Wednesday, January 13, 2021

ഗോപാലപുരാണം

കഥ
••••••••••••••••
ഗോപാലപുരാണം
ബിജു.ജി.നാഥ്‌ വർക്കല
•••••••••••••••••
സ്ഥിരം വയറുവേദനക്കാരനായ രോഗിയെ ഒരുവിധം സമാധാനിപ്പിച്ച് ഒന്ന് നടുനിവര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് നല്ലപാതി വിളിച്ചതു . ഇടം കണ്ണ് തുടിക്കുന്നു അതിനാല്‍ വിളിച്ചതാണത്രേ. 'ഇടംകണ്ണ് തുടിച്ചാല്‍ ഇണക്ക് ദോഷം' എന്ന് വല്യമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. എനിക്കിനി എന്തേലും ദോഷം വന്നോ എന്നറിയാന്‍ വേണ്ടി വിളിച്ചുറപ്പു വരുത്തിയതാണ് . നല്ല കാര്യം . ഇതിലും വലിയ ദോഷം എന്താണ് ഇനി വരാന്‍ ഉള്ളത് എന്നോര്‍മ്മിപ്പിക്കും മട്ടില്‍ അപ്പോഴാണ് ഗോപാലന്‍ വന്നുകയറിയത് .

“എന്താ ഗോപാലാ , എന്തൊക്കെയുണ്ട് വിശേഷം . ഒരുപാട് നാളായല്ലോ കണ്ടിട്ട്.”

ഓരോ രോഗിയും എനിക്ക് പരിചയക്കാര്‍ ആണ് അതിനാല്‍ത്തന്നെ അവരെ ഓര്‍മ്മിച്ചു വയ്ക്കുക എനിക്കൊരു വലിയ ഭാരമായി തോന്നിയിട്ടുമില്ല.

എന്റെ ചോദ്യങ്ങള്‍ പക്ഷെ ഗോപാലനെ തൊട്ടതേയില്ല എന്ന് തോന്നുന്നു. സ്വതേ ശോകാകുലമായ മുഖം കുറച്ചൂടെ ശോകമൂകമായി. ഒന്നും മിണ്ടാതെ മുന്നിലെ പരിശോധനാക്കസേരയില്‍ ഇരുപ്പുറപ്പിച്ചു അയാള്‍. ദീര്‍ഘമായ ഒരു നിശ്വാസം ഉതിര്‍ത്തുകൊണ്ട് അയാള്‍ എന്നെ നോക്കി.

“ഡോക്ടര്‍ .... എന്നെ ആരും മനസ്സിലാക്കുന്നില്ല. ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല.”

പതിവു വാചകം തന്നെ ഗോപാലന്‍ ആദ്യം ഉരുവിട്ടതില്‍ പക്ഷെ മുന്‍പരിചയം കൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ഗോപാലന്‍ കരയുവാന്‍ തുടങ്ങിയിരുന്നു.

ഗോപാലന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ എന്നെ കാണാന്‍ വന്നിരുന്നു. നാല്‍പ്പത് കഴിയാത്ത ഒരു യുവാവാണ് ഗോപാലന്‍ . കൃശഗാത്രനായ അയാള്‍ വേഷവിധാനങ്ങളില്‍ വലിയ ശ്രദ്ധ ഒന്നും നല്‍കിക്കണ്ടിരുന്നില്ല. അയഞ്ഞ ഒരു കൂര്‍ത്തയും നിറം മങ്ങിയ പഴയ ഒരു ജീന്‍സും ആണ് അന്നുമയാളുടെ വേഷം. ക്രമം തെറ്റി വളര്‍ന്ന മുടിയും താടി മീശയും അയാളെ അശാന്തനായ ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു . ഒതുക്കമില്ലാത്ത കോലന്‍ മുടി ഫാനിന്റെ കാറ്റില്‍ പറന്നു മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

വിചിത്രമായ ഒരസുഖവുമായായിരുന്നു ഗോപാലന്‍ ആദ്യമായി എന്റെ മുന്നിലേക്ക് വന്നത് . മെലിഞ്ഞു നീണ്ട തന്റെ വലംകൈ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ വിസ്മയിച്ചുപോയി.

“ഡോക്ടര്‍, നോക്കൂ എന്റെ കൈ മുറിഞ്ഞു പോയിരിക്കുന്നു . വേദന സഹിക്കാന്‍ കഴിയുന്നില്ല.”

അസഹ്യമായ വേദനയാല്‍ ചുളിയുന്നുണ്ടായിരുന്നു അത് പറയുമ്പോഴും അയാളുടെ മുഖം. അയാള്‍ക്ക് എന്തേലും മാനസികമായ അസുഖമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോയി. എങ്കിലും അയാളെ നിരാശനാക്കാതെ കൈ പിടിച്ചു നാഡിമിടിപ്പും മറ്റും നോക്കി . എല്ലാം നോര്‍മല്‍ ആണ് . പക്ഷെ ആ കൈയ്യില്‍ തൊട്ടതോ പിടിച്ചതോ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. സംശയം മാറ്റാന്‍ അയാള്‍ അറിയാതെ ഞാനയാളെ ഒന്നു നുള്ളി നോക്കി . ഒരു ഭാവഭേദവുമില്ലാതെ അയാള്‍ എന്നെ നോക്കിയിരിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഒരു രോഗി ആദ്യമായാണ്‌ എനിക്ക് എന്നതുകൊണ്ട്‌ വളരെ താത്പര്യം തോന്നി . വിശദവിവരങ്ങള്‍ അറിയണം എന്നു കരുതി അയാളോടു സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.

“ഗോപാലന് എപ്പോള്‍ മുതല്‍ ആണ് കൈ നഷ്ടമായത്.?”

ഞാന്‍ അയാളെ മനസ്സിലാക്കുന്നു എന്ന ബോധം അയാളില്‍ എന്നെ വിശ്വസിക്കാന്‍ തോന്നിപ്പിച്ചു എന്ന് മുഖഭാവം പറയുന്നുണ്ടായിരുന്നു. അയാള്‍ അത് പറയാന്‍ ഉള്ള ഒരു തുടക്കം തേടും പോലെ എന്നെത്തന്നെ നോക്കി ഇരുന്നു.

“ഡോക്ടര്‍ ഞാന്‍ ഒരനാഥന്‍ ആണ്. തെരുവിലെ ജീവിതമാണ് എന്റേത്.”

അയാള്‍ പറഞ്ഞു തുടങ്ങി . ഒരു തെരുവ് ജീവിതത്തിന്റെ ഭാഷയോ , സംസ്കാരമോ അല്ല അയാള്‍ കാണിക്കുന്നതല്ലോ എന്നോര്‍ത്തുവെങ്കിലും, ഞാന്‍ അയാളെ തടസ്സപ്പെടുത്താതെ കേട്ടിരിക്കാം എന്ന് തന്നെ കരുതി.

“തെരുവിലെ ജീവിതം, തെരുവിന്റെ സംഗീതം ഇതൊന്നും ഡോക്ടര്‍ക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഞാനത് വിശദീകരിക്കാന്‍ ശ്രമിക്കുന്നുമില്ല. എല്ലാരെയും എല്ലായ്പ്പോഴും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു ലോകം ആണെന്റേത്. ജീവിതത്തെ ഞാന്‍ ഒരു ചരടു പൊട്ടിയ പട്ടം പോലെ  വിടുന്നതും അതുകൊണ്ടാണ്.”

ഏതോ മധുരതരമായ ഒരു ലോകത്തേക്ക് ഗോപാലന്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു . അവിടെ അയാള്‍ ജീവിതത്തിന്റെ സുഗന്ധം ആസ്വദിക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ട് മുഖഭാവത്തിലൂടെ.

“എന്റെ ജീവിതത്തിനു കടപ്പാട് രാമുവിനോട് ആണ്. പലപ്പോഴും എന്റെ ജീവിതത്തിനെ വഴിതിരിച്ചു വിടാന്‍ അവന്‍ എന്നെ സഹായിച്ചിട്ടുണ്ട് . ഒരിക്കലും വിശക്കാന്‍ എനിക്ക് അവസരം തരാതെ അവന്‍ എനിക്ക് അന്നം കാട്ടിത്തന്നിരുന്നു. ഒരു പരാതിയും കൂടാതെ ഞങ്ങള്‍ ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്നു. എത്ര കാലമായി രാമുവും ഞാനുമൊന്നിച്ചുനടക്കാന്‍ തുടങ്ങിയിട്ട് എന്നെനിക്കറിയില്ല. എന്റെ എല്ലാ അനുഭവങ്ങളിലും ഒരു നിശബ്ദ സാന്നിധ്യമായി അവന്‍ ഉണ്ടായിരുന്നു . പക്ഷെ ....”

ഓര്‍ക്കാന്‍ കഴിയാത്ത എന്തോ ഒരു ഓര്‍മ്മയിലെന്ന പോലെ ഗോപാലന്‍ പുളഞ്ഞു. അയാളുടെ മുഖം വേദന കൊണ്ട് കോടുന്നുണ്ടായിരുന്നു.

പതിയെ അയാളെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം അയാളുടെ കൈപ്പത്തിക്കു മീതെ കൈയ്യമര്‍ത്തി. അയാള്‍ ദയനീയമായി എന്നെത്തന്നെ നോക്കി .

“ചീറിപ്പാഞ്ഞു വന്ന ഒരു പാണ്ടിലോറി എന്റെ രാമുവിനെ വെറും മാംസക്കഷണങ്ങളായി ......”

വാക്കുകള്‍ മുറിഞ്ഞു തുടങ്ങി . അയാള്‍ കരയാന്‍ തുടങ്ങി . ഞാന്‍ മെല്ലെ എഴുന്നേറ്റു അയാളുടെ തോളില്‍ തട്ടി . പിന്നെ അയാളുടെ വലതു കൈ തടവിക്കൊടുത്തു . അലിവോടെ അയാളെ നോക്കിയപ്പോള്‍ അയാള്‍ ശാന്തനാകാന്‍ തുടങ്ങി . കൈ വേദനയ്ക്ക് ചില ട്രാങ്കലൈസറുകളും ഡിപ്രഷന്‍ റിലീഫ് ടാബും എഴുതിക്കൊടുത്തു. അത് കഴിച്ചു കുറവില്ലെങ്കില്‍ വരാന്‍ പറഞ്ഞയാളെ യാത്രയാക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ശൂന്യത വന്നു മൂടുന്നുണ്ടായിരുന്നു. ചുവരില്‍ തൂക്കിയിട്ടിരുന്ന  യുദ്ധക്കളത്തില്‍ അര്‍ജ്ജുനനു വലംകൈയായി നില്‍ക്കുന്ന കൃഷ്ണന്റെ ചിത്രത്തെ നോക്കി ഞാന്‍ മെല്ലെ കണ്ണുകള്‍ അടക്കുമ്പോള്‍ ഗോപാലന്‍ ശൂന്യമായ വലംകൈയ്യുമായി വേച്ചുവേച്ചു പുറത്തേക്ക് നടക്കുകയായിരുന്നുവല്ലോ.

ഇപ്പോള്‍ എന്താകും ഗോപാലന്റെ പുതിയ പ്രശ്നം എന്നോര്‍ത്തു ഞാന്‍ ഉത്കണ്ട്ഠയോടെ അയാളെ നോക്കി.

“എങ്ങനെയുണ്ട് ഗോപാലാ കൈ വേദന. ഇപ്പോള്‍ എന്തു തോന്നുന്നു .?”

“ഞാന്‍ അതുമായി പൊരുത്തപ്പെട്ടു ഡോക്ടര്‍. ഇപ്പോള്‍ വേദന അറിയാറില്ല. നഷ്ടപ്പെട്ടത് തിരികെ കിട്ടില്ലല്ലോ. ഞാനത് മനസ്സിലാക്കുന്നു. ഇനി മരിക്കും വരെ ഈ വേദന ഞാന്‍ സഹിക്കണം.”

നഷ്ടമായതായി വിശ്വസിക്കുന്ന വലതു കൈയുടെ മുകളില്‍ കൈകളോടിച്ചു അയാള്‍ സ്വയം ആശ്വാസം കൊള്ളുകയായിരുന്നു.

“ഡോക്ടര്‍ ... അങ്ങേക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നോ ഞാന്‍ പറയുന്നത് കളവാണെന്ന് . “

അയാള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അയാളെ നിരാശപ്പെടുത്താന്‍ എന്നിലെ ഡോക്ടര്‍ക്ക് കഴിയുമായിരുന്നില്ല. ഞാന്‍ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു.

“ഡോക്ടര്‍ മാത്രമേ എന്നെ വിശ്വസിച്ചിട്ടുള്ളൂ. അതുകൊണ്ടാണു ഞാന്‍ വീണ്ടുമിവിടേക്ക് വന്നത്”

അയാള്‍ ഒന്നു നിര്‍ത്തി എന്റെ മുഖത്തേക്ക് വീണ്ടും നോക്കി . ഞാന്‍ പുഞ്ചിരിയോടെ തുടരാന്‍ അയാളോട് തലകൊണ്ട് ആംഗ്യം കാട്ടി.

ഇടതു കൈ മേശമേല്‍ അമര്‍ത്തിപ്പിടിച്ചു അയാള്‍ മുന്നോട്ടാഞ്ഞിരുന്നു .

“നോക്കൂ ഡോക്ടര്‍ , എനിക്കെന്റെ ഇടം കണ്ണ് നഷ്ടമായിരിക്കുന്നു .”

ഞാന്‍ ഒന്നു ഞെട്ടി പിറകോട്ടു ചാരി. ഒരുപോലെ തിളങ്ങുന്ന , ചലിക്കുന്ന അയാളുടെ കണ്ണുകളില്‍ എന്താണ് പ്രശ്നം? എനിക്ക് സുബോധം ഇല്ലാത്തതാണോ അതോ അയാള്‍ ശരിക്കും സുബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനാണോ? കണ്ണാടി എടുത്തു തുടച്ചു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുന്നോട്ടിരിക്കെ ഗോപാലന്റെ കണ്ണിനു എന്താണ് പറ്റിയത് എന്നറിയാന്‍ എനിക്ക് ആകാംഷയായിക്കഴിഞ്ഞിരുന്നു.

എന്റെ ആകാംഷ മനസ്സിലാക്കിയ മട്ടില്‍ അയാള്‍ തനിക്ക് കാഴ്ച നഷ്ടപ്പെട്ട കഥ പറയാന്‍ തുടങ്ങി .

“രാമുവിന്റെ അഭാവം എന്റെ ജീവിതത്തെ വല്ലാതെ നിരാശയിലാഴ്ത്തി. ജീവിതത്തോടുള്ള എല്ലാ ആഗ്രഹങ്ങളും നശിച്ച ഞാന്‍ മരിക്കുന്നതിനുള്ള ചിന്തയിലായിരുന്നു ഇവിടന്നു പോയതിനു ശേഷം . ഭക്ഷണത്തോടുള്ള പ്രതിപത്തി ഒക്കെ നഷ്‌ടമായ ഞാന്‍ അത് പാടെ മറന്നപോലെ ആയിരുന്നു പിന്നീടങ്ങോട്ട്.”

അയാളുടെ നോട്ടം എന്നെയും തുളച്ചു കടന്നു പോകുകയും അത് ലക്ഷ്യമില്ലാത്ത ഒരു ദിശയില്‍ ഓടിത്തളരുന്നതും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു . ഇരുണ്ട ഇടനാഴിയിലൂടെ സംസാരിച്ചു നീങ്ങുന്ന ഒരു അവശനായ മനുഷ്യനെ ഓര്‍മിപ്പിച്ചു ഗോപാലന്റെ ശബ്ദം.

“സുശീല എന്നെ കണ്ടെത്തുന്നത് , അതോ ഞാന്‍ സുശീലയെ കണ്ടെത്തുന്നതോ അക്കാലത്താണ് . എന്റെ വിശപ്പും ദാഹവും കണ്ടെത്തി എനിക്ക് തണലായി അവളെന്നെ ഏറ്റെടുക്കുകയായിരുന്നു. പകല്‍ മുഴുവന്‍ ഉറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്തിരുന്ന അവള്‍ക്ക് ' എന്നെ കണ്ടെടുത്തതോടെ പകല്‍ ഉറക്കം മുടങ്ങി എന്നതാണ് അവളില്‍ ഉണ്ടായ മാറ്റം .”

അയാളുടെ വാക്കുകളില്‍ അവളോടുള്ള സ്നേഹവും , ബഹുമാനവും സ്ഫുരിക്കുന്നത് കാണാമായിരുന്നു. അയാളെ നിരാശനാക്കാന്‍ ഞാന്‍  തയ്യാറായിരുന്നില്ല. അയാളെ പറയാന്‍ വിട്ടുകൊണ്ട് ഞാന്‍ മെല്ലെ കസേരയിലേക്ക് ചാഞ്ഞു.

“രാമൂന്റെ അഭാവം മൂലം വേദന അനുഭവിച്ചിരുന്ന എന്നെ അവള്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ വേദന ഞാന്‍ മറക്കുകയായിരുന്നു . നഷ്ടമായ കൈക്ക് പകരം എനിക്കവള്‍ ഉണ്ടല്ലോ എന്ന ആശ്വാസം. ദിവസങ്ങള്‍ കടന്നു പോകവേ അവള്‍ ഇല്ലാതെ ഒരു ദിവസവും കടന്നു പോകാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേരുകയായിരുന്നു. “

തുടരാന്‍ കഴിയാതെ അയാള്‍ ശ്വാസംമുട്ടനുഭവിക്കുന്നത് മനസ്സിലാക്കിയപ്പോള്‍ മുന്നിലേക്ക്‌ ജഗ്ഗില്‍ നിന്നും ഗ്ലാസ്സില്‍ തണുത്ത വെള്ളം ഒഴിച്ചു വച്ചുകൊടുത്തു. ആര്‍ത്തിയോടെ ആ വെള്ളം കുടിച്ച അയാള്‍ വീണ്ടും വേണം എന്ന് കാണിച്ചു ഞാന്‍ കുറച്ചു കൂടെ ഒഴിച്ചു കൊടുത്തു . അതും ഒറ്റവലിക്കു കുടിച്ചു അയാള്‍ ചിറി തുടച്ചു കുറച്ചു നേരം കണ്ണടച്ചു നെറ്റിതടവി കുനിഞ്ഞിരുന്നു.

“ഡോക്ടര്‍ ..... അവളെ കാണാനില്ല  മിനിഞ്ഞാന്ന് രാത്രിമുതല്‍....”

അയാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെട്ടെന്ന് പറഞ്ഞു . ഞാന്‍ ഒന്ന് ഞെട്ടിപ്പോയി ആ പൊടുന്നനെയുള്ള വികാരപ്രകടനത്തിലും ശബ്ദത്തിലും.

“എങ്ങനെ ? എവിടെപ്പോയി ..?”

എന്റെ നാവില്‍ നിന്നും അറിയാതെ ചോദ്യങ്ങള്‍ ചിതറിവീണു.

“അറിയില്ല ഡോക്ടര്‍ . ഞാന്‍ ഇനി തേടാന്‍ തെരുവിലൊരിടം ഇല്ല. എന്റെ ഒറ്റക്കണ്ണിലൂടെ എനിക്ക് ഒന്നും ശരിക്കും കാണാന്‍ കഴിയുന്നില്ല. എനിക്ക് മുന്നില്‍ ശൂന്യത മാത്രം .”
വേദനയ്ക്ക് പഴയ മരുന്നും ,മേശ വലിപ്പില്‍ കിടന്ന കറുത്ത കണ്ണടയും നല്‍കി അയാളെ യാത്രയാക്കുമ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ രണ്ടും മാറി മാറി അടച്ചു കാഴ്ച പരിശോധിച്ചുപോയി. പിറുപിറുത്തുകൊണ്ട് അയാള്‍ തപ്പിത്തടഞ്ഞു പുറത്തേക്ക് പോകുകയായിരുന്നു അപ്പോള്‍. വീണ്ടും എന്റെ ഫോണ്‍ മണിയടിക്കാന്‍ തുടങ്ങി . ഓ അവളാണ് . ഇടം കണ്ണിന്റെ തുടിപ്പ് മാറിയോ എന്തോ.

ഇനിയും നഷ്‌ടമായ ഒരവയവുമായി കടന്നു വന്നേക്കാവുന്ന ഗോപാലനെ കാത്തു ഞാന്‍ ഇപ്പോൾ എന്നും മുടങ്ങാതെ ഇപ്പോള്‍ ക്ലിനിക്ക് തുറന്നു വയ്ക്കുന്നുണ്ട്‌ . അയാള്‍ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷയും ഇഷ്ടവും പതിയെ തന്നു തുടങ്ങിയിരിക്കുന്നു .
©️®️✍🏼 ബി.ജി.എൻ വർക്കല

No comments:

Post a Comment