Tuesday, September 10, 2019

നിന്റെ മണമുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ

നിന്റെ മണമുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ
നിന്റെ കാലടികൾ പതിഞ്ഞ വഴിയോരങ്ങൾ
നിന്റെ കളി ചിരികൾ കേട്ട ഇടവഴികൾ
നിന്റെ പാദങ്ങളെ നോവിച്ച ചരൽക്കല്ലുകൾ
നിന്റെ ഗന്ധം നിറഞ്ഞ ദേശം.
മനസ്സ് പറയുന്നുണ്ട് എല്ലാം.
നീ ഉപേക്ഷിച്ചു പോയവ
നിന്നെ തിരഞ്ഞു നടന്നവ
നിന്റെ വരവും കാത്തിരിക്കുന്നവ
ഒക്കെയും പരിഭവം പറഞ്ഞു.
കാലം തന്ന ചില മുറിവുകൾക്കും
ഓർമ്മപ്പഴക്കങ്ങൾക്കും
നിന്റെ നാടിന്റെ തെന്നലിനോ
മഴനൂലുകൾക്കോ
ആശ്വസിപ്പിക്കാനാകുന്നില്ലന്നറിയുമ്പോൾ
തിരസ്കൃതന്റെ പാദങ്ങൾ തിരികെ പോകുന്നു.
എന്നെയെന്ന പദം അന്യമാകുന്നു
ഞാനെന്നത് പാഴ്ക്കിനാവും
.... ബിജു.ജി.നാഥ്
      വർക്കല
      10.09.2019

Wednesday, September 4, 2019

ഒറ്റയാണെന്ന ബോധം

ഒറ്റയാണെന്ന ബോധം
......................................
ഓർമ്മകൾക്ക് ചാരുതയേകാൻ,
വേദനകൾക്ക് തൈലം പുരട്ടാൻ
കാമനകളെ കൂടു തുറന്നു വിടാൻ
ഒറ്റയ്ക്കാകുന്നതാണെപ്പഴും സുഖം.!

ആരേലും കൂടെയുണ്ടെന്ന തോന്നൽ
ആർക്കൊക്കെയോ വേണ്ടി ജീവിതം
എവിടെയൊക്കെയോ എത്തിച്ചേരൽ
മലർപ്പൊടിക്കാരന്റെ കിനാവുകളാണവ.

എന്റെയെന്നോർത്തഹങ്കരിച്ചൊരു നാൾ
കൺമുന്നിലന്യമാകും, വേദന തിന്നും.
കൈമാറി പഴകിയ സ്വപ്നക്കൂട്ടിൽ മറ്റൊരു
ക്രൗഞ്ചങ്ങളിലൊന്നായ് നിന്നെ കണ്ടിടും.

പുകച്ചുരുളുകളിൽ ഭ്രാന്തൻ വലയങ്ങൾ
സ്വർണ്ണലായനികളിൽ കുരുങ്ങും ഭ്രമചിന്തകൾ.
ഒറ്റയിടവഴികളിൽ മുള്ളു തറഞ്ഞ കാലടികൾ
സ്വയം മരിക്കാനായിരം വഴികൾ തേടൽ;

എന്തിനാകും ജനസാഗരത്തിൽ നാമിങ്ങനെ
മൂന്നു നേരത്തിൻ ഗുളിക പോലിറങ്ങുവത്
ഒറ്റയാകൽ സുഖമുള്ള നോവെങ്കിൽ എന്തിനായ്
കൂട്ടുകൂടി സമയം കളയുന്നു വ്യഥാജീവിതം.
...... ബിജു.ജി.നാഥ് വർക്കല

Tuesday, September 3, 2019

ഓർമ്മശലഭങ്ങൾ

ഓർമ്മശലഭങ്ങൾ
........................

ഓർമ്മയിലേക്ക് പറന്നിറങ്ങുന്ന
ഒരു നിശാശലഭം.
പിറകോട്ട് വലിച്ചുകൊണ്ടു പോകുന്ന ഭാരം.
നോക്കൂ,
ഒരു ചില്ലുജാലകത്തിനപ്പുറമിപ്പുറം
ആകാംഷയുടെ നാലു കണ്ണുകൾ!
നിന്റെ ചിരി ,
കണ്ണുകൾ
ശബ്ദം
കവിതകൾ
വായനയുടെ ആഴം
ആഹാ ! എന്നവൾ.
നിന്റെ മിഴികൾ
മുലകൾ
ചിരി
കവിതകൾ
എന്തു സുന്ദരമെന്നവൻ.
അവളുടെ കവിതകളെ തിരുത്തിയും
അവന്റെ കവിതകളെ തിരുത്തിയും
അവരുടെ ലോകം വികസിച്ചു.
അവരിലേക്ക് അടുപ്പം ആഴത്തിൽ വേരോടുകയും
പ്രണയം പുഷ്പിക്കുകയും ചെയ്തു.
ആത്മനിർവൃതിയുടെ തേരോട്ടത്തിൽ
അവർ പരസ്പരം കവിതകൾ എഴുതി.
എന്റെ വരികൾ നിനക്കെന്നവർ മത്സരിച്ചു.
പഴങ്കഥകൾ പോലെ ഇടയിലേക്കാരൊക്കെയോ വന്നു.
അവളുടെ വാക്കിൽ നിന്നും പതിയെ,
വളരെ പതിയെ
അവനോടുള്ള പ്രണയം മരിച്ചു.
അവൾ കാണാനാഗ്രഹിക്കാത്ത
മിണ്ടാൻ ആഗ്രഹിക്കാത്ത
ഒരാളായി അവൻ മാറി.
അവളുടെ പിന്നത്തെ കവിതകൾക്കൊക്കെ
കാഴ്ചക്കാർ മാറി വന്നു.
അവൻ കവിതകൾ പിന്നെയും എഴുതി.
മൗനം അവളത് വായിച്ചു പോയെങ്കിലും
പിന്നൊരിക്കലും അവന്റെ വരികൾ അവളെയാകർഷിച്ചില്ല.
അവളുടെ കവിതകൾ വായിച്ചു തുടങ്ങിയ
പുതിയ കവിക്കായി മാത്രം
അവൾ കവിത എഴുതുകയായിരുന്നു.
അവളെ കുറ്റപ്പെടുത്താനാകാതെ
കാരണങ്ങൾ അറിയാതെ
അയാൾ കവിതകൾ പിന്നെയും എഴുതി.
മനസ്സിലും ,
ആരും കാണായിടങ്ങളിലും.
പരസ്പരം മനസ്സിലാക്കാതെ പോയ
രണ്ടു കവികളായവരെ
കാലം ഇനി അടയാളപ്പെടുത്തട്ടെ.
അവർ സ്വപ്നം കണ്ട കാവ്യഭാവികാലം
അയാൾടെ മാത്രം ഓർമ്മയിൽ
മറക്കാതെ തെളിഞ്ഞു കിടക്കട്ടെ.
ഓർമ്മകളെ വലിച്ചുകൊണ്ടു പോകുന്ന
നിശാശലഭങ്ങൾ മാത്രം
അയാൾക്കൊപ്പം എന്നുമുണ്ടായിരിക്കട്ടെ.
.... ഒറ്റയാൻ

Monday, September 2, 2019

തിരിച്ചു പോകുകയിനി നീ.

തിരിച്ചു പോകുകയിനി നീ.
.........................................

എഴുതിയും മായ്ച്ചുമീയുടലുകളിങ്ങനെ
ക്ഷിതിയിൽ ചരിപ്പതിനിയെത്ര നാൾ?

അതിനും ഒരുമാത്ര മുമ്പേ പ്രിയേ നിൻ
മനസ്സിൽ കുറിക്കുകെൻ മൊഴികൾ.

ഓർക്കാൻ മറന്നീടിലുമുണ്ടാവതില്ല നിൻ
ചിത്തത്തിലിറ്റു കണ്ണുനീരെങ്കിലും

പറയാതെ പോകുന്നതെങ്ങനെയെന്നെ
എൻ മനമത് നീ കാണാതെ പോകേ.

എത്ര തമസ്സതിൻ ഗഹ്വരതയിൽ വീണ്
ഹൃത്തടം ഊർദ്ധ്വം വലിച്ചിരിക്കാം.

എത്ര ചമത്കാര ഗീതികകൾ കണ്ടു നീ
ആരാധനയാൽ മിഴിവിരുന്നൂട്ടവേ,

ശപ്തമാം പ്രണയത്തിൻ വഴുവഴുപ്പിൽ
അവർ നഗ്നത ഒപ്പിയകന്നിരിക്കാം.

ഇല്ലതങ്ങനയൊന്നുമേയില്ലെന്നു നീ സ്വയം
ചൊല്ലിപ്പഠിപ്പിച്ചു തളർന്നിരിക്കുമ്പോഴും.

ഓർക്കുക നീ മറവിയിലെറിയുംവരേക്കും
നിൻ കൂട്ടുകാരൻ പറഞ്ഞതെന്താകാം.

ഒന്നും കരുതിവച്ചിട്ടില്ലിന്നേവരെ ആരും
ഉള്ളിൽ പിടയുന്ന കാലം വരുത്താതെ.

എന്നുമവൻ സ്വയം വീണുരുളുമീ മുൾ -
ക്കാടിൻ തല്ലിൻ തലോടൽ സുഖദം!

ഇല്ല പരാതികൾ ചൊല്ലിടാനവനിയിൽ
സ്വന്തമെന്നുള്ള പദം കൊണ്ടൊന്നുമേ

മെല്ലെ നടന്നകന്നീടുക നീ, നിൻ മുന്നിലെ
മോഹവലയത്തിലേക്കിനി നിസ്സംശയം.

.... ബിജു. ജി. നാഥ് വർക്കല

മാമ ആഫ്രിക്ക ............ ടി.ഡി.രാമകൃഷ്ണൻ

മാമ ആഫ്രിക്ക (നോവൽ)
ടി.ഡി.രാമകൃഷ്ണൻ
ഡി സി ബുക്സ്
വില ₹ 430.

നോവലുകൾ ഇന്ന് പരീക്ഷണങ്ങളുടെ ഘട്ടത്തിലാണ് എന്നു കാണാം. നോവലുകളുടെ പശ്ചാത്തലങ്ങൾ മാറിമറിയുകയും വാസ്തവികതയുടെയും ഭാവനയുടെയും അയഥാർത്ഥ തലങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ച വായനക്കാരിൽ സന്തോഷവും സന്താപവും സമ്മിശ്രമായി നല്കുന്ന ഒന്നാണ്.
അടുത്ത കാലത്ത് കൊട്ടിഘോഷിച്ചു വന്ന പല നോവലുകളും ഒടുവിൽ, വായന നല്കിയ വേദനയാൽ ശരിക്കും എഴുത്തുകാരുടെ ക്രൂരതയുടെ ഇരകളാകേണ്ടി വന്ന വായനക്കാരുടെ ഭൗർഭാഗ്യത്തെ മലയാള സാഹിത്യം കാണുന്ന ഒരു കാലഘട്ടമാണല്ലോ ഇത്.

വായനയിൽ പലപ്പോഴും അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ തോന്നിയ നെഗറ്റീവ് മൂഡ് കുറച്ചു കാലം കാഞ്ഞിരത്തിന്റെ കയ്പ് പോലെ ഓർമ്മയിൽ നിൽക്കുകയുണ്ടായി. ഈ ഒരു ഓർമ്മയിൽ നിന്നു കൊണ്ടാണ് മാമ ആഫ്രിക്ക എന്ന നോവൽ വായനയ്ക്കായി എടുക്കുന്നത്. ആമുഖമോ അവതാരികയോ പഠനങ്ങളോ ഒരു പുസ്തകവായനയിലും ആദ്യം വായിക്കാറില്ല. കാരണം പുസ്തകവായനയുടെ ഗതിയെ അത് മാറ്റും എന്ന ചിന്തയാൽ അത്തരം കാര്യങ്ങൾ അവസാനം മാത്രമാണ് വായിക്കാറുള്ളത്.
മാമ ആഫ്രിക്ക എന്ന നോവൽ എന്താണ് പറയുന്നത് എന്നറിയാൻ വേണ്ടി അകത്തേക്ക് പ്രവേശിച്ചു. താര വിശ്വനാഥ് എന്ന, ജന്മം കൊണ്ട് മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയുടെ മകൾ സോഫിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചു ടി.ഡി.രാമകൃഷ്ണനെ വന്നു പരിചയപ്പെടുകയും തന്റെ അമ്മയുടെ പഴയ തൂലികാ സൗഹൃദമായ അദ്ദേഹത്തിന് താര മലയാളത്തിൽ എഴുതി വച്ചിരുന്ന കുറിപ്പുകൾ കൈമാറുകയും ചെയ്യുന്നു. ആ കുറിപ്പുകൾ വായിക്കുമ്പോൾ അവയിൽ കേരളത്തിൽ നിന്നും ആഫ്രിക്കയിലേക്ക് തൊഴിലാനായി കടന്നു ചെന്ന മലയാളികളുടെ പുതിയ തലമുറയിലെ താര മലയാളത്തെ എത്രകണ്ട് സ്നേഹിക്കുന്നു എന്ന അറിവ് ആശ്ചര്യജനകമാകുന്നു. തുടർന്നു താര എഴുതിയ മാമ ആഫ്രിക്ക എന്ന ആത്മകഥാംശമുള്ള കഥയും അവളുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തിനെയും കുറച്ചു കവിതകളെയും വായിച്ചു എഡിറ്റ് ചെയ്ത് ടി.ഡി. നോവൽ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
ഇത് അക്ഷരാർത്ഥത്തിൽ താരയുടെ ജീവിതമാണ്. ആഫ്രിക്കൻ ജീവിത പശ്ചാത്തലം, കുപ്രസിദ്ധനായ ഈദി അമീൻ എന്ന ഭരണാധികാരിയും താര വിശ്വനാഥുമായുള്ള ബന്ധം. താര അഭിമുഖീകരിക്കേണ്ടി വരുന്ന വേദനാഭരിതമായ ദുരിതപർവ്വങ്ങൾ. FGM (Female Genital Mutilation) പോലുള്ള പ്രാകൃത ഗോത്രാചാരത്തിന് വിധേയയാകേണ്ടി വരുന്നതും ലൈംഗികമായ ആക്രമണങ്ങൾ കറുത്ത വർഗ്ഗക്കാരിൽ നിന്നും ഏൽക്കേണ്ടി വരുന്നതും ഒക്കെ വായനക്കാർക്ക് വളരെ ദുഃഖത്തോടെ മാത്രം കാണേണ്ടി വരുന്ന വസ്തുതകൾ ആണ്. താര പക്ഷേ ഇന്നിന്റെ പെണ്ണാണ്. അവശ്യകതയനുസരിച്ചു കാര്യങ്ങളെ അഭിമുഖീകരിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവൾ. അതിനാൽ തന്നെ സദാചാര നിഷ്ഠയുടെ മഞ്ഞക്കണ്ണുകളിൽ അവൾ നികൃഷ്ടയാണ്.
ഈ ദുരിതങ്ങൾ ഒക്കെ മറികടക്കുന്ന താര ഒടുവിൽ എയിഡ്സ് എന്ന മാരകരോഗത്താൽ ഈ ലോകത്തോട് വിട പറയുകയാണ്.

ആഫ്രിക്കയുടെ ഭൂപ്രത്യേകതകളും, പ്രകൃതി വിഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ഒരു ചെറിയ പരിധിയിൽ എങ്കിലും വിശദീകരിക്കാൻ താരയ്ക്ക് കഴിയുന്നുണ്ട്. ആത്മീയതയും കമ്യൂണിസവും ആഭിചാരവും രതിയും ഒക്കെക്കൂടി ചേർന്ന ഒരു മുൾക്കാടാണ് താരയുടെ ജീവിതഗന്ധിയായ ഈ എഴുത്തുകൾ. ഒരു സ്ത്രീയുടെ ചിന്താഗതികളിൽ നിന്നു കൊണ്ടതിനെ കഴിവതും പ്രകടമാക്കാൻ ശ്രമിക്കുന്ന ഈ നോവൽ ആത്മവിശ്വാസത്തിന്റെയും സാഹസികതയുടെയും സ്വതന്ത്ര രതിയുടെയും പ്രണയത്തിന്റെയും സമന്വയം കൂടിയാണ്.

വായനയുടെ ഒടുവിൽ താര വിശ്വനാഥ് ഒരു കഥാപാത്രം മാത്രമാണ് എന്ന എഴുത്തുകാരന്റ മുഖക്കുറിപ്പ് തിരികെ വന്നു വായിക്കവേ പൊടുന്നനവേ അമ്പരപ്പു നിറയുകയാണുണ്ടായത്. മഞ്ഞവെയിൽ മരണങ്ങളും സമുദ്രശിലയും വായിച്ചതിന്റെ കൂട്ടത്തിൽ ഇതാ മറ്റൊന്ന്. പക്ഷേ ഇതവയെ കവച്ചുവയ്ക്കുന്ന നിർമ്മിതി എന്നു വായന മുഴുമിക്കുമ്പോൾ മനസ്സിൽ തോന്നിയെങ്കിൽ, ആമുഖ വായന ഈ ധാരണയെ പാടേ തിരുത്തിക്കളഞ്ഞു. ഒരു പരകായ പ്രവേശം പോലെ വായനക്കാരനെ കബളിപ്പിച്ചു കൊണ്ട് അറിയപ്പെടാത്ത ഒരു ഭൂമികയുടെ പശ്ചാത്തലത്തിൽ ചരിത്രത്തെ കൂട്ടുപിടിച്ചു മറ്റൊരാളുടെ ഡയറിക്കുറിപ്പുകൾ പോലെ എഴുതിയ അതി മനോഹരമായ ഒരു നോവലാണിത്. കാല്പനികതയും ഫാന്റസിയും റിയലിസവും ഒക്കെ കൂട്ടിച്ചേർത്ത് മനോഹരമാക്കിയിരിക്കുന്ന ഈ നോവൽ തികച്ചും വായനയെ സംതൃപ്തിപ്പെടുത്തി എന്നു തന്നെ പറയാം.
ഇട്ടിക്കോര നല്കിയ മുഷിവ് മറികടക്കാൻ മാമ ആഫ്രിക്ക സഹായിച്ചിരിക്കുന്നു. തീർച്ചയായും വായനക്ക് സുഖാനുഭൂതി നല്‌കാൻ പര്യാപ്തമായ ഒരു നോവലായി എനിക്ക് അടുത്തിടെ വായിച്ചവയിൽ തോന്നിയ ഒരു നോവലാണിത്.
ആശംസകളോടെ
ബിജു. ജി.നാഥ്
വർക്കല.
02/09/2019

ചിതല്‍പ്പുറ്റുകള്‍


ചിതല്‍പ്പുറ്റുകള്‍
-------------------------
വളരെ പതിയെയാണ് ചിതല്‍ വളരുന്നത്.
ഒന്നായി ആക്രമിച്ച്
ഒറ്റയടിക്ക് തീരുകയല്ല .
മെല്ലെ മെല്ലെ അരിച്ചരിച്ച്
അവ കൂട് കൂട്ടിത്തുടങ്ങും
ആഹാരം തിന്നുകൊണ്ട്‌
അതിനു മുകളില്‍ ഒരു കൊട്ടാരം പണിയും.
അതൊരു വലിയ പുറ്റായി മാറും
കാലങ്ങളോളം നിലനില്‍ക്കും
നഷ്ടത്തിന്റെ ഓര്‍മ്മകള്‍ പേറി
വിഷാദത്തിന്റെ ഛായ തീര്‍ത്തുകൊണ്ട്
അതങ്ങനെ നിലനില്‍ക്കും.
പതിയെ അതിനുള്ളില്‍
പാമ്പുകള്‍ ഇടം പിടിക്കും.
കഥകളുടെ നിറം പിടിപ്പിച്ച ഓര്‍മ്മയില്‍
ആരെങ്കിലുമൊക്കെ മാണിക്യം തേടി
ആ പൊത്തുകളില്‍ കൈയ്യിടും.
മരണത്തിന്റെ നീലിച്ച ഞരമ്പുകളാൽ പൊതിഞ്ഞ്
ഭൂമിയവരെ സ്വീകരിക്കും.
പുറ്റുകള്‍ പൂതലിച്ചാലും
സ്മാരകം പോലെ അതവിടെത്തന്നെ നിലനില്‍ക്കും
തട്ടിയുടയ്ക്കാന്‍ ഒരാളെയും കാത്ത്.
----- ബിജു.ജി.നാഥ് വർക്കല