മരുപ്പച്ചകള്‍ എരിയുമ്പോള്‍ (നോവല്‍)
പ്രവീണ്‍ പാലക്കീല്‍
ചിരന്തന പബ്ലിക്കേഷന്‍സ്
വില :110 രൂപ
നോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ചയും തകര്‍ച്ചയും
നിയന്ത്രിക്കുന്നത് വായനക്കാരാണ്. അവര്‍ക്കാവശ്യമായ ഉത്പന്നം നല്‍കുക എന്നതാണ്
എഴുത്തുകാരന്റെ ചുമതല. ഈ ഒരു വസ്തുത മനസ്സില്‍ വച്ചുകൊണ്ടാകണം ഓരോ എഴുത്തുകാരനും
തന്റെ രചനകള്‍ നിര്‍വഹിക്കേണ്ടത്.
സാധാരണക്കാരന് ദുര്‍ഗ്രാഹ്യമായ ഭാഷയും സങ്കേതങ്ങളും നല്‍കിക്കൊണ്ട് താന്‍ തികച്ചും
വ്യത്യസ്തനാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന ബുദ്ധിജീവി നാട്യങ്ങളും, രതിയും
കാല്പനികതയും സമം ചേര്‍ത്തു കണ്ണീര്‍ക്കഥകള്‍ നിര്‍മ്മിക്കുന്ന ജനകീയസാഹിത്യകാരും
അടങ്ങിയ സാഹിത്യ ലോകം വായനക്കാരെ എന്നും ആവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംതൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
മുട്ടത്തു വര്‍ക്കിയും പി അയ്യനേത്തും പമ്മനും എം ടിയും ആനന്ദും മാധവിക്കുട്ടിയും
സുഭാഷ് ചന്ദ്രനും സിതാരയും ഇന്ദുമേനോനും ഒക്കെ കാലങ്ങള്‍ക്ക് അനുസരിച്ച് വായനക്കാരെ ആകര്‍ഷിക്കുകയും നിലനില്‍ക്കുകയും
ചെയ്ത എഴുത്തുകാരില്‍ ചിലര്‍ ആണ്. അവരുടെ
എഴുത്തിന്റെ വ്യത്യസ്ഥതകള്‍ കൊണ്ട് അവരൊക്കെ അവരുടെ പേര് നിലനിര്‍ത്തി എന്നതാണ്
ശരി. ഓണ്‍ ലൈന്‍ മീഡിയകള്‍ ആയ ബ്ലോഗും
സോഷ്യല്‍ മീഡിയയും ഒക്കെ ഇന്ന് സാഹിത്യലോകത്തിനു സമ്മാനിക്കുന്ന എഴുത്തുകാരുടെ
ബാഹുല്യം ഒരുപക്ഷെ സാഹിത്യത്തിന്റെ പുതുയൌവനകാലം എന്ന് വിശേഷിപ്പിക്കുന്ന ഒരു
കാലഘട്ടം ആണ് . ഈ കാലഘട്ടത്തിന്റെ പ്രത്യേകത എന്താണ് എന്ന് തിരയുമ്പോള്‍ പുതുമയുടെ
ലോകം തിരയുക എന്നതാണ് പ്രധാനം എന്ന് കാണാം. ചിലരൊക്കെ എന്നാല്‍ത്തന്നെയും പഴമയുടെ
മുഷിഞ്ഞ ഗന്ധം പേറുകയും ചെയ്യൂന്നുണ്ട്.
അടുത്തകാലത്ത് നോവല്‍ രചനകള്‍ മിക്കതും വ്യത്യസ്തത നല്‍കുന്ന
വായനകള്‍ നല്‍കുന്ന പുതിയ മുഖങ്ങളുടെയാണ്. ചിലരൊക്കെ വെറും എഴുത്തുകള്‍ കൊണ്ട്
അതിനിടയില്‍ സമയം കൊല്ലുന്നുമുണ്ട്. എല്ലാം വേണമല്ലോ എന്നതാണ് ഇന്നിന്റെ കാവ്യനീതി.
ഇതില്‍ ഒട്ടും ഭിന്നമല്ല പ്രവാസത്തില്‍ ഇരുന്നു എഴുതുന്ന എഴുത്തുകളും. പ്രവാസഭൂമികയില്‍
ഇരുന്നു എഴുതുമ്പോള്‍ അതിനു അനുഭവത്തിന്റെ ചൂട് , വേദന, പൊള്ളല്‍ തുടങ്ങിയ വികാരനിര്‍ഭരമായ
വാക്കുകള്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട് തങ്ങളുടെ രചനകളെക്കുറിച്ച് എങ്കിലും
അവരുടെ കോക്കസിനുള്ളില്‍ ഉള്ള അനുവാചകര്‍ ഒഴികെ ആര്‍ക്കും ആ ചൂരും ചൂടും വേദനയും
അനുഭവിക്കാന്‍ കഴിയാത്തത് അവരുടെ വായനയുടെ കുറവ് കൊണ്ടാണ് എന്നും അവര്‍
വായിക്കുന്നതില്‍ ഉള്ള മുന്‍വിധികള്‍ ആണ് എന്നും ഒരു ജാമ്യം എടുത്ത് അവര്‍
ആശ്വസിക്കുന്നുണ്ട് . നാട്ടിലെ എഴുത്തുകാര്‍ക്കിടയില്‍ നമുക്കൊരു സ്ഥാനം
കിട്ടാത്തത് അവര്‍ നമ്മെ എഴുത്തുകാരായി കാണാത്തത് കൊണ്ടാണെന്നുമവര്‍
വിലപിക്കുന്നുണ്ട് . നാട്ടിലെ സ്ഥിതി വ്യത്യാസം ഒന്നുമല്ല എങ്കിലും അവിടെ നിന്നും
പ്രതീക്ഷയുടെ പൂക്കള്‍ വിരിയുന്നുണ്ട് . പക്ഷെ സ്വയം പ്രഖ്യാപിത എഴുത്തുകാര്‍ ആയ
പ്രവാസ എഴുത്തുകാരില്‍ ഒരു വിഭാഗം ഇപ്പോഴും തങ്ങള്‍ക്കപ്പുറം പ്രളയം എന്നൊരു
മാനസികാവസ്ഥയില്‍ ആണ് . ചിലരാകട്ടെ സീസണല്‍ എഴുത്തുകാരും ആണ് . ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവത്തിനു
വേണ്ടി മാത്രം കഥ , നോവല്‍ അനുഭവം , സമാഹാരം തുടങ്ങിയ കസര്‍ത്തുകള്‍ കാണിക്കുകയും
സിലിബ്രിറ്റികളെ കൊണ്ട് അതിനെ പ്രകാശനം ചെയ്തു ഒരു സ്ലോട്ട് സംഘടിപ്പിക്കുകയും
അതോടെ ഇതാ ഞാന്‍ എഴുത്തുകാരന്‍/കാരി ആയി ലോകം മുഴുവന്‍ അറിയപ്പെടുന്നു എന്ന ആഹ്ലാദ
സ്വരം പുറപ്പെടുവിച്ചു അടുത്ത ഒരു വര്‍ഷത്തേക്ക് നിദ്രപൂകുകയും ചെയ്യുന്നത്
കാണുന്ന സുഖം പ്രവാസി സാംസ്കാരിക മേഖലയ്ക്ക് മാത്രം സ്വന്തമാണ് . ഇതില്‍ മറ്റൊരു
തമാശ അടുത്ത ഒരു വര്‍ഷത്തേക്ക് ഈ പുസ്തകങ്ങളെ ചര്‍ച്ചയ്ക്ക് വച്ച് പരസ്പരം തഴുകി
തലോടി ആശ്വസിപ്പിച്ചു ഓരോ അവാര്‍ഡോ ഒക്കെയായി കുളിപ്പിച്ച് കിടത്തല്‍ ചടങ്ങുകളും
ഉണ്ട് . മറ്റൊരു കൂട്ടര്‍ ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് എണ്ണാതെ
മനോഹരവും ഉജ്ജ്വലവും ആയ ആസ്വാദനക്കുറിപ്പുകള്‍ എഴുതി ആത്മരതി അടയുകയും അവരുടെ
തന്നെ സൗഹൃദ വലയങ്ങളിലൂടെ ഉള്ള പത്രങ്ങളിലും മാഗസിനുകളിലും അത് അച്ചടി മഷി പുരട്ടി
സന്തോഷം കൊള്ളുകയും ചെയ്യും. എതിര്‍പ്പിന്റെ സ്വരം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു
വര്‍ഗ്ഗമായി മാറുകയാണ് പ്രവാസി എഴുത്തുകാരില്‍ ഭൂരിഭാഗവും എന്ന് പറയാതിരിക്കാന്‍
കഴിയില്ല.
ഈ ചുറ്റുപാടിലാണ് അടുത്തിടെ പുതുതായി ഒരു നോവല്‍ കൂടി മലയാള
സാഹിത്യത്തിനു ലഭിക്കുന്നത്. പ്രവാസിയും uae യുടെ കലാസാസ്കാരിക മേഖലയിലെ അനിഷേധ്യ സാന്നിദ്ധ്യവുമായ ഫോട്ടോഗ്രാഫറും
എഴുത്തുകാരനുമായ ശ്രീ ‘പ്രവീണ്‍ പാലക്കീല്‍’ തന്റെ “മരുപ്പച്ചകള്‍ എരിയുമ്പോള്‍”
എന്ന നോവലുമായി രംഗപ്രവേശം ചെയ്യുന്നത്. ഓണ്‍ ലൈന്‍മേഖലയില്‍ ലേഖനങ്ങളും കവിതയും
കുറിപ്പുകളും ഒക്കെയായി സജീവമായ പ്രവീണിന്റെ ആദ്യ നോവല്‍ ആണിത്. ഇതൊരു ജീവിത
കഥയാണ് . ഒരുപക്ഷെ നമുക്കൊക്കെ പരിചിതമായ ഒരു കഥ. പ്രവാസിയായ പുരുഷന്മാര്‍
അനുഭവിക്കുന്നതെന്ന് വിശ്വസിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഒരു വസ്തുതയാണ്
അവന്റെ സമ്പാദ്യവും അവന്റെ ആരോഗ്യവും അവന്‍ കുടുംബത്തിനു വേണ്ടി ഹോമിക്കുകയും
അതേസമയം അവന്റെ ആഡംബരഭ്രമയായ ഭാര്യയും മക്കളും അവനെ കറവപ്പശുവിനെ പോലെ ഊറ്റിയൂറ്റി
സകലതും കൈക്കലാക്കി അന്യപുരുഷന്മാര്‍ക്കൊപ്പം പോകുക , ജാര സംസര്‍ഗ്ഗം ചെയ്യുക ,
ചതി വഞ്ചന തുടങ്ങിയവയിലൂടെ അവന്‍ മൃതപ്രാണന്‍ ആയി നാട്ടില്‍ എത്തുക അല്ലെങ്കില്‍
ആത്മഹത്യ ചെയ്യുക ഇത്യാദി വര്‍ത്തമാനങ്ങള്‍. കഥാകാരനും ഈ വിഷയത്തില്‍ കൈകൊണ്ട
നിലപാട് വേറിട്ടതല്ല . കേട്ടറിഞ്ഞതാകം കണ്ടറിഞ്ഞതാകാം എന്നാല്‍ അതിനെ ഒരിക്കലും
ഇഴകീറി പരിശോധിക്കാന്‍ മിനക്കെടാതെ പോയതുകൊണ്ടാകാം ഈ നോവലിന് ഒരു ഏകപക്ഷീയമായ
കാഴ്ചപ്പാട് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.
ഇതിലെ നായകന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ സന്തതിയാണ്
. തന്റെ കൗമാരത്തില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടി. അവളെ വീട്ടുകാരുടെ അനുമതിയോടെ
തന്നെ വിവാഹം കഴിക്കുകയും ഒന്നിച്ചു കഴിയുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞു അധികനാളുകള്‍
ആകും മുന്നേ അയാള്‍ക്ക് ഗള്‍ഫില്‍ ഒരു ജോലി തരമാകുന്നു . ഇവിടെ നായകന്‍
ദാരിദ്രനല്ല എന്ന് മാത്രമല്ല നായകന്‍റെ വീട്ടുകാര്‍ ഇവിടെ നിനക്ക് സുഭിക്ഷമായി
കഴിയാനുള്ളത് ഉണ്ടല്ലോ പോകണ്ട എന്ന് പറയുന്നുവെങ്കിലും നവവധുവിനെ വിട്ടു പോകുന്ന
നായകന്‍ ദുരൂഹമായ ഒരു മൗനം പങ്കുവയ്ക്കുന്നു വായനക്കാരോട്. അങ്ങനെ പോകുന്ന
നായകന്റെ രണ്ടു വര്‍ഷ വിസ കാലവധിക്കകത്തു അച്ഛന്‍ മരിക്കുകയും അമ്മ
കിടപ്പിലാകുകയും ഭാര്യയ്ക്ക് അമ്മയെ ചികിത്സിക്കാന്‍ സകല സമ്പാദ്യവും അയച്ചു
കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു . ഒടുവില്‍ നാട്ടിലെ ഏറ്റവും അടുത്ത
കൂട്ടുകാരന്‍ വഴിയറിയുന്നു ഭാര്യ ആഡംബര ജീവിതം ആണ് നയിക്കുന്നതെന്നും പട്ടണത്തില്‍
കാമുകന്മാര്‍ ഉണ്ട് എന്നുമൊക്കെ . അവധിക്ക് വരുന്ന നായകന്‍ കുളിക്കാന്‍ പോകുമ്പോള്‍
അയലത്തെ ചേച്ചി കൂടി പറഞ്ഞു കഴിയുമ്പോള്‍ ഭാര്യ വില്ലത്തി ആകുകയും അവളെ അടിച്ചു
പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . അതോടെ ആ സംഘര്‍ഷത്തില്‍ മനം നൊന്തു
അമ്മ മരിക്കുകയും അയാള്‍ അവധി കഴിഞ്ഞു പോകുമ്പോഴേക്കും അവളെ വീണ്ടും സ്വന്തം
ജീവിതത്തിലേക്ക് സ്വീകരിച്ചു നന്നാവാന്‍ ഒരു അവസരം കൂടി കൊടുത്ത് ഉദാരമനസ്കന്‍ ആകുന്നു നായകന്‍. പക്ഷെ പിന്നെ നായകന്‍
പോകുന്നത് ഉദ്യോഗ കയറ്റവും നല്ല സൗകര്യങ്ങളും ഉള്ള ചുറ്റുപാടില്‍ ആണെങ്കിലും പണം
സമ്പാദിക്കാന്‍ ഉറച്ചു ഭാര്യയെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു. അവള്‍ ഗര്‍ഭിണിയായ്
പ്രസവിച്ചു അഞ്ചു കൊല്ലം കഴിഞ്ഞു നാട്ടില്‍ വരുന്നുള്ളൂ നായകന്‍. വന്നപ്പോഴേക്കും
ഭാര്യ വീട്ടുകാര്യസ്ഥനുമായി ഒളിച്ചോടിക്കഴിഞ്ഞു. പിന്നെ അയാള്‍ കുട്ടിക്ക് വേണ്ടി ജീവിക്കുന്നു.
മകന്‍ വലുതാകുന്നു അവന്‍ വിവാഹം കഴിക്കുന്നു. ജീവിതം സുഖപ്രദമായി കഴിയുന്നു. ആയിടക്ക്
മകന്‍ അമ്മയെ കണ്ടു മുട്ടുന്നു. ടി വി യിലൂടെ എല്ലാവരും തിരിച്ചറിയുന്നു. ദുഷ്ടയായ
അവള്‍ക്ക് വേണ്ട ശിക്ഷ് കിട്ടിയ ആശ്വാസത്തോടെ അവളെ ശാപമോക്ഷം നല്‍കാന്‍ തിരികെ
കൊണ്ട് വരുന്നു. ഇതില്‍ അഭിമാനിയായ അയാളുടെ വൈകാരികവികാരങ്ങള്‍ പൊലിപ്പിക്കുന്നു.
ഒടുവില്‍ അവള്‍ വരുന്നെങ്കിലും രണ്ടു ദിവസം കഴിയുമ്പോള്‍ എന്നെ ഇനി തിരയണ്ട ഞാന്‍
ദുഷ്ടയും വഞ്ചകിയും പാപിനിയും ആണെന്ന കുറ്റബോധം കത്തില്‍ എഴുതി വച്ച് സ്ഥലം
വിടുന്നു . ഷഷ്ഠി പൂര്‍ത്തിക്ക് തന്നെ കാണാന്‍ വരുന്ന മകനെ കാത്തിരിക്കുന്ന അയാള്‍ക്ക്
മുന്നിലേക്ക് ഒരു കാര്‍ വന്നു നില്‍ക്കുമ്പോള്‍ അത് അവള്‍ ആണോ മകന്‍ ആണോ എന്ന
ചിന്തയില്‍ കര്‍ട്ടന്‍ വീഴുകയും ചെയ്യുന്നു.
ഒരിക്കല്‍ പോലും അവളെ ചിന്തിക്കാനനുവദിക്കാതെ, അവളുടെ ഭാഗത്ത് നിന്നും
ചിന്തിക്കാനോ മുതിരാതെ അയാളിലൂടെ പുരുഷമേധം നടത്തി നോവലവസാനിപ്പിക്കുമ്പോള്‍
നല്ലൊരു കണ്ണീര്‍സീരിയലോ സിനിമയോ കണ്ട വികാരത്തോടെ വായനക്കാര്‍ പുസ്തകം അടച്ചു
വയ്ക്കുന്നത് മലയാള നോവല്‍ രംഗത്തെ ഒരു പുതിയ അനുഭവം അല്ല. എഴുത്തില്‍ വേറിട്ട ചിന്തകള്‍
ഉണ്ടാക്കാതെ സമൂഹ ചിന്തയില്‍ക്കൂടി മാത്രം നടക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരുടെ
കൂട്ടത്തിലേക്ക് ഈ നോവലും എഴുത്തുകാരനും സ്ഥാനം പിടിക്കുന്നു. ഇതിനു അവതാരിക
എഴുതിയിരിക്കുന്ന പ്രശസ്ത എഴുത്തുകാരി കെ പി സുധീര ഇതിലെ പ്രണയവും കാല്പനികതയും
കണ്ടു അത്ഭുതം കൂറുന്നു. കഥയുടെ പുരുഷ,പരുഷ ജീവിത പശ്ചാത്തലങ്ങളെ തൊട്ടുപോലും
നോവിക്കാന്‍ മുതിരാതെ അവരും അതിനെ തലോടുന്നുണ്ട്. തീര്‍ച്ചയായും മലയാളിയില്‍ കണ്ണീര്‍
സിനിമ , സീരിയല്‍, പൈങ്കിളി നോവല്‍ പ്രിയരെ വളരെ നന്നായി സന്തോഷിപ്പിക്കാന്‍ ഈ
നോവലിന് കഴിയുന്നുണ്ട്.
ഒറ്റ വായനയ്ക്ക് പര്യാപ്തമായ ഒരു നോവല്‍ എന്നതിനപ്പുറം കാതലുള്ള
ഒരു സന്ദേശവും ലഭിക്കുന്നില്ല എന്നല്ല, പ്രവാസികളുടെ ഭാര്യമാര്‍ കൂടുതലും ചതിക്കപ്പെടുന്നവര്‍
എന്നൊരു സന്ദേശത്തെ കൂടുതല്‍ ബലപ്പിക്കാന്‍ നോവലിസ്റ്റിന്റെ സംഭാവന ഉതകും എന്ന
അഭിപ്രായത്തോടെ , ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.
No comments:
Post a Comment