Saturday, September 22, 2018

നേർച്ച............................. പി ജി ജോണ്‍സണ്‍


നേർച്ച
പി ജി ജോണ്‍സണ്‍
റീഡേഴ്സ്  ബുക്ക് ക്ലബ്


            എഴുത്തിലെ പ്രത്യേകതകള്‍ വായനക്കാര്‍ അടയാളപ്പെടുത്തുന്നത് അത് കൈവയ്ക്കുന്ന തലങ്ങള്‍ നോക്കിയാണ് . അത്തരത്തില്‍ പലപ്പോഴും വായനകള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചേരി തിരിഞ്ഞു യുദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ജീവനുകള്‍ നഷ്ട്മാകുകയോ അംഗഭംഗം വന്ന മനുഷ്യര്‍ ചരിത്രത്തിലേക്ക് നടക്കുകയോ ചെയ്യാറുണ്ട്. അടുത്തകാലത്തായി വിവാദമായ മീശ നോവലിന്റെയും ബിരിയാണിയുടെയും ഒക്കെ പിന്നിലെ ഇത്തരം ആശയങ്ങളോ അവര്‍ പറയാന്‍ ശ്രമിച്ച വിഷയമോ വളരെ ബോധപൂര്‍വ്വം ഒരു സമൂഹ നിര്‍മ്മിതിയുടെ ചലനങ്ങളെ  സ്പര്‍ശിക്കുന്നത് കാണാന്‍ കഴിയും. പിറകോട്ട് നടന്നാല്‍ പെരുമാള്‍ മുരുകനും അതിനു പിറകില്‍ സല്‍മാന്‍ റുഷ്ദി , തല്സീമ നസ്റീന്‍ തുടങ്ങിയ പല പേരുകളും വായിക്കാന്‍ കഴിയുക സ്വാഭാവികമാണ് . ഇവയില്‍ എങ്ങും പെടാതെ സോഷ്യല്‍ മീഡിയ പേരും പെരുമയും നേടും മുന്നേ മലയാളി വായനക്കാരെ ചര്‍ച്ചകളും ഉപചര്‍ച്ചകളും ചേരിതിരിയലുമായി ബുദ്ധിമുട്ടിച്ച ഒരു എഴുത്തുകാരനും അയാളുടെ കൃതിയും ഉണ്ടായിരുന്നു . സുകുമാര്‍ അഴീക്കോട് എഴുത്തുകാരന്റെ ആശയ ആവിഷ്കാരത്തെ നിഷ്കരുണം വകവരുത്താനും  വിമര്‍ശിക്കാനും മുതിര്‍ന്ന ഒരു എഴുത്തുകാരനും അയാളുടെ നോവലെറ്റും. വൈക്കം മുഹമ്മദ്‌ ബഷീര്‍ ആശീര്‍വദിച്ചു എഴുതിയ ആ പുസ്തകമാണ് ഇന്ന് വായനയില്‍ തടഞ്ഞത്.
            'പി ജി ജോണ്‍സൺ' എഴുതിയ "നേര്‍ച്ച" എന്ന നോവല്‍ ഇന്നത്തെക്കാലത്ത് ഒരു വിഷയമേയല്ലാത്ത ഒന്നാണെങ്കിലും അതെഴുതിയ കാലഘട്ടത്തിനു വളരെ ഒച്ചപ്പാട് ഉണ്ടാക്കിയ പ്രമേയം ആയിരുന്നു . ഇഷ്ടപ്രകാരം അല്ലാതെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കര്‍ത്താവിന്റെ മണവാട്ടിയാക്കാന്‍ തള്ളിവിട്ട ലീന എന്ന മെറ്റില്‍ഡ സിസ്റ്ററിന്റെ കഥയാണ് നേർച്ച. അവളുടെ രാവുകള്‍ എന്നും  നെറ്റിയില്‍ കറുത്തപാടുള്ള അവളുടെ അച്ഛന്റെയും അനുയായികളുടെയും ക്രൂര മുഖങ്ങള്‍ അവളെ ഏകാന്തമായ കുന്നിന്‍ മുകളിലെ കുരിശിന്‍ചുവട്ടിൽ ഉപേക്ഷിക്കുന്ന ക്രൂരതയുടെ സ്വപ്‌നങ്ങള്‍ ആയിരുന്നു. അവിടെ അവളെ ആശ്വസിപ്പിക്കാന്‍ അവളുടെ മണവാളന്‍ വന്നിരുന്നു . പക്ഷെ ഓരോ തവണയും അയാള്‍ പ്രണയലീലകളുടെ മധ്യത്തില്‍ കഴിവില്ലാതെ തളര്‍ന്നു ഭയന്ന് അവളെ തിരികെ ആ ഏകാന്തതയിലേക്ക് തള്ളിയിട്ടിരുന്നു. അങ്ങനെയുള്ള അവളുടെ ഏകാന്തതയിലേക്കും സ്വപ്നങ്ങളിലേക്കും ആണ് ടെസ്സി എന്ന പെണ്‍കുട്ടി പഠനത്തിനു വന്നു ചേര്‍ന്നത്. അവര്‍ക്കിടയിലേക്ക് പ്രണയവും  രതിയും കടന്നു വന്നത് വളരെ പെട്ടെന്നായിരുന്നു. ടെസ്സിയില്‍ മെറ്റില്‍ഡ മണവാളന്റെ രൂപം കണ്ടെത്തുന്നു.  എന്നാല്‍ അധികം വൈകാതെ ടെസ്സി വിവാഹിതയായി പോകുവാന്‍ പോകുന്നു എന്നറിയുമ്പോള്‍ സിസ്റ്റര്‍ മാനസികമായി തകരുന്നു . തുടര്‍ന്ന് അവളുടെ സ്വപ്നങ്ങളിലേക്ക് കടന്നു വരുന്നത് ലൂസിഫര്‍ ആണ് . കര്‍ത്താവിനു നല്‍കാന്‍ കഴിയാതെ പോയ സ്വപ്ന സാക്ഷാത്കാരം ലൂസിഫറില്‍ നിന്നവള്‍ക്ക് ലഭിക്കുന്നു . ദാരുണമായ ഒരു അന്ത്യത്തിലേക്ക് നോവല്‍ ചെന്ന് നില്‍ക്കുമ്പോള്‍ വായനക്കാരിലേക്ക് തീര്‍ച്ചയായും മെറ്റില്‍ഡയുടെ വേദന പടരുകതന്നെ ചെയ്യും.
            രതിയും പ്രണയവും മതവും തമ്മിലുള്ള വടം വലിയില്‍ ആര് ജയിക്കും ആര് തോല്ക്കും എന്നൊരു ചോദ്യം ഈ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്‌. പ്രണയവും രതിയും മതവും സമൂഹത്തില്‍ ആഴ്ന്നു കിടക്കുന്ന സദാചാരത്തിന്റെ മൂലക്കല്ലുകള്‍ ആണ്. മനുഷ്യന്റെ വികാരവിചാരങ്ങളെ ചാട്ടുളി വീശി നിയന്ത്രിക്കുന്ന മതം എന്നും മനുഷ്യകുലത്തില്‍ നോവുകളും പാടുകളും മാത്രമാണ് വീഴ്ത്തിയിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരൊക്കെ എന്നും ചരിത്രത്തിന്റെ അറിയപ്പെടാത്ത ഇടനാഴികളില്‍ എവിടെയോ ഒക്കെ അമര്‍ന്നു പോയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ട മാനുഷിക വികാരങ്ങളെ മതം തന്റെ കുടില മനസ്സുകൊണ്ട് പൊതിഞ്ഞു പിടിക്കുന്നതുകൊണ്ടാണ് അഭയമാര്‍ക്ക് മരണക്കിണറുകള്‍ സമ്മാനിക്കാന്‍ കഴിയുന്നതും ബിഷപ്പുമാര്‍ നെഞ്ചുവേദന അഭിനയിക്കേണ്ടി വരുന്നതും. സിസ്റ്റര്‍ ജസ്മിയും അന്നാ ചാണ്ടിയും ഒക്കെ തങ്ങളുടെ വേദനകള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതമാകുന്നത് ഇതേ അവസ്ഥയില്‍ തന്നെയാണ്. ഇവിടെ രതി എന്നതും മതവും തമ്മില്‍ ഉള്ള അവിശുദ്ധമായ  ഒരു കൂടിച്ചേരല്‍ വിശ്വാസികളില്‍ നല്‍കുന്ന ഭയമാണ് പൗരോഹിത്യത്തിനു വളമാകുന്നത് . നോവലിലെ മെറ്റില്‍ഡ പ്രതിനിധാനം ചെയ്യുന്ന കന്യാസ്ത്രീ സമൂഹവും ഇന്നത്തെ വർത്തമാനകാലത്ത് ഫ്രാങ്കോ പ്രതിനിധാനം ചെയ്യുന്ന പുരോഹിത വര്‍ഗ്ഗവും നമുക്കിടയില്‍ അന്നും ഇന്നും എന്നും ഉണ്ട്. എല്ലാവരും അവരെപ്പോലെ ആണ് എന്നല്ല. പക്ഷെ നിര്‍ബന്ധിതമായ മതവിശ്വാസ വേഷം കെട്ടിക്കലുകളും ലൗകിക ജീവിതത്തെ അകറ്റി നിര്‍ത്താനുള്ള കര്‍ശനമായ നിലപാടുകളും ആണ് സമൂഹത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
കൂടുതല്‍ തുറന്നെഴുത്തുകള്‍ ഇനിയും ഉണ്ടാകണം.  ഒരു പക്ഷെ ഇതൊരു നിരന്തര ചര്‍ച്ചയായും മാമൂലുകളുടെ പൊളിച്ചെഴുത്തുകള്‍ക്ക് കളമൊരുക്കലായും വര്‍ത്തിക്കാം എന്ന് കരുതുന്നു . അതുകൊണ്ട് തന്നെ നിശബ്ദതയിലേക്ക് കടന്നു പോയ പി ജി ജോണ്‍സനെ പോലുള്ള എഴുത്തുകാര്‍ ഇനിയും ഉണ്ടാകണം. ഭീക്ഷണിക്ക് മുന്നില്‍ തൂലിക മുനയോടിക്കുന്നവര്‍ സമൂഹത്തില്‍ ഒന്നും നല്‍കുന്നില്ല എന്ന തിരിച്ചറിവ് നവലോക എഴുത്തുകാര്‍ക്ക് ഉണ്ടാകാന്‍ ഇത്തരം വായനകള്‍ നല്ലതാകും എന്ന് കരുതുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.

No comments:

Post a Comment