ ലാളിത്യവും സൗന്ദര്യവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു . ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി ഇരുന്നു വെറ്റിലചെല്ലം തുറന്നു വച്ച് മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയാണ് . ഒന്നല്ല രണ്ടല്ല മുപ്പത്തഞ്ചു കഥകള്‍ മുപ്പത്തഞ്ചില്‍ അവസാനത്തേത് ആത്മകഥആയി ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന മറ്റൊരു എഴുത്തിന്റെ കര്‍ട്ടന്‍ റേസര്‍ ആണ് എന്നതൊഴിച്ചാല്‍ മറ്റെല്ലാം മുക്കണ്ണന്‍ , കാളി മുത്തി , എന്നൊക്കെ പറയുന്ന ഗ്രാമീണ കഥകളിലെ കഥാപാത്രങ്ങള്‍ തന്നെ ആണ് . പ്രേതം , പിശാചു , യക്ഷി, മാടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ രാവുകളെ എത്ര ഭയപ്പെടുത്തിയിരുന്നു എന്നും അവ പില്‍ക്കാലത് നമ്മെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നും അറിയാന്‍ രാധാ മീരയുടെ കഥകളിലൂടെ കടന്നു പോയാല്‍ മതിയാകും .
ഓജോ ബോര്‍ഡും , നിഗൂഡമായ സമസ്യകളും , സ്വപ്നങ്ങളും , മതിഭ്രമങ്ങളും , വിഭ്രമ കാഴ്ചകളും , കല്പനകളും ഒക്കെ കൂട്ടിക്കുഴച്ചു അനുഭവത്തിന്റെ വെളിച്ചത്തില്‍ മാനസികമായ ഒരു തലത്തില്‍ സ്വാധീനിച്ചു കൊണ്ട് എഴുതാന്‍ ശ്രമിക്കുന്ന എഴുത്തുകളില്‍ കഥാകാരി ഇടയ്ക്ക് ചില ഇടങ്ങളില്‍ തന്റെ തന്നെ അവിശ്വാസം വായനക്കാരോട് പങ്കു വയ്ക്കുന്നത് ഇത് നിങ്ങള്‍ വിശ്വസിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല എന്ന രീതിയില്‍ ആണ് .
വായന കേവലം ആനന്ദവും , വിശ്രമവേളകള്‍ക്ക് വേണ്ടുന്ന ആശ്വാസവും ആകുകയും ബൌദ്ധികമായോ , ഗഗനമായോ വായിക്കണം എന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദേശിക്കാവുന്ന ഈ പുസ്തകം ഇറക്കിയിരിക്കുന്നത് ഹൊറൈസണ്‍ പബ്ലിക്കേഷന്‍ ആണ് . നൂറു രൂപ മുഖ വില ഉള്ള ഈ പുസ്തകത്തില്‍ ബന്യാമിനും എം ഡി രാജേന്ദ്രനും അവതാരികയും കുറിപ്പും എഴുതി അനുഗ്രഹിച്ചിരിക്കുന്നു .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

ചാതുര്‍വര്‍ണ്ണ്യം .


മകനെ ,
ഉണര്‍വ്വിന്റെ ആകാശം കാണാന്‍,
നിന്നിലെ ചേതസ്സു കാണാന്‍
കറുപ്പിന്റെ കോലങ്ങള്‍ക്ക് കഴിയില്ല .
അവര്‍ നിന്റെ സ്വരം കേള്‍ക്കും
നിന്നെ വായിക്കും .
പക്ഷെ നിന്നെ അറിയില്ല .

അവര്‍ നിന്റെ വസ്ത്രം നോക്കും
നിന്റെ നാമം നോക്കും
നിന്നിലെ രാഷ്ട്രീയം തിരയും
നിന്റെ പക്ഷം തിരയും
പിന്നെ അവര്‍ തീരുമാനിക്കും .
നീയെങ്ങനെ സ്വീകാര്യനാവുമെന്നു
നിന്നെയെങ്ങനെ ഉപയോഗിക്കാമെന്ന്
നിന്നെയെങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന് .

വിശക്കുന്നവന്റെ ഗീതകം എഴുതിയാലോ,
അധികാരതെറ്റുകളെ പൊളിച്ചു കാട്ടിയാലോ
മതാന്ധതയുടെ മാറാപ്പു വലിച്ചഴിച്ചാലോ
അവര്‍ നിന്നെ വായിക്കുക
നിന്റെ വസ്ത്രവും നാമവും പക്ഷവും നോക്കിയാകും .

അവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍
അവര്‍ തന്‍ സംഘങ്ങള്‍ ഉണ്ടാകും.
അതിനഭിമതനാണ് നീയെങ്കില്‍
നീയറിയപ്പെടാതെ പോകും .

അപ്പോഴും, അവര്‍ തന്‍ ജിഹ്വകള്‍
അതിഘോരം വിലപിക്കും
മാറി മാറി എഴുതും.
ആരുണ്ട് മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ,
എകാധിപത്യത്തിനു എതിരെ,
ഫാസിസത്തെക്കുറിച്ച്
രണ്ടു വാക്കുറക്കെ പറയാന്‍ ?
നിന്റെ കുരവള്ളിയില്‍ പെരുവിരല്‍ താഴ്ത്തി
അവര്‍ ചുറ്റുപാടും തിരയും .
ആരുണ്ടിവിടെ ഭയമില്ലാത്തവര്‍ ?
ആരുണ്ട്‌ .......?
---------------ബിജു ജി നാഥ് വര്‍ക്കല