Monday, February 25, 2019

അതിരുകൾ നഷ്ടമായൊരുടലാണ് നീ.

അതിരുകൾ നഷ്ടമായൊരുടലാണ് നീ.
...............................................................

അതിരുകൾ ഉറപ്പില്ലാത്തൊരുടലാണ് നീ !
വിടർന്നു പരന്നങ്ങനെ കിടക്കുമ്പോഴും
പരാധീനതകൾ പേറുന്നവൾ
നിനക്കതിരുകൾ വേദന മാത്രമാണ്.

ചവിട്ടി നിൽക്കുന്ന മണ്ണ് കടലെടുക്കുമ്പോഴും
അടിക്കാടുകൾ തരിശുനിലമാകുമ്പോഴും
ഉറച്ചു നില്ക്കാൻ കഴിയാതെ വിങ്ങുന്ന
ഉടലുമായ് നീ പരിഭ്രമിക്കുന്നതും

നോവുപടരുമടിവയർ തന്നിലെ
കാലമടയാളപ്പെടുത്തും വരകളിൽ
ഉഷ്ണപ്പെരുക്കങ്ങൾ മറച്ചു വയ്ക്കുന്നൊരു
ചിത്രവർണ്ണ പരവതാനി നീയല്ലോ.

നീണ്ടു പരന്ന നാഭിതൻ ഓരങ്ങളിൽ
വീണടിയും മേദസ്സ് കാൺകിലും
കാൽനടയായി നീങ്ങുമാ മക്കൾ
തൻ പാദങ്ങൾക്ക് പൂമെത്തയാകുന്നതും.

വിണ്ടു കീറും മുലക്കണ്ണുകൾ വേദന
തന്നു നിന്നെ അലട്ടുന്നതും
വിടർന്ന നിൻ വിരലുകളൊക്കെയും
അടർന്നു പോകുന്നതോർത്തു വിതുമ്പുന്നു.

ഒന്നുറങ്ങാൻ കഴിയാതെ നീ എന്നും
കണ്ണു ചിമ്മിക്കിടക്കുന്നു, പിടയുന്നു
പേനരിച്ചു നടക്കുന്ന കേശത്തെ
കോതിയൊന്നൊതുക്കുവാൻ കഴിയാതെ.

നിന്റെ രൂപം മനോഹരമെന്നതും
നിന്റെ ദേഹം സമൃദ്ധമാണെന്നതും
കണ്ടു നിന്നെ പരിണയിച്ചീടുവാൻ
വന്നതെത്രപരദേശി പരിഷകൾ.

കണ്ടമാത്രയിൽ ബലാൽഭോഗം ചെയ്തും
അനുനയത്തിൽ പ്രണയം നടിച്ചുമേ
നിന്റെയുദരത്തിൽ ഉരുവാക്കിയെത്രയോ
പാപപങ്കിലസന്താനങ്ങളെ സന്ദർശകർ.

കൊന്നൊടുക്കി നിൻ തനയരെ പിന്നവർ.
കീഴടക്കിയവരെ ഭരിച്ചവർ
തന്നു നിന്റെ ഉടലിൽ മുറിവുകൾ
ചോര കണ്ടൂ ആമോദം കൊള്ളുന്നു.

നീ കിടപ്പൂ അലസം നിർലജ്ജം
നഗ്നയായീ മുറിവുകൾ പേറിയിങ്ങനെ.
നിന്നെ നോക്കി കണ്ണീർ തൂകുന്നു, പിന്നെ
കവിതയാൽ നിന്നെ വരയുവാൻ ഞങ്ങളും.
.........ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment