Sunday, September 2, 2018

ആഘോഷത്തിന് പ്രത്യേകകാരണങ്ങള്‍ വേണ്ട


ആഘോഷത്തിന് പ്രത്യേകകാരണങ്ങള്‍ വേണ്ട
-------------------------------------------------------------
നമുക്കിനി വാസ്തവികതകളിലേക്ക് ഇറങ്ങി നടക്കാം.
ചെളിമൂടിയ കിടക്കയും,
ചില്ലുപൊട്ടിയ അലമാരയും
പുറംലോകത്തേക്ക് വലിച്ചെറിയാം.
ഇരുട്ട് കൂടുകൂട്ടുന്ന
കിടക്കമുറിയുടെ ജാലകങ്ങള്‍
മലര്‍ക്കെ തുറന്നിടാം.
വറവുമണം നഷ്ടമായ അടുക്കളപ്പടിയില്‍
കോഴികള്‍ക്ക് കടന്നുവരാന്‍
പുതിയ ലോകം സൃഷ്ടിക്കാം.
പാമ്പും പഴുതാരയും
ഇടത്താവളമാക്കിയ വിറകുപുരയില്‍ നിന്നും
നനഞ്ഞതുണികള്‍ പെറുക്കിമാറ്റാം.
ജീവിതം പുനര്‍നിര്‍മ്മിക്കാന്‍
നമുക്കിനി ചിരിയുടെ സ്റ്റിക്കറുകള്‍ പതിപ്പിക്കാം.
ആരറിവൂ നാളെ നമുക്കും
ആഘോഷത്തിന്റെ രാവുകള്‍ സ്വന്തമാകുമെന്ന്.
-----------ബി.ജി.എന്‍ വര്‍ക്കല


1 comment:

  1. ഒന്നും പറയാനില്ല ബിജു... വാക്കുകള്‍ പോലും ഒഴുകി മറഞ്ഞ ദിവസങ്ങള്‍..

    ReplyDelete