Friday, February 15, 2019

അനംഗരംഗ................. കല്യാണമല്ല

അനംഗ രംഗ
കല്യാണമല്ല
ലണ്ടൻ ആർക്കൈവ്സ് പി ഡി ഫ് കോപ്പി.

സമൂഹത്തിൽ, മനുഷ്യൻറെ ജീവിതത്തെക്കുറിച്ച്, അവൻ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി അവനെ പഠിപ്പിക്കുന്ന ഒരുപാട് പുസ്തകങ്ങൾ പണ്ടുകാലം മുതൽക്കുതന്നെ നമുക്ക് ലഭ്യമാണ് . എങ്ങനെ ജീവിക്കണം എന്നതിലേക്ക്, പരിഷ്കാരത്തിലേക്ക് നീങ്ങുന്ന ഒരു മനുഷ്യനെ അവബോധം നൽകുന്ന ഒരു കടമയായി അന്നത്തെ ചിന്തകരും എഴുത്തുകാരും കരുതിയിരുന്നു. ഇതാണ് ഒരുതരത്തിൽ പറഞ്ഞാൽ പല ഗ്രന്ഥങ്ങളുടെയും പിന്നിലുള്ള ചേതോവികാരം . ഇത്തരം പഠനങ്ങളും പഠന ഗ്രന്ഥങ്ങളും നമുക്ക് ഇന്ന് ഭാഗികമായും പൂർണമായും നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലെ  ഗ്രന്ഥശാലകളിലും ലഭ്യമാണ്. ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായിരുന്നു ആരോഗ്യവും പിന്നെ രതിയും. ഒരുപക്ഷേ പരിഷ്കൃത മനുഷ്യൻ ഏറ്റവും കൂടുതൽ തന്നെ ശ്രദ്ധപതിപ്പിച്ചത് സുഖലോലുപതയിൽ എങ്ങനെ ഏറ്റവുമധികം ആഹ്ലാദത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ആകണം. കാരണം ജീവിതമെന്നാൽ രതി ആണെന്നും രതി അല്ലാതെ ജീവിതം അപൂർണം ആണെന്നും വിശ്വസിച്ചിരുന്ന ഒരു ജനത ആകണം സൈന്ധവ നാഗരികതയുടെ  കീഴിലും ജീവിച്ചിരുന്നത്. ഇത് പറയുവാൻ കാരണം പ്രധാനപ്പെട്ട ലഭ്യമായ എല്ലാ ഗ്രന്ഥങ്ങളിലും മനുഷ്യജീവിതത്തിന് ആത്മീയ തലങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഗാർഹസ്ഥ്യം എന്ന വസ്തുത വളരെ പ്രാധാന്യം ആയിരുന്നതായും സമൂഹത്തിൽ രതിക്ക് വളരെയേറെ പ്രാധാന്യം ഉണ്ടാകുന്നതായും കാണാൻ കഴിയുന്നുണ്ട്. നമുക്ക് ലഭ്യമായ പുരാതന ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രബലമായ ഉപയോഗിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നത് ഗ്രന്ഥങ്ങളിൽ പ്രധാനം  കാമസൂത്രയെന്ന വാത്സ്യായന ഗ്രന്ഥമാണ്. കാമസൂത്ര എന്താണെന്ന് ചോദിച്ചാൽ എങ്ങനെ ഒക്കെ ഏതൊക്കെ രീതിയിൽ സ്ത്രീയുടെ പ്രായമനുസരിച്ച് ബന്ധപ്പെടാം എന്നുള്ള  വിവരണങ്ങളുടെ ശേഖരമാണ് പഠനമാണ് വാൽസ്യായനനാൽ എഴുതപ്പെട്ടു എന്നു കരുതുന്ന  കാമസൂത്രം.   ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്ന ഒന്നാണ് കോകശാസ്ത്രം എന്നും പറയാം ഇതുപോലെ അറേബ്യൻ സംസ്കാരത്തിൽ ഫോർബിഡൻ ലവ് എന്ന ഒരു ഗ്രന്ഥം പ്രചാരത്തിൽ ഉണ്ട് എന്നും കാണാം ഈ ഈ കൃതികൾ ഒക്കെതന്നെ എങ്ങനെ ലൈംഗികബന്ധം മെച്ചപ്പെടുത്താൻ, പുരുഷൻറെ കഴിവുകൾ എന്തൊക്കെയാണ് എന്നതിന് അക്കമിട്ട് നിരത്തുന്ന ഒരു ഗ്രന്ഥം അല്ലെങ്കിൽ ഒരു പഠനവിവരണ കുറിപ്പുകളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇതേപോലെതന്നെ  പതിനൊന്നാം നൂറ്റാണ്ടിൽ  എഴുതപ്പെട്ടതെന്നു കരുതുന്ന ഒരു ഗ്രന്ഥമാണ് "അനംഗരംഗ". കല്യാണമല്ല എന്ന എഴുത്തുകാരനാണ് ഇത് എഴുതിയത് എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വളരെയധികം വിവരങ്ങളൊന്നും ലഭ്യമല്ല തന്നെ എങ്കിലും അദ്ദേഹം ഈ പുസ്തകം എഴുതാനുള്ള കാരണമായി പറയുന്നത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹബന്ധങ്ങളുടെ വേർപിരിയലുകൾ കണ്ട് ലൈംഗിക അരാജകത്വം കണ്ട് അതിൽ നിന്നും സമൂഹത്തെ മാറ്റുവാൻ വേണ്ടി എഴുതിയ ഒരു ഗ്രന്ഥം എന്നാണ് ഈ പുസ്തകത്തിനെ കുറിച്ച് പറയുമ്പോൾ കേൾക്കുന്ന ഒരു പ്രധാന വസ്തുത. എന്താണ് അനംഗരംഗ നമുക്ക് പറഞ്ഞു തരുന്നത് എന്ന് നോക്കാം. സമൂഹത്തിൽ മനുഷ്യകുലത്തിൽ എത്രതരം സ്ത്രീകൾ എത്രതരം പുരുഷന്മാർ ഉണ്ട് എന്നും അവർ രൂപത്തിൽ പ്രകൃതത്തിൽ ആഹാരത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവരുടെ ശാരീരിക പ്രത്യേകതകൾ എന്തൊക്കെയാണ് ഏതൊക്കെ വർഗ്ഗത്തിലുള്ള പുരുഷന് ഏതൊക്കെ വർഗ്ഗത്തിലെ സ്ത്രീ വിവാഹത്തിന് അനുയോജ്യമാണെന്നും ഓരോ വർഗ്ഗത്തിലും ഉള്ള സ്ത്രീകളെയും എങ്ങനെയൊക്കെയാണ് ഭോഗിക്കേണ്ടത് എന്നും വളരെ വ്യക്തമായി കല്യാണമല്ല പറഞ്ഞുവയ്ക്കുന്നുണ്ട് . എങ്ങനെയൊക്കെ എവിടെയൊക്കെ സ്ത്രീ ശരീരത്തിൽ, രതിയിൽ നഖ, ദന്തക്ഷതങ്ങൾ ഏൽപ്പിക്കണം എങ്ങനെയൊക്കെ ഉമ്മ വെക്കണം എങ്ങനെയൊക്കെ ലൈംഗികബന്ധത്തിലേർപ്പെടണം എപ്പോഴൊക്കെ  ആകാം എന്നൊക്കെ  ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു . ഓരോ വർഗ്ഗത്തിലുള്ള പുരുഷനും അനുയോജ്യമായ സ്ത്രീവർഗ്ഗം ഏതാണെന്നും അവയെ എങ്ങനെ തിരിച്ചറിയുമെന്നും കല്യാണമല്ല പറയുമ്പോൾ, ജ്യോത്സ്യന്മാർ ജാതകം നോക്കുന്ന സമയത്ത് പൊരുത്തങ്ങളിൽ ചിലവ ഉത്തമം എന്ന് പറയുമ്പോൾ അവർ കുറിക്കുന്ന പലകാര്യങ്ങളും എങ്ങനെയാണ് കണക്കാക്കിഎഴുതുന്നത് എന്ന് ബോധ്യമാകുന്ന ഒരു സന്ദർഭം കൂടിയാണ്.  അതുപോലെ ലൈംഗിക ആരോഗ്യത്തിന് വേണ്ടി, കൂടുതൽ നേരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് വേണ്ടി, ശീഖ്രസ്കലനം തടയുന്നതിനുവേണ്ടി , യോനിയുടെ അയവ് മുറുക്കുന്നതിനുവേണ്ടി, ലിംഗത്തിന് വലുപ്പം കൂട്ടുന്നതിന് വേണ്ടി,  വേദനയറിയാതെ പ്രസവം, ഗർഭധാരണം തടയുന്നതിനുവേണ്ടി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ സാംസ്കാരിക തലത്തിൽ നിന്നുകൊണ്ട് ഒരു സമൂഹം എങ്ങനെയാണ് തങ്ങളുടെ ജീവിതത്തിൽ ഒരു ജീവിതക്രമം കൊണ്ടുവന്നതെന്നും, അവർ എങ്ങനെയാണ് തങ്ങളുടെ സാമൂഹിക സാമുദായിക സാംസ്കാരിക രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിച്ചതെന്നും ,അവരുടെ ലൈംഗിക ,കുടുംബജീവിതം എങ്ങനെയാണ് അവർ ഭദ്രമാക്കാൻ ശ്രമിച്ചിരുന്നത് എന്നും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഒരുപക്ഷേ പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും വളരെ ഉപയോഗപ്രദമായ അല്ലെങ്കിൽ അന്നത്തെ കാലാവസ്ഥയും അനുസരിച്ച് ഇവയൊക്കെ വളരെ പ്രധാനപ്പെട്ടതും വളരെ വിലപ്പെട്ടതും ആയിരുന്നിരിക്കാം ഈ അറിവുകൾ  എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് . എന്നാൽ ഇന്നത്തെ കാലാവസ്ഥയിൽ വായിക്കുമ്പോൾ നമുക്ക് ചിരിക്കാനുള്ള വക കൂടി ഇത് നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ. പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു വസ്തുത ഇതിൽ സ്ത്രീയെ വെറും ലൈംഗിക ഉപാധിയായി കാണുകയും അവളുടെ ശരീരത്തെ ഒരു ലൈംഗികതയ്ക്ക് വേണ്ടിയുള്ള വസ്തു മാത്രമായി കാണുകയും അതിനെ എങ്ങനെയൊക്കെ ഉപയോഗിക്കാം, എവിടെയൊക്കെ മർദ്ദനം നൽകാം, എവിടെയൊക്കെ നഖം കൊണ്ട് മുറിവേൽപ്പിക്കാൻ എങ്ങനെയൊക്കെ എന്നൊക്കെ പറയുമ്പോൾ ഇത് ഒരു സെക്സ് ടോയ് ഉപയോഗിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുക സ്വാഭാവികമാണ്. മനുഷ്യന്റെ ലൈംഗിക ഭാവനകളെ, പ്രത്യേകിച്ചും പുരുഷലൈംഗിക ഭാവനകളെ വളരെ മനോഹരമായി എഴുതാൻ കല്യാണമല്ല ശ്രമിച്ചിരുന്നു എന്നാണ് ഇതിൽനിന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ പുരുഷ കാമനകൾ ഇന്നത്തെ പുരുഷനുമായി ചേർത്തുവച്ച വായിക്കുമ്പോൾ പലതും, അല്ലെങ്കിൽ അവ പൂർണ്ണമായും ഇന്നും മാറാതെ നിൽക്കുന്ന പുരുഷനെ ചിന്തകളായി തന്നെ നിലനിൽക്കുന്നു എന്ന് കൂടി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാകണം നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ, വിവാഹമോചനങ്ങൾ, ലൈംഗിക ആക്രമണങ്ങൾ തുടങ്ങിയവ നമ്മൾ വായിക്കുകയോ അറിയപ്പെടുകയും ഒക്കെ ചെയ്യുന്നത് .ഇതിൽ പ്രതിപാദിപ്പിക്കുന്ന പല മരുന്നുകളും പല വാജീകരണ മരുന്നുകളും അതുപോലെതന്നെ ലേപനങ്ങളും ഒരുപക്ഷേ അന്ന് പ്രചാരത്തിലിരുന്ന  ജനതക്ക് വളരെ ഉപയോഗപ്രദമാകും എങ്കിലും ഇന്നത്തെ അവസ്ഥയിൽ  നമുക്ക് വ്യക്തമായി അതിന്റെ പാർശ്വഫലങ്ങളും മറ്റും നന്നായി അറിയാവുന്നത് കൊണ്ട് വളരെ പ്രാകൃതം എന്ന് നമുക്ക് തോന്നിയാൽ അദ്ഭുതപ്പെടേണ്ടതില്ല. ഉദാഹരണത്തിന് ഒരു പുരുഷൻ സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നതിനെ പറയുന്ന മാർഗ്ഗത്തിൽ  പറയുന്നത് മനുഷ്യൻറെ തലയോട്ടി എടുത്തത് ഭസ്മമാക്കി അതിനെ  കണ്ണിൽ കീഴ്പ്പോളയിൽ  ഏഴു ദിവസമോ 14 ദിവസമോ എഴുതിക്കഴിഞ്ഞാൽ സംഭവിക്കാവുന്നതാണ്. ഏതൊരു സ്ത്രീയും അവനെ നോക്കിയാൽ വശീകരിക്കപ്പെടുമെന്ന രീതിയിലുള്ള ഒരു ഉപദേശം അല്ലെങ്കില് ഒരു നിർദ്ദേശങ്ങളൊക്കെ നമുക്ക് ഒരു പക്ഷേ ഇപ്പോൾ ചിരിക്കാനുള്ള വഴി തരും എന്നുള്ള കാര്യത്തിൽ സംശയമേതുമില്ല. അതുപോലെ താമരത്തണ്ടും മൊട്ടും പാലിൽ ചതച്ചുരുട്ടി അത് യോനിയിൽ ഒരു നിശ്ചിത കാലത്തോളം  വയ്ക്കുകയാണെങ്കിൽ കന്യകയെപ്പോൽ മുറുക്കം ഉള്ളതാകും തുടങ്ങിയ ധാരണകൾ ഒക്കെ ഒരു സമൂഹത്തിന്റെ , ഒരു കാലഘട്ടത്തിലെ ലൈംഗിക മനോഭാവവും ചിന്തകളും,  നിലനിന്ന ആചാരാനുഷ്ഠാനങ്ങളും എന്താണ് എന്ന് മനസ്സിലാക്കാൻ, ഉപയോഗിക്കാവുന്ന വായിക്കാവുന്ന ഒരു പുസ്തകമായി മാത്രം ഇതിനെ കാണാനാണ് എനിക്ക് തോന്നുന്നത്. കാരണം  കാമസൂത്ര പോലുള്ള ഗ്രന്ഥങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ ശരിക്കും പറഞ്ഞാൽ ഒരു വേശ്യാലയത്തിലേക്ക് യാത്രയാകുന്ന  ഒരു പുരുഷനെ എങ്ങനെയൊക്കെ ഒരു സ്ത്രീയെ സമീപിക്കണം / ഭോഗിക്കണം എന്നുള്ള സ്റ്റഡി ക്ലാസ് എടുക്കും പോലെ തോന്നിക്കുന്നുണ്ട് . ഇത്തരം സ്റ്റഡി ക്ലാസുകൾ ലൈംഗിക ആരോഗ്യവും സമൂഹത്തിൽ ലൈംഗിക അരാജകത്വങ്ങൾ മാറിനിൽക്കാനുള്ളതായും സഹായകമാകുമെന്ന് ഒരിക്കലും കരുതാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പ്രധാനസംഗതി പെൺശരീരമെന്നത് രതിക്ക് വേണ്ടിയുള്ള ഒരു വസ്തു മാത്രമാണ് എന്ന കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിനൊരു ബദലായി  കെ.ആർ ഇന്ദിര സ്ത്രൈണ കാമസൂത്രം എഴുതിയിട്ടുള്ളത്  നമുക്ക് സ്വന്തമാണ് എന്ന് പറയാമെങ്കിലും അത് ഒരു സ്ത്രീ പക്ഷത്തുനിന്നുള്ള ദുർബലവും ഏകപക്ഷീയവുമായ ഒരു പ്രതിരോധം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഈ സമൂഹം മാറുവാൻ ശരിക്കും നല്ല ഒരു ലൈംഗിക അവബോധമുള്ള ജനത ഉണ്ടാകേണ്ടിയിരിക്കുന്നു സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് നാം പറയുന്നതോടൊപ്പം തന്നെ അവർക്ക് സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യത്തെയും അതിൻറെ ആവശ്യകതയും കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീ ശരീരം എന്നത് പുരുഷന് ഉപയോഗിക്കാൻ വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന ഒരു സംഗതിയാണ് എന്ന ഒരു നിലയിലേക്ക് പുരുഷ കാഴ്ചപ്പാടുകളെ കേന്ദ്രീകരിച്ചു വിടുന്ന , വഴിതിരിച്ചുവിടുന്ന സമൂഹ നിർമിതി അവസാനിക്കുകയും സ്ത്രീ ശരീരം പുരുഷ ശരീരം പോലെ തന്നെ ഒരു ജൈവഘടന മാത്രമാണ് എന്നും അത്   പുരുഷന് രതി കാമനകൾക്ക് വേണ്ടി മാത്രം നിർമിച്ച ഒരു സംഗതി അല്ല എന്നും, അത് രൂപപ്പെട്ടുവന്നത് സമൂഹത്തിലുള്ള അതിജീവനത്തിന്റെ പരിണാമത്തിന്റെ ഭാഗമായാണ് എന്നും, കുട്ടികളെ സൃഷ്ടിക്കുക എന്നുളളത് സ്ത്രീശരീരത്തിലെ ഒരു പ്രത്യേകതയാണ് എന്നുള്ളതുമവനെ മനസ്സിലാക്കിക്കണം.  അതുപോലെ തന്നെയാണ് നമ്മുടെ കുടുംബങ്ങളിൽ നാം കുട്ടികളെ പഠിപ്പിക്കുന്നത് നിൻറെ അമ്മ  അനുജത്തി ,  മകൾ , ഭാര്യ, സഹോദരി  അതിനപ്പുറത്തേക്കുള്ള എല്ലാവരുംതന്നെ  സാധാരണക്കാരാണ് എന്നുമുള്ള രീതിയാണ്. പുരുഷൻ എപ്പോഴും വീടിനുപുറത്തുള്ള ഏതൊരു സ്ത്രീയെയും ലൈംഗികമായി ബന്ധപ്പെടാൻ ആക്രമിക്കാനോ കടന്നുകയറ്റത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായ ഈ ഒരു ചിന്ത മാറ്റുകയും പുരുഷനും സ്ത്രീയും സമരമാണെന്നും അവർക്ക് തമ്മിൽ യാതൊരു പ്രത്യേകതകളും വ്യത്യസ്തതകളും ഇല്ല എന്നും സമൂഹ നിർമ്മിതിക്ക് രണ്ടുപേരും ഒരുപോലെ ആവശ്യമാണെന്നും  എൻറെ വീട്ടിൽ എന്നുള്ളതല്ല പുറത്ത് ഉള്ളതായാലും സ്ത്രീകളെല്ലാവരും  ഒരുപോലെതന്നെയെന്നും  അവരെ മാനിക്കണമെന്നും അവരുടെ സമ്മതമില്ലാതെയോ അവരുടെ കൂടെ താൽപര്യമില്ലാതെ അവരുമായി യാതൊരു വിധത്തിലുള്ള കടന്നുകയറ്റത്തിനു മുതിരുവാൻ വേണ്ടിയുള്ളതല്ല എന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തിൽ പ്രത്യേകിച്ച് പുരുഷന്മാരിൽ വളർത്തിയെടുക്കേണ്ടത് ഒരു സാമൂഹ്യ ഘടനയുടെ നിർമ്മിതിക്ക്, പുരോഗതിക്ക് ആവശ്യമാണ്  എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു . ഇത്തരം ചിന്തകളെ ഇത്തരം വായനകൾ സഹായിക്കുമെന്ന് പ്രതീക്ഷയോടെ ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment