Friday, February 25, 2022

ലിംഗ സമത്വം......................... ഷീബ ഇ.കെ.

 

 ലിംഗ സമത്വം (കഥകള്‍)

ഷീബ ഇ.കെ.

മാതൃഭൂമി ബുക്സ്

വില : 120 രൂപ

 

 

കഥകള്‍ക്ക് പഞ്ഞമില്ലാത്ത ലോകത്ത് കഥ പറയാനറിയുന്നവര്‍ ആണ് കുറവ് എന്നു പറയുന്നതില്‍ വാസ്തവമുണ്ടോ? കഥയെല്ലാവരും പറയുന്നുണ്ട് . പക്ഷേ കഥയില്ലായ്മയാണ് അധികവും . കഥയില്ലായ്മയ്ക്ക് കാരണമോ കഥയെഴുതാനുള്ള കഴിവില്ലായ്മയാണെന്ന് കാണാം . മനസ്സിലാകുന്ന പോലെ കഥയെഴുതിയാല്‍ മനുഷ്യര്‍ക്ക് മനസ്സിലാകും എന്നത് കണ്ടിട്ടു ബുദ്ധി വേണം കഥ വായിക്കാന്‍ എന്നു കരുതിയ എഴുത്തുകാര്‍ എഴുതുന്ന കഥകള്‍ വായിക്കാന്‍ ആളു കുറയുമ്പോള്‍ മലയാളിയുടെ സാഹിത്യ ബോധം ഇത്രയെ ഉള്ളൂ എന്നു പരിതപിക്കുകയും അവരെ പ്രാകുകയും ചെയ്യുന്നുണ്ട് ആധുനിക എഴുത്തുകാരിലെ ബുദ്ധിജീവികള്‍. എവിടെയാണ് ആര്‍ക്കാന് പിഴക്കുന്നത് . പറയാനുള്ളത് ലളിതമായി പറഞ്ഞു പോകുന്നത് നല്ല കാര്യമാണ് . എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരുപോലെ അത് സന്തോഷകരമാണ് മനസ്സിലാക്കാനും ആസ്വദിക്കാനും. ഒരുപടി മുന്നോട്ട് പോയാല്‍ ഗുപ്തമൌനങ്ങളും സൂചനകളും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഉപമകളും ഒക്കെക്കൊണ്ട് വായനയെ കുറച്ചുകൂടി ഗൌരവപരമാക്കുന്നവരും വായനക്കാരെ മടുപ്പിക്കുന്നില്ല . എഴുതിയവര്‍ തന്നെ വായനക്കാരോടു ഞാനിതാണ് എഴുതിയതെന്ന് വിളിച്ച് പറയേണ്ട ഗതികേട് വരുന്ന എഴുത്തുകാര്‍ക്ക് പക്ഷേ എല്ലാവരോടും പുച്ചമായിരിക്കുകയും ചെയ്യൂമല്ലോ. അവാര്ഡ് ദാന കമ്മിറ്റികളില്‍ ഇരിക്കുന്ന വിധികര്‍ത്താക്കല്‍ ആണ് ശരിക്കും ഇത്തരം അവസ്ഥയില്‍ കുഴഞ്ഞ് പോകുന്നത് . എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാതെ അതിലേക്കവര്‍ ആഗോള പ്രശനങ്ങളെ മുഴുവന്‍ കുടഞ്ഞിടാന്‍ പരിശ്രമിക്കുകയും നായക്ക് പൊതിയാത്തേങ്ങ കിട്ടിയ പോലെ അതില്‍ തളര്‍ന്നോടുവില്‍ ഒരു അവാര്ഡ് കൊടുത്ത് രാജിപ്പെടുകയും ചെയ്യുന്നത് കാണാന്‍ കഴിയാറുണ്ട് ചിലപ്പോഴൊക്കെ .

 

ലിംഗാസമത്വം , ഷീബ ഇ.കെ യുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് . ടൈറ്റില്‍ കഥ ഉള്‍പ്പെടുന്ന പന്ത്രണ്ടു ചെറു കഥകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത് . ചെറിയ ചെറിയ സംഭവങ്ങളെപ്പോലും കഥാപരമായി എങ്ങനെ പറഞ്ഞു ഫലിപ്പിക്കാം എന്നു ഇതിലെ കഥകള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു . നാം നിത്യ ജീവിതത്തില്‍ കണ്ടെത്തുന്ന പല ആള്‍ക്കാരും സംഭവങ്ങളും ഓര്‍മ്മകളും ഒക്കെയും കഥകളുടെ ജാലവിദ്യക്കാരാണ് നാമെങ്കിലും അത് കഥയായി എഴുതുപ്പിടിപ്പിക്കാന്‍ കഴിയും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ഈ എഴുത്തുകാരി പങ്ക് വയ്ക്കുന്നു . നല്ല ഭാഷാ ശുദ്ധിയും ഒഴുക്കുള്ള ശൈലിയും കഥകളെ വായനാസുഖം നല്‍കുന്ന ഒരു തലത്തില്‍ വായനക്കാരന് സമ്മാനിക്കുന്നു . ലിംഗ സമത്വം എന്ന കഥയാണ് കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നതായി അനുഭവപ്പെട്ടത് . പുസ്തകത്തിനും ആ പേര് ത്തന്നെയാണ് നല്കിയിട്ടുള്ളത് . ഇടക്കാലത്ത് പലപ്പോഴും കണ്ട ഒരു വാര്‍ത്തയും വിമര്‍ശനങ്ങളുമാണ് ചില മത സംഘടനകളുടെ വനിതാ വിഭാഗങ്ങളുടെ സമ്മേളനങ്ങളും മറ്റും നടക്കുന്ന വേദിയില്‍ ഒരു വനിതയെപ്പോലും കാണാന്‍ കഴിയാത്തത് . കേള്‍വിക്കാരായ സ്ത്രീകളെ വേലി കെട്ടി തിരിച്ചിരുത്തി അവരോടും അവരുടെ കൂട്ടായ്മയെയും കര്‍ത്തവ്യങ്ങളെയും മഹനീയതെയും പറഞ്ഞു കൊടുക്കുന്ന പുരുഷ കാഴ്ച എത്ര ലജ്ജാകരമാണ് . ലിംഗസമത്വം എന്ന്‍ കഥയിലും ഇതുതന്നെയാണ് തീം . ലിംഗസമത്വം എന്ന വിഷയത്തില്‍ നടക്കുന്ന പൊതുചര്‍ച്ചയില്‍ , ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം എന്ന വാഗ്ദാനത്തില്‍ , ഒന്നു കയറിയതാണ് നായിക . ഇരുന്നതാകട്ടെ പുരുഷപ്രജകളുടെ ഇടയിലെ ഒരു സീറ്റില്‍ . ധരിച്ചിരുന്നതാകട്ടെ ആധുനിക വസ്ത്രവും . സംഘാടകരും സദസ്യരും, കേള്‍വിക്കാരായി മാത്രം വേലികെട്ടി തിരിച്ചിരിത്തിയിരിക്കുന്ന  സ്ത്രീകള്‍ക്കും ആകെപ്പാടെ പരിഭ്രാന്തരാകുന്നതിലും അസഹിഷ്ണുതയും വേവലാതിയും കൊള്ളുന്നതിലും പുതുമയൊന്നും ഉണ്ടാകില്ല എന്നതാണല്ലോ നമ്മുടെ സംസ്കാര സദാചാര ചിന്ത . വളരെ മനോഹരമായി ഈ ആക്ഷേപ ഹാസ്യത്തെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നു ഷീബയിലെ എഴുത്തുകാരി . ഓരോ കഥയും അങ്ങനെ ത്തന്നെയാണ് . വാതില്‍ പണിയാന്‍ വന്ന ആള്‍ തനിക്കുള്ള കൂലിയായി തന്നേക്കുറിച്ചോര്‍ കഥ എഴുതാന്‍ പറഞ്ഞു എന്നതിനെ ഒരു കതയിലേക്ക് കൊണ്ട് വരുമ്പോള്‍ അത് മനോഹരമായ ഒരു ചെറുകഥയായി മാറുന്നു . തന്റെ പരിസരങ്ങളില്‍ നിന്നും , തന്റെ പ്രതിഷേധങ്ങളെയും സന്തോഷങ്ങളെയും ഓര്‍മ്മകളെയും ഒക്കെ എഴുതുവാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ഈ എഴുത്തുകാരിക്ക് എന്നു കാണാം .

 

ഒരുപാടു പുരസ്കാരങ്ങളും പുസ്തകങ്ങളും സ്വന്തമായിട്ടുള്ള ഷീബ എന്ന എഴുത്തുകാരിക്ക് ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു . വരുന്ന കാലത്തെ അടയാളപ്പെടുത്തുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ ഈ എഴുത്തുകാരിയുടെ പേരും സാഹിത്യം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും . സോഷ്യല്‍ മീഡിയകളുടെ ലോകത്തിനുമപ്പുറം ഒരു വായനാലോകം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് പുസ്തകങ്ങളുടെയും പുരസ്കാരങ്ങളുടെയും എണ്ണം സൂചിപ്പിക്കുന്നത് . അതിനു യോഗ്യത നേടാന്‍ അധികം എഴുത്തുകാര്‍ക്ക് കഴിയുന്നില്ല ഇന്നെന്ന അറിവിന്റെ മുന്നില്‍ തന്റെ എഴുത്തുകളുമായി ഷീബ ഇ കെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോല്‍  സന്തോഷമാണ് തോന്നുന്നത് . സമരസപ്പെടാന്‍ കഴിയാത്തതൊക്കെയും സഭ്യവും കുറിക്കു കൊള്ളുന്നതുമായ വിധത്തില്‍ അടക്കത്തോടെ ആര്‍ക്കും നോവാതെ എന്നാല്‍ അവര്‍ക്ക് ചിന്തിക്കാന്‍ ഇടം നല്കി അവതരിപ്പിക്കുന്ന രീതിയെ അഭിനന്ദിക്കുന്നു . കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്ന ആശംസ്കലോടെ ബിജു ജി. നാഥ്

Monday, February 21, 2022

പൂരകങ്ങള്‍ നാം


ഓർമ്മത്തെറ്റുകളിൽ വീണടിഞ്ഞ് 
നിന്നിലേക്ക് പടര്‍ന്നൊരു മോഹമായ്
നിൻ്റെ ഹിമശൈലങ്ങളെയലിയിക്കാൻ
കൊതിച്ച് പരാജിതനായവൻ ഞാൻ.

നീയൊരിക്കലുമൊരു താരാട്ടായി
എന്നെ തഴുകിയിരുന്നില്ലെങ്കിലും,
നിന്നെയറിയാൻ അനുവദിച്ചില്ലെങ്കിലും
വേദനകൾ തൻ ഇരുണ്ട വഴികളിലൊക്കെയും
നിൻ്റെ പിറകിലുണ്ടായിരുന്നു ഞാൻ.

തഴുകാനായ് നിന്നിലേക്കാഞ്ഞൊരെന്നെ
നിരാശയുടെ ഇരുണ്ട താഴ്വരകളിലേക്ക്
വലിച്ചെറിയുമ്പോഴും
നിശ്ചലമായൊരു നിഴലുപോലെ,
നീയുറ്റു നോക്കുന്നെന്‍ മിഴികളില്‍ !

നിന്‍ മുഖത്തേക്ക് കണ്ണെറിയുമ്പോള്‍
ഞാന്‍ നടുങ്ങുന്നു .
നിന്നിലെ മിഴികളില്‍ ഉറയും ശൈത്യത്തില്‍
എന്റെ രസനകള്‍ തളരുന്നു .
ഞാനൊരു തളര്‍ന്ന പോരാളിയായി,
പരാജയമറിഞ്ഞ യോദ്ധാവായ്‌
പിന്‍വാങ്ങുന്നു .

നമ്മള്‍ പ്രണയത്തിന്റെ താഴ്വരകളിലേക്ക്
മനസ്സുകൊണ്ടൂളിയിടുന്നു .
ഒടുവിലെൻ വഴികൾക്ക് ദിശമുട്ടുമ്പോൾ
ഞാനറിയുന്നു .
നാം രണ്ടല്ല
നാം പൂരകങ്ങള്‍ മാത്രം .
പറിച്ചുമാറ്റാന്‍ കഴിയാത്ത എന്തോ ഒന്നിനാൽ.....
@ബിജു ജി.നാഥ് 

Friday, February 18, 2022

നീയെന്റെ കാവ്യം

ഞാന്‍
എഴുതാന്‍ മറന്നുപോയ
പറയാന്‍ മറന്നു പോയ
കേള്‍ക്കാനും കാണാനും
കഴിയാതെ പോയൊരു
അഭൗമ കാവ്യമാണ് നീ.

വിരല്‍ത്തുമ്പു പിടിച്ച്
കണ്ണുകളില്‍ നോക്കി
പുഞ്ചിരികൊണ്ടു തുടച്ച
കണ്ണീര്‍ക്കവിളുകള്‍...
ഇനിയും മറക്കാത്ത
നരച്ച സന്ധ്യകള്‍ !

ഇല്ല ഞാനശക്തനിന്നും
നിന്നെക്കുറിച്ചെഴുതാന്‍ !
@ബിജു ജി. നാഥ്

Tuesday, February 15, 2022

കുഞ്ഞിക്കിളിയുടെ ആകുലതകൾ.


കാമാര്‍ത്ഥമോഹങ്ങളില്ലാത്ത സൗഹൃദ-
പ്പൂങ്കാവനത്തില്‍ കൂടൊന്നു കൂട്ടുവാന്‍
മോഹിച്ചു വന്നതാണാ ചെറുപൈങ്കിളി,
പ്രാപ്പിടിയര്‍ തൻ ലോകത്തുനിന്നുമേ!

കണ്ടു ചുറ്റാകെയും നാവു നീട്ടും
കൗശലക്കാരാം പൊയ്മുഖവേഷങ്ങള്‍.
കണ്ടതില്ലതിലൊന്നിലും തെല്ലുമേ
നന്മനിറഞ്ഞൊരു പുഞ്ചിരിപ്പൂവത്.

നീ വരൂ ഞാനേകാം സൗഹൃദമെന്നെത്ര
പൊയ്‌വാക്കുകള്‍ കേട്ടവൾ ചുറ്റിലും.
തൊട്ടു തലോടലിൻ ആവേഗങ്ങളിൽ
മാംസദാഹത്തിൻ ചൂരറിഞ്ഞകന്നവൾ.

പെണ്ണുടലിൻ്റെയീ മുറ്റുമുഴുപ്പുകൾ
എന്നും തടസ്സമോ നല്ച്ചിന്ത നല്കുവാൻ?
ഒന്നുപ്പുനോക്കുവാനല്ലേ പരിചയം, പിന്നെ
പ്രണയവും ചൊല്ലുമീ ആൺലോകം !

ചിറകു തളർന്നാൽ ചില്ലയേകില്ലെങ്കിൽ
മരമെന്തിനായേവം മാനത്തേക്കായുന്നു.
ഹൃദയം മുറിഞ്ഞാൽ മുറികൂടുകില്ലെങ്കിൽ
മരുന്നും മന്ത്രവും വളരുന്നതെന്തിനായ്.

കാറ്റു മറുപടി നല്കിയാ കിളിയുടെ
ചോദ്യങ്ങൾക്കേവമുത്തരം തത്ക്ഷണം..
കണ്ടറിഞ്ഞീടുക, ചൊല്ലിക്കൊടുക്കുക
തല്ലിയും കൃഷ്ണമണി മൂർച്ചയും നല്കുക.

നല്ലതും ചീത്തയും ഒന്നുചേർന്നുള്ളതാ-ണീ ലോകമെന്നത് നീയറിഞ്ഞീടുക.!
ഉണ്ട് പനിനീർച്ചെടിയിൽ നിറസൗരഭം.
ഉണ്ടതിൽ ചോര പൊടിക്കുന്ന മുള്ളുകൾ.

എന്തിനുമുണ്ടാവാം രണ്ടു വശങ്ങൾ, നാം
കണ്ടതു മാത്രമല്ലീയുലകിൻ സത്യമേ!
പുഞ്ചിരി തന്നുടെ പിന്നിലുണ്ടാം ചതി.
കാർക്കശ്യത്തിനകത്തുറഞ്ഞത് നന്മയും.

ആത്മബോധത്തിൻ്റെ സൂര്യവെളിച്ചമായ്
പാറിപ്പറക്കുക നീയുമീ ലോകത്തിൽ.
ഇക്കണ്ട സൗന്ദര്യം, ഈ മധുപാത്രവും
നിന്നുടെ കൂടിയവകാശമെന്നറിയേണം.

ഇത്രയും ചൊല്ലിയകന്ന പവനൻ്റെ പൂ-
വിരൽ സ്പർശത്തിൽ ഊർജ്ജമേറ്റവളുടൻ
വർദ്ധിത സ്നേഹത്താൽ ആമോദമോടെ
ആ വനിയിലാകെയും പാറിപ്പറന്നുടൻ.

നാം കാണും കാഴ്ചകളാകണം നേരെന്ന്
ആദ്യമേയാരും ശഠിക്കല്ലേ ലോകമേ!
കണ്ണുതുറന്നങ്ങു നോക്കുക ഉള്ളിലോ
വേണ്ടതിൽ മുൻവിധികൾ ഒന്നിനുമേതിനും.
@ബിജു ജി.നാഥ്





Friday, February 11, 2022

നീ ഒഴിഞ്ഞു പോയ വീട്.

നീ ഒഴിഞ്ഞു പോയ വീട്.
.................................................................
മനസ്സിൽ ഒരു വീടുണ്ട്!
ഹൃദയം നിറയെ സന്തോഷവുമായി,
ഉമ്മറപ്പടിയിൽ നിന്നെ കാത്തു നിന്നിരുന്ന
ഒരു വീട്.
ജീവിതത്തിന് അർത്ഥവും
താളവും നിറഞ്ഞ നാളുകൾക്ക്
ഒരു പ്രതീക്ഷയുണ്ടായിരുന്നു.
എൻ്റെ മുന്നിലേക്ക് നീ വരുന്നതും
നമുക്കിടയിലൊരു വസന്തം വിരുന്നെത്തുന്നതും ...
എൻ്റെ തന്നെ നിശ്വാസങ്ങളും 
എൻ്റെ വേദനകളും കൊണ്ടാകാം മുറ്റമാകെയും 
ഇന്ന് കാടുപിടിച്ചിരിക്കുന്നു.
മുറികളെല്ലാം ഉണങ്ങി വരണ്ടതും
ഗന്ധമേറിയതുമായിരിക്കുന്നു.
നിന്നെ കാത്തിരുന്നിട്ടുമാകാം
എൻ്റെയസ്ഥികൾ പൂത്തിരിക്കുന്നു.
എനിക്ക് ജ്വരം ബാധിച്ചിരിക്കുന്നു.
തമസ്സിൻ്റെ ആഴങ്ങളിൽ നിന്നും
എൻ്റെ തന്നെ ശബ്ദങ്ങൾ !
അവയെന്നെ പേടിപ്പെടുത്തുന്നു.
നോക്കൂ .... 
നീ വരുമായിരിക്കുമൊരുനാൾ!
പക്ഷേ, 
ഇരുളടഞ്ഞ മുറികളിലേക്ക് കയറും മുന്നേ സ്വീകരണ മുറിയുടെ ഒത്തനടുക്ക്
നീയെൻ്റെ അസ്ഥിപഞ്ജരം കണ്ടെടുക്കും.
ഒരു ഭാവഭേദവും കൂടാതെയന്ന് നീയത് തീയിടണം.
പഴന്തുണികളും പേപ്പറുമൊക്കെ കൂട്ടിയിട്ട്
കത്തിക്കുന്ന കൂട്ടത്തിലേക്ക് വലിച്ചെറിയുക.
ഞാനെന്ന ഓർമ്മപോലും
നിന്നിലവശേഷിക്കില്ലെന്നറിയുന്നതിനാൽ
കത്താൻ മടിക്കുന്ന ആ എല്ലിൻ കഷണങ്ങളിൽ
അല്പം മണ്ണെണ്ണ ഒഴിച്ചേക്കുക.
നിനക്ക് വേദനിക്കില്ലെന്നെനിക്കറിയാം .
@ബിജു ജി.നാഥ്

Thursday, February 10, 2022

കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങള്‍...................... സുനിത പി എം

 

കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങള്‍ (കവിത)

സുനിത പി എം

സാഹിത്യ പുസ്തക പ്രസാധനം

വില :₹ 120.00

 

 

            അധ്യാപനമൊരു കലയാണ് . അദ്ധ്യാപകര്‍ അതിനാല്‍ത്തന്നെ മികച്ച കലാകാരുമാകണം . വാക്കുകളില്‍ , പ്രവര്‍ത്തികളില്‍ , ഇടപെടലുകളില്‍ ഒക്കെയും അദ്ധ്യാപകരുടെ രീതികള്‍ ആണ് കുട്ടികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും . സദാചാര മാമൂലുകളില്‍ വീണു പോയ സമൂഹത്തിന്റെ പ്രതിനിധികള്‍ ആണ് നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം അദ്ധ്യാപകരും. അതിനാല്‍ത്തന്നെ അവര്‍ പഠിപ്പിക്കുന്ന കുട്ടികളും അതേ മൂശയില്‍ വിരിയുന്ന മണ്‍പാത്രങ്ങള്‍ ആയി മാറുന്നു . ചുരുക്കത്തില്‍ ഒന്നും മാറുന്നില്ല. നവോത്ഥാനം എന്നത് വെറും വാക്ക് മാത്രമായി പോകുന്നു . കൂട്ടത്തില്‍ നിന്നും വേറിട്ട് നടക്കുന്ന അദ്ധ്യാപകര്‍ അനഭിമതരാകുകയും ചെയ്യുന്നു . കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങള്‍ എന്നത് സുനിത പി എം എന്ന കവിയുടെ അതിനുപരി ഒരധ്യാപികയുടെ കവിതകള്‍ ആണ് . അറുപത്തിമൂന്നു കവിതകള്‍ അവയെ മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ അറുപത്തിമൂന്നു ചിന്തകള്‍ എന്നു പറയാമെന്ന് കരുതുന്നു . മറ്റുള്ളവര്‍ നടന്ന വഴികളിലൂടെ നടക്കുന്നവര്‍ ഒരിയ്ക്കലും മാര്‍ഗ്ഗദീപം തെളിക്കുന്നവര്‍ അല്ല എന്ന ലോകതത്വം സുനിത എന്ന്‍ അധ്യാപിക തന്റെ കവിതകളിലൂടെ ലോകത്തോട് വ്യക്തമായും വിളിച്ച് പറയുകയാണ് ചെയ്യുന്നത് എന്നീ പുസ്തകം വായനക്കാരോടു പറയുന്നു .

 

            പുസ്തകത്തിന്റെ തലക്കെട്ടിലെ കവിത ഉള്‍പ്പേജുകളില്‍ വായിക്കുമ്പോള്‍ അതിനു ഈ പുസ്തകവുമായി എന്തു ബന്ധം എന്ന ചിന്ത വായനക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നത് അവസാനവും മാറിയിട്ടില്ല . കാരണം ബഹുഭാര്യത്വം നിലനിന്ന സമൂഹങ്ങള്‍ നമുക്കിടയില്‍ ഇന്നും ഒളിഞ്ഞു തെളിഞ്ഞു നിലനില്‍ക്കുന്നുണ്ട് . വെങ്കലം പോലുള്ള സിനിമകള്‍ നമ്മോടു പറയുന്നതും അത് തന്നെയാണ് . വ്യത്ഥ്യസ്ഥ ജീവിത പരിസരങ്ങള്‍ അല്ല ഇവിടെയും . രണ്ടു തൊഴില്‍ ചെയ്യുന്ന രണ്ടു പെണ്ണുങ്ങളുടെ ഒരേ ഇണയനുഭവങ്ങള്‍ മാത്രമാണു ആ കവിത പങ്ക് വയ്ക്കുന്നത് . അതിനാല്‍ത്തന്നെ ഈ പുസ്തകവുമായി അതിനു ഒരു ചേര്‍ച്ചയും തോന്നിയില്ല എന്നാദ്യമേ പറയട്ടെ . എല്ലാ കവിതകളും നല്ല കവിതകള്‍ തന്നെയാണ് . ചിലവ താളവും ഈണവും ഉള്ളവയാണ് ചിലതാകട്ടെ ഗദ്യകവിതകള്‍ ആണ് . കവിതകളുടെ വിഷയങ്ങള്‍ സമൂഹത്തിലെ കാഴ്ചകള്‍ ആണ് . അനീതികള്‍ ആണ്. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ചില കവിതകളിലൂടെ തന്റെ രാഷ്ട്രീയം കൂടി കവി ഈ പുസ്തകത്തില്‍ പറഞ്ഞു വയ്ക്കുന്നുണ്ട് . പീഡിപ്പിക്കപ്പെടുന്ന , ഇരകളാകപ്പെടുന്ന പെങ്കുട്ടികളും , സാമൂഹ്യപശ്ചാത്തലത്തില്‍ വ്യവസ്ഥിതികളിൽ പെട്ടു ഞെരിഞ്ഞമർന്ന് ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വിലാപങ്ങളും, പ്രണയവും കാമനകളും പ്രകൃതിയും ഒക്കെ വിഷയമാകുന്ന കവിതകള്‍ ആണ് സുനിത പി എം ഈ പുസ്തകത്തില്‍ പങ്ക് വയ്ക്കുന്നത് . ഭാഷയുടെ പ്രയോഗങ്ങളും , കവിതാ രചനാ സങ്കേതങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കുകയും അവയെ വ്യക്തമായ രീതിയില്‍ അടയാളപ്പെടുത്തുകയും ചെയ്യുക വഴി തന്റെ സര്‍ഗ ശേഷിയുടെ ലാളിത്യവും മനോഹാരിതയും സുനിത ഓരോ കവിതകളിലും അടയാളപ്പെടുത്തിയിട്ടുണ്ട് . തോറ്റുപോകുന്ന മനുഷ്യരുടെ ശബ്ദമായി സഞ്ചരിക്കാന്‍ കഴിയുക ഓരോ എഴുത്തുകാരുടെയും ധര്‍മ്മവും കര്‍മ്മവും ആകണം എന്നതിന് സുനിത ഉദാഹരണമാകുകയാണ് തന്റെ വരികളിലൂടെ .

 

            ജീവിതത്തെ നിരാശയുടെയും വേദനകളുടെയും പരാജയങ്ങളുടെയും ചവറുകൂനയില്‍ തളച്ചിടാന്‍ ശ്രമിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന കവിതകളുടെ രചനാരീതിയിലൂടെ കൂട്ടത്തില്‍ നിന്നും വേറിട്ട് സഞ്ചരിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകരുടെ കൂട്ടത്തില്‍ സുനിത തന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധത എന്നത് വെറും ഒരു കളിവാക്കല്ല എന്ന അറിവുള്ളവര്‍ക്ക് മാത്രമേ കവിതകള്‍ ആയാലും കഥകള്‍ ആയാലും ഉള്‍ക്കാഴ്ചയോടെ എഴുതാന്‍ കഴിയുകയുള്ളൂ . ആധുനിക കവിതകള്‍ പഴയകാല കവിതകളിലെ പുരാണ ജീവിതങ്ങളും സാരോപദേശ കഥകളും നിറഞ്ഞ ഒന്നല്ല എന്നത് തന്നെ ശുഭസൂചകങ്ങള്‍ ആണ് . ഇന്നില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ ഇന്നിന്റെ ഭൂമികയില്‍ വിതയ്ക്കുകയും അതില്‍ നിന്നും നന്‍മയുടെ , മാറ്റത്തിന്റെ മുളകളെ പൊടിപ്പിക്കാന്‍ കഴിയുകയും ചെയ്യുക എന്നതാകണം ഓരോ എഴുത്തുകാരന്റെയും ധർമ്മം. എഴുത്തുകള്‍ സ്വാര്‍ത്ഥകമാകുന്നത് അപ്പോഴാണല്ലോ . സുനിതയുടെ ആമുഖക്കുറിപ്പില്‍ പറയുന്നതും ഇതുതന്നെയാണ് . തന്റെ പരിസരങ്ങളില്‍ കാണുന്ന അനീതികളെ ചൂണ്ടിക്കാണിക്കാന്‍ കഴിയാതിരിക്കുന്നിടത്തോളം എഴുത്തുകാരനെന്ന വാക്കിനൊരര്‍ത്ഥവും ഉണ്ടാകുന്നില്ല .

 

            കൂടുതല്‍ കവിതകളിലൂടെ കൂടുതല്‍ പരിവര്‍ത്തനങ്ങളിലൂടെ മലയാള സാഹിത്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സുനിതയിലെ കവിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു . ഒപ്പം നല്ലൊരു പുസ്തകമായി നല്ല എഡിറ്റിങ്ങും പ്രിന്‍റിംഗ് വര്‍ക്കുമായി ഈ കവിതകളെ അണിയിച്ചൊരുക്കിയ അണിയറക്കാര്‍ക്കും അനുമോദനങ്ങള്‍. കാരണം ഇക്കാലത്ത് മത്സരങ്ങള്‍ നടക്കുന്നതു സാമ്പത്തിക ലാഭം നോക്കി പ്രസിദ്ധീകരണങ്ങളുടെ എണ്ണം കൂട്ടുക എന്നതിനപ്പുറം അതിനെന്തെങ്കിലും പോരായ്മകളോ തെറ്റുകളോ ഉണ്ടോ എന്നുനോക്കി തിരുത്താന്‍ ശ്രമിക്കാതെയാണ് . ചിലപ്പോള്‍ അതിനു കാരണമാകുന്നത് എഴുത്തുകാര്‍ തന്നെയാണെന്ന വസ്തുതയും മറക്കുന്നില്ല അതിനാൽത്തന്നെ ഇത്തരം നല്ല കാഴ്ചകളെ അനുമോദിക്കാതെ വയ്യല്ലോ . കവിതകളുടെ വായനകള്‍ക്ക് കൂടുതല്‍ ലഹരി നല്‍കാന്‍ കൂടുതല്‍ കവിതകളുമായി പുതുമകളും നവീകരണങ്ങളുമായി സുനിതയെന്ന കവിക്ക് മലയാള സാഹിത്യത്തിൽ ചുവടുറപ്പിക്കാന്‍ കഴിയട്ടെ. സ്നേഹപൂര്‍വ്വം ബിജു ജി നാഥ്

എളങ്കൂർ: 6761 22 ...........വിദ്യ പൂവഞ്ചേരി

എളങ്കൂർ: 6761 22 ( കവിതകൾ)
വിദ്യ പൂവഞ്ചേരി
ധ്വനി ബുക്സ്
വില: ₹ 140.00 

അതി മനോഹരങ്ങളായ 32 കവിതകളുടെ പുസ്തകം! അങ്ങനെയാണ് ശ്രീമതി വിദ്യ പൂവഞ്ചേരി എന്ന കവിയുടെ എളങ്കൂർ: 676122 എന്ന കവിത സമാഹാരത്തെ ഒറ്റവാക്കിൽ അടയാളപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്. മലയാള കവിതാ സാഹിത്യ വിഭാഗത്തിൽ തിളക്കമാർന്ന അനവധി കവികൾ തങ്ങളുടെ കവിതകളുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തിൽ മൗനത്തിൻ്റെ തണുത്ത തിരശ്ശീല മറവിലായി വിഷാദത്തിൻ്റെ കടും ചായങ്ങളാൽ അടയാളപ്പെട്ട ഒരാൾ അതെ അങ്ങനെയാകണം വിദ്യയെന്ന കവിയെ കാലം അടയാളപ്പെടുത്തുക. ഈ പുസ്തകത്തിന് പഠനം എഴുതിയ ഡോ. അരുൺലാൽ മൊകേരി, കവിയെ വിശേഷിപ്പിച്ചത് സിൽവിയ പ്ലാത്തിൻ്റെ ഒപ്പമാണ്. പക്ഷേ കൂട്ടത്തിൽ അദ്ദേഹം പരാമർശി മാത്രം പോയ മാധവിക്കുട്ടിയുണ്ട്. ഈ കവിതകൾ മുഴുവൻ വായിച്ചു പോകവേ മാധവിക്കുട്ടിയുടെ ഓർമ്മകൾ ആണെന്നിൽ വിടർന്നത്. 

പെൺമൗനങ്ങളുടെ ഒരു വനാന്തരമാണ് വിദ്യയുടെ കവിതകൾ. രതിയും വിഷാദവും ബാല്യകൗമാരങ്ങളും ഭയത്തിൻ്റെ സില്ക്ക് തൂവാലയും ഒക്കെയായി ആ കവിതകൾ പൂത്തുലഞ്ഞു കിടക്കുന്നു. നഗരവും ഗ്രാമവും കടന്നത് ആദി മനുഷ്യൻ്റെ കളിത്തൊട്ടിലിലേക്ക് നടന്നു പോകുന്നു. കവിതകൾ പലപ്പോഴും വർത്തമാനകാലത്തിൽ നിന്നും കൗശലപൂർവ്വം ഭൂതകാലത്തിലേക്ക് വലിച്ചു കൊണ്ടു പോകുകയും അവിടെയുപേക്ഷിച്ചു കവി കടന്നുകളയുകയും ചെയ്യുകയാണ് എന്ന് തോന്നിപ്പിക്കുന്ന വായനകളാണ്. സൗഹൃദങ്ങളുടെ പൂത്തുലഞ്ഞ മഴക്കാടുകൾക്കിടയിൽ പോലും ഏകാന്തതയുടെ മരുഭൂമിയനുഭവിക്കുന്ന ഒരു വളെപ്പോലെയാണ് കവിതകളിലൂടെ വിദ്യ സഞ്ചരിക്കുന്നത്. പഠനത്തിനിടയിലേക്ക് മണ്ണെണ്ണ വിളക്കിൻ്റെ നാളത്തിൽ പെട്ട് പിടഞ്ഞ് മുന്നിൽ വീഴുന്ന രണ്ടു വണ്ടുകൾ നാല്പതുകൾക്കപ്പുറം നില്ക്കുന്ന ഓരോ വായനക്കാരനുമൊരു പോലെ ഹൃദ്യമായ ഓർമ്മയാകും. പക്ഷേ, പൊടുന്നനെ വിളക്കുതിയണയ്ക്കുകയും കതകും ജാലകങ്ങളും അടയ്ക്കുകയും ഇരുളിൽ ആ വണ്ടുകൾക്ക് നടുവിലവൾ മലർന്നു കിടക്കുകയും ചെയ്യുമ്പോൾ ഒരൊറ്റ ലോകത്തിൽ നിന്നും മറ്റൊരു  ലോകത്തിലേക്ക് വായനക്കാരൻ മൂക്കുകുത്തി വീഴുകയും ശ്വാസം മുട്ടിപ്പിടക്കുകയും ചെയ്യും.

വിദ്യയുടെ ഈ കവിതകൾ എല്ലാം തന്നെ ഗദ്യകവിതകളാണ്. ഒരു തരത്തിൽ മിനിക്കഥകളെന്നോ, കുറിമാനങ്ങളെന്നോ പറയാം. പക്ഷേ , അവയുടെ കാവ്യഭംഗിയും ലളിതവത്ക്കരണവും കവിതയുടെ സ്വതസിദ്ധമായ ലാവണ്യം നേടുന്നതിനാൽ ഓരോ കവി ത യും വ്യത്യസ്ഥങ്ങളായ കാഴ്ചകൾ ആവുകയാണ്. ഒരു ചലച്ചിത്രത്തിലെന്ന പോലെ വിഷ്വലുകളെ സമന്വയിപ്പിച്ചു നിർത്താനും അതിനെ വായനയിൽക്കൂടി കാഴ്ചകളായി മാറ്റാനും കഴിയുന്ന ചാതുരി വിദ്യയെന്ന കവിയുടെ സർഗ്ഗശേഷിയെ വെളിവാക്കുന്നു. ഓരോ കാഴ്ചകളും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മനസ്സിലെ കാൻവാസിൽ പതിപ്പിക്കുന്നുണ്ട് കവി. ശരിക്കും വായനാനുഭവം എങ്ങനെ സ്വാദിഷ്ടമാക്കാം എന്നൊരു അന്വേഷണത്തെ വിദ്യ , തൻ്റെ കവിതകളാൽ മരവിപ്പിക്കുന്നു. വിഷാദത്തിൻ്റെ കടുത്ത ആവരണമിട്ട വരികളാൽ വിദ്യയെന്ന കവി ഒരു പ്രത്യേക ലോകം തുറക്കുന്നു. മാധവിക്കുട്ടിയുടെ വരികൾ നല്കിയ വിങ്ങലുകൾക്ക് അനുരണനം പോലെയാണാ ലോകത്തിലേക്കുള്ള യാത്ര. 

മലയാളം അറിയുന്ന വലിയ കവിയായി കാലം അടയാളപ്പെടുത്തട്ടെ വിദ്യയെയെന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ , വായന നല്കിയ ആനന്ദം പങ്കുവയ്ക്കുന്നു. ബിജു. ജി. നാഥ്