Friday, February 22, 2019

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്............ കെ.ഗോപിനാഥൻ

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര് (കവിത)
കെ.ഗോപിനാഥൻ
കൈരളി ബുക്സ്
വില: 80 രൂപ

കവിതകളുടെ വസന്തകാലമായിരുന്നു 80കൾ എന്നു പറയാം. അന്നത്തെ കവിതകൾക്ക് ഹൃദയത്തെ ത്രസിപ്പിക്കാൻ കഴിഞ്ഞിരുന്നു. കാലത്തിന്റെ സ്പന്ദനം പോലെ കവിത ആർത്തലച്ചു പെയ്ത കലാലയങ്ങൾ. വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ. എല്ലാം എവിടെയൊ നഷ്ടമായി. വിപ്ലവം കാടു കയറി. സൈബർ യുഗത്തിൽ യുവതയുടെ ആഹാരം സോഷ്യൽ മീഡിയ മാത്രമായി. എന്തിലും പ്രതികരണത്തിന്റെ തീക്ഷ്ണമുഖങ്ങൾ പ്രദർശിപ്പിക്കുന്ന  ഏട്ടിലെ പശുക്കൾ. ഫലമോ ഒരു തെരുവും കത്തിയില്ല. ഒരിടത്തുമൊരു വിപ്ലവം ജനിച്ചില്ല. ഫാസിസമെന്ന ചിന്തയെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന കാലത്തിലാണ് ഇന്ന് നാം സഞ്ചരിക്കുന്നത്. കവിത ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോയിരിക്കുന്നു. ചോര തുടിക്കും ചെറുനാമ്പുകൾ ഇന്ന് പതാകകൾ ഏറ്റുവാങ്ങാനില്ല. കൊട്ടേഷൻ ടീമുകൾ വെട്ടിയരിയുന്ന മുഖമില്ലാത്ത ചെറുപ്പക്കാർ . തലച്ചോർ ചിതറിക്കിടക്കുന്ന യുവത. വാരിയെല്ലുകൾ തുളച്ചു കയറുന്ന അതിനൂതന കഠാരകൾ....പ്രതികരണം വെറും വാക്കാണിന്ന്. ആചാരങ്ങൾക്കും ദേശീയതക്കും മാത്രമാണിന്ന് മാർക്കറ്റുള്ളത്. ഈ രണഭൂമിയിൽ നിന്നു കൊണ്ടു കവിത ആസ്വദിക്കുന്നതും എഴുതുന്നതും എത്ര ദുഷ്കരമെന്നു ചിന്തിക്കുന്ന സാംസ്കാരിക ലോകം ! ന്യൂനപക്ഷ പ്രീണനം , ദളിത് പ്രീണനം എന്നീ രണ്ടു സമവാക്യങ്ങളിൽ ഒതുങ്ങിപ്പോകുന്നു ആധുനികതയിൽ സാംസ്കാരിക നേതാക്കൾ. എഴുതാൻ നിറയെ വിഷയങ്ങൾ ഒക്കെയും കണ്ണീരു കൊണ്ടഴിച്ചമ്മമാർ ചുറ്റിനും.

" കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര് " എന്ന കവിതാ സമാഹാരം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ ഉയർന്ന വികാരം ഈ ചടുല ലോകത്തിന്റെ സ്പന്ദനങ്ങളെ തൊട്ടുതലോടുന്ന എന്തു പ്രത്യേകതയാകും കെ.ഗോപിനാഥൻ എന്ന പ്രവാസിയായ കവിക്കുണ്ടാകുക എന്നായിരുന്നു. വായനയിലേക്ക് കടന്നപ്പോൾ ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരികയാണ് ആദ്യം മുന്നിൽ വന്നത്. കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ എല്ലാ ധാരണകളെയും മാറ്റിമറിച്ചു കൊണ്ട് ചുട്ടുപൊള്ളുന്ന മണൽക്കാറ്റിൽ നിന്നും നേരെ പാലക്കാടിന്റെ പിശറൻ കാറ്റും തണുപ്പും അനുഭവിച്ചു തുടങ്ങി. കോരപ്പനാൽ എന്ന ആൽമരവും, പൂന്താനവും ,ചേർപ്പുളശ്ശേരിയും, ശങ്കരനായാടിയും, കിട്ടുണ്ണിയുമൊക്കെ മുന്നിൽ വന്നു നിൽക്കുകയും സംവദിക്കുകയും ചെയ്യുന്നത് അനുഭവിച്ചു. മുറ്റത്തെ കിണറും, പടിപ്പുരയും ഒക്കെ കൺമുന്നിൽ കാണാനായി.. 'എന്നും രാവിലെ ചിരിച്ചു കൊണ്ട് സൂര്യനെ നമസ്കരിക്കുന്ന ആദ്യത്തെ ആൾ പൂമുഖം ' ഓർമ്മയിൽ ഗ്രാമീണതയുടെ വിവിധ മുഖങ്ങൾ കാട്ടിത്തന്നു.

ഈ കവിതകൾ ഒക്കെ ഗ്രാമീണതയുടെ സ്നേഹ സന്ത്രാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഇതിലൂടെ പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങളെ വായിക്കാം. കാലം നല്കിയ മാറ്റങ്ങൾ അറിയാം. തലമുറയുടെ നഷ്ടങ്ങളും കാഴ്ചപ്പാടുകളും അറിയാം. ജീവിതത്തിന്റെ പല ഘട്ടങ്ങളെ മനസ്സിലാക്കാം . നെടുവീർപ്പുകൾ നിറഞ്ഞ ജീവിതത്തെ , പ്രണയത്തെ , ജീവിത സമരങ്ങളെ, കുതിപ്പും കിതപ്പും നിറഞ്ഞ വീടകത്തെ ഒക്കെയും കവി വരച്ചിടുന്നു. സ്വകീയമായ ഒരു രചനയായി നിൽക്കുമ്പോഴും അതിൽ ഒരു സാർവജനീകമായ പൊതുജീവിതത്തെ വായിക്കാൻ കഴിയുന്നുണ്ട്. പ്രകൃതിയുടെ രമണീയതയെ നേരിട്ടനുഭവിപ്പിക്കാൻ കവിക്കു സാധിച്ചു.

അനാവശ്യമായ കോമകളിലൂടെയും അക്ഷരത്തെറ്റുകളിലൂടെയും എഡിറ്റർ നിരാശപ്പെടുത്തിയ ഒരു ദുരനുഭവം ഈ പുസ്തകവും നൽകുന്നുണ്ട്. ചിത്രങ്ങൾ വരക്കുമ്പോൾ അടയാളങ്ങൾ മാത്രം ചെയ്യുമ്പോലെ കവിതയുടെ വരികൾ പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങളായോ വരികൾ ആയോ മാറി നിൽക്കുന്ന ഒരു പ്രതീതിയാണ് കവി അനുവർത്തിച്ചതായി കാണാൻ കഴിഞ്ഞത്. പുതിയ കാല കവിതയുടെ ഫോർമാറ്റിൽ സ്വയം തിരുകി കയറ്റുമ്പോൾ ഉണ്ടാകുന്ന ഒരു തരം ആശയക്കുഴപ്പമാകാം കവിതയുടെ വായനയിൽ തടയുന്ന ഒരു പ്രശ്നം എന്നു കരുതുന്നു. എങ്കിൽപ്പോലും പുതുകാല കവിതയുടെ രചനാ സമ്പ്രദായങ്ങൾ കവിക്ക് നന്നായി ചേരുന്നുമുണ്ട്. കൂടുതൽ വായനകൾ ആവശ്യപ്പെടുന്ന കവിയാണ് കെ. ഗോപിനാഥൻ എന്നത് ഓർമ്മപ്പെടുത്തുന്ന 25 കവിതകൾ ആണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment