Friday, January 29, 2021

111 ചെറിയ കഥകൾ....... :..... പി സുരേന്ദ്രൻ

111 ചെറിയ കഥകൾ
പി.സുരേന്ദ്രൻ
ഡി.സി.ബുക്സ് (2016)
വില: ₹ 160


കഥകൾക്ക് ഒരിക്കലും മരണമില്ല . മനുഷ്യൻ്റെ മസ്തിഷ്ക വികാസത്തിനോളം പഴക്കമുള്ള, ഇന്നും തികഞ്ഞ യൗവ്വനം നിലനിർത്തുന്ന ഒരു സാഹിത്യ ശാഖയാണ് കഥകൾ. കഥകൾ കേൾക്കാതെ വളർന്ന തലമുറ വളരെ വിരളമാണ്. ഇന്ന് ഈ ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരലോകത്തും കഥയ്ക്കു മരണമില്ലാത്തത് , അവ ജനിതകപരമായ എല്ലാ പരിണാമ ഘട്ടങ്ങളിലും മനുഷ്യനിൽ നിന്നടർന്നു പോകാത്തതിനാലാണ്.  

പരത്തിപ്പറയുന്നതും കുറുക്കിപ്പറയുന്നതും തമ്മിൽ അന്തരമുണ്ട്. കവിതയിൽ നിന്നും കഥയിലേക്കുള്ള ദൂരം പോലാണത്. കഥയ്ക്കും പല രൂപഭേദങ്ങളുണ്ടല്ലോ. കുഞ്ഞുകഥ, നുറുങ്ങുകഥ, മിനിക്കഥ ,ചെറുകഥ, കഥ, നോവലെറ്റ്, നോവൽ അങ്ങനെ തരാതരം തിരിക്കുന്നവയാണ് കഥകൾ എന്നു നമുക്കറിയാം. ചിലർ വലിയ കഥകൾ വായിക്കാൻ പൊതുവെ മടിയുള്ളവരാണ്. നോവലൊക്കെ കുത്തിയിരുന്നു വായിക്കുന്നത് ഒരു വലിയ ഭാരിച്ച പണിയായി കാണുന്നവർ ഉണ്ട്. ചെറുകഥകൾ മിനിക്കഥകൾ ഒക്കെ അവർക്ക് താത്പര്യമേറും. കുഞ്ഞു കഥകൾക്കുള്ള പ്രത്യേകതയെന്താന്നു വച്ചാൽ ആറ്റിക്കുറുക്കിയെടുത്ത വരികൾ, അവയ്ക്കുള്ളിൽ ആയിരം ചിന്താശകലങ്ങൾ ! കടൽ മുഴുവൻ ഉള്ളിലൊതുക്കിയ ശംഖിനെപ്പോലാണത് എന്ന് വിശേഷിപ്പിക്കാം. നുറുങ്ങുകഥകളുടെയും കവിതകളുടെയും തമ്പ്രാക്കന്മാർ ഒരുപാടുള്ള ഒന്നു തന്നെയാണ് മലയാള സാഹിത്യവും എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ്. നേർപ്പിച്ചെടുത്ത വാക്കുകൾക്കുള്ളിൽ ആശയങ്ങളും ചിന്തകളും വ്യഥകളും വീർപ്പുമുട്ടിയിരിക്കുന്നത് വായനക്കാരനു അനുഭവവേദ്യമാകും.
പി സുരേന്ദ്രൻ്റെ 111 ചെറിയ കഥകൾ ഇത്തരം കൊച്ചു കൊച്ചു കഥകൾ ആണ്. ആ കഥകൾക്കുള്ളിൽ ഒരുപാടു അർത്ഥങ്ങളും ആശയങ്ങളും ചിന്തകളും ഒളിഞ്ഞു കിടക്കുന്നുണ്ട്. ആത്മീയമായ ഒരു ചിന്താ തലത്തിലിരുന്നു കൊണ്ട് ഗുരു നിത്യചൈതന്യയതിയുടെ കഥകൾ വായിക്കുന്നതു പോലെയുള്ള ഒരനുഭൂതി ഇടക്കൊക്കെ ഈ കഥകളിലും കാണാൻ കഴിയും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ പ്രണയത്തിൻ്റെ, ഇഴയടുപ്പത്തിൻ്റെ നേർത്ത ചിലന്തി വലകൾ ഈ കഥകളെ ഒരുമിച്ചു ചേർത്തു പിടിക്കുന്നു. പ്രകൃതിയുമായി ചേർന്നു നില്ക്കുന്ന കഥകൾ ആണ് ഭൂരിഭാഗവും. താത്വികവും ആത്മീയവും ആയ കഥകളുടെ ചിന്താസരണിയും ഈ കഥകൾക്കിടയിലുണ്ട്. എടുത്തു പറയേണ്ട ഒന്ന്, ഇടതു പക്ഷ ആശയങ്ങളുടെ പരാജയങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുന്ന കഥകൾ ഇവയിൽ കാണുമ്പോൾ പ്രകൃതി, ആത്മീയം, താത്വികം, ജീവിതം, പ്രണയം എന്നിവയ്ക്കപ്പുറത്ത് തുറന്ന രാഷ്ട്രീയ ചിന്തകളുടെ പ്രസരണവും എഴുത്തുകാരനിൽ നിക്ഷിപ്തമായിരിക്കുന്നു എന്നു കാണുന്നുണ്ട് വരികളിൽ . സാമൂഹ്യപ്രതിബദ്ധതയുള്ള ഈ കഥകൾ എല്ലാം തന്നെ മടുപ്പില്ലാതെ വായിച്ചു പോകാൻ കഴിയുന്നവയാണ്. സദാചാര ചിന്തയുടെ സാമൂഹ്യബോധം ഉള്ള ചില കഥകൾ അലോസരപ്പെടുത്തിയെങ്കിലും പൊതുവെ മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആസ്വദിച്ചു വായിക്കാൻ ഉതകുന്ന ഒരു കഥാപുസ്തകമാണിതെന്നു നിസ്സംശയം പറയാം. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment