Sunday, October 30, 2022

ഡി എച്ച് ലോറന്‍സ് കഥകള്‍...........പരിഭാഷ: അനന്തപത്മനാഭന്‍

ഡി എച്ച് ലോറന്‍സ് കഥകള്‍ (കഥകള്‍)
പരിഭാഷ: അനന്തപത്മനാഭന്‍ 
പ്രസാധകര്‍ : ചിന്ത പബ്ലിക്കേഷന്‍സ് 



മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഉദ്യമം എല്ലാ പ്രസാധകരും ഏറ്റെടുക്കുന്ന ഒരു കര്‍ത്തവ്യമാണ്. അത് സാഹിത്യത്തിന് മുതല്‍ക്കൂട്ടുമാത്രമല്ല പുതിയ കാലത്തിന്റെ വായനയ്ക്ക് വഴികാട്ടിയുമാണ്. പ്രധാന പുസ്തക പ്രസാധകര്‍ ഒക്കെയും ഈ ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയും നോവല്‍, കഥകള്‍, കവിതകള്‍ പോലുള്ള ആംഗലേയ സാഹിത്യത്തിലെയും മലയാളം, ഇതര ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയിലെയും കൃതികള്‍ പരിഭാഷപ്പെടുത്തി വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. പരിഭാഷയില്‍ പ്രധാനമായും ഉണ്ടാകേണ്ടത് ഭാഷയോട്, ഇതിവൃത്തത്തോട് ക്ഷമയോടെ ഉള്ള നീതിപാലിക്കല്‍ ആണ്. സ്വന്തം പാടവം എന്നത് ഭാഷാ പ്രയോഗത്തിലും സാഹിത്യരചനയിലും ഒരുപോലെ ഓര്‍മ്മിക്കപ്പെടുന്ന വിധം ആകുന്നതാണ് വായനക്കാരെ ഇഷ്ടപ്പെടുവാന്‍ ഇടയാക്കുന്നവ. ചില തര്‍ജ്ജമകള്‍ പദാനുപദ പരിഭാഷകള്‍ ആകുകയും മൂലഭാഷയോട് താദാത്മ്യം പാലിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കൈവിട്ടുപോകുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ശരിക്കുപറഞ്ഞാല്‍ പരിഭാഷ എന്നത് മൂലകൃതിയെ അതുപോലെ പകര്‍ത്തലാകണമോ അതോ അതിന്റെ സത്തയില്‍ അതിന്റെ ഊര്‍ജ്ജം ഒട്ടും തന്നെ ചോരാതെ പുനര്‍നിര്‍മ്മിക്കല്‍ ആണോ വേണ്ടത് എന്നു ഒരു ചര്ച്ച വരേണ്ടിയിരിക്കുന്നു. ഉദാഹരണം പറഞ്ഞാല്‍ ഇന്ന് മലയാളത്തില്‍, ഒട്ടുമിക്ക അന്യഭാഷാസിനിമകളും ലഭ്യമാണ്. അവ പലപ്പോഴും മലയാളം സബ്ടൈറ്റില്‍ കൊണ്ടാണ് ലഭ്യമാക്കുന്നത്. ഇത്തരം സബ് ടൈറ്റിലുകള്‍, അല്ലെങ്കില്‍ മലയാളം ഡബ്ബ് ചിത്രങള്‍ കണ്ടാല്‍ ചിരിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടാകും? ഭാഷയെ അതുപോലെ തര്‍ജ്ജമ ചെയ്യുന്നതിന്റെ കുഴപ്പമാണത്. ഇതിലും ഭേദം ചിത്രം അതിന്റെ ശരിയായ ഭാഷയില്‍ കാണുകയും അറിയുകയും ചെയ്യുക എന്നതാണു എന്നു കരുതുന്നു. ആംഗലേയ സബ് ടൈറ്റിലുകള്‍ പ്രത്യേകിച്ചും വിദേശ സിനിമകളുടെ വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് എന്നത് മറച്ചു വയ്ക്കുന്നില്ല. 

  കഥകളുടെ കാര്യമാണ് പറഞ്ഞു വന്നത്. പഴയകാല എഴുത്തുകളുടെ സൗന്ദര്യം വായിച്ചറിയുവാന്‍ മൂലഭാഷ അറിയാത്തവര്‍ക്ക് ഉപയോഗപ്രദം ആകുന്നവിധം പ്രശസ്ത പ്രസാധകര്‍ എല്ലാം തന്നെ മൂല്യമുള്ള പരിഭാഷകള്‍ ഇറക്കുന്നുണ്ട്. ഇത്തരം ഒരു പരിഭാഷയാണ് ‘ചിന്ത പബ്ലിക്കേഷന്‍സ്’ പുറത്തിറക്കിയ “ഡി. എച്ച്. ലോറന്‍സിന്റെ കഥകള്‍”. ‘ക്രിസാന്തമം പൂക്കള്‍’, ‘പ്രഷ്യന്‍ ഓഫീസര്‍’, ‘വസന്തത്തിന്റെ നിഴലുകള്‍’, ‘പനിനീര്‍ത്തോട്ടത്തിലെ നിഴലുകള്‍’ എന്നിങ്ങനെ നാലു കഥകള്‍ ആണ് ഈ ചെറിയ പുസ്തകത്തില്‍ ഉള്ളത്. വളരെ മനോഹരങ്ങളായ നാലു കഥകള്‍. ഡി.എച്ച്.ലോറന്‍സിന്റെ കഥകളില്‍ പൊതുവേ കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണ് പ്രകൃതിയും മനുഷ്യരും ആയുള്ള അഭേദ്യബന്ധത്തിന്റെ നിഴലുകള്‍. ഓരോ രംഗങ്ങളും വായനക്കാരന് അനുഭവ വേദ്യമാകുന്ന രീതിയില്‍ ആണ് അദ്ദേഹം പ്രയോഗിക്കാറുള്ളത്. വിഷയങ്ങളുടെ വൈവിധ്യവും അവതരണത്തിലെ സൂക്ഷ്മതയും കൊണ്ട് ഓരോ കഥകളും വായനക്കാരന്‍ വായിച്ചുപോകുകയല്ല മറിച്ച് അവനതില്‍ ജീവിക്കുകയാണ് എന്നുതോന്നും. കൽക്കരിയിലോടുന്ന ട്രെയിനും ,റെയിൽവേ സ്റ്റേഷനും മനുഷ്യരും ക്രിസാന്തമം പൂക്കളുടെ നിറവും ഒക്കെ കഥയുടെ വായനക്ക് ശേഷവും വായനക്കാരനെ പിന്തുടരുന്നത് എഴുത്തുകാരൻ്റെ മഹിമയാണ്. മരണപ്പെട്ട ഭർത്താവിനെ ഭാര്യയും അയാളുടെ അമ്മയും ചേർന്ന് അന്ത്യയാത്രയ്ക്കൊരുക്കുന്ന രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായ രീതിയിലാണ് അവതരിപ്പിക്കുന്നത് ! മരണത്തിൻ്റെ ഗന്ധവും മനുഷ്യരുടെ ചിന്തകളും സന്നിവേശിക്കപ്പെടുന്ന മായാജാലം. അതുപോലെ തന്നെയാണ് പ്രണയത്തിൻ്റെ പരുക്കൻ മുഖങ്ങളുടെ അവതരണത്തിലും കാണാനാവുക. ഒന്നിനൊന്ന് വ്യത്യസ്ഥതയും സൗന്ദര്യവുമുള്ള നാലു കഥകൾ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും കഥയുടെ ആസ്വാദകർക്ക് ഇഷ്ടപ്പെടും. തർജ്ജമയുടെ ചില ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ഭാഷ നന്നായി ഉപയോഗിച്ചു എന്നു കാണാം. ആശംസകളോടെ ബിജു ജി.നാഥ്

Friday, October 21, 2022

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാര

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാരം പ്രവാസം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള പ്രവാസം ആരംഭിച്ചത് ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങളില്‍ നിന്നും അതിജീവനത്തിന്റെ പിടച്ചില്‍ സംഭവിച്ച കാലത്താണ് . അന്നത്തെ സാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രവാസം തുടങ്ങിയവര്‍ക്ക് മുന്നില്‍ കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു . നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയത്തിന് സമീപം പോലും എത്താതെ മരിച്ചു വീണ ഒരു വലിയ വിഭാഗത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ പ്രവാസമുഖം. കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ട് പരിമിതങ്ങളിലും പരിമിതങ്ങളായ സാഹചര്യങ്ങളില്‍ , സൗകര്യങ്ങളുടെ ഒരു പര്യാപ്തതയും ഇല്ലായിരുന്ന അവസ്ഥകളില്‍ ഇരുന്നുകൊണ്ട് അന്നത്തെ തൊഴില്‍ അന്വേഷകര്‍ തങ്ങളുടെ ഭൂമിക പടുത്തുയര്‍ത്തുക ഉണ്ടായി. കടമ്പകള്‍ ആദ്യകാല പ്രവാസികള്‍ അനുഭവിച്ച പ്രധാന ബുദ്ധിമുട്ടുകള്‍ എന്തായിരുന്നു എന്നൊന്ന് പരിശോധിച്ച് നോക്കാം. ആദ്യവിഷയം യാത്രയുടെ ബുദ്ധിമുട്ട് തന്നെയായിരുന്നു. കടല്‍ കടന്നു അന്ന് മരുഭൂമിയില്‍ എത്താന്‍ ആശ്രയമായത് ഉരുക്കള്‍ ആയിരുന്നു. ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തു വരുന്നവരില്‍ എത്രപേര്‍ ആരോഗ്യത്തോടെ , ജീവനോടെ മറുകരയില്‍ എത്തിച്ചേരുന്നു എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. ഇനി എത്തിച്ചേരുന്നവര്‍ക്കോ, ഒരു തൊഴില്‍ കണ്ടെത്തുന്നതും അവര്‍ക്ക് നിലനില്പ് ലഭിക്കുന്നതും താമസ സൗകര്യങ്ങള്‍ ലഭിക്കുന്നതും മറ്റൊരു വലിയ പ്രശ്നം. കേരളത്തിന്റെ മനോഹരമായ കാലാവസ്ഥയില്‍ നിന്നും, അതി ശൈത്യവും അത്യുഷ്ണവും നിറഞ്ഞ കാലാവസ്ഥയില്‍ , പൊടിക്കാറ്റില്‍ പ്രവാസത്തിന്റെ പുതിയ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു അവര്‍. വിശാലമായ മരുഭൂമികളും , പുരാതന കെട്ടിടങ്ങളും , കുടിവെള്ളം പോലും വില പിടിച്ചതുമായ ഒരു ലോകത്താണ് അവര്‍ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത്. എണ്ണപ്പണം വാരാന്‍ അന്ന് വന്നവരില്‍ വിദ്യാഭ്യാസം ഉള്ളവരുടെ സംഖ്യ തുലോം വിരളമായിരുന്നു എന്ന് മാത്രമല്ല തൊഴില്‍പരിശീലനം ഉള്ളവരും തീരെക്കുറവായിരുന്നു. തൊഴില്‍ ചൂക്ഷണം എന്നത് വളരെ വലിയ തോതില്‍ ബാധിച്ച ഒരു സമൂഹമായി പ്രവാസികള്‍ ദുരിതമനുഭവിക്കേണ്ടി വന്നു ആ കാലത്ത്. ഇതൊക്കെ സഹിച്ചും അവര്‍ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം ജീവിതങ്ങളെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അദ്ധ്വാനിക്കുകയും കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഗൃഹാതുരത ഒരേ കടലിനിരുപുറം പരസ്പരം സമ്പര്‍ക്കമില്ലാതെ കഴിഞ്ഞുകൂടിയവര്‍ ആയിരുന്നു അവര്‍. കത്തുകള്‍ എഴുതി അത് അയക്കാനും മറുപടിക്ക് വേണ്ടി കാത്തിരിക്കാനും പ്രവാസി കാണിച്ച ക്ഷമയോളം വരില്ല ഒരു സഹനവും. നാട്ടില്‍ നിന്നും പുതിയതായി വരുന്ന ഓരോ മനുഷ്യരും അവര്‍ക്ക് വിശിഷ്ട അതിഥികള്‍ ആയിരുന്നു. മരുഭൂമി മുഖം മാറി. മാറ്റിയതാണ് ശരി എന്ന് പറയാം. പ്രവാസത്തിന്റെ ആദ്യകാലക്കാരുടെ ചോരയും നീരും കണ്ണീരും വീണു മരുഭൂമി പച്ചപിടിച്ചു. സാഹിത്യപരമായും സാംസ്കാരികപരമായും നാടിന്റെ ഓര്‍മ്മകളും , നഷ്ടപ്പെട്ട സന്തോഷങ്ങളും കുറേശ്ശെയായി പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആകുകയും വായനയും എഴുത്തും പോലുള്ള സര്‍ഗ്ഗാത്മകതയ്ക്ക് വളര്‍ച്ച നല്‍കുകയും ചെയ്തു തുടങ്ങി. രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും മതിയായ പരിചരണങ്ങളും ലഭ്യമാകാതെയും, കുടുംബത്തിന്റെ ചിന്തയും,ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥയുടെ വേദനയും നല്‍കിയ മാനസിക പ്രശ്നങ്ങളും സന്തത സഹചാരിയായിരുന്നു അവര്‍ക്ക്. മരണമടഞ്ഞാല്‍ പോലും മാസങ്ങളോളം മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കുകയും ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടുക്കുകയും ചെയ്യുന്ന ഒരു സംഗതി ആയിരുന്നു പ്രവാസി. നവകലാ പ്രവാസം അഥവാ രണ്ടാം തലമുറയുടെ പ്രവാസം പ്രവാസത്തിലെ പുതുമുറക്കാര്‍ക്ക് അജ്ഞാതമായതോ, കഥകളിലും സിനിമകളിലും കൂടി അറിഞ്ഞിട്ടുള്ളതോ ആയ ഒന്നാണ് മുന്‍ഗാമികളുടെ അതിജീവനത്തിന്റെ നേരുകള്‍. അവര്‍ കടന്നു വന്നത് അംബരചുംബികള്‍ ആയ കെട്ടിടങ്ങളും സുഖ ശീതോക്ഷ്ണങ്ങളുടെ ഓഫീസ് സമുച്ചയങ്ങളിലേക്കും ആണ് . അവരില്‍ കൂടിയ വിഭാഗവും തങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ ഈ പച്ചപ്പുകള്‍ സൃഷ്ടിക്കാന്‍ ചോര നീരാക്കിയ പണത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികള്‍ ചവിട്ടി വന്നവര്‍ ആയിരുന്നു . സുഖസൗകര്യങ്ങളുടെ നല്ല ചുറ്റുപാടുകളില്‍ അവര്‍ക്ക് ജീവിതം ആഘോഷം മാത്രമാകുന്നു. ജീവിക്കാന്‍ ഒരു ജോലി. ചിലവഴിക്കാന്‍ പണം. ഇതിനു വേണ്ടുന്ന വിദ്യാഭ്യാസം , കഴിവ് എന്നിവ അവര്‍ക്കുണ്ടായിരുന്നു. അവരുടെ മുന്നില്‍ അവസരങ്ങള്‍ തുറന്നു കിടന്നു. സഞ്ചരിക്കാന്‍ വാഹനം , വാഹന സൗകര്യം, താമസിക്കാന്‍ കുറ്റമില്ലാത്ത ക്യാമ്പുകള്‍ അല്ലെങ്കില്‍ ബാച്ചിലര്‍ അക്കോമഡേഷനുകള്‍, വിവരസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ ഇവയൊക്കെയും അവര്‍ക്ക് സ്വന്തം. വളരെ ചെലവ് കുറഞ്ഞ വിമാനയാത്രകളും, കുടുംബത്തെ കൂടെക്കൊണ്ട് വന്നു താമസിപ്പിക്കാന്‍ ഉള്ള സൗകര്യങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ഒക്കെ പറിച്ചു നടലിന്റെ വ്യാപ്തിയും വേഗതയും വര്‍ദ്ധിപ്പിച്ചു. കൂട്ടായ്മകളും സാഹിത്യവും സാംസ്കാരികവുമായ ഒത്തുചേരലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയ രക്ത ദാനം പോലുള്ള സേവനസംഘടനകളും ഒക്കെയായി പ്രവാസത്തില്‍ നാടിന്റെ സ്പന്ദനം കൊണ്ട് വരികയും, ദുഃഖം എന്ന സംഗതികള്‍ക്ക് അപ്പുറം സന്തോഷം സമാധാനം എന്നൊരു തലത്തിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിടുകയം ചെയ്തവര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന തൊഴിലാളികള്‍ പോലും പഴയ തൊഴിലാളികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അധികവും അനുഭവിക്കേണ്ടി വരുന്നവര്‍ അല്ല. താമസവും ഭക്ഷണവും യാത്രയും തൊഴില്‍ ഇടങ്ങളിലെ സുരക്ഷിതത്വവും അവന്റെ ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്തി നിര്‍ത്തുകയും നിയമങ്ങള്‍ അവനു വേണ്ടത്ര പരിരക്ഷ നല്‍കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം നാട് കാണാന്‍ വിധിക്കപ്പെട്ടവന്‍ എന്ന പേരുദോഷം ഇന്നില്ല. രണ്ടു വര്ഷം കഴിഞ്ഞാല്‍ നിര്‍ബന്ധമായും നാട്ടില്‍ പോകണം എന്ന നിയമവും തൊഴില്‍ കരാറുകള്‍ രണ്ടു വര്‍ഷമോ ഒരു വര്‍ഷമോ ആയി പരിമിതപ്പെടുത്തലും അവനു ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവിദഗ്ധ തൊഴിലാളികളില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എന്നൊരു നിലയിലേക്ക് ഉയരുകയും കേരളത്തിന്റെ വരുമാനത്തില്‍ പത്തൊന്‍പത് ശതമാനത്തില്‍ അധികം വരവുകളും സംഭാവന ചെയ്യുന്ന ഒരു പൊതു ഘടകവും ആയി പ്രവാസം മാറുകയും അധികാര വര്‍ഗ്ഗം പ്രവാസിയുടെ ക്ഷേമം അറിയാനും സഹായിക്കാനും അവനെ തിരഞ്ഞു പ്രവാസത്തിലേക്ക് വരാനും കഴിയുന്ന തലം ആയി മാറി പ്രവാസം. നാടിന്റെ വിദ്യാഭ്യാസ , സാംസ്കാരിക , ആരോഗ്യ , മാനവിക തലങ്ങളില്‍ പ്രവാസിയുടെ അക്ഷയപാത്രം തുറന്നു വന്നത് പുതിയ കാല പ്രവാസത്തിന്റെ പ്രത്യേകതയാണ്. നാടിനേക്കാള്‍ നേരത്തെ നാടിന്റെ പ്രശ്നങ്ങള്‍ അറിഞ്ഞു പ്രതികരിക്കുകയും നാടിന്റെ സ്പന്ദനങ്ങള്‍ വളരെ വേഗം അറിഞ്ഞു പ്രതികരിക്കുകയും ചെയ്യുന്ന തലത്തില്‍ എത്തി നില്‍ക്കുന്ന പ്രവാസികളുടെ പുതിയ തലമുറ പ്രതീക്ഷകളുടെ കൂടിയാണ്. വര്‍ദ്ധിച്ചു വരുന്ന സ്വദേശിവത്കരണവും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും പക്ഷെ പ്രവാസത്തിന്റെ മേല്‍ വീഴുന്ന കാര്‍മേഘം ആണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. ബിജു.ജി.നാഥ് വര്‍ക്കല

Wednesday, October 19, 2022

ശബ്ദമൗനങ്ങൾ

.ശബ്ദമൗനങ്ങൾ.
.................................
ഞാൻ യാത്രയിലാണ്
നിൻ്റെ പ്രണയ ഞരമ്പുകളിലൂടെ 
നിന്റെ ഹൃദയത്തിലേക്ക്.
ഞാൻ യാത്രയിലാണ് 
നിൻ്റെ മിഴി വരമ്പുകളിലൂടെ 
നിൻ്റെ കരളിലേക്ക്.
ഞാൻ യാത്രയിലാണ് 
നിൻ്റെ അധരങ്ങളിലൂടെ
നിൻ്റെ മനസ്സിലേക്ക്.
എവിടെയോ നഷ്ടപ്പെട്ടു പോയ
എന്നെ എനിക്ക് വീണ്ടെടുക്കണം.
തുലാമാസ രാവുകളിലെ 
ഇരുണ്ട മഴച്ചാലുകൾ നീന്തിക്കടന്ന്
നിൻ്റെ പ്രണയത്തിൻ്റെ ഉപ്പുരസം രുചിക്കണം.
ഞാൻ മരിച്ചു പോയെന്ന് ലോകം 
നിന്നോട് പറയുമ്പോൾ
നീ എന്നെ ഓർക്കുന്നുവെന്നും
ഞാൻ നിന്നിൽ മരിച്ചിട്ടില്ലെന്നും 
സാക്ഷ്യം പറയാൻ 
എന്താണ് ഞാൻ വിട്ടുനൽകേണ്ടത്....
ഞാൻ ഏകനാണെന്ന് 
നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞതല്ലേ ......
@ബിജു ജി.നാഥ്

Sunday, October 16, 2022

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ
......................................................................
ചന്ദനപ്പൊട്ടൊന്നെന്റെ നെറ്റിയിൽ ചാർത്തിത്തരുമോ നീ... 
ചന്തമേറുന്നീടുമാ വിരൽത്തുമ്പു കൊണ്ടെൻ പെണ്ണേ.
ജനിതകരേഖയിൽ പടർന്നും,പങ്കുവച്ചും 
പരമ്പരയായി പിന്തുടരും മരണമേ!
ഒരാലിംഗനത്തിൻ ഊഷ്മളത മോഹിക്കും 
എന്നിലേക്കെന്നു നിൻ പ്രണയമിഴി വഴുതി വീഴും. 

എന്തിനായ് ഞാനെന്റെ നോവും മനസ്സിനെ
ചന്ദ്രനിൽ നിന്നങ്ങടർത്തി മാറ്റി. 
എന്തിനെൻ ഹൃത്തിലെ ചെമ്പനീർപ്പൂവിന്റെ 
ഇതളുകൾ ഞാനിന്നുതിർത്തെടുത്തു.
ഒട്ടും പരിക്കുകൾ പറ്റാതെ മുറ്റത്തിൻ 
കോണിൽ വിരിഞ്ഞൊരു പാരിജാതം 
കൺനിറച്ചെന്നെ നോക്കി വിതുമ്പുമ്പോൾ
കൈവിറയ്ക്കാതെങ്ങനെ നുളളിടും ഞാൻ. 

ഇനിയെന്റെ രസനയിൽ നീ പകർന്നീടുക 
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ. 
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം 
പ്രണയചിത്തത്തിലെന്നറിഞ്ഞീടുക.

ഒരു കാലമുണ്ടാം നമുക്കായി വീണുപോം 
ഇലകൾക്കു പറയുവാൻ കഥകളായ്. 
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട് 
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.

ആരാണ് ഞാൻ നിനക്കെന്നാരായും പകലോന്റെ 
ആളുന്ന തീക്കൈ തട്ടി നീക്കുന്ന പൂവിനെ കാൺവൂ. 
അറിയില്ല ഇനിയും നിനക്കെന്നാലെന്തിനായ് നില്പു നീ 
കുനിയും മുഖാംബുജമൊഴിഞ്ഞ കണ്ണീർ വാക്കാൽ. 

പ്രിയങ്ങളിൽ നിന്നൊക്കെയങ്ങകലേക്ക് 
പറയാതെ പോകുന്ന കാലം വരുമ്പോൾ 
വരും ചിലരൊക്കെയെങ്കിലും മൗനം
ഒരു നോക്കിനന്ത്യ സൗരഭ്യം നല്കുവാൻ. 
ഉറപ്പിച്ചു പോകും തിരിച്ചിനി വരില്ലെന്നും 
മുള്ളുകൾ തറപ്പിച്ച് വേദനിപ്പിക്കില്ലെന്നും. 
സംശയങ്ങൾ കൊണ്ട് കെട്ടുന്ന വേലികൾ, 
വാക്ശരം കൊണ്ടു കീറുന്ന ഹൃദയവും 
ഓർമ്മയാവുന്നെന്ന വാസ്തവം ഉറപ്പിച്ചു 
യാത്രയാക്കാനിനി സ്വാഗതമരുളട്ടെ.

നീയെനിക്കാരാണെന്ന ചോദ്യത്തിനുത്തരം
തേടി ഞാൻ വെടിയുന്നു നിദ്ര, പിന്നെ
നിന്നെത്തിരയുന്നു ഞാനന്തരാളത്തിൽ .
നിൻ മുഖം മാത്രം പതിയാത്ത ഹൃത്തടം 
ഇല്ല നിനക്കൊരു പേരും വിലാസവും.

ഇല്ല നീയെന്നിൽ നിന്നെത്ര ദൂരത്താണ്..
കണ്ടു നിൽക്കാനാകാത്തത്രയും ദൂരത്തിൽ 
കാണുന്നു ഞാൻ നിൻ നിഴലിനെ മാത്രമോ.
ക്ഷണികമെങ്കിലും നീ നല്കുമോർമ്മതൻ 
മധുരമൊന്നു നുകർന്ന് പോകട്ടെ ഞാൻ.
@ബിജു ജി.നാഥ്

Monday, October 10, 2022

കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ....... ലൈലാബീവി മങ്കൊമ്പ്

കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ (നോവൽ)
ലൈലാബീവി മങ്കൊമ്പ്
തുളുനാട് ബുക്സ്
വില: ₹ 60.00



ഒരാൾ ഒരു സമൂഹജീവിയാണ് എന്നു പറയാൻ കഴിയുന്നത്, ആ വ്യക്തിക്ക് സമൂഹത്തോട് എന്തെങ്കിലും ബാധ്യത ഉണ്ടാകുമ്പോൾ മാത്രമാണ്. സ്വന്തം ജീവിതത്തിനു മാത്രം പ്രാധാന്യം കൊടുക്കുകയും ലോകം മുഴുവൻ അതിനായി പ്രവർത്തിക്കുകയും വേണം എന്നു ചിന്തിക്കുന്ന സമൂഹമായി മാറുന്ന കാലമാണ് ഇന്നത്തേത്. ഓരോ എഴുത്തുകാരൻ്റെയും ധർമ്മം സമൂഹനന്മയാണ് . അതവൻ തൻ്റെ കഴിവു കൊണ്ട് , ഒരു വരി കൊണ്ടോ വാക്കു കൊണ്ടോ അടയാളപ്പെടുത്തുക തന്നെ വേണം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളരെയധികമൊന്നും സമൂഹത്തിലില്ല. അതിനാൽത്തന്നെ അധ്യാപികയും എഴുത്തുകാരിയുമായ ലൈലാബീവി മങ്കൊമ്പിനെ ക്കുറിച്ചു പറയാതെ അവരുടെ ഈ നോവലിനെക്കുറിച്ചു പറയുന്നത് ശരിയാകുകയില്ല എന്ന് കരുതുന്നു. ഫേസ്ബുക്ക് മീഡിയത്തിലൂടെ സാമൂഹിക വിഷയങ്ങളിൽ വളരെ സജീവമായി പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് ഈ അധ്യാപിക. ഫേസ്ബുക്കിന് പുറത്ത് അവരുടെ പ്രതിക്ഷേധസ്വരം വ്യാപിക്കുന്നതും കാണാനാകും. സ്ത്രീധന നിരോധനത്തിനെതിരെ ലൈലാബീവിയുടെ പ്രവർത്തനം ഏറെപ്പേർക്കും സുപരിചിതമായിരിക്കും. യാത്രാവേളകളിലും, സ്കൂളിലും , തന്നെത്തേടി വരുന്ന കത്തുകളിലൂടെയും മറ്റും ടീച്ചർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ, തൻ്റേതായ ഭാഷയിൽ ലൈലാബീവി അവതരിപ്പിക്കുകയും ഒപ്പം തന്നെ സ്വന്തം അഭിപ്രായങ്ങൾ മടി കൂടാതെ വിളിച്ചു പറയുകയും ചെയ്യാറുണ്ട്. 

ലൈലാബീവിയുടെ " കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ" എന്ന നോവലിൻ്റെ രണ്ടാം പതിപ്പാണ് ഞാൻ വായനക്കായി തിരഞ്ഞെടുത്തതിന്ന്. വളരെ ചെറിയ ഒരു നോവലാണിത്. വളരെ വേഗം വായിച്ചു തീർക്കാൻ കഴിയുന്ന ഒന്ന്. ലളിതവും, ഒഴുക്കുള്ളതുമായ ഭാഷയിൽ മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം വരച്ചിടുകയാണ് ഈ നോവലിൽ. ജാനകിയെന്ന ബ്രാഹ്മണ സ്ത്രീയുടെയും അവരുടെ മകൾ രേവതിയുടെയും ചെറുമകൾ അശ്വതിയുടെയും ജീവിത കഥയാണിത്. ദാരിദ്ര്യവും ഭർതൃവിരഹവും ജീവിതഭാരവും കൊണ്ടു വലഞ്ഞ ജാനകിത്തമ്പുരാട്ടി പാടത്തും പറമ്പിലും പണിയെടുത്ത് ഒറ്റക്ക് മൂന്നു മക്കളെ വളർത്തിയെടുക്കുന്നതും രണ്ടാമത്തെ മകൾ രേവതി പഠിച്ച് സ്കൂൾ അധ്യാപികയാകുന്നതും അവൾടെ മകളെ പഠിപ്പിച്ച് കളക്ടർ ആക്കുന്നതും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. പട്ടിണിയും തകർച്ചയും നേരിടുന്ന ബ്രാഹ്മണ്യം , കുടുംബം നയിക്കാൻ ഒറ്റക്ക് നേരിടുന്ന സ്ത്രീശക്തി, വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ, മതേതരത്വം, സഹവർത്തിത്വം , നന്മ , ജീവകാരുണ്യം തുടങ്ങിയ സംഗതികളെ ഒന്നിപ്പിച്ചു നിർത്തി പറയുന്ന ഒരു കുഞ്ഞു നോവൽ. 

ഒരുപാടു പറയാനുള്ള ഒരാൾ ഉണ്ടെന്ന് സങ്കല്പിക്കുക. എല്ലാം അയാൾക്ക് പറയണം എന്ന നിർബന്ധം കൂടി ഉണ്ടെങ്കിലോ. തനിക്ക് പറയാനുള്ളത് വാരിവലിച്ചു പറഞ്ഞകലുക എന്നതിനപ്പുറം, ഒരു കഥ പറച്ചിൽ ചട്ടക്കൂടോ പരമ്പരാഗത എഴുത്തു സമ്പ്രദായങ്ങളുടെ പക്വത തേടലോ ലൈലാബീവിയെ അലോസരപ്പെടുത്തുന്നതായി തോന്നിയില്ല വായനയിൽ. കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെ വിളിച്ചു പറയാൻ ഒരു മാധ്യമം മാത്രമാണ് ലൈലാബീവിക്ക് ഈ നോവൽ പ്രതലം എന്നു കരുതാം. ഒരു ഡോക്യുമെൻ്ററിയുടെ തിരക്കഥ പോലെ ചിതറിക്കിടക്കുന ചിത്രങ്ങൾ ചേർത്തു പിടിച്ചു വായനക്കാർ സംതൃപ്തരാകുക എന്ന നയമാണ് എഴുത്തുകാരി അനുവർത്തിച്ചിരിക്കുന്നത്. രണ്ടുപേർ ഒരു യാത്രയിലാണെന്ന് കരുതുക. യാത്രക്കിടയിൽ ഒരാൾ മറ്റൊരാളോട് ഒരു കഥ പറയുന്നു എന്നും. തീർച്ചയായും ആ ഒരു ഫീലിൻ്റെ വായനാനുഭവം ലൈലാബീവി ഈ നോവലിലൂടെ പങ്കു വയ്ക്കുന്നു എന്നു കരുതാം. ആശംസകളോടെ ബിജു ജി.നാഥ്



Thursday, October 6, 2022

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍ 
--------------------------------------------
നോക്കൂ 
അതൊരു രാജ്യമാണ് . 
സ്നേഹത്തിന്റെ വസന്തങ്ങള്‍ പെയ്തൊഴിയാതെ നില്‍ക്കുന്ന 
സ്വതന്ത്ര രാജ്യം.
പ്രജാക്ഷേമതത്പരനായ രാജാവും 
മന്ത്രി പുംഗവന്മാരാലും സമ്പുഷ്ടമായ രാജ്യം . 
നിങ്ങള്‍ക്കതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. 
നക്ഷത്രങ്ങള്‍ ഗോചരമാകുന്ന 
നനുത്ത പൗര്‍ണ്ണമി രാവുകള്‍ എന്നോ, 
ഇരുണ്ട തിരശ്ശീലയില്‍ ചിത്രപ്പണികള്‍ ചെയ്ത വാനമെന്നോ...
ഇടയിലെപ്പോഴോ ഒക്കെ നിങ്ങളവിടെ
കൊള്ളിമീനുകള്‍ കണ്ടേയ്ക്കാം . 
പുറത്തു പറയരുതേ എന്നു പ്രായമായവര്‍ ഉപദേശിച്ചേക്കാം . 
പാല്‍നിലാവ് നിറഞ്ഞ രാവുകള്‍ മാത്രമല്ല 
കൊടുംവേനലിന്റെ പകലുകളും 
വറ്റി വരണ്ട പുഴകളുടെ രോദനവും 
നഗ്നയായ ഭൂമിയുടെ മുലകള്‍ പോലെ കുന്നുകളും 
പെറ്റവയറിന്റെ പാടുകള്‍ പോലെ 
വീണ്ടുകീറിയ പാടങ്ങളും കണ്ടേയ്ക്കാം . 
ഇടയിലെവിടെയൊക്കെയോ ചിലപ്പോഴൊക്കെ 
മരക്കൊമ്പുകളില്‍ ചിത്രശലഭങ്ങള്‍ തൂങ്ങിയാടിയേക്കാം. 
ഒഴിവാക്കലുകളുടെ ചതുരരംഗക്കളത്തില്‍ 
വെട്ടിവീഴ്ത്തപ്പെട്ടതോ 
തള്ളിയകറ്റപ്പെട്ടതോ ആയ കാലാളുകള്‍ ഉണ്ടായേക്കാം . 
ഒന്നിലും കണ്ണുകള്‍ തടയാതെ 
ആലസ്യമാണ്ട കണ്ണുകളുമായി 
ചിലപ്പോള്‍ ബുദ്ധിജീവി നാട്യങ്ങളെ മണത്തേക്കാം. 
അടിവസ്ത്രത്തിന്റെ ഉള്ളിലേക്കും,
ശൗചാലയത്തിനുള്ളിലും,
മൃതദേഹങ്ങളുടെ മുഖത്തേക്കും സൂം ചെയ്യപ്പെടുന്ന 
ക്യാമറക്കണ്ണുകളുമായി 
ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ കണ്ടേയ്ക്കാം . 
എങ്കിലും,
ഒന്നിലും പെടാതെ 
ഒന്നും അറിയാതെ 
സവാളയുടെയും ആട്ടയുടെയും 
വിലവിവരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച 
കുറച്ചു പേരെ നിങ്ങള്‍ കണ്ടേയ്ക്കും 
(അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും )
അവരാണ് ആ രാജ്യത്തിന്റെ നേടും തൂണുകള്‍ . 
അഞ്ചു വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം 
നവവധുവിന്റെ വേഷം ധരിക്കുന്നവര്‍.
അവരാണ് ആ രാജ്യത്തിന്റെ പ്രജകള്‍ .
(അവർക്കതറിയില്ലെങ്കിലും.) 
@ബിജു ജി. നാഥ്

Monday, October 3, 2022

ഇത്രമേൽ പ്രണയമേ നിന്നെ ഞാൻ പ്രണയിക്കുന്നു .!

ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു . 
------------------------------------------
ജീവിതമെന്‍റെ ശ്വാസനാളിയില്‍ കുരുങ്ങിയടരുമ്പോഴും 
ബന്ധങ്ങള്‍ എന്റെ ആത്മാവിനെപ്പോലും ഉരുക്കുമ്പോഴും 
കടമകള്‍ എന്റെ വഴിത്താര വേലികെട്ടിത്തിരിക്കുമ്പോഴും 
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!

യാത്രകള്‍ മുടങ്ങിപ്പോകുമീ ജീവിതപ്പാരാവാരത്തിലും 
ആശകള്‍ മറവിതന്നാഴങ്ങളില്‍ അമര്‍ത്തിവച്ചീടിലും  
കണ്ണുനീര്‍ മറയ്ക്കുവാന്‍ ചിരിയുടെ വര്‍ണ്ണക്കുടചൂടുകിലും  
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!

വാക്കുകള്‍ തന്‍ വരികള്‍ മറന്നു പതറിപ്പോകുമ്പോഴും 
വാഗ്ദാനങ്ങള്‍ ജലരേഖകള്‍ എന്നു പരിഹസിക്കുമ്പോഴും 
നോട്ടങ്ങള്‍ ഒക്കെയും വെറുപ്പിന്റെ മേലാടയണിയുമ്പോഴും
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു !

ഓര്‍മ്മയില്‍ സൂക്ഷിക്കുവാനടയാളം ശേഷിപ്പില്ലെങ്കിലും 
വഴികാട്ടിയായ് കാലത്തിനൊന്നും നല്‍കിയിട്ടില്ലെങ്കിലും 
ഹൃത്തില്‍ നീയേകിയ നോവുമധുരം നശിക്കാതിരിക്കിലും 
ഇത്രമേല്‍ പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു!
@ബിജു ജി നാഥ്

Saturday, October 1, 2022

ദൈവത്തിന്റെ ജാതി ...................ശോഭാലതിക

ദൈവത്തിന്റെ ജാതി (കഥകള്‍)
ശോഭാലതിക 
Quivive Text
വില : 110 രൂപ 


ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവ് വരണ്ടഹോ.
ഭീതിവേണ്ട തരികതെനിക്ക് നീ ..... 
(ചണ്ഡാല ഭീഷുകി .... കുമാരനാശാന്‍ )


  ജാതീയതയുടെ അഴുക്ക് പിടിച്ച നൂറ്റാണ്ടിന്റെ ശാപം പേറുന്ന ഒരു ജനതയാണ് നാം . നാം എന്നടക്കിപ്പറയാനുമാകില്ല. നമ്മില്‍ ചിലര്‍. ഒരേ രൂപം ഒരേ ജനുസ്സ് ഒരേ വിഭാഗം പക്ഷേ ജീവിതം പല വിധം . പരിണാമത്തിന്റെയും സംസ്കാരത്തിന്റെയും ആരംഭകാലത്തിന്റെ ഇടയിലെവിടെയൊക്കെയോ കടന്നു വന്ന മതങ്ങള്‍ ഒന്നുപോലും മനുഷ്യരെ തരം തിരിവുകളില്ലാതെ സ്നേഹിക്കാന്‍ പഠിപ്പിച്ചില്ല. ആധുനിക ലോകത്തും സങ്കരജാതികളായ മനുഷ്യരായി ജീവിക്കുന്ന സമൂഹമാണ് നാം . പേരുകള്‍ കൊണ്ടും തൊഴിലുകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ദൈവങ്ങള്‍ കൊണ്ടും ദേശങ്ങള്‍ കൊണ്ടും വിഭജിപ്പിക്കപ്പെട്ടവര്‍. ഗോത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറാത്ത ആധുനിക ഗോത്രമനുഷ്യര്‍!. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു പോലും ജാതികള്‍ പലതാണ് . മനുഷ്യര്‍ പലരാണ് . ഇന്ന് നാം ജീവിക്കുന്നതു ആധുനികതയുടെ കാലത്തിലല്ല തിരികെ നടക്കാന്‍ പ്രേരിപ്പിക്കുന്ന സംസ്കാരത്തിന്റെ അടിച്ചേല്‍പ്പിക്കലുകളില്‍ ആണ് . മനുസ്മൃതിയുടെ കാലം തിരികെ വരുന്നുവെന്ന ആശങ്കകളില്‍ ആണ് . എന്തുകൊണ്ടാണ് നമുക്കിങ്ങനെ സംഭവിക്കുന്നത്.? വിദ്യാഭ്യാസം കൊണ്ടും പ്രബുദ്ധത കൊണ്ടും ഏറെ മുന്നോക്കം നില്‍ക്കുന്ന ഒരു ജനതയാണ് നാം. പക്ഷേ നമുക്കിടയില്‍ വിഭജനം സംഭവിക്കുന്നത് നൂറ്റാണ്ടുകള്‍ കൈമാറി വരുന്ന ജാതിമത ചിന്തകള്‍ ആണെന്നത് എത്ര ലജ്ജാകരമായ വസ്തുതയാണ് . അവര്‍ ഇവര്‍ എന്ന വേര്‍തിരിവുകള്‍ ചിന്തകളില്‍ നിന്നും മാറുകയും നമ്മള്‍ ഒന്നെന്ന തോന്നല്‍ വരികയും ചെയ്യുക വളരെ അത്യാവശ്യമാണ്. ഒരു കാര്യം ശരിയാണ് നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തി വച്ചിരുന്ന ഒരു വിഭാഗം ജനത, പൊതുധാരയില്‍ കടന്നു വരുമ്പോള്‍, തലമുറകള്‍ കൈമാറി വന്ന വിധേയത്വം എന്ന കളയെ പറിച്ചു കളയാന്‍ അവര്‍ ശ്രമിക്കുമ്പോള്‍,അവരുടെ ഇടപെടലുകളെ ജാള്യതയോ നിസ്സഹായതയോ ഒക്കെയായിട്ടാണ് സമൂഹത്തിനു അനുഭവപ്പെടുക. ഇതിന് കാരണം നിങ്ങളോര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്നുള്ള ഒരു ബോധം അബോധമനസ്സില്‍ ഉണ്ടാകുന്നതുകൊണ്ടാകാം. അതിജീവനം എന്ന വാക്കില്‍ അതിനെ കോര്‍ത്തിടാം. ഒരേ ബഞ്ചില്‍ ഇരിക്കാനോ ഒരേ പാഠം പഠിക്കാനോ കഴിയാതെ പോയവര്‍ ഇന്ന് ഒരേ പാഠം പഠിക്കുകയും ഒരേ ബഞ്ചില്‍ ഇരിക്കുകയും ഒരേ ഭക്ഷണം കഴിക്കുകയും മാത്രമല്ല പഠിപ്പിക്കുകയും ഭരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നത് സ്വയം മനസ്സിലാക്കുകയും സ്വന്തം ശക്തി, കഴിവ് എന്നിവ മേല്‍പ്പറഞ്ഞ ജാള്യത നിസ്സഹായ്ത എന്നിവയെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിനാലുമാണ് .

‘ശോഭാലതിക’യുടെ “ദൈവത്തിന്റെ ജാതി” എന്ന പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ വന്നത് രാജാവ് നഗ്നനാണ് എന്നു വിളിച്ച് പറഞ്ഞ കുഞ്ഞുങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണല്ലോ സമൂഹം പുരോഗമനത്തിലേക്ക് സഞ്ചരിക്കുന്നത് എന്നതാണു. ഭരണഘടന ശില്പിയായ ബാബാ സാഹിബ് അംബേദ്കര്‍, ആധുനിക ബുദ്ധന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടുത്താന്‍ ഒരു ചെറിയ അനുഭവത്തിലൂടെ ശോഭയ്ക്ക് കഴിയുന്നത് ഈ പുസ്തകത്തിന്റെ ഒരു ഹൈ ലൈറ്റ് ആയി കാണാന്‍ കഴിയും. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി ചിന്തയുടെ അനുഭവസാക്ഷ്യങ്ങള്‍ പോലെ പതിനഞ്ചോളം കഥകളില്‍ ചിലവ വായനയില്‍ മുള്ളുകള്‍ പോലെ കരളില്‍ തറച്ചു കയറുന്നുണ്ട്. പുതിയ തലമുറ, മാതാപിതാക്കളുടെ തൊഴിലില്‍ അലോസരരാകുകയും അതില്‍ നിന്നും അവര്‍ വിടുതല്‍ നേടി മറ്റെന്തെങ്കിലും മാന്യമായ (?) തൊഴില്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുകയും ചെയ്യണം എന്നൊരു ചിന്ത വിദ്യാഭ്യാസം നേടുമ്പോള്‍ കരുതുന്നതിലെത്രമാത്രം പ്രസക്തി ഉണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു . കുലത്തൊഴില്‍ പരമ്പര ആയി ചെയ്യണം എന്നൊരു ധ്വനിയല്ലതില്‍ . മാതാപിതാക്കളുടെ തൊഴിലില്‍ , അത് പറയുന്നതില്‍ , ജനിച്ചുപോയ വര്‍ണ്ണത്തില്‍ ഒക്കെയും നാണക്കേടുകള്‍ തോന്നിക്കുന്നത് ശരിയാണോ എന്നതാണു ചിന്ത . വിദേശത്തൊക്കെ കര്‍ഷക വൃത്തി ചെയ്യുന്നവര്‍ വളരെ വലിയ രീതിയില്‍ വിദ്യാഭ്യാസം കിട്ടിയ ശേഷം അവരുടെ ജോലിയില്‍ ആ അറിവിനെ പ്രയോഗിച്ച് കൂടുതല്‍ അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും നേടുവാന്‍ ആണ് ശ്രമിക്കുക . പക്ഷേ , നമുക്ക് വിദ്യാഭ്യാസം എന്നത് സര്ക്കാര്‍ ജോലി അല്ലെങ്കില്‍ ഡോക്ടര്‍ , എഞ്ചിനീയര്‍ തുടങ്ങിയ തൊഴിലുകള്‍ ഇവയാണ് സ്വപ്നം . പുരോഗതിയിലേക്ക് തിരിക്കുമ്പോള്‍ തൊഴിലില്‍ നാണക്കേടും , ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലും നേടിക്കൊടുക്കാന്‍ തക്ക വണ്ണം നാം പരിഷ്കൃതരാണ് . അതേ സമയം തന്നെ സര്ക്കാര്‍ തൊഴിലുകളില്‍ ആയാലും മറ്റ് സാമ്പത്തിക ഭദ്രതയുള്ള തൊഴിലുകളില്‍ ആയാലും തൊഴില്‍ ലഭിക്കുന്നതിന് ജാതി എന്നതൊരു വലിയ ഘടകമായി ഇന്നും നിലനില്‍ക്കുന്നുമുണ്ട് . സംവരണം പോലുള്ള ആനുകൂല്യങ്ങളില്‍ കൂടി അവ നേടിയെടുക്കുന്നതിന് വളരെ കുറവ് ആള്‍ക്കാരെ എത്തപ്പെടുന്നുള്ളൂ . അവയിലും ജാതികളുടെ ഉപജാതി വ്യത്യാസങ്ങള്‍ പ്രത്യക്ഷമായിത്തന്നെ കാണാന്‍ കഴിയുകയും ചെയ്യും . ഇത്തരം സാമൂഹിക ചുറ്റുപാടുകള്‍ ആണ് ഇന്നും നമുക്കിടയില്‍ ഉള്ളതെന്നതുകൊണ്ടു തന്നെ ശോഭാലതിക മുന്നോട്ട് വയ്ക്കുന്ന ജാതിയുടെ വിഷയം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സാമൂഹിക വിഷയം തന്നെയായി കാണാന്‍ കഴിയും. കഥകള്‍ വെറും ജാതീയതയുടെ വേര്‍തിരിവുകള്‍ മാത്രമല്ല പങ്കുവയ്ക്കുന്നത് . ഒപ്പം തന്നെ അരികുവത്കരണം നേരിടുന്ന പാട്രിയാര്‍ക്കിയുടെ ഇരകളായ സ്ത്രീകളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട് . ജാതീയത മനുഷ്യരില്‍ ഒരു വിഭാഗത്തിന് മാത്രമാണു വിഷയമാകുന്നതെങ്കില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ ഒരു തരത്തില്‍ അതിനെ കുലസ്ത്രീ സഹനങ്ങള്‍ എന്നും പറയാം മുഴുവന്‍ സ്ത്രീകള്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്നവയാണ് . അടുത്തിടെ ഒരു വലിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ്സില്‍ ഒരു അഭിനേത്രിയായ പാര്‍ട്ടിസിപ്പന്‍റും കൂട്ടാളികളും കുലസ്ത്രീയെ നിര്‍വ്വചിച്ച പൊതുബോധം ഇത്തരുണത്തില്‍ ഓര്‍ക്കുകയും സഹനങ്ങള്‍ എന്നത് നമ്മുടെ അവകാശമാണ് എന്ന ബോധം നിലനിര്‍ത്തുകയും ചെയ്യുന്നവരെ ഉണര്‍ത്താനും ഇത്തരം കഥാകഥനങ്ങള്‍ സഹായിക്കും എന്നൊരു ധാരണ കൂടിയുണ്ട് . 

  ദളിത് സാഹിത്യം എന്നൊരു സംഗതി ശരിക്കും മലയാളത്തില്‍ ഉണ്ടോ എന്നത് ചര്‍ച്ചാ വിഷയമാകണം. ഇതിനെക്കുറിച്ച് കെ ഇ എന്‍ മുന്പ് എഴുതിയിട്ടുള്ളതായി ഓര്‍ക്കുന്നു . കുരീപ്പുഴ ശ്രീകുമാര്‍ ചിലയിടങ്ങളില്‍ പറഞ്ഞ ഒരു കാര്യമുണ്ട് . പാടത്തും പറമ്പിലും കീഴാള സ്ത്രീകളും പുരുഷന്മാരും പാടി നടന്നതും പറഞ്ഞതുമായ കഥകളും കവിതകളും ആരും എങ്ങും എഴുതിവച്ചിട്ടുള്ളവയല്ല. അതുകൊണ്ടു മാത്രം നമുക്ക് നഷ്ടമായ എത്രയോ മനോഹരങ്ങളായ സൃഷ്ടികള്‍ ആണവ.  ദളിത സാഹിത്യം എന്നൊരു വിഭാഗം വരികയും അതില്‍ സത്യസന്തമായ ഗവേഷണങ്ങള്‍ നടക്കുകയും സമാഹരണങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ മാത്രമേ കാണാതെ, വായിക്കാതെ പോയ ഒരുപാട് നല്ല വായനകള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ശോഭാലതിക എന്ന എഴുത്തുകാരിയില്‍ ഒരുപാട് കഥകള്‍ ഉണ്ട് . അവ പറഞ്ഞു തരാന്‍ കഴിയുന്ന ഒരു ഭാഷയുണ്ട് . ഈ പുസ്തകത്തിലെ കഥകള്‍ എല്ലാം തന്നെ സ്ത്രീ പക്ഷത്തു നിന്നുകൊണ്ടുള്ള വേഷപ്പകര്‍ച്ചകള്‍ ആണ്. ആത്മനൊമ്പരങ്ങള്‍ , സ്വത്വ ബോധത്തിന് ഉള്ളില്‍ നിന്നുള്ള പ്രതിക്ഷേധങ്ങള്‍ എന്നിവയാണ് . പ്രണയവും കുഞ്ഞ് നൊമ്പരങ്ങളും നിരാശകളും വിഷയമാകുന്നുണ്ട് എങ്കിലും കഥകളുടെ ഏകീകത എന്നത് സ്ത്രീ പക്ഷ വാദവും ജാതീയതയുടെ, ഇരകളുടെ പ്രതിക്ഷേധ സ്വരങ്ങളും ആണ് . കൂടുതല്‍ എഴുതി മൂര്‍ച്ച വരികയാണെങ്കില്‍ നാളെകള്‍ ഈ എഴുത്തുകാരിയെ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ നേരുന്നു . ബിജു ജി നാഥ്