Tuesday, June 25, 2019

മരിച്ചവന്റെ പെണ്ണ്.


നോക്കൂ
ക്യാമറക്കണ്ണുകൾ ഇപ്പോള്‍ അങ്ങോട്ടാണ്.
മരിച്ചവന്റെ മുഖത്തു നിന്നും
മെല്ലെ തെന്നി നീങ്ങുന്ന ക്യാമറ
ആര്‍ത്തലയ്ക്കുന്നോരമ്മയെ
തെല്ലു തൊട്ടുഴിഞ്ഞുകൊണ്ട്
അതാ ഒരു മൂലയില്‍
ആരും കാണാതെ വിങ്ങുന്ന
ഒരു പെണ്ണിലേക്ക് തിരിയുന്നു .
സൂം ചെയ്യപ്പെടുന്ന ക്യാമറ
അവളുടെ കണ്ണുകളില്‍
ചുണ്ടുകളില്‍
കപോലങ്ങളില്‍
തെന്നി തെന്നി നീങ്ങുകയാണ് .
ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍
ആസൂത്രണം ചെയ്യപ്പെടുകയാണ്.
തത്സമയവിവരണങ്ങളിലൂടെ
കണ്ണീര്‍ച്ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട്
കവികളില്‍ കവിതകള്‍ നിറച്ചുകൊണ്ട്
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്
പിന്തുടരുകയാണ് ലെന്‍സ്‌.
അതേ ,
മരിച്ചവന് ഒരു പെണ്ണുണ്ടാകണം.
അവളുടെ സ്വകാര്യതകള്‍ ഇനി
പത്രങ്ങള്‍ക്ക് സ്വന്തം .
അവള്‍ കരയുന്നത്,
അവളെ ആശ്വസിപ്പിക്കുന്നത്,
അവള്‍ കഴിക്കുന്നത്‌,
അവള്‍ മൂത്രമൊഴിക്കാന്‍ പോകുന്നത്,
അവള്‍ തുണി ഉടുക്കുന്നത്
എല്ലാമിനി പൊതുജനത്തിന് കാഴ്ച.
മരിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നാണോ?
മരിച്ചവന്റെ പെണ്ണ് ഭാഗ്യവതി എന്നോ
ചരിത്രമേ നീ എഴുതുക ഇനി .?
കൊല്ലപ്പെടുന്നതിനു മുന്‍പ്
പ്രണയിക്കുക ആരെയെങ്കിലും . .
കാരണം ,
നിങ്ങള്‍ക്കൊരു പെണ്ണ് ഉണ്ടായിരിക്കണം.
കണ്ണീര്‍ക്കഥകള്‍ക്കും
ആര്‍ദ്ര ഗീതങ്ങള്‍ക്കും
ഒരു പ്രണയിനി ആവശ്യമാണ്‌ .
..... ബിജു.ജി.നാഥ് വർക്കല

ബന്ധം

ബന്ധങ്ങൾക്കില്ലൊരു പേരെന്നാലും
ബന്ധങ്ങൾ ഹൃദയത്തിൻ ശക്തിയല്ലേ.
ബന്ധനം ഭേദിച്ചു പോകുവതെങ്ങനെ
ബന്ധിതമായൊരാ സ്നേഹ പാശം

Saturday, June 22, 2019

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ................ മാര്‍ക്സ്, എംഗല്‍സ്


കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
മാര്‍ക്സ്, എംഗല്‍സ്
പ്രോഗ്രസ്സിവ് പബ്ലിക്കേഷന്‍സ്


എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും ഒരു കൈപ്പുസ്തകം ഉണ്ടാകും . അത് ഒരു പക്ഷെ മോക്ഷത്തിലേക്ക് ഉള്ളതാകം അല്ലെങ്കില്‍ ജീവിത വിജയത്തിലേക്കുള്ളതാകാം. ഇന്ന് പുറത്തിറങ്ങുന്ന എല്ലാ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും കൂടെ അതെങ്ങനെ ഉപയോഗിക്കണം എന്നൊരു കുറിപ്പുണ്ടാകുന്നത് പോലെ മതവും പ്രത്യാശശാസ്ത്രങ്ങളും അവയുടെ കൈപ്പുസ്തകം ജീവിച്രുചിന്നിട്ടുള്ളതോ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തതോ  ആയ ഓരോരുത്തരുടെ പേരില്‍ പുറത്തിറക്കുകയും അതുപയോഗിച്ച് ആ മതത്തിന്റെയോ വിശ്വാസത്തിന്റെയോ അനുയായികളെ വഴി നടത്തിക്കുകയും ചെയ്യും. ഇത്തരം വഴിനടത്തലുകള്‍ക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു പ്രധാനപോരായ്മ എന്തെന്ന് മനസ്സിലാക്കേണ്ടത് സമൂഹത്തിനു ആവശ്യമായ ഒരു കാര്യം ആണെന്ന് കരുതുന്നു . പൊതുവില്‍ മതങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും അന്ധമായി പിന്തുടരുന്ന ജനത അതിന്റെ കൈപ്പുസ്തകം വായിച്ചു അറിഞ്ഞവര്‍ ആകണം എന്നില്ല. അവര്‍ അവയെ കേട്ടറിഞ്ഞവര്‍ ആണ് കൂടുതലും. അതുകൊണ്ട് തന്നെ തങ്ങളുടെ വിശ്വാസത്തെ അവര്‍ വല്ലാതെ വ്യാഖ്യാനിക്കുകയും അതില്‍ ഇല്ലാത്തതു പോലും അവര്‍   ഉണ്ട് എന്ന് കരുതി വിശ്വാസപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്യും. മതത്തിന്റെ കാര്യത്തില്‍ ഇത് ഏറ്റവും വിശ്വസനീയമായ തെളിവായി കാണാം എന്ന് കരുതുന്നതിലും നല്ലത് പ്രത്യയ ശാസ്ത്രങ്ങളുടെ പേരിലും ഇത് അതേപോലെ പ്രായോഗികമാണ് എന്ന് ചിന്തിക്കുന്നതാണ്. വിശ്വാസങ്ങളുടെ പേരില്‍ ആയുധമെടുക്കുന്നവര്‍ ഒരിക്കലും തെറ്റുകാര്‍ അല്ല. കാരണം അവര്‍ അത് ചെയ്യാന്‍ കാരണം അവരതിനെ പൂര്‍ണ്ണമായും അത് പറയുന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു എന്നതിനാല്‍ ആണ്. അത് മറച്ചു പിടിച്ചുകൊണ്ടു അവര്‍ തെറ്റുകാര്‍ എന്ന് ആ വിശ്വാസത്തില്‍ കഴിയുന്ന ബാക്കിഭൂരിപക്ഷം പറയുന്നത് മേല്‍പ്പറഞ്ഞത്‌  പോലെ അവരതിനെ പഠിച്ചിട്ടില്ലാ എന്നതിനാല്‍ മാത്രമാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയിലും യൂറോപ്പിലും പച്ചപിടിച്ചു തുടങ്ങിയ ഒരു പുതിയ മതം ആണ് കമ്യൂണിസം എന്നത്. കമ്യൂണിസം ഒരു മതമായി നില്‍ക്കുമ്പോള്‍ തന്നെയാണ് അതിന്റെ ആചാര്യതലത്തില്‍ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാ'ണെന്ന നിഗമനങ്ങള്‍ ഉണ്ടായതും എന്നത് തികച്ചും വിരോധാഭാസമായി കാണേണ്ടിയിരിക്കുന്നു. കമ്മ്യൂണിസം എന്താണ് എന്നറിയാന്‍ ലോകമൊട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ ഉപയോഗിക്കുന്ന കൈപ്പുസ്തകം ആണ് "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". മറ്റേതൊരു വിശ്വാസ സമൂഹങ്ങളും അവരുടെ വിശ്വാസത്തെ എന്തെന്ന് പറയാന്‍ ഉപയോഗിക്കുന്ന ഒരു വഴികാട്ടി എന്നതുപോലെ ഇതും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ എന്താണ് എന്ന് പറയാനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് എന്നാണു മനസ്സിലാക്കുന്നത്. എന്താണ് കമ്മ്യൂണിസം എന്ന് മനസ്സിലാക്കാന്‍ ഒരു പുസ്തകവും വായിക്കണ്ട എന്ന് പറയുന്നതും എന്താണ് മനുഷ്യത്വം എന്ന് മനസ്സിലാക്കാന്‍ ഒരു മതത്തിലും വിശ്വസിക്കണ്ട എന്ന് പറയുന്നതും ഒരുപോലെയാണ് എന്നെനിക്കു തോന്നുന്നുണ്ട്. കാരണം എത്ര തന്നെ വായിക്കുന്നോ അത്ര തന്നെ അതിനോടുള്ള ഇഷ്ടങ്ങള്‍ നഷ്ടമാകും എന്നതാണ് .
ഈ പുസ്തകത്തില്‍ എന്താണ് കമ്യൂണിസത്തിന്റെ ലക്‌ഷ്യം എന്ന് പറയുന്നത് എന്നൊന്ന് പരിശോധിക്കാം. 
കമ്മ്യൂണിസ്റ്റ്കാരുടെ അടിയന്തിര ലക്‌ഷ്യം തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക , ബൂര്‍ഷ്വാ മേധാവിത്തം മറിച്ചിടുക തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയാധികാരം പിടിച്ച് പറ്റുക” 
ഇതാണ് ഈ പുസ്തകം പറയുന്നത്. അതായത് അധികാരം പിടിച്ചു പറ്റുക. ബൂര്‍ഷ്വാ മേധാവിത്വം മറിച്ചിടുക. തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക. എന്താണ് അധികാരം പിടിച്ചു പറ്റിയ ശേഷം ചെയ്യുക എന്നത് കമ്മ്യൂണിസ്റ്റ് ആചാര്യമാര്‍ക്ക് പറയാന്‍ അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയാതെ പോയതിനാല്‍ ആകണം റഷ്യയുടെ ഇന്നത്തെ സ്ഥിതി എന്നോ ഇങ്ങു താഴെ ഇന്ത്യയില്‍ പശ്ചിമബംഗാളിലുണ്ടായ സ്ഥിതി എന്നോ ഒക്കെ പറയാന്‍ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക. നാരായണ ഗുരു പറഞ്ഞു 'വിദ്യ കൊണ്ട് പ്രബുധരാകുക സംഘടന കൊണ്ട് ശക്തരാകുക'. ഇവിടെ സംഘടന കൊണ്ട് ശക്തമായി എന്നതിന്റെ അര്‍ത്ഥം എന്താണ് എന്ന് ചോദിച്ചാല്‍ അതിനുത്തരം ആണ് ബൂര്‍ഷാ മേധാവിത്വം മറിച്ചിടുക എന്ന് ഞാന്‍ മനസിലാക്കുന്നു . അങ്ങനെ വരുമ്പോള്‍ എന്താണ് ബൂര്‍ഷാ എന്നതും എന്താണ് തൊഴിലാളി എന്നതും കൂടി  പറയാന്‍ ഈ പുസ്തകം ബാധ്യതപ്പെട്ടിരിക്കുന്നു . അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു.
ബൂര്‍ഷ്വാസി : സാമൂഹ്യ ഉത്പാദനഉപകരണങ്ങളുടെ ഉടമകളും, കൂലിവേലയെടുപ്പിക്കുന്നവരുമായ ആധുനിക മുതലാളി വര്‍ഗ്ഗം.
തൊഴിലാളി: ഉത്പാദനോപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാല്‍ ഉപജീവനാര്‍ത്ഥം തങ്ങളുടെ അധ്വാനശേഷി വില്‍ക്കേണ്ടി വരുന്ന ആധുനിക കൂലിവേലക്കാരുടെ വര്‍ഗ്ഗം.
ഈ നിര്‍വ്വചനങ്ങളില്‍ നിന്നും മനസിലാക്കുക ബൂര്‍ഷ്വാ എന്നാല്‍ മുതലാളി വര്‍ഗ്ഗം ആണ് . അവര്‍ എല്ലാ വിധ സാങ്കേതിക  ഉപകരണങ്ങളുടെയും ഉടമകള്‍ ആണ്. അതുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആണ് തൊഴിലാളികളും. കാരണം അവര്‍ക്ക് അത് സ്വന്തമായി ഇല്ല.  ഇവിടെ മുതലാളി വര്‍ഗ്ഗം ഇല്ലാതായാല്‍ തൊഴിലാളികള്‍ മാത്രം ഉണ്ടാകുകയും സമത്വം ഉണ്ടാകുകയും ചെയ്യും എന്നൊരു കാഴ്ചപ്പാട് ആണ് മുന്നില്‍ വരിക. തൊഴിലാളികള്‍ ആര്‍ക്കു വേണ്ടി പണിയെടുക്കാം എന്നൊരു ചോദ്യം വന്നേക്കാം. അവനവനു വേണ്ടുന്ന വിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി അവന്‍ പണി എടുക്കണം. അത് ശാസ്ത്രത്തിന്റെ വളര്‍ച്ച ആകുമോ? സാങ്കേതിക രംഗത്തിന്റെ വളര്‍ച്ച ആകുമോ ? എന്തിനു സമൂഹത്തിന്റെ തന്നെയും വളര്ച്ചയാകുമോ? അങ്ങനെ ഒരു വളര്‍ച്ച ഉണ്ടാകണം എങ്കില്‍ മൂലധനം വേണം. ഈ മൂലധനം ഉള്ളവര്‍ ബൂര്‍ഷകള്‍ ആണ് . ആ മൂലധനം  പിടിച്ചെടുത്തു തൊഴിലാളികള്‍ക്ക് കൊടുക്കുക എന്നത് കമ്മ്യൂണിസം. ശരി അങ്ങനെ കിട്ടുമ്പോള്‍ തൊഴിലാളികള്‍ക്ക് അതൊരു മൂലധനം ആയി. അപ്പോള്‍ അവരുടെ കൈയ്യില്‍ മൂലധനം ഉണ്ടെങ്കില്‍ അവരും ബൂര്‍ഷകള്‍ ആകുകയല്ലേ തത്വത്തില്‍. അതിനു മറ്റൊരു സംഗതി വിഭാവനം ചെയ്യുന്നു . ആര്‍ക്കും സ്വകാര്യ സ്വത്ത്‌ എന്നൊരു സംഗതി ഉണ്ടാകാതെ അധികം വരുന്നത് എല്ലാം സ്റ്റേറ്റിന്റെ കൈയ്യിലേക്ക് വരണം. അപ്പോള്‍ സ്റ്റേറ്റ് ബൂര്‍ഷ ആയി. ഇത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നൊരു കാഴ്ചപ്പാട് അവര്‍ക്കുണ്ടാകണം. അത് വികസനങ്ങളുടെ വിരോധത്തിനു മേല്‍ ആണ്  നിലനില്‍ക്കുന്നതെങ്കില്‍ എങ്ങനെയാണ് ആ മൂലധനം വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുക. ഇതിലും രസകരമായ മറ്റൊരു സംഗതി എന്താണ് ബൂര്‍ഷ്വാസി എന്ന് മാനിഫെസ്റ്റോ വിവരിക്കുന്നവയാണ് .
"ബൂര്‍ഷാസി അതിനു പ്രാബല്യം ലഭിച്ച ഇടങ്ങളിലെല്ലാം സര്‍വ്വവിധ നാടുവാഴി ബന്ധങ്ങളും പാട്ട്രിയാര്‍ക്കീര്‍ക്കിക്കല്‍ ബന്ധങ്ങളും ഗ്രാമീണ ബന്ധങ്ങളും ഇല്ലായ്മ ചെയ്തു. "
"മനുഷ്യനും മനുഷ്യനും തമ്മിലുള്ള നഗ്നമായ സ്വാര്‍ത്ഥമൊഴികെ , ഹൃദയശൂന്യമായ രൊക്കം പൈസയോഴികെ മറ്റൊന്നും അത് ബാക്കി വച്ചില്ല."
"അതുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കുകയും ചെയ്തുവന്നിരുന്ന എല്ലാത്തരം തൊഴിലിന്റെയും മാഹാത്മ്യത്തെ ബൂര്‍ഷാസി നിശേഷം നശിപ്പിച്ചുകളഞ്ഞു."
"മനുഷ്യന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്തൊക്കെ നേടാനാവുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷാസിയാണ്."
"ഉത്പാദനത്തില്‍ സമൂലപരിവര്‍ത്തനം , എല്ലാ സാമൂഹിക സ്ഥിതിഗതികള്‍ക്കും ഇടതവില്ലാത്ത ഇളകി മറിച്ചില്‍, അവസാനിക്കാത്ത അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും ഇതൊക്കെയാണ് ബൂര്‍ഷാ കാലഘട്ടത്തെ മറ്റു കാലഘട്ടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന പ്രത്യേകതകള്‍."
ഇതൊക്കെക്കൊണ്ട് എന്ത് സംഭവിക്കുന്നു ?
"അവസാനം മനുഷ്യന്‍ തന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെയും തന്റെ കൂട്ടുകാരുമായുള്ള ബന്ധത്തെയും സമചിത്തതയോടെ നേരിടാന്‍ നിര്‍ബന്ധിതനാകുന്നു."
"ദേശീയമായ പക്ഷപാതിത്വവും സങ്കുചിത മനസ്ഥിതിയും അധികമധികം അസാധ്യമായിത്തീരുന്നു."
എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് . ബൂര്‍ഷ്വാസികള്‍ എന്നാല്‍ ഒഴിവാക്കേണ്ട ഒരു വിഭാഗം എന്ന് തന്നെയല്ലേ. അതെ അത് തന്നെ ഇവിടെ ഒടുക്കം പറയുന്നു. എന്താണത്.
"ബൂര്‍ഷ്വയോ ഇടത്തരം ഭൂവുടമയോ വഴിയില്‍ നിന്നും അടിച്ചു നീക്കണം . അങ്ങനെയൊരാള്‍  ഉണ്ടാകാന്‍ പാടില്ല."
ഇതല്ലേ മതവും ചെയ്യുന്നത്. തന്റെ മതത്തിന്റെ ആശയങ്ങളും ആയി പൊരുത്തപ്പെടാത്തവര്‍ എല്ലാം തന്റെ ശത്രുക്കള്‍ ആണ് അതിനാല്‍ അവരെ ഉന്മൂലനം ചെയ്യണം. അപ്പോള്‍ കമ്മ്യൂണിസം ഒരു മതമല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുക. എതിരാളികളെ കൊന്നൊടുക്കുന്നതില്‍ അവര്‍ക്കുള്ള ഭയാനകമായ ചരിത്രങ്ങള്‍ നമുക്ക് ഇന്ന് ലഭ്യമാണെന്നിരിക്കെ. പലപ്പോഴും അവ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്ന് കാണവേ മാനിഫെസ്റ്റോ വായിച്ച് ഒരാള്‍ കമ്മ്യൂണിസം സ്നേഹമാണ് എന്ന് വിശ്വസിക്കും എന്ന് ഇപ്പോഴും നേതൃത്വങ്ങള്‍ കരുതുന്നുണ്ടാകുമോ? സ്ത്രീകളോടുള്ള കമ്യൂണിസത്തിന്റെ ആദ്യകാല കാഴ്ചപ്പാട് എന്തായിരുന്നുഎ എന്നതിന് മാനിഫെസ്റ്റോ തരുന്ന ഉത്തരം കൂടി ഇതിനൊപ്പം പരിശോധിക്കപ്പെടണം.
ബൂര്‍ഷ്വാസികളുടെ നയവൈകല്യം മൂലം തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന ച്യുതി എന്തെന്ന് നോക്കാം.
"തൊഴിലിന്നാവശ്യമായ സാമര്‍ത്ഥ്യവും അത് ചെയ്യാനുള്ള കായികാധ്വാനവും ചുരുങ്ങി വന്നതോടെ അതായത് ആധുനിക വ്യവസായം കൂടുതല്‍ വികസിക്കുംതോറും പുരുഷന്മാര്‍ക്ക് പകരം സ്ത്രീകളെ തൊഴിലാളിയായി എടുക്കുന്ന സമ്പ്രദായം കൂടി വരുന്നു."
ഇതൊരു പരാതിയായി വായനയില്‍ മുഴച്ചു നില്‍ക്കുന്നു. ഒപ്പം തന്നെ മറ്റൊരു വിശദീകരണം കൂടി ഉള്ളത് നോക്കാം. കുടുംബ വ്യവസ്ഥയില്‍ കമ്യൂണിസം വീട് കുടുംബം എന്നതിനപ്പുറം സമൂഹം എന്നൊരു കാഴ്ചപ്പാട് ആണ് മുന്നോട്ട് വയ്ക്കുന്നത്. സ്വകാര്യ സ്വത്ത് എന്നൊരു സംഗതി വേണ്ട എന്നത് പോലെ സ്ത്രീകളുടെ മേല്‍ ഉള്ള സ്വകാര്യസ്വത്ത്‌ എന്ന കാഴ്ചപ്പാടും വേണ്ട എന്ന സ്വതന്ത്ര ചിന്ത കമ്യൂണിസം മുന്നോട്ടു വയ്ക്കുന്നു. നല്ല കാര്യം പക്ഷെ അതിനു അവര്‍ നല്‍കുന്ന വിശദീകരണം ആണ് ആ കാഴ്ചപ്പാടിലെ സ്ത്രീ വിരുദ്ധതയെ നന്നായി പ്രതിഫലിപ്പിക്കുന്നത്.
"സ്ത്രീകളുടെമേല്‍ പൊതുവുടമ സ്ഥാപിക്കേണ്ടതായ ആവശ്യം കമ്മ്യൂണിസത്തിനില്ല . അനാദികാലം മുതല്‍ക്കേ അത് നിലനിന്നു പോയിട്ടുണ്ട്."
അതെ പണ്ട് മുതലേ നിലനിന്നു പോയ ഒരു സംഗതിയാണ് അത് അതിനെ നിങ്ങള്‍ പിന്തുടരുക മാത്രം മതി. അതിനര്‍ത്ഥം നിങ്ങളായിട്ടു പൊതുമുതല്‍ ആക്കണ്ട അവള്‍ പണ്ട് മുതലേ പൊതുമുതല്‍ ആണ് . ഇതിനെ സ്വതന്ത്ര ചിന്ത എന്ന് വിളിക്കാമോ എന്ന കാര്യത്തില്‍ വായനക്കാര്‍ക്ക് ഒരു യോജിപ്പില്‍ എത്താന്‍ കഴിയുമായിരിക്കും എന്ന് കരുതുന്നു.
വിഭവങ്ങള്‍ നിര്‍മ്മിക്കുന്നതും അവ ഉപയോഗിക്കുന്നതും ദേശീയമായിട്ടാകണം എന്നും ഒന്നും പുറത്തു നിന്നും വരുകയോ പുറത്തേക്ക് പോകുകയോ ചെയ്യാതിരിക്കണം എന്നും അത് വിഭാവനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു രാഷ്ട്രത്തിനു നിലനില്പ്പെന്നത് എത്രകണ്ട് പ്രായോഗികം ആകും എന്നത് ചിന്തനീയം. കാരണം കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്
 "എല്ലാ വ്യാവസായിക നിലനില്‍പ്പിന്റെയും ആദ്യത്തെ ഉപാധി എന്നത് പഴയ ഉത്പാദന രീതികളെ ഒരു മാറ്റവും കൂടാതെ  നിലനിര്‍ത്തുക എന്നതാണ്." 
ആധുനികതയെ കണ്ണുമടച്ചു നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ട് പുരോഗമനത്തെ എങ്ങനെയാണ് ഒരു സമൂഹം, ഒരു രാഷ്ട്രം സ്വീകരിക്കുക.
നവീകരണം എല്ലാ തലങ്ങളിലും ആവശ്യമാണ്‌ . ഈ മാനിഫെസ്റ്റൊയുടെ തുടക്കത്തിലെ മുഖക്കുറിപ്പില്‍ മാര്‍ക്സും എംഗല്‍സും പറയുന്ന ഒരു വാക്യമുണ്ട്.
 “മാനിഫെസ്റ്റോയില്‍ പറയുന്നത് പോലെ എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക.” 
എന്നാല്‍ ഈ ഒരു സംഗതിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എപ്പോഴെങ്കിലും എവിടെയെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയോ അതിനു  പരിശീലിച്ചു തെളിയിക്കുകയോ ഉണ്ടായിട്ടുണ്ടോ? ലോകത്തെവിടെയാണ്‌ കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന ഒരു സമൂഹത്തെ അവര്‍ക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അത് ഉത്ഭവിച്ച രാജ്യങ്ങളില്‍? പൂര്‍ണ്ണമായും അവരുടെ കീഴില്‍ ഉണ്ടായിരുന്ന, ഉള്ള ഏതെങ്കിലും ഇടങ്ങളില്‍ അങ്ങനെ ഒരു സാമൂഹ്യ ജീവിതക്രമവും സാമ്പത്തികപുരോഗതിയും രാഷ്ട്രപുരോഗതിയും ഉണ്ടായതായി പറയാന്‍ കഴിയുമോ? അപചയങ്ങളെ മുന്നില്‍ കണ്ടു അവയെ തിരുത്താന്‍ കഴിയാത്തിടത്തോളം ഒരു വിശ്വാസത്തിനും നിലനില്പ്പുണ്ടാകില്ല അധിക കാലം. ഒരു നൂറ്റാണ്ടു കൂടി കഴിയുമ്പോള്‍ ഇല്ലാതാകുക മതം മാത്രമാകില്ല കമ്മ്യൂണിസം കൂടിയാകും അവര്‍ അതിനു നവീകരണം നടത്താന്‍ തയ്യാറായില്ല എങ്കില്‍. അടിത്തട്ടില്‍ നിന്നും ഉണ്ടാകേണ്ട വളര്‍ച്ചയ്ക്ക് ഒരു ക്രമം തുടക്കത്തില്‍ എങ്കിലും ഉണ്ടായിരുന്നു എങ്കിലും മാറുന്ന കാലത്തിനു അനുസരിച്ച് അവ മാറ്റാനോ പരിഷ്കരിക്കാനോ കഴിയാതെ പോയതാണ് എല്ലാ ഇടങ്ങളിലും ലോപിച്ച് പോകുന്ന ഒരു വിശ്വാസമായി ഈ ആശയവും മാറാന്‍ കാരണം. സോഷ്യല്‍ മീഡിയകളില്‍ ഇരുന്നു ഇന്ന് മാര്‍ക്സിനെയും എംഗല്‍സിനെയും വരെ കമ്മ്യൂണിസം എന്ത് എന്ന് പഠിപ്പിക്കുന്ന പുതിയ സഖാക്കള്‍ എങ്കിലും ഇത് തിരിച്ചറിയുമ്പോള്‍ മാനിഫെസ്റ്റോ ഒരു പുതിയ മുഖത്തോടെ കൂടുതല്‍ സ്വീകാര്യതയോടെ മുന്നോട്ടു വരും എന്ന ശുഭാപ്തി വിശ്വാസത്തോടെ ബി.ജി.എന്‍ വര്‍ക്കല


Wednesday, June 19, 2019

കവി സത്യവാനാണ് ....!

എഴുതാനൊന്നുമില്ലാത്തവന്റെ
വിളറിയ ഹൃദയം പോലെ
ശോകാകുലമായൊന്നുമില്ല കാഴ്ച
ഭൂമിയിലെ മറ്റൊരു വേദനയും അതിനൊപ്പവുമല്ല.
കവി സത്യം പറയുന്നവനെന്നൊരു ഭാഷണം കേൾക്കവേ
ഞാനെന്റെ കവിതകൾ മറിച്ചു നോക്കി.
സത്യം.... എന്തൊരു നുണയാണത്.
പ്രണയമായും
രതിയായും
നിലാവിന്റെ ഓലക്കുടയായും
കവിതകളിൽ കളവുകൾ നിറഞ്ഞു കിടക്കുന്നു.
ഞാനാരെയും (നിന്നെയല്ലാതെ) പ്രണയിച്ചിട്ടില്ലായെന്ന്
അവനും അവളും ആവർത്തിക്കുന്നു.
കവിതയിൽ എഴുത്തുകാരനെ തിരയരുതേയെന്ന
കരാറുമായ് അവർ തർക്കത്തിലേർപ്പെടുന്നു.
നിഗൂഢമായ പ്രണയ രസങ്ങൾ നിറച്ച
അതിമധുരമായ പാനീയം അവർ നുണയുന്നു.
നിന്റെ വരികളിലെ പ്രണയം നുകരാൻ
എനിക്കു ഭാഗ്യം ലഭിച്ചെങ്കിലെന്നവർ സ്വകാര്യമായെഴുതുന്നു.
സത്യമായും ഞാൻ നിന്റെയെന്ന മറുവാക്കിൽ
സ്വപ്നങ്ങൾ പൂക്കുന്നു
അവനോ അവളോ
ആരോ ഒരാൾ
അല്ലെങ്കിൽ രണ്ടു പേരും കളവു പറയുന്നു.
ഞാൻ എന്നെ വച്ച് ലോകത്തെ വായിക്കുമ്പോൾ
കാഴ്ചയും കാലവും എനിക്ക് മാത്രം ശരിയാകുന്നുവോ?
നീ പറയാത്തവ കണ്ടെടുക്കുന്നതിൽ
ഞാനാനന്ദം കൊള്ളുന്നു.
പരസ്പരം അവിശ്വാസികളായ് നാം
നമ്മെ അപരനിലൂടെ തിരയുന്നു
പിന്നെ, ആ സത്യങ്ങളെ ശരിയായ് നിനച്ച്
വെറുതെ കനലുകൾ തിന്നുന്നു.
..... ബി.ജി.എൻ വർക്കല 19.06.2019

Monday, June 17, 2019

നിന്റെ പ്രണയം

ഒറ്റ ഋതുവിലും
ഒരേ പക്ഷി തിരികെ വരാത്ത
ഓർമ്മ പോലെ
ഒരു നദിയിലും
ഒരിക്കൽ മാത്രം മുങ്ങാനാവുന്ന
ഒഴുക്കു പോലെ
നിന്റെ പ്രണയവും...!
..... ബി.ജി.എൻ വർക്കല

Saturday, June 15, 2019

മാസ്റ്റർ പീസ്

ജീവിതത്തെ എഴുതിപ്പഠിക്കുന്നവൻ
ഒരിക്കൽ,
ഒരിക്കൽ മാത്രം
ജീവിതത്തെ വരച്ചു നോക്കുന്നു.
നിറങ്ങൾ ഏതൊക്കെ ചേർത്തിട്ടും
വരകൾ എങ്ങനെയൊക്കെ വരച്ചിട്ടും
പൂർണ്ണമാകാത്തൊരു ചിത്രം!
അയാൾ നിരാശനായില്ല.
കടലാസ് വലിച്ചു കീറിയ ശേഷം
സ്വന്തം ഹൃദയത്തെ നെടുകെ പിളർന്ന്
സ്റ്റാന്റിൽ പതിപ്പിച്ചു.
വാർന്നു പോയ ചോര ബ്രഷാൽ ഒപ്പി
വീണ്ടും വരച്ചു തുടങ്ങി.
ചുവന്ന നിറം മാറി വരുന്നതും
മഴവില്ലിൻ വർണ്ണജാലം വിരിയുന്നതും കണ്ട്
ആസ്വാദകർ ആരവം മുഴക്കി.
അനുമോദനങ്ങളുടെ പൂക്കൂടകളുമായവർ
അയാളെ തേടി വന്നു.
കുളിച്ചൊരുങ്ങി ആദ്യമായയാൾ അവരെ കാത്തുകിടന്നു.
ഓരോ പൂക്കൂടകളും അവരയാളുടെ
ശൂന്യമായ നെഞ്ചിൽ വച്ചു കടന്നു പോയി.
അപ്പോൾ,
അയാളൊരിക്കലും ചിരിച്ചിട്ടില്ലാത്ത വിധം
ഒരു നേർത്ത സ്മിതം ആ മുഖത്തുണ്ടായിരുന്നു.
ആരും അതു കണ്ടതേയില്ല.
..... ബിജു.ജി.നാഥ് വർക്കല  15.06.2019

Memories of a Father ...................Prof: T.V Eachara Varier


Memories of a Father
Prof: T.V Eachara Varier
Translated by Neelan
Published by Asia Human Rights & Jananeethi.


മനുഷ്യര്‍ ഓര്‍മ്മകളുടെ ശവമഞ്ചം പേറുന്ന ജീവികള്‍ ആണ് . ഓര്‍മ്മകള്‍ക്ക് സമ്മിശ്രഗന്ധമാണ് എങ്കിലും അവ നല്‍കുന്ന പ്രതികരണങ്ങള്‍ അവന്റെ ജീവിതത്തെ നയിക്കുന്നത് അഗാധമായ വികാരങ്ങളിലേക്കാണ്. ചിലരുടെ ഓര്‍മ്മകള്‍ സന്തോഷം നല്‍കുന്നവ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് പറയാനുണ്ടാകുക ദുഃഖങ്ങള്‍ മാത്രമാകും . വായനക്കാര്‍ ഇത്തരം ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്തിലൂടെയാണ്‌ സഞ്ചരിക്കുക. ഒരു പക്ഷെ താന്‍ കടന്നുപോയ ഒരു കാലമാകം അത് അല്ലെങ്കില്‍ താന്‍ കേട്ട് വളര്‍ന്ന ഒരു കാലമോ കഥയോ ആകാം. ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് ഒരു രാജ്യത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആകുന്നതെങ്ങനെ എന്നറിയാന്‍ വായിക്കേണ്ട ഒരു പുസ്തകമാണ്  പ്രൊഫ ഈച്ചരവാര്യര്‍ എഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍". ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷനും ജനനീതിയും ചേര്‍ന്ന് ഈ പുസ്തകത്തിന്റെ ആംഗലേയ പരിഭാഷ മലയാളത്തില്‍ നിന്നും നീലന്‍ വഴി നിര്‍വഹിക്കുകയും അത് ലോകം വായിക്കുകയും ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് .
അടിയന്തിരാവസ്ഥ എന്നൊരു കറുത്ത കാലം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട് . എഴുപത്തഞ്ചു എഴുപത്തിയാറു കാലത്തെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സമൂഹം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ട്. കാരണം ഒരുപാട് നഷ്ടങ്ങള്‍ അത് നല്‍കിയെന്നത് തന്നെയാണ്. എത്രയോ മനുഷ്യര്‍ ആണ് ഒരിക്കലും ആരും കാണാത്ത ഇടങ്ങളിലേക്ക് മറഞ്ഞുപോയത്. ഏതൊരു പോലീസുകാരനും ആരുടെ ചങ്കിലേക്കും വെടിയുണ്ട പായിക്കാന്‍ കഴിയുന്ന ഒരു കാലമായിരുന്നത്. അത്തരം ഒരു കാലത്ത് കേരളത്തിലും സ്ഥിതി മോശമായിരുന്നില്ല. ഇന്ദിരയുടെ വിശ്വസ്തനായ കരുണാകരന്‍ ആഭ്യന്തരം കൈകാര്യം ചെയ്ത ആ കാലത്ത് കേരളത്തിലെ കായണ്ണ പോലീസ് സ്റ്റേഷനില്‍ നക്സല്‍ ആക്രമണം നടക്കുകയും ഒരു റൈഫിള്‍ അവര്‍ കവര്‍ന്നു കൊണ്ട് പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നടന്ന പോലീസ് ആക്ഷനില്‍ ചാത്തമംഗലം എഞ്ചിനീയറിംഗ് കോളേജിലെ രാജന്‍ എന്ന യുവാവിനെയും കുറച്ചു ചെറുപ്പക്കാരെയും പോലീസ് , കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പിലേക്ക് കൊണ്ട് പോയി. പിന്നീട് ഒരിക്കലും രാജനെ ആരും കണ്ടിട്ടില്ല. മകനെ അന്വേഷിച്ചു ചെന്ന പിതാവിനോട് അവന്‍ ഉള്ളില്‍ ഉണ്ട് പക്ഷെ കാണാന്‍ പറ്റില്ല എന്ന് പറഞ്ഞ കാവല്‍ക്കാരന്റെ മുന്നില്‍ നിന്നും നിസ്സഹായനായി തിരിഞ്ഞു നടന്ന ആ പിതാവിന്റെ പേരാണ് ഈച്ചര വാര്യര്‍. തന്റെ ഒറ്റമകനെ വിട്ടുകിട്ടാന്‍ അദ്ദേഹം കരുണാകരന്‍ , അച്യുതമേനോന്‍ എന്നിവരെയും പോലീസ് മേധാവി രാജനെയും സമീപിച്ചുവെങ്കിലും അവരൊക്കെയും കൈയ്യൊഴിയുകയായിരുന്നു..
            പില്‍ക്കാലത്ത് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാകുകയും അഖിലേന്ത്യാ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന ഒരു വലിയ നിയമ പോരാട്ടം അദ്ദേഹം നടത്തുകയുണ്ടായി തന്റെ മകനെ തിരിച്ചു കിട്ടാനായി. മകന്‍ മരിച്ചതറിയാതെ അവനെ പ്രതീക്ഷയോടെ കാത്തിരുന്നു മരിച്ച ഒരമ്മയും അവനെ തിരഞ്ഞു തിരഞ്ഞൊടുവിൽ അവനൊപ്പം ക്യാമ്പില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അവന്‍ പോലീസ് ചോദ്യം ചെയ്യലില്‍ കൊല്ലപ്പെടുകയും എവിടെയോ പഞ്ചസാരചേര്‍ത്തു കത്തിച്ചു തെളിവുകള്‍ പോലും പോലീസ് നശിപ്പിക്കുകയും ചെയ്തു എന്ന വാര്‍ത്ത അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വരികയും അലയലിനു വിരാമമിട്ടുകൊണ്ട് മാനസിക വിഷമം നിറഞ്ഞ വാർദ്ധക്യവും രോഗവും മൂലം മരണത്തിലേക്ക് നടന്നു പോകുകയും ചെയ്തു . ഒരച്ഛന്റെ മാനസിക സംഘര്‍ഷങ്ങളും ആത്മവേദനയും വായനക്കാരെ അഗാധമായ ദുഃഖത്തില്‍ ആഴ്ത്തും എന്നത് ആ ഓര്‍മ്മകളുടെ തീവ്രത എത്രയെന്നു നമ്മേ ഓര്‍മ്മിപ്പിക്കുന്നു .
            രാഷ്ട്രീയവും അധികാരവും സാധാരണ ജനത്തോടു കാണിക്കുന്ന അവഗണനയും നിസ്സഹകരണ മനോഭാവവും എത്ര വലുതാണ്‌ എന്നറിയാന്‍ ഈ പുസ്തകം നല്ലൊരു ഉദാഹരണം ആണ് . അധികാരം എന്നത് ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതാകണം.. ജനത്തിന്റെ സുരക്ഷയും സന്തോഷവും പ്രദാനം ചെയ്യുന്നതിനു കഴിയാത്ത അധികാരം എകാധിപത്യത്തിന്റെയാണ്. ജനാധിപത്യം എന്നത് ഇന്ന് വിലകുറഞ്ഞ ഒരു വിപണനതന്ത്രം മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യ എന്ന രാജ്യത്തില്‍ പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഓര്‍മ്മിപ്പിക്കാന്‍ ഉള്ളതും. മാനുഷിക മൂല്യങ്ങളെ ഒരിക്കലും പരിഗണിക്കാതെ ഭരണാധിപന്‍മാര്‍ എങ്ങനെയാണ് ഒരു രാഷ്ട്രത്തെ വളര്‍ത്തിയെടുക്കുക. അടിയന്തിരവസ്തയെക്കുറിച്ചൊക്കെ ഒരുപാട് പുസ്തകങ്ങള്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. കക്കയം ക്യാമ്പിന്റെ ഓര്‍മ്മകളും ഇറങ്ങിയിട്ടുണ്ട് . ഒട്ടനവധി കഥകളും ലേഖനങ്ങളും സിനിമ, ഡോക്യുമെന്ററികളും അതിന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇവയൊന്നും തന്നെ നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്കോ ജീവനോ നീതി നല്‍കുന്നതല്ല എന്നതാണ്  ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇന്നൊരു പക്ഷെ ഇത്തരം അതിക്രൂരമായ ഒരു അവസ്ഥ നമുക്ക് അനുഭവിക്കേണ്ടി വരില്ല എന്ന ധാരണ സമൂഹം വച്ച് പുലര്‍ത്തുന്നുണ്ട്. പക്ഷെ അത് വെറും മോഹം മാത്രമാകും എന്നോര്‍മ്മിപ്പിക്കുന്ന ഭരണാധികാരികള്‍ ആണ് നമ്മെ മുന്നോട്ടു നയിക്കുന്നത് എന്നതിനാല്‍ ഭാവിയിലും ഇത്തരം പുസ്തകങ്ങള്‍ വായിക്കപ്പെടേണ്ടിി വരുമോ എന്നൊരു ഭയത്തോടുകൂടി വായന മുഴുമിപ്പിക്കുകയായിരുന്നു .
ബി.ജി.എന്‍ വര്‍ക്കല




Thursday, June 13, 2019

സമുദ്രശില ......... സുഭാഷ് ചന്ദ്രൻ

സമുദ്രശില (നോവല്‍)
സുഭാഷ് ചന്ദ്രന്‍
മാതൃഭൂമി ബുക്സ്
വില : 325 രൂപ


      ജീവിതം പലപ്പോഴും മനസ്സിനെ നോവിപ്പിക്കുന്ന സമസ്യകളുടെ ഒരു പെരുമഴക്കാലം ആണ് . ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കഴിയുന്ന ജന്മങ്ങള്‍ ആണ് മനുഷ്യര്‍. എന്താണ് പ്രണയം എന്നും എന്താണ് ജീവിതം എന്നും നിര്‍വചിക്കാന്‍ കഴിയാതെ മനുഷ്യര്‍ ഇന്നും അതില്‍ ഗവേഷണം നടത്തുന്നു . ബുദ്ധന്‍ ജീവിതകാലം മുഴുവന്‍ സത്യം തേടി അലഞ്ഞതും ഒടുവില്‍ ബോധോദയം ഉണ്ടായതും കഥയും ജീവിതവും ഇഴചേര്‍ന്ന ഒരു മിത്തായി അവശേഷിക്കുന്നു. ഇവിടെയാണ്, ഈ ചുറ്റുപാടുകളില്‍ ആണ് എന്താണ് "ഉപാധികളില്ലാത്ത സ്നേഹം " എന്ന അന്വേഷണവുമായി ശ്രീ സുഭാഷ് ചന്ദ്രന്‍ മുന്നോട്ട് വരുന്നത്. വേദ കാലഘട്ടത്തിലെ ഇതിഹാസ കഥയില്‍ നിന്നും , വേദ വ്യാസനില്‍ നിന്നും ഒരു തുടർച്ചയായി, വ്യക്തമായി പറയുകയാണെങ്കില്‍ വ്യാസന്റെ അവതാരമായി സുഭാഷ് ചന്ദ്രന്‍ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടു വ്യാസനാല്‍ പൂര്‍ണ്ണമാക്കാന്‍ കഴിയാതെ പോയ അംബയുടെ ജീവിതത്തെ എഴുതാനും അത് വഴി അംബ വ്യാസനോടു ചോദിക്കുന്നതായി നവയുഗവ്യാസന്‍ കരുതുന്ന ആ ചോദ്യം, എന്താണ് ഉപാധികളില്ലാത്ത സ്നേഹം ? എന്നതിന്റെ ഉത്തരം തേടുകയും ചെയ്യുകയാണ് ഈ നോവലിലൂടെ . വ്യാസൻ അന്നു പറഞ്ഞതുപോലെ ഒടുവില്‍ കലിയുഗത്തിന്റെ ഈ അര്‍ദ്ധപാതിയില്‍ അതോ അവസാനപാദത്തിലോ വ്യാസനും അംബയും യുഗങ്ങള്‍ക്കു ശേഷം ജന്മമെടുക്കുകയും ഉത്തരം കിട്ടുകയും ചെയ്യുകയാണിവിടെ.

       നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംഭവിച്ച പ്രളയം. അതിനെ അടയാളപ്പെടുത്തുക എന്നതൊരു എഴുത്തുകാരന്റെ ബാധ്യത ആണ് . ഇന്ന്, സ്മൃതിയിലേക്ക് മറഞ്ഞതോ മുന്‍ നിരയില്‍ നിന്നും മാറിക്കഴിഞ്ഞതോ ആയ ഒട്ടുമിക്ക പഴയ എഴുത്തുകാരുടെയും നോവലുകളിലും മറ്റും തൊണ്ണൂറ്റൊന്‍പതിലെ പ്രളയം എന്നതൊരു ഗൃഹാതുരത ഉണര്‍ത്തുന്ന ചിന്തയായി അവര്‍ ഉപയോഗിച്ച് വന്നതായി പഴയ നോവലുകളില്‍ പലതും നമുക്ക് പറഞ്ഞു തരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ ഭാഗ്യവാന്മാര്‍ ആണ്. കാരണം അവര്‍ക്ക് അത് ഓര്‍മ്മയിലെ ചിത്രങ്ങള്‍ അല്ല നേര്‍ക്കാഴ്ചയാണ്. അതുകൊണ്ടു തന്നെ അതിനെ അടയാളപ്പെടുത്തി വയ്ക്കുക നാളെയുടെ വായനയില്‍ ഇതേ ഗൃഹാതുരത എന്ന വാക്കിന് ഉപയോഗപ്പെടുന്ന ഒന്നാകുക സ്വാഭാവികം ആകുമല്ലോ .  സുഭാഷ് ചന്ദ്രന്റെ പുതിയ നോവല്‍ ആയ "സമുദ്രശില" പ്രമേയം കൊണ്ട് എവിടെ നില്ക്കുന്നു , ഭാഷ കൊണ്ട് എവിടെ നില്ക്കുന്നു എന്നൊക്കെ പരിശോധിക്കേണ്ടത് ഗവേഷക വിദ്യാര്‍ത്ഥികള്‍ ആണ്. "മനുഷ്യനു ഒരാമുഖം" എന്ന  പുസ്തകത്തിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ ആണ് സുഭാഷ് ചന്ദ്രന്‍. ചെറിയ പ്രായത്തില്‍ തന്നെ കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടി മലയാള സാഹിത്യ രംഗത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ ആയ സമുദ്രശിലയുടെ കവര്‍ പേജില്‍ തന്നെ അവകാശപ്പെടുന്നത് 'മനുഷ്യനു ഒരാമുഖത്തിന്റെ സൃഷ്ടാവില്‍ നിന്നും മറ്റൊരു ക്ലാസിക് നോവല്‍' എന്നാണ് . ശരിക്കും സുഭാഷ് ചന്ദ്രന്റെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതിലും നല്ലൊരു ക്യാപ്ഷന്‍ ഇല്ല തന്നെ.

       ഈ നോവലില്‍ സുഭാഷ് ചന്ദ്രന്‍ നേരിട്ടു കഥാപാത്രമായി നിന്നുകൊണ്ടു തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലിയാണ് കടമെടുത്തിരിക്കുന്നത് എന്നു കാണാം. ഒരു വിദൂഷകന്റെ വേഷമല്ല മറിച്ച് നായകന്റെ വേഷം തന്നെയാണ് ഇതില്‍ എഴുത്തുകാരനുള്ളത്. തന്നെ ഉറക്കം കെടുത്തിയ ഒരു സ്വപ്നം. അതില്‍ പ്രതിപാദിക്കുന്ന പേരുകള്‍. അവയെല്ലാം നേരിട്ടു തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒരിക്കല്‍, വെള്ളിയാങ്കല്‍ എന്ന കടല്‍പ്പാറയിലേക്ക് എഴുത്തുകാരനും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ യാത്രയുടെ വിശദീകരണക്കുറിപ്പ് വായിച്ച്, എഴുത്തുകാരനെ തേടി വരുന്ന അംബ എന്ന സ്ത്രീയും അവരുടെ സെറിബ്രല്‍ പള്‍സി ബാധിച്ച കൗമാരക്കാരനായ മകനും ആണ് ഇതിലെ മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന നോവലില്‍ ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ആകുന്ന മറ്റു ചിലര്‍ കൂടി വരുന്നുണ്ട്. അംബയുടെ ജീവിതത്തെ അംബയെക്കൊണ്ടു പറയിക്കുവാനും അംബയിലേക്കുള്ള എഴുത്തുകാരന്റെ ബന്ധങ്ങളെയും ഇടപെടലുകളെയും ബന്ധിപ്പിക്കുന്ന മറ്റു ഘടകങ്ങളെയും ചേര്‍ത്തു സുഭാഷ് ചന്ദ്രന്‍ വളരെ നല്ല രീതിയില്‍ ഈ നോവല്‍ എഴുതിയിരിക്കുന്നു .
എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നതിനുള്ള ഉത്തരം വായനക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ നവയുഗവ്യാസന്‍ വിജയിച്ചുവോ എന്നത് വായന നല്‍കുന്ന ഒരു സാധ്യത മാത്രമാണു . വെള്ളിയാങ്കല്ലില്‍തന്റെ കാമുകനുമായി വിവാഹത്തിന് പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുമ്പോള്‍ , അവര്‍ തമ്മില്‍ പ്രണയം പങ്കുവയ്ക്കുമ്പോള്‍ ഇടയിലേക്ക് അവന്‍ കൊണ്ടുവരുന്ന ഗര്‍ഭനിരോധന ഉറകളെ അവര്‍  ഊതിപ്പെരുപ്പിച്ചു കെട്ടി കടലിലേക്ക് പറത്തി വിട്ടശേഷം പരമമായ പ്രണയലീലകളില്‍ മുഴുകുമ്പോള്‍ അംബ പറയുന്നു ഇതാണ് "ഉപാധികളില്ലാത്ത പ്രണയം" എന്നു . അതേ സമയം മറ്റൊരിടത്ത് അംബ പറയുന്നത് മറ്റൊന്നായി മാറുന്നു. അതായത്  വേദവ്യാസനോടു അംബ ചോദിക്കുന്നു ഒരു പക്ഷേ എന്നെയും വിചിത്രവീര്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു എങ്കില്‍ താങ്കള്‍ എന്നിലും പുത്രയോഗം നല്‍കിയിരുന്നെങ്കില്‍ എനിക്കു പിറക്കുന്നത് എങ്ങനെ ഉള്ള കുഞ്ഞാകും എന്നു . അത് സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞാകും എന്നായിരുന്നു. നവയുഗ അംബയില്‍ പിറന്നതും സെറിബ്രല്‍ പള്‍സി  പിടിപെട്ട ഒരു മകന്‍ മാത്രം. ഇവിടെ അംബയ്ക്ക് വ്യാസന്‍ പറഞ്ഞത് പോലെ ഒരു കുഞ്ഞു ജനിക്കുന്നുവെങ്കിലും അത് നവയുഗവ്യാസനില്‍ നിന്നല്ല എന്നത് പ്രവചനത്തിന്റെ പോരായ്മയായി മാറുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല്ല.  ഒടുവില്‍ അവന് അവന്‍ തിരഞ്ഞ ആഗ്രഹം നിറവേറ്റി അവനെയും കൊണ്ട് അവള്‍ മരണത്തിലേക്ക് പോകുമ്പോള്‍ നവയുഗ വ്യാസനോടു അവള്‍ പറയുന്നതു "ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് സ്വയം ഒരു ഉപാധിയായി തീരും" എന്നാണ് . വായനക്കാര്‍ തീരുമാനിക്കട്ടെ എന്താണ് ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് . അതല്ലെങ്കില്‍ ഇനിയും വ്യാസന്‍മാര്‍, അംബമാര്‍ ജനിക്കട്ടെ വീണ്ടും വീണ്ടും .
     
        സുഭാഷ് ചന്ദ്രനെ പോലുള്ള അനുഗ്രഹീതരായ എഴുത്തുകാരെ വായിക്കുമ്പോള്‍ വായനക്കാര്‍ വളരെയധികം പ്രതീക്ഷകൾ വച്ച് പുലര്‍ത്തുമെങ്കില്‍ അതിനു അവരെ കുറ്റം പറയുക സാധ്യമല്ല . ജീവിതത്തിനു ഒരു ഉത്തരം ആണ് ഓരോ വായനക്കാരും തങ്ങളുടെ വായനകളില്‍ തേടുക. പക്ഷേ പഴയ എഴുത്തുകാര്‍ ഉപേക്ഷിച്ചു പോയ അതേ ഇടത്തുതന്നെയാണ് പുതിയ കാല എഴുത്തുകാരും നില്‍ക്കുന്നതെങ്കില്‍ പിന്നെ ആശയ്ക്ക് എന്തുണ്ട് വകപേരന്‍പന്‍ എന്ന സിനിമയില്‍ തന്റെ മകളുടെ ലൈംഗിക ചോദനകള്‍ ഉണ്ടാകാന്‍ കാരണമായി സിനിമയിലെ പ്രണയ രംഗങ്ങള്‍ കാരണം എന്നു കരുതി അതിലെ അച്ഛന്‍ കഥാപാത്രം ടീ വി നിര്‍ത്തി വയ്പ്പിക്കുന്നുണ്ട് . ഒടുവില്‍ ആ മകള്‍ക്കായി ഒരു ലൈംഗിക പങ്കാളിയെ വാടകയ്ക്ക് എടുക്കുവാന്‍ വേശ്യാലയത്തില്‍ വരെ പോകുകയും ചെയ്യുന്നു . എങ്കിലും ഒടുവില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഒരു വേശ്യാ സ്ത്രീയെ അയാള്‍ മകള്‍ക്കും തനീക്കും വേണ്ടി  ഇണയാക്കിക്കൊണ്ടു തന്റെ സാമൂഹ്യ ബോധം തിരക്കഥാകൃത്ത് പൂര്‍ത്തിയാക്കി. ഇവിടെ സുഭാഷ് ചന്ദ്രന്‍ പക്ഷേ അത്ര വിശാലതയുള്ള ഒരാള്‍ ആയിരുന്നില്ല . അതുകൊണ്ടു തന്നെ മൊബൈല്‍ ഫോണ്‍ ആണ് കുട്ടികളെ മുഴുവന്‍ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നത് എന്ന്‍ ലോകത്തോട് പറയാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഇവിടെ മകന്റെ ലൈംഗിക ചോദനകളെ പ്രമുഖയായ ഒരു തെറാപ്പിസ്റ്റ് അംബയ്ക്ക് പറഞ്ഞു കൊടുത്ത ശാസ്ത്രീയ മാര്‍ഗ്ഗങ്ങളില്‍ക്കൂടി അടക്കുക എഴുത്തുകാരനിലെ സാമൂഹിക ബോധം അനുവദിക്കഞ്ഞിട്ടാകാം ഇന്ന് കുട്ടികള്‍ ഏറ്റവും അധികം സന്ദര്‍ശിക്കുന്ന അശ്ലീല സൈറ്റ് ആയ ഇന്‍സെസ്റ്റ് സൈറ്റിലെ സ്ഥിരം സന്ദര്‍ശകനാണ് മകനെന്ന് തിരിച്ചറിയുന്ന അംബ തന്റെ ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ മകനെയും കൂട്ടി മരണത്തിലേക്ക് പോകാന്‍ തീരുമാനിപ്പിക്കുന്നതും മരിക്കും മുന്നേ മകന് ആവശ്യമുള്ളതൊക്കെ നല്കി യാത്ര ശുഭ പര്യവസാനിയാക്കുന്നതും . ബോധപൂര്‍വ്വം അദ്ദേഹം ഇതില്‍ പ്രളയത്തിന് കാരണം ഈ ഒരു വിഷയം ആയി സൂചിപ്പിക്കാന്‍ ഒരു അവ്യക്ത സൂചന നല്കുന്നുണ്ട് . ചുവന്ന ചന്ദ്രനും പ്രളയവും ഈ ജീവിതവും കൂട്ടിയിണക്കുവാന്‍ ഒരു വ്യഗ്രത വരികള്‍ പങ്ക് വയ്ക്കുന്നുണ്ട്.

       സമൂഹത്തിനു കൊടുക്കാന്‍ ഇതിലും നല്ല ഉപദേശങ്ങളും മാര്‍ഗ്ഗങ്ങളും ഉണ്ട് എന്നത് എന്തുകൊണ്ട് മറന്നു പോകുന്ന എഴുത്തുകാരാണ് നമുക്കുള്ളത്. കേരളത്തിലെ ഒരു വിദ്യാലയത്തിലെ ഒരു അധ്യാപിക പങ്ക് വച്ച ഒരു വിഷയം ഇത്തരം രോഗമുള്ള തന്റെ ആൺ കുട്ടിക്ക് സ്വന്തം കൈകള്‍ കൊണ്ട് ശുക്ലസ്രാവം വരുത്തിക്കൊടുക്കേണ്ടി വരുന്ന ഒരമ്മയുടെ കഥയാണ് . അത് ഒരു രോഗമാണ് . രോഗിയെ ശുശ്രൂക്ഷിക്കുന്നതിന്റെ ഭാഗം മാത്രമാണത് . അതിനെ പാപമായി കാണുന്ന ഒരു ലോകത്തേക്ക് എങ്ങനെയാണ് പുതിയ തലമുറയെ വഴി നടത്താന്‍ കഴിയുകതികച്ചും സദാചാരജഡിലമായ ഒരു കാലഘട്ടത്തെ നാം ഇപ്പൊഴും ചുമക്കുകയാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത് . ഇതിന് മുന്പ്  കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകത്തില്‍ ഇതേപോലെ തന്നെയാണ് ഈ എഴുത്തുകാരന്‍ തന്നെ അടയാളപ്പെടുത്തിയത് എന്നോര്‍മ്മ വരുന്നു . നവോത്ഥാനം എന്നത് എഴുത്തുകാര്‍ക്കും ഒരു കീറാമുട്ടി തന്നെയാണെന്ന് തോന്നിപ്പിക്കുന്നു ഇത്തരം വായനകള്‍. വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ട് ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ എഴുത്തുകാരന്‍ അവകാശപ്പെടുന്ന പത്തു വര്‍ഷത്തെ തപസ്സിനു ഗുണം ചെയ്തേനെ.
       സാമൂഹ്യ ബോധം എന്നത് പഴഞ്ചന്‍ ആണെങ്കിലും സുഭാഷ് ചന്ദ്രന്‍ നല്ലൊരു എഴുത്തുകാരന്‍ ആണ് . തന്നെ എങ്ങനെ പ്രമോട്ട് ചെയ്യണം എന്നതിന് അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ട് . തന്റെ നോവലില്‍ തന്നെ സ്വയം വാഴ്ത്തിപ്പാടുന്ന ഒരു എഴുത്തുകാരന്‍ ഒരുപക്ഷേ മലയാളിക്ക് അതൊരു പുതുമയുള്ള കാഴ്ചയാകും . നാര്‍സിസം എന്നതിന്റെ ഉത്തമോദാഹരണം ആയി കാണാന്‍ കഴിയും . അതിനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന സങ്കേതങ്ങള്‍ വളരെ രാസവഹമാണ് . കേരള പോലീസിലെ വിരലടയാള വിദഗ്ധന്‍ , വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ എന്നിവരിലൂടെയും അംബയിലൂടെയും പിന്നെ കുറേയൊക്കെ സ്വയവും അദ്ദേഹം തന്നെ ആവോളം പ്രൊജക്റ്റ് ചെയ്യുന്നുണ്ട് . ഒരു മലയാള സിനിമയിലെ കഥാപാത്രം പറയുന്ന ഒരു വാക്യം പലപ്പോഴും ഓര്‍മ്മയില്‍ വരുത്തുന്നുണ്ട് അദ്ദേഹത്തിന്റെ ചില വരികള്‍ കാണുമ്പോള്‍. “ഞാനെന്നെ സരോജ് കുമാര്‍ എന്നു വിളിക്കും.”

       തന്റെ സമകാലികരെ കളിയാക്കാനും അദ്ദേഹം ശ്രമിക്കുന്ന കാഴ്ച കാണാന്‍ കഴിഞ്ഞു . പ്രശസ്തയായ ഒരു എഴുത്തുകാരിയെ പേര് പറയാതെ അവരുടെ ഭാവവാഹാദികളെ എടുത്തു പറഞ്ഞു കളിയാക്കുന്ന രംഗം വളരെ അരോചകമായി അനുഭവപ്പെട്ടു എന്നു പറയാതിരിക്കാന്‍ വയ്യ. വളരെ നല്ലൊരു വായന നല്കും എന്ന തോന്നലില്‍ ഒറ്റയിരുപ്പില്‍ തീര്‍ക്കണം എന്നു കരുതി തുടങ്ങിയ വായന പലപ്പോഴും മടക്കി വയ്ക്കാന്‍ പ്രേരിപ്പിച്ച ഒന്നായി മാറി എന്നത് ഖേദകരമായ ഒരു വസ്തുതയാണ് വായനയില്‍ സംഭവിക്കുമ്പോള്‍. ഒരാള്‍ക്ക് എക്കാലവും ഒരുപോലെ നല്ലത് എഴുതാന്‍ കഴിയുകയില്ല എന്ന പൊതുബോധത്തോടെ ,ഇതിലും നല്ലതൊന്നു വരാനിരിക്കുന്നതേയുള്ളൂ എന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ നേരുന്നു . ബി.ജി.എന്‍ വര്‍ക്കല 


കവിയും കവിതയും

പ്രണയത്തിന്റെ അഗ്നിപുഷ്പങ്ങളിൽ
ചന്ദനഗന്ധം പടർത്തിയെഴുതിയ
ഭാവനയുടെ സാന്ദ്ര വരികൾക്ക്
മഴവില്ലിന്റെ നിറമേഴുമുണ്ടായിരുന്നു.

ഒരിടത്തിരുന്നൊരുവൾ
അതിങ്ങനെ വായിക്കപ്പെടുകയുണ്ടായി.
ഓരോ വരികൾക്കും
എന്നെ തൊടാനാകുന്നു.
എന്റെ ഹൃദയം കാണാനാകുന്നു.
നിന്റെ പ്രണയം എന്നെ രാഗവിവശയാക്കുന്നു.

മറ്റൊരുവൾ ഇങ്ങനെ ചിന്തിച്ചു തുടങ്ങി.
എന്നെ മറന്നിരിക്കുന്നു.
പുതിയതായാരോ അവനിൽ
കൂടുകൂട്ടിയിരിക്കുന്നു.
ഇവയൊക്കെയും ഒരിക്കൽ
ഇഷ്ടത്തിലിരിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.
അവളേറ്റം ക്രൂദ്ധയായത് ഡിലിറ്റ് ചെയ്യുന്നു.

ഇനിയൊരുവൾ പറയുന്നു
നിന്റെ പ്രണയം ലഭിപ്പവൾ എത്ര ഭാഗ്യവതി.
വരികൾ തൊടുന്നിടങ്ങളൊക്കെ
പൂത്തുലയുന്നുവല്ലോ!
അവൾ ആനന്ദത്തോടെയവന് നേരെ
പ്രതീക്ഷയുടെ കൈകൾ നീട്ടുന്നു.

ഏട്ടിലെ പശു പുല്ലു തിന്നില്ലന്നതു പോലെ
അക്ഷരങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്ന
പ്രണയത്തിന്റെ രതിമൂർച്ഛയിൽ
അയാൾ ഉറക്കെച്ചിരിക്കുന്നു
ആരാകും
ആർക്കാകും
എന്നെയൊന്നു പ്രണയിക്കാനാവുക.?
എന്നെ ഒന്നു മനസ്സിലാവുക.
വെറും മണ്ണിൽ വീണ്
ഉള്ളുരുകി കരയുമ്പോൾ
ഉള്ളിൽ മറ്റൊരു കവിത വിരിയുന്നു.
അയാൾ വീണ്ടും എഴുതാനിരിക്കുന്നു.

        .......ബി.ജി.എൻ വർക്കല 12.06.2019

Tuesday, June 11, 2019

നിന്റെ ഓർമ്മ

പാതാളത്തോളം
വേരിറങ്ങിപ്പോയതിനാലാവാം
ഊരിയെടുക്കാനാവാത്തതും
വേദനിക്കുന്നതും.
... ബി.ജി.എൻ വർക്കല

ലെസ്ബിയൻസ്

അവർ
നന്ദകുമാറിന്റെ'രണ്ടുപെൺകുട്ടികൾ'ആയിരുന്നില്ല.
കാമം നുരയുന്ന,
ആ രണ്ടു പെൺകുതിരകൾ.
മുലകളെ തമ്മിൽ പരിലാളിക്കുവാനോ
അറുപത്തൊൻപതാസ്വദിക്കാനോ
അവർക്ക് താത്പര്യവുമില്ലായിരുന്നു.
പരസ്പരം അവർ അറിയുകയായിരുന്നു.
പ്രായത്തിന്റെ നോവുകൾ പങ്കുവച്ചും
പ്രണയത്തിന്റെ വിചിത്രതകൾ പറഞ്ഞു രസിച്ചും
പുരുഷലോകത്തെ നിർവ്വചിക്കുകയായിരുന്നു.
ഒരിക്കലും അവർ തങ്ങളുടെ ശരീരത്തെ
രതിയുടെ മഴപ്പാറ്റകൾക്ക് മേയാൻ വിട്ടില്ല.
കൗമാരം കടിഞ്ഞാൺ പൊട്ടിച്ച
അവളിലൊരാൾക്ക് വേണ്ടി
ഇണയുടെ ഗന്ധത്തെ പങ്കു വച്ചില്ല.
അവർക്കു പറയാൻ ഒരുപാടുണ്ടായിരുന്നു.
തങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന കണ്ണുകൾക്ക്
പറയാനുണ്ടായിരുന്ന കഥകൾ ഓർത്ത്
അവർ തെല്ലും ഖേദിച്ചിരുന്നില്ല.
അവരതറിഞ്ഞിരുന്നുമില്ല:
പ്രണയത്തിൽ ലിംഗമോ യോനിയോ
തമ്മിലുള്ള രസാനുഭൂതിയല്ല മുഖ്യം,
രണ്ടു മനസ്സുകൾ തമ്മിലുള്ള ഐക്യം
പങ്കു വയ്ക്കലാണ് എന്നവർ പറഞ്ഞു.
ഇടയിലൊരു കട്ടുറുമ്പ് പോലുമില്ലാത്ത
അവരുടെ ലോകത്തിൽ പരിസരബോധമില്ലാതെ
കവിളുകളിൽ പതിപ്പിക്കുന്ന ചുംബനങ്ങളെ നോക്കി
ലോകം മാത്രം വിധിയെഴുതി
ലെസ്ബിയൻസ്.
..... ബി.ജി.എൻ വർക്കല.       10.06.2019

Sunday, June 9, 2019

ഓർമ്മക്കുറിമാനം

നിന്റെ മൗനം എനിക്ക് പകർന്നു തരുന്നത്
ഓർക്കാതെ പെയ്ത മഴയിൽ
കുടയില്ലാതെ നിന്നൊരു കുഞ്ഞിന്റെ
വിഹ്വലമായ നിമിഷങ്ങളാണ്.
കാലം ഒരിക്കലും തിരിഞ്ഞു നോക്കിയിരുന്നില്ല.
നിന്നെ ഓർക്കാതെ മടക്കം അസാധ്യമാകവേ
എങ്ങനെയാണ് ഞാൻ
ഇരച്ചു പെയ്യുന്ന മഴയെ നിഷേധിക്കുക.?
ഏതോ യുഗ സന്ധ്യയുടെ നിഴലിൽ
പ്രണയത്തിന്റെ നീല മഷിയാൽ
നീയെനിക്കൊരു കുറിമാനം തന്നിരുന്നു.
എന്നെയിഷ്ടമാണെന്ന വാക്കിന്റെ
അസപ്ഷ്ടമായ ധ്വനിയോടെ
നീയെന്റെ ചിറകുകളെ തടവിയുയിർ നല്കി.
തിരിഞ്ഞു നോക്കുക എന്നത്
അസാധ്യമാക്കും വിധം
നീയെന്റെ കാഴ്ചകളിൽ നിറഞ്ഞു.
ഉപാധികളോടെ പ്രണയിക്കേണ്ടി വരികയെന്നത്
അനിശ്ചിതമായ ഒരു ഘടനാവാക്യമാണ്.
നമുക്ക് ഒന്നിച്ചുറങ്ങുവാൻ കഴിയാത്ത
ഒന്നിച്ചു നടക്കാൻ കഴിയാത്ത
ഒന്നുറക്കെ ലോകമറിയെ മിണ്ടാൻ കഴിയാത്ത
അത്രയും അകലങ്ങളുടെ വേലികൾക്കുള്ളിൽ
ശ്വാസം മുട്ടിപ്പിടയുന്നവർ നാം!
ഒരു വരി കവിത പോലും നിനക്കായല്ലാതെ
എഴുതുവാൻ കഴിയാത്തൊരു കാലം.!
കോമാളിയാക്കുന്ന ഫലിത വാക്യങ്ങളിൽ
നമുക്കിടയിലൊരു മഞ്ഞിൻ ശിലയുയരുന്നുവോ?
                             ..........  ബി.ജി.എൻ വർക്കല -

Saturday, June 8, 2019

ചുംബനം

ചുംബനം
..............
നേർത്ത ചുംബനം
മൃദുവായി
വളരെ ലോലമായി
ഒരു പിഞ്ചു കുഞ്ഞിന്റെ കവിളിലെന്നപോലെ!
ഓ... നീയെനിക്കമ്മയായിരിക്കുന്നു.

ഒരു ചുംബനം
വളരെ ആർദ്രമായി
ഒരു കുളിരായി
ഒരു സാന്ത്വന വാക്കു പോലെ!
ഓ... നീയെനിക്കു പെങ്ങളായിരിക്കുന്നു.

ചുടു ചുംബനം
വളരെ ആഴത്തിൽ
ഞരമ്പുകളെ ത്രസിപ്പിച്ചു കൊണ്ട് !
ഓ... നീയെനിക്കൊരു പ്രണയിനിയാകുന്നു.

മുദു ചുംബനം
എത്രമേൽ ഹൃദ്യമായി
ഒരു പൂവിന്റെ ഇതൾ തൊടുമ്പോലെ!
ഓ... നീയെന്റെ മകളായിരിക്കുന്നു.

ചുംബനങ്ങളിൽ
നീയെനിക്കെല്ലാമാകുമ്പോഴും
നിന്നെ ഞാൻ എപ്പഴാകും ഓർത്തിരിക്കുക?
ഓ.. ഞാനതിന് മരിച്ചിട്ടില്ലല്ലോ.
.... ബിജു.ജി.നാഥ് വർക്കല

നാലുകെട്ട്.......................... എം ടി വാസുദേവന്‍ നായര്‍



നാലുകെട്ട്(നോവല്‍)
എം ടി വാസുദേവന്‍ നായര്‍
കറന്റ്ബുക്സ്
വില: 200 രൂപ 



ഒരു കാലത്ത് വായനയില്‍ വളരെയേറെ വിപ്ലവം കൊണ്ട് വരികയും കൂടുതല്‍ ആളുകള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും സിനിമകള്‍ ആകുകയും ചെയ്ത ഒരുപാട് നോവലുകള്‍ , ചെറുകഥകള്‍ എന്നിവ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്നു . നോവലുകളെ ഒരു ജനകീയ മുഖം നല്‍കി നിലനിര്‍ത്താന്‍ ഈ സിനിമാ പരിവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ ആണ് പില്‍ക്കാലത്ത് മനോരമ , മംഗളം വാരികകളില്‍ നിന്നും  ഈ രീതിയില്‍ ചില നോവലുകളെ സിനിമയും അതില്‍ ക്ലച്ച് പിടിക്കാതെ സീരിയല്‍ മേഖലയിലേക്കും വഴിനടത്തിച്ചത് എന്ന് കാണാം. എന്തുകൊണ്ടാകും അന്നത്തെ നോവലുകള്‍ക്കും കഥകള്‍ക്കും ഇത്ര ജനസമ്മതി ലഭിക്കാന്‍ കാരണം? ജീവിതത്തെ നാം അടയാളപ്പെടുത്തുന്ന രീതികളും അതിലെ  പ്രത്യേകതകളും തന്നെയാണ് ഇതിനു കാരണമായി എടുത്തു പറയേണ്ടത് എന്നു കരുതുന്നു . ഭാഷയുടെ മനോഹാരിതയും അതിനെ പ്രയോഗിക്കാന്‍ അറിയുന്ന എഴുത്തുകാരും അവരില്‍ നിറഞ്ഞ വായനയും ഉണ്ടായിരുന്നു . അന്ന് ലോകമിത്ര കലുഷിതവും , സാഹചര്യങ്ങള്‍ ഇന്നത്തെപ്പോലെ സുഭിക്ഷവും ആയിരുന്നില്ല. അനുഭവത്തിന്റെ തീക്ഷ്ണത അന്നത്തെ എഴുത്തിനെ നന്നായി സ്വാധീനിച്ചിരുന്നു.

            എം ടി യുടെ എഴുത്തുകള്‍ക്ക് ഒരു ഏകത ഉണ്ട്. ക്ഷയിച്ചു പോയ നായര്‍ തറവാടുകളുടെ കഥയാണ് ഒരു പക്ഷെ എം ടി എഴുതിയവയില്‍ മിക്കതും എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അതല്ലാതെ എടുത്തു പറയാന്‍ ഉള്ളത് മഞ്ഞും രണ്ടാമൂഴവും മാത്രമാണ് എന്നും കരുതുന്നു. ഒരു ക്ഷയിച്ചു പോയ നായര്‍ തറവാട് . അവിടെ ജോലീം കൂലീം ഇല്ലാത്ത അവസാനത്തെ തലമുറയിലെ ഒരു യുവാവ് . അയാളുടെ ജീവിതം പറയുക അതല്ലെങ്കില്‍ മംഗല്യഭാഗ്യം കിട്ടാതെ പോയ ഒരു നായര്‍യുവതി. അവളുടെ ജീവിതം പറയുക . ഇടയില്‍ കുറച്ചു മാപ്പിള വിശേഷങ്ങള്‍ . പറ്റിയാല്‍ ഒരു മതമൈത്രിരീതിയില്‍ അവരെ തമ്മില്‍ ഒന്ന് ബാന്ധവിപ്പിക്കുക. കൊയ്ത്ത് , കാളപ്പൂട്ടു, തുടങ്ങിയ അന്യമാകുന്നതോ അന്യമായതോ ആയ വിശേഷങ്ങള്‍. ഇവയെ വായിക്കാന്‍ എം ടി യെ വായിച്ചാല്‍ മതി എന്ന സ്ഥിതിയാണ്.  ഒരു കാലത്ത് നിലവിലിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയുള്ള നായര്‍ തറവാടുകളുടെ നാശത്തിന്റെ കഥകള്‍ അറിയാന്‍ എം ടി യുടെ നോവലുകള്‍ ഒരു പരിധിവരെ ഒരു ചൂണ്ടു പലകയാണ്. പക്ഷേ, അതിലും ഏകദേശം ഒരു നവീന കാലഘട്ടം ആണ് ദര്‍ശിക്കാന്‍ കഴിയുക എന്നതും വായനയുടെ പഴമയെ അത്ര പഴമ ആണെന്ന കാഴ്ചപ്പാട് മാറ്റാന്‍ പ്രേരിപ്പിക്കുന്നു. പഴയ നായര്‍ തറവാടുകളും , ആചാരങ്ങളും സംസ്കാരവും സമൂഹത്തിലെ അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഒക്കെ എം ടി കഥകളില്‍ നിറഞ്ഞു കിടക്കുന്നു . താന്‍ പരിചയിച്ച സാഹചര്യങ്ങളുടെ ആവിഷ്കാരം ആയതിനാല്‍ അതില്‍ മുഹമ്മദീയരുടെ ജീവിതവും സംസ്കാരവും കൂടി പടര്‍ന്നു കിടപ്പുണ്ട്. ഒരു കാലത്ത് എങ്ങനെ ആയിരുന്നു മലബാര്‍ ജനജീവിതത്തില്‍ രണ്ടു മതവും സംസ്കാരവും പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞത് എന്നത് മനസ്സിലാക്കാന്‍ ഈ നോവലുകളിലൂടെ  കുറേയൊക്കെ സാധിക്കുന്നുണ്ട്. എം ടി യുടെ നോവലുകള്‍ പഠനം ആക്കേണ്ടത് ചരിത്ര വിദ്യാര്‍ത്ഥികൾക്ക് ആവശ്യമായ ഒരു ഘടകം ആണെന്ന് തോന്നിപ്പിക്കുന്നുണ്ട് .
         നാലുകെട്ട് എന്ന നോവല്‍ പ്രതിപാദിപ്പിക്കുന്നത്  അപ്പുണ്ണി എന്ന ബാലന്‍ വളര്‍ന്നു അപ്പുണ്ണി നായര്‍ ആയിമാറുന്ന ജീവിത കഥയാണ് . തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമ്മയുമൊത്തു ഒറ്റയ്ക്ക് ജീവിക്കുന്ന അപ്പുണ്ണി എന്ന ബാലന്റെ ഉള്ളില്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയ സെയ്തലവിയെ കൊല്ലുക എന്ന ഒരൊറ്റ ചിന്തയാണ്. പക്ഷെ അവിടെ നിന്നും അപ്പുണ്ണി അമ്മയെ ഉപേക്ഷിച്ചു തന്റെ അമ്മയെ പുറത്താക്കിയ തറവാട്ടില്‍ തിരിച്ചു കയറി അവിടെ ഒരു അധികപ്പറ്റായി  നിന്നും സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചു പത്താം ക്ലാസ് പാസ്സായി  ഒരുകാലത്ത് കൊല്ലാന്‍ ആലോചിച്ചു നടന്ന സെയ്തലവിയുടെ സഹായത്താലൊരു ഫാക്ടറിയില്‍ ജോലിക്കാരന്‍ ആകുകയും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നു ക്ഷയിച്ചു പോയ തറവാട് വിലകൊടുത്തു വാങ്ങി അവിടെ അമ്മയെയും അമ്മയുടെ പങ്കാളിയായ ശങ്കരന്‍ നായരെയും കൊണ്ട് വന്നു താമസിപ്പിക്കുന്നതുമാണ് കഥ. വള്ളുവനാടന്‍ ജീവിതവും സംസ്കാരവും മറ്റും പ്രതിപാദിക്കുന്ന ഈ നോവല്‍ ആഖ്യായന ഭംഗിയും ഭാഷാ വിപുലതയും കൊണ്ട് മനോഹരമായി അനുഭവപ്പെടുന്നു. കഥകളുടെ പശ്ചാത്തലങ്ങള്‍ ടൈപ്പ് ആകുന്നു എന്ന തോന്നല്‍ ഉണ്ടാക്കാതെ ശ്രദ്ധിക്കാന്‍  എം ടി ശ്രമിക്കുന്നുണ്ട് എങ്കിലും വായനയില്‍ അത്  വിജയിച്ചില്ല എന്ന് തോന്നിപ്പിക്കുന്നുണ്ട്.
         വാക്കുകളുടെ വാഗ്മയ ചിത്രം രചിക്കുന്ന എം ടി യുടെ നോവലുകള്‍ വായനക്കാരെ ഒരിക്കലും മുഷിപ്പിക്കുന്നില്ല എന്ന ഒറ്റ ജാമ്യത്താല്‍ ഈ നോവല്‍ നല്ലതാണ് എന്ന് പറയിപ്പിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


Friday, June 7, 2019

സാധ്യതകളുടെ ലോകം

സാധ്യതകളുടെ ലോകം
.......................................
നിലക്കാത്തൊരു ഘടികാരത്തിൻ
സൂചികളുടെ ഭ്രമണം പോലെയാണ്
നിനക്കും എനിക്കുമിടയിലെ പ്രണയം.
ഒരു നിശ്ചിത ബിന്ദുവിലേക്ക് അടുക്കും വരെ
ആനന്ദാതിരേകത്തോടെ കുതിച്ചു പായുകയും
ഒരു ക്ഷണനേരത്തെ ആലിംഗനത്തിൽ,
സദാചാര ഭ്രംശത്തിൽ ഖേദിച്ച്
വേർപെട്ടു പോകുകയും
അകന്നു പോകുന്തോറും
വിഷാദവും
ദുഃഖവും നിറഞ്ഞ മനസ്സുകൾ
പരസ്പരം പഴിചാരുകയും
പിണങ്ങിയകലുകയും ചെയ്യുന്നു.
വീണ്ടും തുടർക്കഥയാകുന്ന പ്രഹേളിക!
പ്രണയത്തെ നിർവ്വചിക്കാൻ
ഇനിയും എത്ര സാധ്യതകളാണല്ലേ നമുക്കിടയിൽ. ?
....ബിജു.ജി.നാഥ് വർക്കല

Wednesday, June 5, 2019

തിരികെ വരും നേരം.!

തിരികെ വരും നേരം.!
... .......... ............ .....
എല്ലാം കഴിയുമ്പോൾ
ഇനിയൊന്നും ബാക്കിയില്ലെന്നറിയുമ്പോൾ
എനിക്കൊന്നു തിരികെ വരണം.
മരണം അവസാനമാണെന്ന തിരിച്ചറിവില്ലാഞ്ഞിട്ടല്ല.
വെറുതെ ഒരാഗ്രഹം.
ചത്തുവെന്നു കേട്ടപ്പോൾ
നെഞ്ചത്തടിച്ചു നിലവിളിച്ചവരും
വിങ്ങിപ്പൊട്ടിക്കരഞ്ഞവരും
ഒരിക്കലും മറക്കില്ലെന്നു പറഞ്ഞവരും
ഒക്കെ ഉള്ള ഇടങ്ങളിലേക്ക്
ഒന്നു കൂടി തിരിച്ചു വരണം.
ജീവിതത്തെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്തതിനാൽ
ചിലപ്പോൾ
ഒന്നുകൂടി മരിക്കാൻ തോന്നിയേക്കാം .
അറിയാത്തതല്ല.
എങ്കിലും തിരികെ വരണം.
ഓർമ്മ പോലെ
സൂക്ഷിച്ചു വയ്ക്കുന്ന എന്റെ ബാക്കികൾ .
വേസ്റ്റ് ബോക്സിലോ
സ്റ്റോർ മുറിയിലോ
പൊടിപിടിച്ചു കിടക്കുന്ന
എന്റെ സ്ഥാവരജംഗമ വസ്തുക്കൾ.
കത്തിച്ചു കളഞ്ഞ വസ്ത്രങ്ങൾ
ആർക്കും കൊടുക്കാതെ സൂക്ഷിച്ചവ
എന്റെ പുസ്തകങ്ങൾ.
ഒന്നും പഴയതു പോലെയല്ലന്നറിവ്
അതുറപ്പിക്കണം.
നീയല്ലാതെ മറ്റാരെയും പ്രണയിക്കുന്നില്ലെന്ന്
ആണയിട്ടവളുടെ പിറകിൽ
അവൾ ചാറ്റു ചെയ്യുന്നത്
അവളറിയാതെ നോക്കി നിൽക്കണം.
ഒടുവിൽ
ഇതൊക്കെ എനിക്കറിയാവുന്നതാണല്ലോ
എന്നോർത്തു കൊണ്ട്
ഒരു പൊട്ടിച്ചിരിയോടെ
പിന്നെയും മരിക്കണം.
ഓർമ്മക്കുറിപ്പുകളിൽ മാത്രം ജീവിച്ച
ഒരുവനാകണം.
ഓർക്കപ്പെടാൻ വാർഷികങ്ങൾ അധികമില്ലെങ്കിലും
കുറച്ചു കാലത്തേക്കെങ്കിലും
ഓർക്കപ്പെട്ടവനായിരുന്നെന്ന ഓർമ്മയിൽ
പിന്നെയും മരിക്കണം.
....ബിജു.ജി.നാഥ് വർക്കല