Saturday, September 15, 2018

ഒരു ദേശസ്നേഹി ആകുന്നത്....


ഒരു രാജ്യസ്നേഹി ആകുക 
എന്നത് അത്ര എളുപ്പമായ കാര്യമല്ല !
ദേശത്തിന്റെ അഴകളവുകളില്‍ 
കണ്ണുകള്‍ ഉടക്കാതിരിക്കണം.
മലിനമാക്കപ്പെടാത്ത ജലധികള്‍ക്കും, 
നഗ്നമാക്കാത്ത ശൃംഗങ്ങള്‍ക്കും,
വലിച്ചുകീറപ്പെടാതെ പെണ്ണുടലുകള്‍ക്കും 
കാവലാളാകണം ജീവന്‍ നല്‍കിയും.
നാണയത്തുട്ടുകളുടെ വലിപ്പചെറുപ്പവും, 
വര്‍ണ്ണസങ്കരങ്ങളുടെ മഞ്ഞളിപ്പുമില്ലാത്ത 
മനസ്സുകള്‍ ഉണ്ടാകണം.
നാനാത്വത്തില്‍ ഏകത്വമെന്നത് 
പൂണൂല്‍ പോലെ മനസ്സിന് കുറുകെ ധരിക്കണം.
മതേതരത്വം എന്നാല്‍ 
പടിവാതിക്കല്‍ വച്ചു അകത്തു കയറേണ്ടതൊന്നല്ല.
കുഞ്ഞുടലുകളുടെ സ്നിഗ്ധത എപ്പോഴും  
മനസ്സില്‍ ചൂടേണ്ടതാണ്. 
മാംസളതയുടെ കൊഴുപ്പല്ല 
മനുഷ്യത്വത്തിന്റെ വലിപ്പമാണ് 
ദേശസ്നേഹിക്ക് വേണ്ടതെന്നറിയണം.
അതിരുകള്‍ക്കപ്പുറമിപ്പുറം നിന്ന് 
കല്ലുകള്‍ വാരിയെറിയുന്നതല്ല ദേശീയത.    
വിലപറഞ്ഞു തെരുവില്‍ വില്‍ക്കാനുള്ള 
മൂന്നുനിറങ്ങളുടെ കടലാസ് കഷണവുമല്ലത്.
ആകസ്മികതകളുടെ കണ്മുനയേറ്റ് 
അറ്റുപോകുന്ന കുടുക്കുകളാകരുത് ദേശീയത. 
അടുക്കളവാതിലില്‍, നായയെപ്പോലെ 
അകത്തെന്തുണ്ടാക്കി എന്ന് മണക്കുന്നതോ  
പ്രണയിക്കുന്ന മനുഷ്യരുടെ അടിവസ്ത്രം 
ഉരിഞ്ഞു നോക്കി വിലയിരുത്തലോ അല്ലത്. 
ദേശമുണ്ടെങ്കിലെ ഒരാള്‍ക്ക് 
ദേശസ്നേഹിയാകാന്‍ കഴിയൂ.
നമുക്കാദ്യം ഒരു ദേശം പണിയാം !
മതിലുകളില്ലാത്ത,
വേര്‍തിരിവുകളില്ലാത്ത 
പരസ്പരം സ്നേഹിക്കുന്ന മനുഷ്യര്‍ മാത്രമുള്ളൊരു ദേശം !
ഓര്‍ക്കുക
ഒരു ദേശസ്നേഹിയാകുക എന്നത് 
എളുപ്പമുള്ള കാര്യമല്ല.

               ബിജു.ജി.നാഥ് വര്‍ക്കല

(ഫേബിയന്‍ ബുക്സിന്റെ നൂറു കവികള്‍ ഇരുന്നൂറു കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിത )


No comments:

Post a Comment