Wednesday, April 19, 2017

ഒരു മലയാളി ഹിജഡയുടെ ആത്മകഥ........... ജെറീന


ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ആത്മകഥ)

ജെറീന

ഡി സി ബുക്സ്

വില 95 രൂപ



ആത്മകഥകളുടെ ആവശ്യകത ഒരു സമൂഹത്തില്‍ അതു നല്‍കുന്ന പരിവര്‍ത്തനത്തിന്റെ തോത് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും . ആര്‍ക്കും എഴുതാന്‍ കഴിയുന്നതും ആരും എഴുതാന്‍ ഇഷ്ടപ്പെടാത്തതും ആത്മകഥയാണ് . തന്നെ നഗ്നമാക്കി ഒരു സമൂഹത്തിനു മുന്നില്‍ നിര്‍ത്തുക എന്നൊരു കടമ്പ പലപ്പോഴും അസാധ്യമാക്കുന്നത് പല പല ഘടകങ്ങള്‍ മൂലമാണ് . നമ്മുടെ സമൂഹം ഇന്ന് കടന്നുപോകുന്ന അവസ്ഥകളെ , ഇന്നലെകളെ ഒക്കെ നാളെയുടെ തലമുറ അറിയുക ഇത്തരം ആത്മകഥകളില്‍ കൂടിയാകുന്നു എന്നതിനാല്‍ തന്നെ ആത്മകഥകള്‍ ആത്മാംശം നിറഞ്ഞതും സത്യസന്ധമായതും ആയിരിക്കാന്‍ ഓരോ എഴുത്തുകാരനും ശ്രമിക്കുക വേണം .

ഇന്നത്തെ സമൂഹത്തില്‍ എന്നല്ല ലോക മനുഷ്യ ചരിത്രത്തില്‍ തന്നെ എഴുതപ്പെട്ടവ നമുക്ക് കാട്ടിത്തരുന്ന ലോകം പുരുഷന്റെയും സ്ത്രീയുടെയുമാണ് . ഇവര്‍ക്ക് നടുവില്‍ മറ്റൊരു കൂട്ടര്‍ സ്ത്രീയായോ പുരുഷനായോ  ശരീരത്തില്‍ അല്ലെങ്കില്‍ മനസ്സില്‍ രൂപമാറ്റം സംഭവിച്ചു  ദ്വന്ദവ്യക്തിത്വങ്ങള്‍ ആയി ജീവിച്ചു മരിക്കുന്നുണ്ട് . ജനനം കൊണ്ട് സ്ത്രീയോ പുരുഷനോ ആയിരിക്കുകയും മനസ്സുകൊണ്ടോ ശരീരം കൊണ്ടോ എതിര്‍ ലിംഗം ആയി ജീവിക്കുകയോ ചെയ്യുന്ന ഈ മനുഷ്യര്‍ക്ക്‌ ഒരിക്കലും മനുഷ്യന്‍ എന്ന പരിഗണന പോലും മതങ്ങളോ സമൂഹമോ നല്‍കിയിരുന്നില്ല . ചരിത്രത്തില്‍ അടിമകളുടെയും വെറുക്കപ്പെട്ടവരുടെയും ഇടയില്‍ അവഗണനകളും പീഡനങ്ങളും ഏറ്റു ചരിത്രം അറിയാതെ കടന്നുപോയ മനുഷ്യജീവികള്‍ ആണ് മൂന്നാം ലിംഗക്കാര്‍ എന്നറിയപ്പെടുന്ന ഈ മനുഷ്യര്‍ . മഹാഭാരതത്തില്‍ ശിഖണ്ടി ആയും ഇരാവന്‍ ആയും രണ്ടുപേരെ പരാമര്‍ശിക്കപ്പെടുന്നുണ്ട് . രാമായണത്തില്‍ രാമന്‍ വനവാസത്തിനു പോകുന്ന വേളയില്‍ യാത്ര പറയുന്ന ജനക്കൂട്ടത്തില്‍ ഇവരെ പരമാര്‍ശിക്കുന്നുണ്ട് . ഖുറാനില്‍ ഇത്തരക്കാര്‍ നഗ്നത കണ്ടാല്‍ അതു കാര്യമാക്കേണ്ടതില്ല എന്നും പുരോഹിതരായി ഇത്തരക്കാര്‍ വേണ്ട എന്നും പരാമര്‍ശിക്കുന്നുണ്ട് . ചരിത്രത്തില്‍ നിന്നും നടന്നു ഇന്നത്തെ കാലത്ത് വന്നു നില്‍ക്കുമ്പോള്‍ മൂന്നാം ലിംഗക്കാര്‍ അധികാരത്തിന്റെ പടികളില്‍ ചെറിയ കാല്‍വയ്പ്പുകള്‍ എങ്കിലും വയ്ക്കുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നു .

ഗുജറാത്ത് , മഹാരാഷ്ട്ര , കര്‍ണ്ണാടക , തമിള്‍ നാട് , കല്‍ക്കട്ട എന്നീ സംസ്ഥാനങ്ങളില്‍ മൂന്നാം ലിംഗക്കാര്‍ അല്പമെങ്കിലും സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകളില്‍ വന്നു പെടുന്നുണ്ട് . എന്നാല്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം മനുഷ്യരെ വെറും അവഗണനയുടെ ചതുപ്പില്‍ താഴ്ത്തിക്കെട്ടാന്‍ ആണ് സമൂഹം എന്നും ശ്രമിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . മൂന്നാം ലിംഗക്കാര്‍ എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കുന്നിടത്ത് ആണ് ഇവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണോ എന്ന ചിന്ത തുടങ്ങുന്നത് . നാം പരിചയിച്ച ലോകത്ത് മൂന്നാം ലിംഗക്കാര്‍ മുഷ്ക്കു കാട്ടുന്ന മനുഷ്യര്‍ ആണ് . ട്രെയിനിലും മറ്റും കടന്നു വന്നു പൈസ ചോദിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിച്ചു സംസാരിക്കുകയും പണം കൊടുത്തില്ല എങ്കില്‍ അപമാനിക്കുകയും തങ്ങളുടെ വസ്ത്രം ഉയര്‍ത്തി നഗ്നത കാട്ടുകയും ചെയ്യും , ലൈംഗിക തൊഴില്‍ ചെയ്യുന്നു . തുടങ്ങിയ കാഴ്ചപ്പാടുകള്‍ ആണ് മൂന്നാം ലിംഗക്കാരെ കുറിച്ച് പൊതുവില്‍ ഉള്ള സമൂഹത്തിന്റെ അറിവ്. ഒരു പരിധി വരെ അവര്‍ ഇങ്ങനെ ആണെന്നത് വാസ്തവവും അതിന്റെ പിന്നിലെ വിഷയം നാം അവഗണിക്കുന്നതും ആണ് എന്നതാണ് സത്യം .

ശാരീരികമായി സ്ത്രീയായി രൂപം ഉണ്ടായിരിക്കുകയും മാറിടം വളരാതിരിക്കുക , ശരീരം മുഴുവന്‍ പുരുഷന്മാരെപ്പോലെ രോമം ഉണ്ടാവുക , അപൂര്‍ണ്ണമായ ജനനേന്ദ്രിയങ്ങള്‍ ഉണ്ടാകുക , ചിലപ്പോള്‍ ഉഭയലിംഗസമാനമായി പുരുഷ സ്ത്രീ ജനനേന്ദ്രിയങ്ങളുടെ അപൂര്‍ണ്ണമായ വളര്‍ച്ച ഉണ്ടായിരിക്കുക , പുരുഷ പ്രകൃതവും സ്ത്രൈണ ശരീരവും മാറിടവും ഉണ്ടായിരിക്കുക തുടങ്ങി ഒരു പറ്റം അസ്വഭാവികതകള്‍ നിറഞ്ഞതാണ്‌ ഇവരുടെ പ്രശ്നം . ഇത് മാത്രമല്ല എന്നാല്‍ മറ്റൊന്ന് കൂടിയുണ്ട് അതു പുരുഷ ശരീരവും സ്ത്രീയുടെ വികാരങ്ങളും മനസ്സും ഉണ്ടാകുക അതുപോലെ തിരിച്ചും ഉണ്ടാകുക എന്നതും മൂന്നാം ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ആണ് . ഇത്തരക്കാരെ പെട്ടെന്ന് സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല . ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊതുജനത്തിന്റെ ക്രൂരതകള്‍ പരിഹാസ്യതകള്‍ , മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് ഇത്തരക്കാര്‍ ആണ് എന്ന് കരുതാം . ചാന്തുപൊട്ടു പോലുള്ള സിനിമകള്‍ ചിത്രീകരിക്കുന്ന വികലമായ ഒരു വസ്തുത അല്ല വാസ്തവികത എന്ന് മനസിലാക്കാന്‍ കഴിയുന്നിടത്ത് ഇവരോട് സഹതാപം , അവഗണന എന്നിവ മാറി അവരെയും മനുഷ്യരായി കാണാന്‍ നമുക്ക് കഴിയും .

ശാരീരിക മാനസിക പ്രത്യേകതകളാല്‍ ഇവര്‍ക്ക് മറ്റു സ്ത്രീ പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്തു ജീവിക്കാന്‍ സമൂഹത്തില്‍ അവസരങ്ങള്‍ വളരെ വിരളം ആണ് . പിന്തള്ളപ്പെടുന്ന ഇവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ അവര്‍ക്ക് ലൈംഗികകച്ചവടം നടത്തിയേ മതിയാകുകയുള്ളൂ എന്നൊരു കാഴ്ചപ്പാട് അവര്‍ അനുവര്‍ത്തിച്ചു പോരുന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞു പോയത് . നിലവില്‍ അവര്‍ സാമൂഹ്യമായും സാമ്പത്തികമായും സ്വയം പര്യാപ്തത നേടാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . സംഘടനകളും മറ്റും ഇതിനായി അവരുടെ സഹായത്തിനു മുന്നോട്ടു വന്നു കഴിഞ്ഞു . പക്ഷെ മതാധിഷ്ടിത ചിന്ത പുലര്‍ത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുമേറെ അകലയല്ലാത്ത നിയമം ഇവരുടെ പരിരക്ഷയ്ക്ക് ഒരു നീക്കവും ഇതുവരെ നടത്താന്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ് .

ഈ ആത്മകഥ മലയാളിയായ ഒരു വ്യക്തിയുടെ ജീവിതമാണ് . പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസ്സുമായി അലയുകയും ചെയ്ത ഒരു മനുഷ്യന്‍ . തന്റെ പ്രൈമറി സ്കൂള്‍ കാലത്ത് തന്നെ തന്നിലെ സ്ത്രീത്വം തിരിച്ചറിയുകയും അതു ഹെഡ്മാഷിനോടുള്ള പ്രണയവും ലൈംഗികബന്ധവും ആയി പരിണമിക്കുന്നതു കാണാം . ഹൈസ്കൂള്‍ തലം ആയപ്പോഴേക്കും ഈ വ്യക്തിത്വ വികാസം സ്ത്രൈണതയുടെ പൂര്‍ണ്ണത പ്രാപിക്കുന്നതും വീട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകളും ആക്ഷേപങ്ങളും സഹോദരങ്ങളുടെ മര്‍ദ്ദനവും ആവോളമനുഭവിച്ചു മദ്രാസിലേക്ക് പോകുകയും ചെയ്യുന്നു . അവിടെ വച്ചു ആണ് ഇത്തരം ആള്‍ക്കാര്‍ താമസിക്കുന്ന ബാംഗ്ലൂര്‍ നഗരത്തിലേക്ക് ആ മനുഷ്യന്‍ യാത്ര ചെയ്യുന്നത് . അവിടെ മൂന്നാം ലിംഗക്കാര്ക്കിടയില്‍ എത്തപ്പെടുകയും അവരുടെ ആചാരങ്ങളും രീതികളും പിന്തുടര്‍ന്ന് ഒരു മൂന്നാം ലിംഗക്കാരുടെ ജീവിതം ജീവിച്ചു തുടങ്ങുന്നു . ആദ്യം സന്ധ്യ എന്നും പിന്നീട് ജറീന എന്നും പേര് സ്വീകരിച്ചു  ലൈംഗിക തൊഴില്‍ ചെയ്തു ഇന്ത്യയിലെ മഹാനഗരങ്ങളില്‍ കഴിച്ചു കൂട്ടിയ ആ മനുഷ്യന്‍ ഒരു മലയാളിയെ വിവാഹം കഴിച്ചു അയാള്‍ക്കൊപ്പം ആറു വര്‍ഷത്തോളം ഭാര്യയെ പോലെ ജീവിക്കുന്നു . ഒടുവില്‍ അയാള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കുന്നതോടെ അവള്‍ എന്ന അയാള്‍ ഒറ്റക്കാകുകയും വീണ്ടും തന്റെ തൊഴിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു . ഫിറ്റ്സു വരുന്ന ഒരു കാരണത്താല്‍ മാത്രം ലിംഗം മുറിച്ചു കളയാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്ന ജറീനയിലൂടെ  ഈ ആത്മകഥയില്‍ മൂന്നാംലിംഗക്കാര്‍ അനുഭവിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങളും സമൂഹത്തിന്റെ കണ്ണുകളും നിയപാലകരുടെ പീഡനങ്ങളും വളരെ വ്യക്തമായി വരച്ചിട്ടിട്ടുണ്ട് . തീര്‍ച്ചയായും വായിക്കപ്പെടേണ്ടത് ആണ് എന്ന ശക്തമായ തോന്നല്‍ ഉണ്ടാക്കിയ ഒരു വായനയാണ് ശ്രീ വിജയന്‍ കോടഞ്ചേരി , ബി ഹരി എന്നീ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എഴുതി പുറത്തിറക്കിയ ഈ ആത്മകഥ . ജെറീനയും ആയി സംസാരിക്കുകയും അതു പകര്‍ത്തുകയും ചെയ്യുക മാത്രമല്ല മൂന്നാം ലിംഗക്കാരുടെ ജീവിതത്തെ നേരില്‍ കണ്ടു പഠിക്കുകയും അവര്‍ക്ക് വേണ്ടി സാമൂഹ്യപരമായ മനുഷ്യത്തപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍ ഈ പുസ്തകത്തില്‍ വളരെ വിശദമായി ആ വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. സമൂഹം ഇവരെയും തങ്ങളുടെ കൂട്ടത്തില്‍ കാണുകയും പരിഗണിക്കുകയും ചെയ്യും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല


1 comment:

  1. വളരെ വേദനിപ്പിച്ചിട്ടുണ്ട് ഇവരുടെ അനുഭവങ്ങളെക്കുറിചുള്ള വായനകള്‍... നല്ല വിവരണം ബിജു ..

    ReplyDelete