Tuesday, August 30, 2016

വൈകി വന്ന വസന്തം .


വഴുതിമാറിയ പ്രണയപുഷ്പമേ,
നിന്റെ വറുതിമാറിയതോർക്കുമ്പോൾ
അരിയ നോവിന്റെ ശീലുകൾ പോലുമെ- ന്നകതാരിൽ വന്നുദിച്ചില്ലത് ന്യൂനം .

ഉരുകിയുരുകി രാവെത്ര പോക്കി നിൻ
ഉഷ്ണലോകത്തിൽ ഏകാന്തയായ് നീ.
തനു തണുക്കെ മുങ്ങി നീയിന്നാകെയും
പൂത്തുലയുന്ന കണ്ടു ഞാനാഹ്ലാദിപ്പൂ .

തിരികെ നേടിയ കൗസ്തുഭം നീയിന്നു
പൂട്ടി വയ്ക്കുന്നു ' യോനിതന്ത്രത്താൽ .
മറന്നിടായ്കതിൻ കേവല രസതന്ത്രം
മറഞ്ഞിടാതെ കാത്തുസൂക്ഷിക്കുവാൻ.

പറന്നുയരുക വിഹായസ്സിലേക്കു നീ
പതഞ്ഞുയരുന്ന വികാരനൗകയിൽ.
പടർന്നേറുക തരുലത പോലിനിയാ
തളർന്നു പോയ കാമനകളിലെങ്ങുമേ !
...... ബിജു. ജി. നാഥ് വർക്കല

Sunday, August 28, 2016

വിശപ്പ്


വിശപ്പു പലരൂപത്തിൽ വരും
പിശാചിനെപ്പോലെ
നിങ്ങളെ നശിപ്പിക്കാൻ.!
കണ്ണുകളിൽ കുടിയേറി
ഉടലുകളെ നഗ്നമാക്കാം.
വിരലുകളിൽ കടന്നു കയറി
ദളങ്ങളെ കശക്കിയേക്കാം.
നാവിൽ കുടിയിരുന്നു
ലജ്ജയെ വധിച്ചേക്കാം.
പല്ലുകളിൽ അധിവസിച്ചു
ചോര പൊടിയിച്ചേക്കാം.
അന്നനാളം പൊള്ളിച്ചു
ജീവിതത്തെ തുരത്തിയേക്കാം.
ലിംഗാഗ്രത്തിൽ ഉരഞ്ഞു
മുഖങ്ങൾ മറച്ചേക്കാം .
പാദങ്ങളിൽ കെട്ടി വരിഞ്ഞു
ദൂരങ്ങൾ അളന്നേക്കാം.
ജാഗ്രത പാലിക്കുക
വിശപ്പു ഒരു പിശാചാണ്.
.... ബിജു ജി.നാഥ് വർക്കല

നീ ഒരു മരീചികയാകുന്നുവോ!


നിന്നിലേക്ക് നടന്നടുക്കും തോറും
കൃത്യമായ അകലത്തിലൂടെന്നുമേ
നീ ചരിക്കുന്നുണ്ടെൻ മുന്നിലായ്
മധുരമാമൊരു പുഞ്ചിരിയോടെ.
നിന്നെ സ്പർശിക്കുന്ന നിമിഷം
നിന്റെ ഗന്ധം നുകരുന്ന രാവിൽ
നിന്റെ അധരങ്ങളിൽ വീണെന്റെ
പ്രാണനൊടുങ്ങുന്ന കാലം വരും .
യാത്രകൾക്ക് മടുപ്പനുഭവപ്പെടാതെ
നിന്നെ ഞാനനുഗമിക്കുന്നതതിനാണ്.
......... ബിജു ജി.നാഥ് വർക്കല .....

Saturday, August 27, 2016

തിരികെ മടങ്ങുമ്പോൾ !


തിരികെ മടങ്ങുമ്പോൾ
കൈകളിൽ കരുതുവാൻ
ശൂന്യത മാത്രമാകുന്നു.
വേദന നിറയും ഓർമ്മകൾ
ഭാരമായുള്ളിൽ പേറിയും
നീറും മിഴികൾ മറച്ചും
വിരൽത്തുമ്പു വിടാതെ വിട്ടും
മധുരസ്മരണകൾ ഭാണ്ഡമായ്
തോളിൽ ചുമന്നും മടങ്ങുവോർ..
മാറിടം വിങ്ങിപ്പൊട്ടിയൊലിക്കും
മുലപ്പാലിന്റെ സങ്കടം
തൂവാല തിരുകി കടിച്ചിറക്കുന്നോർ
പ്രണയിച്ചു തീരാത്ത ജീവനെ
പിരിയാൻ കഴിയാതെ കരയുവോർ .
പറയാൻ പലതുണ്ട് ലോഞ്ചിലെ
മൗനത്തിൽ പടരും മുഖങ്ങൾക്കെങ്കിലും
തിരയാൻ സമയമില്ലായെനിക്കെന്റെ
ഹൃദയം പിടയ്ക്കുന്നതടക്കാൻ ശ്രമിക്കട്ടെ.
....... ബിജു ജി. നാഥ് വർക്കല

Friday, August 26, 2016

കടമകൾ കർത്തവ്യങ്ങൾ .


എഴുതുമീ ചിത്രങ്ങൾ
മുഴുമിച്ചീടുകിൽ ,
അവിടെക്കഴിയുന്നു നിൻ
അവകാശമെന്നറിയുക നീ.
ബിംബം മെനയുന്ന ശില്പിക്കു
പ്രതിഷ്ഠയിലയിത്തമാകും പോൽ!
എഴുതുക നീയിനിയും
മാനസങ്ങളിൽ ചിരികൾ വിരിയിക്കുക.
നനവൂറും കണ്ണുകൾ
ചിരി കൊണ്ടു മൂടുക .
ചൂണ്ടുക വിരൽ നീയാ
ശവമേറും മനുഷ്യന്റെ
സാമൂഹ്യ വ്യവസ്ഥയ്ക്കു നേരെ.
..... ബിജു ജി.നാഥ് വർക്കല

Wednesday, August 24, 2016

കുറുമ്പനുണ്ണി.


അമ്പിളിമാമനെ കാണുവാനുണ്ണി
വല്ലാതെ നിർബന്ധം പൂണ്ട നാളിൽ.
അമ്മ വിളിച്ചങ്ങു കാട്ടിനാൻ പൂർണ്ണ -
ചന്ദ്രനെയാവോളം കിടാവിനെയും.

തേൻ നിറച്ചുള്ളൊരാ തേനീച്ച തൻ
കൂടൊന്നു കാണുവാനായ് വീണ്ടും
ഉണ്ണി കരഞ്ഞൊരു നേരത്ത്
അമ്മയോ കണ്ണങ്ങുരുട്ടിയോതി .

അക്കളി തീക്കളി വേണ്ടുണ്ണീ നിന്നെ
കുത്തിയാൽ അമ്മയ്ക്കും നോവുകില്ലേ.
ഉണ്ണി കരയുന്നു തേൻകൂടു കാണുവാൻ
അമ്മ കരയുന്നു മാർഗ്ഗമൊന്നില്ലാതെ .
.. ബി.ജി.എൻ വർക്കല

Tuesday, August 23, 2016

പ്രതീക്ഷകൾ

അവഗണനയുടെ ചതുപ്പിൽ
എത്ര കാലം നീയെന്നെയിങ്ങനെ
ചവിട്ടിത്താഴ്ത്തുമെന്നറിയില്ല.
പക്ഷേ മുങ്ങിത്തുടങ്ങിയ ഞാൻ
അവസാന നിമിഷം വരേയ്ക്കും
എന്റെയീ വലംകൈ നീട്ടിവയ്ക്കും.
എന്തിനെന്നറിയുന്ന നീ,യതിൽ
ഒന്ന് തൊടുന്നതറിഞ്ഞെനിക്ക്
മൃതിയെ പൂകാനാവുമെന്ന
വെറും പ്രതീക്ഷയിൽ മാത്രം . ..!
...... ബി.ജി.എൻ വർക്കല

'ഈ' ജാലകം


ഒരു പേപ്പറിന്റെ കാർബൺ
കോപ്പിയായിരുന്ന പ്രണയം
കോപ്പി പേസ്റ്റിന്റെ അനന്ത -
സാധ്യതകളിൽ നടനമാടുന്നു.

ഒരേസമയം തുറന്നിരിക്കുന്ന
മോഹജാലകങ്ങളിൽ പെട്ട്
അക്ഷരങ്ങൾ ലജ്ജപൂണ്ടി -
ട്ടാളുമാറി വീഴുന്നു പകയ്ക്കുന്നു.

കേവലാനന്ദമാം വാക്കിനെ
നാണമില്ലാതെ പകുത്തിട്ടു
ക്ഷണികമാം രതിയ്ക്കായി
പ്രണയമേ നിന്നെ ഭോഗിക്കുന്നു.

സൗഹൃദമെന്ന നാട്യത്താൽ
ലോകരെയൊക്കെയറിയിച്ചും
ശയ്യയിൽ വിയർപ്പാലൊട്ടിയമർ-
ന്നട്ടഹസിക്കുന്നു ജരാനരകൾ.

പ്രണയത്തിൻ ചിലന്തിവലയിൽ
കുടുക്കിട്ടു ഭോഗതൃഷ്ണയകറ്റി
ഒരു വാക്കു പോലും പറയാതെ
അകലുന്നു ചില മിന്നാമിന്നികൾ.

പ്രലോഭനത്തിന്റെ പൂവിതളുകൾ
ഗന്ധം നുകരാൻ മാത്രമനുവദിച്ചു
പുടവത്തുമ്പിൽ ഞാത്തിയിട്ടാകെ
വലച്ചും പിഴിഞ്ഞും ചിലരാനന്ദിക്കുന്നു.
......... ബിജു .ജി. നാഥ് വർക്കല

Sunday, August 21, 2016

കാത്തിരിപ്പ്

വിടരുവാൻ കൊതിയ്ക്കും
സൂനങ്ങളിരുപുറം
വിമലമാം നേത്രങ്ങളോടെ
ഒരു കടാക്ഷത്തിന്നുടെ
സാഫല്യം മോഹിച്ചരുമയായി
കൊഞ്ചി നില്ക്കുന്നു..!
..... ബി. ജി. എൻ വർക്കല

Wednesday, August 17, 2016

നിനക്ക് പിന്നാലെ


"നീ നദിയായി ജനിച്ചാൽ
കടലായി ഞാൻ കാത്തിരിക്കും
നീ പൂവായ് പിറന്നാൽ
വണ്ടായി ഞാൻ വരും .
ഓരോ നിമിഷവും
നിന്നിലേക്ക് നടന്നു നടന്നു
ഞാനെന്റെ വഴികൾ
എന്തെന്നേ മറന്നു പോയ്!"



तुम नदी हो तो
सागर मे
तुम फूल बने तो
भवरा मे
ह२ फ्क पल
तुम्हारी त२फ
बढने से
अपना रास्ता ही
मैं भूल गया
,,,,बी जी एन वर्कल

സ്നേഹത്തിന്റെ വിലാസം


തിരഞ്ഞു മടുത്ത പാതകൾ
കണ്ടു മടുത്ത കാഴ്ചകൾ
അറിഞ്ഞു കേട്ട കഥകൾ
ഒക്കെയും വാഴ്ത്തപ്പെടലുകൾ മാത്രം.

നീയൊന്നു വീണാൽ
ഒരു മുളളു കൊണ്ടാൽ
പകലിരവു തിരയുന്നവൻ
ഞാനെന്നാകിലും പ്രിയേ ...

ഒരു ചെറിയ (വലിയ ) വേദന-
ക്കടലിൽ ഞാനൊറ്റയ്ക്കു
തുഴയുവാൻ ബദ്ധപ്പെടുന്ന നാളിൽ
നിന്റെ പരിഹാസശബ്ദം മരുന്നാകുന്നു.!

ചിതലരിച്ച ഓർമ്മകളെന്നു നീയെന്നെ
തട്ടിയുടച്ചു കളഞ്ഞെന്ന നിശ്വാ'സത്താൽ
പതിയെ കണ്ണുകളടച്ചു വിശ്രമിക്കുമ്പോൾ
തനുവിലുമേറെ നൊന്തെന്റെ മനമല്ലോ.

പ്രതീക്ഷകൾക്കു എനിക്കെന്നും നിന്റെ രൂപം,
നിന്റെ നാമം , നീ തന്ന വാക്കുകൾ മാത്രം.
പരാതികൾക്കിടയില്ലാതെ ഞാനിന്നും
പുലരിയിൽ നിന്നെ പ്രണയത്താലാശ്ലേഷിക്കുന്നു.
....... ബിജു. ജി. നാഥ് വർക്കല

Tuesday, August 16, 2016

പരേതരുടെ പരിദേവനം . .


പരേതർക്കു പരിഭവമായി .
പറഞ്ഞു വച്ചതു പോലെ
പരലോകം കണ്ടതില്ല
സ്വർഗ്ഗ നരകത്തിൽ നിന്നും
സെൽഫി എടുക്കാനായതുമില്ല.

പക്ഷേ പരേതർ സന്തോഷിക്കും.
മരിച്ചവന്റെ കുഴിമാടം വരെയും
കണ്ണുനീരിൽ മുഖം മിനുക്കി
ഒതുക്കത്തിൽ എടുത്ത സെൽഫികൾ
കാണാൻ കഴിയാത്തതിൽ .

ഇന്നലെയോളം അയലോക്കം
ആയിരുന്നിട്ടും
കാണാൻ കണ്ണില്ലാത്തവർ
കുഴിമാടം തേടി വരുന്നതും
ഒന്നിച്ചു കാൽപ്പന്ത് കളിച്ചതും
മാവേലെറിഞ്ഞതും
പെണ്ണുപിടിക്കാൻ കൂടെപ്പോയതും
ഒരേ വേദിയിൽ കെട്ടിപ്പിടിച്ചതും
ഗദ്ഗദത്താലുരുവിട്ടും
അടിക്കുറിപ്പിന്റെ അകമ്പടിയിൽ പോസ്റ്റുന്നത്
കാണാതെ പോയതിൽ
പരേതർ സന്തോഷിക്കും.
...... ബി.ജി.എൻ വർക്കല

Monday, August 15, 2016

നാവികൻ

കുന്നോളം മോഹിച്ചൊരു
വള്ളത്തിലേറി.
കുഞ്ഞോളം ചെറിയൊരു
പുഴയിലിറങ്ങി.
വള്ളം മറിഞ്ഞപ്പോൾ
വെള്ളം നിറഞ്ഞപ്പോൾ
മോഹങ്ങൾ ഒക്കെയും
മീൻ കൊത്തിപ്പോയീ.
..... ബി.ജി.എൻ വർക്കല

Sunday, August 14, 2016

ദേശസ്നേഹം നിറഞ്ഞു തുടങ്ങി. .


സ്വാതന്ത്ര്യ ദിനം വന്നു.
പോസ്റ്റുമുതലാളിമാരുണർന്നു.
കൈയ്യില്ലാത്ത കുട്ടിയുടെ പൊയ്ക്കയ്യിലും
തെരുവു ബാല്യങ്ങളുടെ അന്ന വിചാരത്തിലും
പതാകകൾ വച്ചുപിടിപ്പിച്ചു
ഫോട്ടോകൾ വന്നു തുടങ്ങി.
പതാക കൊടുത്ത് നിരത്തിൽ കിടത്തിയും
പതാക എടുക്കാൻ ജീവൻ നോക്കാതോടും
അംഗവൈകല്യങ്ങൾ കാട്ടിയും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
കൊച്ചു പെൺകുട്ടികളെ
(ആൺ കുട്ടികൾക്ക് ശലഭ സൗന്ദര്യമില്ലല്ലോ)
ദേശീയഗാനം പാടിപ്പിച്ചും
പതാകയേന്തിച്ചും
മുഖത്ത് ത്രിവർണ്ണ പതാക നിറം ചാലിച്ചും
ഹിന്ദു കൃസ്തു മുസ്ലീം വേഷമിടീച്ച
പൈതങ്ങളെ ത്രിവർണ്ണ പതാക പിടിപ്പിച്ചും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
ഗാന്ധി സ്നേഹവും ,
സ്വാതന്ത്ര്യ സമര ചരിത്രവും
ഘോര ഘോരമെഴുതിയും
നിങ്ങളാർക്കു സ്വാതന്ത്ര്യം തന്നെന്നു
വിയോജനക്കുറിപ്പുകൾ എഴുതിയും
ജാതി തിരിച്ചും മതം തിരിച്ചും
സ്വാതന്ത്ര്യ സമര പങ്കാളിത്തം പറഞ്ഞും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
*ഉനയിൽ ഒരു ജാഥ സമാപിക്കുന്നത് കാണാതെ
അവരെയൊന്നു  മനസ്സാൽപ്പോലും
ആലിംഗനം ചെയ്യാൻ കഴിയാതെ,
ഞങ്ങൾക്കു വേണ്ടത് ദേശസ്നേഹത്തിന്റെ
ഒരുദിനക്കുറിപ്പുകൾ അല്ല
ഒരു നേരമെങ്കിലും ഭക്ഷണം,
സ്വാതന്ത്ര്യത്തോടെ ജീവിക്കാനനുവാദം,
തൊഴിൽ ചെയ്യാൻ അനുവാദം
മനുഷ്യനെന്ന പരിഗണന
തുടങ്ങി ചെറിയ ആവശ്യങ്ങൾക്കായി
കൈ നീട്ടി കേഴുന്ന
ആദിവാസി ജീവിതങ്ങളെ കാണാതെ
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
സോഷ്യൽ മീഡിയകളിൽ വർണ്ണപ്പകിട്ടാർന്ന
ദേശ സ്നേഹം നിറഞ്ഞു തുടങ്ങി.
.......... ബിജു.ജി.നാഥ് വർക്കല.
* ഉന , ഗുജറാത്തിലെ ദളിത് പ്രക്ഷോഭരുടെ വൻ ജാഥ സ്വാതന്ത്ര്യദിനത്തിൽ പരിസമാപ്തി കൊള്ളും .

ഭാഷയുടെ രാഷ്ട്രീയം .


മാളിക മേലിരുന്നു പാടുന്നു
മരതകപ്പച്ചയെങ്ങു പോയ്.
എന്നുടെ മലരണിക്കാടുകൾ
വയലേലതൻ പീതവർണ്ണം
കിളികൾ തൻ കളകൂജനം
കാട്ടരുവികൾ തൻ നടനം
പുൽമേടുകൾ തൻ കുളിർ
നെഞ്ചു പൊട്ടിക്കരയുന്നു
നിലവിളിച്ചങ്ങളഴുതുന്നു.
നഗരങ്ങളിൽ ചേക്കേറുവോർ
പുളിയിലക്കരമുണ്ടു തേടുന്നു
തുളസിക്കതിർമണം തിരയുന്നു.
പുതിയ കാലം വരുമ്പോൾ
മാതൃഭാഷയെ തഴയുന്നു.
ജീവിതം നല്കുന്നതൊന്നിനെ
ചൊല്ലിപ്പഠിക്കാൻ വെമ്പുന്നു .
എങ്കിലും പറയുന്നുണ്ട് ഭാഷ
നല്ലതാ നമ്മെയറിയുവാൻ.
വരും കാലം രണ്ടാണു മാനുഷർ!
മാതൃഭാഷയിൽ ന്യൂനപക്ഷവും
ജീവന ഭാഷയിൽ ഭൂരിപക്ഷവും.
പിന്നെയും വരും കാലമൊന്നുണ്ട്
മ്യൂസിയത്തിൽ കാണും മാതൃഭാഷയെ.
......... ബിജു ജി നാഥ് വർക്കല ....

Saturday, August 13, 2016

പ്രണയാർബുദം


ഒരിക്കൽ നിന്റെ ചേതനയിലേക്ക്
ചോണനുറുമ്പു പോലതു നുഴഞ്ഞിറങ്ങും.
നിന്നെയാകെ മാറ്റിയത്
നിന്നിലേക്ക് പടരും.
ചിന്തകളിൽ ,
പ്രവർത്തികളിൽ...
ഉറക്കവും ഉണർവും
എല്ലാം അതു വിഴുങ്ങും.
എല്ലാം നീ മറന്നു തുടങ്ങും.
നീയും  അതും മാത്രമാകും പിന്നെയുലകിൽ.
നീ അതിനെക്കുറിച്ചു മാത്രം ചിന്തിക്കും.
അതിനെ ചുറ്റി വരുന്നതൊക്കെ
നിന്റെ സംശയക്കണ്ണുകൾക്ക് വിഷമാകും.
നിന്നിലെ ദേവൻ അതിനെ പുണരുമ്പോൾ
നിന്നിലെ അസുരൻ അതിനെ കൊന്നു തുടങ്ങും.
നിങ്ങൾ ഇരുവർക്കുമിടയിലേക്ക്
വില്ലൻമാരുണ്ടാകും.
നീയൊരു പടയാളിയാകും.
നീയൊരു കൊലയാളിയാകും...
നിന്റെയർബുദം നിന്നെയപ്പോൾ
വെറുമൊരു മാംസപിണ്ഡമാക്കിയിരിക്കും.
നീ പതിയെ മരണത്തിലേക്ക് നടന്നു തുടങ്ങും.
വേദനയുടെ ആണിക്കാൽ വലിച്ചു വച്ചു
നീ പതിയെ മരണത്തിലേക്ക് നടന്നു തുടങ്ങും.!
........... ബിജു.ജി.നാഥ് വർക്കല ......

Wednesday, August 10, 2016

അപൂർണ്ണമായൊരു രതിയാണ് ജീവിതം !



അപൂർണ്ണമായൊരു രതിയാണ്
ജീവിതം !
നിമിഷ വേഗങ്ങൾക്കിടയിലൂടെ
പാഞ്ഞ്
രതിമൂർച്ഛയ്ക്കു ഒരു വളവിനു
മുന്നേ
പൊലിഞ്ഞു പോകുന്ന വെറും
രസം.
ചിലപ്പോൾ ചുംബനമാലകളിൽ
തടഞ്ഞു
മറ്റു ചിലപ്പോൾ കരപരിലാളന
മാർഗ്ഗേ
അതുമല്ലെങ്കിൽ ആഴ്ന്നിറങ്ങും
വേളയിൽ
നിലച്ചുപോകുന്ന ഘടികാരസൂചി
പോലെ
അപൂർണ്ണമായൊരു രതിയാണ്
ജീവിതം !
എങ്കിലും ജീവിതത്തെ സ്നേഹി-
ക്കയാണ് .
ഒരു സ്പർശനത്തിൻ ചടുലതയിൽ
പോലും
ആസ്വാദനത്തിന്റെ തേൻ നുകരാൻ
കൊതിച്ചു.
കൊണ്ടെങ്കിലും ജീവിതത്തെ സ്നേഹി-
ക്കുകയാണ്.
....... ബിജു ജി നാഥ് വർക്കല

വസന്തം കടന്നു പോയൊരു ഗുൽമോഹർ!


ഇനിയും തണുക്കാത്ത
ധമനികൾ:
ഇനിയും മരിക്കാത്ത
ഓർമ്മകൾ
ഇനിയും നരയ്ക്കാത്ത
സ്വപ്നങ്ങൾ
ഇനിയും പൂവണിയാത്ത
പ്രണയം
ഇനിയും നിശ്ശബ്ദമാകാത്ത
കണ്ഠം
വേനൽ പഴുത്തിറങ്ങിയ
ജീവിതത്തിൽ
സ്വപ്നങ്ങൾ അടച്ചു വച്ച
കർമ്മസ്ഥലിയിൽ
അപരിചിതത്തിൻ ഇരുണ്ട
ലോകത്തിൽ
തേടുന്നുണ്ട് പുതിയൊരു
വാനം.

കാലം വലിച്ചു മുറുക്കിയ
തനുവും
അനുഭവങ്ങൾ വരഞ്ഞു വിട്ട
മനസ്സും.
കുതി കൊള്ളുന്നുണ്ട് ഇരുൾ
നിലങ്ങളിൽ ,
പ്രണയത്തിന്റെ ഇളം കാറ്റിൽ
അലിയാനും
തണൽവഴികളിൽ കരിയിലകളെ
മെതിച്ചു
ജീവിതത്തിന്റെ വസന്തത്തെ
ഓർമ്മിച്ചെടുക്കാനും...
ഇനിയും മരിക്കാത്ത ഒരാത്മാവ്
കൊതിക്കുന്നുണ്ട്.
പ്രണയത്തിന്റെ ജ്വാലയിൽ ഒന്നു
ആത്മഹത്യ ചെയ്യുവാൻ .
എരിഞ്ഞടങ്ങുവാൻ.
...... ബിജു.ജി.നാഥ് വർക്കല ....

Tuesday, August 9, 2016

സൗഹൃദം

നിറകണ്ണുകൾക്ക് ഭാഷയില്ലെങ്കിലും
നിലാവിന്റെ തണുപ്പിനവയെയറിയാം.
അല്ലെങ്കിൽ എല്ലാരുമുറങ്ങുമ്പോഴതി -
ങ്ങനെയെന്തിനെന്നെയണച്ചു പിടിക്കണം!
...... ബി ജി എൻ വർക്കല. സൗനല

Sunday, August 7, 2016

ട്രെയിലർ ..


നിലാവിന്റെ നേർത്ത ഉടയാടയണിഞ്ഞ്
ഓർമ്മകളിലേക്കു വരികയാണ്.
പ്രഭാതത്തിന്റെ കോഫിമണമായ്,
ധൃതിപിടിച്ചൊരു പ്രഭാത ഭക്ഷണത്തിന്റെ നിർബന്ധമായി
ഉച്ചയാകുമ്പോഴുള്ള ഓർമ്മപ്പെടുത്തലുകളായി
സായന്തനങ്ങളിൽ
പടിവാതിലിൽ നിറപുഞ്ചിരിയോടെ
വിടർത്തിട്ട ഈറൻമുടി തൻ സുഗന്ധമായി
ഊഷ്മള സ്നേഹത്തിൻ ചായക്കോപ്പയായി
അത്താഴത്തിനൊരുരുളവായായി
കിടക്കയിൽ ഒരു കാലുയർത്തി
തുടയിലേക്ക് വച്ചു,
പ്രണയത്തിന്റെ വിരലാൽ
മാറിലെഴുതും നഖചിത്രങ്ങളായി
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ
ഞാനഭിനയിക്കാൻ കൊതിച്ചൊരു
സിനിമയുടെ ട്രെയിലർ !
........ ബിജു ജി നാഥ് വർക്കല

സൗഹൃദഹസ്തം

ആത്മബന്ധത്തിൻ ചങ്ങല -
ക്കണ്ണികൾ കൂട്ടിവിളക്കാൻ,
സ്നേഹത്തിൻ പാശത്താൽ
ദുർഘട പാതകൾ ചരിപ്പാൻ
തളരുമ്പോൾ താങ്ങായിരിക്കാനും
നഖമുനയാൽ മാനസം പോറാതെ
വിടരുന്ന പുഞ്ചിരി പൊഴിച്ചും
വിരൽ ചൂണ്ടും പുരുഷാരത്തിൽ
നിന്നകന്നാശ്വസിപ്പിക്കാൻ
പരിഹാസമുനകളിൽ ,കളിവാക്കിൽ
ഹൃദയത്തെ തല്ലി തളർത്താതെ
പുതിയ ബന്ധങ്ങൾ പരിചിതമാകുമ്പോൾ
അപരിചിതമുഖമൊന്നണിയാതെ
ആരുണ്ട് കൂടെയീ ദിനമൊന്നി-
ലെൻ കൂടെ സൗഹൃദ പുഷ്പത്തെയേൽക്കാൻ.
..... ബി ജി എൻ വർക്കല

Saturday, August 6, 2016

വേദനസംഹാരി

വേദനകൾക്ക് മരുന്നാകാൻ
വേദനസംഹാരികളല്ല
സ്നേഹമേ നിന്റെ കുളിരാർന്ന
ചന്ദന വിരലുകൾ മതിയാകിലും
സ്വപ്നങ്ങളിൽ മാത്രം
സ്വപ്നങ്ങളിൽ മാത്രമായതെന്തേ
കേൾവികേട്ട ബന്ധളെന്നു
ഉള്ളുരുകുന്നുണ്ട്
കിടക്കകളിൽ നിശ്ശബ്ദം
ചില വിറയാർന്ന ഹൃദയങ്ങൾ.
.... ബി ജി. എൻ വർക്കല

Friday, August 5, 2016

നദി


ഉത്തമ ഭാര്യ


ഇഷ്ടങ്ങൾക്കൊത്ത്
വസ്ത്രം ധരിച്ചും
ഇഷ്ടപ്പെട്ട ഭക്ഷണം
വെച്ചു തന്നും
ഇഷ്ടമുള്ളത്ര മക്കളെ
പെറ്റു കൂട്ടിയും
നിനക്കിഷ്ടപ്പെട്ടവ മാത്രം
ചെയ്തും ഞാനിന്നു
ഉത്തമ ഭാര്യ തൻ വേഷമണിയുന്നു.

എനിക്കിഷ്ടമാർന്നൊരു വസ്ത്രം
ധരിക്കിലോ
ഒരു നാളിലൊന്നടുക്കളയിൽ
നീ കയറിയെങ്കിലോ,
ഇനി പെറാനാവില്ലെന്നു ഞാനൊന്നു
വാശിപിടിച്ചാലോ
കിടക്കയിൽ നിന്നെയൊന്നു
തിരികെ ഭോഗിച്ചാലോ
നഷ്ടമാകുന്ന ഒരു വെറും
പദവിയാണെന്നറിവിനാൽ
എന്തിനോ ഞാനിന്നും പേറുന്നു
സഹനത്തിന്റെ മുൾക്കിരീടം പോൽ
ഉത്തമ ഭാര്യതൻ വേഷം..

ചുറ്റും നിന്നാർക്കുന്ന പുരുഷാരവും
ഒട്ടും കുറയാതെ പെൺവർഗ്ഗവും
രാവും പകലും ഓതിപ്പഠിപ്പിക്കുന്നു
ഇലയാണ് ഞാൻ ,
വെറുമില.
മുള്ളു കൊണ്ടുള്ള മുറിവുകൾ ഏൽക്കേണ്ടവൾ.
ആദി മുതൽ ശപിക്കപ്പെട്ടവൾ.
കുതറാതെ ,
പൊരുതാതെ
ഞാൻ നിന്റെ കീഴിൽ പിടയുന്നതിനാൽ
നീ നല്കുന്നു പദവി.
ഉത്തമ ഭാര്യ
 ..... ബിജു. ജി. നാഥ് വർക്കല

Thursday, August 4, 2016

അന്വേഷണം .


ഒരു യാത്രികനായാണ്
ഞാൻ നിന്റെ വഴികളിലേക്കിറങ്ങിയത്.
ചുരുണ്ടു നീണ്ട നിന്റെ
മുടിയിഴകളിൽ തഴുകുമ്പോൾ
മരച്ചില്ലകളിൽ ഷാളുകളിൽ തൂങ്ങിയാടിയ
ചിറകരിഞ്ഞ പക്ഷികളെക്കുറിച്ചു
നീ വാചാലയാകുകയായിരുന്നു.
ഉരുണ്ട കഴുത്തിലെ ശംഖു വരകളിൽ
വിരലോടിക്കുമ്പോൾ
അടുക്കളക്കോണുകളിൽ
കണ്ണനീറിപ്പിടയുന്ന
ദൈന്യരൂപങ്ങളാം സുമംഗലകളുടെ
ഗദ്ഗദങ്ങളെ നീയോർമ്മിപ്പിച്ചു.
തുടുത്ത മുലകളിൽ സ്നേഹം തിരഞ്ഞപ്പോൾ
പാൽ വറ്റിയ മുലകളിൽ
അലറിക്കരഞ്ഞു കടിച്ചു മുറിക്കുന്ന
പൈതലുകളെ നോക്കി
ചുണ്ടു കൂട്ടി കരയുന്ന മാതൃത്വങ്ങളെ ചൂണ്ടി
നീ കണ്ണീരൊഴുക്കി .
ആലിലവയറിൽ ചുണ്ടുകൾ മേഞ്ഞുനടന്നപ്പോൾ
വിശന്നൊട്ടിയ വയർ നിറയ്ക്കാൻ
മലം കഴിക്കുന്ന ദൈന്യതയെ
പരിചയപ്പെടുത്തുകയായിരുന്നു' നീ.
ഇരുണ്ട യോനിത്തടം തേടി വിരലുകൾ പായുമ്പോൾ
ഗർഭപാത്രം വലിച്ചു പറിച്ചിടപ്പെട്ട
പെങ്ങമ്മാരുടെ കഥകൾ നീ വായിച്ചുതുടങ്ങി.
വിഭ്രാന്തിയുടെ ഏതോ ഘട്ടത്തിൽ
നഗ്നത മറന്നു
അലറിക്കരഞ്ഞുകൊണ്ട്
ഒരു ഭ്രാന്തനെപ്പോലെ
ഞാൻ ഭൂമിയെത്തേടി യാത്രയായി.
എനിക്കു പിന്നിൽ നീയൊരു
നഗ്നശിലയായി
മലർന്നു കിടക്കുന്നുണ്ടായിരുന്നു.
....... ബിജു. ജി. നാഥ് വർക്കല.

Wednesday, August 3, 2016

കൊതിയും മതിയും

നീ കേള്‍ക്കുന്നുവോ സന്ധ്യേ
നിനക്കായ് മാത്രമെന്‍ തുടിക്കും
ഹൃദയം കൊണ്ട് ഞാന്‍ പറയും
പ്രണയത്തിന്റെ മര്‍മ്മരങ്ങള്‍ .

ഒരു വിരല്‍ പിടിച്ചു നാം നടക്കും
ഇടവഴികളില്‍ കരിയിലമൂടും
ചരല്‍ക്കല്ലിന്‍ നോവാര്‍ന്നോരാ
സുഖം നമുക്കൊരുമിച്ചു നുകരാമെന്നു .

അസ്തമയത്തിന്റെ ചുവപ്പില്‍
കടല്‍നുരകള്‍ പാദം നനയ്ക്കുമ്പോള്‍
ഒരു സൂര്യനെമാത്രം മിഴിയില്‍
നിറയ്ക്കാന്‍ നാം മത്സരിക്കുന്നത് .

ആകാശം മുട്ടുന്ന കുന്നിന്‍പുറങ്ങളില്‍
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു
വിദൂരങ്ങളില്‍ നോക്കി നില്‍ക്കാന്‍

മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന
മേനിയുടെ തണുപ്പിനെയൊരുമിച്ചു
ചൂടിന്റെ ആലസ്യം പകര്‍ന്നൊരു
കാപ്പിയുമായി മുഖംനോക്കിയിരിക്കാന്‍.

മകരക്കുളിരിന്‍ സൂചിമുനകളില്‍
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍
കുസൃതികളുടെ സുഗന്ധതൈലം
പുരട്ടിയുറങ്ങാന്‍ കൊതിപ്പതെന്നു.

നടവഴിയിലെ നേരുകള്‍ ......ഷെമി

"പ്രതിബോധവും പ്രതിബദ്ധതയും കൊണ്ട് പ്രതികരണം കണ്ണീരില്‍ കഴുകിക്കളയുന്നവള്‍ ആണോ സ്ത്രീ"....ഷെമി .

നടവഴിയിലെ നേരുകള്‍ ....... ഷെമി .
പ്രസാധനം ഡി സി ബുക്സ്
വില 495 രൂപ

ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം.

നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല  എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും  ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല .

എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .
ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും  അവരുടെ  ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക്‌ ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം . ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി  മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക്‌ തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .
പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന  ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു .

ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു . ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍  വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും . പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാണുന്ന കാഴ്ച  മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍.  ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ്‌ സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .

അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത്‌ നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും . സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് ,  എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട്‌ പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍  അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .
ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ തന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ ,അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .
സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്
...................ബിജു ജി നാഥ് വര്‍ക്കല

Monday, August 1, 2016

കിനാവള്ളികൾ


മടിയിൽ കിടത്തി നീ നല്കിയ
മധുരം മറക്കുവതെങ്ങനെ ഞാൻ .

മാറിലണച്ചു നീയെനിക്കേകിയ
സാന്ത്വനം അന്യമാണെന്നുമേ!

കവിളിൽ ചാർത്തിയ മുദ്രകളൊക്കെ
കാലമെനിക്കായി കാത്തതാകാം .

പറയുവതെങ്ങനെ രാവേ ഞാനീ നിദ്രയിന്നണയാതിരുന്നുവെങ്കിൽ.

മുറിയാതെ മറയാതെ കണ്ടിരിക്കാ-
നിന്നീ രാവു പുലരാതിരുന്നുവെങ്കിൽ .
..... ബി ജി എൻ വർക്കല ....