Wednesday, December 18, 2013

ജന്മപുണ്യം

അല്ലയോ ലോകമേ
നിങ്ങൾ എന്താണിങ്ങനെ.
കാണുന്ന മാത്രയിൽ തന്നെ
കാമം വഴിയുന്ന
ക്രൗര്യം നിറയുന്ന നിങ്ങളിൽ
എനിക്ക് ഭയമാണ് .
നന്മയെ കാണാതെയല്ല ,
എന്നാൽ ഈ തിന്മകളെ
നിങ്ങളെയോർത്തു കരയുന്നു ഞാൻ .
പുരുഷന്റെ നഗ്നതയിൽ എനിക്ക്
വികാരമുണരുന്നില്ല ദർശനമാത്രയിൽ .
ഓടിച്ചെന്നു ഭോഗിക്കുവാൻ വേണ്ടി
ത്രസിക്കുന്നില്ലെന്റെ അരക്കെട്ട്  .
തിരക്കുകളിൽ ഞെങ്ങി ഞെരുങ്ങലുകളിൽ
സ്രവിക്കുന്നില്ലെന്റെയവയവങ്ങൾ  .
വ്യവഹാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളിൽ
പരസ്പരം മനുഷ്യരെ മാത്രം കാണുന്നു
തൊട്ടുരമ്മലിൽ ഉദിക്കുന്നില്ല
കാമത്തിന്റെ വെണ്ണീറൂകൾ  .
പണിത്തിരക്കുകളൊഴിഞ്ഞുള്ള
വിശ്രമവേളകളിൽ
പ്രിയനരികിലുണ്ടെങ്കിൽ
എന്ന് ഞാൻ കൊതിക്കുന്നു .
കോരിയെടുത്തു കിടക്കയിൽ കിടത്തി
മൈഥുനത്തിനല്ല  .
മടിയിൽ, മാറിൽ  തലചായ്ചു
ഒന്ന് മയങ്ങുവാൻ .
ഒരു പുഷ്പം പോലെ തലോടൽ കൊതിക്കുന്നു
തിരമാല പോലെ ആർത്തലച്ചു
ഒലിച്ചു പോകാൻ അല്ല
കുന്നിൻ താഴ്വാരങ്ങളിൽ
മഞ്ഞണിഞ്ഞു വരുന്നത് പോലെ
പുതഞ്ഞു കിടക്കാൻ .
ഒരു നോട്ടം , ഒരു സ്പർശം
ഒരു ചുംബനം കൊണ്ട് പോലും
രതിമൂർച്ചയടയാൻ എനിക്ക് കഴിയും
പക്ഷെ
ഈ തിരക്കിന്റെ തുറിച്ചു നോട്ടങ്ങളിൽ
കടന്നാക്രമണങ്ങളിൽ
കടിച്ചു കീറലിൽ
എനിക്ക് ഓർക്കാനം വരുന്നു.
എല്ലിൻ കഷണം നക്കി തുടക്കുന്ന
നായെ പോലെ
എനിക്കതു അറപ്പ് നല്കന്നു
അടിവയറിൽ ഊറുന്ന ജീവനെ
ഓമനിച്ചുറക്കുവാൻ
ഊറിയൊഴുകുന്ന പാലിനൊപ്പം
എന്റെ സ്നേഹം പങ്കിടാൻ
മാതൃത്വം കൊണ്ട് പൂർണ്ണയാകുവാൻ .
എനിക്കിനി വരും ജന്മങ്ങളിലും
പെണ്ണായിരുന്നാൽ മതി .

--------------------------ബി ജി എൻ

No comments:

Post a Comment