Monday, December 26, 2022

സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ ............ജേക്കബ് തോമസ്

സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ (ആത്മകഥ)
ജേക്കബ് തോമസ് 
ഡി സി ബുക്സ് 


ഇക്കാലത്ത് ആത്മകഥകള്‍ ഒക്കെയും  ഊതിവീര്‍പ്പിക്കുന്ന ബലൂണുകള്‍ ആണ് . മുന്‍പ്, മറ്റാരെങ്കിലും എഴുതും ഒരിടത്തൊരിടത്ത് ഒരു മഹാനോ മഹതിയോ ഉണ്ടായിരുന്നു എന്ന തരത്തിൽ. അദ്ദേഹം ആകാശത്തും ഭൂമിയിലും സമാനതകള്‍ ഇല്ലാത്ത ഒരാള്‍ ആയിരുന്നു . ഒറ്റയ്ക്ക് സമൂഹഗാനം പാടാന്‍ കഴിവുള്ള ആളായിരുന്നു. പര്‍വ്വതങ്ങള്‍ , നദികള്‍ എന്തിന് സമുദ്രം വരെ അദ്ദേഹത്തെ കണ്ടു വഴിയൊഴിയുമായിരുന്നു.... കാലം ഒരുപാട് കഴിഞ്ഞുപോയി . ഇന്ന് കൂലിയെഴുത്തുകാരും , ആരാധകരും കുറവായി. അപ്പോള്‍ സ്വയം ആ ജോലി ഏറ്റെടുക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഒരാള്‍ തന്റെ ഭാഗം പറയാന്‍ വേണ്ടി മാത്രം  ഉപയോഗിയ്ക്കുന്ന ഒരു മീഡിയം ആണ് ഇന്ന് ആത്മകഥ . എന്തുകൊണ്ട് ഞാന്‍ ആക്രമിക്കപ്പെട്ടു . എന്തുകൊണ്ട് ഞാന്‍ ഒഴിവാക്കപ്പെട്ടു .  എന്തുകൊണ്ട് എന്നെ ക്രൂശിച്ചു എന്നത് അവനവന്‍ വന്നു വിളിച്ച് പറയുന്നതിലേക്ക് കാലം മാറി . ഒരുകണക്കിന് അതും നന്നായി . ജനത്തിന് ഇരുവശവും അറിയാനും വിലയിരുത്താനും കഴിയുമല്ലോ . നമ്പി നാരായണന്‍ , പ്രൊഫസര്‍ ടി ജെ ജോസഫ് , സിസ്റ്റര്‍ ലൂസി കളപ്പുര , സ്വപ്ന , ശിവശങ്കര്‍ ഐ എ എസ് , ജേക്കബ് തോമസ് ഐ പി എസ് തുടങ്ങി ആ ലിസ്റ്റിങ്ങനെ നീണ്ടു കിടക്കുകയാണ്. തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താനും സിസ്റ്റത്തിലെ തകരാറുകള്‍ ചൂണ്ടിക്കാണിക്കുവാനും വേണ്ടിയാണ് ഈ എഴുത്തുകള്‍ രംഗത്ത് വന്നിട്ടുള്ളത്, വരുന്നതും എന്നു കാണാം. വലിയ ചര്‍ച്ചകളും ഒച്ചപ്പാടുകളും സിംഹാസനങ്ങളുടെ കട പുഴകലുകളും ഒക്കെ സംഭവിക്കാറുണ്ട് ചില ആത്മകഥകളുടെ വിസ്ഫോടനത്തില്‍ . ചരിത്രത്തെ വളച്ചൊടിക്കാനും ഇല്ലാത്ത പ്രാധാന്യങ്ങളും കളവുകളും സ്ഥാപിച്ചെടുക്കാനും ഇത്തരം ആത്മകഥകള്‍ പ്രേകരകമാകാറുണ്ട് . വിശുദ്ധ നരകം എന്ന പുസ്തകത്തിലൂടെ സുധാമണിയുടെ ആശ്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലായി എങ്കിലും അതൊരുവിധ ചലനവും ഉണ്ടാക്കിയില്ല എന്നത് മതവും ആത്മീയതയും സമൂഹത്തില്‍ ഉണ്ടാക്കുന്ന പിടിപാടിന്റെ തെളിവുകള്‍ ആയി മുന്നിലുണ്ടല്ലോ . ചിലപ്പോഴൊക്കെ മതത്തിലെ കളകളെ മനുഷ്യത്വത്തിന്റെ വര്‍ണ്ണച്ചായമടിച്ചു മിനുക്കി ചിലര്‍ ജീവചരിത്രങ്ങള്‍ ഉണ്ടാക്കുന്നതും ആത്മകഥയോടൊപ്പം കാണേണ്ട ഒന്നായി കരുതുന്നു . 
  ഐ.പി.എസ്. എന്നത് ഒരു സ്വപ്നമേ ആയിരുന്നില്ലാത്ത ഒരു കര്‍ഷകന്‍, പില്‍ക്കാലത്ത് കൂട്ടുകാരന്റെ അഭിപ്രായം കേട്ട് ഐ പി എസ് എടുക്കുകയും പത്തു മുപ്പതു കൊല്ലം കേരള പോലീസിന്റെ നല്ല നല്ല പൊസിഷനിലോക്കെ ഇരുന്നും പ്രധാനപ്പെട്ട പലരുടേയും കണ്ണിലെ ഉണ്ണിയും കരടും ഒക്കെ ആകുകയും വിരമിക്കലിന് മുന്നേ പുറത്താക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ , ജേക്കബ് തോമസിന്റെ ആത്മകഥയാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിന്റെ ഇതിവൃത്തം . കടലിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങള്‍ ആണല്ലോ സ്രാവുകള്‍ . അതിലും അപകടകാരികളായ രാഷ്ട്രീയക്കാരോടൊപ്പം സഞ്ചരിച്ച അനുഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പങ്ക് വയ്കുന്നത് .

കേരള രാഷ്ട്രീയത്തിൻ്റെ നിയമപാലക സിസ്റ്റത്തിനോടുള്ള മനോഭാവവും കൈകടത്തലുകളും , നിയമ വ്യവസ്ഥയിലെ കെടുകാര്യസ്ഥതകളും കുതികാൽ വെട്ടുകളും പോരായ്മകളും പാളിച്ചകളും ഒക്കെ മനസ്സിലാക്കുവാൻ പര്യാപ്തമാണ് ഈ പുസ്തകം. എല്ലാം വിളിച്ചു പറയുന്നു എന്ന ധാരണ പക്ഷേ വേണ്ട. തൻ്റെ പ്രശ്നങ്ങളും, താൻ നടപ്പിൽ വരുത്തിയതോ തുടങ്ങി വച്ചതോ ആയ പരിഷ്കാരങ്ങളും ഒക്കെ ഇതിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. തനിക്കിഷ്ടമല്ലാത്ത ഒരു മേഖലയിൽ താൻ കുറച്ചു കാലം ചിലവഴിച്ചു എന്ന കുറ്റബോധമാണ് പൊതുവേ എഴുത്തിൽ നിഴലിക്കുന്നത്. അനധികൃതമായി സ്വത്തുസമ്പാദിച്ചതും പണം ക്രയവിക്രയം ചെയ്തതും സംബന്ധിച്ചുള്ള ആരോപണങ്ങളെ വിശദീകരിക്കാനും , കർഷക കുടുംബത്തിൽ നിന്നും വന്നതും കൃഷി ജീവശ്വാസമെന്ന കാര്യം പറയാനും ഉപയോഗിച്ച ഒരു ചാലകം എന്നതിനപ്പുറം എന്ത് ചലനമാണ് ഈ പുസ്തകം കേരള സമൂഹത്തിൽ സൃഷ്ടിച്ചത് എന്നത് ചിന്താവിഷയമാണ്. വലിയ പ്രാധാന്യമൊന്നും നല്കാൻ ഇല്ലാതെ വായിച്ചു മടക്കിയ ഒരു പുസ്തകം എന്നാണ് വിലയിരുത്താൻ കഴിയുന്നത്. സസ്നേഹം ബിജു.ജി.നാഥ്, വർക്കല.

Saturday, December 17, 2022

സുഭദ്രാര്‍ജ്ജുനം............................തോട്ടയ്ക്കാട്ട് ഇക്കാവമ്മ

സുഭദ്രാര്‍ജ്ജുനം (നാടകം ) 
തോട്ടയ്ക്കാട്ട് ഇക്കാവമ്മ 
ഗുട്ടന്‍ബര്‍ഗ്ഗ് അച്ചുകൂടം കോഴിക്കോട് 



“ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും 
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ഥമാ
യിക്കാവമ്മചമച്ചതോര്‍ത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൌ” (കേരള വര്‍മ്മ കോയിത്തമ്പുരാന്‍)


 ആധുനിക സാഹിത്യ രംഗത്ത് സ്ത്രീ എഴുത്തുകാര്‍ വളരെയേറെ മുന്നിലും, മനോഹരങ്ങളായ രചനകളാല്‍ പ്രസിദ്ധരുമാണ് . ആംഗലേയ സാഹിത്യത്തിലായാലും മാതൃഭാഷയിലായാലും എഴുത്തുകാരികളുടെ ബാഹുല്യം എഴുത്തുകാരായ ആണുങ്ങളേക്കാള്‍ ഒരു പക്ഷേ മുന്നില്‍ത്തന്നെയാണ് എന്നു പറയുന്നതില്‍ അപാകതയൊന്നും ഉണ്ട് എന്നു കരുതുന്നില്ല . അതില്‍ ഖേദമോ പരിഭവമോ പോലുമില്ല. സച്ചിദാനന്ദന്‍ മാഷ് ആണെഴുത്തെന്നും പെണ്ണെഴുത്തെന്നും സാഹിത്യത്തെ രണ്ടായി വിഭജിച്ചു പരാമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗീയത എഴുത്തുകാര്‍ക്കിടയില്‍ പ്രത്യക്ഷമായി കൊണ്ടുവന്നത് ആ കാലത്തിന്റെ ആവശ്യമായിരുന്നെങ്കിലും ഇന്ന് എഴുത്തിന് ലിംഗഭേദം ആവശ്യമുണ്ടോ എന്നത് ചോദ്യം തന്നെയാണ് . എഴുത്തിലെ കാതലാണ് പ്രധാനം എന്നു കരുതുന്നു . അത് ആണെഴുതിയാലും പെണ്ണെഴുതിയാലും ട്രാന്‍സ് മനുഷ്യര്‍ എഴുതിയാലും സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടുക തന്നെ ചെയ്യുമെങ്കില്‍ അതിനെ എഴുതുന്ന ആളിന്റെ പേരില്‍ അറിയുന്നതല്ലേ കാമ്യം . പകരം ലിംഗഭേദം കൊടുക്കുന്നത് മതം പോലെ മനുഷ്യരെ വേറിട്ടുകാണുന്ന ഒരു സംസ്കാരമായി തോന്നുന്നു . ജാതീയതയും വംശീയതയും നിറഞ്ഞ മനുഷ്യകുലത്തില്‍ അവനവനെ അടയാളപ്പെടുത്താന്‍ ഒരുപാട് കടമ്പകള്‍ ഇന്നും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എത്ര നല്ല സാഹിത്യമായാലും അതിനെ, എഴുതിയ ആളിന്റെ മുഖം , കുലം , ലിംഗം നോക്കി പരിഗണിക്കുകയും , അവഗണിക്കുകയും ചെയ്യുന്ന സാഹിത്യ മണ്ഡലം ആണ് നമ്മുടേത്. അതുകൊണ്ടു തന്നെയാണ് അറിയപ്പെടേണ്ടവര്‍ അറിയപ്പെടാതെ പോകുന്നതും നിലവിളിക്കേണ്ടിവരുന്നതും . സോഷ്യല്‍ മീഡിയ പോലുള്ള ആധുനിക തലത്തില്‍ , സ്വന്തം പേരിനൊപ്പം എഴുത്തുകാരി എഴുത്തുകാരന്‍ കവി , കവയിത്രി , നോവലിസ്റ്റ് എന്നൊക്കെ രേഖപ്പെടുത്തി വിലാസം ഉണ്ടാക്കുന്ന വെപ്രാളത്തിലാണ് ഇന്ന് രണ്ടക്ഷരം എഴുതാന്‍ അറിയുന്നവരൊക്കെയും . ചവറ്പോലെ പുസ്തകങ്ങള്‍ ഇറക്കുന്ന ചിലരുണ്ട് . പണ്ട് സ്ത്രീകളെക്കൊണ്ട് നിര്‍ത്താതെ പ്രസവിപ്പിക്കുമായിരുന്നത് പോലെ ആണിത് . എത്ര കുട്ടികള്‍ അതിജീവിച്ചു എത്രപേര്‍ മരിച്ചുപോയി എത്രപേര്‍ അവശരാണ് എന്നതൊന്നും പ്രസവിച്ച അമ്മയ്ക്കൊ പ്രസവത്തിന് കാരണക്കാരനായ അച്ഛനോ വിഷയമല്ലായിരുന്നു . ഇത് തന്നെയാണ് ഇത്തരക്കാരുടെ പുസ്തകങ്ങളുടെയും അവസ്ഥ . നല്ലതുണ്ടാകാം ചവറുമുണ്ടാകാം. പക്ഷേ അവര്‍ അതല്ല ശ്രദ്ധിക്കുന്നത് . എത്രയെണ്ണം ഇറക്കി എന്നുള്ളതാണ് . കൈയ്യില്‍ പണം ഉണ്ടെങ്കില്‍ പുസ്തകം ഇറക്കുക മാത്രമല്ല കൂണുകള്‍ പോലെ മുളച്ചു വരുന്ന സാഹിത്യ സംഘടനകളുടെ കീഴില്‍ അവാര്‍ഡുകളും സുലഭമാണല്ലോ . കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ ഉളുപ്പില്ലാത്ത ഒന്നായതിനാല്‍ സാഹിത്യത്തിൻ്റെ ഈ അപചയത്തെ ഓര്‍ത്ത് ഖേദിക്കുകയല്ലാതെ മറ്റൊന്നും വഴിയില്ല . സ്ത്രീകള്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ എഴുതുന്നവര്‍ ഇന്ന് വിരാജിക്കുന്ന , അഭിരമിക്കുന്ന ഒരു സ്വാതന്ത്രവും ഇല്ലാതിരുന്ന ഒരു കാലം ചരിത്രത്തില്‍ ഉണ്ട് . പുരുഷ മേല്‍ക്കോയ്മ കൊണ്ട് നിറഞ്ഞു നിന്ന സാഹിത്യമേഖല . വരേണ്യ സാഹിത്യം കൊണ്ട് നിറഞ്ഞതെന്ന് പറഞ്ഞാലെ പൂര്‍ണ്ണമാകൂ . തുഞ്ചത്തെഴുത്തച്ഛനെപ്പോലും ഇല്ലാത്ത പൂണൂല്‍ ധരിപ്പിക്കാന്‍ വ്യഗ്രത പൂണ്ട മലയാള സാഹിത്യം . അവിടെ അവര്‍ണ്ണ വിഭാഗത്തില്‍പ്പെടുത്തിയ മനുഷ്യര്‍ക്ക് മാത്രമല്ല അബലകളെന്ന് മാറ്റി നിർത്തിയ സ്ത്രീകള്‍ക്കും പ്രവേശനമില്ലായിരുന്നു . അത്തരം ഒരിടത്തേയ്ക്കാണ് സധൈര്യം തോട്ടയ്ക്കാട്ട് ഇക്കാവമ്മ എന്ന സ്ത്രീ (അവിടെയും ഹിന്ദുവിന്റെ ലേഖനത്തില്‍ അവരെ വിശേഷിപ്പിക്കുന്നത് Noble Nair Lady) കടന്നുവരുന്നത്. സാഹിത്യഭംഗിയുള്ള കവിതകളും നാടകവുമായി അവര്‍ പുരുഷ ലോകത്തിന്റെ അഹംഭാവത്തെ വെല്ലുവിളിച്ചപ്പോള്‍ , ഇക്കാവമ്മയുടെ കവനം കവയ്ക്കൂ വൃത്തം കാണട്ടെ എന്നു ദ്വയാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നടത്തിയത്രേ സാഹിത്യ പുംഗവന്‍മാര്‍ . വൃത്ത ഭംഗിയോടെ കവിത എഴുതി ഒടുവിലായി കവനം കവച്ചത് മതിയോനിനക്കടാ എന്നെഴുതി ദ്വയാര്‍ത്തത്തില്‍ ശക്തമായി തക്കമറുപടി നല്കാന്‍ ഇക്കാവമ്മയ്ക്ക് കഴിഞ്ഞിടത്താണ് അവരുടെ പ്രസക്തി. കരഞ്ഞും , നിലവിളിച്ചും , സങ്കടം പറഞ്ഞും അവര്‍ മാറിനിന്നില്ല .ആ മഹതിയായ ഇക്കാവമ്മയുടെ ലക്ഷണമൊത്ത ഒരു നാടകമാണ് സുഭദ്രാര്‍ജ്ജുനം. അതിന്റെ രണ്ടാം പതിപ്പില്‍ , കൊച്ചി രാജാവായ കേരള വര്‍മ്മ 1892ല്‍ ഇതൊരു മഹത്തായ കൃതി ആണ് എന്നു കുറിപ്പെഴുതിയത് ഈ നാടകത്തിന്റെ അക്കാലത്തെ വലിയ അംഗീകാരം തന്നെയായി കരുതുന്നു . അക്കാലത്തെ പ്രശസ്തരായ പലരും ഇതില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട് . അവയിലൂടെ സഞ്ചരിച്ചാല്‍ അവരുടെ ഉള്ളിലെ ചിന്തയും അസഹിഷ്ണുതയും അവയില്‍ ഒളിഞ്ഞു കിടക്കുന്നതും കാണാന്‍ കഴിയും . മുഖവുരയില്‍ മാനവിക്രമ ഏട്ടന്‍ രാജ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട് . “കണക്ക് കൂട്ടുന്നതായാല്‍ ലോകത്തിന് നൂറ്റിന് അഞ്ചു കണ്ടു സംസ്കൃത വിദ്വാന്മാരും അവരില്‍ത്തന്നെ നൂറ്റിന്നഞ്ചു കണ്ട് കവികളും ഉണ്ടായിരിക്കുമോ എന്നു സംശയമാണ് . ഇങ്ങനെയിരിക്കെ , പ്രായേണ അജ്ഞമാരായ സ്ത്രീകളില്‍ വിദൂഷികളും കവികളും ഇപ്രകാരം ഉണ്ടായിരിക്കുമോ എന്നു ഊഹിപ്പാനെ അവകാശമില്ല. ഗണകന്‍മാരുടെ ചെറുവിരലിന് അവകാശിയായ തോട്ടയ്ക്കാട്ടെ കുഞ്ഞിക്കാവ എന്ന വിദൂഷിയാല്‍ സുഭദ്രാര്‍ജ്ജുനം എന്ന നാടകം എഴുതിയതിലും തനിക്ക് വായിക്കാന്‍ അയച്ചതിലും സന്തോഷം . ഈ രചന എഫ് എ പരീക്ഷയ്ക്ക് ടെസ്റ്റ് ആയി വന്നതും , രണ്ടാം പതിപ്പ് ഇറങ്ങിയതും ഇതിന്റെ ശ്രേഷ്ഠതയായി കണക്കാക്കാം”. എന്നിങ്ങനെ അദ്ദേഹം എഴുതിയിരിക്കുന്നു . ടി. കെ. കെ. എം. എഴുതിയത് “അബലകള്‍ക്ക് സഹജമായിരിക്കുന്ന അനേകം കൃത്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതായതിനാല്‍ ഇതില്‍ അറ്റകുറ്റങ്ങള്‍ ഉണ്ടാകാം അവയെ സജ്ജനങ്ങള്‍ ചൂണ്ടിക്കാണിച്ചു തരണമേ എന്നാണ്”. കേരള വര്‍മ്മ കോയിത്തമ്പുരാന്‍ കവിതാ ശകലം കൊണ്ട് ഇങ്ങനെ തുടങ്ങുന്നു . “ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും 
മുക്കാലും ശരിയാക്കിയങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം 
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ഥമാ യിക്കാവമ്മചമച്ചതോര്‍ത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൌ”. അക്കാലത്തെ ഒ. ചന്തുമേനോനടക്കമുള്ള പ്രശസ്തര്‍ അഭിനന്ദിച്ചും അത്ഭുതം കൂറിയും കുറിപ്പുകള്‍ തയ്യാറാക്കിയ ഈ പുസ്തകം വളരെ മനോഹരവും ലളിതവും ആയ ഒരു വായനാനുഭവം നല്കി എന്നതില്‍ സന്തോഷം ഉണ്ട് . നാടകം പഴയ സങ്കേതത്തില്‍ ഉള്ളതാകയാല്‍ അതില്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുകള്‍ സാധാരണ അനുഭവപ്പെടാറുണ്ട് . ഇതിന് പ്രധാന കാരണം സംസ്കൃത ഭാഷയുടെ പ്രയോഗങ്ങള്‍ ആണെന്നത് പറയേണ്ടതില്ലല്ലോ . എന്നാല്‍ ഈ നാടകം വളരെ സുതാര്യമായ ഒരു വായന നല്കി എന്നതില്‍ അതിശയം തോന്നി . ലളിതമായി പദങ്ങള്‍ വിന്യസിച്ചുകൊണ്ടുള്ള ഈ സംഗീത നാടകം നല്ല അനുഭവം ആയിരുന്നു. തൻ്റെ കാഴ്ചപ്പാടുകളും സമൂഹ കാഴ്ചപ്പാടുകളോടുള്ള മറുപടികളും തൻ്റെ എഴുത്തിലൂടെ വിഷയത്തിലൂന്നി നിന്നുകൊണ്ട് പ്രകടിപ്പിക്കാനാവുന്നു ഇക്കാവമ്മയ്ക്ക് . തുടക്കം തന്നെ സൂത്രധാരൻ, സ്ത്രീക്കു പുരുഷലോകത്തിൻ്റെ കവിധർമ്മം സാധിക്കുന്നതല്ല നല്ലതല്ല എന്നഭിപ്രായവും അതിന് മറുപടിയും തരുന്നുണ്ട്. 
"മല്ലാരി പ്രിയയായ ഭാമ സമരം
ചെയ്തിലയോ, തേർതെളി 
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരി
ക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികൾക്കു പാടവമിവ
യ്ക്കെല്ലാം ഭവിച്ചീടുകിൽ
ചൊല്ലേറും കവിതയ്ക്കു മാത്രമിവ
രാളല്ലെന്നു വന്നീടുമോ?" 
എന്ന് വ്യക്തമായി ചോദിക്കുന്നു. അക്കാലത്തെ സ്ത്രീകളുടെ വിവാഹ ചിന്തയേയും നാടകത്തിൽ ചോദ്യം ചെയ്യുന്നു.
"നിനച്ചിടാതേതും തരുണിയുടെ ചിത്തം ഗുരു ജനം
തനിച്ചാലോചിച്ചിട്ടൊരുവനുകൊടുക്കുന്നിതതിനാൽ
രമിച്ചീടാതുള്ളം കലഹമൊടു തമ്മിൽ ബഹുവിധം
നയിച്ചിടുന്നെല്ലോ സമയമതു പാരിൽ പല ജനം"
എന്ന് കൃഷ്ണൻ സുഭദ്രയുടെ വിവാഹക്കാര്യം പറയുമ്പോൾ ബലഭദ്രനോട് പറയുന്നു. അറേഞ്ച്ഡ് മാര്യേജുകളുടെ പ്രധാന പോരായ്മയെ അന്നേ ഇക്കാവമ്മ പറയുന്നുണ്ട്. ഇന്നും അത് പക്ഷേ മാറ്റമില്ലാതെ തുടരുകയുമാണല്ലോ. ഉൾക്കാഴ്ചയുള്ള ധൈര്യവതിയായ ഒരു സ്ത്രീയായി , ഒരു പക്ഷേ ഫെമിനിസ്റ്റായി തലയുയർത്തി നിന്ന ഇക്കാവമ്മ പില്കാല സാഹിത്യലോക ചിന്തയിൽ അപ്രസക്തയായി ചർച്ചകൾ ഇല്ലാതെ പോയത് എന്താകാം? പകരം നാം ചർച്ച ചെയ്യുക ഭയം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന എഴുത്തുകാരികളെക്കുറിച്ചാണ്. തുറന്നെഴുതാൻ ധൈര്യം കാട്ടിയ മാധവിക്കുട്ടിയെക്കുറിച്ച് വാചാലരാകുന്നവർ ഇക്കാവമ്മയെ മറന്നതായി നടിക്കുന്നത് അവർ എഴുത്തുകാരിയല്ലാഞ്ഞിട്ടാണോ അതോ തുറന്നെഴുതാത്തതിനാലോ?

നെറ്റില്‍ പി ഡി എഫ് ലഭ്യമായിരുന്നതിനാല്‍ ആണ് ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞത് . ഇന്നത്തെ എഴുത്തുകാരികള്‍ ഒരുപാട് പഠിക്കാനുണ്ട് ഇക്കാവമ്മയില്‍ നിന്നും എന്നു പറയാനാണ് ഈ വായനയും വ്യക്തിയും തോന്നിപ്പിച്ചത് . സസ്നേഹം ബിജു . ജി നാഥ് വര്‍ക്കല

Tuesday, December 13, 2022

തിരിച്ചറിവ്

എന്നുമോർക്കും നിൻ്റെ ചുണ്ടിൽ വിരിയും
മന്ദഹാസത്തെ ഒന്നൊപ്പിയെടുക്കാൻ.
എന്നുമോർക്കും നിൻ്റെ വരികളിൽ വിടരും
ചാന്ദ്രനിലാവൊന്നു മേനിയിൽ ചൂടാൻ.

എന്തിനായ് നീയെൻ്റെ അഗ്നിപൂക്കും രാവിൽ
ചന്ദനം പൂത്ത ഗന്ധമായ് വന്നിടുന്നു?
എന്തിനായ് നീയെൻ ഗന്ധകപ്പുരയിൽ നീളെ
മഞ്ഞു പൂക്കൾ പെയ്യും വസന്തമായ്.

വരികില്ലെന്ന് ഞാൻ വാശി പിടിച്ചെത്ര കാലം
പ്രിയതേ നിൻ്റെ ചാരത്ത് വെറുതെ.
വരികില്ലെന്നിൽ പ്രണയം പൂക്കും മദഗന്ധം 
ഒരു കാലത്തും ഞാനുള്ളിൽ ഉറപ്പിച്ചു.

കഴിഞ്ഞു പോയെൻ്റെ വ്രതവും വാക്കുമിന്നീ
പകൽമായും നേരം പറയാം ഞാൻ.
കഴിഞ്ഞു പോയെൻ്റെ കപടമാം ഗർവ്വിൻ
മുഖപടം ഊരിവീണു പോയ് കഷ്ടം.

കളിയാക്കാെല്ലേ ലോകമേ എന്നെ തെല്ലുമേ
ഇന്ന് പതിരായെൻ്റെ വാക്കെന്നാൽ.
കളിയാക്കൊല്ലേ കപടമാം കാലമേ എന്നെ
അറിയാതിന്ന് നീയൊന്നും പറയല്ലേ.
@ബിജു.ജി.നാഥ്

Sunday, December 4, 2022

സൗഹൃദം

സൗഹൃദം
..................
കാലം കടന്നു പോയെത്ര വേഗം
പ്രായവും ഏറെയങ്ങേറിയല്ലോ
ഓർമ്മകൾ മാത്രം മറഞ്ഞതില്ല
സൗഹൃദം മായാത്ത മുദ്രപോലെ.

കൗമാരം മാറിയതോർമ്മയില്ലാ
യൗവ്വനം പോയ്മറഞ്ഞല്ലോ വേഗം.
പദവികൾ മാറി നാമോരോരുമേ
പലവിധവേഷത്തിലെത്തിയിന്ന്.

ഇലകൾ കൊഴിയും പോലിടക്കായ്
ചില മുഖമെങ്ങോ മറഞ്ഞുപോയ്
ദളങ്ങൾ വാടും പനിനീർപ്പൂപോൽ
മുഖങ്ങൾ പലതും നരച്ചും പോയ്.

രോഗവും മേദസ്സും ജീവിതഭാരവും
വിരുന്നുകാരെപ്പോലിടയ്ക്കു വന്നു
പങ്കാളികൾ ചിലർ മാഞ്ഞു പോയ്
ജീവനിൽ ശൂന്യത കൂട്ടുവന്നു.

എന്നും താങ്ങായ് നിന്നിടുവാൻ
കൂട്ടുകാർ മാത്രമുണ്ടീയുലകിൽ
ബന്ധങ്ങൾ ബന്ധനമായിടുമ്പോൾ
സൗഹൃദമല്ലാതെന്തുണ്ട് പാരിൽ.

ഒന്നായ് നില്ക്കണം നാമെന്നുമേ
നമ്മിൽ നമുക്കുള്ള വേദനയിൽ
ഒന്നായിട്ടാനന്ദം കൊണ്ടിടണം
നമ്മിലെ സന്തോഷകാലത്തെന്നും.
@ബിജു ജി.നാഥ്
https://youtu.be/S43t2QrSZv0

Wednesday, November 30, 2022

കപടവിലാപം

കപടവിലാപം 

വേനല്പറവകള്‍ പാട്ടുപാടും 
തീരങ്ങള്‍ ഉണ്ടോ കടം തരുവാന്‍?
ഒന്നാപുളിനത്തില്‍ എന്നെ വയ്ക്കാന്‍ 
ഉള്ളം നിറയെ കൊതിവരുന്നൂ .  

കാലം പതിയെ കടന്നുപോയി 
പ്രായവും എന്നിൽനിന്നൂര്‍ന്നു പോയ് .
നീര്‍ത്തടം കാണാ മരുഭൂമിയതില്‍ 
കാരണമില്ലാതെ ഞാന്‍ കരഞ്ഞു .

വേദന വേദന ക്രൂരമാം വേദന 
സന്ധികള്‍ തോറും തളര്‍ത്തിടുമ്പോള്‍ 
വേഗത പോലും മറന്നു പോം ഞാനീ 
പാതയില്‍ ഒറ്റയ്ക്ക് പകച്ചു നില്‍പ്പൂ. 

ഓര്‍മ്മയില്‍ പണ്ടുണ്ട് ഞാന്‍ വളര്‍ന്ന 
ഗ്രാമത്തിന്‍ ഭംഗിയതന്റെ ഉള്ളില്‍
കണ്ണൊന്നടച്ചാല്‍ തെളിഞ്ഞു വരും 
ചന്തമുള്ളാ വയല്‍പ്പച്ച മുന്നില്‍.

കാളയെ കെട്ടിയ നുകവുമായ് 
മാനവനാെരാള്‍ വയല്‍ ഉഴുകുന്നതും
ചാട്ടുളി കാറ്റിലൊന്നാഞ്ഞു വീഴേ 
വീണുപിടയും വെണ്‍ കൊറ്റിയേയും.

നെന്‍മണി കൊത്തിയകന്നു പോകും 
തത്തമ്മപ്പച്ചയാല്‍ കണ്‍കുളിര്‍ക്കും .
തോര്‍ത്തു വലയാക്കി കോരിടുമാ 
മാനത്തുകണ്ണി തന്‍പിടയൽ കാണാം.

തെന്നല്‍ നിറഞ്ഞ വയല്‍ വരമ്പില്‍ 
തെന്നാതെ പോകുമാ സാഹസവും.
പച്ചത്തവളതന്‍ കണ്ണ് നോക്കി
വട്ടെറിഞ്ഞീടും കുസൃതി കാണാം . 

തെന്നിയുയര്‍ന്നങ്ങാകാശത്തെ 
തൊട്ടിടാനായൂഞ്ഞാലാടുവോരും 
കപ്പയിലത്തണ്ടാല്‍ താലി കെട്ടി 
അച്ഛനുമമ്മയും കളിപ്പവരും 

എത്ര മനോഹരമായിരുന്നാ 
പോയ കാലത്തിന്റെ ശീതളിമ 
ഒന്നുമേ ബാക്കിയില്ലാതെ പോകാന്‍ 
എന്താണ് കാരണം നാമല്ലാതെ. 

കെട്ടിയുയര്‍ത്തി ഞാന്‍ കെട്ടിടങ്ങള്‍ 
വെട്ടിനിരത്തിയ വയല്‍നിറയെ 
കൊത്തി വച്ചെന്നിട്ടെന്‍ ചുവരിലാകേ
ബാല്യത്തിന്‍ കൗതുകമൊക്കെയങ്ങ്.

എന്റെ വനം ഞാന്‍ വിറ്റെടുത്തു 
എന്റെ മലകള്‍ ഞാന്‍ വിറ്റെടുത്തു 
എന്റെ പുഴകളില്‍ വിഷം കലക്കി 
എന്റെ മക്കളെ ഞാന്‍ രോഗിയാക്കി . 

മഴയോര്‍ത്തും മലയോര്‍ത്തും പില്‍ക്കാലം 
ഇടനെഞ്ചു പൊട്ടി ഞാന്‍ എഴുതിവിട്ടു.
വയല്‍ക്കിളി പാട്ടിന്റെ ഓർമ്മയിലോ 
കദനത്തിന്‍ കാവ്യങ്ങള്‍ പടച്ചുവച്ചു.

നാടുമുഴുവന്‍ ഞാന്‍ സഞ്ചരിച്ചു 
നഗരങ്ങളെ മാത്രം പ്രണയിച്ചന്ന്.  
ഇന്നെന്‍ ജീവിത സായാഹ്നത്തില്‍ 
പണ്ടത്തെ കാഴ്ചകള്‍ തിരയുന്നിതാ.
@ബിജു ജി.നാഥ്

Saturday, November 26, 2022

ഒരു വാക്കിനും നോക്കിനുമകലെയായ്...

ഒരു വാക്കിനും നോക്കിനുമകലെയായ്...
.........................................................................

പാരിജാതം വിടർന്നു നില്ക്കുന്നിതാ
പാരിലാകെയും കാൺക നീ പ്രേയസീ.
നിൻ്റെയുള്ളിൽ നൃത്തമാടും മയിൽ-
ക്കണ്ണുമാത്രം നിറഞ്ഞതെന്തിങ്ങനെ?

വാനമാകെയും നീലവർണ്ണം കൊണ്ടു
തേജസ്സാർന്നു കിടപ്പുണ്ട് കൺമണീ.
നിൻ്റെ ഹൃത്തിലായ് മാത്രമെന്തിപ്പഴും
കാർമുകിൽ കൊണ്ട് മേൽക്കൂര തീർക്കുന്നു.

വന്നു നിത്യവും നിന്നുടെ ചാരത്ത്
ദർശനപുണ്യം നേടുന്നുവെങ്കിലും.
പൗർണ്ണമി തൻ വെള്ളിവെളിച്ചത്തെ 
കണ്ടതില്ല നിൻ വദനാംബുജത്തിൽ ഞാൻ.

ഓർത്തുനോക്കുകിൽ എത്ര കുതൂഹലം
നാം നടന്നകന്നാ വഴിത്താരകൾ !
നിൻ വിരൽ പിടിച്ചാ വഴിയൊക്കെയും
തിരികെയൊന്നു നടക്കുവാൻ കൊതിയായ്.

നിൻ്റെ പരിഭവപ്പിണക്കങ്ങൾ എല്ലാമേ
ഒന്നുകൂടി രുചിക്കുവാൻ തോന്നുന്നു.
നിൻ്റെ പുഞ്ചിരി പടർന്നൂ ചുവക്കുന്ന
അന്തിമാനത്തെ കാണുവാൻ മോഹമായ്.

എന്തിനായ് നീ വെൺപറവയിങ്ങനെ
ഖിന്നയായെന്നിൽ നിന്നും പറന്നു പോയ്.
എന്തു തെറ്റ് ഞാൻ ചെയ്തെന്നതറിയാതെ
ഈയിരുൾക്കാട്ടിൽ പകച്ചിരിക്കുന്നിന്നും.

വന്നു പോകുന്നു രാപ്പകല്‍ നിത്യവും
വന്നു പോകുന്നു ഋതുക്കൾ നിരന്തരം.
ഒന്നു മാത്രമാണീ കൊച്ചു ജീവിതം
കണ്ടറിയാതെ പോകുന്നു ഭൂവിതിൽ.

നന്മയും, നിറകണ്ണുകൾ തന്നുള്ളും
അന്യഹൃത്തിലെ വാസ്തവചരിതവും
ഉള്ളുരുക്കങ്ങൾ തൻ ഗദ്ഗദങ്ങളും
എത്രചൊല്ലിപ്പറകിലും വൃഥാവത്.

കാരണമതൊന്നില്ലാതെ മനസ്സുകൾ 
വേദന തിന്ന് രോഗികളാകുന്നു.
മണ്ണിൽ വീണലിഞ്ഞു പോകുമ്പോഴും
ബാക്കി നില്ക്കുന്നു നോവുകളങ്ങനെ.

പ്രണയമേ നീ എന്തിനായിങ്ങനെ
തുടരെ നോവുകൾ നല്കുന്നു ജീവനിൽ.
മരണമെത്തുന്ന നേരം വരേയ്ക്കുമേ
അലയുവാൻ വിടുന്നന്യരെപ്പോലവേ.

പകയും രാഗ വിദ്വേഷങ്ങളും നാൾക്കു നാൾ
പടയെടുത്തു വരുന്നൂ നേർക്കുനേർ.
ഇതളടർന്നു പോം പൂവിൻ്റെ നോവിനെ
അറിയുന്നവനാകുമോ ഇന്ദിന്ദിരം.

അടിയറവു ഞാൻ ചൊല്ലുന്നു മത്സഖീ
പറയുക നാം പരസ്പരം പിണങ്ങില്ല.
മുടിയഴിച്ചാർത്തു വരുമൊരു മാരിയും
വഴി തടയില്ല നാം ഒന്നു ചേരുകിൽ.

ഇനി നമുക്കെന്തിനീ പൊയ്മുഖങ്ങൾ
ഇനി നമുക്കെന്തിനീ മൗനവല്മീകവും.
തുറന്നിടുക നാം കൊട്ടിയടച്ചൊരാ
ഇടയിലെ പുകമറയുടെ തിരശ്ശീല.
@ബിജു ജി.നാഥ്

Wednesday, November 23, 2022

ചില കാഴ്ചകള്‍


ചില കാഴ്ചകള്‍
--------------------
ജീവനില്ലാത്ത ഫലകങ്ങളില്‍
നാമെഴുതി ചേര്‍ക്കുന്നു
ജീവിതത്തിന്‍ ചലനങ്ങളെ
ആവോളമെങ്കിലും.
വേദനയും കണ്ണീരും നിറയുന്ന കാഴ്ചകള്‍ക്കു
ശാന്തിയില്ല , ശമനവും
ലോക ചലനം നിലയ്ക്കും വരേയ്ക്കുമേ.

മരണം തടയാനാകാത്ത
സങ്കടമെങ്കിലും,
ജനനമേ നിന്നെ തടുക്കുവാ-
നെളുതല്ലോ പാരില്‍ !
വളര്‍ന്നു തുടങ്ങുന്ന മുകുള-
ങ്ങള്‍ക്ക് വളമായി
തളര്‍ന്നു പോയവരുടെ ചരിത്ര-
മുണ്ട് മുന്നിലെന്നാലും .
പഠിച്ചിടില്ല നാമൊരു കാലവും
ജീവിതപാഠങ്ങള്‍ .

രമിച്ചിടും നമ്മിലെ സൗകുമാര്യങ്ങള്‍
തന്‍ നിലത്ത്
ഒരിക്കലിടറുന്ന പാദങ്ങള്‍ക്ക്
തണലായി
മഥിച്ചിടും പിന്നെ വിവശമാം
കുറ്റബോധവും.

അറിവ് തേടി നാമലയുന്നു -
ലകിലാവോളമെന്നാല്‍
അറിയുവാനാശിക്കുന്നത്  വെറും
ഭോഗമോഹങ്ങള്‍
 അടര്‍ത്തിയെടുക്കുന്ന ശകല
ങ്ങള്‍ ഒക്കെയും
തനിക്കു വേണ്ട സുഖങ്ങള്‍ക്ക്
മാത്രമാകുന്നുവല്ലോ .

ധരിത്രിയെ വ്യഭിചരിക്കുന്നു
നാം കേവലം
ധനസുഖത്തിനും മനസ്സുഖ-
ത്തിനും മാത്രമേ
വളര്‍ത്തിടുന്നു നാം നമുക്കൂ
വേണ്ടീടുന്ന
കളകളും, ചില പാഴ്ച്ചെടികള്‍
തന്‍ കൂട്ടവും.
--------------------
ബിജു ജി നാഥ് വര്‍ക്കല

(https://mag.emalayalee.com/magazine/nov2022/#page=74

Monday, November 14, 2022

എല്ലാ യാത്രകളും മാറ്റി വച്ച് ഒരതിഥിയെ കാത്തിരിക്കുന്നവർ .

എല്ലാ യാത്രകളും മാറ്റി വച്ച് ഒരതിഥിയെ കാത്തിരിക്കുന്നവർ .

പല മുഖങ്ങളിൽ നിന്നും 
ഒരു മുഖം മാറിനിൽക്കുന്നതും
പല കാഴ്ചകളിൽ നിന്നും
ഒരു കാഴ്ച തെളിഞ്ഞുനിൽക്കുന്നതും
അനുഭൂതിയായ് കാണുന്നവർ
എല്ലാ യാത്രകളും മാറ്റി വച്ച്.
ആ ഒരതിഥിക്കായ് കാത്തിരിക്കും.

'നിൻ്റെ തന്തയല്ല എൻ്റെ തന്ത' എന്നുറക്കെ പറയാനും
നിൻ്റെ വിശപ്പ് എൻ്റെയും വിശപ്പെന്ന് വേദനിക്കാനും
എല്ലാവർക്കും തോന്നില്ലന്നറിയുമ്പോൾ
കല്ലെറിയുന്നവർക്ക് പുറം കാട്ടിക്കൊടുത്ത്
പുഞ്ചിരിച്ചു കൊണ്ട് കൈ വേദനിക്കുന്നോ എന്ന് തിരയാനും
എല്ലാവർക്കും കഴിയില്ലെന്നറിയുമ്പോൾ
എല്ലാ യാത്രകളും മാറ്റി വച്ച്
ആ ഒരതിഥിക്കായ് കാത്തിരിക്കും.

ഒടുവിൽ,
ഒരുപാടൊരുപാട് പറഞ്ഞും
ഒത്തിരിയൊത്തിരി കേട്ടും
സമയത്തിൻ്റെ ഇരുൾപ്പാത്തി കടക്കവേ
സമയമില്ല കാത്തു നിൽക്കാനെന്ന് പറഞ്ഞ്
ശകടമൊന്ന് ധൃതികൂട്ടുമ്പോൾ
മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞ് പിരിയുന്ന 
ഒരതിഥിക്കായല്ലാതെ
എല്ലാ യാത്രകളും മാറ്റി വച്ച് ആര് കാത്തിരിക്കാനാണ്.? 
@ബിജു ജി.നാഥ്

Tuesday, November 1, 2022

അടഞ്ഞ വാതിലിനപ്പുറമിപ്പുറം

അടഞ്ഞ വാതിലിനപ്പുറമിപ്പുറം
.....................

ചിത്രപ്പണികളില്ലാത്ത,
മേൽത്തരം ഉരുപ്പടിയുമല്ലാത്ത
തടികൊണ്ടുള്ള ഒരുവാതിലിനപ്പുറമിപ്പുറം 
കാലം ചില ചർച്ചകൾ ചെയ്യുന്നു.

ഒന്നാമൻ ചൊല്ലുന്നു ലോകരോടിങ്ങനെ...
പെണ്ണവൾ എന്തിനും പോന്നവൾ
ഒറ്റയ്ക്ക് മറ്റൊരാണിൻ കൂടെയിങ്ങനെ
ഇക്കാലം കലികാലം തന്നെയല്ലോ!

രണ്ടാമൻ ചൊന്നത് തെല്ലും കുറവല്ല.
കെട്ടിയോൻ കുഞ്ഞിരാമൻ അവന്നുടെ
നട്ടെല്ല് നോക്കണം ഉണ്ടോയെന്ന്
അല്ലെങ്കിലീവിധം സംഭവിച്ചീടില്ല ന്യൂനം.

മൂന്നാമതൊരാൾ ചൊന്നു ശങ്കയില്ല തെല്ലും
നിശ്ചയം രണ്ടു പേരും മുറിക്കുള്ളിൽ
ഭോഗ രസത്തിൽമറിയുന്നുണ്ടാവാം
മീശവച്ചോരിത് കണ്ടു നില്ക്കേ? കഷ്ടം.

ഇങ്ങനെ വാർത്തകൾ ചാഞ്ഞും ചരിഞ്ഞുമാ
വാതിലിനിപ്പുറം തുള്ളിയുറയുമ്പോൾ
ഇത്തിരി നേരമുണ്ടാകിലെൻ കൂടെയാ
വാതിലിനപ്പുറം പോരുമോ ആരാനും.

പാളി നോക്കും സംശയക്കണ്ണുകൾ
ചോദ്യഭാവം നിറഞ്ഞ മുഖങ്ങളും
കുത്തുവാക്കിൻ പരിഹാസസ്വരങ്ങൾ തൻ
ശസ്ത്രമേൽക്കാതിരിക്കാൻ ശ്രമിപ്പവർ .

ഹന്ത! നിലാവിൻ്റെ വെള്ളിപ്പരപ്പുപോൽ
എത്ര മനോഹരവദനത്തിൽ പെണ്ണിവൾ
തല്പമതിൽ തെല്ലു ചാഞ്ഞു കിടക്കുന്നു
തൻകൈയ്യതിൽ തല ചായ്ച്ചു ചെമ്മേ!

നക്ഷത്ര വിളക്കിൻ പ്രഭയോലും മിഴികൾ
ആവദനത്തിൽ പതിപ്പിച്ചു കൊണ്ടയാൾ
ചാഞ്ഞു കിടക്കുന്നു ചാരുകസേരയിൽ
മാറിൽ പിണച്ച കൈകളുമായങ്ങനെ.

എത്ര ജന്മത്തിൻ തപസ്സിൻ്റെ ഫലമായി-
ട്ടിത്തിരി നേരം ലഭിച്ചൊരാ ഭാഗ്യത്തിൽ
ഒട്ടും വ്യാകുലരാകാതെ ആമോദമായ്
പങ്കു വയ്ക്കുന്നു മനോവിചാരങ്ങളങ്ങനെ.

നഷ്ടമായ് പോയ ജീവിത സൗഖ്യങ്ങൾ
വെട്ടിമുറിച്ച പ്രിയങ്ങളും മുഖങ്ങളും
വേദനിപ്പിച്ച കിടാങ്ങളും തൻ പാതിയും
വേരിറങ്ങിപ്പോയ വേപഥുക്കളുമൊക്കെയും.

ഏറെ നേരം കഴിഞ്ഞാ പ്രണയിതാക്കൾ 
ഒന്നുമറിയാതെ തുറക്കുന്നു വാതിലും.
കണ്ടു പുറത്ത് രൗദ ദ്രംഷ്ടങ്ങൾ കാട്ടി
വിധിപറയാൻ കാത്തുനില്ക്കും ജനത്തെയും.

സാമുദായിക സംസ്കാരചിത്തരാം
സദ് ചിന്തകൾ മാത്രം ചിന്തിക്കുവോരവർ
ഒന്ന് ചേർന്ന് വിധി പറയുന്നേക സ്വരമോടെ
ജീവനോടെ സംസ്കരിക്കേണ്ടവരാണിവർ.
@ബിജു ജി.നാഥ്


Sunday, October 30, 2022

ഡി എച്ച് ലോറന്‍സ് കഥകള്‍...........പരിഭാഷ: അനന്തപത്മനാഭന്‍

ഡി എച്ച് ലോറന്‍സ് കഥകള്‍ (കഥകള്‍)
പരിഭാഷ: അനന്തപത്മനാഭന്‍ 
പ്രസാധകര്‍ : ചിന്ത പബ്ലിക്കേഷന്‍സ് 



മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഉദ്യമം എല്ലാ പ്രസാധകരും ഏറ്റെടുക്കുന്ന ഒരു കര്‍ത്തവ്യമാണ്. അത് സാഹിത്യത്തിന് മുതല്‍ക്കൂട്ടുമാത്രമല്ല പുതിയ കാലത്തിന്റെ വായനയ്ക്ക് വഴികാട്ടിയുമാണ്. പ്രധാന പുസ്തക പ്രസാധകര്‍ ഒക്കെയും ഈ ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയും നോവല്‍, കഥകള്‍, കവിതകള്‍ പോലുള്ള ആംഗലേയ സാഹിത്യത്തിലെയും മലയാളം, ഇതര ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയിലെയും കൃതികള്‍ പരിഭാഷപ്പെടുത്തി വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. പരിഭാഷയില്‍ പ്രധാനമായും ഉണ്ടാകേണ്ടത് ഭാഷയോട്, ഇതിവൃത്തത്തോട് ക്ഷമയോടെ ഉള്ള നീതിപാലിക്കല്‍ ആണ്. സ്വന്തം പാടവം എന്നത് ഭാഷാ പ്രയോഗത്തിലും സാഹിത്യരചനയിലും ഒരുപോലെ ഓര്‍മ്മിക്കപ്പെടുന്ന വിധം ആകുന്നതാണ് വായനക്കാരെ ഇഷ്ടപ്പെടുവാന്‍ ഇടയാക്കുന്നവ. ചില തര്‍ജ്ജമകള്‍ പദാനുപദ പരിഭാഷകള്‍ ആകുകയും മൂലഭാഷയോട് താദാത്മ്യം പാലിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കൈവിട്ടുപോകുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ശരിക്കുപറഞ്ഞാല്‍ പരിഭാഷ എന്നത് മൂലകൃതിയെ അതുപോലെ പകര്‍ത്തലാകണമോ അതോ അതിന്റെ സത്തയില്‍ അതിന്റെ ഊര്‍ജ്ജം ഒട്ടും തന്നെ ചോരാതെ പുനര്‍നിര്‍മ്മിക്കല്‍ ആണോ വേണ്ടത് എന്നു ഒരു ചര്ച്ച വരേണ്ടിയിരിക്കുന്നു. ഉദാഹരണം പറഞ്ഞാല്‍ ഇന്ന് മലയാളത്തില്‍, ഒട്ടുമിക്ക അന്യഭാഷാസിനിമകളും ലഭ്യമാണ്. അവ പലപ്പോഴും മലയാളം സബ്ടൈറ്റില്‍ കൊണ്ടാണ് ലഭ്യമാക്കുന്നത്. ഇത്തരം സബ് ടൈറ്റിലുകള്‍, അല്ലെങ്കില്‍ മലയാളം ഡബ്ബ് ചിത്രങള്‍ കണ്ടാല്‍ ചിരിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടാകും? ഭാഷയെ അതുപോലെ തര്‍ജ്ജമ ചെയ്യുന്നതിന്റെ കുഴപ്പമാണത്. ഇതിലും ഭേദം ചിത്രം അതിന്റെ ശരിയായ ഭാഷയില്‍ കാണുകയും അറിയുകയും ചെയ്യുക എന്നതാണു എന്നു കരുതുന്നു. ആംഗലേയ സബ് ടൈറ്റിലുകള്‍ പ്രത്യേകിച്ചും വിദേശ സിനിമകളുടെ വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് എന്നത് മറച്ചു വയ്ക്കുന്നില്ല. 

  കഥകളുടെ കാര്യമാണ് പറഞ്ഞു വന്നത്. പഴയകാല എഴുത്തുകളുടെ സൗന്ദര്യം വായിച്ചറിയുവാന്‍ മൂലഭാഷ അറിയാത്തവര്‍ക്ക് ഉപയോഗപ്രദം ആകുന്നവിധം പ്രശസ്ത പ്രസാധകര്‍ എല്ലാം തന്നെ മൂല്യമുള്ള പരിഭാഷകള്‍ ഇറക്കുന്നുണ്ട്. ഇത്തരം ഒരു പരിഭാഷയാണ് ‘ചിന്ത പബ്ലിക്കേഷന്‍സ്’ പുറത്തിറക്കിയ “ഡി. എച്ച്. ലോറന്‍സിന്റെ കഥകള്‍”. ‘ക്രിസാന്തമം പൂക്കള്‍’, ‘പ്രഷ്യന്‍ ഓഫീസര്‍’, ‘വസന്തത്തിന്റെ നിഴലുകള്‍’, ‘പനിനീര്‍ത്തോട്ടത്തിലെ നിഴലുകള്‍’ എന്നിങ്ങനെ നാലു കഥകള്‍ ആണ് ഈ ചെറിയ പുസ്തകത്തില്‍ ഉള്ളത്. വളരെ മനോഹരങ്ങളായ നാലു കഥകള്‍. ഡി.എച്ച്.ലോറന്‍സിന്റെ കഥകളില്‍ പൊതുവേ കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണ് പ്രകൃതിയും മനുഷ്യരും ആയുള്ള അഭേദ്യബന്ധത്തിന്റെ നിഴലുകള്‍. ഓരോ രംഗങ്ങളും വായനക്കാരന് അനുഭവ വേദ്യമാകുന്ന രീതിയില്‍ ആണ് അദ്ദേഹം പ്രയോഗിക്കാറുള്ളത്. വിഷയങ്ങളുടെ വൈവിധ്യവും അവതരണത്തിലെ സൂക്ഷ്മതയും കൊണ്ട് ഓരോ കഥകളും വായനക്കാരന്‍ വായിച്ചുപോകുകയല്ല മറിച്ച് അവനതില്‍ ജീവിക്കുകയാണ് എന്നുതോന്നും. കൽക്കരിയിലോടുന്ന ട്രെയിനും ,റെയിൽവേ സ്റ്റേഷനും മനുഷ്യരും ക്രിസാന്തമം പൂക്കളുടെ നിറവും ഒക്കെ കഥയുടെ വായനക്ക് ശേഷവും വായനക്കാരനെ പിന്തുടരുന്നത് എഴുത്തുകാരൻ്റെ മഹിമയാണ്. മരണപ്പെട്ട ഭർത്താവിനെ ഭാര്യയും അയാളുടെ അമ്മയും ചേർന്ന് അന്ത്യയാത്രയ്ക്കൊരുക്കുന്ന രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായ രീതിയിലാണ് അവതരിപ്പിക്കുന്നത് ! മരണത്തിൻ്റെ ഗന്ധവും മനുഷ്യരുടെ ചിന്തകളും സന്നിവേശിക്കപ്പെടുന്ന മായാജാലം. അതുപോലെ തന്നെയാണ് പ്രണയത്തിൻ്റെ പരുക്കൻ മുഖങ്ങളുടെ അവതരണത്തിലും കാണാനാവുക. ഒന്നിനൊന്ന് വ്യത്യസ്ഥതയും സൗന്ദര്യവുമുള്ള നാലു കഥകൾ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും കഥയുടെ ആസ്വാദകർക്ക് ഇഷ്ടപ്പെടും. തർജ്ജമയുടെ ചില ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ഭാഷ നന്നായി ഉപയോഗിച്ചു എന്നു കാണാം. ആശംസകളോടെ ബിജു ജി.നാഥ്

Friday, October 21, 2022

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാര

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാരം പ്രവാസം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള പ്രവാസം ആരംഭിച്ചത് ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങളില്‍ നിന്നും അതിജീവനത്തിന്റെ പിടച്ചില്‍ സംഭവിച്ച കാലത്താണ് . അന്നത്തെ സാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രവാസം തുടങ്ങിയവര്‍ക്ക് മുന്നില്‍ കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു . നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയത്തിന് സമീപം പോലും എത്താതെ മരിച്ചു വീണ ഒരു വലിയ വിഭാഗത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ പ്രവാസമുഖം. കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ട് പരിമിതങ്ങളിലും പരിമിതങ്ങളായ സാഹചര്യങ്ങളില്‍ , സൗകര്യങ്ങളുടെ ഒരു പര്യാപ്തതയും ഇല്ലായിരുന്ന അവസ്ഥകളില്‍ ഇരുന്നുകൊണ്ട് അന്നത്തെ തൊഴില്‍ അന്വേഷകര്‍ തങ്ങളുടെ ഭൂമിക പടുത്തുയര്‍ത്തുക ഉണ്ടായി. കടമ്പകള്‍ ആദ്യകാല പ്രവാസികള്‍ അനുഭവിച്ച പ്രധാന ബുദ്ധിമുട്ടുകള്‍ എന്തായിരുന്നു എന്നൊന്ന് പരിശോധിച്ച് നോക്കാം. ആദ്യവിഷയം യാത്രയുടെ ബുദ്ധിമുട്ട് തന്നെയായിരുന്നു. കടല്‍ കടന്നു അന്ന് മരുഭൂമിയില്‍ എത്താന്‍ ആശ്രയമായത് ഉരുക്കള്‍ ആയിരുന്നു. ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തു വരുന്നവരില്‍ എത്രപേര്‍ ആരോഗ്യത്തോടെ , ജീവനോടെ മറുകരയില്‍ എത്തിച്ചേരുന്നു എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. ഇനി എത്തിച്ചേരുന്നവര്‍ക്കോ, ഒരു തൊഴില്‍ കണ്ടെത്തുന്നതും അവര്‍ക്ക് നിലനില്പ് ലഭിക്കുന്നതും താമസ സൗകര്യങ്ങള്‍ ലഭിക്കുന്നതും മറ്റൊരു വലിയ പ്രശ്നം. കേരളത്തിന്റെ മനോഹരമായ കാലാവസ്ഥയില്‍ നിന്നും, അതി ശൈത്യവും അത്യുഷ്ണവും നിറഞ്ഞ കാലാവസ്ഥയില്‍ , പൊടിക്കാറ്റില്‍ പ്രവാസത്തിന്റെ പുതിയ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു അവര്‍. വിശാലമായ മരുഭൂമികളും , പുരാതന കെട്ടിടങ്ങളും , കുടിവെള്ളം പോലും വില പിടിച്ചതുമായ ഒരു ലോകത്താണ് അവര്‍ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത്. എണ്ണപ്പണം വാരാന്‍ അന്ന് വന്നവരില്‍ വിദ്യാഭ്യാസം ഉള്ളവരുടെ സംഖ്യ തുലോം വിരളമായിരുന്നു എന്ന് മാത്രമല്ല തൊഴില്‍പരിശീലനം ഉള്ളവരും തീരെക്കുറവായിരുന്നു. തൊഴില്‍ ചൂക്ഷണം എന്നത് വളരെ വലിയ തോതില്‍ ബാധിച്ച ഒരു സമൂഹമായി പ്രവാസികള്‍ ദുരിതമനുഭവിക്കേണ്ടി വന്നു ആ കാലത്ത്. ഇതൊക്കെ സഹിച്ചും അവര്‍ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം ജീവിതങ്ങളെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അദ്ധ്വാനിക്കുകയും കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഗൃഹാതുരത ഒരേ കടലിനിരുപുറം പരസ്പരം സമ്പര്‍ക്കമില്ലാതെ കഴിഞ്ഞുകൂടിയവര്‍ ആയിരുന്നു അവര്‍. കത്തുകള്‍ എഴുതി അത് അയക്കാനും മറുപടിക്ക് വേണ്ടി കാത്തിരിക്കാനും പ്രവാസി കാണിച്ച ക്ഷമയോളം വരില്ല ഒരു സഹനവും. നാട്ടില്‍ നിന്നും പുതിയതായി വരുന്ന ഓരോ മനുഷ്യരും അവര്‍ക്ക് വിശിഷ്ട അതിഥികള്‍ ആയിരുന്നു. മരുഭൂമി മുഖം മാറി. മാറ്റിയതാണ് ശരി എന്ന് പറയാം. പ്രവാസത്തിന്റെ ആദ്യകാലക്കാരുടെ ചോരയും നീരും കണ്ണീരും വീണു മരുഭൂമി പച്ചപിടിച്ചു. സാഹിത്യപരമായും സാംസ്കാരികപരമായും നാടിന്റെ ഓര്‍മ്മകളും , നഷ്ടപ്പെട്ട സന്തോഷങ്ങളും കുറേശ്ശെയായി പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആകുകയും വായനയും എഴുത്തും പോലുള്ള സര്‍ഗ്ഗാത്മകതയ്ക്ക് വളര്‍ച്ച നല്‍കുകയും ചെയ്തു തുടങ്ങി. രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും മതിയായ പരിചരണങ്ങളും ലഭ്യമാകാതെയും, കുടുംബത്തിന്റെ ചിന്തയും,ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥയുടെ വേദനയും നല്‍കിയ മാനസിക പ്രശ്നങ്ങളും സന്തത സഹചാരിയായിരുന്നു അവര്‍ക്ക്. മരണമടഞ്ഞാല്‍ പോലും മാസങ്ങളോളം മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കുകയും ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടുക്കുകയും ചെയ്യുന്ന ഒരു സംഗതി ആയിരുന്നു പ്രവാസി. നവകലാ പ്രവാസം അഥവാ രണ്ടാം തലമുറയുടെ പ്രവാസം പ്രവാസത്തിലെ പുതുമുറക്കാര്‍ക്ക് അജ്ഞാതമായതോ, കഥകളിലും സിനിമകളിലും കൂടി അറിഞ്ഞിട്ടുള്ളതോ ആയ ഒന്നാണ് മുന്‍ഗാമികളുടെ അതിജീവനത്തിന്റെ നേരുകള്‍. അവര്‍ കടന്നു വന്നത് അംബരചുംബികള്‍ ആയ കെട്ടിടങ്ങളും സുഖ ശീതോക്ഷ്ണങ്ങളുടെ ഓഫീസ് സമുച്ചയങ്ങളിലേക്കും ആണ് . അവരില്‍ കൂടിയ വിഭാഗവും തങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ ഈ പച്ചപ്പുകള്‍ സൃഷ്ടിക്കാന്‍ ചോര നീരാക്കിയ പണത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികള്‍ ചവിട്ടി വന്നവര്‍ ആയിരുന്നു . സുഖസൗകര്യങ്ങളുടെ നല്ല ചുറ്റുപാടുകളില്‍ അവര്‍ക്ക് ജീവിതം ആഘോഷം മാത്രമാകുന്നു. ജീവിക്കാന്‍ ഒരു ജോലി. ചിലവഴിക്കാന്‍ പണം. ഇതിനു വേണ്ടുന്ന വിദ്യാഭ്യാസം , കഴിവ് എന്നിവ അവര്‍ക്കുണ്ടായിരുന്നു. അവരുടെ മുന്നില്‍ അവസരങ്ങള്‍ തുറന്നു കിടന്നു. സഞ്ചരിക്കാന്‍ വാഹനം , വാഹന സൗകര്യം, താമസിക്കാന്‍ കുറ്റമില്ലാത്ത ക്യാമ്പുകള്‍ അല്ലെങ്കില്‍ ബാച്ചിലര്‍ അക്കോമഡേഷനുകള്‍, വിവരസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ ഇവയൊക്കെയും അവര്‍ക്ക് സ്വന്തം. വളരെ ചെലവ് കുറഞ്ഞ വിമാനയാത്രകളും, കുടുംബത്തെ കൂടെക്കൊണ്ട് വന്നു താമസിപ്പിക്കാന്‍ ഉള്ള സൗകര്യങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ഒക്കെ പറിച്ചു നടലിന്റെ വ്യാപ്തിയും വേഗതയും വര്‍ദ്ധിപ്പിച്ചു. കൂട്ടായ്മകളും സാഹിത്യവും സാംസ്കാരികവുമായ ഒത്തുചേരലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയ രക്ത ദാനം പോലുള്ള സേവനസംഘടനകളും ഒക്കെയായി പ്രവാസത്തില്‍ നാടിന്റെ സ്പന്ദനം കൊണ്ട് വരികയും, ദുഃഖം എന്ന സംഗതികള്‍ക്ക് അപ്പുറം സന്തോഷം സമാധാനം എന്നൊരു തലത്തിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിടുകയം ചെയ്തവര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന തൊഴിലാളികള്‍ പോലും പഴയ തൊഴിലാളികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അധികവും അനുഭവിക്കേണ്ടി വരുന്നവര്‍ അല്ല. താമസവും ഭക്ഷണവും യാത്രയും തൊഴില്‍ ഇടങ്ങളിലെ സുരക്ഷിതത്വവും അവന്റെ ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്തി നിര്‍ത്തുകയും നിയമങ്ങള്‍ അവനു വേണ്ടത്ര പരിരക്ഷ നല്‍കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം നാട് കാണാന്‍ വിധിക്കപ്പെട്ടവന്‍ എന്ന പേരുദോഷം ഇന്നില്ല. രണ്ടു വര്ഷം കഴിഞ്ഞാല്‍ നിര്‍ബന്ധമായും നാട്ടില്‍ പോകണം എന്ന നിയമവും തൊഴില്‍ കരാറുകള്‍ രണ്ടു വര്‍ഷമോ ഒരു വര്‍ഷമോ ആയി പരിമിതപ്പെടുത്തലും അവനു ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവിദഗ്ധ തൊഴിലാളികളില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എന്നൊരു നിലയിലേക്ക് ഉയരുകയും കേരളത്തിന്റെ വരുമാനത്തില്‍ പത്തൊന്‍പത് ശതമാനത്തില്‍ അധികം വരവുകളും സംഭാവന ചെയ്യുന്ന ഒരു പൊതു ഘടകവും ആയി പ്രവാസം മാറുകയും അധികാര വര്‍ഗ്ഗം പ്രവാസിയുടെ ക്ഷേമം അറിയാനും സഹായിക്കാനും അവനെ തിരഞ്ഞു പ്രവാസത്തിലേക്ക് വരാനും കഴിയുന്ന തലം ആയി മാറി പ്രവാസം. നാടിന്റെ വിദ്യാഭ്യാസ , സാംസ്കാരിക , ആരോഗ്യ , മാനവിക തലങ്ങളില്‍ പ്രവാസിയുടെ അക്ഷയപാത്രം തുറന്നു വന്നത് പുതിയ കാല പ്രവാസത്തിന്റെ പ്രത്യേകതയാണ്. നാടിനേക്കാള്‍ നേരത്തെ നാടിന്റെ പ്രശ്നങ്ങള്‍ അറിഞ്ഞു പ്രതികരിക്കുകയും നാടിന്റെ സ്പന്ദനങ്ങള്‍ വളരെ വേഗം അറിഞ്ഞു പ്രതികരിക്കുകയും ചെയ്യുന്ന തലത്തില്‍ എത്തി നില്‍ക്കുന്ന പ്രവാസികളുടെ പുതിയ തലമുറ പ്രതീക്ഷകളുടെ കൂടിയാണ്. വര്‍ദ്ധിച്ചു വരുന്ന സ്വദേശിവത്കരണവും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും പക്ഷെ പ്രവാസത്തിന്റെ മേല്‍ വീഴുന്ന കാര്‍മേഘം ആണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. ബിജു.ജി.നാഥ് വര്‍ക്കല

Wednesday, October 19, 2022

ശബ്ദമൗനങ്ങൾ

.ശബ്ദമൗനങ്ങൾ.
.................................
ഞാൻ യാത്രയിലാണ്
നിൻ്റെ പ്രണയ ഞരമ്പുകളിലൂടെ 
നിന്റെ ഹൃദയത്തിലേക്ക്.
ഞാൻ യാത്രയിലാണ് 
നിൻ്റെ മിഴി വരമ്പുകളിലൂടെ 
നിൻ്റെ കരളിലേക്ക്.
ഞാൻ യാത്രയിലാണ് 
നിൻ്റെ അധരങ്ങളിലൂടെ
നിൻ്റെ മനസ്സിലേക്ക്.
എവിടെയോ നഷ്ടപ്പെട്ടു പോയ
എന്നെ എനിക്ക് വീണ്ടെടുക്കണം.
തുലാമാസ രാവുകളിലെ 
ഇരുണ്ട മഴച്ചാലുകൾ നീന്തിക്കടന്ന്
നിൻ്റെ പ്രണയത്തിൻ്റെ ഉപ്പുരസം രുചിക്കണം.
ഞാൻ മരിച്ചു പോയെന്ന് ലോകം 
നിന്നോട് പറയുമ്പോൾ
നീ എന്നെ ഓർക്കുന്നുവെന്നും
ഞാൻ നിന്നിൽ മരിച്ചിട്ടില്ലെന്നും 
സാക്ഷ്യം പറയാൻ 
എന്താണ് ഞാൻ വിട്ടുനൽകേണ്ടത്....
ഞാൻ ഏകനാണെന്ന് 
നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞതല്ലേ ......
@ബിജു ജി.നാഥ്

Sunday, October 16, 2022

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ
......................................................................
ചന്ദനപ്പൊട്ടൊന്നെന്റെ നെറ്റിയിൽ ചാർത്തിത്തരുമോ നീ... 
ചന്തമേറുന്നീടുമാ വിരൽത്തുമ്പു കൊണ്ടെൻ പെണ്ണേ.
ജനിതകരേഖയിൽ പടർന്നും,പങ്കുവച്ചും 
പരമ്പരയായി പിന്തുടരും മരണമേ!
ഒരാലിംഗനത്തിൻ ഊഷ്മളത മോഹിക്കും 
എന്നിലേക്കെന്നു നിൻ പ്രണയമിഴി വഴുതി വീഴും. 

എന്തിനായ് ഞാനെന്റെ നോവും മനസ്സിനെ
ചന്ദ്രനിൽ നിന്നങ്ങടർത്തി മാറ്റി. 
എന്തിനെൻ ഹൃത്തിലെ ചെമ്പനീർപ്പൂവിന്റെ 
ഇതളുകൾ ഞാനിന്നുതിർത്തെടുത്തു.
ഒട്ടും പരിക്കുകൾ പറ്റാതെ മുറ്റത്തിൻ 
കോണിൽ വിരിഞ്ഞൊരു പാരിജാതം 
കൺനിറച്ചെന്നെ നോക്കി വിതുമ്പുമ്പോൾ
കൈവിറയ്ക്കാതെങ്ങനെ നുളളിടും ഞാൻ. 

ഇനിയെന്റെ രസനയിൽ നീ പകർന്നീടുക 
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ. 
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം 
പ്രണയചിത്തത്തിലെന്നറിഞ്ഞീടുക.

ഒരു കാലമുണ്ടാം നമുക്കായി വീണുപോം 
ഇലകൾക്കു പറയുവാൻ കഥകളായ്. 
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട് 
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.

ആരാണ് ഞാൻ നിനക്കെന്നാരായും പകലോന്റെ 
ആളുന്ന തീക്കൈ തട്ടി നീക്കുന്ന പൂവിനെ കാൺവൂ. 
അറിയില്ല ഇനിയും നിനക്കെന്നാലെന്തിനായ് നില്പു നീ 
കുനിയും മുഖാംബുജമൊഴിഞ്ഞ കണ്ണീർ വാക്കാൽ. 

പ്രിയങ്ങളിൽ നിന്നൊക്കെയങ്ങകലേക്ക് 
പറയാതെ പോകുന്ന കാലം വരുമ്പോൾ 
വരും ചിലരൊക്കെയെങ്കിലും മൗനം
ഒരു നോക്കിനന്ത്യ സൗരഭ്യം നല്കുവാൻ. 
ഉറപ്പിച്ചു പോകും തിരിച്ചിനി വരില്ലെന്നും 
മുള്ളുകൾ തറപ്പിച്ച് വേദനിപ്പിക്കില്ലെന്നും. 
സംശയങ്ങൾ കൊണ്ട് കെട്ടുന്ന വേലികൾ, 
വാക്ശരം കൊണ്ടു കീറുന്ന ഹൃദയവും 
ഓർമ്മയാവുന്നെന്ന വാസ്തവം ഉറപ്പിച്ചു 
യാത്രയാക്കാനിനി സ്വാഗതമരുളട്ടെ.

നീയെനിക്കാരാണെന്ന ചോദ്യത്തിനുത്തരം
തേടി ഞാൻ വെടിയുന്നു നിദ്ര, പിന്നെ
നിന്നെത്തിരയുന്നു ഞാനന്തരാളത്തിൽ .
നിൻ മുഖം മാത്രം പതിയാത്ത ഹൃത്തടം 
ഇല്ല നിനക്കൊരു പേരും വിലാസവും.

ഇല്ല നീയെന്നിൽ നിന്നെത്ര ദൂരത്താണ്..
കണ്ടു നിൽക്കാനാകാത്തത്രയും ദൂരത്തിൽ 
കാണുന്നു ഞാൻ നിൻ നിഴലിനെ മാത്രമോ.
ക്ഷണികമെങ്കിലും നീ നല്കുമോർമ്മതൻ 
മധുരമൊന്നു നുകർന്ന് പോകട്ടെ ഞാൻ.
@ബിജു ജി.നാഥ്

Monday, October 10, 2022

കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ....... ലൈലാബീവി മങ്കൊമ്പ്

കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ (നോവൽ)
ലൈലാബീവി മങ്കൊമ്പ്
തുളുനാട് ബുക്സ്
വില: ₹ 60.00



ഒരാൾ ഒരു സമൂഹജീവിയാണ് എന്നു പറയാൻ കഴിയുന്നത്, ആ വ്യക്തിക്ക് സമൂഹത്തോട് എന്തെങ്കിലും ബാധ്യത ഉണ്ടാകുമ്പോൾ മാത്രമാണ്. സ്വന്തം ജീവിതത്തിനു മാത്രം പ്രാധാന്യം കൊടുക്കുകയും ലോകം മുഴുവൻ അതിനായി പ്രവർത്തിക്കുകയും വേണം എന്നു ചിന്തിക്കുന്ന സമൂഹമായി മാറുന്ന കാലമാണ് ഇന്നത്തേത്. ഓരോ എഴുത്തുകാരൻ്റെയും ധർമ്മം സമൂഹനന്മയാണ് . അതവൻ തൻ്റെ കഴിവു കൊണ്ട് , ഒരു വരി കൊണ്ടോ വാക്കു കൊണ്ടോ അടയാളപ്പെടുത്തുക തന്നെ വേണം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളരെയധികമൊന്നും സമൂഹത്തിലില്ല. അതിനാൽത്തന്നെ അധ്യാപികയും എഴുത്തുകാരിയുമായ ലൈലാബീവി മങ്കൊമ്പിനെ ക്കുറിച്ചു പറയാതെ അവരുടെ ഈ നോവലിനെക്കുറിച്ചു പറയുന്നത് ശരിയാകുകയില്ല എന്ന് കരുതുന്നു. ഫേസ്ബുക്ക് മീഡിയത്തിലൂടെ സാമൂഹിക വിഷയങ്ങളിൽ വളരെ സജീവമായി പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് ഈ അധ്യാപിക. ഫേസ്ബുക്കിന് പുറത്ത് അവരുടെ പ്രതിക്ഷേധസ്വരം വ്യാപിക്കുന്നതും കാണാനാകും. സ്ത്രീധന നിരോധനത്തിനെതിരെ ലൈലാബീവിയുടെ പ്രവർത്തനം ഏറെപ്പേർക്കും സുപരിചിതമായിരിക്കും. യാത്രാവേളകളിലും, സ്കൂളിലും , തന്നെത്തേടി വരുന്ന കത്തുകളിലൂടെയും മറ്റും ടീച്ചർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ, തൻ്റേതായ ഭാഷയിൽ ലൈലാബീവി അവതരിപ്പിക്കുകയും ഒപ്പം തന്നെ സ്വന്തം അഭിപ്രായങ്ങൾ മടി കൂടാതെ വിളിച്ചു പറയുകയും ചെയ്യാറുണ്ട്. 

ലൈലാബീവിയുടെ " കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ" എന്ന നോവലിൻ്റെ രണ്ടാം പതിപ്പാണ് ഞാൻ വായനക്കായി തിരഞ്ഞെടുത്തതിന്ന്. വളരെ ചെറിയ ഒരു നോവലാണിത്. വളരെ വേഗം വായിച്ചു തീർക്കാൻ കഴിയുന്ന ഒന്ന്. ലളിതവും, ഒഴുക്കുള്ളതുമായ ഭാഷയിൽ മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം വരച്ചിടുകയാണ് ഈ നോവലിൽ. ജാനകിയെന്ന ബ്രാഹ്മണ സ്ത്രീയുടെയും അവരുടെ മകൾ രേവതിയുടെയും ചെറുമകൾ അശ്വതിയുടെയും ജീവിത കഥയാണിത്. ദാരിദ്ര്യവും ഭർതൃവിരഹവും ജീവിതഭാരവും കൊണ്ടു വലഞ്ഞ ജാനകിത്തമ്പുരാട്ടി പാടത്തും പറമ്പിലും പണിയെടുത്ത് ഒറ്റക്ക് മൂന്നു മക്കളെ വളർത്തിയെടുക്കുന്നതും രണ്ടാമത്തെ മകൾ രേവതി പഠിച്ച് സ്കൂൾ അധ്യാപികയാകുന്നതും അവൾടെ മകളെ പഠിപ്പിച്ച് കളക്ടർ ആക്കുന്നതും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. പട്ടിണിയും തകർച്ചയും നേരിടുന്ന ബ്രാഹ്മണ്യം , കുടുംബം നയിക്കാൻ ഒറ്റക്ക് നേരിടുന്ന സ്ത്രീശക്തി, വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ, മതേതരത്വം, സഹവർത്തിത്വം , നന്മ , ജീവകാരുണ്യം തുടങ്ങിയ സംഗതികളെ ഒന്നിപ്പിച്ചു നിർത്തി പറയുന്ന ഒരു കുഞ്ഞു നോവൽ. 

ഒരുപാടു പറയാനുള്ള ഒരാൾ ഉണ്ടെന്ന് സങ്കല്പിക്കുക. എല്ലാം അയാൾക്ക് പറയണം എന്ന നിർബന്ധം കൂടി ഉണ്ടെങ്കിലോ. തനിക്ക് പറയാനുള്ളത് വാരിവലിച്ചു പറഞ്ഞകലുക എന്നതിനപ്പുറം, ഒരു കഥ പറച്ചിൽ ചട്ടക്കൂടോ പരമ്പരാഗത എഴുത്തു സമ്പ്രദായങ്ങളുടെ പക്വത തേടലോ ലൈലാബീവിയെ അലോസരപ്പെടുത്തുന്നതായി തോന്നിയില്ല വായനയിൽ. കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെ വിളിച്ചു പറയാൻ ഒരു മാധ്യമം മാത്രമാണ് ലൈലാബീവിക്ക് ഈ നോവൽ പ്രതലം എന്നു കരുതാം. ഒരു ഡോക്യുമെൻ്ററിയുടെ തിരക്കഥ പോലെ ചിതറിക്കിടക്കുന ചിത്രങ്ങൾ ചേർത്തു പിടിച്ചു വായനക്കാർ സംതൃപ്തരാകുക എന്ന നയമാണ് എഴുത്തുകാരി അനുവർത്തിച്ചിരിക്കുന്നത്. രണ്ടുപേർ ഒരു യാത്രയിലാണെന്ന് കരുതുക. യാത്രക്കിടയിൽ ഒരാൾ മറ്റൊരാളോട് ഒരു കഥ പറയുന്നു എന്നും. തീർച്ചയായും ആ ഒരു ഫീലിൻ്റെ വായനാനുഭവം ലൈലാബീവി ഈ നോവലിലൂടെ പങ്കു വയ്ക്കുന്നു എന്നു കരുതാം. ആശംസകളോടെ ബിജു ജി.നാഥ്



Thursday, October 6, 2022

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍ 
--------------------------------------------
നോക്കൂ 
അതൊരു രാജ്യമാണ് . 
സ്നേഹത്തിന്റെ വസന്തങ്ങള്‍ പെയ്തൊഴിയാതെ നില്‍ക്കുന്ന 
സ്വതന്ത്ര രാജ്യം.
പ്രജാക്ഷേമതത്പരനായ രാജാവും 
മന്ത്രി പുംഗവന്മാരാലും സമ്പുഷ്ടമായ രാജ്യം . 
നിങ്ങള്‍ക്കതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. 
നക്ഷത്രങ്ങള്‍ ഗോചരമാകുന്ന 
നനുത്ത പൗര്‍ണ്ണമി രാവുകള്‍ എന്നോ, 
ഇരുണ്ട തിരശ്ശീലയില്‍ ചിത്രപ്പണികള്‍ ചെയ്ത വാനമെന്നോ...
ഇടയിലെപ്പോഴോ ഒക്കെ നിങ്ങളവിടെ
കൊള്ളിമീനുകള്‍ കണ്ടേയ്ക്കാം . 
പുറത്തു പറയരുതേ എന്നു പ്രായമായവര്‍ ഉപദേശിച്ചേക്കാം . 
പാല്‍നിലാവ് നിറഞ്ഞ രാവുകള്‍ മാത്രമല്ല 
കൊടുംവേനലിന്റെ പകലുകളും 
വറ്റി വരണ്ട പുഴകളുടെ രോദനവും 
നഗ്നയായ ഭൂമിയുടെ മുലകള്‍ പോലെ കുന്നുകളും 
പെറ്റവയറിന്റെ പാടുകള്‍ പോലെ 
വീണ്ടുകീറിയ പാടങ്ങളും കണ്ടേയ്ക്കാം . 
ഇടയിലെവിടെയൊക്കെയോ ചിലപ്പോഴൊക്കെ 
മരക്കൊമ്പുകളില്‍ ചിത്രശലഭങ്ങള്‍ തൂങ്ങിയാടിയേക്കാം. 
ഒഴിവാക്കലുകളുടെ ചതുരരംഗക്കളത്തില്‍ 
വെട്ടിവീഴ്ത്തപ്പെട്ടതോ 
തള്ളിയകറ്റപ്പെട്ടതോ ആയ കാലാളുകള്‍ ഉണ്ടായേക്കാം . 
ഒന്നിലും കണ്ണുകള്‍ തടയാതെ 
ആലസ്യമാണ്ട കണ്ണുകളുമായി 
ചിലപ്പോള്‍ ബുദ്ധിജീവി നാട്യങ്ങളെ മണത്തേക്കാം. 
അടിവസ്ത്രത്തിന്റെ ഉള്ളിലേക്കും,
ശൗചാലയത്തിനുള്ളിലും,
മൃതദേഹങ്ങളുടെ മുഖത്തേക്കും സൂം ചെയ്യപ്പെടുന്ന 
ക്യാമറക്കണ്ണുകളുമായി 
ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ കണ്ടേയ്ക്കാം . 
എങ്കിലും,
ഒന്നിലും പെടാതെ 
ഒന്നും അറിയാതെ 
സവാളയുടെയും ആട്ടയുടെയും 
വിലവിവരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച 
കുറച്ചു പേരെ നിങ്ങള്‍ കണ്ടേയ്ക്കും 
(അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും )
അവരാണ് ആ രാജ്യത്തിന്റെ നേടും തൂണുകള്‍ . 
അഞ്ചു വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം 
നവവധുവിന്റെ വേഷം ധരിക്കുന്നവര്‍.
അവരാണ് ആ രാജ്യത്തിന്റെ പ്രജകള്‍ .
(അവർക്കതറിയില്ലെങ്കിലും.) 
@ബിജു ജി. നാഥ്

Monday, October 3, 2022

ഇത്രമേൽ പ്രണയമേ നിന്നെ ഞാൻ പ്രണയിക്കുന്നു .!

ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു . 
------------------------------------------
ജീവിതമെന്‍റെ ശ്വാസനാളിയില്‍ കുരുങ്ങിയടരുമ്പോഴും 
ബന്ധങ്ങള്‍ എന്റെ ആത്മാവിനെപ്പോലും ഉരുക്കുമ്പോഴും 
കടമകള്‍ എന്റെ വഴിത്താര വേലികെട്ടിത്തിരിക്കുമ്പോഴും 
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!

യാത്രകള്‍ മുടങ്ങിപ്പോകുമീ ജീവിതപ്പാരാവാരത്തിലും 
ആശകള്‍ മറവിതന്നാഴങ്ങളില്‍ അമര്‍ത്തിവച്ചീടിലും  
കണ്ണുനീര്‍ മറയ്ക്കുവാന്‍ ചിരിയുടെ വര്‍ണ്ണക്കുടചൂടുകിലും  
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!

വാക്കുകള്‍ തന്‍ വരികള്‍ മറന്നു പതറിപ്പോകുമ്പോഴും 
വാഗ്ദാനങ്ങള്‍ ജലരേഖകള്‍ എന്നു പരിഹസിക്കുമ്പോഴും 
നോട്ടങ്ങള്‍ ഒക്കെയും വെറുപ്പിന്റെ മേലാടയണിയുമ്പോഴും
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു !

ഓര്‍മ്മയില്‍ സൂക്ഷിക്കുവാനടയാളം ശേഷിപ്പില്ലെങ്കിലും 
വഴികാട്ടിയായ് കാലത്തിനൊന്നും നല്‍കിയിട്ടില്ലെങ്കിലും 
ഹൃത്തില്‍ നീയേകിയ നോവുമധുരം നശിക്കാതിരിക്കിലും 
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!
@ബിജു ജി നാഥ്

Saturday, October 1, 2022

ദൈവത്തിന്റെ ജാതി ...................ശോഭാലതിക

ദൈവത്തിന്റെ ജാതി (കഥകള്‍)
ശോഭാലതിക 
Quivive Text
വില : 110 രൂപ 


ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവ് വരണ്ടഹോ.
ഭീതിവേണ്ട തരികതെനിക്ക് നീ ..... 
(ചണ്ഡാല ഭീഷുകി .... കുമാരനാശാന്‍ )


  ജാതീയതയുടെ അഴുക്ക് പിടിച്ച നൂറ്റാണ്ടിന്റെ ശാപം പേറുന്ന ഒരു ജനതയാണ് നാം . നാം എന്നടക്കിപ്പറയാനുമാകില്ല. നമ്മില്‍ ചിലര്‍. ഒരേ രൂപം ഒരേ ജനുസ്സ് ഒരേ വിഭാഗം പക്ഷേ ജീവിതം പല വിധം . പരിണാമത്തിന്റെയും സംസ്കാരത്തിന്റെയും ആരംഭകാലത്തിന്റെ ഇടയിലെവിടെയൊക്കെയോ കടന്നു വന്ന മതങ്ങള്‍ ഒന്നുപോലും മനുഷ്യരെ തരം തിരിവുകളില്ലാതെ സ്നേഹിക്കാന്‍ പഠിപ്പിച്ചില്ല. ആധുനിക ലോകത്തും സങ്കരജാതികളായ മനുഷ്യരായി ജീവിക്കുന്ന സമൂഹമാണ് നാം . പേരുകള്‍ കൊണ്ടും തൊഴിലുകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ദൈവങ്ങള്‍ കൊണ്ടും ദേശങ്ങള്‍ കൊണ്ടും വിഭജിപ്പിക്കപ്പെട്ടവര്‍. ഗോത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറാത്ത ആധുനിക ഗോത്രമനുഷ്യര്‍!. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു പോലും ജാതികള്‍ പലതാണ് . മനുഷ്യര്‍ പലരാണ് . ഇന്ന് നാം ജീവിക്കുന്നതു ആധുനികതയുടെ കാലത്തിലല്ല തിരികെ നടക്കാന്‍ പ്രേരിപ്പിക്കുന്ന സംസ്കാരത്തിന്റെ അടിച്ചേല്‍പ്പിക്കലുകളില്‍ ആണ് . മനുസ്മൃതിയുടെ കാലം തിരികെ വരുന്നുവെന്ന ആശങ്കകളില്‍ ആണ് . എന്തുകൊണ്ടാണ് നമുക്കിങ്ങനെ സംഭവിക്കുന്നത്.? വിദ്യാഭ്യാസം കൊണ്ടും പ്രബുദ്ധത കൊണ്ടും ഏറെ മുന്നോക്കം നില്‍ക്കുന്ന ഒരു ജനതയാണ് നാം. പക്ഷേ നമുക്കിടയില്‍ വിഭജനം സംഭവിക്കുന്നത് നൂറ്റാണ്ടുകള്‍ കൈമാറി വരുന്ന ജാതിമത ചിന്തകള്‍ ആണെന്നത് എത്ര ലജ്ജാകരമായ വസ്തുതയാണ് . അവര്‍ ഇവര്‍ എന്ന വേര്‍തിരിവുകള്‍ ചിന്തകളില്‍ നിന്നും മാറുകയും നമ്മള്‍ ഒന്നെന്ന തോന്നല്‍ വരികയും ചെയ്യുക വളരെ അത്യാവശ്യമാണ്. ഒരു കാര്യം ശരിയാണ് നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തി വച്ചിരുന്ന ഒരു വിഭാഗം ജനത, പൊതുധാരയില്‍ കടന്നു വരുമ്പോള്‍, തലമുറകള്‍ കൈമാറി വന്ന വിധേയത്വം എന്ന കളയെ പറിച്ചു കളയാന്‍ അവര്‍ ശ്രമിക്കുമ്പോള്‍,അവരുടെ ഇടപെടലുകളെ ജാള്യതയോ നിസ്സഹായതയോ ഒക്കെയായിട്ടാണ് സമൂഹത്തിനു അനുഭവപ്പെടുക. ഇതിന് കാരണം നിങ്ങളോര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്നുള്ള ഒരു ബോധം അബോധമനസ്സില്‍ ഉണ്ടാകുന്നതുകൊണ്ടാകാം. അതിജീവനം എന്ന വാക്കില്‍ അതിനെ കോര്‍ത്തിടാം. ഒരേ ബഞ്ചില്‍ ഇരിക്കാനോ ഒരേ പാഠം പഠിക്കാനോ കഴിയാതെ പോയവര്‍ ഇന്ന് ഒരേ പാഠം പഠിക്കുകയും ഒരേ ബഞ്ചില്‍ ഇരിക്കുകയും ഒരേ ഭക്ഷണം കഴിക്കുകയും മാത്രമല്ല പഠിപ്പിക്കുകയും ഭരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നത് സ്വയം മനസ്സിലാക്കുകയും സ്വന്തം ശക്തി, കഴിവ് എന്നിവ മേല്‍പ്പറഞ്ഞ ജാള്യത നിസ്സഹായ്ത എന്നിവയെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിനാലുമാണ് .

‘ശോഭാലതിക’യുടെ “ദൈവത്തിന്റെ ജാതി” എന്ന പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ വന്നത് രാജാവ് നഗ്നനാണ് എന്നു വിളിച്ച് പറഞ്ഞ കുഞ്ഞുങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണല്ലോ സമൂഹം പുരോഗമനത്തിലേക്ക് സഞ്ചരിക്കുന്നത് എന്നതാണു. ഭരണഘടന ശില്പിയായ ബാബാ സാഹിബ് അംബേദ്കര്‍, ആധുനിക ബുദ്ധന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടുത്താന്‍ ഒരു ചെറിയ അനുഭവത്തിലൂടെ ശോഭയ്ക്ക് കഴിയുന്നത് ഈ പുസ്തകത്തിന്റെ ഒരു ഹൈ ലൈറ്റ് ആയി കാണാന്‍ കഴിയും. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി ചിന്തയുടെ അനുഭവസാക്ഷ്യങ്ങള്‍ പോലെ പതിനഞ്ചോളം കഥകളില്‍ ചിലവ വായനയില്‍ മുള്ളുകള്‍ പോലെ കരളില്‍ തറച്ചു കയറുന്നുണ്ട്. പുതിയ തലമുറ, മാതാപിതാക്കളുടെ തൊഴിലില്‍ അലോസരരാകുകയും അതില്‍ നിന്നും അവര്‍ വിടുതല്‍ നേടി മറ്റെന്തെങ്കിലും മാന്യമായ (?) തൊഴില്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുകയും ചെയ്യണം എന്നൊരു ചിന്ത വിദ്യാഭ്യാസം നേടുമ്പോള്‍ കരുതുന്നതിലെത്രമാത്രം പ്രസക്തി ഉണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു . കുലത്തൊഴില്‍ പരമ്പര ആയി ചെയ്യണം എന്നൊരു ധ്വനിയല്ലതില്‍ . മാതാപിതാക്കളുടെ തൊഴിലില്‍ , അത് പറയുന്നതില്‍ , ജനിച്ചുപോയ വര്‍ണ്ണത്തില്‍ ഒക്കെയും നാണക്കേടുകള്‍ തോന്നിക്കുന്നത് ശരിയാണോ എന്നതാണു ചിന്ത . വിദേശത്തൊക്കെ കര്‍ഷക വൃത്തി ചെയ്യുന്നവര്‍ വളരെ വലിയ രീതിയില്‍ വിദ്യാഭ്യാസം കിട്ടിയ ശേഷം അവരുടെ ജോലിയില്‍ ആ അറിവിനെ പ്രയോഗിച്ച് കൂടുതല്‍ അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും നേടുവാന്‍ ആണ് ശ്രമിക്കുക . പക്ഷേ , നമുക്ക് വിദ്യാഭ്യാസം എന്നത് സര്ക്കാര്‍ ജോലി അല്ലെങ്കില്‍ ഡോക്ടര്‍ , എഞ്ചിനീയര്‍ തുടങ്ങിയ തൊഴിലുകള്‍ ഇവയാണ് സ്വപ്നം . പുരോഗതിയിലേക്ക് തിരിക്കുമ്പോള്‍ തൊഴിലില്‍ നാണക്കേടും , ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലും നേടിക്കൊടുക്കാന്‍ തക്ക വണ്ണം നാം പരിഷ്കൃതരാണ് . അതേ സമയം തന്നെ സര്ക്കാര്‍ തൊഴിലുകളില്‍ ആയാലും മറ്റ് സാമ്പത്തിക ഭദ്രതയുള്ള തൊഴിലുകളില്‍ ആയാലും തൊഴില്‍ ലഭിക്കുന്നതിന് ജാതി എന്നതൊരു വലിയ ഘടകമായി ഇന്നും നിലനില്‍ക്കുന്നുമുണ്ട് . സംവരണം പോലുള്ള ആനുകൂല്യങ്ങളില്‍ കൂടി അവ നേടിയെടുക്കുന്നതിന് വളരെ കുറവ് ആള്‍ക്കാരെ എത്തപ്പെടുന്നുള്ളൂ . അവയിലും ജാതികളുടെ ഉപജാതി വ്യത്യാസങ്ങള്‍ പ്രത്യക്ഷമായിത്തന്നെ കാണാന്‍ കഴിയുകയും ചെയ്യും . ഇത്തരം സാമൂഹിക ചുറ്റുപാടുകള്‍ ആണ് ഇന്നും നമുക്കിടയില്‍ ഉള്ളതെന്നതുകൊണ്ടു തന്നെ ശോഭാലതിക മുന്നോട്ട് വയ്ക്കുന്ന ജാതിയുടെ വിഷയം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സാമൂഹിക വിഷയം തന്നെയായി കാണാന്‍ കഴിയും. കഥകള്‍ വെറും ജാതീയതയുടെ വേര്‍തിരിവുകള്‍ മാത്രമല്ല പങ്കുവയ്ക്കുന്നത് . ഒപ്പം തന്നെ അരികുവത്കരണം നേരിടുന്ന പാട്രിയാര്‍ക്കിയുടെ ഇരകളായ സ്ത്രീകളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട് . ജാതീയത മനുഷ്യരില്‍ ഒരു വിഭാഗത്തിന് മാത്രമാണു വിഷയമാകുന്നതെങ്കില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ ഒരു തരത്തില്‍ അതിനെ കുലസ്ത്രീ സഹനങ്ങള്‍ എന്നും പറയാം മുഴുവന്‍ സ്ത്രീകള്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്നവയാണ് . അടുത്തിടെ ഒരു വലിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ്സില്‍ ഒരു അഭിനേത്രിയായ പാര്‍ട്ടിസിപ്പന്‍റും കൂട്ടാളികളും കുലസ്ത്രീയെ നിര്‍വ്വചിച്ച പൊതുബോധം ഇത്തരുണത്തില്‍ ഓര്‍ക്കുകയും സഹനങ്ങള്‍ എന്നത് നമ്മുടെ അവകാശമാണ് എന്ന ബോധം നിലനിര്‍ത്തുകയും ചെയ്യുന്നവരെ ഉണര്‍ത്താനും ഇത്തരം കഥാകഥനങ്ങള്‍ സഹായിക്കും എന്നൊരു ധാരണ കൂടിയുണ്ട് . 

  ദളിത് സാഹിത്യം എന്നൊരു സംഗതി ശരിക്കും മലയാളത്തില്‍ ഉണ്ടോ എന്നത് ചര്‍ച്ചാ വിഷയമാകണം. ഇതിനെക്കുറിച്ച് കെ ഇ എന്‍ മുന്പ് എഴുതിയിട്ടുള്ളതായി ഓര്‍ക്കുന്നു . കുരീപ്പുഴ ശ്രീകുമാര്‍ ചിലയിടങ്ങളില്‍ പറഞ്ഞ ഒരു കാര്യമുണ്ട് . പാടത്തും പറമ്പിലും കീഴാള സ്ത്രീകളും പുരുഷന്മാരും പാടി നടന്നതും പറഞ്ഞതുമായ കഥകളും കവിതകളും ആരും എങ്ങും എഴുതിവച്ചിട്ടുള്ളവയല്ല. അതുകൊണ്ടു മാത്രം നമുക്ക് നഷ്ടമായ എത്രയോ മനോഹരങ്ങളായ സൃഷ്ടികള്‍ ആണവ.  ദളിത സാഹിത്യം എന്നൊരു വിഭാഗം വരികയും അതില്‍ സത്യസന്തമായ ഗവേഷണങ്ങള്‍ നടക്കുകയും സമാഹരണങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ മാത്രമേ കാണാതെ, വായിക്കാതെ പോയ ഒരുപാട് നല്ല വായനകള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ശോഭാലതിക എന്ന എഴുത്തുകാരിയില്‍ ഒരുപാട് കഥകള്‍ ഉണ്ട് . അവ പറഞ്ഞു തരാന്‍ കഴിയുന്ന ഒരു ഭാഷയുണ്ട് . ഈ പുസ്തകത്തിലെ കഥകള്‍ എല്ലാം തന്നെ സ്ത്രീ പക്ഷത്തു നിന്നുകൊണ്ടുള്ള വേഷപ്പകര്‍ച്ചകള്‍ ആണ്. ആത്മനൊമ്പരങ്ങള്‍ , സ്വത്വ ബോധത്തിന് ഉള്ളില്‍ നിന്നുള്ള പ്രതിക്ഷേധങ്ങള്‍ എന്നിവയാണ് . പ്രണയവും കുഞ്ഞ് നൊമ്പരങ്ങളും നിരാശകളും വിഷയമാകുന്നുണ്ട് എങ്കിലും കഥകളുടെ ഏകീകത എന്നത് സ്ത്രീ പക്ഷ വാദവും ജാതീയതയുടെ, ഇരകളുടെ പ്രതിക്ഷേധ സ്വരങ്ങളും ആണ് . കൂടുതല്‍ എഴുതി മൂര്‍ച്ച വരികയാണെങ്കില്‍ നാളെകള്‍ ഈ എഴുത്തുകാരിയെ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ നേരുന്നു . ബിജു ജി നാഥ്

Wednesday, September 28, 2022

സ്വപ്നമായിരുന്നത്

സ്വപ്നമായിരുന്നത്
......................................
ഞാനപ്പോഴും 
നനഞ്ഞ മണ്ണിൽപ്പൊതിഞ്ഞ്,
മുറിഞ്ഞുപോയൊരു കനവിൻ്റെ 
വേരറ്റത്തായിരുന്നു.

നക്ഷത്രവിളക്കുകളെ ഊതിയണച്ചും
എള്ളിൻപ്പൂമണം നുകർന്നും
ഓറഞ്ചല്ലികളെ മധുരിച്ചും
സമയസൂചിക കടക്കുകയായിരുന്നു.

വെൺശംഖിനെയളന്ന്,
പുളിനപ്രാന്തങ്ങളിലൂടലസം ഗമിക്കവേ
അരികിലോടിക്കളിച്ചൊരു
ഹിരണമുഖത്ത് ചുംബിക്കുകയായിരുന്നു.

നിമിഷഘടികാരമേ !
എന്തിനാണ് നീയെന്നെയീവിധം,
ഇത്രമേൽ നിർദ്ദയമായിന്നീ
സ്വപ്നത്തിൽനിന്നും വിളിച്ചുണർത്തിയത്.?
@ബിജു ജി.നാഥ്

Sunday, September 25, 2022

ഓർമ്മപ്പുസ്തകത്തിൽ കുറിച്ചിടുക

ഓർമ്മപ്പുസ്തകത്തിൽ കുറിച്ചിടുക
................................................................
സ്വന്തമായ ആകാശമെന്നും
സ്വതന്ത്രമായ ചിന്തയെന്നും
നീയെന്നും അടയാളപ്പെടുത്തുന്ന
ചിലതുണ്ട് ഭൂമിമലയാളത്തിൽ .

പ്രണയമെന്ന ധാരണയിൽ
കാമമുണ്ടാകരുതെന്ന ചിന്തയിൽ
ഒരുമിച്ചിരിക്കാമെന്നും 
ഒന്നിച്ചു സഞ്ചരിക്കാമെന്നും തോന്നുമപ്പോൾ. 

നിൻ്റെ ആകാശത്തിനപ്പോൾ നീലനിറം
നിൻ്റെ കടലിന് കരിംപച്ചയും.
നിൻ്റെ മോഹങ്ങൾക്ക് വയലറ്റും
നിൻ്റെ ജീവിതത്തിന് ചുവപ്പും നിറയും.

എൻ്റെ വിരലുകൾ നിന്നെ തൊടുകയും
നീയറിയാത്തൊരു വികാരം നിറഞ്ഞ്
എൻ്റെ മാറിൽ നീ ആർത്തലച്ചു വീഴുകയും
നമുക്കിടയിൽ പ്രപഞ്ചം നിശ്ചലമാകുകയും ചെയ്യുമപ്പോൾ.

ഓർമ്മകളുടെ അരണി കടഞ്ഞ് കടഞ്ഞ്
നീയൊരുക്കുന്ന അഗ്നിയിൽ പക്ഷേ
ഉരുകി ഒലിക്കുന്ന ഹവിസ്സാകുവാൻ മാത്രം
അരികിൽ ഞാനുണ്ടാകില്ല ന്യൂനം.

കാടാണ് മനസ്സിൽ നിറയെ
കരിമ്പാറക്കെട്ടാണ് ഉള്ളിലുമെങ്കിലും
നീർച്ചോലകൾ ഉറവപൊട്ടുന്നത്
നിന്നെ മറയ്ക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

നിനക്ക് മഞ്ചലായെൻ മാറിടവും
നിനക്ക് സാന്ത്വനമായെൻ കരതലവും
നിനക്കാശ്വാസമായെൻ ചുംബനവും
നിനക്കായ് കരുതി വയ്ക്കും ഞാനെന്നും.

എൻ്റെ ഉഷ്ണവാതങ്ങളെയും
എന്നിലെ അഗ്നിപർവ്വതങ്ങളെയും
എൻ്റെ തപ്തനിശ്വാസക്കൊടുങ്കാറ്റുകളും
എന്നിലെ എന്നിൽ ഞാനൊളിച്ചു വയ്ക്കും.

നമുക്ക് പ്രണയിക്കാം ആവോളം
നിൻ്റെ കണ്ണുകൾ തോരും വരേയ്ക്കും
നിൻ്റെ ഹൃദയം ശാന്തമാകും വരേയ്ക്കും
നിൻ്റെ പേടികൾ മായും വരേയ്ക്കും.
@ബിജു. ജി.നാഥ്

Saturday, September 24, 2022

ഉപരോധം.......................... സി.വി.ബാലക്രിഷ്ണന്

ഉപരോധം(നോവല്) സി.വി.ബാലക്രിഷ്ണന് പ്രഭാത് ബുക്ക് ഹൌസ് വില. 60 രൂപ ചരിത്രത്തിന്റെ ഇടനാഴികളില്‍ പതിഞ്ഞിട്ടും പതിയാതെ പോയ ചരിത്രമാണ് കാലം കീഴാളനെന്ന് അടയാളപ്പെടുത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതം. അധികാരത്തിന്‍റെയും വര്‍ഗ്ഗ,വര്‍ണ്ണ ബോധത്തിന്റെയും അഹംഭാവത്താല്‍ മനുഷ്യര്‍ പരസ്പരം അവയെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തു. “തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍. കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ! ജാതിക്കോമരങ്ങള്‍” എന്ന്‍ കവി വിലപിച്ചത് കേരളത്തിന്റെ അവസ്ഥയില്‍ മനം നൊന്തായിരുന്നല്ലോ. കാലം കഴിഞ്ഞു പോയിട്ടും അതിനോട്ടും വ്യത്യാസം സംഭവിച്ചില്ല . “തങ്ങളില്‍ തങ്ങളില്‍ മുഖത്ത് തുപ്പും പിന്നെ നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും” എന്ന തലത്തിലേക്ക് എത്തിയതേയുള്ളൂ ഇന്നും മനുഷ്യര്‍ എന്നു ആധുനിക കവി വാക്യം സൂചിപ്പിക്കുന്നു . മണ്ണിന്റെ മണമുള്ള എഴുത്തുകള്‍ സാഹിത്യത്തില്‍ അധികം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു . കറുത്ത മനുഷ്യരുടെ കവിതകള്‍ എന്നൊരു സമാഹാരം സച്ചിദാനന്ദന്‍ മാഷ് ക്രോഡീകരിച്ചത് ആഫ്രിക്കന്‍ ജനതയുടെ കവിതകള്‍ സമാഹരിച്ചാണ് . കേരളത്തില്‍ കര്‍ഷകരുടെ ഇടയില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കവിതകളോ കഥകളോ സമാഹരിക്കാന്‍ കഴിയാതെ പോയത് ഇവിടെ സാഹിത്യ വാസന ഉള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല അവരെ കണ്ടെത്താന്‍ യാത്ര ചെയ്യാനോ അവ സമാഹരിക്കാനോ ആര്‍ക്കും മനസ്സുണ്ടാകാഞ്ഞിട്ടാകാം. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിച്ചു നെടുവീര്‍പ്പിടുന്ന മനുഷ്യരില്‍ പോലും മനസ്സില്‍ നിന്നും തങ്ങളുടെ ജാതീയത തുടച്ചു നീക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗവും . സി വി ബാലകൃഷ്ണന്റെ “ഉപരോധം” എന്ന നോവല്‍ ഇത്തരത്തില്‍, ജീവിച്ചിരുന്നിട്ടും അടയാളപ്പെടുത്താതെ പോയ അടിയാളരുടെ ചരിത്രമാണ് എന്നു പറയാം . കാല്‍പനികത ഒട്ടും തന്നെ ഇല്ലാതെ ഒരു കാലത്തിന്റെ ചരിത്രത്തെ രാമനിലൂടെയും കോടിയാനിലൂടെയും സി വി അവതരിപ്പിക്കുമ്പോള്‍ പറഞ്ഞെഴുതിക്കപ്പെട്ട ചരിത്രങ്ങള്‍ കളവ് പറയുമ്പോഴും കേള്‍വിയിലും നേര്‍ചരിത്രങ്ങളിലും നിറയുന്ന സംഭവങ്ങളെ കോര്‍ത്തിണക്കാനും മനസ്സിലാക്കാനും വായനക്കാരന് എളുപ്പം കഴിയുന്നു . ഒരു കാലത്ത് നമ്മുടെ സമൂഹം എങ്ങനെയാണ് നമ്മുടെ സഹജീവികളോട് പെരുമാറിയിരുന്നതെന്ന് അറിയാന്‍ കഴിയുന്നു . അടുത്തിടെ ഒരു വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നും ഉണ്ടായിരുന്നു. ഗ്രാമത്തിലെ പൊതുകിണറില്‍ നിന്നും വെള്ളം എടുക്കുകയോ അതിന്റെ സമീപത്ത് വരികയോ ചെയ്താല്‍ ഉള്ള ശിക്ഷാവിധിയും പിഴകളും വിശദീകരിക്കുന്ന ഒരു വിളംബരം നടത്തപ്പെട്ടത്. അത് നടത്തിയതാരാണ് എന്നതാണു കൂടുതല്‍ കൌതുകകരമായ വസ്തുത. അതേ പതിതരായ മനുഷ്യരില്‍ നിന്നൊരാളെ കൊണ്ടാണ് ഈ വിളംബരം നടത്തപ്പെട്ടത്. ഇന്നത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഒട്ടും അതിശയോക്തി തോന്നാത്തത്തിന് കാരണം നമ്മുടെ ചരിത്രവും അങ്ങനെ തന്നെയാണല്ലോ എന്ന അറിവിനാല്‍ ആണ് . ബ്രാഹ്മണ്യം തങ്ങളുടെ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് നായര്‍ പടയാളികളിലൂടെ ആയിരുന്നെങ്കില്‍, നായര്‍ പ്രമാണികള്‍ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് അടിയാളരെ കൊണ്ടാണ് . ഇന്നും ജന്‍മാഷ്ടമിക്ക് മാത്രം കോളനികളില്‍ പോയി കറുത്ത മക്കളെ കൃഷ്ണനാക്കി ശോഭായാത്ര ഒരുക്കുന്ന ആള്‍ക്കാരെ കാണാമല്ലോ നമുക്കിടയില്‍ . പറമ്പിലും പാടത്തും പണിയെടുക്കുന്ന പുലയരെക്കൊണ്ടാണ് അധികാരികള്‍ കോടിയാനെയും രാമനെയും മര്‍ദ്ദിക്കുന്നതും, അടിയാളന്മാരെ കൊല്ലുന്നതും. ഒരു വേള ഈ കൂലിപ്പണിക്കാര്‍, തങ്ങള്‍ ഇത് ചെയ്യില്ല എന്നും അവരും ഞങ്ങളുടെ രക്തമാണെന്നും ചിന്തിക്കുകയും, അടിമപ്പണി മതിയാക്കി, തല്ലാന്‍ പറയുന്നവനെ തിരിച്ചു തല്ലാനും ഒരുങ്ങിയിരുന്നെങ്കില്‍ ചരിത്രം ഇത്ര ക്രൂരതയുള്ളതാകുമായിരുന്നോ? പക്ഷേ അതിനു പിന്നേയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലോ. വഴി മാറാതിരുന്നതിന് കോടിയോനെ തല്ലാന്‍ വന്ന ജന്‍മിയുടെ അംഗരക്ഷകരെ തല്ലിക്കൊണ്ടു കോടിയാനും, ചീലപ്പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ വന്ന അധികാരിയെ പൊതിരെ തല്ലിക്കൊണ്ട് രാമനും തുടക്കമിട്ട വിപ്ലവം അടിയാളരില്‍ ഉണ്ടാക്കിയ സമ്മിശ്ര വികാരങ്ങളും വിചാരങ്ങളും ആണ് പിന്നെ ആ ഗ്രാമം കാണുന്നത്. ഒരിടത്ത് കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ പ്രാപിച്ചു കടന്നു പോയ അധികാരിയെ ചോദ്യം ചെയ്യാന്‍ ചെന്ന അടിയാന്‍ മരിച്ചു വീണപ്പോള്‍ അവസാനങ്ങളില്‍ മറ്റൊരിടത്ത്, സ്വന്തം വധുവിനെ തൊടാന്‍ വന്ന അധികാരിയുടെ മുഖത്ത് ഒരിയ്ക്കലും മായാത്ത ഒരു മുറിവ് നല്കിയ അടിയാളന്‍റെ പരിണാമത്തെ കാണാന്‍ കഴിയും. കോടിയോനെ കൊന്നതു കണ്ടത് കോടതിയില്‍ തെളിവ് കൊടുക്കുമ്പോള്‍ പുതിയ തലമുറ ഭയം നിറഞ്ഞിട്ടാണെങ്കിലും സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ കോടിയാന്റ് ഭാര്യ അധികാരി വര്‍ഗ്ഗം പഠിപ്പിച്ചത് പറഞ്ഞുകൊണ്ട് കാലത്തിനു മുന്നില്‍ പഴമയുടെയും പുതുമയുടെയും രണ്ടു മുഖങ്ങളെ വരച്ചുകാട്ടുന്നു . നോവല്‍ എന്നതിനുപരി ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ ആയി വായിച്ചു പോകാന്‍ കഴിഞ്ഞ ഈ നോവല്‍, പക്ഷേ അതിന്റെ ഭാഷയില്‍ ചില കല്ലുകടികള്‍ സമ്മാനിച്ചു . ആദിയില്ല അന്തമില്ലാ എന്നു പറയുമ്പോലെ വിഷയങ്ങളെ തൊട്ടും തൊടാതെയും പറയാനുള്ള ഒരു ശ്രമം പലയിടത്തും തോന്നിച്ചതാണത്. വായനക്കാര്‍ കൂട്ടിയോജിപ്പിച്ചു മനസ്സിലാക്കട്ടെ അല്ലെങ്കില്‍ അവര്‍ ഊഹിച്ചുകൊള്ളട്ടെ എന്നൊരു അലംഭാവം അവിടെയൊക്കെ അനുഭവപ്പെട്ടതൊഴിച്ചാല്‍ നല്ലൊരു നോവല്‍ വായന സമ്മാനിച്ചു ഉപരോധം . ആശംസ്കളോടെ ബിജു ജി നാഥ്

Thursday, September 22, 2022

വിശപ്പിന്റെ രീതിശാസ്ത്രം

വിശപ്പിന്റെ രീതിശാസ്ത്രം 
----------------------------
ഓര്‍മ്മകള്‍ക്ക് വിശപ്പുണ്ടാകാറുണ്ട് . 
നിന്റെ
നിങ്ങളുടെ 
അവരുടെ 
ദേശത്തിന്റെ 
രാജ്യത്തിന്റെ 
പകയുടെ 
സ്നേഹത്തിന്റെ 
രതിയുടെ 
കടപ്പാടിന്റെ 
കടമകളുടെ ....

വിശപ്പ് മുറ്റുമ്പോള്‍ 
ആര്‍ത്തിയോടെ 
അവജ്ഞയോടെ 
ആനന്ദത്തോടെ 
അപമാനത്തോടെ 
അഹങ്കാരത്തോടെ 
അധികാരത്തോടെ 
ഭയത്തോടെ 
ലജ്ജയോടെ 
ആഹരിക്കാറുണ്ട് .

വിശപ്പാറുമ്പോള്‍ 
മൃഗീയമായ് 
മൂര്‍ച്ഛയോടെ 
സന്തോഷത്തോടെ 
സന്താപത്തോടെ 
ഇച്ഛാഭംഗത്തോടെ 
കൊതി മാറാതെ 
തിരിഞ്ഞു നടക്കാറുണ്ട് 
കിടക്കാറുണ്ട് 
മയങ്ങാറുണ്ട് 
മറക്കാറുണ്ട് 
അവഗണിക്കാറുണ്ട് 
അകറ്റി നിര്‍ത്താറുണ്ട് .
മനുഷ്യരല്ലേ നാമെന്ന ജാമ്യത്തോടെ 
ഓരോ പരിക്രമണത്തിലും 
ഇതൊക്കെ ആവര്‍ത്തിക്കാറുണ്ട് .
@ബിജു ജി നാഥ്

Sunday, September 18, 2022

മരുഭൂമികള്‍ ഉണ്ടാകുന്നത് ....................... ആനന്ദ്

മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)
ആനന്ദ് 
ഡി സി ബുക്സ് 
 വില : 295 രൂപ



"ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയി തീരാമെന്ന് പക്ഷേ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ് അതുകൊണ്ട് അവർ അവരുടെ ഇരകളെ എന്നും ഭയന്നിരുന്നു."(ആനന്ദ്.. മരുഭൂമികൾ ഉണ്ടാകുന്നത് )




     രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും ആശയത്തില്‍ കുരുങ്ങിക്കിടക്കുന്നതല്ല അത് ഒരു പൊതുസമൂഹത്തിന്റെ നേരെയുള്ള മനോഭാവമോ നടപടിക്രമമോ ആകണം. തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടികളുടെ ആശയങ്ങള്‍ വളര്‍ത്തുന്ന ലോകമാണ് ചുറ്റിനും ഉള്ളത്. പൊതുവായ ഒരു സമവായമോ കാഴ്ചപ്പാടോ അതിനുണ്ടാകുന്നില്ല. ഋജുവായ കാഴ്ചപ്പാട് , ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലാണ് പൂര്‍ണ്ണത എന്ന തോന്നല്‍ ഇവയെല്ലാം കൊണ്ട് തന്നെ ഓരോ രാഷ്ട്രീയവും കുറച്ചു മാത്രം ജനതയുടെ സുഖസൗകര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി കാണാം. ജനിച്ചുപോയത് കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരാണ് ഭൂരിഭാഗവും. അവര്‍ക്ക് സ്വപ്നങ്ങള്‍ ഇല്ല, മോഹങ്ങള്‍ ഇല്ല. ജീവിക്കുക മരിക്കും വരെ. അതിനിടയില്‍ ആരൊക്കെ തങ്ങളുടെ ഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കുമോ, വഴിനടത്തുമോ എന്നുള്ളതൊന്നും ആര്‍ക്കും വിഷയമേയല്ല.

      മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ആനന്ദിൻ്റെ നോവൽ രാജസ്ഥാന്‍ പോലുള്ള ഒരു മരുഭൂമിയില്‍ സർക്കാർ നടത്തുന്ന ഒരു രഹസ്യ നിര്‍മ്മാണസ്ഥലത്ത്, ലേബര്‍ ഓഫീസര്‍ ആയി വര്‍ക്ക് ചെയ്യുന്ന കുന്ദൻ്റെ കഥയാണ്. പട്ടാളത്തിന്റെ കര്‍ശനമായ നിയമങ്ങളും നിഗൂഢതകളും നിറഞ്ഞ ഒരിടമാണ് ഇവിടം . ഈ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്ന തൊഴിലാളികള്‍ ജയിലുകളില്‍ വധ ശിക്ഷയ്ക്ക് വിധേയമായിട്ടുള്ള തടവുകാരാണ് . ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഈ തടവുകാരുടെ സേവനത്താലാണ് ഇവിടെ പണികള്‍ നടത്തുന്നത്. ഈ തടവുകാരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അവരെ അകത്തേക്ക് കയറ്റിവിടുന്നത് ലേബര്‍ ആഫീസര്‍ എന്ന നിലയ്ക്ക് കുന്ദന്റെ ഉത്തരവാദിത്വമാണ് . അങ്ങനെയിരിക്കെ അവിടെയ്ക്കു വരുന്ന രണ്ടു തടവുകാരില്‍ നിന്നാണ് കുന്ദന് തന്റെ കഷ്ടകാലം തുടങ്ങുന്നത് . ഒരാള്‍ രേഖകളില്‍ മരിച്ചുപോയ ആള്‍. മറ്റൊരാള്‍ ഇനിയൊരാൾക്ക് പകരമായി ജോലിക്കു വന്നയാള്‍ . ഇവര്‍ രണ്ടുപേരിലേക്ക് ആഴത്തിലേക്ക് ഇറങ്ങുമ്പോഴാണ് കുന്ദന്‍ പല സത്യങ്ങളിലേക്കും വിഷമതകളിലേക്കും ഇറങ്ങിപ്പോകേണ്ടി വരുന്നത് . അതോടെ അയാൾടെ മനസ്സമാധാനം നഷ്ടമാകുന്നു . അധികാരികളുടെ ദുര്‍മുഖം കാണേണ്ടി വരുന്നു . തന്റെ അധികാരത്തിൻ്റെ മേൽ തനിക്കൊരു നിയന്ത്രണം ഇല്ല എന്നയാള്‍ മനസ്സിലാക്കുന്നു . ഒരു നൂല്‍പ്പാവയെപ്പോലെ അയാള്‍ തന്റെ വേഷം ആടിത്തിമര്‍ക്കുന്നത് അയാള്‍ വേദനയോടെ മനസ്സിലാക്കുന്നു . ഇടയില്‍ അയാളുടെ പ്രണയിനി റൂത്ത് വരികയും അവള്‍ നല്‍കുന്ന സൂചനകളിലൂടെ താന്‍ തൊഴിലെടുക്കുന്ന ഇടത്തിന്റെ രഹസ്യങ്ങളിലേക്ക് അയാൾക്ക് കടന്നു ചെല്ലേണ്ടിയും വരുന്നു . ഇതിനേത്തുടര്‍ന്ന് അധികാരികള്‍ അയാളെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നതറിയുമ്പോള്‍ രഹസ്യമായി അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു . പക്ഷേ അവിടെ നിന്നും രക്ഷപ്പെട്ട അയാള്‍ , തങ്ങള്‍ക്ക് തടവുകാരെ നല്‍കുന്ന ജയിലില്‍ ഒന്നില്‍ എത്തുകയും അവിടെവച്ച് അയാള്‍ക്ക് മറ്റ് ചില നടുക്കുന്ന സത്യങ്ങള്‍ കൂടി ബോധ്യമാകുകയും ചെയ്യുന്നു . രാവിന്റെ യാമങ്ങളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി നഗരത്തിലെ ഗലികളില്‍ ദൈവങ്ങളുടെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന തടവുപുള്ളികളെ അയാള്‍ക്കു നേരിൽ കാണാന്‍ കഴിയുന്നു . സ്ത്രീകളെയും കുട്ടികളെയുമൊക്കെ നിഷ്കരുണം കൊല്ലുന്ന ആ കൊലയാളികള്‍ അധികാരികളുടെ ഒത്താശയോടെ ആണിതൊക്കെ ചെയ്യുന്നതെന്ന് അയാള്‍ക്ക് ബോധ്യമാകുന്നത് പത്രമോഫീസില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് . അതോടെ അയാൾ നിയമത്തിന്റെ പിടിയില്‍ അകപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ക്രൂരമായ ശിക്ഷകളില്‍ പീഢനങ്ങളില്‍ അകപ്പെടാന്‍ ദുര്യോഗമുണ്ടാകുകയും ചെയ്യുന്നു .ഒരു കൊല്ലത്തോളം കഴിഞ്ഞു അയാളെ അവര്‍ വെറുതെ വിടുകയും അയാള്‍ തിരികെ തന്റെ കാമുകിയെ, അവള്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയില്‍ തിരഞ്ഞു പോകുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു .


      രാമ രാജ്യത്തിന്റെ വക്താക്കളായ രാഷ്ട്രീയവും അതിന്റെ ക്രൂരതകളും ആണ് ഈ നോവലിന്റെ ഇതിവൃത്തത്തില്‍ തെളിഞ്ഞു കാണുന്നത് . വരാന്‍ പോകുണെന്ന് ഭയപ്പെടുന്ന അടിയന്തിരാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച പോലെ ഈ നോവല്‍ വായിക്കാന്‍ കഴിയുന്നുണ്ട് . കാഴ്ചകളെ അതിന്റെ ശരിയായ തലത്തില്‍ , രീതിയില്‍ കാണാന്‍ കഴിയുന്ന ഒരു രചനാ വൈഭവം ആനന്ദിന്റെ പ്രത്യേകതയായി കാണാന്‍ കഴിയുന്നു . ഒപ്പം കാലത്തിനു മുന്നേ സഞ്ചരിക്കുന്നവര്‍ എന്ന എഴുത്തുകാരുടെ പേരിനെ അന്വർത്ഥമാക്കും വിധം ഫാസിസവും മത രാഷ്ട്രീയവും എങ്ങനെയാണ് ജനാധിപത്യത്തിന് മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് എന്നു ദീര്‍ഘവീക്ഷണത്തോടെ ആനന്ദ് ഈ നോവലില്‍ വരച്ചിടുന്നു . കുന്ദന് ഒപ്പം സഞ്ചരിക്കുമ്പോള്‍ കുന്ദന്റെ ചിന്തകളും വികാരങ്ങളും കാഴ്ചകളും വായനക്കാരനെ അതേപോലെ അനുഭവിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു . തീര്‍ച്ചയായും വായനയില്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു ഈ നോവല്‍ . സസ്നേഹം ബിജു ജി നാഥ്

Thursday, September 15, 2022

പ്രണയപർവ്വം

പ്രണയപർവ്വം 
...........................
വെയില്‍ താഴും താഴ്വാരങ്ങളില്‍ ചേക്കേറും 
ഋതുപ്പക്ഷികളവരിരുവര്‍ കാൺക നിങ്ങള്‍ .
പ്രണയത്തിന്‍ മലയേറുവാന്‍ വൃതമെടുത്ത് 
വിപിനമതിൽ പിച്ച വയ്ക്കുന്നു കുതൂഹലം. 

അരുമയോടവള്‍ തന്‍ കരം ഗ്രഹിച്ചവന്‍ 
അടിവച്ചു നീങ്ങുന്നു നിഗൂഢമാ വനാന്തരേ.
മൃദുലമാം പുല്‍പ്പരപ്പുകള്‍ കടന്നു ചെമ്മേ 
മുനനിറയും ചരല്‍ക്കല്ലുകള്‍ താണ്ടവേ

തളരുമാ തന്‍ പാദപത്മങ്ങളില്‍ കൂടുകൂട്ടും 
കഠിനവേദനയാ കണ്ണുകള്‍ നിറയ്ക്കുന്നു. 
ഒരു മൃദുഹാസത്തോടവള്‍ തന്‍ കാല്കള്‍ 
പതിയെയവന്‍ മുത്തുന്നു മുഖം ചേര്‍ക്കുന്നു.
 
തുരുതുരെ കണ്ണുനീര്‍ത്തുള്ളികളടർന്നവന്‍ 
തന്‍ ശിരസ്സതിൽ നിപതിക്കുന്നു മഴപോല്‍. 
കുളിര് ചൂടും വനാന്തരത്തിന്‍ രാവിലവനുടെ 
മടിമേൽ മയങ്ങുമവളൊരു  മുയല്‍ക്കുഞ്ഞ്.

പുലരിമഞ്ഞില്‍ ചിരിതൂകും തുഷാരം പോല്‍ 
തിളങ്ങിടുന്നവള്‍ തന്‍ മിഴികള്‍ മനോഹരം . 
നദിതന്‍ തിരകൾ കണ്ടു കടന്നു പോകവേ
ആമ്പല്‍ലതയാൽ തീര്‍ത്തൊരം പാദസരം .
അലിവോടവള്‍ തന്‍ കണങ്കാലിലണിയുന്നു . 

ഒരു ദീര്‍ഘമാം നിശ്വാസത്തോടവളുടൻ 
അടര്‍ന്നുവീഴുന്നവന്‍ തന്‍ മാറിലായ്.
ഒരു സുനാമിതന്‍ ആരവത്തോടാ നദി
കരയെ വലിച്ചുകൊണ്ടൊഴുകുന്നതിദ്രുതം. 

പരല്‍മീനുകള്‍  പിടയുമ്പോളുടലാകേ 
ഉതിരും പ്രണയപ്പിടപ്പുകള്‍ നിലയ്ക്കവേ
പതിനെട്ടാംപടി കയറിക്കഴിഞ്ഞതറിയുന്നു.
കാണുന്നു, മുന്നിലായ് വാക്യം ‘തത്വമസി’
@ബിജു ജി.നാഥ്

Monday, September 12, 2022

അകലുന്നു ഞാനും

നിന്റെ അരുതുകള്‍ക്ക് മുന്നില്‍ 
നിന്നും ഞാനകന്നു പോകുന്നു . 
നിന്റെ മിഴികള്‍ക്ക് മുന്നില്‍ 
നിന്നും ഞാന്‍ മറഞ്ഞു പോകുന്നു.
നിന്റെ കുടയുടെ തണലില്‍ 
നിന്നും ഞാന്‍ മഴയിലേക്കിറങ്ങുന്നു, 
ഇരുളാണ് ചുറ്റിനുമെങ്കിലും 
പ്രിയമാണ് മൗനം എനിക്കെന്നും. 
കരയാന്‍ കഴിയാത്ത ഞാനെന്നില്‍
കരുതിവെച്ച ചിരിയില്‍ 
പൊഴിഞ്ഞു പോകുന്നു.
@ബിജു ജി നാഥ്

Sunday, September 11, 2022

പൊയ്മറഞ്ഞുവോ നീയെന്‍ വസന്തമെ

ഓര്‍മ്മകളില്‍ വീണലിയുന്നൊരു മഞ്ഞുതുള്ളിയായ് 
കാറ്റില്‍ അലിഞ്ഞലിഞ്ഞു തീരുന്നൊരു നറുമണമായ് 
കണ്ണുകളില്‍ മിന്നിമറയുന്നൊരു നഷ്ടപ്രണയമായ് 
എന്നില്‍ നിന്നും പോയി മറയുന്നുവോ നീ?

വസന്തമേ! 
കനകാംബരപ്പൂവു ചൂടിയ നിന്നളകങ്ങളിൽ, 
പട്ടുനൂല്‍ അലങ്കരിച്ച നിന്നുടയാടകളിൽ,
കണ്‍മഷി കളമെഴുതിയ വിടര്‍ന്ന മിഴികളില്‍ 
നിന്റെ വന്യസൗന്ദര്യം പടര്‍ന്ന് കയറുമ്പോഴും
ഒന്നു തൊടാനാകാതെ പോകുന്നുവോ.!

വിട പറയാൻ കൊതിച്ചൊരു മരത്തിൻ
ശാഖിയിൽ പിടഞ്ഞു ഞാന്നു കിടക്കും
ഒരു കാറ്റിൻ്റെ തലോടൽ കൊതിക്കുമീ
ഇലയാണിന്ന് ഞാൻ നിനക്കോമലേ...

വിജനമാം വഴിത്താരകളിൽ എവിടെയോ
കൊഴിഞ്ഞു വീണലിഞ്ഞു പോകുന്നു ഞാൻ.
ഗന്ധമില്ലാതൊരു കാറ്റിൻ്റെ കരങ്ങളിലേറി
നിന്നെ പരിരംഭണം ചെയ്യുന്നു ഗൂഢം.

യൗവ്വനത്തിൻ്റെ കുതിപ്പും കിതപ്പും നിൻ്റെ
പാതകൾ സുരഭിലമാക്കുന്നതറിയുമ്പോഴും
നുരയൊലിപ്പിച്ചു മുടന്തിയോടും കുതിര ഞാൻ
നിന്നരികിലൊരു നാളുമെത്തിടാനാകാത്തോൻ.
@ബിജു ജി.നാഥ്


മഹാത്മാ അയ്യങ്കാളി.........കുന്നുകുഴി എസ് മണി , പി എസ് അനിരുദ്ധന്‍


മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)
കുന്നുകുഴി എസ് മണി , പി എസ് അനിരുദ്ധന്‍ 
ഡി സി ബുക്സ് 
വില : 175 രൂപ 


          കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്. അവര്‍, സ്വയം അടയാളപ്പെടുത്തിയതിന്റെ അനുകൂലനങ്ങള്‍ ആസ്വദിക്കുന്ന ജനതതിയുടെ മനസ്സുകളില്‍ പോലും അവര്‍ ഇല്ലാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന നീതിനിഷേധം തന്നെയാണ് . സ്വന്തം ജീവിതവും ആരോഗ്യവും സന്തോഷങ്ങളും ഉപേക്ഷിച്ചുകൊണ്ടു താന്‍ ജനിച്ച, ജീവിച്ച സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ ഒരിയ്ക്കലും ചരിത്രം രേഖപ്പെടുത്തിവച്ചവരില്‍ ഇല്ല .  കൂട്ടത്തില്‍ കുടുംബ , കുല, വര്‍ണ്ണ മേന്‍മയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെട്ട ചരിത്രങ്ങളില്‍ ഒരിയ്ക്കലും പെടാതെ പോകുന്നവരെ ആരും ഓര്‍ക്കുകയുമില്ല. കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളെ ഉദ്ധരിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ വായിക്കപ്പെടുന്ന ചരിത്രങ്ങളില്‍ ഇത് കാണാന്‍ കഴിയും . നമ്പൂതിരിസ്ത്രീകളുടെ ഉന്നമനത്തിനും ആചാരങ്ങളിലെ ഭോഷ്ക്കുകളെക്കുറിച്ചും സംസാരിച്ച , പ്രവര്‍ത്തിച്ച വി ടി ഭട്ടതിരിപ്പാടിനെ നാമറിയും . നായര്‍ സമുദായത്തിന്റെ ജീവിതത്തെ അടുക്കും ചിട്ടയും കൊണ്ട് ഒരു പുതിയ കാഴ്ചപ്പാടിലേക്ക് നയിച്ച മന്നത്ത് പത്മനാഭന്‍നായരെ എല്ലാവരും അറിയും . ഈഴവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ നാരായണ ഗുരുവിനെയും പുലയരുടെ ഉന്നമനത്തിനായി പ്രയത്നിച്ച മഹാത്മാ അയ്യങ്കാളിയെയും നാം അറിയും . എന്നാല്‍ ഈ പറഞ്ഞ ഇടങ്ങളില്‍ ഇവര്‍ക്ക് മുന്‍പോ ഇവര്‍ക്ക് ശേഷമോ ശബ്ദമുയര്‍ത്തിയവരോ രക്തസാക്ഷികള്‍ ആയവരോ ആരും ചരിത്രത്തില്‍ ഉണ്ടാകുകയുമില്ല . ഒരുദാഹരണം പറയുകയാണെങ്കില്‍ ആറാട്ടുപുഴ വേലായുധനെ കേരളം അറിയില്ല. ഇവയ്ക്കൊക്കെ മാറ്റം ഉണ്ടാകുന്ന ഒരു കാലഘട്ടമാണ് ഇതെങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനാല്‍ ചരിത്രം വായ്മൊഴികളിലൂടെ അതിശയകരവും പൊലിപ്പിക്കലുകളും കൊണ്ട് മലിനമാണ്. അധഃകൃതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നു പറയുന്ന നാരായണഗുരു ഈഴവരെ മാത്രം അഡ്രസ്സ് ചെയ്യുകയും അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രമാണു പ്രവര്‍ത്തിച്ചതെന്നും മനസ്സിലാകുന്നു . അതുപോലെ തന്നെയാണ് അയ്യങ്കാളിയുടെ ചരിത്രം വായിക്കുമ്പോഴും അനുഭവപ്പെടുന്നത് . പൊതുവില്‍ അധഃകൃതര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിച്ചതെന്ന് ഒരോളത്തിന് വാദിക്കാമെങ്കിലും പുലയരുടെ രാജാവു എന്നറിയപ്പെട്ട അയ്യങ്കാളി പ്രവര്‍ത്തിച്ചത് പുലയരുടെ ഉന്നമനത്തിന് വേണ്ടി മാത്രം ആണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . പറയര്‍ , കുറവര്‍ , മറവര്‍ , മണ്ണാന്‍ , വേടര്‍ , ചെറുമര്‍ തുടങ്ങി ഒട്ടനവധി വിഭാഗങ്ങള്‍ ഉള്ള മനുഷ്യര്‍ക്കിടയില്‍ അതുകൊണ്ടു തന്നെ പുലയര്‍ക്ക് മാത്രമാണു അയ്യങ്കാളിയുടെ പ്രവര്‍ത്തനം കൊണ്ട് ഉപയോഗമുണ്ടായതും പുരോഗതിയുണ്ടായതും . മറ്റ് വര്‍ഗ്ഗങ്ങള്‍ ആയി മാറ്റി നിര്‍ത്തിയ മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ക്കിടയില്‍ നിന്നും ഒരു നേതാവിനെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതിനാല്‍ എല്ലാവർക്കും കിട്ടിയതിന്റെ ബാക്കി കൊണ്ട് തൃപ്തി അടയാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ആ മനുഷ്യര്‍. വളരെ ഖേദകരമായ ഒരു സംഗതിയാണത്. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംഗതി ഓരോ സമുദായത്തിനും കിട്ടുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് അവര്‍ മുന്നോട്ട് വരുമ്പോഴും അവരുടെ പോലും കൂട്ടത്തിലുള്ള മറ്റൊരാളെ കൂടി കൈ പിടിച്ച് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയാറില്ല . അവര്‍ അതിനു ശ്രമിക്കാറുമില്ല. 

നമ്മുടെ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ നാരായണ ഗുരുവിന് മാത്രമാണു ദൈവമാകാന്‍ ഭാഗ്യമുണ്ടായത് . മറ്റുള്ളവരൊക്കെ സാംസ്കാരിക നായകന്മാരായി മാത്രം മാറി നില്‍ക്കുന്നുണ്ട് . കേരളത്തിന്റെ ചരിത്രത്തില്‍ ആര്യന്മാരുടെ കടന്നു കയറ്റം ഉണ്ടാകുന്നതുവരെ ഇല്ലാതിരുന്ന ചാതുര്‍വര്‍ണ്യം ചരിത്രത്തിന് ഒരിയ്ക്കലും വിശ്വസിക്കാന്‍ കഴിയാത്ത ക്രൂരതകള്‍ നല്കി കടന്നു വന്ന ഒരു അതിഥിയാണ്. അതുവരെ സമൂഹത്തില്‍ വിവിധ ജോലികള്‍ ചെയ്തു ഒരേ തട്ടില്‍ ജീവിച്ചിരുന്നവര്‍ പൊടുന്നനെ തൊഴിലടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും സ്ഥാനക്കയറ്റങ്ങളും ഇറക്കങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്തത് വലിയ ഒരു അല്ഫുതമാണ് . ചിലപ്പോഴൊക്കെ ചിന്തിച്ചുപോകുന്ന ഒരു സംഗതിയാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യം ഇത്ര കഠിനമായി മാറാന്‍ കാരണം എന്താണെന്നു. ആയ് രാജാക്കന്മാരുടെ കാലത്താണ് ഇത് സംഭവിക്കുന്നത് . ആയ് രാജവംശത്തിലെ മഹേന്ദ്രവര്‍മ്മ ഒന്നാമന്റെ കാലത്തോടെ ആര്യവത്കരണം ആരംഭിച്ചതായി കാണാം. അനന്തന്‍കോട്ടയിലെ പുലയ സ്ത്രീയുടെ ആരാധനാ ദൈവത്തെ പൂന്താനവുമൊന്നിച്ച് മഹേന്ദ്ര വര്‍മ്മ വിലയ്ക്ക് വാങ്ങി അനന്ത പത്മനാഭന്‍ ആക്കി വാഴിച്ചതോടെ ഒരു പക്ഷേ ഇതിന് തുടക്കമായി എന്നു കരുതണം ( മതിലകം രേഖകൾ) . സ്വന്തം ഭൂമി എന്നോ സ്വത്തുക്കള്‍ എന്നോ പ്രത്യേക ചിന്തകളോ കരുതിവയ്ക്കലുകളോ ഇല്ലാതിരുന്നവര്‍ക്കിടയിലേക്ക് അധികാരത്തിന്റെ ചെങ്കോലുമായി പൌരോഹിത്യം മെല്ലെ കാലുറപ്പിക്കുകയും സംസ്കൃത ഭാഷയും ദൈവങ്ങളുടെ മൊത്തവ്യാപാരവും കൊണ്ട് അവര്‍ മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തതോടെ വികലമായ ഒന്നായി മാറി നമ്മുടെ സംസ്കാരവും ഭാഷയും എല്ലാം തന്നെ . തുടര്‍ന്നങ്ങോട്ട് അടക്കിഭരിക്കലിന്റെ കാലമായിരുന്നു .  അതിന്റെ ഫലം കിട്ടിയതു / കൊയ്തത് പില്‍ക്കാലത്ത് രണ്ടു സിമിറ്റിക് മതങ്ങള്‍ക്കായിരുന്നു . മറ്റിടങ്ങളില്‍ അവര്‍ മതം വാളുകൊണ്ടും മുഷ്ക്കുകൊണ്ടുമാണ് പ്രചരിപ്പിച്ചതെങ്കില്‍ കേരളത്തില്‍ അവര്‍ക്കത് വലിയ ബുദ്ധിമുട്ടില്ലാതെ നടക്കുന്ന ഒന്നായിരുന്നു . സ്വര്‍ഗ്ഗമോ , സമ്പൂര്‍ണ ജീവിതരീതിയോ സ്നേഹമോ സഹിഷ്ണുതയോ ഒന്നും കണ്ടിട്ടോ കേട്ടിട്ടോ വിശ്വസിച്ചിട്ടോ അല്ല അന്ന് കേരളത്തിലെ ജനങ്ങള്‍ ഇസ്ലാം , ക്രിസ്ത്യന്‍ മതങ്ങളിലേക്ക് ചുവടു മാറിയത്. മാന്യമായി നിരത്തിലൂടെ നടക്കാനും , തൊഴില്‍ ലഭിക്കാനും വസ്ത്രം ധരിക്കാനും എല്ലാത്തിനുമുപരി വിദ്യാഭ്യാസത്തിനും ഒക്കെ സൌകര്യം ഈ മതക്കാര്‍ക്ക് കിട്ടുന്നു എന്ന നിലയ്ക്കായിരുന്നു . അധഃകൃത വര്‍ഗ്ഗത്തിന് സ്ഥാനമില്ലാത്ത ഇടങ്ങളില്‍ ഒക്കെ ഈ പറഞ്ഞ മതക്കാര്‍ക്ക് സ്ഥാനം ഉണ്ടെന്ന് കണ്ടപ്പോള്‍ സ്വാഭാവികമായ ഒരു പരീക്ഷണം . അത് മൂലം അവര്‍ സ്വന്തം ഇടങ്ങളെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നു .

ജനിച്ചയിടത്തു ഇന്നൊരു അടയാളം പോലും അവശേഷിപ്പിക്കാന്‍ കഴിയാതെ മറഞ്ഞുപോയ മനുഷ്യരുടെ കൂട്ടത്തിലാണ് അയ്യങ്കാളി. വേങ്ങാനൂര്‍ ഉള്ള സ്മാരകങ്ങള്‍ പോലും സംരക്ഷിക്കാനായിട്ടില്ല അദ്ദേഹത്തിന്റെ സമുദായക്കാര്‍ക്ക് . അടിയെങ്കില്‍ അടി പക്ഷേ കീഴടങ്ങി ജീവിക്കില്ല എന്ന സിദ്ധാന്തം കൊണ്ട് മാത്രം ഉയിര്‍ത്തെഴുന്നേല്‍പ്പു സമ്മാനിക്കാനായ സമുദായത്തിന് പിന്നീട് ആ തത്വശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നാണ് കരുതുന്നത് . ലഭ്യമായ സൌകര്യങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറുമ്പോള്‍ അദ്ദേഹം മുന്നോട്ട് വച്ച ആശയം സാധുജന സംരക്ഷണം ആണെങ്കില്‍ അതില്‍ നിന്നും സ്വയം സാധുവാകുകയും കൂട്ടത്തില്‍ ഉള്ളവര്‍ മറ്റ് സമുദായങ്ങള്‍ ആയി മാറ്റി നിര്‍ത്തുകയും ചെയ്തുകൊണ്ട് ഈഴവരെപ്പോലെ പുലയരും തങ്ങളുടെ മാത്രം മേന്മയും നന്മയും ലക്ഷ്യമാക്കി യാത്ര ചെയ്തു . ഫലമോ ഇന്നും മറ്റ് സമുദായക്കാര്‍ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും ആത്മീയ ആചാര്യരായി കരുതുകയും ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ അവരെ എസ് എന്‍ ഡി പി യോ പുലയ മഹാസഭ (അത് അവർ തന്നെ വിഘടിപ്പിച്ചില്ലാതാക്കി) പോലുള്ള പ്രസ്ഥാനങ്ങളോ സഹജീവികളായി കാണുകയോ സഹായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല . സ്വയമേ ബ്രാഹ്മണ്യം ഈഴവരും പുലയരും മനസ്സില്‍ ഭാവിക്കുകയും മറ്റ് വിഭാഗക്കാരെ ചാതുര്‍വര്‍ണ്യ കളങ്ങളില്‍ ഇറക്കി നിര്‍ത്തിക്കളിക്കുകയും ചെയ്യുന്നു.


പതിനെട്ടാം നൂറ്റാണ്ടിന്റെ കളരിയില്‍ നിന്നുകൊണ്ടു ഒരു വിഭാഗം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ പോലും വിലയില്ലാതിരുന്ന ഇടത്ത് വരേണ്യ വര്‍ഗ്ഗത്തെ എതിര്‍ത്തുകൊണ്ടു അവരെ പോലെ വസ്ത്രം ധരിക്കാനും സഞ്ചരിക്കാനും വാഹനം ഉപയോഗിക്കാനും ധൈര്യം കാണിക്കുകയും എതിര്‍ക്കാനും മര്‍ദ്ദിക്കാനും വരുന്നവരെ അതേ നാണയത്തില്‍ തിരികെ തല്ലി ഭയം നല്കി . സ്വന്തം പ്രഭാവവും കൈക്കരുത്തും കൊണ്ട് സമൂഹത്തില്‍ അനിഷേധ്യനായ ഒരു നേതാവായി മാറി . സ്വസമുദായത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിക്കുകയും അതിനു വേണ്ടി അധികാര കേന്ദ്രങ്ങളില്‍ കടന്നു കയറി കാര്യങ്ങള്‍ പറയുകയും നേടിയെടുക്കുകയും ചെയ്തു . ഇന്നത്തെ കാലമല്ല അതുകൊണ്ടു തന്നെ വളരെ ഏറെ പ്രാധാന്യമുള്ള ആ ഒരു പ്രവര്‍ത്തനശൈലിയും വ്യക്തിത്വവും ചരിത്രത്തിന് ഒരിയ്ക്കാലും മറക്കാന്‍ കഴിയുന്നതുമല്ല. ഇനിയൊരിക്കലും ഇങ്ങനെ ഒരു നേതാവ് ഒരു സമൂഹത്തിനും ലഭിക്കുകയില്ല. കാരണം ജനാധിപത്യമെന്ന കപട മേല്‍വിലാസത്തില്‍ ജീവിക്കുന്ന ഒരു ജനതയ്ക്ക് ഇന്ന്‍ എന്തും നേടിയെടുക്കാന്‍ നിയമം പരിരക്ഷ നല്കുന്നു എന്നൊരു തോന്നലില്‍ നിന്നുകൊണ്ടു നേതാക്കള്‍ നഷ്ടപ്പെടുകയുംരാഷ്ട്രീയ ആശയങ്ങള്‍ മാത്രം നിലനില്‍ക്കുകയും അവര്‍ പുതിയ കാല തമ്പുരാക്കാന്‍മാരായി നിന്നുകൊണ്ടു കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു . ഇന്നും അധഃകൃതര്‍ നമുക്കിടയില്‍ ഉണ്ട് . അവകാശങ്ങള്‍ ഇല്ലാത്ത പാവങ്ങള്‍ . സംവരണം എന്നൊരു കളിപ്പാട്ടം നല്കി മറ്റെല്ലാം മറക്കാന്‍ പാകത്തിന് വളര്‍ത്തിയെടുക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നും നാം ജീവിക്കുന്നതു . അതുകൊണ്ടു തന്നെ ഇക്കാലങ്ങളില്‍ നാം വായിക്കേണ്ടത് അയ്യങ്കാളി ചരിത്രങ്ങള്‍ ആണ് . ആശംസകളോടെ ബിജു. ജി നാഥ്

Monday, September 5, 2022

എൻ്റെ പെങ്ങളെ അളിയനും പെങ്ങളെന്ന് വിളിക്കട്ടെ

എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെ."
....................................................................
ഒരു മരം മുറിച്ചു 
കുറേയേറെ കിളിക്കുഞ്ഞുങ്ങൾ
മുട്ടകൾ 
കൂടുകൾ തകർന്നു.
നാം ഹാ! കഷ്ടമെന്നു പറഞ്ഞു
കരഞ്ഞു 
കലഹിച്ചു.
മാനിഷാദ പാടിയ നാം 
മനുഷ്യത്വരഹിതരെ നിസ്സംശയം വിമർശിച്ചു.
ഒരു കുഞ്ഞു മരിച്ചു.
കുറേയേറെപ്പേർക്ക് കടിയേറ്റു.
ഒരിടത്തല്ല 
പലയിടങ്ങളിൽ 
പല തെരുവുകളിൽ.
ചിലരൊക്കെ നിസ്സങ്കോചം പറഞ്ഞു
പട്ടികൾ പാവങ്ങൾ
അവയെ തെരുവിലയച്ചവർ
മനുഷ്യത്വരഹിതർ.
ഈ അപകടങ്ങൾ 
അവരുടെ സംഭാവന.
വീട്ടിൽ വളർത്തുന്ന പട്ടിയെ
മടിയിലിരുത്തി പേൻ കൊന്നും
കൂടെക്കിടത്തി താരാട്ടു പാടിയും
ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചും
നായസ്നേഹികൾ വിലപിച്ചു.
തെരുവുനായ്ക്കൾ 
മനുഷ്യപ്പിറവികൾ.
മരിച്ചതവരുടെ കുട്ടികളല്ല
കടിയേറ്റതവരുടെ ആർക്കുമല്ല.
അവരെ ഒരിക്കലും തെരുവുനായകൾ
കടിക്കില്ല.
തെരുവുനായ്ക്കൾക്ക് തെരുവിൽ
അന്നദാനം നടത്തുന്നവർ
അങ്കുശമില്ലാതെ ചൊല്ലി.
എല്ലാവരും ഓരോ നായ്ക്കളെ ഏറ്റെടുക്കുക.
വന്ധ്യംകരണത്തിന് അധികാരവർഗ്ഗമില്ല.
വീട്ടിൽ കൊണ്ടുപോയ് സംരക്ഷിക്കാൻ നായ സ്നേഹികൾ ഇല്ല.
അവർ പറയുകയാണ് 
"എൻ്റെ പെങ്ങളെ 
അളിയനും പെങ്ങളെന്ന് വിളിക്കട്ടെയെന്ന്."
@ബിജു ജി.നാഥ്

Sunday, September 4, 2022

പ്രണയമോ മരണമോ !





ഹേ, യവന സുന്ദരീ!
നിന്റെ നേത്രങ്ങള്‍
എന്‍ നേര്‍ക്കാകുമ്പോള്‍
എന്നില്‍ ഊര്‍ജ്ജം ഉണരുന്നു .
നിന്റെ അധരങ്ങളില്‍
നറുപുഞ്ചിരി വിരിയുമ്പോള്‍
എന്റെ ഹൃദയം തുടിക്കുന്നു.

ഹേ പേലവാംഗി,
നിന്റെ വിരലാഗ്രമെന്നെ
തൊടുമ്പോള്‍
എന്നിലെവിടെയോ ജീവനുണരുന്നു.
നിന്റെ മധുരവചനങ്ങള്‍
എന്റെ കാതില്‍ വീഴുമ്പോള്‍
ഞാന്‍ ഒരു യന്ത്രമാകുന്നു .
ചലനം തുടങ്ങുന്ന യന്ത്രം!

ഹേ സുരസുന്ദരി,
നിന്റെ ഗന്ധം
എന്നിലെ ചേതനകളില്‍
പൂനിലാവ്‌ പൊഴിക്കട്ടെ .

നിന്റെ പരിരംഭണത്തില്‍
എന്റെ മനസ്സൊരു കടലായി മാറുന്നു.
എങ്കിലും പ്രിയേ,
നീയെന്നെയിന്നുമൊരു
വെറും ശിലയായി കരുതുന്നു .

വായ് മൂടി,
വികാരത്തിന്‍ തന്ത്രികള്‍ മുറിച്ച്
നീയെന്നില്‍ വിവേകം നിറയ്ക്കുന്നു.
അകാമിയായി നീയെന്നെ
വാഴ്ത്തുവാന്‍ ശ്രമിക്കുന്നു.

അല്ലയോ പ്രേയസി,
എന്നില്‍ നിന്നും കൊഴിയുന്ന വരികളിൽ 
പ്രണയവും, ജീവിതവും
വിളക്കണഞ്ഞ ഉമ്മറം പോലെയാകുന്നു .

ശല്കങ്ങള്‍ നഷ്ടമായ
നാഗത്തെപ്പോൽ
കല്ലുകളിൽ നിന്നും
പരുക്കന്‍ പ്രതലങ്ങളില്‍ നിന്നും
ഞാനകന്നു പോകുന്നു .

ചുഴിയിലെന്ന പോല്‍ എന്‍ മനം
മരണത്തെ പുല്‍കാന്‍
അലയുന്നു .
@ബിജു ജി നാഥ് 

നിൻ്റെ മടക്കം

നിൻ്റെ മടക്കം
........................
വിലയ്ക്ക് വാങ്ങുവാന്‍
വിലപറഞ്ഞു വില്‍ക്കുവാന്‍
ബന്ധങ്ങള്‍ക്ക് കരളുറയ്ക്കുമ്പോള്‍
കടല്‍ക്കാറ്റേറ്റു വരളുന്ന
തണുത്തുറഞ്ഞ വിലാപമാകുന്നു
സ്നേഹത്തിന്റെ ആദ്യാക്ഷരങ്ങള്‍.
നിനക്കുറങ്ങാന്‍ നിലാപ്പട്ടും
നിനക്ക് ചൂടാന്‍ ഹേമന്ദമാല്യവും
നിന്നെ അണിയിക്കാന്‍ മരതകപ്പച്ചയും .
ഇളം തണുപ്പാര്‍ന്ന
അരുവിതന്‍ സ്ഫടികവും
ഒരുക്കിവയ്ക്കുന്നു കാലമെങ്കിലും
നീ വിടചൊല്ലിയകലുന്നതെന്നും
മഴയുടെ കാടുകളിലേക്കും
മരുഭൂമിയുടെ ഗൂഢതയിലേക്കുമല്ലോ .
@ബിജു.ജി.നാഥ്

മയില്‍പ്പീലിസ്പര്‍ശം..........................അഷിത

മയില്‍പ്പീലിസ്പര്‍ശം (നോവല്‍)
അഷിത
ഡി സി ബുക്സ് 
വില : 32.00 രൂപ 


       ഒരിക്കല്‍ നിത്യചൈതന്യ യതി അഷിതയെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി . സംസാരവശാല്‍ ഗുരു പറയുകയുണ്ടായി . കുട്ടികള്‍ക്കായി മാത്രം എനിക്കൊന്നും ഇതുവരെ എഴുതാന്‍ കഴിഞ്ഞിട്ടില്ല . അതിനെന്താ ഞാന്‍ എഴുതാമല്ലോ എന്നു അഷിത മറുപടി പറഞ്ഞു . അവതാരികയില്‍ മയില്‍പ്പീലിസ്പര്‍ശം ജനിക്കാനുണ്ടായ സംഭവം അഷിത ഇങ്ങനെയാണ് കുറിച്ചിട്ടിരിക്കുന്നത് . കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്ന തന്റെ മകള്‍ പതിയെ നെറ്റിലും ഇലക്ട്രോണിക് സംവിധാനങ്ങളിലും ചേക്കേറിയപ്പോള്‍ കഥ പറയാനുള്ള ഇഷ്ടം മാത്രം മനസ്സില്‍ ഒളിപ്പിക്കേണ്ടി വന്ന ഒരമ്മയുടെ കൂടി മനസ്സ് അഷിത അവതാരികയില്‍ തുറന്നു വയ്ക്കുന്നുണ്ട് . കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന കഥകള്‍ എല്ലാം എന്തായിരിക്കണം എന്നതിനെക്കുറിച്ച് അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊന്നും വലിയ ഗ്രാഹ്യം ഇല്ല എന്ന തോന്നല്‍ ആണ് എന്നും ഉണ്ടായിട്ടുള്ളത് . റഷ്യന്‍ നാടോടിക്കഥകളും മറ്റ് വിദേശ രാജ്യങ്ങളുടെ നാടോടിക്കഥകളും പരിഭാഷപ്പെടുത്തി മലയാളിക്ക് വായിക്കാന്‍ ലഭിച്ചിരുന്ന കാലത്തെ മറന്നുകൊണ്ടല്ല ഇത് പറയുന്നതു . പക്ഷേ തദ്ദേശീയമായ കഥാകാരന്‍മാരുടെ കുട്ടിക്കഥകള്‍ ഒക്കെയും അതുപോലെ പഞ്ചതന്ത്രം , സാരോപദേശം കഥകളും പഴയകാല മലയാള പാഠപുസ്തക കഥകളും ഒക്കെയും വിചിത്രമായ ഒരു വായനാനുഭവം ആണ് ഇന്ന് വായിക്കുമ്പോള്‍ . കാരണം മറ്റൊന്നുമല്ല . കുട്ടികളില്‍ ശാസ്ത്രീയാഭിമുഖ്യം വളര്‍ത്താനോ , ജീവിതത്തെ വിജയിക്കാനോ സഹജീവിയോട് സമഭാവന വളർത്താനോ ആവശ്യമായ ഒന്നും ഇത്തരം കഥകള്‍ നല്‍കുന്നില്ല . ഈശ്വര പുണ്യവും മഹത്വവും മത നേതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും നിര്‍മ്മിതമായ ദയയും സ്നേഹവും കരുണയും വിവരിക്കുവാനും മാത്രം മത്സരിക്കുന്ന കഥകള്‍ , അതുപോലെ സാമൂഹ്യ സാംസ്കാരിക ഇടങ്ങളിലെ ലിംഗ വൈജാത്യവും വര്‍ണ്ണ വര്‍ഗ്ഗ വൈജാത്യവും വിശദമാക്കുകയും അതൊരു കോയ്മ പോലെ ആഘോഷിക്കുകയും ചെയ്യുന്ന കഥകള്‍ക്കാണ് കൂടുതലും പ്രാമുഖ്യം നല്‍കപ്പെട്ടിട്ടുള്ളത്. യുറീക്ക , ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംരംഭങ്ങള്‍ ഇവയ്ക്ക് ബദലായി വളരെ ശുഷ്കവും പ്രചാരത്തില്‍ പിന്നിലുമായിട്ടുണ്ടെന്ന ഒരു ആശ്വാസം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല . 


      കുട്ടികള്‍ക്ക് വായിക്കാന്‍ വേണ്ടിയെന്നു പരിചയപ്പെടുത്തുന്ന ഈ നോവലിന്റെ ഇതിവൃത്തം ഉണ്ണിമായ എന്ന കുഞ്ഞിന്റെ കഥയാണ് . ഉണ്ണിമായയുടെ ലോകത്തെ പരിചയപ്പെടുത്തുന്ന നോവല്‍. അച്ഛനും അമ്മയും ശൈശവത്തിലെ നഷ്ടപ്പെട്ടു പോയ ഉണ്ണിമായ എന്ന നിഷ്കളങ്ക ബാല്യം വളരുന്നത് കര്‍ക്കശക്കാരനായ , പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന കേണല്‍ മുത്തശ്ശന്‍റെ കൂടെയാണ് . തന്റെ മകനെ കാര്യസ്ഥനായ ശങ്കു നായരും മറ്റും ലാളിച്ചു വഷളാക്കിയതിനാല്‍ ആണ് ചിത്രകാരനായ മകന്‍ ഒരു നാടോടിപ്പെണ്ണിനെ വിവാഹം കഴിച്ചതെന്ന് നിരന്തരം കുറ്റപ്പെടുത്തുന്ന മുത്തശ്ശന്‍ അതിനാല്‍ തന്നെ തന്റെ മകന്റെ മകളായ ഉണ്ണിമായയെ വളരെ കണിശമായും ചിട്ടയോടും വളര്‍ത്താന്‍ ആണ് ശ്രമിക്കുന്നത് . ചെറിയ ചെറിയ ബാല്യ കുസൃതികള്‍ക്ക് പോലും വലിയ വലിയ ശിക്ഷകള്‍ നല്കി നല്ല നടപ്പ് പഠിപ്പിക്കുന്ന അയാള്‍ ഒരിയ്ക്കലും ആ കുട്ടിയുടെ മനസ്സോ , നിഷ്കളങ്കതയോ മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചിട്ടില്ല . ശങ്കു നായരുടെ ദയാവായ്പ്പിലും സ്നേഹത്തിലും വളരുന്ന ഉണ്ണിമായയുടെ ലോകം അതിനപ്പുറം വളരുന്നത് അടുത്ത വീട്ടിലെ അശോകന്‍ ചേട്ടന്റെ അത്ര വരെ മാത്രമാണു . തൊടിയിലും പറമ്പിലും മറ്റും ആ കുഞ്ഞ് കാറ്റും മഴയും വെയിലും ഏറ്റ് വളരുന്നത് മുത്തശ്ശന് ഇഷ്ടമാകുന്നില്ല . അടിയാളന്മാരുടെ ഒക്കെ കൂടിക്കൂടി കുഞ്ഞ് സംസ്കാരമില്ലാതെ വളരും എന്ന അഭിപ്രായം അയാള്‍ക്കുണ്ട് . അതിനാല്‍ത്തന്നെ അയാള്‍ കുട്ടിയെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ആക്കാന്‍ ശ്രമിക്കുന്നു . കുട്ടിയുടെ മാനസികാവസ്ഥയും വ്യഥകളും , കുട്ടിയെ ചുറ്റിപ്പറ്റി ഉള്ള അടുപ്പങ്ങളുടെ വികാരങ്ങളും മുത്തശ്ശന്‍റെ മാനസാന്തരവും കുട്ടിയുടെ രോഗവും ഒക്കെയായി ദുരന്തപര്യവസാനിയായിത്തീരുന്ന ഈ നോവല്‍ കുട്ടികള്‍ക്ക് എന്തു സന്ദേശം ആണ് നല്കുക എന്നത് ചിന്തിക്കേണ്ടതുണ്ട് . 

      കുട്ടികളില്‍ ഈ നോവല്‍ സന്തോഷമാണോ സന്താപമാണോ വളര്‍ത്തുക ? തീര്‍ച്ചയായും നോവല്‍ വായിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടായ നൊമ്പരം എഴുത്തുകാരിയുടെ എഴുത്തിന്റെ മഹിമയായി കണക്കാക്കാം. എന്നിരിക്കിലും കുട്ടികളെ അത് അപ്പോള്‍ എങ്ങനെ സ്വാധീനിക്കപ്പെടും എന്നത് ഒരു ചിന്ത തന്നെയാണ് . പഴയകാല മലയാള സിനിമകളില്‍ കണ്ടു പഴകിയ രംഗങ്ങളുടെ പുനരാവിഷ്കാരമായി ഈ നോവലിനെ വിലയിരുത്തുന്നു. കുടുംബ സദസ്സുകളെ കണ്ണീരിലും സന്തോഷത്തിലും ഒക്കെ മുക്കിയെടുത്ത് ഉണക്കി മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന അത്തരം രംഗങ്ങളും മറ്റും നോവലില്‍ ദര്‍ശിക്കുമ്പോള്‍ അഷിത എന്ന എഴുത്തുകാരിയിലെ തിരക്കഥാകൃത്തിനെ , എഴുത്തുകാരിയെ അനുമോദിക്കാതിരിക്കുക വയ്യ തന്നെ . അതുപോലെ എഴുത്തുകാരി കുട്ടികള്‍ക്കായാണ് എന്നു പറഞ്ഞെങ്കിലും പ്രസാധകര്‍ അതിനു കൊടുത്ത തലക്കെട്ട് ബാല നോവല്‍ എന്നല്ല നോവല്‍ എന്നു തന്നെയാണ് എന്നതും സന്തോഷം നല്കുന്നു. സസ്നേഹം ബിജു ജി നാഥ്