Tuesday, December 31, 2013

പഴയതൊക്കെ ഓർമ്മകൾ മാത്രമാണ്


നാട്ടുവഴികളിൽ പച്ചിലചാർത്തുകളിൽ
സർപ്പകാവുകളിൽ പാടവരമ്പുകളിൽ
പൂത്തും തളിർത്തും കൊഴിഞ്ഞും പോയൊരു
പ്രണയത്തെ തിരഞ്ഞു ഞാൻ പോകുന്നു .

നീളൻപാവാടയിൽ  , തുളസികതിരിൽ
ദാവണി ചുറ്റിയ നാട്ടു ഭംഗിയിൽ  
കൽവിളക്കുകളിൽ, ചന്ദനവരകളിൽ
അലിഞ്ഞു പോകുന്ന ശാലീനതകൾ

മാഞ്ചുവട്ടിലെ കൊച്ചു പിണക്കങ്ങൾ
വാതിൽപഴുതിലെ മിന്നൽവെളിച്ചങ്ങൾ
ജാലകങ്ങളുടെ വിഷാദസന്ധ്യകൾ
പടിപ്പുരയിലേക്ക് നീളുന്ന നീൾമിഴികൾ .

മാനം കാണാതെ മയിൽപീലികൾ
വിരൽ മുറിയിച്ച വളത്തുണ്ടുകൾ
വായിക്കാതെ മടക്കി വച്ച പുസ്തകങ്ങൾ
എഴുതി മുഴുമിക്കാത്ത കത്തുകൾ .

അമ്പല കുളങ്ങൾ, മാവിൻ കൊമ്പുകൾ
കഴുക്കോലുകൾ ഒതളങ്ങകൾ റെയിൽ
പാളങ്ങൾ പുഴകൾ നെഞ്ചുരുകും
കിണറിൻ പാതാളകുഴികലെത്ര കഥകൾ .

പ്രിയന് നല്കാൻ മുറിയാതെ സൂക്ഷിക്കും
ചർമ്മവിശ്വാസങ്ങൾ,ചുമ്പനപുഷ്പങ്ങൾ
കളിക്കൂട്ടുകാർ തൻ കളിവാക്കുകൾ
നാണം കരിമഷിയെഴുതും നഖചിത്രങ്ങൾ .

തിരിഞ്ഞുള്ള യാത്രയിൽ തിരഞ്ഞൊടുവിൽ 
ഉള്ളിലൊരു ചൂണ്ടക്കൊളുത്തിട്ട് വലിക്കും
നോവിൽ പിടഞ്ഞു ഞാൻ നിൽക്കുമ്പോൾ
വർത്തമാനമെന്നെ നോക്കി പല്ലിളിക്കുന്നു .
------------------------------------ബി ജി എൻ

Saturday, December 28, 2013

പൂവിന്റെ ദുഃഖം


ഞാനൊരു മൊട്ടായിരുന്നപ്പോള്‍
നിങ്ങളെന്നെ കൗതുകത്തോടെ
പ്രതിദിനം നോക്കിയിരുന്നു
ഞാനൊരു പുഷ്പമായപ്പോള്‍
എന്നെ നുകരാനും ആസ്വദിക്കാനും
എന്നിലെ മധുവുണ്ണാനും
നിങ്ങള്‍ മത്സരിച്ചിരുന്നു
എന്റെ ഇതളുകള്‍ വാടിത്തുടങ്ങുമ്പോള്‍
നിങ്ങളിലെ ആസക്തികള്‍
തണുത്തുറയുന്നതു ഞാനറിഞ്ഞു .
ഇന്നു ഉണങ്ങി ചീഞ്ഞു 
വെറും നിലത്താര്‍ക്കും
വേണ്ടാതെ കിടക്കുമ്പോള്‍
ഞാനറിയുന്നു
നിങ്ങള്‍ക്ക് വേണ്ടത്
എന്തായിരുന്നെന്നു .
നിങ്ങളിലെ കൗതുകവും
ആസ്വാദനവും
ആസക്തികളും
എന്റെ വളര്‍ച്ചയും
എന്നിലെ മധുവും മനോഹാരിതയും
മാത്രം .
ഉണങ്ങി വരണ്ട നിലങ്ങള്‍
ഒരിക്കലും തന്നെ
ആകര്‍ഷണങ്ങളല്ല .
---------ബി ജി എന്‍

Friday, December 27, 2013

ദൈവം തിരക്കിലാണ് .


പാഞ്ഞു വരുമൊരു
മൃഗമത് മുന്നില്‍ നിന്നൊരു
ഇരയുറക്കെ കേഴുന്നു
ഭഗവാനെ രക്ഷിക്ക.

വീശിയടിക്കും
ചുഴലിക്ക് മുന്നിലായ്
കൂപ്പുകയ്യോടൊരു
യാചകന്‍ കരയുന്നു
ദൈവമേ രക്ഷിക്ക !

തൂക്കുമരത്തിന്‍ കീഴിലായ്‌
നിരപരാധിയാമൊരു മൂടിയമിഴികള്‍
മൂകമായി യാചിക്കുന്നു
പടച്ചവനേ രക്ഷിക്കുക

ഒരു വൈദ്യന്റെ അറിവിനാലും
ഒരു മനുഷ്യന്റെ കനിവിനാലും
ഒരു നിമിഷം നല്‍കിയ രക്ഷയാലും
മിഴികള്‍ ഉയര്‍ത്തിയാരോ പറയുന്നു
ദൈവമേ നന്ദി .

നന്ദികള്‍ സ്വീകരിക്കുന്ന തിരക്കില്‍
ദൈവം രക്ഷകള്‍ക്കായുള്ള
വിലാപങ്ങള്‍ കേള്‍ക്കാതെ പോകില്‍
ദൈവമെങ്ങനെ ദൈവമാകുന്നു ?

ലോലിത സിനിമ കാണുകയാണ്


സിനിമാഹാളില്‍ കയറുമ്പോള്‍
ലോലിതയുടെ നെഞ്ചു
പടപടാ മിടിച്ചു തുടങ്ങിയിരുന്നു .
പ്രിയന്റെ കരം മുറുകെ പിടിച്ചു
ഉള്ളിലെ തിടുക്കം ഒളിപ്പിച്ചു
അവള്‍ മെല്ലെ ഉള്ളിലേക്ക് .

സീറ്റ് തേടി പിടിച്ചു
പ്രിയന്റെ ചാരത്തൊതുങ്ങിയിരുന്നപ്പോള്‍
മനസ്സ് വല്ലാതെ പിടച്ചു തുടങ്ങി
വെളിച്ചം മങ്ങി
ആളുകള്‍ വന്നു തുടങ്ങി
ഇരുളില്‍ ചലിക്കുന്ന നിഴലുകള്‍
തിരശ്ശീലയില്‍
സിനിമയുടെ നിറങ്ങള്‍
അവള്‍ പക്ഷെ
അസ്വസ്ഥയായിരുന്നു .

അല്പനേരത്തിന്റെ
ഇടവേളകഴിയുമ്പോള്‍
പക്ഷെ അവളുണര്‍ന്നു കഴിഞ്ഞു .
സീറ്റിലേക്ക്  ചാരി ഇരുന്നു
കണ്ണുകള്‍ അടച്ചു മെല്ലെ
സിനിമയില്‍ മുങ്ങി ഇരുന്ന
പ്രിയന്റെ കൈകളില്‍
മുറുകെ പിടിച്ചിരുന്നവള്‍ .

പിറകില്‍ നിന്നും ഇരുളില്‍
ഇഴഞ്ഞു വന്നൊരു
കരിനാഗം
അവളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ
ഗതികിട്ടാത്ത ആത്മാവ്
പോലലയുകയായിരുന്നു .

ആനന്ദത്തിന്റെ പറുദീസയില്‍
ലോലിത ചുണ്ടുകള്‍
അമര്‍ത്തി കടിച്ചു
സിനിമ അവസാനിക്കരുതേ
എന്നൊരു പ്രാര്‍ത്ഥന
മാത്രം അവളുരുവിട്ടു കൊണ്ടിരുന്നു.
അപ്പോഴും
ലോലിത സിനിമ കാണുകയായിരുന്നു .
-------------------------ബി ജി എന്‍

Thursday, December 26, 2013

ഒരു മഴ നനയണം എനിക്ക്

എനിക്കൊരുചെടിയാകണം
മഴയില്‍ കുളിച്ചു നില്‍ക്കുന്ന
ഇലകളും , കായകളും
പൂവുകളും നിറഞ്ഞ
മനോഹരമായ ചെടി !

വേനലില്‍ വരണ്ടുണങ്ങിയ
എന്റെ മേനിയിലേക്ക്‌
ഒരു തണുത്ത നിലാവായി
മഴ പെയ്തിറങ്ങണം .

എന്റെ മുടിയിഴകളെ നനച്ചു കൊണ്ട്
എന്റെ കണ്ണുകളെ
ഈറനണിയിക്കുന്ന
നനുനനുത്തൊരു മഴ .
എന്റെ കണ്ണീരിനൊപ്പം
പെയ്തുകൊണ്ടേയിരിക്കണം .

ചുംബനം
കൊതിക്കുമീ അധരങ്ങളെ
മഴനൂലുകള്‍
അമര്‍ത്തി ചുംബിക്കണം .
തുടുത്ത കപോലങ്ങളില്‍
മഴയുടെ വിരലുകള്‍
സാന്ത്വനമാകണം .

കൊങ്കകള്‍
മഴയുടെ വിരലുകളാല്‍
ഞെരിഞ്ഞുടയണം
മഴ എന്റെ കുഞ്ഞാകണം
മാറില്‍ ചാഞ്ഞുറങ്ങണം .

ഒരു മണിയനീച്ചയെ പോലെ
മഴയെന്റെ അണിവയറില്‍
ചിത്രം വരയ്ക്കണം
ഒരു കുഞ്ഞിനെ പോലെനിക്കു
തുള്ളിച്ചാടണം .

ഉപസ്ഥം പൊതിഞ്ഞോഴുകുന്ന
മഴയെന്റെ വികാരമാകണം
എന്നിലെ ഉഷ്ണത്തെ
ഒരു പൂവിന്‍ ഇതള്‍പോല്‍
നുള്ളിയെറിയണം .

ഒരു പെരുമഴപോലെ
എന്നില്‍ പെയ്തിറങ്ങുന്ന
മഴയെ സ്നേഹിക്കണമെനിക്ക് .
എന്നിലേക്കടക്കിപിടിച്ചു
ഞാനാക്കി മാറ്റണമെനിക്ക്.
--------------------ബി ജി എന്‍

രണ്ടു കണ്ണുകൾ


അറവുശാലയിൽ നിന്നും
ഒരു കാള ഇറങ്ങിയോടുന്നു
നാൽക്കവലകളിൽ
വഴിയോരത്ത്
പാടവരമ്പിൽ
കൊമ്പു കുലുക്കിയവൻ പായുന്നു .
മരണം അവന്റെ നാസികത്തുമ്പിലുണ്ടെന്നു
തിരിച്ചറിഞ്ഞവന്റെ പരാക്രമം .
വാശിയോടെ കുത്തിയെറിയുന്ന
ജീവിതങ്ങളിൽ
ആത്മനിർവൃതിയടഞ്ഞവൻ
മുക്രയിട്ടു കുതിക്കുന്നു .
പാഞ്ഞകലുന്ന പ്രാണനുകൾ
ആനന്ദത്തിന്റെ ഊർജ്ജം പകർന്നു
അവൻ പായുകയാണ് .
ഇന്നലെ വരെ
മൂക്കുകയറിൽ തന്നെ തളച്ചവരിൽ
ചാട്ടകൊണ്ട് ചോര പൊടിയിച്ചവരിൽ
നുരയുതിരുന്ന പകലുകളുടെ
അധ്വാനഭാരത്തിൽ
അവന്റെ പ്രതിഷേധം
ഇരയുന്നു.
തിളയ്ക്കുന്ന രോക്ഷത്തിൽ
തുറിച്ച കണ്ണുകളിൽ
അവന്റെ പ്രതിഷേധം ചൂട്
പിടിക്കുന്നു.
ഒടുവിൽ
ഒരു വെടിയുണ്ടയിൽ
 തലതകർന്നു
ഒരു പിടയലിൽ
അവസാന ശ്വാസത്തിൽ 
അവൻ ശാന്തനായി .
എങ്കിലും
ആ കണ്ണുകൾ
തുറന്നുതന്നെയിരുന്നു.
അടങ്ങാത്ത പക
തളം  കെട്ടികിടന്ന
രണ്ടു കണ്ണുകൾ
--------------ബി ജി എൻ

Wednesday, December 25, 2013

വാക്കുകളെ പ്രണയിച്ചവൾ


അക്ഷരങ്ങളിൽ എന്നെ പ്രണയിച്ച
സൂനമേ നിനക്ക് വന്ദനം .
എന്റെ തോന്ന്യാക്ഷരങ്ങളിൽ വീണു
നേരിന്റെ നെറികേടുകൾ കണ്ട
മനസ്സേ നീയെന്റെ ഊർജ്ജം .
സ്നേഹത്തിന്റെ നീളക്ഷരങ്ങളിൽ
നീ മുഗ്ദ്ധഭാവം വരിക്കുന്നു
പുലരികൾ , സന്ധ്യകൾ
കുന്നിൻ ചരുവുകൾ
ഈറൻ രാവുകൾ
വയലേലകൾ
നിനക്കായ് ഞാൻ നടന്നു
തീർത്തതെത്ര
കാഴ്ചകൾ .
രതിയുടെ നീലവാക്യങ്ങളിൽ
അലോസരത്തിന്റെ
ശലഭചിറക് പിടയുമ്പോൾ
ഗൂഢമാം സ്മേരത്താൽ
നീ എന്നെ അറിയുകയായിരുന്നു 
എന്റെ അക്ഷരങ്ങളിൽ
എന്നെ കണ്ട നീ
എന്നെയൊരിക്കലും സ്നേഹിച്ചിരുന്നില്ല
എന്റെ പരാജയം
എന്റെ അക്ഷരങ്ങളാകുന്നതും
ഞാൻ മുഖമില്ലാതെ
ഇരുളിലൊറ്റപ്പെടുന്നതും
നീയറിയുന്നു
എങ്കിലും
നിനക്കിഷ്ടമെന്റെ വരികൾമാത്രം
-----------------------------
ബി ജി എൻ

Tuesday, December 24, 2013

ഒരു ലിറ്റില്‍ ഹേര്‍ട്ട് നല്‍കുന്ന മധുരമാര്‍ന്ന സൗഹൃദത്തിന്റെ ഓര്‍മ്മ

ചില വസ്തുക്കൾ കാണുമ്പോൾ അറിയാതെ ചില ഓർമ്മകൾ മനസ്സിൽ ഉണരും .
ഇന്ന് എനിക്ക് അങ്ങനെ ഒരോര്മ്മ നല്കി.
കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരാൻ ഒരു കവര്‍ ലിറ്റിൽ ഹേർട്ട് ബിസ്ക്കറ്റ് കൊണ്ട് വന്നു . അത് പൊട്ടിക്കുമ്പോൾ എന്റെ മനസ്സ് കുറെ ഏറെ വര്ഷങ്ങള്ക്ക് പിന്നിലേക്ക്‌ , ചില മധുരനൊമ്പര ഓര്മ്മകളിലേക്ക് കൊണ്ട് പോയി എന്നെ . അന്നെനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു . 1996വർഷങ്ങളിൽ ഞാൻ ആദ്യമായി കാശിയിലേക്ക് യാത്ര തിരിക്കുമ്പോൾ ഞാൻ പരിചയപ്പെട്ട ഒരു കൂട്ടുകാരി . യാത്രയിൽ എനിക്ക് എതിരെ ആയിരുന്നു ആ കുട്ടി . ഒരു വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി . ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സില് എന്തോ ഒരു സ്നേഹം തോന്നി . ഞാൻ തന്നെ പരിചയപ്പെട്ടു . സങ്കോചം ഉണ്ടായിരുന്നു എനിക്കും പ്രതികരിക്കാൻ ആ കുട്ടിക്കും . എങ്കിലും ചിറ്റൂര് ഒരു നർസിംഗ് കോളേജിലേക്കുള്ള യാത്ര ആണ് എന്ന് പറഞ്ഞതിൽ നിന്നും മനസ്സിലായി .പിന്നെ ഞാൻ എന്റെ കയ്യില്‍ ഉണ്ടായിരുന്ന വാരികയിലെക്കും അവൾ പുറത്തെ കാഴ്ച്ചകളിലെക്കും അകന്നകന്നു പോയി . വണ്ടി മുന്നോട്ട് ചൂളം വിളിച്ചു പൊയ്ക്കൊണ്ടിരുന്നു . രാത്രി ഭക്ഷണ  സമയത്ത്  ഞാൻ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഭക്ഷണത്തിൽ നിന്നും ആ കുട്ടിക്ക് കൊടുത്ത് അവളും എനിക്ക് ഷെയർ ചെയ്യുക ഉണ്ടായി . രാത്രി വളർന്നു.എല്ലാരും ഉറങ്ങാന്‍ ഉള്ള വട്ടം കൂട്ടി തുടങ്ങി . അപ്പോള്‍ സൈഡ് സീറ്റിനു മുകളില്‍ ഉറങ്ങുക ആയിരുന്ന ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു താഴെ ഇറങ്ങി . അയാള്‍ എല്ലാരോടും വളരെ സൗഹൃദ പരമായി സംസാരിച്ചു പിന്നെ എന്തോ ഒരു സ്വീറ്റ്സ് എല്ലാര്‍ക്കും കൊടുത്ത് . എനിക്കും നീട്ടി ഞാന്‍ വാങ്ങിയില്ല ആ പെണ്‍കുട്ടിയും വാങ്ങിയില്ല . പിന്നെ അയാള്‍ ആ കുട്ടി ഇരുന്ന സീറ്റില്‍ വന്നിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ഉറക്കം തുടങ്ങി ഇരുന്നു കൊണ്ട് . പക്ഷെ ഇപ്പൊ ഉറക്കം മറിഞ്ഞു ആ കുട്ടിയുടെ മേലേക്ക് ആയി തുടങ്ങി . അവള്‍ അസഹ്യതയോടെ മാറി ഇരിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ കാലുകള്‍ എടുത്തു അയാള്‍ക്കും അവള്‍ക്കും ഇടയില്‍ വച്ച് . അയാള്‍ എന്റെ കാലില്‍ നോക്കിയിട്ട് നേരെ എഴുന്നേറ്റ് പഴയ സ്ഥലത്ത് പോയി കിടന്നു .
നമ്മള്‍ എല്ലാം ഉറങ്ങാന്‍ തയ്യാറെടുത്തു . പുലര്‍ച്ചെ മൂന്നരയ്ക്ക് അവളുടെ സ്റ്റേഷന്‍ വരുമെന്ന് പറഞ്ഞു . ഞാനും മയങ്ങാന്‍ കിടന്നു . യാത്രകളില്‍ എനിക്ക് ഉറക്കം വരാറില്ല. അതിനാല്‍ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു ചെറുതായി മയങ്ങി അപ്പോഴേക്കും ആ കുട്ടി പോകാന്‍ എഴുന്നേറ്റു . പിന്നെ ഞാനും കൂടി ചേര്‍ന്ന് ആ കുട്ടിയുടെ സാധനങ്ങള്‍ എടുത്തു വാതില്‍ക്കല്‍ കൊണ്ട് വച്ച് . സ്റ്റേഷനില്‍ വണ്ടി എത്തി നിന്ന് . ശൂന്യമായ പ്ലാറ്റ്ഫോം . ഒരൊറ്റ മനുഷ്യന്‍ ഇല്ല മഞ്ഞു മൂടിയ ഇരുള്‍ . ഞാന്‍ ചോദിച്ചു വേറെ ആരും കൂടെ ഇല്ലേ . അപ്പോള്‍ പറഞ്ഞു അപ്പുറത്തെ ബോഗിയില്‍ കൂട്ടുകാര്‍ ഉണ്ട് . എന്നിട്ടും ഞാന്‍ കൂടെ നിന്ന് . അപ്പോള്‍ കാണാം ആ കുട്ടിയുടെ കൂട്ടുകാര്‍ വരുന്നു അതോടെ ഞാന്‍ യാത്ര പറഞ്ഞു വാതില്‍ക്കല്‍ നിന്ന്. വണ്ടി അകലുമ്പോള്‍ അവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരു ദൂര കാഴ്ച മാത്രം ആയി എല്ലാം മറഞ്ഞു പോയി .
യാതയുടെ അവസാനം മൂന്നാം ദിവസം ഞാന്‍ കാശിയിലെത്തി. ആദ്യം ചെയ്തത് ആ കുട്ടിയുടെ പേരും അത് പറഞ്ഞ കോളേജിന്റെ അഡ്രസ്സും ഊഹം വച്ചു ഒരു കത്ത് അയക്കുക ആയിരുന്നു . വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി . ഞാന്‍ ഒരു ആഴ്ച മാത്രമേ അവിടെ നിന്നുള്ളൂ . ഉടന്‍ തന്നെ ഞാന്‍ തിരികെ പോയി . നാട്ടില്‍ വന്ന ശേഷം എന്റെ സ്നേഹിതന്‍ എനിക്ക് ഒരു കത്ത് കാശിയില്‍ നിന്നും അയച്ചു തന്നു . അത് കിട്ടുമ്പോള്‍ ഞാന്‍ വളരെ അല്ഫുതപ്പെടുക ഉണ്ടായി . കാരണം അത് ആ കുട്ടിയുടെ മറുപടി ആയിരുന്നു . ഞാന്‍ അവിടത്തെ അഡ്രസ്‌ ആയിരുന്നു കൊടുത്തിരുന്നത് . അതില്‍ ആണ് മറുപടി വന്നത് . എന്റെ കത്ത് ഒരുപാട് കറങ്ങി ത്തിരിഞാനു അവളുടെ കയ്യില്‍ കിട്ടിയത് എന്നവള്‍ എഴുതിയിരുന്നു . എനിക്ക് ഊഹം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു കാരണം .
പിന്നീട് സ്ഥിരം ആയി കത്തുകള്‍ അയക്കുമായിരുന്നു പരസ്പരം ഒരുപാട് മനസ്സ് തുറന്നു സംസാരിച്ചിരുന്നു . വളരെ നല്ല ഒരു സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ . അവളുടെ പ്രണയവും , വിഷമതകളും ഒക്കെ എന്നോട് പറയുമായിരുന്നു . ഇടയ്ക്കെനിക്ക് കാണണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നു . ഞാന്‍ ഇതിനിടയ്ക്ക് ജോലി തേടി കേരളത്തിനു പുറത്തുള്ള സഞ്ചാരം കുറച്ചധികം ആയി കഴിഞ്ഞിരുന്നു . ഒഴുക്കിന് ഒടുവില്‍ ഞാന്‍ ഗുജറാത്തില്‍ എത്തി . ആ കാലത്താണ് അവള്‍ മുംബൈയില്‍ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയത് . ഗുജറാത്തില്‍ വാപിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത് . അവിടെ നിന്നും മുംബൈയില്‍ മാഹിം എന്ന സ്ഥലത്ത് അവള്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ഒരു ദിവസം ഞാന്‍ പോകുക തന്നെ ഉണ്ടായി . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യാത്രയില്‍ കണ്ട ശേഷം ആദ്യമായി നേരില്‍ വീണ്ടും കാണുക ആണ് . എന്താണ് ഞാന്‍ അവള്‍ക്കു ആദ്യം കാണുമ്പോള്‍ കൊടുക്കേണ്ടത് എന്ന എന്റെ ചിന്തകള്‍ ഒരുപാട് ആലോചനകള്‍ , എല്ലാം ഒടുവില്‍ എത്തി ചേര്‍ന്നത്‌ ഈ ലിറ്റില്‍ ഹേര്‍ട്ടില്‍ ആണ് , അങ്ങനെ അതും വാങ്ങി ഞാന്‍ അവളെ ഹോസ്പിറ്റലില്‍ പോയി കണ്ടു . റിസപ്ക്ഷനില്‍ കാത്തു നിന്നു ഒടുവില്‍ അവള്‍ നടന്നു വരുമ്പോള്‍ അന്നത്തെ ആ രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും അവളില്‍ ഞാന്‍ കണ്ടിരുന്നില്ല. കുറച്ചു നേരം എന്തോ ഒന്നും സംസാരിക്കാന്‍ ആകാത്ത പോലെ ഞാന്‍ നിന്ന് . പിന്നെ ഞങ്ങള്‍ അല്‍പനേരം സംസാരിച്ചു. പിരിഞ്ഞു . പിന്നെയും കുറച്ചു നാളുകള്‍ ഫോണ്‍ വിളിയിലായി നമ്മുടെ പരിചയങ്ങള്‍ . ഇടയ്ക്ക് അവള്‍ പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ ചേച്ചിയുടെ അടുത്തു പോകുന്നു . അതിനു ശേഷം അവളുടെ ഒരു വിവരവും ഇല്ലായിരുന്നു . പിന്നെ ഞാന്‍ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മറ്റൊരു മലയാളി കുട്ടി എടുത്തു പറഞ്ഞു ആ കുട്ടി ഗള്‍ഫില്‍ പോയി എന്ന് .
കാലം ഒരുപാട് പിന്നെയും മുന്നോട്ടു . ഇതിനിടയ്ക്ക് നാട്ടിലെ വീട്ടു അഡ്രസ്സ് പറഞ്ഞു തന്ന ഓര്‍മ്മ ഉണ്ടായിരുന്നു അതില്‍ രണ്ടു കത്ത് അയച്ചു . മറുപടി ഇല്ല . അവളെ കുറിച്ചറിയാത്ത കുറെ ഏറെ വര്‍ഷങ്ങള്‍ . അടുത്ത കാലത്ത് മുഖപുസ്തകത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ അവള്‍ ഇതില്‍ ഉണ്ടാകാം . അവളെ തിരഞ്ഞു കിട്ടിയില്ല . അവളുടെ ചേച്ചിയുടെ പേര് ഓര്‍മ്മ ഉണ്ടായിരുന്നു ആ പേരുള്ള രണ്ടു മൂന്നു പേരോട് മെസ്സേജ് ഇട്ടു ചോദിച്ചു രക്ഷയില്ല . പക്ഷെ ഒടുവില്‍ ഞാന്‍ കണ്ടെത്തി . അവള്‍ ഗള്‍ഫില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു . കുടുംബമൊത്ത്‌ അവിടെ ആണ് താമസം .അന്ന് വെളുത്ത് കൊലുന്നനെ ഇരുന്ന ആ പെണ്ണ് ഇന്ന് മൂന്നു മക്കളുടെ അമ്മ . തടിച്ചി ആയിരിക്കുന്നു അവളിപ്പോള്‍ . എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല . അന്നവള്‍ പറഞ്ഞ ആ പ്രണയം തന്നെ ആണ് അവളുടെ ജീവിത പങ്കാളി എന്ന് അറിഞ്ഞു . ഇപ്പോള്‍ അവള്‍ ഇത് വായിക്കുമെന്നറിയാം . കൂട്ടുകാരി ഒരു ലിറ്റില്‍ ഹേര്‍ട്ട് ഇത്ര ഒക്കെ എന്നെ ഓര്‍മ്മിപ്പിച്ചു . നിന്റെ സൌഹൃദത്തിന് നന്ദി .

Monday, December 23, 2013

പരഹൃദയജ്ഞാനം

നിന്റെ ഹൃദയം
എനിക്കൊരിക്കലും വായിക്കാന്‍
കഴിഞ്ഞിരുന്നില്ല .

അതറിഞ്ഞിരുന്നുവെങ്കില്‍
പ്രണയത്തിന്റെ ഭിക്ഷാപാത്രവുമായി
നീ നടന്ന വഴികളില്‍
കാത്തിരിക്കില്ലായിരുന്നു .

പ്രതീക്ഷകളുടെ മഞ്ചാടിമണികള്‍
മനസ്സിന്റെ ചെപ്പില്‍
കരുതിവയ്ക്കില്ലായിരുന്നു  .

സ്വപ്നങ്ങളുടെ മയില്‍പ്പീലിത്തുണ്ടുകള്‍
ഓര്‍മ്മപുസ്തകത്താളുകളില്‍
ഒളിപ്പിക്കില്ലായിരുന്നു .

ഗുല്‍മോഹറുകള്‍ തണല്‍വിരിക്കുന്ന
ചുവന്ന പാതയോരത്ത്
ഒരിക്കലും രണ്ടു ജീവിതങ്ങള്‍
അഭിനയിച്ചു പിരിയില്ലായിരുന്നു .

നിസ്സംശയം നിന്റെ മേനിയെ
കുറ്റബോധമില്ലാതെ തൊട്ടുഴിഞ്ഞേനെ.
നിന്നിലേക്ക്‌ നീളുന്ന
ആസക്തികളില്‍ ജലം തളിച്ചു
മണ്ണിലെക്കൂര്‍ന്നു പോയേനെ.

ഇനിയില്ലന്നൊരു നൂറുവട്ടം
പഴി പറയാതറിയാതൊരുകാതം
ദൂരത്തിന്റെ പടി ചവിട്ടിയേനെ.

എങ്കിലും ഞാന്‍ തപിക്കുന്നു !
നിന്റെ ഹൃദയം വായിക്കാന്‍
കഴിയാതെ പോയൊരെന്നെ ഓര്‍ത്ത്‌
എന്‍റെ ഹൃദയം തപിക്കുന്നു .
----------ബി ജി എന്‍

Sunday, December 22, 2013

മഴ

വേനലായിരുന്നു ,
പുലരിയുടെ കവിള്‍ത്തുടുപ്പില്‍
ആദ്യ മഴത്തുള്ളി പതിക്കും വരെ
വേനലായിരുന്നു.

പ്രണയത്തിന്റെ തീമഴയിലും
വിരഹത്തിന്റെ തോരാമഴയിലും
പ്രതീക്ഷയുടെ കുളിര്‍മഴയിലും 
ജീവിതം മൂടിപ്പുതച്ചുറങ്ങുമ്പോഴും
ആദ്യമഴയുടെ രതിഗന്ധം
കാമനകളെ  ത്രസിപ്പിക്കുന്ന
ഗൂഢമായോരനുഭൂതിയാണ് .

മഴയെന്റെ പരാഗരേണുവില്‍
സ്മ്രിതിയുടെ തീര്‍ത്ഥം തളിക്കുമ്പോള്‍
നനയുന്ന കവിള്‍ത്തടങ്ങളില്‍
കണ്ണീരിന്റെ ഉപ്പു ചുവയ്ക്കുന്നുണ്ട്.

സര്‍പ്പങ്ങള്‍ മാളങ്ങളുപേക്ഷിച്ചു
പുതുമണ്ണിന്‍ ഗന്ധമളക്കുമ്പോള്‍
എന്റെ ചേതനയില്‍ നിറയുന്ന
നിന്റെ നിശ്വാസമാണ് മഴയെനിക്ക് .

കിതച്ചു പൊങ്ങുന്ന മാറിടംപോല്‍
മഴയുടെ താപമാപിനികളുയരുമ്പോള്‍
പ്രിയേ നീയറിയാതെന്റെ രസനകളില്‍
പ്രണയത്തിന്റെ മധു നിറയ്ക്കുന്നു .

മഴയുടെ കാലൊച്ച തേടുന്ന
നിന്നുടെ നിശബ്ദരാവുകള്‍ക്ക് കൂട്ടായി
കാച്ചെണ്ണയുടെ കര്‍പ്പൂരഗന്ധമായി
പ്രണയം പെയ്തൊഴിയുന്നു .

മഴനിന്റെ മുടിയിഴ തഴുകി
താമരനൂലുപോല്‍ മാറിട തണുപ്പിച്ചു
നാഭീയിലൊരു തിരയായി
കടലുതേടുമ്പോള്‍
അപൂര്‍ണ്ണമായൊരു വാക്ക്പോല്‍
മഴനിന്നെ കരയിക്കുന്നു .

ഓര്‍മ്മകളില്‍ പെയ്യുന്ന
നിലാമഴകള്‍ക്ക് വേണ്ടിയാകാം
മനസ്  ദാഹിക്കുന്നു .
മഴയുടെ ആലിംഗനത്തിനായി
പിന്നെയും മനസ്സ് ദാഹിക്കുന്നു .
----------------------------------ബി ജി എന്‍

കിനാവള്ളി

വളഞ്ഞു പുളഞ്ഞൊരു  വാക്ക് വരുന്നുണ്ടടി-
ക്കാട് കത്തുമൊരു താഴ്വരയിൽ നിന്നും.
ചുടുനിശ്വാസത്തിൻ ചെന്തീകണക്കെയെൻ 
ചിന്തകളിൽ പടർന്നുന്മാദമായി നിന്നിലേക്ക്‌ .

അടരുവാനാകാതെ നിന്നിലിണചെരുമെൻ
മിഴികളെ ഒരുമാത്ര പിൻവിളി വിളിക്കാതെ
കരുണയേവം കരളിലില്ലാതിന്നു കാമിനീ,നീ 
അകലുന്നുവോ നിന്റെ നിഴൽ പോലുമേകാതെ.

പറയുവാനാകാത്ത  നോവുകൾകൊണ്ട് നീ
കനലുകൾ തൻ ചിറതീർക്കുന്നെന്നുള്ളിലായ്‌
പരിഭവമില്ലതിലൊട്ടുമെങ്കിലും നിന്റെ മിഴി -
നീരുരുകുന്ന മാത്രയതോർക്കുവാനാകില്ല .

പെയ്തൊഴിയുവാനോ,കരകവിഞ്ഞൊഴുകാനൊ
കൊതിയതെന്തെന്നറിയാതെ ഉഴലുന്നവർ ,
ഇരുകരകളിൽ തമസ്സിന്റെ ജലതപമാർന്ന
വർഷമേഘങ്ങളാകുന്നുവൊ നമ്മളിന്നു !
------------------------------ബി ജി എൻ



Saturday, December 21, 2013

ഗായകന്‍


തിമിരം മൂടൽ മഞ്ഞു കെട്ടിയ
ഈ സായംസന്ധ്യയിലും
പുഴവറ്റി വരണ്ടൊരീ
വെറും നിലത്തും
പ്രണയം നിലാവിന്റെ
മുടിയഴിച്ചിട്ടെന്റെ
ചേതനയെ ത്രസിപ്പിക്കുമ്പോൾ
നിനക്കായ് പാടുവാൻ
പുതിയൊരു പാട്ടിന്റെ
ഈരടി തേടിയെണ്‍ രാവുകൾ
നിദ്രാവിഹീനമാകുന്നു .

-----------------ബി ജി എൻ വർക്കല

മോഹങ്ങള്‍ മഴയാകുമ്പോള്‍

എന്റെ ജാലകത്തിനുമപ്പുറം
സുഗന്ധം പരത്തി നില്‍ക്കുന്ന
കുളിര്‍ത്തെന്നലിന്റെ മൗനമുണ്ട്‌.
നിന്നിലേക്ക്‌ നീളുന്ന ആസക്തിയുടെ
ദീര്‍ഘ നയനങ്ങളില്‍ പടരുന്നുണ്ട്
വിഷാദത്തിന്റെ ചുവന്ന രേണുക്കള്‍ !
മഴനൂലുകള്‍ കൊണ്ട് നെയതെടുത്ത
സ്വപ്നങ്ങളുടെ മൗനാവരണത്തില്‍
നിന്റെ നിശ്വാസത്തിന്റെ താപമുരുകിവീഴവേ
ശലഭചിറകാകുന്നു ഹൃദയം .....
...................ബി ജി എന്‍ 

സ്വാസ്ഥ്യം കെടുത്തുന്ന ജീവിതങ്ങള്‍

ധൂളികൾ പോലെ
കണ്ണുകളിൽ അസ്വസ്ഥത പടർത്തി
ശ്വാസതടസ്സമുയർത്തി
ജീവിതത്തിനു മുന്നിലായിങ്ങനെ...

സ്നേഹമാണെന്ന് വാക്കിലും
കാമമാണെന്നു വരികളിലും
പ്രണയമാണെന്ന് നോട്ടത്തിലും
ഒരുക്കുന്നുണ്ട്‌ ജീവിതമിങ്ങനെ ....

കാറ്റ്  കടമെടുക്കാൻ ഭയക്കുന്ന
കനലുകളെ
നിങ്ങളെന്നെ ഉപേക്ഷിക്കൂ.
ഒരു കൊടുംതണുപ്പിൽ
വീണലിഞ്ഞൊടുങ്ങുവാൻ
മോഹമാകുന്നിന്നു .
---------------ബി ജി എന്‍ 

പറയാതറിയാതെ


പ്രണയം പ്രാണനില്‍ പുതുജീവനേകുന്ന
പതിരുകളില്ലാത്ത ജീവസത്യം സഖേ !
ഇരുളില്‍ പതിയിരുന്നൂഴം തിരയുന്ന
കമിതാവിന്‍ കണ്ണുകളല്ലതിന്‍ പിന്നിലായ് .

ഹൃദയം മുറിയുന്ന വേദന തന്നിലും പ്രിയേ
നിന്‍ മുടിയിഴ പോലും നോവാതിരിക്കുവാന്‍
കഠിനം മനസ്സിനെ മരിക്കാനയച്ചിട്ട്‌ സദയം
മംഗളം പാടും നടനാണ്‌ ഞാനിന്നും .

പതിതന്‍,പരാജിതന്‍,പ്രണയത്താലെരിയും
മമ ജന്മത്തെ വിലപിക്കാന്‍ വിടുമ്പോഴും
സഖി നിന്നെയനുവദിക്കാന്‍ കഴിയില്ല , ഇറ്റു
കണ്ണുനീര്‍പോലുമാ കവിള്‍നനച്ചീടുവാന്‍.

ഇരുള്‍ മാറി പകല്‍ വരും, വസന്തം വരും
നീ പ്രിയന്‍ തന്‍ ചാരത്തു കനവു കണ്ടുറങ്ങും
ഇരുളൊരിക്കലും മാറാത്തോരീ മനസ്സും
ശരീരവും മണ്ണിന്‍ തണുപ്പിലലിയും നാള്‍വരും .

മറക്കാന്‍ കഴിയാത്തൊരു സന്ധ്യയില്‍ നീ -
യെന്റെ ചൂര് തേടുന്നൊരു ദിനം വരും ന്യൂനം .
നിബിഡവനാന്തരതീരത്തിലന്നെവിടെയോ
മൃതിതിന്നോരെന്നുടല്‍ കൊരിത്തരിച്ചീടും .
----------------------------------ബി ജി എന്‍

Friday, December 20, 2013

അധിനിവേശം

നീള്‍മിഴികള്‍ ഉറ്റുനോക്കുന്ന
പ്രകാശത്തിന്റെ പച്ചപ്പ്‌ പോലെയാണ്
ജീവിതത്തിന്റെ പടനിലങ്ങളില്‍
പ്രണയത്തെ കണ്ടു മുട്ടുന്നത് .

ഒരു പനിനീര്‍പ്പൂവിന്റെ
നേര്‍ത്ത സുഗന്ധം പോലെയാണ്
വിജനതയുടെ തീരങ്ങളില്‍
സൗഹൃദത്തിന്റെ കരങ്ങള്‍ വിടരുന്നത് .

തൊട്ടാവാടി പൂവുകളില്‍
ഇലകള്‍ പിണങ്ങിനില്‍ക്കും പോലെയാണ്
ദൈന്യതയുടെ അകക്കാമ്പില്‍
വാക്കുകള്‍ പതറിപ്പോകുന്നത് .

നിന്നിലേക്ക്‌ നീട്ടും കരങ്ങളില്‍
മഞ്ഞിന്റെ തണുപ്പ് തൊടുംപോലെയാണ്
സ്നേഹത്തിന്റെ നിലാവ്
എന്നിലേക്കരിച്ചിറങ്ങുന്നത് .

ആകാശ മേലാപ്പിലെ
നക്ഷത്രങ്ങള്‍ ചിരിക്കും പോലെയാണ്
നമ്മുടെ സ്വപ്നങ്ങളില്‍
നീ കടന്നു വരുന്നതെപ്പോഴും

അധരങ്ങള്‍ ദാഹിച്ചു വലയുന്നത്
സ്നേഹത്തിന്റെ സ്തന്യംദര്‍ശിക്കുമ്പോഴാണ്‌ 
എങ്കിലും വിങ്ങുമാ മാറില്‍
എന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കുന്നു .
---------------------ബി ജി എന്‍ വര്‍ക്കല

Thursday, December 19, 2013

അവൾ അനസൂയ



പ്രഭാതത്തിൽ നിരത്തിലേക്ക്
ഒരു പവിഴമല്ലിപോലെ
അവൾ വന്നു
അവൾ അനസൂയ .
വിടർത്തിയിട്ട മുടികൾ
കാറ്റിനൊപ്പം അലഞ്ഞു നടന്നു
അഴകാൽ മിനഞ്ഞെടുത്ത
തനുവിനെയവൾ
നന്നായി അണിയിച്ചൊരുക്കിയിരുന്നു.
യാത്രികർക്ക് നേരെ
ഒളിച്ചു പിടിച്ചൊരു റിക്കോർഡറുമായി
അവൾ ലാസ്യം ഒതുങ്ങി നിന്നു .
ചിലരവളുടെ മുടികളെ
ചിലരാ കണ്ണുകളെ
മൂക്കിനെ , ചുണ്ടിനെ
അംഗങ്ങളൊന്നൊന്നായി ...
വർണ്ണനകൾ കാറ്റ്
ഒപ്പിയെടുത്തു നല്കി ചെറു ചൂടോടെ .
നേരമിരുളിൽ ചേക്കേറി.
ഓടിയലച്ചവൾ മുറിയിലെത്തി
വസ്ത്രങ്ങളൂരിയെറിഞ്ഞുകൊണ്ട്
കിടക്കയിലെക്കവൾ മറിഞ്ഞു .
കൈനീട്ടിയെടുത്തൊരു
ഡിൽഡോയുമായി
ഹെഡ്ഫോണിൽ
അവൾ  കമന്റുകളുടെ കാടേറി
യാത്ര തുടങ്ങി .
പുറത്തു മഴ പെയ്തു തുടങ്ങി .
---------------------ബി ജി എൻ

Wednesday, December 18, 2013

ജന്മപുണ്യം

അല്ലയോ ലോകമേ
നിങ്ങൾ എന്താണിങ്ങനെ.
കാണുന്ന മാത്രയിൽ തന്നെ
കാമം വഴിയുന്ന
ക്രൗര്യം നിറയുന്ന നിങ്ങളിൽ
എനിക്ക് ഭയമാണ് .
നന്മയെ കാണാതെയല്ല ,
എന്നാൽ ഈ തിന്മകളെ
നിങ്ങളെയോർത്തു കരയുന്നു ഞാൻ .
പുരുഷന്റെ നഗ്നതയിൽ എനിക്ക്
വികാരമുണരുന്നില്ല ദർശനമാത്രയിൽ .
ഓടിച്ചെന്നു ഭോഗിക്കുവാൻ വേണ്ടി
ത്രസിക്കുന്നില്ലെന്റെ അരക്കെട്ട്  .
തിരക്കുകളിൽ ഞെങ്ങി ഞെരുങ്ങലുകളിൽ
സ്രവിക്കുന്നില്ലെന്റെയവയവങ്ങൾ  .
വ്യവഹാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളിൽ
പരസ്പരം മനുഷ്യരെ മാത്രം കാണുന്നു
തൊട്ടുരമ്മലിൽ ഉദിക്കുന്നില്ല
കാമത്തിന്റെ വെണ്ണീറൂകൾ  .
പണിത്തിരക്കുകളൊഴിഞ്ഞുള്ള
വിശ്രമവേളകളിൽ
പ്രിയനരികിലുണ്ടെങ്കിൽ
എന്ന് ഞാൻ കൊതിക്കുന്നു .
കോരിയെടുത്തു കിടക്കയിൽ കിടത്തി
മൈഥുനത്തിനല്ല  .
മടിയിൽ, മാറിൽ  തലചായ്ചു
ഒന്ന് മയങ്ങുവാൻ .
ഒരു പുഷ്പം പോലെ തലോടൽ കൊതിക്കുന്നു
തിരമാല പോലെ ആർത്തലച്ചു
ഒലിച്ചു പോകാൻ അല്ല
കുന്നിൻ താഴ്വാരങ്ങളിൽ
മഞ്ഞണിഞ്ഞു വരുന്നത് പോലെ
പുതഞ്ഞു കിടക്കാൻ .
ഒരു നോട്ടം , ഒരു സ്പർശം
ഒരു ചുംബനം കൊണ്ട് പോലും
രതിമൂർച്ചയടയാൻ എനിക്ക് കഴിയും
പക്ഷെ
ഈ തിരക്കിന്റെ തുറിച്ചു നോട്ടങ്ങളിൽ
കടന്നാക്രമണങ്ങളിൽ
കടിച്ചു കീറലിൽ
എനിക്ക് ഓർക്കാനം വരുന്നു.
എല്ലിൻ കഷണം നക്കി തുടക്കുന്ന
നായെ പോലെ
എനിക്കതു അറപ്പ് നല്കന്നു
അടിവയറിൽ ഊറുന്ന ജീവനെ
ഓമനിച്ചുറക്കുവാൻ
ഊറിയൊഴുകുന്ന പാലിനൊപ്പം
എന്റെ സ്നേഹം പങ്കിടാൻ
മാതൃത്വം കൊണ്ട് പൂർണ്ണയാകുവാൻ .
എനിക്കിനി വരും ജന്മങ്ങളിലും
പെണ്ണായിരുന്നാൽ മതി .

--------------------------ബി ജി എൻ

Tuesday, December 17, 2013

നീ എന്ന കനവു


നീ മടങ്ങുന്ന പാതയില്‍ ഞാനൊരു
വേനലില്‍ പെയ്ത മഴയാകവേ
ഓര്‍മ്മയില്‍ കരുതുക പ്രണയമേ
നാമൊന്നു ചേരുന്ന ദിനമെങ്ങു പോയി

കണ്ടിരുന്നു നാമൊരുപാട് കനവുകള്‍
ചന്ദനശീതള സുഗന്ധമെന്ന പോല്‍
വിട്ടകലാതിരിക്കുവാന്‍ നമ്മളാ
കൈവിരല്‍ കോര്‍ത്തു നടന്നതല്ലേ .

പൂത്തിരുവാതിര നാളുകള്‍ എത്രയോ
നീയെനിക്കായി നോറ്റിരുന്നു സഖീ
കാറ്റ് കടം തന്ന കാച്ചെണ്ണഗന്ധത്താല്‍
രാത്രികളെത്രയോ നമ്മെ കടന്നു പോയി .

ഇന്നുമീ കടമ്പിന്‍ ചുവട്ടില്‍ ദളങ്ങള്‍
അടര്‍ന്നെത്ര സുമങ്ങള്‍ കരിയുന്നുണ്ട്
നിന്‍തനുവേ താഴുകിയോരാ മാരുതന്‍
ഇന്നും തിരയുന്നു നിന്നെ എന്നറിയുക .
-----------------------ബി ജി എന്‍

ഒരു ലളിത ഗാനം


താരകമിഴിയുള്ള പെണ്‍കിടാവേ
നിൻ പുഞ്ചിരി വിരിയുന്ന രാവിത് .
സ്വപ്‌നങ്ങളുറങ്ങുന്ന താഴ്വരകളിൽ
ചിത്രശലഭമായ് നീ വരുമോ !    (താരക ....)

ഇരുൾമാറി പകലിന്റെ രഥചക്രമുരുളുന്ന
ജാലകവാതിലിൽ നീ നില്ക്കെ.
ഒരു കീറുവെളിച്ചം മാലചാർത്തും നിന്റെ
നുണക്കുഴികവിളിൽ മയങ്ങീ ഞാൻ .  (താരക ...)

മയിൽ‌പ്പീലി പോൽവിടരും ചൊടികളിൽ
മധുപൻ കൂടുകൂട്ടാൻ കൊതിക്കുന്നു.
ഒരു രാവുകൂടി കടമായി ചോദിച്ചു
പകലോനുമകലുന്നു ദുഃഖഭാരത്താൽ . (താരക......)

മഞ്ഞുറഞ്ഞുരുകുന്ന ഗാഡതമസ്സിൽ
മൂകത തളംകെട്ടും കളിയൂഞ്ഞാലിൽ
ഇന്നൊരേകാന്ത പക്ഷിയെപ്പോലെ
കാത്തിരിപ്പവനിന്നും നിന്നെയോർത്തു (താരക ...)
-------------------------ബി ജി എൻ

എന്നിനി പുലരി വരും


ആഘോഷങ്ങളുടെ നാട്ടിലൂടെ
ആരവങ്ങല്‍ക്കിടയിലൂടെ
നടക്കാന്‍ പഠിച്ചവര്‍ നാം
ചിരിക്കാന്‍ പഠിച്ചവര്‍ നാം ,

പിച്ചിചീന്തുന്ന പെണ്ണുടലിനെ നോക്കി
തൊണ്ട പൊട്ടുന്നവര്‍ നാം
നിയമത്തിന്റെ കയ്യിലേക്ക്
വേട്ടക്കാരനെ എത്തിച്ചു
അടുത്ത ഇരയിലേക്ക് പോകും
സാമൂഹ്യ ജീവികള്‍ നാം .

മണ്ണും മനുഷ്യനും
തിന്നു തീര്‍ത്ത സൌമ്യയും
ജ്യോതിയുമെല്ലാം ഓര്‍മ്മകള്‍
വെറും ഓര്‍മ്മപ്പെടുത്തലുകള്‍

മെഴുകുതിരികള്‍ കൊളുത്തിയും
ഓര്‍മ്മക്കുറിപ്പുകള്‍ കൊടുത്തും
യുവത്വം മരിച്ചു വീഴുന്നു തെരുവുകളില്‍
ലഹരിനുരയുന്ന ബാല്യം പോലെ ,
മെനോപാസം ബാധിച്ച
ഫെമിനിസം
ചുരുണ്ട് കിടക്കുന്നുണ്ട്
രാജവീഥികളിലെ മണ്‍തിട്ടകളില്‍ .

ശീമപ്പന്നികളെ പോലെ
നീതി തീറ്റിപോറ്റുന്നുണ്ട്
ചാമിമാരെ മൂന്നുനേരം മുടങ്ങാതെ
എല്ലാ ദിനവും .

ഗ്രാമങ്ങളുടെ കൂനംപാലചുവടുകളില്‍
പെണ്ണുടയാടകള്‍ നായ നക്കുമ്പോള്‍
നഗരങ്ങളുടെ ശീതവനങ്ങളില്‍
ദുര്‍മേദസ്സുകള്‍ നുണഞ്ഞിറക്കുന്നു 
മുയല്‍ക്കുഞ്ഞുങ്ങള്‍ തന്‍ കരളുകള്‍ .

ഭ്രാന്തു പിടിച്ചൊരു തലമുറ
സിരകളില്‍ ഉന്മാദം നിറച്ചു
ധമനികളില്‍ അഗ്നിപടര്‍ത്തി
തെരുവുകള്‍ പിടിച്ചടക്കാന്‍ വരുന്നുണ്ട് .
ഷണ്ഡത ബാധിച്ച സമൂഹമേ
ഉണരാന്‍ വൈകിയതിനു നിങ്ങള്‍
മാപ്പ് പറയേണ്ടി വരും
നിങ്ങളോട് തന്നെ .
--------------------ബി ജി എന്‍

Monday, December 16, 2013

യാത്രികന്‍


എല്ലാ യാത്രകളും തുടങ്ങുന്നത്
പ്രതീക്ഷകളുടെ തേരിലേറിയാണ് .
എങ്കിലും, ഒരിക്കലും യാത്രികന്‍
മുഴുമിപ്പിക്കാറില്ലൊരു യാത്രയും

തുടക്കത്തില്‍ കരുതുന്നവയൊന്നും
യാത്രയില്‍ സഹായകമാകുന്നില്ല.
വീശിയടിക്കുന്ന കാറ്റ് പോലെ ,
വഴി തടയുന്ന പുഴ പോലെ ,
കയറുവാനാകാത്ത മലകള്‍ പോലെ ,
യാത്രക്കാരന്‍ വലഞ്ഞുകൊണ്ടേയിരിക്കും.

എല്ലാ യാത്രക്കാരെയും പറയുവാനാകില്ല!
കാരണം ഇവിടെ യാത്ര എന്റെതും ,
വഴികള്‍ നിന്റെതുമാകുമ്പോള്‍ .
ദൂരമളക്കുന്ന മാപിനികള്‍ നിശബ്ദം
വേഗതയുടെ പേടകം നിശ്ചലം
ലക്ഷ്യത്തിന്റെ ആഴവും പരപ്പും.
ഇല്ല എന്റെ യാത്രകള്‍ എന്നുമിങ്ങനെയാണ് ..!

ചുഴികള്‍ മനോഹരമാണ് !!
ശാന്തമായ തടാകത്തിന്‍ നടുവില്‍
ഗൂഡതയുടെ നീലിമ ഒളിപ്പിച്ചു വച്ച്
അതിങ്ങനെ ആഴങ്ങളിലേക്ക് ഊളിയിടുന്നു .
യാത്ര പകച്ചു നില്‍ക്കുന്നതവിടെയാകാം .

എങ്കിലും
എനിക്ക് യാത്ര ചെയ്യണം
മരണത്തിന്റെ തണുപ്പെന്നെ പുണരുവോളം
ഒരു യാത്രികനാകണമെനിക്ക്
നീയാം സമുദ്രത്തില്‍
തുഴയില്ലാതൊരു തോണിയില്‍ ....
-----------------------ബി ജി എന്‍

മണ്ണിന്റെ വിലാപം


ആകാശമേ നീ
മഴമേഘങ്ങളെ പെയ്യാനനുവദിക്കൂ .
നിന്റെ നിരാകാരത്തിൽ
വരണ്ടുണങ്ങിയ ഭൂമി കരയുന്നു
നിന്റെ തലോടൽ കൊതിക്കുമീ
മണ്ണിന്റെ ഊഷരതയെ
തൊട്ടറിയാൻ കഴിയില്ലെങ്കിൽ
എന്തിനു നീ ചൂടണമീ
മേഘമാം കമ്പളം എന്നുമിങ്ങനെ .
പുതുമണ്ണിൻ ഗന്ധം മറന്ന
പുലരിയെ നീ കാണുന്നില്ലേ ?
വരണ്ടുണങ്ങിയ ചുണ്ടുകളിൽ
തുടിക്കാൻ കൊതിക്കുന്ന
മുലച്ചുണ്ടുകളിൽ
ഒന്ന് നനയാൻ കൊതിക്കുന്ന
ഗർഭപാത്രത്തിനെ
അരുതേ
നിരാകാരം കൊണ്ട് നീ
തടയരുതൊരിക്കലും സഖേ.
---------------------ബി ജി എൻ

ഇരുട്ടില്‍ നിഴല്‍ തേടവേ


വേദനയുടെ നൂലുകള്‍
പിടയുന്ന മനസ്സിലെല്‍പ്പിക്കാന്‍
മറ്റൊന്നുമില്ലാതെ പിണങ്ങി നില്‍ക്കവേ
നിദ്ര അകന്നു പോകുന്നെന്നില്‍ നിന്നും .

ചാരെ മിഴിപൂട്ടിയുറങ്ങും
പ്രിയന്റെ മാറിലേക്ക് നോക്കുമ്പോള്‍
പിടയുന്ന മനസ്സേ
ആശങ്കകള്‍ ഇനിയുമരുതേ .

ഇരുണ്ട പേക്കോലങ്ങള്‍
സ്മ്രിതിയില്‍ ഭയം നുരയ്ക്കവേ
ഇമകളൊന്നനടയ്ക്കാന്‍ കഴിയാതെ
ഇരുളുമെന്നെ കൈ വിടുന്നുവോ ?

യാത്രകള്‍ ഹരമായിരുന്നോരെന്നില്‍
യാത്രയൊരരോചകമാകുമ്പോള്‍
പോകുവാനാകില്ലെനിക്കീ
മിഴികള്‍ രണ്ടുമിവിടെയുപെക്ഷിച്ചു .

ഒരു മുല്ലവള്ളിപോല്‍ ച്ചുറ്റിവരിയട്ടെ
ഞാനീ കരവലയത്തിനുള്ളില്‍
പേടിസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു
സുഖനിദ്രയേകൂ ഈ രാവില്‍ .

വെറുമാശങ്കകളെ നിങ്ങള്‍ക്ക് തിന്നുവാന്‍
എന്റെ ഓര്‍മ്മകളെയിനി
ഞാന്‍ വിട്ടുതരികില്ലൊരിക്കലും .
പോകുകെന്നെ വിട്ടു
പോകുകിനി ഞാന്‍ വഴങ്ങില്ല ,
നിന്നുടെ പ്രലോഭനങ്ങളിലോന്നുമേ .
-------------------ബി ജി എന്‍

Saturday, December 14, 2013

യാത്രക്കാർ തിരക്കിലാണ്


ഒരേ വേഗതയിൽ
ഒരേ ദൂരത്തിൽ
ഒരേ താളത്തിൽ
അവർ സഞ്ചരിക്കുകയാണ് .
കിതപ്പിന്റെ
വിയർ പ്പിന്റെ
മധുരവചനങ്ങളുടെ
കുളമ്പടിയൊച്ച മാത്രം
നിറയുന്ന ഇരുട്ടിൽ
അവൻ
ഓഫീസ്‌ സ്റെനോയുടെ
അംഗവടിവുകളിലൂടെയും
അവൾ
ബോസ്സിന്റെ
ആകാരവടിവിലൂടെയും
ഒരേ വേഗതയിൽ
ഒരേ ദൂരത്തിൽ
ഒരേ താളത്തിൽ
സഞ്ചരിക്കുകയാണ്
ഇരുട്ടിൽ
ഒരു കിടക്കയിൽ
രണ്ടു ലോകത്തിൽ 
ഒന്നിച്ചു യാത്രയിലാണവർ .
----------ബി ജി എൻ

ഓര്‍ക്കുക പ്രണയമേ ....!


വാക്കുകള്‍ പിണങ്ങി നില്‍ക്കുമ്പോഴും
നോക്കിന്റെ തിരികള്‍ കെട്ടു പോവുമ്പോഴും
ഓര്‍ക്കുക നീയീ നിശബ്ദതയുടെ സ്വരം
നിന്നെ പിന്തുടരുന്ന പ്രണയഭാഷ്യം...!

ചുറ്റും ചിതറിയ മുള്ളുകള്‍ കണ്ടേക്കാം
ചോരപുരണ്ട വിഷക്കല്ലുകളുണ്ടാകാം
കയ്പിന്റെ സ്വരങ്ങള്‍ കീറിമുറിച്ചേക്കാം
എങ്കിലും ഓര്‍ക്കുകെന്‍ പ്രണയം പതിരല്ല .

ചുംബനത്തിന്റെ ചൂര് കണ്ടും, മിഴികള്‍
തേടും കാഴ്ചകള്‍ നോക്കിയും പ്രിയേ
വിലയിടരുത് മമസ്നേഹമതിന്‍ രൂപം
പ്രണയം നല്‍കും ഭ്രാന്തിന്‍ ബാക്കിപത്രം ..!

സൂനമതിനെ  ഭ്രമരം ചെയ്യും ശലഭങ്ങളെ
കാമിനികളെന്നു നിനച്ചിടായ്ക നീ വൃഥാ
മധുവത്  നിനക്കുള്ളതാകുമ്പോള്‍ പ്രിയേ
മരണം പോലും മധുരമാണീയുലകില്‍ .
-------------------------------ബി ജി എന്‍

Friday, December 13, 2013

നിയമത്തിന്റെ അബദ്ധങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍

ലൈംഗികതയെ സംബന്ധിച്ച് ഉള്ള എന്തും ഒരു വിഭാഗം വളരെ ശ്രദ്ധയോടെ വീക്ഷിക്കും . ഒരു വാക്ക് , പ്രവര്‍ത്തി , ചിത്രം എന്തുമാകട്ടെ അത് .
സ്വജാതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തെറ്റെന്നു കോടതി വിധി വഴി സ്ഥാപിക്കുന്ന ഈ അവസരത്തില്‍ അതിനെതിരെ ഉള്ള കോലാഹലങ്ങള്‍ തുടങ്ങി കഴിഞ്ഞു . മതപരമായുള്ള ഇടപെടലുകള്‍ തുടങ്ങി സാംസ്കാരിക വിപ്ലവങ്ങള്‍ വരെ അതിലേക്കു വന്നിട്ടുണ്ട് ആധുനിക സോഷ്യല്‍ മീഡിയകളില്‍ .
ഈ അവസരത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയം എന്താണ് സ്വജാതി പ്രണയം അല്ലെങ്കില്‍ ഈ ലൈംഗികത എന്നാണു . രണ്ടു പുരുഷന്മാര്‍ ഒന്നിച്ചു കഴിയുന്നതോ അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ ഒന്നിച്ചു കഴിയുന്നതോ എങ്ങിനെയാണ് സദാചാരത്തിനു വിരുദ്ധം ആകുന്നതു ?
വിവാഹം , കുടുംബം എന്നത് വ്യെക്തികളുടെ താല്പര്യം ആണെന്നിരിക്കെ തനിക്കിഷ്ടപെട്ട ഇണയെ കണ്ടെത്താന്‍ അവനു അല്ലെങ്കില്‍ അവള്‍ക്കു ഭരണകൂടം അവകാശങ്ങള്‍ നല്കിയിട്ടുണ്ടെന്നിരിക്കെ , എന്ത് കൊണ്ട് അവയില്‍ ലിംഗ നിര്‍ണ്ണയം ഒരു വിഷയമായി കടന്നു കൂടുന്നു . ഓരോ വ്യെക്തിക്കും തന്റേതായ അഭിരുചികള്‍ ഉണ്ടാകാം . അത് മറച്ചു വച്ച് കൊണ്ട് മറ്റുള്ളവരുടെ ഇഷ്ടങ്ങളില്‍ ജീവിക്കേണ്ടി വരുമ്പോള്‍ സംഭവിക്കുക സദാചാര ഭ്രംശം അല്ലെ . പുരുഷനെ ഇഷ്ടം അല്ലാത്ത ഒരു പെണ്‍കുട്ടിയെ പിടിച്ചു കെട്ടിച്ചാല്‍ അവള്‍ ജീവിത കാലം മുഴുവന്‍ സംതൃപ്ത ആയിരിക്കും എന്ന് നീതി നിയമങ്ങള്‍ക്കോ സദാചാരങ്ങള്‍ക്കോ പറയാന്‍ കഴിയുമോ ? ഒരു പുരുഷന്‍ സ്ത്രീയെ ഇഷ്ടം അല്ല എങ്കില്‍ അയാള്‍ സമൂഹ നീതി (?) അനുസരിച്ച് ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ആ ജീവിതം സുഖപ്രദം ആയിരിക്കുമോ ?
അവിടെ വ്യെക്തിയുടെ താല്പര്യങ്ങളെ ഹനിക്കപ്പെടുകയാണ് ചെയ്യുന്നത് . ഈ വസ്തുതകള്‍ മാനസികമായ ഒരു അപഗ്രഥത്തിനു പോലും തയാറാകാതെ ഒരു നിയമം കൊണ്ട് കൂടുതല്‍ കെട്ടിപ്പൂട്ടപ്പെടുമ്പോള്‍ സമൂഹത്തില്‍ ഒരു പാട് അപചയങ്ങള്‍ അവ ഉണ്ടാക്കി തീര്‍ക്കുക ആണ് .
വിവാഹ മോചന കേസുകള്‍ മിക്കവയും പരിശോധിച്ചാല്‍ , മാനസിക പ്രശ്നങ്ങള്‍ മൂലം ആശുപത്രികള്‍ സമീപിക്കുന്നവരുടെ എണ്ണം മുതലയായവ പരിശോധിച്ചാല്‍ മനസിലാക്കുക ഈ വസ്തുതയുടെ ഭീകരത ആകും . കപട സദാചാര ലോകത്തിനു മുനില്‍ അടക്കി വയ്ക്കാന്‍ ബാധ്യസ്ത്ര്‍ ആകുന്നവരുടെ ഒരു ലോകം നമുക്കിടയില്‍ ഉണ്ട് എന്നത് ഇത് തെളിയിക്കുന്നു
എന്താണ് ഈ വിധത്തില്‍ ഒരു ചിന്ത മനുഷ്യരില്‍ ഉണ്ടാകുന്നു എന്നത് ചിന്തിച്ചാല്‍ ആണ് ഈ കപട സദാചാരത്തിന്റെ വേരുകള്‍ ഇളകുക . സമൂഹത്തില്‍ തെറ്റെന്നു പഠിപ്പിച്ചു കൊണ്ട് സാമൂഹ്യ വിപത്തെന്നു പറഞ്ഞു കൊണ്ട് ലൈംഗിക ബന്ധങ്ങളെ അടച്ചു പൂട്ടി വയ്ക്കുകയും ഒരു പുരുഷനും സ്ത്രീക്കും പരസ്പരം ഇഷ്ടം ആണെങ്കില്‍ കൂടി ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാമൂഹിക കണ്ണുകളില്‍ നിന്നാണ് ഒരേ ജാതിയില്‍ പെട്ട താല്പര്യം ഉള്ള വ്യെക്തികളുടെ ബന്ധങ്ങള്‍ ഉടലെടുക്കുന്നത് മിക്കതും . രണ്ടു പുരുഷന്മാര് /സ്ത്രീകള്‍ തമ്മില്‍ ഒന്നിച്ചു താമസിച്ചാല്‍ അധികം സംശയങ്ങള്‍ക്ക് ഇട കൊടുക്കപ്പെടുന്നില്ല എന്നതില്‍ നിന്നും തങ്ങളുടെ ലൈംഗിക ദാഹം പരസ്പരം അവര്‍ തീര്‍ക്കുന്നു . കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കിടയില്‍ തുടങ്ങി വയ്ക്കുന്ന കൂട്ടത്തില്‍ കൂടെ ഉള്ള സ്വയം ഭോഗവും ലൈംഗിക ചിന്തകളും പ്രവര്‍ത്തികളും അവരില്‍ ഒരു ഏകത്വം ഉണ്ടാക്കുകയും അവര്‍ തമ്മില്‍ അത് ചെയ്തു തുടങ്ങുകയും ചെയ്യുന്നു . ഇത് ഒരു ഘട്ടം കഴിയുമ്പോള്‍ എതിര്‍ക്കപ്പെടുന്ന മറ്റു സാമൂഹിക , നിയമ പ്രശ്നങ്ങളെ അപേക്ഷിച്ച് പ്രശ്ന രഹിതം ആണെന്ന് കാണുകയും അതൊരു ഇഷ്ടം ആയി വളര്‍ത്തി എടുക്കുകയും ചെയ്യുന്നു . കുടുംബങ്ങളില്‍ മിക്ക മുതിര്‍ന്ന ആള്‍ക്കാരും , പരിചയക്കാരും ഒക്കെ കുട്ടികളെ പലപ്പോഴും ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട് . ഇത് ആ കുഞ്ഞു മനസ്സുകളില്‍ ചിലരിലെങ്കിലും പുതിയൊരു ആസ്വാദനമേഖല സ്രിക്ഷ്ടിക്കുന്നു എന്നതാണ് സത്യം . അത് പോലെ പെണ്‍കുട്ടികളില്‍ കുട്ടിക്കാലത്ത് ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ പുരുഷനെ വെറുക്കാന്‍ ചിലരിലെങ്കിലും ഒരു മനോഭാവം വളര്‍ത്തുകയും  പിന്നീട് അത് പുരുഷ വിദ്വേഷത്തിന്റെ പരമകോടിയില്‍ സ്ത്രീകളോട് ഉള്ള ആകര്‍ഷണം ആയി മാറുകയും ചെയ്യുന്നു എന്നതും കാണാം .
ഹോസ്ടലുകളിലും ബോര്ഡിങ്ങുകളിലും ഒക്കെ നിന്ന് പഠിക്കുന്ന കുട്ടികളിലും ചെറുപ്പക്കാരിലും ഈ ഒരു മനോനില വളരെ ശക്തമായി ഉരുത്തിരിഞ്ഞു വരുന്നുണ്ട് .
ലൈംഗിക ബന്ധം നിയമപ്രകാരം  ഭാര്യയോട് ഒത്തു മാത്രം എന്ന ശാസന നിലനില്‍ക്കുന്ന പല സ്ഥലങ്ങളിലും പുരുഷന്മാര്‍ പരസ്പരം തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കുന്നത് പകല്‍ പോലെ വ്യെക്തമായ ഒരു രഹസ്യം ആണ് .അസംതൃപ്തമായ ലൈംഗിക ബന്ധം ഇതിനു മറ്റൊരു കാരണം ആകുന്നു .
കുട്ടികളെ നല്ല വിദ്യാഭ്യാസവും നല്ല ചുറ്റുപാടുകളും പരിചയപ്പെടുത്താനും , തുറന്ന മനസ്സോടെ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരെ കേള്‍ക്കാനും രക്ഷകര്‍ത്താകള്‍ ശ്രമിച്ചാല്‍ ഒരു പരിധി വരെ ഇത് തടയാന്‍ കഴിയും . വീടുകളില്‍ അതിനുള്ള സാഹചര്യം ഒരുക്കുമ്പോള്‍ നിയമത്തിന്റെ ആവശ്യകത പോലും ഉദിക്കുന്നില്ല  . കാരണം ഇത് ജനിത വൈകല്യതിലും സംഭവിക്കാം എന്നിരിക്കെ അവരെയും സംരക്ഷിക്കുക എന്നത് നിയമത്തിന്റെ പരിരക്ഷയില്‍ ഉള്ളതാണ് . ഈ നിയമം മനുഷ്യ നന്മ ലാക്കാക്കി അല്ല പകരം മതത്തിന്റെ ചിന്തയില്‍ നിന്ന് ആണ് ഉണ്ടാകുന്നത്  . . യാതൊരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ലാതെ വെറും മത , സദാചാര കണ്ണുകളില്‍ നോക്കി തയ്യാറാക്കിയ ഈ വിധി വ്യെക്തിപരമായ ഒരു ചിന്ത/ വിശ്വാസം  സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമം ആയി ആണ് കാണാന്‍ കഴിയുക .

ഉറങ്ങുന്നതിനു മുന്‍പ്

അകലങ്ങളിലെങ്ങോ നിന്ന് അലയടിക്കുന്ന കാറ്റിന്റെ മര്‍മ്മര ശബ്ദം ആ കുന്നിന്‍ ചരിവില്‍ പ്രതിഫലിച്ചു . സ്വപ്നങ്ങളുടെ സാക്ഷാത്കാരമെന്നോണം എവിടെയോ പള്ളിമണികള്‍ കൂട്ടമായി ശബ്ദമുണ്ടാക്കി . പ്രകൃതിയെ ഒരു ജാലകത്തിലൂടെയെന്നോണം നോക്കിയിരിക്കെ വിശ്വന്‍ ഓര്‍ക്കുകയായിരുന്നു . മുന്‍പ് താനിവിടെ വരുമ്പോള്‍ സന്തോഷത്തിന്റെ പൂവുകള്‍ ഇവിടെയെങ്ങും വിരിഞ്ഞിട്ടുണ്ടായിരുന്നു . ചിരിക്കുന്ന മുഖങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ .
                    എന്നാല്‍ ഏതോ ഒരു തീരത്തില്‍ , എന്നോ ഒരിക്കല്‍ പൊലിഞ്ഞു വീണ സ്വപ്നങ്ങളുടെ ശവസംസ്കാരമായിരിക്കാം ഇന്നിവിടെ കാണുന്നത് . അതായിരിക്കാം എല്ലാരിലും വിഷാദം മാത്രം പ്രതിഫലിക്കുന്നത് . എന്തൊക്കെയായാലും ആ പഴയ ഐശ്വര്യം അതിനു നക്ഷ്ടപ്പെട്ടിരിക്കുന്നു . തന്റെ നീണ്ട ഇരുപത് വര്‍ഷത്തെ തിരോധാനത്തിനു ശേഷം ഇപ്പോഴിങ്ങനെ വരുവാന്‍ തോന്നിയത് ആകസ്മികമാണല്ലോ. അല്ലെങ്കില്‍ രാജസ്ഥാന്‍ മരുഭൂമിയിലെ കൊടും വേനലില്‍ ജീവരക്തം വിയര്‍പ്പാക്കി അദ്ധ്വാനിക്കുമ്പോഴും മനസ്സിന്റെ ഒരു കോണില്‍ ഈയൊരു സ്വപ്നം മറഞ്ഞു കിടന്നിരുന്നില്ലേ ?

                     വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാരിദ്ര്യം അതിന്റെ എല്ലാ ഭീകരതയും കാട്ടിയിരുന്ന ഒരു കാലത്തില്‍ നീണ്ട ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം മുഴക്കികൊണ്ട് ഞാനിവിടെ നിന്നും പുറപ്പെട്ടു . അന്നെനിക്ക് യാത്ര അയപ്പു നല്‍കുവാന്‍ പ്രകൃതി പോലും മടി കാണിച്ചു . അവിടെ നിന്നും പതനങ്ങളുടെ ചെറുവഞ്ചിയില്‍ ആഴക്കടലില്‍ താന്‍ ഒറ്റയ്ക്കായപ്പോള്‍ പ്രകൃതി തന്റെ കരുണ വിശപ്പിലൂടെ സംഹാരം നടത്തിയപ്പോള്‍ രാംസിംഗ് എന്നാ മനുഷ്യന്‍ തനിക്കു തുണയായി . അയാള്‍ക്കൊപ്പം രാജസ്ഥാന്റെ വിരിമാറിലേക്ക് ഇറങ്ങി ചെന്നു .

                    വരഷങ്ങള്‍ കടന്നു പോയി . വലിയൊരു സമ്പാദ്യവുമായി ഇന്നലെ ഇവിടെയെത്തുമ്പോള്‍ , താന്‍ എല്ലാപേര്‍ക്കും അപരിചിതനായിരുന്നു . പക്ഷെ ഇന്നതോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു . തനിക്കു തുണയായി ഇന്നാരുമില്ല . സുഹൃത്തുക്കള്‍ പോലും തന്നെ മറന്നിരിക്കുന്നു . അച്ഛനും അമ്മയും ഇരുണ്ട ഭൂതകാലത്തിന്റെ തിരശ്ശീലയില്‍ ദുഃഖ ബിന്ദുക്കള്‍ ആയി പൊലിഞ്ഞു പോയി .
               പക്ഷെ താന്‍ അപരിചിതനല്ല എന്നെനിക്കു തോന്നുന്നു . എന്നെ അറിയുന്നവരും ഇവിടെയുണ്ട് . കണ്ടു പിടിക്കാന്‍ വിഷമമെന്നെ ഉള്ളൂ .
             അയാള്‍ ഓര്‍മ്മകളില്‍ ഊളിയിട്ടിറങ്ങി . അതിന്റെ കഠോരതകളില്‍ പ്രകൃതിയെ , കാലത്തെ , സ്ഥലത്തെ മറന്നിരുന്നു . പിന്നെ അയാള്‍ അവിടെ മയങ്ങി വീണു . അയാളെ താരാട്ട് പാടി ഉറക്കാന്‍ നക്ഷത്രങ്ങള്‍ മത്സരിച്ചു . ചന്ദ്രന്‍ അയാളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും അയാള്‍ ഉറങ്ങി പോയിരുന്നു .
---------------------------------------------------------------------------------------------
(1990 -92 കാലഘട്ടത്തില്‍ ശിവഗിരി ഉത്സവത്തോട് അനുബന്ധിച്ച് ഇറങ്ങിയ ഒരു വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച രചന . മാറ്റങ്ങള്‍ ഒന്നുമില്ലാതെ അന്നത്തെ എന്റെ അതെ വരികള്‍ . പോരായ്മകള്‍ ഒരുപാട് എനിക്ക് തന്നെ വായിക്കാന്‍ കഴിയുന്നുണ്ട് . പക്ഷെ മാറ്റം വരുത്താന്‍ തോന്നിയില്ല . ഇതെന്റെ അന്നത്തെ അവസ്ഥ ആണ് . ഓര്‍മ്മിക്കാനായി അത് പോലെ തന്നെ പോസ്റ്റ്‌ ചെയ്യുന്നു )
 

ഒന്നിക്കാന്‍ വേണ്ടിയല്ലാതെ പ്രണയിച്ചു പോകുന്നവര്‍

കൊരുത്തുവച്ച മുത്തുമാലയുടെ മുത്തുകള്‍ കെട്ടഴിഞ്ഞു തൂവിപ്പോകുമ്പോള്‍ കണ്ണ് നിറയുന്ന ഒരു മനസ്സ്...!
ഒരിക്കലും വേദന അറിയാതിരിക്കാന്‍ ആഗ്രഹിക്കുകയും , ജീവിതം മുഴുവന്‍ നോവിന്റെ മുള്‍മുനയില്‍ നില്‍ക്കെണ്ടിവരികയും ചെയ്യുന്ന മനസ്സിന്റെ അവസ്ഥ. ഇതിലേതു വിശേഷണം ആണ് നിനക്ക് ചേരുക എന്നെനിക്കറിയില്ല .
പക്ഷെ , രാവുകള്‍ ഇരുണ്ടു വെളുക്കുന്ന സമതലപ്രദേശങ്ങളിലെ ഇളം തണുപ്പാര്‍ന്ന നിലാവെളിച്ചവും , പച്ചത്തഴപ്പുകളും ഒരിക്കലും നിന്നെ തള്ളികളഞ്ഞിട്ടില്ല എന്ന സത്യം ഞാനറിയുന്നു. നിന്റെ പാതയിലേക്ക് നീളുന്ന എന്റെ മിഴികളുടെ പ്രഭവതീരം നീ കാണാതിരിക്കാന്‍ ഞാന്‍ എകാന്തമായെ തീരൂ . കാരണം അതൊരു പക്ഷെ നിന്റെ യാത്ര മുടക്കിയാലോ .
ജനിച്ചു വീഴുമ്പോള്‍ തുടങ്ങുന്ന കരച്ചിലിനിടയില്‍ ആഗ്രഹിക്കുന്നു ഇനി കരയാതിരിന്നുവെങ്കില്‍ എന്ന് . എന്നാല്‍ , ആരും ഒരിക്കലും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നെനിക്കു പറയാനാകില്ല എന്ന് നീ ഒരിക്കല്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നുണ്ടോ ? മരണം ! പേടിപ്പിക്കാത്ത അവര്‍ സ്വയം ഹത്യ നടത്താന്‍ അറിയാത്തതിനാല്‍ ആകാം മരിക്കാത്തത് . അല്ലാതെ ജീവിതത്തെ സ്നേഹിച്ചിട്ടാകില്ല .
എന്നും ഒരു ഞാണിന്മേല്‍ കളിയാണ് ജീവിതം .ഒരിക്കലും ഉറപ്പു പറയാനാകാത്ത ഒരു വസ്തു. ഇരുളാണോ വെളിച്ചമാണോ ഏറെ ഹൃദ്യം എന്ന് കേട്ടാല്‍ ഇരുളും വെളിച്ചവും ഇഴ പിരിക്കുന്ന സന്ധ്യ എന്ന് പറയാന്‍ അല്ലെങ്കില്‍ നിലാവിന്റെ തൂവെളിച്ചം തൂകുന്ന പൗര്‍ണ്ണമിയാണ് എനിക്കേറെയിഷ്ടം എന്നെന്നോട് പറയാറുണ്ടായിരുന്നു നീ .!
ഒരു മഞ്ഞുതുള്ളി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളെയാണ് ഞാന്‍ നിന്നില്‍ കാണാന്‍ ശ്രമിച്ചിരുന്നത് . പക്ഷെ വിങ്ങുന്ന വൃണം നിറഞ്ഞ ഹൃദയവും , കുത്തി നോവിക്കുന്ന വേദനയിലൂടെ ഊറിവരുന്ന നിന്റെ ചിരിയും , വാചാലതയും ഞാനറിയുന്നു . നീ ഒരിക്കലും സഹതാപമിഷ്ടപ്പെട്ടിരുന്നില്ലല്ലോ . അതൊരിക്കലും ഒരു പരിഹാരവുമല്ലല്ലോ .
വേദാന്തങ്ങളുടെ ആഴക്കടലില്‍ നിന്നും മുങ്ങിയെടുക്കുന്ന ചിപ്പിചിമിഴിനുള്ളില്‍ ഓംകാരനാദത്തിന്റെ മധുരനോവ്‌ . ആ നോവില്‍ നിന്നുദിക്കുന്നൂ ലോകം , ഒരു മൊട്ടായി വന്നു പൂവായി വിടര്‍ന്നു സൗരഭ്യം നല്‍കുന്ന നിന്നെ 'നിത്യകല്ല്യാണി ' യാക്കിയതാരാണ് ?
നിന്റെ മനസ്സിന്റെ വേലിയേറ്റങ്ങള്‍ക്കുമിറക്കങ്ങള്‍ക്കും ഇടയ്ക്ക് എവിടെ എനിക്ക് കൈമോശം വന്ന എന്റെ കൗമാരചാപല്യം ഞാന്‍ കാണുന്നു . ഞാനും വളരുകയാണ് . ഒഴുക്കിനൊത്ത് നീന്തുന്ന ഒരു ഇണപ്പക്ഷിയുടെ ഏകാന്ത രോദനം എന്റെ ബധിരകര്‍ണ്ണങ്ങളെ ശബ്ദയാനമാക്കുന്നതും  നീയറിയുന്നുവല്ലോ.
അര്‍ത്ഥമില്ലാത്ത ഒരുപാട് ദുഃഖങ്ങള്‍ക്ക് നടുവില്‍ നിന്നുമൊരു ഫീനിക്സ് പക്ഷിയായി പറന്നു ഉയരുന്ന നിന്റെ ചിന്തകള്‍ക്ക് സമാനമായി പറക്കുന്നതിന് എന്റെയീ ചിറകുകള്‍ ദുര്‍ബ്ബലമാണ് .
ഇല്ല, നീ എനിക്ക് അന്യമായി തീരുകയാണ് .
ഹൃദയം നിറയെ സ്നേഹവുമായി നിന്നരികിലുണ്ടായിട്ടും , അവ്യക്തമായ ഏതോ വിഷാദത്തില്‍ നീ അലയുന്നത് കാണുമ്പോള്‍ മനസ്സ് വിങ്ങിപ്പൊട്ടുകയാണ് കൂട്ടുകാരാ .
വൃഥാ അധരവ്യായാമമായി മാത്രം എന്റെ വാക്കുകള്‍ നീ കാണുമ്പോള്‍ ഞാന്‍ നിനക്ക് എന്ത് സമാധാനമാണേകണ്ടത് ?
ഒരു വളര്‍ത്തു മൃഗത്തിന്റെ ദൈന്യത നിനക്കൊരിക്കലും മനസ്സിലാകില്ല . പെറ്റമ്മയുടെ കണ്ണുകളിലെ അവകാശവാദം , പിതാവിന്റെ അധീശ്വത്വം തുളുമ്പും പ്രവര്‍ത്തികള്‍ , ഇവയ്ക്കിടയില്‍ ശബ്ദവും ചലനവും നഷ്ടപ്പെടുന്ന ഒരു പാവ. ആഗ്രഹങ്ങള്‍ക്കു നടുവില്‍ ബലിയിരുത്തപ്പെടുന്ന ജന്മം ! അവരുടെ ആഗ്രഹങ്ങളുടെ മോഹങ്ങളുടെ സാക്ഷാത്കാരത്തിലൂടെ എന്റെ  ജന്മത്തെ ഞാന്‍ നേദിചിടുന്നു. വിലപേശി വാങ്ങിയ ഉരുവിനെ പോലെ  മറ്റൊരു തൊഴുത്തിലേക്ക്‌ ഞാനും . അവിടെ നാളെ ഞാനുമീ അഭ്യാസങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നല്ലോ എന്ന വ്യഥ മാത്രം കൂട്ടിനു .
രാത്രിയുടെ നിശ്വാസങ്ങള്‍ക്ക് ഗ്രഹണ ശേഷിയുണ്ട് എങ്കില്‍ അവ നിന്നോട് പറയും എന്റെ മനസ്സ് വെളിപ്പെടുത്തും തീര്‍ച്ച !
ഇനിയും കൂടുതല്‍ എന്താണ് ഞാന്‍ പറയേണ്ടത് ? ഒന്നും പറയാതെ എല്ലാം മനസ്സിലാക്കുന്ന നിന്റെ വാചാലതയ്ക്ക് മുന്നില്‍ , നിസ്സാരമായി ചിരിച്ചു തള്ളുന്നതിനിടയില്‍ ഇടറിപ്പോവുന്ന നിന്റെ സ്വരങ്ങള്‍ക്കും മെല്ലെ നിറഞ്ഞു പോകുന്ന ആ മിഴികള്‍ക്കും മുന്നില്‍ ഞാന്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നില്‍ക്കുകയാണല്ലോ ...!
പുനര്‍ജന്മങ്ങള്‍ വിശ്വാസമില്ലാത്തവയാണെങ്കിലും അടുത്ത ജന്മത്തില്‍ നമ്മളൊന്നായി തീരുമെന്ന് വെറുതെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ . കാരണം നിന്റെ വേര്‍പാടിന്റെ വേദന എന്നിലുളവാക്കുന്ന തീഷ്ണതയിലൂടെ അതിലുമെത്രയോ മടങ്ങ്‌ നിന്നെ അറിയുന്നു ഞാന്‍ . ആ ചിന്തയില്‍ ഞാനെന്നെ പുശ്ചിച്ചു തള്ളുകയാണ് .
ഈ കപടമായ ലോകത്തിനു നേരെ ഒറ്റയ്ക്ക് പൊരുതുവാന്‍ തോന്നുന്നു എനിക്ക്. എനിക്ക് കിട്ടിയ ഈ പുരുഷന്റെ കീഴില്‍ ഒരു പുഷ്പമായി ചതഞ്ഞരയുന്ന വേളയില്‍ , അറിയാതെയെങ്കിലും ചുറ്റിപ്പിടിച്ചു പോകുന്ന മുഹൂര്‍ത്തത്തില്‍ ഞാന്‍ നിന്നെയാണ് ദര്‍ശിക്കുന്നത് . നിന്റെ മണം , അറിഞ്ഞിട്ടില്ലാത്ത നിന്റെ ഊഷ്മളത , എല്ലാമെല്ലാം ....
ഈ വ്യെക്തിയുടെ സ്നേഹത്തിനു മുന്നില്‍ നിന്നെ ഇടക്കിടെയെങ്കിലും ഞാന്‍ മറന്നു പോകുന്നു എന്നത് സത്യമാണ് . എന്റെ വഞ്ചന അറിയാതെ ആ മനുഷ്യന്‍ എന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്താണ് പറയുക ? ഞാനും മൂകം കേഴുകയാണ് . അകതാരില്‍ പുകയുന്ന കരിന്തിരിയാണിന്നു ഞാന്‍ .!
നിന്റെയരികില്‍ വരാനെനിക്ക് മോഹമുണ്ട് . പക്ഷെ എന്റെ അടിവയറ്റിലൂറിയ ബീജത്തില്‍ ഞാനിപ്പോള്‍ നിന്നെ ആവാഹിക്കുവാന്‍ ശ്രമിക്കുകയാണ് . നിന്റെ സ്പന്ദനം ഞാന്‍ അറിയുന്നു . അതിലൂടെ ഞാനെന്റെ ജീവിതത്തിന്റെ ശീതളിമയിലേക്ക് ഉറ്റുനോക്കുകയാണ് .
നാട്യങ്ങളും , കാപട്യങ്ങളും ഇല്ലാത്ത ഒരു ലോകത്ത്  നിന്റെ വരവിനായി കാത്തിരിക്കുന്നു . അവിടെ നമ്മള്‍ ഒന്നിച്ചു ചിരിച്ചു രസിക്കുന്നത് കണ്ടു അവര്‍ നമ്മെ നോക്കി പകച്ചിരിക്കുമ്പോ ഞാന്‍ നമ്മുടെ ലോകത്തിലേക്ക് മെല്ലെ നടന്നു പോകുകയാണ് . ഇനിയും നീളുന്ന നിന്റെ കാത്തിരിപ്പുപോലെ ഞാനും തുടരട്ടെ , അനന്തമായി .....!
 -----------------------------------------------------------------ബി ജി എന്‍

Thursday, December 12, 2013

അണ്ഡം ബീജത്തോട് സംസാരിക്കുന്നു



ഒഴിഞ്ഞു പോവുകെന്നെ തഴുകാതെ നീ
കഴിഞ്ഞിടാം ഞാനീ ഇരുട്ടിലൊറ്റക്ക്
ഭയമേതുമില്ലാതെ ഏകയായ് കാലങ്ങൾ
കഴിയില്ലെനിക്ക് നിന്നെ സ്വീകരിക്കുവാൻ പ്രിയാ .

പാകതവരാത്ത കാലങ്ങളിൽ കാമുകന്റെ
ബീജം ചുമന്ന പാപഭാരം പേറാനാകാതെ
പാകമെത്തതെ പറിച്ചു കളയുന്ന ജീവനാകാൻ
മടിയുണ്ടെനിക്കിന്നു നീ ഓർത്തുകൊള്ളൂകിത് .

അധമമായൊരു ജന്മമായി കണ്ടുകൊണ്ടൊരു
ജന്മകാലം മുഴുവൻ ശാപം ശ്രവിച്ചു കഴിയാൻ
വെറുതെ വലിഞ്ഞുകയറി വരുന്നൊരു വെറും
വഴിപോക്കനല്ല ഞാൻ ഓർമ്മയിൽ കരുതുക .

പെണ്ണായി പിറന്നൊടുവിൽ മണ്ണായിതീരുംവരെ
കണ്ണീരു കുടിച്ചും, അടിമയായി വളർന്നും
കീഴടക്കി ഭരിച്ചും പീഡിപ്പിച്ചു രസിച്ചുമിനി
കഴിയാനോരുക്കമല്ലെന്നു ഓർത്തുകൊള്ളുക.

ശുദ്ധതയില്ലാത്ത നിന്നെ പരിണയിച്ചൊടുവിൽ
അംഗങ്ങൾ വികലമായൊരു ജന്മമായി
നോക്കുകുത്തികളായി ജീവിച്ചു മരിക്കാൻ
അവകാശമറ്റൊരു വെറുമിരകളല്ല ഞങ്ങൾ !

ഉണ്ണാനും ഉടുക്കാനുമില്ലതെ വെറും തെരുവിൽ
കൃമിപോൽ ജീവിതം ഹോമിച്ചിടുവാൻ
പുഴുപോൽ  ജീവിതം നരകിച്ചു കഴിയുവാൻ
ഗതികെട്ട ജന്മമാകുന്നത് മതിയായിനി .

വേദനയോടെ ഞാൻ നിരസിക്കുന്നു സഖേ
നിന്റെ പ്രേമവായ്പിനെ ,പ്രണയത്തെ
കാതങ്ങൾ താണ്ടി വന്നോരീ പ്രയാണത്തെ
ക്രൂരയല്ല ഞാൻ സ്വാതന്ത്ര്യം കാംഷിക്കവൾ .
-------------------------------------- ബി ജി എൻ

Wednesday, December 11, 2013

വിശപ്പ്‌

മാസക്കുളിയില്‍ അവള്‍
പുറത്താക്കപ്പെട്ട രാവുകളിലൊന്നിലാണ്
അനിയത്തിയുടെ ചുടുചോര
അടക്കിപ്പിടിച്ച തേങ്ങലില്‍
ചിതറിപ്പോയത് .

കാലങ്ങള്‍ക്കിപ്പുറം
വയറൊഴിഞ്ഞു കിടന്ന
സന്ധ്യയിലെപ്പോഴോ
അകത്തളത്തില്‍ തന്നമ്മ തന്‍
നിലവിളിയടഞ്ഞു പോയി .

ഊഴം തേടുന്ന മനസ്സില്‍
ഇനിയുമേത് മാംസമെന്നു
ഭയമില്ലാതെ ചിന്തിക്കാന്‍
കഴിയുമെന്നുറപ്പില്ലവള്‍ക്ക് .

വളരുന്ന കുഞ്ഞിലും
നഷ്ടമാകുന്ന യൗവ്വനത്തിലും
കണ്ണുകള്‍ തടയുമ്പോള്‍
നെഞ്ചു പൊടിയുന്നുണ്ട് .

ആസക്തിയുടെ
വിശപ്പിനു കണ്ണില്ലെന്ന് പഠിപ്പിച്ച
കരാളതയ്ക്ക്
അറിവെന്നു പേരില്ലല്ലോ .
----------------ബി ജി എന്‍ വര്‍ക്കല

പുരാവൃത്തം

വിരലറ്റുപോയ യോദ്ധാവിനെ പോലെ
വിലയറ്റുപോയ ദേവദാസിയെ പോലെ
കിഴക്കന്‍ മലയിറങ്ങി വരുന്നൊരു കാറ്റുണ്ട്
കണ്ണടക്കുമ്പോഴൊക്കെ ഉള്ളിന്റെയുള്ളില്‍ !

ചരട് പൊട്ടിയ കിനാക്കളുടെ മരണതീരത്തു
ശലഭങ്ങള്‍ ആത്മാക്കളായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
തുമ്പികള്‍ മോഹങ്ങളുടെ കല്ലെടുക്കുകയും ചെയ്യും .
അന്നും അന്ത്യശ്വാസം വലിക്കുന്നുണ്ടാകും ഞാന്‍ .

ഇരകളെ തിരഞ്ഞു വേട്ടനായ്ക്കള്‍ കിതയ്ക്കുമ്പോള്‍
ഒളിവിലിരുന്നു മാന്‍പേടകള്‍ വളപ്പൊട്ടുകള്‍ തിരയും .
കൂമന്റെ ഉരുണ്ട കണ്ണുകളില്‍ നോക്കി മഴപ്പാറ്റകളും
വെള്ളെലികളും കരുണയ്ക്ക് യാചിക്കുന്നുണ്ടാകും .

ഒടുവില്‍ , ഇരുള്‍ കണ്ണുകളില്‍ നിന്നും കുടിയിറങ്ങി
കടല്‍ക്കരയിലെ തണുത്ത കാറ്റിനെ പുണരവേ
കിണറുകളുടെ ആഴങ്ങളില്‍ നിന്നുമുയരും
ജീവിക്കാന്‍ മറന്ന കരിവണ്ടുകളുടെ രോദനം .

ചോരയെ പ്രസവിച്ചു കിടക്കുന്ന പേറ്റുപുരകള്‍
ചോണനുറുമ്പിന്റെ വരിതെറ്റിയ പ്രയാണം കണ്ടു
മുലച്ചുണ്ടിന്റെ ചൂട് തേടി ഉറക്കെ വിളിക്കുമപ്പോള്‍ .
എങ്കിലും കതിരോന്‍ വെളിച്ചമിറ്റുതരില്ലെന്ന് പറയും .

ഉരുളന്‍ കല്ലുനിറഞ്ഞ തേവിടിപയ്യുകള്‍ മേയുന്ന
കുന്നിന്‍ചരിവിലെല്ലാം പൂവന്‍കോഴികള്‍ മുട്ടയിടും .
കണ്ണുനീരിന്റെ ഉപ്പളങ്ങളില്‍ വീണു പുളയുന്നുണ്ടാകും
എന്റെ ഹൃദയത്തിന്റെ നാലറകളപ്പോഴും .
---------------------------ബി ജി എന്‍ വര്‍ക്കല

Monday, December 9, 2013

ആര്‍ക്കോ വേണ്ടി പൂക്കുന്ന മരം

അലസ സായാഹ്ന നിദ്രയിൽ
മധുരമോലുന്ന ദിവാസ്വപ്നമായിന്നു
മനസ്സിലേവം കുളിരു പകർന്നിതാ
കവിതപൂക്കുന്ന മരമൊന്നു കണ്ടു ഞാൻ .

നിറയെ പൂവിട്ട് , കായിട്ടു നില്ക്കുമീ മര-
മതിൻ ചോട്ടിൽ കൗതുകമൂറുന്ന മിഴികൾ
വിടർത്തി ഞാൻ നില്ക്കവേ ചുറ്റിനും
ഉതിർന്നു വീഴുന്നു കനികളും സുഗന്ധവും .

അരികിലായ് വീണ കനിയതൊന്നു ഞാൻ
രുചിയറിയാൻ തെല്ലൊന്നു നോക്കവേ
വിരഹമാർന്ന മിഴികളുയർത്തിയെൻ
ചുണ്ടുകളിൽ  ചുടുകണ്ണീർ പൊഴിക്കുന്നു .

അധികം നിറമില്ലാത്ത മറ്റൊരു ഫലമത്
ഗന്ധമറിയാൻ മുഖമോട്‌ ചേർക്കവേ
അനുഭവിക്കുന്നു ഗന്ധകത്തിന്റെ ചൂരുമായ്
ജീവിതം എന്ന ശീർഷകഫലകവും.

ചതഞ്ഞു പോയൊരു ഫലമതെടുക്കവേ
ഇറുന്നു വീഴുന്നു നീർപൊടിയുന്ന മാംസവും
വിപ്ലവത്തിന്റെ തീപ്പൊരി വീണിട്ടു
പൊള്ളിയടർന്ന കണ്‍പോള  തുടിക്കുന്നു 

പാകമാകാത്ത പുളിരസമോടെ കറയിറ്റു
പ്രണയമിറുന്നു  കിടപ്പുണ്ടരികിലായ്
കാലമെത്താതെ പഴുത്തു പോയൊരു
ചവര്‍പ്പ് മാത്രം ബാക്കിയാക്കികൊണ്ട് .

മധുരം നിറഞ്ഞു തുളുമ്പി വീഴുന്ന നിറമോലും
കനിയത് കണ്ടു ഞാനതിനിടയിലായി
സ്നേഹമെന്ന് പേര് കൊത്തിയൊരു
രത്നമതിന്നുള്ളില്‍ ഒളിച്ചിമ്മുന്നതും .

കണ്ണുകള്‍ കൊണ്ട് കാണുവാന്‍ മാത്രം
നിറയെ ഉണ്ട് ഫലങ്ങളെങ്കിലും
ഒന്നുപൊലുമെനിക്കു സ്വന്തമാണെന്ന്
കണ്ടതില്ലതില്‍ ഞാനെങ്ങുമേ ന്യൂനം .
------------------------ബി ജി എന്‍

ഉണ്ണീ ഉറങ്ങുറങ്ങു .

ഉണ്ണീ ഉറങ്ങുറങ്ങു
താമര കണ്ണേ  ഉറങ്ങുറങ്ങൂ
സ്വപ്‌നങ്ങൾ കണ്ടു നീയെൻ
മാറിലായ് പൊന്നെ
ചാഞ്ഞുറങ്ങൂ .

കൊണ്ടുപൊകാമിന്നു ഞാൻ
നിന്നെയാ സ്വര്‍ഗ്ഗീയ
പൂവാടിയിലിന്നോമലെ
തേനുണ്ട് ചാഞ്ചാടും
ശലഭങ്ങളൊപ്പം
ആറാടാൻ ഇന്ന് വിടാം .
കണ്ണേ ഉറങ്ങുറങ്ങു
മുത്താര മുത്തെ ഉറങ്ങുറങ്ങൂ .

കുഞ്ഞിക്കിളികളുണ്ട്
നിന്നോടൊപ്പം
ഊഞ്ഞാലയാടീടുവാന്‍
തുമ്പിലകളുണ്ടല്ലോ
താളത്തിൽ നൃത്തം ചവിട്ടുവാനായി .

അമ്പിളി മാമനുണ്ട്
മേലായി പുഞ്ചിരി തന്നീടുവാൻ
കുയിലമ്മ കൂടെയുണ്ട്
ഈണത്തിൽ താരാട്ട് പാടുവാനായി.

വാവേ ഉറങ്ങുറങ്ങു
പൊൻമണി കുഞ്ഞേ ഉറങ്ങുറങ്ങൂ
ആലോലമെന്റെ മാറിൽ
ചാഞ്ഞു നീ മേല്ലെയുറങ്ങുറങ്ങൂ
----------------------ബി ജി എന്‍ 

പുതുവര്‍ഷ ചിന്തകള്‍


എപ്പോഴും ഇങ്ങനെയാണ്
ചുണ്ടോടടുപ്പിക്കുമ്പോള്‍ മാത്രം
നഷ്ടമാകുന്ന ചിലതുണ്ട്
സ്വപ്‌നങ്ങള്‍ പോലെ .

മനസ്സ് പലപ്പോഴും
കുരങ്ങിനെ പോലെയാണ്
അതുമല്ലെങ്കില്‍
കൌമാരക്കാരനെ പോലെ .

ഇനിയില്ല എന്നൊരു നൂറാവര്‍ത്തി
എന്നും കരുതാറുണ്ടെങ്കിലും
എന്തോ അതിലേക്കു തന്നെ
തെറിച്ചു വീഴുന്ന ചപലത

ഒഴിവാക്കാന്‍ കഴിയാത്തതായി
ഒന്നേ ഉള്ളൂ ജീവിതത്തില്‍ .
അത് സ്വന്തം ജീവന്‍ മാത്രം
മറ്റുള്ളതൊക്കെ മോഹിപ്പിക്കുന്നത്.

എങ്കിലും വൃഥാ ശപഥം
ചെയ്തു പാഴാക്കുന്നുണ്ട്
ഉറക്കം വരാത്ത രാവുകളിളൊക്കെ
ഇനിയില്ലെന്നൊരു തമാശ .
------------------ബി ജി എന്‍

ജീവിക്കുവാൻ മറന്നവൻ


വണ്ടുകൾ ശലഭങ്ങളെ
തേടും വസന്തകാലത്തിൽ
പുഷ്പങ്ങൾ തേടിയത്
വണ്ടിനെ സ്വന്തമാക്കാൻ
പക്ഷെ വണ്ടിനതാകുമായിരുന്നില്ല .

പ്രയാണത്തിന്റെ അപരിചിതങ്ങളിൽ
ഒരു ഓർമ്മക്കുറിപ്പായി അവൾ
സ്വന്തമാക്കാൻ കൊതിച്ചത്
അവന്റെ ബീജം
പക്ഷെ അവനതാകുമായിരുന്നില്ല .

കെട്ടുപാടുകളുടെ സ്വപ്നങ്ങളിൽ
ഒരു നല്ല കുടുംബസ്ഥനെ
അവൾ മോഹിച്ചു
പക്ഷെ അവനൊരിക്കലും
ഒരു നല്ല ഭർത്താവായില്ല .

സൌഹൃദത്തിന്റെ മൂർദ്ധന്ന്യത്തിൽ
കളങ്കമില്ലാത്ത സ്നേഹം
കനവുകണ്ട കണ്ണുകളിൽ
പക്ഷെ അവൻ നിറച്ചത്
വെറുപ്പിന്റെ ചവർപ്പുകൾ മാത്രം .

ഇന്ന് മരുഭൂമിയുടെ മണൽക്കാട്ടിൽ 
പൊള്ളിയടരവേ 
അവൻ തേടിയത് ആത്മാവിന്റെ സ്പന്ദനം.
അവന്റെ കവിതകളെ സ്നേഹിച്ച 
ഒരു പാരിജാതത്തിന്റെ കണ്ണുകളിൽ 
അവനതു നേടി 
ഋതുക്കൾ പിന്നെ 
വസന്തം മറന്നതെയില്ലോരിക്കലും..!
 --------------------- ബി ജി എൻ

Sunday, December 8, 2013

ഇണക്കുരുവികള്‍

നിഴല്‍ വയറൊഴിഞ്ഞിട്ട
ചെമ്പിച്ച സായാഹ്നങ്ങളില്‍
രണ്ടപരിചിതരായി നമ്മള്‍
നടന്ന വഴികള്‍ .

പൂക്കള്‍ ഋതുമതിയാകും
വസന്തകാലത്തിന്റെ തണുപ്പില്‍
പരസ്പരം കൊക്കുരുമ്മിയിരുന്ന
രണ്ടാത്മാക്കള്‍ .

ഉതിര്‍ന്നുവീഴുന്ന നെല്ലിമരത്തിന്റെ
കായകള്‍ വീണു തഴമ്പിച്ച
മണ്ണിന്റെ മാറില്‍ ഒരുമിച്ചുറങ്ങിയ
മഴക്കാലങ്ങള്‍ .

ഇന്നും കാലമിതെല്ലാം
ചാക്രികമായി തുടരുമ്പോള്‍ തൊടിയില്‍ ,
ചിതയില്‍ എരിഞ്ഞുപോയ
രണ്ടോര്‍മ്മകള്‍ നമ്മള്‍ !
----------------ബി ജി എന്‍

ബധിരവിലാപം


വേദനയുടെ നുറുങ്ങു മുള്ളുകള്‍ അല്ല
നിന്റെ നീട്ടിയ കരങ്ങള്‍ നല്‍കുന്ന ആശ്വാസം.
പുഞ്ചിരിയില്‍ നീ ചാലിച്ച് നല്കുന്നതെന്തു
തന്നെയാണെങ്കിലും അമൃത് പോല്‍ മധുരം !

കൈകള്‍ നീട്ടി അമ്മ കുഞ്ഞിനെയെന്നപോല്‍
മാടിവിളിക്കും നിന്റെ ദര്‍ശനമാത്രയില്‍
നെഞ്ചു നീറി വീണടിയാന്‍ കൊതിക്കുന്നു
ജീവനില്‍ ഇനിയെന്ത് നേടാന്‍ ബാക്കി ?

തിരിച്ചറിയാതെ പോകുന്ന പ്രണയത്തിനു
ജീവിതം കൊണ്ട് ഞാനൊരടിവരയിടുമ്പോള്‍
നോവുന്ന കണ്ണുകളാല്‍ എന്നെ നോക്കി
കേഴുന്നവര്‍ ഇല്ലാതെ പോകട്ടെ പാരില്‍ .

കൈവെള്ളയില്‍ നിന്നൂര്‍ന്നു വീഴും മണല്‍
തരികളില്‍ എന്റെ സ്വപ്‌നങ്ങള്‍ മൂടവേ
ചക്രവാളത്തില്‍ പുലരി ചുവക്കുന്ന
ചിത്രം പോലെ നിന്നെ ഞാനാവാഹിക്കുന്നു .
-----------------------------ബി ജി എന്‍ വര്‍ക്കല

Saturday, December 7, 2013

ദേശാടനക്കിളി

                             മൗനത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിക്കൊണ്ട് ഞാന്‍ ആരംഭിക്കട്ടെ. വിടരുന്ന പുഷ്പത്തിനെ നോക്കൂ . അത് ചിരിക്കുന്നില്ലേ ? നവ്യമായ ഒരനുഭൂതി നമ്മിലുണര്‍ത്തിക്കൊണ്ട് അത് വിടരുകയാണ് . ഒരമ്മയുടെ ഹൃദയത്തില്‍ ആനന്ദത്തിരകളുണര്‍ത്തുന്നതും താന്‍ പെറ്റിട്ട കുഞ്ഞിന്റെ ഇളം കൈകാലുകള്‍ കുലുക്കിയുള്ള ആ ചിരിയില്‍ തന്നെ . തികച്ചും പിറവി ഒരനുഗ്രഹവും ആനന്ദവുമാണ് !

                              വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഇതേ അനുഭവങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് ഈ ലോകത്തേക്ക് വന്നു . പിന്നെ ഒരുപാട് ഭാവങ്ങള്‍ അനുകരിച്ചുകൊണ്ട് വളര്‍ന്നു .ബാല്യവും , കൗമാരവും പിന്നിട്ടു യൗവ്വനത്തിലേക്കും മദ്ധ്യാഹ്നസൂര്യനിലേക്കും നടന്നുപോകുന്നു . ഇപ്പോഴും ,നഷ്ടപെടാത്ത ആ കൗമാരചാപല്യങ്ങളില്‍ കൂടി ജീവിതത്തെ മുന്നോട്ടാട്ടിത്തെളിയിക്കുകയാണ് .
പുഞ്ചിരിയുടെ മുഖങ്ങളിലൊക്കെ പിന്നിലൊളിച്ചിരിക്കുന്ന വികാരമെന്തെന്നു അറിയാതെ അനുഭൂതി പകരുന്ന മുഖഭാവങ്ങളിലൊളിപ്പിച്ച നിലാവ് ദര്‍ശിച്ച മണ്ടന്‍! .
                            ശരിക്കും തെറ്റുകള്‍ ശരിയെന്നു കരുതി നടക്കാന്‍ ശ്രമിച്ചവന്‍ . ഒക്കെയും അവരുടെ കാര്യങ്ങള്‍ . പക്ഷെ ഒരു മിണ്ടാപ്പൂച്ചയായി സ്വയമൊതുങ്ങികൂടവേ, അതില്‍ കൂടി വഞ്ചന ദര്‍ശിക്കുന്ന ഈ ലോകത്തില്‍ മുഖംമൂടി വലിച്ചെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . പക്ഷെ അപ്പോള്‍ എന്റെ പ്രതിഞ്ജകള്‍ വെറും വാക്കാകും . ഓര്‍മ്മകളുടെ ചുവരുകളില്‍ പതിഞ്ഞു മാഞ്ഞു കിടക്കുന്ന ആ ചുവന്ന ചായങ്ങള്‍ പിന്നെയും പോറലുയര്‍ത്തിക്കൊണ്ട് ചോര കിനിയും . അന്നത്തെ കാലങ്ങളിലെന്ന പോലെ ചാലിട്ടൊഴുകുന്ന ആ പൂക്കളെ നോക്കി പൊട്ടിച്ചിരിക്കുന്ന ഒരു കൊച്ചു മനുഷ്യന്‍ ! നിങ്ങാളാരുമറിയാത്ത ഞാന്‍ .
                         പിന്നെയും മനസ്സ് വിലക്കുന്നു . നിന്റെ വികാരങ്ങള്‍ സ്വയമൊതുക്കുകയും , നീ സ്വയം ശിക്ഷിക്കപെടുകയും ചെയ്യുക . അതുവഴി നീ നിന്റെ വാഗ്ദാനം നിറവേറ്റിയതായി ആശ്വസിക്കുക .
                    എന്റെ മനസ്സിലെ വിചാരങ്ങള്‍ക്ക്‌ നിറം പകരാന്‍ , ശക്തി പകരാന്‍ ഒരു തൂവല്‍ സ്പര്‍ശമായി, ഒരോര്‍മ്മയായി നീയുണ്ടാകണം . എങ്കിലേ മരണത്തിനുമപ്പുറം കടക്കാന്‍ വെമ്പുന്ന ഈ മനസ്സ് ഒന്നാശ്വസിക്കൂ .
                    ഓര്‍മ്മകളുടെ ചിതയില്‍ നീറുന്ന കനലുകള്‍ക്ക് ചെറുകാറ്റില്‍ പോലും ജ്വലിക്കുന്നുണ്ട് . വേണ്ട ... ഒന്നും .... ഒന്നും ....
നഷ്ടപ്പെടുന്നത്‌ എനിക്ക് തന്നെയാണ് . എന്നത്തേയും പോലെ എന്റെ മാത്രം സ്വന്തമാകട്ടെ . സ്വന്തമായൊന്നുമില്ലാത്ത എനിക്ക് ഈ നഷ്ടപെടലുകള്‍ നല്‍കുന്ന സൗഖ്യം വേറെ എവിടെ ലഭിക്കാന്‍ . ഇതുമാത്രമാണ് എന്റെ സ്വന്തം ..... എന്റെ മാത്രം ..........
-----------------------------ബി ജി എന്‍ -----------------------------------------------

ഇരുള്‍ വരുമ്പോള്‍


-------------------------
കാറ്റ് കടമെടുത്തൊരു നിശ്വാസം
കാതങ്ങള്‍ താണ്ടി നിന്നരികിലെത്തുമ്പോള്‍
കൊട്ടിയടച്ച ജാലകപ്പിന്നില്‍
മിഴികള്‍ സജലങ്ങളാകുന്നതെന്തിനു .

ഒട്ടുമേ ഇഷ്ടമില്ലാതെയെങ്കിലും
നിന്നുടെ ഹൃദയം കവര്‍ന്നതെന്നാലും
ഒട്ടിടപോലും അനുവദിചിട്ടില്ലതിന്‍
മിഴികള്‍ നനയുവാനിതുവരേക്കും .

വിട്ടുപോകുന്നോരീ ജീവനിന്നീ സന്ധ്യ
ചോരച്ചുവപ്പിച്ച കടല്‍ക്കരയില്‍ ഞാന്‍
തീരം മുറിച്ചു കടന്നു വരും തിര
കാണാതിരിക്കില്ലെന്‍ വേദനയെന്നറിവൂ .
----------------------------------ബി ജി എന്‍

Friday, December 6, 2013

നീയെന്റെ വരികള്‍


നിന്നെ കുറിച്ചൊരു കവിത
ആ ഒരു ചിന്തയില്‍ നിന്നാണ്
നീ എന്തെന്ന് ഞാന്‍
ചിന്തിച്ചു തുടങ്ങിയത് .

വേനലിന്റെ തീവ്രത
കോടമഞ്ഞിന്റെ കുളിര്
സമുദ്രത്തിന്റെ ആഴങ്ങള്‍
ആകാശത്തിന്റെ അതിര്
നിന്നെ കുറിച്ച് ഞാനെന്തെഴുതാന്‍ ?

വസന്തത്തില്‍ ശലഭങ്ങള്‍
വരള്‍ച്ചയില്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍
തിരയുകയാണ് അവര്‍
നിന്നില്‍ ഞാനും ..

എഴുതുവാന്‍ കഴിയാതെ
വാക്കുകള്‍ എന്നെ നോക്കി
ഇത്ര പരിഹസിച്ചു ചിരിച്ചിട്ടില്ല
എഴുത്തുകളിലൊരിക്കലും .

പക്ഷെ ,
എഴുത്ത് നിന്നെ കുറിച്ചാകുമ്പോള്‍
അക്ഷരങ്ങള്‍ ഇല്ലാതാകുന്നു .
ഇല്ല എനിക്കെഴുതാന്‍ കഴിയാത്ത
കവിതയാണ്  നീ.

അതെ
എന്റെ വരികള്‍ !
നീയെന്റെ വരികളാകുമ്പോള്‍
എഴുതുവതെങ്ങനെ ഞാന്‍ ?
-----------ബി ജി എന്‍

ഇലജന്മങ്ങള്‍

കരയില്‍ നിന്നും അകന്നു ഒരുപാട് ദൂരെ കരകാണാ കയത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരില. വെറും പാഴില ! ഓളങ്ങളില്‍ പെട്ട് ഒഴുകി ഒഴുകി ദിശയില്ലാതെ എല്ലാ പ്രതീക്ഷകളും കൈവിട്ടു അതങ്ങനെ അലയുകയാണ് . സ്വപ്‌നങ്ങള്‍ മരവിച്ച അതിന്റെ മനസ്സിലെവിടെയോ ഒരു കോണില്‍ നഷ്ടപെട്ട ബാല്യ കൗമാരങ്ങളുടെ തേങ്ങലുണ്ടോ ?
അറിയാത്ത ദൂരത്തു സഹായത്തിനു വിളിക്കാനൊരാള്‍ പോലുമില്ലാതെ ശരിക്കും ഒറ്റപ്പെട്ട ഇലയുടെ രോദനം ആരറിയാന്‍ ? ഒറ്റപ്പെടലിന്റെ വേദന അതനുഭവിക്കുന്നവര്‍ക്കെ മനസ്സിലാകൂ .
ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് അന്തരീക്ഷം . കൂട്ടിനായ് നുള്ളി നോവിക്കാനും തൊട്ടു തലോടാനും മത്സ്യങ്ങള്‍ ഉണ്ട്  . മറ്റു വസ്തുക്കള്‍ ഒട്ടനവധി . പക്ഷെ ഞെട്ടറ്റു പോയ ഒരിലയുടെ ജന്മം  ഏറിയാലെത്രനാല്ള്‍ ? ഒരു കോണില്‍ നിന്നും അഴുകള്‍ തുടങ്ങിയാല്‍ പിന്നെ ഒരു കയറ്റമാകും . ഒടുവില്‍ എല്ലാ ഭംഗിയും നഷ്ടപ്പെട്ട അവസാനമെന്ന ചോദ്യ ചിഹ്നത്തില്‍ നോക്കി കൊണ്ട് ഒരു അസ്ഥികൂടം മാത്രം . ഒരിക്കല്‍ നിറവും രുചിയും ചാറുമുണ്ടായിരുന്ന ഒരിലയുടെ ശോഷിച്ച അസ്ഥിപഞ്ഞരം . സിരകളില്ലാതെ,നാഡികളില്ലാതെ, നിറവും മണവുമില്ലാതെ അതിങ്ങനെ കുറെ നാള്‍ ഉണ്ടാകും പിന്നെ അതും അലിഞ്ഞു പോകും .
പക്ഷെ... അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരിക്കും. മറ്റൊരായിരം  ഇലകളെയും കൊണ്ട് . തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ .
--------------------------------------------ബി ജി എന്‍ വര്‍ക്കല

ഓര്‍മ്മകളില്‍ ശീതക്കാറ്റ് വീശുമ്പോള്‍

എന്റെ മനസ്സിന്‍ ചില്ലുകൂടിനുള്ളിലിരുന്നൊരു പ്രാവ് കുറുകുന്നു
മിഴിയടയുന്ന വേളയിലൂറിവീണ നീര്‍മുത്തില്‍ നിന്‍ മൗനം !
അറിയാത്തൊരു വേദനയില്‍ എന്‍ നെഞ്ച് പൊടിയുമ്പോള്‍
ഹൃദയം മെല്ലെ കൂട്പൊട്ടിച്ചെറിയുന്ന ശബ്ദം മാത്രം ബാക്കി .

മെല്ലെതുറക്കുന്നയെന്‍ മിഴിത്തുമ്പില്‍ നിന്റെ നൊമ്പരം
അതെന്റെ സാന്ത്വനമാകുമെങ്കില്‍ ഞാന്‍ ധന്യനായേനെ .
പൊട്ടിത്തകര്‍ന്ന വീണക്കമ്പികളില്‍ നഷ്ടപ്പെട്ട കൗമാരം!
ഒരിക്കലും തിരിച്ചു വരാത്ത നിന്റെ ഓര്‍മ്മയില്‍ ഞാനുമെന്‍ ചിതയും മാത്രം .

കനലുകള്‍ ചാരം മൂടിക്കിടക്കുന്ന എന്റെ ഓര്‍മ്മയില്‍ ,
നിന്റെ മുഖം മാത്രം ഒരോര്‍മ്മത്തെറ്റുപോല്‍ ജ്വലിച്ചുനില്‍ക്കുന്നു .

എല്ലാം നഷ്ടങ്ങള്‍ , നഷ്ടങ്ങള്‍ മാത്രം ബാക്കി വച്ച് കൊണ്ട് 
ഞാനിന്നും ജീവിക്കുന്നു . അല്ല ഞാന്‍ മരിച്ചു പോയി .

കരയാതെ കരയാനും , ചിരിക്കാനും പഠിപ്പിച്ച നിന്റെ യൗവ്വന -
ത്തിന്റെ തിരയില്‍ ഞാനെന്റെ നിശ്വാസങ്ങള്‍ ഇറക്കിവയ്ക്കട്ടെ .
ആരുടെയോ വിരിമാറില്‍ നീ മയങ്ങുമ്പോള്‍ , മാറില്‍ കൊണ്ട് 
മുറിയുന്ന ഒരു ലോക്കറ്റായി തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .
ഉള്ളിന്റെ ഉള്ളില്‍ ഒരു പഴയ തകരപ്പെട്ടിയില്‍ നിന്നെ ഞാന്‍ 
അടക്കി വയ്ക്കട്ടെ , നീ എന്നെ ശപിക്കാതിരിക്കാന്‍ മാത്രം .
------------------------------ബി ജി എന്‍ വര്‍ക്കല 22.05.2001

Wednesday, December 4, 2013

നിനക്കായ്

ഒരു  വാക്ക് കൂടി
നിറയുന്ന മൌനം കൊണ്ട് ഞാൻ
എഴുതട്ടെ
ഹൃദയത്തിൽ
സൂക്ഷിക്കുവാൻ വേണ്ടി മാത്രം .
ഇത് നിന്നിലെത്തുമ്പോൾ
അറിയാതെ പോകുന്ന
പ്രണയം നിന്നെ തഴുകിയെങ്കിൽ .
കളി വാക്ക് കൊണ്ട്
നാം കടമെടുത്തുള്ളോരാ
സ്വപ്നങ്ങളെല്ലാം പെറുക്കിവച്ചിന്നു
ഞാൻ
ഒരു വാക്ക് കൂടി
എഴുതട്ടെ നിന്നിലെ
പ്രണയം തിരിച്ചെടുക്കാനായി.
-----------------ബി ജി എന്‍ വര്‍ക്കല 

Tuesday, December 3, 2013

വാക്കുറയുമ്പോള്‍

ഒരു കുമിള പോല്‍
പൊട്ടുവാന്‍ കൊതിച്ച്
വിങ്ങല്‍ കൊള്ളുന്നുണ്ടൊരാത്മാവ്
മൃതി തിന്നൊരീ ദേഹിയില്‍ .

ഒരു നിമിഷത്തിന്‍
ഭ്രംശതാഴ്വരകളെ തേടുന്നുണ്ട്
പുഴുവരിച്ചോരു തലച്ചോര്‍
ഒന്നുറക്കെ പൊട്ടിച്ചിരിക്കുവാന്‍ .

എങ്കിലും മനസ്സിന്റെ
മഞ്ഞുതടങ്ങളില്‍ മുളയിടുന്നൊരു മോഹം 
സൂര്യാ , നിന്റെ കിരണങ്ങളില്‍
അലിഞ്ഞുതീരുവാന്‍ .
--------------------------ബി ജി എന്‍

Monday, December 2, 2013

ഇത് മഞ്ഞു പൊഴിയും കാലം


പൊട്ടിച്ചിരിക്കുന്ന കരിവളകള്‍
പോലെയാണ് ജീവിതവും .
സജീവമായിരിക്കുന്ന അത്രയും നേരം മാത്രം
ശബ്ദഘോഷങ്ങള്‍ നിറയുന്നു ,
ഒന്ന് പൊട്ടിച്ചിതറിയാല്‍ പിന്നെ
നിശബ്ദതയുടെ കളിയരങ്ങ് .

കോരിചൊരിയുന്ന പേമാരിപോലെ
ആര്‍ത്തലയ്ക്കുന്ന തിരമാലപോലെ
ക്ഷണികമാണ് കിടപ്പറകള്‍ .
നിതാന്തമായ മൌനം
പെറ്റുകിടക്കുന്ന
അനാഥ ജന്മങ്ങള്‍ മാത്രം .

യാത്രകളെ സജീവമാക്കുന്ന മരണമേ !
നിന്നെ ഞാന്‍ അതിനാലാകാം
എന്റെ ജീവനേക്കാളും
പ്രിയമായി കരുതുവത് .

ഇത് മഞ്ഞുപൊഴിയും കാലം
മനസ്സുകള്‍ മരവിച്ചു കിടക്കുന്ന
തണുപ്പിന്റെ കുടീരത്തില്‍
വിഷപ്പുകയേറ്റ്  മയങ്ങും
വികാരങ്ങളുടെ ഉത്സവകാലം .

പിടഞ്ഞുയരുന്ന മിഴികളിലെക്ക്
സ്നേഹത്തിന്റെ ലാവ
ഉരുക്കിയോഴിച്ചു
രാത്രി വിടപറയുന്ന
വിരഹിണിയുടെ മഞ്ഞുകാലം
ഇത് മഞ്ഞു പൊഴിയും കാലം .
-------------ബി ജി എന്‍

Sunday, December 1, 2013

കണ്ടുവോ നിങ്ങളെൻ തോഴിയെ


മൃദുലമാം കരങ്ങളാൽ തഴുകുവാൻ
പഠിപ്പിച്ച കുളിർത്തെന്നലെ കണ്ടുവോ
നിങ്ങളെൻ തോഴിയെ നിൻ പാതയിൽ

ഭ്രമരമേ കണ്ടുവോ നീയെൻ പ്രിയസഖിയെ 
പൂവാടികളിൽ തേൻ തേടിയലവേ.

കുയിലുകളെ നിങ്ങൾ കേട്ടുവോ സ്വര
മധുരിമയൊലുമാ കളകൂജനമെങ്ങാനും

മയിലുകളെ നിങ്ങൾ കണ്ടുവോ നടനത്തിൻ
മ്രിദുഗാത്രിയവൾ  എൻ പ്രേമഭാജനത്തെ .

അരുവികളെ നിങ്ങൾ പറയുക എങ്ങാനും
മവൾ തൻ മുഖകമലം തീരങ്ങളിൽ കണ്ടുവോ .

പറയുക നിങ്ങൾ കാണുകിലവളോട്
പ്രിയനിവൻ ഹൃദയം നുറുങ്ങി തേങ്ങുന്നത്  .

സജലങ്ങളാം മിഴികളുമായിവൻ ഏകനായ്
വിജനതയിങ്കൽ പാടുന്നു മൂകമായ് .
-----------------------------ബി ജി എൻ വർക്കല

Saturday, November 30, 2013

ഭരണകൂടം


ഭരണകൂടം
ഹാ എത്ര ഭയാനകം !
ചെന്നായകൾ
കടിച്ചു കുടയുന്ന
അടിമവർഗ്ഗത്തിന്റെ
വേരറ്റ ആശ്രയം .

ഭരണകൂടം
ഹാ എത്ര മൃഗീയം !
അമ്മമാരുടെ
മുലകൾ കടിച്ചു പറിച്ചും
പെങ്ങമാരുടെ
യോനികൾക്ക് വിലയിട്ടും
അധികാരത്തിന്റെ
സോപാനങ്ങളിൽ
മൃഷ്ടാനമുണ്ട് പുളയ്ക്കും
കൃമികളുടെ ലോകം .

ഭരണകൂടം
ഹാ എത്ര മ്ലേച്ചമായ പദം !
സാമ്രാജ്യത്തത്തിനു
വദനസുരതം ചെയ്തും
മതേതരത്തിനെ
ഗുദഭോഗം ചെയ്തും
ദളിതന്റെ
പിച്ച ചട്ടിയിൽ
സ്ഖലിപ്പിക്കും മാതൃക .

ഭരണകൂടം
ഹാ എത്ര നീചം !
വേഗപ്പൂട്ടുകളിൽ
തളയ്ക്കാനകാത്ത വിശപ്പുമായി
വിശക്കുന്നവന്റെ
തലച്ചോറിൽ വിഷപ്പുക
നിറയ്ക്കുന്നോർക്ക്
പരവതാനി വിരിയ്ക്കുന്നവരുടെ
വിസ്തൃത ലോകം .

ഭരണകൂടമേ
നീ ഓർക്കുകയീ വാക്കുകൾ .
കുഴിമാടങ്ങളിൽ കിടന്നു
വിരിമാറിൽ
സ്വാതന്ത്ര്യം ഏറ്റുവാങ്ങിയവർ
പിടയ്ക്കുമ്പോൾ
ചിതറിയ ചോരകൾക്കും
അന്ധമായ നേത്രങ്ങൾക്കും
മറുവാക്ക് നല്കാൻ കഴിയാതെ
പകച്ചു നില്ക്കുന്നു
ഞരമ്പുകളിൽ
തീത്തൈലം ഒഴുകുന്ന
പുതിയ തലമുറ .

ഒരു സ്ഫോടനത്തിൽ
അവരുടെ ചിന്തകൾ ചിതറാതിരിക്കാൻ
പുനർചിന്തക്കു വേദിയൊരുക്കുക .
" മാറ്റുവിൻ ചട്ടങ്ങളെ
സ്വയമവയല്ലെങ്കിൽ
മാറ്റുമതെ നിങ്ങളെത്താൻ "
-------------------------ബി ജി എൻ

Thursday, November 28, 2013

കാത്തിരിപ്പിന്റെ കാലവര്‍ഷം


രക്ഷകൻ?


ഹേ പുരുഷാ
വെള്ളവും വളവും നല്കി
പൂത്തുലയുന്നൊരു മാമരമാക്കി
വില പറയുന്നവന് 
വിലകൊടുത്തു വിൽക്കും
നിന്റെ പേരോ
രക്ഷകൻ?


ഹേ പുരുഷാ
ഉരുവിനെ പോൽ
കഴുത്തിലിട്ട ചരടിൽ
വില വാങ്ങി വന്ന നീ
അടുക്കളത്തോട്ടത്തിൽ
കിടക്കപ്പായയിൽ
അടിമയായി
പ്രതിഫലമില്ലാതെ
പണിയെടുപ്പിച്ച്
നിന്റെ വിഴുപ്പലക്കി
ജന്മം നശിപ്പിക്കുമ്പോൾ
നിനക്ക് പേരോ
രക്ഷകൻ?

ഹേ പുരുഷാ
ഉദരത്തിൽ ഉദയം തന്നും
പൊന്നുപോലെ കാത്തു വച്ചും
ആണൊരുത്തനാക്കി
ലോകം കീഴടക്കാൻ
പ്രാപ്തനാക്കിയപ്പോൾ
സദനങ്ങളിലും
അമ്പലവളപ്പിലും
ചായ്പ്പിലെ  നായ്ക്കൂട്ടിലും
മഞ്ചമൊരുക്കും
നിന്റെ പേരോ
രക്ഷകൻ?

(കൗമാരത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും പെണ്ണിന് രക്ഷകൻ ?)

Wednesday, November 27, 2013

അക്ഷരം


അക്ഷരം
യോദ്ധാവിന്റെ ആയുധമായി
ശത്രുവിന്റെ മാറു പിളർക്കുന്നവൻ
ആഗ്നേയാസ്ത്രം പോലെ
ചടുലം മനോഹരം .

അക്ഷരം
പ്രണയിനിയുടെ മനസ്സ്
ഹൃദയത്തെ ദ്രവീകരിക്കുന്നവൻ
 അഗ്നിപോൽ
ചുട്ടുപോള്ളിക്കുന്നോൻ .

അക്ഷരം
രതിയുടെ തമോഗർത്തം
വികാരങ്ങളുടെ വിസ്ഫോടകൻ
മഞ്ഞുറയുംപോൽ
അഗാധശൈത്യം നീലിമം

അക്ഷരം
വർണ്ണശഭളം സുഗന്ധപൂരിതം
ഹൃദയത്തെ ആനന്ദിപ്പവൻ
 ഘോരാന്ധകാരം പോൽ
തമസ്കാരഭൂവുകൾ .

അക്ഷരം
അറിവിൻ നീലാകാശം
മിഴികൾ തുറക്കുവാൻ ജാഗരൂകൻ
പാതാളം പോൽ
ജുഗുൽസാവഹം കഠോരം .
----------------------ബി ജി എൻ വർക്കല

(ഉപയോഗിക്കുന്നവനും സമീപിക്കുന്നവനും മനോധർമ്മം അനുസരിച്ച് പെരുമാറുവാൻ ഉതകുന്ന ഇരുതല മൂർച്ചയുള്ള വാൾ . അതാണ്‌ അക്ഷരങ്ങൾ )

അപൂര്‍ണ്ണതയുടെ ആകാശം


ആകാശത്തിന് നക്ഷത്രങ്ങളും  
ഭൂമിയ്ക്ക്  പുഷ്പങ്ങളും അലങ്കാരമാണ്
മനസ്സ് പോലെ ദുരൂഹമാണ്
പ്രപഞ്ചത്തിലെ നിഗൂഡതയും .
താത്വിക ചിന്ത മാറ്റി വച്ച് ഞാന്‍ നിന്നെ
വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത്‌
ഞാനിതുവരെ പൂരിപ്പിച്ചു തുടങ്ങാത്ത
ഒരു സമസ്യയാണ് നീ .
നിന്നെ വായിക്കാന്‍ ശ്രമിച്ച വഴികളിലൂടെ
ഞാന്‍ വെറുതെ ഒന്ന് നടന്നു നോക്കി .
നിന്റെ മുടിയിഴകളിലൂടെ
മിഴികളിലൂടെ
നാസികതുമ്പിലൂടെ
മധുരമൂറുന്ന അധരങ്ങളിലൂടെ
വീനസിന്റെ ഗോപുരങ്ങളിലൂടെ
നാഭിത്തടത്തില്‍ എത്തുമ്പോള്‍
ഹൃദയം തകര്‍ന്നു വീഴുന്നു
യാത്ര മുഴുമിക്കാതെ
വഴി അവസാനിക്കാതെ
യാത്രികന്‍ പകച്ചു നില്‍ക്കുന്നിടത്ത്
വാക്കുകള്‍ പല്ലിളിക്കുന്നു .
ശൂന്യതയിലേക്ക്
ഒരു നദി ഒഴുകി തുടങ്ങുന്നു
ജനിമ്രിതികള്‍ തേടി .
അനാദിയിലേക്ക് .
ഈ യാത്ര നിന്റേതു കൂടി ആകുന്നു
ഇനി യാത്രികന്റെ വഴികാട്ടിയും
നീ തന്നെ .
------------------ബി ജി എന്‍

Tuesday, November 26, 2013

നിരാലംബരുടെ ലോകം



ആറടി മണ്ണ് സ്വന്തമായില്ലാത്തവൻ
എങ്ങനെ മരിക്കാൻ ?
അടുക്കള കുഴിച്ചും
കക്കൂസ് പൊളിച്ചും
കുഴിച്ചിടപ്പെടാൻ വിധിക്കപ്പെട്ടവന്
മരിക്കുവാൻ ഭയമാണ്.

അടച്ചുറപ്പില്ലാത്ത കൂര സ്വന്തമായുള്ളവൾക്ക്
ഇരുട്ടിനെ ഭയമാണ് .
തഴച്ചു നിൽക്കുന്ന
മുലകളെ വെറുപ്പാണവൾക്ക് .

അടുക്കളയിലെ പുകയിൽ
നിറയാത്ത കണ്ണുകൾ
പക്ഷെ, പിഞ്ഞിയ 
പെറ്റിക്കോട്ടിൽ
മുറ്റത്ത്‌ പറക്കുന്ന ശലഭത്തെ
ഓർത്ത്‌ കലങ്ങിയൊഴുകാറുണ്ട് .

ഏകാന്തതയെ ഭയമില്ലവർക്ക്
പക്ഷെ
തൊഴുത്തിലെ ,
നായ്ക്കൂട്ടിലെ
ചെള്ളൂകളെ ഭയമാണ് .

ഇരുട്ടിൽ
ഉറക്കത്തെ ഭയന്ന് കിടക്കും
രാവുകളിൽ
അമ്മയാകാൻ കൊതിച്ച
പാലൂട്ടി വളര്ത്തിയ
നല്ല നാളുകളെ
ഓർമ്മയിൽ പുണരാൻ
ഇഷ്ടമാണ് .

വർണ്ണങ്ങളുടെ ലോകത്തെ ഭയമാണവർക്ക്
ചുവന്നു തുടുത്ത അച്ഛൻ കണ്ണുകളെ ,
കൗശലം നിറഞ്ഞ അമ്മ മിഴികളെ ,
വഴിവക്കിൽ നാവു നുണയുന്ന
കഴുകൻ നേത്രങ്ങളെ ,
തഴുകാൻ കൈ നീട്ടും
ആന്റിമാരുടെ നീണ്ട വിരലുകളെ,
അറിവ് പകരുന്ന
കണ്ണാടി കണ്ണുകളെ ,
പ്രണയം തളിർക്കുന്ന
മധുവചനങ്ങളെ .

പകച്ചു നില്ക്കുന്ന
ശാപജന്മങ്ങൾക്ക് നടുവിൽ
പടുത്തുയർത്തുന്ന
സ്വപ്നസൗധങ്ങളുടെ
അടിവേരുകളിൽ
നിരാലംബരുടെ തേങ്ങലുകൾ
പശയിട്ടുറപ്പിച്ചു
വെറുംവാക്കിന്റെ
കോട്ടകൾ കെട്ടുന്നു നാം .
കണ്ടിട്ടും കാണാതെ
മിണ്ടാതെ
പറയാതെ
നപുംസകങ്ങളാകുന്നു നാം .

(ശവം മറവു ചെയ്യാൻ ഇടമില്ലാതെ വീടിനുള്ളിൽ കുഴിച്ചിടപ്പെട്ടവർക്കും , മക്കളാൽ പുറംതള്ളി നായ്ക്കൂട്ടിൽ കിടക്കേണ്ടി വരുന്ന മാതൃത്വങ്ങൾക്കും ,പ്രാപ്പിടിയൻ കരങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും  , അവരെ ഓർത്ത്  വേവുന്ന അമ്മമനസ്സുകളെ , കൗമാരപുഷ്പങ്ങളെ പാർത്തിരിക്കുന്ന  ലോകത്തെ ഒക്കെ  ഓർത്ത്‌ നോവുന്ന മനസ്സുകളുടെ ഗീതകം ആണ് ഇത് . പ്രതികരിക്കാൻ കഴിയാതെ നിസ്സഹായമാകുന്ന അവരോടു ചേർന്ന് നിൽക്കാൻ എനിക്ക് കഴിയാതെ പോകുന്ന വിങ്ങലിൽ നിന്നും ഞാൻ ഇങ്ങനെ എങ്കിലും പ്രതികരിക്കട്ടെ )

അപരിചിതരുടെ ലോകം


വിരഹിണിയുടെ പകലുകൾ പോലെ
മഴമേഘങ്ങൾ !
ചിലരങ്ങനെയാണ്‌
എഴുതിതീരാനാകാത്തയത്രയും
കഥകൾ വായിച്ചെടുക്കാം
മിഴികളിലേക്കു നോക്കിയാൽ !
പറയാനാകാത്ത
വ്യഥകൾ കണ്ടറിയാം
പുഞ്ചിരിയിൽ കണ്ണ് തറച്ചാൽ .
എങ്കിലും
ജീവിതം മുന്നോട്ടു പോകുന്നു
മുള്ളുകളെ മനസ്സിൽ
വെറുതെ തറയ്ക്കാൻ വിട്ടു
പുഷ്പത്തിന്റെ സുഗന്ധം നുകരുന്നു.
ഒന്ന് ചേർത്തു പിടിക്കാൻ
മനസ്സ് കൊതിക്കുന്ന സ്നേഹം പോൽ
നിന്റെ വാക്കുകൾ
ഉള്ളു പൊള്ളിക്കുമ്പോൾ
പറയാതിരിക്കാൻ ആകില്ലല്ലോ .
ഒന്നും എഴുതാതിരിക്കാനും
................ബി ജി എന്‍ വര്‍ക്കല

Monday, November 25, 2013

സഹചാരി

നയനങ്ങള്‍ അടച്ചു
നീ തമസ്സിനെ ശപിക്കായ്ക 
കര്‍ണ്ണങ്ങളില്‍
നീ കേള്‍ക്കുന്നതീഹൃദന്തത്തിന്‍
പിടക്കുംശ്രുതികള്‍ ..
വിടര്‍ന്നോരീ പൂവിന്‍ സുഗന്ധം മറഞ്ഞൂ
ഇനിയും
സ്വപ്നങ്ങള്‍ ബാക്കിയായോ?
വിടരും മലരുകള്‍ നിനക്കായി വീണ്ടും
നുകരുവാന്‍
നിന്നെയുമാവാഹിക്കാന്‍.
കണ്ടു ഞാന്‍ നില്‍ക്കാം
നിന്‍ ചാരെയായെന്നും
കവിതയായി നിന്‍ തീരത്ത്
കൂട്ടാമൊരു ചെറുകൂട് ഞാനും.
--------------------ബി ജി എൻ വർക്കല

Sunday, November 24, 2013

പുരുഷമേധം


മണ്ണ് പെണ്ണിനെ നോക്കി പറഞ്ഞു
നിനക്കും എനിക്കും അധികാരമില്ല
തുണി ഉടുക്കാനും കന്യകയാകാനും
രാവിൽ കതകടച്ചൊന്നുറങ്ങുവാനും.

ആകാശം കടലിനോട് പറഞ്ഞു
നമ്മുക്ക് മറയ്ക്കാനാകില്ല നഗ്നത
കീറിമുറിച്ചു വരുന്നോരീ കൗതുക
കണ്ണുകൾ തുരന്നു കളയും വരെ.

കാഴ്ചകളിലും കൌതുകങ്ങളിലും
കണ്ണുകൾ തുറന്നുവച്ചവൻ പറഞ്ഞു
എനിക്ക് പതിച്ചു തന്നതാണിത്
എന്നിൽ നിന്നും വന്നവളാണ് നീ.

അകത്തു ഭൂതക്കണ്ണാടി വച്ചരിക്കുന്നു
താടിനരച്ച കുശാഗ്രബുദ്ധികൾ
ഇനിയേതാകാശം ,കടൽ , മണ്ണ്
ഇനിയെന്താണെനിക്ക് ചവിട്ടി നില്ക്കാൻ ?
--------------ബി ജി എൻ വർക്കല

Saturday, November 23, 2013

വേഴാമ്പലുകൾ നമ്മൾ


നിന്റെ സ്നേഹത്തിരകളിൽ പെട്ടൊരു
കൊച്ചോടം പോൽ എന്റെ ചിന്തകൾ
നിന്റെ മിഴികളുടെ നിഗൂഡ ചുഴികളിൽ
വീണലിയുന്നൊരു നാവികൻ ഞാൻ

ശരീരങ്ങളെ തണുത്തുറഞ്ഞ ഇരുണ്ട
വന്കരകളിലേക്ക് പറഞ്ഞയച്ചു കൊണ്ട്
മനസ്സിനെ പരസ്പരം പ്രണയിക്കാൻ
വിട്ടവർ നാം, രണ്ടു വേഴാമ്പലുകൾ .

ഒരു ചുംബനത്തിന്റെ പശിമയിൽ വീണു
ഒട്ടിപ്പിടിച്ചൊരു രാവു മുഴുവൻ പിടയ്ക്കുംബോഴും
വിരലുകളാൽ നമ്മൾ തൊട്ടുകൊണ്ടേ ഇരുന്നു
ഇരുട്ടിലെ നിശബ്ദത സാക്ഷി നിർത്തി .

ചൂളമിട്ടു പുടവയിൽ നൂണ്ടുകയറും തണുപ്പിൻ
കുഞ്ഞു വിരല്പൂവുകൾ കുളിരേകിടുമ്പോൾ
സുനാമിത്തിരകൾ പോൽ നെടുവീർപ്പുകൾ
മരിച്ചു വീഴുന്നു ഇരുട്ടിൽ ശബ്ദമില്ലാതെ .

പ്രണയത്തിന്റെ തിരകൾ വന്നു മൂടുന്ന
നിന്റെ നീൾമിഴികൾ നോക്കിയിരിക്കവെ
കാലവും വേഗവും നശിക്കുന്നു ചുറ്റിലും
മഴപ്പൂവിന്റെ കുടപിടിച്ച സംഗീതം മാത്രം .
----------------------ബി ജി എൻ വർക്കല

അഭിലാഷങ്ങള്‍



പ്രണയം കനവിൻ മണിത്തൂവൽ കെട്ടും
നിലാവിൻ മരണം മണക്കുന്ന രാവിൽ
പ്രിയതെ നിന്നുടെ ചാരത്തോരിത്തിരി
നേരമിരുൾ കാഞ്ഞിരിക്കട്ടയോ ഞാൻ .

    കനവായ് പെയ്തു തോരുന്ന മഴയിലെ
    കുളിരായ് നീയെന്നെ തഴുകിയെങ്കിൽ
    സ്നേഹവീണയിൽ ജീവിതരാഗത്തിന്‍
    മഞ്ഞുതുള്ളിയായ് ഞാന്‍ നിന്നിലലിയാം.

അകലങ്ങൾ നമ്മെയടുപ്പിക്കും നൂലിന്റെ
ഇഴകൾ കൊണ്ടൊരു കളിയൂഞ്ഞലിൽ
സുഖദം ആലസ്യമാർന്നു നാമെങ്കിലോ
ജന്മം സഫലമെന്നോർത്തു കേഴാം .

    ഇനി നാം ശയിക്കണം മുള്‍നിറയുന്നോരീ
    പ്രണയത്തിന്‍ പുഷ്പദലങ്ങള്‍ തീര്‍ക്കും
    ജീവിതമെന്നോരീ തല്പത്തിലൊന്നിച്ച്
    നോവിന്‍ പുതപ്പിനാല്‍ മൂടിയെന്നും .
-------------------ബി ജി എന്‍ വര്‍ക്കല

Friday, November 22, 2013

കിരാതം

അപസ്വരങ്ങള്‍


അമ്മേ ,
വഴിവക്കിലെന്നെ
കുറെ പട്ടികള്‍
കടിച്ചു കീറി .
മോളെ
കുളിപ്പുരയില്‍
ഡെറ്റോളിരുപ്പുണ്ട്
നന്നായി
തേച്ചു കുളിച്ചു വാ
ചായ തണുക്കും .
--------ബി ജി എന്‍

Thursday, November 21, 2013

വേനൽ മേഘങ്ങൾ


ജാലകവാതിലിൽ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോൾ നിമിഷയുടെ കണ്ണുകളിൽ മൂടൽ മഞ്ഞു മൂടികിടന്നിരുന്നു . നീണ്ട മുടിയിഴകൾ വിരല്ത്തുംബിനാൽ യാന്ത്രികമെന്നൊണം  ചീകിവിടർത്തുമ്പോഴും മനസ്സ് അനന്തമായ ആകാശ കാഴ്ച്ചകളിലെങ്ങോ  കുടുങ്ങി കിടക്കുകയായിരുന്നു. വിചിത്രമായ ഒരു ലോകത്തിൽ  ആണ് താൻ എന്നവൾക്ക് തോന്നി . ജീവിതം തന്നെ വലിച്ചു കൊണ്ട് പോകുന്ന സമസ്യകളിൽ നൊമ്പരത്തിന്റെ ചീളുകൾ വിരിയുന്ന ഓർമ്മപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്നത് അവൾക്ക് കാണാമായിരുന്നു . അവളുടെ ജീവിതമായിരുന്നു അത് .
പൊട്ടിച്ചിരിക്കുന്ന പാദസരത്തിൻ സംഗീതം കേട്ട് പുളകിതമായിരുന്ന നാലുകെട്ടിന്റെ ഇടനാഴികളിൽ നിന്നും അടക്കിപ്പിടിച്ച യൗവ്വനത്തിന്റെ മധുരം ആകാശിന്റെ കരം പിടിച്ചു നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ നിമിഷക്ക് നഷ്ടമായത് തന്റെ സ്വപ്‌നങ്ങൾ കൂടിയാണ് . പച്ച പിടിച്ച ഓര്മ്മകളെ പെട്ടെന്ന് കോണ്ക്രീറ്റ് ചതുരങ്ങളിലേക്ക് പറിച്ചു വച്ച് എന്നത് അവളെ സംബന്തിച്ചു മനസ്സിനെ ശ്വാസം മുട്ടിക്കുന്ന ഒരു  അവസ്ഥ ആയിരുന്നു എന്ന് പറയാം .
പുലരി മുതൽ സന്ധ്യ വരെ നീളുന്ന ഏകാന്തതയുടെ മുഷിവുകളെ ദീർഘശ്വാസങ്ങളുടെ അകമ്പടിയോടെ ഭക്ഷിച്ചു കടന്നു പോയ ദിനങ്ങളിൽ ആശ്വാസത്തിന്റെ ഹരിതകം  പോലെ ആണ് ഉദരത്തിൽ ഒരു കുഞ്ഞു ജീവകണം ഉരുവായത് . കാത്തിരിപ്പിന്റെയും പ്രതീക്ഷകളുടെയും ഒരു വസന്തകാലം . വീർത്തുവരുന്ന ഉദരതിനോട് കിന്നാരം പറഞ്ഞും  ദിവസങ്ങള് പറന്നകന്നു .
അരികിലായി കുഞ്ഞു കാലുകലുയർത്തി പായാരം പറഞ്ഞു കൊഞ്ചി ദിവസങ്ങളെ നിറക്കൂട്ടുകളുടെ  തീർത്ത  പൊന്നുമോൻ . പകലുകളിൽ അവന്റെ ശബ്ദം കൊണ്ട് അവളുടെ ലോകം നിറഞ്ഞു . മാറിൽ അടുക്കി പിടിച്ചു ഒരു നിധി പോലെ ആ കുണ്ട് വളര്ന്നു . ആകാശിന്റെ ലോകത്തിലേക്ക് അവൾ ഒരിക്കലും കടന്നു ചെന്നതേ ഇല്ല . തണുപ്പ് നിറഞ്ഞ രാവുകളിപ്പോഴെങ്കിലും എന്നെങ്കിലും നീണ്ടു വരുന്ന കൈകൾ മാത്രമാണ് ആകാശ് തന്നെ സ്നേഹിക്കുന്നു എന്നവളെ ഓർമ്മിപ്പിച്ചിരുന്നത് .
കാലം കടന്നു പോയി . മകൻ വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയപ്പോൾ വീണ്ടും വിഷാദത്തിന്റെ കൂടിലേക്ക് ഒരു സ്വയം വലിയൽ. തന്റെ മനസ്സിന്റെ വിങ്ങൽ കണ്ടോ അറിയില്ല വീണ്ടും ഒരിക്കൽ കൂടി ഗർഭപാത്രം കരുണ കാട്ടി . വരണ്ട നിലങ്ങളിൽ നീലക്കുറിഞ്ഞികൾ പൂക്കുന്ന ഏതോ ഒരു നിമിഷം അവളോട്‌ കരുണ കാട്ടിയതാകം .
വീണ്ടും പഴയ ലോകത്തേക്ക് അവൾ തിരികെ പോയി . മറ്റൊരു പോന്നു മോൻ . സ്വപ്നങ്ങളെ കടന്നു , മോഹങ്ങളേ കടന്നു ജീവിതത്തെ തളിർ ക്കാനും പൂക്കാനും പഠിപ്പിച്ച നാളുകൾ .
 കാലം  പക്ഷെ അവളെ സാഹചര്യങ്ങളോട് ഒതുങ്ങികൂടാൻ പഠിപ്പിച്ചു . ഇന്ന് മക്കൾ വളര്ന്നു പഠനത്തിലും മറ്റുമായി അവർ തങ്ങളുടെ ലോകത്തേക്ക് കൂടോഴിയുമ്പോൾ നിമിഷ പക്ഷെ കരയാറില്ല . വേദനതൊന്നാറുമില്ല . തട്നെ സ്വയം തീര്ത്ത കവചത്തിൽ അവൾ സ്വസ്ഥയായിരുന്നു . ജീവിതം അവളെ ഒരു തരം നിസ്സംഗതയിൽ എത്തിച്ചു എന്ന് കരുതാം .
കാലം  പെയ്യുംബോലെ ഒരു മഴ അവളെ ഇന്ന് പിടിച്ചു കുലുക്കിയിരിക്കുന്നു .
 നിനയാത്ത നേരത്ത് ആസകലം ഉടച്ചു വാര്ത്തുകൊണ്ട് ഒരാൾ . ഏകാന്തതയിൽ ഒരു ശല്യം പോലെ അവളെ പിടിച്ചു കുടയുന്നു . ഒഴുകി മാറുമ്പോഴും വിടാതെ പിന്തുടരുന്നു . തന്റെ ഉറങ്ങികിടന്ന മനസ്സിലെ മൃദുല വികാരങ്ങളിൽ ഈ  വൈകിയ വേളയിൽ തൊട്ടുണർത്തുന്നു . അവൾക്കിപ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നുന്നത് . അടക്കി വച്ച വർഷങ്ങളുടെ കണ്ണുനീർ .
ജനലഴികളിൽ മുറുകെ പിടിച്ചു നെറ്റി ചേർത്ത് അവൾ ഒന്നുറക്കെ കരയാൻ മോഹിച്ചു . പുറമേ പെയ്തു നിറയുന്ന മഴ ഒരു സാന്ത്വനം എന്നാ പോലെ അവളുടെ മുടിയിഴകളിൽ തഴുകി . മിഴികളെ തഴുകി മനസ്സിലേക്ക് കടന്നു കയറി .
അവൾ ഒരു തണുത്ത ശിലാപാളി പോലെ നിശ്ചലം നിന്ന് . അപ്പോഴും മേശമേൽ ഇരുന്നു മൊബൈലിൽ അവന്റെ വിളിയോച്ച്ച മുഴങ്ങുന്നുട്നായിരുന്നു . അവന്റെ സന്ദേശങ്ങൾ വന്നു നിറയുന്നുണ്ടായിരുന്നു . ഇരുട്ടില നിന്നും അവളെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു ഉയർത്തുവാൻ ഒരു കൈ നീണ്ടു വരുന്നുണ്ടായിരുന്നു . പക്ഷെ തന്നെ പൊതിഞ്ഞ ചിതല്പുറ്റുടുകളെ കുടഞ്ഞെറിയാൻ കഴിയാതെ നെഞ്ചുമുറിഞ്ഞു അവൾ കരയാൻ തുടങ്ങി . മഴയ്ക്കൊപ്പം ഉച്ചത്തിൽ .......
----------------------------------------------------------ബി ജി എൻ വർക്കല

മഴനീർപ്പൂക്കൾ


മിനാരങ്ങളെ നിങ്ങൾ അറിയുമോ
മിഴികളിൽ മൌനം ഒളിപ്പിച്ചൊരീ
കുഞ്ഞു കിളിയെ , ദുഖത്തിന്റെ
മരുഭൂമിയെ കടഞ്ഞെടുത്തോരീ
വർഷ നിലാവിന്റെ നനുത്ത പുഞ്ചിരിയെ

പ്രഭാതങ്ങളെ നിങ്ങളറിയുന്നോ
ആശ്വാസത്തിന്റെ നിറചിരിയുമായി
ഒരു ദിനംകൂടി പ്രിയന്റെ സ്നേഹത്തിൽ
അമരുവാൻ കഴിയുമീ കിളിയുടെ മനം .

ഇരുണ്ട സായന്തനങ്ങളെ നിങ്ങളെ
കരയാനാകാത്ത മിഴികളുമായി
യാചനയുടെ കരങ്ങളുയർത്തി നോക്കുന്ന
നിഴലിന്റെ പ്രിയയെ അറിയുന്നില്ലയോ ?

മനസ്സിൽ പ്രിയനോടുള്ള പ്രണയവും
എകാന്തതയോടുള്ള ഭയവും നിറയുന്ന
കിളിയുടെ വേദനയിൽ ഉള്ളു പൊള്ളുമ്പോൾ
മനസ്സേ നീയെന്തേ കൊതിക്കുന്നു
വാരിപുണർന്നാ മൂർദ്ധാവിൽ ചുംബിക്കാൻ.
------------------------ബി ജി എൻ വർക്കല

Monday, November 18, 2013

ഒരു പുഞ്ചിരി കടമെടുക്കുമ്പോൾ


നിലാവ് കടമെടുത്തതുപോൽ
ഹൃദ്യമീ വദനം
അത്രമേൽ സുഗന്ധം പൊഴിക്കും
നിന്റെ സാമീപ്യം തരുമ്പോൾ
പ്രിയതേ നിന്റെ ചാരത്തോരിത്തിരി
നേരമെൻ ജീവനുപേക്ഷിച്ചു പോകണം

നക്ഷത്രപ്പൂക്കൾ വിരിയുമീ നയനങ്ങളിൽ
വെളിച്ചം തേടണം രാവുകളിൽ
അലിഞ്ഞു ചേരണമീ പുഞ്ചിരികടലിൽ
ഒരു മധുരമാമോർമ്മപോൽ .

അമ്മമനസ്സിൽ , തുടിക്കുംമാറിൽ
ഒരിളംപൈതലായ് ചൂട് തേടുന്നു ഞാൻ
ചോരിവാ തേടുന്നൊരു സ്മൃതിമധുരമിന്നു-
നിൻ കരവല്ലരിയിൽ ഒതുങ്ങിടുമ്പോൾ

മിഴികളടയുന്നുവോ നിർവൃതി തൻ
മധുരമോലും ദിവാസ്വപ്നമൊന്നിലായ് .
പകരുമോ നിൻസ്നേഹമാം പാനപാത്രം
നുകരുവാൻ ഒരു മാത്ര എങ്കിലും .
പകരുമോ നിൻ ഹൃദയകമലത്തിലെ
നറുമണമെനിക്കായി ഒരു നിമിഷമെങ്കിലും.
--------------------ബി ജി എൻ വർക്കല

Saturday, November 16, 2013

ഒരു സ്വപ്നം.



സമയം വൈകുന്നേരം . ഇളം വെയിലിന്റെ മഞ്ഞ നിറം ചുറ്റാകെ പുളകം കൊള്ളിക്കുന്ന സായം സന്ധ്യയുടെ  വരവിനെ അറിയിക്കുന്ന സുന്ദരമായ ഒരു സായാഹ്നം , ഒരു ചെറിയ മഴയിൽ കുളിച്ചു നില്ക്കുന്നു .
മുറിയിലേക്ക് കടന്നു വന്ന എന്നെ എതിരേറ്റത്  ജാലകത്തിലൂടെ പുറത്തെ മഴ ആസ്വദിക്കുന്ന അവൾ ആയിരുന്നു . കുളിച്ചു ഈറൻ മുടിയിഴകൾ വിടർത്തിയിട്ടു എന്തോ ഒരു ഗാനത്തിന്റെ ശീലുകൾ മെല്ലെ മൂളി അവൾ പരിസരം മറന്നു  മഴയെ നോക്കി നില്ക്കുന്നു . മുടിയിൽ നിന്നും തറയിൽ ഇറ്റു വീഴുന്ന ജലകണങ്ങൾ . നനഞ്ഞ ചുരിദാർ പുറം ഭാഗം ഒട്ടിക്കിടക്കുന്നു.
മെല്ലെ നടന്നടുത്തു പിന്നിലെത്തി . തോളിൽ കരമമർത്തി മൂർദ്ധാവിൽ ചുംബിച്ചു പിന്നെ പുറത്തെ മഴയിലേക്ക്‌ നോക്കി അവളോട്‌ ചേർന്ന് നിന്ന് . തോളിൽ നിന്നും എന്റെ കയ്യുകൾ അവൾ എടുത്തു വയറിൽ ചുറ്റിപ്പിടിപിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാരിക്കൊണ്ടു എന്റെ കൈകൾക്ക് മേലെ അമർത്തി പിടിച്ചു .
നമ്മൾ  ഒന്നും സംസാരിച്ചില്ല . നമുക്കിടയിൽ മൌനത്തിന്റെ ചിതൽപുറ്റു വളർന്നു പന്തലിച്ചു .
നിശബ്ദമായി നമ്മൾ അങ്ങനെ നിന്ന് .  മഴയുടെ ധൂളികൾ മുഖത്തും ശരീരത്തും പതിക്കുമ്പോൾ ശരീരം കൂമ്പി വിറച്ചു അവൾ എന്നിലേക്ക്‌ കൂടുതൽ ചേർന്ന് നിന്ന് .
നമ്മളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു . പ്രണയത്തിന്റെ നാലുമണിപ്പൂക്കൾ വിരിയും പോലെ സൌന്ദര്യം , സൌരഭ്യം നിറഞ്ഞ  അവരുടെ സംഭാഷണത്തിന് തടസ്സം നേരിടാതിരിക്കാൻ നമ്മൾ നിശബ്ദത കൂട്ട് പിടിച്ചു . ഒന്നനങ്ങതെ അങ്ങനെ നിന്ന് .
എത്രയോ നേരം അറിയില്ല . പുറത്തു മഴ തോർന്നതും ഇരുൾ കൂട് വച്ചതും ഒന്നും നമ്മൾ അറിഞ്ഞതെ ഇല്ല .
കാലവും സമയവും നിശബ്ദത കൊണ്ട് നമ്മെ തഴുകി തലോടിക്കൊണ്ടിരുന്നു . ഒടുവിലെപ്പോഴോ ഉറക്കത്തിന്റെ അഗാധതകളിൽ നമ്മൾ പരസ്പരം വേറിട്ട്‌ മാറി . പുലരിയിൽ എന്റെ മനസ്സ് വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു . കാരണം മഞ്ഞിന്റെ തണുപ്പോ മഴയുടെ സംഗീതമോ ഇല്ലായിരുന്നു , നീയും . ഉഷ്ണ വാതങ്ങളുടെ മരുപ്പച്ചകളിലേക്ക് സമയത്തിന്റെ തേര് തെളിയിച്ചു ഇറങ്ങുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും നിന്റെ മുടിയുടെ നനവും നിന്റെ മണവും നിറഞ്ഞു നിന്നിരുന്നു .
------------------------------  ബി ജി എൻ വർക്കല 

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർ

വിരലറുത്തത് കൊണ്ട് മാത്രം പരാജയം
ശിരസ്സിലേറ്റാതെ പോയവന്‍
ഒളിയമ്പുകളെ ഭയക്കാതെ നേരിന്റെ
കണ്ണുകളിലേക്കു ഉറ്റു നോക്കിയോന്‍

വിലപേശി വാങ്ങുന്ന വിദ്യക്ക് മുന്നിലായ്
പരിഹാസമായി ചില ജന്മങ്ങള്‍
വിലയില്ലാതെ പോലും വിദ്യതേടാന്‍
വിലങ്ങുകള്‍ ഉള്ളവന്‍ മണ്ണിന്റെ മക്കള്‍ .

അറിവ് നേടാന്‍ അവകാശമറ്റവന്‍
അറിവ് മുറിവെന്നറിയുന്നു മക്കള്‍ .
കനിവ് തേടി പാഠശാലതന്‍ വരാന്തയില്‍
കരുണയോലും കടാക്ഷം കൊതിപ്പവന്‍.

വറുതിയോലും കുടിലിന്റെ കോണിലെ
വെളിച്ചമില്ലാത്ത തീരത്തിരുന്നും
വിശപ്പ്‌ തിന്നും വയറിന്റെ കാളലില്‍
അറിവ് ഭക്ഷിക്കുന്നു നാളെ തന്‍ നാളങ്ങള്‍ .

അറിവ് തേടും കുഞ്ഞു കുരുന്നുകള്‍ തന്‍
ചിന്തയില്‍ പോലും കുരുക്കും വിവേചനം
ജാതി , വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ കൊണ്ടവര്‍
കോട്ടകള്‍ തീര്‍ക്കുന്നിരിപ്പിടങ്ങള്‍ പോലുമേ.

വിദ്യയേകാന്‍ ബിരുദമെടുത്തവര്‍ തൊട്ടു
തീണ്ടാത്ത സംസ്കാര ശൂന്യരായി
അതിരുകള്‍ വച്ചും അപഹസിച്ചും എന്നും
തിരികിടുന്നുള്ളില്‍ അടിമത്വവിത്തുകള്‍ .

അവര്‍ വളരുന്നു അപകര്‍ഷത തന്നുള്ളില്‍
അടിമയായും വിഷാദജ്വരം പിടിച്ച
നിഷേധിയായും സ്വതം ഇല്ലാതെ പോകും
കീഴാളനായി തലമുറ കൈമാറി തലകുനിക്കുന്നു
--------------------ബി ജി എൻ വർക്കല ----


Friday, November 15, 2013

രാവിന്റെ ഗീതകം



നിശബ്ദത കൂട് വച്ച  ഇരുള്‍ രാവില്‍ 
നക്ഷത്രങ്ങള്‍ പരിഭവിച്ചു നിന്ന യാമങ്ങളില്‍
വിടര്‍ന്ന അധരങ്ങളെ നോക്കി
പകച്ചു നിന്ന രാപ്പാടിയാണ് ഞാന്‍

ഒരു ചുംബനത്തിന്റെ ഇരുള്‍ക്കയത്തില്‍
തകര്‍ന്നു വീണ നിശ്വാസങ്ങള്‍
തേങ്ങിയലച്ചു വീഴുന്നുണ്ട്‌  ഓരോ നിമിഷവും
മൌനത്തിനു നീറുന്ന സംഗീതമായി .

ഇനി വേലിയിറക്കമാണ് തിരമാലകളില്‍
പിടിച്ചു നില്‍പ്പിന്റെ അവസാന ശ്വാസവും
കരയില്‍ തകര്‍ന്നു വീഴവെ മുറിവാര്‍ന്ന
മണലില്‍ നഖക്ഷതങ്ങള്‍ ചിത്രം വരയ്ക്കുന്നു.

നിനക്കുറങ്ങാന്‍ നിലാവിന്റെ കമ്പളം
കാറ്റിന്റെ കയ്യില്‍ നിന്നിരന്നു വാങ്ങി ,നിന്നെ
പുതപ്പിച്ചു കൊണ്ടീ രാവില്‍ ഞാനിറങ്ങട്ടെ
മറുവാക്ക് കൊണ്ട് നോവിക്കാത്ത പുലരിയിലേക്ക് .

അരുതുകള്‍ പറയാത്ത പുതുദിനങ്ങളേകാന്‍
ഇനി ഞാന്‍ മൌനം കുടിച്ചു വറ്റിക്കാം
പകലുകളില്‍ വേദനപക്ഷികളെ വേട്ടയാടി
രാവുകള്‍ക്ക്‌ ഇരയായി മരവിച്ചുറങ്ങാം .
------------------ബി ജി എന്‍ വര്‍ക്കല

Thursday, November 14, 2013

കുഞ്ഞുറുമ്പുകൾ

കാറ്റ് വീശുന്ന കടൽ
ഇരുട്ടിനെ സ്നേഹിക്കുന്ന കര
കണ്ണീരു മോഹിക്കുന്ന മനസ്സ്
ഇവിടെവിടെയോ
എനിക്ക് കൈമോശം വന്നത്
 നിന്റെയോർമ്മകൾ ആണ് .

ചുരമിറങ്ങി വരുന്ന
ഒറ്റയാനെപ്പോലെ
കാടിറങ്ങുന്ന ചെന്നയയെപ്പോലെ
രാത്രികൾ നിലാവിനെ
ഒറ്റുകൊടുക്കുന്ന
നിമിഷങ്ങളെ സ്നേഹിക്കുന്നവർ !

"ഒളിച്ചു വച്ച ക്യാമറക്കണ്ണുകൾക്ക്
മുന്നിൽ കൌമാരം മുഖമൊളിപ്പിച്ചു
തേരട്ടയെ പോൽ അനാട്ടമി പഠിക്കുമ്പോൾ
ജീവിതം ട്യൂബ്കളിൽ ലോകം ദർശിക്കുന്നു .".
.........................ബി ജി എന്‍ വർക്കല


Wednesday, November 13, 2013

മനസാക്ഷിയുടെ താക്കോൽ


അക്ഷരങ്ങൾ സംവേദനത്തിന്റെ
അപാരഭൂമി
നിന്നെ എനിക്ക് ഭയമാണിന്നു
എന്റെ വിരൽത്തുമ്പാൽ
ഞാൻ എന്നെ കോറിയിടുമ്പോൾ
നിനക്ക് മുന്നിൽ
എനിക്കൊന്നും ഒളിക്കാൻ ആകുന്നില്ല .

നഗ്നനായി
ഒരു തുറന്ന പുസ്തകമായി
എന്നെ നീ കാണുന്നു
എനിക്കെന്നോടു കപടത
അതൊരിക്കലുമാകില്ല
എന്റെ അക്ഷരങ്ങളിൽ 
എനിക്ക് വെള്ളംചേർക്കാനുമാകില്ല.

നീ എന്നെ അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു .
ഞാൻ ഇല്ലാതാകുന്നു
എനിക്ക് ഭയമാണ്
എന്റെ പ്രണയം നീ വായിച്ചെടുക്കുമോ
എന്നുള്ള ഭയം .

എനിക്കറിയാം
അതുവരെ മാത്രമേ ഉണ്ടാകൂ
ഈ വായനയുടെ ആയുസ്സ്
പക്ഷെ,എന്നാലും
എനിക്കെഴുതാതെ വയ്യ .
..................ബി ജി എൻ വർക്കല

സമസ്യകള്‍


വിശുദ്ധിയുടെ മാലാഖക്ക് കൂട്ടായി
അരൂപികളുടെ നഗരത്തില്‍
ഇരതേടി ഇറങ്ങുന്ന
കാളസര്‍പ്പങ്ങള്‍ !

നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്ന
നേരിന്‍റെ കണ്ണുകളില്‍
ഭയത്തിന്റെ തേരട്ടകള്‍ ...
ഇരുട്ടും വെളിച്ചവും തമ്മില്‍
ഒരു യുദ്ധത്തിലാണിപ്പോള്‍ .

കടിച്ചു കുടയാന്‍ നാവു നീട്ടുന്ന
ചെന്നായകളെ തേടി
പേടമാനുകള്‍
വരവാകും ഉഷ്ണകാലം .

പിടിച്ചടക്കാന്‍
കഴിയില്ലൊരിക്കലുമെന്നറിയുമ്പോഴും
ഇരയെ ഓടിച്ചു രസിക്കുന്ന
വേട്ടനായ്ക്കള്‍ ...
ഇതൊരു ചതുരംഗകളം .
--------------ബി ജി എന്‍

Tuesday, November 12, 2013

മുന്നറിയിപ്പ്

കരയുവാനാകാത്ത കണ്ണുകളെ
നോക്കിയിനി, നീ കഥനത്തിൻ
കഥ പറഞ്ഞീടല്ലേ കൂട്ടുകാരാ .
വെറും മിഴികളല്ലിത്  , നേരിൽ
വരണ്ടൊരു ഹൃദയമെരിക്കും
തീപ്പന്തമാണെന്നോർക്കുക നീ!

ഇരുമെയ്യ് പുണരുകിൽ ഒന്നെന്നു
ചൊല്ലുന്ന കവിതയല്ലോമലേ  ജീവിതം !
വരുതിയിൽ പൊരിയുന്ന വയറിനു സ്നേഹം,
കാല്പനിക വൃന്ദാവനവുമവിടെ
ഊയലാടും രാധയും കണ്ണനുമല്ല.!
----------------ബി ജി എൻ വർക്കല


നൂല്‍പ്പാവകള്‍


ഓരോ രാവുകളും
പ്രണയത്തിന്റെ മഞ്ഞു തുള്ളികളില്‍
വീണു മരിക്കുമ്പോള്‍
പ്രിയതെ
നിന്‍ ഗന്ധത്തിലലിഞ്ഞ്
ഊഷ്മാവിന്‍ ചിറകിലേറി
ജീവിതം ഒരു
ഫീനിക്സ് പക്ഷിയാകുന്നു .

രാമഴകള്‍ പെയ്തിറങ്ങുന്ന
കുന്നിന്‍ചരുവുകളില്‍
മിന്നാമിനുങ്ങുകള്‍പോലെ
നമുക്കിനി
ഒളിച്ചു കളിക്കാം  .

സ്വപ്നങ്ങളെ
ഹിമശൈലങ്ങളില്‍
ഉറഞ്ഞു കൂടും
മൌനം പോലെ
കണ്ണുകളില്‍ ഒളിപ്പിച്ചു വയ്ക്കാം .

അകലങ്ങളില്‍
നമ്മുടെ ശബ്ദങ്ങള്‍
കൂട്ടിമുട്ടുന്ന നിശബ്ദതകള്‍
സൃഷ്ടിക്കാം.
പിന്നെ ,
മോഹിപ്പിക്കുന്ന പകലിലേക്ക്
ശലഭങ്ങളായി
തണല്‍ തേടിയലയാം .

ഇത് പ്രണയകാലം !
സിരകളില്‍ പടരുന്ന
അനുരാഗത്തിന്റെ
തീമഴക്കാലം .
ഇടനെഞ്ചില്‍ പ്രാവുകള്‍
കുറുകുന്ന
തരളരാവുകള്‍
നമുക്കേകും വസന്തകാലം .
------------------ബി ജി എന്‍ വര്‍ക്കല

Monday, November 11, 2013

തൽസ്സമയം

സമ്മേളന നഗരിയിൽനിന്നും
പ്രശസ്തമായ തുമ്പിതുള്ളൽ
ഉത്ഘാടന മഹാമഹ
തത്സമയ വിവരങ്ങളുമായ് .

പ്രേക്ഷകരുടെ
ഞരമ്പിലെ പിടപ്പായ
കുമാരി കുഞ്ഞമ്മ
ഇതാ സമ്മേളന നഗരിയിലേക്ക്

ചുവന്ന കയ്യില്ലാ ഉടുപ്പും
ചുവപ്പ് പൊട്ടും കമ്മലും ക്യൂട്ടക്സും
ചുവന്ന സാരിയുമുടുത്തു
ഇതാ മന്ദംമന്ദം
അടിവച്ചടിവച്ചു
കാറിൽ നിന്നും പുറത്തേക്ക് .

ജനനിര്മ്മിതി കേന്ദ്രത്തിൽ നിന്നും അരഇഞ്ചു മേലുടുത്ത സാരിയിൽ നിന്നും കാണികളുടെ കണ്ണുകളെ ഞാൻ വലിച്ചെടുക്കുന്നു

നമ്മുടെ പ്രിയങ്കരനായ
ജനനേതാവ് ഇതാ
പൂച്ചെണ്ടുമായി സ്വീകരിച്ചാനയിക്കുന്നു
സ്നേഹപൂർവ്വം കയ്യിൽ പിടിച്ചുകൊണ്ടു
'മകളെ'യെന്ന പോലെ
മുന്നോട്ടു .

പിറകിൽ ഉരയുന്ന കയ്യുകൾ
എവിടെയാണ് തൊട്ടതെന്ന് ക്യാമറമാൻ സൂം ചെയ്യുന്നു
പടിക്കെട്ട് കയറി വേദിയിലേക്ക് പോകാൻ
നടിയുടെ നിതംബത്തിന്
ജനനേതാവിന്റെ കൈ താങ്ങ് .
ഒടുവിൽ പിടിച്ചു മൈക്കിനു അടുത്ത്
എല്ലാം കഴിഞ്ഞു മടങ്ങുന്ന നടിയുടെ കാതിൽ
ജനനേതാവിന്റെ രഹസ്യം .

കാറിൽ കയറിയ നടിയിലേക്ക് ക്യാമറ
'ഛീ നക്കാപ്പിച്ച ഇടപാടിനു വന്നേക്കുന്നു തെണ്ടി'എന്ന് മുറിയുന്നിടത് വാര്ത്ത സ്ഥിരം വക്താക്കളിലേക്ക് തിരിയുന്നു .
---------------ബി ജി എൻ വർക്കല

Saturday, November 9, 2013

നാടകാന്തം ശുഭം


പാതിരാത്രി
കൂരിരുട്ടു
അമ്പലമുറ്റത്തേക്ക്
കൂലുതക്ബീര്‍ വിളിച്ചു
വലിച്ചെറിഞ്ഞു ചീഞ്ഞ മാംസം
പിന്നെ
തിരിച്ചു നടന്ന
മീശയില്ലാ താടിവച്ച
തൊപ്പിക്കാരനെ നോക്കി
ചാവാലി പട്ടി ചീറി വന്നു .
എന്റമ്മേ
ഇരുട്ടിലൂടെ നിലവിളി
പാഞ്ഞു പോകുന്നു .
പിറ്റേന്ന്
കാവിയും പച്ചയും
നാട് കത്തിക്കുമ്പോള്‍
പനിപിടിച്ചോരാള്‍
ദേവീസ്തോത്രം ചൊല്ലന്നു
ദൂരെയാശുപത്രി കട്ടിലില്‍
-------ബി ജി എന്‍ വര്‍ക്കല

അടയുന്ന വഴിമരങ്ങൾ


നിഴൽ വിരിച്ച താഴ്വരകൾക്കപ്പുറം 
നിണം വഴിയുന്ന ചിന്തകൾകൊണ്ട്
ഭൂമിയില സ്വർഗ്ഗം വിരിയിക്കാൻ വന്നവർ
അധികാരത്തിന്റെ മഹിമ കണ്ടു
കഴുകുകളെ പോലെ പറന്നിറങ്ങുമ്പോൾ
ഇവിടെയില്ലെന്നൊരു പ്രസ്ഥാനവും
പച്ചമനുജന്റെ വിയർപ്പൊപ്പുവാൻ
അവനിലെ കായും പശിയുടെ
അടിവേരറുക്കുവാൻ .

ഉണ്ടായിരുന്നൊരു കാലം
പ്രതീക്ഷകൾ
പൊന്ചായം നിറച്ചൊരു മിഴികളുമായി .
ഇരുണ്ട വനമൌനതയിൽ
ബയണട്ടു കൊണ്ട് കുത്തിതുരന്നിട്ട
പ്രതീക്ഷകളുടെ ചാവേറുകൾ .

ഉണ്ടായിരുന്നൊരു കാലം
ഭയത്തിന്റെ
തീന്മേശകളിൽ നിണം തളിച്ച്
പടിപ്പുരകളിൽ കണ്ണ് മിഴിചിരുന്നൊരു
ശിരസ്സ്‌ കഥ പറഞ്ഞ
പ്രഭാതങ്ങൾ !

ഉണ്ടായിരുന്നൊരു കാലം
നടവഴിയിൽ
ജമ്പറിന്റെ പുള്ളിക്കുത്തുകൾ കണ്ടു
വഴിമാറി നടക്കാൻ കൊതിച്ച
തമ്പ്രാന്റെ പല്ലക്കുകൾ
കിതച്ചു നിന്ന പകലുകൾ .

ഉണ്ടായിരുന്നൊരു കാലം
അറിവാലയങ്ങളിൽ
ചെറുമകിടാവിന്റെ അക്ഷരപാരായണം
കാതിന്നലോസരമായി
ഗുരുക്കന്മാർ
വീട്ടിലിരുന്ന മഴക്കാലത്തിന്റെ
അത്താഴ പട്ടിണികൾ .

മുലയറുത്തവളും 
വഴി നടന്നവനും
കാവ് തീണ്ടിയവനും
പഴം കഥയാകുമ്പോൾ
പുതിയ സമവാക്യങ്ങൾക്ക്
നവ വിപ്ലവങ്ങൾക്ക്
വിഷയമില്ലാതെ ഉഴലുന്നു
അഭിനവ വിപ്ലവജ്വാലകൾ .

മൂത്ത് നരച്ചവർ
മുരടനക്കി പറയുന്ന
അടിപ്പാവടകഥകളിൽ
ജീവിതം ഹോമിക്കുന്നോർ
അധികാരം എന്നതിനപ്പുറം 
ജനമെന്ന വികാരം മറന്ന
കോമരങ്ങൾ

ഇവിടെ
വിശക്കുന്നവന്റെ വിശപ്പ്‌
ഇന്നുമൊരു വിഷാദമാകവെ
ധനികന്റെ ധനം
കുന്നോളം പെരുകവേ
കാലഹരണപ്പെട്ട തത്വസംഹിതകളിൽ
കാലം നല്കിയ ചിതൽ തിന്നുന്നതു
അറിയാതെ ജീവിക്കുന്നു
പ്രതീക്ഷകൾ നശിച്ച
കടൽക്കിഴവന്മാർ .

ഉണരുവാൻ
ഒന്നുറക്കെ അലറുവാൻ
അടിമത്വത്തിന്റെ കാല്ച്ചങ്ങല 
മുറുകി തഴമ്പിച്ച
നവമുകുളങ്ങൾ മടിച്ചു നില്ക്കുന്നു .
കാലം
നോക്ക് കുത്തി ആയി
പകച്ചു നില്ക്കുന്നു .
എവിടെ ?
എവിടെയാണ് പ്രതീക്ഷകൾ പൂവിടുക ?
ആര് നയിക്കുമീ കനവുകൾ ?
ആരെയാണ് ഞാൻ കാക്കേണ്ടത്‌ ?
------------------ബി ജി എൻ വർക്കല