Tuesday, December 24, 2013

ഒരു ലിറ്റില്‍ ഹേര്‍ട്ട് നല്‍കുന്ന മധുരമാര്‍ന്ന സൗഹൃദത്തിന്റെ ഓര്‍മ്മ

ചില വസ്തുക്കൾ കാണുമ്പോൾ അറിയാതെ ചില ഓർമ്മകൾ മനസ്സിൽ ഉണരും .
ഇന്ന് എനിക്ക് അങ്ങനെ ഒരോര്മ്മ നല്കി.
കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരാൻ ഒരു കവര്‍ ലിറ്റിൽ ഹേർട്ട് ബിസ്ക്കറ്റ് കൊണ്ട് വന്നു . അത് പൊട്ടിക്കുമ്പോൾ എന്റെ മനസ്സ് കുറെ ഏറെ വര്ഷങ്ങള്ക്ക് പിന്നിലേക്ക്‌ , ചില മധുരനൊമ്പര ഓര്മ്മകളിലേക്ക് കൊണ്ട് പോയി എന്നെ . അന്നെനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു . 1996വർഷങ്ങളിൽ ഞാൻ ആദ്യമായി കാശിയിലേക്ക് യാത്ര തിരിക്കുമ്പോൾ ഞാൻ പരിചയപ്പെട്ട ഒരു കൂട്ടുകാരി . യാത്രയിൽ എനിക്ക് എതിരെ ആയിരുന്നു ആ കുട്ടി . ഒരു വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി . ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സില് എന്തോ ഒരു സ്നേഹം തോന്നി . ഞാൻ തന്നെ പരിചയപ്പെട്ടു . സങ്കോചം ഉണ്ടായിരുന്നു എനിക്കും പ്രതികരിക്കാൻ ആ കുട്ടിക്കും . എങ്കിലും ചിറ്റൂര് ഒരു നർസിംഗ് കോളേജിലേക്കുള്ള യാത്ര ആണ് എന്ന് പറഞ്ഞതിൽ നിന്നും മനസ്സിലായി .പിന്നെ ഞാൻ എന്റെ കയ്യില്‍ ഉണ്ടായിരുന്ന വാരികയിലെക്കും അവൾ പുറത്തെ കാഴ്ച്ചകളിലെക്കും അകന്നകന്നു പോയി . വണ്ടി മുന്നോട്ട് ചൂളം വിളിച്ചു പൊയ്ക്കൊണ്ടിരുന്നു . രാത്രി ഭക്ഷണ  സമയത്ത്  ഞാൻ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഭക്ഷണത്തിൽ നിന്നും ആ കുട്ടിക്ക് കൊടുത്ത് അവളും എനിക്ക് ഷെയർ ചെയ്യുക ഉണ്ടായി . രാത്രി വളർന്നു.എല്ലാരും ഉറങ്ങാന്‍ ഉള്ള വട്ടം കൂട്ടി തുടങ്ങി . അപ്പോള്‍ സൈഡ് സീറ്റിനു മുകളില്‍ ഉറങ്ങുക ആയിരുന്ന ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു താഴെ ഇറങ്ങി . അയാള്‍ എല്ലാരോടും വളരെ സൗഹൃദ പരമായി സംസാരിച്ചു പിന്നെ എന്തോ ഒരു സ്വീറ്റ്സ് എല്ലാര്‍ക്കും കൊടുത്ത് . എനിക്കും നീട്ടി ഞാന്‍ വാങ്ങിയില്ല ആ പെണ്‍കുട്ടിയും വാങ്ങിയില്ല . പിന്നെ അയാള്‍ ആ കുട്ടി ഇരുന്ന സീറ്റില്‍ വന്നിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ഉറക്കം തുടങ്ങി ഇരുന്നു കൊണ്ട് . പക്ഷെ ഇപ്പൊ ഉറക്കം മറിഞ്ഞു ആ കുട്ടിയുടെ മേലേക്ക് ആയി തുടങ്ങി . അവള്‍ അസഹ്യതയോടെ മാറി ഇരിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ കാലുകള്‍ എടുത്തു അയാള്‍ക്കും അവള്‍ക്കും ഇടയില്‍ വച്ച് . അയാള്‍ എന്റെ കാലില്‍ നോക്കിയിട്ട് നേരെ എഴുന്നേറ്റ് പഴയ സ്ഥലത്ത് പോയി കിടന്നു .
നമ്മള്‍ എല്ലാം ഉറങ്ങാന്‍ തയ്യാറെടുത്തു . പുലര്‍ച്ചെ മൂന്നരയ്ക്ക് അവളുടെ സ്റ്റേഷന്‍ വരുമെന്ന് പറഞ്ഞു . ഞാനും മയങ്ങാന്‍ കിടന്നു . യാത്രകളില്‍ എനിക്ക് ഉറക്കം വരാറില്ല. അതിനാല്‍ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു ചെറുതായി മയങ്ങി അപ്പോഴേക്കും ആ കുട്ടി പോകാന്‍ എഴുന്നേറ്റു . പിന്നെ ഞാനും കൂടി ചേര്‍ന്ന് ആ കുട്ടിയുടെ സാധനങ്ങള്‍ എടുത്തു വാതില്‍ക്കല്‍ കൊണ്ട് വച്ച് . സ്റ്റേഷനില്‍ വണ്ടി എത്തി നിന്ന് . ശൂന്യമായ പ്ലാറ്റ്ഫോം . ഒരൊറ്റ മനുഷ്യന്‍ ഇല്ല മഞ്ഞു മൂടിയ ഇരുള്‍ . ഞാന്‍ ചോദിച്ചു വേറെ ആരും കൂടെ ഇല്ലേ . അപ്പോള്‍ പറഞ്ഞു അപ്പുറത്തെ ബോഗിയില്‍ കൂട്ടുകാര്‍ ഉണ്ട് . എന്നിട്ടും ഞാന്‍ കൂടെ നിന്ന് . അപ്പോള്‍ കാണാം ആ കുട്ടിയുടെ കൂട്ടുകാര്‍ വരുന്നു അതോടെ ഞാന്‍ യാത്ര പറഞ്ഞു വാതില്‍ക്കല്‍ നിന്ന്. വണ്ടി അകലുമ്പോള്‍ അവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരു ദൂര കാഴ്ച മാത്രം ആയി എല്ലാം മറഞ്ഞു പോയി .
യാതയുടെ അവസാനം മൂന്നാം ദിവസം ഞാന്‍ കാശിയിലെത്തി. ആദ്യം ചെയ്തത് ആ കുട്ടിയുടെ പേരും അത് പറഞ്ഞ കോളേജിന്റെ അഡ്രസ്സും ഊഹം വച്ചു ഒരു കത്ത് അയക്കുക ആയിരുന്നു . വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി . ഞാന്‍ ഒരു ആഴ്ച മാത്രമേ അവിടെ നിന്നുള്ളൂ . ഉടന്‍ തന്നെ ഞാന്‍ തിരികെ പോയി . നാട്ടില്‍ വന്ന ശേഷം എന്റെ സ്നേഹിതന്‍ എനിക്ക് ഒരു കത്ത് കാശിയില്‍ നിന്നും അയച്ചു തന്നു . അത് കിട്ടുമ്പോള്‍ ഞാന്‍ വളരെ അല്ഫുതപ്പെടുക ഉണ്ടായി . കാരണം അത് ആ കുട്ടിയുടെ മറുപടി ആയിരുന്നു . ഞാന്‍ അവിടത്തെ അഡ്രസ്‌ ആയിരുന്നു കൊടുത്തിരുന്നത് . അതില്‍ ആണ് മറുപടി വന്നത് . എന്റെ കത്ത് ഒരുപാട് കറങ്ങി ത്തിരിഞാനു അവളുടെ കയ്യില്‍ കിട്ടിയത് എന്നവള്‍ എഴുതിയിരുന്നു . എനിക്ക് ഊഹം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു കാരണം .
പിന്നീട് സ്ഥിരം ആയി കത്തുകള്‍ അയക്കുമായിരുന്നു പരസ്പരം ഒരുപാട് മനസ്സ് തുറന്നു സംസാരിച്ചിരുന്നു . വളരെ നല്ല ഒരു സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ . അവളുടെ പ്രണയവും , വിഷമതകളും ഒക്കെ എന്നോട് പറയുമായിരുന്നു . ഇടയ്ക്കെനിക്ക് കാണണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നു . ഞാന്‍ ഇതിനിടയ്ക്ക് ജോലി തേടി കേരളത്തിനു പുറത്തുള്ള സഞ്ചാരം കുറച്ചധികം ആയി കഴിഞ്ഞിരുന്നു . ഒഴുക്കിന് ഒടുവില്‍ ഞാന്‍ ഗുജറാത്തില്‍ എത്തി . ആ കാലത്താണ് അവള്‍ മുംബൈയില്‍ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയത് . ഗുജറാത്തില്‍ വാപിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത് . അവിടെ നിന്നും മുംബൈയില്‍ മാഹിം എന്ന സ്ഥലത്ത് അവള്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ഒരു ദിവസം ഞാന്‍ പോകുക തന്നെ ഉണ്ടായി . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യാത്രയില്‍ കണ്ട ശേഷം ആദ്യമായി നേരില്‍ വീണ്ടും കാണുക ആണ് . എന്താണ് ഞാന്‍ അവള്‍ക്കു ആദ്യം കാണുമ്പോള്‍ കൊടുക്കേണ്ടത് എന്ന എന്റെ ചിന്തകള്‍ ഒരുപാട് ആലോചനകള്‍ , എല്ലാം ഒടുവില്‍ എത്തി ചേര്‍ന്നത്‌ ഈ ലിറ്റില്‍ ഹേര്‍ട്ടില്‍ ആണ് , അങ്ങനെ അതും വാങ്ങി ഞാന്‍ അവളെ ഹോസ്പിറ്റലില്‍ പോയി കണ്ടു . റിസപ്ക്ഷനില്‍ കാത്തു നിന്നു ഒടുവില്‍ അവള്‍ നടന്നു വരുമ്പോള്‍ അന്നത്തെ ആ രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും അവളില്‍ ഞാന്‍ കണ്ടിരുന്നില്ല. കുറച്ചു നേരം എന്തോ ഒന്നും സംസാരിക്കാന്‍ ആകാത്ത പോലെ ഞാന്‍ നിന്ന് . പിന്നെ ഞങ്ങള്‍ അല്‍പനേരം സംസാരിച്ചു. പിരിഞ്ഞു . പിന്നെയും കുറച്ചു നാളുകള്‍ ഫോണ്‍ വിളിയിലായി നമ്മുടെ പരിചയങ്ങള്‍ . ഇടയ്ക്ക് അവള്‍ പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ ചേച്ചിയുടെ അടുത്തു പോകുന്നു . അതിനു ശേഷം അവളുടെ ഒരു വിവരവും ഇല്ലായിരുന്നു . പിന്നെ ഞാന്‍ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മറ്റൊരു മലയാളി കുട്ടി എടുത്തു പറഞ്ഞു ആ കുട്ടി ഗള്‍ഫില്‍ പോയി എന്ന് .
കാലം ഒരുപാട് പിന്നെയും മുന്നോട്ടു . ഇതിനിടയ്ക്ക് നാട്ടിലെ വീട്ടു അഡ്രസ്സ് പറഞ്ഞു തന്ന ഓര്‍മ്മ ഉണ്ടായിരുന്നു അതില്‍ രണ്ടു കത്ത് അയച്ചു . മറുപടി ഇല്ല . അവളെ കുറിച്ചറിയാത്ത കുറെ ഏറെ വര്‍ഷങ്ങള്‍ . അടുത്ത കാലത്ത് മുഖപുസ്തകത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ അവള്‍ ഇതില്‍ ഉണ്ടാകാം . അവളെ തിരഞ്ഞു കിട്ടിയില്ല . അവളുടെ ചേച്ചിയുടെ പേര് ഓര്‍മ്മ ഉണ്ടായിരുന്നു ആ പേരുള്ള രണ്ടു മൂന്നു പേരോട് മെസ്സേജ് ഇട്ടു ചോദിച്ചു രക്ഷയില്ല . പക്ഷെ ഒടുവില്‍ ഞാന്‍ കണ്ടെത്തി . അവള്‍ ഗള്‍ഫില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു . കുടുംബമൊത്ത്‌ അവിടെ ആണ് താമസം .അന്ന് വെളുത്ത് കൊലുന്നനെ ഇരുന്ന ആ പെണ്ണ് ഇന്ന് മൂന്നു മക്കളുടെ അമ്മ . തടിച്ചി ആയിരിക്കുന്നു അവളിപ്പോള്‍ . എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല . അന്നവള്‍ പറഞ്ഞ ആ പ്രണയം തന്നെ ആണ് അവളുടെ ജീവിത പങ്കാളി എന്ന് അറിഞ്ഞു . ഇപ്പോള്‍ അവള്‍ ഇത് വായിക്കുമെന്നറിയാം . കൂട്ടുകാരി ഒരു ലിറ്റില്‍ ഹേര്‍ട്ട് ഇത്ര ഒക്കെ എന്നെ ഓര്‍മ്മിപ്പിച്ചു . നിന്റെ സൌഹൃദത്തിന് നന്ദി .

No comments:

Post a Comment