Thursday, March 29, 2012

ആനുകാലികം

വരുവിൻ മിത്രമെ
തെരുവിലൊരുവൻ
അഗ്നിയിൽ വെന്തെരിയുന്നു .
ഹൃദയം നുറുങ്ങും വേദനയാലവൻ
മണ്ണീൽ വീണുരുളുന്നു .
തരിക നീ ഒരു നിമിഷം
ഞാനെൻ
മൊബൈലൊന്നെടുത്തിടട്ടെ
ഒരുപാട് നാളായ് ഒരു നല്ല
പോസ്റ്റിന്റെ കുറവെന്റെ
വാളിനുണ്ട്.
-------------------------ബി ജി എന്‍

അമ്മയും കുഞ്ഞുംഒരു കുഞ്ഞു പൂവിന്റെ
ചൊടിയില്‍ നിന്നടരുന്നു
ഒരു കുഞ്ഞു തുള്ളി മധുരം ..!
ഹിമശൈല മുടിയിലായ്
പതഞ്ഞു പടരുന്നു
ഒരു കുഞ്ഞരുവിയായ് നുരകള്‍ ..!
ഇമകളെ ധ്യാനമാം
ആകാശനീലിമ
മൃദുവായ് തഴുകിടും മൌനം .!
പിറകിലായ്‌ പകലിന്റെ
ദീപം കരിന്തിരി
പുകയായ് മറഞ്ഞു തുടങ്ങി .
ഒരു കൈ പുറകിലായ് ഭൂമി -
തന്‍ മാറിലെക്കാഴ്ത്തി
മറുകയ്യില്‍ പുഷ്പത്തിന്‍
ഭാരവുമായവള്‍ മരുവുമ്പോള്‍ .
പ്രകൃതി നിശബ്ദം
കാറ്റും തണുക്കുന്നു
അളകങ്ങള്‍ ചുരുളഴിക്കുന്നു
ഒരു ചിത്രശലഭം പോല്‍
കുഞ്ഞു പൂവിരലുകള്‍
പരതുന്നു ശൈലങ്ങള്‍ തന്‍
മിനുസമം പ്രതലങ്ങളിലൂടെ
ഒരു പുഞ്ചിരി മറച്ചൊരാ 
ചുണ്ടുകള്‍ നിര്‍ലജ്ജം
വാനിലെക്കുയരുന്നു മന്ദം .
----------ബി ജി എന്‍ ---------------
      
    
       

Tuesday, March 27, 2012

കാലമേ നിന്റെ മുന്നില്‍

കരുണ ഇല്ലാത്ത കാലമേ
നിനക്ക്  ഞാനരിഞ്ഞുതരാം
എന്റെയീ മുലകള്‍ ....!
പകരം  നീയെനിക്കെകുമോ
ഒരു ജന്മം ...?

ശൂന്ന്യമാമെന്നുടെ മാറിടം
പാരിനെ നോവിക്കില്ലെന്കിലും
പശിയടക്കാന്‍ പശുവിന്‍ പാല്‍ മതി
എന്നോമല്‍ കിടാങ്ങള്‍ക്ക്.

പ്രിയനോമനിക്കാന്‍
അരുതുകളില്ലാത്ത പലതുകള്‍ നല്‍കാം.
എങ്കിലും നീ എനിക്കെകുമോ
ഈ വേദനതന്‍ മുള്ളടര്‍ത്തി
ഒരു ഹരിത ജന്മം ....!

നിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍
ഒരു  നായായ്‌ കഴിയാം വരുംകാലങ്ങളിലും
പകരം എനിക്ക് നീ നല്കീടുകെന്റെ
ഹൃദയമിടിപ്പുകള്‍ തിരിച്ചു .......!

----------------ബി ജി എന്‍ --------------

Sunday, March 25, 2012

വിശപ്പിന്റെ മഴ പെയ്തിറങ്ങുമ്പോള്‍

മഴ എന്റെ കിനാവിന്‍
വരമ്പത്ത് വന്നൊരുനാള്‍
അലിവോടെ  ചോദിച്ചു
പെയ്തോട്ടെ ഞാന്‍?

ഇടറിയും പതറിയും ,
കരളില്‍ വിരല്‍ തൊട്ടു
ഒരു കുഞ്ഞുപൈതലായ്‌
ചൊടി വിടര്‍ത്തി
ചോദിച്ചു പിന്നെയും
മിഴിതാഴ്ത്തി എന്നോട്
ചെറുതായ് ഞാനൊന്ന്
പെയ്തിടട്ടെ?

നിന്റെ
വരളും നാവിനെ നനച്ചിടാതെ ?

മരണം  മദാലസം
മാസ്മരം എന്നുടെ
തനുവില്‍ തണുവായി
ചിതലരിക്കെ .
പൊള്ളിയടര്‍ന്നോരെന്‍
ചെതുംബലിന്‍ മീതെയായി
കാറ്റിന്‍ കരങ്ങള്‍ വീണമീട്ടുംബോളും .
ഉള്ളില്‍ മയങ്ങുന്ന ചെന്നായ
കണ്‍ കോണില്‍
നാഭിതന്‍ ആഴവും വൃത്തവും തേടുന്നു .

ശുഷ്കമാം എല്ലിന്‍ കൂടാരം
തുളച്ചെന്‍ ഹൃത്തിന്‍ പ്രകമ്പനം
ഹുങ്കാരമാകവേ..
തടയണ തകര്‍ത്തു വരുന്നുണ്ടോരു
പെരുമഴ ആകാശച്ചരുവില്ലൂടെ,
ചെരുതായ്‌ ചാറി പിരിയാന്‍ കൊതിച്ച നീ
അലകടല്‍ പോലെ മുടിയഴിക്കെ
വീശിയടിച്ചോരാ പവനന്റെ യാത്രയില്‍
കടപുഴകി വീണൊരാലിന്‍
നിലവിളി കാറ്റേറ്റെടുത്തു.
-------------------ബി ജി എന്‍ ---------------Saturday, March 24, 2012

വേനലും മഴയും

ഒരു വിരല്പാടിന്‍ ദൂരത്തില്‍
നീ ഉണ്ട് ഞാനുണ്ട്.
ഒരു സ്പര്‍ശനത്തില്‍ നമുക്ക് കാണാം.  
ഒരു ചുംബനത്തിനു കാതുണ്ട് ,
കരളുണ്ട് ,
ഒരു വേനല്‍ ചൂടുണ്ട്,
മഴയുണ്ട് , തണുവുണ്ട് ..

എങ്കിലും പ്രിയേ
നിന്റെ മിഴികളിലെ
നോവിനെ ചുംബിച്ച് അകറ്റാന്‍
ഒരു മിന്നല്‍ കൊടിപോലും
അരികിലില്ലാ .

പരിഭവം മൊഴിയും നിന്‍
അധരത്തെ നുകരുവാന്‍
ചപലമാം മനമത് കൊതിക്കിലും
നമുക്കിടയിലായ് ഒരു നേരിയ
തിരശ്ശീലപോലെ 
അകലം മതില്‍ കെട്ടിടുമ്പോള്‍ ,
ഒരു വേഴാംബലിന്‍
ഗദ്ഗദത്തിന്‍ മാറ്റൊലി മുഴങ്ങുന്നു
ഇരുളിന്റെ കൂടാരങ്ങളില്‍ .

പുലരിയില്‍ , സന്ധ്യയില്‍
പകലിന്റെ തിരക്കുകളില്‍
ഒരു കുസ്രിതി കാറ്റായ്‌ വന്നെന്റെ
രസനകളെ നീ തഴുകിടുമ്പോള്‍ .
നിന്റെ വിരല്പാടിന്‍ നാണവും
നിന്റെ താമരതന്‍ ഗന്ധവും
എന്റെ ജീവതാളം മുറുക്കുന്നുവല്ലോ .

ഒരു പക്ഷിയായ് നിന്റെ ചാരത്,
ഒരു നിമിഷം വരുവാന്‍ ,
ഒന്ന് നിന്നിലലിയാന്‍
എന്റെ മനം കൊതിച്ചിടുന്നു.
ഞാന്‍ ഒരു കാമുകന്‍ ആകുന്നു
നരവീണ , ചുളിവുകള്‍ വരഞ്ഞ
എന്റെ ത്വക്കില്‍
യൌവ്വനം ചിലന്തിവല തീര്‍ക്കുന്നു.

ഞാന്‍ കുതിക്കുന്ന യാഗശ്വമാകുന്നു
നിന്റെ സ്വപ്നങ്ങളിലൂടെ
അശ്വമേധം നടത്തുന്നു.
കാലം ചിരിച്ചു നില്‍ക്കുന്നു
നിനക്കും എനിക്കും നടുവിലായ്
============ബി ജി എന്‍ ==========           

 
  
        
    

Friday, March 23, 2012

മരൂരുഹം

 ആഴങ്ങളില്‍ നിന്നും
ആരോ ഞരങ്ങുന്ന രവമെന്‍
ഹൃത്തിന്‍ മിടിപ്പുകള്‍ക്കിടയില്‍
പിന്നെയും മുഴങ്ങുമ്പോള്‍ ....!
ഒരു ചോണനുറുംബരിക്കുംപോലെന്‍  
പ്രാണന്‍ പിടയുന്നു  ....!

കാത്തിരിപ്പിന്‍ കാലവേഗം
ഒരു കുതിപ്പായകന്നു പോകവേ ,
ഒരുനാളും കാണാന്‍ കഴിയാതെ
പോകുന്ന മിഴിനീരാകുന്നുവോ  നീ.
നിന്റെ സുറുമ പടര്‍ന്ന കണ്ണുകളില്‍
ചെറു ചുവപ്പില്‍ ഒളിയും  സ്വപ്നം ..!

ഒരുനാളും പൂവിടാതൊരു റോസചെടി,
എന്‍ മുറ്റത്ത്‌ പടര്‍ന്നു കിടക്കുന്നു   .
ഇടയ്ക്കിടെ ഹൃത്തില്‍ തറയ്ക്കും  മുള്ളിനാല്‍ 

  അതെന്നെ ഓര്‍മ്മിപ്പിക്കുന്നു 
പുഷ്പിണി ആകാനുള്ള തീവ്രമോഹത്തെ .

അതി ദൂരമേതോ കിനാവിന്റെ 
തമസ്സിന്‍  പൊയ്കയില്‍ 
ഒരു ആമ്പല്‍ പൂവ് വിരിയുന്നു 
അമ്പിളി  നോക്കി കണ്ണിറുക്കെ   ,
അതിന്റെ ചൊടികള്‍ വിരിയുമ്പോള്‍ 
എന്റെ അകക്കാമ്പില്‍ പ്രണയം  
വിടര്‍ന്നു  നറുമണം ചൊരിയുന്നു   .
എവിടെ ആണ് കാറ്റിനു മറവി വന്നത് ?
പരാഗണത്തിന്റെ സൂക്ഷ്മരേണ്‌വിലോ
അതോ സുഗന്ധത്തിന്റെ പ്രസരണത്തിലോ ? 
========================ബി ജി എന്‍ =============   

Tuesday, March 20, 2012

അഭിനവവിപ്ലവം


അങ്ങ് ദൂരെ
ബൊളീവിയന്‍ കാടുകളില്‍
വിശന്ന രണ്ടു കണ്ണുകളില്‍
തുടിക്കുന്ന ചോരയുടെ ചുവപ്പ്.

സഹ്യന്റെ മാറില്‍
തിരുനെല്ലികാടിന്റെ മൌനത്തില്‍
ഒരു ചങ്ക് പറിച്ചെടുക്കുന്ന
ചെന്നായകളുടെ കലമ്പല്‍.

വിപ്ലവനായകന്റെ തീക്കണ്ണ്കള്‍
തുള്ളികളിക്കുന്ന
മാറിലും നിതംബത്തിലും
ദൃഷ്ടി ദോഷം അകറ്റുന്നു ...!

കാടുകളില്‍ ഇപ്പോള്‍ അഗ്നി പൂക്കുന്നില്ല,
ചെമ്പകങ്ങള്‍  പൂത്തിറങ്ങുന്നുമില്ല.
വിശന്ന കാട്ടുനായ്ക്കള്‍
വഴുവഴുക്കുന്ന ചോരയുടെ
കറുപ്പില്‍ നോക്കി നാവ് നീട്ടുന്നുമില്ല.

ബാറിലെ മേശ പുറത്തേ 
ഇളകിയാടുന്ന പെണ്ണിന്‍ മേനിയില്‍
അഭിനവ വിപ്ലവശേഷിപ്പുകള്‍
അഗ്നി പൂത്തകാടുകള്‍ തിരയുന്നു ....
==============ബി ജി എന്‍ =========

Monday, March 19, 2012

ശാലീനത


തിരക്കിന്റെ കടോരത
കര്‍ണ്ണപുടങ്ങളെ തലോടുന്ന
ബസ്സ്ടാന്റിലെ  ഒരു സന്ധ്യ..!
നിറങ്ങളുടെ സൌരഭ്യം
നരച്ച പകലിനെ മയക്കുന്ന
വിളറിയ ജനക്കൂട്ടം .!

ഒരു നാരങ്ങ സോഡയുടെ
നുരയുന്ന ഏമ്പക്കത്തില്‍  
ഒരു വില്സിനു  തീപിടിപ്പിക്കുമ്പോള്‍
ബസ്‌ സ്ടാന്റിന്റെ തിരക്കിലെക്കവള്‍  വന്നു.

ഒരു ചോക്ലേറ്റ്  കളര്‍   സാരിയില്‍ 
ദേഹത്തിനു മറക്കാന്‍ ആകുന്നതെല്ലാം മറച്ചു
ഒരു ശാലീന സുന്ദരി.
എന്റെ കണ്ണുകളില്‍ അവള്‍ ഉടക്കിയത്
അവളുടെ ആ ഒതുക്കവും
പിന്നെ ആ ശരീരത്തോടുള്ള
വസ്ത്രധാരണത്തിന്റെ കരുതലും ആയിരുന്നു.
ആരെയും കാണാത്ത പോലെ അവള്‍
ആള്‍തിരക്കിന്റെ മൂലയില്‍   ...!

വിപതി ധൈര്യത്തിന്റെ ചൂടില്‍
ഒരു പാട് വട്ടം നോക്കിയപ്പോള്‍ ഒക്കെ
അവള്‍ കണ്ടിരുന്നെന്ന തിരിച്ചറിവില്‍
മെല്ലെ അവളുടെ അടുത്തേക്ക് പോയി.
ഒരു പതിഞ്ഞ  സ്വരം ഞാന്‍
എന്നെ അറിയാതെ  അവളിലേക്ക്‌ ചൊരിഞ്ഞു.

എന്താ പേര്?
വനജ എന്ന പേരിനു
ശാലീനത എന്നര്‍ത്ഥം ഞാന്‍ കല്പിച്ചു
പിന്നെയും ചോദ്യങ്ങള്‍ തൊണ്ടക്കുഴിയില്‍
നിര്ഗ്ഗളിക്കനാകാതെ തിക്കി വിക്കുമ്പോള്‍
അവളുടെ ചോദ്യം ഇരമ്പി വന്നു
മുറിയുണ്ടോ   അതോ ?

=========ബി ജി എന്‍ ============

Saturday, March 17, 2012

മനുഷ്യന്റെ ബ്രാന്‍ഡ്‌ ഏതു ?


മുഷിഞ്ഞ  വസ്ത്രം ധരിച്ചിരുന്നതിനാല്‍
അവരെന്നെ ദരിദ്രവാസി എന്ന് വിളിച്ചു.
അധ:കൃതര്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍
വര്‍ഗ്ഗീയവാദി ആയി ഞാന്‍.

മതത്തിന്റെ പൊള്ളത്തരങ്ങളില്‍ കണ്ഠം
മുറുക്കിയപ്പോള്‍ എന്നെ അവര്‍ നാസ്തികന്‍
എന്ന് വിളിച്ചു കല്ലെറിഞ്ഞു.
അവര്‍ക്ക് ന്യായങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ.

മതം പറയാന്‍ താടി വച്ച കള്ളന്മാരും
ദരിദ്രര്‍ക്ക് ഇസങ്ങളുടെ രാജാക്കന്മാരും
രാക്ഷ്ട്ര പുരോഗതിക്കു വെളുത്ത ഖദറും
ഒരുപോലെ മുന്നിലുള്ളപോള്‍
നിന്റെ ജിഹ്വ ഉയരേണ്ടത് നമ്മിലൂടെ ആണത്രേ.

മനുഷ്യനാകാന്‍ മനുഷ്യനായാല്‍ പോര
എന്റെ ചിറകിന്‍ കീഴില്‍ വേണം
ഞാന്‍ പരത്തുന്ന ദൂരം മതി നിനക്ക്
ഞാന്‍ കാണിക്കുന്ന വഴിയും
ജീവിതം എന്ത് സുഖപ്രദം ഇപ്പോള്‍ ...!

++++++++++ബി ജി എന്‍ ++++++++++++++

Friday, March 16, 2012

വെളിച്ചം അറിവാകുന്നുഇനി യാത്ര പറയട്ടെ ഞാനീ പകലിന്റെ
ഇനിയും പിരിയാത്ത സന്ധ്യകളെ
ഇമചിമ്മി അണയുന്ന നിമിഷമാം
വാചാല ചിരിയില്‍ നിറയും വസന്തമേ.

ചുറ്റും പടരുമീയിരുളിന്‍ വിഹായസ്സില്‍
ഒട്ടും പതറാതെ പോന്നിടുവാന്‍
മിന്നാമിനുങ്ങിന്റെ കുഞ്ഞു വെളിച്ചമായ്
നക്ഷത്രമൊന്നെന്റെ കൂടെ വന്നു.

ദിക്കറിയാതെ വലഞ്ഞൊരെന്‍ പാതയെ
നേര്‍വഴിയേതെന്നു കാട്ടിത്തരുവാനോ,
ഇരുളിന്റെ കൂട്ടിലെവിടെയോ നിന്നൊരു
കൂമന്റെ മൂളല്‍  ഞാന്‍ കേട്ടുവല്ലോ.

ചരലുകള്‍ , മുള്ളുകള്‍ , ചിതറിയ വഴികളില്‍
ഇടറാതെ മുന്നോട്ടു പോകുവാനായെന്‍
പദചലനങ്ങളെയരുമയായ് തലോടുന്ന
കരിയില മത്സരിക്കുന്നു നീളെ.

കൊതിയോടൊടുവിലീ പാതതന്നന്ത്യത്തില്‍
ഇരുളിന്റെ കാളിമ മറയും വെളിച്ചത്തില്‍
കാണുവാനാകുന്ന കാഴ്ച്ചയതെന്റെ
യാത്രതന്‍ പരിസമാപ്തി കുറിക്കവേ.

അലിവോടെ ഞാന്‍ ഇഴുകിചേരട്ടെയെന്‍
ചിത്രഗുപ്തന്‍ തന്നുടെ പുസ്തകത്താളിലായ്
ഇവിടെയെങ്ങുമേ കാണുന്നു ഞാനെന്റെ
പതിതമാം ജന്മത്തിന്‍ തിരുശേഷിപ്പുകള്‍.

വിടപറഞ്ഞീടുവാന്‍ നിമിഷങ്ങള്‍ ബാക്കിയാം
ശിഥിലജന്മത്തിന്റെ  കരിമിഴിക്കണ്ണിലായ്       
ഒരു തരി നിലാവെളിച്ചം കോരിയിട്ടു
രജനിതന്‍ നൌകയും പോയ്മറഞ്ഞു .

പറയുക ലോകമേ പറയുകെന്റെയീ
നാരായം ഞാനിനി വലിച്ചെറിയട്ടയോ?
ഉരുകുന്ന വേനലില്‍ ഹൃദയം പറിച്ചെറിഞ്ഞൊരു-
നിഴല്‍ നോവായ്‌ അകന്നിടാം ഞാന്‍.

കരുതരുതെന്നെയൊരു കാവല്‍ വിളക്കായ്‌
അരുതരുതെന്നെ ഓര്‍ത്തിടല്ലേ.
കടലിന്റെ നീലിമ കണ്ണുകളിലാവഹിച്ചു 
ഒരു ചെറുതോണി തുഴഞ്ഞു ഞാന്‍ പോയിടട്ടെ.
---------------ബി ജി എന്‍ -----------------------

ചാരം

കനലുകളില്‍ ചാരം മൂടുന്നു.
കണ്ണുകളില്‍ പ്രണയവും.
പിന്നെ കാണുന്നതൊക്കെ
ചാരം മൂടിയ വര്‍ണ്ണങ്ങള്‍ മാത്രം

വിരലുകള്‍ പരതുന്നത്
മുലഞെട്ടുകള്‍ തേടിയാണെന്നും
ചുണ്ടുകള്‍ വിറയ്ക്കുന്നതു
ചുംബനത്തിനെന്നും
തിരിച്ചറിയാന്‍ കാലം കാത്തു നിന്നില്ല

ചോര പുരണ്ട തുടകളില്‍
കല്ലിച്ച നീലിമ പുതഞ്ഞു കിടന്നു.
മറക്കാനാകാത്ത പ്രണയം പോലെ,
അലിയാതൊരു   ഹിമകണം 
നാഭിച്ചുഴിയില്‍   മഴവില്ലാകുന്നു.
നിന്റെ യാത്ര  എന്നിലേക്കും, 
എന്റെ യാത്ര  നിന്നിലേക്കും 
എവിടെയോ   നിലാപക്ഷിയുടെ   ചിറകില്‍ , 
ഒരു ചെറുചൂടിന്‍  സ്തരത്തില്‍ .
പ്രണയത്തിന്റെ കടുംചോര   ..!

കനലുകള്‍   പിന്നെയും  
ചാരം മൂടി   തന്നെ കിടന്നു
കണ്ണുകളില്‍ അപ്പോളും
പ്രണയം  മറഞ്ഞും   ...

==========ബി ജി എന്‍ ========
Tuesday, March 13, 2012

കുമ്പസ്സാരം


ആര്യപുത്ര.. അരുത്.
കൊടിയപാപങ്ങളില്‍,
നാളെയുടെ നാശങ്ങളില്‍
നിന്റെ നാമം പതിയാതിരിക്കാന്‍
നീ ജനകയെ തിരിച്ചേല്പിക്കൂ.

നിന്റെ മൂന്നാം കണ്ണ് തുറക്കൂ.
തിരിച്ചറിയൂ
ഇത് നിന്റെ രക്തം..!
നിന്റെ രക്തക്കൊതിയില്‍,
നിന്റെ പ്രാര്‍ത്ഥനയില്‍
മനം നൊന്ത എന്റെ മൗനം,
നീ കരുതി വച്ച രുധിരവിഷം
നുകര്‍ന്നതിനാല്‍
എനിക്ക് പിറന്നവള്‍
ഇവള്‍ ജനക പുത്രിയല്ല.

രാവണപുത്രി...!
ഒരു നേരം പോലും
മുലപ്പാല്‍ പകരാതെ
പേടകത്തിന്‍ നിഗൂഡതയില്‍
ഒളിപ്പിച്ചു നിനക്ക് ഞാന്‍ തന്ന
പ്രേമ സമ്മാനം

മിഥിലയുടെ 

ഉണങ്ങി വരണ്ട നിലത്തൊരുനാൾ  
ഞാന്‍ ഉപേക്ഷിച്ച
നമ്മുടെ കണ്മണി
അരുത് ദേവ
കൊടിയപാപങ്ങള്‍ 
നമുക്ക് വേണ്ട.....
=====ബി ജി എന്‍  വർക്കല
Repost 2013

മതമൈത്രി


ഒരു ചന്ദന മുട്ടി വേണം 
എനിക്ക് മോക്ഷത്തിനായ്‌
എരിഞ്ഞടങ്ങുവാന്‍.
ഒരു മീസാന്‍ കല്ലിന്റെ താഴെ 
എനിക്ക് മിഴി അടച്ചുറങ്ങണം  
എന്റെ പരമ്പരയുടെ 
കുഴിമാടത്തില്‍ എന്നെയും 
അവസാന നാളിന്‍ വിധിക്കായ്‌ 
കാത്തുകിടക്കാന്‍ അനുവദിക്കണം.
ഒസ്യതുകളില്‍ ഇല്ലാത്ത
എഴുതപ്പെടാത്തൊരു വിധിയുമാ-
യായിരുന്നോ സുനാമി വന്നത് ?
ചീഞ്ഞ മത്തികളെ പോലെ
ഒരേ കുഴിയില്‍ 
രൂപങ്ങളില്ലാതെ
മതങ്ങളില്ലാതെ
സ്വര്‍ഗ്ഗത്തിന്റെ മോഹങ്ങളില്ലാതെ
എന്തേ നിങ്ങളുറങ്ങുന്നു ...?
അന്ത്യനാളില്‍ 
നിങ്ങളുടെ വിധി എന്താകും...
ഓ ഞാന്‍ മറന്നു
ശവങ്ങള്‍ക്ക്‌ സംസാരശേഷി ഇല്ലല്ലോ 
========ബി ജി എന്‍ ==============

കുറുക്കനും ചെന്നായകളും

കേട്ടുവോ നിങ്ങള്‍
ഈ കഥ കേട്ടുവോ കൂട്ടരേ...?
പുലരിയില്‍ കാക്കകള്‍
ചന്തയില്‍ കൂടിയ
തിരക്കേറും നേരത്തെ ഈ ഭാഷണം?

ഒരിടത്തൊരു ശലഭം,
ഓരോമല്‍ ശലഭം
പൂവുകള്‍ക്ക് പ്രിയംകരിയായ്
പാറി നടക്കും വര്‍ണ്ണ ശലഭം  ..!

മുട്ടയില്‍ നിന്നതു 
മനോഹരിയായ് വിരിഞ്ഞപോള്‍
മുതല്‍ ഒരു കുറുക്കന്‍
അതിനെ പിടിക്കാന്‍ നടന്നു.
 രക്ഷതേടിയതൊരു മരച്ചില്ലയില്‍
കൂട് തേടി.

ഒരു നാള്‍ അതൊന്നു താഴേക്
വന്നപ്പോള്‍
കുറുക്കന്റെ പിടി വീണു.
കുതറി പിടഞ്ഞോടി വന്നപ്പോള്‍
രണ്ടു ചെന്നായകള്‍
ആ ശലഭത്തിന്റെ
ചിറകരിഞ്ഞു.
ഒരു വെറും പുഴുവായ്
അവളാ  മണ്ണിലുണ്ടു
ഞങ്ങള്‍ കണ്ടതാണ്.
-----------------------ബി ജി എന്‍
(രണ്ടാനച്ഛന്റെ പീഡനം  സഹിക്കാന്‍ വയ്യാതെ മഠത്തില്‍ രക്ഷ നേടിയ ഒരു പെണ്‍കുട്ടി ഒരുനാള്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും രക്ഷ നേടി രാത്രി ഓടിയെത്തിയത് രണ്ടു ക്രൂരന്മാരുടെ മുന്നില്‍ . നോവിക്കുന്ന ഒരു പത്രവാര്‍ത്ത നല്‍കിയ മുറിവ് ആണ്  കവിത )

Friday, March 9, 2012

ഒന്ന് മുതല്‍ പൂജ്യം വരെ


അവള്‍
നിന്റെ പഞ്ചാരവാക്കുകളിലും
കള്ള പുഞ്ചിരിയിലും
പിന്നെ ബലിഷ്ടതയിലും
ഞാന്‍ മയങ്ങില്ല.

അവന്‍
നിന്റെ കടക്കണ്ണിന്‍ നോട്ടത്തിലും
നുണക്കുഴിയിലും
നിറമാറിന്റെ ഉയര്‍ച്ചയിലും
ഞാന്‍ വീഴില്ല.

അവന്‍
തിയറ്ററിന്റെ ഇരുണ്ട വെളിച്ചത്തില്‍
നിന്റെ കയ്യ് എന്റെ ബൈസിപില്‍ 
പരതുന്നത്
എന്തിനെന്നു ഞാന്‍ ചോദിക്കില്ല.

അവള്‍
പിറകിലൂടിട്ട കയ്കള്‍
എന്റെ ബ്രായുടെ വള്ളിയില്‍
വിരലോടിച്ചതെന്തിനെന്നു
എനിക്കറിയണ്ട.

അവന്‍
നിന്റെ ഈ അരയിലെ ചരട്
പല്ലുകള്‍ കൊണ്ട് അറുക്കുന്നതില്‍
നിനക്ക് വിഷമം  ഇല്ലെന്നു
നിന്റെ ഇളക്കത്താല്‍ ഞാന്‍ അറിയുന്നു.

അവള്‍
നിന്റെ ഭാരം
എനിക്ക്  മുകളില്‍
ഒരു  കുട ആകുമ്പോള്‍
നീ എനിക്കൊരു ഭാരം അല്ലാന്നു
ഞാന്‍ അറിയുന്നു
===========ബി ജി എന്‍ ============

Wednesday, March 7, 2012

പോരാളി


സഖി ...
നിന്നെ ഓര്‍ക്കുന്ന
വാര്‍തിങ്കള്‍ രാവുകള്‍
എന്നോ കളഞ്ഞുപോയിരിക്കുന്നു..!

ഷെല്ലുകളുടെയും
ബോംബര്‍ വിമാനങ്ങളുടെയും
പുകയും തീയും കൊണ്ട്
എന്റെ ചേതന മരവിച്ചിരിക്കുന്നു.

കറുത്ത കട്ട പിടിച്ച ചോര...!
ആരും മോഹിക്കും അംഗനമാരുടെ
അധരപുടങ്ങള്‍
കരിവണ്ടായിരിക്കുന്നു.

അംഗഭംഗം വന്ന കുരുന്നുപൂവുകളില്‍
തേന്‍ നുകരാന്‍
ശലഭങ്ങള്‍ പറന്നിറങ്ങുന്നു
തെരുവുമൂലകളില്‍.

നാവു നക്ഷ്ടപെട്ടു,
കുരവള്ളി പൊട്ടിച്ച ഗായകരുടെ
തുറിച്ച കണ്ണുകള്‍ എലികള്‍ നക്കുന്നു.
ആടകള്‍ കീറപെട്ടു
അടുക്കളയില്‍ നിന്നും അരങ്ങത്തെത്തിയവര്‍
തെരുവില്‍ ബൂട്ടുകള്‍ക്കിടയില്‍
ചതഞ്ഞ പൂക്കളാകുന്നു..!

ജീവിതം വടി കുത്തിയവര്‍
ഒരിറ്റു വെള്ളത്തിനായ്‌ തൊണ്ട പൊട്ടി
കീറുന്നു ചത്വരങ്ങളില്‍.
ഉണരാന്‍ മടിക്കുന്ന,
ചുരത്താന്‍ മടിക്കുന്ന,
മാതൃത്വങ്ങള്‍
നായകള്‍ കടിച്ചു പറിക്കുന്നു.

വിലാപങ്ങള്‍
എന്റെ കര്‍ണ്ണ പുടം തകര്‍ക്കുന്നു
ഞാന്‍
ഉണരാത്ത ,മെരുവാത്ത
കിരാത ഭരണ കൂടത്തിനെ 
ഉണര്‍ത്തുവാന്‍ ഞരമ്പുകള്‍ വലിചൂരും
പടയാളി...!

എന്റെ കരളില്‍ നിന്നും
ഞാനാദ്യം നിന്നെ വലിച്ചെറിയട്ടെ .
അപ്പോള്‍ എനിക്ക് മരണഭയം മാറും
നിന്റെ വേര്‍പാട്
എന്റെ ചങ്കൂറ്റം ആകട്ടെ ...
"വിപ്ലവം ജയിക്കട്ടെ "
--------------ബി ജി എന്‍ --------------------
(ഇ ലോകം കവിതകള്‍ എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത് )

കുസൃതി ചോദ്യങ്ങളുടെ മുള്‍ച്ചെടി


എഴുതുവാന്‍   വാക്കുകള്‍ 
പറയുവാന്‍   വാക്കുകള്‍  
അറിയുവാന്‍   വാക്കുകള്‍  
കാണുവാന്‍   മാത്രമെന്തേ   ജീവിതം   ?

നുകരുവാന്‍   മധുവും
പകരുവാന്‍   വധുവും  
കാവലായ് ഈറന്‍ നിലാവും
കൂടെയുള്ളപ്പോള്‍ പിന്നെന്തിനീ   പരിഭവം   ..?

കരയുവാന്‍ കണ്ണുകള്‍
ചിരിക്കുവാന്‍ ചുണ്ടുകള്‍
കേള്‍ക്കുവാന്‍ കാതുകള്‍
ജീവിക്കുവാനിനി എന്ത് വേണം നിനക്ക് ?

യാത്രകള്‍ നിനക്കുള്ളതല്ലേ
യാമങ്ങള്‍ നിന്റെ കാല്‍ക്കലല്ലേ
ഒന്ന് തലോടുവാന്‍ ഞാനരികിലില്ലേ
പിന്നെ എന്തിനായ് നീ മരിക്കുന്നു സഖേ ?
*************ബി ജി എന്‍ ***************      

Tuesday, March 6, 2012

കാളിന്ദി


കാളിന്ദി ഒരിക്കല്‍ കറുത്തിരുന്നു
താമരക്കണ്ണന്റെ  താണ്ഡവത്താല്‍ ,
കാളിന്ദി മെല്ലെ  വെളുത്തു വന്നു
പൈയ്ക്കള്‍ മരണമില്ലാതെ മേഞ്ഞു നടന്നു.

ആഗോള നിര്‍മ്മാണശാലകള്‍
പുറം തള്ളിയ വിസര്‍ജ്ജ്യങ്ങളുമായ്
കാളിന്ദി പിന്നെയും കറുക്കുന്നു
ഇരുളിനെക്കാള്‍ കഠിനമായ്‌

ക്ഷണമൃത്യുവായിരുന്നു കാളിയ
വിഷം തീണ്ടിയ ജലത്തിന്,
നരകിച്ചു മരിക്കാനാണ് ഇന്ന്
കാളിന്ദി ജലത്തിന്റെ ഇരകള്‍ക്ക് യോഗം

തലമുറകളുടെ ചര്‍മ്മങ്ങളില്‍ ,
ശ്വാസകോശങ്ങളില്‍ , തലച്ചോറില്‍
മരണത്തിന്റെ ജനിതക കോഡുമായി
കാളിന്ദി കറുത്തിരുണ്ടൊഴുകുന്നു .....
===========ബി ജി എന്‍ ========

Monday, March 5, 2012

കവിത വരുന്ന വഴി


എനിക്കും ഒരു കവിത രചിക്കണം.
മത്സര  കളരിയില്‍
ഒന്നാമനാകാന്‍ അല്ല
നിരൂപണത്തിന്റെ ശരമേല്‍ക്കാനോ
ഇഷ്ടങ്ങളുടെ പുഷ്പഹാരങ്ങള്‍ ഏറ്റു വാങ്ങാനോ
എഴുത്തുപെട്ടിയില്‍ നിറയുന്ന
പ്രണയ കുറിമാനങ്ങള്‍  മോഹിച്ചോ അല്ല.

എനിക്കെന്റെതായ,
എന്റെ ഗന്ധമുള്ള,
എന്റെ നിറമുള്ള,
എന്റെ വികാരങ്ങള്‍ ഉറഞ്ഞു പതയുന്ന,
ഒരു കവിത.

അത് കാണുമ്പോള്‍,
അപ്പോളെങ്കിലും അവള്‍ അറിയും
ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്ന്.
ഞാന്‍ അവളെ മറന്നില്ല എന്ന്.

അവളുടെ അധരങ്ങളിലെ കാളിമ
എന്റെ ദന്തക്ഷതത്തിനാലല്ല എന്ന്
പിന്നവള്‍ പറയില്ല.
അവളുടെ അടിവയറ്റില്‍ നിന്നൂര്‍ന്നു പോയ
എന്റെ സ്നേഹബീജം
ഒരു തെറ്റായിരുന്നു  എന്നവള്‍ തിരിച്ചറിയും.

അവളുടെ മുലകള്‍ ചുരക്കാതെ പോയത്
അവള്‍ക്കെന്നോടുള്ള സ്നേഹം മരിച്ചതിനാല്‍
മാത്രമാകുമെന്നും അവളറിയും
അപ്പോള്‍ ഞാനും ഒരു കവിയാകും..
ലോകം അറിയുന്ന കവി ....!
----------------ബി  ജി എന്‍