കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങള്‍ (കവിത)
സുനിത പി എം
സാഹിത്യ പുസ്തക പ്രസാധനം
വില :₹ 120.00
അധ്യാപനമൊരു കലയാണ് . അദ്ധ്യാപകര്‍
അതിനാല്‍ത്തന്നെ മികച്ച കലാകാരുമാകണം . വാക്കുകളില്‍ , പ്രവര്‍ത്തികളില്‍
, ഇടപെടലുകളില്‍ ഒക്കെയും അദ്ധ്യാപകരുടെ രീതികള്‍ ആണ് കുട്ടികള്‍ക്ക്
പ്രചോദനവും പ്രോത്സാഹനവും . സദാചാര മാമൂലുകളില്‍ വീണു പോയ സമൂഹത്തിന്റെ പ്രതിനിധികള്‍
ആണ് നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം അദ്ധ്യാപകരും. അതിനാല്‍ത്തന്നെ അവര്‍ പഠിപ്പിക്കുന്ന
കുട്ടികളും അതേ മൂശയില്‍ വിരിയുന്ന മണ്‍പാത്രങ്ങള്‍ ആയി മാറുന്നു . ചുരുക്കത്തില്‍
ഒന്നും മാറുന്നില്ല. നവോത്ഥാനം എന്നത് വെറും വാക്ക് മാത്രമായി പോകുന്നു . കൂട്ടത്തില്‍
നിന്നും വേറിട്ട് നടക്കുന്ന അദ്ധ്യാപകര്‍ അനഭിമതരാകുകയും ചെയ്യുന്നു . “കിനാശ്ശേരിക്കടവിലെ
പെണ്ണുങ്ങള്‍” എന്നത് ‘സുനിത പി എം’ എന്ന കവിയുടെ അതിനുപരി ഒരധ്യാപികയുടെ കവിതകള്‍ ആണ് . അറുപത്തിമൂന്നു
കവിതകള്‍ അവയെ മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ അറുപത്തിമൂന്നു ചിന്തകള്‍ എന്നു
പറയാമെന്ന് കരുതുന്നു . മറ്റുള്ളവര്‍ നടന്ന വഴികളിലൂടെ നടക്കുന്നവര്‍ ഒരിയ്ക്കലും മാര്‍ഗ്ഗദീപം
തെളിക്കുന്നവര്‍ അല്ല എന്ന ലോകതത്വം സുനിത എന്ന്‍ അധ്യാപിക തന്റെ കവിതകളിലൂടെ ലോകത്തോട്
വ്യക്തമായും വിളിച്ച് പറയുകയാണ് ചെയ്യുന്നത് എന്നീ പുസ്തകം വായനക്കാരോടു പറയുന്നു .
പുസ്തകത്തിന്റെ തലക്കെട്ടിലെ
കവിത ഉള്‍പ്പേജുകളില്‍ വായിക്കുമ്പോള്‍ അതിനു ഈ പുസ്തകവുമായി എന്തു ബന്ധം എന്ന ചിന്ത
വായനക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നത് അവസാനവും മാറിയിട്ടില്ല . കാരണം ബഹുഭാര്യത്വം
നിലനിന്ന സമൂഹങ്ങള്‍ നമുക്കിടയില്‍ ഇന്നും ഒളിഞ്ഞു തെളിഞ്ഞു നിലനില്‍ക്കുന്നുണ്ട് .
വെങ്കലം പോലുള്ള സിനിമകള്‍ നമ്മോടു പറയുന്നതും അത് തന്നെയാണ് . വ്യത്ഥ്യസ്ഥ ജീവിത പരിസരങ്ങള്‍
അല്ല ഇവിടെയും . രണ്ടു തൊഴില്‍ ചെയ്യുന്ന രണ്ടു പെണ്ണുങ്ങളുടെ ഒരേ ഇണയനുഭവങ്ങള്‍ മാത്രമാണു
ആ കവിത പങ്ക് വയ്ക്കുന്നത് . അതിനാല്‍ത്തന്നെ ഈ പുസ്തകവുമായി അതിനു ഒരു ചേര്‍ച്ചയും
തോന്നിയില്ല എന്നാദ്യമേ പറയട്ടെ . എല്ലാ കവിതകളും നല്ല കവിതകള്‍ തന്നെയാണ് . ചിലവ താളവും
ഈണവും ഉള്ളവയാണ് ചിലതാകട്ടെ ഗദ്യകവിതകള്‍ ആണ് . കവിതകളുടെ വിഷയങ്ങള്‍ സമൂഹത്തിലെ കാഴ്ചകള്‍
ആണ് . അനീതികള്‍ ആണ്. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ചില കവിതകളിലൂടെ തന്റെ രാഷ്ട്രീയം കൂടി
കവി ഈ പുസ്തകത്തില്‍ പറഞ്ഞു വയ്ക്കുന്നുണ്ട് . പീഡിപ്പിക്കപ്പെടുന്ന , ഇരകളാകപ്പെടുന്ന പെങ്കുട്ടികളും , സാമൂഹ്യപശ്ചാത്തലത്തില്‍ വ്യവസ്ഥിതികളിൽ പെട്ടു ഞെരിഞ്ഞമർന്ന് ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വിലാപങ്ങളും, പ്രണയവും കാമനകളും പ്രകൃതിയും ഒക്കെ വിഷയമാകുന്ന
കവിതകള്‍ ആണ് സുനിത പി എം ഈ പുസ്തകത്തില്‍ പങ്ക് വയ്ക്കുന്നത് . ഭാഷയുടെ പ്രയോഗങ്ങളും
, കവിതാ രചനാ സങ്കേതങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കുകയും അവയെ
വ്യക്തമായ രീതിയില്‍ അടയാളപ്പെടുത്തുകയും ചെയ്യുക വഴി തന്റെ സര്‍ഗ ശേഷിയുടെ ലാളിത്യവും
മനോഹാരിതയും സുനിത ഓരോ കവിതകളിലും അടയാളപ്പെടുത്തിയിട്ടുണ്ട് . തോറ്റുപോകുന്ന മനുഷ്യരുടെ
ശബ്ദമായി സഞ്ചരിക്കാന്‍ കഴിയുക ഓരോ എഴുത്തുകാരുടെയും ധര്‍മ്മവും കര്‍മ്മവും ആകണം എന്നതിന്
സുനിത ഉദാഹരണമാകുകയാണ് തന്റെ വരികളിലൂടെ .
ജീവിതത്തെ നിരാശയുടെയും വേദനകളുടെയും
പരാജയങ്ങളുടെയും ചവറുകൂനയില്‍ തളച്ചിടാന്‍ ശ്രമിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാന്‍
പ്രേരിപ്പിക്കുന്ന കവിതകളുടെ രചനാരീതിയിലൂടെ കൂട്ടത്തില്‍ നിന്നും വേറിട്ട് സഞ്ചരിക്കാന്‍
ശ്രമിക്കുന്ന അദ്ധ്യാപകരുടെ കൂട്ടത്തില്‍ സുനിത തന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. സാമൂഹ്യ
പ്രതിബദ്ധത എന്നത് വെറും ഒരു കളിവാക്കല്ല എന്ന അറിവുള്ളവര്‍ക്ക് മാത്രമേ കവിതകള്‍ ആയാലും
കഥകള്‍ ആയാലും ഉള്‍ക്കാഴ്ചയോടെ എഴുതാന്‍ കഴിയുകയുള്ളൂ . ആധുനിക കവിതകള്‍ പഴയകാല കവിതകളിലെ
പുരാണ ജീവിതങ്ങളും സാരോപദേശ കഥകളും നിറഞ്ഞ ഒന്നല്ല എന്നത് തന്നെ ശുഭസൂചകങ്ങള്‍ ആണ്
. ഇന്നില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ ഇന്നിന്റെ ഭൂമികയില്‍ വിതയ്ക്കുകയും
അതില്‍ നിന്നും നന്‍മയുടെ , മാറ്റത്തിന്റെ മുളകളെ പൊടിപ്പിക്കാന്‍ കഴിയുകയും
ചെയ്യുക എന്നതാകണം ഓരോ എഴുത്തുകാരന്റെയും ധർമ്മം. എഴുത്തുകള്‍ സ്വാര്‍ത്ഥകമാകുന്നത്
അപ്പോഴാണല്ലോ . സുനിതയുടെ ആമുഖക്കുറിപ്പില്‍ പറയുന്നതും ഇതുതന്നെയാണ് . തന്റെ പരിസരങ്ങളില്‍
കാണുന്ന അനീതികളെ ചൂണ്ടിക്കാണിക്കാന്‍ കഴിയാതിരിക്കുന്നിടത്തോളം എഴുത്തുകാരനെന്ന വാക്കിനൊരര്‍ത്ഥവും
ഉണ്ടാകുന്നില്ല .
കൂടുതല്‍ കവിതകളിലൂടെ കൂടുതല്‍
പരിവര്‍ത്തനങ്ങളിലൂടെ മലയാള സാഹിത്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സുനിതയിലെ കവിക്ക്
കഴിയട്ടെ എന്നാശംസിക്കുന്നു . ഒപ്പം നല്ലൊരു പുസ്തകമായി നല്ല എഡിറ്റിങ്ങും പ്രിന്‍റിംഗ്
വര്‍ക്കുമായി ഈ കവിതകളെ അണിയിച്ചൊരുക്കിയ അണിയറക്കാര്‍ക്കും അനുമോദനങ്ങള്‍. കാരണം ഇക്കാലത്ത്
മത്സരങ്ങള്‍ നടക്കുന്നതു സാമ്പത്തിക ലാഭം നോക്കി പ്രസിദ്ധീകരണങ്ങളുടെ എണ്ണം കൂട്ടുക
എന്നതിനപ്പുറം അതിനെന്തെങ്കിലും പോരായ്മകളോ തെറ്റുകളോ ഉണ്ടോ എന്നുനോക്കി തിരുത്താന്‍
ശ്രമിക്കാതെയാണ് . ചിലപ്പോള്‍ അതിനു കാരണമാകുന്നത് എഴുത്തുകാര്‍ തന്നെയാണെന്ന വസ്തുതയും
മറക്കുന്നില്ല അതിനാൽത്തന്നെ ഇത്തരം നല്ല കാഴ്ചകളെ അനുമോദിക്കാതെ വയ്യല്ലോ . കവിതകളുടെ വായനകള്‍ക്ക്
കൂടുതല്‍ ലഹരി നല്‍കാന്‍ കൂടുതല്‍ കവിതകളുമായി പുതുമകളും നവീകരണങ്ങളുമായി സുനിതയെന്ന
കവിക്ക് മലയാള സാഹിത്യത്തിൽ ചുവടുറപ്പിക്കാന്‍ കഴിയട്ടെ. സ്നേഹപൂര്‍വ്വം ബിജു ജി നാഥ്
No comments:
Post a Comment