Friday, January 27, 2023

റോസമ്മ......... നീതു പോൾസൺ

റോസമ്മ(നോവൽ), 
നീതു പോൾസൺ,
ചിത്രരശ്മി ബുക്സ്, 
വില: ₹ 100.00



യത്ര നാര്യസ്തു പൂജ്യന്തരമണേ തത്ര ദേവത. നാമൊക്കെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന മനുസ്മൃതിയിലെ ഒരു വാചകമാണിത്. ഇതു പോലെ മറ്റൊരു വാചകമാണ് പിതാവും പതിയും പുത്രനും മൂന്നു കാലങ്ങളിലും സംരക്ഷിക്കാനുള്ളതിനാൽ ഭാഗ്യവതിയായ സ്വാതന്ത്ര്യത്തിൻ്റെ ആവശ്യം തന്നെയില്ലാത്ത സ്ത്രീയെക്കുറിച്ച്. നൂറ്റാണ്ടുകളായി ഇവ വായിച്ചും പങ്കുവച്ചും ജീനിൽ കടന്നു കൂടിപ്പോയ ഒരു സംസ്കാരമാണ് സ്ത്രീയെ സംരക്ഷിക്കേണ്ടത് എക്കാലത്തും പുരുഷൻ്റെ ധർമ്മമാണ് എന്നത്. ലോകത്തുള്ള എല്ലാ ദൈവ നിയമങ്ങളിലും, ഉദാരമതിയായ ദൈവം ഈ ഒരു കാര്യം പാറയിൽ കൊത്തിവയ്ക്കും വിധം ആവർത്തിച്ചുറപ്പിക്കുന്നുമുണ്ട്. ഇതൊരു ദയയായും സൗഭാഗ്യമായും കരുതുകയും അതിനെ സന്തോഷത്തോടെയും ഭക്തിയോടും സ്വീകരിച്ച്, ആസ്വദിച്ച് അംഗീകരിച്ച് വളരുകയും വളർത്തുകയും ചെയ്യുന്നു ഭൂരിഭാഗം സ്ത്രീകളും. ഇതിനെ എതിർക്കുന്ന സ്ത്രീകളെ അതിനാൽത്തന്നെ അവർ കൂടിച്ചേർന്ന് പുരുഷനൊപ്പം ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. എല്ലാത്തിന്നും ജീനിൽ അടിഞ്ഞുകൂടിയ സംസ്കാരം തന്നെ കാരണം. ആധുനിക കാലത്ത് സ്ത്രീകൾ പ്രതിഷേധിക്കുന്നതിൽ കൂടുതൽ സഹകരണവും ഐക്യവും നല്കുന്നത് പുരുഷനാണ്. കാരണം അവൻ്റെ ഉള്ളിലെ തെറ്റിൻ്റെ കുറ്റബോധം അവനെ അതിന് പ്രേരിപ്പിക്കുന്നതാകാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയ ജയജയ ജയ ഹേ പോലുള്ള പുതിയ കാല മലയാള ചിത്രങ്ങൾ സധൈര്യം ഈ സ്ത്രീ സ്വാതന്ത്ര്യത്തെ അഡ്രസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതേ പോലെ നവ സാഹിത്യത്തിൽ സ്ത്രീയുടെ വ്യക്തിത്വവും സ്വത്വവും വളരെ നല്ല ആഴത്തിലും പരപ്പിലും പടർന്നു തുടങ്ങിയിട്ടുമുണ്ട്.

നീതു പോൾസൺ എന്ന എഴുത്തുകാരിയുടെ രണ്ടാമത്തെ പുസ്തകമാണ് റോസമ്മ എന്ന നോവൽ. ജിമിക്കി എന്ന കഥാസമാഹാരം ഇതിനു മുമ്പ് ഇറക്കിയിട്ടുണ്ട്. പരസ്പരം മാസിക ഏർപ്പെടുത്തിയ ഗോപി കൊടുങ്ങല്ലൂർ പുരസ്കാരം ഈ എഴുത്തുകാരിക്ക് ലഭിച്ചിട്ടുണ്ട്. സിനിമ സംവിധായകൻ ജിയോബേബിയുടെ അവതാരികയോടെയാണ് റോസമ്മ എന്ന നോവൽ തുടങ്ങുന്നത്. ഈ നോവലിൻ്റെ ഇതിവൃത്തം റോസമ്മ എന്ന സ്ത്രീയുടെ ജീവിതത്തിൻ്റെയാണ്. വളരെ യാഥാസ്തികരായ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ, യോഹന്നാൻ എന്ന ഭർത്താവും നാൻസി, ജിത്തു എന്നീ രണ്ടു മക്കളുമൊപ്പം ജീവിക്കുന്ന നാല്പതു കഴിഞ്ഞ സ്ത്രീ. ആദ്യ ഗർഭത്തോടെ അധ്യാപക വേഷം അഴിച്ചു വച്ച് കുടുംബിനിയായ റോസമ്മ വിവാഹ ജീവിതത്തിൻ്റെ സുഖമോ സംതൃപ്തിയോ അറിഞ്ഞവളല്ല. വിവാഹ രാത്രി മുതൽ ഈ നാല്പതുകളിലും ഒരു ചുംബനമാേ തലോടലോ ലഭിക്കാതെ ഒരു സെക്സ് ടോയ് പോലെ ചലന രഹിതയായി കിടന്നു കൊടുക്കുന്ന ഒരുവൾ. ചെറുതും വലുതുമായ ഒരു പാട് കാര്യങ്ങൾ എന്നുമുണ്ടാകും യോഹന്നാന് പാത്രങ്ങൾ വലിച്ചെറിയാനും, തെറികൾ വിളിക്കാനും , വലിച്ചു വാരിയിട്ട് ചവിട്ടിക്കൂട്ടാനും. എങ്കിലും റോസമ്മ ഒരിക്കലും അയാളെ വിട്ടു പോകാതെ പതി ഭക്തയായ ഒരു വിശ്വാസിയായി കഴിച്ചുകൂട്ടുന്നു. പക്ഷേ തൻ്റെ അവസ്ഥ തൻ്റെ മക്കൾക്ക് വരരുതെന്ന് കരുതുന്ന റോസമ്മ അതിനാൽത്തന്നെ മകളെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നു. അതിൻ്റെ പേരിൽ കൊടിയ മർദ്ധനം ഏറ്റുവെങ്കിലും പ്രതികരിക്കാത്ത അവൾ പക്ഷേ തൻ്റെ മകനെ തല്ലും എന്ന ഘട്ടം വരുമ്പോൾ പ്രതികരിക്കുന്നു. അള മുട്ടിയാൽ ചേരയും കടിക്കും എന്ന തത്വം പോലെ യോഹന്നാൻ്റെ കണ്ണിൽ പൊന്നീച്ച പറപ്പിക്കുന്ന റോസമ്മ ആദ്യമായ് തല ഉയർത്തി നില്ക്കുന്നു. അയാൾ വീടു വിട്ട് പോകുന്നു. അവൾ സധൈര്യം കുടുംബം രക്ഷപ്പെടുത്തുന്നു. ശേഷം.... അതറിയാൻ നിങ്ങൾ ആ നോവൽ വായിക്കുക തന്നെയാണ് വേണ്ടത്.

ഈ നോവൽ വായിക്കുമ്പോൾ പഴയ കാല നോവലുകളിലെ, സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ ഓർമ്മ വരുന്നുണ്ട്. അവസാനങ്ങളിൽ പുതിയ കാല കഥകളുടെ ,സിനിമകളുടെ ഓർമ്മയും. ഗ്രാമീണതയെയും ബന്ധങ്ങളുടെ ഭിന്ന മുഖങ്ങളെയും വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട് എഴുത്തുകാരി. ചെറിയ നോവലാണെങ്കിലും ഭംഗിയായ അവതരണം തന്നെയാണ്, ഭാഷ തന്നെയാണ് ഉള്ളത്. നോവലിലെ പോരായ്മയായി കണ്ടത് ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലെ പക്വതയില്ലായ്മയാണ്. പുരോഗമന ചിന്ത എന്നാൽ സ്വതന്ത്രരതിയാണ് എന്നൊരു കാഴ്ചപ്പാട് സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പണ്ട് ഫെമിനിസ്റ്റ് എന്നാൽ വലിയ കണ്ണടയും സ്ലീവ്ലെസ് ബ്ലൗസും ഒക്കെയായിരുന്ന സ്ത്രീകൾ എന്ന പോലെയാണ് ഇന്ന് പുരോഗമന സ്ത്രീകൾ എന്നാൽ പാൻ്റും ഷർട്ടും ധരിക്കുന്ന , മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ബോയ് ക്കട്ട് ചെയ്ത സ്ത്രീകൾ എന്ന ചിത്രവത്ക്കരണവും. ഈ സ്ത്രീകൾ ഒക്കെ പുരുഷന്മാരുടെ കൂടെ നടക്കുന്ന ,ഒന്നിച്ചു ഒരു കട്ടിലിൽ കൂട്ടമായി ഉറങ്ങുന്ന തോന്നുന്നവരോടൊത്ത് സെക്സ് ചെയ്യുന്ന സ്ത്രീകൾ ആണെന്നും ഇത് നമ്മുടെ സംസ്കാരത്തിന് (?) എതിരാണെന്നും ഉള്ള ചിന്താഗതിയുള്ളവരാണ് ഇന്നുള്ള ഭൂരിഭാഗസമൂഹവും. സ്വന്തം കാലിൽ നില്ക്കുക എന്നതാണ് സ്വാതന്ത്ര്യം എന്നു വാദിക്കുമ്പോഴും, റോസമ്മയെപ്പോലെ, അമ്പിളിയെപ്പോലെ, ആൻസിയെപ്പോലെ ഭർത്താവിനെ കൈവിടാത്തവരാകണം സംസ്കാരമുള്ള സ്ത്രീകൾ എന്ന് പറയാതെ പറഞ്ഞു പോകുകയാണ് എഴുത്തുകാരി ഈ നോവലിൽ. ആ കാഴ്ചപ്പാടിനോട് വിയോജിപ്പു തോന്നിയെന്നുള്ള ഒരു പോരായ്മ വായനയിൽ ഉണ്ടായി. കൂടുതൽ വായനകളും ചർച്ചകളും സംഭവിക്കാൻ ഇത്തരം എഴുത്തുകൾ കാരണമാകട്ടെ എന്നും, കൂടുതൽ മികവുള്ള, തെളിഞ്ഞ നിലപാടുകളും സന്ദേശങ്ങളുമുള്ള എഴുത്തുകൾ ഉണ്ടാകട്ടെ എന്നുമാശംസിക്കുന്നു.
@ബിജു ജി.നാഥ് വർക്കല

ഏഴുത്തിന്റെ ലോകങ്ങള്‍ .................... ചന്ദ്രമതി

എഴുത്തിന്റെ ലോകങ്ങള്‍ (ലേഖനം )
 ചന്ദ്രമതി 
നാഷണല്‍ ബുക്ക് ട്രസ്റ്റ് 
വില : ₹ 75


       ഓണ്‍ ലൈന്‍ മീഡിയകളില്‍ വളരെ നാളുകളായി മുഴങ്ങിക്കേല്‍ക്കുന്ന ഒരു വിലാപമാണ് പെണ്ണെഴുത്ത് എന്നൊരു വാക്കും അതിന്റെ കവചത്തില്‍ നിന്നുകൊണ്ടു നിറഞ്ഞുതൂകുന്ന കവിത, കഥ ,നോവല്‍ സാഹിത്യങ്ങളും. എന്താണ് പെണ്ണെഴുത്ത് എന്നു ചോദിക്കുകില്‍ അവര്‍ക്കുത്തരം കവി സച്ചിദാനന്ദന്‍, സാറാ ജോസഫിന്റെ പാപത്തറ എന്ന പുസ്തകത്തിന്റ പാതിയും ഉപയോഗിച്ച് സ്ഥാപിച്ചെടുത്ത ഒരു സാഹിത്യ വിഭാഗം ആണത് . ഇതിനെ കേള്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന മറ്റൊരു വാക്കാണ് പ്രവാസസാഹിത്യം . ഗള്‍ഫ് , യൂറോപ്പ് മേഖലകളില്‍ കുടിയേറ്റം ചെയ്തു തൊഴില്‍ എടുത്തു ജീവിക്കുന്ന മലയാളികളില്‍ സാഹിത്യ വാസന ഉള്ളവര്‍ എഴുതുന്ന സാഹിത്യത്തെ അവര്‍ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാക്കാണല്ലോ പ്രവാസ സാഹിത്യം. അവര്‍ ആ ഭൂമികയില്‍ തൊഴില്‍ എടുക്കാന്‍ വന്നവരാണെന്നും കുറച്ചു കഴിയുമ്പോള്‍ അവര്‍ തിരികെ പോകുക ജന്മ നാട്ടില്‍ ആണെന്നും അവര്‍ക്കറിയാഞ്ഞിട്ടോ, പ്രവാസം എന്ന വാക്കിന്റെ അര്ത്ഥം അറിയാഞ്ഞിട്ടോ അല്ലത്. അതൊരു സ്ഥാപിത വിഭാഗമായാല്‍ മാത്രമേ അവരിലെ സ്ത്രീ എഴുത്തുകാര്‍ക്ക് പ്രവാസി പെണ്ണെഴുത്ത് എന്നൊരു വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. സാഹിത്യം വളരും തോറും കേരളത്തിലെ കോണ്ഗ്രസ് പോലെ ആകുകയാണ് . ഈ രീതിയില്‍ ആണെങ്കില്‍ വികലാംഗര്‍ എഴുതുമ്പോഴത് വികലാംഗ സാഹിത്യമാവും ട്രാന്‍സ് ജെണ്ടര്‍ എഴുതുമ്പോഴത് ട്രാന്‍സ് സാഹിത്യവും ആകുമായിരിക്കും . പണ്ട് കക്കൂസ് സാഹിത്യം എന്നൊരു വാക്ക് പത്രക്കാരുടെ നേരെ പ്രയോഗിക്കുന്നത് കേട്ടിട്ടുണ്ട് . എവിടെയിരുന്നാണോ എഴുതുന്നതു ആ ഇടത്തിന്റെ പേരുകൊണ്ട് സാഹിത്യം അറിയുന്ന ലോകത്തേക്ക് പോകുകയാണോ എന്നു തോന്നുന്നു; .അതിനു കാരണവും ഉണ്ട് . പൊതുവായ ഒരിടത്ത് നിന്നുകൊണ്ടു എഴുതിയാല്‍ ശ്രദ്ധിക്കപ്പെടുകയില്ല എന്നവര്‍ക്ക് തന്നെ നന്നായി ബോധ്യമുണ്ട് . പിരിച്ചുവച്ചാല്‍ അത്ര ഭാഗത്തേക്ക് എങ്കിലും പ്രശസ്തി നേടാമല്ലോ . പെണ്ണെഴുത്ത് എന്ന വിഷയത്തിലേക്ക് തന്നെ തിരികെ വരാം . തുറന്നെഴുതുന്നതാണത്രേ പെണ്ണെഴുത്ത് എന്നു തെറ്റിദ്ധരിച്ചു കുറച്ചു പേര്‍ മാധവിക്കുട്ടിക്ക് പഠിക്കാന്‍ പോയി . എഴുത്തില്‍ നാലപ്പാട്ടിന്റെ ഭാഷയും വേഷത്തില്‍ വലിയ പൊട്ടും സാരിയും ഒക്കെയായി അവരുടെ ലോകം വികസിപ്പിക്കാന്‍ ശ്രമമായി.ഇതൊക്കെ അടുത്തിടെ ഒരു പോസ്റ്റിന് മറുപടി കൊടുത്തപ്പോള്‍ പോസ്റ്റ് മുതലാളിയായ പ്രശസ്ത കവയിത്രി അതില്‍ സ്ത്രീ അവഹേളനം ആണ് ആരോപിച്ചത് . ഒപ്പം മൊഴിമുട്ടി സൌഹൃദം അവസാനിപ്പിച്ചും പോയി . ഇത്തരക്കാര്‍ ഇടയ്ക്കു പൂട്ടിന് പീര പോലെ ഒരു നിലവിളി ശബ്ദം ഇടും. എന്റെ എഴുത്തുകളെ വിമര്‍ശിച്ചു എന്നോ ഞാന്‍ എഴുതുന്നതു മൂലം ആര്‍യ്ക്കൊക്കെയോ അസ്കിത ഉണ്ടായി എന്നും ഒക്കെയുള്ള ചില കോലാഹലങ്ങള്‍ . സത്യത്തില്‍ പെണ്ണെഴുത്തുകാര്‍ എന്ന തസ്തികയുടെ ആവശ്യം എന്താണ് . അങ്ങനെ ഒരു തസ്തിക ഉണ്ടാക്കിയാല്‍ എന്താകും പെണ്ണെഴുത്തുകാര്‍ എഴുതുക? അവയിലാണ് പ്രധാനമായും ചര്ച്ച നടക്കേണ്ടത് . പക്ഷേ നിര്‍ഭാഗ്യവശാല്‍ അതുമാത്രം നടക്കുന്നുമില്ല . സ്വന്തം ജീവിതം , താന്‍ നടന്ന വഴികള്‍ , താന്‍ നേരിട്ട പ്രയാസങ്ങള്‍ , തന്റെ ലൈംഗികത ഇവയൊക്കെ അവതരിപ്പിക്കുന്നതില്‍ ഒരു പ്രയാസവും ഇല്ല . അത് സ്ത്രീ എഴുതിയാലും പുരുഷന്‍ എഴുതിയാലും ഒരുപോലെ തന്നെയാണ് . എന്നാല്‍ മുന്പ് സാഹിത്യത്തില്‍ അത് പോലും എഴുതാന്‍ കഴിയാതെ പോയ എഴുത്തുകാരികള്‍ ഉണ്ടായിരുന്നു . ദളിത് വിഭാഗത്തില്‍ അങ്ങനെ ഒന്നു ഇന്നും വിരലിലെണ്ണാവുന്ന മാത്രവുമാണ് . തുറന്നെഴുതിയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന , ഒളിവില്‍ പോകേണ്ടി വരുന്ന ഒരു സമൂഹമായി സ്ത്രീ നിലനിന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നതിന് ഏറെക്കൂറെ മാറ്റം വന്നുകഴിഞ്ഞു . പക്ഷേ ഇന്നും പലരും ആ കാലത്തെ ആണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് . മാത്രവുമല്ല അവര്‍ എഴുത്തുന്ന മൂന്നാംകിട സാഹിത്യത്തെ കുറച്ചു ആരാധകരുടെ ലൈക്കും കമന്‍റുമല്ലാതെ ചിലപ്പോള്‍ വിമര്‍ശനങ്ങളുമല്ലാതെ മറ്റൊന്നും സംഭവിപ്പിക്കാന്‍ കഴിയുന്നില്ല . എങ്ങുമെത്താത്ത ഈ നിരാശയില്‍ നിന്നുമാണ് കോലാഹലങ്ങള്‍ ഉണ്ടാകുന്നത്.


             ഈ അവസരത്തില്‍ മലയാളത്തിലെ പെണ്ണെഴുത്തിന്റെ വക്താക്കളോട് എനിക്കു നിര്‍ദ്ദേശിക്കാന്‍ ഉള്ളത് പ്രൊഫസര്‍ ‘ചന്ദ്രമതി’യുടെ “എഴുത്തിന്റെ ലോകങ്ങള്‍” എന്ന ലേഖനം നാഷണല്‍ ബുക്ക്സു പുറത്തിറക്കിയ പുസ്തകം വാങ്ങി വായിക്കുക എന്നാണ് . അധികം വിലയൊന്നുമില്ല പുസ്തകത്തിന് പക്ഷേ അതിന്റെ ഉള്ളടക്കത്തിന് ഒരുപാട് മൂല്യവുമുണ്ട് . എന്തുകൊണ്ടാണ് ചന്ദ്രമതി എന്ന എഴുത്തുകാരി നീണ്ട പതിനെട്ടോളം വര്ഷം എഴുത്തുലോകത്ത് നിന്നും വിട്ടുനിന്നതെന്ന ഉള്‍ക്കാഴ്ചയോടെ അവര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെ ഒട്ടൊരു സന്തോഷത്തോടെയാണ് വായിച്ചു തീര്‍ത്തത് . പെണ്ണെഴുത്തിന്റെ വക്താക്കളോട് ചന്ദ്രമതി പറയുന്നതു “എഴുത്തുകാരികളെല്ലാം 'പെണ്ണെഴുത്തി'ലേക്ക് വീഴുമ്പോൾ പുരുഷ-എഴുത്തുകാർ ' എഴുത്ത് 'കൈയടക്കുന്നു. സംവരണം മറ്റുമണ്ഡലങ്ങളിൽ സ്ത്രീക്കു ഗുണം ചെയ്തേക്കാം പക്ഷേ, സാഹിത്യത്തിൽ അത് ദോഷമേ ചെയ്യൂ.” എന്നാണ് . ആലോചിച്ചു നോക്കിയാല്‍ ഇത് സത്യമാണെന്ന് കാണാം . അവര്‍ പറയുന്നതില്‍ ഒരുപാട് പൊള്ളുന്ന നേരുകള്‍ കാണാം . പക്ഷേ സാഹിത്യ ലോകം എന്തുകൊണ്ട് ഇവ ചര്‍ച്ചയ്ക്കെടുക്കുന്നില്ല ? “സ്ത്രീയെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്ന ഏത് വ്യവസ്ഥിതിയോടും ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരിക്ക് സ്വീകാര്യമായ ഒന്നല്ല പെണ്ണെഴുത്തെന്ന ലേബലും സംവരണവും. ഇത്തരം വർഗ്ഗീകരണത്തിൻ്റെ മറ്റൊരു വിപത്ത് ഇതിൻ്റെ തണലിൽ തകര പോലെ കുരുത്തു പൊങ്ങുന്ന മൂന്നാംകിട എഴുത്തുകാരികളുടെ വർദ്ധിക്കുന്ന സംഖ്യയാണ്. മൂന്നാംകിട എഴുത്തുകാർക്ക് സംഭവിക്കുന്ന സ്വഭാവിക മരണത്തിൽ നിന്നും പെണ്ണെഴുത്തിൻ്റെ കവചം ഇവരെ രക്ഷിക്കുന്നു.” ഇത്ര പരസ്യമായി , ആര്‍ജ്ജവത്തോടെ എഴുത്തുകലയെ വശമാക്കിയ ഒരാള്‍ പറയുമ്പോള്‍ അതിനെ ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും . ദിനേന നാമൊക്കെ വായിച്ചുപോകുന്ന സാഹിത്യ രചനകള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ലല്ലോ . “ഷേക്സ്പിയറുടെ കിംഗ് ലിയറിനെ ക്ഷത്രിയ - ബൂർഷ്വായുടെ പതനമായും ഒഥല്ലോയെ ദളിതൻ്റെ പരിദേവനമായും വിലയിരുത്തുന്നിടത്തോളം തന്നെ അപഹാസ്യമാണ് സ്ത്രീ എഴുതുന്നത് അല്ലെങ്കിൽ സ്ത്രീയെക്കുറിച്ചെഴുതുന്നത് പെണ്ണെഴുത്താണെന്ന ലേബലൊട്ടിക്കുന്നത്.” എന്ന ചന്ദ്രമതിയുടെ പ്രസ്താവനയെ പിന്താങ്ങുവാന്‍ ഇവിടെയുള്ള സ്ഥാപിത എഴുത്തുകാരോ എഴുത്തുകാരികള്‍ പോലുമോ മുന്നോട്ട് വരാറില്ല എന്നതാണു എഴുത്തുകാരികള്‍ക്കിടയില്‍ പോലുമുള്ള പാരസ്പര്യമില്ലായ്മയുടെയും കീഴടങ്ങലുകളുടെയും യാഥാര്‍ഥ്യം . ഇതിനെ അടിവരയിട്ടുകൊണ്ട് ചന്ദ്രമതിയും സമ്മതിക്കുന്ന ഒരു വസ്തുതയാണ് “പാപത്തറയുടെ അവതാരികയിൽ നിന്ന് മാറ്റൊലി നിരൂപകർ ഏറ്റെടുത്തു പരത്തിയ പെണ്ണെഴുത്ത് സ്വതന്ത്ര ചിന്താഗതിയുള്ള എഴുത്തുകാരികൾക്കു മുന്നിൽപ്പോലും ചമച്ച ചതിക്കുഴിയാണിത്.” എന്ന പരാമര്‍ശം . ഇതൊക്കെയാണെങ്കില്‍ നിങ്ങള്‍ക്കെന്താകും പെണ്ണെഴുത്തുകരോട് ഉപദേശിക്കാന്‍ ഉണ്ടാകുക എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകാം . “ഒരു സ്ത്രീ നായക കഥാപാത്രം നാലു സാമൂഹിക ധാരണകളിൽ നിന്ന് മോചനം നേടേണ്ടതാണ്. 1. കന്യകാത്വം പുരുഷനു വേണ്ടി അമൂല്യവും പവിത്രവുമായി കാത്തു സൂക്ഷിക്കേണ്ടതാണെന്ന മിഥ്യാധാരണ. 2. കാല്പനിക പ്രണയത്തിൻ്റെ ആകർഷണീയത. 3. ലിംഗ വ്യത്യാസം കൊണ്ടു മാത്രം പുരുഷൻ സ്ത്രീയെക്കാൾ ഉന്നതനാണെന്ന വാദം, 4. ത്യാഗത്തിൻ്റെ മൂർത്തീമത് ഭാവമെന്നു പുകഴ്ത്തപ്പെടുന്ന മാതൃസങ്കല്പം.” ഈ നിര്‍ദ്ദേശങ്ങള്‍ എത്രപേര്‍ക്ക് തൃപ്തികരമാകും ? എത്രപേര്‍ക്ക് അതിന്റെ വെളിച്ചത്തില്‍ സാഹിത്യത്തെ ഉപയോഗിക്കാനാവും. കഴിയില്ല പകരം എഴുത്തുകാരികള്‍ക്ക് കഴിയുക പരസ്യമായും രഹസ്യമായും അതിനോടു വിരോധിക്കുക എന്നാണ് . സ്ത്രീ എഴുത്തുകാരെ കാത്തിരിക്കുന്ന അപചയം എന്താണെന്ന ചന്ദ്രമതിയുടെ അഭിപ്രായം “എഴുത്തിനെ ശ്രദ്ധിക്കാതെ, താരപരിവേഷം നല്കി എഴുത്തുകാരികളെ 'പ്രൊജക്ട് ചെയ്യുന്നത് ഉത്തരാധുനിക രീതിയിലുള്ള മറ്റൊരു തമസ്കരണ”ത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും അത് ശരിയെന്ന ധാരണയില്‍ അതില്‍ അഭിരമിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് . ഒരു കാര്യം ശരിയാണ് . എഴുതുമ്പോളൊക്കെ വിവാദങ്ങള്‍ ഉണ്ടാകും . അതിനര്‍ത്ഥം നിങ്ങള്‍ ശരിയായ ദിശയിലാണ് എന്നുതന്നെയാണ് . ഞാന്‍ ഒരു മനുഷ്യന്‍ എന്നു പുരുഷന്‍ തന്നെ അടയാളപ്പെടുത്തുമ്പോഴൊക്കെ ഞാനൊരു സ്ത്രീ എന്നാണ് സ്ത്രീക്ക് പറയാന്‍ കഴിയുന്നത് . അത് മാറേണ്ടിയിരിക്കുന്നു . എഴുത്തിലും സംവരണം വേണ്ടി വരിക എന്നത് എത്ര കേവലത്വം ആകുന്നു . മാറ്റങ്ങളെ മുന്നോട്ട് കൊണ്ട് വരേണ്ടവര്‍ തന്നെ അപചയത്തില്‍ ആയാല്‍ പിന്നെന്തു സന്ദേശങ്ങള്‍ ആണ് അവര്‍ക് നല്കാന്‍ കഴിയുക . 

        മൂന്നു ഭാഗങ്ങള്‍ ആയാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.. ഒന്നാമത്തെ ഭാഗം പെണ്ണെഴുത്തിന്റെ ദൂഷ്യവശങ്ങളെയും പരിഹാര മാര്‍ഗ്ഗങ്ങളെയും അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ ഭാഗം ആകട്ടെ മലയാളസാഹിത്യത്തിലെ ചില എഴുത്തുകളെ അക്കാദമിക്കല്‍ രീതിയില്‍ വളരെ ഗഹനമായ ഒരു ചര്‍ച്ചാ രീതിയിലേക്ക് കൊണ്ടുപോകാന്‍ തക്കവണ്ണമുള്ള പഠനം നടത്തുന്നു . ഒപ്പം ദേവഗാന്ധാരം എന്ന നാടകത്തെ പരിചയപ്പെടുത്തുകയും അതിന്റെ പുരോഗമനാശയങ്ങളും സ്ത്രീ സാന്നിധ്യത്തിന്റെ പുതിയ ഉണര്‍വ്വും പ്രതീക്ഷയും പങ്കുവയ്ക്കുന്നു . മൂന്നാം ഭാഗം അഭിമുഖങ്ങളുടെയുമാണ് . അവയുടെയൊക്കെ പ്രാധാന്യം അവഗണിക്കുന്നില്ല എങ്കിലും ഒന്നാം ഭാഗത്തിന്റെ ചര്‍ച്ചയുടെ കാതലായ , പുസ്തകത്തിന്റെ ആത്മാവായ ഭാഗത്തെ മലയാളം ഇനിയും ചര്‍ച്ചയ്ക്കെടുക്കാതിരിക്കുന്നത് എഴുത്തുകാരോട് പ്രത്യേകിച്ചും എഴുത്തുകാരികളോട് ചെയ്യുന്ന വലിയ അനീതിയാകും എന്നൊരോര്‍മ്മപ്പെടുത്തല്‍ ആണ് . എഴുത്തിന്റെ വഴിയില്‍ അതിനെ ഗൌരവപരമായി സമീപിക്കുന്ന എല്ലാവരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമെന്ന് പരിചയപ്പെടുത്തിക്കൊണ്ട് സസ്നേഹം ബിജു ജി നാഥ് വര്‍ക്കല

Saturday, January 14, 2023

സഞ്ജയൻ്റെ കഥകൾ......... സഞ്ജയൻ

സഞ്ജയന്റെ കഥകള്‍ (ഹാസ്യകഥകള്‍) 
സഞ്ജയൻ
 സായാഹ്ന ഫൌണ്ടേഷന്‍ 


ഹാസ്യ കഥകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട് . ജീവിതത്തിന്റെ എല്ലാ മുരടിപ്പുകളെയും ഒരു നിമിഷം ഇല്ലാതാക്കാന്‍ ഒരു ഹാസ്യത്തിന് കഴിയും എന്നതാണു വാസ്തവം . അതിനാല്‍ത്തന്നെ കഥകളുടെ ഉത്ഭവത്തില്‍ തന്നെ ഹാസ്യത്തിന് പ്രധാന റോള്‍ കിട്ടിയിരുന്നു . രാജസദസ്സുകളില്‍ വിദൂഷകന്‍മാര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു . കുഞ്ചന്‍ നമ്പ്യാരെ അറിയാത്ത മലയാളികള്‍ ഉണ്ടോ . തെന്നാലി രാമനെ അറിയാത്തവര്‍ ഉണ്ടോ മുല്ലാക്കഥകള്‍ , നമ്പൂതിരി ഫലിതങ്ങള്‍ , സര്‍ദാര്‍ജി ഫലിതങ്ങള്‍ ഇവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങള്‍ ആയി പല സമയങ്ങളില്‍ സ്ഥാനം നേടിയിട്ടുള്ളതല്ലേ. വി കെ എന്‍ കഥകളിലൂടെ പയ്യന്‍സ് നമ്മെ സന്തോഷിപ്പിച്ചു , ടോംസ് ലോലനെ യും ബോബനേയും മോളിയെയും കൊണ്ട് നമ്മുടെ ചിരിയെ പങ്കിട്ടെടുത്തു . അങ്ങനെ പറഞ്ഞു വരികയാണെങ്കില്‍ ഹാസ്യത്തിന് ഒരുപാട് പറയാനുണ്ട് . പലതും വിട്ടുപോയേക്കാം എന്നതിനാല്‍ ആരെയും പറയാതെ വിടാം . ഹാസ്യം പലവിധമുണ്ട് . ആക്ഷേപ ഹാസ്യവും നിർദ്ദോഷ ഹാസ്യവും ഒക്കെ അതിന്റെ ഭാഗമാണ് . ഒരാളെ നോവിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒരായുധവുമാണല്ലോ അത് . സഞ്ജയന്‍ എന്ന തൂലിക നാമത്തില്‍ ഹാസ്യ കഥകള്‍ എഴുതിയിരുന്ന മാണിക്കോത്ത് രാമന്‍ നായര്‍ (1903-1943) എന്ന എം ആര്‍ നായരെ മലയാളികള്‍ക്ക് ഒരിയ്ക്കലും വിസ്മരിക്കാന്‍ കഴിയില്ല . തന്റെ കൃതികളില്‍ സഞ്ജയന്‍ ,പാറപ്പുറത്ത് സഞ്ജയന്‍ , പി എസ് എന്നീ കഥാപാത്രങ്ങള്‍ ആയി അദ്ദേഹം തന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . സഞ്ജയന്റെ കഥകള്‍ ഒക്കെയും ഹാസ്യത്തിന്റെ മഞ്ഞള്‍ പുരണ്ട സത്യങ്ങള്‍ ആണ് . ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ പല വിഷയങ്ങളെയും അദ്ദേഹത്തിന്റെ കാലത്തിന്റെ കണ്ണിലൂടെ വിമര്‍ശിക്കുന്നുണ്ട് . പറയാനുള്ളത് പറയേണ്ട ഇടത്തു പറയുന്ന യഥാര്‍ത്ഥ എഴുത്തുകാരന്റെ ധർമ്മം അദ്ദേഹം പിന്തുടരുന്നതായി കാണാം. വായനയില്‍ തോന്നിയ ഒരു കാര്യം എന്താണെന്നാല്‍ പില്‍ക്കാല്‍ത്ത് പ്രശസ്തമായ വി കെ എന്‍ കഥയിലെ പല ഹാസ്യസംഭാഷണ പ്രയോഗങ്ങളെയും സഞ്ജയന്റെ കഥകളില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നതാണു . ഏകദേശം ഒരേ കാലഘട്ടത്തിൻ്റെ എഴുത്തുകാര്‍ ആയതിനാലാകാം ഈ ഒരു സാമ്യം എന്നു കരുതാം . കാലഘട്ടത്തിന്റെ കാഴ്ചകള്‍ എന്നെടുത്ത് പറയാന്‍ കാരണം അക്കാലത്തിന്റെ പുരുഷ നോട്ടങ്ങളും ചിന്തകളും സ്ത്രീകളോടുള്ള കാഴ്ചപ്പാടും പുരോഗമനത്തോടുള്ള ആശങ്കകളും ഹാസ്യത്തിലൂടെയാണെങ്കിലും വെളിപ്പെടുത്തുന്നത് അസ്വാരസ്യങ്ങള്‍ ആയിത്തന്നെയാണ് . കഥകളുടെ സാരാംശങ്ങളോ ഹാസ്യത്തിന്റെ വാൾത്തലപ്പിന്‍ മൂര്‍ച്ചയോ ആക്ഷേപഹാസ്യത്തിന്റെ ആഘാതങ്ങളോ മലയാള ചിന്തകളിലും സാമൂഹ്യബോധത്തിലും പ്രതിഫലിച്ചിട്ടുണ്ടോ എന്നത് പഠനവിധേയമാകേണ്ടതുണ്ട്. എന്നാല്‍ എല്ലാം മറന്നു ചിരിപ്പിക്കാന്‍ ഉള്ള ശ്രമത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുക തന്നെ വേണം . ഇന്നത്തെ കാലത്തെ പല ഫലിതങ്ങളും കടമെടുത്തത് ഇങ്ങനെയുള്ള എഴുത്തുകളില്‍ നിന്നൊക്കെയാണെന്ന് തോന്നിപ്പോകുന്നതും , ഇന്നത്തെ ഹാസ്യങ്ങളിലെ അതിര് കടന്ന അപ്രമാദിത്വങ്ങളും ഹാസ്യത്തെ ചിരിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന കാഴ്ചയില്‍ നിന്നും നോക്കുമ്പോള്‍ സഞ്ചയന്റെ പ്രസക്തി വളരെ വലുതാണ് . ബിജു ജി നാഥ് വര്‍ക്കല

Tuesday, January 10, 2023

ചില നേരങ്ങളിൽ അവൾ....

ചില നേരങ്ങളിൽ അവൾ....

ചില നേരങ്ങളിൽ അവൾ കുസൃതിയാണ്.
എൻ്റെ വിരൽ പിടിച്ചു നടക്കും
തലയിൽ ഞോടിച്ചിരിക്കും
ദേഷ്യം പിടിപ്പിച്ചു രസിക്കും
നുള്ളി നോവിച്ചിളകി ചിരിക്കും.

ചില നേരങ്ങളിൽ അവൾ ക്രൂരയാണ് .
ഇഷ്ടമില്ലാത്തവ മാത്രം പറയും
മറ്റു പേരുകൾ പറഞ്ഞ് കരയും
നീയില്ലാതെ ഞാൻ ഇല്ലന്ന് ആണയിടും
ക്രൂര വാക്കുകൾ പറഞ്ഞ് കടന്നു പോകും.

ചില നേരങ്ങളിൽ അവൾ പാവമാണ്.
നിങ്ങളില്ലാതെ എനിക്ക് ഉറക്കമില്ലന്ന്
നിങ്ങളെ കാണാതെ എനിക്ക് വിശപ്പാറില്ലന്ന്
നിങ്ങളുടെ ശബ്ദം എനിക്കാശ്വാസമെന്ന്
നെഞ്ചു കലങ്ങി പറഞ്ഞു കരയും.

ചില നേരങ്ങളിൽ അവൾ പ്രണയിനിയാണ്.
എൻ്റെ നെഞ്ചിൽ നഖം കൊണ്ടു പോറും
എൻ്റെ താടിമീശയെ വലിച്ചു പൊട്ടിക്കും
എന്നിലെ വികാരങ്ങളെ തല്ലിക്കൊഴിക്കും
നിങ്ങളെൻ്റെ മാത്രമെന്ന് വിങ്ങിപ്പൊട്ടും.

ഇനി പറയൂ എനിക്ക് കവിത വഴങ്ങില്ലെന്ന് . എനിക്ക് പ്രണയം വഴങ്ങില്ലെന്ന് . 
എനിക്ക് മനുഷ്യനാകാനാവില്ലെന്ന് .
അതാകും ഞാനെന്നുമിങ്ങനെ....
@ ബിജു ജി. നാഥ്

Monday, January 2, 2023

ഹാ! ജീവിതമേ...

ഹാ! ജീവിതമേ...

വെറുതെ ചിരിച്ചും കരഞ്ഞും പറഞ്ഞും
പ്രിയമോടരികിലിരിക്കും കിളി തൻ
നിറുക തലോടിയിരിക്കും നിമിഷത്തിൻ
മധുരമാണോമലേ മനോഞ്ജമാം ജീവിതം.

പറയുവാനേറെയുണ്ടെങ്കിലും എന്നും
പറയുന്നതൊന്നും കേട്ടിടാൻ നില്ക്കാതെ
പ്രിയരവർ ചൊല്ലും വാക്കിൽ മയങ്ങി
പരിതപിച്ചീടുകിൽ ജീവിതം ഹാ കഷ്ടം!

ഇരുകരം കൊണ്ടേ ഉളവാകൂ രവമെന്നാൽ
ഒരുകരം കാണാതെയുണ്ടെന്നു കരുതുകിൽ
കരയുവാനല്ലാതെ പാരിതിൽ ഉണ്ടാമോ 
പാഴായ് പോകും മാനവ ജീവിതമല്ലാതെ.

ഹൃദയത്തിൽ തൊട്ടെത്ര സത്യം പറകിലും
ഹൃദയത്താൽ അറിയാത്ത മാനസരെന്നും
ഹൃദയവ്യഥ കൊണ്ട് നഷ്ടപ്പെടുത്തുന്നു 
ഹൃദയബന്ധങ്ങളെ ജീവിതാന്ത്യത്തോളവും.

@ബിജു ജി.നാഥ്

Sunday, January 1, 2023

പാഞ്ചാലിയുടെ ഏഴു രാത്രികള്‍ ..................വിനയശ്രീ

പാഞ്ചാലിയുടെ ഏഴു രാത്രികള്‍ (നോവല്‍ )
വിനയശ്രീ 
അക്ഷര സ്ത്രീ പബ്ലിക്കേഷന്‍സ് 


धर्मेच अर्थेच कामेच मोक्षेच भरतर्षभ यदिहास्ति तदन्यत्र यन्नेहास्ति न कुत्रचित्।



 മനുഷ്യജീവിതത്തിലെ എല്ലാ സംഗതികളെയും പ്രതിപാദിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ മഹാഭാരതം , ഭാരതത്തിന്റെ ഇതിഹാസമായി ലോകത്തിന് മുന്നില്‍ നില്ക്കുന്നു. ആംഗലേയ സാഹിത്യത്തിലെ ഇതിഹാസങ്ങളുടെ മുന്നില്‍ പ്രായം കൊണ്ടും ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഒക്കെ പ്രാധാന്യമുള്ള ഒരു ഇതിഹാസ കാവ്യമാണ് മഹാഭാരതം. ഏകദേശം രണ്ടായിരം വര്‍ഷത്തിന്റെ പഴക്കം ഉണ്ടാകാം മഹാഭാരതത്തിന് എന്നാണ് നിലവിലുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മഹാഭാരതത്തിന്റെ ഭാഷയുടെ കാലഘട്ടം ബി.സി.നാലാം നൂറ്റാണ്ടാണെന്ന ചരിത്രകാരന്മാരുടെ പഠനം സൂചിപ്പിക്കുന്നത് വേദകാലത്തിന്റെ സംഭാവനയാണ് മഹാഭാരതം എന്നുള്ളതാണ്. എഴുത്തിന്റെ കാലവും പഠനവും ഈ പുസ്തകത്തിന്റെ വായനയുമായി ബന്ധപ്പെടുത്തുന്നതില്‍ കാര്യമില്ല എങ്കിലും സാന്ദര്‍ഭികമായി പറയുകയായിരുന്നു എന്നു മാത്രം. ലോകത്ത് ഏറ്റവും കൂടുതല്‍ മൊഴിമാറ്റവും പഠനങ്ങളും ഉപകഥകളും നടന്നിട്ടുള്ള കൃതിയും ഇത് തന്നെയാണ്. മലയാളത്തില്‍, മഹാഭാരത കഥയിലെ കഥാപാത്രങ്ങളെ പ്രധാനമായി എടുത്തുകൊണ്ടുള്ള ഒരുപാട് കഥകളും നോവലുകളും കവിതകളും ഒക്കെ സംഭവിച്ചിട്ടുണ്ട്. വായനക്കാര്‍ ഏറ്റവും കൂടുതല്‍ അതില്‍ ഓര്‍ത്തിരിക്കുന്നവ ഒരു പക്ഷേ എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം ( ഭീമനെ നായകനാക്കി ഒരു വ്യത്യസ്ഥ വായന), പി.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ (ദ്രൗപതിയെ നായികയാക്കിയുള്ള വായന) തുടങ്ങിയവ ആകണം. ഇവയല്ലാതെ ഒരുപാട് നോവലുകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും വായനയില്‍ ഓർമ്മ നില്‍ക്കുന്ന രണ്ടെണ്ണം ഇത് മാത്രമാണു എന്നതിനാല്‍ അത് പരാമര്‍ശിക്കുന്നു എന്നു മാത്രം. 

‘വിനയശ്രീ’ എന്ന എഴുത്തുകാരി ഒരു സാഹിത്യകാരി എന്ന നിലയില്‍ മാത്രമല്ല ഒരു ജ്യോതിഷ എന്ന നിലയിലും തന്റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. സംസ്കൃതം, പുരാണങ്ങള്‍ എന്നിവയോടുള്ള അടുപ്പം ആകാം ഒരുപക്ഷേ വിനയശ്രീ എന്ന എഴുത്തുകാരിയുടെ തൂലികയിലൂടെ പുരാണ കഥാപാത്രങ്ങളെ തന്റേതായ വായനാനുഭവത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളതാക്കിയതെന്ന് കരുതുന്നു. ഇതിന് മുമ്പ് വിനയശ്രീയുടേതായി വായിക്കുകയും എഴുതുകയും ചെയ്തത് ശിഖണ്ടിയുടെ കഥ പറയുന്ന നോവല്‍ ആയിരുന്നു. എന്നാല്‍ ആ നോവല്‍ വായിക്കുന്നതിന് മുമ്പ് വായിക്കേണ്ടതായിരുന്നു “പാഞ്ചാലിയുടെ ഏഴുരാത്രികള്‍” എന്നു വായനയില്‍ തോന്നിച്ചു. കാരണം, ശിഖണ്ടിയുടെ കഥയുടെ മൂലകഥ ഈ നോവലില്‍ സൂചിപ്പിച്ചിട്ടിരിക്കുന്നതിനാല്‍ ആണങ്ങനെ തോന്നുവാന്‍ കാരണമായത്. ഈ രണ്ടു നോവലുകളിലും വിനയശ്രീ മഹാഭാരതത്തിന്റെ മൂലകഥയിൽക്കൂടി സഞ്ചരിക്കുകയും പക്ഷേ തന്റേതായ കാഴ്ചപ്പാടുകളിലൂടെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കണ്ടെത്തുകയോ ചിന്തിക്കുകയോ ചെയ്യുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് ഈ നോവലുകളുടെ ഉദയം എന്നു തോന്നുന്നുണ്ട്. ശിഖണ്ടി എന്ന നോവലില്‍ ആരാണ് ശിഖണ്ടി എന്നത് ഒരു സ്വതന്ത ചിന്തയായി അവതരിപ്പിക്കുകയും ലോജിക്കുകളിലൂടെ അതിനെ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ വിനയശ്രീ, ഉത്തരേന്ത്യന്‍ എഴുത്തുകാരനായ അമീഷിന്റെ ശൈലി കടമെടുക്കുകയായിരുന്നു ബോധാബോധപൂര്‍വ്വം. അത് തന്നെയാണ് ഇവിടെ പാഞ്ചാലിയിലും സംഭവിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മഹാഭാരതം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായേക്കാവുന്ന പല സംശയങ്ങളും ഉണ്ട്. അവയെ പാഞ്ചാലിയുടെ ഏഴു രാത്രികള്‍ വായിക്കുമ്പോള്‍ എങ്ങനെ ലളിതമാക്കാം എന്നുള്ളൊരു പരീക്ഷണമായി ഇതിനെ കാണാം. അമീഷിന്റെ ശിവ ട്രയോളജിയും രാമായണസീരീസും വായിക്കുന്നവര്‍ക്ക് ശിവനെന്ന ദൈവത്തിനെയും രാമനെന്ന ദൈവത്തിനെയും ഇന്നത്തെ കാലത്തെ ഒരു ശരാശരി അഗ്നോയിസ്റ്റിന് (ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന കയ്യാലപ്പുറത്തെ തേങ്ങ പോലുള്ള വിശ്വാസി സമൂഹം.)വിശ്വസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ പരുവപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഇതേ രൂപത്തിലുള്ള മഹാഭാരതം സീരീസ് പണിപ്പുരയില്‍ ആണെന്നാണ് കേള്‍വി. പാഞ്ചാലിയുടെ ഏഴു രാത്രികള്‍ എന്നു കേള്‍ക്കുമ്പോള്‍ അതെന്തുകൊണ്ടു അങ്ങനെ എന്നു ചിന്തിക്കുക സ്വാഭാവികം. അഞ്ചു പുരുഷന്മാരുടെ ഭാര്യയായിരിക്കുന്നവള്‍ക്ക് ഏഴു രാത്രികള്‍ എങ്ങനെ ഉണ്ടാകുക? ഇവിടെയാണ് എഴുത്തുകാരിയുടെ ഭാവനയില്‍ വിടരുന്ന സാധ്യതകള്‍ മറനീക്കി വരുക. കൃഷ്ണനും, കര്‍ണ്ണനും കൂടിയായാല്‍ ഏഴുപേരാകുന്നു!!!. പക്ഷേ കൃഷ്ണന്‍ .... എങ്ങനെയും അത് അംഗീകരിക്കാം. കാരണം അങ്ങേരുടെ പേര് ആധുനിക കാസനോവയുടെ പഴയ പ്രതീകമായിട്ടാണല്ലോ പ്രശസ്തമാകുന്നത്. പതിനായിരത്തിയെട്ട് പ്രണയിനികളുടെ കഥകളും അതിന്റെ വ്യാഖ്യാനങ്ങളും ഭൂരിപക്ഷവും വായിച്ചിട്ടുള്ളതുമാകണം. പക്ഷേ പാണ്ഡവരുടെ അളിയനായ കൃഷ്ണന്‍ പാഞ്ചാലിക്ക് ആങ്ങളയാണല്ലോ മലയാളിയുടെ വിവാഹബന്ധത്തിന്റെ / കുടുംബ ബന്ധത്തിന്റെ ചിന്തയില്‍ എന്നു തോന്നാമെങ്കിലും അഗമ്യഗമനത്തിന്റെ ലോലസാധ്യതകളെ പരീക്ഷിക്കാനുള്ള ശ്രമമായി അതിന്റെ കാണേണ്ടി വരുന്നു. അപ്പോഴും കര്‍ണ്ണന്‍ എന്നത് വിപരീതപക്ഷമാണല്ലോ. കുരുപക്ഷത്തെ രാജാവു അഥവാ സൂതപുത്രന്‍. കഥയുടെ അവസാനങ്ങളില്‍ മാത്രം കൗന്തേയനായി മാറുന്ന ഒരാള്‍. അയാളെങ്ങനെ ആകും പാഞ്ചാലിയുടെ രാത്രിയിലൊന്നു സ്വന്തമാക്കുന്നത് എന്ന ചിന്ത വായനക്കാരെ കുഴപ്പിച്ചേക്കാം. ആ രണ്ടു ചിന്തയുടെയും ഉത്തരമാണ് ഈ നോവലില്‍ പ്രമേയമായി വരുന്നത്. സാധ്യതകളെ കൊണ്ടുള്ള ഒരു നൂല്‍പ്പാല സഞ്ചാരം എന്നു വേണമെങ്കില്‍ പറയാമതിനെ. ആര്‍ക്കും ആരെയും, എങ്ങനെയും ചിന്തിക്കാം . വിശകലനം ചെയ്യാം ആരും അതിന്റെ അവകാശവാദം പറഞ്ഞു വരില്ല. (എന്നു തീര്‍ത്തു പറയാന്‍ കഴിയില്ല. പ്രത്യേകിച്ചു ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍). അതിനാല്‍ത്തന്നെ എഴുത്തുകാരി ആ സാതന്ത്ര്യം ഇവിടെ ഉപയോഗിക്കുന്നു. പാണ്ഡവരെക്കാള്‍ മുന്നേ പാഞ്ചാലി കണ്ടു മോഹിച്ചു പോയ പുരുഷന്‍ ആണ് കര്‍ണ്ണന്‍. ശിഖണ്ടിയുടെ അനിഷ്ടം മൂലം ഉപേക്ഷിക്കേണ്ടി വരുന്ന പ്രണയം. അതുപോലെ മനസ്സില്‍ പ്രണയം തോന്നിയ കൃഷ്ണന്‍, പാണ്ഡവരുടെ പത്നിയായതിനാല്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നായി മാറിയ പ്രണയം. ഈ നോവലില്‍ അഞ്ചുപേര്‍ക്ക് വീതിച്ചുകൊടുത്ത പാഞ്ചാലിയുടെ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഇതിവൃത്തം. പാണ്ഡവര്‍ അഞ്ചുപേരുടെയും ഒപ്പമുള്ള രാത്രികള്‍, രതി, അവരിലെ പ്രണയം, പ്രണയശൂന്യത, മനോവിചാരങ്ങള്‍ എന്നിവയിലൂടെ കടന്നു പോകുന്ന പാഞ്ചാലി കര്‍ണ്ണനോടും കൃഷ്ണനോടും ഭാവനയിലൂടെ ഓരോ രാവ് സഞ്ചരിക്കുന്നുണ്ട്. കഥയുടെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഈ സംഭവങ്ങളെ കോര്‍ത്തുകെട്ടുന്ന ഒരു കൃതിയാണ് പാഞ്ചാലിയുടെ ഏഴു രാത്രികള്‍ . 

പ്രമേയത്തിന്‍റെ പുതുമയാണ് ഈ നോവലിന്റെ പ്രത്യേകത. നല്ല പഠനം/വിശകലനം ചെയ്തിരിക്കുന്നുണ്ട് വിഷയത്തില്‍ എന്നത് എഴുത്തില്‍ തെളിഞ്ഞു കാണാം. എങ്കിലും, എല്ലാം ഒറ്റയടിക്ക് പറയാനുള്ള ഒരു വ്യഗ്രതയും, പറയുന്നവ പാതിരാവുന്ന ചില ഇടങ്ങളും ഒക്കെക്കൊണ്ടു പാഞ്ചാലി ഒരു നിലപാടില്ലാത്ത സ്ത്രീയായി ചിത്രീകരിക്കപ്പെടുന്നത് പല ഇടങ്ങളിലും മുഴച്ചു നില്‍ക്കുന്നുണ്ട്. പ്രണയത്തിലായാലും പകയിലായാലും വികാരപ്രകടനങ്ങളിലായാലും അത് ചിലപ്പോഴൊക്കെ മുന്‍ നിലപാടുകളെ നോക്കി ചിരിക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. സ്വതന്ത്ര വ്യക്തിത്വമുള്ള ഒരാള്‍ എന്ന നിലയിലെക്കു കൊണ്ട് വരാനുള്ള, ശ്രമങ്ങള്‍ കുലസ്ത്രീകളുടെ നിലവാരത്തിലേക്കും ചിലപ്പോള്‍ കേവലം അബലയായ വെറും സ്ത്രീ കഥാപാത്രങ്ങളുടെ താഴ്ചയിലേക്കും ഒക്കെ ചാഞ്ചാടിക്കളിക്കുന്നുണ്ട്. വായനക്കാര്‍ക്ക് പാഞ്ചാലിയോട് സഹതാപം തോന്നിത്തുടങ്ങുന്ന അതേ നേരത്ത് തന്നെ അവളോടു പുച്ഛം തോന്നുന്ന അവസ്ഥ ഉണ്ടാകുകയും അത് വീണ്ടും മാറി ഇഷ്ടം ജനിപ്പിക്കുകയും പൊടുന്നനെ അത് ഹാസ്യമായി മാറുകയും ചെയ്യുന്ന ഒരു വായന ആണ് എഴുത്തുകാരി നല്‍കുന്നത്. ഒരു പക്ഷേ അതവരുടെ രചനയുടെ കൗശലം ആകാം അതോ പാളിച്ചയോ. ലെസ്ബിയന്‍ സ്നേഹത്തിന് വളരെ പ്രാധാന്യം നല്‍കുന്ന ഒരു കാഴ്ചപ്പാട് പാഞ്ചാലിയിലും ശിഖണ്ടിയിലും പടര്‍ന്ന് കിടക്കുന്നതു കാണാന്‍ കഴിയുന്നുണ്ട് . സ്ത്രീക്ക് മാത്രമേ സ്ത്രീയെ അറിയാനും സന്തോഷിപ്പിക്കാനും കഴിയുകയുള്ളൂ എന്നൊരു കാഴ്ചപ്പാടിലേക്ക് വായനക്കാരെ കൈപിടിച്ചു കൊണ്ട് പോകുന്ന അനുഭവമായി അത് തോന്നിപ്പിച്ചു . ഒറ്റവായനയ്ക്ക് ഉതകുന്ന ഒരു വലിയ നോവല്‍ എന്ന രീതിയില്‍ പാഞ്ചാലിയുടെ എഴുരാത്രികള്‍ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു . കൂടുതല്‍ മികച്ച രചനകള്‍ വരട്ടെ ഈ എഴുത്തുകാരിയില്‍ നിന്നും എന്ന ആശംസകളോടെ ബിജു ജി നാഥ്