Monday, April 10, 2017

നിശബ്ദയാമങ്ങൾ

എന്നിൽ നിന്നും
പടിയിറങ്ങിപ്പോയത്
കാൽപ്പനികതയും
പിറകെ നീയുമാണ്.
നിറഞ്ഞ നിശബ്ദതയിൽ
നിന്റെ നോട്ടത്തിൻ സൂചിമുനകൾ
എന്നെ നോവിക്കുമ്പോഴും
നിന്റെ മുക്കുത്തിക്കല്ല്
കളിയാക്കിയെന്നെ നോക്കി
കണ്ണിറുക്കുമ്പോഴും
നിന്നെ ഞാൻ പ്രണയത്തിൽ മുക്കുവായിരുന്നു.
പ്രണയത്തിന്റെ ഏഴാം വളവിൽ
ഇറ്റുവീണ തുള്ളികൾക്ക്
നീയൊരു നിറം നല്കി.
ഓർമ്മകളുടെ നിലാപുതപ്പിൽ
അലസം നീ മയങ്ങുമ്പോൾ
ത്രസിച്ചു നിൽക്കുന്ന മുലക്കണ്ണുകൾ
നിന്റെ സ്നേഹത്തെയടയാളവാക്യമാക്കുന്നു.
കിതച്ചു കൊണ്ടൊരു മരുക്കാറ്റ്
ഗാഫ് മരത്തിൽ അലച്ചു വീഴുന്നു.
ഉടുമ്പുകൾ മണൽ പുതപ്പ് മാറ്റി
തണുത്ത രാത്രിയിൽ കാറ്റു കൊള്ളാനിറങ്ങുന്നു .
ചിത്രശലഭത്തിന്റെ അടർന്ന ചിറകുകൾ
നക്ഷത്രങ്ങളെ നോക്കി തേങ്ങലടക്കുന്നു.
നമുക്കിടയിലെ നേർത്തൊരു ചരട് പൊട്ടാൻ വിങ്ങി നിൽക്കേ
ഒരു വാക്കു മിണ്ടാതെ നീയകലുന്നു
ഉഷ്ണം പുകയുന്ന ശയ്യയിൽ
മണ്ണിരകൾ പുളയുന്നു.
എനിക്കു നിന്റെയടരുകളെ പൊള്ളാതെ സൂക്ഷിക്കണം.
വിരലുകൾക്ക് ഉമ്മ വയ്ക്കാനറിയുമെന്നെന്നെ
പഠിപ്പിച്ചത് നീയാണ്.
എല്ലാ വഴികളും നിന്നിലേക്ക് അവസാനിക്കുന്ന കാലം!
നമുക്കിടയിൽ മഞ്ഞപ്പൂക്കൾ വിടർന്നുല്ലസിക്കുന്നു
എത്ര പെട്ടെന്നാണ് നാം രണ്ടു ദ്വീപുകളായത്.
നിറയെ ജീവിതം പൂവിടർത്തിയ
നീയെന്ന ദ്വീപിനെ
തരിശുനിലമായ ഞാൻ നോക്കി നിൽക്കവേ
നോക്കൂ ,
ഒരു വേലിയേറ്റത്തിരയിൽ മറയുവാൻ
ഞാൻ കൊതിക്കുന്നതിലെന്താണ് തെറ്റ്?
അല്ലെങ്കിൽത്തന്നെ
നമ്മൾ എന്നാണ് പ്രണയം തുറന്നു പറഞ്ഞത്?
നിഴലുകളുടെ മറവിലായിരുന്നു നാം.
വെളിച്ചം അകലുന്ന കാലങ്ങളിൽ
വെളിച്ചപ്പെട്ടിരുന്നവർ!
ഒരു സൂര്യനെ സ്വപ്നം കാണാൻ
കനലിന്റെ കൈ പിടിച്ചതും
ഒരു ചന്ദ്രനെ എത്തിപ്പിടിക്കുവാൻ
ഒരു ചുമലാകാൻ പരസ്പരം മത്സരിച്ചതും..
ഉഷസ്സിന്റെ സൗന്ദര്യം മനസ്സിൽ നിറച്ചു
യാത്ര ചെയ്യാൻ തുടങ്ങിയവർ .
ഇപ്പോൾ കടൽ ശാന്തമാണ്.
തിരകൾ ഇല്ലാത്ത
കാറ്റു വീശാൻ മറന്ന ഇടം.
യാത്ര പോകണമെനിക്കിനി .
ആഴങ്ങളുടെ ആഴങ്ങളിലെ
ഭീതിപ്പെടുത്തുന്ന ഇരുട്ടിലേക്കാഴ്ന്നിറങ്ങണം.
ഒളിച്ചു പാർക്കാൻ ഒരിടം !
നിന്റെ ഓർമ്മകളുടെ നീർക്കുമിളകൾ
ശാന്തമായ മുകൾപ്പരപ്പിൽ
അവസാനത്തേതും
എണ്ണിക്കഴിയുമ്പോൾ
നീ ആകാശത്തെന്നെ തിരഞ്ഞു തുടങ്ങും.
നിന്നെ ചൂഴ്ന്ന് നില്ക്കുന്ന കാറ്റിൽ നിറഞ്ഞ
എന്റെ ഗന്ധം നീയറിയുകയേയില്ല
കാരണം നീയൊരിക്കലുമെന്നെ അറിഞ്ഞിട്ടില്ലല്ലോ......
              ബിജു.ജി.നാഥ് വർക്കല



No comments:

Post a Comment