Friday, May 22, 2020

അടയാളം

അടയാളം
.................
ദുരൂഹതയുടെ മൗനത്തിൽ
ജീവിതത്തിനർത്ഥം ഒളിപ്പിച്ചു കൊണ്ടാകണം
ഉഷസ്സിൻ്റെ കണ്ണുവെട്ടിച്ചു
ഇരുള് നടന്നകന്നത്.
പകൽനക്ഷത്രങ്ങൾ ചിരിക്കുകയും
കടലലകൾ കരയുകയും ചെയ്യുന്ന
വിജനമായ തുരുത്തുകളെ സ്വപ്നം കാണുകയും
മഞ്ഞമണൽസമുദ്രത്തിലേക്ക്
കൊടിയവിഷവുമായി ഇഴഞ്ഞു പോകുകയും 
അനന്തരം സ്മൃതിയാകുകയും ചെയ്യുന്നത്.
ചരിത്രത്തിൻ്റെ കൗതുകം പോലെ,
വഴിതെറ്റിയ ഏതോ സഞ്ചാരി
ഉണങ്ങിയ അസ്ഥിത്തുണ്ടുകളിൽ
പൊതിഞ്ഞുകിടക്കുന്ന കറുത്ത തൊലിക്കൂടിനെ നോക്കി
ഒരിക്കൽ പ്രണയമെന്ന് വിളിച്ചേക്കാം.
ഇലകൾ തളിർത്തു തുടങ്ങുന്ന 
ഗാഫ് മരശിഖരത്തിലപ്പോൾ
നിശബ്ദം ഒരു കിളിയിരുന്ന് വെയില് തിന്നുന്നുണ്ടാകും.
.... ബി.ജി.എൻ വർക്കല

Wednesday, May 20, 2020

പ്രണയകാമസൂത്രം ആയിരം ഉമ്മകൾ...........സി.എസ്.ചന്ദ്രിക

പ്രണയകാമസൂത്രം ആയിരം ഉമ്മകൾ (കുറിപ്പുകൾ )
സി.എസ്.ചന്ദ്രിക.
ഡി.സി.ബുക്സ് (2018)
വില: ₹ 125.00

മനുഷ്യ ജീവിതം അടയാളപ്പെടുത്തുന്നത് നിരന്തരമായ പരിവർത്തനങ്ങളുടെ ഫലത്തെയാണ്. ഓരോ സമൂഹവും പുറന്തള്ളുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന നന്മതിന്മകളെ പിൽക്കാലം സംസ്കാരമായും ആചാരമായും കൂടെക്കൂട്ടും. അടുത്ത ഒരു സമൂഹം ഉണ്ടായി വരുന്നത് വരെ മാത്രമാണതിൽ പലതിനും ആയുസ്സുണ്ടാവുക. മനുഷ്യവർഗ്ഗം മറ്റു ജീവജാലങ്ങളിൽ നിന്നും വേറിട്ട് നില്ക്കുന്ന ചില കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് സന്താനോത്പാദനത്തിന് വേണ്ടി മാത്രമുള്ള ഒരു ലൈംഗികബന്ധ സംസ്കാരം ഉള്ള ജീവിവർഗ്ഗം അല്ല മനുഷ്യൻ എന്നതാണ്. വയറു നിറയെ ഭക്ഷണം ലഭിച്ചു കഴിഞ്ഞാൽ അവന് വേണ്ടത് സ്വന്തം ശരീരത്തിൻ്റെ ലിംഗവിശപ്പ് അകറ്റുക എന്നതാണ്. പരമ്പരാഗതമായി മനുഷ്യവർഗ്ഗത്തിൽ പുരുഷൻ്റെ ചില കാഴ്ചപ്പാടുകളും അധികാര കേന്ദ്രങ്ങളും ഉണ്ട്. ആ ആണധികാരത്തിൻ്റെ വാൾമുനയിൽ അവൻ്റെ ലൈംഗിക ചോദനകളുടെ ശമനം നല്കാനുള്ള ഒരു ശരീരയന്ത്രം മാത്രമാണ് പെണ്ണുടൽ എന്ന ചിന്താഗതി തലമുറകൾ കൈമാറി വരുന്ന ഒന്നാണ്. ഒരു പക്ഷേ ഹോമോസാപ്പിയൻ്റെ ജീനുകളുടെ കോഡിൽ ഇതൊരു അടയാളമായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നുണ്ടാകാം ഇതിനകം. ഈ ആണധികാരം അവൻ കാത്തു സൂക്ഷിച്ചിരുന്നത് രഹസ്യമായ ഒരു വസ്തുതയായിരുന്നില്ല. ഭാരതം ലൈംഗികതയുടെ തുറന്ന ആകാശമായിരുന്നു ഒരു കാലത്ത്. ഈ വസ്തുതയെ സാധൂകരിക്കുന്നത് കാമസൂത്ര ,കോകശാസ്ത്രം, അനംഗരംഗ എന്നീ ഗ്രന്ഥങ്ങളും അജന്ത എല്ലോറ ഖജൂരാഹോ ശില്പങ്ങളും ഒക്കെക്കൊണ്ടാണ്. ഇവയിലൊക്കെയും സ്ത്രീയെ എങ്ങനെയൊക്കെ എവിടെ വച്ചൊക്കെ ഏതൊക്കെ പ്രായത്തിൽ രതിയിൽ ഏർപ്പെടാം എന്നൊക്കെയുള്ള വിവരണങ്ങളും അവൾ എങ്ങനെയൊക്കെ അവനെ രതിയിൽ സന്തോഷിപ്പിക്കണം എന്നും അവളിൽ എവിടെയൊക്കെ നഖം, പല്ല്, ആയുധം എന്നിവയാൽ മുറിവുകൾ സൃഷ്ടിക്കാം എന്നും ഒക്കെത്തന്നെയാണ്. സ്ത്രീ, പുരുഷശരീരത്തിലെ വ്യത്യാസങ്ങൾ അടിസ്ഥാനമാക്കി തരാതരം തിരിച്ചു പുരുഷന് തിരഞ്ഞെടുപ്പു സുഗമമാക്കാൻ ഈ ഗ്രന്ഥങ്ങൾ പരമാവധി ശ്രമിക്കുന്നു. ഇതിന് സമാനമായ ലൈംഗിക ഗ്രന്ഥങ്ങൾ അന്യ രാജ്യങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. ഫോർബിഡൻ ലവ്സ് എന്ന പേരിൽ അറബിയിലുണ്ടായിരുന്ന അത്തരം ഒരു പുസ്തകം വായിച്ചത് ഓർമ്മയിൽ വരുന്നുണ്ട്. ഈ ആണധികാരത്തെ അവൻ ശക്തമായി അടിച്ചേൽപ്പിക്കുകയാണുണ്ടായത്. ഇതിൽ നിന്നും അവളെ കുതറി മാറാൻ അനുവദിക്കാതെ മതമെന്ന തത്വപുസ്തകത്തിലൂടെയും ദൈവം എന്ന ആൺസങ്കൽപ്പത്തിലൂടെയും അവന് അവളെ അധീശതയിൽ വരുത്താൻ ശാസനകളും ശിക്ഷകളും നല്കിയിട്ടുള്ളതായി കാണാം. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയാണ് . മനുസ്മൃതിയും അതിനു ശേഷം നൂറ്റാണ്ടുകൾക്ക് ശേഷം വരുന്ന ഖുറാനിലും അവൾ നിൻ്റെ വിത്ത് വിതയ്ക്കാനുള്ള നിലമാണ് എന്ന സാമ്യത ദൈവ സങ്കല്പത്തിലൂടെ പറഞ്ഞു വയ്ക്കുന്നത് ഇതിന് രണ്ടു കാലങ്ങളിലെ രണ്ടിടങ്ങളിലെ ചിന്തയുടെ സാമ്യത തെളിവായി തരുന്നുണ്ട്. 

ലൈംഗികതയുടെ കാര്യത്തിൽ പൊതുവേ മലയാളി ഒരു ദരിദ്രനാണ്. ശരിയായ ലൈംഗികത അവൻ അറിയുന്നില്ല എന്നാണ് സമൂഹത്തിലെ എക്കാലത്തെയും വായനകളും പഠനങ്ങളും പറഞ്ഞു തരുന്നത്. ലൈംഗികതയെന്നാൽ മാവേൽ ഓടിക്കേറി  മാമ്പഴം പൊട്ടിച്ചെടുത്ത് കടിച്ചു നോക്കി വലിച്ചെറിയുന്ന ഒരു പ്രവണതയാണ്  എന്നവൻ വിശ്വസിക്കുന്നു. ഇതാണ് രതി എന്നും ഇതല്ലാതെ ഒന്നും സംഭവിച്ചു കൂട എന്നും പൊതുവേ മലയാളിസ്ത്രീയും ആഗ്രഹിക്കുന്നു. വിനീതദാസിയായി കാലുകൾ അകറ്റി വച്ച് കൈകൾ തലയുടെ ഇരുവശം വച്ച് കണ്ണുകൾ അടച്ചു യന്ത്രം പോലെ കിടക്കുക എന്നതാണ് ലൈംഗികത എന്ന ധാരണയിലാണവരും. ഉത്തമ കുടുംബിനി, കുലസ്ത്രീ പട്ടം ലഭിക്കാൻ ഇതാവശ്യമെന്നവൾ ധരിച്ചു വയ്ക്കുന്നു. ഇതിന് വിപരീതമായി അവനെ തിരിച്ചു കടന്നു പിടിക്കുകയോ അവൻ്റെ മുകളിലേറുയോ ചെയ്താൽ, രതി ശീല്ക്കാരങ്ങളോ, ശബ്ദങ്ങളോ പുറത്തു വന്നാൽ, എന്തിനേറെ അവൾ തനിയെ സ്വന്തം വസ്ത്രങ്ങൾ അഴിച്ചാൽ അവൾ വേശ്യയാകും അവൻ്റെയും അവളുടെയും മനസ്സിൽ. ആധുനിക സമൂഹത്തിൽ ഈ കാഴ്ചപ്പാടുകൾ മാറി വരുന്നുണ്ട് എങ്കിലും ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവത ഇന്നും വലിയൊരു ശതമാനത്തിൻ്റെ കാഴ്ചപ്പാടിനെ മേൽപ്പറഞ്ഞ അടിമ ജീവിത ശൈലിയാണ് കമനീയം എന്നു വിശ്വസിപ്പിക്കുന്നു. 
സ്ത്രീയുടെ ലൈംഗികത ഇന്നു വളരെ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണ്. ഈ ചർച്ചകളുടെ ആവിർഭാവത്തിന് ഫെമിനിസ ചിന്തയുടെ വികാസം കൂടി പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്. മാറിയ പെണ്ണിൻ്റെ കാഴ്ചപ്പാടിൽ നിന്നാണ് അവൾ എന്താണ് എന്നതും എന്താണവൾക്ക് വേണ്ടതെന്നതും തുറന്നു പറയേണ്ട ആവശ്യകത മനസ്സിലാക്കുകയും അത് വലിയ വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്യുന്നത്. കെ.ആർ ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം ഈ ഒരു കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ ഒന്നാണെങ്കിലും വ്യക്തമായ കാഴ്ചപ്പാടിൻ്റെയും നിലപാടിൻ്റെയും ഉറപ്പില്ലായ്മയും വ്യക്തതക്കുറവും കൊണ്ട് ആ പുസ്തകം അധികം ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാതെ പോയി. എന്നാൽ ഇതേ വിഷയത്തെ ശ്രീ സി.എസ് ചന്ദ്രിക അവതരിപ്പിക്കുന്ന രീതി കുറേക്കൂടി മെച്ചപ്പെട്ടതും ശാസ്ത്രീയവും ആയിട്ടാണ് അനുഭവപ്പെടുന്നത്. മുള്ളിനെ  മുള്ളു കൊണ്ട് എടുക്കുന്നതു പോലെ സ്ത്രീയുടെ ആവശ്യകത എന്താണ് എന്നും അവളുടെ ശരീരവും മനസ്സും എന്താണ് ആവശ്യപ്പെടുന്നത് എന്നും പുരുഷനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഒരു ശൈലിയാണിവിടെ കാണാനാകുന്നത്. താനെന്താണ് കരുതി വച്ചിരിക്കുന്നത് അതല്ല രതിയെന്ന് അവനെ ലളിതമായി ഓർമ്മിപ്പിക്കുകയാണ് ചന്ദ്രികയിവിടെ. ആറിഞ്ചു നീളമുള്ള ഒരു മാംസക്കഷണം അല്ല അവളെ അറിയാനും ആനന്ദിപ്പിക്കാനും ആവശ്യം എന്നും അത് പുറത്ത് വച്ച് കടന്നു വന്നാൽപ്പോലും അവളെ ആനന്ദിപ്പിക്കാനും രതിമൂർച്ഛയിൽ എത്തിക്കാനും കഴിയും എന്നും ആണഹന്തയുടെ മുഖത്തടിച്ചു പറയാൻ കഴിയുന്നിതിൽ എന്നത് ആ ഭാഷയുടെ കാവ്യഭംഗിയാണ് സാക്ഷി. വളരെ മനോഹരമായി പ്രണയം എന്ത് എന്നും പ്രണയ രതി എന്തെന്നും കവിതകളിലൂടെയും സൂര്യനും നിലാവും തമ്മിലുള്ള നാടക രീതിയിലൂടെ സംസാരിക്കുന്നതിലും കൂടി പറഞ്ഞു തരുന്നു ഈ പുസ്തകത്തിൽ. ഒടുവിൽ കാമസൂത്രയെക്കുറിച്ചു വിമർശനാത്മകമായ എന്നാൽ ഗഹനമായ പഠനത്തിൻ്റെ അടിസ്ഥാനപ്പെടുത്തുന്ന ഒരു ലേഖനത്തോടെ ഈ കുറിപ്പ് അവസാനിക്കുന്നു. സ്ത്രീയെ പ്രണയ നിമിഷങ്ങളിൽ വിളിക്കാൻ നാടൻ ഭാഷയിൽ എത്രയോ മനോഹര വിശേഷണങ്ങൾ ഉണ്ട് എന്ന് മനസ്സിലാകുന്നത് സി എസ് ചന്ദ്രിക അവതരിപ്പിക്കുന്ന നാനൂറോളം പദങ്ങളിൽ നിന്നാണ്. പുരുഷനെ വിളിക്കാൻ വളരെക്കുറച്ചു മാത്രമാണ് ലേഖിക നീക്കിവയ്ക്കുനത്. അതുപോലെ ചുംബനത്തിനെ എത്രയെത്ര കവിതകളിലൂടെയാണ് അടയാളപ്പെടുത്തുന്നത് എന്നത് കൗതുകകരമായ കാഴ്ചയാണ്.

ഇതിന് അവതാരിക എഴുതിയത് എഴുത്തുകാരൻ സക്കറിയയാണ്. വളരെ വിശദമായ ഒരു അവതാരിക അദ്ദേഹം എഴുതിയിട്ടുമുണ്ട്.
വായനക്കാരിൽ നല്ലൊരു വായനയും കാഴ്ചപ്പാടും നിറയ്ക്കാൻ സി.എസ് ചന്ദ്രികയുടെ ഈ കുറിപ്പുകൾക്ക് കഴിയും എന്ന ശുഭാപ്തി വിശ്വാസമുണ്ട്  ആശംസകളോടെ ബി.ജി.എൻ വർക്കല

Sunday, May 17, 2020

തിരക്കുള്ള ഒരു തെരുവോരം.

തിരക്കുള്ള ഒരു തെരുവോരം.
..................................................
ഒറ്റയായ് പിരിഞ്ഞു നാം
നില്പതെന്തിനീ തെരുവിന്നോരത്ത്.
ഇറ്റുനേരം പരസ്പരം നോക്കിൻ
യുദ്ധവും കഴിഞ്ഞൂ വിയർത്തിങ്ങനെ.
എത്രയാളുകൾ ഇടയിലൂടിതിനകം
തട്ടിമുട്ടി തിരക്കിൽ മാഞ്ഞു പോയ്.
എത്രയോ പേരുപേക്ഷിച്ച നിശ്വാസ
കാറ്റു നമ്മെപ്പൊതിഞ്ഞു കിടക്കുന്നു.
ഓടയിൽ നിറഞ്ഞു പതഞ്ഞൊഴുകും
നഗരമാലിന്യ ഗന്ധമറിയാതെ നാം
അത്തർപൂശിയ കാറ്റിൻ തലോടലിൽ
കാലവും സ്ഥലവും മറന്നുവോ.!
എന്തിനായ് പിണങ്ങി നില്ക്കുന്നു നീ
ഇന്നിതാ,യീ തെരുവിൻ്റെ ഓരത്ത്
എന്തിനായ് കണ്ണുകൾ നിറച്ചു നീ
എൻ്റെ നെഞ്ചിൻ നെരിപ്പോടിലൂതുന്നു.
നല്കുവാനായെന്തുണ്ട് ബാക്കിയെൻ
ഉള്ളിൽ ശേഷിക്കും ജീവനല്ലാതിന്ന്
എങ്കിലും നിൻ കണ്ണീരു വീഴാതെ
കണ്ടിടേണം മരണം വരേക്കുമേ.
ഉത്തരമില്ലാ മൗനനിമിഷങ്ങൾ തൻ കഫ-
ക്കട്ടകൾ വീണു മഞ്ഞിച്ച തെരുവിലായ്
ചത്തുവീഴുന്ന സൂര്യൻ്റെ രശ്മികൾ 
ചുട്ടുപൊള്ളിക്കും കാലടിപ്പാടുകൾ
മാറിമാറി ചവിട്ടി നാം നില്ക്കുന്നു
കൂവിയകലും ശകടങ്ങൾ തൻ ഭയമില്ലാതെ.
എത്ര നാളായി നടക്കുന്നു നാമീ രാജ്യ
നഗരപാതകൾ എത്രയോ കടന്നു പോയ്.
അന്നമില്ലാതെ വെള്ളവും കിട്ടാതെ
എത്ര മക്കൾ തളർന്നു വീണിട്ടും,
പ്രായമേകും കൂനിൻ ഭാരത്താൽ
വേച്ചു വീഴുന്ന വാർദ്ധക്യകാഴ്ച്ചയും
നോവു നല്കിയതില്ല നാം നടന്നില്ലേ ?
തുടനനച്ചൊഴുകിയകന്നൊരാ കൺകളെ
ഇറുന്നുപോയ പുഷ്പത്തെയെന്നപോൽ
വഴിയിലുപേക്ഷിച്ചു നടന്നു പോകുമ്പോഴും
നനവു കണ്ടതില്ല നിൻ കൺകളിൽ .
വരിക നാമിനിയും ലക്ഷ്യത്തിലെത്തുവാൻ
പോകതുണ്ടൊരു രാവും പകലുമേ
കടുകുപാടങ്ങൾ പൂക്കുന്ന മണമത്
ഉള്ളിലാവാഹിക്കുന്ന നിമിഷമതോർക്കുക.
പരിഭവത്തിനും പരിരംഭണത്തിനും
അധികനേരമില്ലായുസ്സുമോർക്കുക.
ഈ രാത്രിക്കുമപ്പുറം നാമെത്തുമ്പോൾ
കരിമ്പുപാടങ്ങൾ കാത്തിരിപ്പുണ്ടാകണം!
അതുവരേക്കും അമർത്തി ചവിട്ടി നാം
മറന്നിടേണമീ അടരുന്ന വേദന.
അതുവരേക്കും ഉള്ളിൽ സഹിക്കണം
നമ്മുടെ ചുട്ടുനീറുന്ന കാലടിപ്പാടുകൾ.
..... ബി.ജി.എൻ വർക്കല





Saturday, May 16, 2020

ഉന്മാദ ഗീതം

ഉന്മാദ ഗീതം
....................
പ്രണയിക്കുന്നെങ്കിൽ ഇങ്ങനൊരുവളെ പ്രണയിക്കണം.
അല്ലല്ല
ഇങ്ങനൊരുവളുടെ പ്രണയം കിട്ടണം.
മദ്യപിച്ചു മരിക്കടാ എന്നു ആശീർവദിക്കണം
വിഷാദഗീതങ്ങൾ തുരുതുരെ തന്ന്
കേട്ട് പണ്ടാരമടങ്ങടാന്ന് പറയുന്നവളാകണം.
വിഷാദിച്ച് മരിക്കടാന്ന് പറയുന്നവളാകണം..
നിന്നെ പ്രണയിക്കാൻ എൻ്റെ പട്ടി വരുമെന്നു
കുണ്ടി കുലുക്കി തിരികെ നടക്കുവളാകണം.
ആ പാനി കീ മഡ്ക നീച്ചേ രഖോ ഭോസടീക്കേ 
എന്ന് പറയുന്നവളാകണം. 
പിടിച്ചു നിർത്തി ചുണ്ടുകൾ വലിച്ചു കുടിക്കുമ്പോൾ
കുതറി മാറാൻ പൊരുതുന്നവളാകണം.
എന്നെ നിനക്ക് കിട്ടില്ലടാന്ന് കുതറുമ്പോൾ
കാലുകൾ വലിച്ചകത്തി ഭോഗിക്കാനും
തളർച്ചയുടെ ഉന്മത്തതയിൽ
തോളിൽ പല്ലുകളമർത്തി ഞെരിച്ച്
നിന്നെയെനിക്കിഷ്ടമാടാന്ന് പറയുന്നവൾ!
പക്ഷേ, 
അങ്ങനൊരുവളെ എവിടാ കണ്ടെത്തുക,
..... ബി.ജി.എൻ വർക്കല


Thursday, May 14, 2020

പകലിന്നിരുട്ടറയിൽ തപം ചെയ്യുവോർ

പകലിന്നിരുട്ടറയിൽ തപം ചെയ്യുവോർ
...................................................................
പൂർണ്ണനിലാവിൻ്റെ പാൽ ഞരമ്പുകളിൽ
പച്ച ഞരമ്പുകൾ പിണഞ്ഞു കിടക്കും
മുഗ്ദ്ധ വാത്സല്യശോഭയിലനുരക്തനായ്
തപ്തഹൃദയത്തിൻ വേപഥുവില്ലാതെ
ഭക്തനായ് നിൻ്റെ കാല്കളിൽ വീഴുന്നു.

ഓമൽ കരങ്ങളാൽ വാരിയെടുത്തെന്നെ
മാറോട് ചേർത്തു നീയാമോദം പുൽകവേ!
സപ്തസ്വർഗ്ഗങ്ങൾ കാൽക്കൽ വരുന്നെൻ
ശപ്തമീ ജീവിതം പൂകുന്നു നിർവൃതി.

ഓർക്കുക നീയെൻ പ്രിയമാനസമേ
നിൻ, പ്രണയമിഴികൾക്ക് മുന്നിൽ ഞാൻ
ഉഷഃസൂര്യൻ്റെ ദുർബലരശ്മിയിൽ പോലും
ഉറഞ്ഞു പോകുമൊരു തുഷാരബിന്ദു.

കലഹം പറഞ്ഞും പിണക്കം നടിച്ചും
നിറയേ പരിഭവപിറുപിറുക്കൽ കൊണ്ടും
വരുന്നു പോകുന്നു ദിനങ്ങൾ നിത്യവും
ലളിതം, നരച്ച നിൻ മുടിനാരിഴകൾ പോലെ.

എത്ര ദൂരെയാണ് നാമെന്നത് മറക്കാതെ
എത്ര ഹൃസ്വമിനി ജീവിതമെന്നതോർത്ത്
നില്ക്കുന്നു നാം രണ്ടു ലോകത്തിലിന്നിഹ
മൗനം, വിളക്കണച്ച പകലിന്നിരുട്ടറയിൽ....
........ ബി.ജി.എൻ വർക്കല

തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ ........അഭിരാമി

തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ ... (കവിത)
അഭിരാമി 
ഡി സി ബുക്സ് (2014) 
വില: ₹ 50.00

വളരെ മുമ്പേ ശ്രദ്ധിക്കപ്പെട്ട ഒരു കവിയാണ് അഭിരാമി എന്ന കൊച്ചു മിടുക്കി, ചില ബ്ലോഗുകളിലും എഫ് ബി പോസ്റ്റുകളിലെ ചർച്ചകളിലും മറ്റുമായി വളരെ പ്രശസ്തമായി മാറിയ ഒരു കുഞ്ഞു കവിയുണ്ടായിരുന്നു. അഭിരാമി. ഇന്നാ കുട്ടിക്ക് കൗമാരം. അന്നത്തെ അഭിരാമിയെ വായിക്കുക എന്നത് കവിതയുടെ പുതിയ നാമ്പുകളുടെ രസമറിയുക എന്നു കൂടിയാണ്. പിൽക്കാലത്ത് കുറച്ചു കൂടുതൽ പ്രതിഭകളായ കുട്ടിക്കവികളെ വായിക്കാൻ കഴിഞ്ഞു. സ്കൂൾ കലാമേളകളിലും മറ്റും കവിതയിൽ പുരസ്കാരം നേടിയവർ എന്ന ലേബലിൽ പുതിയ പുതിയ പേരുകൾ വന്നു. ഒരു ഗൗതം എന്ന കുട്ടിയെ ഓർക്കുന്നു എഫ് ബി മൂലം. ഇപ്പോൾ ഒരു അനാമിക എന്ന കുട്ടിയെ വായിക്കാറുണ്ട്. ഗാഥ, ലാമിയ, അയ്യപ്പൻ തുടങ്ങി ആ നിര വളർന്നു വരുന്നത് സന്തോഷം നല്കുന്നു. ഞാൻ വായിക്കാത്തതും അറിയാത്തതുമായ ഒരു പാട് കുട്ടികൾ നമുക്കിടയിൽ അച്ചടക്കമുള്ള അക്ഷരങ്ങളും അമേയമായ പദവിന്യാസങ്ങളുമായി കവിത രചിക്കുന്നുണ്ട്. പ്രോത്സാഹനം നല്കേണ്ട അധ്യാപകരും രക്ഷിതാക്കളും പലപ്പോഴും പഠനം എന്ന കടമ്പയിൽ മിഴിയൂന്നി കവനം മതിയാക്കിക്കുന്ന , തല്ലിക്കൊഴിക്കുന്ന കാഴ്ചകൾ സുലഭം. 
അവരോട് അഭിരാമിക്ക് പറയാനുള്ളവ ഒരു പുസ്തകത്തിലേക്ക് അടുക്കിപ്പെറുക്കി വച്ച് തലക്കെട്ട് നല്കിയിരിക്കുന്നു ഏറെ കൗതുകത്തോടെ അതിങ്ങനെ വായിക്കുന്നു "തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ..." അതേ തീർച്ചയായും തിരക്കില്ലെങ്കിൽ എന്നല്ല തിരക്കുണ്ടെങ്കിലും ഒന്നു കേൾക്കുക. കാരണം 
അത്തറിൻ്റെ മണമുള്ള 
ഇരുണ്ട കൂട്ടിൽ നിന്ന്
ചിതറിയ ജീവിതത്തിൻ്റെ
ഇടനാഴിയിലേക്കിറങ്ങിയപ്പോൾ
ടീച്ചർ കേട്ടത്
നനഞ്ഞ വാക്കു മാത്രം (ഇവളെ തോല്പിക്കുക) എന്ന അനുഭവം മുന്നിലുണ്ട് വായനക്കാരേ ആ കൊച്ചു കുഞ്ഞിൻ്റെ  കൺമുന്നിൽ. കേൾക്കാതെ പോയ ശബ്ദങ്ങളാണ് പിന്നീട് ദുരന്തങ്ങളായി മുന്നിൽ നിന്നിട്ടുള്ളത് എന്ന് പറയാൻ മുന്നോട്ട് വരുന്നത് ഒരു കുട്ടി തന്നെയാകുമ്പോഴേ നാം കണ്ണു തുറക്കൂ. ഈ കുഞ്ഞു കവിയുടെ വാക്കുകൾക്ക് മധുരവും മൂർച്ചയും കയ്പ്പും ഉണ്ടാകും കാരണം 
കിളിർക്കാത്ത വാക്ക്
കയ്ക്കാത്ത കാഞ്ഞിരത്തിനോട് 
കണ്ണു നിറഞ്ഞ്
കൈകൾ കൂപ്പി
കാലം കരഞ്ഞുപറഞ്ഞ്
കടലിലേക്കിറങ്ങി (കടലിലായ വാക്ക്) പോയത് വെറുതെയല്ല. ഗൂഢമായ നിശബ്ദതയിൽ നിന്നു കൊണ്ട് ആഴമേറിയ ശബ്ദം ശ്രവിക്കുന്ന ഒരാളാണ് കവി. ആ കാതുകൾക്കും കണ്ണുകൾക്കും കാഴ്ചയാകുന്നത് സാധാരണക്കാരൻ അവഗണിച്ചു കടന്നു പോകുന്ന പലതുമാണ്. ഇന്നത്തെ കുട്ടികൾ ഒരു പക്ഷേ എന്നത്തേയും കുട്ടികൾ
നാടുകടത്തപ്പെട്ട വേരുകൾ അറ്റം കാണാനാവാതെ
ചെടിച്ചട്ടിയുടെ ആരത്തിൽ ഒതുക്കപ്പെട്ടിരിക്കുന്നു (ബോൺസായ് ) എന്ന സത്യം ഒരു കുട്ടിക്കു മാത്രമേ വിളിച്ചു പറയാൻ കഴിയുകയുള്ളു. 
ജീവിത ഗന്ധിയായ കവിതകൾ ആണ് അഭിരാമിയുടെ വരികൾ. അവ ഊർന്നു വീഴുന്നത് ക്ലാസ് മുറികളിലും വീട്ടകങ്ങളിലും ചുറ്റുപാടുകളിൽ നിന്നും ഒക്കെയാണ്. അവയിൽ സത്യസന്ധതയുടെ ഉഷ്ണവാതം പൊതിഞ്ഞിരിക്കുന്നത് കാണാനാകും. ജീവിത വീക്ഷണങ്ങളും ചിന്തയും ഒരു കുട്ടിയിൽ നിന്നും വേറിട്ട് വലിയ മനുഷ്യരുടെ തലത്തിൽ , ചിലപ്പോഴൊക്കെ താത്വികതയുടെ പുറംചട്ടയണിഞ്ഞ് വായനക്കാരെ വിസ്മയിപ്പിക്കുന്നുണ്ട് ഈ കവി. ജീവിതത്തിനെ വിമർശനബുദ്ധിയാൽ നോക്കിക്കാണുന്ന കൗതുകക്കണ്ണുകളാണ് ഈ കുഞ്ഞു കവിതകൾ പകരുന്നത്. 
കവിതകൾ പലപ്പോഴും വായിക്കുമ്പോൾ ഇതൊരു കുട്ടിയുടെ വരികൾ ആണെന്ന തോന്നൽ ജനിപ്പിക്കുന്നതേയില്ല അഭിരാമി എഴുതുമ്പോൾ . ചെറിയ പ്രായത്തിൽ തന്നെ പത്തോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതും ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ രചിച്ചിട്ടുണ്ട് എന്നതും ചെറിയ കാര്യമല്ല. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ്റെ നാട്ടുകാരിയായ ഈ മിടുക്കിയിൽ നിന്നും മലയാളം ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

Wednesday, May 13, 2020

ബലാല്‍ക്കാരം


ബലാല്‍ക്കാരം
..............................
അവള്‍ സുന്ദരിയായിരുന്നു .!
മുടിയിഴകളില്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞവൾ
ചുണ്ടിണകളില്‍ ചെറിപ്പഴത്തിന്റെ ചുവപ്പും
ആപ്പിള്‍ കവിളുകളും ഉള്ളവള്‍.
അവളുടെ മാറിടങ്ങള്‍ വിശാലവും വെളുത്തതുമായിരുന്നു.
വിടർന്ന കൈകള്‍ പരുന്തിനെപ്പോലെ വിടർത്തിയവള്‍.
അവളുടെ നാഭിച്ചുഴിയില്‍ ഉഷ്ണമായിരുന്നു
അവളുടെ അടിവയര്‍ ഒരു നിഗൂഡ വനാന്തരം പോലെ!
ഹരിതമാര്‍ന്ന അവളുടെ തുടകള്‍ അടച്ചു പിടിക്കും വിധം
കടലിലേക്ക് കാലുകള്‍ നീട്ടി പിണച്ചു പിടിച്ചു കിടന്നിരുന്നു .
ഒരിക്കല്‍ അവള്‍ ബലാത്കാരത്തിനു വിധേയമായി.
മുടിയിഴകളും
ചുണ്ടിണയും
മാറിടവും
നാഭിയും ഉടച്ചുവാര്‍ത്തവര്‍
അരക്കെട്ട് തേടി വന്നു .
നിരന്തരം അവരതിന് ശ്രമിക്കുന്നുണ്ടെങ്കിലും
അവളുടെ കാലുകള്‍ വിടര്‍ത്താനായിട്ടില്ല.
അടിക്കാട് പൂത്തു തന്നെ ഇരുന്നു
പക്ഷെ അവര്‍ക്കത്‌ തുറക്കാന്‍ കഴിയുന്നില്ല 
കടലിലെ തിരമാലകള്‍ കഴുകിത്തണുപ്പിക്കുന്ന പാദങ്ങള്‍
പിണഞ്ഞു തന്നെ കിടന്നു
അവള്‍ തോല്‍ക്കുമോ ?
------ബി.ജി.എന്‍ വര്‍ക്കല


Monday, May 11, 2020

രമണൻ ........ ചങ്ങമ്പുഴ കൃഷ്ണപിള്ള

രമണൻ (വിലാപകാവ്യം)
ചങ്ങമ്പുഴ കൃഷ്ണപിള്ള
സാഹിത്യ പ്രവർത്തക സഹകരണ സംഘം (1998)
വില: ₹ 60.00

ഓർമ്മയിൽ എന്നും തിളങ്ങി നില്ക്കുന്ന ചില വരികൾ ഉണ്ടാകും ഓരോ മനുഷ്യർക്കും. ഇത്തരം വരികളിൽ നിന്നും ഒരു കഥയോ കവിതയോ നോവലോ സിനിമയോ തികട്ടിത്തികട്ടി കടന്നു വന്നേക്കും. കുട്ടിക്കാലത്ത് ഏറെ കേട്ട ഒരു കവിതയാണ് രമണൻ. കമുകറയുടെ ശബ്ദ ഗംഭീര്യത്തിൽ കുറച്ചു വരികൾ ഓർമ്മയിൽ തങ്ങുന്നുണ്ടായിരുന്നു എങ്കിലും അത് രമണനിലേത് ആണെന്നറിയില്ലായിരുന്നു. കഥാപ്രസംഗ രൂപത്തിൽ രമണൻ ഉണ്ടായിരുന്നുവെങ്കിലും ആകെ കേൾക്കാൻ കഴിഞ്ഞ വരികൾ മലരണിക്കാടുകൾ തിങ്ങിവിങ്ങി മാത്രമായിരുന്നു താനും.  കൗമാരത്തിൽ, പ്രണയവും പ്രണയ നൊമ്പരങ്ങളുമായി നടന്ന കാലത്ത് മനസ്സിൽ ചിലപ്പോഴൊക്കെ വന്ന വരികൾ അങ്കുശമില്ലാത്ത ചാപല്യമേ മണ്ണിലംഗനയെന്നു വിളിക്കുന്നു നിന്നെയെന്ന വരികൾ ആയിരുന്നു. പിൽക്കാലത്ത് Frailty thy name is woman എന്ന് ഷേക്സ്പിയറിൻ്റെ വരികൾ ഉണ്ടായിരുന്നതായ് മനസ്സിലാക്കി. ഡയറിക്കുറിപ്പുകളിൽ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും ശോകാർദ്ര വരികൾ എഴുതി സൂക്ഷിച്ചിരുന്നു. ഇക്കാലയളവിൽ ഒന്നും രമണൻ എന്ന ഖണ്ഡകാവ്യം പൂർണ്ണമായും വായിച്ചിരുന്നില്ല. ഒടുവിൽ ആ കാവ്യം മുഴുവൻ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുമ്പോൾ, കുട്ടിക്കാലത്ത് തന്നെ ഇത് വായിച്ചിരുന്നുവെങ്കിൽ എനിക്കും മനോഹരമായി കവിത അന്നേയെഴുതാനായേനെ എന്നു ഖേദിച്ചു പോയി. 
രമണൻ എന്ന കാവ്യത്തിൻ്റെ സത്ത തുടക്കപ്പേജിൽ എഴുതിയ അങ്കുശമില്ലാത്ത .... എന്ന വരികൾ പറഞ്ഞു തരുന്നുണ്ട്. ചന്ദ്രിക എന്ന ധനാഢ്യയായ സുന്ദരിയുടെ പ്രണയക്കെണിയിൽ വീണു ജീവിതം നഷ്ടപ്പെട്ട രമണനെക്കുറിച്ചു ഉറ്റ തോഴൻ മദനൻ വിലപിച്ചു തീരുമ്പോൾ അവസാനിക്കുന്ന ഇതിനെക്കുറിച്ചു വായിക്കാത്തവരാരും ഉണ്ടാകുകയില്ല എന്നു കരുതുന്നു. എന്നാൽ ഈ കവിത ഒരു പുരുഷ ചിന്തയുടെ കേവല വികാരപ്രകടനം മാത്രമായി കാണാനാണ് കഴിയുന്നത്. വളരെ വികാരപരമായ രംഗങ്ങളിലൂടെ ഒരു നാടകം അല്ലെങ്കിൽ ഒരു സിനിമ പോലെ വരച്ചിടുന്ന കവിതയിൽ രമണൻ സദ്ഗുണ സമ്പന്നനായ നായകനും ചന്ദ്രിക പണക്കൊഴുപ്പിൻ്റെ വില്ലത്തിയും ആകുന്നു. പ്രണയത്തിൻ്റെ ആദ്യകാലങ്ങളിൽ ചന്ദ്രികയോട് ലോകതത്വങ്ങളും യാഥാർത്യങ്ങളും വിശദീകരിച്ചു പിൻ വാങ്ങാൻ ശ്രമിക്കുന്ന രമണനും , പ്രണയത്താലന്ധയായ ചന്ദ്രികയുടെ കപട വാഗ്‌ദാനങ്ങളും കാണാം. ഒടുവിൽ അവൾ തൻ്റെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിക്കുന്ന രാത്രിയിൽ രമണൻ തൂങ്ങിമരിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ വിവാഹത്തിന് മുമ്പ് ചന്ദ്രികയും കത്തിയെടുത്തു ആത്മഹത്യക്ക് മുതിരുന്നുണ്ട്. പക്ഷേ, പ്രായോഗിക ജീവിതത്തിൻ്റെ വക്താവായ അവൾ കേവലപ്രണയം കൊണ്ട് തനിക്ക് നഷ്ടമായേക്കാവുന്ന ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും മരണം വേണ്ട പ്രണയവും വേണ്ട ജീവിതം മതി എന്നു തീരുമാനിക്കയും ചെയ്യുന്നു.എന്നാൽ രമണൻ അന്ത്യത്തിൽ ആത്മഹത്യ ചെയ്യും മുമ്പ് ചിന്തിക്കുന്നത് മുഴുവൻ തൻ്റെ പ്രണയത്തിൻ്റെ നഷ്ടങ്ങളും തൻ്റെ ദുർവ്വിധിയും മറ്റുമാണ്. കാല്പനികലോകത്തിൽ ജീവിച്ച നിറയെ അപകർഷതാബോധത്താൽ ചൂളി നടന്ന ഒരാൾ ആയിരുന്ന രമണന് മനസ്സ് ദുർബലം ആയിരുന്നതിനാലും വിവേക ബുദ്ധി ഇല്ലാതിരുന്നതിനാലും ജീവിതം വേണ്ടന്നും മരണം മതിയെന്നും തിരഞ്ഞെടുക്കൽ നടത്തേണ്ടി വന്നു. 
ഇവിടെ സാമ്പത്തികമായ ഘടകങ്ങളും സാമൂഹ്യനീതിയുമാണ് വില്ലനാകുന്നതായി പറയപ്പെടുന്നത്.  ഇതിനെ രണ്ടിനെയും പാടെ ചന്ദ്രിക നിഷേധിക്കുമ്പോൾ ഇവയൊക്കെ ഭയത്താൽ കാണുന്ന ഒരാളാണ് രമണൻ. പ്രണയത്തിൽ ചന്ദ്രിക പലതും മോഹിക്കുന്നുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും തൊട്ടശുദ്ധയാക്കാതെ രമണൻ വിശുദ്ധപശുവാകുമ്പോൾ ചന്ദ്രിക പ്രായോഗിക ജീവിതത്തിൻ്റെ വക്താവാകുന്നതിൽ അസ്വഭാവികത ഒന്നും തന്നെയില്ല. ആട്ടിൻകൂട്ടത്തെ വിട്ടു ഒരു ജീവിതം ഇല്ലാത്ത രമണൻ്റെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലേക്ക് പ്രണയം കൊണ്ടന്ധയായി കടന്നു ചെന്ന് ശേഷിച്ച ജീവിതം മുഴുവൻ ഒരു സ്വർണ്ണക്കട്ട സൂക്ഷിക്കുന്ന പിശുക്കൻ്റെ പോലെ രമണൻ്റെ കുടിലിൽ ജീവിതത്തെ പഴിച്ച് കഴിഞ്ഞു കൂടാൻ നില്ക്കാത്ത ചന്ദ്രികയെ ക്രൂരയെന്ന് വിവക്ഷിക്കുന്ന ചിന്ത ഭൂരിപക്ഷത്തിൻ്റെ ശരിയാകും എന്നാൽ അവളാണ് ശരിയെന്നു കരുതുകയാണ് കരണീയം എന്നു കരുതുന്നു. അവൾ താഴേക്കിറങ്ങുക എന്നതിനപ്പുറം അയാൾക്ക് ഉയരണം എന്ന ഒരു ചിന്ത ഒരിക്കലും ഉണ്ടാകുന്നില്ല പ്രകടിപ്പിക്കുന്നുമില്ല എന്നിരിക്കെ ചന്ദ്രിക കുറ്റക്കാരിയല്ല എന്നു തന്നെ .ചിന്തിക്കാൻ താത്പര്യപ്പെടുന്നു.
തീം മാറ്റി വച്ചാൽ ഒരു ജീവിതത്തെ കഥയിലോ നോവലിലോ കടന്നു പോകാതെ കവിതയിൽ കൊരുത്തു വച്ച കഴിവാണ് അഭിനന്ദനീയം. എത്ര ലളിതമായ ഭാഷാപ്രയോഗങ്ങൾ. നിലവിലിരുന്ന സംസ്കൃതപദതള്ളലുകളുടെ കവിതാ ലോകത്തിൽ ഭാഷയെ ഇത്ര മനോഹരമായി വരച്ചു വച്ചത് കവിതയുടെ സൗന്ദര്യം മാത്രമല്ല പ്രശസ്തിയും  വർദ്ധിപ്പിക്കാനുതകി. ഇന്ന് പോസ്റ്റ് മോഡേൺ കവിതകളാൽ സമ്പുഷ്ടമായ ലോകത്തും കവിത എന്ന തലക്കെട്ടോടെ രമണന് സ്ഥാനമുറപ്പിക്കാൻ കഴിയുന്നു. എത്ര തന്നെ കവികൾ എന്ന് അവകാശപ്പെടുന്നവർക്കും ഗദ്യകവിതയിലൂടെ പോലും മറ്റൊരു രമണൻ നിർമ്മിക്കാൻ ഇന്നു കഴിയുന്നില്ല എങ്കിൽ ആ പ്രതിഭ തിളക്കമറ്റത് തന്നെയാണ് എന്ന് നിസ്സംശയം പറയാനാവും. മലയാള കവിത ഇന്നെത്തി നില്ക്കുന്നത് ഒരു വലിയ പ്രതിസന്ധിയിലാണ്. കവിതകളേക്കാൾ കവികളുള്ള ഒരു ഇടമാണിന്ന് മലയാള കവിതാ സാഹിത്യം. പിടിച്ചു നില്ക്കാൻ പാടുപെടുന്ന ആ കവികളിലെങ്ങും പക്ഷേ ഒരു ചങ്ങമ്പുഴയില്ലാതെ പോകുന്നതെന്തുകൊണ്ടാകും എന്ന ചിന്ത ബാക്കി വച്ചു രമണൻ്റെ വായന. തീർച്ചയായും പഴയതും പുതിയതുമായ കവിതകൾ നമ്മുടെ ഇന്നത്തെ കവികൾ വായിക്കണം. സ്വന്തം കവിത പോലും വായിക്കാൻ സമയമില്ലാത്തവരാണവർ എന്ന സത്യം മറക്കുന്നില്ല. ആശംസകളോടെ ബി.ജി.എൻ വർക്കല

Friday, May 8, 2020

പൂവിനെ ഓമനിക്കുന്നത്.

പൂവിനെ ഓമനിക്കുന്നത്.
..............................................
ഒരു പൂവിനെ എങ്ങനെയാണ് ഓമനിക്കുക!
ഇതളുവിടർന്നു കഴിയും മുന്നേ
സുഗന്ധം തേടി
പൊട്ടിച്ചെടുത്താണോ?
ഇതളുകൾ ഓരോന്നായി വിടർത്തി
ഗന്ധം മുഴുവനാവാഹിച്ച്
അല്പനേരം കൈകളിൽ സൂക്ഷിച്ച്
മണ്ണിലേക്കെറിയലാണോ!

ഒരു പൂവിനെ ആവാഹിക്കേണ്ടത്
പൂവിന് കൂടി സന്തോഷം നല്കിയാകണം.
പൂവും ചെടിയും ആനന്ദിക്കണം.
ചെടിയിൽ നിൽക്കുന്ന കാലത്തോളം മാത്രമാണ്
പൂവിന് ജീവനുള്ളത്.
ഓരോ ഘട്ടവും കണ്ടാനന്ദിക്കൂ
മൊട്ടാകുന്നതും
ഇതൾ വിടർന്നു വരുന്നതും
പരിമളം പരക്കുന്നതും
പരാഗണരേണുക്കൾ കൺതുറക്കുന്നതും
തേനൂറുന്നതും 
കണ്ടാസ്വദിക്കൂ.
വിരലുകൾ കൊണ്ടല്ല 
ചുണ്ടുകൾ കൊണ്ടു തൊടുക.
ഗന്ധവും 
നിറവും
ഭംഗിയും
കണ്ടു മാത്രം ആസ്വദിക്കുക.
പൂവതാണ് ആഗ്രഹിക്കുന്നത്.
പൂക്കൾ വിടരുന്നതിന് മാത്രമാണല്ലോ. 
...... ബി.ജി.എൻ വർക്കല

Wednesday, May 6, 2020

ഞാനിങ്ങനാത്രേ!

ഞാനിങ്ങനാത്രേ!
...............................
പെണ്ണേ നോക്കൂ ,എനിക്ക് ...
പ്രണയമുണ്ട്
കാമമുണ്ട്
ഇഷ്ടമുണ്ട്
വാത്സല്യമുണ്ട്
ബഹുമാനമുണ്ട്...
അതേയോ?
ഉം ,എന്തേ അരോചകമായോ?
ഇല്ല... ഒട്ടുമില്ല
അതിരിക്കട്ടെ 
ആരോടാണിതൊക്കെ.?
അത്.....
നില്ക്കൂ
ഞാനീ മുഖം മൂടിയൊന്നണിയട്ടെ
ഇനി പറയാം...
നിന്നോട്.
ഇതു വായിക്കുന്ന ആയിരം നിന്നോട്...
ഇതിനയല്ലേ ഞാനന്ന് പറഞ്ഞത്
ഒരപ്പം കൊണ്ട് ഒരായിരം പേരെ എന്ന്.?
..... ബി.ജി.എൻ വർക്കല





Tuesday, May 5, 2020

തിരക്കുകൾക്കിടയിൽ

തിരക്കുകൾക്കിടയിൽ
........................................
ഇടയിലെപ്പോഴോ ഒക്കെ നീ വരാറുണ്ട്.
ചിലപ്പോൾ ഈറൻകാറ്റിൻ്റെ ആലിംഗനത്തിലമർന്നിരിക്കുമ്പോൾ
മറ്റു ചിലപ്പോൾ മഞ്ഞുതുള്ളികൾ നിറുകയിലിറ്റുമ്പോൾ
നിനച്ചിരിക്കാതെ പെയ്ത മഴയിൽ കുളിക്കുമ്പോൾ
വിറച്ചു തുള്ളുന്ന തണുപ്പിൽ മുങ്ങുമ്പോൾ
നിന്നെ ഞാൻ കാണാറുണ്ട്.
നിൻ്റെ സാമീപ്യവും.
നേർത്ത രാഗത്തിൽ നീ മൂളുന്ന പാട്ടുകൾ
ഉറക്കത്തിലേക്കെന്നെ വലിച്ചു പൂഴ്ത്താറുണ്ട്
കുറുമ്പിൻ്റെ കലമ്പലുകൾ കേട്ട് ഞാൻ കരയാറുണ്ട്
പരിഭവം പറഞ്ഞു വരുന്ന നിന്നെ തഴുകാൻ
വെറുതെ മാറിലേക്ക് മുഖമമർത്തി പിടിച്ചും
മുടികളിൽ തലോടിയും
നെറ്റിയിൽ ഉമ്മ വച്ചും തണുപ്പിക്കാൻ
ഞാൻ ഇപ്പഴും കൊതിക്കുന്നുണ്ട്.
കാലം നിന്നിലേല്പിച്ച പരിക്കുകൾ കണ്ടും
നിറങ്ങൾ നരച്ച ചിറകുകൾ നോക്കിയും
ഒരിക്കലും ഞാൻ വ്യസനിച്ചിട്ടില്ല.
നിൻ്റെ വരവുകൾ കാത്തിരിക്കുന്ന ഞാൻ
എന്നിൽ തേടുന്നത് നിന്നെയാണെന്നിരിക്കെ
നിന്നെ കാത്തിരിക്കുക എന്നതും 
ധ്യാനമാണെന്നറിയുന്നു ഞാൻ.
.... ബി.ജി.എൻ വർക്കല

Sunday, May 3, 2020

ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം ....

ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം..
...................................................................
തിരമാലകളുടെ ബലാത്ക്കാരങ്ങൾക്കൊടുവിൽ
തീരത്തുപേക്ഷിക്കപ്പെട്ട നിലയിലാണ്
വക്കുകൾ ഉടഞ്ഞും
ഉടലാകെ വരഞ്ഞും
ക്ഷീണിച്ചു മയങ്ങിക്കിടന്നൊരാ
ശംഖിനെ കണ്ണുകൾ കണ്ടെത്തിയത്. 
വേദന ഭാവിക്കാതെ
ദുഃഖം അറിയിക്കാതെ
പരിഭവം പറയാതെ
കൈകളിൽ ഒതുങ്ങിയിരിക്കുമ്പോൾ
ഭയന്നു തളർന്ന പ്രാവിൻ്റെ നെഞ്ചിൻ കൂടു പോലെ
അതു ചൂടുള്ളതും മിടിക്കുന്നതുമായിരുന്നു.
നെഞ്ചോട് ചേർത്തു പിടിച്ചും
നിറുകയിൽ മൃദുവായ് ചുബിച്ചും
ആത്മാവിലേക്ക് ആവാഹിക്കുമ്പോൾ
നേർത്ത ശബ്ദത്തിൽ അതെന്നോട് പറഞ്ഞു.
ഒരു കടൽ മുഴുവൻ ഉള്ളിലുണ്ടെങ്കിലും
ചിലമ്പിച്ചൊരു ശബ്ദം മാത്രമേ ബാക്കിയുള്ളു.
വെറുതെ പോലും
ഒരിക്കലും ശ്രമിക്കരുതേ ....
ഒരു ഹൃദയത്തെയും തണുപ്പിക്കാൻ
ഒരു മനസ്സിനെയും ഉണർത്താൻ
തരിപോലുമില്ല സംഗീതമിനിയുമുളളിൽ.
.... ബി.ജി.എൻ വർക്കല