Saturday, September 29, 2018

Unspoken............................. Lamiya Anjum


Unspoken (Poems)
Lamiya Anjum
Lipi Publications
Price : 10 AED

“amongst these awful domains
where dawn and dusk become the eye of oceanic entities,
we review into sailors
striving to sail across the oceanic entity
in the canoe built my amity,
with a single weapon of strength
and bravery attained from knowledge
also, the confidence evoked by a sage”
(the ordinary by Lamiya Anjum)



കവിതകള്‍ക്ക് മാധുര്യമുണ്ടാകുന്നത് അത് മനസ്സിന് ആനന്ദമുണ്ടാക്കുമ്പോഴാണ്‌. കുയിലുകള്‍ കൂകുമ്പോള്‍ മാത്രമേ കൂവലിന്റെ സംഗീതസാന്ദ്രത നമുക്ക് അനുഭവപ്പെടുന്നുള്ളൂ എന്നതുപോലൊരു രസതന്ത്രമാണത്. അതെ കവിതയില്‍ സാന്ദ്രമായ ഒരു അനുഭൂതി ലഭിക്കുന്ന അവസ്ഥ നല്‍കുവാന്‍ പലപ്പോഴും കവികള്‍ക്ക് സാധിക്കാതെ പോകുന്നു. പ്രണയവും രതിയും രാഷ്ട്രീയവും അല്ലാതെ ഒരു ഭൂമി അവര്‍ക്ക് ലഭിക്കുന്നതേയില്ല കവനത്തിനു വേണ്ടി. ഇവിടെ ലിംഗഭേദമില്ലാതെ ഈ ഒരു കവന കല പരിശീലിച്ചു വരുമ്പോഴാണ് അറിയാതെയെങ്കിലും നാം കുട്ടികളിലേക്ക് തിരിയുന്നത്. അവര്‍ക്കെന്താണ്‌ പറയാന്‍ ഉള്ളതെന്നു നോക്കുന്നത്. ഭാഗ്യവശാല്‍ അതോ അഭിമാനത്തോടെയോ അത്തരം കുഞ്ഞു ചിന്തകളെ നാം പങ്കു വച്ച് സന്തോഷം പങ്കിടാറുമുണ്ട്. ഈ ഭാഗ്യങ്ങള്‍ തുലോം കുറവാണ് . കാരണം കുട്ടികളെ എഴുതാനോ വായിക്കാനോ പഠിപ്പിക്കുന്ന , നിര്‍ബന്ധിക്കുന്ന ഒരു രക്ഷകര്‍  സമൂഹമോ അധ്യാപക സമൂഹമോ നമുക്കിടയില്‍ വലുതായിട്ടില്ല എന്നതാണ് ഇതിനു കാരണമായി പറയാന്‍ ഉള്ളത്. പഠിക്കാന്‍ ഉള്ള സമയത്ത് പാഠപുസ്തകങ്ങള്‍ പഠിക്കുക പരമാവധി മാര്‍ക്ക് വാങ്ങുക നല്ലൊരു ജോലി സമ്പാദിക്കുക. കുടുംബവും ഒന്നിച്ചു സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുക. ഇതാണ് കുട്ടികള്‍ക്ക് കിട്ടുന്ന ഭൂരിപക്ഷം ഉപദേശവും. ഇതിനാല്‍ത്തന്നെ അവരില്‍ വായന എന്നത് ഒരു അധിക ജോലിയും അനാവശ്യ കാര്യവും ആയി മാറുന്നു. ഈ ചിന്തകള്‍ക്ക് ഒരു കുട്ടി തന്റെ ഭാഷ്യം ചമയ്ക്കുമ്പോള്‍  അവള്‍ ഇങ്ങനെ ചിന്തിക്കാന്‍ ലോകത്തോട്‌ പറയുന്നതില്‍ എന്താണ് അത്ഭുതം? “We want to live our lives and not our lives lived for us.” ഇവിടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് നടക്കുന്നത് . സ്വത്വ ബോധത്തില്‍ ഉറഞ്ഞു നിന്നുകൊണ്ടുള്ള തിരിച്ചറിവാണ്. സന്ദേശമാണ്. ഇങ്ങനെ ചിന്തിക്കാന്‍ കുട്ടികള്‍ക്കെങ്ങനെ കഴിയുന്നു എന്ന് ചോദിച്ചാല്‍ അതിലേക്ക് അവരെ നയിക്കുന്ന തലങ്ങള്‍ അവരല്ലാതെ ആര്‍ക്കാണ് പറയാന്‍ കഴിയുക എന്നതാകും ഉത്തരം. കഴിയുന്നില്ല ഒരു കുട്ടിക്ക് ചിന്തിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് . പ്രായോഗിക തലത്തില്‍ ലിംഗഭേദം പറയാന്‍ പാടില്ല എന്നാണെങ്കിലും പലപ്പോഴും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പക്വതപ്രകടിപ്പിക്കുകയും ഉള്‍ക്കാഴ്ചയോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യാറുണ്ട്.  സ്ത്രീയുടെ പ്രത്യേകിച്ച് അമ്മയുടെ മനസ്സിനെയും പ്രവര്‍ത്തിയും മഹത്വത്തെയും അടയാളപ്പെടുത്താന്‍ അതിനാല്‍ തന്നെ കവി ഇങ്ങനെ പറയുമ്പോള്‍ “only a mother can treasure the ecstasy of endowing existence to a child” അതില്‍ അതിശയോക്തി തോന്നുകയുമില്ല. കാല്‍പനികതയില്‍ നിന്നും മാറി നടക്കുന്ന ഈ കൊച്ചു കവയത്രിയുടെ ചിന്തകള്‍ പലപ്പോഴും ഒരു സൂഫിയുടെ തലത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു ചിന്ത വരും വായനയില്‍. ജീവിതത്തിന്റെ പല തലങ്ങളെയും മള്‍ട്ടി ഡയമന്‍ഷനില്‍ കാണാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് കവിതകള്‍ പങ്കു വയ്ക്കുന്ന വായനാനുഭവം എന്ന് പറയണം. ഒരുപാടു  ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതിന് മറ്റൊരു വശം കൂടിയുണ്ട്. ഒരു കുട്ടിയുടെ ചിന്തയില്‍ നിന്നുകൊണ്ട് ആകുമ്പോള്‍ അത് മുതിര്‍ന്നവര്‍ കേള്‍ക്കുക അസാധ്യമാകും എന്നറിയാം . “I am a wild teen it burns inside” എന്ന് കവിതയിലൂടെ അതിനാല്‍ തന്നെ കവി സധൈര്യം പറയുകയാണ്‌. എന്നെ നിങ്ങള്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യാം പക്ഷെ പറയാതിരിക്കാന്‍ എനിക്കാവുകയില്ല. അതൊരു നവ സമൂഹ സൃഷ്ടിക്കു അനിവാര്യമാണ് എന്നതിനാല്‍ തന്നെ.
മുതിര്‍ന്നവര്‍ക്ക് നേരെ തൊടുക്കുന്ന ഓരോ ചോദ്യങ്ങളും നാളെ തങ്ങള്‍ക്കു കൂടി ബാധകമാണ് എന്ന തിരിച്ചറിവുള്ളത് കൊണ്ടാണ്  . “we all said we couldn’t wait to grow up   what were we thinking” എന്ന് കവി എഴുതുന്നത്. ഇവിടെ ലോകം നിറയെ സ്നേഹം ആണ് . നമുക്ക് വേണ്ടതും സ്നേഹവും സന്തോഷവും മഴവില്ലും കിളികൂജനവും പൂക്കളുമാണ് . കവിതകളില്‍ നിറയുന്ന പ്രകൃതിയും മഴയും പച്ചപ്പിന്റെ സംഗീതവും അതിനാല്‍ തന്നെ വായനക്കാര്‍ക്ക് തൊട്ടറിയാതെ കടന്നു പോകാന്‍ കഴിയില്ല. “Birds were always the symbol of love” എന്നൊരു കാഴ്ചപ്പാട് പുതിയതാണെന്നൊരു വാദം ഇല്ല. പക്ഷെ അത് കുഞ്ഞു ചുണ്ടുകള്‍ പറയുമ്പോള്‍ അതില്‍ ചില നേരുകള്‍ ഉണ്ട്. സ്വാതന്ത്ര്യത്തോടെ പറക്കാന്‍, ഇഷ്ടമുള്ള ചില്ലയില്‍ കൂടൊരുക്കാന്‍ , അധ്വാനിക്കുകയും ധാന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യാന്‍ ഉള്ള ഉത്കടമായ അഭിവാഞ്ജ ആ പക്ഷിയുടെ ചിന്തയില്‍ ഉണ്ട്. ഇന്നിന്റെ സ്വരം ആണത് . മനുഷ്യരില്‍ വളര്‍ന്നു വരുന്ന കാലുഷ്യവും മാത്സര്യവും വിദ്വേഷങ്ങളും നോക്കിക്കാണുമ്പോള്‍ കുഞ്ഞു മനസ്സ് പറയുന്നൊരു വലിയ കാര്യമുണ്ട്. “Ignorance is the key factor for all contentious”. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം നല്‍കുന്ന സൂചകവാക്യങ്ങളില്‍ കൂടി കവിതയുടെ കൈ പിടിച്ചു നടത്താന്‍ വല്ലാത്തൊരു കഴിവ് തന്നെ ഈ കൊച്ചു കവി കാണിക്കുന്നുണ്ട്. അവളുടെ ചിന്തകളില്‍ നിന്നും കാലത്തിന്റെ പാലത്തിലേക്ക് കടക്കുന്ന സമയത്തിനു ആഹ്ലാദം മാത്രമേ പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ,.
ജീവിതത്തില്‍ എന്തെങ്കിലും വളരെ ലളിതമായി ആയാസമായി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ ജീവിതം അറിഞ്ഞിട്ടില്ല എന്ന് കവി കരുതുന്നു . അതല്ല അതൊരു ശരിയാണ് എന്ന് കവി സമര്‍ത്ഥിക്കുന്നു. “gain without pain is like a body without soul”. ചുറ്റിനും എത്രപേരുണ്ടാകും ഈ വേദന അനുഭവിക്കാതെ നേടിയിട്ടുള്ളവര്‍ എന്നൊരു കണക്കെടുക്കുമ്പോള്‍ ആണ് ദാരിദ്ര്യത്തിന്റെ  നേര്‍ക്ക് നമ്മുടെ കണ്ണുകള്‍ ഇനിയും ചെന്നെത്തിയിട്ടില്ലാത്ത വേദന അനുഭവിക്കുക. അധ്വാനത്തിന്റെ മഹത്വം എന്തെന്ന് പഠിക്കാന്‍ തോന്നുകയെങ്കിലും ചെയ്യുക . ഇനിയുമെത്രകാലം നാമിങ്ങനെ പരാദങ്ങളെ പോലെ ജീവിക്കും എന്നൊരു ചിന്ത ഉയരുക. തളര്‍ന്നു വീഴുന്നവന്‍ തളര്‍ച്ചയെ വളമാക്കി അന്നം നേടുമ്പോള്‍ “But the phoenix in him was awakened by the books scattered in the heave”എന്ന്  പറയാന്‍ കഴിയുന്നത് ഒരു നല്ല കാഴ്ചയാണ്. അതേ അറിവിന്റെ വെളിച്ചം ഉള്ളവന്‍ മാത്രമേ വീഴ്ചകളില്‍ നിന്നും ഉയിര്‍ക്കുന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആണ് . വായനയുടെ പ്രാധാന്യം തുടക്കത്തില്‍ പറഞ്ഞത് ഇവിടെ വീണ്ടും ഓര്‍ത്തുപോവുകയാണ്‌ . അതെ, വായനയുടെ ബലവും ഗുണവും കുട്ടികളില്‍ മനസ്സിലാക്കിക്കൊടുക്കുവാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിയട്ടെ എന്നൊരു സൂചന പല വരികള്‍ക്കും കാണാന്‍ കഴിയുന്നുണ്ട് . വായനയുടെയും സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയും നല്‍കുന്ന ഒരു അനുഭവം ആകണം കവിയെ അങ്ങനെ ഒരു സന്ദേശം കവിതകളില്‍ പതിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അത് സമൂഹത്തോടുള്ള ഒരു ആഹ്വാനം കൂടെയാണ്.
മനുഷ്യനും പ്രകൃതിയും ഒന്നെന്നു കരുതുന്ന ഒരു പുതിയ തലമുറയുടെ വക്താവായി ഈ കവിതയുടെ നിര്‍മ്മിതികളിലൂടെ ഈ കൊച്ചു കവി നിലനില്‍ക്കുമ്പോള്‍ ഭാഷയുടെ പ്രയോഗ ശൈലിയും , കവിതയുടെ നിലപാടുകളും, അവ നല്‍കുന്ന ശുഭ സൂചനകളും മുന്നറിയിപ്പുകളും നാളെയുടെ സാഹിത്യ ലോകത്തിനു ഒരു ദാര്‍ശനികകാഴ്ചപ്പാടിന്റെ പുതിയ മുഖം സംഭാവന ചെയ്യും എന്ന ചിന്ത ഉണര്‍ത്തുന്ന  ഇരുപത്തിയേഴു കവിതകളാണ് ലാമിയ അഞ്ജും എന്ന കൊച്ചു കവി തന്റെ Unspoken എന്ന ആംഗലേയ കവിതാസമാഹാരത്തിലൂടെ പങ്കു വയ്ക്കുന്നത്. . ഈ കവിയെ കൈ പിടിച്ചു കൂടെ നടത്തി പ്രോത്സാഹിപ്പിക്കുവാന്‍ കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട് കാരണം വംശനാശം വരുന്ന കവിതയിലെ പുതിയ വെളിച്ചമാകുകയാണ് ഈ കുഞ്ഞുവിളക്ക്. അവളുടെ വാക്കുകള്‍ “my thoughts were my murderers” അവളുടെ ആശങ്കകള്‍ ആണ് . ഇന്നത്തെ കാലത്തില്‍ അത് അറംപറ്റലുകള്‍ ആകാതിരിക്കുവാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
ആശംസകളോടെ ബി.ജി എന്‍ വര്‍ക്കല


Thursday, September 27, 2018

നാടൻ പ്രേമം ......... എസ്.കെ.പൊറ്റക്കാട്

നാടന്‍ പ്രേമം (നോവല്‍)
എസ് കെ പൊറ്റക്കാട്
മാതൃഭൂമി ബുക്സ്

പഴയകാല രചനകളെ വായിക്കുന്നതിലെ സുഖം കവിത വായിക്കുന്നത് പോലെ ഒഴുക്കോടെ രസാവഹമായി ജീവിതത്തെ പറഞ്ഞു പോകുന്നു എന്നതാണ്. സംഭാഷണങ്ങള്‍,സംഭവങ്ങള്‍,പ്രകൃതി,  സംസ്കാരം എന്നിവയൊക്കെ വളരെ ഒഴുക്കോടെ വായിച്ചറിയുവാനും അനുഭവിക്കാനും കഴിയും. എത്ര തന്നെ കണ്ടും കേട്ടും മറന്നതാണെങ്കിലും അവയ്ക്കൊക്കെയും ഒരു സുഗന്ധവും സുഖാനുഭൂതിയും നല്‍കാന്‍ കഴിയും. പഴയകാല സിനിമകളും നോവലുകളും ഒരേ ശൈലിയില്‍ ഒരേ വിഷയം തന്നെ കൈകാര്യം ചെയ്യുമ്പോഴും അവയിലൊക്കെയും നവ്യമായ ഒരു അനുഭൂതി ദര്‍ശിക്കുന്നത് ഭാഷയെ കൈകാര്യം ചെയ്യുന്ന വ്യത്യസ്തതകള്‍ കൊണ്ട് മാത്രമാണ്. ആധുനിക നോവല്‍ സാഹിത്യത്തില്‍ പക്ഷെ ഈ ഒഴുക്ക് അനുഭവിക്കാന്‍ കഴിയുകയില്ല. പറയാനുള്ളത് അതുപോലെ തുറന്നു പറയുക എന്നതിനപ്പുറം കാവ്യനീതി എന്നൊന്ന് അതില്‍ ഉണ്ടാകണമെന്നില്ല. പ്രണയമായാലും ജീവിതമായാലും അതിനു ഒരു പരുക്കന്‍ പ്രതലമാണ് ഉണ്ടാവുക. സാഹിത്യത്തിലെ രണ്ടു തലമുറയെ ഇതിലൂടെ വായനക്കാര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നു. പഴയ ശൈലിയെ സ്നേഹിക്കുന്നവര്‍ക്ക് പുതിയ രീതിയും പുതിയ രീതിയെ സ്നേഹിക്കുന്നവര്‍ക്ക് പഴയ രീതിയും അനുഭവിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത് അതിനാലാണ്.

‘എസ്.കെ.പൊറ്റക്കാടി’ന്റെ യാത്രാവിവരണങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഭാഷയിലെ പ്രയോഗങ്ങളെ വളരെ സന്തോഷത്തോടെ കാണാന്‍ കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു തുള്ളി വീഴുന്ന അനുഭവം ആണ് ലഭിക്കുന്നത്. ‘നാടന്‍ പ്രേമം’ എന്ന നോവല്‍ നാം കണ്ടു മറന്ന സാദാപ്രണയ കഥകള്‍ പോലെ ഒന്ന് അത്രയേ ഉള്ളൂ . അതിനപ്പുറം കാലികമായ ഒന്നും തന്നെ അവകാശപ്പെടാന്‍ ഉണ്ടാകുകയുമില്ലതില്‍. വായന തുടങ്ങുമ്പോള്‍ തൊട്ടു അത് അവസാനിക്കുമ്പോള്‍ വരെ അതില്‍ നസീര്‍ , ശാരദ , ജയഭാരതി , ജയന്‍ , ഉമ്മര്‍ തുടങ്ങി കുറെ മുഖങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും . കാരണം ആ കാലഘട്ടവും കഥകളും പരസ്പരം ഇങ്ങനെ ഒരു കൊടുക്കല്‍ വാങ്ങല്‍  ബന്ധം ഉള്ളതുകൊണ്ട് തന്നെ. നായകന്‍ പട്ടണക്കാരന്‍. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട് . സുന്ദരന്‍, ലക്ഷപ്രഭു. ജീവിതത്തെ വളരെ തമാശയോടെ സമീപിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന യൗവ്വനകാലം . പട്ടണജീവിതത്തിന്റെ വിരസത അകറ്റാന്‍ നാട്ടിന്‍ പുറത്തേക്ക് വരുന്നു. അവിടെ തനി നാടന്‍ ശീലുകള്‍ ചേര്‍ത്ത് വിളക്കിയ ഒരു നായിക. അവള്‍ പൊതുവേ നിഷ്കളങ്കയും പെട്ടെന്ന് പ്രണയത്തില്‍ വീഴുന്നവളും ഒക്കെയാകും . നായകന്‍ തന്റെ അവധിക്കാലം നായികയുടെ നിഷ്കളങ്കത മുതലെടുത്ത്‌ നന്നായി ആസ്വദിച്ചു അവളെ ഗര്‍ഭിണിയാക്കി തിരിച്ചു പോകുന്നു. അടയാളമായി മോതിരമോ മറ്റെന്തെങ്കിലുമോ നല്‍കുന്നു. നായിക ഗര്‍ഭം തിരിച്ചറിയുന്നതോടെ ഇനി മരണം എന്ന് കരുതുന്നു. ആത്മഹത്യയില്‍ നിന്നും നാട്ടിലെ നിഷ്കളങ്കനും സാധുവും പരോപകാരിയുമായ ഒരു യുവാവ് രക്ഷപ്പെടുത്തുന്നു . ഗര്‍ഭവും നായികയും അയാള്‍ ഏറ്റെടുക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നു നായകന്‍ തന്റെ അടിച്ചുപൊളി ജീവിതം അവസാനിപ്പിച്ചു കഷണ്ടി കയറി മധ്യവയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ പുത്രദുഃഖം കലശലാകുന്നു. ഭാര്യമാരെ രണ്ടു പേരെ മാറി മാറി കെട്ടിയെങ്കിലും കുട്ടികള്‍ മാത്രം ഇല്ല. അതോടെ ഒരു ദിവസം പഴയ ഗ്രാമത്തിലേക്ക് ഭാര്യയുമായി എന്തെങ്കിലും ഒരാവശ്യത്തിന് എത്തുന്നു . വഴിയിലൊരു കൊച്ചിനെ കാണുന്നു അവനെ ഓമനിക്കുന്നു ഇഷ്ടം തോന്നുന്നു . എന്തോ മുജ്ജന്മ ബന്ധം തോന്നുന്നു. നായിക കൊച്ചിനെ വിളിച്ചുകൊണ്ടുപോകുന്നു . നായകന്‍ രോഗ ശയ്യയില്‍ ആകുന്നു . കൊച്ചിനെ നായികയും ഭര്‍ത്താവും കൂടെ കൊണ്ടുവന്നു തിരികെ കൊടുക്കുന്നു . തിരികെ പോയ നായികയും ഭര്‍ത്താവും ആത്മഹത്യ ചെയ്യുന്നു . കുട്ടിയും നായകനും സസുഖം വാഴുന്നു . ഭാവിയില്‍ അവര്‍ ഗ്രാമത്തില്‍ വരുമ്പോള്‍ ഓര്‍മ്മകള്‍ രണ്ടുപേരിലും വരുന്നു .

നാഗരികതയുടെ മുന്നില്‍ ഗ്രാമീണതയുടെ വിശുദ്ധി എങ്ങനെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത് ഒരു കാലത്തെ ജീവിതത്തിന്റെ പ്രധാനമായ ഒരു ഭാഗമായിരുന്നു. നഗരം പണം കൊണ്ട് വിലയ്ക്ക് വാങ്ങിയ ഗ്രാമീണ ശാലീനതകള്‍ അതിന്റെ വിവിധ ഭാവങ്ങള്‍ രസതന്ത്രങ്ങള്‍ ഇവയൊക്കെ ഈ നോവലില്‍ നന്നായി വായിച്ചെടുക്കാന്‍ കഴിയും.

തോപ്പില്‍ ഭാസി ഇത് സിനിമയാക്കിയപ്പോള്‍ മധു ഉമ്മര്‍ ഷീല തുടങ്ങിയവര്‍  അതില്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നായി അവതരിപ്പിക്കുകയും ഉണ്ടായി.

ഇത്രയൊക്കെ മതി ഒരു തട്ടുപൊളിപ്പന്‍ നോവല്‍ ഉണ്ടാകാന്‍ ഒരു കാലത്ത്. സിനിമയും അതെ.. ഇത്രയൊക്കെയേ പൊറ്റക്കാടും എഴുതിയിട്ടുള്ളൂ. എങ്കിലും ഗ്രാമീണതയുടെ ഇന്ന് കാണാന്‍ കഴിയാത്ത സൗന്ദര്യവും സന്തോഷവും പച്ചപ്പും വായനയില്‍ നല്‍കുന്നൊരു സുഖമുണ്ട്. അതിനു കൃത്രിമമായ ഒരു ഗന്ധം നല്‍കാന്‍ കഴിയില്ല. പറഞ്ഞു പോകലല്ല അത്, അനുഭവിക്കലാണ്. അതൊക്കെക്കൊണ്ട് ആകണം ഒരു കാലത്തെ നോവലുകളും നോവലിസ്റ്റുകളും മലയാളി ഇന്നും അഭിമാനവും സന്തോഷവും ഒക്കെയായി ചുമലേറ്റി ആരാധിക്കുന്നത്. ഇന്നത്തെ നോവലിസ്റ്റുകളില്‍ അവര്‍ തേടുന്നതും അതൊക്കെയാണ്‌ . ഒരു പക്ഷെ നാളത്തെ കാലം ഇവരെയാകാം ആരാധിക്കുക . അവരുടെ വായനയില്‍ പഴമയുടെ ഗന്ധം പഠനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വഴിപാട് മാത്രമാകാം. എങ്കിലും വായിക്കുമ്പോള്‍ സുഖമുണ്ടാകുന്ന അനുഭവങ്ങള്‍ക്ക് ഇത്തരം ചെറു നോവലുകള്‍ തങ്ങളുടേതായ പ്രത്യേകകഴിവും സന്തോഷവും നല്‍കുന്നുണ്ട്.

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, September 24, 2018

കാത്തിരിപ്പിന്റെ രാഷ്ട്രീയം

കാത്തിരിപ്പിന്റെ രാഷ്ട്രീയം
..........................................
കാത്തിരിപ്പിനൊരു  ഭ്രമണപഥമുണ്ട്.
ജീവനുള്ളതും ഇല്ലാത്തതുമായ
ചിന്തകളുടെ സൗരയൂഥത്തിലാണത്.
പ്രതീക്ഷകളുടെ ജീവസ്സുറ്റതും
ഹരിതവർണ്ണാഭവുമായ ഭൂമിയും,
അശുഭ ചിന്തകളുടെ ചൊവ്വയും,
കഷ്ടതയുടെ ശനിയും,
ഇനിയും നഷ്ടമാകാത്ത സ്വപ്നങ്ങളുടെ
വ്യാഴ മണ്ഡലവും ,
പിടികിട്ടാനിടയില്ലാത്ത പ്ലൂട്ടോയും,
ഊതിപ്പെരുപ്പിച്ച ബുധനും,
പ്രണയിനിയുടെ ചാന്ദ്രമുഖവും,
ശത്രുതകളുടെ ധൂമകേതുക്കളും
നിറഞ്ഞ സൗര മണ്ഡലം!
കാത്തിരിപ്പ് ഒരു വിസ്മയമാണ്.
അവസാനമെന്തെന്നറിയാൻ
അവസാനംവരേക്കുമറിയാത്ത
അത്ഭുതമാണ് കാത്തിരിപ്പ്.
അതിനാലാകണം ഞാനിന്നും,
ഭ്രമണപഥം നഷ്ടമായിട്ടും ഇവിടെ
സഞ്ചാരപാത തേടി അലയുന്നത്.
...... ബിജു.ജി.നാഥ് വർക്കല

Saturday, September 22, 2018

നേർച്ച............................. പി ജി ജോണ്‍സണ്‍


നേർച്ച
പി ജി ജോണ്‍സണ്‍
റീഡേഴ്സ്  ബുക്ക് ക്ലബ്


            എഴുത്തിലെ പ്രത്യേകതകള്‍ വായനക്കാര്‍ അടയാളപ്പെടുത്തുന്നത് അത് കൈവയ്ക്കുന്ന തലങ്ങള്‍ നോക്കിയാണ് . അത്തരത്തില്‍ പലപ്പോഴും വായനകള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചേരി തിരിഞ്ഞു യുദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ജീവനുകള്‍ നഷ്ട്മാകുകയോ അംഗഭംഗം വന്ന മനുഷ്യര്‍ ചരിത്രത്തിലേക്ക് നടക്കുകയോ ചെയ്യാറുണ്ട്. അടുത്തകാലത്തായി വിവാദമായ മീശ നോവലിന്റെയും ബിരിയാണിയുടെയും ഒക്കെ പിന്നിലെ ഇത്തരം ആശയങ്ങളോ അവര്‍ പറയാന്‍ ശ്രമിച്ച വിഷയമോ വളരെ ബോധപൂര്‍വ്വം ഒരു സമൂഹ നിര്‍മ്മിതിയുടെ ചലനങ്ങളെ  സ്പര്‍ശിക്കുന്നത് കാണാന്‍ കഴിയും. പിറകോട്ട് നടന്നാല്‍ പെരുമാള്‍ മുരുകനും അതിനു പിറകില്‍ സല്‍മാന്‍ റുഷ്ദി , തല്സീമ നസ്റീന്‍ തുടങ്ങിയ പല പേരുകളും വായിക്കാന്‍ കഴിയുക സ്വാഭാവികമാണ് . ഇവയില്‍ എങ്ങും പെടാതെ സോഷ്യല്‍ മീഡിയ പേരും പെരുമയും നേടും മുന്നേ മലയാളി വായനക്കാരെ ചര്‍ച്ചകളും ഉപചര്‍ച്ചകളും ചേരിതിരിയലുമായി ബുദ്ധിമുട്ടിച്ച ഒരു എഴുത്തുകാരനും അയാളുടെ കൃതിയും ഉണ്ടായിരുന്നു . സുകുമാര്‍ അഴീക്കോട് എഴുത്തുകാരന്റെ ആശയ ആവിഷ്കാരത്തെ നിഷ്കരുണം വകവരുത്താനും  വിമര്‍ശിക്കാനും മുതിര്‍ന്ന ഒരു എഴുത്തുകാരനും അയാളുടെ നോവലെറ്റും. വൈക്കം മുഹമ്മദ്‌ ബഷീര്‍ ആശീര്‍വദിച്ചു എഴുതിയ ആ പുസ്തകമാണ് ഇന്ന് വായനയില്‍ തടഞ്ഞത്.
            'പി ജി ജോണ്‍സൺ' എഴുതിയ "നേര്‍ച്ച" എന്ന നോവല്‍ ഇന്നത്തെക്കാലത്ത് ഒരു വിഷയമേയല്ലാത്ത ഒന്നാണെങ്കിലും അതെഴുതിയ കാലഘട്ടത്തിനു വളരെ ഒച്ചപ്പാട് ഉണ്ടാക്കിയ പ്രമേയം ആയിരുന്നു . ഇഷ്ടപ്രകാരം അല്ലാതെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കര്‍ത്താവിന്റെ മണവാട്ടിയാക്കാന്‍ തള്ളിവിട്ട ലീന എന്ന മെറ്റില്‍ഡ സിസ്റ്ററിന്റെ കഥയാണ് നേർച്ച. അവളുടെ രാവുകള്‍ എന്നും  നെറ്റിയില്‍ കറുത്തപാടുള്ള അവളുടെ അച്ഛന്റെയും അനുയായികളുടെയും ക്രൂര മുഖങ്ങള്‍ അവളെ ഏകാന്തമായ കുന്നിന്‍ മുകളിലെ കുരിശിന്‍ചുവട്ടിൽ ഉപേക്ഷിക്കുന്ന ക്രൂരതയുടെ സ്വപ്‌നങ്ങള്‍ ആയിരുന്നു. അവിടെ അവളെ ആശ്വസിപ്പിക്കാന്‍ അവളുടെ മണവാളന്‍ വന്നിരുന്നു . പക്ഷെ ഓരോ തവണയും അയാള്‍ പ്രണയലീലകളുടെ മധ്യത്തില്‍ കഴിവില്ലാതെ തളര്‍ന്നു ഭയന്ന് അവളെ തിരികെ ആ ഏകാന്തതയിലേക്ക് തള്ളിയിട്ടിരുന്നു. അങ്ങനെയുള്ള അവളുടെ ഏകാന്തതയിലേക്കും സ്വപ്നങ്ങളിലേക്കും ആണ് ടെസ്സി എന്ന പെണ്‍കുട്ടി പഠനത്തിനു വന്നു ചേര്‍ന്നത്. അവര്‍ക്കിടയിലേക്ക് പ്രണയവും  രതിയും കടന്നു വന്നത് വളരെ പെട്ടെന്നായിരുന്നു. ടെസ്സിയില്‍ മെറ്റില്‍ഡ മണവാളന്റെ രൂപം കണ്ടെത്തുന്നു.  എന്നാല്‍ അധികം വൈകാതെ ടെസ്സി വിവാഹിതയായി പോകുവാന്‍ പോകുന്നു എന്നറിയുമ്പോള്‍ സിസ്റ്റര്‍ മാനസികമായി തകരുന്നു . തുടര്‍ന്ന് അവളുടെ സ്വപ്നങ്ങളിലേക്ക് കടന്നു വരുന്നത് ലൂസിഫര്‍ ആണ് . കര്‍ത്താവിനു നല്‍കാന്‍ കഴിയാതെ പോയ സ്വപ്ന സാക്ഷാത്കാരം ലൂസിഫറില്‍ നിന്നവള്‍ക്ക് ലഭിക്കുന്നു . ദാരുണമായ ഒരു അന്ത്യത്തിലേക്ക് നോവല്‍ ചെന്ന് നില്‍ക്കുമ്പോള്‍ വായനക്കാരിലേക്ക് തീര്‍ച്ചയായും മെറ്റില്‍ഡയുടെ വേദന പടരുകതന്നെ ചെയ്യും.
            രതിയും പ്രണയവും മതവും തമ്മിലുള്ള വടം വലിയില്‍ ആര് ജയിക്കും ആര് തോല്ക്കും എന്നൊരു ചോദ്യം ഈ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്‌. പ്രണയവും രതിയും മതവും സമൂഹത്തില്‍ ആഴ്ന്നു കിടക്കുന്ന സദാചാരത്തിന്റെ മൂലക്കല്ലുകള്‍ ആണ്. മനുഷ്യന്റെ വികാരവിചാരങ്ങളെ ചാട്ടുളി വീശി നിയന്ത്രിക്കുന്ന മതം എന്നും മനുഷ്യകുലത്തില്‍ നോവുകളും പാടുകളും മാത്രമാണ് വീഴ്ത്തിയിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരൊക്കെ എന്നും ചരിത്രത്തിന്റെ അറിയപ്പെടാത്ത ഇടനാഴികളില്‍ എവിടെയോ ഒക്കെ അമര്‍ന്നു പോയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ട മാനുഷിക വികാരങ്ങളെ മതം തന്റെ കുടില മനസ്സുകൊണ്ട് പൊതിഞ്ഞു പിടിക്കുന്നതുകൊണ്ടാണ് അഭയമാര്‍ക്ക് മരണക്കിണറുകള്‍ സമ്മാനിക്കാന്‍ കഴിയുന്നതും ബിഷപ്പുമാര്‍ നെഞ്ചുവേദന അഭിനയിക്കേണ്ടി വരുന്നതും. സിസ്റ്റര്‍ ജസ്മിയും അന്നാ ചാണ്ടിയും ഒക്കെ തങ്ങളുടെ വേദനകള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതമാകുന്നത് ഇതേ അവസ്ഥയില്‍ തന്നെയാണ്. ഇവിടെ രതി എന്നതും മതവും തമ്മില്‍ ഉള്ള അവിശുദ്ധമായ  ഒരു കൂടിച്ചേരല്‍ വിശ്വാസികളില്‍ നല്‍കുന്ന ഭയമാണ് പൗരോഹിത്യത്തിനു വളമാകുന്നത് . നോവലിലെ മെറ്റില്‍ഡ പ്രതിനിധാനം ചെയ്യുന്ന കന്യാസ്ത്രീ സമൂഹവും ഇന്നത്തെ വർത്തമാനകാലത്ത് ഫ്രാങ്കോ പ്രതിനിധാനം ചെയ്യുന്ന പുരോഹിത വര്‍ഗ്ഗവും നമുക്കിടയില്‍ അന്നും ഇന്നും എന്നും ഉണ്ട്. എല്ലാവരും അവരെപ്പോലെ ആണ് എന്നല്ല. പക്ഷെ നിര്‍ബന്ധിതമായ മതവിശ്വാസ വേഷം കെട്ടിക്കലുകളും ലൗകിക ജീവിതത്തെ അകറ്റി നിര്‍ത്താനുള്ള കര്‍ശനമായ നിലപാടുകളും ആണ് സമൂഹത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
കൂടുതല്‍ തുറന്നെഴുത്തുകള്‍ ഇനിയും ഉണ്ടാകണം.  ഒരു പക്ഷെ ഇതൊരു നിരന്തര ചര്‍ച്ചയായും മാമൂലുകളുടെ പൊളിച്ചെഴുത്തുകള്‍ക്ക് കളമൊരുക്കലായും വര്‍ത്തിക്കാം എന്ന് കരുതുന്നു . അതുകൊണ്ട് തന്നെ നിശബ്ദതയിലേക്ക് കടന്നു പോയ പി ജി ജോണ്‍സനെ പോലുള്ള എഴുത്തുകാര്‍ ഇനിയും ഉണ്ടാകണം. ഭീക്ഷണിക്ക് മുന്നില്‍ തൂലിക മുനയോടിക്കുന്നവര്‍ സമൂഹത്തില്‍ ഒന്നും നല്‍കുന്നില്ല എന്ന തിരിച്ചറിവ് നവലോക എഴുത്തുകാര്‍ക്ക് ഉണ്ടാകാന്‍ ഇത്തരം വായനകള്‍ നല്ലതാകും എന്ന് കരുതുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.

Friday, September 21, 2018

ആർക്കുമല്ലാതെ ആരുമോർക്കാതെ

ആർക്കുമല്ലാതെ ആരുമോർക്കാതെ.
.................................................
ഏകാന്തയിലേക്ക് ചിലപ്പോഴൊക്കെ
അദൃശ്യമായ ചില വിരലുകൾ കടന്നുവരും.
മറവിയിലേക്ക് ഒളിച്ചു വച്ച
പലതും തൊട്ടുണർത്തും.
ചിലപ്പോൾ വേദനയാൽ...
മറ്റു ചിലപ്പോൾ നിരാശയാൽ.
അതല്ലേൽ ആഹ്ലാദത്താൽ
മനസ്സു പ്രതികരിക്കും.
എന്തിനെന്നറിയാതെ കരയുന്ന
കണ്ണുകൾ തുടച്ചു കൊണ്ട്
ചിരിയോടെ മനസ്സിൽ പറയും
ഒന്നുമില്ല ... ഒന്നുമില്ല.
പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളെ,
ഒട്ടൊരു ജാള്യത്തോടെ ചുറ്റും നോക്കി
ഒളിപ്പിക്കും
വട്ടെന്നു സ്വയം പറയും.
ഒന്നുകൂടി തിരിഞ്ഞു നടന്നാലോ
എന്ന മണ്ടൻ ചിന്തയുടെ തലയിൽ
കൊട്ടിക്കൊണ്ടു പിറുപിറുക്കും
പാടില്ല .... ഇനിയുമെന്തിനാ.?
എന്നാലും കണ്ണുകൾ പൂട്ടി
ഉറക്കത്തെ കാത്തു കിടക്കുമ്പോൾ
നെഞ്ചകം വല്ലാതെ തേങ്ങും.
തൊണ്ടയെരിയിച്ചു കൊണ്ടു
ഒരിറക്കു *മദ്യം കടന്നു പോയ്ക്കഴിയുമ്പോൾ
പിന്നൊരു ചിന്തയ്ക്കും ഇടമുണ്ടാകാറില്ല.
ഉറക്കം വന്നതു പോലുമറിയുക
പുലരിയിൽ മണിമുഴങ്ങുമ്പോഴാണ്.
ജീവിതത്തെ ഏകാന്തതയിൽ തളച്ചിടാൻ
എന്തൊക്കെ മാർഗ്ഗങ്ങളാണ്...!
....... ബി.ജി.എൻ വർക്കല
* നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Thursday, September 20, 2018

ചാണകം ചുമക്കുന്നവര്‍


 ചാണകം ചുമക്കുന്നവര്‍ 
-----------------------------------
നമ്മള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നു
ഭരണകൂടത്തിനോടുത്തരം കിട്ടാതെ.
നമ്മള്‍ നിരന്തരം വിരല്‍ ചൂണ്ടി നില്‍ക്കുന്നു
അധികാരവര്‍ഗ്ഗം ഭ്രാന്തെന്ന് നിനയ്ക്കുന്നു .
വരുന്നതുണ്ടെന്നു കരുതുന്നു നാമിപ്പോള്‍
കറുത്ത ദിനം നമ്മെയൊന്നാകെ മൂടുവാന്‍ .
ഭയന്ന് നാം ശബ്ദം അടക്കി നില്‍ക്കുന്നു
കരുതിനില്‍ക്കുന്നു സുരക്ഷിതരെന്ന് നാം .
നോക്കൂ , ചോദ്യങ്ങള്‍ ഒരിക്കലും തെറ്റല്ല
എന്തിനായി നിങ്ങള്‍ ഭയക്കുന്നു ചൊല്ലുക.
ബിരുദം എങ്ങെന്നു ചോദിച്ചാല്‍ ഉത്തരം
ഇരുണ്ട തടവിലായ് വയ്ക്കലെന്നല്ലല്ലോ.
എവിടെ വാഗ്ദാനപണമെന്നു ചോദിച്ചാല്‍
ബധിരനായി നില്‍പ്പതല്ലല്ലോ മറുപടി.
തരിക അമ്പത് ദിനമെന്നു ചൊല്ലി നീ
തിരികെ വന്നില്ല, തന്നില്ല മറുപടി പോലുമേ
പറഞ്ഞുകൊണ്ടേയിരിക്കുന്നു നീ എന്നും
വരും അമ്പതു വർഷം നമുക്കായി.
ഇനിയുമെന്തിനു നല്‍കണം വര്‍ഷങ്ങള്‍
ഇനിയെന്ത് ബാക്കി നിനക്ക് ചുട്ടെടുക്കുവാന്‍
ഇവിടെ മനുഷ്യര്‍ ജീവിച്ചു പോകട്ടെ
മനസ്സില്‍ ഭാരതമെന്ന പൂണൂല്‍ ധരിച്ചങ്ങ്.
അരുത് അരിയരുതീ മൊട്ടുകള്‍ ഒന്നുമേ
അവര്‍ വളരട്ടെ വിവേചനമില്ലാതെ.
അരുത്  കൊല്ലരുതീ മനുഷ്യരാരെയും
അവര്‍ കഴിക്കുന്ന ഭക്ഷണം നോക്കീട്ട്.
ഓര്‍ത്ത്‌ നോക്കുക ചരിത്രമറിയുമെങ്കില്‍
വരത്തരാണ് നിങ്ങള്‍ പൈതൃകം തേടുക.
ഇതെന്റെ മണ്ണാണ് ഞാനാണധികാരി
പകുത്തുവയ്ക്കുവാന്‍ വഴിതെളിച്ചീടല്ലേ.
വന്നു ചേര്‍ന്നവര്‍ വീട്ടുകാരാകുന്ന
പഴയ കാലം മറന്നു കളഞ്ഞേക്കുക.
ഇവിടെയുണ്ട് ചില വിവരദോഷികള്‍
ചുവന്ന കുറിയൊന്നു നെറ്റിയില്‍ തൊട്ടും
മഞ്ഞച്ചരടൊന്നു കൈകളില്‍ കെട്ടിയും
വടക്ക് നോക്കി വെള്ളമിറക്കുന്നവര്‍
അബദ്ധ പഞ്ചാംഗ മനുഷ്യരാണവര്‍.
ഒരിക്കലവരും, അല്ലല്ലിന്നുമേ കേള്‍ക്കുന്നു
ഇരുണ്ട തൊലിയുള്ള രാക്ഷസര്‍ എന്നെങ്കിലും
ഉടുത്ത മുണ്ടഴിച്ചു കുനിഞ്ഞു നില്‍പ്പവര്‍.
വെളുത്ത ഗോസായിതന്നമേധ്യം ചുമക്കുവാന്‍.
തിരിഞ്ഞു നോക്കുവാന്‍ കഴിയത്തോരത്രയും
ചുമക്കുന്നുണ്ട് ചാണകം തലയിലായി
ഉദിക്കതെന്നിനി അവരുടെ തലയിലായി
അറിവിന്‍ നിലാവെളിച്ചം അറിയില്ലഹോ!
-----------ബിജു.ജി നാഥ് വര്‍ക്കല 




Wednesday, September 19, 2018

മണൽക്കാട് താണ്ടുവോർ


മണൽക്കാട് താണ്ടുവോർ
--------------------------------
എന്നെ നീ സ്നേഹിച്ചിരുന്ന കാലത്തിലും,
നിന്നെ ഞാൻ മോഹിച്ചിരുന്ന കാലത്തിലും
നമ്മിലൂടൊഴുകിയകന്നിരുന്നെത്രയോ
പുഴകളാ കടലിന്റെ ആഴങ്ങൾ തേടി.

നമ്മൾ പകർന്നാടിയെത്രയോ വേഷങ്ങൾ,
നമ്മിലൂടെത്രയോ നിഴലുകൾ മരിച്ചതും
ഒന്നുമേ നമ്മളറിയുന്ന ഭാവമായ്
കണ്ടതില്ല തമ്മിൽ മിണ്ടിയുമില്ലല്ലോ.

എന്നു വരും നീയെന്നു ഞാൻ ചിന്തിച്ചും,
എന്നു ഞാൻ വരുമെന്നു നീ നോക്കിയും
രാവുകൾ പകലുകൾ പലതൂർന്നു പോയിട്ടും
നമ്മൾ ചരിക്കുന്നീ പ്രതീക്ഷതൻ യാനത്തിൽ .
 ----------ബി.ജി.എന്‍ വര്‍ക്കല 

Saturday, September 15, 2018

ഞാനിപ്പോഴും യാത്ര പോകാറുണ്ട്

ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
.........................................................
ഓർമ്മകളിലേക്ക്  തിരികെ നടക്കുന്ന പകലിൽ
ഒരു തീവണ്ടി സ്വരമുണ്ട്.
യാത്രയുടെ ആലസ്യമുണ്ട്.
കാത്തു നില്പിന്റെ ആകാംഷയും.
വിടർന്നു മലർന്ന കീഴ്ച്ചുണ്ടിൽ
അമർന്നുചുവന്ന ചിന്തകളുണ്ട്.
റബ്ബർ മരങ്ങൾ കൈ പിടിച്ചു നില്ക്കുന്ന
വിജന വഴിയോരങ്ങൾ ഉണ്ട്.
(സ്വപ്നങ്ങളിൽ റബ്ബർ മരങ്ങൾക്ക്
ഫർ മരങ്ങളോ
കാറ്റാടി മരങ്ങളോ ആകും ചേർച്ചയെങ്കിലും.)
നിന്റെ മുടിയെണ്ണ മണക്കുന്ന രക്ഷാകവചം ചൂടി
തണുത്ത ചെറിയ കൈപ്പത്തി തോളിലമരുന്ന
സുഖമറിഞ്ഞ യാത്രയുടെ ചൂടുണ്ട്.
ഓർക്കാപ്പുറത്ത് ബ്രേക്ക് നല്കി
നിന്റെ മാർച്ചൂടും മാർദ്ദവവും ഏറ്റുവാങ്ങും
കുസൃതികളുണ്ട്.
റിയർ മിററിൽ നിന്റെ ഭാവങ്ങളെ കണ്ടിരുന്നു കൊണ്ട്
യാത്രയുടെ സുഖമറിയുന്നുണ്ട്.
ഇടക്കെപ്പോഴൊ വയറിൽ ചുറ്റിപ്പിടിച്ചു
തോളിൽ മുഖമമർത്തുമ്പോൾ
തുടിച്ചുയരുന്ന വികാരമുണ്ട്.
യാത്രകൾക്ക് എന്നും നിന്റെ ഗന്ധമാണ്.
നീ പിറകിലുണ്ടെന്ന ഓർമ്മയാണ്
ഓരോ യാത്രയും.
മറന്നു പോയേക്കുമെന്നു തോന്നുമ്പോഴൊക്കെ
ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
സ്വപ്നമാണെന്നറിയുമ്പോഴും
ഒരിക്കലെങ്കിലും നീ കൂടെയുണ്ടാകുമെന്ന കരുതലിൽ
ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
ഒറ്റയ്ക്കാണെങ്കിലും
ഒറ്റയല്ലെന്നു തോന്നിപ്പിക്കാതിരിക്കാൻ
നിന്നെയും കൂട്ടിയുള്ള യാത്രകൾ.
...... ബി.ജി.എൻ വർക്കല

ഒരു ദേശസ്നേഹി ആകുന്നത്....


ഒരു രാജ്യസ്നേഹി ആകുക 
എന്നത് അത്ര എളുപ്പമായ കാര്യമല്ല !
ദേശത്തിന്റെ അഴകളവുകളില്‍ 
കണ്ണുകള്‍ ഉടക്കാതിരിക്കണം.
മലിനമാക്കപ്പെടാത്ത ജലധികള്‍ക്കും, 
നഗ്നമാക്കാത്ത ശൃംഗങ്ങള്‍ക്കും,
വലിച്ചുകീറപ്പെടാതെ പെണ്ണുടലുകള്‍ക്കും 
കാവലാളാകണം ജീവന്‍ നല്‍കിയും.
നാണയത്തുട്ടുകളുടെ വലിപ്പചെറുപ്പവും, 
വര്‍ണ്ണസങ്കരങ്ങളുടെ മഞ്ഞളിപ്പുമില്ലാത്ത 
മനസ്സുകള്‍ ഉണ്ടാകണം.
നാനാത്വത്തില്‍ ഏകത്വമെന്നത് 
പൂണൂല്‍ പോലെ മനസ്സിന് കുറുകെ ധരിക്കണം.
മതേതരത്വം എന്നാല്‍ 
പടിവാതിക്കല്‍ വച്ചു അകത്തു കയറേണ്ടതൊന്നല്ല.
കുഞ്ഞുടലുകളുടെ സ്നിഗ്ധത എപ്പോഴും  
മനസ്സില്‍ ചൂടേണ്ടതാണ്. 
മാംസളതയുടെ കൊഴുപ്പല്ല 
മനുഷ്യത്വത്തിന്റെ വലിപ്പമാണ് 
ദേശസ്നേഹിക്ക് വേണ്ടതെന്നറിയണം.
അതിരുകള്‍ക്കപ്പുറമിപ്പുറം നിന്ന് 
കല്ലുകള്‍ വാരിയെറിയുന്നതല്ല ദേശീയത.    
വിലപറഞ്ഞു തെരുവില്‍ വില്‍ക്കാനുള്ള 
മൂന്നുനിറങ്ങളുടെ കടലാസ് കഷണവുമല്ലത്.
ആകസ്മികതകളുടെ കണ്മുനയേറ്റ് 
അറ്റുപോകുന്ന കുടുക്കുകളാകരുത് ദേശീയത. 
അടുക്കളവാതിലില്‍, നായയെപ്പോലെ 
അകത്തെന്തുണ്ടാക്കി എന്ന് മണക്കുന്നതോ  
പ്രണയിക്കുന്ന മനുഷ്യരുടെ അടിവസ്ത്രം 
ഉരിഞ്ഞു നോക്കി വിലയിരുത്തലോ അല്ലത്. 
ദേശമുണ്ടെങ്കിലെ ഒരാള്‍ക്ക് 
ദേശസ്നേഹിയാകാന്‍ കഴിയൂ.
നമുക്കാദ്യം ഒരു ദേശം പണിയാം !
മതിലുകളില്ലാത്ത,
വേര്‍തിരിവുകളില്ലാത്ത 
പരസ്പരം സ്നേഹിക്കുന്ന മനുഷ്യര്‍ മാത്രമുള്ളൊരു ദേശം !
ഓര്‍ക്കുക
ഒരു ദേശസ്നേഹിയാകുക എന്നത് 
എളുപ്പമുള്ള കാര്യമല്ല.

               ബിജു.ജി.നാഥ് വര്‍ക്കല

(ഫേബിയന്‍ ബുക്സിന്റെ നൂറു കവികള്‍ ഇരുന്നൂറു കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിത )


Saturday, September 8, 2018

മരുപ്പച്ചകള്‍ എരിയുമ്പോള്‍.............. പ്രവീണ്‍ പാലക്കീല്‍


മരുപ്പച്ചകള്‍ എരിയുമ്പോള്‍ (നോവല്‍)
പ്രവീണ്‍ പാലക്കീല്‍
ചിരന്തന പബ്ലിക്കേഷന്‍സ്
വില :110 രൂപ


നോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ചയും തകര്‍ച്ചയും നിയന്ത്രിക്കുന്നത് വായനക്കാരാണ്. അവര്‍ക്കാവശ്യമായ ഉത്പന്നം നല്‍കുക എന്നതാണ് എഴുത്തുകാരന്റെ ചുമതല. ഈ ഒരു വസ്തുത മനസ്സില്‍ വച്ചുകൊണ്ടാകണം ഓരോ എഴുത്തുകാരനും തന്റെ രചനകള്‍ നിര്‍വഹിക്കേണ്ടത്.  സാധാരണക്കാരന് ദുര്‍ഗ്രാഹ്യമായ ഭാഷയും സങ്കേതങ്ങളും നല്‍കിക്കൊണ്ട് താന്‍ തികച്ചും വ്യത്യസ്തനാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന ബുദ്ധിജീവി നാട്യങ്ങളും, രതിയും കാല്പനികതയും സമം ചേര്‍ത്തു കണ്ണീര്‍ക്കഥകള്‍ നിര്‍മ്മിക്കുന്ന ജനകീയസാഹിത്യകാരും അടങ്ങിയ സാഹിത്യ ലോകം വായനക്കാരെ എന്നും ആവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംതൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
മുട്ടത്തു വര്‍ക്കിയും പി അയ്യനേത്തും പമ്മനും എം ടിയും ആനന്ദും മാധവിക്കുട്ടിയും സുഭാഷ്‌ ചന്ദ്രനും സിതാരയും ഇന്ദുമേനോനും ഒക്കെ കാലങ്ങള്‍ക്ക്  അനുസരിച്ച് വായനക്കാരെ ആകര്‍ഷിക്കുകയും നിലനില്‍ക്കുകയും ചെയ്ത  എഴുത്തുകാരില്‍ ചിലര്‍ ആണ്. അവരുടെ എഴുത്തിന്റെ വ്യത്യസ്ഥതകള്‍ കൊണ്ട് അവരൊക്കെ അവരുടെ പേര് നിലനിര്‍ത്തി എന്നതാണ് ശരി. ഓണ്‍ ലൈന്‍ മീഡിയകള്‍ ആയ  ബ്ലോഗും സോഷ്യല്‍ മീഡിയയും ഒക്കെ ഇന്ന് സാഹിത്യലോകത്തിനു സമ്മാനിക്കുന്ന എഴുത്തുകാരുടെ ബാഹുല്യം ഒരുപക്ഷെ സാഹിത്യത്തിന്റെ പുതുയൌവനകാലം എന്ന് വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടം ആണ് . ഈ കാലഘട്ടത്തിന്റെ പ്രത്യേകത എന്താണ് എന്ന് തിരയുമ്പോള്‍ പുതുമയുടെ ലോകം തിരയുക എന്നതാണ് പ്രധാനം എന്ന് കാണാം. ചിലരൊക്കെ എന്നാല്‍ത്തന്നെയും പഴമയുടെ മുഷിഞ്ഞ ഗന്ധം പേറുകയും ചെയ്യൂന്നുണ്ട്.
അടുത്തകാലത്ത് നോവല്‍ രചനകള്‍ മിക്കതും വ്യത്യസ്തത നല്‍കുന്ന വായനകള്‍ നല്‍കുന്ന പുതിയ മുഖങ്ങളുടെയാണ്. ചിലരൊക്കെ വെറും എഴുത്തുകള്‍ കൊണ്ട് അതിനിടയില്‍ സമയം കൊല്ലുന്നുമുണ്ട്. എല്ലാം വേണമല്ലോ എന്നതാണ് ഇന്നിന്റെ കാവ്യനീതി. ഇതില്‍ ഒട്ടും ഭിന്നമല്ല പ്രവാസത്തില്‍ ഇരുന്നു എഴുതുന്ന എഴുത്തുകളും. പ്രവാസഭൂമികയില്‍ ഇരുന്നു എഴുതുമ്പോള്‍ അതിനു അനുഭവത്തിന്റെ ചൂട് , വേദന, പൊള്ളല്‍ തുടങ്ങിയ വികാരനിര്‍ഭരമായ വാക്കുകള്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട് തങ്ങളുടെ രചനകളെക്കുറിച്ച് എങ്കിലും അവരുടെ കോക്കസിനുള്ളില്‍ ഉള്ള അനുവാചകര്‍ ഒഴികെ ആര്‍ക്കും ആ ചൂരും ചൂടും വേദനയും അനുഭവിക്കാന്‍ കഴിയാത്തത് അവരുടെ വായനയുടെ കുറവ് കൊണ്ടാണ് എന്നും അവര്‍ വായിക്കുന്നതില്‍ ഉള്ള മുന്‍വിധികള്‍ ആണ് എന്നും ഒരു ജാമ്യം എടുത്ത് അവര്‍ ആശ്വസിക്കുന്നുണ്ട് . നാട്ടിലെ എഴുത്തുകാര്‍ക്കിടയില്‍ നമുക്കൊരു സ്ഥാനം കിട്ടാത്തത് അവര്‍ നമ്മെ എഴുത്തുകാരായി കാണാത്തത് കൊണ്ടാണെന്നുമവര്‍ വിലപിക്കുന്നുണ്ട് . നാട്ടിലെ സ്ഥിതി വ്യത്യാസം ഒന്നുമല്ല എങ്കിലും അവിടെ നിന്നും പ്രതീക്ഷയുടെ പൂക്കള്‍ വിരിയുന്നുണ്ട് . പക്ഷെ സ്വയം പ്രഖ്യാപിത എഴുത്തുകാര്‍ ആയ പ്രവാസ എഴുത്തുകാരില്‍ ഒരു വിഭാഗം ഇപ്പോഴും തങ്ങള്‍ക്കപ്പുറം പ്രളയം എന്നൊരു മാനസികാവസ്ഥയില്‍ ആണ് . ചിലരാകട്ടെ സീസണല്‍ എഴുത്തുകാരും ആണ് . ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവത്തിനു വേണ്ടി മാത്രം കഥ , നോവല്‍ അനുഭവം , സമാഹാരം തുടങ്ങിയ കസര്‍ത്തുകള്‍ കാണിക്കുകയും സിലിബ്രിറ്റികളെ കൊണ്ട് അതിനെ പ്രകാശനം ചെയ്തു ഒരു സ്ലോട്ട് സംഘടിപ്പിക്കുകയും അതോടെ ഇതാ ഞാന്‍ എഴുത്തുകാരന്‍/കാരി ആയി ലോകം മുഴുവന്‍ അറിയപ്പെടുന്നു എന്ന ആഹ്ലാദ സ്വരം പുറപ്പെടുവിച്ചു അടുത്ത ഒരു വര്‍ഷത്തേക്ക് നിദ്രപൂകുകയും ചെയ്യുന്നത് കാണുന്ന സുഖം പ്രവാസി സാംസ്കാരിക മേഖലയ്ക്ക് മാത്രം സ്വന്തമാണ് . ഇതില്‍ മറ്റൊരു തമാശ അടുത്ത ഒരു വര്‍ഷത്തേക്ക് ഈ പുസ്തകങ്ങളെ ചര്‍ച്ചയ്ക്ക് വച്ച് പരസ്പരം തഴുകി തലോടി ആശ്വസിപ്പിച്ചു ഓരോ അവാര്‍ഡോ ഒക്കെയായി കുളിപ്പിച്ച് കിടത്തല്‍ ചടങ്ങുകളും ഉണ്ട് . മറ്റൊരു കൂട്ടര്‍ ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് എണ്ണാതെ മനോഹരവും ഉജ്ജ്വലവും ആയ ആസ്വാദനക്കുറിപ്പുകള്‍ എഴുതി ആത്മരതി അടയുകയും അവരുടെ തന്നെ സൗഹൃദ വലയങ്ങളിലൂടെ ഉള്ള പത്രങ്ങളിലും മാഗസിനുകളിലും അത് അച്ചടി മഷി പുരട്ടി സന്തോഷം കൊള്ളുകയും ചെയ്യും. എതിര്‍പ്പിന്റെ സ്വരം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു വര്‍ഗ്ഗമായി മാറുകയാണ് പ്രവാസി എഴുത്തുകാരില്‍ ഭൂരിഭാഗവും എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ഈ ചുറ്റുപാടിലാണ് അടുത്തിടെ പുതുതായി ഒരു നോവല്‍ കൂടി മലയാള സാഹിത്യത്തിനു ലഭിക്കുന്നത്. പ്രവാസിയും uae യുടെ കലാസാസ്കാരിക മേഖലയിലെ അനിഷേധ്യ സാന്നിദ്ധ്യവുമായ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ശ്രീ ‘പ്രവീണ്‍ പാലക്കീല്‍’ തന്റെ “മരുപ്പച്ചകള്‍ എരിയുമ്പോള്‍” എന്ന നോവലുമായി രംഗപ്രവേശം ചെയ്യുന്നത്. ഓണ്‍ ലൈന്‍മേഖലയില്‍ ലേഖനങ്ങളും കവിതയും കുറിപ്പുകളും ഒക്കെയായി സജീവമായ പ്രവീണിന്റെ ആദ്യ നോവല്‍ ആണിത്. ഇതൊരു ജീവിത കഥയാണ് . ഒരുപക്ഷെ നമുക്കൊക്കെ പരിചിതമായ ഒരു കഥ. പ്രവാസിയായ പുരുഷന്മാര്‍ അനുഭവിക്കുന്നതെന്ന് വിശ്വസിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഒരു വസ്തുതയാണ് അവന്റെ സമ്പാദ്യവും അവന്റെ ആരോഗ്യവും അവന്‍ കുടുംബത്തിനു വേണ്ടി ഹോമിക്കുകയും അതേസമയം അവന്റെ ആഡംബരഭ്രമയായ ഭാര്യയും മക്കളും അവനെ കറവപ്പശുവിനെ പോലെ ഊറ്റിയൂറ്റി സകലതും കൈക്കലാക്കി അന്യപുരുഷന്മാര്‍ക്കൊപ്പം പോകുക , ജാര സംസര്‍ഗ്ഗം ചെയ്യുക , ചതി വഞ്ചന തുടങ്ങിയവയിലൂടെ അവന്‍ മൃതപ്രാണന്‍ ആയി നാട്ടില്‍ എത്തുക അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക ഇത്യാദി വര്‍ത്തമാനങ്ങള്‍. കഥാകാരനും ഈ വിഷയത്തില്‍ കൈകൊണ്ട നിലപാട് വേറിട്ടതല്ല . കേട്ടറിഞ്ഞതാകം കണ്ടറിഞ്ഞതാകാം എന്നാല്‍ അതിനെ ഒരിക്കലും ഇഴകീറി പരിശോധിക്കാന്‍ മിനക്കെടാതെ പോയതുകൊണ്ടാകാം ഈ നോവലിന് ഒരു ഏകപക്ഷീയമായ കാഴ്ചപ്പാട് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.
ഇതിലെ നായകന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ സന്തതിയാണ് . തന്റെ കൗമാരത്തില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടി. അവളെ വീട്ടുകാരുടെ അനുമതിയോടെ തന്നെ വിവാഹം കഴിക്കുകയും ഒന്നിച്ചു കഴിയുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞു അധികനാളുകള്‍ ആകും മുന്നേ അയാള്‍ക്ക് ഗള്‍ഫില്‍ ഒരു ജോലി തരമാകുന്നു . ഇവിടെ നായകന്‍ ദാരിദ്രനല്ല എന്ന് മാത്രമല്ല നായകന്‍റെ വീട്ടുകാര്‍ ഇവിടെ നിനക്ക് സുഭിക്ഷമായി കഴിയാനുള്ളത് ഉണ്ടല്ലോ പോകണ്ട എന്ന് പറയുന്നുവെങ്കിലും നവവധുവിനെ വിട്ടു പോകുന്ന നായകന്‍ ദുരൂഹമായ ഒരു മൗനം പങ്കുവയ്ക്കുന്നു വായനക്കാരോട്. അങ്ങനെ പോകുന്ന നായകന്റെ രണ്ടു വര്‍ഷ വിസ കാലവധിക്കകത്തു അച്ഛന്‍ മരിക്കുകയും അമ്മ കിടപ്പിലാകുകയും ഭാര്യയ്ക്ക് അമ്മയെ ചികിത്സിക്കാന്‍ സകല സമ്പാദ്യവും അയച്ചു കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു . ഒടുവില്‍ നാട്ടിലെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ വഴിയറിയുന്നു ഭാര്യ ആഡംബര ജീവിതം ആണ് നയിക്കുന്നതെന്നും പട്ടണത്തില്‍ കാമുകന്മാര്‍ ഉണ്ട് എന്നുമൊക്കെ . അവധിക്ക് വരുന്ന നായകന്‍ കുളിക്കാന്‍ പോകുമ്പോള്‍ അയലത്തെ ചേച്ചി കൂടി പറഞ്ഞു കഴിയുമ്പോള്‍ ഭാര്യ വില്ലത്തി ആകുകയും അവളെ അടിച്ചു പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . അതോടെ ആ സംഘര്‍ഷത്തില്‍ മനം നൊന്തു അമ്മ മരിക്കുകയും അയാള്‍ അവധി കഴിഞ്ഞു പോകുമ്പോഴേക്കും അവളെ വീണ്ടും സ്വന്തം ജീവിതത്തിലേക്ക് സ്വീകരിച്ചു നന്നാവാന്‍ ഒരു അവസരം കൂടി കൊടുത്ത്  ഉദാരമനസ്കന്‍ ആകുന്നു നായകന്‍. പക്ഷെ പിന്നെ നായകന്‍ പോകുന്നത് ഉദ്യോഗ കയറ്റവും നല്ല സൗകര്യങ്ങളും ഉള്ള ചുറ്റുപാടില്‍ ആണെങ്കിലും പണം സമ്പാദിക്കാന്‍ ഉറച്ചു ഭാര്യയെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു. അവള്‍ ഗര്‍ഭിണിയായ് പ്രസവിച്ചു അഞ്ചു കൊല്ലം കഴിഞ്ഞു നാട്ടില്‍ വരുന്നുള്ളൂ നായകന്‍. വന്നപ്പോഴേക്കും ഭാര്യ വീട്ടുകാര്യസ്ഥനുമായി ഒളിച്ചോടിക്കഴിഞ്ഞു. പിന്നെ അയാള്‍ കുട്ടിക്ക് വേണ്ടി ജീവിക്കുന്നു. മകന്‍ വലുതാകുന്നു അവന്‍ വിവാഹം കഴിക്കുന്നു. ജീവിതം സുഖപ്രദമായി കഴിയുന്നു. ആയിടക്ക് മകന്‍ അമ്മയെ കണ്ടു മുട്ടുന്നു. ടി വി യിലൂടെ എല്ലാവരും തിരിച്ചറിയുന്നു. ദുഷ്ടയായ അവള്‍ക്ക് വേണ്ട ശിക്ഷ് കിട്ടിയ ആശ്വാസത്തോടെ അവളെ ശാപമോക്ഷം നല്‍കാന്‍ തിരികെ കൊണ്ട് വരുന്നു. ഇതില്‍ അഭിമാനിയായ അയാളുടെ വൈകാരികവികാരങ്ങള്‍ പൊലിപ്പിക്കുന്നു. ഒടുവില്‍ അവള്‍ വരുന്നെങ്കിലും രണ്ടു ദിവസം കഴിയുമ്പോള്‍ എന്നെ ഇനി തിരയണ്ട ഞാന്‍ ദുഷ്ടയും വഞ്ചകിയും പാപിനിയും ആണെന്ന കുറ്റബോധം കത്തില്‍ എഴുതി വച്ച് സ്ഥലം വിടുന്നു . ഷഷ്ഠി പൂര്‍ത്തിക്ക് തന്നെ കാണാന്‍ വരുന്ന മകനെ കാത്തിരിക്കുന്ന അയാള്‍ക്ക് മുന്നിലേക്ക് ഒരു കാര്‍ വന്നു നില്‍ക്കുമ്പോള്‍ അത് അവള്‍ ആണോ മകന്‍ ആണോ എന്ന ചിന്തയില്‍ കര്‍ട്ടന്‍ വീഴുകയും ചെയ്യുന്നു.
ഒരിക്കല്‍ പോലും അവളെ ചിന്തിക്കാനനുവദിക്കാതെ, അവളുടെ ഭാഗത്ത് നിന്നും ചിന്തിക്കാനോ മുതിരാതെ അയാളിലൂടെ പുരുഷമേധം നടത്തി നോവലവസാനിപ്പിക്കുമ്പോള്‍ നല്ലൊരു കണ്ണീര്‍സീരിയലോ സിനിമയോ കണ്ട വികാരത്തോടെ വായനക്കാര്‍ പുസ്തകം അടച്ചു വയ്ക്കുന്നത് മലയാള നോവല്‍ രംഗത്തെ ഒരു പുതിയ അനുഭവം അല്ല. എഴുത്തില്‍ വേറിട്ട ചിന്തകള്‍ ഉണ്ടാക്കാതെ സമൂഹ ചിന്തയില്‍ക്കൂടി മാത്രം നടക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഈ നോവലും എഴുത്തുകാരനും സ്ഥാനം പിടിക്കുന്നു. ഇതിനു അവതാരിക എഴുതിയിരിക്കുന്ന പ്രശസ്ത എഴുത്തുകാരി കെ പി സുധീര ഇതിലെ പ്രണയവും കാല്പനികതയും കണ്ടു അത്ഭുതം കൂറുന്നു. കഥയുടെ പുരുഷ,പരുഷ ജീവിത പശ്ചാത്തലങ്ങളെ തൊട്ടുപോലും നോവിക്കാന്‍ മുതിരാതെ അവരും അതിനെ തലോടുന്നുണ്ട്‌. തീര്‍ച്ചയായും മലയാളിയില്‍ കണ്ണീര്‍ സിനിമ , സീരിയല്‍, പൈങ്കിളി നോവല്‍ പ്രിയരെ വളരെ നന്നായി സന്തോഷിപ്പിക്കാന്‍ ഈ നോവലിന് കഴിയുന്നുണ്ട്.
ഒറ്റ വായനയ്ക്ക് പര്യാപ്തമായ ഒരു നോവല്‍ എന്നതിനപ്പുറം കാതലുള്ള ഒരു സന്ദേശവും ലഭിക്കുന്നില്ല എന്നല്ല, പ്രവാസികളുടെ ഭാര്യമാര്‍ കൂടുതലും ചതിക്കപ്പെടുന്നവര്‍ എന്നൊരു സന്ദേശത്തെ കൂടുതല്‍ ബലപ്പിക്കാന്‍ നോവലിസ്റ്റിന്റെ സംഭാവന ഉതകും എന്ന അഭിപ്രായത്തോടെ , ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.