Friday, January 29, 2021

111 ചെറിയ കഥകൾ....... :..... പി സുരേന്ദ്രൻ

111 ചെറിയ കഥകൾ
പി.സുരേന്ദ്രൻ
ഡി.സി.ബുക്സ് (2016)
വില: ₹ 160


കഥകൾക്ക് ഒരിക്കലും മരണമില്ല . മനുഷ്യൻ്റെ മസ്തിഷ്ക വികാസത്തിനോളം പഴക്കമുള്ള, ഇന്നും തികഞ്ഞ യൗവ്വനം നിലനിർത്തുന്ന ഒരു സാഹിത്യ ശാഖയാണ് കഥകൾ. കഥകൾ കേൾക്കാതെ വളർന്ന തലമുറ വളരെ വിരളമാണ്. ഇന്ന് ഈ ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരലോകത്തും കഥയ്ക്കു മരണമില്ലാത്തത് , അവ ജനിതകപരമായ എല്ലാ പരിണാമ ഘട്ടങ്ങളിലും മനുഷ്യനിൽ നിന്നടർന്നു പോകാത്തതിനാലാണ്.  

പരത്തിപ്പറയുന്നതും കുറുക്കിപ്പറയുന്നതും തമ്മിൽ അന്തരമുണ്ട്. കവിതയിൽ നിന്നും കഥയിലേക്കുള്ള ദൂരം പോലാണത്. കഥയ്ക്കും പല രൂപഭേദങ്ങളുണ്ടല്ലോ. കുഞ്ഞുകഥ, നുറുങ്ങുകഥ, മിനിക്കഥ ,ചെറുകഥ, കഥ, നോവലെറ്റ്, നോവൽ അങ്ങനെ തരാതരം തിരിക്കുന്നവയാണ് കഥകൾ എന്നു നമുക്കറിയാം. ചിലർ വലിയ കഥകൾ വായിക്കാൻ പൊതുവെ മടിയുള്ളവരാണ്. നോവലൊക്കെ കുത്തിയിരുന്നു വായിക്കുന്നത് ഒരു വലിയ ഭാരിച്ച പണിയായി കാണുന്നവർ ഉണ്ട്. ചെറുകഥകൾ മിനിക്കഥകൾ ഒക്കെ അവർക്ക് താത്പര്യമേറും. കുഞ്ഞു കഥകൾക്കുള്ള പ്രത്യേകതയെന്താന്നു വച്ചാൽ ആറ്റിക്കുറുക്കിയെടുത്ത വരികൾ, അവയ്ക്കുള്ളിൽ ആയിരം ചിന്താശകലങ്ങൾ ! കടൽ മുഴുവൻ ഉള്ളിലൊതുക്കിയ ശംഖിനെപ്പോലാണത് എന്ന് വിശേഷിപ്പിക്കാം. നുറുങ്ങുകഥകളുടെയും കവിതകളുടെയും തമ്പ്രാക്കന്മാർ ഒരുപാടുള്ള ഒന്നു തന്നെയാണ് മലയാള സാഹിത്യവും എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ്. നേർപ്പിച്ചെടുത്ത വാക്കുകൾക്കുള്ളിൽ ആശയങ്ങളും ചിന്തകളും വ്യഥകളും വീർപ്പുമുട്ടിയിരിക്കുന്നത് വായനക്കാരനു അനുഭവവേദ്യമാകും.
പി സുരേന്ദ്രൻ്റെ 111 ചെറിയ കഥകൾ ഇത്തരം കൊച്ചു കൊച്ചു കഥകൾ ആണ്. ആ കഥകൾക്കുള്ളിൽ ഒരുപാടു അർത്ഥങ്ങളും ആശയങ്ങളും ചിന്തകളും ഒളിഞ്ഞു കിടക്കുന്നുണ്ട്. ആത്മീയമായ ഒരു ചിന്താ തലത്തിലിരുന്നു കൊണ്ട് ഗുരു നിത്യചൈതന്യയതിയുടെ കഥകൾ വായിക്കുന്നതു പോലെയുള്ള ഒരനുഭൂതി ഇടക്കൊക്കെ ഈ കഥകളിലും കാണാൻ കഴിയും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ പ്രണയത്തിൻ്റെ, ഇഴയടുപ്പത്തിൻ്റെ നേർത്ത ചിലന്തി വലകൾ ഈ കഥകളെ ഒരുമിച്ചു ചേർത്തു പിടിക്കുന്നു. പ്രകൃതിയുമായി ചേർന്നു നില്ക്കുന്ന കഥകൾ ആണ് ഭൂരിഭാഗവും. താത്വികവും ആത്മീയവും ആയ കഥകളുടെ ചിന്താസരണിയും ഈ കഥകൾക്കിടയിലുണ്ട്. എടുത്തു പറയേണ്ട ഒന്ന്, ഇടതു പക്ഷ ആശയങ്ങളുടെ പരാജയങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുന്ന കഥകൾ ഇവയിൽ കാണുമ്പോൾ പ്രകൃതി, ആത്മീയം, താത്വികം, ജീവിതം, പ്രണയം എന്നിവയ്ക്കപ്പുറത്ത് തുറന്ന രാഷ്ട്രീയ ചിന്തകളുടെ പ്രസരണവും എഴുത്തുകാരനിൽ നിക്ഷിപ്തമായിരിക്കുന്നു എന്നു കാണുന്നുണ്ട് വരികളിൽ . സാമൂഹ്യപ്രതിബദ്ധതയുള്ള ഈ കഥകൾ എല്ലാം തന്നെ മടുപ്പില്ലാതെ വായിച്ചു പോകാൻ കഴിയുന്നവയാണ്. സദാചാര ചിന്തയുടെ സാമൂഹ്യബോധം ഉള്ള ചില കഥകൾ അലോസരപ്പെടുത്തിയെങ്കിലും പൊതുവെ മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആസ്വദിച്ചു വായിക്കാൻ ഉതകുന്ന ഒരു കഥാപുസ്തകമാണിതെന്നു നിസ്സംശയം പറയാം. ആശംസകളോടെ ബി.ജി.എൻ വർക്കല

Monday, January 18, 2021

ടിപ്പു സുൽത്താൻ ...................................... പി കെ ബാലകൃഷ്ണൻ

 ടിപ്പു സുൽത്താൻ (ജീവചരിത്രം)

പി കെ ബാലകൃഷ്ണൻ 

ഡി സി ബുക്ക്സ് 

വില : ₹ 199 .00



എഴുതപ്പെടുന്നതെല്ലാം ചരിത്രങ്ങൾ ആകണം എന്നില്ല . ചരിത്രങ്ങൾ എഴുതപ്പെടുക എന്നത് നിർബന്ധവുമല്ല. എഴുതുന്നവയിലെ സത്യം എത്ര എന്നതാണ് ചരിത്രത്തോടുള്ള നീതിയായി കണക്കാക്കിപ്പോരുന്നത് . ഇതിനെ അളക്കാൻ വേണ്ടത് സമകാലിക ചരിത്ര, സാമൂഹിക രേഖകളും സമാനസംഭവങ്ങളുടെയോ വിവരണങ്ങളുടെയോ മറ്റെഴുത്തുകളും ആണ് . ഇങ്ങനെ ഒരുപാട് രേഖകളും അന്വേഷണങ്ങളും വസ്തുതകളും ശാസ്ത്രീയ വിചിന്തനങ്ങളും കൊണ്ട് മാത്രമേ ഒരു ചരിത്രത്തെ വാസ്തവികതയുമായി ചേർത്തു നിർത്തി മനസ്സിലാക്കാൻ കഴിയുകയുള്ളൂ. സമകാലീന ഇന്ത്യയുടെ സംഭവ വികാസങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുകയാണെങ്കിൽ വരും തലമുറയുടെ ബുദ്ധിയെ നീതികേടിന്റെയും അവാസ്തികതയുടെയും ചരിത്രപഠനം സാധ്യമാക്കുന്ന ഒരു തലത്തിലുള്ള ചരിത്ര രചനകൾ ആണ് നടക്കുന്നത് എന്ന് കാണാം . ജീവിച്ചിരുന്നിട്ടില്ലാത്തതോ , പ്രാദേശിക വീരന്മാരോ ആയ  മനുഷ്യരുടെ വായ്മൊഴികളിലൂടെ വികസിച്ചു വന്ന പെരുപ്പിച്ചു കാട്ടിയ വീരത്വങ്ങളും സംഭവങ്ങളും യഥാർത്ഥമെന്ന രീതിയിൽ അവതരിപ്പിക്കാൻ  എഴുത്തുകാരെ കൂലിക്കെടുക്കുന്ന ഒരു കാലമാണ് ഇത്. ചരിത്ര രേഖകൾ തിരുത്തിയും പുതിയ ഭാഷ്യങ്ങൾ ചമച്ചും ഇത്തരം കൈകടത്തലുകൾ ഇന്ത്യാ ചരിത്രത്തിന്റെ പുനർരേഖപ്പെടുത്തലുകളിൽ സംഭവിക്കുന്നുണ്ട് .  ഫിക്ഷൻ എന്നൊരു  ഒഴിവുകഴിവിലൂടെ, ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മുന്നിൽ പൊട്ടൻ കളിക്കുന്ന ഇത്തരം എഴുത്തുകൾ  സാധാരണ മനുഷ്യന്റെ ബൗദ്ധികമല്ലാത്ത ചിന്തകളിൽ  അവൻ പരിചരിച്ചു വന്ന  കാലത്തിന്റെ വസ്തുതകളിൽ ചേർത്തു പിടിച്ചു ശരിയെന്നു ധരിക്കേണ്ടി വരികയും പുതിയ തലമുറയ്ക്ക് അത് വെളിപാട് പുസ്തകം ആകുകയും ചെയ്യുന്നു . വ്യാഖ്യാനങ്ങളൂം ന്യായീകരണങ്ങളും ലഘൂകരണങ്ങളും കൊണ്ട് മൂടുപടം സൃഷ്ടിച്ച് ഏറാൻ മൂളികൾ ആയ ബുദ്ധിജീവി നാട്യക്കാർ ഇതിന് അംഗീകാരം നൽകുന്നു . ഉത്തരേന്ത്യൻ സാംസ്കാരിക മണ്ഡലത്തിൽ നിന്നും ഈ ഒരു പുതിയ തരംഗം ദക്ഷിണേന്ത്യയിൽ കടന്നു വരാൻ തുടങ്ങിയിട്ടുണ്ട് . മൊഴിമാറ്റത്തിന്റെ ഭാവത്തിലും , കൂലിയെഴുത്തുകാരുടെയും, അമിത ഭക്തിയുടെയും, രാഷ്ട്രീയവും ഇതിനു സഹായകമാകുകയും ചെയ്യുന്നുണ്ട് . 

കേരളം ചരിത്രത്തിൽ ഏറ്റവും അധികം ദുഷ്പേരുകൾ ലഭിച്ച ഒരു ഭരണാധിപൻ ആണ് ടിപ്പു സുൽത്താൻ എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ് . വളർത്തുനായ്ക്കളെ വരെ ടിപ്പു എന്ന് പേരിട്ടു വിളിച്ചുകൊണ്ടു ആ വെറുപ്പ് മലയാളി പ്രകടമാക്കി വരുന്നുണ്ട് കാലങ്ങൾ ആയി. എന്താണ് ഈ വെറുപ്പിന്റെ കാര്യം എന്നതിന് ഉത്തരമായി ലഭിക്കുന്നത് ചില കേട്ട് കേഴ്വികൾ ആണ് .എന്തൊക്കെയാണ് അവ എന്ന് നോക്കാം.  രണ്ടായിരം നായന്മാരെ വളഞ്ഞിട്ടു മതം മാറ്റി മുസ്‌ലിം ആക്കുകയും  ഗോമാംസം കഴിപ്പിക്കുകയും ചെയ്തു .  ക്ഷേത്രങ്ങൾ ആക്രമിച്ചു നശിപ്പിച്ചു . സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിടിച്ചു കൊണ്ട് പോവുകയും ചെയ്തു. ഇത്തരം കുറച്ചു സംഭവങ്ങൾ ഹിന്ദുക്കൾക്കെതിരായി ടിപ്പു ചെയ്തുകൊണ്ടിരുന്നതായി മലയാള ചരിത്രകാരന്മാർ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. . ഹിന്ദുക്കളുടെ പ്രഖ്യാപിത ശത്രുവായ മുസ്‌ലിം എന്ന തലത്തിൽ ടിപ്പു സുൽത്താൻ  വെറുക്കപ്പെടേണ്ടവൻ ആണത്രേ!. അതുവഴി മലബാറിലെ മുഴുവൻ ഹിന്ദുക്കളും മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കുന്നു എന്ന കാഴ്ചപ്പാടിൽ ചരിത്രം രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .  ചോദ്യങ്ങൾ ചോദിക്കുന്നവരെ ഇഷ്ടപ്പെടാത്തവർ ആണ്  ഏകാധിപതികൾ. അതുപോലെ തന്നെയാണ് പിടിവാദക്കാരും. രണ്ടായിരം നായന്മാരെ വളഞ്ഞിട്ടു മുസ്‌ലിം ആക്കിയ കഥയിലെ സത്യം എന്തെന്ന്  ആരും തിരഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട , തകർക്കപ്പെട്ട ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് അവ പറയുന്നവർക്ക് തെളിവോടെ സ്ഥാപിക്കാൻ കഴിയുന്നില്ല . സ്ത്രീകളെ ആക്രമിച്ചു എന്നതിനും തെളിവുകൾ ഇല്ല. ഉള്ളത് കേട്ട് കേഴ്വികൾ ആണ് . അത്രയും ക്രൂരനും ഹിന്ദു മത വിരുദ്ധനും ആണ് ടിപ്പു സുൽത്താൻ എന്ന് സമ്മതിച്ചു തരണമെങ്കിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടി വരും. 1700 കളിൽ മൈസൂർ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഹൈദരാലിയും മകൻ ടിപ്പുവും  ചേർന്ന് ഹിന്ദുക്കളെ നിർബന്ധിച്ചു ഇസ്‌ലാമിലേക്ക് ചേർത്തിരുന്നു സത്യമാണെങ്കിൽ മൈസൂർ തൊട്ടു മലബാർ വരെ ഉള്ള  പ്രദേശത്ത് ഹിന്ദുക്കൾ എന്നത് ന്യൂനപക്ഷം ആയിരിക്കേണ്ടതാണ്. പക്ഷെ മൈസൂറിലെ മാത്രമല്ല മലബാറിലെയും ഭൂരിപക്ഷം ഹിന്ദു സമുദായവും ന്യൂനപക്ഷം മുസ്‌ലിം , ക്രിസ്ത്യൻ സമുദായവും ആയിരുന്നു എന്ന് അന്നത്തെ സർവ്വേകൾ പോലും പറയുന്നു. അതുപോലെ പതിനാലായിരം നായർ പടയാളികളെ ടിപ്പു നിർബന്ധപൂർവ്വം മൈസൂറിലെത്തിച്ചു അവിടെ പാർപ്പിച്ചതായും അവരിൽ ഇരുന്നൂറ് പേരോ മറ്റോ ശേഷിക്കുകയും ബാക്കിയുള്ളവർ മരിച്ചു പോവുകയും ചെയ്യുക ഉണ്ടായി എന്ന് രേഖകൾ ഉണ്ട് . അവർ കൊല്ലപ്പെട്ടതല്ല . വാളും കൈയ്യിൽ പിടിച്ചു കണ്ണിൽ കണ്ട പാവങ്ങളെ ഒക്കെ കൊന്നും  വീര്യം കാട്ടിയും നടന്ന പണിയെടുക്കാനറിയാത്ത അവർ എങ്ങനെ മരിച്ചു എന്നതിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. എന്തുകൊണ്ടാണ് ഈ ഒരു വെറുപ്പ് ടിപ്പുവിന് സംഭവിച്ചത് എന്നതിന് ഉള്ള ഉത്തരം  മനസ്സിലാക്കാൻ കഴിയുന്നത് ഇവയൊക്കെയാണ് . നായർ പടയാളികളോട് ആയുധം കൊണ്ട് നടക്കുന്നത്  കുറ്റകരം ആണെന്നു പറഞ്ഞതും , താഴ്ന്ന ജാതിക്കാർ ഇതുവരെ നായരെ കണ്ടാൽ താണു വാങ്ങിയിരുന്നത് ഇനിമേൽ നായന്മാർ തിരിച്ചു ചെയ്യണം എന്ന് പറഞ്ഞതും , ഭൂമി സർവ്വേ ആദ്യമായി മലബാറിൽ നടപ്പിൽ വരുത്തുകയും കൃഷിക്കാരനെ ഉയർത്തി അവർക്ക് പ്രാധിനിത്യം കൂടുതൽ കൊടുത്തുകൊണ്ട് ജന്മിത്വം അവസാനിപ്പിക്കാൻ നടപടികൾ എടുത്തതും  ഒക്കെ പരമ്പരാഗതമായി ജാതി വെറിയും ജന്മിത്ത വ്യവസ്ഥിതി  ഭൂഷണമായി കൊണ്ട് നടന്നവരുമായ ബ്രാഹ്മണർക്കും നായന്മാർക്കും ബുദ്ധിമുട്ടായതും ആകണം  വിരോധങ്ങളുടെ പ്രധാനകാരണമായി കരുതേണ്ടത്. ഇതിനൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു  നിയമം ആയിരുന്നു മുസ്‌ലിം ആകുന്ന നായന്മാർക്ക് ബഹുമാനം നൽകണം എന്നും അങ്ങനെയെങ്കിൽ അവർക്ക്  പഴയ ഗമ തിരികെ കിട്ടും എന്നതും . ഒരു തികഞ്ഞ മുസ്‌ലിം മത ചിന്തകനും വസ്ത്രധാരണത്തിൽ വലിയ  സദാചാരം പാലിച്ചിരുന്നവനുമായ ടിപ്പുസുൽത്താൻ സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം എന്ന് ശഠിച്ചതും ഒരു വലിയ  തെറ്റ് തന്നെയായിരുന്നിരിക്കണം . കാരണം ഒരു കൗപീനം മാത്രം ധരിച്ച നായർ പടയാളികൾക്കും  മുല മറയ്ക്കാൻ അധികാരം ഇല്ലാതിരുന്ന നായർ തൊട്ടു താഴോട്ടുള്ള സ്ത്രീകൾക്കും വസ്ത്രം ധരിക്കേണ്ടത് ഒരു ആവശ്യമായി ടിപ്പുസുൽത്താൻ കണ്ടാൽ അത് തെറ്റ് തന്നെയാണല്ലോ . മുല മറച്ചു മുന്നിൽ വന്ന തീയത്തിയുടെ മുല അറുത്തിട്ട  റാണി സ്വന്തമായുള്ള കേരളത്തിന് മുലക്കരത്തിനു വേണ്ടി മുല മുറിച്ചു കൊടുത്ത് എന്ന വായ്‌മൊഴിക്കഥയുടെ ഊറ്റം മാത്രമാണല്ലോ നവോത്ഥാനം . ടിപ്പുസുൽത്താന്റെ ഭരണ സഭയിൽ ഉണ്ടായിരുന്നത് ബ്രാഹ്മണർ ആയിരുന്നു കൂടുതലും എന്നതും മൈസൂറിലെ ക്ഷേത്രങ്ങൾ ഒന്നും തകർന്നിട്ടില്ല എന്നതും ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കും ആചാരങ്ങൾക്കും ടിപ്പുസുൽത്താൻ സഹായിക്കുക ഉണ്ടായി എന്ന രേഖകൾ അതും ഹൈന്ദവ മേധാവികളുടെ രേഖകൾ ഒക്കെ മുന്നിൽ ഉണ്ടെങ്കിലും വരേണ്യ വർഗ്ഗത്തിനെ തൊട്ടു കളിച്ച ടിപ്പുസുൽത്താൻ ഭാരതം കണ്ട ഏറ്റവും വെറുക്കപ്പെടേണ്ടവൻ ആയി നിൽക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ് . 

ചരിത്രവായനകൾ പലപ്പോഴും ഇരുത്തി ചിന്തിപ്പിക്കുന്നവയാണ് . അതിനു ഒരുദാഹരണം മാത്രമാണ് ടിപ്പുസുൽത്താൻ എന്ന  പി കെ ബാലകൃഷ്ണന്റെ പുസ്തകം . കേരളവും ജാതി വ്യവസ്ഥയും , ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ പി കെ യുടെ വളരെ നല്ലൊരു വായനയാണ്  ടിപ്പുസുൽത്താൻ എന്ന് പറയാൻ ആഗ്രഹിക്കുന്നു . ഒരു പുസ്തകത്തിന് വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാൻ സഹായിക്കുന്നു എങ്കിൽ ആ പുസ്തകം അതിന്റെ ധർമ്മം  പൂർത്തിയാക്കി എന്നാണർത്ഥം. തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ടിപ്പുസുൽത്താൻ . ആശംസകളോടെ ബി.ജി.എൻ വർക്കല 

Thursday, January 14, 2021

കടൽ ശംഖുപോലൊരാൾ

കടൽ ശംഖുപോലൊരാൾ .................................................

ചുണ്ടിൻ കോണിലെ പരിഹാസമുദ്രയെ

നെഞ്ചോട് ചേർത്തു വയ്ക്കുന്നൂ സത്വരം.

ഉള്ളിൻ്റെയുള്ളിൽ നിറയുന്ന ഭാവത്തെ

കണ്ണോരമെത്താതെ പൂഴ്ത്തിവച്ചീടുന്നു.


വാക്കിൻ വിലയെന്തെന്നറിയിക്കുവാൻ 

വാഴ് വിൽ പ്രതീക്ഷയോടമരുക നീയിനി.

നല്കാതിരിക്കാൻ ശ്രമിച്ചീടുക മേലിൽ

പാഴ്വാക്കിൻ മധുരമോഹങ്ങളങ്ങാർക്കുമേ!


ഇല്ലാ മനസ്സിൻ കോണതിൽ പോലുമേ

കുറ്റബോധത്തിൻ പരാഗരേണുക്കളും

ഇല്ലാ മറക്കുവാൻ ജീവൻ തുടിക്കോളം,

തന്ന മധുരത്തിൻ സുന്ദര നിമിഷങ്ങൾ!


ഒന്നു തിരിഞ്ഞെന്നെ നോക്കുവാൻ പോലും

നിന്നിടാതെ പിരിഞ്ഞകലുന്ന സന്ധ്യയെ

നെഞ്ചിലേറ്റിയീക്കരയിലൊറ്റയ്ക്കന്ന്

സങ്കടക്കടലിനെയൊളിപ്പിച്ചൊരീ ഞാനും.


മാറോട് ചേർത്തുറക്കിയ രാവുകൾ

മടിയിൽക്കിടന്നാകാശം കണ്ട പകലുകൾ

ചുംബിച്ചു ചുവന്ന ചുണ്ട് കണ്ടു തരിച്ചതും

ഒന്നാകെകാട്ടി ഞാനിതാണെന്നു ചൊന്നതും


പിന്നെപ്പിണങ്ങി നടന്നകാലത്തിങ്കൽ

വന്നു, ഞാൻ പ്രിയമെന്നു ചൊന്നതും.

ഉള്ളു തുറന്നെന്നെ കാട്ടുമ്പോൾ, വിശ്വസ്ഥ-

നാഠ്യത്താലെന്നിലെ എന്നെ പഠിച്ചതും.


മറ്റൊരു ചില്ലയിൽ നീ കൂടുകൂട്ടുമ്പോഴും

കല്മഷമില്ലാതതെന്നെ മറച്ചുപിടിച്ചതും, 

പൊട്ടിത്തെറിച്ചൊരു നിമിഷത്തെ ചൂണ്ടി നീ-

യകന്ന,കണ്ടുറഞ്ഞൊരു മഞ്ഞാണ് ഞാൻ.


അറിയുന്നു നിന്നുള്ളിലെ വലകളിൽ

നീ കൊരുത്തിട്ട മഴവില്ലിൻ നിറങ്ങളെ !

അറിയുന്നു നീ നിലനില്പിൻ പടികളിൽ

അവശേഷിപ്പിച്ചൊരടയാള വാക്യങ്ങൾ.


വിടപറയുന്നില്ല കാലമേ നിന്നോടു ഞാൻ

കണ്ണു നിറയ്ക്കില്ല ഓർമ്മകൾ നീറ്റുമ്പോഴും.

സാറ്റുകളിക്കുമീ സെപ്റ്റിക് ടാങ്കിനപ്പുറം

നേരിൻ്റെ മുൾമുനപ്പടർപ്പിൽ നാം കണ്ടീടും.


കരുതിവച്ചിടുന്നുണ്ടോരോ മണികളും

പ്രളയം വന്നതിൻ ശേഷമുതിർന്നവ !ഒരുനാൾ നിന്നെ പൊതിയുന്ന കാടതിൻ

നടുവിൽ ഞാനുണ്ടാകും നിന്നോർമ്മയും.


ഒന്നു തിരിഞ്ഞെന്നെ നോക്കുവാൻ പോലും

നിന്നിടാതെ പിരിഞ്ഞകലുന്ന സന്ധ്യയെ

നെഞ്ചിലേറ്റിയീക്കരയിലൊറ്റയ്ക്കന്ന്

സങ്കടക്കടലിനെയൊളിപ്പിച്ചൊരീ ഞാനും.

.........©️®️✍🏼 ബി.ജി.എൻ വർക്കല

Wednesday, January 13, 2021

ഗോപാലപുരാണം

കഥ
••••••••••••••••
ഗോപാലപുരാണം
ബിജു.ജി.നാഥ്‌ വർക്കല
•••••••••••••••••
സ്ഥിരം വയറുവേദനക്കാരനായ രോഗിയെ ഒരുവിധം സമാധാനിപ്പിച്ച് ഒന്ന് നടുനിവര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് നല്ലപാതി വിളിച്ചതു . ഇടം കണ്ണ് തുടിക്കുന്നു അതിനാല്‍ വിളിച്ചതാണത്രേ. 'ഇടംകണ്ണ് തുടിച്ചാല്‍ ഇണക്ക് ദോഷം' എന്ന് വല്യമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. എനിക്കിനി എന്തേലും ദോഷം വന്നോ എന്നറിയാന്‍ വേണ്ടി വിളിച്ചുറപ്പു വരുത്തിയതാണ് . നല്ല കാര്യം . ഇതിലും വലിയ ദോഷം എന്താണ് ഇനി വരാന്‍ ഉള്ളത് എന്നോര്‍മ്മിപ്പിക്കും മട്ടില്‍ അപ്പോഴാണ് ഗോപാലന്‍ വന്നുകയറിയത് .

“എന്താ ഗോപാലാ , എന്തൊക്കെയുണ്ട് വിശേഷം . ഒരുപാട് നാളായല്ലോ കണ്ടിട്ട്.”

ഓരോ രോഗിയും എനിക്ക് പരിചയക്കാര്‍ ആണ് അതിനാല്‍ത്തന്നെ അവരെ ഓര്‍മ്മിച്ചു വയ്ക്കുക എനിക്കൊരു വലിയ ഭാരമായി തോന്നിയിട്ടുമില്ല.

എന്റെ ചോദ്യങ്ങള്‍ പക്ഷെ ഗോപാലനെ തൊട്ടതേയില്ല എന്ന് തോന്നുന്നു. സ്വതേ ശോകാകുലമായ മുഖം കുറച്ചൂടെ ശോകമൂകമായി. ഒന്നും മിണ്ടാതെ മുന്നിലെ പരിശോധനാക്കസേരയില്‍ ഇരുപ്പുറപ്പിച്ചു അയാള്‍. ദീര്‍ഘമായ ഒരു നിശ്വാസം ഉതിര്‍ത്തുകൊണ്ട് അയാള്‍ എന്നെ നോക്കി.

“ഡോക്ടര്‍ .... എന്നെ ആരും മനസ്സിലാക്കുന്നില്ല. ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല.”

പതിവു വാചകം തന്നെ ഗോപാലന്‍ ആദ്യം ഉരുവിട്ടതില്‍ പക്ഷെ മുന്‍പരിചയം കൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ഗോപാലന്‍ കരയുവാന്‍ തുടങ്ങിയിരുന്നു.

ഗോപാലന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ എന്നെ കാണാന്‍ വന്നിരുന്നു. നാല്‍പ്പത് കഴിയാത്ത ഒരു യുവാവാണ് ഗോപാലന്‍ . കൃശഗാത്രനായ അയാള്‍ വേഷവിധാനങ്ങളില്‍ വലിയ ശ്രദ്ധ ഒന്നും നല്‍കിക്കണ്ടിരുന്നില്ല. അയഞ്ഞ ഒരു കൂര്‍ത്തയും നിറം മങ്ങിയ പഴയ ഒരു ജീന്‍സും ആണ് അന്നുമയാളുടെ വേഷം. ക്രമം തെറ്റി വളര്‍ന്ന മുടിയും താടി മീശയും അയാളെ അശാന്തനായ ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു . ഒതുക്കമില്ലാത്ത കോലന്‍ മുടി ഫാനിന്റെ കാറ്റില്‍ പറന്നു മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

വിചിത്രമായ ഒരസുഖവുമായായിരുന്നു ഗോപാലന്‍ ആദ്യമായി എന്റെ മുന്നിലേക്ക് വന്നത് . മെലിഞ്ഞു നീണ്ട തന്റെ വലംകൈ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ വിസ്മയിച്ചുപോയി.

“ഡോക്ടര്‍, നോക്കൂ എന്റെ കൈ മുറിഞ്ഞു പോയിരിക്കുന്നു . വേദന സഹിക്കാന്‍ കഴിയുന്നില്ല.”

അസഹ്യമായ വേദനയാല്‍ ചുളിയുന്നുണ്ടായിരുന്നു അത് പറയുമ്പോഴും അയാളുടെ മുഖം. അയാള്‍ക്ക് എന്തേലും മാനസികമായ അസുഖമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോയി. എങ്കിലും അയാളെ നിരാശനാക്കാതെ കൈ പിടിച്ചു നാഡിമിടിപ്പും മറ്റും നോക്കി . എല്ലാം നോര്‍മല്‍ ആണ് . പക്ഷെ ആ കൈയ്യില്‍ തൊട്ടതോ പിടിച്ചതോ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. സംശയം മാറ്റാന്‍ അയാള്‍ അറിയാതെ ഞാനയാളെ ഒന്നു നുള്ളി നോക്കി . ഒരു ഭാവഭേദവുമില്ലാതെ അയാള്‍ എന്നെ നോക്കിയിരിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഒരു രോഗി ആദ്യമായാണ്‌ എനിക്ക് എന്നതുകൊണ്ട്‌ വളരെ താത്പര്യം തോന്നി . വിശദവിവരങ്ങള്‍ അറിയണം എന്നു കരുതി അയാളോടു സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.

“ഗോപാലന് എപ്പോള്‍ മുതല്‍ ആണ് കൈ നഷ്ടമായത്.?”

ഞാന്‍ അയാളെ മനസ്സിലാക്കുന്നു എന്ന ബോധം അയാളില്‍ എന്നെ വിശ്വസിക്കാന്‍ തോന്നിപ്പിച്ചു എന്ന് മുഖഭാവം പറയുന്നുണ്ടായിരുന്നു. അയാള്‍ അത് പറയാന്‍ ഉള്ള ഒരു തുടക്കം തേടും പോലെ എന്നെത്തന്നെ നോക്കി ഇരുന്നു.

“ഡോക്ടര്‍ ഞാന്‍ ഒരനാഥന്‍ ആണ്. തെരുവിലെ ജീവിതമാണ് എന്റേത്.”

അയാള്‍ പറഞ്ഞു തുടങ്ങി . ഒരു തെരുവ് ജീവിതത്തിന്റെ ഭാഷയോ , സംസ്കാരമോ അല്ല അയാള്‍ കാണിക്കുന്നതല്ലോ എന്നോര്‍ത്തുവെങ്കിലും, ഞാന്‍ അയാളെ തടസ്സപ്പെടുത്താതെ കേട്ടിരിക്കാം എന്ന് തന്നെ കരുതി.

“തെരുവിലെ ജീവിതം, തെരുവിന്റെ സംഗീതം ഇതൊന്നും ഡോക്ടര്‍ക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഞാനത് വിശദീകരിക്കാന്‍ ശ്രമിക്കുന്നുമില്ല. എല്ലാരെയും എല്ലായ്പ്പോഴും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു ലോകം ആണെന്റേത്. ജീവിതത്തെ ഞാന്‍ ഒരു ചരടു പൊട്ടിയ പട്ടം പോലെ  വിടുന്നതും അതുകൊണ്ടാണ്.”

ഏതോ മധുരതരമായ ഒരു ലോകത്തേക്ക് ഗോപാലന്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു . അവിടെ അയാള്‍ ജീവിതത്തിന്റെ സുഗന്ധം ആസ്വദിക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ട് മുഖഭാവത്തിലൂടെ.

“എന്റെ ജീവിതത്തിനു കടപ്പാട് രാമുവിനോട് ആണ്. പലപ്പോഴും എന്റെ ജീവിതത്തിനെ വഴിതിരിച്ചു വിടാന്‍ അവന്‍ എന്നെ സഹായിച്ചിട്ടുണ്ട് . ഒരിക്കലും വിശക്കാന്‍ എനിക്ക് അവസരം തരാതെ അവന്‍ എനിക്ക് അന്നം കാട്ടിത്തന്നിരുന്നു. ഒരു പരാതിയും കൂടാതെ ഞങ്ങള്‍ ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്നു. എത്ര കാലമായി രാമുവും ഞാനുമൊന്നിച്ചുനടക്കാന്‍ തുടങ്ങിയിട്ട് എന്നെനിക്കറിയില്ല. എന്റെ എല്ലാ അനുഭവങ്ങളിലും ഒരു നിശബ്ദ സാന്നിധ്യമായി അവന്‍ ഉണ്ടായിരുന്നു . പക്ഷെ ....”

ഓര്‍ക്കാന്‍ കഴിയാത്ത എന്തോ ഒരു ഓര്‍മ്മയിലെന്ന പോലെ ഗോപാലന്‍ പുളഞ്ഞു. അയാളുടെ മുഖം വേദന കൊണ്ട് കോടുന്നുണ്ടായിരുന്നു.

പതിയെ അയാളെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം അയാളുടെ കൈപ്പത്തിക്കു മീതെ കൈയ്യമര്‍ത്തി. അയാള്‍ ദയനീയമായി എന്നെത്തന്നെ നോക്കി .

“ചീറിപ്പാഞ്ഞു വന്ന ഒരു പാണ്ടിലോറി എന്റെ രാമുവിനെ വെറും മാംസക്കഷണങ്ങളായി ......”

വാക്കുകള്‍ മുറിഞ്ഞു തുടങ്ങി . അയാള്‍ കരയാന്‍ തുടങ്ങി . ഞാന്‍ മെല്ലെ എഴുന്നേറ്റു അയാളുടെ തോളില്‍ തട്ടി . പിന്നെ അയാളുടെ വലതു കൈ തടവിക്കൊടുത്തു . അലിവോടെ അയാളെ നോക്കിയപ്പോള്‍ അയാള്‍ ശാന്തനാകാന്‍ തുടങ്ങി . കൈ വേദനയ്ക്ക് ചില ട്രാങ്കലൈസറുകളും ഡിപ്രഷന്‍ റിലീഫ് ടാബും എഴുതിക്കൊടുത്തു. അത് കഴിച്ചു കുറവില്ലെങ്കില്‍ വരാന്‍ പറഞ്ഞയാളെ യാത്രയാക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ശൂന്യത വന്നു മൂടുന്നുണ്ടായിരുന്നു. ചുവരില്‍ തൂക്കിയിട്ടിരുന്ന  യുദ്ധക്കളത്തില്‍ അര്‍ജ്ജുനനു വലംകൈയായി നില്‍ക്കുന്ന കൃഷ്ണന്റെ ചിത്രത്തെ നോക്കി ഞാന്‍ മെല്ലെ കണ്ണുകള്‍ അടക്കുമ്പോള്‍ ഗോപാലന്‍ ശൂന്യമായ വലംകൈയ്യുമായി വേച്ചുവേച്ചു പുറത്തേക്ക് നടക്കുകയായിരുന്നുവല്ലോ.

ഇപ്പോള്‍ എന്താകും ഗോപാലന്റെ പുതിയ പ്രശ്നം എന്നോര്‍ത്തു ഞാന്‍ ഉത്കണ്ട്ഠയോടെ അയാളെ നോക്കി.

“എങ്ങനെയുണ്ട് ഗോപാലാ കൈ വേദന. ഇപ്പോള്‍ എന്തു തോന്നുന്നു .?”

“ഞാന്‍ അതുമായി പൊരുത്തപ്പെട്ടു ഡോക്ടര്‍. ഇപ്പോള്‍ വേദന അറിയാറില്ല. നഷ്ടപ്പെട്ടത് തിരികെ കിട്ടില്ലല്ലോ. ഞാനത് മനസ്സിലാക്കുന്നു. ഇനി മരിക്കും വരെ ഈ വേദന ഞാന്‍ സഹിക്കണം.”

നഷ്ടമായതായി വിശ്വസിക്കുന്ന വലതു കൈയുടെ മുകളില്‍ കൈകളോടിച്ചു അയാള്‍ സ്വയം ആശ്വാസം കൊള്ളുകയായിരുന്നു.

“ഡോക്ടര്‍ ... അങ്ങേക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നോ ഞാന്‍ പറയുന്നത് കളവാണെന്ന് . “

അയാള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അയാളെ നിരാശപ്പെടുത്താന്‍ എന്നിലെ ഡോക്ടര്‍ക്ക് കഴിയുമായിരുന്നില്ല. ഞാന്‍ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു.

“ഡോക്ടര്‍ മാത്രമേ എന്നെ വിശ്വസിച്ചിട്ടുള്ളൂ. അതുകൊണ്ടാണു ഞാന്‍ വീണ്ടുമിവിടേക്ക് വന്നത്”

അയാള്‍ ഒന്നു നിര്‍ത്തി എന്റെ മുഖത്തേക്ക് വീണ്ടും നോക്കി . ഞാന്‍ പുഞ്ചിരിയോടെ തുടരാന്‍ അയാളോട് തലകൊണ്ട് ആംഗ്യം കാട്ടി.

ഇടതു കൈ മേശമേല്‍ അമര്‍ത്തിപ്പിടിച്ചു അയാള്‍ മുന്നോട്ടാഞ്ഞിരുന്നു .

“നോക്കൂ ഡോക്ടര്‍ , എനിക്കെന്റെ ഇടം കണ്ണ് നഷ്ടമായിരിക്കുന്നു .”

ഞാന്‍ ഒന്നു ഞെട്ടി പിറകോട്ടു ചാരി. ഒരുപോലെ തിളങ്ങുന്ന , ചലിക്കുന്ന അയാളുടെ കണ്ണുകളില്‍ എന്താണ് പ്രശ്നം? എനിക്ക് സുബോധം ഇല്ലാത്തതാണോ അതോ അയാള്‍ ശരിക്കും സുബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനാണോ? കണ്ണാടി എടുത്തു തുടച്ചു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുന്നോട്ടിരിക്കെ ഗോപാലന്റെ കണ്ണിനു എന്താണ് പറ്റിയത് എന്നറിയാന്‍ എനിക്ക് ആകാംഷയായിക്കഴിഞ്ഞിരുന്നു.

എന്റെ ആകാംഷ മനസ്സിലാക്കിയ മട്ടില്‍ അയാള്‍ തനിക്ക് കാഴ്ച നഷ്ടപ്പെട്ട കഥ പറയാന്‍ തുടങ്ങി .

“രാമുവിന്റെ അഭാവം എന്റെ ജീവിതത്തെ വല്ലാതെ നിരാശയിലാഴ്ത്തി. ജീവിതത്തോടുള്ള എല്ലാ ആഗ്രഹങ്ങളും നശിച്ച ഞാന്‍ മരിക്കുന്നതിനുള്ള ചിന്തയിലായിരുന്നു ഇവിടന്നു പോയതിനു ശേഷം . ഭക്ഷണത്തോടുള്ള പ്രതിപത്തി ഒക്കെ നഷ്‌ടമായ ഞാന്‍ അത് പാടെ മറന്നപോലെ ആയിരുന്നു പിന്നീടങ്ങോട്ട്.”

അയാളുടെ നോട്ടം എന്നെയും തുളച്ചു കടന്നു പോകുകയും അത് ലക്ഷ്യമില്ലാത്ത ഒരു ദിശയില്‍ ഓടിത്തളരുന്നതും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു . ഇരുണ്ട ഇടനാഴിയിലൂടെ സംസാരിച്ചു നീങ്ങുന്ന ഒരു അവശനായ മനുഷ്യനെ ഓര്‍മിപ്പിച്ചു ഗോപാലന്റെ ശബ്ദം.

“സുശീല എന്നെ കണ്ടെത്തുന്നത് , അതോ ഞാന്‍ സുശീലയെ കണ്ടെത്തുന്നതോ അക്കാലത്താണ് . എന്റെ വിശപ്പും ദാഹവും കണ്ടെത്തി എനിക്ക് തണലായി അവളെന്നെ ഏറ്റെടുക്കുകയായിരുന്നു. പകല്‍ മുഴുവന്‍ ഉറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്തിരുന്ന അവള്‍ക്ക് ' എന്നെ കണ്ടെടുത്തതോടെ പകല്‍ ഉറക്കം മുടങ്ങി എന്നതാണ് അവളില്‍ ഉണ്ടായ മാറ്റം .”

അയാളുടെ വാക്കുകളില്‍ അവളോടുള്ള സ്നേഹവും , ബഹുമാനവും സ്ഫുരിക്കുന്നത് കാണാമായിരുന്നു. അയാളെ നിരാശനാക്കാന്‍ ഞാന്‍  തയ്യാറായിരുന്നില്ല. അയാളെ പറയാന്‍ വിട്ടുകൊണ്ട് ഞാന്‍ മെല്ലെ കസേരയിലേക്ക് ചാഞ്ഞു.

“രാമൂന്റെ അഭാവം മൂലം വേദന അനുഭവിച്ചിരുന്ന എന്നെ അവള്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ വേദന ഞാന്‍ മറക്കുകയായിരുന്നു . നഷ്ടമായ കൈക്ക് പകരം എനിക്കവള്‍ ഉണ്ടല്ലോ എന്ന ആശ്വാസം. ദിവസങ്ങള്‍ കടന്നു പോകവേ അവള്‍ ഇല്ലാതെ ഒരു ദിവസവും കടന്നു പോകാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേരുകയായിരുന്നു. “

തുടരാന്‍ കഴിയാതെ അയാള്‍ ശ്വാസംമുട്ടനുഭവിക്കുന്നത് മനസ്സിലാക്കിയപ്പോള്‍ മുന്നിലേക്ക്‌ ജഗ്ഗില്‍ നിന്നും ഗ്ലാസ്സില്‍ തണുത്ത വെള്ളം ഒഴിച്ചു വച്ചുകൊടുത്തു. ആര്‍ത്തിയോടെ ആ വെള്ളം കുടിച്ച അയാള്‍ വീണ്ടും വേണം എന്ന് കാണിച്ചു ഞാന്‍ കുറച്ചു കൂടെ ഒഴിച്ചു കൊടുത്തു . അതും ഒറ്റവലിക്കു കുടിച്ചു അയാള്‍ ചിറി തുടച്ചു കുറച്ചു നേരം കണ്ണടച്ചു നെറ്റിതടവി കുനിഞ്ഞിരുന്നു.

“ഡോക്ടര്‍ ..... അവളെ കാണാനില്ല  മിനിഞ്ഞാന്ന് രാത്രിമുതല്‍....”

അയാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെട്ടെന്ന് പറഞ്ഞു . ഞാന്‍ ഒന്ന് ഞെട്ടിപ്പോയി ആ പൊടുന്നനെയുള്ള വികാരപ്രകടനത്തിലും ശബ്ദത്തിലും.

“എങ്ങനെ ? എവിടെപ്പോയി ..?”

എന്റെ നാവില്‍ നിന്നും അറിയാതെ ചോദ്യങ്ങള്‍ ചിതറിവീണു.

“അറിയില്ല ഡോക്ടര്‍ . ഞാന്‍ ഇനി തേടാന്‍ തെരുവിലൊരിടം ഇല്ല. എന്റെ ഒറ്റക്കണ്ണിലൂടെ എനിക്ക് ഒന്നും ശരിക്കും കാണാന്‍ കഴിയുന്നില്ല. എനിക്ക് മുന്നില്‍ ശൂന്യത മാത്രം .”
വേദനയ്ക്ക് പഴയ മരുന്നും ,മേശ വലിപ്പില്‍ കിടന്ന കറുത്ത കണ്ണടയും നല്‍കി അയാളെ യാത്രയാക്കുമ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ രണ്ടും മാറി മാറി അടച്ചു കാഴ്ച പരിശോധിച്ചുപോയി. പിറുപിറുത്തുകൊണ്ട് അയാള്‍ തപ്പിത്തടഞ്ഞു പുറത്തേക്ക് പോകുകയായിരുന്നു അപ്പോള്‍. വീണ്ടും എന്റെ ഫോണ്‍ മണിയടിക്കാന്‍ തുടങ്ങി . ഓ അവളാണ് . ഇടം കണ്ണിന്റെ തുടിപ്പ് മാറിയോ എന്തോ.

ഇനിയും നഷ്‌ടമായ ഒരവയവുമായി കടന്നു വന്നേക്കാവുന്ന ഗോപാലനെ കാത്തു ഞാന്‍ ഇപ്പോൾ എന്നും മുടങ്ങാതെ ഇപ്പോള്‍ ക്ലിനിക്ക് തുറന്നു വയ്ക്കുന്നുണ്ട്‌ . അയാള്‍ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷയും ഇഷ്ടവും പതിയെ തന്നു തുടങ്ങിയിരിക്കുന്നു .
©️®️✍🏼 ബി.ജി.എൻ വർക്കല

Saturday, January 9, 2021

പൂക്കള്‍

പൂക്കൾ
.............
പൂക്കള്‍ ചിരിക്കാറുണ്ട്
വസന്തത്തിന്റെ വരവില്‍
മഞ്ഞു കണികകള്‍ വീണ ഇതളുകള്‍
കമ്പനത്താല്‍ വിടരുമ്പോള്‍
പൂക്കള്‍ ചിരിക്കാറുണ്ട്

പൂക്കള്‍ കരയാറുണ്ട്
വാസനിക്കാന്‍ , ഒന്ന് ചുംബിക്കാന്‍
മധുപന്‍ വരാത്ത കാലങ്ങളില്‍
ഇതളുകള്‍ ചുരുക്കി
പൂക്കള്‍ കരയാറുണ്ട്

പൂക്കള്‍ നാണിക്കാറുണ്ട്.
ഇതളുകള്‍ കൂമ്പിയടഞ്ഞു
നിലാവിന്റെ കണ്ണുകളില്‍ നോക്കി
നേര്‍ത്ത പുഞ്ചിരിയോടെ
പൂക്കള്‍ നാണിക്കാറുണ്ട് .

പൂക്കള്‍ തേന്‍ ചുരത്താറുണ്ട്
സുഗന്ധം നിറഞ്ഞ കേസരം
തൊങ്ങലുകള്‍ ചാര്‍ത്തുന്ന ശലഭനാവുകളില്‍
ഹൃദയം നിറഞ്ഞു കവിയുമ്പോള്‍
പൂക്കള്‍ തേന്‍ ചുരത്താറുണ്ട്
..... ബി.ജി.എൻ വർക്കല


Friday, January 8, 2021

ഗാഫ് മരം

ഗാഫ്മരം
................
ഗാഫ് മരം പോലെയാണ് നീ
മരുഭൂമിയുടെ താപത്തില്‍
അതിഗ്രീഷ്മത്തിന്റെ കൈകളാല്‍
സര്‍വ്വാംഗം കരിഞ്ഞു നില്‍ക്കുന്നൊരു
ഗാഫ് മരം .
വര്‍ഷങ്ങളുടെ ഉണക്കില്‍
വിറകു കൊള്ളിപോലെയാകുന്ന
മരുദൈന്യം .
ഒരു നാള്‍
ആകാശത്തു നിന്നെങ്ങോ വീഴുന്നൊരു
ഒറ്റ തുള്ളി ജലത്തില്‍
തളിരിടുന്നുണ്ട്.
അടിമുടി പച്ചപ്പ്‌ ചൂടി
നവോഢയെ പോലെ നാണിച്ചു നില്‍ക്കും .
ചുംബനം ഉണങ്ങിവരണ്ടനിന്റെ  ചുണ്ടുകളെ
ഒരു ശലഭചുംബനത്താല്‍ ഞാന്‍ തളിരിടുവിക്കുന്നത് പോലെ.
✍️©️ബി.ജി.എൻ വർക്കല

Thursday, January 7, 2021

വേരുകൾ...................................................... മലയാറ്റൂർ

വേരുകൾ(നോവൽ)
മലയാറ്റൂർ 
ഡി സി ബുക്ക്സ് (2016 )
വില : 140 . രൂപ 



ഓരോ മനുഷ്യനും ഒടുവിൽ തിരയുന്നത്  അവന്റെ വേരുകൾ ആണ് . ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ തിരിഞ്ഞു നോക്കുകയും , തിരഞ്ഞു പോവുകയും ചെയ്യുന്ന വേരുകൾ. ആധുനിക ലോകത്തു ജീവിക്കുന്ന ഇന്നിന്റെ തലമുറയ്ക്ക് തന്റെ പിതാവിന്റെയും മാതാവിന്റെയും വീണ്ടും പിന്നോട്ട് പോയാൽ അവരുടെ മാതാപിതാക്കളുടെയും പേരുകൾ അറിയുമായിരിക്കും . അതിനും പിറകിലേക്ക് സഞ്ചരിക്കാൻ വഴികളോ മനസ്സോ സമയമോ ഇല്ലാത്തവർ ആണ് ഇന്നത്തെ ജനം . അതിന്റെ ആവശ്യകത എന്തെന്ന മറുചോദ്യമാകും അവർ ഉന്നയിക്കുകയും ചെയ്യുക. എഴുത്തിലെ ജനകീയനായ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തന്റെ കൃതികൾ എല്ലാം തന്നെ ജീവിതത്തെ അടുത്തു നിന്നും നോക്കി കാണുന്ന രീതിയിൽ എഴുതിയിട്ടുള്ളതാണ് . സ്വയം ഒരു കഥാപാത്രമായി നിൽക്കുന്ന രീതിയിൽ എഴുതുകയും അതിൽ യാഥാർഥ്യത്തിന്റെ നെരിപ്പോട് പ്രകടമായി നിലനിർത്തുകയും ചെയ്യുക ഒരു ശൈലിയാണ് അനുഭവപ്പെട്ടിട്ടുണ്ട് . വേരുകൾ എന്ന നോവൽ വളരെ മനോഹരമായ വായന നൽകി. ഇതിലെ നാലാം അദ്ധ്യായം പണ്ട് സ്‌കൂളിൽ പഠിച്ചിരുന്നതാണെങ്കിലും അതീ നോവലിന്റെ ഭാഗമാണ് എന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ് . രാമുവിന്റെ പേപിടിച്ച മരണവും ശുപ്പു മണിയുടെ ഭ്രാന്തും അന്ന് വായിച്ചിട്ടുണ്ടെങ്കിലും അതൊരിക്കൽക്കൂടി വായിക്കുന്നത് ഈ നോവൽ വായനയിൽ ആണ് . 

വേരുകൾ നഷ്ടമാകുന്ന മനുഷ്യരുടെ എക്കാലത്തെയും പ്രതിനിധിയായി രഘു എന്ന കേന്ദ്ര കഥാപാത്രത്തെ കാണാം . കാലവും സാഹചര്യവും അനുസരിച്ച് മുഖവും ബന്ധങ്ങളും  വിഷയങ്ങളും മാറുന്നു എങ്കിലും അവയിലെല്ലാം ഒരു ഏകീകൃത മൂലകാരണം ഉണ്ടാകുക  സ്വാഭാവികം . വിദ്യാഭ്യാസവും ഉയർന്ന തൊഴിലും ലഭിക്കുന്നതോടെ ഗ്രാമങ്ങൾ ഉപേക്ഷിക്കുകയും നഗരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവരാണ് നാമൊക്കെയും . നഗരങ്ങൾ സൃഷ്ടിച്ച കോൺക്രീറ്റ് വനങ്ങളിൽ ഇരുന്നുകൊണ്ട് കാടെവിടെ മക്കളെ  എന്നൊക്കെ വിലപിക്കാൻ നമുക്ക് സുഖമാണ് . മഴയുടെ , മരത്തിന്റെ , നദിയുടെ , നെൽ വയലിന്റെ , അയലോക്കങ്ങളുടെ ഒക്കെ സ്മരണകളിൽ കരയുകയോ കഥകൾ എഴുതുകയോ ചെയ്യുന്നവർ . ഇന്ന് പുതിയ ഒരു തരംഗം കൂടി കാണാം . ഒരിക്കൽ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോയ മനുഷ്യർ ഇന്ന് തിരികെ ഗ്രാമങ്ങൾ തിരയുകയും ചേക്കകൾ തരപ്പെടുത്താൻ പരക്കം പായുകയും ചെയ്തു തുടങ്ങിയിട്ടുണ്ട് . പക്ഷെ അവർക്ക് ഗ്രാമങ്ങൾ നിർമ്മിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത് . കാരണം ഗ്രാമങ്ങൾ ഇന്ന് ചെറു പട്ടണങ്ങൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു . 

രഘു തലസ്ഥാന നഗരിയിൽ ഭേദപ്പെട്ട അധികാര തലത്തിൽ ജോലി ചെയ്യുന്ന ഒരു മനുഷ്യൻ ആണ് . ക്ലബ്ബും ചീട്ടുകളിയും ആണ് സൊസൈറ്റിയുടെ അംഗീകാരം കിട്ടുന്ന വസ്തുക്കൾ എന്ന് കരുതിപ്പോരുന്ന ഭാര്യയും ജോലിയുടെ തിരക്കിൽ പെട്ട് പോയ ഭർത്താവും കുട്ടികളെ ജോലിക്കാർക്ക് ഏൽപ്പിച്ചു കൊടുത്ത് അവരെയോർത്തു നെടുവീർപ്പിടുന്ന ജീവിതം . ആ ജീവിതത്തിൽ ഭാര്യയുടെ ആവശ്യപ്രകാരം സാമാന്യം മെച്ചപ്പെട്ടതിലും മെച്ചപ്പെട്ടതായി ഒരു വീട് നിർമ്മിക്കുവാൻ പണം തരപ്പെടുത്താനായി ഗ്രാമത്തിലെ  ഭർത്താവിന്റെ (രഘുവിന്റെ ) വീടും പുരയിടവും വിൽക്കാൻ നിർബന്ധിതനാകുന്നു . അതിനായി അയാൾ തന്റെ ജന്മഗൃഹത്തിലേക്ക് യാത്ര ചെയ്യുന്നു . അവിടെ അയാൾ ഗതകാല സ്മരണകളിൽ മുങ്ങി ശ്വാസം മുട്ടുന്നു. ഓരോ മുക്കിലും മൂലയിലും ഓർമ്മകളുടെ  സൂചിമുനകൾ ആണ് അയാളെ കാത്തിരിക്കുന്നത് . ഒരു നഗരത്തിനും നൽകാൻ കഴിയാത്ത  ആ ഓർമ്മമധുരങ്ങളിൽ മുങ്ങിപ്പൊങ്ങി പോകുമ്പോൾ വായനക്കാരന് ആരാണ് രഘുവെന്നും അയാളുടെ ബാല്യ കൗമാരം എന്തായിരുന്നു എന്നും അറിവ് കൂടി നൽകുകയാണ് എഴുത്തുകാരൻ. ഒടുവിൽ നഗരവത്കരണം ഒട്ടും വന്നിട്ടില്ലാത്ത ആ  ഗ്രാമത്തിന്റെ സ്വച്ഛ സുന്ദരമായ അന്തരീക്ഷം ഒരിക്കലും തനിക്ക് നഷ്ടമാകരുത് എന്നൊരു തിരിച്ചറിവിലേക്ക് അയാൾ എത്തുന്നു . പക്ഷെ അവിടെയും അയാൾ  ശ്രമിക്കുന്നത് ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് തന്റെ നഗര സ്വപ്നങ്ങൾ പറിച്ചു നടുവാനാണ് എന്ന കാര്യം.   വിസ്മരിക്കാൻ കഴിയില്ല . നഗരത്തിൽ കെട്ടാൻ അയാൾ കരുതിയ കെട്ടിടം തന്റെ ഗ്രാമത്തിൽ കെട്ടാനും , തന്റെ സ്വാധീനവും കഴിവും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങൾ ആ ഗ്രാമത്തിനു നൽകാനും വികസനം കൊണ്ട് വരാനും കൂടിയാണ് രഘു തീരുമാനിക്കുന്നത് . ഇത് പറിച്ചു നടൽ മാത്രമല്ല ഗ്രാമീണതയുടെ മേൽ നഗരത്തെ  കെട്ടിവെയ്ക്കൽ കൂടിയാകുകയാണ് . തന്റെ നിലവാരത്തിന് അനുസരിച്ചു ഗ്രാമത്തെ  മാറ്റാൻ ചിന്തിക്കുന്നിടത്തു എഴുത്തുകാരൻ പ്രതീക്ഷിച്ച  ഗ്രാമീണതയിലേക്കുള്ള തിരിച്ചു വരവ് എന്ന ആശയം മരിച്ചു പോയി എന്ന് കരുതുന്നു . ആ ഒരു പോരായ്മ നോവൽ വായനയില് അനുഭവപ്പെട്ടു എന്നതിനപ്പുറം ആ പഴയ കാലഘട്ടത്തിന്റെ ചിന്തകളും  സംസ്കാരവും മറ്റും മനസ്സിലാക്കാൻ ഉതകുന്ന ഒരു നോവൽ ആയി ഇതിനെ വിലയിരുത്താൻ കഴിയുന്നു . 

പഴയ നോവലുകളിൽ നിന്നും ലഭിക്കുന്ന പ്രധാന വസ്തുത എഴുത്തുകാരനിൽ അടങ്ങിയിരിക്കുന്ന പുരോഗമന ചിന്തകൾ , സാംസ്കാരിക പുരോഗതി , കാഴ്ച്ചപ്പാടുകൾ എന്നിവ കൂടിയാണ് . കാരണം അവ പിന്നീട് .ചരിത്രമാകുകയാണ്  അടുത്ത തലമുറ അവ വായിക്കുക ആ കാലഘട്ടത്തെ പഠിക്കാൻ ഉള്ള ശ്രമം കൂടിയാണ് . ഇന്നിന്റെ എഴുത്തുകാർ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് ഈ കാലഘട്ടം സംസ്കാരം തുടങ്ങിയവ  അടയാളപ്പെടുത്തുക കൂടിയാണ് ഓരോ രചനകളുടെയും ധർമ്മം എന്നത് . നല്ലൊരു വായന നൽകിയ നോവൽ. വൈകി വായിച്ച നോവലുകളുടെ കൂട്ടത്തിൽ ഇതും എന്നടയാളപ്പെടുത്തുന്നു . ആശംസകളോടെ ബി.ജി.എൻ വർക്കല 

Wednesday, January 6, 2021

ബാല ശാപങ്ങൾ.

ബാലശാപങ്ങൾ
..........
അമ്മേ,
പോകുന്നിതാ ഞാന്‍
നിലാവിന്റെ വെണ്‍തിരശ്ശീല
ഞൊറിമാറ്റി വാനിന്നനന്തതയില്‍ ..
തിരികെവരാതെ,
മറുജന്മം കൊതിക്കാതെ
പോകുന്നിതാ ഞാന്‍.
ഉണ്ടായിരുന്നൊരു വസന്തം
എന്നോര്‍മ്മതന്‍
പൂങ്കാവനത്തിലൊരു നാള്‍!
അച്ഛനും അമ്മയും ഞാനും
പട്ടിണി തന്‍ നോവും സുഖവും
ഒത്തൊരുമിച്ചു വാണോരു നല്ല നാള്‍!
ഒരു വാക്ക് പറയാതച്ഛന്‍
ഇരുളിലേക്ക് നടന്നു മറഞ്ഞതും
ഇമകള്‍ തുറക്കാതെ തെക്കേത്തൊടിയില്‍
നമ്മെ മറന്നുറങ്ങിയതും
മറവിയില്‍ തള്ളി,കാലം മുന്നോട്ടു പായുന്നു .
വേദന നല്‍കും ഓര്‍മ്മകള്‍ക്കും
വിശപ്പിന്‍ ക്രൂരനഖങ്ങള്‍ക്കും
വിട്ടുകൊടുത്തച്ഛന്‍ പോയതില്‍
ഒട്ടുപരിഭവം നിറഞ്ഞനാളുകള്‍ .
ഒരു നാള്‍ ... പലനാള്‍
സന്ദര്‍ശനത്തിന്റെ കലണ്ടര്‍ത്താളുകള്‍
പതിയെ ചലനം നിലച്ച നാളൊന്നില്‍
അമ്മ പരിചയപ്പെടുത്തിയൊരാള്‍
കൊച്ചച്ഛനെന്നോര്‍ക്കുന്നു ഞാനും.
അച്ഛന് പകരമൊരാള്‍ എന്നല്ല
വിശപ്പിനു അറുതിയെന്നൊരു ചിന്തയാല്‍  
ഒന്നും ഓര്‍ക്കുവാന്‍ തോന്നിയില്ല
അച്ഛന്‍ ഉപേക്ഷിച്ച ശൂന്യത പോലുമേ !
അച്ഛനെപ്പോലെ  സ്നേഹിച്ചുകൊണ്ട്
കൊച്ചച്ഛന്‍ ഉള്ളില്‍ തണുമഴയായി.
രാത്രികളില്‍ അമ്മതന്‍ ചാരത്തു
കൊച്ചച്ഛന്റെ മടിയില്‍ പിന്നെയും
ഞാനാകാശം കണ്ടു.
നക്ഷത്രങ്ങളെ കണ്ടു ചിരിച്ചും
കൊള്ളിമീന്‍ കണ്ടു ഭയന്നും
ഉറങ്ങിയനാളുകള്‍ എത്രയോ കടന്നുപോയി .
വിശ്വാസത്തിന്റെ പുറംപാളിയാല്‍
പൊതിഞ്ഞു പിടിച്ചൊരു സ്നേഹത്തില്‍
ഒന്നുമറിയാതെന്റെ നാളുകള്‍
എന്നെത്തഴുകി അകന്നുപോയി .    
എത്രവേഗത്തിലാണമ്മേ നിന്‍
കൂട്ടുകാരന്റെ വിരലുകള്‍
വീണമീട്ടി പഠിച്ചു തുടങ്ങിയതീ
വിഹ്വലമാമെന്റെ തനുവിലും .
ഇക്കിളി പോലെന്‍ നെഞ്ചിലെ
മൊട്ടിലുഴിഞ്ഞു പറഞ്ഞ തമാശകള്‍
ഒട്ടൊരു ചിരിയോടെ  നീയും
കാണാമട്ടിലൊഴിഞ്ഞു പോയതെന്തമ്മേ..
സഞ്ചാരപാതകള്‍ വഴിമാറി
വിരലുകള്‍ , ചുണ്ടുകള്‍
ഗതിമാറിയൊഴുകുമ്പോള്‍
എത്രയോ വട്ടം ഞാനമ്മേ നിന്റെ
ശ്രദ്ധയില്‍ എല്ലാം പെടുത്തിയില്ലേ .
ഒന്നും പറയാതെ 
ഒന്നും കാണാതെ 
സ്വന്തം ജീവിതം ഭാസുരമാകുവാന്‍ 
എന്തിനാമ്മേ എന്നെ കുരുതി കൊടുത്തു നീ . 
ഉറക്കം നഷ്ടമാക്കി എന്നെ നീ 
അടുക്കളപ്പുറത്തും 
ചായ്പ്പിലും 
ഇരുള്‍പ്പക്ഷി കൊത്തിവലിക്കുന്ന രാവുകളില്‍ 
ഉറങ്ങാന്‍ വിട്ടതും 
പകല്‍ നല്‍കും സുരക്ഷയില്‍ 
ഉറക്കം ക്രൂരമായൊരു വേളയില്‍ 
കഴുനഖങ്ങളില്‍ കൊരുത്തു പിടഞ്ഞതും 
ഓര്‍ക്കുവാന്‍ കഴിയുന്നില്ലമ്മേ 
ഇനിയുമൊരു ജീവിതത്തിനു 
അടിമയുടെ കീഴടങ്ങലിന് 
പാകമാകാത്ത ശരീരമുപേക്ഷിച്ചു 
മടങ്ങട്ടെ ഞാനിനി .
അശാന്തമല്ലാത്ത ജീവിതം നിനക്കേകാന്‍ 
നിശബ്ദം ഞാന്‍ മടങ്ങട്ടെയിനി. 
...... ബിജു.ജി.നാഥ് വർക്കല











Friday, January 1, 2021

രതിയും ദാമ്പത്യവും................... ഡോ ജെ കെ

 രതിയും ദാമ്പത്യവും (ലൈംഗികം )

ഡോ. ജെ.കെ.

ഡി സി ബുക്ക്സ് (2016 )

വില : 160  രൂപ


ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തത സമൂഹത്തിൽ എക്കാലത്തെയും വലിയ ഒരു പരാജയം ആണ് . മനുഷ്യർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഒരു അവബോധം നൽകേണ്ടി വരുന്നത് എന്നതാണ് ഏറ്റവും വലിയ തമാശയും . എല്ലാ മനുഷ്യർക്കും ഇതിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല . പകരം പരിഷ്കൃത മനുഷ്യനെന്ന് എടുത്തു പറയേണ്ടി വരുന്നുണ്ട് . കാരണം ആഫ്രിക്കൻ വനാന്തരങ്ങളിൽ ഇന്നും വസ്ത്രം എന്നത് ഒരു തമാശക്കാര്യമായി കാണുന്ന , അതിനെക്കുറിച്ചു ബോധവരല്ലാത്ത സമൂഹങ്ങൾ ജീവിക്കുന്നുണ്ട് . അവർക്കിടയിൽ കുട്ടികൾ ജനിക്കുന്നുണ്ട് . വിവാഹം നടക്കുന്നുണ്ട് . ലൈംഗികത പ്രാകൃതമായ ഒരു തലത്തിൽ ആണെങ്കിലും സംഭവിക്കുന്നുണ്ട് . പക്ഷെ ലൈംഗിക പീഡനങ്ങൾ ആധുനിക സമൂഹത്തിലെ പരിഷ്കൃത ജനതയുടെ അത്രയും കഠിനമായി , ക്രൂരമായി നടക്കുന്നില്ല . ശരീരം എന്നത് ലൈംഗികതയ്ക്ക് വേണ്ടിയുള്ളത് ആണെന്ന ബോധം എന്തായാലും അവരിൽ ഇല്ല. അതിനാൽ തന്നെ വസ്ത്രം ധരിക്കാത്തതു കൊണ്ട് കുട്ടികൾ നഗ്നത കണ്ടു ചീത്തയായി പോകുന്നില്ല . പൊതു ജീവിതത്തിൽ നഗ്നത കണ്ടു ചാടി വീണു ലൈംഗിക അതിക്രമങ്ങൾ നടത്തുന്നില്ല . അതുപോലെ സദാനേരവും ലൈംഗികത എന്നൊരു ഒറ്റ ചിന്ത മാത്രം ശരീര ദർശനത്താൽ ഉണ്ടാകുന്നുമില്ല . ആഫ്രിക്കൻ വനാന്തരം വരെ പോകേണ്ട കാര്യമില്ല . ആന്റമാൻ ദ്വീപ സമൂഹങ്ങളിലെ ആദിവാസികൾ ആയ ജെരവകൾ വസ്ത്രം ധരിക്കാത്ത ആദിമ നിവാസികൾ ആണ് . ഇന്ത്യാ ഗവണ്മെന്റ് അവർക്ക്  ആരോഗ്യ പരിരക്ഷയൊക്കെ നൽകുന്നുണ്ട് ആഹാരം നൽകുന്നുണ്ട്. പക്ഷെ അവർ ഇപ്പോഴും പൊതു ജീവിത സമൂഹത്തിൽ പോലും വസ്ത്ര രഹിതരായി തന്നെ ഇടപഴകുന്നവർ ആണ് . അവരുടെ നഗ്നത കാണാൻ വണ്ടി വിളിച്ചു പോകുന്ന, ആസ്വദിക്കുന്ന, ചിത്രങ്ങൾ എടുത്തു നിഷ്ക്കു വേഷം കെട്ടി പങ്കു വച്ച് ആഘോഷിക്കുന്ന പരിഷ്കൃത മനുഷ്യർ ഉണ്ട് . മുലകൾ എന്നത് അവരുടെ ഇടയിൽ പരിപാവനമായ ഒന്നാണ് . കാരണം അത് കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ വേണ്ടിയുള്ള ഒന്നാണ് എന്ന ബോധം . പരിഷ്കൃത മനുഷ്യർ അത് സമ്മതിച്ചു തരില്ല . മുലകൾ ലൈംഗിക ചോദനയ്ക്കുള്ള വസ്തുതയാണ് എന്നും അത് കണ്ടാൽ പോലും ലൈംഗിക വിചാരം ഉണ്ടാകും എന്ന പൊതുബോധം ആണ് വിദ്യാഭ്യാസത്തിലൂടെ ആധുനിക മനുഷ്യർ നേടിയെടുത്തത് . എന്തിനു അന്യ ദേശങ്ങളിൽ പോയി ഉദാഹരണങ്ങൾ എടുക്കുന്നു . ഈ കേരളത്തിൽ പോലും കഴിഞ്ഞ നാല്പത് അമ്പതു വർഷങ്ങൾക്ക് മുൻപ് വരെ സ്ത്രീകൾ അരയിൽ ഒറ്റ മുണ്ടുടുത്തവർ ആയിരുന്നില്ലേ ? മാറ് മറയ്ക്കൽ , മുലക്കരം തുടങ്ങിയ ആയുധങ്ങളുമായി ഇപ്പോൾ എത്തും ചിലർ പ്രതിരോധിക്കാൻ . ആ വിഷയങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല തത്കാലം . ഞാൻ പറയാൻ ശ്രമിക്കുന്നത് ആ സ്ത്രീകളുടെ വീടുകളിൽ അച്ഛനും സഹോദരരും മക്കളും ഉണ്ടായിരുന്നു . ആ വീടുകൾ എല്ലാം തന്നെയോ ആ കാലഘട്ടത്തിലെ ആണുങ്ങൾ എല്ലാം തന്നെയോ മുലകൾ കണ്ടു കാമം ജനിച്ചു പീഡിപ്പിക്കാൻ നടന്നവർ അല്ല . ധർമ്മരാജ എന്ന നോവലിൽ ആണെന്നാണ് ഓർമ്മ അമ്മാവൻ, സുഭദ്രയെ  കോപം വന്നപ്പോൾ ശിക്ഷിക്കുന്നത് മുല പിടിച്ചു ഞെരിച്ചുകൊണ്ടാണ് . അതൊരു ശിക്ഷാ നടപടി എന്നതിനപ്പുറം കാമത്തോടെയുള്ള പ്രതികരണം അല്ലായിരുന്നു എന്നത് ആ കാലഘട്ടത്തിലെ കാഴ്ചപ്പാടിനെ മനസ്സിലാക്കിക്കാൻ ഉപകരിക്കും എന്ന് ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കാം. 

ലൈംഗിക വിദ്യാഭ്യാസം എന്നാൽ എങ്ങനെ ലൈംഗിക ബന്ധം ചെയ്യണം എന്ന് പഠിപ്പിച്ചു കൊടുക്കൽ ആണ് എന്നും അതിനു ശ്രമിക്കുന്നത് ലജ്‌ജാകരവും കുട്ടികളെ തെറ്റുകളിലേക്ക് നടത്തുന്നത് ആണെന്നും ധരിച്ചുവശായ ഒരു സമൂഹമാണ് നമ്മുടേത്. .ഞാൻ എങ്ങനെ ജനിച്ചു , എവിടെ നിന്നും വന്നു എന്നുള്ള ക്ളീഷേ ചോദ്യങ്ങൾക്ക് പോലും ഉത്തരം ഇല്ലാതെ പോകുന്നവരെക്കുറിച്ചുള്ള വീഡിയോകൾ, മീമുകൾ, ട്രോളുകൾ ഒക്കെ സജീവമാണല്ലോ . വിവര സാങ്കേതിക വശങ്ങളുടെ പുതിയ കാലത്ത് കുട്ടികൾക്ക് ഒന്നും അറിയില്ല എന്ന് കരുതുന്ന രക്ഷകർത്താക്കൾ ആണ് വിഡ്ഢികൾ. പത്തു പതിനഞ്ചു കൊല്ലം മുൻപ് ഇന്ത്യാടുഡേ നടത്തിയ ഒരു സർവേയുടെ ഫലം അന്ന് വായിച്ചതോർമ്മ വരുന്നു . ഡൽഹിയിലെ ഒരു ചെറിയ ക്ലാസിലെ കുട്ടി , തന്റെ അധ്യാപിക ക്ലാസ്സിൽ ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കുട്ടി സഹപാഠിയോട് പറഞ്ഞത് ടീച്ചർക്ക് ഇന്നലെ രാത്രി ശരിയായിക്കാണില്ല എന്നാണു . ഇതൊരൊറ്റപ്പെട്ട സംഭവമോ, അത്ഭുതപ്പെടുത്തുന്ന സംഗതിയോ അല്ല. ഇന്നത്തെ കുട്ടികൾക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല എന്നും കരുതരുത് . കാരണം എല്ലാ ബാല്യങ്ങളെയും പോലെ അതാത് സമയത്തെ സാങ്കേതിക വശങ്ങൾ ഉപയോഗിച്ച് അവർ നേടുന്നത് അപക്വമായ അറിവുകളോ അശാസ്ത്രീയമായ അറിവുകളോ ആണ് . പണ്ട് കുട്ടികൾക്ക് അവരുടെ ഗുപ്തമായ സംശയങ്ങൾക്ക് മറുപടി ലഭിച്ചിരുന്നത് മുതിർന്ന ചേട്ടന്മാരോ ചേച്ചിമാരോ പകർന്നു കൊടുക്കുന്ന അറിവുകൾ ആണ് . അതല്ലെങ്കിൽ ഒളിഞ്ഞും പാത്തുമവർ വായിക്കുന്ന കൊച്ചു പുസ്തകങ്ങൾ . കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവരുടെ ലൈംഗിക അറിവുകൾ  സിനിമകളിലെ കളർ പ്രതലത്തിൽ കുറച്ചുകൂടി വിശാലവും കൂടുതൽ കുഴപ്പം പിടിച്ചതുമായി . ആംഗലേയ വീഡിയോകളുടെ അതിപ്രസരം നടന്ന കാലവും കടന്നു മൊബൈൽ ഫോൺ കാലഘട്ടം ആയപ്പോൾ ചെറിയ ചെറിയ ക്ലിപ്പുകൾ ആയ എം എം എസ് തലത്തിലേക്ക് വന്ന അത്തരം വീഡിയോകളിൽ കാണുന്ന ലൈംഗികത ആണ് ശരി എന്ന തെറ്റിദ്ധാരണ കുട്ടികൾക്ക് ഇടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി . ലൈംഗികതയിലെ പരീക്ഷണങ്ങളും അവയവങ്ങളുടെ വലിപ്പവും മൈഥുനത്തിലെ സമയവും വീഡിയോ കണ്ടു ശരിയെന്ന ധാരണയിൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയത് ഇതോടെയാണ് എന്ന് കരുതുന്നു . ലൈംഗിക അവബോധം നൽകുന്ന സിനിമകളോ വീഡിയോകൾ അശ്ലീല ചിത്രങ്ങൾ എന്ന കാരണത്താൽ സമൂഹത്തിൽ വെളിച്ചത്തിൽ കാണേണ്ട സംഗതികൾ അല്ല എന്നൊരു ധാരണ പരത്തി. കേരളസമൂഹം ആണ് ഇന്ത്യയിൽ ലൈംഗികതയിൽ ഇത്രയേറെ  ഗുപ്തവും ജുഗുപ്ത്സവഹവുമായ ഒരു സംഗതിയായി കാണാൻ , പഠിപ്പിക്കാൻ ശ്രമിച്ചത് എന്നൊരു തോന്നൽ ഉണ്ട് . ചുവന്ന തെരുവുകളും മറ്റുമുള്ള മറ്റു സംസ്ഥാനങ്ങളിൽ ലൈംഗികതയുടെ അന്വേഷണത്തിന് ഭയങ്ങൾ ഇല്ലാതെ ഒരു ഇടം ഉണ്ടെങ്കിൽ കേരളത്തിൽ അത് സദാചാര ഭ്രംശവും കുറ്റകൃത്യവും ആണല്ലോ . 

ഡോക്ടർ ജെ. കെ. എഴുതിയ രതിയും ദാമ്പത്യവും എന്ന പുസ്തകം പ്രായപൂർത്തിയായ കുട്ടികൾക്കും ദമ്പതികൾക്കും ഒരുപോലെ ഉപയോഗമുള്ള ഒരു പുസ്തകം ആണ് . കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന ലൈംഗിക അറിവുകളെ തിരുത്താനും ശരിയായി നയിക്കാനും ഈ പുസ്തകത്തിലെ  വിവരങ്ങൾ സഹായിക്കും . ശരീരം എന്താണ് എന്നും ലൈംഗിക അവയവങ്ങളുടെ ധർമ്മമെന്തെന്നും തുടങ്ങി രതി എങ്ങനെ  ആരോഗ്യകരമായ രീതിയിൽ ചെയ്യണം എന്നും പ്രധാനപ്പെട്ട ലൈംഗിക പ്രശ്നങ്ങൾ ആയ വിഷയങ്ങളെ എങ്ങനെ പരിഹരിക്കാം എന്നും ഒക്കെയുള്ള വിവരങ്ങൾ ചിത്രങ്ങൾ (ഔട്ട് ലൈൻ ) ഉപയോഗിച്ചും മറ്റും വിശദമാക്കുന്ന ഈ പുസ്തകം ദാമ്പത്യ വിജയത്തിനും  ലൈംഗികജീവിതത്തിനും വളരെയേറെ ഉപയോഗമുള്ള ഒരു പുസ്തകം ആണ് . ഇത്തരം പുസ്തകങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് തെറ്റാണ് എന്ന് കരുതുന്നില്ല. കാമസൂത്ര പോലുള്ള പുസ്തകങ്ങളും, ആരോഗ്യ പുസ്തകങ്ങളും പൊതിഞ്ഞ് ആരും കാണാതെ വയ്ക്കുന്ന മലയാളിയുടെ മനസ്സും ചിന്തയും മാറുന്ന കാലം വരേയ്ക്കും കേരളം ലൈംഗിക പരാജയങ്ങളും അക്രമങ്ങളും ദാമ്പത്യ പരാജയങ്ങളും ഒഴിയാത്ത ഒരു ഇടമായിരിക്കും. ആരോഗ്യമുള്ള ഒരു സമൂഹത്തിൽ അവബോധമുള്ള ഒരു  ജനതയ്ക്ക് മാത്രമേ പരിഷ്കൃതൻ എന്ന വാക്കും ചേരുകയുള്ളൂ. വായനയ്ക്ക് നിർദ്ദേശിക്കാനും , നവദമ്പതികൾക്ക് സമ്മാനിക്കാനും ഉള്ള ഒരു നല്ല പുസ്തകം ആയി ഇതിനെ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു . ആശംസകളോടെ ബി.ജി. എൻ വർക്കല