Tuesday, February 26, 2019

മുഖംമൂടികൾ

മുഖം മൂടികൾ
......................
മുഖങ്ങൾ മാറുന്നതെളുപ്പമാണിന്ന്.
ചുരിദാറിന് പറ്റിയതൊന്ന്
സാരിക്ക് ചേരുന്ന വേറൊന്ന്
ജീൻസിലേക്ക് മാറാൻ ഇനിയൊന്ന്
പർദ്ദയിലാണെങ്കിൽ വേറിട്ടൊന്ന്
മുഖങ്ങൾക്ക് മറഞ്ഞിരിക്കാൻ മാത്രം
ഒരു മുഖമുള്ളവളുടെ മുഖമാരറിയുന്നു പാരിൽ.

നിശബ്ദമായൊരു രാത്രിയിലവൾ തൻ
മുഖമണിയാൻ കഴിയാത്ത നേരത്ത്,
പതിയെ വെളിച്ചം തെളിച്ചവൻ
പരതി നോക്കുമ്പോൾ കണ്ടവൾ തൻ
നേർമുഖം ചമയങ്ങളില്ലാതെ.

തേഞ്ഞു പോകില്ലെന്നുറപ്പുള്ളതും
കണ്ടു പിടിക്കാനെളുതല്ലെന്നതും
പരിചയാക്കി വേട്ട നടത്തവൾ തൻ,
സതിലീലാവതീ മുഖമഴിഞ്ഞുപോയതിവേഗം.

ഉത്തമനാരിയാൾ തൂലിക പടവാളാക്കി
വെട്ടിയരിഞ്ഞില്ലെത്ര ദുർന്നടത്തകൾ!
പരിഹസിച്ചില്ലെത്ര പ്രണയ നാടകങ്ങൾ
പിണങ്ങിയതെത്ര പരഗമനങ്ങളെയെങ്കിലും...
വാക്കുകൾ നഷ്ടമായാ നിശയിലവൾ
പരവശയാണ് പായുവതെങ്ങനെ
നഷ്ടമാമുടയാടയും,
മുഖാവരണങ്ങളുമില്ലാതെ വെളിച്ചത്തിലേക്ക്.
........ ബിജു.ജി.നാഥ് വർക്കല

(സ്ത്രീവിരുദ്ധത കാണും ഈ വരികളിൽ. അതിൽ ഞാൻ ഖിന്നനാണെങ്കിലും പറയേണ്ടവ പറഞ്ഞു തന്നെ വേണമല്ലോ. സദയം ക്ഷമിക്കുക സഹൃദയർ. )

Monday, February 25, 2019

അതിരുകൾ നഷ്ടമായൊരുടലാണ് നീ.

അതിരുകൾ നഷ്ടമായൊരുടലാണ് നീ.
...............................................................

അതിരുകൾ ഉറപ്പില്ലാത്തൊരുടലാണ് നീ !
വിടർന്നു പരന്നങ്ങനെ കിടക്കുമ്പോഴും
പരാധീനതകൾ പേറുന്നവൾ
നിനക്കതിരുകൾ വേദന മാത്രമാണ്.

ചവിട്ടി നിൽക്കുന്ന മണ്ണ് കടലെടുക്കുമ്പോഴും
അടിക്കാടുകൾ തരിശുനിലമാകുമ്പോഴും
ഉറച്ചു നില്ക്കാൻ കഴിയാതെ വിങ്ങുന്ന
ഉടലുമായ് നീ പരിഭ്രമിക്കുന്നതും

നോവുപടരുമടിവയർ തന്നിലെ
കാലമടയാളപ്പെടുത്തും വരകളിൽ
ഉഷ്ണപ്പെരുക്കങ്ങൾ മറച്ചു വയ്ക്കുന്നൊരു
ചിത്രവർണ്ണ പരവതാനി നീയല്ലോ.

നീണ്ടു പരന്ന നാഭിതൻ ഓരങ്ങളിൽ
വീണടിയും മേദസ്സ് കാൺകിലും
കാൽനടയായി നീങ്ങുമാ മക്കൾ
തൻ പാദങ്ങൾക്ക് പൂമെത്തയാകുന്നതും.

വിണ്ടു കീറും മുലക്കണ്ണുകൾ വേദന
തന്നു നിന്നെ അലട്ടുന്നതും
വിടർന്ന നിൻ വിരലുകളൊക്കെയും
അടർന്നു പോകുന്നതോർത്തു വിതുമ്പുന്നു.

ഒന്നുറങ്ങാൻ കഴിയാതെ നീ എന്നും
കണ്ണു ചിമ്മിക്കിടക്കുന്നു, പിടയുന്നു
പേനരിച്ചു നടക്കുന്ന കേശത്തെ
കോതിയൊന്നൊതുക്കുവാൻ കഴിയാതെ.

നിന്റെ രൂപം മനോഹരമെന്നതും
നിന്റെ ദേഹം സമൃദ്ധമാണെന്നതും
കണ്ടു നിന്നെ പരിണയിച്ചീടുവാൻ
വന്നതെത്രപരദേശി പരിഷകൾ.

കണ്ടമാത്രയിൽ ബലാൽഭോഗം ചെയ്തും
അനുനയത്തിൽ പ്രണയം നടിച്ചുമേ
നിന്റെയുദരത്തിൽ ഉരുവാക്കിയെത്രയോ
പാപപങ്കിലസന്താനങ്ങളെ സന്ദർശകർ.

കൊന്നൊടുക്കി നിൻ തനയരെ പിന്നവർ.
കീഴടക്കിയവരെ ഭരിച്ചവർ
തന്നു നിന്റെ ഉടലിൽ മുറിവുകൾ
ചോര കണ്ടൂ ആമോദം കൊള്ളുന്നു.

നീ കിടപ്പൂ അലസം നിർലജ്ജം
നഗ്നയായീ മുറിവുകൾ പേറിയിങ്ങനെ.
നിന്നെ നോക്കി കണ്ണീർ തൂകുന്നു, പിന്നെ
കവിതയാൽ നിന്നെ വരയുവാൻ ഞങ്ങളും.
.........ബിജു.ജി.നാഥ് വർക്കല

Friday, February 22, 2019

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്............ കെ.ഗോപിനാഥൻ

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര് (കവിത)
കെ.ഗോപിനാഥൻ
കൈരളി ബുക്സ്
വില: 80 രൂപ

കവിതകളുടെ വസന്തകാലമായിരുന്നു 80കൾ എന്നു പറയാം. അന്നത്തെ കവിതകൾക്ക് ഹൃദയത്തെ ത്രസിപ്പിക്കാൻ കഴിഞ്ഞിരുന്നു. കാലത്തിന്റെ സ്പന്ദനം പോലെ കവിത ആർത്തലച്ചു പെയ്ത കലാലയങ്ങൾ. വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ. എല്ലാം എവിടെയൊ നഷ്ടമായി. വിപ്ലവം കാടു കയറി. സൈബർ യുഗത്തിൽ യുവതയുടെ ആഹാരം സോഷ്യൽ മീഡിയ മാത്രമായി. എന്തിലും പ്രതികരണത്തിന്റെ തീക്ഷ്ണമുഖങ്ങൾ പ്രദർശിപ്പിക്കുന്ന  ഏട്ടിലെ പശുക്കൾ. ഫലമോ ഒരു തെരുവും കത്തിയില്ല. ഒരിടത്തുമൊരു വിപ്ലവം ജനിച്ചില്ല. ഫാസിസമെന്ന ചിന്തയെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന കാലത്തിലാണ് ഇന്ന് നാം സഞ്ചരിക്കുന്നത്. കവിത ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോയിരിക്കുന്നു. ചോര തുടിക്കും ചെറുനാമ്പുകൾ ഇന്ന് പതാകകൾ ഏറ്റുവാങ്ങാനില്ല. കൊട്ടേഷൻ ടീമുകൾ വെട്ടിയരിയുന്ന മുഖമില്ലാത്ത ചെറുപ്പക്കാർ . തലച്ചോർ ചിതറിക്കിടക്കുന്ന യുവത. വാരിയെല്ലുകൾ തുളച്ചു കയറുന്ന അതിനൂതന കഠാരകൾ....പ്രതികരണം വെറും വാക്കാണിന്ന്. ആചാരങ്ങൾക്കും ദേശീയതക്കും മാത്രമാണിന്ന് മാർക്കറ്റുള്ളത്. ഈ രണഭൂമിയിൽ നിന്നു കൊണ്ടു കവിത ആസ്വദിക്കുന്നതും എഴുതുന്നതും എത്ര ദുഷ്കരമെന്നു ചിന്തിക്കുന്ന സാംസ്കാരിക ലോകം ! ന്യൂനപക്ഷ പ്രീണനം , ദളിത് പ്രീണനം എന്നീ രണ്ടു സമവാക്യങ്ങളിൽ ഒതുങ്ങിപ്പോകുന്നു ആധുനികതയിൽ സാംസ്കാരിക നേതാക്കൾ. എഴുതാൻ നിറയെ വിഷയങ്ങൾ ഒക്കെയും കണ്ണീരു കൊണ്ടഴിച്ചമ്മമാർ ചുറ്റിനും.

" കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര് " എന്ന കവിതാ സമാഹാരം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ ഉയർന്ന വികാരം ഈ ചടുല ലോകത്തിന്റെ സ്പന്ദനങ്ങളെ തൊട്ടുതലോടുന്ന എന്തു പ്രത്യേകതയാകും കെ.ഗോപിനാഥൻ എന്ന പ്രവാസിയായ കവിക്കുണ്ടാകുക എന്നായിരുന്നു. വായനയിലേക്ക് കടന്നപ്പോൾ ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരികയാണ് ആദ്യം മുന്നിൽ വന്നത്. കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ എല്ലാ ധാരണകളെയും മാറ്റിമറിച്ചു കൊണ്ട് ചുട്ടുപൊള്ളുന്ന മണൽക്കാറ്റിൽ നിന്നും നേരെ പാലക്കാടിന്റെ പിശറൻ കാറ്റും തണുപ്പും അനുഭവിച്ചു തുടങ്ങി. കോരപ്പനാൽ എന്ന ആൽമരവും, പൂന്താനവും ,ചേർപ്പുളശ്ശേരിയും, ശങ്കരനായാടിയും, കിട്ടുണ്ണിയുമൊക്കെ മുന്നിൽ വന്നു നിൽക്കുകയും സംവദിക്കുകയും ചെയ്യുന്നത് അനുഭവിച്ചു. മുറ്റത്തെ കിണറും, പടിപ്പുരയും ഒക്കെ കൺമുന്നിൽ കാണാനായി.. 'എന്നും രാവിലെ ചിരിച്ചു കൊണ്ട് സൂര്യനെ നമസ്കരിക്കുന്ന ആദ്യത്തെ ആൾ പൂമുഖം ' ഓർമ്മയിൽ ഗ്രാമീണതയുടെ വിവിധ മുഖങ്ങൾ കാട്ടിത്തന്നു.

ഈ കവിതകൾ ഒക്കെ ഗ്രാമീണതയുടെ സ്നേഹ സന്ത്രാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഇതിലൂടെ പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങളെ വായിക്കാം. കാലം നല്കിയ മാറ്റങ്ങൾ അറിയാം. തലമുറയുടെ നഷ്ടങ്ങളും കാഴ്ചപ്പാടുകളും അറിയാം. ജീവിതത്തിന്റെ പല ഘട്ടങ്ങളെ മനസ്സിലാക്കാം . നെടുവീർപ്പുകൾ നിറഞ്ഞ ജീവിതത്തെ , പ്രണയത്തെ , ജീവിത സമരങ്ങളെ, കുതിപ്പും കിതപ്പും നിറഞ്ഞ വീടകത്തെ ഒക്കെയും കവി വരച്ചിടുന്നു. സ്വകീയമായ ഒരു രചനയായി നിൽക്കുമ്പോഴും അതിൽ ഒരു സാർവജനീകമായ പൊതുജീവിതത്തെ വായിക്കാൻ കഴിയുന്നുണ്ട്. പ്രകൃതിയുടെ രമണീയതയെ നേരിട്ടനുഭവിപ്പിക്കാൻ കവിക്കു സാധിച്ചു.

അനാവശ്യമായ കോമകളിലൂടെയും അക്ഷരത്തെറ്റുകളിലൂടെയും എഡിറ്റർ നിരാശപ്പെടുത്തിയ ഒരു ദുരനുഭവം ഈ പുസ്തകവും നൽകുന്നുണ്ട്. ചിത്രങ്ങൾ വരക്കുമ്പോൾ അടയാളങ്ങൾ മാത്രം ചെയ്യുമ്പോലെ കവിതയുടെ വരികൾ പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങളായോ വരികൾ ആയോ മാറി നിൽക്കുന്ന ഒരു പ്രതീതിയാണ് കവി അനുവർത്തിച്ചതായി കാണാൻ കഴിഞ്ഞത്. പുതിയ കാല കവിതയുടെ ഫോർമാറ്റിൽ സ്വയം തിരുകി കയറ്റുമ്പോൾ ഉണ്ടാകുന്ന ഒരു തരം ആശയക്കുഴപ്പമാകാം കവിതയുടെ വായനയിൽ തടയുന്ന ഒരു പ്രശ്നം എന്നു കരുതുന്നു. എങ്കിൽപ്പോലും പുതുകാല കവിതയുടെ രചനാ സമ്പ്രദായങ്ങൾ കവിക്ക് നന്നായി ചേരുന്നുമുണ്ട്. കൂടുതൽ വായനകൾ ആവശ്യപ്പെടുന്ന കവിയാണ് കെ. ഗോപിനാഥൻ എന്നത് ഓർമ്മപ്പെടുത്തുന്ന 25 കവിതകൾ ആണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, February 21, 2019

സ്വപ്നത്തിലെ തണുത്ത സ്പർശം

സ്വപ്നത്തിലെ തണുത്ത സ്പർശം.
.........................................................

ആദിയുഗത്തിലെപ്പോഴോ ആകാം...
അല്ല,സമയകാലങ്ങൾക്കപ്പുറവുമാകാം.
രണ്ടിടത്ത് ...തികച്ചും അന്യരായ്
രണ്ടു പേരുണ്ടായിരുന്നുവത്രെ!

ചിലരവരെക്കുറിച്ചു പറയുമ്പോൾ
ആദവും ഹവ്വയുമെന്ന് വിളിച്ചു.
ചിലർക്കത് ഫോസിലുകൾ മാത്രവും.
പഴകിയ തലയോടുകൾക്ക് ശബ്ദമില്ലല്ലോ.

കാലമവരെ പേരുകൾ മാറി മാറി വിളിച്ചു.
കൃഷ്ണനും രാധയെന്നും
ജോഷ്വയും മറിയമെന്നും
ലൈലയും മജ്നുവെന്നും
മൊയ്തുവും കാഞ്ചന മാലയെന്നും
പേരുകൾ മാറി മാറി വന്നുകൊണ്ടിരുന്നു.
അല്ലല്ല രൂപം മാറിക്കൊണ്ടിരുന്നവർ.

അതിതീവ്രവേദനയുടെയീ തീരത്ത്,
എന്റെ പേരിനൊപ്പം നാളെയുടെ നാവിൽ
നിന്നെയും ചേർത്തു വയ്ക്കുമ്പോഴും
പ്രണയമെന്തേയിങ്ങനെ നോവായിരിക്കുന്നത്.?
ഒരുമിക്കപ്പെടാതെ പോകാൻ മാത്രം
എന്താകും പ്രണയം ചെയ്ത പാപം.?
....... ബിജു.ജി.നാഥ് വർക്കല

Wednesday, February 20, 2019

നിന്നെ വായിക്കുമ്പോഴൊക്കെ

നിന്നെ വായിക്കുമ്പോഴൊക്കെ .
................................
നിന്നെ വായിക്കുമ്പോഴൊക്കെ
സ്വാതന്ത്ര്യം കൊതിക്കുന്ന
പെണ്ണുടലിന്റെ കുതിപ്പ് ഞാനറിയാറുണ്ട്.
ഉടലിനെ മറക്കുവാനും
ഉലകത്തിൽ പറക്കുവാനും
വെമ്പൽ കൊള്ളുന്ന കിളിയെ കാണാറുണ്ട്.
പ്രണയത്തിന്റെ പച്ച ഞരമ്പു തെളിഞ്ഞ
മുലകളിലെ മാർദ്ദവം അറിയാറുണ്ട്.
ലെസ്ബിയൻ സ്നേഹത്തിന്റെ
വിരൽപ്പാടുകൾ നീലിച്ചു കിടക്കുന്ന
അടിവയർ ഓർക്കാറുണ്ട്.
വരികളിൽ ഊതനിറം നിഴലിച്ച
വ്യവസ്ഥിതികളോടുള്ള കലഹം അറിയാറുണ്ട്.
വീടിന്റെ അകത്തളങ്ങളിൽ
കടന്നു കയറുന്ന കള്ളിമുൾച്ചെടികൾ
മുള്ളിനാൽ കുത്തിനോവിക്കുന്നതും
തിരസ്കാരത്തിന്റെ ചാരം വീണ്
തഴമ്പിച്ച മനസ്സിലെ
വിഷാദ ഗസലുകളും കേൾക്കാറുണ്ട്.
നിന്നെ പ്രണയിക്കാതിരിക്കാൻ
കാരണങ്ങൾ തേടുകയാണിന്ന് ഞാൻ .
എങ്കിലും , നിന്നെ വായിക്കാതിരിക്കുന്നതെങ്ങനെ.!
..... ബിജു.ജി.നാഥ് വർക്കല

Tuesday, February 19, 2019

ചില പതിവു കാഴ്ചകൾ

ചില പതിവു കാഴ്ചകൾ
........................................
ഒരേ ബസിന് കൈകാണിക്കുമ്പോഴും
ഒരുമിച്ചു യാത്ര ചെയ്യാൻ മടിച്ച്
ഒരേ സ്റ്റോപ്പിൽ നില്ക്കുന്നതാകാമവർ.
അതോ... യാത്ര വേണ്ടന്ന ചിന്തയോ !

വേനലും മഴയും മാറിമാറി നനച്ചിട്ടും
വേണ്ടിനി യാത്രയെന്നോർത്തിട്ടോ?
യാത്ര തുടങ്ങിയാൽ കാത്തിരിക്കാവുന്ന
അപകടമതോർത്തിട്ടുമായിരിക്കാം.

തുടങ്ങാനെളുപ്പമായ യാത്രയിൽ, കൂടെ
കരുതേണ്ടതെന്തെന്നുള്ള ചിന്തയും,
വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നീടുന്ന
പൊരുളുകൾ തൻ ഭാരവും ഓർത്തിട്ടാകാം.

വെറുതെ കൈ കാട്ടുന്നുണ്ട് നിത്യവും
കയറാൻ ഒരേ വണ്ടിക്കവരെങ്കിലും.
തുടരാൻ മടിച്ചു കൊണ്ടവരെന്നുമേ
പിറകോട്ടടി വച്ചീടുന്നാ നിമിഷം തന്നെ.
...... ബിജു.ജി.നാഥ് വർക്കല

Friday, February 15, 2019

അനംഗരംഗ................. കല്യാണമല്ല

അനംഗ രംഗ
കല്യാണമല്ല
ലണ്ടൻ ആർക്കൈവ്സ് പി ഡി ഫ് കോപ്പി.

സമൂഹത്തിൽ, മനുഷ്യൻറെ ജീവിതത്തെക്കുറിച്ച്, അവൻ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി അവനെ പഠിപ്പിക്കുന്ന ഒരുപാട് പുസ്തകങ്ങൾ പണ്ടുകാലം മുതൽക്കുതന്നെ നമുക്ക് ലഭ്യമാണ് . എങ്ങനെ ജീവിക്കണം എന്നതിലേക്ക്, പരിഷ്കാരത്തിലേക്ക് നീങ്ങുന്ന ഒരു മനുഷ്യനെ അവബോധം നൽകുന്ന ഒരു കടമയായി അന്നത്തെ ചിന്തകരും എഴുത്തുകാരും കരുതിയിരുന്നു. ഇതാണ് ഒരുതരത്തിൽ പറഞ്ഞാൽ പല ഗ്രന്ഥങ്ങളുടെയും പിന്നിലുള്ള ചേതോവികാരം . ഇത്തരം പഠനങ്ങളും പഠന ഗ്രന്ഥങ്ങളും നമുക്ക് ഇന്ന് ഭാഗികമായും പൂർണമായും നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലെ  ഗ്രന്ഥശാലകളിലും ലഭ്യമാണ്. ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായിരുന്നു ആരോഗ്യവും പിന്നെ രതിയും. ഒരുപക്ഷേ പരിഷ്കൃത മനുഷ്യൻ ഏറ്റവും കൂടുതൽ തന്നെ ശ്രദ്ധപതിപ്പിച്ചത് സുഖലോലുപതയിൽ എങ്ങനെ ഏറ്റവുമധികം ആഹ്ലാദത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ആകണം. കാരണം ജീവിതമെന്നാൽ രതി ആണെന്നും രതി അല്ലാതെ ജീവിതം അപൂർണം ആണെന്നും വിശ്വസിച്ചിരുന്ന ഒരു ജനത ആകണം സൈന്ധവ നാഗരികതയുടെ  കീഴിലും ജീവിച്ചിരുന്നത്. ഇത് പറയുവാൻ കാരണം പ്രധാനപ്പെട്ട ലഭ്യമായ എല്ലാ ഗ്രന്ഥങ്ങളിലും മനുഷ്യജീവിതത്തിന് ആത്മീയ തലങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഗാർഹസ്ഥ്യം എന്ന വസ്തുത വളരെ പ്രാധാന്യം ആയിരുന്നതായും സമൂഹത്തിൽ രതിക്ക് വളരെയേറെ പ്രാധാന്യം ഉണ്ടാകുന്നതായും കാണാൻ കഴിയുന്നുണ്ട്. നമുക്ക് ലഭ്യമായ പുരാതന ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രബലമായ ഉപയോഗിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നത് ഗ്രന്ഥങ്ങളിൽ പ്രധാനം  കാമസൂത്രയെന്ന വാത്സ്യായന ഗ്രന്ഥമാണ്. കാമസൂത്ര എന്താണെന്ന് ചോദിച്ചാൽ എങ്ങനെ ഒക്കെ ഏതൊക്കെ രീതിയിൽ സ്ത്രീയുടെ പ്രായമനുസരിച്ച് ബന്ധപ്പെടാം എന്നുള്ള  വിവരണങ്ങളുടെ ശേഖരമാണ് പഠനമാണ് വാൽസ്യായനനാൽ എഴുതപ്പെട്ടു എന്നു കരുതുന്ന  കാമസൂത്രം.   ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്ന ഒന്നാണ് കോകശാസ്ത്രം എന്നും പറയാം ഇതുപോലെ അറേബ്യൻ സംസ്കാരത്തിൽ ഫോർബിഡൻ ലവ് എന്ന ഒരു ഗ്രന്ഥം പ്രചാരത്തിൽ ഉണ്ട് എന്നും കാണാം ഈ ഈ കൃതികൾ ഒക്കെതന്നെ എങ്ങനെ ലൈംഗികബന്ധം മെച്ചപ്പെടുത്താൻ, പുരുഷൻറെ കഴിവുകൾ എന്തൊക്കെയാണ് എന്നതിന് അക്കമിട്ട് നിരത്തുന്ന ഒരു ഗ്രന്ഥം അല്ലെങ്കിൽ ഒരു പഠനവിവരണ കുറിപ്പുകളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇതേപോലെതന്നെ  പതിനൊന്നാം നൂറ്റാണ്ടിൽ  എഴുതപ്പെട്ടതെന്നു കരുതുന്ന ഒരു ഗ്രന്ഥമാണ് "അനംഗരംഗ". കല്യാണമല്ല എന്ന എഴുത്തുകാരനാണ് ഇത് എഴുതിയത് എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വളരെയധികം വിവരങ്ങളൊന്നും ലഭ്യമല്ല തന്നെ എങ്കിലും അദ്ദേഹം ഈ പുസ്തകം എഴുതാനുള്ള കാരണമായി പറയുന്നത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹബന്ധങ്ങളുടെ വേർപിരിയലുകൾ കണ്ട് ലൈംഗിക അരാജകത്വം കണ്ട് അതിൽ നിന്നും സമൂഹത്തെ മാറ്റുവാൻ വേണ്ടി എഴുതിയ ഒരു ഗ്രന്ഥം എന്നാണ് ഈ പുസ്തകത്തിനെ കുറിച്ച് പറയുമ്പോൾ കേൾക്കുന്ന ഒരു പ്രധാന വസ്തുത. എന്താണ് അനംഗരംഗ നമുക്ക് പറഞ്ഞു തരുന്നത് എന്ന് നോക്കാം. സമൂഹത്തിൽ മനുഷ്യകുലത്തിൽ എത്രതരം സ്ത്രീകൾ എത്രതരം പുരുഷന്മാർ ഉണ്ട് എന്നും അവർ രൂപത്തിൽ പ്രകൃതത്തിൽ ആഹാരത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവരുടെ ശാരീരിക പ്രത്യേകതകൾ എന്തൊക്കെയാണ് ഏതൊക്കെ വർഗ്ഗത്തിലുള്ള പുരുഷന് ഏതൊക്കെ വർഗ്ഗത്തിലെ സ്ത്രീ വിവാഹത്തിന് അനുയോജ്യമാണെന്നും ഓരോ വർഗ്ഗത്തിലും ഉള്ള സ്ത്രീകളെയും എങ്ങനെയൊക്കെയാണ് ഭോഗിക്കേണ്ടത് എന്നും വളരെ വ്യക്തമായി കല്യാണമല്ല പറഞ്ഞുവയ്ക്കുന്നുണ്ട് . എങ്ങനെയൊക്കെ എവിടെയൊക്കെ സ്ത്രീ ശരീരത്തിൽ, രതിയിൽ നഖ, ദന്തക്ഷതങ്ങൾ ഏൽപ്പിക്കണം എങ്ങനെയൊക്കെ ഉമ്മ വെക്കണം എങ്ങനെയൊക്കെ ലൈംഗികബന്ധത്തിലേർപ്പെടണം എപ്പോഴൊക്കെ  ആകാം എന്നൊക്കെ  ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു . ഓരോ വർഗ്ഗത്തിലുള്ള പുരുഷനും അനുയോജ്യമായ സ്ത്രീവർഗ്ഗം ഏതാണെന്നും അവയെ എങ്ങനെ തിരിച്ചറിയുമെന്നും കല്യാണമല്ല പറയുമ്പോൾ, ജ്യോത്സ്യന്മാർ ജാതകം നോക്കുന്ന സമയത്ത് പൊരുത്തങ്ങളിൽ ചിലവ ഉത്തമം എന്ന് പറയുമ്പോൾ അവർ കുറിക്കുന്ന പലകാര്യങ്ങളും എങ്ങനെയാണ് കണക്കാക്കിഎഴുതുന്നത് എന്ന് ബോധ്യമാകുന്ന ഒരു സന്ദർഭം കൂടിയാണ്.  അതുപോലെ ലൈംഗിക ആരോഗ്യത്തിന് വേണ്ടി, കൂടുതൽ നേരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് വേണ്ടി, ശീഖ്രസ്കലനം തടയുന്നതിനുവേണ്ടി , യോനിയുടെ അയവ് മുറുക്കുന്നതിനുവേണ്ടി, ലിംഗത്തിന് വലുപ്പം കൂട്ടുന്നതിന് വേണ്ടി,  വേദനയറിയാതെ പ്രസവം, ഗർഭധാരണം തടയുന്നതിനുവേണ്ടി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ സാംസ്കാരിക തലത്തിൽ നിന്നുകൊണ്ട് ഒരു സമൂഹം എങ്ങനെയാണ് തങ്ങളുടെ ജീവിതത്തിൽ ഒരു ജീവിതക്രമം കൊണ്ടുവന്നതെന്നും, അവർ എങ്ങനെയാണ് തങ്ങളുടെ സാമൂഹിക സാമുദായിക സാംസ്കാരിക രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിച്ചതെന്നും ,അവരുടെ ലൈംഗിക ,കുടുംബജീവിതം എങ്ങനെയാണ് അവർ ഭദ്രമാക്കാൻ ശ്രമിച്ചിരുന്നത് എന്നും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഒരുപക്ഷേ പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും വളരെ ഉപയോഗപ്രദമായ അല്ലെങ്കിൽ അന്നത്തെ കാലാവസ്ഥയും അനുസരിച്ച് ഇവയൊക്കെ വളരെ പ്രധാനപ്പെട്ടതും വളരെ വിലപ്പെട്ടതും ആയിരുന്നിരിക്കാം ഈ അറിവുകൾ  എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് . എന്നാൽ ഇന്നത്തെ കാലാവസ്ഥയിൽ വായിക്കുമ്പോൾ നമുക്ക് ചിരിക്കാനുള്ള വക കൂടി ഇത് നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ. പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു വസ്തുത ഇതിൽ സ്ത്രീയെ വെറും ലൈംഗിക ഉപാധിയായി കാണുകയും അവളുടെ ശരീരത്തെ ഒരു ലൈംഗികതയ്ക്ക് വേണ്ടിയുള്ള വസ്തു മാത്രമായി കാണുകയും അതിനെ എങ്ങനെയൊക്കെ ഉപയോഗിക്കാം, എവിടെയൊക്കെ മർദ്ദനം നൽകാം, എവിടെയൊക്കെ നഖം കൊണ്ട് മുറിവേൽപ്പിക്കാൻ എങ്ങനെയൊക്കെ എന്നൊക്കെ പറയുമ്പോൾ ഇത് ഒരു സെക്സ് ടോയ് ഉപയോഗിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുക സ്വാഭാവികമാണ്. മനുഷ്യന്റെ ലൈംഗിക ഭാവനകളെ, പ്രത്യേകിച്ചും പുരുഷലൈംഗിക ഭാവനകളെ വളരെ മനോഹരമായി എഴുതാൻ കല്യാണമല്ല ശ്രമിച്ചിരുന്നു എന്നാണ് ഇതിൽനിന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ പുരുഷ കാമനകൾ ഇന്നത്തെ പുരുഷനുമായി ചേർത്തുവച്ച വായിക്കുമ്പോൾ പലതും, അല്ലെങ്കിൽ അവ പൂർണ്ണമായും ഇന്നും മാറാതെ നിൽക്കുന്ന പുരുഷനെ ചിന്തകളായി തന്നെ നിലനിൽക്കുന്നു എന്ന് കൂടി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാകണം നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ, വിവാഹമോചനങ്ങൾ, ലൈംഗിക ആക്രമണങ്ങൾ തുടങ്ങിയവ നമ്മൾ വായിക്കുകയോ അറിയപ്പെടുകയും ഒക്കെ ചെയ്യുന്നത് .ഇതിൽ പ്രതിപാദിപ്പിക്കുന്ന പല മരുന്നുകളും പല വാജീകരണ മരുന്നുകളും അതുപോലെതന്നെ ലേപനങ്ങളും ഒരുപക്ഷേ അന്ന് പ്രചാരത്തിലിരുന്ന  ജനതക്ക് വളരെ ഉപയോഗപ്രദമാകും എങ്കിലും ഇന്നത്തെ അവസ്ഥയിൽ  നമുക്ക് വ്യക്തമായി അതിന്റെ പാർശ്വഫലങ്ങളും മറ്റും നന്നായി അറിയാവുന്നത് കൊണ്ട് വളരെ പ്രാകൃതം എന്ന് നമുക്ക് തോന്നിയാൽ അദ്ഭുതപ്പെടേണ്ടതില്ല. ഉദാഹരണത്തിന് ഒരു പുരുഷൻ സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നതിനെ പറയുന്ന മാർഗ്ഗത്തിൽ  പറയുന്നത് മനുഷ്യൻറെ തലയോട്ടി എടുത്തത് ഭസ്മമാക്കി അതിനെ  കണ്ണിൽ കീഴ്പ്പോളയിൽ  ഏഴു ദിവസമോ 14 ദിവസമോ എഴുതിക്കഴിഞ്ഞാൽ സംഭവിക്കാവുന്നതാണ്. ഏതൊരു സ്ത്രീയും അവനെ നോക്കിയാൽ വശീകരിക്കപ്പെടുമെന്ന രീതിയിലുള്ള ഒരു ഉപദേശം അല്ലെങ്കില് ഒരു നിർദ്ദേശങ്ങളൊക്കെ നമുക്ക് ഒരു പക്ഷേ ഇപ്പോൾ ചിരിക്കാനുള്ള വഴി തരും എന്നുള്ള കാര്യത്തിൽ സംശയമേതുമില്ല. അതുപോലെ താമരത്തണ്ടും മൊട്ടും പാലിൽ ചതച്ചുരുട്ടി അത് യോനിയിൽ ഒരു നിശ്ചിത കാലത്തോളം  വയ്ക്കുകയാണെങ്കിൽ കന്യകയെപ്പോൽ മുറുക്കം ഉള്ളതാകും തുടങ്ങിയ ധാരണകൾ ഒക്കെ ഒരു സമൂഹത്തിന്റെ , ഒരു കാലഘട്ടത്തിലെ ലൈംഗിക മനോഭാവവും ചിന്തകളും,  നിലനിന്ന ആചാരാനുഷ്ഠാനങ്ങളും എന്താണ് എന്ന് മനസ്സിലാക്കാൻ, ഉപയോഗിക്കാവുന്ന വായിക്കാവുന്ന ഒരു പുസ്തകമായി മാത്രം ഇതിനെ കാണാനാണ് എനിക്ക് തോന്നുന്നത്. കാരണം  കാമസൂത്ര പോലുള്ള ഗ്രന്ഥങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ ശരിക്കും പറഞ്ഞാൽ ഒരു വേശ്യാലയത്തിലേക്ക് യാത്രയാകുന്ന  ഒരു പുരുഷനെ എങ്ങനെയൊക്കെ ഒരു സ്ത്രീയെ സമീപിക്കണം / ഭോഗിക്കണം എന്നുള്ള സ്റ്റഡി ക്ലാസ് എടുക്കും പോലെ തോന്നിക്കുന്നുണ്ട് . ഇത്തരം സ്റ്റഡി ക്ലാസുകൾ ലൈംഗിക ആരോഗ്യവും സമൂഹത്തിൽ ലൈംഗിക അരാജകത്വങ്ങൾ മാറിനിൽക്കാനുള്ളതായും സഹായകമാകുമെന്ന് ഒരിക്കലും കരുതാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പ്രധാനസംഗതി പെൺശരീരമെന്നത് രതിക്ക് വേണ്ടിയുള്ള ഒരു വസ്തു മാത്രമാണ് എന്ന കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിനൊരു ബദലായി  കെ.ആർ ഇന്ദിര സ്ത്രൈണ കാമസൂത്രം എഴുതിയിട്ടുള്ളത്  നമുക്ക് സ്വന്തമാണ് എന്ന് പറയാമെങ്കിലും അത് ഒരു സ്ത്രീ പക്ഷത്തുനിന്നുള്ള ദുർബലവും ഏകപക്ഷീയവുമായ ഒരു പ്രതിരോധം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഈ സമൂഹം മാറുവാൻ ശരിക്കും നല്ല ഒരു ലൈംഗിക അവബോധമുള്ള ജനത ഉണ്ടാകേണ്ടിയിരിക്കുന്നു സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് നാം പറയുന്നതോടൊപ്പം തന്നെ അവർക്ക് സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യത്തെയും അതിൻറെ ആവശ്യകതയും കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീ ശരീരം എന്നത് പുരുഷന് ഉപയോഗിക്കാൻ വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന ഒരു സംഗതിയാണ് എന്ന ഒരു നിലയിലേക്ക് പുരുഷ കാഴ്ചപ്പാടുകളെ കേന്ദ്രീകരിച്ചു വിടുന്ന , വഴിതിരിച്ചുവിടുന്ന സമൂഹ നിർമിതി അവസാനിക്കുകയും സ്ത്രീ ശരീരം പുരുഷ ശരീരം പോലെ തന്നെ ഒരു ജൈവഘടന മാത്രമാണ് എന്നും അത്   പുരുഷന് രതി കാമനകൾക്ക് വേണ്ടി മാത്രം നിർമിച്ച ഒരു സംഗതി അല്ല എന്നും, അത് രൂപപ്പെട്ടുവന്നത് സമൂഹത്തിലുള്ള അതിജീവനത്തിന്റെ പരിണാമത്തിന്റെ ഭാഗമായാണ് എന്നും, കുട്ടികളെ സൃഷ്ടിക്കുക എന്നുളളത് സ്ത്രീശരീരത്തിലെ ഒരു പ്രത്യേകതയാണ് എന്നുള്ളതുമവനെ മനസ്സിലാക്കിക്കണം.  അതുപോലെ തന്നെയാണ് നമ്മുടെ കുടുംബങ്ങളിൽ നാം കുട്ടികളെ പഠിപ്പിക്കുന്നത് നിൻറെ അമ്മ  അനുജത്തി ,  മകൾ , ഭാര്യ, സഹോദരി  അതിനപ്പുറത്തേക്കുള്ള എല്ലാവരുംതന്നെ  സാധാരണക്കാരാണ് എന്നുമുള്ള രീതിയാണ്. പുരുഷൻ എപ്പോഴും വീടിനുപുറത്തുള്ള ഏതൊരു സ്ത്രീയെയും ലൈംഗികമായി ബന്ധപ്പെടാൻ ആക്രമിക്കാനോ കടന്നുകയറ്റത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായ ഈ ഒരു ചിന്ത മാറ്റുകയും പുരുഷനും സ്ത്രീയും സമരമാണെന്നും അവർക്ക് തമ്മിൽ യാതൊരു പ്രത്യേകതകളും വ്യത്യസ്തതകളും ഇല്ല എന്നും സമൂഹ നിർമ്മിതിക്ക് രണ്ടുപേരും ഒരുപോലെ ആവശ്യമാണെന്നും  എൻറെ വീട്ടിൽ എന്നുള്ളതല്ല പുറത്ത് ഉള്ളതായാലും സ്ത്രീകളെല്ലാവരും  ഒരുപോലെതന്നെയെന്നും  അവരെ മാനിക്കണമെന്നും അവരുടെ സമ്മതമില്ലാതെയോ അവരുടെ കൂടെ താൽപര്യമില്ലാതെ അവരുമായി യാതൊരു വിധത്തിലുള്ള കടന്നുകയറ്റത്തിനു മുതിരുവാൻ വേണ്ടിയുള്ളതല്ല എന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തിൽ പ്രത്യേകിച്ച് പുരുഷന്മാരിൽ വളർത്തിയെടുക്കേണ്ടത് ഒരു സാമൂഹ്യ ഘടനയുടെ നിർമ്മിതിക്ക്, പുരോഗതിക്ക് ആവശ്യമാണ്  എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു . ഇത്തരം ചിന്തകളെ ഇത്തരം വായനകൾ സഹായിക്കുമെന്ന് പ്രതീക്ഷയോടെ ആശംസകളോടെ ബി.ജി.എൻ വർക്കല