Wednesday, December 30, 2015

പാണ്ഡവപുരം ഒരു സേതു മാധവന്‍ കൃതി .

വായനകള്‍ നല്‍കുന്ന അനുഭൂതി മറ്റൊന്നും തരുന്നില്ല . ചില വായനകള്‍ അഭൗമികമായ ഏതോ ഒരു തലത്തിലേക്ക് നമ്മെ വഴി നടത്തിക്കൊണ്ടു പോകുന്നത് കാണാം . അത്തരം വായനകളെ നാം എത്ര കാലം കഴിഞ്ഞാലും മറക്കുകയുമില്ല . എഴുത്തുകാരന്റെ കൈവിരലുകള്‍ ചുംബിച്ചു പോകുന്ന എഴുത്തുകള്‍ പലപ്പോഴും മനസ്സിനെ ശാന്ത സമുദ്രത്തിന്റെ ആഴങ്ങള്‍ പോലെ തണുപ്പിച്ചും നിഗൂഡമായ ഒരു ആനന്ദത്തില്‍ കൊണ്ടെത്തിച്ചും ആഘോഷിക്കും .
ശ്രീ 'സേതു മാധവ'ന്റെ "പാണ്ഡവപുരം" വായിച്ചു മടക്കി വയ്ക്കുമ്പോള്‍ നമ്മിലേക്ക്‌ ഇത്തരമൊരു വികാരം ഉണ്ടാകുക സ്വാഭാവികം . സേതു എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സേതുമാധവന്‍ മലയാളികള്‍ക്ക് പരിചിതനായ വളരെ നല്ല ഒരു എഴുത്തുകാരന്‍ ആണ്. പാണ്ഡവപുരം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രേമ ജയകുമാര്‍ ചെയ്യുവാന്‍ ഉള്ള കാരണം ആ നോവലിന്റെ വായന കഴിയുമ്പോള്‍ ആണ് കൂടുതല്‍ വ്യക്തമാകുന്നത് . മലയാള സാഹിത്യത്തില്‍ കാല്‍പ്പനികമായ എഴുത്തുകള്‍ വളരെ കുറവാണ് . ഭ്രമാത്മകമായ ഒരു തലത്തിലേക്ക് വായനക്കാരന്റെ ചേതനയെ വലിച്ചു കൊണ്ട് പോകുവാന്‍ കഴിയുന്ന ചുരുക്കം എഴുത്തുകാര്‍ മാത്രമാണല്ലോ നമുക്ക് സ്വന്തവും .
ഡി സി ബുക്സ് പുറത്തിറക്കിയ ഈ നോവല്‍ വായിച്ചു കഴിയുമ്പോഴും നമ്മെ പിന്തുടരുക തീര്‍ച്ചയായും ഈ നോവല്‍ പരിസരങ്ങളും കഥാപാത്രങ്ങളും തന്നെയായിരിക്കും . നമുക്ക് പരിചിതമായ ഇടങ്ങളിലൂടെ നമുക്ക് അപരിചിതമായ ഒരു ഇടത്തേക്ക് നമ്മെ കൊണ്ട് പോയി തിരികെ കൊണ്ട് വരുമ്പോള്‍ സത്യവും മിഥ്യയും ഇഴ പിരിച്ചു കണ്ടെത്താന്‍ കഴിയാതെ വായനക്കാര്‍ ചൂളി നില്‍ക്കേണ്ടി വരിക എഴുത്തുകാരന്റെ മഹത്വമല്ലാതെ മറ്റെന്താണ് ?
പാണ്ഡവപുരം മിത്തിന്റെ മായക്കാഴ്ച്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു ലോകം . മരണത്തിന്റെ , മരവിപ്പിന്റെ , ഭ്രാന്തിന്റെ മഞ്ഞ നിറം കൊണ്ട് നിറഞ്ഞ ഒരു ലോകം... അവിടെയ്ക്ക് നാം നടന്നു പോകുന്നത് ദേവിയുടെ വാക്കുകളിലൂടെയും വര്‍ണ്ണനകളിലൂടെയും ആണ് . ആ പാണ്ഡവപുരത്തു നിന്നും അയാള്‍ നടന്നു കയറുന്നത് കളരിപ്പാടം തറവാട്ടിലേക്കും . കുഞ്ഞിക്കുട്ടന്‍ എന്ന സഹതൊഴിലാളിയുടെ ഭാര്യയെയും കുട്ടിയേയും കാണാന്‍ പാണ്ഡവപുരത്ത് നിന്നും അയാള്‍ വരുമ്പോള്‍ അയാളുടെ മനസ്സില്‍ കുഞ്ഞിക്കുട്ടന്റെ ഭാര്യയോടുള്ള ഒളിച്ചു വയ്ക്കപ്പെട്ട അനുരാഗവും ഉണ്ടായിരുന്നു . ഉണ്ണിമേനോന്‍ മാസ്ടരുടെ സഹായത്തോടെ കുഞ്ഞിക്കുട്ടന്റെ വീട്ടിലേക്കു എത്തുന്ന അയാളെ എതിരേല്‍ക്കുന്നത് കുഞ്ഞിക്കുട്ടന്റെ ഭാര്യ ദേവി ടീച്ചര്‍ തന്നെയാണ് . പക്ഷെ പാണ്ഡവപുരം എന്നൊരു ദേശം പോലും ഓര്‍മ്മയില്‍ ഇല്ലാത്ത ദേവിയുടെ മുന്നില്‍ അയാള്‍ മിഴിച്ചു നില്‍ക്കുകയാണ് . ദേവിയുടെയും കുഞ്ഞിക്കുട്ടന്റെയും ജീവിതത്തിലെ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ അയാള്‍ പറയുമ്പോഴും , തന്റെ തന്നെ പ്രണയം അയാള്‍ പരസ്യമാക്കുമ്പോഴും അവള്‍ക്ക് അജ്ഞാതം ആണ് ആ ദേശവും അയാളും . അയാള്‍ക്ക് മുന്നില്‍ പരുഷമായ ഒരു നിലപാടുമായി നില്‍ക്കുന്ന അവളെ അയാള്‍ ഒട്ടൊരു ആശങ്കയോടെ ആണ് നോക്കി കാണുന്നത് . കഥയുടെ അവസാന പാതിയോടു അടുക്കുമ്പോഴാണ് ദേശത്തെ സദാചാരകാവലാളുകാരുടെ ഇടപെടലുകളും അയാള്‍ക്ക്‌ അവിടം വിടേണ്ട ഒരു അന്തരീക്ഷവും മേഘം പോലെ മൂടി വരുന്ന കാഴ്ച വായനക്കാരന്‍ അനുഭവിക്കുന്നത് . പൊടുന്നനെ രംഗം മാറി വരികയാണ് . ദേവി ഇപ്പോള്‍ എല്ലാം അറിയുന്നവള്‍ ആണ് . അറിയുന്നവള്‍ എന്ന് മാത്രമല്ല അയാളെ അവിടേയ്ക്ക് എത്തിച്ചതിന്റെ സൂത്രധാരയും അവള്‍ ആയി മാറുന്നു . കുഞ്ഞിക്കുട്ടന്റെ അനിയത്തിയോട് അവള്‍ പറഞ്ഞു തുടങ്ങുന്നത് തന്നെ ചിലന്തി വല കെട്ടും പോലെ ഞാന്‍ എത്രയോ കാലമായി കാത്തിരുന്ന ഒരാള്‍ ആണ് അയാള്‍ എന്നതാണ് . റെയില്‍വേ സ്റ്റേഷനിലെ അവളുടെ എന്നുമുള്ള കാത്തിരിപ്പ് , വരുവാനുള്ള ഒരു സന്ദര്‍ശകന്റെ മുഖം അതിയാള്‍ ആണെന്ന് അവള്‍ സമ്മതിക്കുന്നു . അത് മാത്രവുമല്ല അയാളോട് അവള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് എന്റെ കെട്ടു വിട്ടു പോകാന്‍ കഴിയില്ല ഞാന്‍ പറയും വരെ . നിങ്ങളെ ഞാനെന്റെ അടിമയാക്കി മാറ്റിയിരിക്കുകയാണ് . ഇനി നിങ്ങള്‍ക്ക് രക്ഷയില്ല . ഭയചകിതനാകുന്ന അയാളോട് അവള്‍ പറയുന്നുണ്ട് നിന്റെ ചോരയില്‍ കുളിച്ചു നിന്റെ കുടല്‍മാല കഴുത്തിലണിഞ്ഞു നിന്റെ മേല്‍ എനിക്ക് നൃത്തം ചെയ്യണം . അടങ്ങാത്ത പകയുടെ ചുവന്ന ജ്വാലയായി അയാളിലേക്ക് അവള്‍ പടര്‍ന്നുകയറുമ്പോള്‍ ഒരു വിറകുകൊള്ളിയായി അയാള്‍ മരവിച്ചു കിടക്കുകയാണ് . വികാരങ്ങള്‍ നഷ്ടമായ അയാളെ അവള്‍ പകയോടെ തന്നെയാണ് കാണുന്നത് . അവള്‍ അയാളോട് പറയുന്നത് എല്ലാം അവള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ അതെ പാണ്ഡവപുരത്തിലെ ഓരോ നിഴലുകളെയും ആണ് . ഒടുവില്‍ ഒരു രാവില്‍ അയാള്‍ രക്ഷപ്പെട്ടു പോകുന്നിടത്ത് മറ്റൊരു ഉദയത്തില്‍ അവള്‍ ഉണരുകയാണ് . ആ ഉണര്‍ച്ചയില്‍ ആണ് സേതു നമ്മെ അമ്പരപ്പിക്കുന്ന ആ രഹസ്യം കാത്തു വയ്ക്കുന്നത് . വായനയുടെ രസവും അവിടെയായതിനാല്‍ അത് ഞാന്‍ വായനക്കാരുടെ വായനക്ക് വേണ്ടി വിട്ടു കൊടുക്കുന്നു .
മനസ്സില്‍ നിറയെ സന്തോഷം നല്‍കിയ ഈ വായന നിങ്ങള്‍ക്കും വേണ്ടി പങ്കു വയ്ക്കുന്നു . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല


Monday, December 28, 2015

പരാജിതന്‍


അക്ഷരങ്ങള്‍
ഓര്‍മ്മകള്‍
പ്രണയം
ഇഷ്ടങ്ങള്‍
സൗഹൃദങ്ങള്‍
ബന്ധങ്ങള്‍
പടിയിറങ്ങിപ്പോയ
പ്രിയങ്ങള്‍ .

വാക്കിനാല്‍
നോക്കിനാല്‍
പ്രകൃതങ്ങളാല്‍
ഒഴിഞ്ഞു പോയ
മുറിയിന്നു ശൂന്യം.

കട്ടപിടിച്ച മൗനം
തണുത്ത ശയ്യ
പുകമൂടിയ ചിന്തയില്‍
വോഡ്കയുടെ നീറ്റല്‍
എവിടെയോ
എനിക്ക് പിഴച്ചിരിക്കുന്നു.
-----------ബിജു ജി നാഥ്

Saturday, December 26, 2015

പേരറിയാ കിളിയും ഞാനും


മഞ്ഞിന്‍ തണുത്ത ജാലകം തുറന്നു നീ
വന്നെന്‍ മനസ്സിന്റെ കോണിലായിന്നു
മെല്ലെ ചിറകൊതുക്കിയിരിക്കവേ ഞാന്‍
എന്തു വിളിക്കും നിന്നെ കിളിക്കുഞ്ഞേ

കൂട്ടരേ വിട്ടു പോയൊരാ ദുഖത്തിന്‍
വേദന കൊണ്ടോ തലതാഴ്ത്തി നീയെന്‍
കൈവെള്ളതന്നിലൊതുങ്ങിയമരുമ്പോള്‍
എന്ത് പറയേണ്ടു നിന്നോട് ഞാനിന്ന് .

കൂട്ടം വിട്ടെന്നാല്‍ കൂടും മറന്നെന്നാല്‍
ഏറ്റം ദുഷ്കരം ഇന്നിന്റെ ലോകത്തു.
നേര്‍ത്ത ചിറകിന്റെ തൂവലിറുത്തിന്നു
തെയ്യക്കോലങ്ങള്‍ കെട്ടുമീ ലോകവും.

കാവലാള്‍ പോലേ നിയമം നല്‍കും
പ്രായം തന്നുടെ ഇളവുകള്‍ ഓര്‍ക്ക നീ.
അറ്റുപോം തൂവലില്‍ പൊടിയും ചോരയ്ക്ക്
ഇറ്റ് നീരിന്റെ വിലപോലും കാണില്ല .

ഉറ്റു നോക്കുന്ന പ്രാപ്പിടിയന്‍ കണ്‍കളില്‍
നേര്‍ത്ത ചിറകിന്റെ സ്നിഗ്ധതനല്‍കും
പേര്‍ത്ത മോഹത്തിന്‍ ഉദ്ധാരണങ്ങള്‍
കൂര്‍ത്ത മുള്ളായി നിന്നെ നോവിച്ചിടാം.

ഇന്ന് ഞാനീ രാവില്‍ നിനക്കേകും
സംരക്ഷണത്തിന്‍ പുതപ്പുണ്ടെങ്കിലും
നാളെ തുറന്നു കിടക്കുമെന്‍ ജാലക
പാളിയിലൂടെ നീ വീണ്ടും പറന്നീടും .

ഓര്‍ത്ത്‌ വയ്ക്കുക ഇന്നീ വാക്കുകള്‍
പാര്‍ത്തു പോവുക യാത്രയിലെങ്ങുമേ
നീണ്ടു വരുന്നൊരു കഴുകന്‍ ചുണ്ടില്‍
പൂണ്ടു പോകാതെ കരുതലോടെന്നുമേ.
-----------------------ബിജു ജി നാഥ്

Thursday, December 24, 2015

ചപലമാനസം


മങ്ക ശങ്കയകന്നു തവകൊങ്കതടങ്ങളില്‍
തങ്കവളയിട്ട തന്‍ താമരക്കൈകളാല്‍

ഇമ്പമോടെ തഴുകിത്തലോടി എന്നെ
കമ്പമോലും മിഴികളാല്‍ നോക്കീടവേ.

എന്തിഹ! നെഞ്ചിടം പെട്ടൊരു പടഹ
ദുന്ദുഭിയെന്‍ ഉള്ളില്‍ തിരയിളകുന്നുവോ .

ശംഖുപുഷ്പ വിരാജിതമാം വാടിയില്‍
മധുവുണ്ട് മലരിതള്‍  ചെണ്ടൊടിച്ചും

ഇന്ദീവരജന്മമാകുവാന്‍ കൊതിച്ചൊരു
കുണ്ഠിത മാനസനാം ഞാനിന്നിങ്ങനെ!
-----------------------ബിജു ജി നാഥ്
(തല്ലണ്ട പറഞ്ഞാല്‍ മതി നന്നായിക്കൊള്ളും ഞാന്‍ :) )

Saturday, December 19, 2015

തടവ്

അറ്റുപോകാതിരിയ്ക്കുവാൻ ഞാനെൻ'
അക്ഷരങ്ങൾക്ക്  ചങ്ങലയിട്ടീടുമ്പോൾ
ഉറ്റുനോക്കും മിഴികൾക്ക് പിന്നെയും
തപ്ത ബാഷ്പത്തിൻ ഉപ്പു കിനിയുന്നു .
----------------ബി ജി എന്‍ വര്‍ക്കല

Thursday, December 17, 2015

വേഴാമ്പല്‍


നിന്റെ നരച്ച കണ്ണടയില്‍
നിന്റെ മരവിച്ച ചേതനയില്‍
നിന്നിലെ ഒഴുക്ക് നിലച്ചു പോയോരോര്‍മ്മയില്‍
ചായങ്ങള്‍ നഷ്ടം വന്നിരിക്കുന്നു .

നീ കോറിയിട്ട വര്‍ണ്ണങ്ങള്‍
നീ എഴുതി മുഴുമിക്കാത്ത വാക്യങ്ങള്‍
നീ പറയാതെ പോകുന്ന മൗനങ്ങള്‍
നീ തരാതെ പോകുന്ന പുഞ്ചിരികള്‍
ഓ നീയൊരു സാലഭജ്ഞികയോ  സഖീ !

പോയകാലത്തിന്റെ നീറും
ഓര്‍മ്മച്ചിന്തുകളില്‍ നിന്നാകണം
ആകാശച്ചെരുവില്‍ എന്നുമിങ്ങനെ
നരച്ച മേഘങ്ങള്‍ വിരുന്നു വരുന്നത് .

നിനക്ക് ധ്യാനമിരിയ്ക്കാന്‍
അടവച്ച് കിളികളെ വിരിയിയ്ക്കാന്‍
ജലമിററി തളിരുകളെ വളര്‍ത്താന്‍ 
നിന്റെ നിശ്ശബ്ദതയുടെ കാവലാളാകാന്‍
നക്ഷത്രങ്ങള്‍ കണ്ണുച്ചിമ്മിക്കാത്തിരിക്കുമ്പോള്‍

ചിരിക്കാന്‍ മറന്ന നിന്റെ ചുണ്ടുകള്‍
എന്നെയൊന്നു ചുംബിച്ചുവെങ്കില്‍ !
പെയ്യാതെ പോയൊരു മഴ ഇരമ്പുന്ന മനസ്സില്‍
ഒരിക്കലും നിറയാതെ പോകുന്നൊരു കടല്‍ നിറഞ്ഞേനെ....
------------------------ബിജു ജി നാഥ്

Wednesday, December 16, 2015

മാലാഖയുടെ മുഖം


ഏറെ നേരം തിരക്കില്‍ കാത്തു നിന്നാണ് ഒടുവില്‍ അയാളുടെ നമ്പര്‍ വന്നത് . വേറെ ഒന്നുമല്ല ഡോക്ടറെ കാണാന്‍ തന്നെ . ജോലി കഴിഞ്ഞു വന്ന ഉടനെ ആശുപത്രിയിലേയ്ക്ക് പോയതാണ്. രണ്ടായിരുന്നു വിഷയം ഒന്ന് അടുത്തിടയായി അലട്ടുന്ന തലവേദന ഒപ്പം യാദൃശ്ചികമായി കൈയ്യില്‍ ഉണ്ടായ ഒരു പൊള്ളല്‍ . ഡോക്ടര്‍ ബി പി പരിശോധിച്ച് "കുഴപ്പം ഒന്നുമില്ല കാഴ്ച്ചയുടെ പ്രശ്നം ആകാം . കണ്ണൊന്നു പരിശോധിക്കുക" എന്ന്‍  പറഞ്ഞു . അത് കഴിഞ്ഞപ്പോഴാണ് ഡോക്ടറെ കൈ കാണിച്ചു കൊടുത്തത് . തീക്കൊള്ളി കൊണ്ട് കുത്തേറ്റ പോലെ ഡോക്ടര്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു എന്നിട്ട് "എന്ത് പറ്റി"? എന്ന് അന്വേഷിച്ചു. അയാള്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു "അത് ഡോക്ടര്‍ ഞാന്‍ ഒരു ചായ ഇട്ടതാ" . "ശരി സിസ്റ്ററോട് പറയൂ ഡ്രസ്സ്‌ ചെയ്തു തരും . പനി വരാതെ ഇരിക്കാന്‍ ആന്റി ബയോട്ടിക്ക് എഴുതാം . വേദന ഇല്ലല്ലോ ല്ലേ" . "ഇല്ല ഡോക്ടറെ" . "ശരി" എന്നു പറഞ്ഞു ഡോക്ടര്‍ കുറിപ്പെഴുതി അയാളെ പറഞ്ഞയച്ചു .
ഡ്രസ്സിംഗ് റൂമിന് മുന്നിലെ കസേരകളില്‍ ഒന്നില്‍ അയാള്‍ ഇരുപ്പുറപ്പിച്ചു . അകത്തു പാതി ചാരിയ വാതിലില്‍ കൂടി നഴ്സ് കൊച്ചിന്റെ ഓട്ടവും സംസാരവും കാണാമായിരുന്നു . ഒരു പാകിസ്ഥാനി തിരുനെറ്റി പൊട്ടിച്ചു വന്നിരിക്കുന്നുണ്ട് അയാളെ ഡ്രസ്സ്‌ ചെയ്യുക ആണ് ആ നഴ്സ് . ഹിന്ദി പോലും നേരെ പറയാന്‍ അറിയാത്ത ആ മനുഷ്യനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചു അയാള്‍ അവിടെ മറ്റുള്ളവര്‍ക്കൊപ്പം തന്റെ ഊഴവും കാത്തിരുന്നു . ഒടുവില്‍ തന്റെ പേര് വിളിച്ചു അയാള്‍ അകത്തേക്ക് ചെന്നു .
"എന്താണ് കൈക്ക്" എന്ന് പറഞ്ഞു കയ്യിലേക്ക് നോക്കിയതും  "ദൈവമേ" എന്ന കൊച്ചു വിളിച്ചതും ഒരുപോലെ . "ചേട്ടന്‍ ആ ബെഡ്ഡില്‍ കയറി കിടക്കു . ഞാന്‍ ആദ്യം ഈ ചെറിയ പണികള്‍ തീര്‍ക്കട്ടെ" എന്നായി അവള്‍  . അയാള്‍ "ശരി" എന്ന് പറഞ്ഞു ബെഡ്ഡില്‍ കയറി കിടന്നു . "ചേട്ടാ കാലൊന്നു ഒതുക്കി വച്ചാല്‍ ഈ ഫയലുകള്‍ ഞാന്‍ ഒന്ന് വച്ചേനെ" എന്ന നഴ്സ് കൊച്ചിന്റെ അപേക്ഷയെ തുടര്‍ന്ന് അയാള്‍ കാല്‍ ഒതുക്കി വച്ച് ബെഡ്ഡില്‍ മലര്‍ന്നു കിടന്നു ആ പെണ്‍കുട്ടിയുടെ ചലനങ്ങള്‍ വീക്ഷിച്ചു . വളരെ ചടുലമായി ഓരോ രോഗിയോടും വളരെ ദയയോടും സ്നേഹത്തോടും അവള്‍ പെരുമാറുന്നത് കാണുമ്പോള്‍ കണ്ടു വന്നിരുന്ന മാലാഖക്കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും വളരെ വേറിട്ട്‌ കണ്ടു . മനസ്സില്‍ കൌതുകം വളര്‍ന്നു . മൂന്നു പേര്‍ വന്നത് ഇന്‍ജക്ഷന്‍ എടുക്കാന്‍ ആയിരുന്നു . ഒരാളിനോടു ഹിന്ദിയില്‍ അടുത്ത ആളിനോട്‌ ഇംഗ്ലീഷില്‍ അടുത്ത ആളിനോട്‌ മലയാളത്തില്‍ ഒരേ കാര്യം പറയുന്നുണ്ടായിരുന്നു . "കമിഴ്ന്നു കിടക്കൂ ഇന്‍ജക്ഷന്‍ എടുക്കട്ടെ . ഇനി ശ്വാസം വലിച്ചു എടുത്തു ഉള്ളില്‍ നിര്‍ത്തി അല്പമായി പുറത്തേക്കു വിടൂ . ഉം കഴിഞ്ഞു വേദനിച്ചോ . നന്നായി തിരുമ്മുക പിന്നെ നന്നായി ഭക്ഷണം കഴിക്കണം നാളെവരെ വേദന ഉണ്ടാകും . ശക്തമായ വേദന വരികയാണെങ്കില്‍ ഐസ് കഷണം വയ്ക്കണം" എന്ന് പറഞ്ഞു മൂന്നാളേം വിട്ടു . അപ്പോള്‍ അടുത്ത ബെഡ്ഡില്‍ ഡ്രിപ്പ് ഇട്ടുകിടന്ന പാകിസ്ഥാനി വിളിച്ചു "മാഡം എനിക്ക് തലവേദന നന്നായി എടുക്കുന്നു" എന്ന് പറഞ്ഞു . "ഭായ് സാബ് ഈ ഡ്രിപ്പ് കഴിയും വരെ സഹിക്കണം അല്ലാതെ വേറെ വഴിയില്ല" എന്ന് പറഞ്ഞു തിരിഞ്ഞിട്ടു എന്നോട് "കാലത്ത് മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നിട്ട് ഇപ്പൊ മരുന്നു നേരെ കൊടുത്താല്‍ താങ്ങത്തില്ലഅതാ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നത് ". അപ്പോഴേക്കും അടുത്ത ആളിനെ വിളിച്ചു എന്നിട്ട്  അയാളെ നോക്കി "ചേട്ടാ ഇതോടെ തീരും പിന്നെ ചേട്ടനെ നോക്കാം" എന്നും പറഞ്ഞു തിരിഞ്ഞു . അടുത്തത്‌ ആയി വന്നത് ഒരു ചെക്കന്‍ ആയിരുന്നു . "ഇത് രണ്ടാമത്തെ ഇന്‍ജെക്ഷന്‍ അല്ലെ ഇന്നത്തേത് "എന്നവനോട് ചോദിച്ചു "അല്ല മൂന്നു" . "ആണോ നന്നായി . നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ" . "ഉം ഉണ്ട് "എന്നവന്റെ മറുപടി കേട്ട ഉടനെ "മെലിഞ്ഞിരുന്നാല്‍ അങ്ങന" എന്നും പറഞ്ഞു ബെഡ്ഡില്‍ കയറി കിടക്കാന്‍ പറഞ്ഞു . കൈ പിടിച്ചു ഞരമ്പ്‌ നോക്കി "എടാ നീ കൈ മുറുക്കെ പിടി" എന്നുള്ള അപേക്ഷ കേട്ടാല്‍ വളരെ അടുത്ത ആരോടോ ആണെന്ന് തോന്നും .ഒടുവില്‍ അവന്റെ മെല്ലിച്ച കൈയ്യില്‍ കിട്ടിയ ഞരമ്പിലെക്ക് സൂചി കയറ്റി "നോവില്ല കേട്ടോ" എന്ന് പറഞ്ഞു ഇന്‍ജക്ഷന്‍ എടുത്തു .
അത് കഴിഞ്ഞു അയാളോട് പറഞ്ഞു "ചേട്ടാ സോറി കേട്ടോ ഞാന്‍ ഒരാള്‍ എല്ലാം നോക്കണ്ടേ . മറ്റൊരാള്‍ അപ്പുറത്തും തിരക്കില്‍ ആണ്" . അയാള്‍ ചോദിച്ചു "അപ്പോള്‍ എട്ടു മണിക്കൂര്‍ ആണോ അതോ പന്ത്രണ്ടു മണിക്കൂര്‍ ആണോ ഡ്യൂട്ടി" . "എട്ടു മണിക്കൂര്‍ ആണ് എട്ടര ആകുമ്പോള്‍ ഞാന്‍ കണ്ണും പൂട്ടി അങ്ങ് പോകും പിന്നല്ല" .എന്നും പറഞ്ഞു അവള്‍ അയാളുടെ കൈ പിടിച്ചു ടിഷ്യൂ പേപ്പറിന് മുകളില്‍ വച്ച് ."ഇതെങ്ങനെ പറ്റിയതാ ചേട്ടാ" . "അതോ അത് ചായ ഉണ്ടാക്കിയതാ വെള്ളം ഗ്ലാസ്സില്‍ ഒഴിച്ചപ്പോള്‍ തെന്നി കൈയ്യില്‍ വീണു" . "ഉം നന്നായി ഇങ്ങനെ തന്നെ ചായ ഉണ്ടാക്കണം . എന്നിട്ട് വേദന ഉണ്ടോ ?" "ഹേയ് ഇല്ല ഇന്നലെ മുതല്‍ കൊണ്ട് നടക്കുവാ ഇപ്പൊ തോന്നി ഒന്ന് കാണിക്കാം എന്ന് ". "അത് തന്നെ നല്ലൊരു കൈ ഈ പരുവം ആക്കിയപ്പോള്‍ സമാധാനം ആയില്ലേ . ഇനി ശ്രദ്ധിക്കണം കേട്ടോ" എന്നും പറഞ്ഞു അവള്‍ സിറിഞ്ച് എടുത്തു പൊള്ളല്‍ കുമളിച്ചു ഇരിക്കുന്നതില്‍ കുത്തി അതിന്റെ നീര് എടുത്തു തുടങ്ങി . അങ്ങോട്ട്‌ നോക്കിയപ്പോള്‍ "വേണ്ട ഇങ്ങോട്ട് നോക്കണ്ട വേദനിച്ചാല്‍ പറഞ്ഞാല്‍ മതി"എന്ന് പറഞ്ഞു അവള്‍ പണി തുടങ്ങി . അയാള്‍ ചോദിച്ചു "നാട്ടില്‍ എവിടയാ?" . "ഞാന്‍ വയനാട് , ഭര്‍ത്താവ് എറണാകുളം , ഇപ്പോള്‍ ഞങ്ങള്‍ താമസം ആലുവ" . "ഇവിടെ കുറെ നാള്‍ ആയോ?" "ഉം...". അപ്പോള്‍ മറ്റൊരു നഴ്സ് വന്നു . "ഡീ നിന്നോട് എട്ടര വരെ നില്‍ക്കണം എന്ന് പറഞ്ഞു കേട്ടോ ഓവര്‍ടൈം" . "അയ്യോ അതെയോ ശരി നീ ഒരു കാര്യം ചെയ്യോ ഈ പേഷ്യന്റിനെ ഒന്ന് നോക്കാമോ" ഒരു ചെറിയ കേസ് ആണെന്ന് പറഞ്ഞു മറ്റൊരു കേസ് അവള്‍ക്കു കൊടുത്തു അയാള്‍ക്ക്‌ നേരെ  തിരിഞ്ഞു ചിരിച്ചു  . "ശ്ശൊ വിളിച്ചു പറഞ്ഞില്ല ഇനി ചെന്നിട്ടു വേണം ഫുഡ്‌ ഉണ്ടാക്കാന്‍" എന്നും പറഞ്ഞു അവള്‍ വീണ്ടും മുറിവില്‍ മരുന്ന് പുരട്ടി തുടങ്ങി . "ചേട്ടാ ഒരു കാര്യം ചെയ്യണം പയറു വാങ്ങി വെള്ളത്തില്‍ ഇട്ടു വച്ച് അത് മുളപ്പിച്ചു കഴിക്കണം രാവിലെ കേട്ടോ അതില്‍ ഹൈ പ്രോട്ടീന്‍ ആണ് തൊലിയുടെ നിറം തിരികെ കിട്ടും പിന്നെ ഒരുപാട് വെള്ളവും കുടിക്കണം" . "അതെയോ പക്ഷെ എനിക്ക് യൂറിക്ക് ആസിഡ് ഉള്ളതാ അപ്പോള്‍ പയര്‍ ശരിയാവോ" . "അത് ശരി എന്നാല്‍ വേണ്ട . എന്നാല്‍ ഓറഞ്ചു കഴിക്കു കേട്ടോ നിറം കിട്ടട്ടെ" . "ഇനി എന്തിനാ അത് വരുമ്പോലെ വരട്ടെ" . "അതുശരി പറഞ്ഞാല്‍ കേള്‍ക്കാത്ത ഇനം ആണല്ലേ . അതിരിക്കട്ടെ ചേട്ടന് യൂറിക്ക് ആസിഡ് എന്തെ വെള്ളം അടിയും ഉണ്ടോ" . "ഹേയ് ഇല്ല തോന്നിയ ഭക്ഷണം ഒക്കെ അല്ലെ അതാകാം" . "ഉം ശ്രദ്ധിക്കണം കേട്ടോ . ശരി ഇനി എഴുന്നെട്ടോളൂ . ഈ ക്രീം വാങ്ങി പുരട്ടണം ഗുളികയും കഴിക്കണം  . നാളെ വാ ഒന്നൂടെ ഡ്രസ്സ് ചെയ്തു തരാം . കേട്ടോ" . അയാള്‍ പതിയെ ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു . മനസ്സില്‍ ആ മാലാഖ കുട്ടിയുടെ സ്നേഹവും സംസാരവും പെരുമാറ്റവും നിറഞ്ഞു നിന്ന് . ഇത്തരം മാലാഖമാര്‍ ഉണ്ട് എങ്കില്‍ എത്ര വലിയ അസുഖവും പെട്ടെന്ന് ഭേദമാകും എന്ന് മനസ്സില്‍ പറഞ്ഞു . മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞു തീരുന്ന ആ കുട്ടിയുടെ ഓര്‍മ്മയില്‍ അയാള്‍ ഇരുട്ടില്‍ ജനക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു .
------------------------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, December 15, 2015

അപരാജിത


പ്രിയനവൻ വരുമെന്നു നിനച്ച്
ഓരോ ഋതുവിലുമവളൊരുക്കുന്നു
ഗുൽമോഹറിന്‍ പൂക്കളാൽ അതി
മുദുലമൊരു ശയ്യാഗൃഹം മോഹനം!
കാത്തിരിപ്പിന്റെ കാലം വറ്റുകയും
സഹനത്തിന്റെ വേരറ്റ് പോവുകയും
അവസാന പ്രതീക്ഷയും വറ്റിയവള്‍
വന്‍ സങ്കടക്കടലിലേക്കാഴുമ്പോള്‍
അലറിയാർത്തൊരു സുനാമിയാകുന്നു.
ഗുൽമോഹറിനിതളുകൾ .
ചിതറിയ തിരത്ത് ദു:ഖാർത്തയായ്
ചാരമായ് ഒടുങ്ങുന്നുവെങ്കിലും
അവളൊരുങ്ങുന്നു പിന്നെയും
ഫീനിക്സ് പക്ഷിയെപ്പോൽ
ശുഭാപ്തി വിശ്വാസത്താൽ
ആവർത്തനത്തിന്റെ ചരിതമെഴുതുവാൻ!
------------------------ബിജു ജി നാഥ്

Monday, December 14, 2015

എന്താണ് സഖീ


പ്രണയമോ കാമമോ
നമുക്കിടയിലെന്താണ് സഖീ
കടലെടുക്കുന്നോരോര്‍മ്മ പോല്‍
അജ്ഞാതമായ് നിഴലിക്കുന്നത് ?
വേറിട്ട്‌ നിന്നാല്‍ വേദനയാകുന്നത്
മിണ്ടാതെ പോയാല്‍ കരള്‍ പൊടിയുന്നതും .
എന്താണ് സഖീ ......

പിടഞ്ഞു തീരുന്ന പക്ഷിയുടെ
ചിറകടി പോലെ,
എരിയാതെ കിടക്കുന്ന
കനല്‍ത്തുണ്ട് പോലെ
പെയ്യാതെ പോകുന്ന മഴമേഘങ്ങള്‍ പോലെ
നമുക്കിടയില്‍ നിമിഷങ്ങളെന്തിങ്ങനെ
ചിതലരിക്കുന്നു .

ആരോ കരുതി വച്ച മണല്‍ ക്കൂടാരങ്ങള്‍
നമുക്കാരോ കരുതി വച്ച പൂക്കുടകള്‍
ഇരുളില്‍ ആരോ പിടഞ്ഞു തീരുന്ന
തേങ്ങലുകള്‍ ബാക്കി നില്‍ക്കെ
എന്താണ് സഖീ
നമുക്കിടയില്‍ പുകഞ്ഞു തീരുന്നത് ?

പ്രണയത്തിന്റെ വിരല്‍ മീട്ടുന്ന
കാറ്റിന്‍ സംഗീതമോ,
നിന്നെ ചുംബിച്ചകലുന്ന നിലാവോ
നിന്നുടല്‍ തഴുകിയകലാന്‍ മടിക്കും
താമരഗന്ധമോ.
എന്താണ് സഖീ
നമ്മെ ബന്ധിപ്പതിങ്ങനെ.

പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത
നിശബ്ദത പോലെ
കുടിച്ചു തീര്‍ക്കാന്‍ കഴിയാത്ത
ദാഹം പോലെ
ഒന്നു മരിച്ചു വേര്‍പെടാന്‍
ആകാത്ത പ്രിയം പോലെ
എന്താണ് സഖീ
നമ്മെ ചുറ്റി വരിയുന്നത് .
-----------ബിജു ജി നാഥ്

Sunday, December 13, 2015

പ്രവാസജീവിതമെന്നാല്‍ സുഖവാസമാണ്

പലയിടങ്ങളില്‍ നിന്നും വന്നവര്‍
പലരീതികള്‍ ഉള്ളില്‍ പേറുന്നോര്‍
ഒരു മുറിയുടെ തണുപ്പില്‍ ഒന്നിക്കുന്നു .

വിയര്‍പ്പു നാറ്റത്തിന്റെ മൂക്ക് ചുളിപ്പില്‍
അധോവായുവിന്‍ ചൊരുക്കില്‍
മദ്യമണം നിറഞ്ഞ കാറ്റില്‍
രാവിന്റെ തുടര്‍ച്ചയില്‍ തുടങ്ങി
പുലരിയുടെ തുടര്‍ച്ചയില്‍ അവസാനിക്കുന്ന
സഹവാസ ജീവിതത്തില്‍
അനുഭവങ്ങളേറെ നിറയുന്നു .

സീരിയല്‍ കണ്ണീരില്‍ മുങ്ങുന്നോര്‍
വീഡിയോകാളില്‍ പ്രണയിക്കുവോര്‍
ഭാര്യയെ തെറികൊണ്ട് മൂടുന്നോര്‍
നെറ്റില്‍ അക്ഷരം തിരയുന്നോര്‍ .

ഇരുട്ട് കൊതിച്ചു പുതച്ചു മൂടുന്നോര്‍
കൂര്‍ക്കം വലിയാല്‍ മൗനമുടയ്ക്കുന്നോര്‍
പാതിരാവിലും നീലവെളിച്ചം തേടുന്നോര്‍
മദ്യം മയക്കിയ പുലഭ്യപുലമ്പലുകള്‍.

തല്ലു കൂടി ഇണങ്ങി പിണങ്ങുന്നോര്‍
കടം വാങ്ങി കഴുത്തോളം മുങ്ങുന്നോര്‍
കള്ളുകുടിച്ചു ജീവിതം തുലയ്ക്കുന്നോര്‍
തമ്മില്‍ തമ്മില്‍ അറിയുന്ന സ്നേഹിതര്‍

നാട്ടില്‍ നിന്നു വരുന്ന കെട്ടുകളില്‍
അച്ചാര്‍ മണവും ചക്കയും തിരയുവോര്‍
ആവശ്യങ്ങള്‍ കൊടുത്തു വിടാനായി
ആവതില്ലെങ്കിലും വിയര്‍പ്പൊഴുക്കുന്നവര്‍

ടോയ്ലറ്റില്‍ സ്ഖലിക്കുന്ന മോഹങ്ങള്‍
പണം മുടക്കി വാങ്ങുന്ന ദീനങ്ങള്‍
തിരികെ മടങ്ങുമ്പോള്‍ കൂട്ടിന്നായി
ബിരുദമൊന്നു തനുവില്‍ പേറുന്നോര്‍ *

ജീവിതത്തിന്‍ വസന്തങ്ങള്‍
എടുക്കാ ഭാരത്താല്‍ വാടിക്കൊഴിയുമ്പോള്‍
അനുഭവത്തിന്റെ അലമാരയില്‍ വച്ച് പൂട്ടാന്‍
ഇനിയുമെത്ര ഓര്‍മ്മകള്‍ കൂടെയുണ്ടവര്‍ക്ക് ?
-----------------ബിജു ജി നാഥ്
*(പ്രവാസികള്‍ നാട്ടിലേക്ക്കൊണ്ട് പോകുന്ന ബിരുദം ആണ് BSC. ബി പി, ഷുഗര്‍,കൊളസ്ട്രോള്‍)

Saturday, December 12, 2015

യാത്രയുടെ തുടക്കം


പോകണം എന്ന് തീരുമാനിയ്ക്കുന്നിടത്തു നിന്നുമാണ്
യാത്രയുടെ തുടക്കം .
ഭാണ്ഡം മുറുക്കണം
വഴിയാത്രയ്ക്ക് ആഹാരം
വിശപ്പിന്റെ കരുതലുകള്‍
ദാഹത്തിന്റെ പാനപാത്രം
വായനയ്ക്ക് പുസ്തകങ്ങള്‍
പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കാതെ പടിയിറങ്ങണം.

ഇത്രനാളും നെടുവീര്‍പ്പിനെ പൊതിഞ്ഞു പിടിച്ച
കിടപ്പുമുറി അടയ്ക്കുമ്പോള്‍
ശബ്ദമുയരാതെ കാക്കണം .
ഇനിയും കനല്‍ അടങ്ങാത്ത
അടുക്കളയിലേയ്ക്ക് നോക്കരുത് .
എല്ലാ വിഷാദങ്ങളെയും നെഞ്ചേറ്റിയ
ഇരുപ്പുമുറിയില്‍ കണ്ണീര്‍ വീഴ്ത്തരുത്.
വാതിലുകള്‍ അടച്ചു ഉമ്മറത്ത് നില്‍ക്കണം
ഒരു നിമിഷമെങ്കിലും.
ഓര്‍മ്മകളെ ചാലിച്ച ഒരു തേങ്ങല്‍
അടങ്ങാതെ തള്ളിക്കയറി എത്തിയേക്കാം .

ഇനി ഇറങ്ങാം
പിന്‍വിളികള്‍ക്ക് ചെവികൊടുക്കാതെ 
തേങ്ങലുകളെ അപരിചിതത്വത്തില്‍ തള്ളി
മുന്നോട്ടു പോകണം .
യാത്രയില്‍ കരുതുന്നവ
യാത്ര തീരുംവരെ മാത്രമുണ്ടാകുന്നവ ആകണം
ശുഭയാത്ര .
-------ബിജു ജി നാഥ്

Thursday, December 10, 2015

തുടിതാളം


കരളിനെ കാർന്നുതിന്നും മിഴികളോ
ദാഹമേറ്റും നിന്റെ പവിഴാധരങ്ങളോ
ഹൃത്താളമുയർത്തുമീ സ്തന ദ്വയങ്ങളോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ!..

അരമണി കിലുങ്ങും അണിവയറോ
ചെറു ചിമിഴ് പോലുള്ളൊരീ നാഭിച്ചുഴിയോ
തിരകളുയർത്തുമീ നിതംബചലനങ്ങളോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ!

തനുവെ തണുപ്പിക്കും വിരലിൻ മൃദുത്വമോ
ഉടലിനെയുണർത്തുമീ സ്വേദഗന്ധമോ
വടിവൊത്ത നിന്നുടെ തുടയഴകോ
എന്താണ് നിന്നിലെന്നെ കുരുക്കുന്നതിങ്ങനെ !
-----------------------ബിജു ജി നാഥ്

Wednesday, December 9, 2015

നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍


നിന്നിലേയ്ക്കൊരു തീക്കാറ്റായി
നിന്നെ ഉലയ്ക്കുമൊരു സുനാമിയായി
നിന്നെ മറക്കാന്‍ കഴിയുന്നൊരുറക്കമരുന്നായി
എന്താണ് ഞാന്‍ തിരയേണ്ടതിനി ?

നീ പകര്‍ന്നിട്ട വാക്കിന്‍ മധുരവും,
നിന്‍ വിരല്‍ത്തുമ്പ്‌ തേടുമീ തമ്പുരുവും,
നിന്റെ വിയര്‍പ്പിന്‍ ഗന്ധവും
എന്റെ ഓര്‍മ്മപ്പിരാന്തുകള്‍ ആകവേ
നിന്നെ മറക്കാന്‍
എന്താണ് ചെയ്യേണ്ടതിനി ഞാന്‍ ?

എന്റെ ശയ്യയില്‍ നീയുപേക്ഷിച്ച തൂവാല.
എന്റെ മുലക്കാമ്പില്‍ നീലിച്ച
നഖക്ഷതങ്ങള്‍.
എന്റെ നാഭിയില്‍ കല്ലിച്ച ദന്തക്ഷതങ്ങള്‍
എന്റെ ശരീരമിങ്ങനെ ചൂടുപിടിച്ചീടുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് പറയേണ്ടതിനി ഞാന്‍ ?

പടിവാതിലില്‍ മുട്ടും സ്വരങ്ങളില്‍,
ടെലിഫോണ്‍ മണികളില്‍,
സന്ദേശശബ്ദങ്ങളില്‍
നിന്റെ സാന്നിദ്ധ്യം തിരയുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് ചെയ്യുക ഞാന്‍ ?

ഇരുട്ടിലെ നിശബ്ദതയില്‍
നിന്നെ മറക്കാന്‍ ശ്രമിയ്ക്കുമ്പോഴും
തുടിച്ചുയരും മുലഞെട്ടുകള്‍ ,
തുടഞ്ഞരമ്പുകള്‍ തന്‍ വിറകൊള്ളല്‍
ഇല്ല നിന്നെയോര്‍മ്മിക്കാതെ
മരിക്കാനുമാവില്ലല്ലോ!

പ്രണയത്തിന്റെ മാന്ത്രിക വിരലാല്‍
ഉറങ്ങിക്കിടന്നോരെന്‍ തനുവേയുണര്‍ത്തി
കടന്നു പോകും ഹേ ഗന്ധര്‍വ്വാ ,
വരിക
അഹല്യയാമെന്നെ തൊട്ടുണര്‍ത്തിയ നിന്‍
കരമെന്‍ നേര്‍ക്ക്‌ നീട്ടുക വീണ്ടും.

മൃതിയുടെ തണുപ്പെന്‍ ചേതനയെ
തിന്നു തീരും വരെ നീയരികിലുണ്ടാവുക.
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍ !
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍!
---------------------------ബിജു ജി നാഥ്

(പ്രണയത്തിന്റെ അഗ്നി കൊളുത്തി ആത്മാവോളം ഇറങ്ങി പോയി ഒരു നാള്‍ കടന്നു പോകുന്ന കൗശലക്കാരനായ ഓരോ കമിതാവിനോടും കാമിനിയുടെ വിലാപമാണത് . )

Sunday, December 6, 2015

രാപ്പക്ഷി


എന്നെ സ്നേഹിക്കാന്‍ കഴിയാതെ
പോകും നിനക്കായി പാടുവാന്‍
ഒരു രാപ്പക്ഷിയാകണം .
ജീവിതം കൊണ്ട് പനിച്ചു
വിളറിപ്പോകുന്ന നിന്നില്‍
ജീവരക്തം തന്നു ചുവപ്പിക്കാന്‍
ഒരു രാപ്പക്ഷിയാകണം .
ഒരു വണ്ടിച്ചക്രത്തില്‍
ചതഞ്ഞു ഇതളടര്‍ന്നു
നീ മണ്ണില്‍ വീഴുമ്പോള്‍
നിന്നെ ജീവിപ്പിക്കുവാന്‍
ഒന്നുകൂടി പുനര്‍ജ്ജനിക്കണം.
സഫലമാകാതെ പോകുന്ന
പകലുകള്‍ക്കും രാവുകള്‍ക്കും മീതെ
നിന്നെ സ്നേഹിച്ചുകൊണ്ട്
എനിക്ക് ജീവിക്കണം .
-------------ബിജു ജി നാഥ്

Saturday, December 5, 2015

കണ്ണാടിച്ചില്ലുകള്‍...... ശ്രീജ ബാലരാജ്


                എഴുത്തിനെ എത്ര തന്നെ പെണ്ണെഴുത്ത്‌ , ആണെഴുത്ത് എന്ന് വേര്‍തിരിച്ചാലും വായനക്കാരന്‍ ആത്യന്തികമായി തേടുക വായനാ സുഖത്തിന്റെ ലഹരിയൊന്നു മാത്രമാകും . പലപ്പോഴും മുന്‍വിധികളോടെ ആണ് പലരും വായനയെ സമീപിക്കുക. അവതാരകന്റെയോ , ആസ്വാദകന്റെയോ വരികളില്‍ കൂടിയാകും നാം എഴുത്തിനെ സമീപിക്കുക . ഇത് വായനയെ പരിമിതമായ ആകാശത്തില്‍ പിടിച്ചു കെട്ടിയിടുന്നു എന്നത് അനുഭവവേദ്യമായ ഒരു സത്യമാണ് .
'സീയെല്ലെസ് ബുക്സ് 'തളിപ്പറമ്പ് പുറത്തിറക്കിയ ശ്രീ 'ശ്രീജ ബാലരാജി'ന്റെ " കണ്ണാടി ചില്ലുകള്‍ " എന്ന കവിതാസമാഹാരം ആണ് ഇന്നത്തെ വായനയില്‍ വിഭവമായത് . 27 കവിതകളുടെ ഏ സമാഹാരത്തെ വിലയിരുത്തേണ്ടത് കാവ്യാത്മകമായ ഒരു സപര്യയിലൂടെ ഉരുത്തിരിയുന്ന വാക്കുകളുടെ മനോഹാരിതയെ നുകരാന്‍  ഒരിടം എന്ന് തന്നെയാണ്. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അവതാരിക കൊണ്ട് സമ്പന്നമായ ഈ കവിതാ സമാഹാരം ഒറ്റയിരുപ്പില്‍ നാം വായിച്ചു പോകുന്ന ഒരു പുസ്തകം ആണെന്ന് സന്തോഷത്തോടെ പറയാം . കാരണം മിക്ക വായനകളും പലപ്പോഴും മുരടിച്ച , മരവിച്ച നിമിഷങ്ങള്‍ക്ക് ജന്മം നല്‍കുകയും പിന്നീടാകാം എന്നൊരു ചിന്തയില്‍ പടര്‍ന്ന മിഴികളില്‍ ആലസ്യം നിറയ്ക്കുകയും ചെയ്യുന്നവയാണ് .
തുടക്കം തന്നെ 'അനന്തം അജ്ഞാതം ' എന്ന പൊള്ളിപ്പിടയുന്ന ഒരു കവിതയിലൂടെയാണ്‌ . ഇവിടെ കവി പറയുന്നത്
"അവള്‍ കടലാസിലെഴുതുന്നത്
പുരാവൃത്തസ്മൃതികളല്ല
മറിച്ചു
സിഗററ്റ് പുകയും
ചാരായ ഗന്ധവും
ഉണക്കിയും നനച്ചും
അകക്കാമ്പിലെ നെരിപ്പോടില്‍
വേവിച്ചു പാകപ്പെടുത്തിയ
ഒരു അവിഹിതഗര്‍ഭത്തിന്റെ
ഭാവിയാണ് "
ചിന്തകളില്‍ നനവും നോവും പടര്‍ത്തി പോയകാലങ്ങളില്‍ സഞ്ചരിക്കുകയല്ല ഇന്നിന്റെ നേരുകളില്‍ രക്തവും ജീവനും നല്‍കുകയാണ് കവിതയില്‍.
               'കത്ത് ' എന്ന കവിത അമ്മയോട് വിദേശത്തിരുന്നുകൊണ്ട് മറ്റൊരു ദേശത്തിന്റെ സാമൂഹ്യ , പാരിസ്ഥിതിക ചുറ്റുപാടുകളെ കൂട്ടിനു വിളിച്ചു ആകുലതയില്‍ പടരുന്ന ഒരു മകളെ (മറ്റൊരമ്മയെ ) കാണാന്‍ കഴിയും . അതുപോലെ കാലികമായ മറ്റൊരു രചനയാണ് 'ചൂണ്ട '.
"എത്ര സൂക്ഷിച്ചു
കണ്ണും കാതും ഒരു പോലെ
ആട്ടിത്തെളിച്ചാലാണ്
ചൂണ്ടകളില്‍ നിന്നും
ഒഴിഞ്ഞു കിട്ടുന്നത് " 
 എന്ന ആശങ്കയില്‍ ജീവിക്കുന്ന , ജീവിക്കേണ്ടി വരുന്ന പെണ്മനം തുറന്നു കാട്ടുന്നത് ഇന്നിന്റെ നോവുകളെയല്ലേ എന്ന് വായനക്കാര്‍ സ്വയം ചോദിച്ചു പോകുന്നു. ഈ കാലഘട്ടത്തിലെ പല ജീവിത സങ്കേതങ്ങളും ശ്രീജ തനിക്കു വിഷയമാക്കിയിട്ടുണ്ട്‌ . പ്രകൃതിയെയും, ജീവജാലങ്ങളെയും പ്രണയത്തെയും ഒക്കെ നന്നായി പറഞ്ഞു പിടിപ്പിക്കാന്‍ കവിക്ക്‌ കഴിഞ്ഞിരിക്കുന്നു . 
 
              ഈണമോടെ ചൊല്ലി മുഴുമിക്കുന്ന സന്തോഷം നല്‍കിയ കവിതകളാണ് 'പുതുവര്‍ഷം ', മറയുന്നു നീയും ', നീയെന്നത് '.'പോകൂ പ്രിയപ്പെട്ട പക്ഷീ; എന്നിവ. അതുപോലെ തന്നെ പ്രവാസികളെക്കുറിച്ച് പറയുന്ന 'പ്രവാസം' എന്ന കവിത ചുട്ടുപൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടി കൂടിയാണ് .
ആമുഖത്തില്‍ പറയും പോലെ കവിതാസ്വദകര്‍ക്ക് നല്ലൊരു വിരുന്നാണ് ഈ പുസ്തകം. വായിക്കുക പങ്കു വയ്ക്കുക . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല .

Friday, December 4, 2015

കനവിലോ നിനവിലോ മധുരമായ് നീയ്


മധുരമൊരോര്‍മ്മയാലെന്‍ മനമിന്നൊരു
മരതകക്കാടുപോല്‍ പീലി വിടര്‍ത്തുമ്പോള്‍
മധുമതി നിന്നുടെ മിഴികളെ നേരിടാന്‍
മടിയോടെ ഞാനും മുഖം കുനിച്ചിങ്ങനെ...

അരുമയാല്‍ നീയെന്നെ മടിയില്‍ കിടത്തി
അകതാരിലുയരുന്ന ഹര്‍ഷത്തോടെന്നുടെ
അധരത്തിലേയ്ക്ക് തിരുകുമീ മധുരം
അനവദ്യമായൊരു ലോകത്തെ നല്‍കവേ!

ഒഴുകുമെന്‍ കണ്‍തടം മെല്ലെത്തുടച്ചു നീ
ഒരു സാന്ത്വനംപോലെ മുടിയിഴ തഴുകവേ
ഒരു നാളുമറിയാത്ത വാത്സല്യത്തിരകളാല്‍
ഒഴുകുന്നു ഞാനും നിദ്രതന്‍ പുഴയിലായ്
----------------------ബിജു ജി നാഥ്


Thursday, December 3, 2015

ഭ്രാന്തിന്റെ പൂക്കൾ വിരിയുമ്പോൾ


തണുത്തുറഞ്ഞൊരുസമതലം പോൽ
വരണ്ടുപോയൊരു പുഴയുടെ മാറിടം
നേർത്തസ്പന്ദനങ്ങളാൽ വിങ്ങുമ്പോൾ
തുടിച്ചുയരുന്ന മുലഞെട്ടിൽ പ്രളയം !

വിറകൊള്ളും വിരൽത്തുമ്പിനാൽ
തൊടുവാനണയുമ്പോഴേക്കും വരവായ്
നനഞ്ഞ പീലികൾ കൊണ്ടോരരുത്.
പ്രളയം ചുരുങ്ങുന്നു മടങ്ങുന്നു .

അടിക്കാട് തീ പടരുന്നതറിഞ്ഞു
കാടു പായുന്നൊരു കടലില്ലെന്നാർത്തു .
വിറപൂണ്ട അധരങ്ങൾ മൊഴിയുന്നിനിയും
അരുതരുതീ വിളക്കുമാടമുറങ്ങീടട്ടെ.

വെളിച്ചം ഭയക്കുന്നോരീ ഇരുളാഴങ്ങൾ
കൊളുത്തരുത് നിൻ ഭ്രാന്തിൻ പൂക്കളാൽ .
കഴിയില്ലെനിക്കീ നിശാവസ്ത്രമഴിച്ചുനിൻ
ചാരെയൊരു കവിതയായ് തുളുമ്പുവാൻ.
-------------------------------------ബിജു ജി നാഥ് 

Tuesday, December 1, 2015

സൗഹൃദം


സൗഹൃദമൊരു തീക്കനലാണ്
പൊള്ളിക്കുന്ന ഓര്‍മ്മകളെ
പ്രോജ്ജ്വലിപ്പിക്കുന്ന കവിതയാണ് .
മുറിവില്‍ പുരട്ടും സ്നേഹലേപനമാണ്.
താങ്ങാന്‍ തണലാകാന്‍
ഒപ്പം കൂടുന്ന കരങ്ങളാണ് .
നിയതിയുടെ കരങ്ങള്‍
ഇരുളില്‍ അലയാന്‍ വിടുമ്പോഴും
ഒരു കൈത്താങ്ങായി 
പടര്‍ന്നു നില്‍ക്കും മുല്ലവള്ളിയാണ്  .
കരയുമ്പോള്‍ മിഴിനീര്‍ തുടയ്ക്കും
കുളിരോലും വിരലിന്റെ ഉടമയാണ്  .
വഴിതെറ്റി അലയുന്ന പാതയില്‍
നേര്‍വഴി നയിക്കുന്ന വെളിച്ചമാണ് .
നീയില്ലാതെ പോയാല്‍ നിന്നിലെ
പ്രതീക്ഷകളെ കരിയാന്‍ വിടാത്ത
പൊന്‍ വെളിച്ചമാണ്.
നീ മറക്കുമ്പോഴും നിന്നെയോര്‍മ്മിപ്പിക്കും
കടമകള്‍ തന്‍ അശരീരിയാണ്  .
ഒടുവില്‍ നീ ഒരു പിടി ചാരമാകുമ്പോള്‍
നിന്നെയോര്‍ത്തൊഴുകും അശ്രുവാണ് .
വാക്കുകള്‍ കൊണ്ടളക്കാന്‍ കഴിയാത്ത
വാഗ്മയ വര്‍ണ്ണചിത്രമാണത് .
ഓര്‍ക്കുക സൗഹൃദം മുള്ളല്ല
കാളകൂടം പോല്‍ നീലിച്ചതല്ല
വിദ്വേഷത്തിന്‍ ചെങ്കടലല്ല
 നിന്നെ പൊതിയും സ്നേഹമാണ്
നിന്നെ അറിയുന്ന നിഴലാണ് .
-------------ബിജു ജി നാഥ്