Sunday, April 30, 2017

(യോ)നിയമപാലനം


ഭരണകൂടങ്ങൾ കല്പിച്ചു നല്കും
മൃദുല വ്യാകരണപുസ്തകം ജനാധിപത്യം!
അരുമയോടെ പലയിടങ്ങളിൽ നാം
പാലു പോലെ രുചിനോക്കിടുന്നുവോ?

ഒരിടത്തമ്മമാർ നഗ്നരായി തങ്ങൾ തൻ
അരുമകൾ തൻ മാനത്തെ യാജിപ്പൂ.
ഒരിടത്തൊരിരുണ്ട ജനനേന്ദ്രിയം
ഉരുളൻ കല്ലുകൾ പെറ്റു കൂട്ടുന്നുണ്ട്.

ഒരിടത്തൊരു വനനിശബ്ദത തന്നിലായി
ഒരരിപ്പയാർന്ന മാറിടം കാണുന്നു.
നിയമദണ്ഡുകൾ കയറിയിറങ്ങിയ
മൃദുലമാതൃത്വം കൽപ്പക നാട്ടിലും.

ഒരിടത്തൊരു ഗർഭപാത്രം പിടിച്ചിന്നു
ഒരറവു കത്തി തിരയുന്നൊരാൾ!
എവിടെയും കാണ്മൂ ഉദൃതങ്ങളാം
നിയമലിംഗങ്ങൾ പലരൂപമാണ്ടവർ.

കാവലാകേണ്ട കുപ്പായമണിയുവോർ
കാലകത്തിയോ നീതി നല്കുന്നത്.?
ആയിരമപരാധികൾ പോകിലുമില്ലൊ-
രു നിരപരാധിയെ,യെന്നത് സ്വപ്നമോ .!!!
......... ബിജു ജി നാഥ് വർക്കല

(ഛത്തിസ്ഗഡിലടക്കം നിയമപാലകർ കടിച്ചു കുടഞ്ഞ പെണ്ണുടലുകൾ ഓർമ്മയിൽ നിലവിളിയായി കുരുങ്ങിപ്പിടയുന്നു .നല്ല നിയമപാലകർ ഇല്ലെന്നല്ല പക്ഷേ .... വയ്യ.. 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഏഴു കൊല്ലം ...... തലയിലൊരു കടന്നൽ കൂടിളകുന്നു. )

Saturday, April 29, 2017

സ്റ്റാറ്റസ്

പ്രണയിക്കുന്നവളെ
സന്തോഷിപ്പിക്കാൻ
അവൻ തൂങ്ങിച്ചത്തു.
ഫേസ് ബുക്കിലവൾ
സ്റ്റാറ്റസിട്ടതിരാവിലെ
"ഒരു മഴ പെയ്തു തോർന്നു."
....... ബി.ജി.എൻ വർക്കല ...

Friday, April 28, 2017

ഡ്രൈ ഡേ.


ചുറ്റുമഭ്യൂദയകാംഷികൾ നില്ക്കുന്നു
ഇറ്റുനീരൊഴിച്ചു നീ മോന്തുക.
വാടും കരളുമീ ജീവനും
ഓർക്കുക നീ നിന്റെ മക്കളെ .

ചുറ്റും സ്നേഹിതർ നില്ക്കുന്നു
മുട്ടനടിയാണളിയാ നീ .
നല്ല കപ്പാസിറ്റിയാണല്ലോ
ചങ്കു വാടാതെ നീ നോക്കടാ .

ഒന്നു മിണ്ടാതെന്റ ലോകമേ!
തൊണ്ട വരളുന്നുണ്ട്
ദാഹമേറുന്നുണ്ട്.
തലച്ചോറിലൊരു കരിവണ്ടു
കൊമ്പുകുത്തി മുരളുന്നുണ്ട് .
ആത്മാവ് തേങ്ങിക്കരയുമ്പോൾ
ഉള്ളു പൊള്ളിച്ചൊന്നു രസിക്കട്ടെ
നിങ്ങളെൻ
ചങ്കും കരളുമൊട്ടോർത്തീടൊല്ലെ.

.......... ബിജു ജി നാഥ് വർക്കല
* നിയമപ്രകാരമുള്ള മുന്നറിയിപ്പ് . മദ്യപാനം ആരോഗ്യത്തിനു ഹാനികരം :D *

Wednesday, April 26, 2017

കണി കാണും നേരം .


നേരിയ തണുപ്പിൻ
സൂഷ്മ വിരലുകളിൽ ഞാനുണരവേ
ചിത്രശലഭത്തെ കണികാണുന്നു.
വിടർന്ന ചിറകുകൾ
വിറയാർന്നു വിതുമ്പുന്ന
വർണ്ണശലഭത്തെ കണികാണുന്നു.

ആദിയും അന്ത്യവും
നേർത്തൊരാവരണമിട്ടു
കാടും മലയും താണ്ടി വരുന്നു.
കാറ്റും മഴയും
തുടിതാളമിട്ടൊരു മൂളിപ്പാട്ടു പാടുന്നു.

കറുപ്പ് .....ചുവപ്പെന്നു
മണ്ണിൽ പൊടിയുന്ന തുള്ളികൾ !
ഓർമ്മകൾക്ക് ചുടുചായയുടെ മണം.
എരിയുന്ന കരൾ പകുത്തു
വാഴയിലയിൽ ചുട്ടെടുക്കുന്നു പകൽ.
മുറുകുന്ന ഇടയ്ക്കയുടെ നാദത്തിൽ
ശലഭച്ചിറകുകൾ പിടയുന്നു.

പ്യൂപ്പയിലേക്ക് തിരികെ നടക്കാൻ
കൊതിയോടെ ശലഭം തിരിയുന്നു.
ചിറകടർന്നു മണ്ണിൽ ചിത്രം തുന്നുമ്പോൾ
ശലഭഹൃദയം മാത്രം തപിക്കുന്നു.
യാത്ര പറയാതെ
പുലരിയകന്നു പോകുന്നു.

ഇടയിലെവിടെയോ കനവു പോലെ
ശലഭം ചിറകുവിരിക്കുന്നു.
ഓർമ്മയിൽ നിന്നൊരു മഴവില്ലു
യാത്ര തുടങ്ങുന്നു.
നരച്ച പകലിനെ നോക്കി
ദാഹമടക്കിയൊരു യാത്ര.
ഇരുളെന്ന സമസ്യയിൽ
അലിഞ്ഞു ചേരാനായി
നിറങ്ങളോരോന്നായി കൊഴിച്ചു
യാത്ര തുടരുന്നു.
          - ബിജു.ജി.നാഥ് വർക്കല -

Sunday, April 23, 2017

മണി കെട്ടാതൊരു പൂച്ച

തറവാട്ടു മുറ്റത്ത്
പുലയാട്ട് ചെയ്യുന്ന
പരമാധികാരത്തെ നോക്കി
പഴമനസ്സാണെന്നു മനസ്സിൽ പറയുമീ
പടുവങ്കന്മാരുടെ ലോകം!
കനകം വിളയിലും
പുരമേലതേറുകിൽ
കോതിവിട്ടീടെന്ന ധർമ്മം
അന്ധരും ബധിരരും
തമ്മിൽ ഭരിക്കുമ്പോൾ
ചൊല്ലുവതാരോടായീയുലകിൽ..!
      .ബിജു ജി നാഥ് വർക്കല

Saturday, April 22, 2017

ഉയിർത്തെഴുന്നേല്പ്


ജീവിച്ചിരിക്കുമ്പോഴാണ് മരിക്കേണ്ടത്
മരിച്ചിട്ടെന്തിനു മരിക്കുന്നു.
തിരുശേഷിപ്പുകൾ
നേർത്ത കണ്ണീരും
യാത്രയ്ക്ക് വേണ്ടത്
ഉപ്പുഭാണ്ഡങ്ങളാകുന്നു.
നിങ്ങൾക്ക് കാണാനായ് മാത്രം
കണ്ണുകൾ തുറന്നിരിക്കണം .
തണ്ണീരോർമ്മയ്ക്ക് വായും.
നഗ്നതയെ നമുക്കിനി കുരിശിൽ തറയ്ക്കാം..
മൂന്നാം നാൾ ഉയിർപ്പുണ്ടാവും
അപ്പവും വീഞ്ഞും
തിരികെക്കൊടുത്തു മടങ്ങണം.
വെട്ടിപ്പിടിക്കാനും
കയ്യടക്കി വയ്ക്കാനും
ജീവവായു അന്യമാകട്ടെ.
മൃത്യുവിന്റെ വ്യാകരണം പഠിക്കണം .
ജീവിതം കൊണ്ടൊരു കവിതയുണ്ടാവും.
      .ബിജു ജി നാഥ് വർക്കല

Wednesday, April 19, 2017

ഒരു മലയാളി ഹിജഡയുടെ ആത്മകഥ........... ജെറീന


ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ആത്മകഥ)

ജെറീന

ഡി സി ബുക്സ്

വില 95 രൂപആത്മകഥകളുടെ ആവശ്യകത ഒരു സമൂഹത്തില്‍ അതു നല്‍കുന്ന പരിവര്‍ത്തനത്തിന്റെ തോത് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും . ആര്‍ക്കും എഴുതാന്‍ കഴിയുന്നതും ആരും എഴുതാന്‍ ഇഷ്ടപ്പെടാത്തതും ആത്മകഥയാണ് . തന്നെ നഗ്നമാക്കി ഒരു സമൂഹത്തിനു മുന്നില്‍ നിര്‍ത്തുക എന്നൊരു കടമ്പ പലപ്പോഴും അസാധ്യമാക്കുന്നത് പല പല ഘടകങ്ങള്‍ മൂലമാണ് . നമ്മുടെ സമൂഹം ഇന്ന് കടന്നുപോകുന്ന അവസ്ഥകളെ , ഇന്നലെകളെ ഒക്കെ നാളെയുടെ തലമുറ അറിയുക ഇത്തരം ആത്മകഥകളില്‍ കൂടിയാകുന്നു എന്നതിനാല്‍ തന്നെ ആത്മകഥകള്‍ ആത്മാംശം നിറഞ്ഞതും സത്യസന്ധമായതും ആയിരിക്കാന്‍ ഓരോ എഴുത്തുകാരനും ശ്രമിക്കുക വേണം .

ഇന്നത്തെ സമൂഹത്തില്‍ എന്നല്ല ലോക മനുഷ്യ ചരിത്രത്തില്‍ തന്നെ എഴുതപ്പെട്ടവ നമുക്ക് കാട്ടിത്തരുന്ന ലോകം പുരുഷന്റെയും സ്ത്രീയുടെയുമാണ് . ഇവര്‍ക്ക് നടുവില്‍ മറ്റൊരു കൂട്ടര്‍ സ്ത്രീയായോ പുരുഷനായോ  ശരീരത്തില്‍ അല്ലെങ്കില്‍ മനസ്സില്‍ രൂപമാറ്റം സംഭവിച്ചു  ദ്വന്ദവ്യക്തിത്വങ്ങള്‍ ആയി ജീവിച്ചു മരിക്കുന്നുണ്ട് . ജനനം കൊണ്ട് സ്ത്രീയോ പുരുഷനോ ആയിരിക്കുകയും മനസ്സുകൊണ്ടോ ശരീരം കൊണ്ടോ എതിര്‍ ലിംഗം ആയി ജീവിക്കുകയോ ചെയ്യുന്ന ഈ മനുഷ്യര്‍ക്ക്‌ ഒരിക്കലും മനുഷ്യന്‍ എന്ന പരിഗണന പോലും മതങ്ങളോ സമൂഹമോ നല്‍കിയിരുന്നില്ല . ചരിത്രത്തില്‍ അടിമകളുടെയും വെറുക്കപ്പെട്ടവരുടെയും ഇടയില്‍ അവഗണനകളും പീഡനങ്ങളും ഏറ്റു ചരിത്രം അറിയാതെ കടന്നുപോയ മനുഷ്യജീവികള്‍ ആണ് മൂന്നാം ലിംഗക്കാര്‍ എന്നറിയപ്പെടുന്ന ഈ മനുഷ്യര്‍ . മഹാഭാരതത്തില്‍ ശിഖണ്ടി ആയും ഇരാവന്‍ ആയും രണ്ടുപേരെ പരാമര്‍ശിക്കപ്പെടുന്നുണ്ട് . രാമായണത്തില്‍ രാമന്‍ വനവാസത്തിനു പോകുന്ന വേളയില്‍ യാത്ര പറയുന്ന ജനക്കൂട്ടത്തില്‍ ഇവരെ പരമാര്‍ശിക്കുന്നുണ്ട് . ഖുറാനില്‍ ഇത്തരക്കാര്‍ നഗ്നത കണ്ടാല്‍ അതു കാര്യമാക്കേണ്ടതില്ല എന്നും പുരോഹിതരായി ഇത്തരക്കാര്‍ വേണ്ട എന്നും പരാമര്‍ശിക്കുന്നുണ്ട് . ചരിത്രത്തില്‍ നിന്നും നടന്നു ഇന്നത്തെ കാലത്ത് വന്നു നില്‍ക്കുമ്പോള്‍ മൂന്നാം ലിംഗക്കാര്‍ അധികാരത്തിന്റെ പടികളില്‍ ചെറിയ കാല്‍വയ്പ്പുകള്‍ എങ്കിലും വയ്ക്കുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നു .

ഗുജറാത്ത് , മഹാരാഷ്ട്ര , കര്‍ണ്ണാടക , തമിള്‍ നാട് , കല്‍ക്കട്ട എന്നീ സംസ്ഥാനങ്ങളില്‍ മൂന്നാം ലിംഗക്കാര്‍ അല്പമെങ്കിലും സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകളില്‍ വന്നു പെടുന്നുണ്ട് . എന്നാല്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം മനുഷ്യരെ വെറും അവഗണനയുടെ ചതുപ്പില്‍ താഴ്ത്തിക്കെട്ടാന്‍ ആണ് സമൂഹം എന്നും ശ്രമിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . മൂന്നാം ലിംഗക്കാര്‍ എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കുന്നിടത്ത് ആണ് ഇവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണോ എന്ന ചിന്ത തുടങ്ങുന്നത് . നാം പരിചയിച്ച ലോകത്ത് മൂന്നാം ലിംഗക്കാര്‍ മുഷ്ക്കു കാട്ടുന്ന മനുഷ്യര്‍ ആണ് . ട്രെയിനിലും മറ്റും കടന്നു വന്നു പൈസ ചോദിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിച്ചു സംസാരിക്കുകയും പണം കൊടുത്തില്ല എങ്കില്‍ അപമാനിക്കുകയും തങ്ങളുടെ വസ്ത്രം ഉയര്‍ത്തി നഗ്നത കാട്ടുകയും ചെയ്യും , ലൈംഗിക തൊഴില്‍ ചെയ്യുന്നു . തുടങ്ങിയ കാഴ്ചപ്പാടുകള്‍ ആണ് മൂന്നാം ലിംഗക്കാരെ കുറിച്ച് പൊതുവില്‍ ഉള്ള സമൂഹത്തിന്റെ അറിവ്. ഒരു പരിധി വരെ അവര്‍ ഇങ്ങനെ ആണെന്നത് വാസ്തവവും അതിന്റെ പിന്നിലെ വിഷയം നാം അവഗണിക്കുന്നതും ആണ് എന്നതാണ് സത്യം .

ശാരീരികമായി സ്ത്രീയായി രൂപം ഉണ്ടായിരിക്കുകയും മാറിടം വളരാതിരിക്കുക , ശരീരം മുഴുവന്‍ പുരുഷന്മാരെപ്പോലെ രോമം ഉണ്ടാവുക , അപൂര്‍ണ്ണമായ ജനനേന്ദ്രിയങ്ങള്‍ ഉണ്ടാകുക , ചിലപ്പോള്‍ ഉഭയലിംഗസമാനമായി പുരുഷ സ്ത്രീ ജനനേന്ദ്രിയങ്ങളുടെ അപൂര്‍ണ്ണമായ വളര്‍ച്ച ഉണ്ടായിരിക്കുക , പുരുഷ പ്രകൃതവും സ്ത്രൈണ ശരീരവും മാറിടവും ഉണ്ടായിരിക്കുക തുടങ്ങി ഒരു പറ്റം അസ്വഭാവികതകള്‍ നിറഞ്ഞതാണ്‌ ഇവരുടെ പ്രശ്നം . ഇത് മാത്രമല്ല എന്നാല്‍ മറ്റൊന്ന് കൂടിയുണ്ട് അതു പുരുഷ ശരീരവും സ്ത്രീയുടെ വികാരങ്ങളും മനസ്സും ഉണ്ടാകുക അതുപോലെ തിരിച്ചും ഉണ്ടാകുക എന്നതും മൂന്നാം ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ആണ് . ഇത്തരക്കാരെ പെട്ടെന്ന് സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല . ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊതുജനത്തിന്റെ ക്രൂരതകള്‍ പരിഹാസ്യതകള്‍ , മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് ഇത്തരക്കാര്‍ ആണ് എന്ന് കരുതാം . ചാന്തുപൊട്ടു പോലുള്ള സിനിമകള്‍ ചിത്രീകരിക്കുന്ന വികലമായ ഒരു വസ്തുത അല്ല വാസ്തവികത എന്ന് മനസിലാക്കാന്‍ കഴിയുന്നിടത്ത് ഇവരോട് സഹതാപം , അവഗണന എന്നിവ മാറി അവരെയും മനുഷ്യരായി കാണാന്‍ നമുക്ക് കഴിയും .

ശാരീരിക മാനസിക പ്രത്യേകതകളാല്‍ ഇവര്‍ക്ക് മറ്റു സ്ത്രീ പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്തു ജീവിക്കാന്‍ സമൂഹത്തില്‍ അവസരങ്ങള്‍ വളരെ വിരളം ആണ് . പിന്തള്ളപ്പെടുന്ന ഇവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ അവര്‍ക്ക് ലൈംഗികകച്ചവടം നടത്തിയേ മതിയാകുകയുള്ളൂ എന്നൊരു കാഴ്ചപ്പാട് അവര്‍ അനുവര്‍ത്തിച്ചു പോരുന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞു പോയത് . നിലവില്‍ അവര്‍ സാമൂഹ്യമായും സാമ്പത്തികമായും സ്വയം പര്യാപ്തത നേടാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . സംഘടനകളും മറ്റും ഇതിനായി അവരുടെ സഹായത്തിനു മുന്നോട്ടു വന്നു കഴിഞ്ഞു . പക്ഷെ മതാധിഷ്ടിത ചിന്ത പുലര്‍ത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുമേറെ അകലയല്ലാത്ത നിയമം ഇവരുടെ പരിരക്ഷയ്ക്ക് ഒരു നീക്കവും ഇതുവരെ നടത്താന്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ് .

ഈ ആത്മകഥ മലയാളിയായ ഒരു വ്യക്തിയുടെ ജീവിതമാണ് . പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസ്സുമായി അലയുകയും ചെയ്ത ഒരു മനുഷ്യന്‍ . തന്റെ പ്രൈമറി സ്കൂള്‍ കാലത്ത് തന്നെ തന്നിലെ സ്ത്രീത്വം തിരിച്ചറിയുകയും അതു ഹെഡ്മാഷിനോടുള്ള പ്രണയവും ലൈംഗികബന്ധവും ആയി പരിണമിക്കുന്നതു കാണാം . ഹൈസ്കൂള്‍ തലം ആയപ്പോഴേക്കും ഈ വ്യക്തിത്വ വികാസം സ്ത്രൈണതയുടെ പൂര്‍ണ്ണത പ്രാപിക്കുന്നതും വീട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകളും ആക്ഷേപങ്ങളും സഹോദരങ്ങളുടെ മര്‍ദ്ദനവും ആവോളമനുഭവിച്ചു മദ്രാസിലേക്ക് പോകുകയും ചെയ്യുന്നു . അവിടെ വച്ചു ആണ് ഇത്തരം ആള്‍ക്കാര്‍ താമസിക്കുന്ന ബാംഗ്ലൂര്‍ നഗരത്തിലേക്ക് ആ മനുഷ്യന്‍ യാത്ര ചെയ്യുന്നത് . അവിടെ മൂന്നാം ലിംഗക്കാര്ക്കിടയില്‍ എത്തപ്പെടുകയും അവരുടെ ആചാരങ്ങളും രീതികളും പിന്തുടര്‍ന്ന് ഒരു മൂന്നാം ലിംഗക്കാരുടെ ജീവിതം ജീവിച്ചു തുടങ്ങുന്നു . ആദ്യം സന്ധ്യ എന്നും പിന്നീട് ജറീന എന്നും പേര് സ്വീകരിച്ചു  ലൈംഗിക തൊഴില്‍ ചെയ്തു ഇന്ത്യയിലെ മഹാനഗരങ്ങളില്‍ കഴിച്ചു കൂട്ടിയ ആ മനുഷ്യന്‍ ഒരു മലയാളിയെ വിവാഹം കഴിച്ചു അയാള്‍ക്കൊപ്പം ആറു വര്‍ഷത്തോളം ഭാര്യയെ പോലെ ജീവിക്കുന്നു . ഒടുവില്‍ അയാള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കുന്നതോടെ അവള്‍ എന്ന അയാള്‍ ഒറ്റക്കാകുകയും വീണ്ടും തന്റെ തൊഴിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു . ഫിറ്റ്സു വരുന്ന ഒരു കാരണത്താല്‍ മാത്രം ലിംഗം മുറിച്ചു കളയാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്ന ജറീനയിലൂടെ  ഈ ആത്മകഥയില്‍ മൂന്നാംലിംഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങളും സമൂഹത്തിന്റെ കണ്ണുകളും നിയപാലകരുടെ പീഡനങ്ങളും വളരെ വ്യക്തമായി വരച്ചിട്ടിട്ടുണ്ട് . തീര്‍ച്ചയായും വായിക്കപ്പെടേണ്ടത് ആണ് എന്ന ശക്തമായ തോന്നല്‍ ഉണ്ടാക്കിയ ഒരു വായനയാണ് ശ്രീ വിജയന്‍ കോടഞ്ചേരി , ബി ഹരി എന്നീ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എഴുതി പുറത്തിറക്കിയ ഈ ആത്മകഥ . ജെറീനയും ആയി സംസാരിക്കുകയും അതു പകര്‍ത്തുകയും ചെയ്യുക മാത്രമല്ല മൂന്നാം ലിംഗക്കാരുടെ ജീവിതത്തെ നേരില്‍ കണ്ടു പഠിക്കുകയും അവര്‍ക്ക് വേണ്ടി സാമൂഹ്യപരമായ മനുഷ്യത്തപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍ ഈ പുസ്തകത്തില്‍ വളരെ വിശദമായി ആ വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. സമൂഹം ഇവരെയും തങ്ങളുടെ കൂട്ടത്തില്‍ കാണുകയും പരിഗണിക്കുകയും ചെയ്യും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല


Tuesday, April 18, 2017

നൃത്തം................. എം. മുകുന്ദന്‍


നൃത്തം (നോവല്‍ )

എം. മുകുന്ദന്‍

ഡി സി ബുക്സ്

വില 60 രൂപഒരു നാടുമായി എത്രയേറെ ബന്ധമുണ്ടെങ്കിലും നമുക്ക് അതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയും . സ്നേഹിക്കുന്നവരില്‍ നിന്നും സ്വയം പറിച്ചെടുക്കാനാണ് പ്രയാസം.......(നൃത്തം ... മുകുന്ദന്‍ )

ഒരു തൂവാലകൊണ്ട്‌ കവിളിലെ കണ്ണുനീര്‍ തുടയ്ക്കുന്നതു പോലെ ഒരു പൂവ് കൊണ്ട് മനസ്സിലെ ദുഃഖം തുടച്ചു മാറ്റാന്‍ കഴിയും.....(നൃത്തം ... മുകുന്ദന്‍ )

സ്വയം വായിക്കുവാന്‍ പ്രേരണ നല്‍കുന്ന വായനകള്‍ ആണ് മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നത് എന്ന് കാണാം . ഇന്നു വായിപ്പിക്കാന്‍ ആരൊക്കെയോ പ്രേരിപ്പിക്കുന്ന എഴുത്തുകള്‍ ആണ് ആ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് . എഴുത്ത് എങ്ങനെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയും എന്ന ചിന്തയില്‍ അവര്‍ തങ്ങളുടെ എഴുത്തുകളെ പല രീതിയില്‍ പ്രോമോട്ട് ചെയ്തു വിറ്റഴിക്കുക , നഷ്ടം നികത്തുക എന്ന ശൈലിയില്‍ മാത്രം നോക്കിക്കണ്ട്‌ മുന്നോട്ടു നില്‍ക്കുന്നു . ഒരുകാലത്ത് എഴുത്ത് ആത്മാവിഷ്കാരം ആയിരുന്നു എങ്കില്‍ ഇന്നത്‌ കാട്ടിക്കൂട്ടല്‍ ആയി നിലനില്‍ക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാകാം .

ഇന്ന് വായിക്കാന്‍ എടുത്തത് എം മുകുന്ദന്‍ എഴുതിയ നൃത്തം എന്ന നോവല്‍ ആയിരുന്നു . മലയാളസാഹിത്യത്തില്‍ തന്റെ സ്ഥാനം മുകുന്ദന്‍ ഉറപ്പിച്ചു വച്ചത് എഴുത്തിലെ മായാജാലവും പരീക്ഷങ്ങണങ്ങളും കൊണ്ടുതന്നെയാണ് . ഓരോ എഴുത്തിലും ആ ഒരു വ്യത്യസ്തത നമുക്ക് അനുഭവിച്ചു അറിയാന്‍ കഴിയും . ഓരോ എഴുത്തുകാരനും തങ്ങളുടെ രചനയില്‍ മറ്റൊരു ഭൂമിക അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ഉണ്ട് . അവതരിപ്പിക്കുന്ന ഭൂമിക വായനക്കാരന് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത്. കാരണം വായനക്കാരില്‍ രണ്ടുതരം ആള്‍ക്കാര്‍ ഉണ്ടാകാം . ഒരു കൂട്ടര്‍ ആ ഭൂമിക അറിയുന്നവരോ അവിടെ വസിക്കുന്നവരോ ആകും മറ്റൊരു വിഭാഗം ഒരിക്കലും അതു കണ്ടിട്ടുള്ളവര്‍ ആയിരിക്കുകയും ഇല്ല . ഈ രണ്ടു വിഭാഗത്തെയും ഒരുപോലെ ആ ഭൂമികയെ പരിചയപ്പെടുത്തണം എങ്കില്‍ ആ ഭൂമികയെപറ്റിയുള്ള ആഴത്തിലുള്ള അവഗാഹം എഴുത്തുകാരന് ഉണ്ടായിരിക്കണം . ഇന്നത്തെ പല എഴുത്തുകളും പരാജയപ്പെടുന്നത് അവിടെയാണ് . ഇന്ന് ആരും അതിനു മുതിരുന്നില്ല . ഗൂഗിളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുക , സിനിമകളില്‍ നിന്നും കണ്ടു മനസ്സിലാക്കുക, ഭാവനയുടെ അതിഭാവുകത്വം നല്‍കുക  തുടങ്ങിയ എളുപ്പവഴികളില്‍ കൂടി അവര്‍ വിഷയം അവതരിപ്പിച്ചു സംതൃപ്തരാകും .

മലയാളത്തിലെ ആദ്യ സാങ്കേതികശാസ്ത്ര വിഷയത്തിലെ നോവല്‍ എന്ന വിശേഷണം മുകുന്ദന്റെ നൃത്തം പങ്കു വയ്ക്കുന്നു . ഇന്റര്‍നെറ്റ് എന്ന ലോകത്തെ ആസ്പദമാക്കി അതിനു മുന്‍പ് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ പരീക്ഷണത്തിന്റെ മേന്മയായും മനസ്സിലാക്കേണ്ടത് . ഒരുകാലത്ത് ഓരോ മനുഷ്യനും അവനെ അടയാളപ്പെടുത്തിയിരുന്നത് ഒരൊറ്റ വിലാസത്തിലല്ലായിരുന്നു . പേരു മാത്രം സ്ഥിരമായിരിക്കുകയും പദവികളും വിലാസങ്ങളും മാറിക്കൊണ്ടിരിക്കുകയും ചെയ്തു ജീവിതവഴിയില്‍ എപ്പോഴും . ഇന്റര്‍നെറ്റിന്റെ വരവോടുകൂടിയാണ് ഓരോ മനുഷ്യനും സ്വന്തമായി ഒരു വിലാസം ലഭിച്ചു തുടങ്ങിയത് . അവന്‍ ലോകത്തിന്റെ ഏതൊരു കോണില്‍ ആയാലും അവനെ ബന്ധപ്പെടാന്‍ ഒരൊറ്റ ഈ മെയില്‍ വിലാസം . അതില്‍ അവന്‍ എപ്പോഴും ലഭ്യമായിരുന്നു .

നൃത്തം എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് . ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നൃത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍ ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍ എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍ തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും , കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .

ഇതില്‍ വളരെ മനോഹരമായി പറയുന്ന മറ്റൊരു വിഷയം ആണ് ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവും . നെറ്റിന്റെ തുടക്കകാലത്തിന്റെ അരിഷ്ടതകള്‍ , ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവല്‍ പ്രതിപാദിക്കുന്നുണ്ട് . കുട്ടികളെ പോണ്‍  ലോകത്തേക്ക് നയിക്കുന്ന കഫേകള്‍ , അതുമൂലം സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും , കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.

വായനയ്ക്ക് വളരെ നല്ലൊരു നോവല്‍ ആണ് എന്ന സന്തോഷം പങ്കു വച്ചുകൊണ്ട് ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല  

Saturday, April 15, 2017

സൈബര്‍ ചിലന്തി................ വിജയന്‍ പാറയില്‍


സൈബര്‍ ചിലന്തി (കഥകള്‍)

വിജയന്‍ പാറയില്‍

പ്രവാസി ബുക്സ്

വില 60 രൂപസാഹിത്യത്തിലെ പ്രധാന പ്രശ്നമായി ഇന്ന് നിലനില്‍ക്കുന്നത് കഥയില്ലായ്മയാണ് . കഥകള്‍ പറയാന്‍ പുതിയ സങ്കേതങ്ങള്‍ ലഭ്യമല്ലാത്തോരവസ്ഥയിലാണ് എഴുത്തുകാര്‍ . അതുകൊണ്ട് തന്നെ അവര്‍ പഴയ സങ്കേതങ്ങളെ പൊടിതട്ടിയെടുത്തു പ്രയോഗിക്കുകയോ, അനുകരിക്കുകയൊ ഒക്കെ ചെയ്യുന്നു . എന്തുകൊണ്ടാണ് സാഹിത്യത്തില്‍ വിപ്ലവം വരാത്തത് എന്ന് ചോദിക്കുമ്പോള്‍ തന്നെ ആരാണ് അതിനു മിനക്കെടുക എന്നൊരു ഉപചോദ്യം കൂടിയുയര്‍ന്നുവരും . കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുക , ഒരുപാടുപേരിലെത്തുക തുടങ്ങിയ ആകാംഷാഭരിതമായ നിലനില്‍പ്പിന്റെ വൈഷമതകള്‍ പേറി നില്‍ക്കുകയാണ് ഓരോ എഴുത്തുകാരനും .

വിജയന്‍ പാറയില്‍ എഴുതിയ സൈബര്‍ ചിലന്തി എന്ന കഥാസമാഹാരം ആണ് ഇന്നു ഞാന്‍ പരിചയപ്പെടുത്തുന്നത് . പ്രവാസിയായ വിജയന്‍റെ ആദ്യ കഥാസമാഹാരം ആണ് സൈബര്‍ ചിലന്തി. ഫെയിത്ത് ബുക്സ് ഇന്റര്‍നാഷണലിന്റെ ബ്രാന്‍ഡില്‍ പ്രവാസി ബുക്സ് ഇറക്കിയ ഈ പുസ്തകത്തില്‍ പതിനഞ്ചു കഥകള്‍ അടങ്ങിയിരിക്കുന്നു . രചനാപരമായ സവിശേഷതകള്‍ അധികമവകാശപ്പെടാനില്ലയെങ്കിലും എഴുത്തില്‍ വളരെ നല്ലൊരു താളവും ലയവും വിന്യസിക്കാന്‍ വിജയന്‍ ശ്രമിച്ചിരിക്കുന്നൂ എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് . ഓരോ കഥയും ഓരോ ജീവിതമാണ് . ഓരോ ജീവിതവും നമ്മുടെ പരിസരങ്ങള്‍ ആണ് . ഓരോ പരിസരങ്ങളും നമ്മുടെ കാലികതയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു . പ്രവാസത്തിലിരുന്നു എഴുതുന്നവരെല്ലാം നാടിന്റെ ഗൃഹാതുരതയെ ബലാല്ഭോഗം ചെയ്യുന്നു എന്ന പരാതി വിജയന്‍റെ എഴുത്തുകളില്‍ ദര്‍ശിക്കാന്‍ കഴിയില്ല . ഒരു പ്രവാസി നാട്ടില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന ചില മധുരവും പുളിയും നിറഞ്ഞ ഓര്‍മ്മപ്പൂവുകള്‍ വെറുതെ എടുത്തു വാസനിച്ചു പോകുക എന്നതാണ് വായനക്കാരന്റെ ധര്‍മ്മം ഇതില്‍ . ഒരുകാലത്ത് നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാള്‍ ആകുന്നവന്‍ പ്രവാസത്തിന്റെ ഭാരവും പേറി അപരിചിതനായി നില്‍ക്കേണ്ടി വരുന്ന നിമിഷങ്ങളെ വിജയന്‍ കോറിയിടുമ്പോള്‍ അതില്‍ അതിശയോക്തി ഒട്ടുംതന്നെയുണ്ടാകുകയില്ല. പ്രവാസിയെ നാട്ടുകാര്‍ , പരിചയക്കാര്‍ എങ്ങനെ കാണുന്നു എന്നതിന്റെ വളരെ വലിയ ഉദാഹരണം ആണ് ലോനപ്പന്‍ ചേട്ടന്‍ . ഗ്രാമോത്സവം എന്ന കഥയിലെ ഈ കഥാപാത്രത്തിലൂടെ വിജയന്‍ ഒട്ടു മിക്ക പ്രവാസികളുടെയും ഒരു അവസ്ഥയെ മനോഹരമാക്കി പറഞ്ഞു തരുന്നു . അതുപോലെ അവശേഷിച്ച കമ്മല്‍ എന്ന കഥയിലെ അതിശയോക്തികളില്‍ നിര്‍ത്തുന്ന വഴിയോരകച്ചവടക്കാരി പെണ്‍കുട്ടിയുടെ കമ്മല്‍, അവളെ തെരുവിന്റെ മക്കള്‍ കടിച്ചുകീറിക്കൊല്ലും എന്ന ദൃശ്യം (അത്തരമൊരു വിധി എല്ലാ നടവഴിക്കച്ചവടക്കാരികളിലും നാം മുന്നേ തന്നെ ഗണിച്ചുവച്ചിരിക്കുകയാണ് എന്നൊരു ചിന്തയുയരുന്നുണ്ട് വായനയില്‍ ) കാണിക്കാന്‍ മാത്രം അവള്‍ വളരെ ആശിച്ചു വാങ്ങിയ കമ്മല്‍ അശ്രദ്ധയോടെ നായകന് നല്‍കിയതായി പറഞ്ഞു . കഥയെ മുന്നോട്ടു നയിക്കാന്‍ ഒരു തന്തുവായി മാത്രമാണ് അങ്ങനെ ഒരു സാഹസം കഥാകാരന്‍ ഉപയോഗിച്ചതെന്ന് തോന്നുന്നു . പൊതുവേ ഇതിലെ കഥകളില്‍ കണ്ടൊരു ദൃശ്യം എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്‍മാരില്‍ അരോചകം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളായി നില്ക്കുന്നവര്‍ ആണെന്നതാണ് . മായക്കേശവന്‍ എന്ന കഥ ശരിക്കും കഥയില്ലായ്മയില്‍ നിന്നും വന്നൊരു കഥയാണ് . അതിനെ കഥയാക്കിവരുമ്പോള്‍ ഒരുപാട് ശ്വാസം മുട്ടുന്നുണ്ട് കഥാകാരന്‍ . കുറെയേറെ ആശയങ്ങളും പഴയ എഴുത്തുകാരുടെ നര്‍മ്മ , ലളിത ശൈലിയും നല്‍കുന്ന ഭാഷാപ്രയോഗങ്ങള്‍ വിജയന്‍ എന്ന എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷകള്‍ നല്‍കുന്ന വായനകള്‍ക്കുള്ള സാധ്യത തുറന്നു തരുന്നുണ്ട് . കുറച്ചുകൂടി ശ്രദ്ധിക്കുകയും പിശുക്ക് മാറ്റി നിര്‍ത്തി വായനയുടെ ആകാശത്തില്‍ പരിമിതികള്‍ മാറ്റിവയ്ക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും വിജയന്‍റെ  എഴുത്തുകള്‍ കൂടുതല്‍ മികവായതായി മാറുന്നതും ശ്രദ്ധിക്കപ്പെടുന്നതുമാകും എന്നൊരു ശുഭപ്രതീക്ഷ നല്‍കുന്നു . ആശംസകള്‍ ..... ബി. ജി . എന്‍ വര്‍ക്കല

Monday, April 10, 2017

നിശബ്ദയാമങ്ങൾ

എന്നിൽ നിന്നും
പടിയിറങ്ങിപ്പോയത്
കാൽപ്പനികതയും
പിറകെ നീയുമാണ്.
നിറഞ്ഞ നിശബ്ദതയിൽ
നിന്റെ നോട്ടത്തിൻ സൂചിമുനകൾ
എന്നെ നോവിക്കുമ്പോഴും
നിന്റെ മുക്കുത്തിക്കല്ല്
കളിയാക്കിയെന്നെ നോക്കി
കണ്ണിറുക്കുമ്പോഴും
നിന്നെ ഞാൻ പ്രണയത്തിൽ മുക്കുവായിരുന്നു.
പ്രണയത്തിന്റെ ഏഴാം വളവിൽ
ഇറ്റുവീണ തുള്ളികൾക്ക്
നീയൊരു നിറം നല്കി.
ഓർമ്മകളുടെ നിലാപുതപ്പിൽ
അലസം നീ മയങ്ങുമ്പോൾ
ത്രസിച്ചു നിൽക്കുന്ന മുലക്കണ്ണുകൾ
നിന്റെ സ്നേഹത്തെയടയാളവാക്യമാക്കുന്നു.
കിതച്ചു കൊണ്ടൊരു മരുക്കാറ്റ്
ഗാഫ് മരത്തിൽ അലച്ചു വീഴുന്നു.
ഉടുമ്പുകൾ മണൽ പുതപ്പ് മാറ്റി
തണുത്ത രാത്രിയിൽ കാറ്റു കൊള്ളാനിറങ്ങുന്നു .
ചിത്രശലഭത്തിന്റെ അടർന്ന ചിറകുകൾ
നക്ഷത്രങ്ങളെ നോക്കി തേങ്ങലടക്കുന്നു.
നമുക്കിടയിലെ നേർത്തൊരു ചരട് പൊട്ടാൻ വിങ്ങി നിൽക്കേ
ഒരു വാക്കു മിണ്ടാതെ നീയകലുന്നു
ഉഷ്ണം പുകയുന്ന ശയ്യയിൽ
മണ്ണിരകൾ പുളയുന്നു.
എനിക്കു നിന്റെയടരുകളെ പൊള്ളാതെ സൂക്ഷിക്കണം.
വിരലുകൾക്ക് ഉമ്മ വയ്ക്കാനറിയുമെന്നെന്നെ
പഠിപ്പിച്ചത് നീയാണ്.
എല്ലാ വഴികളും നിന്നിലേക്ക് അവസാനിക്കുന്ന കാലം!
നമുക്കിടയിൽ മഞ്ഞപ്പൂക്കൾ വിടർന്നുല്ലസിക്കുന്നു
എത്ര പെട്ടെന്നാണ് നാം രണ്ടു ദ്വീപുകളായത്.
നിറയെ ജീവിതം പൂവിടർത്തിയ
നീയെന്ന ദ്വീപിനെ
തരിശുനിലമായ ഞാൻ നോക്കി നിൽക്കവേ
നോക്കൂ ,
ഒരു വേലിയേറ്റത്തിരയിൽ മറയുവാൻ
ഞാൻ കൊതിക്കുന്നതിലെന്താണ് തെറ്റ്?
അല്ലെങ്കിൽത്തന്നെ
നമ്മൾ എന്നാണ് പ്രണയം തുറന്നു പറഞ്ഞത്?
നിഴലുകളുടെ മറവിലായിരുന്നു നാം.
വെളിച്ചം അകലുന്ന കാലങ്ങളിൽ
വെളിച്ചപ്പെട്ടിരുന്നവർ!
ഒരു സൂര്യനെ സ്വപ്നം കാണാൻ
കനലിന്റെ കൈ പിടിച്ചതും
ഒരു ചന്ദ്രനെ എത്തിപ്പിടിക്കുവാൻ
ഒരു ചുമലാകാൻ പരസ്പരം മത്സരിച്ചതും..
ഉഷസ്സിന്റെ സൗന്ദര്യം മനസ്സിൽ നിറച്ചു
യാത്ര ചെയ്യാൻ തുടങ്ങിയവർ .
ഇപ്പോൾ കടൽ ശാന്തമാണ്.
തിരകൾ ഇല്ലാത്ത
കാറ്റു വീശാൻ മറന്ന ഇടം.
യാത്ര പോകണമെനിക്കിനി .
ആഴങ്ങളുടെ ആഴങ്ങളിലെ
ഭീതിപ്പെടുത്തുന്ന ഇരുട്ടിലേക്കാഴ്ന്നിറങ്ങണം.
ഒളിച്ചു പാർക്കാൻ ഒരിടം !
നിന്റെ ഓർമ്മകളുടെ നീർക്കുമിളകൾ
ശാന്തമായ മുകൾപ്പരപ്പിൽ
അവസാനത്തേതും
എണ്ണിക്കഴിയുമ്പോൾ
നീ ആകാശത്തെന്നെ തിരഞ്ഞു തുടങ്ങും.
നിന്നെ ചൂഴ്ന്ന് നില്ക്കുന്ന കാറ്റിൽ നിറഞ്ഞ
എന്റെ ഗന്ധം നീയറിയുകയേയില്ല
കാരണം നീയൊരിക്കലുമെന്നെ അറിഞ്ഞിട്ടില്ലല്ലോ......
              ബിജു.ജി.നാഥ് വർക്കലWednesday, April 5, 2017

വിഷവിത്ത് വിതയ്ക്കപ്പെടുമ്പോൾ...


ഒരുങ്ങുന്നുണ്ട്.
നന്നായി കിളച്ചിട്ട മണ്ണിൽ
വിത്തെറിയുന്നുണ്ട്.
വിഷബീജമെന്നറിയാതെ
പരിപാലിക്കുവാൻ
കഴുതകൾ എന്ന മുദ്രണം
ചാർത്തിയ ഞങ്ങളുണ്ട്.

വെറുപ്പിനെ വെറുത്തങ്ങൊടുവിൽ
സ്നേഹിക്കുമെന്ന
തത്വം പഠിച്ചവർ
വിത്തെറിയുന്നുണ്ട്.
അർബുദത്തിൻ വേരുകൾ
സഹ്യനിപ്പുറം പടരുമ്പോൾ,
അറിയാതെ വാഹകരായ് നിന്നീടുവാൻ
കഴുതകൾ എന്ന മുദ്രണം
ചാർത്തിയ ഞങ്ങളുണ്ട്.

കഥയറിയാതെയാട്ടം കാണും
ജനമേ, നിനക്ക് നാശം വരുന്നുണ്ട്.
ഇതു പറയുമെന്നെയും കൊന്നിടാം .
നാവറുത്തേക്കാം,
വിരലൊടിച്ചേക്കാം...
എങ്കിലും മരിക്കും വരേയും
ഞാൻ പറയുമിതുതന്നെ പിന്നെയും .

ഒരുങ്ങുന്നുണ്ട്.
നന്നായി കിളച്ചിട്ട മണ്ണിൽ
വിത്തെറിയുന്നുണ്ട്.
വിഷബീജമെന്നറിയാതെ
പരിപാലിക്കുവാൻ
കഴുതകൾ എന്ന മുദ്രണം
ചാർത്തിയ ഞങ്ങളുണ്ട്.
     ബിജു ജി നാഥ് വർക്കല

Monday, April 3, 2017

ആൺഭ്രൂണഹത്യ!

പണ്ട്,
അമ്മമാർ അധികാരികൾക്കും മുന്നിൽ
ഉടുതുണിയില്ലാതെ നിന്നലറി
ഞങ്ങളെ ഭോഗിക്കൂ
വിട്ടയക്കുക ഞങ്ങൾ തൻ പെൺമക്കളെ ..

ഇന്ന് ,
അമ്മമാർ ആവർത്തിക്കണമോ
മക്കൾ തൻ മുന്നിലായ്
നാടിലൊരു പെണ്ണും അപമാനിതയാകാതിരിക്കാൻ
തങ്ങളെ നല്കിക്കാണ്ട് .

ഇല്ല ,
ചരിത്രമേ മാപ്പു തരിക !
അമ്മമാർക്കിനി മക്കളെയോർത്തു
മണ്ണിൽ തലകുനിക്കാൻ വയ്യ.:
ചൊല്ലിപ്പഠിപ്പിക്കാം ആവോളം
പിന്നെ ,
കൊന്നുകളഞ്ഞേക്കാം
മണ്ണിതിൽ വേണ്ടയെന്നോർക്കാം.

ഒരിക്കൽ നിങ്ങൾ കൊന്നൊടുക്കിയ
പെൺഭ്രൂണങ്ങൾക്ക് പകരം
ഇനി നിങ്ങൾ കൊല്ലുക
നിങ്ങൾ തന്നാൺമക്കളെ
കഴിയില്ലവരോടു ചൊല്ലിക്കൊടുക്കാൻ
അവളും അവനും ഒന്നല്ലയെന്നെങ്കിൽ...
ബിജു ജി നാഥ് വർക്കല