Wednesday, December 30, 2015

പാണ്ഡവപുരം ഒരു സേതു മാധവന്‍ കൃതി .

വായനകള്‍ നല്‍കുന്ന അനുഭൂതി മറ്റൊന്നും തരുന്നില്ല . ചില വായനകള്‍ അഭൗമികമായ ഏതോ ഒരു തലത്തിലേക്ക് നമ്മെ വഴി നടത്തിക്കൊണ്ടു പോകുന്നത് കാണാം . അത്തരം വായനകളെ നാം എത്ര കാലം കഴിഞ്ഞാലും മറക്കുകയുമില്ല . എഴുത്തുകാരന്റെ കൈവിരലുകള്‍ ചുംബിച്ചു പോകുന്ന എഴുത്തുകള്‍ പലപ്പോഴും മനസ്സിനെ ശാന്ത സമുദ്രത്തിന്റെ ആഴങ്ങള്‍ പോലെ തണുപ്പിച്ചും നിഗൂഡമായ ഒരു ആനന്ദത്തില്‍ കൊണ്ടെത്തിച്ചും ആഘോഷിക്കും .
ശ്രീ 'സേതു മാധവ'ന്റെ "പാണ്ഡവപുരം" വായിച്ചു മടക്കി വയ്ക്കുമ്പോള്‍ നമ്മിലേക്ക്‌ ഇത്തരമൊരു വികാരം ഉണ്ടാകുക സ്വാഭാവികം . സേതു എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സേതുമാധവന്‍ മലയാളികള്‍ക്ക് പരിചിതനായ വളരെ നല്ല ഒരു എഴുത്തുകാരന്‍ ആണ്. പാണ്ഡവപുരം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രേമ ജയകുമാര്‍ ചെയ്യുവാന്‍ ഉള്ള കാരണം ആ നോവലിന്റെ വായന കഴിയുമ്പോള്‍ ആണ് കൂടുതല്‍ വ്യക്തമാകുന്നത് . മലയാള സാഹിത്യത്തില്‍ കാല്‍പ്പനികമായ എഴുത്തുകള്‍ വളരെ കുറവാണ് . ഭ്രമാത്മകമായ ഒരു തലത്തിലേക്ക് വായനക്കാരന്റെ ചേതനയെ വലിച്ചു കൊണ്ട് പോകുവാന്‍ കഴിയുന്ന ചുരുക്കം എഴുത്തുകാര്‍ മാത്രമാണല്ലോ നമുക്ക് സ്വന്തവും .
ഡി സി ബുക്സ് പുറത്തിറക്കിയ ഈ നോവല്‍ വായിച്ചു കഴിയുമ്പോഴും നമ്മെ പിന്തുടരുക തീര്‍ച്ചയായും ഈ നോവല്‍ പരിസരങ്ങളും കഥാപാത്രങ്ങളും തന്നെയായിരിക്കും . നമുക്ക് പരിചിതമായ ഇടങ്ങളിലൂടെ നമുക്ക് അപരിചിതമായ ഒരു ഇടത്തേക്ക് നമ്മെ കൊണ്ട് പോയി തിരികെ കൊണ്ട് വരുമ്പോള്‍ സത്യവും മിഥ്യയും ഇഴ പിരിച്ചു കണ്ടെത്താന്‍ കഴിയാതെ വായനക്കാര്‍ ചൂളി നില്‍ക്കേണ്ടി വരിക എഴുത്തുകാരന്റെ മഹത്വമല്ലാതെ മറ്റെന്താണ് ?
പാണ്ഡവപുരം മിത്തിന്റെ മായക്കാഴ്ച്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു ലോകം . മരണത്തിന്റെ , മരവിപ്പിന്റെ , ഭ്രാന്തിന്റെ മഞ്ഞ നിറം കൊണ്ട് നിറഞ്ഞ ഒരു ലോകം... അവിടെയ്ക്ക് നാം നടന്നു പോകുന്നത് ദേവിയുടെ വാക്കുകളിലൂടെയും വര്‍ണ്ണനകളിലൂടെയും ആണ് . ആ പാണ്ഡവപുരത്തു നിന്നും അയാള്‍ നടന്നു കയറുന്നത് കളരിപ്പാടം തറവാട്ടിലേക്കും . കുഞ്ഞിക്കുട്ടന്‍ എന്ന സഹതൊഴിലാളിയുടെ ഭാര്യയെയും കുട്ടിയേയും കാണാന്‍ പാണ്ഡവപുരത്ത് നിന്നും അയാള്‍ വരുമ്പോള്‍ അയാളുടെ മനസ്സില്‍ കുഞ്ഞിക്കുട്ടന്റെ ഭാര്യയോടുള്ള ഒളിച്ചു വയ്ക്കപ്പെട്ട അനുരാഗവും ഉണ്ടായിരുന്നു . ഉണ്ണിമേനോന്‍ മാസ്ടരുടെ സഹായത്തോടെ കുഞ്ഞിക്കുട്ടന്റെ വീട്ടിലേക്കു എത്തുന്ന അയാളെ എതിരേല്‍ക്കുന്നത് കുഞ്ഞിക്കുട്ടന്റെ ഭാര്യ ദേവി ടീച്ചര്‍ തന്നെയാണ് . പക്ഷെ പാണ്ഡവപുരം എന്നൊരു ദേശം പോലും ഓര്‍മ്മയില്‍ ഇല്ലാത്ത ദേവിയുടെ മുന്നില്‍ അയാള്‍ മിഴിച്ചു നില്‍ക്കുകയാണ് . ദേവിയുടെയും കുഞ്ഞിക്കുട്ടന്റെയും ജീവിതത്തിലെ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ അയാള്‍ പറയുമ്പോഴും , തന്റെ തന്നെ പ്രണയം അയാള്‍ പരസ്യമാക്കുമ്പോഴും അവള്‍ക്ക് അജ്ഞാതം ആണ് ആ ദേശവും അയാളും . അയാള്‍ക്ക് മുന്നില്‍ പരുഷമായ ഒരു നിലപാടുമായി നില്‍ക്കുന്ന അവളെ അയാള്‍ ഒട്ടൊരു ആശങ്കയോടെ ആണ് നോക്കി കാണുന്നത് . കഥയുടെ അവസാന പാതിയോടു അടുക്കുമ്പോഴാണ് ദേശത്തെ സദാചാരകാവലാളുകാരുടെ ഇടപെടലുകളും അയാള്‍ക്ക്‌ അവിടം വിടേണ്ട ഒരു അന്തരീക്ഷവും മേഘം പോലെ മൂടി വരുന്ന കാഴ്ച വായനക്കാരന്‍ അനുഭവിക്കുന്നത് . പൊടുന്നനെ രംഗം മാറി വരികയാണ് . ദേവി ഇപ്പോള്‍ എല്ലാം അറിയുന്നവള്‍ ആണ് . അറിയുന്നവള്‍ എന്ന് മാത്രമല്ല അയാളെ അവിടേയ്ക്ക് എത്തിച്ചതിന്റെ സൂത്രധാരയും അവള്‍ ആയി മാറുന്നു . കുഞ്ഞിക്കുട്ടന്റെ അനിയത്തിയോട് അവള്‍ പറഞ്ഞു തുടങ്ങുന്നത് തന്നെ ചിലന്തി വല കെട്ടും പോലെ ഞാന്‍ എത്രയോ കാലമായി കാത്തിരുന്ന ഒരാള്‍ ആണ് അയാള്‍ എന്നതാണ് . റെയില്‍വേ സ്റ്റേഷനിലെ അവളുടെ എന്നുമുള്ള കാത്തിരിപ്പ് , വരുവാനുള്ള ഒരു സന്ദര്‍ശകന്റെ മുഖം അതിയാള്‍ ആണെന്ന് അവള്‍ സമ്മതിക്കുന്നു . അത് മാത്രവുമല്ല അയാളോട് അവള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് എന്റെ കെട്ടു വിട്ടു പോകാന്‍ കഴിയില്ല ഞാന്‍ പറയും വരെ . നിങ്ങളെ ഞാനെന്റെ അടിമയാക്കി മാറ്റിയിരിക്കുകയാണ് . ഇനി നിങ്ങള്‍ക്ക് രക്ഷയില്ല . ഭയചകിതനാകുന്ന അയാളോട് അവള്‍ പറയുന്നുണ്ട് നിന്റെ ചോരയില്‍ കുളിച്ചു നിന്റെ കുടല്‍മാല കഴുത്തിലണിഞ്ഞു നിന്റെ മേല്‍ എനിക്ക് നൃത്തം ചെയ്യണം . അടങ്ങാത്ത പകയുടെ ചുവന്ന ജ്വാലയായി അയാളിലേക്ക് അവള്‍ പടര്‍ന്നുകയറുമ്പോള്‍ ഒരു വിറകുകൊള്ളിയായി അയാള്‍ മരവിച്ചു കിടക്കുകയാണ് . വികാരങ്ങള്‍ നഷ്ടമായ അയാളെ അവള്‍ പകയോടെ തന്നെയാണ് കാണുന്നത് . അവള്‍ അയാളോട് പറയുന്നത് എല്ലാം അവള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ അതെ പാണ്ഡവപുരത്തിലെ ഓരോ നിഴലുകളെയും ആണ് . ഒടുവില്‍ ഒരു രാവില്‍ അയാള്‍ രക്ഷപ്പെട്ടു പോകുന്നിടത്ത് മറ്റൊരു ഉദയത്തില്‍ അവള്‍ ഉണരുകയാണ് . ആ ഉണര്‍ച്ചയില്‍ ആണ് സേതു നമ്മെ അമ്പരപ്പിക്കുന്ന ആ രഹസ്യം കാത്തു വയ്ക്കുന്നത് . വായനയുടെ രസവും അവിടെയായതിനാല്‍ അത് ഞാന്‍ വായനക്കാരുടെ വായനക്ക് വേണ്ടി വിട്ടു കൊടുക്കുന്നു .
മനസ്സില്‍ നിറയെ സന്തോഷം നല്‍കിയ ഈ വായന നിങ്ങള്‍ക്കും വേണ്ടി പങ്കു വയ്ക്കുന്നു . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല


1 comment:

  1. പുസ്തകപരിചയം നന്നായി
    "പാണ്ഡവപുരം" വായിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌.ഈ പുസ്തകാസ്വാദനം വായിച്ചപ്പോഴാണ് ഓര്‍മ്മയിലേക്ക് തെളിഞ്ഞുവന്നത്‌....
    ആശംസകള്‍

    ReplyDelete