Saturday, December 12, 2015

യാത്രയുടെ തുടക്കം


പോകണം എന്ന് തീരുമാനിയ്ക്കുന്നിടത്തു നിന്നുമാണ്
യാത്രയുടെ തുടക്കം .
ഭാണ്ഡം മുറുക്കണം
വഴിയാത്രയ്ക്ക് ആഹാരം
വിശപ്പിന്റെ കരുതലുകള്‍
ദാഹത്തിന്റെ പാനപാത്രം
വായനയ്ക്ക് പുസ്തകങ്ങള്‍
പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കാതെ പടിയിറങ്ങണം.

ഇത്രനാളും നെടുവീര്‍പ്പിനെ പൊതിഞ്ഞു പിടിച്ച
കിടപ്പുമുറി അടയ്ക്കുമ്പോള്‍
ശബ്ദമുയരാതെ കാക്കണം .
ഇനിയും കനല്‍ അടങ്ങാത്ത
അടുക്കളയിലേയ്ക്ക് നോക്കരുത് .
എല്ലാ വിഷാദങ്ങളെയും നെഞ്ചേറ്റിയ
ഇരുപ്പുമുറിയില്‍ കണ്ണീര്‍ വീഴ്ത്തരുത്.
വാതിലുകള്‍ അടച്ചു ഉമ്മറത്ത് നില്‍ക്കണം
ഒരു നിമിഷമെങ്കിലും.
ഓര്‍മ്മകളെ ചാലിച്ച ഒരു തേങ്ങല്‍
അടങ്ങാതെ തള്ളിക്കയറി എത്തിയേക്കാം .

ഇനി ഇറങ്ങാം
പിന്‍വിളികള്‍ക്ക് ചെവികൊടുക്കാതെ 
തേങ്ങലുകളെ അപരിചിതത്വത്തില്‍ തള്ളി
മുന്നോട്ടു പോകണം .
യാത്രയില്‍ കരുതുന്നവ
യാത്ര തീരുംവരെ മാത്രമുണ്ടാകുന്നവ ആകണം
ശുഭയാത്ര .
-------ബിജു ജി നാഥ്

2 comments:

  1. അല്പമപ്പം വിശപ്പിനും
    സ്വല്പവെള്ളം ദാഹിക്കിൽ

    എന്ന ഗാനത്തെ ഓർമ്മിപ്പിച്ചു

    ReplyDelete