Wednesday, September 30, 2015

പുറപ്പെട്ടുപോകുമ്പോൾ


ഇരുളിലേയ്ക്കെന്നെയെറിയുമ്പോഴോക്കെയും
തിരിയുമായ്‌ നീ വരുവതെതെന്തിങ്ങനെ ?
കനലുപോലുള്ളിൽ പുകയുന്ന മൗനം
കൂടെയുണ്ടെന്നെ കൊണ്ടുപോകാനറിയുക .
പിന്തിരിയുക ,
മടുപ്പിന്റെ പുതപ്പാൽ മുഖം മറച്ചു
അകലുക
നമ്മളെന്നോ മരിച്ചവർ .
പ്രണയം പറഞ്ഞും ,
മധുവോലും പ്രിയം ചൊല്ലിയും
വരുകില്ലിനി മരവിച്ചൊരീ ദേഹിയെന്നറിയുക.
ആരുമല്ലെന്ന ബോധം നൽകിയ
ആത്മനിർവൃതിയുള്ളിൽ നിറച്ചു ഞാൻ
യാത്രയ്ക്കൊരുങ്ങുന്നു ,
പിൻവിളി വിളിച്ചീടായ്കിനി.
----------------------ബിജു ജി നാഥ്

ഡിജിറ്റൽ ഇന്ത്യ


വെളിക്കിറങ്ങാൻ കുറ്റിക്കാടും ,
റെയിൽ , ഹൈവേ ഇടങ്ങളാണെങ്കിലും .
പിടിക്കണം കയ്യിൽ അന്നേരവും
നെറ്റുള്ളോരു ടാബെങ്കിലും.
തിളങ്ങട്ടെ ഭാരതം വാനോളം
ഡിജിറ്റലായി തന്നെയെന്നും .
--------------------------ബി ജി എൻ

അളവു പാത്രങ്ങൾ


വിശ്വാസ്യതയുടെ നീർക്കുമിളകൾ,
ജീവിതം തിരയുന്ന തണൽ ,
കണ്ണീരിന്റെ ഉപ്പളങ്ങൾ,
സമസ്യകളാണ് മനുഷ്യജന്മം .

ഇലയടർന്നു വിരൽ ശോഷിച്ച
ഉണക്കമരങ്ങൾ,
ജലമകന്നു വിണ്ടുണങ്ങിയ
പുളിനങ്ങൾ,
നിശബ്ദത കൂട് കെട്ടിയ
വീടുകൾ ,
ലോകം മൗനത്തിലാണ്.

വാക്കുകൾ കൂട്ടിവച്ചും ,
പുഞ്ചിരി മുഖത്തണിഞ്ഞും ,
നിറക്കൂട്ടുകൾ വാരിയണിഞ്ഞും ,
നമുക്കിനിയഭിനയിക്കാം .
----------------ബിജു ജി നാഥ് 

Saturday, September 26, 2015

തമോഗർത്തങ്ങൾ

ബോധതന്ത്രികളിൽ വലിഞ്ഞു മുറുകുന്ന
ശോണവർണ്ണങ്ങൾ തന്നിരുളിമയെങ്കിലും,
ഭോഗമോഹങ്ങൾ വരിഞ്ഞു കെട്ടിഞാൻ
ആടിടുന്നുണ്ട് സാത്വിക നടനങ്ങളുലകിൽ .
----------------------------------------ബിജു.ജി.നാഥ്

Thursday, September 24, 2015

വെളിച്ചം ദുഃഖമാണുണ്ണീ.


ഇരുട്ട് നിറയും മനസ്സിലാകാം
മിന്നാമിനുങ്ങുകൾ വെളിച്ചം വിൽക്കുക.
വെളിച്ചം കൊതിക്കും മനസ്സത്
ആർത്തിയോടെ വാങ്ങിയെടുക്കും.

കാലത്തിന്റെ
സമയത്തിന്റെ
നഖമുനകൾ കൊണ്ട് പോറുമ്പോൾ
നാം വെളിച്ചം വേദനിപ്പിക്കുന്നതറിയും.

പൊള്ളുന്ന വെളി ച്ചത്തിൻ നോവിൽ
വെളിച്ചവും ഇരുളാകുന്നതങ്ങനെയാകാം .
----------------------------------------ബിജു ജി നാഥ് 

Saturday, September 19, 2015

ഒഴുക്കിലകൾ


പ്രണയനദിയിൽ നാം രണ്ടിലകളായി
അലകളിൽ അലസമൊഴുകുന്നുവൊ!
വിരലുകൾ തമ്മിൽ കൊരുത്തും,
ചുണ്ടുകളെ തേനുണ്ണാൻ വിട്ടുമീ-
ഇരുകരകളെ ലജ്ജിപ്പിച്ചകലും
പേരില്ലാത്ത രണ്ടിലകൾ നാം .

മതിവരാത്ത ജീവിതദാഹത്താൽ
പുളിനങ്ങളിൽ തടഞ്ഞൊട്ടു നിന്ന്
ഗതിമാറിയൊഴുകുവാൻ വഴികൾ തേടുന്നവർ .

ഒഴുകിയകലുവാനശക്തമായ് ഒട്ടിട
പുണരുവാനിടം തേടിയൊളിച്ചുമേ
അകലുവാനാകാതെ മേൽക്കുമേൽ
ഇറുകെയാഴങ്ങളിൽ നങ്കൂരമിട്ടുനാം
ഒഴുകുകയാണ് സമയനദിയിലായ്
കടന്നുപോകും തീരങ്ങൾക്ക് സമാന്തരം.
--------------------------------------ബിജു ജി നാഥ് 

Wednesday, September 16, 2015

നീയനാമിക മമ പ്രേമിക


നിന്റ ചാരത്തോരിത്തിരി നേരം
തിങ്കളിൻ ശീതളശ്ചായ നുകരുവാൻ

വന്നിരുന്നീടാൻ കുതിക്കും മനസ്സിനെ
വയ്യടോ  ബന്ധിച്ചിടുവാനിനിയുമേറെ.

നീ അഴിച്ചിട്ടൊരാ ചികുരത്തിനപ്പുറം
അന്ധകാരം മമ ചിത്തത്തിലെന്നുമേ

നീ വിരൽത്തുമ്പാൽ നൽകും കുളി,രില്ല മകരത്തിന്റെ നീണ്ട നഖങ്ങൾക്കും.

നിന്റെ മനോജ്ഞമാം വാണിക്കുമേൽ
ഇല്ലൊരു സംഗീതമീയുലകിലെങ്ങുമേ

നിന്റെ ഗന്ധത്തിനുമപ്പുറമൊന്നിനുമില്ല-
യുണർത്തുവാനെൻ രാഗതന്തുക്കളെ.
------------------------------------ബിജു ജി നാഥ് 

Tuesday, September 15, 2015

മൂടു മറക്കുമ്പോൾ


ഉത്സവങ്ങളുടെ  വേലിയേറ്റത്തിൽ
മതിമറന്നൊരു വേനൽമരം പണ്ട്
ശാഖകളിൽ ചേക്കേറിയ കിളികളെ
കുലുക്കിയെറിഞ്ഞു നൃത്തമാടിയത്രേ.
ഇന്നു കൂടൊഴിഞ്ഞ മരത്തിന്റെ ഇല-
കൾ ഭക്ഷിച്ചും ശാഖകൾ മുറിച്ചും
തിത്തിരിപക്ഷികൾ ചിലയ്ക്കുമ്പോൾ
ഏകാന്തതയുടെ ദുഃഖം പാടിയാ മരം
കാലത്തിന്നുമ്മറപ്പടിയിലിരിക്കുന്നു .
----------------------------ബിജു ജി നാഥ് 

Sunday, September 13, 2015

നീ എഴുതാനാവാത്തോരെൻ kavitha


പ്രിയതേ നിനക്കായെഴുതിയില്ലൊരിക്കലും
അക്ഷരങ്ങളെ സ്നേഹിച്ചിട്ടിന്നേവരെ.
എങ്കിലും പരിഭവമില്ലാതെ പിണങ്ങാതെ
എന്നോട് കൂടെയുണ്ടെന്നും നീ നിഴലായ് .

ഇന്നീ വരികളിൽ നീ നിറഞ്ഞീടുമ്പോൾ
ചെമ്മേ വിരിയുന്നു മുല്ലമൊട്ടുകൾ ചുറ്റും.
ഇന്ന് നിൻ മിഴികളെ ഓർക്കുമ്പോൾ മേലെ
താരകങ്ങൾ പ്രിയേ കലമ്പുന്നെന്നോടേവം.

പിണക്കം നടിച്ചതാ ചന്ദ്രിക മറയുന്നു
നിന്നുടെയാനന,മെൻ മനം നിറയുമ്പോൾ.
മാരുതൻ തല്ലി മെല്ലെയെൻ കപോലത്തിൽ
നിന്നുടെ ഗന്ധം പേറി വന്നതാണാ ചോരൻ.

മഞ്ഞുനൂൽ പുതപ്പെന്നെ ഉമ്മവച്ചകലുന്നു
നമ്മളൊന്നായ് കണ്ട കനവോർമ്മയാകുന്നു
ഗ്രീഷ്മമാണെങ്ങും ചുറ്റും വരണ്ടകണ്ണീർച്ചാ-
ലടർന്നു പടരുന്ന നിലാവിൻ തേങ്ങൽമാത്രം.

വരികൾ മറയുന്നു പ്രണയമകലുന്നു നമ്മി-
ലുരുവാകുന്നു സ്നേഹപാശത്തിൻ മുകുളം
അരികിൽ ഉറങ്ങുവാൻ വിട്ടു ഞാൻ വീണ്ടും
പ്രണയമഴയിലായ് കവിത ചൊല്ലുന്നേവം .

Saturday, September 12, 2015

സമസ്യ

ജീവിതമേ, നീയെന്നെ എന്തിനീ
ചരൽ മുറ്റത്തീ വിധം
നഗ്നപാദനായലയാൻ വിട്ടിടുന്നു പിന്നെയും:....
-------------------------ബി.ജി.എൻ വർക്കല

വരും കാലം


ഭൂമിയെ പരത്തിയ കാലത്തെ
തിരുത്തിയെഴുതിയവൻ രക്തസാക്ഷി.
ദൈവദാസനെന്നു സ്വയം പറഞ്ഞവനെ
അവഹേളിച്ചവർ ചരിത്ര ദുരന്തം.
ആചാരങ്ങളും വിശ്വാസങ്ങളും
തെറ്റെന്നു പറഞ്ഞവർക്കു വെടിയുണ്ടകൾ.
പറയൂ ഇനിയെങ്കിലും.
നിങ്ങൾ ഭയക്കുന്നതെന്തു?
അക്ഷരങ്ങളെയോ?
വാക്കുകളെയോ?
ചിന്തകളെയോ ?
ആവില്ല നിങ്ങൾക്കരിയുവാൻ
നാളെയുടെ നാമ്പുകൾ തൻ ജിഹ്വയെ.
കൊന്നുതള്ളുമോരോ ചിന്തയിൽ നിന്നും
ചർവ്വാകരുയിർക്കും
മറുപടിയില്ലാ ചോദ്യങ്ങളുമായ്,
നിങ്ങളുടെ മക്കളായി.
മൂർച്ച കൂട്ടിടുക
ആയുധങ്ങളവർക്കായ്.
കാത്തിരിക്കുക
ചവിട്ടി നിൽക്കുമീ മണ്ണൊലിച്ചു പോകും വരെ.
-----------------------------------ബിജു.ജി.നാഥ്

നിനക്കായ്

ഒരു നാൾ
ഇരുളിന്റെ ആഴങ്ങളിൽ ഞാൻ,
കാൽ വഴുതി വീണു പോയീടുമെങ്കിലും.
മധുരം, മനോജ്ഞം നിൻ മൃദുഹാസം മറയാതിരിക്കാൻ ,
എന്റെ വരികൾ നിനക്കേകിടുന്നു ഞാൻ.
--------------------------------------=ബിജു.ജി.നാഥ്

ഇന്ത്യയെന്ന രാജ്യം

ചിതലരിച്ച നിശാശലഭച്ചിറകുകളിൽ നിന്നും
പുകമണം മാറാത്തൊരടുപ്പിലേക്കു പകരും
വിശപ്പിന്റെ കണ്ണീരുപ്പു ചേർത്ത മൗനമേ
നിനക്കിന്ത്യയെന്ന പേരിടട്ടയോ ഞാനിനി .
---------------------------------------ബിജു. ജി. നാഥ്

മരണം


എപ്പോഴുമിങ്ങനെയാ,
എഴുത്തുമേശയിൽ ഞാനെത്തുമ്പോൾ
ആകാംക്ഷയോടെ
അത്യാർത്തിയോടെ
അവൾ വരും.
നീണ്ട മുടിയിഴകൾ
ഇരുവശവും ഊർത്തിട്ടു
മേശമേൽ കൈമുട്ടുകളൂന്നി
ഇരു കവിളുകളിൽ കൈപ്പത്തി താങ്ങി
എഴുത്തിലേക്കു നോക്കി നിൽക്കുo.
വിടർന്ന ചുണ്ടുകളിലേയ്ക്കും
അനാവൃതമായ
മുലയിടുക്കിലേയ്ക്കും നോക്കി
ഞാനും.
അവളെക്കുറിച്ചെഴുതാനെനിക്കോ
അതു വായിക്കാനവൾക്കോ
ഇനിയുമായിട്ടില്ല.
.. ..................... ബിജു ജി നാഥ്:

യാത്രികർ നാമിരുവർ


വിളറിയ പകലിന്റെ മൗനം നിറഞ്ഞ
തെരുവിനെ സന്ധ്യ മുഖരിതമാക്കവേ
നടവരമ്പിലൂടെന്നെ നയിക്കുന്ന ലക്‌ഷ്യം
പ്രിയമവള്‍ തന്നുടെ സമാഗമമൊന്നേ.

വിശ്രമ മുറിതൻ ഒരുകോണിലായ്
നെറ്റിൻ വലയിൽനിന്നൂർന്നിന്നു നീയും
മിഴികളുയർത്തി നോക്കുമ്പോളെന്നുള്ളില്‍
പടഹധ്വനിയൊന്നുണർന്നതു പോലവേ.

ഒരു മേശതന്‍  അരികിലായിരുവരും
പാണ്ടിതൻ ദോശയെ കീറിമുറിയ്ക്കവേ
ഒരുരുള കിട്ടാൻ കൊതിയ്ക്കുന്ന പൈതല്‍
ഉള്ളിലെങ്ങോ വിരല്‍ കൊണ്ട് തൊട്ടുവോ .

യാത്രികരെ വയറൊഴിഞ്ഞും നിറച്ചും
പുകവണ്ടികൾ തലങ്ങും വിലങ്ങും
വരുവാത്തതെന്തെന്ന ചോദ്യം മുഴക്കി
പാളം തകർത്തു മറയുന്ന രാത്രിയും  .

ഒരു കൽബഞ്ചിന്റെ ഓരത്തു നാം രണ്ടു
ലോകങ്ങളിൽ നിന്ന് പുറമേവരുവാനായ്
വെറുതെ ശ്രമിയ്ക്കുന്ന ഭാവം നിറച്ചും
വിരലുകൾ കോർത്തുമഴിച്ചുമിരുന്നുവോ.

വികാരങ്ങൾ മരവിച്ച നിൻ തനുതന്‍
തണുവിലെന്‍ ചൂടാർന്ന ദേഹിയെ ഞാനും
സാന്ത്വനമോ പരിലാളനതന്‍  ഓർമ്മയോ
കനവുകൾ തേടി ചുമലൊന്നു താങ്ങിയോ.

ഒടുവിൽ ഇരുളിന്റെ പകുതി കഴിയവേ
ഒരുപോലെ വന്നു തലങ്ങും വിലങ്ങുമായ്
പിടിവിട്ടു നാം രണ്ടു ധ്രുവങ്ങൾ തേടും
നിമിഷം ഇതെന്റെ മരണം പോലല്ലോ .

ഏകനായ് പുകതുപ്പുമീ യാനമൊന്നിൽ .
പോയനിമിഷങ്ങളെയോർത്തൊന്നുറങ്ങാതെ
അകലുന്നു. പുലരിയെ പുണരാൻ വെമ്പുമീ
രാവിനെ പോലെ വേഗത്തിൽ ഞാനുമേ .
----------------------ബിജു ജി നാഥ്