Tuesday, August 23, 2016

'ഈ' ജാലകം


ഒരു പേപ്പറിന്റെ കാർബൺ
കോപ്പിയായിരുന്ന പ്രണയം
കോപ്പി പേസ്റ്റിന്റെ അനന്ത -
സാധ്യതകളിൽ നടനമാടുന്നു.

ഒരേസമയം തുറന്നിരിക്കുന്ന
മോഹജാലകങ്ങളിൽ പെട്ട്
അക്ഷരങ്ങൾ ലജ്ജപൂണ്ടി -
ട്ടാളുമാറി വീഴുന്നു പകയ്ക്കുന്നു.

കേവലാനന്ദമാം വാക്കിനെ
നാണമില്ലാതെ പകുത്തിട്ടു
ക്ഷണികമാം രതിയ്ക്കായി
പ്രണയമേ നിന്നെ ഭോഗിക്കുന്നു.

സൗഹൃദമെന്ന നാട്യത്താൽ
ലോകരെയൊക്കെയറിയിച്ചും
ശയ്യയിൽ വിയർപ്പാലൊട്ടിയമർ-
ന്നട്ടഹസിക്കുന്നു ജരാനരകൾ.

പ്രണയത്തിൻ ചിലന്തിവലയിൽ
കുടുക്കിട്ടു ഭോഗതൃഷ്ണയകറ്റി
ഒരു വാക്കു പോലും പറയാതെ
അകലുന്നു ചില മിന്നാമിന്നികൾ.

പ്രലോഭനത്തിന്റെ പൂവിതളുകൾ
ഗന്ധം നുകരാൻ മാത്രമനുവദിച്ചു
പുടവത്തുമ്പിൽ ഞാത്തിയിട്ടാകെ
വലച്ചും പിഴിഞ്ഞും ചിലരാനന്ദിക്കുന്നു.
......... ബിജു .ജി. നാഥ് വർക്കല

1 comment:

  1. സാത്താന്‍റെ പ്രലോഭനങ്ങള്‍....
    ആശംസകള്‍

    ReplyDelete