Sunday, July 28, 2019

മണിവീണ


മണിവീണ
----------------------
നീയൊരു മണിവീണ...!
നിലാവിന്റെ പുഞ്ചിരിയുള്ള
പുളിനത്തിന്‍ നിറമുള്ള
വെണ്ണതന്‍ മനസ്സുള്ള കളിവീണ.

അരുമയോടെ മടിയിലെടുത്തു
മൃദുവായി തന്തി മീട്ടുവാന്‍
മനവും തനുവും കൊതിക്കും
അഴകെഴും മാന്ത്രിക വീണ.

ഒരൊറ്റ വിരല്‍ മീട്ടലില്‍
ഒഴുകിത്തുടങ്ങും രാഗങ്ങളില്‍
ഹൃദയം ദ്രവീകരിക്കും. മമ-
പാദങ്ങള്‍ നൃത്യം തുടങ്ങും.

ഓര്‍മ്മതന്‍ വാതായനങ്ങള്‍
തള്ളിത്തുറന്നു വരും കാഴ്ചകളില്‍
ഇരുണ്ട വൃത്തങ്ങള്‍ പതിഞ്ഞ
കുചങ്ങള്‍ മിഴിയുയര്‍ത്തുന്നു.

തെളിഞ്ഞ പുഴയോരം മിന്നി
ത്തിളങ്ങും നാഭീകേന്ദ്രം
ഒഴിഞ്ഞ വെണ്ണക്കിണ്ണത്തിന്‍
കുളിരുന്നൊരോര്‍മ്മയാകുന്നു.

ഉയര്‍ന്നഴകെഴുന്നൊരു വീണ-
ക്കുടം തന്നില്‍ തഴുകുമ്പോള്‍
നിതംബഭാഷതന്‍ നിഗൂഡമാം
ദ്രുതതാളം മുഴങ്ങുന്നു ഹൃത്തില്‍.

എത്ര ആര്‍ദ്രമാണുപസ്ഥം നല്‍കും
ഹൃദ്യമാം സുഗന്ധത്തിന്‍ ലോകം!
നനഞ്ഞൊരധരം തന്നില്‍ തിളങ്ങും
മണിമുത്തൊരു ഗാനം പോലെ.

ഈ മണിവീണ മീട്ടാൻ കൊതിച്ചോ
പൗര്‍ണ്ണമികള്‍ താണ്ടിയിന്നും,
ഭിക്ഷാപാത്രവുമായി കാത്തിരിപ്പൂ
ഗഗനചാരികള്‍ നിന്‍ പൂമുഖത്ത് നിത്യം !!
------ബിജു ജി നാഥ് വര്‍ക്കല




Friday, July 26, 2019

എന്റെ മാത്രം

എന്റെ മാത്രം
......................
മാറിലൊരു രക്തതാരമായ്
നിന്റെ പാദ പത്മങ്ങൾ പതിയുവാൻ
എത്ര കാലമിനിയുമീ
ശപ്ത ഭൂമിൽ ഞാനലയണം?
ദേവീ ,
നീ നിരാകാരം,
നിശബ്ദ ചലനങ്ങളാൽ
നിന്റെ കാൽചിലമ്പുകൾ തൻ നാദം
എൻ കണ്ണാനന്ദകരമാകുവാൻ
എത്ര കാലം ഞാൻ മരിക്കാതിരിക്കണം.
വയ്യിനിയും
ഭാഗ്യ നിർഭാഗ്യങ്ങളാൽ
പ്രസാദിക്കുമീ ജീവിതത്തെ
ഏറെ ദൂരം ചുമക്കുവാൻ പ്രിയതേ .
നീയെന്നെ അറിയുന്നു,
നീ മാത്രം അറിയുന്നു.
എങ്കിലും
എന്തിനായെന്നെ വിട്ടകലുന്നില്ല.
പോകുക നീ,
അനന്തമാം നിന്നുടെ
ജീവിതത്തിന്റെ ഭ്രമണതാളങ്ങളിൽ.
വിട്ടയക്കുക മമ
ജീവനെയിനിസ്വതന്ത്രമായ്
യാത്രയാകട്ടെ ഞാനും.
നിശബ്ദതയുടെ താളലയങ്ങളിൽ
നിന്റെ കാൽപാദമൊന്ന് മുഖമമർത്തി
എന്റെ മാത്രമാം മറുകിൽ ചുണ്ടൊന്നമർത്തട്ടെ.
ഇനി യാത്രയാകട്ടെ ഞാൻ.
നിന്റെ നിഴലിൽ പോലും പതിയാതെന്നെ
ഞാൻ ഒളിപ്പിച്ചു കൊണ്ടിന്നീ രാവിൽ.
.... ബിജു. ജി. നാഥ് വർക്കല

Monday, July 22, 2019

രാവ് ഒന്നു വേഗം വന്നിരുന്നെങ്കിൽ!

രാവ് ഒന്നു വേഗം വന്നിരുന്നെങ്കിൽ!
.......................................................

എത്ര നിനച്ചിരിക്കാതെയാണ്
നക്ഷത്രങ്ങൾ എന്നിലേക്ക് പതിഞ്ഞത്.!
രാത്രിയെ മറന്നു പോയി ഞാൻ.
പെട്ടെന്നൊരു യാത്ര പോകണം എന്നു തോന്നി.
കാടിന്റെ ഭംഗിയറിയാൻ
നക്ഷത്രങ്ങൾ കൂട്ടുള്ള രാവ് തന്നെ വേണം.
ഉറക്കം ഞെട്ടിയ മുയൽക്കുഞ്ഞുങ്ങൾ
മൂക്ക് വിറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.
വഴിയറിയാതെ ചെന്നു വീണേനെ
വരണ്ടുണങ്ങിയ കിണറിനുള്ളിൽ.
പൊട്ടിച്ചിരിക്കുന്ന താരകങ്ങൾ
നല്ലൊരു വഴികാട്ടിയാണ്.
യാത്ര ചെയ്ത് തളർന്നപ്പോൾ
നീരുറവ കാട്ടിത്തന്നതും
തേൻ മധുരമുള്ള സലിലത്താൽ
ദാഹമകറ്റിയതും അതിനാലാണ്.
കുഞ്ഞു പുൽത്തകിടിയിൽ
കവിളമർത്തിക്കിടന്നുറങ്ങിപ്പോയ്.
പ്രഭാതത്തിൽ ഉണരുമ്പോൾ
നക്ഷത്രങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
പാതി വഴിയിൽ മയക്കിക്കിടത്തി
കടന്നുകളഞ്ഞിരുന്നവയെങ്കിലും
ഒന്നും സ്വപ്നമായിരുന്നില്ലെന്നോർമ്മിപ്പിക്കാൻ
രാത്രി മഴയുടെ നനവ് കവിളിലും
മുടിയിഴകളിലും തങ്ങിനിന്നിരുന്നപ്പോഴും.
രാവ് ഒന്നു വേഗം വന്നിരുന്നെങ്കിൽ!
....... ബിജു.ജി.നാഥ് വർക്കല

Thursday, July 18, 2019

നഷ്ട സ്മൃതികള്‍


നഷ്ടസ്മൃതികള്‍
മഴനൂലുകള്‍ മണ്ണിലേക്കാഴുമ്പോള്‍
ഹൃദയതാളം മുറുക്കിയകതാരിലെങ്ങോ,
പോയ കാലങ്ങളുടെ സ്മൃതികളുമായി
നേര്‍ത്ത ഗന്ധം നിറയുന്നു ചുറ്റിലും.
നാഗങ്ങള്‍ ഇണചേരും നിലാവിന്‍
ഇരുളിമ കാലം കടന്നെടുത്തെങ്ങോ.
നഷ്‌ടമായ കാടുകള്‍ക്കിനിയെന്നാണ്
രതിമൂര്‍ച്ചതന്‍ ശീല്‍ക്കാരനാദം ലഭിക്കുക ?
മേലങ്കി നഷ്ടമായ കുന്നിന്‍ ചരിവുകളില്‍
നാണം മറന്ന മണ്ണിന്‍ നഗ്നതയില്‍
യന്ത്രക്കരങ്ങള്‍ വലിച്ചെടുക്കുന്നു നിര്‍ദ്ദയം
ഗര്‍ഭപാത്രങ്ങള്‍ തന്‍ ചോരക്കട്ടകള്‍ !
വെള്ളിക്കൊലുസുകള്‍ നഷ്ടമായൊരു
പുഴയിന്നു തേങ്ങുന്നു നിശബ്ദം മാനം നോക്കി.
കടലിന്‍ സംഗമം പോയ ജന്മത്തിന്‍
വിരഹാര്‍ദ്രമാം ഓര്‍മ്മയെന്നോര്‍ത്തുകൊണ്ടോ .
നിഗൂഡമാം ആനന്ദം മണ്ണിനേകിക്കൊണ്ട്
അടിവേരുകള്‍ കൊണ്ട് കുസൃതികാട്ടും
മരമെങ്ങു പോയെന്നോര്‍ത്തു വിതുമ്പുന്നു.
ഭൂമിപ്പെണ്ണ് ഉറക്കമില്ല രാവുകള്‍ തോറുമേ!
മരമെവിടെ , കുന്നെവിടെ , നദിയെവിടെ
അലറി ചോദിക്കുന്നു എഴുത്താളര്‍ ഉറക്കെയുറക്കെ
നുരയും ചഷകവുമായി ഇരുണ്ട കോണ്ക്രീറ്റ്
മന്ദിരങ്ങളിലും മണല്‍ക്കാടുകളിലും നിന്ന് വൃഥാ.
------------------------ബിജു ജി നാഥ് വര്‍ക്കല
published in pravasi risala magazine july 2019 kalalayam page.


മഞ്ഞവെയില്‍ മരണങ്ങള്‍..........ബന്യാമിന്‍

മഞ്ഞവെയില്‍ മരണങ്ങള്‍ (നോവല്‍)
ബന്യാമിന്‍
ഡി സി ബുക്സ്
വില : 250 രൂപ


            ചരിത്രം എഴുതുക എന്നത് വളരെ ഭാരപ്പെട്ട ഒരു പ്രവര്‍ത്തിയാണ്. ചരിത്രത്തെ അടയാളപ്പെടുത്തുന്നത് പോലും അതിനാല്‍ ചരിത്രമാകും. ഒരു  ചരിത്രം പില്‍ക്കാലത്ത് വായിക്കപ്പെടുമ്പോള്‍ അതില്‍ കലര്‍പ്പുകളോ പൊടിപ്പും തൊങ്ങലുകളുമോ കളവോ ചേര്‍ക്കാതിരിക്കുവാന്‍ അതിനാല്‍ തന്നെ സത്യസന്ധനായ ഒരു എഴുത്തുകാരന്‍ ശ്രമിക്കണം. അതിനു വേണ്ടി താന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചരിത്രത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുകയും അതിനെ നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യണം. എഴുതപ്പെട്ട ചരിത്രങ്ങളില്‍ പലതും ഇന്നും പുതിയ പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുന്ന ഒന്നാകുന്നത് ഈ സത്യസന്തതയില്ലായ്മ മൂലമാണ്. മതങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി , അവയുടെ ഉത്ഭവകാലത്തെ ചരിത്രത്തെ നശിപ്പിക്കുകയും അവയെ കാലോചിതമായി ചക്കരമിഠായി ആക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ചരിത്രകാരന്മാരെ എല്ലാ കാലത്തും കാണാന്‍ കഴിയുന്നത്. രാഷ്ട്രങ്ങളുടെ വളര്‍ച്ചയിലും ഈ കൈകടത്തലുകള്‍ നടത്തിയ ചരിത്രകാരന്മാര്‍ സുലഭമാണ് . സ്വതന്ത്ര സമര ചരിത്രങ്ങളിലും മറ്റും ഇത് നമുക്ക് അനുഭവമാണല്ലോ. ഇത് ലോകത്തെല്ലായിടത്തും എന്ന പോലെ മലയാള സാഹിത്യത്തിലും എന്നുമുണ്ടായിട്ടുണ്ട്. കഥകളില്‍ കൂടി വസ്തുതതകളെ തെറ്റായി അവതരിപ്പിച്ചു അതിനെ വിശ്വാസമാക്കി മാറ്റുന്ന ചരിത്രകാരന്‍മാര്‍ക്ക് മലയാളത്തിലും പഞ്ഞമൊന്നും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുന്പ് ബാസില്‍ മിഷന്‍ പ്രസിദ്ധീകരിച്ച ഒരു കേരള ചരിത്രം വായിക്കുക ഉണ്ടായി. അതില്‍ പര്‍ശുരാമന്‍ കേരളം സൃഷ്ടിക്കുന്ന കഥ വളരെ സവിസ്തരം തന്നെ പഴയ മലയാള ഭാഷയില്‍ വിവരിക്കുന്നുണ്ട്. അടുത്തിടെ കേള്‍ക്കാനും വായിക്കാനും കഴിയുന്ന മറ്റൊരു കഥയാണ് നങ്ങേലിയുടെ മുല മുറിക്കല്‍. മറ്റൊന്നു ശബരിമലയുടെ പുണ്യം. ഇതൊക്കെ ഒറ്റപ്പെട്ട ചരിത്ര വളച്ചൊടിക്കലുകള്‍ അല്ല അതിനുമുപരി ഇവയൊക്കെ ഓരോ കേന്ദ്രങ്ങളുടെ സ്ഥാപിത താത്പര്യങ്ങളുടെ ആവശ്യകതയിലേക്ക് സൃഷ്ടിക്കപ്പെടുന്ന ചില വളഞ്ഞ വഴികള്‍ ആണ്.
            ചരിത്രം എന്നു കരുതി വായനക്കാര്‍ വിശ്വസിച്ചു പോകുന്ന രീതിയിലേക്ക് ഒരു നോവലിനെ വഴി നടത്തുക എങ്ങനെയെന്ന് മലയാളിക്ക് അനുഭവം ഉണ്ടാക്കുന്ന ഒരു രചനയാണ് ടി ഡി രാമകൃഷ്ണന്‍ എഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതില്‍ ഇട്ടിക്കോര എന്ന ഒരു കുടുംബത്തിലൂടെ ഒരുപാട് ചരിത്രസംഭവങ്ങള്‍ ശരിക്കുമുള്ള സംഭവങ്ങളും കാലങ്ങളുമായി കൂട്ടി യോജിപ്പിച്ച് ശരിയെന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ എഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതൊരു എഴുത്തുകാരന്റെ കഴിവാണ്. അതൊരിക്കലും ഒരു ചരിത്ര പുസ്തകം എന്നു പറയാന്‍ കഴിയുകയുമില്ല. കാരണം അത് ഒരു നോവല്‍ ആണ് . ഇതേ പാത പിന്തുടരുന്ന മറ്റൊരു നോവല്‍ ആണ് ബന്യാമിന്റെ “മഞ്ഞവെയില്‍ മരണങ്ങള്‍” എന്നൊരൊറ്റ വാക്കില്‍ പറയാന്‍ കഴിയും . ഈ നോവലിന്റെ മറ്റൊരു പ്രത്യേക്ത എന്താണ് എന്നു നോക്കിയാല്‍ ആത്മരതിയുടെ ഒട്ടും വലുതല്ലാത്ത എന്നാല്‍ അതുണ്ട് എന്നൊരു തരിമ്പും അനുഭവപ്പെടാത്ത സൂക്ഷ്മമായ തന്ത്രം ബന്യാമിന്‍ ഉപയോഗിക്കുന്നുണ്ട് ഈ നോവലില്‍ എന്നുള്ളതാണ്. സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന് കഴിയാതെ പോയ ആ ഒരു കൈയ്യടക്കം ബന്യാമിന്‍ ആര്‍ജ്ജിച്ചിട്ടുണ്ട് ഈ നോവലില്‍ എന്നത് എടുത്തു പറയേണ്ടതുണ്ട്.
എഴുത്തുകാരന്‍ കഥയ്ക്കൊപ്പം സഞ്ചരിക്കുക എന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതൊരു വിദൂഷകവേഷം പഴയകാല നാടക സങ്കേതങ്ങളില്‍ നിന്നും കടന്നുവന്ന സംഗതിയാണ്. ബഷീര്‍ കഥകളിലും മറ്റും ബഷീര്‍ നിറഞ്ഞു നില്‍പ്പുണ്ട്. ‘എന്താടാ കൂവേ’ എന്ന ചോദ്യവുമായി അദ്ദേഹം അവയില്‍ ചിരിച്ചു നില്‍ക്കുമെങ്കിലും ഒരിയ്ക്കലും വായനക്കാരന് എഴുത്തുകാരന്റെ ആത്മരതിയെ അതില്‍           ദര്‍ശിക്കാന്‍ കഴിയില്ല. എഴുത്തിന്റെ മര്‍മ്മം അറിഞ്ഞ അത്തരം എഴുത്തുകാര്‍ ഇന്നില്‍ കുറവാണ് എന്നത് ഒരു വലിയ പോരായ്മ ത്തന്നെയാണ്. ഈ നോവലില്‍ ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ കൈകളിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു നോവലിന്റെ വളര്‍ച്ചയും വികാസവും ആണ് വിവരിക്കുന്നത്.‘ആടുജീവിതം’ എന്ന പ്രശസ്തമായ നോവല്‍ എഴുതിയ ശേഷം നോവലിസ്റ്റിനെ ഒരുപാട് ആള്‍ക്കാര്‍ ഇതെഴുതൂ എന്ന്‍ പറഞ്ഞുകൊണ്ടു അയച്ചു കൊടുത്ത ജീവിതങ്ങള്‍ ഉണ്ട്. ഇവയൊക്കെ പറഞ്ഞു പഴകിയ വിഷയങ്ങള്‍ ആയതിനാല്‍ ഒഴിവാക്കി തന്റെ പുതിയ നോവല്‍ നെടുമ്പാശേരി എന്നു പേരിട്ട എഴുത്തിലേക്ക് കടക്കുന്ന ഏഴുത്തുകാരനെ തേടി വന്ന വിചിത്രമായ ഒരു നോവലിന്റെ ഒന്നാമദ്ധ്യായം. ഒരുപാട് പ്രാവശ്യം അവഗണിച്ചു എങ്കിലും ഒടുവില്‍ എഴുത്തുകാരന് അത് വായിക്കാതെ തരമില്ല എന്നാകുന്നു.
            ആദ്യഭാഗം തൊട്ട് നോവല്‍ പിന്നെ ഉദ്യോഗജനകമായ ഒരു ഗെയിമിലേക്ക് നീക്കുകയാണ് എഴുത്തുകാരന്‍. ഓരോ ഭാഗങ്ങളും ഓരോ ക്ലൂ ഒളിപ്പിച്ചു വച്ചുകൊണ്ടു ഓരോ ആള്‍ക്കാരില്‍ ഏല്‍പ്പിച്ച നോവലിസ്റ്റ് ഡീഗോ ഗാര്‍ഷ്യ എന്ന്‍ ദ്വീപില്‍ എവിടെയോ ഒളിച്ചിരിക്കുകയാണ് . അയാളെ ഒരിയ്ക്കലും ബന്യാമിന് കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷേ അയാള്‍ നല്‍കുന്ന സൂചനകള്‍ കൊണ്ട് ബന്യാമിന്‍ എല്ലാ ഭാഗങ്ങളും തേടിപ്പിടിക്കുകയും, തന്റെ വ്യാഴച്ചന്തക്കൂട്ടത്തിന്റെ സഹായത്തോടെ അതിലെ കഥാപാത്രങ്ങളെ തേടിപ്പിടിച്ചു കണ്ടെത്തുകയും സംസാരിക്കുകയും ചെയ്യുന്നു. അങ്ങനെ കഥയും കഥാപാത്രങ്ങളും ഒരുപോലെ ഒരേ ലോകത്ത് ജീവിക്കുന്ന ഒരു സങ്കേതമാണ് ഈ നോവലില്‍ ബന്യാമിന്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റി അന്ത്രപ്പേര്‍  എന്ന്‍ ചെറുപ്പക്കാരനാണ് ഇതിലെ നോവലിസ്റ്റ് . അയാളുടെ ആഗ്രഹം ഒരു നോവല്‍ ,അത് വഴി തന്നെ ലോകം അറിയണം എന്നതാണു. തന്റെ കൂട്ടുകാരനായ സെന്തില്‍ തന്റെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു വീഴുന്നതും ആ മരണം സാധാരണമായ ഒരു മരണമായി അധികാരികള്‍ മാറ്റുന്നതും അതങ്ങനെയല്ല എന്നു തെളിയിക്കാന്‍ വേണ്ടി ക്രിസ്റ്റി ഇറങ്ങിപ്പുറപ്പെടുന്നതും ആണ് കഥയുടെ പ്രധാന തന്തു. ഈ അന്വേഷണത്തില്‍ ആണ് അയാള്‍ മെല്‍വിന്‍ എന്ന മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അവള്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും. അവളിലൂടെ കേരളത്തില്‍ എത്തുന്ന കൃസ്റ്റിയിലൂടെ കൃസ്തുമതത്തിലെ പഴയതും പുതിയതുമായ വിഭാഗങ്ങളുടെ കഥയും അവയുടെ ആചാര ക്രമങ്ങളും ചരിത്ര രേഖകള്‍ അവലംബിച്ച് പറയാന്‍ ബന്യാമിന്‍ ശ്രമിക്കുന്നു. കൃസ്റ്റിയും മെല്‍വിനും തമ്മിലുള്ള ബന്ധം രണ്ടു രാജ്യങ്ങളുടെയല്ല ഒരേ വിശ്വാസ പ്രമാണങ്ങളുടെ രണ്ടിടങ്ങളില്‍ ആയി വ്യാപിച്ച് കിടക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഒരു വഴികൂടെയാണ്. മെല്‍വിന്ഠെ മരണത്തിലൂടെ തന്റെ പിതാവും അദ്ദേഹത്തിന്റെ ദുരൂഹ ജീവിതവും കൃസ്റ്റിയെ വേട്ടയാടുന്നു. ഒടുവില്‍ അയാള്‍ അദൃശ്യനായി മാറുകയും അയാളിലൂടെ ഈ കാര്യങ്ങള്‍ ലോകത്തോട് പറയാന്‍ ബന്യാമിന്‍ എന്ന നോവലിസ്റ്റിനു മാത്രമേ കഴിയൂ എന്ന്‍ തിരിച്ചറിഞ്ഞു അദ്ദേഹത്തില്‍ എത്തിക്കാന്‍ വേണ്ടി നോവല്‍ പലരുടെ കൈകളില്‍ എത്തിക്കുകയും അത് എല്ലാം സാഹസികമായ പല തലങ്ങളില്‍ കൂടി ബന്യാമിനില്‍ എത്തുകയും ചെയ്യുന്നു.
            വളരെ നല്ല രീതിയില്‍ തന്നെ ബന്യാമിന്‍ ഈ നോവല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കൃസ്റ്റി എഴുതിയ നോവല്‍ ‘പിതാക്കന്മാരുടെ ചരിത്രം’വായിക്കാനിരുന്നുവെങ്കിലും  അതിനു ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും ആന്ത്രപ്പോര്‍ ചരിത്രവും പറയുന്നതിനെക്കാള്‍ കൂടുതല്‍ സെന്തിലിന്റെ കൊലപാതകവും അതിനെ തേടുന്ന കൃസ്റ്റിയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുകയും ചെയ്തുകൊണ്ട് വായന പൂര്‍ത്തിയാക്കേണ്ടി വന്നു എന്ന തോന്നല്‍ ജനിപ്പിച്ചു. ഒരു ചരിത്രമാകുമെന്ന് കൃസ്റ്റി അവകാശപ്പെടുന്നപോലെ ഒരു സംഗതി ആ നോവലില്‍ കണ്ടില്ല . മാത്രവുമല്ല ആര്‍ക്കിപ്പിലാഗോ എന്ന പേരില്‍ മോഹന്‍ ദാസ് എന്നൊരു എഴുത്തുകാരന്‍ എഴുതി പ്രശതമായ ഒരു നോവല്‍ തന്റെ തന്നെ നോവലിന്റെ വിഷയം ആണെന്ന് പറഞ്ഞു കൃസ്റ്റി വേവലാതിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
            ആകെ മൊത്തം നോവലില്‍ എങ്ങും തന്നെ ചരിത്രമാകാന്‍ തക്കതായ ഒരു നോവല്‍ കഥാ തന്തുവോ പരിസരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വായനയുടെ പോരായ്മയായി കരുതേണ്ടി വരും. ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും അതിന്റെ വളര്‍ച്ചതളര്‍ച്ചകളും വിവരിക്കുന്ന ഒരു നോവല്‍ ആകാം കൃസ്റ്റി വിഭാവനം ചെയ്തിട്ടുണ്ടാകുക എന്നൊരു ഊഹം മാത്രം മനസ്സില്‍ ബാക്കി വച്ച് വായന മുഴുമിപ്പിക്കുമ്പോള്‍ ഈ നോവലിനെ ചരിത്രമാക്കാന്‍ ബന്യാമിനും കഴിഞ്ഞില്ല എങ്കിലും ഒരു ഫിക്ഷന്‍ത്രില്ലറിനെ അത്രയൊന്നും ത്രില്‍ ഇല്ലാ എങ്കിലും വായിച്ചു പോകുവാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ആടുജീവിതം മുജീബിന്റെ ആത്മകഥ കേട്ടെഴുതിയത് ആണെങ്കില്‍ മഞ്ഞവെയില്‍ മരണങ്ങള്‍ കൃസ്റ്റി അന്ത്രപ്പോര്‍ എന്ന ചെറുപ്പക്കാരനായ നോവലിസ്റ്റിന്റെ ജീവിതത്തെ അയാള്‍ എഴുതിക്കൊടുത്തത് പകര്‍ത്തി നല്കി എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബന്യാമിന്റെ കാര്യത്തില്‍ എഴുത്തിലെ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞതെന്നൂ മനസ്സിലാക്കാന്‍ കഴിയും. മറ്റുള്ളവരുടെ കഥകളെ തന്റെ കഥകള്‍ ആക്കുന്ന രീതികള്‍ മാറ്റി വച്ചുകൊണ്ടു തന്റെ സ്വന്തം കഥകള്‍ എന്ന്‍ തോന്നല്‍ വരുത്തുന്ന നോവലുകള്‍ കൂടി ബന്യാമിനില്‍ നിന്നും പ്രതീക്ഷിക്കുന്നു. ആശംസ്കളോടെ ബിജു.ജി.നാഥ് വര്‍ക്കല

Saturday, July 13, 2019

ആത്മബലി

ആത്മബലി

കാലപ്പഴക്കത്താൽ
നീ മറന്നതായ് ഭാവിക്കുന്ന
വാക്കുകൾക്കീ
ജീവിതം ബലി.
.... ബിജു.ജി.നാഥ് വർക്കല

രാവണന്‍ .പരാജിതരുടെ ഗാഥ. ..........ആനന്ദ് നീലകണ്ഠന്‍  



രാവണന്‍ .പരാജിതരുടെ ഗാഥ. (നോവല്‍)
ആനന്ദ് നീലകണ്ഠന്‍
മാതൃഭൂമി ബുക്സ്
വില 450 രൂപ


            വിജയത്തിന്റെ കഥകള്‍ മാത്രം കേട്ടു പരിചയിച്ച ഒരു ലോകം . പരാജിതര്‍ എപ്പോഴും പരിഹാസത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ഒരു വിഭാഗം ആണ് . അത്തരം ജനതയുടെ കഥകള്‍ ഒരിയ്ക്കലും ആരും എഴുതിവയ്ക്കുകയില്ല. വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുന്നവരെ ആണല്ലോ എന്നും മനുഷ്യര്‍ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഇന്ത്യന്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതും എഴുതപ്പെട്ടതും ആയ കഥ ഏതെന്നു അധികം തിരയുന്നതില്‍ അര്‍ത്ഥമില്ല കാരണം ആരുടേയും നാവില്‍ ആദ്യം അത് തന്നെ ആകും കടന്നു വരിക. രാമായണം ,മഹാഭാരതം. ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ ആയി നൂറ്റാണ്ടുകള്‍ കടന്നു വന്ന രണ്ടു ക്ലാസ്സിക്കുകള് ആണ് അവ. പില്‍ക്കാലത്ത് അവ മതത്തിന്റെ കടന്നു കയറ്റത്തില്‍ ഭക്തിയുടെയും ആചാരങ്ങളുടെയും നിയന്ത്രണചരട് കൈകകളിലെടുത്തു എങ്കിലും പൊതുവേ ഭാരതത്തില്‍ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയോ , പ്രാദേശിക ഭാഷയില്‍ തന്നെ പുനര്‍ സൃഷ്ടിക്കുകയോ ചെയ്ത രണ്ടു കൃതികള്‍ ആണിവ. ഇതില്‍ നിന്നും ഒരുപാട് എഴുത്തുകാര്‍ അന്നും ഇന്നും കഥകള്‍ കടമെടുക്കുകയോ ,അവരവരുടേതായ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ചെയ്തു പോരുന്നുണ്ട്. ആംഗലേയത്തില്‍ അമീഷ് ആണെന്ന് തോന്നുന്നു ശിവ പുരാണവും രാമായണവും പുതിയ ഒരു തലത്തില്‍ അവതരിപ്പിച്ചുകൊണ്ടു ഇന്ന് മുന്നില്‍ നില്‍ക്കുന്നത് . അതിനൊപ്പം മറ്റ് ചിലരുടെ പുസ്തകങ്ങളും വരുന്നുണ്ട് എങ്കിലും അവയ്ക്കൊന്നും അമീഷിന്റെ പുസ്തകങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല . പുതുതായി അമീഷ് കൈ വയ്ക്കുന്നത് മഹാഭാരതത്തില്‍ ആണെന്നാണ് അവസാനം അറിയുന്നത്.
            മലയാളത്തില്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ഇത്തരത്തില്‍ പുറത്തു വന്ന ഒരു കൃതിയായിരുന്നു . ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന പി കെ ബാലകൃഷ്ണന്‍ കൃതിയും , ഊര്‍മ്മിളയും .കര്‍ണ്ണന്‍ , ഭീഷ്മര്‍ , തുടങ്ങിയവരുടെ ജീവിതത്തെയും മുന്‍ നിര്‍ത്തി കഥകള്‍ സ്വതന്ത്രമായും ഉണ്ടായിട്ടുണ്ട്. ഈ കഥകള്‍ക്കൊക്കെ മൂല കഥകള്‍ ആയി നിന്നത് മേല്‍പ്പറഞ്ഞ രാമായണവും മഹാഭാരതവും ആണ് . മുകളില്‍ പരാമര്‍ശിച്ച കഥകള്‍ ഒന്നും തന്നെ ഒറ്റപ്പെട്ടതല്ല. ഓര്‍മ്മയില്‍ പെട്ടെന്നു വന്നവ പറഞ്ഞു പോകുന്നു എന്നു മാത്രം . നാടകവും പാട്ടും നൃത്തവും സിനിമയും എന്നു വേണ്ട കലാ രംഗത്തുള്ള എല്ലാ മേഖലകളിലും ഇവയുടെ സ്വാധീനം ചെലുത്തിയ അനവധി കഥകളും ഉപകഥകളും പുനരാഖ്യാനങ്ങളും സംഭവിക്കുന്നുണ്ട് ഇന്നും . ഈ ശ്രേണിയിലേക്കാണ് ശ്രീ ആനന്ദ് നീലകണ്ഠനെഴുതിയ Asura Tale of thevanquished എന്ന നോവല്‍ കടന്നു വരുന്നത് . ആംഗലേയത്തില്‍ എഴുതിയ ഈ പുസ്തകത്തിന് എന്‍ ശ്രീകുമാര്‍  രാവണന്‍ പരാജിതരുടെ ഗാഥ” എന്നു മലയാള പരിഭാഷ ചെയ്യുമ്പോള്‍ ഒരു പക്ഷേ അതൊരു മൊഴിമാറ്റം ആണെന്ന് തോന്നാത്ത വിധം ഭംഗിയായി അത് നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് ഒരു വലിയ അളവ് വരെ കഴിഞ്ഞു എന്നത് വളരെ സന്തോഷം നല്‍കുന്ന ഒരു വസ്തുതയാണ് .
            പ്രതിനായകന്മാരുടെ കഥകള്‍ക്ക് പൊതുവേ പ്രചാരം കുറവാണ് എങ്കിലും ചില അവസരങ്ങളില്‍ അവ വല്ലാതെ വായനക്കാരെ ആകര്‍ഷിക്കുക പതിവാണ് . ഉദാഹരണമായി രണ്ടു സിനിമകള്‍ ആണ് പെട്ടെന്നു; മനസ്സില്‍ വരുന്നത് .  മംഗലശേരി നീലകണ്ഠനിലൂടെ ദേവാസുരവും നരേന്ദ്രനിലൂടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും പ്രശസ്തമായത് പോലെ. രാമായണം പരിചയപ്പെടുത്തുന്ന ഒരു രാക്ഷസന്‍ , വെറും രാക്ഷസന്‍ അല്ല രാക്ഷസ ഭാവത്തിന്റെ മൂര്‍ത്ത രൂപമായ പത്തു തലയുള്ള രാവണന്‍ എന്ന്‍ അസുരനെ കൊന്നുകൊണ്ടു ലോകത്ത് സമാധാനം കൊണ്ട് വന്ന രാമന്‍ ഭാരതത്തില്‍ ഒരു ദൈവ സങ്കല്‍പ്പമായി ഉയരുകയും വളരെ പെട്ടെന്നു തന്നെ മറ്റെല്ലാ ദൈവങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടു അപ്രമാദിത്വം സ്ഥാപിക്കുകയും ചെയ്തതായി കാണാം .സമാനമായി മഹാഭാരതം കൃഷനെയും മറ്റൊരു  അവതാരത്തിലൂടെ വൈഷ്ണവ ജനതയുടെ പ്രചാരകശ്രേണിയില്‍ വളരെ വലിയ ഒരു ബിംബമാക്കി നിലനിര്‍ത്തി. അവ മതവും സംസ്കാരവും ഭാരതവും എന്ന ഒരു വിഷയത്തില്‍ നിര്‍ത്തി ചര്ച്ച ചെയ്യേണ്ട ഒരു വലിയ വിഷയമായതിനാല്‍ ഇവിടെ അതിനെ തൊടുന്നത് ശരിയാകും എന്നു തോന്നുന്നില്ല .
            അസുര രാജാവായ രാവണന്‍ ആരായിരുന്നു എന്നൊരു അന്വേഷണം ആണ് ശരിക്കും പറഞ്ഞാല്‍ ഈ നോവല്‍. ശ്രീലങ്കയും (യഥാര്‍ത്ഥ രാമായണത്തില്‍ ഉള്ള ലങ്കയല്ല ഇതില്‍ പറയുന്ന ലങ്ക സിലോണ്‍ എന്ന്‍ സിംഹള രാജ്യമായ നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയാണ് . പൊതുവേ ഇന്ന് ഭാരതീയര്‍ വിശ്വസിച്ചു പോകുന്നത് ഇതേ ശ്രീലങ്കയാണ് രാമായണത്തിലെ ലങ്ക എന്ന കാര്യം ഒരു വലിയ തമാശയാണല്ലോ) അവിടെ ഭരിച്ചിരുന്ന രാവണന്‍ എന്ന്‍ അസുര രാജാവും അദ്ദേഹം നയിച്ച ജീവിതവും ആ കാലഘട്ടത്തിലെ ലങ്കയും ഇന്ത്യയും അതിന്റെ സാമൂഹ്യ സാംസ്കാരിക പരിസരങ്ങളും ഒക്കെ ഈ നോവലിന്റെ പശ്ചാത്തലങ്ങള്‍ ആണ് . ഈ നോവല്‍ തുടങ്ങുന്നത് രാവണന്‍ യുദ്ധഭൂമിയില്‍ മരണം കാത്തു കിടക്കുന്ന രംഗത്തോടെയാണ് . ആ തുടക്കം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചിത്രം വയലാര്‍ എഴുതിയ കവിതയാണ് എന്നത് യാദൃശ്ചികമാകാം.
“യുദ്ധം കഴിഞ്ഞു ,
കബന്ധങ്ങള്‍ ഉന്‍മാദനൃത്തം ചവിട്ടി കുഴച്ചൂ രണാങ്കണം.
രക്തമൊഴുകി താളം കെട്ടി നിന്ന
മണ്‍മെത്തയില്‍ കാല്‍തെറ്റി വീണൂ  നിഴലുകള്‍ .
ആ യുദ്ധഭൂവില്‍            നിലം പതിച്ചൂ
രാമസായകമേറ്റ് വലഞ്ഞ ലങ്കേശ്വരന്‍ .....”കവിത മനസ്സിലൂടെ കടന്നു പോകുകയാണ് . നീലകണ്ഠന്ടെ വരികളും അതുതന്നെയാണ് പറഞ്ഞു പോകുന്നത് . എന്നാല്‍ ആ ഭീകരതയേക്കാള്‍ അതിഭീകരമായി , പച്ചയായി യുദ്ധഭൂമിയുടെ വര്‍ണ്ണന വായിക്കുമ്പോള്‍ തന്നെ അക്ഷരങ്ങളുടെ തീവ്രത വായനക്കാരിലേക്ക് പടരുകയായി . രാവണനും അദ്ദേഹത്തിന്റെ ഭൃത്യനായ ഭദ്രനും മാറി മാറി ചിന്തിക്കുന്ന രീതിയില്‍ ആണ് അഞ്ഞൂറു പേജുകള്‍ ഉള്ള ഈ നോവല്‍ സഞ്ചരിക്കുന്നത് . രാവണന്‍ നിര്‍ത്തുന്നിടത്ത് ഭദ്രന്‍ സംസാരിക്കുന്നു . കുട്ടിയായിരുന്ന രാവണനില്‍ തുടങ്ങി മരിച്ചു വീഴുന്ന മധ്യ വയസ്കന്‍ ആയ രാവണന്‍ വരെ ഈ നോവലില്‍ മിഴിവോടെ നില്‍ക്കുന്നുണ്ട് . ഒരു മനുഷ്യനായി നിന്നുകൊണ്ടു മാനുഷികമായ ചിന്തകളുമായി ഈ നോവല്‍ കഥാപാത്രങ്ങള്‍ വായനക്കാരെ സമീപിക്കുന്നു . ഇതില്‍ രാമായണത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും വായനക്കാര്‍ക്ക് ലഭിക്കില്ല . പക്ഷേ കാതലായ എല്ലാ ഭാഗങ്ങളും ഇതില്‍ ഉണ്ട് ത്താനും . വയലാര് കവിതയില്‍ എഴുതിയത് പോലെ ഇതിലും സീത രാവണപുത്രിയാണ് . അതിലേക്കുള്ള ലോജിക്കുകളും , രാവണന്റെ യാത്രകളും ,ഹനുമാനും , വാനരന്മാരും ബാലിയും സുഗ്രീവനും രാമനും ലക്ഷ്മണനും ജനകനും സീതയും വരുണനും ഒക്കെ ഇതില്‍ സാധാരണ മനുഷ്യര്‍ തന്നെയാണ് . അവരുടെ പ്രവര്‍ത്തികളും അമാനുഷങ്ങള്‍ അല്ല. ഓരോ സംഭവങ്ങള്ക്കും ഓരോ കാരണങ്ങള്‍ക്കും  ഉള്ള സാമാന്യതത്വങ്ങളെ തനതായ രീതിയില്‍ പരിചയപ്പെടുത്തുന്നു . അമീഷ് തന്റെ രചനകളില്‍ പ്രയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് ആനന്ദുമിതില്‍ പിന്തുടരുന്നതെന്ന് കാണാം .
രാവണന്‍ തന്റെ ബന്ധു കൂടിയായ മഹാബലിയെ കാണുന്നതും അസുരന്‍മാര്‍ക്ക് എന്താണ് ശരിക്കും സംഭവിച്ചു പോരുന്നതെന്നും എന്തുകൊണ്ടാണ് അസുരവംശം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രത്യേകിച്ചും ദേവന്‍ മാര്‍ക്ക് മുന്നില്‍ ക്രൂരന്‍മാര്‍ ആകുന്നതെന്നും പുരോഹിതന്മാര്‍ അഥവാ ബ്രാഹ്മണര്‍ എന്താണ് സമൂഹത്തില്‍ ചെയ്യുന്നതെന്നും ഒക്കെയുള്ള വ്യക്തമായ ചിത്രങള്‍ ഇതില്‍ കാണാം . വിഭീഷണന്‍ എങ്ങനെയാണ് ലങ്കയുടെ അധിപന്‍ ആകുന്നതെന്നും രാമന്റെ സുഹൃത്ത് ആകുന്നതെന്നുമുള്ള             കാര്യങ്ങള്‍ പറയുന്നതു വളരെ പെട്ടെന്നു അത് ശരിയാണല്ലോ എന്ന്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ത്തന്നെയാണ് .
            ഒരു ഭരണാധികാരി എന്താകരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു മനോഹരകൃതിയായി ഇതിനെ വിശേഷിപ്പിക്കുവാന്‍ തോന്നിപ്പോകുന്നുണ്ട് . സാധാരണ മനുഷ്യനായിരുന്ന രാവണന്‍ , വെറും പട്ടിണിക്കാരനായ, ദരിദ്രനായ ആ ബാലന്‍ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് ഓരോന്നും കീഴ്പ്പെടുത്തുമ്പോഴും ,ഓരോന്നും കൈക്കലാക്കുമ്പോള്‍ അയാളില്‍ മാറി വരുന്ന ചിന്താഗതികളും സ്വഭാവമാറ്റങ്ങളും രാവണനിലൂടെ എഴുത്തുകാരന്‍ വ്യക്തമായി തുറന്നു കാട്ടുന്നു.ഭൂതകാലത്തിലെ ദാരിദ്രവും , ചെയ്തെന്ന് പറയപ്പെടുന്ന ജോലികളും വിളിച്ച് പറഞ്ഞു സാധാരണ ജനങ്ങളുടെ ഇടയില്‍ അവരുടെ മനസ്സ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അഭിനവ രാവണന്‍മാരെ കണ്‍മുന്നില്‍ കാണുമ്പോള്‍ തീര്‍ച്ചയായും രാവണ ചരിതം വളരെ കാലികമായ ഒരു വായന തരുന്നുണ്ട് . രാവണന്റെ ഭൃത്യനായി കടന്നു വരുന്ന ഭദ്രന്‍ കേരളത്തില്‍ നിന്നും പുറപ്പെട്ട് പോകുന്ന ഒരാള്‍ ആണ് . ദേവന്മാരുടെ ആക്രമണത്തില്‍ , അവര്‍ തന്റെ  കുട്ടിയെ കൊല്ലുന്നതും ഭാര്യയെ പിടിച്ചുകൊണ്ടു പോയി കൂട്ട മാനഭംഗത്തിനിരയാക്കുന്നതും കണ്ടു ദേവന്മാരോടു പക പോക്കാനായി ജീവിതകാലം മുഴുവന്‍ മാറ്റിവച്ച ഭദ്രന്‍, രാവണന്റെ മനസ്സിലേക്ക് കടന്നു വരുന്നതും പിന്നെ അയാളുടെ ജീവിതത്തില്‍ ഒരു ഭാഗമായി ഓരോ സന്ദര്‍ഭങ്ങളിലും കടന്നു വരികയോ സാക്ഷിയാവുകയോ ചെയ്യുന്നതും ആയ കാഴ്ചകളിലൂടെ ഭദ്രന്‍റെ കഥയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഈ നോവല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതില്‍ രണ്ടു നായകന്മാരെ കാണാന്‍ കഴിയും ,. രാവണന്‍ ,ഭദ്രന്‍. രാവണന്‍ അധികാരത്തിന്റെ മുഖം ആണെങ്കില്‍ ഭദ്രന്‍ ജനത്തിന്റെ അതും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാ ജനത്തിന്റെ പ്രതിനിധിയാണ് .രാവണന്‍ തന്റെ കൊട്ടാരത്തില്‍ സുഖ സമൃദ്ധിയില്‍ ജീവിക്കുമ്പോള്‍ ഭദ്രന്‍ ജീവിക്കുന്നതു ചെളി നിറഞ്ഞ, ഓവു ചാലുകള്‍ നിറഞ്ഞ കുപ്പയില്‍ ആണ് . അധികാരത്തിന്റെ നേര്‍ക്ക് അധകൃതജനതയുടെ ശബ്ദം പോലെ ഭദ്രന്‍ ചിലപ്പോഴൊക്കെ നാവ് പൊന്തിക്കാറുണ്ട് . അടിയും ചവിട്ടും കൊണ്ട് ഓടയില്‍ കിടന്നു കരയാറുണ്ട്.
രണ്ടു സംസ്കാരങ്ങളുടെ താരതമ്യ പഠനം കൂടിയാണ് ഈ നോവല്‍ . ദേവ ലോകത്തിലെ സ്ത്രീകളുടെ അവസ്ഥയെയും അസുരലോകത്തെ സ്ത്രീകളുടെ അവസ്ഥയെയും വളരെ മനോഹരമായി തന്നെ ഇതില്‍ പറയുന്നുണ്ട്. ചാതുര്‍വണ്യത്തിന്റെ കടന്നു വരവും അതിന്റെ ദോഷങ്ങളും , പൌരോഹത്യവും ശൈവരും വൈഷ്ണവരും തമ്മിലുള്ള മത്സരങ്ങളും ആചാരങ്ങളും മറ്റും ഒരു പഠനം നടത്തിയെന്ന പോലെ ഇതില് പറയാന്‍ ശ്രമിച്ചിട്ടുണ്ട് . മലയാളത്തിലെ ഏറ്റവും നല്ല വായനകളില്‍ ഒന്നായി ഇതിനെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു . എല്ലാം ശരിയാണ് എന്നും ഇതാണ് ചരിത്രം എന്നുമുള്ള ഒരു സമ്മതിപത്രം അല്ല ഇത് . പക്ഷേ കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രങ്ങള്‍ക്ക് പിറകിലോ അവയുടെ കാണാപ്പുറങ്ങളിലോ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും അത് ഒരു പക്ഷേ അന്വേഷിക്കുന്നവര്‍ക്ക് മാത്രം ഗോചരമാകുന്ന ഒന്നാണ് എന്നും ഓര്‍മ്മിപ്പിക്കാനായി ഈ നോവല്‍ ഒരു വായനയ്ക്ക് എടുക്കുന്നത് നല്ലതാകും. കാരണം ചരിത്രം വിജയിക്കുന്നവരുടെ മാത്രം ആകരുതു .അത് പരാജയപ്പെടുന്നവരുടെ കൂടിയാകണം . ഒരാള്‍ പരാജയപ്പെടാതെ ഒരാള്ക്കും വിജയി ആകാന്‍ കഴിയില്ല. ഒരാള്‍ പരാജയപ്പെട്ടത് എങ്ങനെ എന്നു പഠിക്കാതെ ഒരാള്ക്കും വിജയിയാകാനും കഴിയില്ല .  ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
http://thasrak.com/category/18/442
 

Thursday, July 11, 2019

ലോകോത്തരകഥകള്‍................ മാക്സിം ഗോര്‍ക്കി


ലോകോത്തരകഥകള്‍ (കഥകള്‍ )
മാക്സിം ഗോര്‍ക്കി
ഡി സി ബുക്സ്
വില: 99 രൂപ


കഥകള്‍ എഴുതുന്നവരെ, കഥ എങ്ങനെ എഴുതണം എന്ന് പഠിപ്പിക്കേണ്ടതുണ്ടോ? ഒരാള്‍ എഴുതിത്തുടങ്ങുന്നത് ഒരിക്കലും ഒന്നും വായിക്കാതെയാകില്ല എന്നുറപ്പ്. വായിച്ചു തുടങ്ങുമ്പോള്‍ ആണ് തന്നിലും നിറഞ്ഞിരിക്കുന്ന കഥകള്‍, കവിതകള്‍ ഒക്കെ അക്ഷരരൂപം പൂണ്ടു കാണാന്‍ അയാള്‍ ആഗ്രഹിക്കുക. എഴുതിത്തുടങ്ങുമ്പോള്‍ തനിവഴിയിലൂടെ പുതിയ ഒരു പാത തുറന്നു വിടാന്‍ കഴിയുന്നവര്‍ ചരിത്രത്തിന്റെ ഭാഗം ആകും. അനുകരണങ്ങളില്‍ കൂടി ആവര്‍ത്തന വിരസത നല്‍കുന്നവര്‍ ആള്‍ക്കൂട്ടത്തില്‍പ്പെടുകയും ആരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യും.  കഥകള്‍ എഴുതാന്‍ വായന അത്യന്താപേക്ഷിതമാണ്  എങ്കിലും പറഞ്ഞു പറഞ്ഞു പഴകിയ ആ വസ്തുത ഇവിടെ ഓര്‍മ്മിപ്പിക്കാതെ തുടരുക സാധ്യമല്ല തന്നെ. എഴുത്തുകാര്‍ ധാരാളം ഉണ്ട് പക്ഷേ, അവരില്‍ വായനക്കാര്‍ തുലോം കുറവാണ്. ഞങ്ങള്‍ എഴുതും അതെല്ലാവരും വായിക്കട്ടെ എന്നല്ലാതെ ഞങ്ങള്‍ നിങ്ങളെ വായിക്കുക കൂടി ചെയ്യും എന്നൊരു പ്രഖ്യാപനം അവരില്‍ നിന്നും ഉണ്ടാകുക പ്രതീക്ഷിക്കുക വയ്യ. അടുത്തിടെ കാണുന്ന പുസ്തക പ്രകാശനങ്ങളില്‍ ഉപയോഗിച്ച് കാണുന്ന ഒരു പ്രധാന വാക്യമാണ് പ്രശസ്ത എഴുത്തുകാരന്‍(രി). എവിടെയാണ് ഇവര്‍ പ്രശസ്തര്‍ എന്ന് ചോദിച്ചാല്‍ അവര്‍ അടങ്ങുന്ന അമ്പതോ നൂറോ പേരുള്ള ഏതെങ്കിലുമൊരു കൂട്ടായ്മയില്‍, അവരുടെ കൂട്ടുകാര്‍ക്കിടയില്‍ മാത്രമാണത് എന്ന് കാണാം. പിന്നെന്തുകൊണ്ടാകം അവര്‍ക്കത്‌ ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമായ എന്ന് പറയാന്‍ കഴിയാത്തത് എന്ന് അവര്‍ സ്വയം ചിന്തിക്കട്ടെ. പ്രശസ്തി കടന്നു വരിക അവരുടെ സംഭാവനകളുടെ മാഹാത്മ്യം കൊണ്ട് വായനക്കാരിലൂടെയാണ്. അത് ആര്‍ജ്ജിക്കാന്‍ വേണ്ട എഴുത്തുകള്‍ ആര് നല്കുന്നുവോ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും.
          മാക്സിം ഗോര്‍ക്കി വായനക്കാര്‍ക്ക് അപരിചിതനായ ഒരു എഴുത്തുകാരനല്ല. സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന മാക്സിം ഗോര്‍ക്കി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആയിരുന്നു. "അമ്മ" എന്ന ഒറ്റ കൃതികൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍! അദ്ദേഹത്തിന്റെ ചെറുകഥകള്‍ സമാഹരിച്ചു ഡി സി തങ്ങളുടെ ലോകോത്തര കഥകള്‍ എന്ന സീരീസില്‍ ഇറക്കുകയുണ്ടായി. “ഒരു മരിച്ച മനുഷ്യന്‍ , അവളുടെ കാമുകന്‍ , ഒരു മനുഷ്യ ജനനം, ഒരു ശരത്കാലരാത്രി ,നിലൂഷ്ക , ഇരുപത്താറാണുങ്ങളും ഒരു പെണ്ണും” എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥകള്‍. മനുഷ്യ ജീവിതത്തിന്റെ നിസ്സഹായതയും യാഥാര്‍ത്ഥ്യവും വളരെ മനോഹരമായി അവതരിപ്പിക്കുന്ന കഥകള്‍.
അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ റഷ്യയുടെ സാമൂഹ്യ സാമ്പത്തിക പരിസരങ്ങളെ വളരെ വേഗത്തില്‍ മനസ്സിലാക്കാൻ കഴിയുന്ന എഴുത്തുകള്‍ ആണ് ഓരോ കഥകളും. ഇതില്‍ വളരെ വേഗം മനസ്സില്‍ ഇടം പിടിക്കുന്ന ഒരു പ്രത്യേകത എന്താണ് എന്നുള്ളത് പറയാതെ ഈ കഥകളെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പ്രകൃതിയെ ഇത്ര മനോഹരമായി വര്‍ണ്ണിക്കുന്ന മറ്റു കഥകള്‍ വായിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നു. അടുത്തിടെ വായിച്ച രാമച്ചി , വാട്ടര്‍ ബോഡി , മീശ എന്നീ വായനകളില്‍ ഈ പ്രകൃതിയുടെ വരകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് മറച്ചു വയ്ക്കുന്നില്ല എങ്കിലും ഗോര്‍ക്കി ഉപയോഗിച്ചിരിക്കുന്ന ആ പ്രതലം, ആ വര്‍ണ്ണന അതിനെ വായിക്കുമ്പോള്‍ നാം ആ കാഴ്ചയെ ശരിക്കും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു അനുഭൂതി പകരുന്നു. കാലം എത്ര കഴിഞ്ഞിട്ടും ആ കാഴ്ചയെ അതുപോലെ തനിമയോടെ കാണുവാന്‍ , ഇത് അപരിചിതമായ ഒരു കാഴ്ച അല്ല എന്ന് തോന്നിപ്പിക്കുവാന്‍  എഴുത്തുകാരന് കഴിയുന്നുണ്ട്. തീര്‍ച്ചയായും  റിയലിസ്റ്റിക്കായ ഒരു എഴുത്ത് വഴി അദ്ദേഹം തുറന്നുതരികയാണുണ്ടായത്.
വഴിയരികില്‍, കുറ്റിക്കാട്ടില്‍ പ്രസവിക്കുന്ന നാടോടി പെണ്ണിന്റെ പ്രസവം എടുക്കുന്ന അപരിചിതനായ യുവാവ്. ഒരു മനുഷ്യ ജനനം എന്ന കഥയുടെ ആത്മാവ് ആ രണ്ടു പേരുടെ സംഭാഷണങ്ങളില്‍ കൂടി വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു തികച്ചും സ്വാഭാവികമായ ഒരു വസ്തുതയായി രണ്ടു മനുഷ്യരായി അവര്‍ക്ക് വായനക്കാരെ അഭിമുഖീകരിക്കാന്‍ കഴിയുന്നു. മരിച്ച മനുഷ്യന് മുന്നില്‍ ഒപ്പീസ് ചൊല്ലാന്‍ നിയുക്തനാകുന്ന ഊരുതെണ്ടി. തന്റെ മുന്നില്‍ വന്നെത്തുന്ന തികഞ്ഞ മദ്യപാനിയായ പുരോഹിതനുമായി പങ്കിടുന്നത് മതവും സാമൂഹ്യനീതിയും തമ്മിലുള്ള തികഞ്ഞ നിസ്സംഗതയും കാപട്യവും തന്നെയാണ്. ഇരുപത്താറാണുങ്ങള്‍ക്കിടയില്‍ നിത്യം വന്നിരുന്ന ആ പെണ്‍കുട്ടി. അവളുടെ നിര്‍മലമായ ഇടപെടലുകള്‍. അവരുമായി അവള്‍ക്കുണ്ടായിരുന്ന ഇഴയടുപ്പം. ഇടയിലേക്ക് വരുന്ന കാവല്‍ക്കാരന്‍. അയാളുടെ വലയില്‍ വീണു നശിക്കുന്ന ആ പെൺകുട്ടിയെ ഒടുവിൽ അവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാതെ വരുന്ന നിസ്സംഗമായ അവസ്ഥ. ജീവിതമൂല്യങ്ങളെ എങ്ങനെയാണ് സമൂഹം നെയ്തെടുക്കുകയും അവയെ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുന്നത് എന്ന് വെളിവാക്കുന്ന ഒരു കഥയാണത്. ഒറ്റപ്പെടലുകളുടെ ലോകത്ത് സ്വപ്നം നെയ്ത് ജീവിക്കുന്ന മനുഷ്യരുടെ മാനസികതലങ്ങളിലൂടെ യാത്ര ചെയ്യുന്ന കഥയാണ് അവളുടെ കാമുകന്‍. ഇല്ലാത്ത ഒരു കാമുകന് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കുകയും അവന്റെ മറുപടികള്‍ എന്ന രീതിയില്‍ അതിനു മറുകുറി എഴുതി വാങ്ങിക്കുകയും ചെയ്യുന്ന അവളെ ആ യുവാവിനു ആശ്ചര്യത്തോടെ മാത്രമേ നോക്കി കാണാന്‍ കഴിയുമായിരുന്നുള്ളൂ. പരുക്കന്‍ ജീവിത സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്തു ജീവിക്കുന്ന അവളുടെ ലോകം അയാള്‍ക്ക് മാത്രമല്ല വായനക്കാര്‍ക്കും തികച്ചും കൗതുകം നിറഞ്ഞതാണ്‌.  ഒരു ശരത്കാല രാത്രി വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിന്റെ ആവിഷ്കാരം ആണ് . വിശപ്പ്‌ കൊണ്ട് വലഞ്ഞ അയാളും കാമുകനോട് പിണങ്ങി വീട് വിട്ടിറങ്ങി വിശന്നു വലഞ്ഞു തണുത്ത രാത്രിയില്‍ നിരത്തിലെ ഒഴിഞ്ഞ കോണില്‍ അയാള്‍ കണ്ടെത്തുന്ന അവളും  ഒരു രാത്രി മുഴുവന്‍ ഒന്നിച്ചു തണുപ്പ് കൊള്ളുന്നു. അവര്‍ ഒരുമിച്ചു ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു . പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു തണുപ്പ് അകറ്റുന്നു. പ്രഭാതത്തില്‍ അവള്‍ പിണക്കം മാറി വീട്ടിലേക്കും അയാള്‍ തന്റെ യാത്രയും തുടരുന്നു. പിന്നെയും തെരുവുകളില്‍ അയാള്‍ അവളെ തേടുന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ മരിച്ചുവോ ജീവിച്ചിരിക്കുന്നുവോ എന്നറിയാതെ. ഈ കഥ വായിച്ചു തീരുമ്പോള്‍ പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ കഥയുടെ ഓര്‍മ്മ  എന്തുകൊണ്ടോ ഓര്‍മ്മ വന്നു. കടലോരത്ത് കണ്ടെത്തുന്ന പെണ്‍കുട്ടി. പരിചയപ്പെടുന്ന ആ കുട്ടി നിമിത്തം അയാള്‍ തന്റെ ആത്മഹത്യ  ഉപേക്ഷിക്കുന്നു. അയാള്‍ക്കൊപ്പം സിനിമ കാണാന്‍ കൂടെ പോകുന്ന ആ കുട്ടിയെ ഓര്‍മ്മിപ്പിച്ചു മറ്റൊരു പ്രതലത്തില്‍ ഇവിടെ ഈ അപരിചിതരും. കഥകള്‍ക്ക് പലപ്പോഴും  നൂറ്റാണ്ടുകള്‍ക്കപ്പുറം ഇപ്പുറം സാമ്യതകളും സാധ്യതകളും ഉടലെടുക്കുന്നതും  ഉരുവാകുന്നതും പലപ്പോഴും വായനകള്‍ നല്‍കുന്ന അപാരമായ കാഴ്ചകളില്‍ നിന്നാണല്ലോ.
തികച്ചും വായനക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കഥകള്‍. ഡി സി യുടെ സിലക്ഷന്‍ നല്ലതായിരുന്നു. നല്ലൊരു വായന തന്നതിനൊപ്പം കഥ എഴുതുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവയില്‍ ഉപയോഗിക്കാവുന്ന സങ്കേതങ്ങളും മനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന ഒരു പുസ്തകം എന്നീ നിലകളില്‍ സ്വാധീനം ചെലുത്തുന്ന ഒരു വായനയാണ് ഈ പുസ്തകം നല്‍കുന്നത് . ആശംസകളോടെ ബിജു.ജി.നാഥ് വര്‍ക്കല

 .