Friday, May 29, 2015

പടയാളി



നീ നടന്ന വഴികളിൽ
നീ വിശ്രമിക്കും ഇടങ്ങളിൽ
നീ രമിച്ച ഗണികാലയങ്ങളിൽ
നീ  ഉപേക്ഷിച്ച വിഴുപ്പുകളിൽ
ഇല്ല ഞാനെൻ വിരലുകൾ പതിപ്പിച്ചീടുകില്ല .

മാല്യമായി നീയണിയിക്കും
നീഹാര മോഹനക്ഷരങ്ങളിൽ
ലാസ്യ ശൃംഗാര രസങ്ങളിൽ
മോഹനവിലാസ ലയങ്ങളിൽ
ഇല്ലെൻ വഴികൾ ഗതി മാറിയില്ല .

മിഴികൾ വരണ്ട ഇരുളുകളിൽ
മൊഴികളടഞ്ഞ ഇടനാഴികളിൽ
കരങ്ങൾ ബന്ധിച്ചോരു കാരാഗൃഹങ്ങളിൽ
ഹൃദയമുറഞ്ഞു ഞാൻ നിന്നിരുന്നു .

ഇനിയെന്റെ വിരലുകൾ തേയും വരേയ്ക്കും
ഇനിയെന്റെ കാതുകളടയും വരേയ്ക്കും
ഇനിയെന്റെ നാവറുക്കും കാലത്തോളം
ഇടറാതെ
പതറാതെ
ഉയരുമെൻ സ്വരം
അക്ഷരങ്ങൾ നിറയും കരവാളിനാൽ
അരിയുമോരോ മൃതകോശങ്ങളും
എന്റെ പുതുനാമ്പുകളെ വളരുവാൻ
തടയുമീ
സമൂഹമേ നിന്നിൽ നിന്നും .
-----------------------ബിജു ജി നാഥ്.

Thursday, May 21, 2015

കവിത, എൻ പ്രണയിനി.


നിന്നിലേക്ക്‌ ആഴുന്ന വേരുകളായും
നിന്നിൽ പടരും വള്ളികൾ പോലെയും
നിന്നിൽ അലിയും സുഗന്ധമായും
നിന്നിൽ നിന്നടരാത്ത ചെതുമ്പലായും
ഇന്നെനിക്ക് കൂടുമാറണം പ്രിയതേ.
ഒടുവിൽ നിന്റെ മടിയിലുറങ്ങിയും
നിൻസ്നേഹസ്തന്യം നുകർന്നും
നിന്റെ വിയർപ്പിൽ മുങ്ങിയുറങ്ങി
ഒടുങ്ങണമെനിക്കീ കേവലജന്മവും.
..............................ബിജു ജി നാഥ്

Tuesday, May 19, 2015

ഭയം

തെരുവിലൊരിരുള്‍ കയം തന്നിലായൊറ്റയ്ക്ക് 
ഒരു ശാപബാല്യമേകനായ് നില്‍ക്കും പോല്‍
ഇവിടെയീ തമസ്സിന്‍ കരങ്ങളിലിന്നു ഞാന്‍
വെറുതെ മൗനം രുചിച്ചിന്നു നിന്നീടവേ
ഇരുള്‍പക്ഷി, നിന്നുടെ ചിറകടിയൊച്ചയെന്‍
ഹൃദയതാളം കവര്‍ന്നകലുന്ന പോലഹോ!
-------------------------------ബിജു ജി നാഥ്

Monday, May 11, 2015

സ്നേഹ ചിമിഴ് ..... ഷാമില ഷുജയുടെ കവിതാ സമാഹാരം എന്റെ വായനയിലൂടെ

വളരെ നാളത്തെ ഒരിടവേളയ്ക്ക് ശേഷമാണു എന്റെ മറ്റൊരു വായന ഞാന്‍ പങ്കു വയ്ക്കുന്നത് .'ശ്രീമതി ഷാമില ഷുജ' യുടെ "സ്നേഹച്ചിമിഴ്‌ " ആണ് ഇന്നെന്റെ വായനയുടെ പൂവാടിയില്‍ വിരിഞ്ഞ പുഷ്പം . അതിന്റെ സൗന്ദര്യവും സുഗന്ധവും ഞാന്‍ നിങ്ങളോട് പങ്കു വയ്ക്കട്ടെ
സൌന്ദര്യവും സുഗന്ധവും നിറഞ്ഞ ഇരുപത്തി ആറു കവിതകള്‍ക്ക് ആമുഖമെഴുതിയത് ശ്രീ തലയില്‍ മനോഹരന്‍ നായര്‍ ആണ് . ശരിക്കും കവിതകളുടെ ആത്മാവ് തൊട്ടറിഞ്ഞ ആ ആമുഖത്തിനു പിറകെ ഒരു ഇരുപ്പില്‍ എല്ലാ കവിതയും വായിച്ചു തീരുമ്പോള്‍ മനസ്സില്‍ വളരെ സന്തോഷം തോന്നി .
സ്നേഹച്ചിമിഴ്‌ എന്നാണ് പേര് എങ്കിലും സ്നേഹരാഹിത്യങ്ങളും , സ്നേഹത്തിന്റെ ഇരുണ്ട വശങ്ങളും കൊണ്ട് സമ്പുഷ്ടം ആണ് ഈ കാവ്യങ്ങളെല്ലാം എന്ന് കാണാം . പ്രണയമല്ല പ്രണയത്തിന്റെ ലോലഭാവങ്ങളല്ല , മനുഷ്യ ജീവിതത്തിലെ പല എടുകളെ ഒരു സ്ത്രീ മനസ്സിന്റെ വിവിധ ഭാവങ്ങളെ ആണ് ഈ കവിതകളില്‍ ഉടനീളം നമുക്ക് ദര്‍ശിക്കാനാവുക . ഇഷ്ട പുരുഷന് സമര്‍പ്പിച്ച ശരീരം ഏറ്റു വാങ്ങിയ ഗര്‍ഭവുമായി തെരുവില്‍ അലയുന്ന സ്ത്രീയും ഒടുവില്‍ തെരുവോരത്ത് പ്രസവിച്ച ആ കുഞ്ഞിനെ അമ്മത്തോട്ടിലില്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടും നമ്മെ ചുറ്റുപാടുകളില്‍ ഒരുപാടു കറുത്ത കാഴ്ചകളുടെ നേര്‍ ക്കാഴ്ച കാട്ടി തരുന്നുണ്ട് . അത് പോലെ സ്വയം പുഴയായി , സംസ്കൃതിയുടെ വരദാനമായ ജലധി ഒടുവില്‍ ഒരു തുള്ളി ജലം ചോദിക്കുന്ന ഗതികേടിനെ തുറന്നു കാട്ടുമ്പോള്‍ നാം മലിനമാക്കുന്ന നമ്മുടെ ജലശ്രോതസ്സുകളെ നാമൊരു നിമിഷം ഓര്‍ത്തുപോകും . ഒരു കഥ പോല്‍ വായിച്ചു പോകാവുന്ന കാലികമായ ഒരു വിഷയം ആണ് പെറ്റമ്മയെ ഉപേക്ഷിച്ചു പോകുന്ന മക്കള്‍ക്ക്‌ മുന്നില്‍ നന്മയുടെ കൈത്തിരിയുമായി കൊച്ചു മാടത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാന്‍ വരുന്ന വാല്യക്കാരിയുടെ മകള്‍ , നഷ്ടമാകാത്ത മനുഷ്യത്വത്തെ , നന്മയെ ഓര്‍മ്മിപ്പിക്കുന്നു .
വളരെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു വരികള്‍ മുഖ ചിത്രത്തില്‍ കണ്ടിരുന്നു . "ഹൃദയത്തിലാണ് ജനിക്കേണ്ടതാത്മജര്‍
ഉദരത്തിലല്ല തിരിച്ചറിയുന്നു ഞാന്‍ "
വായനയുടെ ഉള്ളിലെക്കിറങ്ങുമ്പോള്‍ സ്വന്തം മക്കളില്‍ നിന്നും ലഭ്യമല്ലാതെ പോകുന്ന സ്നേഹവും , സംരക്ഷണവും മകനായി നിനയ്ക്കുന്ന മറ്റൊരാളില്‍ നിന്നും ലഭിക്കുന്ന ഒരമ്മ മനസ്സിനെ വരച്ചു വച്ചിരിക്കുന്ന അത്യപൂര്‍വ്വ കാഴ്ച കണ്ടു കണ്ണുകള്‍ നിറയും വായനക്കാരന്റെ .
സ്വന്തം മകന്റെ ജീവനെടുത്ത പുഴയോട് സംസാരിക്കുന്ന അമ്മ മറ്റൊരു നോവാണ് . കാലത്തിനു അപ്പുറം സംവദിക്കുന്ന ചില വസ്തുതകള്‍ എഴുത്തുകളില്‍ സംഭവിക്കാറുണ്ട് . ഈ കവിതയെ അതിനോട് ആണ് ഉപമിക്കേണ്ടത്‌ . ദിനേന നാം കേള്‍ക്കുന്ന പല വാര്‍ത്തകളിലും ആ അമ്മയെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട് .
ദ്രൌപതിയില്‍ നിന്നുകൊണ്ട് സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യെവസ്തയോട് കലഹിക്കുന്നുണ്ട് . പല പുരുഷനെ പിടിക്കുന്നവളെ പാഞ്ചാലി എന്ന് വിളിച്ചു കൊണ്ട് അഞ്ചു പുരുഷന്മാരെ മാത്രം മനസ്സില്‍ സ്നേഹിച്ച പാഞ്ചാലിയുടെ നാമത്തെ അപകീര്‍ത്തി പെടുത്തുന്ന കേവലതയെ കവയിത്രി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് കാണാം .
കവിതകള്‍ വായിക്കപ്പെടെണ്ടവയും മനസ്സില്‍ ഓര്‍ത്തിരിക്കേണ്ടവയും ആകുകയും അവ നമ്മെ വേദനയുടെ മുള്ളുകള്‍ കൊണ്ട് കുത്തുകയും , ഓര്‍മ്മകളുടെ തിരമാലകളില്‍ കൊണ്ട് പെടുത്തുകയും ചെയ്യുക വഴി എഴുത്തുകാരിയുടെ ധര്‍മ്മം പൂര്‍ണ്ണം ആകുന്നതു കാണാം .
നല്ലൊരു വായന ഉറപ്പു തരുന്ന ഈ എഴുത്തുകാരി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം എന്റെ സ്നേഹിതര്‍ക്കു ഒരു വായനാനുഭവം എന്നതിലുപരി ഒരു നല്ല പുസ്തകം പരിചയപ്പെടുത്തുക എന്നൊരു ധര്‍മ്മത്തെ കൂടി ഞാന്‍ ഏറ്റെടുക്കുന്നു .

Shamila shuja

സമാസമം .....ചായം ധര്‍മ്മ രാജന്റെ കവിതാസമാഹാരം ഒരു വായന അനുഭവം

ഇന്ന് ഞാന്‍ വായിച്ചത് ശ്രീ 'ചായം ധര്‍മ്മരാജ'ന്റെ "സമാസമം" എന്ന കവിതാ സമാഹാരം ആണ് .
കേരള സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന ശ്രീ ചായം ധര്മ്മരാജനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് എന്റെ കനല്‍ ചിന്തുകള്‍ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനത്തില്‍ ആണ് . അദ്ദേഹത്തെ വായിക്കാന്‍ പക്ഷെ എനിക്കിത്ര നാള്‍ കാത്തിരിക്കേണ്ടി വന്നത് എന്റെ വായനയുടെ അപര്യാപ്തത അല്ല പക്ഷെ അതിനു എനിക്ക് വേണ്ടി വന്ന കാലയളവ്‌ ആണ് , അദ്ദേഹം കയ്യോപ്പിട്റ്റ് തന്ന സമാസമം എന്റെ പുസ്തക ശേഖരത്തില്‍ ഒരു വര്ഷം ഉറങ്ങിയതും ഞാന്‍ പ്രവാസത്തില്‍ ആയതിനാല്‍ മാത്രം ആണ് അതൊരു ഒഴിവുകഴിവ് അല്ല എങ്കില്‍ കൂടി അതാണ്‌ സംഭവിച്ചത് .
വളരെ മനോഹരമായി ഭാഷ ഉപയോഗിച്ച ശ്രീ ചായം ധര്മ്മരാജന്റെ കഴിവ് കണ്ടു ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ മനസ്സില്‍ വളരെ സന്തോഷം തോന്നി . ഭാഷയുടെ അനിതര സാധാരണമായ കയ്യടക്കവും , എഴുത്തില്‍ മിതത്വവും എന്നാല്‍ കടലിന്റെ ആഴവും പരപ്പും നിറച്ചു വച്ച ഈ കവി എന്ത് കൊണ്ടാണ് കൂടുതല്‍ മുഖ്യധാരയില്‍ വരാത്തത് എന്നത് എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു .
ചിന്തകളില്‍ വല്ലാത്തൊരു ഭാരം നിറച്ചു കൊണ്ട് വായനയെ ഒരുപാടു ദൂരങ്ങളില്‍ എത്തിക്കുന്നുണ്ട് ഓരോ രചനയും .
പക , ഗൌളി , ഒരു സ്ത്രീപീഡന കവിത എന്നിവയൊക്കെ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ് .
ശൂന്യതയില്‍
ഒരു ശുനകനുണ്ടെന്നും
ഗവേഷണത്തില്‍ ഗോവുണ്ടെന്നും
പറഞ്ഞു പഠിപ്പിച്ച അദ്ധ്യാപകനില്‍
ഒരു പകയുണ്ടെന്നു പിടികിട്ടി .
അദ്ദേഹത്തിന്റെ
സ്വന്തം സന്താനത്തെക്കാള്‍
ഞാന്‍ മുന്നില്‍ ചെന്നപ്പോള്‍
അത് കണ്ടു.
ആ കണ്ണുകളില്‍
ആഴത്തില്‍ കത്തിച്ചു വച്ചിരുന്നു .
വളരെ വളരെ ആഴത്തില്‍ നമ്മെ ചിലത് പഠിപ്പിക്കുന്ന വരികള്‍ . വര്‍ത്തമാന കാലത്തിന്റെ മറ്റൊരു കാഴ്ചയാണ് ഒരു സ്ത്രീ പീഡനകവിത .
വിശുദ്ധ മാര്‍ത്തടപ്പുതപ്പു നീക്കി നീ -
യെടുത്തടിച്ച പോല്‍ തുറിച്ചു നില്‍ക്കവേ
കശക്കുവാനല്ല മനസ്സ് വെപ്രാളം
പിടിച്ചു കൂപ്പുന്നു മറച്ചു വയ്ക്കടോ
എന്ന് തുടങ്ങുന്ന ആ കവിത സമകാലികമായ ഒരുപാട് വിഷയങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ നമ്മുടെ ആനുകാലികങ്ങളെ വലിച്ചു അടുപ്പിക്കുന്നത് കാണാം . അപകടം എന്നോര് കവിതയില്‍ ഇന്നത്തെ കൌമാരവും , ഇന്നത്തെ റോഡപകടങ്ങളുടെ നേരുകളും വായിച്ചെടുക്കാം.
വളരെ കൌതുകമുണര്‍ത്തുന്ന കാഴ്ച ഈ എഴുത്തുകളില്‍ നമ്മുടെ ചുറ്റുപാടുകളെ നേരില്‍ കാണാന്‍ കഴിയുന്നു പക്ഷെ പ്രണയത്തിന്റെ ഫോര്‍മാറ്റില്‍ വീണു ശ്വാസം മുട്ടാതെ ഒരു പക്വമായ അകലവും കയ്യടക്കവും ഓരോ വരികളിലും കൈക്കൊള്ളുന്നു ഈ എഴുത്തുകാരന്‍ എന്നതാണ് . തീര്‍ച്ചയായും വായനയില്‍ നിങ്ങള്‍ക്കും ഒരു പുതു അനുഭവം ആയിരിക്കും "സമാസമം" എന്ന ഉറപ്പോടെ ഈ വായന നിങ്ങള്ക്ക് മുന്നിലേക്ക്‌ ഞാന്‍ അവതരിപ്പിക്കുന്നു.
https://www.facebook.com/chayamdharmarajan.chayam?fref=ts

അടയാളങ്ങള്‍ തിരയുമ്പോള്‍

 
നിസ്സംഗതയുടെ മൂടുപടത്തില്‍
മറയാന്‍ വിധിക്കപ്പെട്ട വാനമേ
മഴയുടെ സംഗീതം കേട്ടിനിയെങ്കിലും 
നിന്‍ സാരംഗിയില്‍ ശ്രുതിയുണരുമോ ?

കനവുകളുടെ ശവപ്പറമ്പുകളില്‍ വീണു
ഗുല്‍മോഹറുകള്‍ കരിഞ്ഞുണങ്ങുമ്പോള്‍
നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ നിന്നാകാം
നെടുവീര്‍പ്പിന്റെ മഴക്കുമിളകള്‍ പൊട്ടുന്നു.

ജീവിതം പെയ്തു തോരുന്ന പകലുകള്‍,
ഉണങ്ങി വരണ്ടു പോകുന്ന രാവുകള്‍,
നീലിച്ച പാടുകളില്‍ വീണു മയങ്ങുന്ന
ചാന്ദ്രനിലാവിന്റെ ഗദ്ഗദങ്ങള്‍ മുറിയുന്നു .

നക്ഷത്രങ്ങളെ നിങ്ങള്‍ താരാട്ട് പാടിയ
സാന്ദ്രലോലമാം രാവുകളെവിടെ ?
കൊള്ളിമീനുകള്‍ ഭയം വിതറിയ നിന്റെ
ഗാഢനിദ്രകള്‍ തന്‍ താഴ്വരവകളെവിടെ !
--------------------------ബിജു ജി നാഥ്




Friday, May 8, 2015

ഇത് മഴക്കാലം


ഇലകള്‍ പൊഴിയാ മരമൊന്നു കണ്ടേന്‍
ഇതളുകള്‍ വാടാ പൂവോന്നു കണ്ടേന്‍
ഇനിയും വരളാത്ത പുഴയൊന്നു കണ്ടേന്‍
ഇമകളടച്ചൊരു കനവിലവ കണ്ടേന്‍.
കനവല്ല നിനവാണ് ലോകമെന്നോര്‍ത്തു
ഒരു മഴ നൂലിന്റെ നനവിലേക്കാഴുമ്പോള്‍
അരികില്‍ കുറുകും പ്രാവിന്റെ നെഞ്ചകം
അത് നിന്റെ പ്രണയത്തിന്‍ മൃദുമന്ദഹാസം!
ചിറകുകള്‍ അരിയൊല്ലേ കിളിയതൊന്നിന്‍
കരളു നീ കൊത്തിപ്പറിക്കരുതിരുളില്‍.
കടല്‍ പോല്‍ പടരുമീ പാപത്തിന്‍ നടുവില്‍
പിണമായ് മാറുവാന്‍ മോഹിപ്പോര്‍ നാമെല്ലാം.
--------------------------------ബിജു ജി നാഥ്

Wednesday, May 6, 2015

പകല്‍ക്കിനാവില്‍ പടനയിക്കുന്നവര്‍


 നിലാവില്ലാതെ നീരില്ലാതെ
വച്ചുമാറാന്‍ കിനാവില്ലാതെ
കണ്ണെറിയാന്‍ പൂക്കളില്ലാതെ
ഋതുക്കള്‍ ആകാശപ്പറവകളാകുമ്പോള്‍
മൃതിയുടെ ഇരുണ്ട പൂക്കള്‍
മാറില്‍ ചൂടി മണ്ണ് മയങ്ങുന്നുവോ ?
വെട്ടിപ്പിടിക്കാന്‍ മണ്ണും
കൊത്തിപ്പറിക്കാന്‍ മനസ്സും
പങ്കുവയ്ക്കാന്‍ കളവുകളും
തോളില്‍ ചുവന്നു യാത്ര ചെയ്യും
ഓലവാലന്‍ കിളികള്‍ക്ക്
കാലിടറുന്നതറിയുന്നില്ല
വിജയമെന്ന തോല്‍വിയുമായി
കനവിന്റെ രഥത്തില്‍
പടവെട്ടിപ്പിടിക്കാന്‍ പായുമ്പോള്‍ !
കാനല്‍ജലം കൈക്കുമ്പിള്‍ നിറച്ചു
വിജയലഹരി നുകരുന്നു
ജയമില്ലാതെ ജയിക്കും വിജയിക്കും
ജയിക്കാന്‍ വഴിതേടും യോദ്ധാവിനും
ഒരേ മുഖം.
കാറ്റാടിയന്ത്രത്തിനോട് യുദ്ധം ചെയ്ത
ആ പഴയ പോരാളിയുടെ ഒറ്റ മുഖം !
--------------------------ബിജു ജി നാഥ്

Friday, May 1, 2015

ജീവിതം


 അകലങ്ങളില്‍ ജീവിതങ്ങള്‍ വീണ്ടും
അകലുവാന്‍ വേണ്ടിയോ പുഷ്പ്പിക്കുവതിങ്ങനെ .
പകലുകള്‍ തന്‍ ഉഷ്ണവാതങ്ങള്‍ കടന്നു
രാവില്‍ പുതയ്ക്കുന്നു ശീതവിഷാദമേ പറയുക നീ!


സമരേഖകള്‍ ജീവിതമെന്നും
കാല്പനികം പ്രണയമെന്നും
നോവുകള്‍ തന്‍ പുഴയെന്നും
സ്നേഹ സാഗരമെന്നും
വിരഹ മേഘമെന്നും
പലതാണ് ചിന്തകള്‍ തന്‍ സൗരഭം
പാരില്‍ പ്രണയത്തിന്റെ ചിറകുകള്‍ക്കെന്തു ഭംഗിയെങ്കിലും!

വെറുതെ മരിക്കുവാന്‍ വേണ്ടിയെങ്കിലും
ഉരുവാകുന്നു ജന്മങ്ങള്‍ നിരന്തരം
ശാപങ്ങള്‍
ഭാരങ്ങള്‍
രാഗമോഹങ്ങള്‍
നിരാശതന്‍ ആഴങ്ങള്‍
മരണത്തിനപ്പുറം മടുപ്പിക്കും ശൂന്യത,
ഒക്കെയും താണ്ടുന്നു മിഴിയടക്കും വരെയും വൃഥാ !
--------------------------------ബിജു ജി നാഥ്
http://www.malayaalam.com/Home/BADetails/1873