Friday, February 5, 2021

മല്ലികാവസന്തം.............................. വിജയരാജമല്ലിക

 മല്ലികാവസന്തം (ആത്മകഥ )

വിജയരാജമല്ലിക 

ഗ്രീൻ ബുക്ക്സ് (2019)

വില : 245  രൂപ 



ആത്മകഥകൾ പലതും ആത്മ നൊമ്പരങ്ങളുടെ പ്രകടഭാവങ്ങൾ ആണ് . കണ്ണീരിന്റെ നനവും ഉപ്പും ചുവയ്ക്കുന്ന അത്തരം ആത്മകഥകൾ പലപ്പോഴും വായനക്കാരുടെ ഉള്ളിൽ സമൂഹത്തിന്റെ കാടൻ സ്വഭാവത്തോടും ചിന്തകളോടും ആചാരങ്ങളോടും ഒക്കെ കലഹിക്കാനും പ്രതികരിക്കാനും പ്രതിരോധിക്കാനും ഉള്ള ഒരു വികാരം ജനിപ്പിക്കുന്നുണ്ട് . ലോകത്തൊട്ടാകെ ആത്മകഥകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് . അവയിൽ പലതും കാലം നെഞ്ചോട് ചേർത്തു വയ്ക്കുകയും കാലങ്ങൾ കഴിഞ്ഞും വായിക്കുകയും വേദനിക്കുകയും ചെയ്യുന്നുണ്ട് . കാലത്തിന്റെ നീതി തേടി പലപ്പോഴും അവ അതെ അവസ്ഥ തന്നെ തുടരുകയും ചെയ്യുന്നത് ബോധപൂർവ്വം സമൂഹം മറന്നു പോകുകയും ചെയ്യുന്നുണ്ട് . കളവുകളും അല്പസത്യങ്ങളും കൊണ്ട് ചിലർ ലോകത്തെ പറ്റിക്കുന്നതിനും ആത്മകഥകളുടെ സ്വഭാവം ഉപയോഗിച്ചിട്ടുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. നമ്മുടെ സമൂഹം എന്നത് വേട്ടക്കാരന്റെ മനസ്സുള്ള ഒന്നാണ് . ഇര ആരുമാകാം . അതിന്റെ പച്ചയിറച്ചി കടിച്ചു കീറുന്നത് കാണാനും പറ്റുമെങ്കിൽ അതിലൊരു ഭാഗമാകാനും കൊതിക്കുന്ന ഒരു മനസ്സാണ് സമൂഹത്തിനുള്ളത് . കപടമായ ഖേദ പ്രകടനങ്ങളും , അനുഭാവങ്ങളും ചൊരിഞ്ഞു ഒരു നിഷ്പക്ഷ മതിയുടെയോ നിസ്സഹായന്റെയോ വേഷം അഭിനയിക്കാനും നന്നായിട്ടറിയാം സമൂഹത്തിനു . സോഷ്യൽ മീഡിയകൾ സജീവമായതോടെ ഇത് വളരെ പ്രകടമായി അനുഭവപ്പെടുന്നുണ്ട് . ഏതൊരു ദുരന്തത്തിനും ഏതൊരു സഹായഭ്യർത്ഥനയ്ക്കും ഏതൊരു  വിഷയത്തിലും ഈ കപടമുഖം ഇന്ന് സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ് . ഈ കാലത്തിന്റെ പ്രത്യേകത എന്നത് ഒരു വാക്കിലോ ഒരു ഇമോജിയിലോ തന്റെ സാമൂഹ്യപ്രതിബദ്ധത അവസാനിപ്പിക്കാൻ വളരെ എളുപ്പമായ ഒരു  കാലവും സങ്കേതവും ആണ് ഇന്നിന്റെ സംഭാവന എന്നുള്ളത് തന്നെ . 

സമൂഹത്തിൽ സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു ജീവിവർഗ്ഗം മാത്രമേ ഉള്ളൂ സകല പ്രപഞ്ചത്തിനും അധികാരിയായി എന്നൊരു ചിന്ത മനുഷ്യർ സ്വയം  ഭാവിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട് . സകല മതങ്ങളും മത ദൈവങ്ങളും ഈ ചിന്തയെ അതുപോലെ നിലനിർത്താൻ ഉപയോഗിക്കപ്പെടുന്ന ടൂളുകൾ ആയി  കൂടെയുണ്ട് എന്നതും പറയാതെ വയ്യ. അതുകൊണ്ടു തന്നെയാണ് സമൂഹത്തിൽ ആണും പെണ്ണും കെട്ട മനുഷ്യർ എന്നൊരു വിഭാഗത്തെ  വിലയിരുത്തുകയും അകറ്റി നിർത്തുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് . പൊതുവെ ആണ്കോയ്മ മാത്രം അംഗീകരിക്കപ്പെടുന്ന മതവും സമൂഹവും രണ്ടാം കിട പൗരത്വം മാത്രം നൽകുന്ന ഒരു ഇണ വർഗ്ഗമാണല്ലോ സ്ത്രീ . അതിനപ്പുറം മൂന്നാം ലിംഗം എന്നും ഭിന്നലിംഗം എന്നും മിശ്രലിംഗം എന്നും ചക്ക , ഒൻപത് , ശിഖണ്ഡി എന്നും ഒക്കെ പല പേരുകളിൽ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യപ്പെടുന്ന ഒരു വിഭാഗം മനുഷ്യരും കൂടി ഉൾപ്പെടുന്നതാണ് ഈ മനുഷ്യ സമൂഹം എന്നത് അംഗീകരിക്കുവാൻ പരിഷ്കൃത ലോകത്തിനും വളരെ ലഘുവായി കഴിയുന്നില്ല. മാറ്റത്തിന്റെ കിരണങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ഒരു പുരോഗതിയാണ് അതിനെ അംഗീകരിക്കാൻ  കഴിയും . ട്രാൻസ്ജെൻ്റേർസ് എന്ന പേരിൽ അവരെ മാറ്റി നിർത്താതെ മനുഷ്യർ എന്ന് പറഞ്ഞു അവരെ കൂടെ നിർത്താൻ സമൂഹം എന്നാണു ശ്രമിക്കുക എന്നത് കാലം തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയയുടെ  പരിണാമമായി കാണാം . എല്ലാ മനുഷ്യരും മത ദൈവങ്ങൾ പറയും പോലെ അതി ബുദ്ധിശാലിയായ ഒരു  ആകാശമാമന്റെ പരിപൂർണ്ണനിർമ്മിതികൾ അല്ല . അതുകൊണ്ടു തന്നെ അംഗവൈകല്യം മുതൽ ജനിതക വൈകല്യം വരെയുള്ള ഒരുപാട് ന്യൂനതകളോടെയാണ് ഓരോ മനുഷ്യരും ഭൂമിയിൽ പിറക്കുന്നത് . ഇത് പാരമ്പരയായോ ജനിതക ഘടനയിൽ ബാഹ്യമായോ ആന്തരികമായോ ഉണ്ടാകുന്ന പരിവർത്തനം മൂലമോ പരിസ്ഥിതി ഘടകങ്ങൾ മൂലമോ ഒക്കെ സംഭവിക്കുന്നവയാണ് . ഇവയ്ക്ക് പ്രത്യേകിച്ചൊരു കാരണമോ ഒരു കൈകടത്തലോ ഇല്ലാ എന്നത് ശാസ്ത്രത്തിന്റെ അന്വേഷണത്തിൽ തെളിയുന്ന ഘടകങ്ങൾ ആണ് . 

വിജയരാജ മല്ലിക തന്റെ ആത്മകഥയിൽ , മല്ലികാവസന്തത്തിൽ പറയുന്നത് അത്തരം ഒരു ജീവിതത്തിന്റെ അതിജീവനത്തിന്റെ കഥയാണ് . കഥയെന്നു പറഞ്ഞു നിസ്സാരമാക്കാൻ വയ്യ അതൊരു ജീവിതമാണ് . മുപ്പതു വർഷം ഒരു പുരുഷനായി ജീവിക്കേണ്ടി വരികയും ഉള്ളിൽ ഒരു സ്ത്രീയെ ഒളിപ്പിച്ചു പിടിപ്പിക്കുകയു ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥയെ എങ്ങനെയാണ് പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക?  ഒരാളോടുള്ള പ്രണയമോ ഇഷ്ടമോ പുറത്തു പറയാൻ കഴിയാതെ , ഒരു രഹസ്യം പുറത്തു പറയാൻ കഴിയാതെ വിമ്മിഷ്ടപ്പെടുന്നവർ ആണ് മനുഷ്യർ. മനു എന്ന ചെറുപ്പക്കാരൻ ഒടുവിൽ വിജയ രാജ മല്ലിക ആകുമ്പോൾ  അവനിൽ നിന്നും പുറത്തു കടന്ന അവളുടെ ആത്മാവ് എന്തൊരു സ്വാതന്ത്ര്യമാണ് നേടിയത് എന്നറിയാൻ ആ അവസ്ഥയിലൂടെ കടന്നു പോകുക മാത്രമേ തരമുള്ളൂ . പല വികാരങ്ങളും നമുക്ക് പുറത്തു പ്രകടിപ്പിക്കാനോ എഴുതിയോ അഭിനയിച്ചോ പ്രകടിപ്പിക്കാൻ കഴിയില്ല എന്നത് വാസ്തവമാണ് . കുട്ടിക്കാലത്തു തന്നെ തന്നിലെ സ്ത്രീയെ മനസ്സിലാക്കുകയും അത് പ്രകടമാക്കുകയും ചെയ്ത മല്ലികയെ സമൂഹം പക്ഷെ അപഹസിക്കുകയാണ് നിരന്തരം ചെയ്തു പോയത് . ലൈംഗികമായ ആവശ്യങ്ങൾക്ക് പുരുഷന്മാർക്ക് വേണ്ടത് സ്ത്രീയെ  തന്നെ ആകണമെന്നത് നിർബന്ധമുള്ള കാര്യമല്ല. ഏതെങ്കിലും ഒരു മനുഷ്യനായാലും മതി അല്ലെങ്കിൽ മൃഗമായാലും അവനു സ്ഖലിപ്പിക്കുക എന്നതിനപ്പുറം  കാമം മറ്റൊന്നിനും വേണ്ടിയല്ല. പ്രണയമോ ഇഷ്ടമോ സമ്മതമോ ഇല്ലാതെ കാമദാഹം തീർക്കാൻ മനുഷ്യരിൽ പുരുഷജാതിക്കു വല്ലാത്ത കഴിവാണെന്നു കാണാം . സ്വന്തം വീട്ടിൽ പോലും മല്ലികയ്ക്ക് ലഭിച്ച തിരസ്കാരം , അപമാനങ്ങൾ പക്ഷെ അവയെ ഒറ്റപ്പെട്ടത് എന്ന് പറഞ്ഞു ഒഴിഞ്ഞു പോകാൻ കഴിയുകയില്ല. ആൺകുട്ടി ഒന്ന് കരഞ്ഞാലോ , കുണുങ്ങി നടന്നാലോ പൊട്ടു തൊടുകയോ മീശ  കളഞ്ഞാലോ എന്തിനു അവന്റെ ചുണ്ടു ചുവന്നിരുന്നാൽ പോലും അവനിൽ സ്ത്രീത്വം കാണുകയും ആക്ഷേപിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന വീട്ടുകാരും , പറ്റിയാൽ തന്റെ കാമ ദാഹം തീർക്കാൻ ശ്രമിക്കുന്ന  അന്യപുരുഷന്മാരും ചുറ്റുമുള്ള സ്ഥിരം കാഴ്ചയാകുമ്പോൾ വിജയരാജ മല്ലിക വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റു വാങ്ങിയ  അപമാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നുമില്ല . കൂട്ടത്തിൽ മല്ലികയുടെ അച്ഛന്റെ സമീപനം വളരെ സന്തോഷവും ആശ്വാസകരവുമായ ഒരു  സംഗതിയായി അനുഭവപ്പെട്ടു . താൻ നടന്നു കയറിയ വഴികളും തന്നെ ഇന്നത്തെ മല്ലികയിൽ ഉറപ്പിച്ചു നിർത്തുന്ന ഘടകങ്ങളും വ്യക്തമായും അടയാളപ്പെടുത്തുന്നു ഈ പുസ്തകത്തിൽ . ഒരു കവിയെന്ന നിലയിൽ തന്റെ നിലനിൽപ്പിനെ സഹായിച്ച ഘടകങ്ങളിൽ സോഷ്യൽ മീഡിയയുടെ സഹായം ചെറുതല്ല എന്ന് കാണാം. വാക്കനൽ ഗ്രൂപ്പും കവി ഇടക്കുളങ്ങര ഗോപനും തുടങ്ങി ഒട്ടനവധി സൗഹൃദങ്ങളുടെ സഹായവും താങ്ങി നിർത്തലും മല്ലിക ഇതിൽ ഓർമ്മിക്കുന്നുണ്ട് . 

ഒരു ഹിജഡയുടെ ആത്മകഥ എന്ന പേരിൽ ഒരു പുസ്തകം മുൻപ് വായിച്ച അനുഭവം ഞാൻ പങ്കു വച്ചിരുന്നു . അതിൽ നിന്ന് തികച്ചും വേറിട്ട ഒരു വായനയായിരുന്നു ഇത് . യാഥാർഥ്യങ്ങളുടെ പച്ചയായ അവതരണം , പൊടിപ്പും തൊങ്ങലും ഇല്ലാതെ ഒരു കവി ഭാഷയിൽ അവതരിപ്പിക്കുകയാണ് മല്ലിക ചെയ്തത് . വികാര നിർഭരമായി വാക്കുകൾ ഉപയോഗിക്കുമ്പോഴും അവയെ അടുക്കും ചിട്ടയുമില്ലാതെ ചിതറിപ്പോയതായിരിക്കുമ്പോഴും മല്ലിക ഒരു കയ്യടക്കം തന്റെ വരികളിൽ സൂക്ഷിക്കുന്നുണ്ട് . തനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടില്ല എന്നൊരു കുറ്റബോധവും നിരാശയും വരികൾക്കിടയിൽ പിന്നെയും വീർപ്പുമുട്ടുന്നുണ്ട് എന്നൊരു തോന്നൽ വായന നൽകി . 

തീർച്ചയായും വിജയരാജമല്ലികമാരുടെ ശബ്ദങ്ങൾ ഇനിയും ഉയരേണ്ടതുണ്ട് . തോളോട് തോൾ ചേർന്ന് നിൽക്കാൻ നമുക്കാകണം . പരമ്പരാഗത ചിന്തകളിൽ നിറഞ്ഞ പുരുഷ സ്ത്രീ ചിന്തകളിൽ നിന്നും അകന്നു മനുഷ്യർ എന്നൊരു ചിന്തയിലേക്ക് നാം പരുവപ്പെടേണ്ടതുണ്ട് . അതിനു ഇത്തരം ആത്മകഥകൾ വായിക്കപ്പെടണം ഇനിയും . അതുപോലെ സമൂഹത്തിൽ നമുക്കൊപ്പം അവരും ജീവിക്കുന്നുണ്ട് എന്നത് നാം അഭിമാനത്തോടെ ഓർക്കുകയും അവരെ  ദുഷിച്ച കണ്ണുകൾ കൊണ്ട് നോക്കുന്നത് മാറ്റേണ്ടതും ഉണ്ട് . പരിഷ്കൃത സമൂഹത്തിന്റെ ആ ഒരു നിർമ്മിതിയിലേക്കു നാം രൂപാന്തരം പ്രാപിക്കേണ്ടതുണ് . അതിന് ഇത്തരം ആത്മകഥകൾ വഴിതെളിക്കട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല 

No comments:

Post a Comment